SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1985-06-16-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/AnnaPavlova.jpg
ആന്നാ പവ്ലോവ

എന്റെ മേ​ശ​യു​ടെ പു​റ​ത്തു് ഒരു കൊ​ച്ചു​സു​ന്ദ​രി ഇരി​ക്കു​ന്നു. കാ​ലു​കൾ ഒരു വശ​ത്തേ​ക്കാ​ക്കി. ഞൊ​റി​യു​ള്ള പാവാട ലേ​ശ​മു​യർ​ത്തി, പു​ഞ്ചി​രി​പൊ​ഴി​ച്ചു് അകലെ നോ​ക്കി​യി​രി​ക്കു​ന്ന അവൾ ആന്നാ പവ്ലോവ യാണു്: വി​ശ്വ​വി​ഖ്യാ​ത​യായ ബാ​ലേ​നർ​ത്ത​കി. മഹാ​യ​ശ​സ്ക​നായ റഷ്യൻ ബാലേ ഡാൻസർ വസ്ലാ​ഫ് നി​ഷിൻ​സ്കി യോ​ടൊ​രു​മി​ച്ചു നൃ​ത്തം ചെ​യ്തി​ട്ടു​ണ്ടു് ആന്നാ പവ്ലോവ. സ്വർ​ഗ്ഗീ​യാ​നു​ഭൂ​തി കൈ​വ​രു​ത്തു​ന്ന നൃ​ത്ത​മാ​ണ​ത്രേ അവ​രു​ടേ​തു്. ഈ നർ​ത്ത​കി മോ​സ്കോ​യിൽ​നി​ന്നു വി​മാ​ന​ത്തിൽ കയറി എന്റെ വീ​ട്ടി​ലേ​ക്കു പോ​ന്ന​വ​ളാ​ണു്. മാർ​ബി​ളി​ന​ക​ത്തു ചൈ​ത​ന്യ​മൊ​തു​ക്കി​യി​രി​ക്കു​ന്ന ഇവളെ കാ​ണു​മ്പോ​ഴെ​ല്ലാം ‘പൊൻ​പൂ​വു കാ​റ്റിൽ പറന്ന’തു​പോ​ലെ യൂ​റോ​പ്പി​ലെ നൃ​ത്ത​വേ​ദി​ക​ളിൽ ഇവൾ നൃ​ത്തം ചെ​യ്ത​തു് എന്റെ അന്തർ​നേ​ത്രം കാണും. സാ​ക്ഷാൽ ആന്നാ പവ്ലോവ ഇന്നി​ല്ല. 1931-ൽ അവർ മരി​ച്ചു​പോ​യി. മേ​ശ​പ്പു​റ​ത്തി​രി​ക്കു​ന്ന​തു് കൊ​ച്ചു പ്രതി മാ​ത്രം. ബാ​ലേ​സ്കേർ​ട്ടി​ന്റെ ഒര​റ്റം വി​ര​ലു​കൾ കൊ​ണ്ടു പി​ടി​ച്ചു​കൊ​ണ്ടു് അവൾ ഇരി​ക്കു​ന്നു. കാ​ല​ത്തു് ഉറ​ക്ക​മെ​ഴു​ന്നേ​റ്റു ഞാൻ നോ​ക്കു​മ്പോ​ഴും അർ​ദ്ധ​രാ​ത്രി ഞെ​ട്ടി​യു​ണർ​ന്ന ‘ടോർ​ച്ച്’ തെ​ളി​ച്ചു നോ​ക്കു​മ്പോ​ഴും ആ വി​ര​ലു​കൾ അതേ രീ​തി​യിൽ​ത്ത​ന്നെ. പാ​വാ​ട​ത്തു​മ്പിൽ നി​ന്നും വി​ര​ലു​കൾ വി​ട്ടു​ക​ള​യു​ന്ന ആന്നാ പവ്ലോവ ആന്നാ പവ്ലോ​വ​യ​ല്ല. ആയത ക്ഷേ​ത്രാ​കൃ​തി​യായ Oxford Advanced Learner’s Dictionary മേ​ശ​പ്പു​റ​ത്തു​ണ്ടു്. അതു നി​മി​ഷം​തോ​റും ആകൃതി മാ​റ്റി​ക്കൊ​ണ്ടി​രു​ന്നാൽ? അതു ഡി​ക്ഷ​ണ​റി​യേ​യ​ല്ല. എന്നാൽ വെ​ള്ള​ക്ക​ട​ലാ​സ്സിൽ കറു​ത്ത അക്ഷ​ര​ങ്ങ​ളോ​ടു കൂടി കി​ട​ക്കു​ന്ന ഒരു കാ​വ്യ​സ​മാ​ഹാര ഗ്ര​ന്ഥം ഹാർ​വേ​ഡ് ഓറി​യ​ന്റൽ സീ​രീ​സി​ന്റെ 42-ആം വാ​ല്യം An Anthology of Sanskrit Court Poetry Vidyakara’s Subhashitaratnakosa—ഓരോ പാ​രാ​യ​ണ​ത്തി​ലും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. “അന്ത​രീ​ക്ഷം നക്ഷ​ത്ര​ങ്ങ​ളാൽ അലം​കൃ​ത​മാ​ണെ​ന്നു വി​ചാ​രി​ക്ക​രു​തു്. നൃ​ത്തം ചെ​യ്തു തളർ​ന്ന ശിവൻ സ്വേ​ദം​കൊ​ണ്ടു് നനഞ്ഞ ഭസ്മ​പാ​ളി​കൾ ശരീ​ര​ത്തിൽ നി​ന്നു് അടർ​ത്തി​യെ​ടു​ത്തു ആകാ​ശ​ത്തേ​ക്കു എറി​ഞ്ഞ​താ​ണു് അമ്മ​ട്ടിൽ കാ​ണ​പ്പെ​ടു​ന്ന​തു്” എന്നു് ലക്ഷ്മീ​ധ​രൻ എഴു​തി​യ​തു് അതിൽ കാ​ണു​മ്പോൾ ഞാൻ നക്ഷ​ത്രാ​കീർ​ണ്ണ​മായ ആകാശം കാ​ണു​ന്നു. വേ​റൊ​രി​ക്കൽ നോ​ക്കു​മ്പോൾ ശി​വ​ന്റെ നൃ​ത്തം കാ​ണു​ന്നു. മറ്റൊ​രി​ക്കൽ നോ​ക്കു​മ്പോൾ ന്യൂ​ക്ലി​യ​സ്സി​നു ചു​റ്റും ഇല​ക്ട്രോ​ണു​കൾ നൃ​ത്ത​മാ​ടു​ന്ന​തു കാ​ണു​ന്നു. ഒരി​ക്ക​ലും മാ​റാ​ത്ത കലാ​ശി​ല്പം കലാ​ശി​ല്പ​മേ അല്ല അതു​കൊ​ണ്ടാ​ണു് ഗ്രീ​ക്ക് തത്ത്വ​ചി​ന്ത​ക​നായ ഹെ​റ​ക്ലീ​റ്റ​സ് പറ​ഞ്ഞ​തു് ആരും ഒരു നദി​യിൽ​ത്ത​ന്നെ രണ്ടു തവണ മു​ങ്ങു​ന്നി​ല്ലെ​ന്നു്. ഒരു തവണ മു​ങ്ങി​യെ​ഴു​ന്നേ​ല്ക്കു​മ്പോൾ വേറെ വെ​ള്ളം ഒഴുകി അതു് മറ്റൊ​രു നദി​യാ​യി മാ​റു​ന്നു. ‘രഘു​വം​ശം’ പല തവണ വാ​യി​ക്കു​മ്പോൾ പല ജീ​വി​താ​നു​ഭ​വ​ങ്ങ​ളാ​ണു നമു​ക്കു് ഉണ്ടാ​വുക.

നി​ശ്ച​ലാ​വ​സ്ഥ

ഈ മാ​റാ​ത്ത അവ​സ്ഥ​യാ​ണു് – നി​ശ്ച​ലാ​വ​സ്ഥ​യാ​ണു് – ജോസഫ് വൈ​റ്റില യുടെ കഥ​കൾ​ക്കു​ള്ള​തു്. മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ അദ്ദേ​ഹ​മെ​ഴു​തിയ ‘പു​ക​യു​ന്ന നെ​ഞ്ചു തട​വാ​റു​ള്ള അച്ഛൻ’ എന്ന കഥ​യു​ടെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല. മകൻ കു​ട്ടി​ക്കാ​ല​ത്തു് അച്ഛ​നെ അവ​ഗ​ണി​ച്ചു, ധി​ക്ക​രി​ച്ചു. ഓണ​ക്കാ​ല​ത്തു് അച്ഛൻ കൊ​ണ്ടു​വ​ന്ന ഒരു പൊതി അദ്ദേ​ഹം വി​ല​ക്കി​യി​ട്ടും അവൻ അഴി​ച്ചു​നോ​ക്കി. അച്ഛൻ തല്ലി​യ​പ്പോൾ മകൻ പൊ​തി​യെ​ടു​ത്തു കു​ള​ത്തി​ലെ​റി​ഞ്ഞു. ഈ ധി​ക്കാ​രം അവൻ എല്ലാ​ക്കാ​ല​വും കൊ​ണ്ടു​ന​ട​ന്നു. അച്ഛൻ മരി​ച്ചു. മകൻ യു​വാ​വാ​യി. വി​വാ​ഹം കഴി​ച്ചു. അയാൾ അച്ഛ​നാ​യി. അപ്പോൾ മകൻ അവനു തോ​ന്നിയ മട്ടിൽ പെ​രു​മാ​റു​ന്നു, മക​ന്റെ ഈ സ്വ​ച്ഛ​ന്ദത (താ​ന്തോ​ന്നി​ത്തം) അമ്മ​യെ ചൊ​ടി​പ്പി​ക്കു​ന്നു. ഭാ​ര്യ​യു​ടെ പരാ​തി​കേ​ട്ടു ഭർ​ത്താ​വു് തന്റെ പൂർ​വ്വ​കാ​ലാ​നു​ഭ​വ​ങ്ങ​ളെ പ്ര​ത്യാ​ന​യി​ക്കു​ന്നു. പൊ​തി​യെ​ടു​ത്തു കള​ത്തി​ലെ​റി​ഞ്ഞ​തും മറ്റും ഓർ​മ്മി​ക്കു​ന്നു. പുതിയ തല​മു​റ​യെ അതി​ന്റെ പാ​ട്ടി​നു വി​ടു​ന്ന​താ​ണു് നല്ല​തു് എന്നു വി​ചാ​രി​ക്കു​ക​യും അതു ഭാ​ര്യ​യോ​ടു പറ​യു​ക​യും ചെ​യ്യു​ന്നു. ടെക്‍നി​ക്കി​ന്റെ അസ്വാ​ഭാ​വി​ക​ത​യും ഡെൻ​സി​റ്റി​യി​ല്ലാ​ത്ത രച​ന​യും ആദ്യ​ത്തെ പാ​രാ​യ​ണ​ത്തിൽ സഹി​ക്കാം. രണ്ടാ​മ​തു വാ​യി​ക്കാൻ​വ​യ്യ. വാ​യി​ച്ചാൽ സഹി​ക്കാ​നൊ​ട്ടു് ഒക്കു​ക​യു​മി​ല്ല. ഈ ബഹിർ​ഭാ​ഗ​സ്ഥത അല്ലെ​ങ്കിൽ ഉപ​രി​പ്ല​വത തി​ക​ച്ചും വേ​ദ​നാ​ജ​ന​ക​മാ​ണു്. ‘സൂ​പ്പർ​ഫി​ഷൽ മൈൻഡാ’ണു് ജോസഫ് വൈ​റ്റി​ല​യു​ടേ​തു്. അതു് പ്ര​ത്യ​ക്ഷ​മാ​ക്കി അദ്ദേ​ഹം വാ​യ​ന​ക്കാ​രെ നി​ര​ന്ത​രം ക്ലേ​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ആന്നാ പവ്ലോ​വ​യു​ടെ മാർ​ബിൾ പ്ര​തിമ പോലെ, ഓക്സ്ഫോർ​ഡ് ഡിക്‍ഷ​ണ​റി​പോ​ലെ, അദ്ദേ​ഹ​ത്തി​ന്റെ കഥ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ നി​ശ്ച​ല​മാ​യി ശയി​ക്കു​ന്നു.

ലക്ഷ്മീ​ധ​ര​ന്റെ കാ​വ്യം വാ​യി​ച്ച​പ്പോൾ എനി​ക്കു ജി. ശങ്ക​ര​ക്കു​റു​പ്പി ന്റെ “ശി​വ​താ​ണ്ഡ​വം” എന്ന കാ​വ്യം ഓർ​മ്മ​വ​ന്നു. “മതി​മ​റ​ന്നാ​ടീ​ടു​ന്നൂ തൂ​നി​ലാ​വിൽ ഭസ്മ മു​തിർ​ന്നു​തിർ​ന്നു വീ​ഴു​ക​യാ​ണെൻ മു​ഗ്ദ്ധ​ജീ​വ​നിൽ” എന്നു ജി. അദ്ദേ​ഹ​ത്തി​ന്റെ ഭാ​ര​തീയ സം​സ്കാ​രാ​ഭി​മു​ഖ്യം നോ​ക്കി​യാ​ലും.

ഭാ​ര​തീയ കാ​വ്യ​ങ്ങ​ളു​ടെ പാ​രാ​യ​ണം നി​സ്തു​ലാ​നു​ഭ​വ​മ​ത്രേ. വസു​ക​ല്പൻ തെ​ക്കൻ​കാ​റ്റി​നെ​ക്കു​റി​ച്ചു പറ​യു​ന്ന​തു കേ​ട്ടാ​ലും:

“ആന്ധ്ര​പ്ര​ദേ​ശ​ത്തെ യു​വ​തി​ക​ളു​ടെ കഠ​ന​സ്ത​ന​ങ്ങ​ളിൽ തട്ടി തെ​ക്കൻ​കാ​റ്റി​ന്റെ ശക്തി കു​റ​ഞ്ഞു​പോ​കു​ന്നു. തമി​ഴു് നാ​ട്ടി​ലെ സു​ന്ദ​രി​ക​ളു​ടെ കെ​ട്ടി​വ​ച്ച തല​മു​ടി​യെ അതു ചി​ക്കി​ച്ചി​ത​റു​ന്നു. സി​ലോ​ണി​ലെ യു​വ​തി​ക​ളു​ടെ താ​മ​ര​പ്പൂ മണ​മാർ​ന്ന ചു​ണ്ടു​ക​ളെ അതു നു​ക​രു​ന്നു. കേ​ര​ള​ത്തി​ലെ ചെ​റു​പ്പ​ക്കാ​രി​ക​ളു​ടെ കവിൾ​ത്ത​ട​ങ്ങ​ളെ അതു് ഉമ്മ​വ​യ്ക്കു​ന്നു. ചന്ദ​ന​മ​ണ​മാർ​ന്ന തെ​ക്കൻ​കാ​റ്റു് പതു​ക്കെ വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ന്നു.”

വസു​ക​ല്പ​നു് ഇതൊ​ന്നും നേ​രേ​യ​ങ്ങു പ്ര​വർ​ത്തി​ക്കാൻ വയ്യ. പ്ര​വർ​ത്തി​ച്ചാൽ പണ്ടു് പച്ച​ക്കു​ളം വാ​സു​പി​ള്ള (രസികൻ മാ​സി​ക​യു​ടെ പത്രാ​ധി​പർ) പറ​ഞ്ഞ​തു​പോ​ലെ മാം​സ​പി​ണ്ഡ​ത്തിൽ തൊ​ട്ടു​ക​ളി​ക്കും ആളുകൾ. അതു​കൊ​ണ്ടു തെ​ക്കൻ കാ​റ്റി​നെ​ക്കൊ​ണ്ടു് അദ്ദേ​ഹം അതെ​ല്ലാം പ്ര​വർ​ത്തി​പ്പി​ക്കു​ന്നു. അല്ലേ? ആയി​രി​ക്കാം. എങ്കി​ലും കാ​വ്യം വാ​യി​ക്കു​മ്പോൾ എന്തു​ര​സം!

അച്ഛൻ, മകൻ, വീടു്
images/GeorgKaiser.jpg
ഗോർഹ് കൈ​സ്സർ

അച്ഛ​നും മകനും തമ്മി​ലു​ള്ള സം​ഘ​ട്ട​നം പടി​ഞ്ഞാ​റൻ സാ​ഹി​ത്യ​ത്തിൽ ചി​ത്രീ​ക​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു കാ​ല​മേ​റെ​യാ​യി. എക്സ്പ്ര​ഷ​നി​സ്റ്റ് നാടക കർ​ത്താ​വായ ഗോർഹ് കൈ​സ്സ​റു ടെ ഒരു നാ​ട​ക​ത്തിൽ (Coral) “അച്ഛ​നും മകനും അന്യോ​ന്യം അക​ലു​ന്നു. മര​ണ​വും ജീ​വി​ത​വും തമ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ​തു്” എന്നു പറ​ഞ്ഞി​ട്ടു​ണ്ടു്. കവി​യും നാടക കർ​ത്താ​വു​മായ ഫ്രാ​ന്റ്സ് വെർ​ഫ​ലി ന്റെ കൃ​തി​ക​ളിൽ പലതും അച്ഛ​നെ മകൻ അടി​ച്ച​മർ​ത്തേ​ണ്ട​തി​ന്റെ ആവ​ശ്യ​ക​ത​യെ പ്ര​തി​പാ​ദി​ക്കു​ന്നു. കാഫ്ക യും അച്ഛ​നും തമ്മി​ലു​ള്ള സം​ഘ​ട്ട​നം കു​പ്ര​സി​ദ്ധ​മാ​ണു്. അച്ഛ​നോ​ടു​ള്ള ഈ വെ​റു​പ്പി​നു വ്യാ​പ​ക​ത്വം നല്കുക, അതു് സ്വ​ന്തം ഭവ​ന​ത്തോ​ടു​ള്ള വെ​റു​പ്പാ​യി മാറും. അതിനു കു​റേ​ക്കൂ​ടി വ്യാ​പ​ക​ത്വം നല്കു, ലോ​ക​ത്തോ​ടു​ള്ള വെ​റു​പ്പാ​യി അതു രൂ​പം​കൊ​ള്ളും. വെ​റു​പ്പു് തീ​ക്ഷ്ണ​മാ​യാൽ ആത്മ​ഹ​ത്യ​യിൽ അവ​സാ​നി​ക്കും. ചേ​സാ​റെ പാ​വേ​സെ അങ്ങ​നെ​യാ​ണു് ജീ​വി​തം ഒടു​ക്കി​യ​തു്. അദ്ദേ​ഹ​ത്തി​ന്റെ Away from Home എന്ന കാ​വ്യ​ത്തി​ന്റെ തു​ട​ക്കം നോ​ക്കുക:

Too much sea, We’ve seen enough sea

Late in the day, as the wide water stretches

into nothing, my friend stared at the sea,

I stare at him, and we do not speak.

ഓനിലി ന്റെ റോ​ബർ​ട്ട് എന്ന കവി​യെ​പ്പോ​ലെ (Beyond the Horizon എന്ന നാടകം) ചക്ര​വാ​ള​ത്തി​ന​പ്പു​റ​ത്തു​ള്ള മഹാ​ര​ഹ​സ്യം തേടി വീ​ടു​വി​ട്ടു​പോ​യ​വ​രു​ണ്ടു്. പാ​വേ​സെ രഹ​സ്യം തേടിയ കവി​യ​ല്ല. ശൂ​ന്യ​ത​യിൽ നി​ന്നു ശൂ​ന്യ​ത​യി​ലേ​ക്കു് പോയി മര​ണ​മെ​ന്ന വലിയ ശൂ​ന്യ​ത​യിൽ വി​ല​യം​കൊ​ണ്ട ആളാ​ണു് അദ്ദേ​ഹം. ഇതു് – ഭവനം അല്ലെ​ങ്കിൽ ലോകം ഉപേ​ക്ഷി​ക്കുക എന്ന ആശയം – ഒരു പടി​ഞ്ഞാ​റൻ ആശ​യ​മാ​ണു്. ‘വീടു് – ലോകം – റി​യാ​ലി​റ്റി​യ​ല്ല; അതു​കൊ​ണ്ടു് മട​ങ്ങി​വ​രാ​ത്ത വി​ധ​ത്തിൽ ഞാൻ പോ​കു​ന്നു’ എന്നു തീ​രു​മാ​നി​ച്ചു​കൊ​ണ്ടു് അന​ന്ത​മായ സഞ്ചാ​രം നിർ​വ​ഹി​ക്കു​ന്ന വ്യ​ക്തി​ക​ളെ അവ​ത​രി​പ്പി​ക്കു​ന്ന ചില കവി​ക​ളെ​ക്കു​റി​ച്ചു് ആർ. നരേ​ന്ദ്ര​പ്ര​സാ​ദ് മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ എഴു​തി​യി​രി​ക്കു​ന്നു. വ്യാ​ക​ര​ണ​സ​മ്മ​ത​ങ്ങ​ള​ല്ലാ​ത്ത പ്ര​യോ​ഗ​ങ്ങൾ ഏറെ​യു​ണ്ടെ​ങ്കി​ലും ഈ പ്ര​ബ​ന്ധം നന്നാ​യി​ട്ടു​ണ്ടു്. സ്വീ​ക​ര​ണീ​യ​ങ്ങ​ള​ല്ലാ​ത്ത ആശ​യ​ങ്ങ​ളെ ഇമേ​ജു​ക​ളാ​ക്കി കഥ​യി​ലൂ​ടെ, കാ​വ്യ​ത്തി​ലൂ​ടെ ആവി​ഷ്ക​രി​ച്ചാൽ സഹൃ​ദ​യൻ രസി​ക്കും. ഫാ​സി​സ്റ്റ് വി​രു​ദ്ധ​നായ ചേ​സാ​റെ പാ​വേ​സെ​യു​ടെ കാ​വ്യ​ങ്ങ​ളും കഥ​ക​ളും വാ​യി​ച്ചു രസി​ക്കു​ന്ന സഹൃ​ദ​യൻ ഫാ​സി​സ്റ്റായ എസ്റ പൊ​ണ്ടി ന്റെ കാ​വ്യ​ങ്ങൾ വാ​യി​ച്ചു രസി​ക്കു​ന്നു. അതു​കൊ​ണ്ടു് ലോക വി​ദ്വേ​ഷം വമി​ക്കു​ന്ന കാ​വ്യ​ങ്ങ​ളും എനി​ക്കു രസ​പ്ര​ദ​ങ്ങൾ​ത​ന്നെ. പക്ഷേ ആശ​യ​ങ്ങ​ളാ​യി അവയെ അടർ​ത്തി​യെ​ടു​ക്കു​മ്പോൾ നമു​ക്കു വല്ലാ​യ്മ​യു​ണ്ടാ​കും. ആ വല്ലാ​യ്മ​യു​ണ്ടാ​യാൽ പാ​വേ​സെ​യെ വി​ട്ടു് ഞാൻ വേ​ഡ്സ​വർ​ത്തി ന്റെ കാ​വ്യ​ങ്ങ​ളി​ലേ​ക്കു പോകും. രണ്ടു ന്യൂ​ന​ത​കൾ​കൂ​ടി​യു​ണ്ടു് നരേ​ന്ദ്ര​പ്ര​സാ​ദി​ന്റെ പ്ര​ബ​ന്ധ​ത്തി​നു്. വാ​യ​ന​ക്കാർ​ക്കു് എല്ലാ​മ​റി​യാം എന്നൊ​രു ‘പ്രീ സപ്പോ​സി​ഷൻ’ പ്ര​ബ​ന്ധ​കാ​ര​നു​ണ്ടു്. സാ​ഹി​ത്യ​ത്തിൽ കു​റെ​ക്കാ​ല​മാ​യി പ്ര​വർ​ത്തി​ക്കു​ന്ന എനി​ക്കു​പോ​ലും ഈ പ്ര​ബ​ന്ധ​ത്തി​ലെ സി​ദ്ധ​വൽ​ക​ര​ണ​ങ്ങ​ളിൽ പി​ടി​യി​ല്ല. ഏതു പ്ര​ബ​ന്ധ​വും സ്വയം വി​ശ​ദീ​ക​രി​ക്കു​ന്ന സ്വ​ഭാ​വ​ത്തോ​ടു​കൂ​ടി​യ​താ​യി​രി​ക്ക​ണം. രണ്ടാ​മ​ത്തെ ന്യൂ​നത ലബ്ധ പ്ര​തി​ഷ്ഠ​ര​ല്ലാ​ത്ത​വ​രെ കവി​ക​ളാ​ക്കി സങ്ക​ല്പി​ച്ചു​കൊ​ണ്ടു​ള്ള വി​മർ​ശ​ന​മാ​ണു്. ഇവ​യെ​ല്ലാം ദോ​ഷ​ങ്ങ​ളാ​ണെ​ങ്കി​ലും മൗ​ലി​കത എന്ന ഗുണം ഈ പ്ര​ബ​ന്ധ​ത്തി​നു​ണ്ടു്.

വര​ട്ടു​ചൊ​റി​കൾ

വര​ട്ടു​ചൊ​റി ശരീ​ര​ത്തി​ന്റെ ഏതു ഭാ​ഗ​ത്തും വരാം. തൊലി നീർ​ക്കൊ​ണ്ടു ചു​വ​ന്നു നി​റ​മാ​കും. ചി​ല​പ്പോൾ പൊ​ള്ളി​ക്ക​യ​റും, പഴ​കി​യാൽ തൊ​ലി​യു​ടെ കട്ടി​കൂ​ടും. വര​ട്ടു ചൊ​റി​യു​ള്ള​വർ ചൊ​റി​ഞ്ഞു ചൊ​റി​ഞ്ഞി​രി​ക്കു​ന്ന​തു് നമ്മ​ളെ​ല്ലാ​വ​രും കണ്ടി​ട്ടു​ണ്ടു്. തൊ​ലി​ക്കു് അസു​ഖ​മു​ണ്ടാ​ക്കു​ന്ന ചില വസ്തു​ക്ക​ളു​ടെ നി​ര​ന്ത​ര​മായ സ്പർ​ശം​കൊ​ണ്ടു് വര​ട്ടു​ചൊ​റി​വ​രും. ഫ്ര​ഞ്ച് പോ​ളീ​ഷ് എടു​ത്തു പെ​രു​മാ​റു​ന്ന​വ​രു​ടെ രോ​ഗ​മാ​ണു് വര​ട്ടു​ചൊ​റി. വൈ​കാ​രി​കാ​ഘാ​ത​ത്താ​ലും ഇതു പൊ​ടു​ന്ന​ന​വേ ഉണ്ടാ​കും. എന്റെ ഒരു പരി​ച​യ​ക്കാ​രൻ കാ​ട്ടിൽ പോ​യ​പ്പോൾ ആന ഓടി​ച്ചു. പ്രാ​ണ​ഭീ​തി​യോ​ടു​ള്ള ആ ഓട്ടം കാ​ടു​വി​ട്ടു കഴി​ഞ്ഞ​പ്പോൾ മാ​ത്ര​മേ അയാൾ അവ​സാ​നി​പ്പി​ച്ചു​ള്ളു. വീ​ട്ടി​ലെ​ത്തി​യ​പ്പോൾ ആ മനു​ഷ്യ​ന്റെ പാ​ദ​ങ്ങ​ളിൽ കണ്ടാൽ അറ​പ്പു​തോ​ന്നി​ക്കു​ന്ന വര​ട്ടു​ചൊ​റി.

അംബിക കു​ട​മാ​ളൂർ മനോ​രാ​ജ്യം വാ​രി​ക​യി​ലെ​ഴു​തിയ ‘ബാ​ധ​യൊ​ഴി​പ്പി​ക്കൽ’ എന്ന കഥ വല്ലാ​ത്ത ചൊ​റി​ച്ചി​ലു​ണ്ടാ​ക്കു​ന്ന വര​ട്ടു​ചൊ​റി​യാ​ണു്. യു​ദ്ധ​ത്തി​ലേർ​പ്പെ​ട്ടി​രി​ക്കെ മരി​ച്ചു​പോ​യി എന്നു കരു​ത​പ്പെ​ട്ട ഒരു​ത്തൻ വീ​ട്ടി​ലെ​ത്തു​മ്പോൾ അയാ​ളു​ടെ ഭാര്യ മന്ത്ര​വാ​ദി​യു​ടെ അടു​ത്തി​രി​ക്കു​ന്നു. മരി​ച്ച ഭർ​ത്താ​വി​ന്റെ പ്രേ​തം അവ​ളു​ടെ ശരീ​ര​ത്തിൽ​നി​ന്നൊ​ഴി​പ്പി​ക്കാൻ അയാൾ ശ്ര​മി​ക്കു​ക​യാ​ണു്. താൻ ജീ​വ​നോ​ടെ വന്നി​രി​ക്കു​ന്നു​വെ​ന്നു ഭർ​ത്താ​വു പറ​ഞ്ഞാ​ലും ഭാര്യ വി​ശ്വ​സി​ക്കി​ല്ല; മന്ത്ര​വാ​ദി തീരെ വി​ശ്വ​സി​ക്കി​ല്ല. സാ​ഹി​ത്യ​വു​മാ​യി ഒരു​ബ​ന്ധ​വു​മി​ല്ലാ​ത്ത ജൂ​ഗു​പ്സാ​വ​ഹ​മായ ഈ കഥ വര​ട്ടു​ചൊ​റി​ത​ന്നെ. ഇവിടെ തീ​രു​ന്നി​ല്ല. എക്സ്പ്ര​സ്സ് ആഴ്ച​പ്പ​തി​പ്പി​ന്റെ 11-ആം പുറം നോ​ക്കു. സുജ ജയിം​സി​ന്റെ ‘ഓർ​മ്മ​യിൽ ഒരോളം’ എന്ന ‘എക്സിമ’യും അവിടെ കാണാം. വി​വാ​ഹിത വ്യ​ഭി​ച​രി​ക്കു​ന്നു. ഭർ​ത്താ​വു് ഉപേ​ക്ഷി​ക്കു​ന്നു അവളെ. സ്വ​ന്തം മകനെ കാണാൻ അവൾ ഭർ​ത്താ​വി​ന്റെ അടു​ക്ക​ലെ​ത്തു​മ്പോൾ മകൻ​ത​ന്നെ അവളെ ആട്ടി​പ്പാ​യി​ക്കു​ന്നു. പര​സ്യ​ങ്ങ​ളിൽ കാ​ണു​ന്ന മരു​ന്നു​കൾ വാ​ങ്ങി​ച്ചു് ഉപ​യോ​ഗി​ക്കാ​തെ വി​ദ​ഗ്ദ്ധ​നായ ഏതെ​ങ്കി​ലും ഡോ​ക്ട​റെ കാ​ണി​ച്ചു് ഒരോ​യി​ന്റ്മെ​ന്റ് എഴു​തി​വാ​ങ്ങി​ച്ചു സാ​ഹി​ത്യാം​ഗ​ന​യു​ടെ ശരീ​ര​ത്തിൽ പു​ര​ട്ട​ണം. ഒറ്റ ലേ​പ​നം​കൊ​ണ്ടൊ​ന്നും ഭേ​ദ​മാ​യി​യെ​ന്നു​വ​രി​ല്ല. കൂ​ട​ക്കൂ​ടെ മരു​ന്നു പു​ര​ട്ട​ണം. അപ്പോൾ ഈ വര​ട്ടു​ചൊ​റി​കൾ അപ്ര​ത്യ​ക്ഷ​മാ​യി​യെ​ന്നു വരും. എന്റെ ക്രൂ​രത! അല്ലേ? വര​ട്ടു​ചൊ​റി​യു​ള്ള​വർ​ക്കു് അതു മാ​ന്തു​ന്ന​തു് എന്തു രസ​മാ​ണെ​ന്നോ! അംബിക കു​ട​മാ​ളൂ​രും സുജ ജെ​യിം​സും എക്സിമ മാ​ന്തി​പ്പൊ​ളി​ക്കു​മ്പോൾ അരു​തെ​ന്നു പറയാൻ എനി​ക്കെ​ന്തു കാ​ര്യം? സ്ക്രാ​ച്ചി​ങ് നട​ത്തു സഹോ​ദ​രി​മാ​രേ. അതു കണ്ടു ഭേഷ്, ഭേഷ് എന്നു പറ​യു​ന്ന​വ​രും ധാ​രാ​ള​മു​ണ്ടു് ഈ നാ​ട്ടിൽ.

images/RichardGordon.jpg
റി​ച്ചാ​ഡ് ഗോർഡൻ

എക്സിമ, ഡോ​ക്ടർ, ചി​കി​ത്സ ഇവ​യെ​ക്കു​റി​ച്ചു് പറ​ഞ്ഞ​പ്പോൾ ഡോ​ക്ടർ​മാ​രെ​ക്കു​റി​ച്ചു് രസ​ക​ര​ങ്ങ​ളായ നോ​വ​ലു​ക​ളെ​ഴു​തിയ റി​ച്ചാ​ഡ് ഗോർഡൻ സ്പ​ഷ്ട​മാ​ക്കിയ ഒരു കാ​ര്യം അറി​യി​ക്കാൻ എനി​ക്കു കൗ​തു​കം. നാ​ലാ​യി​രം നാഴിക കാ​റോ​ടി​ക്കു​ന്ന​തും നൂറു സി​ഗ​റ​റ്റ് വലി​ക്കു​ന്ന​തും തു​ല്യം. (ആപ​ത്തി​ന്റെ കാ​ര്യ​ത്തിൽ) ഒരു കെ​മി​ക്കൽ വർ​ക്ക്ഷോ​പ്പിൽ ഒരു കൊ​ല്ലം ജോ​ലി​ചെ​യ്യു​ന്ന​തും രണ്ടു മണി​ക്കൂർ​നേ​രം പർ​വ്വ​താ​രോ​ഹ​ണം ചെ​യ്യു​ന്ന​തും തു​ല്യം.

ഗോർ​ഡ​ന്റെ മറ്റൊ​ര​ഭി​പ്രാ​യം​കൂ​ടി മദ്യം കു​ടി​ക്കു​ന്ന​തി​നെ​ക്കാൾ ആപ​ത്താ​ണു് കണ​ക്ക​റ്റു വെ​ള്ളം കു​ടി​ക്കു​ന്ന​തു്. തല​ച്ചോ​റും വീർ​ക്കും, സന്നി​യു​ണ്ടാ​കും, ബോ​ധ​ക്കേ​ടു സം​ഭ​വി​ക്കും. ഒടു​വിൽ മര​ണ​വും. ജി​ന്നാ​ണു് വെ​ള്ള​ത്തെ​ക്കാൾ നല്ല​തു്.

ശി​ഖ​ണ്ഡി​ഭാഷ

ജി​ന്നി​നെ​ക്കാ​ളും വെ​ള്ള​ത്തെ​ക്കാ​ളും ദോഷം ചെ​യ്യും ശി​ഖ​ണ്ഡി​ഭാഷ. കേ​ട്ടാ​ലും:

“ആകാ​ശ​ത്തിൽ സന്ധ്യ തന്റെ വർ​ണ്ണ​പ്പ​കി​ട്ടാർ​ന്ന പൂവാട വി​ടർ​ത്ത​വേ, കി​ളി​കൾ കളകള സ്വ​ര​മു​തിർ​ക്കുക മാ​ത്രം ചെ​യ്തു​കൊ​ണ്ടു് നി​ര​നി​ര​യാ​യി പറ​ന്നു​യർ​ന്നു് ഇട​തൂർ​ന്ന പൊ​ന്ത​യി​ലേ​ക്കു മട​ങ്ങ​വേ, ഇളം​കാ​റ്റിൽ പറ​വ​ക​ളു​ടെ മസൃ​ണ​ത​യെ​ഴു​ന്ന ചി​റ​കു​ക​ളിൽ​നി​ന്നും കു​ഞ്ഞോ​ള​ങ്ങൾ ഉതി​ര​വേ, കരു​ത്തു​റ്റ തി​ര​കൾ​ക്കി​ട​യിൽ പേർ​ത്തും പേർ​ത്തും കാ​റ്റു് ഇരു​ട്ടി​നെ പി​ടി​ച്ചു വലി​ച്ചു​കൊ​ണ്ടി​രി​ക്കേ, കൂ​ടു​തൽ കൂ​ടു​തൽ പരി​മ​ളം ചൊ​രി​ഞ്ഞു​കൊ​ണ്ടു് പനി​നീർ​പു​ഷ്പം പച്ച​വി​രി​പ്പിൽ മുഖം മറ​ച്ചു​വ​യ്ക്കാൻ നി​ന​യ്ക്കേ”. ഇവി​ടെ​യൊ​ന്നു​മി​ല്ല, ഹി​ന്ദി​യി​ലാ​ണെ​ല്ലാം എന്നു ചി​ലർ​ക്കു വി​ചാ​ര​മു​ണ്ടു്. അവർ അവി​ടെ​യു​ള്ള ചവ​റെ​ല്ലാം കോർ​പ്പൊ​റേ​ഷൻ ലോ​റി​യിൽ കയ​റ്റി ഇവിടെ കൊ​ണ്ടി​റ​ക്കു​ന്നു. അങ്ങ​നെ ഇറ​ക്കിയ ചവ​റു​ക​ളിൽ ഒന്നാ​ണു് ദീപിക ആഴ്ച​പ്പ​തി​പ്പി​ലെ ‘ബുൾ​ബുൾ പക്ഷി​യെ തേ​ടു​ന്ന പനി​നീർ പു​ഷ്പം’ എന്ന ഹി​ന്ദി ചെ​റു​കഥ. ആ തർ​ജ്ജ​മ​യിൽ​നി​ന്നാ​ണു് മു​ക​ളിൽ നൽകിയ വാ​ക്യം. ഇതു വാ​യി​ച്ച​പ്പോൾ എനി​ക്കി​ങ്ങ​നെ എഴു​താൻ തോ​ന്നി:

നല്ല കഥ വാ​യി​ക്കാ​മെ​ന്ന വി​ചാ​ര​ത്തോ​ടെ ദീപിക ആഴ്ച​പ്പ​തി​പ്പെ​ടു​ത്തു് പതി​നേ​ഴാം​പു​റം നോ​ക്ക​വേ, ജയ​ശ​ങ്കർ പ്ര​സാ​ദെ ന്ന ഹി​ന്ദി സാ​ഹി​ത്യ​കാ​ര​ന്റെ ഒരു കഥ​യു​ടെ തർ​ജ്ജമ കാണവേ, അതാ​ദ്യം​തൊ​ട്ടു വാ​യി​ക്കാൻ പലതവണ ശ്ര​മി​ക്ക​വേ, കഥാ​സാ​ഹി​ത്യം വളരെ വി​ക​സി​ച്ച കാ​ല​ത്തു് ഇങ്ങ​നെ​യു​മൊ​രു ബലാൽ​ക്കാ​ര​മോ എന്നോർ​ത്തു വി​ഷാ​ദി​ക്ക​വേ, വാലും തു​മ്പു​മി​ല്ലാ​ത്ത പര്യ​വ​സാ​ന​ത്തിൽ കഥ​യെ​ത്ത​വേ, വി​ല​കൂ​ടിയ സമയം വ്യർ​ത്ഥ​മാ​യി​ത്തീർ​ന്ന​ല്ലോ എന്നു വി​ചാ​രി​ച്ചു ദുഃ​ഖി​ക്ക​വേ, ന്യൂ​സ്പ്രി​ന്റ് കി​ട്ടാ​ത്ത കാ​ല​ത്തു് ഇങ്ങ​നെ​യൊ​രു വ്യർ​ത്ഥ​വ്യ​യ​മോ എന്നു് പത്രാ​ധി​പ​രോ​ടു ചോ​ദി​ക്ക​വേ, തർ​ജ്ജ​മ​ക്കാ​ര​നായ വേ​ണു​മ​രു​താ​യി മല​യാ​ള​ഭാ​ഷ​യെ വസ്ത്രാ​ക്ഷേ​പം ചെ​യ്യ​വേ…

ഞാൻ മുസ് ബ്രു​ഗ്ഗർ
images/RobertMusil.jpg
റോ​ബർ​ട്ട് മൂസിൽ

എന്നെ വി​സ്മ​യി​പ്പി​ക്കു​ക​യും ആഹ്ലാ​ദി​പ്പി​ക്കു​ക​യും മഹ​ത്ത്വ​മെ​ന്നാൽ എന്തെ​ന്നു ഗ്ര​ഹി​പ്പി​ക്കു​ക​യും ചെയ്ത നോ​വ​ലാ​ണു് റോ​ബർ​ട്ട് മൂ​സി​ലി ന്റെ The Man Without Qualities. നോവൽ പൂർ​ണ്ണ​മാ​കു​ന്ന​തി​നു മുൻ​പു് മൂസിൽ മരി​ച്ചു​പോ​യി. ഇരു​പ​താം ശതാ​ബ്ദ​ത്തി​ലെ ഏതെ​ങ്കി​ലും നോ​വ​ലി​നു very great എന്ന വി​ശേ​ഷ​ണം ചേ​രു​മോ? ചേരും. മൂ​സി​ലി​ന്റെ നോവൽ ‘വെ​രി​ഗ്രേ​റ്റ്’ തന്നെ. ഇതിൽ മുസ് ബ്രൂ​ഗ്ഗർ എന്ന ആശാരി ഒരു വേ​ശ്യ​യെ കൊ​ല്ലു​ന്ന​തി​ന്റെ പ്ര​തി​പാ​ദ​ന​മു​ണ്ടു്. ശ്വാ​സ​ക്കു​ഴ​ലിൽ തു​ട​ങ്ങി കഴു​ത്തി​ന്റെ പി​റ​കു​വ​ശം​വ​രെ എത്തു​ന്ന ഒരു മു​റി​വു്. നെ​ഞ്ചിൽ രണ്ടു കത്തി​ക്കു​ത്തു്. അവ​യാ​ണു് ഹൃദയം പി​ളർ​ക്കു​ന്ന​തു്! മു​തു​കി​ന്റെ ഇട​തു​ഭാ​ഗ​ത്തു് രണ്ടു കു​ത്തു​കൾ. മു​ല​ക​ളെ മു​റി​ച്ചു​ക​ള​ഞ്ഞു. വയ​റ്റിൽ മു​പ്പ​ത്ത​ഞ്ചു കു​ത്തു​ക​ളു​ണ്ടു്. പൊ​ക്കിൾ​തൊ​ട്ടു് നട്ടെ​ല്ലി​ന്റെ താ​ഴെ​യു​ള്ള ഭാ​ഗം​വ​രെ എത്തു​ന്ന ഒരു വലിയ മു​റി​വു്. വേ​ശ്യ​യു​ടെ കഴു​ത്തു ഞെ​രി​ച്ചു എന്ന​തി​നും തെ​ളി​വു​ണ്ടു്. നോ​വ​ലി​ലെ പ്ര​ധാന കഥാ​പാ​ത്ര​വും മൂ​സി​ലി​ന്റെ ‘ഓൾ​ട്ടർ ഈഗോ’യുമായ (ദ്വി​തീ​യാ​ത്മാ​വു്) ഉൾ​റി​ഹ് ഈ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു് അറി​ഞ്ഞി​ട്ടു പറ​യു​ന്നു: If mankind could dream collectively, it would dream Moos Brugger—മനു​ഷ്യ​വർ​ഗ്ഗ​ത്തി​നു കൂ​ട്ടാ​യി സ്വ​പ്നം കാ​ണാ​മെ​ങ്കിൽ അതു മുസ് ബ്രു​ഗ്ഗ​റെ സ്വ​പ്നം കാണും. എങ്ങ​നെ കാ​ണാ​തി​രി​ക്കും? സ്വ​പ്നം അഭി​ലാ​ഷ​സാ​ഫ​ല്യ​ത്തെ​യാ​ണു് സൂ​ചി​പ്പി​ക്കു​ന്ന​തെ​ങ്കിൽ ഓരോ മനു​ഷ്യ​നും മുസ് ബ്രു​ഗ്ഗ​റാ​കും. വി​ശേ​ഷി​ച്ചും മനോരമ ആഴ്ച​പ്പ​തി​പ്പി​ലെ ജഡം പോ​ലു​ള്ള കഥകൾ കാ​ണു​മ്പോൾ. (സി. പി. വസ​ന്ത​കു​മാ​രി എഴു​തി​യ​തു്). ഒരു സ്ത്രീ​യോ​ടു​കൂ​ടി തീ​വ​ണ്ടി​യിൽ സഞ്ച​രി​ച്ച ഒരു ചെ​റു​പ്പ​ക്കാ​രി​ക്കു തീ​വ​ണ്ടി​യാ​പ്പീ​സ് തെ​റ്റി​പ്പോ​കു​ന്നു. രാ​ത്രി അവി​ടെ​യി​റ​ങ്ങിയ അവളെ ആരോ ബലാൽ​സം​ഗം ചെ​യ്തു കൊ​ന്നു. അതു പത്ര​ത്തിൽ വാ​യി​ച്ച​പ്പോൾ അവർ​ക്കു ദുഃഖം. ഇത്ത​രം കഥകൾ എന്തു​കൊ​ണ്ടു വി​രൂ​പ​ങ്ങ​ളാ​യി​യെ​ന്നു് പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാർ ചോ​ദി​ക്ക​രു​തേ. പെ​രി​ക്കാ​ല​ട്ട, മൂങ്ങ, ചേര ഇവ​യൊ​ക്കെ വി​രൂ​പ​ങ്ങ​ളാ​യ​തു് എന്തു​കൊ​ണ്ടെ​ന്നു വി​ശ​ദീ​ക​രി​ക്കു​ന്ന​തെ​ങ്ങ​നെ? പ്ര​യാ​സം. ‘ജഡം’ എന്ന കഥ കാ​ണു​മ്പോൾ ഞാൻ മൂസ് ബ്രൂ​ഗ്ഗ​റാ​യി മാ​റു​ന്നു. കഥ​യു​ടെ ശ്വാ​സ​നാ​ളം​തൊ​ട്ടു പിൻ​ക​ഴു​ത്തു​വ​രെ കത്തി​കൊ​ണ്ടു ഞാൻ കീ​റു​ന്നു. ഹൃദയം നോ​ക്കി രണ്ടു​കു​ത്തു്. വയ​റ്റിൽ മു​പ്പ​ത്ത​ഞ്ചു​കു​ത്തു​ക​ള​ല്ല ഞാൻ കൊ​ടു​ക്കുക; മു​പ്പ​ത്ത​യ്യാ​യി​രം കു​ത്തു​ക​ളാ​ണു്. മു​സി​ലി​ന്റെ നോ​വ​ലി​ലെ ഉൾ​റി​ഹി​നു് ആ കൊ​ല​പാ​ത​കി​യെ രക്ഷി​ച്ചാൽ കൊ​ള്ളാ​മെ​ന്നു​ണ്ടു്. വാ​യ​ന​ക്കാർ എന്റെ രക്ഷ​യ്ക്ക് എത്തു​മോ?

എന്തൊ​രു കാലം

നമു​ക്ക് ജെ​റ്റ് വി​മാ​ന​ങ്ങ​ളു​ണ്ടു്. മണി​ക്കൂ​റി​നു നൂ​റ്റ​മ്പ​തു കി​ലോ​മീ​റ്റർ വേ​ഗ​ത്തിൽ പാ​യു​ന്ന തീ​വ​ണ്ടി​ക​ളു​മു​ണ്ടു്. ത്രീ ഡൈ​മൻ​ഷൻ ടെ​ലി​വി​ഷ​നു​ണ്ടു്, ടെ​ലി​ഫോ​ണു​ണ്ടു്. എല്ലാ ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടു്. പക്ഷേ, ഇരു​ണ്ട കാ​ല​ത്താ​ണു് നമ്മൾ ജീ​വി​ക്കുക. സമു​ദ്ര​ജ​ലം പോലും വി​ഷ​മ​യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. അതി​നാൽ അനു​നി​മി​ഷം വലി​ച്ചി​ടു​ന്ന മാ​ലി​ന്യ​ങ്ങൾ സ്പർ​ശി​ച്ചു മനു​ഷ്യർ കാ​ല​പു​രി​യി​ലേ​ക്കു യാ​ത്ര​യാ​കു​ന്നു. വി​ഷ​വും ന്യീ​ക്ലി​യർ ബോം​ബും സം​ഭ​രി​ച്ചു​വ​ച്ചു​കൊ​ണ്ടു് നേ​താ​ക്ക​ന്മാർ നി​ര​പ​രാ​ധി​ക​ളെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. രാ​ഷ്ട്ര​വ്യ​വ​ഹാ​ര​ത്തിൽ എതി​ര​ഭി​പ്രാ​യം പറ​യു​ന്ന​വ​നെ സ്നേ​ഹ​ത്തോ​ടെ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു് വി​മാ​ന​ത്തി​ന്റെ പടി​യിൽ വച്ച് ആരു​മ​റി​യാ​തെ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്നു. അതു​ക​ണ്ടു് കരഞ്ഞ സ്ത്രീ​യു​ടെ ചു​മ​ലിൽ വേ​ദ​ന​യു​ള​വാ​ക്കു​ന്ന​മ​ട്ടിൽ സൈ​നി​കോ​ദ്യോ​ഗ​സ്ഥൻ കൈ​വ​ച്ച​മർ​ത്തു​ന്നു. അവ​ളു​ടെ​പേ​രിൽ കള്ള​ക്കേ​സു​കൾ ഉണ്ടാ​ക്കു​ന്നു. ലക്ഷ​ക്ക​ണ​ക്കി​നു് ജൂ​ത​ന്മാ​രെ ഗ്യാ​സ്ചേം​ബ​റി​ലി​ട്ടു ശ്വാ​സം മു​ട്ടി​ച്ചു​കൊ​ന്ന നാ​ത്സി​ക​ളു​ടെ ശവ​കു​ടീ​ര​ങ്ങൾ സന്ദർ​ശി​ക്കാൻ ജന​നാ​യ​കൻ പോ​കു​ന്നു. പി​ഞ്ചു​കു​ഞ്ഞു​ങ്ങൾ ട്രാൻ​സി​സ്റ്റ​റെ​ടു​ത്തു തി​രി​ക്കു​മ്പോൾ തല ഉട​ലിൽ​നി​ന്നു തെ​റി​ച്ചു​പോ​കു​ന്നു. ഒന്നും സം​ഭ​വി​ക്കാ​നി​ട​യി​ല്ല എന്ന വി​ശ്വാ​സ​ത്തോ​ടെ പോ​കു​ന്ന നി​ര​പ​രാ​ധ​ന്റെ മു​തു​കിൽ ആരോ കത്തി കു​ത്തി​യി​റ​ക്കു​ന്നു. എന്നും ഞെ​ട്ടി​പ്പി​ക്കു​ന്ന വാർ​ത്ത​ക​ളേ​യു​ള്ളൂ.

എന്റെ കു​ട്ടി​ക്കാ​ല​ത്തു് റോഡിൽ വച്ച് ആരെ​ങ്കി​ലും വേ​റൊ​രു വ്യ​ക്തി​യെ തട​ഞ്ഞാൽ, ഒരു വാ​ഹ​ന​ത്തി​ന്റെ ഗതി​ക്കു തട​സ്സ​മു​ണ്ടാ​ക്കി​യാൽ അവരെ ഉടൻ​ത​ന്നെ പോ​ലീ​സ് അറ​സ്റ്റു​ചെ​യ്യു​മാ​യി​രു​ന്നു. ഇന്നു് എല്ലാ ദി​വ​സ​വും ജാഥകൾ. അവ റോ​ഡി​ന്റെ രണ്ട​റ്റ​വും കൂ​ടി​യാ​ണു് പോവുക. ഹൃ​ദ​യ​സ്തം​ഭ​നം വന്നു മരി​ക്കാൻ പോ​കു​ന്ന​വ​നെ തട​ഞ്ഞി​ടു​ന്നു, ജാഥ. അവൻ കാ​റി​ന​ക​ത്തു​വ​ച്ചു മരി​ക്കു​ന്നു. പ്ര​സ​വ​വേ​ദ​ന​കൊ​ണ്ടു നി​ല​വി​ളി​ക്കു​ന്ന സ്ത്രീ​യെ​യും കൊ​ണ്ടു​പാ​യു​ന്ന കാർ ജാ​ഥ​ക​ണ്ടു നിൽ​ക്കു​ന്നു. അവർ അതി​ന​ക​ത്തു പ്ര​സ​വി​ച്ച് ചോ​ര​പ്പുഴ ഒഴു​ക്കു​ന്നു. ഭക്ഷ​ണ​ശാ​ല​ക​ളിൽ വി​ഷ​മാ​ണു് വലിയ വി​ല​യ്ക്കു വിൽ​ക്കു​ന്ന​തു്. ഉച്ച​ക്കു മി​ച്ചം വരു​ന്ന ചോറു് ആദ്ധ്യാ​ത്മി​ക​ത്വം പ്ര​സം​ഗി​ക്കു​ന്ന​വ​ന്റെ ഹോ​ട്ട​ലി​ലും ഇഡ്ഡ​ലി​യാ​യി​മാ​റു​ന്നു. കടു​കെ​ണ്ണ​യി​ലോ റബ്ബർ​ക്കു​രു​വിൽ​നി​ന്നെ​ടു​ക്കു​ന്ന തൈ​ല​ത്തി​ലോ പൂരി ഉണ്ടാ​ക്ക​പ്പെ​ടു​ന്നു. കഴി​ച്ചാൽ വളരെ ദി​വ​സ​ത്തേ​ക്കു വയ​റ്റു​വേ​ദന. ബസ്സി​ലും തീ​വ​ണ്ടി​യി​ലും കയറാൻ ആളു​കൾ​ക്കു​പേ​ടി. എപ്പോ​ഴാ​ണു് മി​ന്നൽ​പ്പ​ണി​മു​ട​ക്ക് എന്നു് എങ്ങ​നെ തീ​രു​മാ​നി​ക്കും. ഞാൻ ഇരു​ട്ടി​നെ​മാ​ത്രം ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​ണെ​ന്നു വാ​യ​ന​ക്കാർ കരു​ത​രു​തു്. ഇരു​ട്ടേ​യു​ള്ളൂ ഇവിടെ. എന്തു​ചെ​യ്യ​ണം എന്തു​പ​റ​യ​ണം എന്ന​റി​യാ​തെ ആളുകൾ ഉഴ​ലു​ക​യാ​ണി​വി​ടെ. ഈ കി​രാ​താ​വ​സ്ഥ​യി​ലേ​ക്കു കു​റ്റ​പ്പെ​ടു​ത്തു​ന്ന വിരൽ ചൂ​ണ്ടു​ക​യാ​ണു് ഇ. വി. ശ്രീ​ധ​രൻ (കലാ​കൗ​മു​ദി​യി​ലെ ആസു​ര​മായ നമ്മു​ടെ കാലം എന്ന ലേഖനം നോ​ക്കുക). സത്യം സത്യ​മാ​യി ആവി​ഷ്ക​രി​ക്കു​മ്പോൾ ശക്തി​വി​ശേ​ഷം അനു​ഭ​വ​പ്പെ​ടു​മ​ല്ലോ. ആ ശക്തി​വി​ശേ​ഷം ഇ. വി. ശ്രീ​ധ​ര​ന്റെ പ്ര​ബ​ന്ധ​ത്തി​നു​ണ്ടു്.

“Violence is less and less embarrassed by the limits imposed by centuries of lawfulness, is brazenly and victoriously striding across the whole world”—സോൾ ഷെ​നി​റ്റ്സ്യൻ നോ​ബൽ​സ​മ്മാ​നം വാ​ങ്ങി​ക്കൊ​ണ്ടു​ചെ​യ്ത പ്ര​ഭാ​ഷ​ണ​ത്തിൽ​നി​ന്നു്.

പലരും പലതും

തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്റെ പേ​രെ​ന്തെ​ന്നോ ജീ​വി​ത​കാ​ല​മേ​തെ​ന്നോ ആർ​ക്കു​മ​റി​ഞ്ഞു​കൂ​ടാ. അദ്ദേ​ഹ​ത്തി​ന്റെ പടം കു​മാ​രി​വാ​രി​ക​യിൽ കൊ​ടു​ത്തി​രി​ക്കു​ന്നു (പുറം 13). അക്കാ​ഡ​മി​ക്കാർ കണ്ടാൽ ഇതു വലു​താ​ക്കി​വ​ര​ച്ച് അക്ക​ഡ​മി​ഹാ​ളിൽ വയ്ക്കും. ചി​ത്രം അനാ​വ​ര​ണം ചെ​യ്യാൻ അനുജൻ തി​രു​വാ​ങ്കു​ള​ത്തി​നെ ക്ഷ​ണി​ക്കു​ക​യും ചെ​യ്യും. മാർ​ത്താ​ണ്ഡ​ത്തു​ള്ള എന്റെ ഒരു സ്നേ​ഹി​ത​ന്റെ ആറു് പോസിൽ എടു​ത്ത ഫോ​ട്ടോ ഒന്നാ​ക്കി ഇര​യിൻ​ത​മ്പി​യാ​ക്കി​മാ​റ്റി, പാ​റ​ശ്ശാ​ല​യി​ലു​ള്ള ഒരു ചി​ത്ര​കാ​രൻ. അത​വി​ടെ വി​രാ​ജി​ക്കു​ന്നു​ണ്ടു്. കു​ടു​മ്മ​യു​ള്ള ഈ എഴു​ത്ത​ച്ഛ​നും അവിടെ വി​രാ​ജി​ക്കാൻ ഇട​വ​ര​ട്ടെ.

images/GabrielaCravoECanela.jpg

ബ്ര​സീ​ലി​ലെ മഹാ​നായ നോ​വ​ലി​സ്റ്റ് ഷൊർഷി അമാദു (Jorge Amado, 1912) ഒരു​കാ​ല​ത്തു് കമ്മ്യൂ​ണി​സ്റ്റ് ചെ​ക്കൊ​സ്ലൊ​വാ​ക്യ​യി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്നു. കമ്മ്യൂ​ണി​സ്റ്റാ​ണു് അദ്ദേ​ഹം. അമാ​ദു​വി​ന്റെ നോ​വ​ലു​ക​ളിൽ Gabriele, Clove, Cinnamon എന്ന​തി​നു് പ്ര​മു​ഖ​സ്ഥാ​ന​മു​ണ്ടു്. വി​ശ്വാ​സം​കൊ​ണ്ടു കമ്മ്യൂ​ണി​സ്റ്റാ​ണു് അദ്ദേ​ഹ​മെ​ങ്കി​ലും പാർ​ട്ടി​യോ​ടു​ള്ള ന്യാ​സീ​കൃ​ത​ത്വം (commitment) ഈ നോ​വ​ലിൽ കാ​ണാ​നി​ല്ല. ഇതി​ലെ​ന്ന​ല്ല ഒരു നോ​വ​ലി​ലും അതി​ല്ല. അതി​സു​ന്ദ​ര​ങ്ങ​ളായ അനേകം നോ​വ​ലു​കൾ എഴു​തിയ അമാദു നോബൽ സമ്മാ​ന​ത്തി​നു് അർ​ഹ​നാ​ണു്. കമ്മ്യൂ​ണി​സ്റ്റാ​യ​തു​കൊ​ണ്ടു് അദ്ദേ​ഹ​ത്തി​നു് അതു​കി​ട്ടു​ന്നി​ല്ലെ​ന്നേ​യു​ള്ളൂ. അമാ​ദു​വി​ന്റെ Gabriele എന്ന നോ​വ​ലി​നെ​ക്കു​റി​ച്ച് ഹരി ലേ​ഖാ​ല​യം ഗൾഫ് കൈ​ര​ളി​യിൽ എഴു​തി​യി​രി​ക്കു​ന്നു. വി​ശ്വ​സാ​ഹി​ത്യ​കാ​ര​ന്മാ​രെ മല​യാ​ളി​കൾ​ക്കു പരി​ച​യ​പ്പെ​ടു​ത്തു​ന്ന ഈ യത്നം ആദ​ര​ണീ​യം തന്നെ.

കാർ​ത്ത്യാ​യ​നി അക്ക പ്ര​ശാ​ന്ത​നെ​ന്ന പി​ഞ്ചു​പ​യ്യ​നെ ഉമ്മ​വ​ച്ചു കാ​മോ​ത്സു​ക​ത​യി​ലേ​ക്കു നയി​ച്ചു. കാർ​ത്ത്യാ​യ​നി​യ​ക്ക​യു​ടെ മകൾ ഭാർ​ഗ്ഗ​വി​യെ പ്ര​ശാ​ന്തൻ സ്നേ​ഹി​ച്ചു. അവൾ വേ​റൊ​രു​ത്ത​ന്റെ ഭാ​ര്യ​യാ​യി. ഭാർ​ഗ്ഗ​വി​യു​ടെ മകൾ ജ്യോ​തി പ്ര​ശാ​ന്ത​നെ​ന്ന അദ്ധ്യാ​പ​ക​ന്റെ ക്ലാ​സ്സി​ലെ വി​ദ്യാർ​ത്ഥി​നി. അപ്പൂ​പ്പ​നും പേ​ര​ക്കു​ട്ടി​യും തമ്മി​ലെ​ന്ന​പോ​ലെ പ്രാ​യ​ത്തി​ന്റെ വ്യ​ത്യാ​സം. എങ്കി​ലും കിഴവൻ പ്ര​ശാ​ന്ത​നു കാമം. സന്മാർ​ഗ്ഗ​ച്യു​തി​യു​ള്ള ഇക്കഥ ശി​വ​രാ​മൻ ചെ​റി​യ​നാ​ടു് ഭേ​ദ​പ്പെ​ട്ട രീ​തി​യിൽ പറ​ഞ്ഞി​രി​ക്കു​ന്നു. ജ്യോ​തി​യെ കഥാ​കാ​രൻ വർ​ണ്ണി​ക്കു​മ്പോൾ ‘താ​മ​ര​മൊ​ട്ടു​കൾ ഒളി​പ്പി​ച്ച മാറു്’ എന്നാ​ണു് പറയുക. പക്ഷേ ജ്യോ​തി​യു​ടെ ചി​ത്ര​ത്തിൽ (ജെ​യിം​സ് വര​ച്ച​തു്) താ​മ​ര​മൊ​ട്ടു​ക​ള​ല്ല, ശീ​മ​ച്ച​ക്ക​ക​ളാ​ണു​ള്ള​തു്. ശീ​മ​ച്ച​ക്ക​പോ​ലു​ള്ള ‘മാമറി ഗ്ലാ​ന്റ്സ്’ ഹൃദയം കവ​രു​മെ​ന്നാ​ണു് ഉള്ളൂർ പറ​ഞ്ഞ​തു്. ജെ​യിം​സ് ‘ഉമാ​കേ​ര​ളം’ വാ​യി​ച്ചി​രി​ക്കും. (കഥയും പടവും മാ​മാ​ങ്കം വാ​രി​ക​യിൽ).

കൃ​ഷ്ണാ​ന​ദി​യു​ടെ മു​ക​ളി​ലു​ള്ള നീളം കൂടിയ പാ​ല​ത്തിൽ​ക്കൂ​ടി തീ​വ​ണ്ടി​യിൽ സഞ്ച​രി​ക്കു​മ്പോൾ പാലം തകർ​ന്നു​വീ​ഴു​മെ​ന്ന പേ​ടി​യി​ല്ല. ആശാ​ന്റെ യും വള്ള​ത്തോ​ളി​ന്റെ യും കാ​വ്യ​ങ്ങൾ വാ​യി​ക്കു​മ്പോൾ മന​സ്സി​നു് ഒരു​റ​പ്പു്. കഴി​ഞ്ഞ ഒരു ദിവസം തി​രു​വ​ന​ന്ത​പു​ര​ത്തെ ഒരു ദുർ​ബ​ല​മായ പാ​ല​ത്തി​ന്റെ മദ്ധ്യ​ത്തിൽ ഞാ​നെ​ത്തി​യ​പ്പോൾ ഒരു സ്റ്റീം റോളർ പി​റ​കെ​വ​ന്നു. പാലം കു​ലു​ങ്ങി. ഞാൻ പേ​ടി​ച്ചു. നവീ​ന​സാ​ഹി​ത്യം വാ​യി​ക്കു​മ്പോൾ ഈ പേ​ടി​യാ​ണെ​നി​ക്ക്.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-06-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 24, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.