സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-06-23-ൽ പ്രസിദ്ധീകരിച്ചതു്)

images/attoorravivarma.jpg
ആറ്റൂർ രവിവർമ്മ

കവിതയ്ക്കു സ്തംഭനം, ചെറുകഥയ്ക്കു സ്തംഭനം, നോവലിനു സ്തംഭനം എന്നൊക്കെ വിമർശകർ പറയുമ്പോൾ ആയിരക്കണക്കിനു കാവ്യങ്ങളും ചെറുകഥകളും നോവലുകളും ആവിർഭവിക്കുന്നുണ്ടായിരിക്കും. എന്നിട്ടും അമ്മട്ടിലുള്ള പ്രസ്താവങ്ങൾ! ഇതിനു ഹേതു എന്താകാം? നമ്മുടെ അനുഭവത്തിന്റെ കേന്ദ്രത്തെ സ്പർശിക്കുന്ന കലാസൃഷ്ടികൾ കാണാതെയാവുമ്പോൾ ‘സ്തംഭനം’ എന്നു് ഉദ്ഘോഷിക്കാൻ നമ്മൾ സന്നദ്ധരാവും എന്നതാണു സത്യം. പുസ്തകക്കടകളിൽ ദിവസന്തോറും നോവലുകൾ വന്നു മറിയുകയായിരിക്കും. കാവ്യ സമാഹാരഗ്രന്ഥങ്ങൾ കുന്നുകൂടുകയായിരിക്കും. ചെറുകഥാഗ്രന്ഥങ്ങൾ വലിച്ചിട്ടിരിക്കുന്നതുകൊണ്ടു കടയിൽ കാലെടുത്തുവയ്ക്കാൻ സ്ഥലമില്ലായിരിക്കും. കൊട്ടക്കണക്കിനു് ഇവ ആളുകൾ വാങ്ങിക്കൊണ്ടുപോകുന്നുണ്ടു്. വായിക്കുന്നുണ്ടു്. വായന കഴിഞ്ഞിട്ടാണു് സ്തംഭനം, സ്തംഭനം എന്നു മുറവിളികൂട്ടുന്നതു്. കാരണം അവയിൽ ഒന്നുപോലും വായനക്കാരന്റെ അനുഭവത്തെ സ്പർശിക്കുന്നില്ല എന്നതാണു്. നോവലോ കഥയോ കാവ്യമോ വായിച്ചിട്ടു് “ഹാ ഇതുതന്നെയാണു് എനിക്കും പറയാനുള്ളതു്” എന്നു് ആർക്കും പ്രഖ്യാപിക്കാൻ കഴിയുന്നില്ല എന്നതാണു്. ഇതായിരുന്നില്ല അമ്പതു വർഷം മുൻപുള്ള സ്ഥിതി. അന്നു കഥയും കവിതയും വായനക്കാരുടെ ആന്തരാനുഭവങ്ങളെ പിടിച്ചു കുലുക്കിയിരുന്നു. തിരുവനന്തപുരത്തെ ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിച്ചിരുന്ന ഞാൻ കാലത്തെഴുന്നേറ്റു് കൂട്ടുകാരോടുകൂടി വീട്ടിന്റെ വാതില്ക്കൽ നില്ക്കുമായിരുന്നു. നിൽക്കുന്നതു് നടപ്പാതയിലൂടെ എന്നും പോകുന്ന ഒരു കൊച്ചു സുന്ദരിയെ കാണാൻ. കറുത്ത നിറമാണു് അവൾക്കു്. എങ്കിലും എന്തെന്നില്ലാത്ത ആകർഷകത്വം. അവൾ ഞങ്ങൾ നില്ക്കുന്നിടത്തു് എത്തുമ്പോൾ പരിപൂർണ്ണമായ നിശ്ശബ്ദത. തെല്ലൊന്നു് അകന്നു കഴിയുമ്പോൾ ഞങ്ങൾ പാടും:

അവളെക്കറമ്പി കറുമ്പിയെന്നാ-

ണവിടെപ്പലരും വിളിച്ചുകേൾപ്പു.

കുവലയമൊട്ടവളെന്റെ ഹൃത്താം

നറു മലർപ്പൊയ്ക കൊതിച്ച പുഷ്പം.

images/Kesavadev.jpg
കേശവദേവ്

ചന്ദ്രശേഖരൻ നായരുടെ ഈ കാവ്യം ചൊല്ലി ഞങ്ങൾ പുളകം കൊള്ളും. രാത്രി, സ്വപ്നത്തിൽപ്പോലും ഞങ്ങളുടെ അജാഗരിതഹൃദയങ്ങളിൽ ഈ ചേതോഹരങ്ങളായ വരികൾ പ്രതിധ്വനിക്കുന്നുണ്ടായിരിക്കും. ആ പ്രതിധ്വനി കേൾക്കുന്നതോടൊപ്പം ഞങ്ങളാഗ്രഹിക്കും അടുത്ത പ്രഭാതം ആയെങ്കിലെന്നു്. ഇന്നൊരു ബാലികയോടു് ചില ബാലന്മാർക്കു കൗതുകം ഉണ്ടായാൽ അവർ ഏതു കാവ്യം ചൊല്ലും? ആറ്റൂർ രവിവർമ്മ യുടെ കാവ്യം ചൊല്ലുമോ? ചൊല്ലിയാൽ, പെൺകുട്ടി അതു കേൾക്കാനിടവന്നാൽ അവൾ മുഖം വീർപ്പിച്ചു പൊയ്ക്കളയുകയില്ലേ? ഇഷ്ടപ്പെട്ടവരോടു തോന്നുന്ന അടുപ്പം പോലെ സാഹിത്യ സൃഷ്ടിയോടും അടുപ്പം തോന്നും. ലക്ഷമാളുകൾ ഉള്ളപ്പോൾ ഒരാളോടു സ്നേഹം തോന്നിയാൽ ലോകം പ്രകാശപൂർണ്ണമാണെന്നു തോന്നും; എന്തൊരു സ്നേഹസമ്പന്നത! എന്നു പറഞ്ഞു പോകും. ആരോടും സ്നേഹം തോന്നിയില്ലെങ്കിൽ ലോകം അന്ധകാര പൂർണ്ണം എന്ന തീരുമാനത്തിലെത്തും. അപ്പോൾ നിരാശത, വിഷാദം, നോവലുകളും കാവ്യങ്ങളും ചെറുകഥകളും പ്രതിദിനം, പ്രതിനിമിഷം പെരുകിവരുന്നു. പക്ഷേ, ഒന്നിനോടും വായനക്കാരനു് അടുപ്പമില്ല. അതുകൊണ്ടു സ്തംഭനം, സ്തംഭനം എന്ന നിലവിളി.

വിഷ്ണുനാരായണൻ നമ്പൂതിരി
images/Basheer.jpg
ബഷീർ

അടുപ്പത്തെക്കുറിച്ചു്, പരസ്പര പരിചയത്തെക്കുറിച്ചു് മുകളിൽ നിർവഹിച്ച സാമാന്യപ്രസ്താവത്തിനു് അപവാദം (exception) കാണാതിരിക്കില്ലല്ലോ. ആ രീതിയിൽ വ്യത്യസ്തത പുലർത്തുന്നു വിഷ്ണുനാരായണൻ നമ്പൂതിരി യുടെ ‘നീരാട്ടു്’ എന്ന കാവ്യം (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ലക്കം 12). ഈ ലോകത്തെ പരിപൂർണ്ണമായും സ്വീകരിച്ചുകൊണ്ടു്, ജീവിതത്തോടു് ഒരാധ്യാത്മിക മനോഭാവം പ്രദർശിപ്പിച്ചു കവി സ്വന്തം ആത്മാവിനെ കണ്ടെത്തുന്ന ഈ കാവ്യം യഥാർത്ഥമായ കവിതയുടെ നാദം ഉയർത്തുന്നു. മുടി മുറിക്കുന്ന ചടങ്ങു കഴിഞ്ഞപ്പോൾ ഉണ്ണിയുടെ അച്ഛൻ പറഞ്ഞു ഇനി ആറ്റിൽ തനിച്ചു മുങ്ങിക്കുളിക്കാൻ ശീലിക്കണമെന്നു്. കരയ്ക്കു നിന്ന അമ്മ അവനു് ധൈര്യം കൊടുത്തു. കരയ്ക്കു കേറാതെ വെള്ളത്തിൽത്തന്നെ നിന്ന മകൻ പേടിച്ചുവോ എന്നു് അമ്മയ്ക്കു സംശയം. ഇല്ല. പേടിച്ചില്ല. കാലം കഴിഞ്ഞു. ഉണ്ണി വളർന്നു. പ്രായമൊത്ത പുരുഷനായി. എങ്കിലും അയാൾ ഇപ്പോഴും അരയ്ക്കൊപ്പമുള്ള ആറ്റിൽ നീരാടി നില്ക്കുകയാണു്. എന്നിട്ടു ചോദിക്കുന്നു:

ഇളന്നീർ കൊതിക്കുന്ന പമ്പാസരസ്സോ,

ഇരമ്പുന്ന വർഷാനിളക്കുത്തൊഴുക്കോ,

വെളുപ്പിൽ കറുപ്പസ്തമിക്കുന്ന ദേവ-

പ്രയാഗത്തിലെത്തീർത്ഥമോ, സൂര്യലക്ഷം

തടത്തിൽത്തഴയ്ക്കുന്ന വിൺഗംഗയോ, ചി-

ജ്ജഡശ്രീല കൈവല്യ ലീലാസരിത്തോ

നനയ്ക്കുന്നു ചേതസ്സിനെ പ്രേമവായ്പാൽ?

നിറയ്ക്കുന്നു വിശ്വത്തെ ദിവ്യാമൃതത്താൽ?

അച്ഛന്റെ നിയോഗമനുസരിച്ചു ആറ്റിലിറങ്ങി നിൽക്കുന്നതു് ലൗകിക ജീവിതത്തിന്റെ പ്രതിരൂപാത്മകമായ പ്രവർത്തനം. അവിടെനിന്നു സൂര്യലക്ഷം തഴയ്ക്കുന്ന ആകാശഗംഗയിലേക്കു സംവീക്ഷണം നിർവഹിക്കുന്നതു് ആദ്ധ്യാത്മികതയോടു ബന്ധപ്പെട്ട പ്രവർത്തനം. ഈ രണ്ടു പ്രവർത്തനങ്ങളും മറ്റു കവികൾ വാക്കുകളിലൂടെ ആവിഷ്ക്കരിച്ചിരിക്കാം. എന്നാൽ വിഷ്ണുനാരായണൻ നമ്പൂതിരിയാവട്ടെ അന്യാദൃശമായ രീതിയിൽ അവയെ പ്രതിപാദിക്കുന്നു. അതിലാണു് ഈ കാവ്യത്തിന്റെ വിജയമിരിക്കുന്നതു്.

images/Thakazhi.jpg
തകഴി

“നിങ്ങളല്ലാതെ മറ്റാരെങ്കിലും പറഞ്ഞിരിക്കാൻ ഇടയുള്ളതു് പറയാതിരിക്കു; നിങ്ങളല്ലാതെ മറ്റാരെങ്കിലും ചെയ്തിരിക്കാൻ ഇടയുള്ളതു ചെയ്യാതിരിക്കു. ഇനി നിങ്ങളെക്കുറിച്ചാണെങ്കിൽ നിങ്ങളിലല്ലാതെ മറ്റാരിലും ഇല്ലാത്ത അംശങ്ങളിൽ മാത്രം തൽപരനായിരിക്കു. ക്ഷമയോടുകൂടിയോ അക്ഷമയോടുകൂടിയോ നിങ്ങളിലുള്ള അന്യാദൃശങ്ങളായ സത്തകളെ സൃഷ്ടിച്ചെടുക്കു”—ആങ്ദ്രേ ഷീദ്. ഏതു സാഹിത്യകാരനും സ്വീകരിക്കാവുന്ന സാരസ്വത രഹസ്യം.

ഗാമയുടെ തൊലിക്കട്ടി
images/S_K_Pottekkatt.jpg
പൊറ്റക്കാട്

ഇത്തരം സാരസ്വത രഹസ്യങ്ങൾ അറിയാതെ കഥയെഴുതുമ്പോൾ, കവിതയെഴുതുമ്പോൾ കഷ്ടപ്പെടുന്നതു് വായനക്കാരാണു്; എഴുതുന്ന ആളല്ല. മാതൃഭൂമിയിൽ ‘കഥയില്ലായ്മകൾ’ എന്ന കഥയെഴുതിയ അഷിത ഇങ്ങനെ വായനക്കാരെ പീഡിപ്പിക്കുന്നു. പീഡനത്തിന്റെ സ്വഭാവമറിയണമെങ്കിൽ കഥ തന്നെ വായിച്ചുനോക്കണം. എങ്കിലും ഞാനൊന്നു ശ്രമിക്കട്ടെ. ടെലിവിഷനിൽ എന്നെസ്സംബന്ധിച്ചിടത്തോളം ക്ലേശകരമായി തോന്നുന്നതു് അതിലെ ജയന്റ് റോബട്ട് പരിപാടിയാണു്. ക്ലേശകരമെന്നല്ല പറയേണ്ടതു്; തികച്ചും സ്റ്റുപിഡാണതു്. രാക്ഷസനെപ്പോലൊരുത്തൻ വിനാശത്തിനു് ഉദ്യുക്തനാവുന്നു. ഒരു പയ്യൻ വാച്ചുപോലുള്ള ഒരു ഉപകരണം തുറന്നു് വയർലെസ് കമ്മ്യൂണിക്കേഷൻ നടത്തുന്നു. ഉടനെ ജയന്റ് റോബട്ട് കൈയുയർത്തി പറക്കുകയായി. പ്രതിയോഗിയെ ഇടിക്കുകയായി. രക്ഷയില്ലെന്നു കാണുമ്പോൾ ഉള്ളിൽ സംഭരിച്ചുവച്ച അഗ്നി മുഴുവൻ ഫാലനേത്രങ്ങളിൽക്കൂടി പ്രവഹിപ്പിക്കുകയായി. പ്രതിയോഗി തോറ്റാൽ റോബട്ട് വീണ്ടും പറന്നു് അപ്രത്യക്ഷനാകുന്നു. റോബട്ടിന്റെ ഉള്ളിലെ തീപോലെ വാക്കുകൾ സംഭരിച്ചുവച്ചിരിക്കുന്നു അഷിത. കഥയെഴുതാനുള്ള ആഹ്വാനമുണ്ടായാലുടൻ അഷിത പ്രവഹിപ്പിക്കുന്നു. ഈ പ്രവാഹത്തിൽ നിന്നെങ്ങനെ രക്ഷപ്പെടേണ്ടു എന്നറിയാതെ വായനക്കാർ പരുങ്ങുന്നു. വാക്കുകൾ പ്രവഹിപ്പിച്ചിട്ടു് കഥാകാരി അപ്രത്യക്ഷയാകുന്നു. ഒരുത്തൻ വ്യഭിചരിക്കാൻ പോയപ്പോൾ അവനു കാമുകിയുടെ (പഠിപ്പിക്കുന്ന അദ്ധ്യാപികയുടെ) ഓർമ്മ ഉണ്ടായിപോലും. അമ്മയെ ഓർമ്മിച്ചുപോലും. എങ്കിലും എച്ചിലിലയിൽ പട്ടി ചാടിവീഴുന്നപോല അവൻ വേശ്യയുടെ പുറത്തു വീണുപോലും. ഇതു പറഞ്ഞുവയ്ക്കുന്നതിന്റെ കൃത്രിമത്വം അസഹനീയമത്രേ. കഥയെന്നതു് വാക്കുകൾ കൊണ്ടുള്ള ഘടനയല്ല. വാക്കുകൾ പ്രയോഗിച്ചാൽ ഇമേജുകൾ ഉണ്ടാക്കിയിട്ടു് അവ അപ്രത്യക്ഷങ്ങളാവണം. ഇവിടെ ആ പ്രക്രിയ നടക്കുന്നില്ല. കരിങ്കൽക്കഷണങ്ങൾ കൊണ്ടു കൊത്തൻ മതിൽ കെട്ടി ഉയർത്തുന്നതുപോലെ അഷിത വാക്കുകൾ കൊണ്ടു കന്മതിൽ ഉയർത്തുന്നു. ആ കന്മതിലിലൂടെ അപ്പുറം കാണാൻ വയ്യ. കേശവദേവും തകഴി യും ബഷീറും പൊറ്റക്കാടും കാരൂരും കഥയെഴുതുമ്പോൾ ഉയരുന്നതു കന്മതിലല്ല, സ്ഫടികഭിത്തിയാണു്. അതിലൂടെ നോക്കിയാൽ അപ്പുറം കാണാം. സ്ഫടികനിർമ്മിതമായ ഭിത്തിതന്നെ ഉണ്ടെന്നു് അറിയുകയില്ല. സാഹിത്യത്തിന്റെ ബാലപാഠങ്ങൾ അഷിത മനസ്സിലാക്കേണ്ടിയിരിക്കുന്നു.

images/Maupassant.jpg
മോപസാങ്

അതിസുന്ദരി നഗ്നയായി നില്ക്കുമ്പോൾ അവളുടെ സൗന്ദര്യം മാത്രമേ നമ്മൾ ആസ്വദിക്കുന്നുള്ളു. മല്ലയുദ്ധ പ്രവീണൻ ലങ്കോട്ടിമാത്രം കെട്ടി ഗോദയിൽനിന്നു മല്ലടിക്കുമ്പോൾ അയാളുടെ തൊലിയുടെ കട്ടിയാണു് നമ്മൾ അറിയുന്നതു്. തൊലിയുടെ മൃദുത്വംപോലുമറിയിക്കാതെ സൗന്ദര്യം മാത്രം ആസ്വദിപ്പിക്കുന്ന ‘ചന്ദ്രികയിൽ’ (In the moonlight—മോപസാങ്) എന്ന കഥപോലുള്ള കഥകൾ ഇന്നില്ല. ഗാമയുടെ തൊലിക്കട്ടിയുള്ള കഥകളാണു് ആഴ്ചപ്പതിപ്പുകളിലാകെ.

സിസ്റ്റർ മേരി ബനീഞ്ജ
images/Colin_Wilson.jpg
കോളിൻ വിൽസൺ

പട്ടുപോലുള്ള വാക്കുകൾകൊണ്ടു കാവ്യങ്ങൾ രചിച്ച കവയിത്രിയായിരുന്നു മേരി ജോൺ തോട്ടം. ആലപ്പുഴെ സനാതന ധർമ്മവിദ്യാലയത്തിലെ തേഡ് ഫോം വിദ്യാർത്ഥിയായിരുന്ന കാലത്താണു് ഞാൻ അവരുടെ ‘കവിതാരാമം’ എന്ന കാവ്യഗ്രന്ഥം പഠിച്ചതു്. അതിലെ ഒരു ശ്ലോകം ഇപ്പോഴും ഓർമ്മയിലുണ്ടു്.

തരുണിമണികളെപ്പോലുള്ളഴിഞ്ഞുള്ള രാഗം

പുരുഷരിലൊരുനാളും കാണ്മതില്ലെന്തുചെയ്യാം.

ചതികളുമിതുമട്ടിൽ പുരുഷന്മാർ തുടർന്നാൽ

സതികളവർ ശപിക്കും ലോകമെല്ലാം നശിക്കും.

images/Critique_of_Dialectical_Reason.jpg

ഈ കാവ്യഭാഗത്തിൽ പ്രകടമാകുന്ന നൈരാശ്യത്താലാണു് അവർ ആധ്യാത്മികജീവിതത്തിലേക്കു തിരിഞ്ഞതെന്നു് അക്കാലത്തു് പലരും പറഞ്ഞുകേട്ടിട്ടുണ്ടു്. പിന്നീടു് ഞാൻ അവരെ അറിയുന്നതു് സിസ്റ്റർ മേരി ബനീഞ്ജ എന്ന പേരിലാണു്. അക്കാലത്തും അവർ കാവ്യങ്ങൾ രചിച്ചിരുന്നു; ആധ്യാത്മികതയുടെ പരിമളം പ്രസരിപ്പിച്ച കാവ്യങ്ങൾ. പ്രശസ്തയായ ഈ കവയിത്രിയുടെ നിര്യാണത്തിൽ അകംനൊന്തു സെഡ്. എം. മൂലൂർ ദീപിക ആഴ്ചപ്പതിപ്പിൽ എഴുതിയിരിക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെ ചക്രവാളത്തെ വികസിപ്പിക്കാൻ ശ്രമിച്ച മേരി ബനീഞ്ജയെക്കുറിച്ചു് ഒരാളെങ്കിലും എഴുതാനുണ്ടായല്ലോ. ആ ഉചിതജ്ഞതയെയും അതിനോടു ചേർന്നുനില്ക്കുന്ന സഹൃദയത്വത്തെയും നമുക്കു് അഭിനന്ദിക്കാം.

images/Kerala_Varma_Valiya_Koil_Thampuran.jpg
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

മേരി ബനീഞ്ജയുടെ കാവ്യങ്ങളെ വിലയിരുത്താനുള്ള സന്ദർഭമല്ലിതു്. എന്നെക്കാൾ പ്രഗല്ഭന്മാർ അതനുഷ്ഠിച്ചിട്ടുണ്ടു്. അയ്യനം കുട്ടൻപിള്ള ഓടിച്ച കാർ മറിഞ്ഞുണ്ടായ ‘ഷോക്കി’ന്റെ ഫലമായിട്ടാണു് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ഏതാനും നാൾ കഴിഞ്ഞു് മരിച്ചതു്. അദ്ദേഹം കാറിൽ സഞ്ചരിച്ചിരുന്നു. എങ്കിലും ഏറിയ കൂറും കുതിരവണ്ടിയിലായിരുന്നു യാത്ര. അങ്ങനെ യാത്രചെയ്യുമ്പോൾ ഓരോ പുൽക്കൊടിയും ഓരോ പുഷ്പവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരിക്കും. കുമാരനാശാൻ ബോട്ടിൽ സഞ്ചരിച്ചപ്പോൾ കരകളിൽ വളർന്നു നിന്ന ഇഞ്ചിപ്പല്ലുകളെ കണ്ടിരിക്കും. അവരുടെ കാവ്യങ്ങളിൽ പുൽക്കൊടിയും പുഷ്പവുമുണ്ടു്. ഇന്നത്തെ കവികൾ വേണാടു് എക്സ്പ്രസ്സിലും ജയന്തി ജനതയിലും സഞ്ചരിക്കുന്നവരാണു്. അതുകൊണ്ടു് രണ്ടുവശത്തെയും പച്ചനിറമേ അവരുടെ കണ്ണിൽ വന്നുവീഴുകയുള്ളു. വിമാനത്തിലാണു് ഡെൽഹിയിലും മറ്റും അവർ പോകുന്നതെങ്കിൽ ആ നിറവുമില്ല. അക്കാരണത്താൽ അവരുടെ കാവ്യങ്ങളിൽ അവ്യക്തവർണ്ണവും ശൂന്യതയും മാത്രമേയുള്ളു. കന്യാസ്ത്രീമഠത്തിൽ പുൽത്തകിടിയിലൂടെ നടന്ന മേരി ബനീഞ്ജ പുൽക്കൊടിയെയും പുഷ്പത്തെയും കണ്ടു. അവയെ വിടർത്തുന്ന ശക്തിവിശേഷത്തെയും കണ്ടു.

നൃശംസതയുടെ നേർക്കു്
images/Kumaran_Asan.jpg
കുമാരനാശാൻ

അനുഭവങ്ങളുടെ ആവർത്തനം കൊണ്ടു് അവയുടെ തീക്ഷ്ണത നശിക്കു. “ചന്ദ്രൻ എന്നെ നോക്കി ചിരിച്ചു” എന്നു പറയുന്ന കൊച്ചു കുട്ടി യുവാവാകട്ടെ. പൂർണ്ണചന്ദ്രനെ കണ്ടാൽ ഒരു വികാരവും കൂടാതെ നിൽക്കും. ക്യാൻസറിന്റെ വേദന കുറയ്ക്കാനായി രോഗിക്കു മയക്കുമരുന്നു കൊടുക്കുന്നു. ഏറെക്കാലം അതു കൊടുക്കുമ്പോൾ വേദന കുറയാത്ത ഒരവസ്ഥയുണ്ടാകും. ഡോക്ടർമാരുടെ “ക്രൂരഹൃദയ”ത്തിനു കാരണമിതു തന്നെ. ഡോക്ടറായി സേവനം തുടങ്ങുമ്പോൾ കാരുണ്യത്തോടെ അയാൾ ഓരോ രോഗിയേയും നോക്കുന്നു, ചികിത്സിക്കുന്നു. വർഷങ്ങൾ കഴിയുന്തേോറും അയാളുടെ ഹൃദയം കഠിനമായി വരുന്നു. (ഹൃദയത്തിനു് ഒരു തുണ്ടു മസിൽ എന്നല്ല ഇവിടെ അർത്ഥം) അമ്പതു വയസ്സാകുമ്പോൾ തികഞ്ഞ നൃശംസത കാണിക്കാൻ അവർക്കു് ഒരു പ്രയാസവുമില്ല. ഇതിൽ ഡോക്ടറെ കുറ്റപ്പെടുത്താനൊന്നുമില്ല. മനുഷ്യന്റെ സ്വഭാവമാണതു്. ഇതെഴുതുന്ന ആളിന്റെ ഒരേയൊരു മകൻ സ്കൂട്ടറിൽ നിന്നു വീണു. ഞാൻ അവനെ രാത്രി പതിനൊന്നു മണിയോടുകൂടി ആശുപത്രിയിലെത്തിച്ചു. ക്യാഷുഎൽറ്റി വാർഡിൽ പ്രവേശിപ്പിക്കാൻ അരമണിക്കൂർ. ഡോക്ടർ വന്നുനോക്കാൻ അരമണിക്കൂർ. എക്സ്റേ ഡിപ്പാർട്ടുമെന്റിലെ ഡ്യൂട്ടിനേഴ്സ് ഉണർന്നു വരാൻ പതിനഞ്ചു മിനിറ്റ്. എക്സ്റേ എടുക്കാൻ അത്രത്തോളം സമയം. പടം നോക്കിയിട്ടു് ഒരു വാർഡിലേക്കു കൊണ്ടുപോകാൻ ഡോക്ടർ കല്പിച്ചു. അതിനു് അഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളു. വാർഡിലെത്തിച്ച മകൻ ഒരു പരിചരണവുമില്ലാതെ മണിക്കൂറോളം കിടന്നു. ഡ്യൂട്ടി ഡോക്ടർ ആശുപത്രയിലില്ല. അദ്ദേഹം വീട്ടിലായിരുന്നിരിക്കണം. വിളിച്ചുകൊണ്ടുവന്നപ്പോൾ നേരം വെളുത്തിരുന്നു. എന്തിനധികം പറയണം. മകനെ ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോയപ്പോൾ സമയം ഒൻപതുമണി. (കാലത്തു്) ശസ്ത്രക്രിയയ്ക്കുശേഷം മകൻ മരിച്ചു. രാത്രി പതിനൊന്നു മണിക്കു് ആശുപത്രിയിൽ എത്തിക്കപ്പെട്ട ആളു്. അയാളെ ഡോക്ടർ നോക്കുന്നതു് കാലത്തു് ഒൻപതു മണിക്കു്. സമയത്തിനു ചികിൽസ ലഭിച്ചിരുന്നെങ്കിൽ? എന്റെ മകൻ ചിലപ്പോൾ ജീവിക്കുമായിരുന്നു. ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല. മനുഷ്യരെല്ലാവരും ഒരുപോലെയാണു്. ഡോക്ടർമാരും മനുഷ്യരാണു്. ചികിത്സയ്ക്കു പ്രോവിഡന്റ് ഫണ്ടിൽ നിന്നു നോൺ റിഫണ്ടബിൾ ലോണിനു് അപേക്ഷിക്കുന്നവന്റെ കടലാസ്സിൽ ‘നോ’ എന്നെഴുതി ഉദ്യോഗസ്ഥരാക്ഷസൻ ആഹ്ലാദിക്കുന്നു. അതേ ക്രൂരത എല്ലാ മണ്ഡലങ്ങളിലുമുണ്ടു്. ഈ ക്രൂരതയ്ക്കു്—ചികിത്സാമണ്ഡലത്തിലെ ക്രൂരതയ്ക്ക്—ആകർഷകമായ രൂപം നല്കിയിരിക്കുന്നു ഗോപിക്കുട്ടൻ എന്ന കഥാകാരൻ. അദ്ദേഹം കുങ്കുമം വാരികയിലെഴുതിയ ‘ഉറുമ്പുകൾ’ എന്ന കഥ വായിക്കു. അസ്സലായിട്ടുണ്ടു് അതു്. ഹൃദയാഘാതത്തിനു വിധേയനാകുന്ന ഒരുത്തനെ ആരും തിരിഞ്ഞു നോക്കുന്നില്ല. അവഗണനയാൽ അയാൾ മരിക്കുന്നു. അനാഥപ്രേതം. അതിന്റെ കീശ തപ്പിനോക്കിയപ്പോഴാണു് ആളൊരു പ്രമാണിയാണെന്നു മനസ്സിലായതു്. ഉടനെ പ്രേതത്തെയെടുത്തു് കട്ടിലിൽ കിടത്തി. വായ് അടച്ചു ടേപ് കൊണ്ടു കെട്ടി. വെളുത്ത ഷീറ്റ് മൂടി. മാന്യമായ മരണം എന്നൊരു പ്രതീതി കാണുന്നവർക്കൊക്കെ ഉണ്ടാകും. ‘സോറി. വി ട്രൈഡ് ഔവർ ബെസ്റ്റ്’ തുടങ്ങിയ വാക്കുകൾ ഭിഷഗ്വരന്മാരുടെ ചുണ്ടുകളിൽനിന്നു വീണു. പക്ഷേ, മരിച്ച മനുഷ്യന്റെ കൺകോണുകളിൽ ഉറുമ്പുകൾ ഇര തേടുകയായിരുന്നു. കാരണം ആ ശരീരം നിശ്ചേതനമായി ആശുപത്രിയിലെവിടയോ വളരെ നേരം കിടന്നതാണു്. ഞാനിക്കഥ വായിച്ചു് വളരെനേരം ചിന്താഗ്രസ്തനായി ഇരുന്നു. നമ്മുടെ സമുദായത്തിന്റെ ജീർണ്ണതയെക്കുറിച്ചായിരുന്നു എന്റെ വിചാരം. ഗോപിക്കുട്ടന്റെ ശക്തിയാർന്ന തൂലിക ഇനിയും ഇതുപോലുള്ള ചിത്രങ്ങൾ വരയ്ക്കട്ടെ.

images/Sartre.jpg
സാർത്ര്

മനുഷ്യൻ എല്ലാക്കാലത്തും അക്രമാസക്തനാണു്, ക്രൂരനാണു് എന്നുസാർത്ര് തെളിയിച്ചിട്ടുണ്ടു്. Man is violent—throughout history right up to the present day എന്നു് അദ്ദേഹം പറയുന്നു. Critique of Dialectical Reason എന്ന ഗ്രന്ഥം. കോളിൻ വിൽസൺ എഴുതിയ A Criminal History of Mankind വായിച്ചിരിക്കേണ്ട പുസ്തകമാണു്. അതിൽ മനുഷ്യരെല്ലാം അന്യോന്യം ശത്രുക്കളാണെന്നു സ്ഥാപിച്ചിരിക്കുന്നു. ‘ബസ്സ് ക്യൂ’വിൽ നില്ക്കുന്ന ഓരോ ആളും മുൻപിൽ നില്ക്കുന്നവനെ ശത്രുവായിക്കരുതുന്നു. സൂപ്പർ മാർക്കറ്റിൽ, തിരക്കുപിടിച്ച പട്ടണത്തിൽ എല്ലാവരും അന്യോന്യം ശത്രുക്കൾ. ഓരോ വ്യക്തിക്കും തന്റെ കാര്യം നേടണം. (വിൽസൺ നല്കുന്ന ഉദാഹരണങ്ങൾ) ഡോക്ടർമാർ തമ്മിൽ ശത്രുത. തന്റെ മുൻപിലെത്തുന്ന രോഗി ഡോക്ടറുടെ ശത്രു. രോഗി ഡോക്ടറെ ശത്രുവായിക്കാണുന്നു. എന്തൊരു ലോകം! അല്ലേ?

മറ്റൊരു നൃശംസത
images/k-surendran.jpg
കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രന്റെ ആത്മകഥ എപ്പോഴും കൌതുകത്തോടെയാണു് ഞാൻ വായിക്കാറു്. എനിക്കുംകൂടി പരിചയമുള്ള ആളുകളെക്കുറിച്ചു് അദ്ദേഹമെഴുതുമ്പോൾ അതിൽ കാണുന്ന ‘ഇൻസൈറ്റ്’ എന്നെ ആഹ്ലാദിപ്പിക്കാറുണ്ടു്. ഈ ആഴ്ചത്തെ കലാകൗമുദിയിൽ ചെറുതിട്ട നാരായണക്കുറുപ്പു് കെ. എസ്. കൃഷ്ണൻ, എൻ. രാമചന്ദ്രൻ ഇവരുടെ സ്വഭാവസവിശേഷതകളെക്കുറിച്ചു സുരേന്ദ്രൻ ഉൾക്കാഴ്ചയോടെ എഴുതിയിരിക്കുന്നു. അധികാരികളാൽ വളരെയേറെ പീഡിപ്പിക്കപ്പെട്ട ആളാണു് ചെറുതിട്ട നാരായണക്കുറുപ്പ്. ഞാൻ തിരുവനന്തപുരത്തെ സംസ്കൃത കോളേജിൽ ലക്ചററായിരിക്കുന്ന കാലത്താണു് അദ്ദേഹം അവിടെ ലക്ചററായി എത്തിയതു്. പ്രിൻസിപ്പൽ ശുപാർശ ചെയ്ത ആളിനെ സർവകലാശാലാധികൃതർ നിയമിച്ചില്ല എന്നതിന്റെ പേരിൽ അദ്ദേഹത്തെ പ്രിൻസിപ്പലും ചില അധ്യാപകരും ചില വിദ്യാർത്ഥികളും ഒരുമിച്ചു ചേർന്നു യാതന അനുഭവിപ്പിച്ചു. കൂവലും വിളിയും മുണ്ടഴിച്ചു കാണിക്കലും ക്ലാസ്സുകളിലെ നിത്യസംഭവങ്ങളായിരുന്നു. ഒരു വിദ്യാർത്ഥി ഒരു കുപ്പി ചുവന്ന മഷി കൊണ്ടുവന്നു് അദ്ദേഹത്തിന്റെ പുറത്തൊഴിച്ചു. അതു ആരോ കുത്തിയതിന്റെ ഫലമായ രക്തപ്രവാഹമാണെന്നു വിചാരിച്ചു് ഞാൻ ബോധം കെട്ടു വീണു. നാരായണക്കുറുപ്പു് ഇതുകൊണ്ടൊന്നും പോകുന്നില്ലെന്നു കണ്ടപ്പോൾ ചിലർ അദ്ദേഹത്തെ അടിക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾ അടിക്കാതിരിക്കട്ടെയെന്നു കരുതി രണ്ടുദിവസം ഞാൻ അദ്ദേഹത്തിന്റെ കൂടെ പോയി. മൂന്നാം ദിവസം വിദ്യാർത്ഥിനേതാവു വന്നു് എന്നോടു പറഞ്ഞു: “സാറിനോടുകൂടി അയാൾ വരുന്നതുകൊണ്ടാണു് ഞങ്ങൾ അയാളെ അടിക്കാത്തതു്. സാറു് ഇനി അയാളെ കൂട്ടിക്കൊണ്ടു വരരുതു്. വന്നാൽ ഞങ്ങൾ കുറുപ്പിനെ അടിക്കും:” ഞാൻ നാരായണക്കുറുപ്പിനോടു കാര്യം പറഞ്ഞു. അദ്ദേഹം മാന്യുസ്ക്രിപ്റ്റ്സ് ലൈബ്രറിയിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയി. വിദ്യാർത്ഥികൾക്കു് നാരായണക്കുറുപ്പിനോടു് ഒരു വിരോധവുമില്ലായിരുന്നു. അവർ അധികാരികളുടെ നിർദ്ദേശമനുസരിച്ചു പ്രവർത്തിച്ചെന്നെയുള്ളൂ. നിസ്സാരങ്ങളായ കാര്യങ്ങൾക്കുപോലും മനുഷ്യൻ ക്രൂരനായി മാറും എന്നതിനു തെളിവു നൽകുന്നു നാരായണക്കുറുപ്പിനോടുള്ള പെരുമാറ്റം. സുരേന്ദ്രൻ എഴുതിയതുപോലെ സഹൃദയനും പണ്ഡിതനുമാണു് ചെറുതിട്ട. കവിയുമാണു് അദ്ദേഹം. രസകരമായി എന്നാൽ ഉൾക്കാഴ്ചയോടുകൂടി സുരേന്ദ്രൻ അദ്ദേഹത്തിന്റെ സ്വഭാവം അനാവരണം ചെയ്യുന്നു.

നിരീക്ഷണങ്ങൾ
കാരാഗൃഹങ്ങൾ:
പൈങ്കിളി നോവലിസ്റ്റുകളെയും പൈങ്കിളി കഥാകാരന്മാരെയും പാർപ്പിക്കേണ്ട സ്ഥലങ്ങൾ. ദൗർഭാഗ്യത്താൽ മോഷ്ടാക്കളും കൊലപാതകികളുമാണു് അവിടെ വസിക്കുന്നതു്.
മൂക്കു്:
ലോറൻസ് സ്റ്റേണും ഗൊഗലും എഡ്ഗാർ അലൻപോയും ബഷീറും ഇതിനെക്കുറിച്ചെഴുതിയിട്ടുണ്ടു്. നിരൂപകർ സ്വന്തം മൂക്കുകൾ ഈ കഥാനാസികകളിൽ കടത്തിനോക്കുന്നു. (Poke one’s nose into something എന്നു് ഇംഗ്ലീഷ് ശൈലി.)
രാഷ്ട്രീയ പ്രവർത്തകൻ:
“ഞാൻ ചോദിക്കുന്നു.” എന്ന വാക്യം കണ്ടുപിടിച്ച ആൾ.
വൈലോപ്പിള്ളി:
‘കുടിയൊഴിക്കൽ’ എന്ന കാവ്യമെഴുതി മൗലികത എന്ന ഗുണമുണ്ടെന്നു തെളിയിച്ച കവി.
ഡ്രൈ വാഷിങ് സെന്ററുകൾ:
ആറ്റിൽ വാഷിങ് നടത്തിയിട്ടു് വെയിലത്തു ഡ്രൈ ചെയ്യുന്ന കേന്ദ്രങ്ങൾ.
റേഡിയോ:
ടെലിവിഷൻ വന്നതുകൊണ്ടു പ്രധാന്യം പോയ ഉപകരണം.
ടെലിവിഷൻ:
യഥാർത്ഥത്തിൽ കവികളും നിരൂപകരും രണ്ടോ മൂന്നോ പേരേയുള്ളു എന്ന സത്യം നമ്മളെ ഗ്രഹിപ്പിക്കാൻ അവരെ വീണ്ടും വീണ്ടും പ്രദർശിപ്പിക്കുന്ന ഉപകരണം.
പലരും പലതും
images/Edgar_Allan_Poe.jpg
എഡ്ഗാർ അലൻപോ

കാട്ടിലെവിടെയോ ചത്തുവീണ ഒരു ഊളനെ (കുറുനരി) കൊണ്ടുവന്നു് കടലും മറ്റും മാറ്റി പഞ്ഞി നിറച്ചു് വീട്ടിൽ വച്ചിരിക്കുന്നു എന്റെ ഒരു സ്നേഹിതൻ. കഥയെന്ന ഊളന്റെ തോലിനകത്തു് വാക്കുകളാകുന്ന പഞ്ഞി നിറച്ചു് ചന്ദ്രിക വാരികയിൽ വച്ചിരിക്കുന്നു വിജയൻ വിളക്കുമാടം. സ്നേഹിതനും വിജയനും ക്ഷമിക്കണം. രണ്ടും ജുഗുപ്സാവഹങ്ങളാണു്. ഭർത്താവു മരിച്ച ഭാര്യ അയാളുടെ സ്നേഹിതനെ ആകർഷിക്കാൻ ശ്രമിക്കുന്നു. അയാൾ മരിച്ചയാളിനെ ഓർത്തു് പിന്മാറുന്നു. ശ്രമിക്കട്ടെ, പിന്മാറട്ടെ. നമ്മളെന്തുവേണം?

പവനൻ ജനയുഗം വാരികയിലെഴുതുന്നു: “ദൈവ തുല്യന്മാരായ ആചാര്യന്മാരെ മാത്രമേ ഈ പംക്തിയിൽ അവതരിപ്പിക്കാൻ പാടുള്ളുവെങ്കിൽ എല്ലാവരും സി. പി. നായർ ഐ. എ. എസ്സിനെപ്പോലെയാകണം”. ഈ പരിഹാസമെന്തിനു്? പൂജ്യപൂജാവ്യതിക്രമം പാടില്ലെന്നു സി. പി. നായർ വിശ്വസിക്കുന്നു. പവനനും ആ വിശ്വാസമില്ലേൽ ആചാര്യനായ ലെനിനെ അദ്ദേഹം ബഹുമാനിക്കുന്നില്ലേ? ഗുരുവിനോടുള്ള ബഹുമാനം ജ്ഞാനത്തോടുള്ള ബഹുമാനമാണു്. അതു പകർന്നു തരുന്ന ആളിനെ നമ്മൾ സ്വാഭാവികമായും ബഹുമാനിക്കുന്നു. മാർക്സി നെയും ലെനിനെ യും ബഹുമാനിക്കുന്നതുപോലെ. ഈശ്വരതുല്യൻ എന്ന വിശേഷണം ഒരു ‘പൊയറ്റിക് എഗ്സാജറേഷൻ’ മാത്രമാണെന്നു് ആർക്കാണറിഞ്ഞുകൂടാത്തതു്.

images/Laurence_Sterne.jpg
ലോറൻസ് സ്റ്റേൺ

മരിച്ചവരെ ഓർമ്മിക്കുന്നതു നന്നു്. പഴയ ലോകത്തിന്റെ പുതുമയുള്ള ഒരാവിഷ്കാരം ഉടനെ ഉണ്ടാകും. കൂട്ടായി, ചങ്ങമ്പുഴ യുടെ മകൾ അജിതയെക്കുറിച്ചെഴുതിയ ലേഖനം കുമാരി വാരികയിലുണ്ടു്. അജിതയുടെ വാക്കുകളിലൂടെ ചങ്ങമ്പുഴയുടെ രോഗം നാമറിയുന്നു. അദ്ദേഹത്തിന്റെ യാതന അറിയുന്നു. ചെറിയ ലേഖനം. എങ്കിലും അത്രയുമായല്ലോ. ഏതിനോടും വാക്കുകൾ കൂട്ടിച്ചേർക്കാം. എഴുതിയ വാക്കുകൾ പിൻവലിക്കാനാവില്ല. അച്ഛനെക്കുറിച്ചു് മകൾ കൂടുതൽ കൂടുതൽ വാക്കുകൾ പറയട്ടെ. കൂട്ടായിക്കു് താൻ പറഞ്ഞ ഒരുവാക്കും പിൻവലിക്കേണ്ടതായിട്ടില്ല.

പൗരധ്വനി വാരികയിൽ ഹസ്സൻ വാഴൂർ എഴുതിയ ‘ഉണരൂ’ എന്ന കവിതയിൽ നിന്നൊരു വരി: “തുയിലുണരൂ തുയിലുണരൂ കവിമാതേ വേഗം” അന്തരിച്ച ചങ്ങമ്പുഴ വാഴൂരെന്ന ദേശത്തു് ഹസ്സനായി അവതരിച്ചതിൽ എനിക്കു സന്തോഷം.

ഭാര്യയും ഭർത്താവും ബസ്സ് കാത്തുനിൽക്കുന്നു. വളരെ നേരമായി കാത്തുനിൽക്കാൻ തുടങ്ങിയിട്ടു്. കടയിൽ അരിവാങ്ങാൻ പണമില്ലാതെ വന്ന ഒരു പെൺകുട്ടിക്കു് അഞ്ചു രൂപ അവൾ കൊടുത്തതും ബസ്സ് വന്നതും ഒന്നായിക്കഴിഞ്ഞു. രൂപയും കൊണ്ടു് കടയിലേക്കു് ഓടിയ പെൺകുട്ടി ബസ്സിനടിയിൽപ്പെട്ടു മരിച്ചു. ബസ്സ് വരാതിരുന്നെങ്കിൽ പെൺകുട്ടി മരിക്കാതിരുന്നേനേ എന്നു് അവൾക്കു തോന്നൽ. ഇതാണു് ദാസിന്റെ ഒരു കഥ. (മാമാങ്കം വാരികയിൽ) സാഹിത്യവാരഫലമെന്ന ഈ ജ്യോത്സ്യം എഴുതേണ്ടിയില്ലായിരുന്നെങ്കിൽ ഈ ബുദ്ധിശൂന്യമായ കഥ വായിക്കേണ്ടി വരുമായിരുന്നില്ലല്ലോ എന്നു് എനിക്കും തോന്നൽ.

images/Kamala_das.jpg
മാധവിക്കുട്ടി

ഒരിക്കൽ മാധവിക്കുട്ടി (കമലാദാസ്) എന്നോടു ചോദിച്ചു: ഏതു ഫിലോസഫിയിലാണു വിശ്വസിക്കുന്നതു്? എന്റെ മറുപടി ഒന്നും നശിക്കുന്നില്ല എന്ന ദർശനത്തിൽ. കാട്ടിൽ നിൽക്കുന്ന മരം വളരെ വർഷങ്ങൾ കഴിഞ്ഞു മറിഞ്ഞുവീണാൽ അതിന്റെ പരമാണുകൾ നശിക്കില്ല. ആ മരം മുറിച്ചുകൊണ്ടുവന്നു വീട്ടിന്റെ കതകാക്കിയാൽ വീടു് തകർന്നു വീഴുമ്പോഴും പരമാണുക്കൾക്കു നാശമില്ല.

മാധവിക്കുട്ടി:
ഒന്നും നശിക്കുകയില്ലെങ്കിൽ ഞാൻ മരിക്കുകില്ലേ?
ഞാൻ:
ഇല്ല.
മാധവിക്കുട്ടി:
ഹാ, എന്തു നല്ല ഫിലോസഫി.
Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-06-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 24, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.