ബുദ്ധിശാലിയായെന്നു് എല്ലാ ആളുകളും സമ്മതിച്ചിരുന്ന ഒരു പണ്ഡിതൻ തിരുവനന്തപുരത്തുണ്ടായിരുന്നു. പണ്ഡിതനെന്നു പറഞ്ഞുകൊണ്ടു് സംസ്കൃത പണ്ഡിതൻ മാത്രമായിരുന്നു അദ്ദേഹമെന്നു കരുതരുതു്. ഏതു വിഷയത്തിലും അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിനു്. ഒരിക്കൽ വരാഹമിഹിര നെക്കുറിച്ചു് ഒരുമണിക്കൂർനേരം വിദ്ദ്വജ്ജനോചിതനായി പ്രസംഗിച്ച അദ്ദേഹം മറ്റൊരിക്കൽ സാർത്രി നെക്കുറിച്ചു് അത്രയും നേരം പ്രൗഢമായി സംസാരിച്ചു. രണ്ടു പ്രഭാഷണങ്ങളും ഇതെഴുതുന്ന ആൾ കേട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും വിമർശനം സഹിക്കാൻവയ്യായിരുന്നു അദ്ദേഹത്തിനു്. അദ്ദേഹത്തിന്റെ കവിതയെക്കുറിച്ചോ ഏതെങ്കിലും അഭിപ്രായത്തെക്കുറിച്ചോ പ്രതികൂലമായി ആരെങ്കിലും ഒരു വാക്കെങ്കിലും പറഞ്ഞാൽ പറഞ്ഞവന്റെ കഥ കഴിഞ്ഞതുതന്നെ. ഉപസംഹാര പ്രസംഗത്തിൽ അദ്ദേഹം അയാളെ സംഹരിച്ചുകളയും. എന്റെ ഒരഭിവന്ദ്യ സുഹൃത്തായ ഒരു കവി, അദ്ദേഹം അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പ്രസംഗിക്കാനുണ്ടായിരുന്നു. പ്രഭാഷണത്തിൽ കവി പണ്ഡിതനെ വിമർശിച്ചിരിക്കാം. അല്ലെങ്കിൽ വിമർശിച്ചുവെന്ന തെറ്റിദ്ധാരണ അദ്ദേഹത്തിനു് ഉണ്ടായിയെന്നുവരാം. ഉപസംഹാരത്തിൽ അദ്ദേഹം കവിയെ നിലംപരിശാക്കിക്കളഞ്ഞു. പൂച്ച എലിയെ കൊല്ലാതെ കൊല്ലുന്നതു കണ്ടിട്ടില്ലേ? അമ്മട്ടിലുള്ള പ്രയോഗം നടത്തിയിട്ടു് കവി കിറുക്കനാണെന്നുവരെ അദ്ദേഹം അഭിപ്രായപ്പെട്ടു. സദസ്സു് കൈയടിക്കുകയും ചെയ്തു. എന്നാൽ കവി പറഞ്ഞതിൽ ഒരു തെറ്റുമില്ലായിരുന്നുതാനും. പ്രഭാഷണത്തിന്റെ ഒരംശമെടുത്തു് സ്ഥൂലീകരിച്ചു് അതു് അയഥാർത്ഥമാണെന്നു് വിദഗ്ധമായി സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ മാർഗ്ഗം. പല പ്രഭാഷകരെയും ഈ രീതിയിൽ, അദ്ദേഹം അധിക്ഷേപപാത്രമാക്കുന്നതു ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടു്.
സത്യത്തെ ഇങ്ങനെ സ്വന്തം വിശ്വാസങ്ങൾക്കു യോജിച്ചവിധത്തിൽ മാറ്റിമറിക്കുന്നതു് നമ്മുടെ സർഗ്ഗാത്മകസാഹിത്യകാരന്മാരുടേയും നിരൂപകരുടെയും പ്രവൃത്തിയാണു്. യഥാർത്ഥത്തിൽ രാജ്യദ്രോഹികളല്ലായിരുന്നു എട്ടുവീട്ടിൽപ്പിള്ളമാർ. അവരുടെ പ്രവർത്തനങ്ങളെ വിധ്വംസകപ്രവൃത്തികളായി ചിത്രീകരിച്ചു് സി. വി. രാമൻപിള്ള സത്യത്തെ സത്യമായി ചിത്രീകരിക്കുകയല്ലായിരുന്നു. അതിനു് (സത്യത്തിനു്) ഒരഡ്ജസ്റ്റ്മെന്റ് വരുത്തുകയായിരുന്നു. പില്ക്കാലത്തെ റിയലിസ്റ്റ് നോവലുകളിലും ഈ അഡ്ജസ്റ്റ്മെന്റുണ്ടു്. തൊഴിലാളി വർഗ്ഗസംസ്കാരത്തെ ‘ആദർശാത്മക’മായി ചിത്രീകരിച്ച പൊൻകുന്നം വർക്കി യുടെ കൃതികളിൽ, തകഴി യുടെ കൃതികളിൽ സത്യത്തെ ‘ഒപ്പിച്ചെടുക്കാ’നുള്ള ശ്രമമാണുള്ളതു്. എക്സിസ്റ്റെൻഷ്യലിസത്തെ അവലംബിച്ചുകൊണ്ടു് രചിക്കപ്പെടുന്ന നവീന നോവലുകളിലും നിരൂപണങ്ങളിലും സത്യത്തിന്റെ അഡ്ജസ്റ്റ്മെന്റേയുള്ളൂ.

“[വൈരസ്യത്തിന്റെ] ചരിത്രം ലോകത്തിന്റെ തുടക്കംതൊട്ടു് ആരംഭിക്കുന്നു. ഈശ്വരൻമാർക്കു മുഷിഞ്ഞപ്പോൾ അവർ മനുഷ്യനെ സൃഷ്ടിച്ചു. തനിച്ചിരുന്ന ആദാമിനു വൈരസ്യമുണ്ടായി. അപ്പോൾ ഔവ്വയെ സൃഷ്ടിച്ചു. അങ്ങനെ വൈരസ്യം ലോകത്തു കടന്നുകൂടി. ജനസംഖ്യ കൂടുന്നതനുസരിച്ചു് ആനുപാതികമായി അതും വർദ്ധിച്ചു. ആദാം ഒറ്റയ്ക്കിരുന്നു മുഷിവു് അനുഭവിച്ചു. പിന്നീടു് ഒരിമിച്ചിരുന്ന ആദാമിനും ഔവ്വയ്ക്കും വൈരസ്യം: അനന്തരം ആദാമും ഔവ്വയും കേനും ഏബലും ഒരു കുടുംബമായി വൈരസ്യത്തിൽ വീണു. പിന്നീടു് ജനസംഖ്യ വർദ്ധിച്ചു. അപ്പോൾ ജനതയ്ക്കു കൂട്ടത്തോടെ വൈരസ്യം” എന്നു കീർക്കഗൊർ എഴുതിയപ്പോഴും പരിപൂർണ്ണ സത്യം പ്രകാശിച്ചില്ല. സത്യത്തിന്റെ ഒപ്പിച്ചെടുക്കലാണു് നടക്കുന്നതു്. ഏതെങ്കിലുമൊന്നു സത്യമാണെന്നു കരുതിയാൽ മറ്റുള്ളവയെക്കൊണ്ടു് അതിനു് അകമ്പടി സേവിപ്പിക്കുന്നതു് സാഹിത്യകാരന്മാരുടെയും തത്ത്വചിന്തകന്മാരുടെയും വിദ്യയാണു്.
സത്യത്തിനു വരുന്ന ഈ രൂപപരിവർത്തനം നേരമ്പോക്കുകളിൽ ധാരാളമായുണ്ടു്. വിശേഷിച്ചും അശ്ലീലങ്ങളായ നേരമ്പോക്കുകളിൽ. കോളിൻ വിൽസൺ പറഞ്ഞ ഒരു നേരമ്പോക്കു വായനക്കാരുടെ സദയാനുമതിയോടുകൂടി ഞാൻ സ്വീകരിച്ചുകൊള്ളട്ടെ. വിളക്കുതൂണിൽ പ്രായംചെന്ന പെൺകുട്ടികൾ വലിഞ്ഞു കയറരുതെന്നു് അവരുടെ അമ്മമാർക്കു നിർബന്ധമുണ്ടു്. ഒരമ്മ പറഞ്ഞു: “മോളേ, തൂണിൽ കയറരുതു്. ആൺകുട്ടികൾ നിന്റെ അണ്ടർവയറിന്റെ നിറമെന്തെന്നു നോക്കും”. മകൾ അമ്മ കാണാതെ തൂണിൽ കയറിയിട്ടു് ഞാനതു ചെയ്തുവെന്നു പിന്നീടു് അമ്മയെ അറിയിച്ചു. “നിന്നോടു നേരത്തെ ഞാൻ പറഞ്ഞില്ലേ അരുതെന്നു്?” മകൾ മറുപടി നല്‍കി: “പേടിക്കാനില്ല അമ്മേ, ഞാൻ അണ്ടർവെയർ ഇടാതെയാണു് തൂണിൽ കയറിയതു്”. പെൺകുട്ടിയുടെ ഈ നിഷ്കളങ്കതയാണു് മനോരമ ആഴ്ചപ്പതിപ്പിൽ ‘ഇരുണ്ട നക്ഷത്രങ്ങൾ എന്ന ചെറുകഥയെഴുതിയ ജോർജ് താഴത്തങ്ങാടിക്കുള്ളതു്. ഒരുത്തൻ ഒരുത്തിയെ സ്നേഹിക്കുന്നു. അവൾ വിവാഹം കഴിഞ്ഞവളാണെന്നു് പിന്നീടു് അയാൾ മനസ്സിലാക്കുന്നു. രണ്ടാമത്തെ പ്രസവത്തിൽ അവൾ മരിക്കുന്നു. അതറിഞ്ഞ അയാൾ ദുഃഖിക്കുന്നു. ആഴ്ചപ്പതിപ്പിന്റെ തൂണിലേയ്ക്കുള്ള ഈ വലിഞ്ഞുകയറ്റം മറ്റു ബാലന്മാർക്കു കൗതുകപ്രദംതന്നെ. കലയുടെ അണ്ടർവെയർ ധരിക്കാതെയുള്ള ആ കയറ്റം കയറുന്ന ആളിന്റെ നിഷ്കാപട്യത്തെ കാണിക്കുന്നു. പക്ഷേ, പ്രായം കൂടിയവർ യാദൃച്ഛികമായി അങ്ങോട്ടു നോക്കുകയും “ഹായ്, വകതിരിവില്ലായ്മ” എന്നു പറഞ്ഞു കണ്ണു പിൻവലിക്കുകയും ചെയ്യുന്നു.
വേലക്കാരെക്കൂടി സിനിമ കാണാൻ കൊണ്ടുപോയിട്ടുണ്ടൊ? തീയറ്ററിനകത്തിരുന്നു് അവർ ആവശ്യത്തിലധികം സംസാരിക്കും. തവളകൾ രാത്രി കരയുന്നതു കേട്ടാൽ ഈ ലോകമാകെ അവയ്ക്കുള്ളതാണെന്നു തോന്നും. ഉജ്ജ്വലമായ വിവാഹഘോഷയാത്ര. ഒരുവശത്തുനിന്നു് പട്ടി ഓടിവന്നു് ആദ്യം കണ്ട വിളക്കുതൂണിന്റെ അരികിൽനിന്നു് ഒരു കാലുയർത്തുമ്പോൾ അതിന്റെ വിചാരം അതു മഹനീയമായ കൃത്യം ചെയ്യുന്നുവെന്നാണു്. ഈ ലോകത്തുവച്ചു് ഏറ്റവും ഇഡിയോട്ടിക്കായ വാഹനമാണു് ഓട്ടോറിക്ഷ. അതോടിക്കുന്ന ആളിന്റെ വിചാരം ഫോഡ്ലിങ്കണോ റോൾസ്റോയ്സോ ഓടിക്കുന്നുവെന്നാണു്. ഇവയെല്ലാം ഉൾക്കൊള്ളുന്ന തെറ്റിദ്ധാരണകൾ ചില എഴുത്തുകാർക്കുമുണ്ടു്.

ഒരേ അനുഭവം തന്നെ പലർക്കുമുണ്ടാകാറുണ്ടു്. പ്രേമഭാജനത്തിന്റെ വിയോഗം. വേണ്ടപ്പെട്ടവരുടെ മരണം ഇവയൊക്കെ ഒരേതരത്തിൽ വിഭിന്ന വ്യക്തികളുടെ അനുഭവങ്ങളായിത്തീരുന്നു. അവരിൽ യഥാർത്ഥമായ കലാവൈഭവമുള്ളവർ ആ അനുഭവങ്ങൾക്കു രൂപം നല്കുമ്പോൾ അവയ്ക്കു അന്യാദൃശ്യ സ്വഭാവമുണ്ടാകുന്നു. കലാവൈഭവമില്ലെങ്കിൽ അനുഭവത്തിന്റെ ആവിഷ്കാരം വിരസമായി മാറും. ഉറൂബി ന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിന്റെ ആദ്യത്തെ അധ്യായം നോക്കുക. അവിടെ പ്രതിപാദിക്കുന്ന സംഭവം പലരുടേയും ജീവിതാനുഭവമാണു്. എന്നാൽ ഉറൂബിന്റെ കലാവൈദഗ്ധ്യം അതിനെ നിസ്തുലമാക്കി മാറ്റിയിരിക്കുന്നു. കേശവദേവി ന്റെ ‘അയൽക്കാർ’ എന്ന നോവലിൽ വെള്ളപ്പൊക്കത്തിന്റെ വർണ്ണനമുണ്ടു്. വെള്ളപ്പൊക്കത്തോടു ബന്ധപ്പെട്ട അനുഭവങ്ങൾ ആർക്കാണില്ലാത്തതു? പക്ഷേ, കേശവദേവ് അതിനെ ചിത്രീകരിച്ചപ്പോൾ അതിനു നിസ്തുലാവസ്ഥ കൈവന്നു. പൂച്ച വീട്ടിൽ വന്നുകേറുന്നതും ഗൃഹനായകൻ വിരസത കാണിക്കുന്നതും ഗൃഹനായിക കാരുണ്യം പ്രദർശിപ്പിക്കുന്നതും സർവസാധാരണം. ആ പൂച്ച പ്രസവിക്കുമ്പോൾ ഗൃഹനായികയ്ക്കു ദയ. എന്നാൽ അവ അവളുടെ സാരി കടിച്ചുകീറുമ്പോൾ ദേഷ്യം. അവൾക്കുവേണ്ടി ഗൃഹനായകൻ പൂച്ചക്കുട്ടികളെ ദൂരെക്കളയുമ്പോൾ ‘പെറ്റ തള്ള’യുടെ വേദന ഗൃഹനായികയുടെ വേദനയായി മാറുന്നു. ഈ സംഭവങ്ങളെ, അവയോടു ബന്ധപ്പെട്ട അനുഭവങ്ങളെ ജോർജ് ഓണക്കൂർ തന്റേതായ മട്ടിൽ പ്രതിപാദിക്കുമ്പോൾ കഥയ്ക്കു് അന്യാദൃശസ്വഭാവം വരുന്നു (നാലു പൂച്ചക്കുട്ടികൾ, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കഥ). കഥാകാരന്റെ നർമ്മഭാസുരമായ ശൈലിയും ഹൃദ്യമായ ആഖ്യാനവും കൊണ്ടാണു് കഥയ്കു് ഈ അദ്വീതീയാവസ്ഥ ലഭിക്കുന്നതു്. അനുഭവം ഭാവനാത്മകമായ അനുഭവമായി ഇവിടെ മാറുന്നു.

നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല വാക്കുകളുടേയും അർത്ഥം നമുക്കറിയില്ല. ‘ഏഞ്ചുവടി’ എന്നു നമ്മൾ പലപ്പോഴും പറയും. എന്താണർത്ഥം? പെട്ടന്നു് പറയാൻ പറ്റില്ല. സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നു പൂർണ്ണ സംഖ്യക്കു് നാലു പ്രക്രിയകൾ. ഭിന്നസംഖ്യക്കും അതേ നാലു പ്രക്രിയകൾ. അങ്ങനെ എട്ടു ചുവടു്. ആ എട്ടു ചുവടാണു് എഞ്ചുവടിയായതു്. ഞാൻ പാളയത്തു ബസ്സ് കാത്തു നില്ക്കുകയായിരുന്നു. ട്രാൻസ്പോർട്ട് റെവ്യൂവിന്റെ എഡിറ്റർ ഒറ്റച്ചോദ്യം. “വാതാപി എന്നു തുടങ്ങുന്ന ഒരു ഗണേശകീർത്തനമുണ്ടല്ലോ… എന്താ വാതാപിയുടെ അർത്ഥം?” എനിക്കു പറയാൻ കഴിഞ്ഞില്ല. വാതാപി എന്നൊരു സ്ഥലം ആന്ധ്രയിലുണ്ടെന്നും അവിടെ ഒരു ഗണപതി ക്ഷേത്രമുണ്ടെന്നും ഒരു സുഹൃത്തു് പിന്നീടു് പറഞ്ഞുതന്നു. ഒരു ദിവസം ദർശൻ ബുക്സിലിരുന്നു ഇറ്റാലോ കാൽവിനോ യുടെ ഒരു ചെറുകഥ വായിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ചെറുപ്പക്കാരൻ വന്നു് Mafia എന്നതിന്റെ പൂർണ്ണരൂപമെന്തെന്നു ചോദിച്ചു. അറിഞ്ഞുകൂടായിരുന്നു എനിക്ക്. പിന്നീടു് കോളിൻ വിൻസൺന്റെ A Criminal History of Mankind എന്ന പുസ്തകം വായിച്ചപ്പോൾ അതിന്റെ പൂർണ്ണരൂപം കിട്ടി. വിദേശശക്തികളെ എതിർത്ത ഇറ്റലിയിലെ ഒരു പ്രയോഗമാണതു്. Morte Alla Francia Italia Anela— Death to France is Italy’s cry. വായനക്കാരനോടു് എന്റെ ഒരു ചോദ്യം. ‘രാവു്’ എന്നു പറഞ്ഞാൽ രാത്രി എന്നർത്ഥം. ‘രാവിലെ’ എന്നു പറഞ്ഞാൽ ‘പ്രഭാതത്തിൽ’ എന്നും, അതെങ്ങനെ?

ടി. വി. അജിത്, താങ്കൾ കുമാരി വാരികയിൽ എഴുതിയ ‘പകൽ മൗനങ്ങളുടെ താഴ്‌വരയിൽ’ എന്ന കഥ വായിച്ചു. ചെറുപ്പക്കാരൻ താൻ സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്നു് അവളുടെ അച്ഛനോടു അപേക്ഷിച്ചപ്പോൾ ജോലിയില്ലാത്തവനു പെണ്ണിനെ കൊടുക്കില്ലെന്നു് അയാൾ മറുപടി നല്കി. കാലം കഴിഞ്ഞു. അവൾ വേറൊരുത്തനെ വിവാഹം ചെയ്തു. ഇതിനകം ബാങ്ക് മനേജറായിത്തീർന്ന ചെറുപ്പക്കാരൻ ആ വിധവയെ കല്യാണം കഴിക്കാൻ സന്നദ്ധനാണെന്നു പറഞ്ഞപ്പോൾ അവൾ സമ്മതിക്കുന്നില്ല. എത്രപേർ കൈകാര്യംചെയ്തതാണു് ഈ വിഷയം! എന്നിട്ടും ഒരു പുതുമയും ഒൌചിത്യവും ഇല്ലാതെ അതെടുത്തു വാരികയിൽ വച്ചല്ലോ. വിഷയം പഴഞ്ചനായിക്കൊള്ളട്ടെ. അതിൽ ‘വീണ്ടും ജീവിക്കാൻ’ താങ്കൾക്കു കഴിയുന്നില്ലെങ്കിൽ താങ്കളെന്തിനു പേനയെടുക്കണം? എന്തിനു വായനക്കാരെ കഷ്ടപ്പെടുത്തണം? ഈ ലോകം ജീവിക്കാൻ പറ്റാത്തതായിത്തീർന്നിരിക്കുന്നു. എന്നിട്ടും ഞങ്ങൾ ജീവിക്കുന്നതു് കുറച്ചു സ്വപ്നങ്ങൾ ഞങ്ങൾക്കുണ്ടു് എന്നതിനാലാണു്. ആ സ്വപ്നങ്ങളേയും താങ്കൾ ഇങ്ങനെ തകർക്കരുതു്. ഇതൊരു അപേക്ഷയാണു്.
സാഹിത്യവാരഫലത്തിൽ ഇന്നുവരെ ഒരു കള്ളവും എഴുതിയിട്ടില്ല. ഇനി പറയാൻ പോകുന്ന സംഭവവും സത്യമാണു്. ലിവർ എൻലാർജ്മെന്റ് വന്നതുകൊണ്ടു് വീർത്ത വയറു്, ഒട്ടിയ ചന്തി കമ്പുപോലുള്ള കാലുകൾ, രണ്ടു മൂക്കിൻ ദ്വാരത്തിൽ നിന്നും കട്ട മൂക്കള ഒഴുകി മേൽച്ചുണ്ടിനെ സ്പർശിക്കുന്നു. താറാവിനെപ്പോലെ ആ ചെറുക്കൻ മുറ്റത്തു നടക്കുകയാണു്. പരിപൂർണ്ണ നഗ്നൻ. അദ്ദേഹം വിദേശനിർമ്മിതമായ ഒരു പാക്കറ്റ് ബിസ്കറ്റുമായി എന്റെ വീട്ടിലെത്തി. തൂവെള്ള ജുബയും മുണ്ടും. പുളിയിലക്കരയൻ നേരിയതു് കഴുത്തിൽ ചുറ്റിയിട്ടിരിക്കുന്നു. ചെറുക്കനെ കണ്ടമാത്രയിൽ അദ്ദേഹം അവനെ എടുത്തു. ബിസ്ക്കറ്റ് അവന്റെ കൈയ്യിൽ കൊടുത്തിട്ടു കൊഞ്ചിച്ചു. ഒരു ഇഞ്ചിനിയർ അക്കാലത്തു് എന്റെ വീട്ടിലുണ്ടു്. അയാളെക്കൊണ്ടു മകളെ സംബന്ധം ചെയ്യിക്കാനുള്ള ആഗ്രഹത്തോടു കൂടി എത്തിയ അദ്ദേഹത്തോടു ഞാൻ പറഞ്ഞു: “സാർ ആ കൊച്ചു് ഈ വീട്ടിലുള്ളതല്ല. അടുത്ത വീട്ടിൽ മുറ്റമടിക്കുന്ന സ്ത്രീയുടെ മകനാണു്”. അദ്ദേഹം അവനെ താഴെ നിറുത്തി. ഷർട്ടും നേരിയതും മുഴുവൻ മാലിന്യം. വിദേശ നിർമ്മിതമായ ബിസ്കറ്റ് അവൻ കൊണ്ടുപോകുകയും ചെയ്തു. എനിക്കപ്പോൾ ചിരിക്കാനല്ല കരയാനാണു് തോന്നിയതു്. ഇതുപോലുള്ള സംഭവങ്ങൾ നിത്യജീവിതത്തിൽ സാധാരണങ്ങളത്രേ. അവയിലൊരു സംഭവമെടുത്തു് ശത്രു എന്ന ഹാസ്യചിത്രകാരൻ കാർട്ടൂണാക്കിയിരിക്കുന്നു (എക്സ്പ്രസ്സ് വാരിക, ലക്കം 8).
ആവശ്യത്തിലധികം പണവും കുറച്ചു ലഗേജും ഉണ്ടെങ്കിൽ തീവണ്ടിയാത്ര രസകരമാണു്. ലേശം മഴ. ഞാൻ തീവണ്ടിയിലെ വിൻഡോ സീറ്റിലിരിക്കുകയാണു്. പട്ടാളത്തിലെ ഉദ്യോഗസ്ഥനായ ഭർത്താവിനെ യാത്രയാക്കാൻ സുന്ദരിയായ ഭാര്യയും അവളുടെ മറ്റു ബന്ധുക്കളും വന്നിട്ടുണ്ടു്. സൈനികോദ്യോഗസ്ഥൻ വണ്ടിയിൽ കയറി. സുന്ദരി കണ്ണീരൊഴുക്കുന്നു. ആ കണ്ണീരിൽ വന്നുവീണു ജലശീകരം. രണ്ടും കൂടെ ഒരുമിച്ചു ചേർന്നു ചുണ്ടിലേക്കു് ഒലിച്ചിറങ്ങി ആകർഷകമായ കാഴ്ച. ഞാൻ കാളിദാസന്റെ സുപ്രസിദ്ധമായ ആ ശ്ലോകം ഓർമ്മിച്ചു.
“ക്ഷണമിമകളിൽ നിന്നു തല്ലി ചുണ്ടിൽ… ”
മറ്റൊരു സന്ദർഭം. രാത്രി പത്തുമണിയായി. ഉറങ്ങാനായി മുകളിലുള്ള ബർത്തിൽ കയറി. പോക്കറ്റിലുള്ള പണം താഴെ വീഴരുതു്. ഉറക്കത്തിൽ ആരും എടുത്തുകൊണ്ടുപോകരുതു് എന്നൊക്കെക്കരുതി നോട്ടുകളും പോക്കറ്റിന്റെ മുകൾഭാഗവും ക്ലിപ്പുകൾകൊണ്ടുറപ്പിച്ചു. അപ്പോഴാണു് കുന്നുങ്കുളത്തുകാരനായ ഒരാൾ, എഴുപതുവയസ്സുള്ള ഒരു തമ്പി—അടുത്തു വന്നുനിന്നു ചോദിക്കുന്നു: “എനിക്കുംകൂടെ കുറെ ക്ലിപ്പു തരുമോ?” “തരാം” എന്നു ഞാൻ. തമ്പി: പക്ഷേ, ഇരുപതിനായിരം രൂപയിലധികമുണ്ടു്. പോക്കറ്റിൽ കൊള്ളുകയില്ല. ക്ലിപ്പിൽ ഒതുങ്ങുകയുമില്ല”. ഞാൻ: എന്നാൽ മടിയിൽ വച്ചുകൊള്ളൂ. അയാൾ നേരം വെളുക്കുന്നതുവരെ നോട്ടുകെട്ടുകൊണ്ടു് ഉന്തിയ വയറുമായി ഇസ്പീഡ്ഗുലാനെപ്പോലെ നിന്നു. രണ്ടാമത്തെ തട്ടിലാണു് തമ്പിക്കു കിടക്കേണ്ടതു്. താഴത്തെ തട്ടിൽ ഭാര്യ ഉറക്കം തുടങ്ങിയിരിക്കുന്നു. കനത്ത ചങ്ങലയും അതിന്റെ അറ്റത്തെ കൊളുത്തുംകൊണ്ടു് നടുവിലത്തെ സീറ്റ് ഉറപ്പിച്ചിട്ടുണ്ടെങ്കിലും തമ്പിക്കു് പേടി അതു താഴത്തേക്കുവീണു് അരത്തമ്മപ്പിള്ളത്തങ്കച്ചിയുടെ മുഖം ചതഞ്ഞ് ചമ്മന്തിയായിപ്പോകുമെന്നു്. വീഴുകയില്ലെന്നു ഞങ്ങളെല്ലാവരും പറഞ്ഞിട്ടും തമ്പിക്കു വിശ്വാസമായില്ല. അന്നനാളത്തിന്റെ മറ്റേയറ്റംകൊണ്ടു കൂടെക്കൂടെ വലിയ ശബ്ദം കേൾപ്പിച്ചുകൊണ്ടുള്ള ആ കുന്നങ്കുളത്തുകാരന്റെ നില എനിക്കു മറക്കാനാവില്ല. രണ്ടുമാസം കഴിഞ്ഞ് ഞാൻ ഭിലായിൽ ഒരു പ്രസംഗത്തിനു ചെന്നപ്പോൾ സദസ്സിന്റെ മുൻവരിയിൽ ഇരിക്കുന്നു ആ മനുഷ്യൻ. വയറു് അപ്പോഴും ഉന്തിയിട്ടുണ്ടു്. നോട്ടുകെട്ടായിരിക്കും ആ ഉന്തലിനു കാരണം.

വേറൊരു സന്ദർഭം. എന്റെ തൊട്ടടുത്തു് കറുത്തു തടിച്ച ഒരാന്ധ്രാക്കാരി ഇരിക്കുന്നു. രാത്രിയാകുമ്പോൾ എനിക്കു കിടക്കേണ്ട സീറ്റാണതു്. അപ്പോഴേക്കും അവൾ പോകുമെന്നു വിചാരിച്ചു ഞാൻ. പത്തുമണിയായി. എന്നിട്ടും അവൾ അനങ്ങുന്ന ഭാവമില്ല. അതുകൊണ്ടു് ഞാൻ ടിക്കറ്റ് എക്സാമിനറോടു കാര്യം പറഞ്ഞു. അയാൾ എന്തോ നിർദ്ദേശം നല്കിയയുടനെ ഒരു നീരസവും കാണിക്കാതെ അവൾ താഴെയിറങ്ങി കമിഴ്‌ന്നു കിടന്നു. എല്ലാവരും ഉറക്കമായിരുന്നു. കെ. കെ.എക്സ്പ്രസ്സാണു് വലിയ വേഗത്തിലാണു് യാത്ര. തീവണ്ടിയുടെ ഉലച്ചിലിനൊത്തു് അവളുടെ പൃഥുല നിതംബം റോട്ടേറ്റ് ചെയ്യാൻ തുടങ്ങി. ഓരോരുത്തരായി ഉണർന്നു. എല്ലാവരുടേയും കണ്ണുകൾ ആ റൊട്ടേഷനിലേയ്ക്ക്. അല്പം കഴിഞ്ഞപ്പോൾ ടിക്കറ്റ് എക്സാമിനർ അതിലേ വന്നു. അയാളും കണ്ടു ആ നിതംബഭ്രമണം. അയാൾ അവളെ വിളിച്ചുണർത്തി എവിടെയോ വിളിച്ചുകൊണ്ടുപോയി. മറ്റു യാത്രക്കാർക്കു് എന്നോടു വിരോധം. റിഫ്ലക്റ്റഡ് അനിമോസിറ്റി എന്നു പറയാം. എന്റെ പരാതികൊണ്ടാണല്ലോ അവൾക്കു സീറ്റിൽനിന്നു മാറേണ്ടിവന്നതു്. ഇങ്ങനെ എത്ര വേണമെങ്കിലും എഴുതാം. തല്ക്കാലം ഇത്രയും മതി. കെ. എം. റോയ് ഒരു തീവണ്ടി യാത്രയെ രസകരമായി വർണ്ണിച്ചതു കണ്ടപ്പോൾ (മംഗളം വാരിക) ഞാനും ഇതെല്ലാം രസകരമായി ഓർമ്മിച്ചുവെന്നേയുള്ളൂ. തീവണ്ടിയാത്രയെക്കുറിച്ചു് അതിസുന്ദരങ്ങളായ രണ്ടു ഗ്രന്ഥങ്ങളുണ്ടു് ഇംഗ്ലീഷിൽ. Paul Theroux എഴുതിയ The Great Railway Bazaar; The Old Patagonian Express. രണ്ടു രത്നങ്ങളാണിവ.

ഒരു വിജാതീയ വിവാഹബന്ധത്തിന്റെ ദാർഢ്യം ചിത്രീകരിച്ച്, ആ ജീവിതത്തെ തകർക്കാൻ പോകുന്ന സാമൂഹികസത്യങ്ങളെ അനാവരണം ചെയ്യുന്ന ‘ഫുൾടൈം പ്യൂൺ’ ഭംഗിയാർന്ന ചെറുകഥയാണു് (കുങ്കുമം വാരിക, എൻ. പി. ഹനീഫ). ഭർത്താവു് മുസ്ലീം ഭാര്യ ഹിന്ദു. അവരുടെ പ്രേമം അസത്യമെന്നു തോന്നത്തക്കവിധം ആദർശാത്മകം. ആ ദാമ്പത്യജീവിതത്തെ തകർക്കാൻ ഒരു ധനികൻ വരുന്നു എന്ന സൂചന നല്കുന്നു കഥാകാരൻ. ചേരിപ്രദേശത്തുള്ളവരെ ഒഴിപ്പിക്കുക എന്നതാണു് അയാളുടെ ലക്ഷ്യം. ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. എങ്കിലും പാവങ്ങളെ നശിപ്പിക്കുന്ന ശക്തിവിശേഷമാണതു്. ഇതിനെ ആകർഷകമായി കഥാകാരൻ ധ്വനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആഖ്യാനരീതിക്കു് സവിശേഷതയുണ്ടു്.
റഷ്യൻ സർക്കാരിനെ കളിയാക്കുന്ന അമേരിക്കൻ നേരമ്പോക്കുകൾ ധാരാളമുണ്ടു്. അവയിലൊന്നു് എഴുതട്ടെ: കാലത്തു് ആറുമണിക്കു റെഡ്സ്സ ്വയറിൽ വന്നുകൂടുന്ന പൗരന്മാർക്കു് ആഹാരം, വൊഡ്ക, ചോക്കലറ്റ് ഇവ കിട്ടുമെന്നു് ഭക്ഷ്യവിതരണമന്ത്രി പ്രഖ്യാപിച്ചു. ക്രെംലിന്റെ മുൻപിൽ അനന്തമായ ക്യൂ. ഏഴുമണിക്കു പ്രഖ്യാപനമുണ്ടായി വേണ്ടിടത്തോളം ഭക്ഷ്യസാധനങ്ങൾ ഇല്ലാത്തതിനാൽ ജൂതന്മാരെല്ലാം തിരിച്ചുപോകണമെന്നു്. ഇങ്ങനെ അർദ്ധരാത്രി കഴിഞ്ഞ മൂന്നുമണിവരെ പല പ്രഖ്യാപനങ്ങൾ നടന്നപ്പോൾ പല വിഭാഗങ്ങളിലുംപെട്ട ആളുകൾ ഒരു കഷണം റൊട്ടിപോലും കിട്ടാതെ വീടുകളിലേക്കു് തിരിച്ചുപോയി. പിന്നെ ശേഷിച്ചതു് ഏതാനും കമ്യൂണിസ്റ്റുകാർ മാത്രം. അവരും ഒഴിഞ്ഞ കൈയോടെ വീടുകളിലേയ്ക്കു മടങ്ങി. തിരിച്ചുപോകുമ്പോൾ ഒരു സഖാവു് മറ്റൊരു സഖാവിന്റെ തോളിൽ തട്ടിയിട്ടു പറഞ്ഞു: “ജൂതന്മാർക്കു് ഒരുമണിക്കൂറേ കാത്തുനിൽക്കേണ്ടതായി വന്നുള്ളൂ”.

റഷ്യയിൽ ഭക്ഷ്യദൗർല്ലഭ്യം ഉണ്ടോ? അതോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ. ഉണ്ടെങ്കിൽ ഈ നേരമ്പോക്കിനു പ്രയോജനമുണ്ടു്. പ്രത്യേകമായ കാഴ്ചപ്പാടിൽ പ്രശ്നം (Problem എന്ന അർത്ഥത്തിൽ) പരിഹരിക്കുന്നതിനു് ഇതു പ്രേരണ നല്കുന്നു. ഇതു തന്നെയാണു് തോമസ് പാല മാമാങ്കം വാരികയിലെഴുതിയ ‘തിരുവിതാംകൂർ രാജാവും മന്ത്രിഗതാഗതവും’ എന്ന ഹാസ്യലേഖനത്തിന്റെ പ്രയോജനം. പാണ്ടിപ്പട തിരുവിതാംകൂറിനെ ആക്രമിക്കാൻ വന്നപ്പോൾ അവരെ എതിരിടാൻ സൈന്യമില്ല, ആയുധമില്ല, അതുകൊണ്ടു് കരിങ്കൽക്കോട്ട കെട്ടാൻ തീരുമാനിച്ചു രാജാവു്. അതിനും പണമില്ല. അതുകൊണ്ടു് പനയും മുളയും കൊണ്ടു് പൊക്കത്തിൽ വേലികെട്ടി പറമ്പിൽ കരിങ്കൽഭിത്തിയുടെ പടംവരച്ചു. ശത്രുക്കൾ വന്നു. ഈ കരിങ്കൽക്കോട്ട ഭേദിക്കാൻ വയ്യ എന്നു കണ്ടു് അവർ തിരിച്ചുപോകാൻ ഭാവിച്ചു. അപ്പോൾ ഒരു ഭടൻചെന്നു് മതിലിൽ കൈയമർത്തിനോക്കി. പനമ്പുപൊളിഞ്ഞു. നിമിഷംകൊണ്ടു് കരിങ്കൽകോട്ട നിലത്തു്. തിരുവിതാംകൂർ രാജാവിന്റെ ഇതേ ബുദ്ധിയാണു് നൂറു പുതിയ ബസ്സുകൾ സിറ്റിയിലിറക്കിയ സർക്കാർ കാണിക്കുന്നതെന്നു് ഹാസ്യാത്മകമായി തോമസ് പാല പറയുന്നു. അദ്ദേഹത്തിന്റെ വാക്യങ്ങൾ തന്നെ കേട്ടാലും. മന്ത്രി ആജ്ഞാപിക്കുകയാണു്: “ആരവിടെ? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കിടക്കുന്ന പഴയ വണ്ടികൾ പുതിയ പെയിന്റടിച്ചു് ഉടൻ തലസ്ഥാനനഗരിയിൽ എത്തിക്കട്ടെ… ” വളരെ പ്രാധാന്യമാർന്ന വിഷയത്തെ പുച്ഛിച്ചു തള്ളുന്നില്ല തോമസ് പാല. അഹങ്കരിച്ചു നട്ടെല്ലുവളച്ചു റോഡിൽകൂടെ നടക്കുന്നവന്റെ മുതുകിൽ മൊട്ടുസൂചികൊണ്ടു് അദ്ദേഹം കുത്തുന്നതേയുള്ളൂ. ആ കുത്തേറ്റു് നട്ടെല്ലു് അതിന്റെ യഥാർത്ഥാവസ്ഥയിൽ ആകുന്നു. ഹാസ്യത്തിന്റെ പ്രയോജനം ഇതത്രേ.
“…രാജഗോപാലാചാരി യോടുള്ള വെറുപ്പു കാരണം രാമകൃഷ്ണപിള്ള അതിനെയും നിശിതഭാഷയിൽ അപലപിക്കാനാണു പുറപ്പെട്ടതു്”.
“…സി. വി. രാമൻപിള്ള രാജഭരണത്തിനു് അനുകൂലിയാണെന്ന ധാരണകൊണ്ടു് അദ്ദേഹത്തോടും രാമകൃഷ്ണപിള്ളയ്ക്കു് അടങ്ങാത്ത അമർഷമുണ്ടായിരുന്നു”. ഈ രണ്ടു വാക്യങ്ങളും ‘വിഹഗവീക്ഷണ’ത്തിൽ നിന്നാണു് (സംസ്കാര കേരളം, ലക്കം 5).
‘അപലപിക്കുക’ എന്നതിനു് ആക്ഷേപിക്കുക എന്ന അർത്ഥമില്ല. ജ്ഞാനത്തെ നിഷേധിക്കുക അല്ലെങ്കിൽ ഒളിച്ചുവയ്ക്കുക എന്നാണു് അതിന്റെ അർത്ഥം. “…അപലാപസ്തു നീഹ്നവഃ” എന്നു അമരകോശം. യഥാർത്ഥ്യത്തെ മറച്ചുവയ്ക്കുന്നതു് അപലാപം. അനുകൂലി എന്നല്ല അനുകൂലൻ എന്നുവേണം. (പ്രതികൂലിയല്ല പ്രതികൂലനാണു്. പത്രാധിപർക്കു് അഭിമതനായ ഇരയിമ്മൻ തമ്പി “വിധിയും പ്രതികൂലൻ” എന്നു തന്നെ എഴുതിയിട്ടുണ്ടു്.)

അല്പം പേടിയോടുകൂടിയാണു് ഞാൻ രണ്ടു തെറ്റുകളും ചൂണ്ടിക്കാണിക്കുന്നതു്. പന്നിയെന്നു വിഹഗവീക്ഷണ കർത്താവു് എന്നെ വിളിച്ചേക്കും. “വ്യക്തിവിദ്വേഷത്തിന്റെ ചേർക്കുണ്ടിൽ കിടന്നു കാട്ടുപന്നിയെപ്പോലെ കുളിച്ചുപുളയ്ക്കുന്നതാണു് പരമാനന്ദം എന്നു് ഒരാൾ തീരുമാനിച്ചുകഴിഞ്ഞാൽ അയാളെ ആർക്കുതന്നെ രക്ഷിക്കാൻ കഴിയും? എന്നു് അദ്ദേഹം ചോദിക്കുന്നു. (വിഹഗവീക്ഷണത്തിൽ) പന്നിയെന്നല്ല, പട്ടിയെന്നു നിരൂപകനെ വിളിച്ചാലും അയാളുടെ സത്യാന്വേഷണതൽപരത്വം കെട്ടടങ്ങില്ല.
“കാളിദാസന്റെ കലാകൗശലത്തിനു മുന്നിൽ ഷേക്സ്പിയർ ഗുരുദക്ഷിണ വയ്ക്കണമെന്ന സത്യം അവരറിയുന്നില്ല” എന്നു് പ്രൊഫസർ കെ. വി. ദേവ് മധുരം വാരികയിൽ. അങ്ങനെ ഉറപ്പിച്ചു പറയാമോ എന്നെനിക്കു സംശയം. ഗ്രീക്ക്, ലാറ്റിൻ, ജർമ്മൻ, സംസ്കൃതം, ഫ്രഞ്ച്, ഇംഗ്ലീഷ് ഈ ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന അരവിന്ദഘോഷ് കവികളെ തരം തിരിച്ചതു് ഇങ്ങനെയാണു്.
- വാല്മീകി, വ്യാസൻ, ഷേക്സ്പിയർ, ഹോമർ.
- ഏസ്കിലസ്, വെർജിൽ, കാളിദാസൻ.
- ഗോയ്ഥേ.
മേന്മയനുസരിച്ചു് ഒന്നാമത്തെയും രണ്ടാമത്തെയും വരികളിലെ കവികളെ മേന്മയുടെ ക്രമമനുസരിച്ചല്ല എഴുതിയതു്. വിശ്വാമിത്രൻ സ്വർഗ്ഗം സൃഷ്ടിച്ച പോലെ വാല്മീകി യും ഷേക്സ്പിയറും മറ്റും പുതിയ ലോകം സൃഷ്ടിച്ചവരാണു്. കാളിദാസനും ഏസ്കിലസി നും വെർജിലി നും നിലവിലുള്ള ലോകത്തെ കലാത്മകമായി ആവിഷ്കരിക്കാനേ കഴിഞ്ഞുള്ളു. എന്റെ ഓർമ്മ ശരിയാണെങ്കിൽ poetic seeing world എന്നാണു് അരവിന്ദ് ഘോഷ് പറഞ്ഞതു്. ഗോയ്ഥേ കാവ്യചിന്തകൻ മാത്രമാണു്. ഉത്കൃഷ്ടമായ കാവ്യഭാഷണത്തിൽ ഷേക്സ്പിയർ പലപ്പോഴും വാല്മീകിയെ അതിശയിച്ചുവെന്നും അരവിന്ദ് ഘോഷിനു് അഭിപ്രായമുണ്ടു്. അതുകൊണ്ടു് ഷേക്സ്പിയർ കാളിദാസനു് ഗുരുദക്ഷിണ വയ്ക്കണമെന്ന മതത്തിനു് സാമഞ്ജസ്യമില്ല. സാമജ്ഞസ്യമുണ്ടെന്നു് ആരെങ്കിലും പറഞ്ഞാൽ അരവിന്ദ ഘോഷ്, പ്രൊഫസർ കെ. വി ദേവിനെക്കാൾ മോശക്കാരനാണെന്നു് സമ്മതിക്കേണ്ടിവരും.
ടോട്ടൽ ഡിസിപ്ലിൻ ഇൻ ദ ക്ലാസ്സ്. ആ ക്ലാസ്സിൽ ബഹളം വച്ചിട്ടുള്ളവർ മിസ്ചീഫ് മോങ്കർമാർ, അരിത്മെറ്റിക്, ഡൾ, മൊണൊട്ടെണസ്—ഇതൊക്കെ സഖി വാരികയിലെ ഒരു കഥയിൽ കണ്ടതാണു്. ഇനിയുമുണ്ടു് ഇതുപോലുള്ള പ്രയോഗങ്ങൾ (അറിയാതെ ഒരു നിമിഷം, പവിത്രൻ). ഒന്നേ സംശയമുള്ളു എനിക്ക്. കഥാകാരൻ ഇംഗ്ലീഷിൽ മലയാളം കലർത്തുന്നോ? അതോ മലയാളത്തിൽ ഇംഗ്ലീഷ് കലർത്തുന്നോ?
“എന്റെ ഭാര്യ, എന്റെ മക്കൾ, എന്റെ വീടു്, എന്റെ ബാങ്ക് ബാലൻസ്, എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങൾ ഇവയൊക്കെ ഇവിടെ ഉപേക്ഷിച്ചുകൊണ്ടു് ഒരു ദിവസം യാത്ര പറയേണ്ടിവരും”—ഉണ്ണിക്കൃഷ്ണൻ, മനോരാജ്യം വാരികയിൽ. നമ്മുടെ ചില സാഹിത്യകാരന്മാർ ഈ വാക്യം ഇന്ത്യൻ ഇങ്കിൽ എഴുതി ഫ്രെയിം ചെയ്തു് മേശപ്പുറത്തുവച്ചു ദിവസം പത്തു തവണയെങ്കിലും വായിക്കണം. അങ്ങനെ ചെയ്താൽ എന്നും കാലത്തെഴുന്നേറ്റു് മുഖ്യമന്ത്രിയെക്കണ്ടു് “എന്നെ ഇന്ന കമ്മിറ്റിയിലാക്കൂ. ഇന്ന സമിതിയുടെ പ്രസിഡന്റാക്കൂ. ഞാൻ കോൺഗ്രസ് ഐ ആണേ” എന്നു് അവർക്കും പറയേണ്ടിവരില്ല. (ഇതിനൊന്നും പോകാത്തവരിൽ രണ്ടുപേർ പ്രൊഫസർ എൻ. കൃഷ്ണപിള്ള യും കെ. സുരേന്ദ്രനു മാണു്.)
ഗുസ്തിപിടിക്കുമ്പോൾ, ബോക്സിങ്ങ് നടത്തുമ്പോൾ, ഓടുമ്പോൾ… ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം അവർക്കൊക്കെ ഒന്നാം സ്ഥാനവും പത്രങ്ങളിൽ വെണ്ടയ്ക്കാത്തലക്കെട്ടും കൊടുക്കും. എങ്കിലും ഈ ഊർജ്ജത്തിന്റെ ഉൽപ്പാദനം വ്യർത്ഥമായ ഉൽപാദനമാണു്. ചെറ്റക്കുടിലിൽ താമസിച്ചുകൊണ്ടു് മണ്ണെണ്ണവിളക്കുവച്ചു പഠിച്ചു് റാങ്ക് നേടുന്ന പെൺകുട്ടിയും ഊർജ്ജം ഉല്പാദിപ്പിക്കുകയാണു്. ആ ഊർജ്ജം ആ പെൺകുട്ടിക്കും ലോകത്തിനും പ്രയോജനമുള്ളതാണു്. അങ്ങനെ ഊർജ്ജത്തെ സർഗ്ഗാത്മകത്വത്തിലേക്കു കൊണ്ടുചെന്ന ജയശ്രീയെക്കുറിച്ചു് കലാകൗമുദിയിൽ എഴുതിയതു നന്നായി. ബുദ്ധിശാലിനിയായ ആ പെൺകുട്ടിയുടെ പടം കവർ പേജിൽ കൊടുത്തതു് അതിലുമേറെ നന്നായി.