സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-09-15-ൽ പ്രസിദ്ധീകരിച്ചതു്)

images/AlbertSpeer.jpg
ആൽബർട്ട് ഷ്പാർ

ഹിറ്റ്ലറു ടെ സൈനികമന്ത്രിയായിരുന്നു ആൽബർട്ട് ഷ്പാർ (Albert Speer). അദ്ദേഹത്തിന്റെ രഹസ്യഡയറി “ഷ്പാൻഡൗ ” (Spandau) എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. So fascinatingly written that I could not put it down before I finished it എന്നു വിശ്വവിഖ്യാതനായ എറിക് ഫ്രം വാഴ്ത്തിയ ആ പുസ്തകത്തിൽ റ്റോമാസ് മാൻ, ഫ്രാന്റ്സ് കാഫ്ക, സീക്ക്മന്റ് ഫ്രായിറ്റ്, ഷെഫാൻ സ്വൈഹ് ഇവരുടെ ഗ്രന്ഥങ്ങൾ ഹിറ്റ്ലർ നിരോധിച്ചപ്പോൾ തനിക്കു് അതു നിയമ ലംഘനമായി തോന്നിയില്ലെന്നു ഷ്പാർ എഴുതിയിരിക്കുന്നു. സ്റ്റാലിൻ തൊട്ടു് ഹിറ്റ്ലർ വരെയുള്ളവരുടെ ഡിക്ടേറ്റർഷിപ്പിന്റെ പ്രധാനപ്പെട്ട രഹസ്യം ‘ഭീഷണി ഭരണ’ത്തിനു സന്മാർഗ്ഗികമായ ആവരണം നല്കുക എന്നതായിരുന്നു, അതു നല്കുമ്പോൾ ബഹുജനത്തിനു തൃപ്തിയുണ്ടാകും. ഹിറ്റ്ലറുടെ പ്രചാരണ മന്ത്രിയായിരുന്നു പൗൾ ജോസഫ് ഗൊബൽസ് (Paul Joseph Goebbels) സാഹിത്യത്തിലെ നവീനതയെ ഇഷ്ടപ്പെട്ടിരുന്നു. ഹിറ്റ്ലർ നവീന സാഹിത്യത്തെ നിരാകരിച്ചപ്പോൾ ഗൊബൽസും അതിനെ നിരാകരിച്ചു. സാഹിത്യം നല്കുന്ന ആഹ്ലാദത്തെക്കാൾ സന്മാർഗ്ഗം പ്രദാനം ചെയ്യുന്ന കാഠിന്യത്തിനാണു് അദ്ദേഹം പ്രാധാന്യം കല്പിച്ചതു്. ഏതു ഡിക്ടേറ്റർഷിപ്പിന്റെയും കാലയളവു നോക്കൂ. ബഹുജനത്തിനു സാഹിത്യവും വേണ്ട, കലയും വേണ്ട. ഏകാധിപത്യം നല്കുന്ന സുരക്ഷിതത്വവും സംതൃപ്തിയും മതി.

ആ നാവെനിക്കവിശ്വാസ്യം
images/LesCavesduVatican.jpg

ഫ്രാൻസിലെ നോവലെഴുത്തുകാരൻ ആങ്ദ്രേ ഷീമി ന്റെ ‘ലേ കേവ് ദ്യു വാതീകാങ്’ (Les Caves du Vatican) എന്ന നോവലിലെ ഒരു കഥാപാത്രമാണു് ലാഫ് കാഡിയോ. അയാൾ ഒരു ദിവസം തീവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു. ആ കംപാർട്ട്മെന്റിൽ ഒരു ചെറുപ്പക്കാരനുമുണ്ടു്. അവനെ തള്ളി പുറത്തിടാൻ ലാഫ് കാഡിയോക്കു് ആഗ്രഹം. “ലക്ഷ്യമൊന്നുമില്ലാത്ത ഒരു പാതകം. പോലീസിനു് ഒരു കീറാമുട്ടി” എന്നു വിചാരിച്ചു ആയാൾ. ലാഫ് കാഡിയോ അവനു് ഒരുന്തു് വച്ചു കൊടുത്തു അതാ പോകുന്നു. ഒരു ശബ്ദവും കേൾപ്പിക്കാതെ അവൻ വീണു. വീഴുന്ന വാക്കിനു ലാഫ് കാഡിയോയുടെ തൊപ്പിയിൽ അവൻ പിടിച്ചു. അതും അവന്റെ കൂടെ താഴ്ചയിലേക്കു പോയി. വാതിൽ വലിച്ചടയ്ക്കണ്ട, അടുത്ത കാര്യേജിലുള്ളവർ കേൾക്കും എന്നു് അയാൾ വിചാരിച്ചു. എന്തിനാണു് അയാൾ ഒരപരാധവും ചെയ്യാത്ത ഒരുത്തനെ തീവണ്ടിയിൽ നിന്നു പിടിച്ചു തള്ളിയതു്? ഒരുദ്ദേശ്യവുമില്ലാതെയെന്നു മുകളിൽ പറഞ്ഞു കഴിഞ്ഞു. ലാഫ് കാഡിയോ ശക്തനാണു്. ആ ശക്തി കൊണ്ടു് വലിയ പ്രയോജനമൊന്നുമില്ല അയാൾക്കു്. അതുകൊണ്ടു് ഒരു പാവത്തെ അയാൾ കൊല്ലുന്നു. ലക്ഷ്യമില്ലാത്ത, ഉദ്ദേശ്യമില്ലാത്ത ഇത്തരം കൊലപാതകങ്ങൾ ഇന്നു സർവസാധാരണങ്ങളാണു്. നോവലിന്റെ മറ്റൊരു ഭാഗത്തു് “മാന്യൻ തെമ്മാടിയായി മാറുന്നതിനു ഹേതുവെന്താണു്?” എന്നൊരു കഥാപാത്രം ചോദിക്കുന്നു. “സാധാരണമായ പരിതഃസ്ഥിതിയിൽ നിന്നു അവൻ മാറി നിന്നാൽ മതി” എന്നു വേറൊരു കഥാപാത്രം മറുപടി നൽകുന്നു. ചുറ്റുപാടുകൾ മാറിയാൽ മതി, മനുഷ്യന്റെ സ്വഭാവം മാറും. അതിന്റെ ഫലമായി അവൻ അപരാധം ചെയ്യാത്തവനെ കൊല്ലും. ഇന്ത്യയിലായിരുന്നപ്പോൾ നല്ലവനായിരുന്ന ഡംപീസിങ് കാനഡയിലേക്കു പോയപ്പോൾ കുത്സിത സ്വഭാവമുള്ളവനായി മാറി. അയാൾ തിരിച്ചു് ഇന്ത്യയിലെത്തിയപ്പോൾ കൊലപാതകം ചെയ്തു. ‘നീറിക്കത്തുന്ന’ വെയിലിൽ ബസ്സ് കാത്തു നിന്ന രണ്ടു കുഞ്ഞുങ്ങളെ അയാൾ വെടിവെച്ചു കൊന്നു. എം. മുകുന്ദന്റെ ‘ഗ്രീൻ ഹിൽ കോൺവെന്റ്’ എന്ന നീണ്ട കഥയുടെ സാരമിതാണു് (കലാകൗമുദി ലക്കം 520). ഡംപീസിങ്ങിന്റെ ഈ നൃശംസതയുടെ തീവ്രത കാണിക്കാൻ വേണ്ടി മുകുന്ദൻ ആവശ്യത്തിലധികം ചായമുപയോഗിച്ചു് അയാൾ കൊച്ചു കുട്ടിയായിരുന്നപ്പോഴുള്ള അവസ്ഥ ചിത്രമായിത്തന്നെ വരയ്ക്കുന്നു. നീണ്ട കഥയുടെ 99.9 ഭാഗവും ആ കുട്ടിയുടെ നിഷ്കളങ്കതയുടെയും ലജ്ജയുടെയും ഭീരുതയുടെയും വർണ്ണനം തന്നെ. എന്നിട്ടു് പൊടുന്നനവേയുള്ള കൊലപാതകവും. മുകുന്ദനു കഥ പറയാൻ അറിയാം. ഭംഗിയായി പറയാൻ അറിയാം. തെളിഞ്ഞ അന്തരീക്ഷമുള്ള സായാഹ്നത്തിൽ വേമ്പനാട്ടു കായലിൽ കളിവള്ളത്തിലിരുന്നു സഞ്ചാരം നടത്തിയാൽ എന്തു തോന്നും? സുഖപ്രദമായ അനുഭൂതി. ആ അനുഭൂതി വിശേഷം ഇക്കഥ വായിച്ചാലുമുണ്ടാകും. പക്ഷേ, സദാചാരപരമായ ഒരു ജീവിതത്തിൽ നിന്നു നൃശംസതയുടെ ജീവിതത്തിലേക്കു് അയാൾ പ്രവേശിക്കുന്നതു് വിശ്വാസം ജനിപ്പിക്കുന്നില്ല. ഭീകരപ്രസ്ഥാനത്തിൽപ്പെട്ടവർ അപരാധരഹിതരെ വെടിവച്ചു വീഴ്ത്തുമ്പോൾ നമ്മൾ ഞെട്ടും. കലയിൽ ആ ഞെട്ടൽ സംഭവിക്കണമെങ്കിൽ വേറെ പലതും ചിത്രീകരിക്കേണ്ടതുണ്ടു്. അതു് അങ്ങനെ സംഭവിച്ചുവെന്നു കഥാകാരൻ പറഞ്ഞാൽ മാത്രം പോര. മാനുഷിക മൂല്യങ്ങളെ സംബന്ധിച്ചു് ഡംപീസിങ്ങിനു പില്ക്കാലത്തുണ്ടായ അവഗണന കലയുടെ പക്ഷത്തു നിന്നു നോക്കുമ്പോൾ വിശ്വാസ്യമല്ല.

images/JeanRacine.jpg
റേസീൻ

ഷേക്സ്പീയറി ന്റെയും റേസീന്റെ യും രാജകുമാരന്മാർ ഏകാധിപത്യത്തെ ലംഘിച്ചു മുന്നോട്ടു പോയി. ബൂർഷ്വാ ലോകത്തെ അതിലംഘിച്ചു സ്റ്റാൻദേലി ന്റെ നഗരവാസികൾ. ബ്രഹ്റ്റി ന്റെ പാവങ്ങൾ തൊഴിലാളി വർഗ്ഗത്തെ അതിലംഘിച്ചു. ദസ്തെയെവ്സ്കി യുടെ ‘നിന്ദിതരും പീഡിതരുംവിക്തോർ യൂഗോ യുടെ ‘പാവങ്ങൾ’ ഇവർ ഒരു വർഗ്ഗത്തിന്റെ മാത്രം നീതികേടു് അനുഭവിക്കുന്നവരല്ല. അവർ എല്ലാക്കാലത്തെയും, മനുഷ്യത്വമില്ലായ്മ അനുഭവിക്കുന്നവരാണു്. അവർ മനുഷ്യത്വത്തിനു വേണ്ടി നിലകൊള്ളുന്നു. അവരുടെ വിധിയിലുള്ള സാർവ്വലൗകിക സ്വഭാവം ഏതു വർഗ്ഗത്തിന്റെയും അപ്പുറത്തുള്ളതാണു്. ഏതാണ്ടു് ഇങ്ങനെ ഹെർബർട്ട് മാർക്കൂസ് പറഞ്ഞിട്ടുണ്ടു്. ഈ സാർവ്വലൗകിക സ്വഭാവം കൈവരുമ്പോഴാണു് സാഹിത്യസൃഷ്ടി ഉത്കൃഷ്ടമാകുന്നതു്.

പാലാ നാരായണൻ നായർ
images/PalaNarayananNair.jpg
പാലാ നാരായണൻ നായർ

“E = mc2 ” എന്ന സമവാക്യം എഴുതിക്കഴിഞ്ഞപ്പോൾ ആ മഹാനായ ശാസ്ത്രജ്ഞൻ ആഹ്ലദാതിരേകം അനുഭവിച്ചിരിക്കും. ‘ഹാംലെറ്റ്’ എഴുതിത്തീർത്ത കവിയുടെ ആഹ്ലാദാതിരേകത്തിനു തുല്യമാണു് അതെന്നു് ചിലർ പറയുന്നു. അതിനെ എതിർക്കാൻ ഞാനാളല്ല. എങ്കിലും ശാസ്ത്രജ്ഞൻ മനുഷ്യനെ ഒരു നിയമത്തിനുള്ളിൽ ഒതുക്കിയല്ലേയുള്ളു എന്നാണു് സംശയം. ‘ഹാംലെറ്റ്’ എഴുതിയ കവി ഒരു നിയമത്തിനകത്തും മനുഷ്യനെ ഒതുക്കാതെ അവനെ നോക്കി പഠിക്കുകയായിരുന്നു. അതു കാണുന്ന നമ്മൾ മനുഷ്യനാരാണെന്നു കൂടുതലറിയുന്നു. വീണ്ടും വീണ്ടും വായിക്കുമ്പോൾ മനുഷ്യന്റെ വിഭിന്നാവസ്ഥകളും വിഭിന്ന വികാരങ്ങളും മനസ്സിലാക്കുന്നു. അതുകൊണ്ടു് ആയിരമായിരം വർഷം കഴിയുമ്പോൾ ശാസ്ത്രജ്ഞനെ നമ്മൾ മറന്നെന്നു വരും: കവിയെ മറക്കില്ല. ഹാംലെറ്റ് എഴുതിയ കവിയും ആ സമവാക്യമെഴുതിയ ശാസ്ത്രജ്ഞനും ഇല്ലാത്ത ലോകം ദരിദ്രമാണെന്നു സമ്മതിക്കാം. പക്ഷേ, ഹാംലെറ്റ് രചിച്ച കവിയില്ലാത്ത ലോകം കൂടുതൽ ദരിദ്രമായിരിക്കും. ഭാരതമെന്നു കേൾക്കുമ്പോൾ വാല്മീകി, വ്യാസൻ, കാളിദാസൻ ഇവരെയാണു് ഓർമ്മ വരിക. ഈ മൂന്നു പേരും ജനിച്ചിട്ടില്ലായിരുന്നെങ്കിലോ? ഭാരതം നിർദ്ധനത്വത്തിന്റെ പര്യായപദമായിരിക്കും. ഭാരതത്തിൽ നിന്നും കേരളത്തിലേക്കു വരൂ. കുമാരനാശാനും വള്ളത്തോളും ശങ്കരക്കുറുപ്പും ചങ്ങമ്പുഴ യും ഇല്ലാത്ത ഈ നാടു് ദരിദ്രം തന്നെ. നാട്ടിന്റെ സാംസ്കാരിക ചക്രവാളത്തെ വികസിപ്പിച്ചവരാണു് ആ കവികൾ. ഈ പ്രക്രിയയിൽ പാലാ നാരായണൻ നായർ ക്കും ആദരണീയമായ പങ്കുണ്ടെന്നു് ഞാൻ വിശ്വസിക്കുന്നു. മനുഷ്യനെ ചിത്രീകരിക്കുന്നതിൽ തല്പരനാണു് അദ്ദേഹമെപ്പോഴും. അദ്ദേഹത്തിന്റെ അമരജ്യോതി എന്ന ഉത്തമ കാവ്യവും ഈ സത്യത്തിനു നിദർശകമായിരിക്കുന്നു. അനുഗൃഹീതനായ ഈ കവിയുടെ കാവ്യസരസ്വതി ഹൃദ്യമായ വീണാവാദനം നടത്തുന്നതു കേട്ടാലും:

ഹിമവച്ഛ്രംഗങ്ങളേ യമുനേ, ഗംഗേ ശുഭ്ര-

ഹിമവാഹിനികളേ നിങ്ങളെ സ്നേഹിക്കുന്നോൾ

നിങ്ങളിലലിഞ്ഞുചേർന്നാചന്ദ്രതാരം പൗര-

മംഗളം കൊതിക്കുന്നോൾ കർമ്മയോഗിനിയായ്.

നന്ദിഹീനരായ്ത്തീരില്ലംബികേ, തവാദർശ-

നന്ദനർ ചിതയിൽനിന്നേന്തിയ കൈപ്പന്തങ്ങൾ

ക്രൂരമാമടിമത്തക്കൂരിരുട്ടിലും വഴി-

ത്താരയായ്ത്തെളിച്ചിടും പുരുഷാന്തരങ്ങളെ.

മനോരാജ്യം വിശേഷാൽപ്രതിയിൽ ഈ കാവ്യം വായിച്ചപ്പോൾ ഞാൻ ഇന്ദിരാ ഗാന്ധി യെ മനക്കണ്ണിനു മുൻപിൽ കണ്ടു. എന്റെ ബാഹ്യനേത്രങ്ങൾ വീണ്ടും ആർദ്രങ്ങളായി. ആർദ്രത വീണ്ടും പ്രദാനം ചെയ്തു് എന്നെ മനുഷ്യത്വത്തിലേക്കു നയിച്ച കവിക്കു് ഞാൻ നന്ദി പറഞ്ഞു.

ജഡമേ മറഞ്ഞുള്ള മൃത്യുവിൽ, ജനകോടി-

ക്കിടയിൽ പുനർജന്മം കൊള്ളുന്ന വീരാംഗനേ

നിന്നൂർജ്ജം, കർമ്മത്വര, നിസ്തുലപ്രതിഭയും

നിർഭരം ത്രിവേണിയായൊഴുകും കാലത്തോളം

ഭാരതമഹാരാജ്ഞി വേറില്ല ഞങ്ങൾക്കു് നിൻ

പേരിലാണഭിമാനം വ്യഥ ഞാൻ മറക്കട്ടെ

കവിയോടൊപ്പം ഞാനും വ്യഥ മറക്കാൻ ശ്രമിക്കട്ടെ. അന്തരിച്ച വ്യക്തിയെ മനുഷ്യത്വത്തിന്റെ പ്രകാശത്തിൽ വീണ്ടും വീണ്ടും സൃഷ്ടിക്കുമ്പോഴാണു് നമ്മൾ യഥാർത്ഥ മനുഷ്യരായിത്തീരുന്നതു്. പാലാ നാരായണൻ നായർ ആ ഉത്കൃഷ്ടകർമ്മത്തിൽ വ്യാപരിച്ചു കണ്ടതിൽ എനിക്കു് അനല്പമായ ആഹ്ലാദമുണ്ടു്.

തരംഗങ്ങളൊക്കെയെൻ നാവായെങ്കിൽ!

ജോലിക്കു വേണ്ടി വന്ന ഒരു പെൺകുട്ടിയോടു് “വിദ്യാർത്ഥി സാരി പിടിച്ചഴിച്ചാൽ, സാരിപ്പാവാടയോടുകൂടി ക്ലാസ്സിൽ നില്ക്കേണ്ടിവന്നാൽ നിങ്ങളെന്തുചെയ്യും?” എന്നു മടികൂടാതെ ചോദിച്ച ഒരു പ്രൻസിപ്പലിനെക്കുറിച്ചു് ഞാൻ മുൻപു് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ പരാക്രമങ്ങൾ വേറെ പലതും ഞാൻ കണ്ടിട്ടുണ്ടു്. അറിഞ്ഞിട്ടുണ്ടു്. വടക്കൊരു കോളേജിൽ അദ്ധ്യക്ഷപദവി അലങ്കരിക്കുമ്പോഴായിരുന്നു ഇന്റർവ്യൂ. തെക്കൊരു കോളേജിൽ പിന്നീടു് ഇരുന്നപ്പോൾ അവിടെ കണ്ടാൽ കൊള്ളാവുന്ന ഒരു ഹരിജനയുവതി ഉണ്ടായിരുന്നു. അവളെ അദ്ദേഹം സ്വന്തം പ്യൂണായി നിയമിച്ചു. എന്നിട്ടു് എപ്പോഴും അദ്ദേഹത്തിനു് വെള്ളം കുടിക്കണം. “കമലം കുറച്ചു വെള്ളമെടുക്കൂ” എന്നു മൊഴിയും. കമലം സ്ഫടിക ഗ്ലാസ്സിൽ വെള്ളമെടുത്തു കുണുങ്ങിക്കുണുങ്ങി വരും. ഗ്ലാസ്സ് നീട്ടിയാൽ പ്രിൻസിപ്പൽ അവളുടെ കൈക്കു മുകളിൽ സ്വന്തം വിരലുകൾ അമർത്തും. അധികാരമെവിടെയുണ്ടോ അവിടെ പെണ്ണുങ്ങൾക്കു ചാരിത്രമില്ല. അധികാരമില്ലാത്തിടത്തു ചാരിത്രം അല്ലെങ്കിൽ പാതിവ്രത്യം മൂർഖൻപാമ്പിനെപ്പോലെ ഫണമുയർത്തിനില്ക്കും. ഹരിജനയുവതി പ്രിൻസിപ്പലിന്റെ അഭിമർദ്ദപീഡ റോസാദലസ്പർശമായി അഭിനയിച്ചു നിന്നു കൊടുക്കും. പ്രിൻസിപ്പലദ്ദേഹം ദിവസവും, കാലത്തു് ഒൻപതരമണിതൊട്ടു് വൈകുന്നേരം അഞ്ചുമണിവരെ നൂറു ഗ്ലാസ്സ് വെള്ളം കുടിക്കും. കോളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ കമലത്തിനെ മറ്റൊരു കോളേജിലേക്കു മാറ്റിയപ്പോൾ മാത്രമേ പ്രിൻസിപ്പലിന്റെ വെളളംകുടി അവസാനിച്ചുള്ളു. ഇതു് ഇപ്പോൾ ഓർമ്മിച്ചതു കെ. എസ്. ജയശ്രീ എക്സ്പ്രസ് വാരികയിൽ (ലക്കം 20) എഴുതിയ ‘പ്രേമം എന്ന കടങ്കഥ’ എന്ന പൈങ്കിളിയിൽ പൈങ്കിളിയായ കഥ വായിച്ചുപോയതിനാലാണു്. സുധാകരനും മാലതിയും കമ്പോസിറ്റന്മാർ. ടൈപ്പ് എടുക്കാൻ ‘കള്ളി’യിൽ രണ്ടുപേരും ഒരേസമയം കൈകളിടുന്നു. “ഒരു കള്ളി, നാലുവിരലുകൾ” എന്ന കഥയിൽ. ആ വിരലുകൾ കെട്ടുപിണഞ്ഞു കിടന്നുപോലും. പിന്നീടു് സുധാകരനു് അപരാധബോധം ജനിച്ചുപോലും. എന്തിനു് അപരാധബോധം? ഞങ്ങളുടെ പ്രിൻസിപ്പലിനു്, ഒരപരാധബോധവുമില്ലായിരുന്നല്ലോ എന്നു മാത്രമല്ല, പെൻഷൻ പ്രായമായ അദ്ദേഹം ചെറുപ്പമായി വരികയും ചെയ്തു. വൃദ്ധൻ തരുണിയെ തൊട്ടാൽ അയാൾ യുവാവാകും. തരുണി പൊടുന്നനവെ കിഴവിയാകുകയും ചെയ്യും. കമലം കിഴവിയാകുന്നതിനുമുൻപു് സ്ഥലം മാറിപ്പോയി. കഥയിലെ സുധാകരനും മാലതിക്കും ശാരീരികമായി ഒരു മാറ്റവും വന്നില്ല. സുധാകരൻ തന്നെ വിവാഹം കഴിക്കാത്തതുകൊണ്ടു് അവൾക്കു കടുത്ത ദുഃഖമുണ്ടായിയെന്നു മാത്രം. കഥയുടെ ബീഭത്സതയെക്കുറിച്ചു ഞാനെന്തു പറയാനാണു്? കവി എഴുതിയതുപോലെ ആയിരം നാവുണ്ടെങ്കിലേ അതിനെപ്പറ്റി ഒരു ചെറിയ വിവരണമെങ്കിലും എനിക്കു തരാനാവൂ.

എന്നെ മർദ്ദിക്കൂ

കാർട്ടൂണിസ്റ്റ് ശത്രുവിന്റെ പത്രാധിപത്യത്തിൽ പ്രസാധനം ചെയ്യുന്ന ‘മന്ത്രി’ എന്ന മാസികയിൽ പ്രതാപന്റെ ഒരു ഹാസ്യചിത്രമുണ്ടു്. സുന്ദരികളായ മൂന്നു വനിതാപൊലീസ് ഉദ്യോഗസ്ഥകൾ സ്റ്റേഷന്റെ മുൻപിൽ നിൽക്കുന്നു. പരാതികളുമായി വരുന്ന യുവാക്കന്മാരുടെ ഒരു നീണ്ട നിര. വനിതാ പോലീസ്സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നു് ആഭ്യന്തരമന്ത്രി പ്രസ്താവിച്ചതിനെ അവലംബിച്ചാണു് ഹാസ്യചിത്രം. അങ്ങനെ എണ്ണം കൂട്ടിയാൽ പ്രേമവിവശരായ പരാതിക്കാരുടെ എണ്ണം കൂടുമെന്നാണു് ഹാസ്യ ചിത്രകാരന്റെ നിരീക്ഷണം. എന്റെ അനുമാനം അങ്ങനെയല്ല. വനിതാപൊലീസിന്റെ മർദ്ദനം ഏല്ക്കാൻവേണ്ടി യുവാക്കന്മാർ കുറ്റങ്ങളേറെ ചെയ്യുമെന്നാണു് എനിക്കു തോന്നുന്നതു്. കാരണമുണ്ടു്. പെണ്ണുങ്ങളുടെ ചവിട്ടും അടിയും കിട്ടുന്നതു പുരുഷന്മാർക്കു സുഖപ്രദമാണെന്നാണു് പണ്ടുള്ളവർ പറഞ്ഞതു്. “വനിതാപോലീസേ, എന്നെയൊന്നു് മർദ്ദിക്കൂ. എങ്കിൽ ഞാൻ സത്യം പറയാം” എന്നു് ഓരോ കുറ്റവാളിയും പ്രസ്താവിക്കാൻ പോകുന്നതു് എന്റെ ആന്തരശ്രോത്രം കേൾക്കുന്നു.

കടിക്കുന്നു, മാന്തുന്നു

പത്രാധിപർ ക്ഷമിക്കട്ടെ. യാഥാതഥ്യത്തിന്റെ അരുണിമ പ്രസരിച്ചിരുന്ന ദേശാഭിമാനി വാരികയിൽ ഇപ്പോൾ അസത്യാത്മകമായ ഫാന്റസിയുടെ ശ്യാമളവർണ്ണം. കുറെക്കാലമായി ഇതുണ്ടെന്നു തോന്നുന്നു. സത്യത്തിന്റെ കൊടുങ്കാറ്റടിക്കേണ്ടിടത്തു് എന്തിനു് അസത്യത്തിന്റെ ഭീതിദമായ അന്തരീക്ഷം

പത്രാധിപർ ക്ഷമിക്കട്ടെ. യാഥാതഥ്യത്തിന്റെ അരുണിമ പ്രസരിച്ചിരുന്ന ദേശാഭിമാനി വാരികയിൽ ഇപ്പോൾ അസത്യാത്മകമായ ഫാന്റസിയുടെ ശ്യാമളവർണ്ണം. കുറെക്കാലമായി ഇതുണ്ടെന്നു തോന്നുന്നു. സത്യത്തിന്റെ കൊടുങ്കാറ്റടിക്കേണ്ടിടത്തു് എന്തിനു് അസത്യത്തിന്റെ ഭീതിദമായ അന്തരീക്ഷം? ഈ ആഴ്ചത്തെ വാരികയിൽ (ലക്കം 9) പ്രഭാകരൻ പഴശ്ശി എഴുതിയ ‘നക്ഷത്രങ്ങളോടൊപ്പം ഉറങ്ങുന്ന മനുഷ്യൻ’ എന്ന ഫാന്റസി നോക്കുക. ഒരുത്തൻ സ്വന്തം വീട്ടിലിരിക്കുമ്പോൾ വേറൊരുത്തനും അയാളുടെ ഭാര്യയും കുഞ്ഞും അവിടെ എത്തുന്നു. ഭവനം അയാളുടേതാണെന്നു് ഉറപ്പിച്ചു പറയുന്നു. ആ ‘ഒരുത്തൻ’ ഉടുത്തിരിക്കുന്ന വസ്ത്രം പോലും തന്റേതാണെന്നു അയാൾ അവകാശപ്പെടുന്നു. നോക്കി, ശരിതന്നെ. ആഗതന്റെ പച്ചക്കൈലിതന്നെയാണു് അയാൾ ഉടുത്തിട്ടുള്ളതു്. ആഗതരെ വീട്ടിലാക്കിയിട്ടു് അയാൾ പടിയിറങ്ങിപ്പോകുന്നു. ഏതാണ്ടു് ഇതുകൊണ്ടു കഥാകാരൻ ഉദ്ദേശിക്കുന്നതു്. “ആധുനികോത്തരന്മാ”രുടെ (ഈ പ്രയോഗം തെറ്റാണു്) ‘ഐഡന്റിറ്റി’ എന്ന “പ്രശ്ന”മാണോ? അതോ തൊഴിലാളിവർഗ്ഗത്തെ ബൂർഷ്വാസി കയറി ആക്രമിക്കുന്നതോ? ക്വാണ്ടിറ്റി ക്വാളിറ്റിയാകുന്നോ? അതോ ക്വാളിറ്റി കേറി ക്വാണ്ടിറ്റിയാകുന്നോ? ഒരു നിശ്ചയവുമില്ല—വരുമോരോ ദശ വന്നപോലെ പോം. ഏതു് ഉത്കൃഷ്ടമായ ഫാന്റസിയിലും സത്യത്തിന്റെ രജതരേഖയുണ്ടു്. ഫാന്റസിയുടെ അന്ധകാരത്തിൽ അതു മിന്നിക്കൊണ്ടിരിക്കും. ആ തിളക്കം ഇതിലില്ല. ഇല്ലാത്തതുകൊണ്ടു് ഇതൊരു വ്യർത്ഥരചന മാത്രം. പ്രേമംകൊണ്ടുള്ള കടി (ദംശനം) എട്ടു തരത്തിൽ; പ്രേമം കൊണ്ടുള്ള മാന്തൽ എട്ടു തരത്തിൽ. പ്രേമമില്ലാതെ പ്രഭാകരൻ പഴശ്ശി സാഹിത്യാംഗനയെ കടിക്കുകയും മാന്തുകയും ചെയ്യുന്നു.

“രാഗവൃദ്ധൗ സംഘർഷാത്മകം നഖവിലേഖനം” (വികാരം പരകോടിയിലെത്തുമ്പോൾ ലൈംഗിക സമരത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ നഖക്ഷതമേല്പിക്കുന്ന പ്രക്രിയ നടക്കുന്നു). അതു ശബ്ദത്തോടുള്ള മാന്തൽ, അർദ്ധവൃത്താകൃതിയിൽ പാടുണ്ടാക്കൽ ഇങ്ങനെ എട്ടു തരം. കടിക്കലും എട്ടു വിധത്തിൽ; ഗൂഢകം, ബിന്ദു, ഖണ്ഡാഭ്രകം ഇങ്ങനെ പോകുന്നു അതു്. കാമസൂത്രം നോക്കുക.

ഈശ്വരന്റെ ജോലി

കുഞ്ഞുണ്ണിമാസ്റ്റർ കലാകൗമുദിയിൽ നമ്പൂതിരിമാരുടെ നേരമ്പോക്കുകൾ എഴുതുമ്പോഴും ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ‘വെടിവട്ടം’ എന്ന പംക്തി കൈകാര്യം ചെയ്യുമ്പോഴും പുതിയ നോട്ട് കിട്ടിയാലത്തെ ആഹ്ലാദാനുഭൂതി ഈയുള്ളവനു് ഉണ്ടാകുന്നു. വടകരയിലെ ബാബുസുൽത്താൻ, മാഷോടു് ചോദിക്കുന്നു; കേരളത്തിൽ പ്രചാരമുള്ള ‘മ’ പ്രസിദ്ധീകരണങ്ങളെപ്പറ്റി കുഞ്ഞുണ്ണി മാസ്റ്ററുടെ അഭിപ്രായം? അദ്ദേഹം ഉത്തരം നൽകുന്നു: മ പ്രസിദ്ധീകരണമെന്നാണെഴുത്തിലെങ്കിലും പ്രകാരണമിരട്ടിച്ചു മപ് പ്രസിദ്ധീകരണമെന്നു പറയണമെന്നതുകൊണ്ടു് ഞാനാപ്പങ്കപ്പാടിനു മുതിരാറേയില്ല.

പ്രയോഗിച്ചു പ്രയോഗിച്ചു വൈരസ്യാത്മകങ്ങളായിത്തീർന്ന ഉപമകൾ ആവർത്തിക്കാൻ കൗതുകമില്ല ഇതെഴുതുന്ന ആളിനു്. അതുകൊണ്ടു് ഒരു പുതിയ അലങ്കാരമങ്ങ് പ്രയോഗിക്കുകയാണു്. സാരസ്യമില്ലെങ്കിൽ ക്ഷമിക്കണം. പഴയ കറൻസിനോട്ട് കടക്കാരൻ തന്നാൽ ഞാനതു സൂക്ഷിച്ചു വയ്ക്കാറില്ല. അതുകൊടുത്തു് ആവശ്യമില്ലാത്ത ഒരു സോപ്പെങ്കിലും വാങ്ങിക്കൊണ്ടു പോകും ഞാൻ. പഴയ നോട്ട് കൈയൊഴിക്കാനുള്ള വിദ്യയാണതു്. നേരെമറിച്ചു് പുതിയ നോട്ട് കിട്ടിയാൽ ഞാനതു സൂക്ഷിച്ചുവയ്ക്കും. അതു കൈയിൽ വരുമ്പോൾ വലിയ ആഹ്ലാദമാണെനിക്കു്. കുഞ്ഞുണ്ണിമാസ്റ്റർ കലാകൗമുദിയിൽ നമ്പൂതിരിമാരുടെ നേരമ്പോക്കുകൾ എഴുതുമ്പോഴും ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ‘വെടിവട്ടം’ എന്ന പംക്തി കൈകാര്യം ചെയ്യുമ്പോഴും പുതിയ നോട്ട് കിട്ടിയാലത്തെ ആഹ്ലാദാനുഭൂതി ഈയുള്ളവനു് ഉണ്ടാകുന്നു. വടകരയിലെ ബാബുസുൽത്താൻ, മാഷോടു് ചോദിക്കുന്നു; കേരളത്തിൽ പ്രചാരമുള്ള ‘മ’ പ്രസിദ്ധീകരണങ്ങളെപ്പറ്റി കുഞ്ഞുണ്ണി മാസ്റ്ററുടെ അഭിപ്രായം? അദ്ദേഹം ഉത്തരം നൽകുന്നു: മ പ്രസിദ്ധീകരണമെന്നാണെഴുത്തിലെങ്കിലും പ്രകാരമിരട്ടിച്ചു മപ് പ്രസിദ്ധീകരണമെന്നു പറയണമെന്നതുകൊണ്ടു് ഞാനാപ്പങ്കപ്പാടിനു മുതിരാറേയില്ല. അവയടുത്തുവരുമ്പോൾ മാ മാ—എന്നു് വിലക്കുകയും ചെയ്യും. അങ്ങനെ എപ്പോഴും നിഷേധാർത്ഥത്തിൽ പറയേണ്ടതില്ല. മർക്കടന്മാരിലും മുഷ്കരന്മാരുണ്ടു് എന്നു നമ്പ്യാർ എഴുതിയതു പോലെ ‘മ’ പ്രസാധനങ്ങളിലും ചിലപ്പോൾ നല്ല രചനകൾ വരാറുണ്ടു്. മനോരമ ആഴ്ചപ്പതിപ്പിന്റെ മുപ്പതാം ലക്കത്തിൽ ജയിംസ് ആർപ്പൂക്കര എഴുതിയ ‘പാദരക്ഷ’ എന്ന മിനിക്കഥ നോക്കുക. അന്ധവിശ്വാസത്തെ നോക്കിച്ചിരിക്കുന്നു കഥാകാരനെ അവിടെ ദർശിക്കാം. പള്ളിയിൽ പോയിട്ടു തിരിച്ചു വീട്ടിലെത്തിയ നവവധു മനസ്സിലാക്കി താൻ പാദരക്ഷ അവിടെ മറന്നിട്ടുവെന്നു്. അവൾ തിരിച്ചുചെന്നു നോക്കിയപ്പോൾ അതു് അവിടെത്തന്നെയുണ്ടു്. ഈശ്വരനു നന്ദി പറയാൻ വേണ്ടി വീണ്ടും പള്ളിയിൽ കയറി. തിരിച്ചിറങ്ങിയപ്പോൾ ആരോ അതു മോഷ്ടിച്ചു കൊണ്ടു പോയിരിക്കുന്നു. ഈശ്വരനു ചെരിപ്പു സൂക്ഷിക്കലാണു ജോലി എന്ന വിശ്വാസത്തിലാണു് വീണ്ടും പള്ളിയിൽ കയറ്റം. അതിനെ പരിഹസിച്ചതു് ഈശ്വരവിശ്വാസിയായ എനിക്കു് ഇഷ്ടമായി.

ചെരിപ്പിനെക്കുറിച്ചെഴുതിയപ്പോൾ ഒരു വിശ്വാസം—അതോ അന്ധവിശ്വാസമോ?—ഓർമ്മയിലെത്തന്നു. റബ്ബർ ചെരിപ്പു ധരിച്ചാൽ കാഴ്ച പോകുമെന്നതാണതു്. പോകുമോ! എന്തോ? ചിലർക്കു് എക്സിമ ഉണ്ടാകുമെന്നതു ശരി റബ്ബർച്ചെരിപ്പു് എപ്പോഴും ഉപയോഗിച്ചാൽ കാലു വിയർക്കും. വിയർപ്പിന്റെ ഫലം തണുപ്പു്. തണുപ്പിന്റെ ഫലം പനി. പനി കൂടക്കൂടെ വന്നാൽ കണ്ണിനു കേടു്. (The Giant Book of Superstitions എന്ന പുസ്തകത്തിൽ നിന്നു കിട്ടിയ അറിവു്). ഇതൊക്കെ ശരിയാണെങ്കിൽ റബ്ബർച്ചെരിപ്പു് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലതു്.

images/KanakakkunnuPalace.jpg
കനകക്കുന്നുകൊട്ടാരം

റബ്ബർചെരിപ്പു്, ജിലേബി, സർക്കസ്സുകാരൻ, സുന്ദരൻ, തരുണി, കവി, കൊലപാതകി, രോഗം, മതം, അന്ധവിശ്വാസം, പൈങ്കിളിനോവൽ, മാതൃഭൂമി ആഴ്ചപ്പതിപ്പു്, ആന, സന്ന്യാസി, കലാകൗമുദി, കനകക്കുന്നുകൊട്ടാരം, ചെറ്റക്കുടിൽ, മംഗളം വാരിക, മുണ്ടശ്ശേരി, മനോരമ ആഴ്ചപ്പതിപ്പു്, സി. വി. രാമൻപിള്ള, മുട്ടത്തുവർക്കി, ഊളമ്പാറ ആശുപത്രി, താജ്മഹൽ, വിജയാലയം ജയകുമാർ, രാത്രി, ചന്ദ്രൻ, എം. കൃഷ്ണൻനായർ, അപ്പൻ തച്ചേത്തു്, നാഷണൽ ബുക്കു്സ്റ്റാൾ, മാധവരായരുടെ പ്രതിമ ഇവയെല്ലാം നിറഞ്ഞതാണു് ഈ ലോകം. ആവശ്യമുള്ളതു സ്വീകരിക്കൂ. ശേഷമുള്ളതു നിരാകരിക്കൂ. നിരാകരിച്ചാൽ മാത്രം പോരാ: വിമർശിക്കണമെന്നും ഉണ്ടോ? ആയിക്കൊള്ളൂ.

കുതിര പറക്കുന്നു

പണ്ടു് തിരുവനന്തപുരത്തു് ജഡ്ക എന്നു വിളിക്കുന്ന കുതിരവണ്ടിയുണ്ടായിരുന്നു. ഇന്നത്തെ ടാക്സിക്കാറിന്റെ സ്ഥാനമായിരുന്നു അതിനു്. ടാക്സി വന്നതോടെയാണു് ജഡ്ക തിരോധാനം ചെയ്തതു്. തികച്ചും അസുഖകരമായ യാത്രയാണു് അതിൽ കയറിയാലുണ്ടാവുക. ചിലപ്പോൾ കുതിര മുന്നോട്ടു പോകുകയില്ല. അടി കൊടുത്താൽ അതു് പിറകോട്ടു പോകും. വല്ല ഓടയിലും വണ്ടി ചെന്നിറങ്ങുമോയെന്ന പേടിയാണു് അതിൽ കയറിയിരിക്കുന്നവർക്കു്. അടി കിട്ടിയ കുതിര പിറകോട്ടു കാലെടുത്തുവയ്ക്കുന്ന മട്ടിൽ മലയാളമെഴുതുന്നവരുണ്ടു്. പേരുകൾ പറയുന്നില്ല. യാത്രക്കാർ ഉള്ളിലേക്കു കയറിത്തീരുന്നതിനു മുൻപു് നെട്ടോട്ടം ഓടുന്ന കുതിരയുമുണ്ടു്. അമ്മട്ടിൽ മലയാളമെഴുതുന്നവർ ധാരാളം. കുതിര അതിനെ ബന്ധിച്ചിരിക്കുന്ന വണ്ടിയോടുകൂടി അതിലിരിക്കുന്നവരോടു കൂടി അങ്ങു പൊങ്ങാൻ തുടങ്ങിയെന്നു വിചാരിക്കുക. മേഘങ്ങളെയും താണ്ടി നീലാന്തരീക്ഷത്തിലേക്കു് അതു് ഉയരുകയാണു്. ബ്രഹ്മാണ്ഡകടാഹത്തിന്റെ മേൽത്തട്ടിൽ ചെന്നടിച്ചു് തങ്ങൾ തകർന്നുപോകുമോയെന്നു യാത്രക്കാർ ഭയപ്പെടും. ജനയുഗം വാരികയിൽ പതിവായി എഴുതാറുള്ള പി. ഭാസ്കരനുണ്ണി എന്റെ അഭിവന്ദ്യ സുഹൃത്താണു്. പക്ഷേ, ഭാഷയാകുന്ന അശ്വത്തെ അദ്ദേഹം ഒന്നു നോക്കിയാൽ മതി. അതു് മണിക്കൂറിൽ മൂന്നൂറ്റമ്പതു നാഴികയെന്ന കണക്കു മുകളിലേക്കു് ഉയരും. “മലയാള സാഹിത്യത്തിലെ മഹാമേരുവായ തകഴി” എന്നാണു് 37-ആം ലക്കത്തിലെ ലേഖനത്തിന്റെ തലക്കെട്ടു്, അശ്വത്തിന്റെ ഉഡ്ഡയനമല്ലെങ്കിൽ പിന്നെ ഇതെന്താണു്? പറന്നു പറന്നു് ബ്രഹ്മാണ്ഡകടാഹത്തിന്റെ മേൽത്തട്ടിൽ ചെന്നടിക്കുന്നുതു നോക്കൂ. “ആശ്രയമില്ലാതെ ചുറ്റിക്കറങ്ങുന്ന ഹൃദയാലുവായ മഹാകവിയുടെ ഈ ഉൽകണ്ഠയ്ക്കു് ഈ അവാർഡ് പരിഹാരമാവുമോ”.

തകഴി യെ മഹാമേരുവാക്കിയതിലോ അദ്ദേഹത്തെ മഹാകവിയെന്നു വിളിച്ചതിലോ അദ്ദേഹത്തിനു് ഇപ്പോൾ കിട്ടിയ ‘അവാർഡ് ’ പര്യാപ്തമല്ലെന്നു സൂചിപ്പിച്ചതിലോ ന്യൂനത കാണാത്തവർ പലരുമുണ്ടാകാം. പക്ഷേ ഒരു വിമർശകനിൽനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണു് ഈ വാക്കുകൾ. ടോൾസ്റ്റോയി യെപ്പോലും മഹാമേരുവെന്നു വിളിച്ചുകൂടാ. ടോൾസ്റ്റോയി പോകട്ടെ, വ്യാസനേയും വാല്മീകിയേയും അങ്ങനെ വിശേഷിപ്പിച്ചുകൂടാ. കാവ്യത്തിൽ അത്യുക്തിയാവാം. അതു കാവ്യസത്യത്തിലേക്കു സഹൃദയനെ കൊണ്ടുചെല്ലുകയേയുള്ളു. എന്നാൽ വിമർശനത്തിൽ അത്യുക്തി പാടില്ല. അതു വഞ്ചനയായിത്തീരും. തകഴിയുടെ ‘കയർ’ ഉത്കൃഷ്ടമാണെന്നോ അദ്ദേഹത്തിനു നോബൽ സമ്മാനം കിട്ടേണ്ടതാണെന്നോ പറഞ്ഞുകൊള്ളൂ. അദ്ദേഹം മഹാമേരുവാണെന്നു പറയുമ്പോൾ ആ പ്രസ്താവം എഴുതുന്ന ആളിന്റെ പരിപാകമില്ലാത്ത മനസ്സിന്റെ പ്രതിഫലനം നിർവ്വഹിക്കുക മാത്രമേ ചെയ്യുകയുള്ളു.

സാഹിത്യനിരൂപണത്തിൽ അത്യുക്തി പാടില്ല എന്ന സാരസ്വതരഹസ്യം എനിക്കു പറഞ്ഞുതന്നതു് എൻ. ഗോപാലപിള്ള സ്സാറാണു്. കേശവദേവ് കോളേജിൽ മലയാളസമാജം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ സ്വാഗതമാശംസിച്ചതു് ഞാനായിരുന്നു. ഭാസ്കരനുണ്ണിയുടെ മട്ടിലല്ലെങ്കിലും ഞാൻ അതിശയോക്തി കലർത്തി ദേവിനെ പ്രശംസിച്ചു. സമ്മേളനം കഴിഞ്ഞപ്പോൾ സാറ് എന്നെ വിളിച്ചു പറഞ്ഞു: “പ്രസംഗമൊക്കെ നന്നായി. പക്ഷേ, അത്യുക്തിയരുതു്. സായ്പ് എഴുതുന്നതു കൃഷ്ണൻനായർ വായിച്ചിട്ടുണ്ടോ, സമതുലിതാവസ്ഥ കൈവിടുകയേയില്ല അയാൾ, അമ്മട്ടിലേ എഴുതാവൂ: പ്രസംഗിക്കാവൂ”. രണ്ടുകൊല്ലംകഴിഞ്ഞപ്പോൾ എന്നെ വടക്കൊരു സ്ഥലത്തേക്കു മാറ്റി ഡോക്ടർ ഭാസ്കരൻനായർ. ആ ട്രാൻസ്ഫർ ഓർഡർ കാൻസൽ ചെയ്യിക്കണമെന്നു് ഞാൻ ഗോപാലപിള്ള സാറിനോടു് അപേക്ഷിച്ചു, സാറ് അതുപോലെ ചെയ്തു. എങ്കിലും അതിനുമുമ്പു് നേരമ്പോക്കായി പറഞ്ഞു: “കൃഷ്ണൻനായർ മന്ത്രിയുടെ മുൻപിൽ ചെന്നുനിന്നു പണ്ടത്തെപ്പോലെ ഒരു സ്വാഗത പ്രഭാഷണം നടത്തിയാൽ മതിയല്ലോ. ഓർഡർ കാൻസൽ ചെയ്തുകിട്ടും”.

കൂട്ടിക്കുഴയ്ക്കൽ

യഥാർത്ഥത്തിലുള്ള വിശ്വാസം ഒന്നു്. സമുദായത്തിന്റെ അഭിമർദ്ദം സഹിക്കാനാവാതെയുള്ള പ്രവർത്തനം വേറൊന്നു്. രണ്ടിന്റെയും സംഘട്ടനമാണു് മുണ്ടൂർ കൃഷ്ണൻകുട്ടി യുടെ ‘ശങ്കുണ്ണിയുടെ യോഗം’ എന്ന കഥയിലുള്ളതു്. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) വനനാശനത്തിനു് എതിരാണു് ശങ്കുണ്ണി എങ്കിലും പത്രഭാഷയിൽ പറഞ്ഞാൽ തൽപരകക്ഷികളുടെ പ്രേരണയ്ക്കു വിധേയനായ അയാൾ വനനാശത്തെ നീതിമത്കരിച്ചുകൊണ്ടു പ്രസംഗിക്കുന്നു. ഓരോ പ്രഭാഷണം കഴിയുമ്പോഴും പശ്ചാത്തപിക്കുന്നു. കഥയിലെ സംഘട്ടനം വികാരത്തിന്റെയോ ചിന്തയുടെയോ സ്പഷ്ടമായ രൂപം ഉളവാക്കുന്നില്ല. muddle headedness—കൂട്ടിക്കുഴയ്ക്കൽ—എന്നു പറയാറില്ലേ? അതാണു് ഈ കഥ.

ഇപ്പോൾ സന്ധ്യക്കു് ആറു മണിക്കുശേഷം ഒരു വീട്ടിലും പോകാൻ വയ്യ. ടെലിവിഷൻ കാണുകയായിരിക്കും വീട്ടുകാരും അവരുടെ അയൽവീട്ടുകാരും. അപ്പോഴാണു് നമ്മൾ ഇസ്പീട് ഗുലാനെപ്പോലെ ചെന്നു കയറുന്നതു്. എല്ലാവരുടെയും മുഖം മങ്ങും. ‘ഇരിക്കു ഇരിക്കു’ എന്ന നീരസത്തിൽ പറയും. നമുക്കു ബുദ്ധിയുള്ളതുകൊണ്ടു് തിരിച്ചു പോരും. തിരിച്ചെത്തിയാൽ എന്തു ചെയ്യണം? സ്വന്തം വീട്ടുമുറ്റത്തു കസേരയെടുത്തിട്ടു് ഇരിക്കണം. അന്തരീക്ഷത്തിലെ ഏകാന്ത നക്ഷത്രത്തിന്റെ തിളക്കം നോക്കിക്കൊണ്ടിരിക്കണം. അപ്പോൾ ആധ്യാത്മികാനുഭൂതി കൈവരും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-09-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.