എന്റെ അടുത്ത ബന്ധുവായ ഒരു ചെറുപ്പക്കാരിക്കു് കൂടെക്കൂടെ സിനിമാ കാണാൻ പോകണം. പോയിക്കഴിഞ്ഞാൽ അവിടിരുന്നു് അവൾ നല്ലപോലെ ഉറങ്ങും. ഇടവേളയിൽ വിളക്കുകൾ തെളിയുമ്പോൾ അവൾ കണ്ണൊന്നു തുറക്കും, പരസ്യപ്രദർശനം തുടങ്ങുമ്പോൾത്തന്നെ ഉറക്കം തുടങ്ങും. ചലച്ചിത്രം അവസാനിക്കുമ്പോൾ കൂടെച്ചെന്നവരിൽ ആരെങ്കിലും തട്ടിയുണർത്തിയാൽ എഴുന്നേറ്റു “തീർന്നോ” എന്നു ചോദിക്കും. കസേരകളിൽ തട്ടിയും മുട്ടിയും പുറത്തേക്കു പോരുകയും ചെയ്യും. ഉറങ്ങാൻ മാത്രമായി പത്തു രൂപ പാഴിൽക്കളയുന്നതെന്തിനാണെന്നു് അവളോടു ചോദിച്ചാൽ മന്ദസ്മിതം മാത്രമേ മറുപടിയായി ലഭിക്കൂ. ഇന്നും അവൾ സിനിമ കാണാൻ പോകുന്നു. അവിടിരുന്നു സുഖമായി ഉറങ്ങുന്നു. പുതിയ സാരി വാങ്ങുമ്പോഴൊക്കെ അതു കാണിക്കാനായിട്ടാണു് അവൾ സിനിമയ്ക്കു പോകുന്നതെന്നു് ചില ബന്ധുക്കൾ പറയുന്നു. ശരിയായിരിക്കാം. എന്തുമാകട്ടെ.
ഇതെഴുതുന്നയാൾ മലയാള ചലച്ചിത്രങ്ങൾ കാണാൻ പോകാറില്ല. ചിലപ്പോൾ ബന്ധുക്കൾക്കു വേണ്ടി പോകും. പോയാൽ ഉറങ്ങാറില്ല. സിനിമ കാണാതെ ആളുകളെ നിരീക്ഷിക്കലാണു് ജോലി. ഇടവേളകളിലും സിനിമ തീരുമ്പോഴും Exit എന്നു് തീകൊണ്ടുള്ള അക്ഷരത്തിൽ എഴുതിക്കാണിക്കുമ്പോൾ എന്തു രസമാണെനിക്കു് ! മൈക്രോഫോണിൽ രണ്ടു തട്ടു തട്ടി അതിന്റെ ഭദ്രത പരിശോധിക്കുന്ന പ്രഭാഷകനെപ്പോലെ കൈകൊണ്ടു മുൻപേ നീങ്ങുന്ന നിതംബത്തിന്റെ ദാർഢ്യം പരിശോധിക്കുന്നവനെ ഞാനുറ്റുനോക്കാറുണ്ടു്. സിനിമ ശാലയ്ക്കു പുറത്തു് ഒരു രൂപയ്ക്കു കിട്ടുന്ന ചുവന്ന ദ്രാവകം മൂന്നു രൂപയ്ക്കു് അകത്തു വിൽക്കുന്നവന്റെ ക്രൂരതയെക്കുറിച്ചു വിചാരിക്കാറുണ്ടു്. തലയ്ക്കു മുകളിൽക്കൂടി പ്രിസത്തിന്റെ ആകൃതിയിൽ രശ്മിസമൂഹം പാഞ്ഞു പോകുന്നതു കാണാൻ രസമാണു്. അതു് വെള്ളത്തുണിയിൽ വീഴ്ത്തുന്ന ഇമേജുകളെ മാത്രമേ ഞാൻ നോക്കാതുള്ളൂ. പൈങ്കിളിക്കഥ പോലെ പൈങ്കിളിസ്സിനിമയും ഉണ്ടു്. ആ സിനിമ കണ്ടിട്ടു് തീയറ്ററിൽ നിന്നു റോഡിലേക്കു വരുന്ന അടുക്കളക്കാരികൾ സാരിത്തുമ്പു കൊണ്ടു് കണ്ണൊപ്പുന്നതും മറ്റുചിലർ ശോകാർദ്രമായ മന്ദഹാസം പൊഴിക്കുന്നതും നോക്കി ആഹ്ലാദിക്കാറുണ്ടു്. സിനിമ കണ്ടാൽ ഉളവാകുന്ന ജീവിതാനുഭൂതിയെക്കാൾ മേന്മയേറിയ ജീവിതാനുഭൂതികളാണു് ഈ നിരീക്ഷണങ്ങൾ പ്രദാനം ചെയ്യുക. അതുകൊണ്ടു് പൈങ്കിളിയായതെന്തും നോക്കേണ്ടതില്ല. വായിക്കേണ്ടതില്ല. അതിനു പകരം റോഡിലിറങ്ങി നടന്നാൽ മതി. എങ്കിലും ആളുകൾക്കു് വിശേഷിച്ചും സ്ത്രീകൾക്കു്—ആവേശമാണു് പൈങ്കിളിസ്സിനിമയിലും സാഹിത്യത്തിലും. ആവേശം കൊണ്ടു് തങ്ങളെത്തന്നെ അവർ മറന്നു പോകും. ഒരു ദിവസം ‘എലിപ്പത്തായം’ എന്ന സിനിമ കണ്ടിട്ടു് പുറത്തേക്കു പോരുകയായിരുന്നു ഞാൻ. അടുത്ത കളിക്കു ടിക്കറ്റ് വാങ്ങാൻ ‘ക്യു’ ആയി നിന്ന സ്ത്രീകളുടെ മുൻപിൽ ഉണ്ടായിരുന്ന ഒരു വൃദ്ധ “മൂന്നു് എലിപ്പത്തായം” എന്നു ടിക്കറ്റു വില്പനക്കാരനോടു പറയുന്നതു ഞാൻ കേട്ടു. “മൂന്നു ബാല്ക്കണി” എന്നു പറയുന്നതിനു പകരമായി ആവേശം കൊണ്ടു് അവർ അങ്ങനെ ഉറക്കെ വിളിച്ചതായിരുന്നു. ടിക്കറ്റു വില്ക്കുന്നയാളിനെ സഹായിക്കാനിരുന്ന ആളു് സരസൻ. അയാൾ പറഞ്ഞു: “മൂന്നു എലിപ്പത്തായം തന്നെ കൊടുക്കെടേ. പെമ്പിറന്നവരുടെ വീട്ടിൽ എലികൾ ധാരാളം കാണും”.

എലിപ്പത്തായത്തിൽ കിടക്കുന്ന എലികളാണോ നമ്മൾ? അല്ല. ഖാണ്ഡവവനത്തിൽ തീപിടിച്ചപ്പോൾ അതിനകത്തായിപ്പോയ ശാർങ്ഗകപ്പക്ഷികളാണു്. ആ പക്ഷികളായ നമ്മുടെ ദൈന്യവും പ്രത്യാശയും കാവ്യാത്മകമായി ആവിഷ്കരിച്ചു് സമകാലിക ലോകത്തിന്റെ ചിത്രംവരയ്ക്കുന്നു ഒ. എൻ. വി. കുറുപ്പ് (ശാർങ്ഗകപ്പക്ഷികൾ, കലാകൗമുദി, ലക്കം 522). സംസ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും അടിത്തറ തകർന്നു കൊണ്ടിരിക്കുന്നു ഇന്നു്. മനുഷ്യർക്കു മഹാക്ഷോഭവും ആകസ്മികവിപത്തും തകർച്ചയും വരുത്തിയ ഈ കാലയളവു പോലെ മറ്റൊരു കാലയളവു് ഒരിക്കലും ഉണ്ടായിട്ടില്ല. അവയൊക്കെക്കണ്ട കവിയുടെ മനുഷ്യത്വത്തിന്റെ സാക്ഷ്യപത്രമാണു് ഈ ഉജ്ജ്വലമായ കാവ്യം. അതിനിന്ദ്യമായ നരത്വത്തിലൂടെ നീങ്ങുന്നവരുടെ പ്രതിനിധികളായി രണ്ടുപേരെ കവി അവതരിപ്പിക്കുന്നു. ഒരാൾ ഉറങ്ങുമ്പോൾ മറ്റേയാൾ ഉണർന്നിരിക്കുന്നു. രണ്ടുപേരും ഉറങ്ങിയാൽ ജീവിതത്തിന്റെ സംഹാരാത്മകശക്തി അവരെ നശിപ്പിച്ചുകളയും. അതുകൊണ്ടു് സുഷുപ്തിയിൽ വീഴുന്ന വ്യക്തിയെ ഉണർന്നിരിക്കുന്ന വ്യക്തി സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ സൂക്ഷിക്കാതിരിക്കും? വെറും കിടാങ്ങളായ അവരെ നടുക്കുന്ന നൃശംസതകളെ കണ്ടാലും:
മാമ്പൂവുരുക്കുന്ന വേനലിലെ—കണ്ണി-
മാങ്ങകൾ തല്ലിക്കൊഴിക്കുന്ന കാറ്റിനെ.
പ്രാവിൻകുരുന്നിനെ റാഞ്ചും പരുന്തിനെ-
പൂവാങ്കരുന്നിലരിക്കും പുഴുവിനെ-
കുഞ്ഞിന്റെ പൊക്കിളിൽ നോക്കിയിരുന്നതിൻ
കന്നിയിളം ചോരയൂറ്റുന്നാരോന്തിനെ-
പോത്തിൻ പുറത്തു വന്നെത്തുന്ന രൂപത്തെ-
ഓർത്തു നടങ്ങും കിടാങ്ങൾ നാമിപ്പോഴും.
ലോകത്തിന്റെ പാതകങ്ങളെയും ഉന്മാദങ്ങളെയും ഇങ്ങനെ പ്രതീകങ്ങളിലൂടെ സ്ഫുടീകരിച്ചിട്ടു് പ്രസാദാത്മകത്വത്തിന്റെ പ്രകാശം വിതറുന്നു കവി.
“എങ്കിലും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ
കണ്ണുകൾ കാലം കവർന്നില്ലിതുവരെ:
കന്നിവെറിയിൽ മകരക്കുളിരിനെ
കർക്കിടകക്കരിവാവിൽ തെളിവുറ്റ
ചിങ്ങപ്പുലരിയെ സാന്ദ്രമൗനങ്ങളിൽ
സംഗീതധാരയെ—കാളും വിശപ്പിലും
നല്ലോണമുണ്ണുന്ന നാളിനെ കല്ലിന്റെ-”
യുള്ളിലുമേതോ കരുണതൻ മൂർത്തിയെ
നമ്മൾ കിനാവു കാണുന്നൂ! കിനാവുകൾ
നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു”
ശരിയായ ജീവിതം. ധാർമ്മികമായ ചിന്ത ഇവയൊക്കെ ഈ കിനാക്കളുടെ ഫലങ്ങളാണു്. ആ സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കാൻ ആഹ്വാനം നടത്തുന്ന കവി വിഷാദത്തിന്റെ “കരിനീല തടാകങ്ങളെ” ദർശിക്കുന്ന ആളല്ല; ആഹ്ലാദത്തിന്റെ ധവളശൃംഗങ്ങളെ കാണുന്ന വ്യക്തിയാണു്. ഖാണ്ഡവവനത്തിൽ അകപ്പെട്ട ശാർങ്ഗകപ്പക്ഷികൾ രക്ഷപ്പെട്ടു. ക്രൂരതയുടെ അഗ്നി നാലുപാടും കത്തുന്ന ഈ ലോകത്തു് അകപ്പെട്ട നമ്മളും രക്ഷപ്പെട്ടു. സമകാലിക സമൂഹത്തിന്റെ ചേതനയെ കണ്ടറിഞ്ഞ കവിയാണു് ഒ. എൻ. വി. കുറുപ്പെന്നു് ഈ കാവ്യം ഉദ്ഘോഷിക്കുന്നു.

ഇതെഴുതുന്ന ആളിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയാനല്ല വായനക്കാർ ഈ പംക്തി വായിക്കുന്നതെന്നു് എനിക്കറിയാം. എങ്കിലും വായനക്കാരുടെ സദയാനുമതിയോടെ എഴുതട്ടെ. ‘ഞാനേറ്റവും വെറുക്കുന്ന ഒരു കലാപ്രസ്ഥാനമാണു് സറീയലിസം’. സറീയലിസ്റ്റുകൾ തങ്ങളുടെ ഉൾക്കാഴ്ചകൾ വിശദീകരിക്കാറില്ല. സൂചനകൾ പോലും നൽകാറില്ല. അതുകൊണ്ടു് ആർക്കും അവരുടെ കലാസൃഷ്ടികൾ മനസ്സിലാകാറുമില്ല. ലൂയിസ് ബുൻയുയിൽ (Luis Bunuel) വിശ്വവിഖ്യാതനായ ഫിലിം ഡയറക്ടറാണല്ലോ. അദ്ദേഹത്തിന്റെ നാല്പതോളം ചിത്രങ്ങളിൽ ഒരെണ്ണം പോലും ഞാൻ കണ്ടിട്ടില്ല. എന്നാൽ അവയെക്കുറിച്ചു് പലരും എഴുതിയതു വായിച്ചിട്ടുണ്ടു്. ഒരാൾ—ബുൻയുയിൽതന്നെ—കത്തിക്കു മൂർച്ച കൂട്ടിക്കൊണ്ടു നിൽക്കുമ്പോൾ ഒരു സ്ത്രീയുടെ ക്ലോസപ്പ്മുഖം. അവളുടെ കൃഷ്ണമണി ബുൻയുയിൽ കത്തി കൊണ്ടു കീറുന്നു. വേറൊരു ചലച്ചിത്രത്തിൽ ഒരു നൃത്തം നടന്നു കൊണ്ടിരിക്കുമ്പോൾ ഒരു കാള കർട്ടനു പിറകിൽ നിന്നു് ഇരച്ചു കയറി പീയാനോയിൽ ഇടിച്ചു അതിനെ തുണ്ടുതുണ്ടാക്കുന്നതായി കാണിക്കുന്നു. കാളയുടെ ഇടി കിട്ടിയ ആളുകൾ പേടിച്ചോടുന്നു. ഒരുത്തന്റെ കൈയിൽ കറുത്ത എറുമ്പുകൾ അരിക്കുന്നു. പുരുഷ വേഷം ധരിച്ച ഒരു സ്ത്രീ മുറിച്ചെടുത്ത ഒരു കൈ കുത്തി നോക്കുന്നതായി വേറൊരു ചിത്രത്തിൽ. ഇതൊക്കെക്കൊണ്ടു് എന്തു പ്രയോജനം? കാഴ്ചക്കാരെ ഞെട്ടിക്കണമെന്നാകാം ബുൻയുയിലിന്റെ ലക്ഷ്യം. കലാകൗമുദിയിൽ “ഉച്ചസമയം” എന്ന സറീയലിസ്റ്റിക് ചെറുകഥ എഴുതിയ പി.എഫ്. മാത്യൂസി ന്റെ ലക്ഷ്യവും അതുതന്നെയാവണം.
“മനുഷ്യ ജീവിതത്തിന്റെ നിസ്സാരത വർണ്ണിക്കുന്ന ദിനപത്രം എന്റെ കിടക്കയിലേക്കിട്ടിട്ടു് അമ്മായി വാത്സല്യത്തോടെ എന്റെ കണ്ണുകളിലേക്കു നോക്കിനിന്നു. ഞാൻ കൈപ്പടം കൊണ്ടു അവരുടെ ഓജസ്സുറ്റ മുഖം ഉയർത്തിപ്പിടിച്ചു. എന്നിട്ടു് ആസക്തിയോടെ അവരുടെ മനോഹരമായ കഴുത്തിൽ പല്ലുകളാഴ്ത്തി. മൈഥുനത്തിനായെന്നവണ്ണം അവർ കിടക്കയിലേക്കു ചരിഞ്ഞു. കഴുത്തിൽ നിന്നുള്ള രക്തപ്രവാഹം എന്റെ സിരകളെ ജ്വലിപ്പിച്ചു. രതിയുടെ ഉച്ചകോടിയിൽ ഞാൻ ഞരങ്ങുകയും മറുഭാഷ സംസാരിക്കുകയും ചെയ്തു. ഒടുവിൽ തളർന്നു് കിടക്കയോടൊട്ടിക്കിടന്നു. ജീവന്റെ അവസാനത്തെ മിടിപ്പും ആവാഹിച്ചു് ഭ്രാന്തമായ സ്നേഹത്തോടെ അവർ എന്നെ കെട്ടിപ്പുണർന്നു. എന്നാൽ അവരുടെ കൈകൾ വിടർത്തി മാറ്റി ഞാൻ സ്വതന്ത്രനായി. എന്റെ കൈകൾക്കിരുവശവും നീളമേറിയ കറുത്ത ചിറകുകൾ മുളച്ചു”.
കഥയിലുള്ള ഒരു ഖണ്ഡികയാണിതു്. രോഗാർത്തമായ സറിയലിസമല്ലാതെ ഇതു വേറൊന്നുമല്ല.

യഥാർത്ഥവും മതിവിഭ്രമപരവും ആയതിനെ കൂട്ടിയിണക്കുന്നതാണു് നേരമ്പോക്കെന്നു് സറീയലിസ്റ്റ് കരുതുന്നതായി Introduction to Surrealism എന്ന ഗ്രന്ഥത്തിൽ കാണുന്നു. സത്യത്തിന്റെ വേറൊരു മണ്ഡലത്തിലേക്കു് അതു വായനക്കാരെ—ദ്രഷ്ടാക്കളെ—കൊണ്ടു ചെല്ലുന്നതായി അതിൽത്തന്നെ പ്രസ്താവമുണ്ടു്. മാജിക് കാണിക്കുന്നവർ കാഴ്ചക്കാരെ മറ്റൊരു മണ്ഡലത്തിലേക്കു കൊണ്ടുപോകുന്നുണ്ടല്ലോ. ആ മണ്ഡലം ഒരു താൽക്കാലികസത്യവുമാണു്. സറിയലിസ്റ്റുകൾ ചെപ്പടി വിദ്യക്കാരാണു്.

സറീയലിസ്റ്റുകളെ ചെപ്പടിവിദ്യക്കാരെന്നു് ഇവിടെ വിളിച്ചെങ്കിലും യഥാർത്ഥ കലാകാരന്മാർ മജീഷ്യന്മാരാണു്. അവരുടെ മാജിക്കിന്റെ രഹസ്യം ഒരിക്കുലും ഗ്രഹിക്കാൻ കഴിയുകയില്ല എന്നതു സത്യം. കാവാബത്ത യുടെ നോവലുകൾ വായിക്കൂ. അവയുടെ മാന്ത്രികത്വം വായനക്കാരെ എപ്പോഴും ‘ഹോൺട്’ചെയ്തുകൊണ്ടിരിക്കും. പക്ഷേ, ചീട്ടുവിദ്യ കാണിക്കുന്ന മജീഷ്യനെ ആ വിദ്യയുടെ രഹസ്യം മനസ്സിലാക്കിക്കഴിഞ്ഞാൽ പുച്ഛിക്കുകയേയുള്ളു ആളുകൾ. നമ്മുടെ ബന്ധുക്കൾ പലപ്പോഴും ചെപ്പടിവിദ്യക്കാരായിട്ടാണു് മുൻപിൽ വരിക. ഒരുദാഹരണം നല്കട്ടെ. ദീപാവലി ദിവസം അച്ഛൻ സന്ധ്യയ്ക്കു വരുന്നു. അദ്ദേഹത്തിന്റെ കൈയിൽ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ ചില സാധനങ്ങൾ. വളരെ നേരം പടക്കം പൊട്ടിക്കാം, പൂത്തിരി കത്തിക്കാം എന്ന പ്രതീക്ഷയോടെ കുഞ്ഞുങ്ങൾ അച്ഛന്റെ ചുറ്റും കൂടുന്നു. കെട്ടു പൊട്ടിക്കുന്നു. നാലു മാലപ്പടക്കം, രണ്ടു കമ്പിത്തിരി, ഒരു പൂക്കുറ്റി, മൂന്നു കൂടു് മത്താപ്പു്, (മഹ്താബ് എന്ന പേർഷ്യൻ വാക്കിൽ നിന്നു് മത്താപ്പു്—ശബ്ദതാരാവലി). കുട്ടികൾക്കു നിരാശ. അച്ഛൻ മജീഷ്യനല്ലെന്നു് അവർ തീരുമാനിക്കുന്നു. മറ്റൊരുദാഹരണം നിത്യജീവിതത്തിൽ നിന്നെടുക്കട്ടെ. ഇന്നലെ എന്ന ദിനം തികച്ചും വിരസം. ഇന്നു് എന്ന ദിവസം അതിനെക്കാൾ വിരസമായിരിക്കുമെന്നതിനു തെളിവുകളേറെ. പ്രതീക്ഷ നാളെ എന്ന ദിവസത്തെക്കുറിച്ചു മാത്രമേയുള്ളൂ. നാളെ എന്തെല്ലാം സംഭവിക്കാം? ഇന്നത്തെ അന്ധകാരത്തിനു പകരം പ്രകാശം പ്രസരിക്കും. ഇന്നത്തെ ദുർഗ്ഗന്ധത്തിനു പകരം സുഗന്ധം വ്യാപിക്കും. ഇന്നത്തെ രാത്രിയിൽ വിളക്കു കെടുത്തുമ്പോൾ ഇരുട്ടു പൊതിയുന്നു നമ്മളെ. പൊതിയൂ കൂരിരുട്ടേ. നിന്നെ ആരു വകവയ്ക്കുന്നു. നാളെ എനിക്കു വെള്ളിവെളിച്ചം കിട്ടുമെന്നു നീ അറിയുന്നുണ്ടോ? ഉറങ്ങി. നേരം വെളുത്തു. സൂര്യൻ പ്രകാശിക്കുന്നുണ്ടെങ്കിലും എന്റെ ചുറ്റും ഇരുട്ടു തന്നെ. ഇന്നലെ, ഇന്നു് ഈ ദിനങ്ങളെപ്പോലെ തന്നെയാണു് ഈ “നാളെ”യും. പ്രതീക്ഷ തകരുന്നു. പ്രശസ്തിയാർജ്ജിച്ചവരുടെ കഥകൾ വിശേഷാൽപ്രതികളിൽ അച്ചടിച്ചു കാണുമ്പോൾ പടക്കം പൊതിഞ്ഞു കൊണ്ടുവരുന്ന അച്ഛനെ കാണുന്ന കുട്ടിയായി ഞാൻ മാറുന്നു. വിരസമായ ‘ഇന്നി’നെ നിരാകരിച്ചു് ആഹ്ലാദദായകമായ ‘നാളെ’ എന്ന ദിനത്തെ കൊതിക്കുന്ന സാധാരണക്കാരനായി ഞാൻ മാറുന്നു. രണ്ടുപേർക്കുമുണ്ടാകുന്ന നിരാശത എനിക്കുമുണ്ടാകുന്നു.
‘ഞാൻ കേരളകൗമുദി വിശേഷാൽപ്രതി കൈയിലെടുക്കുന്നു. കവർ പേജ് നന്നായില്ലെങ്കിലും നല്ല അച്ചടി. നല്ല ലേ ഔട്ട്. കേരളത്തിലെ പ്രസിദ്ധരായ സാഹിത്യകാരന്മാരിൽ പലരുടെയും രചനകൾ ഇതിലുണ്ടു്. ഒന്നിലും എഴുതാത്ത പ്രൊഫസർ എൻ. കൃഷ്ണപിള്ള പോലും എഴുതിയിരിക്കുന്നു. വിശേഷാൽപ്രതി തുറന്നു വത്സലയുടെ ‘വെള്ളിക്കോപ്പുകൾ’ എന്ന ചെറുകഥ വായിച്ചു. വായിക്കുന്നതിനു മുൻപു് ഞാൻ പൊതികണ്ട കുട്ടി; നാളെ എന്ന ദിനം പ്രതീക്ഷിക്കുന്ന സാധാരണക്കാരൻ. വായിച്ചു കഴിഞ്ഞപ്പോൾ നിരാശൻ. സ്വാതന്ത്ര്യദിനത്തിൽ ഉണർന്ന മന്ത്രി ചായ കുടിക്കുന്നില്ല. വെള്ളിക്കപ്പിലേ അദ്ദേഹം അതു കുടിക്കൂ. വെള്ളിപാത്രങ്ങൾ ഓർഡർ ചെയ്തു വരുത്തുന്നു. മന്ത്രി അതിൽ നിന്നു ചായകുടിക്കുന്നതോടെ പ്രസന്നതയുള്ളവനായിത്തീരുന്നു. വത്സല നൂറു പുഷ്പങ്ങൾ വിടർത്തുന്നതു മന്ത്രിമാരെ പുച്ഛിച്ചും തൊഴിലാളികളെ വാഴ്ത്തിയുമാണു്. നന്നു്. പക്ഷേ, അതു ചൈനാക്കാർ ചെയ്യുന്നതു പോലെ കലയാക്കിയാൽ ആർക്കും പരാതിയില്ല. ഇപ്പോഴത്തെ നിലയ്ക്കു പരാതിക്കേ തരമുള്ളു. വത്സലയുടെ സറ്റയറിൽ പരിഹാസമില്ല, നേരമ്പോക്കില്ല. കുട്ടികൾ കാറ്റാപ്പൽറ്റിന്റെ—തെറ്റാലിയുടെ—റബ്ബർ വലിച്ചു നീട്ടുന്നതു പോലെ വത്സല പ്രതിപാദ്യവിഷയത്തെ വലിച്ചുനീട്ടി ‘മന്ത്രിപുച്ഛം’ എന്ന കല്ലെറിയുന്നു. അതു സഹൃദയത്തിന്റെ നെറ്റിയിൽ വന്നു കൊള്ളുന്നു. മുറിയുന്നു. ചോരയൊലിക്കുന്നു.
ഒരുത്തൻ ഭാര്യയുടെ കവിളിൽ ഒരിടി കൊടുത്തു. ഫോം റബ്ബറിൽ ഇടിക്കുന്ന പ്രതീതി. കൈക്കു നല്ല സുഖം. അവളെ ഇടിച്ചു വേദനിപ്പിക്കാനല്ല. ഇടിക്കും തോറും തന്റെ കൈക്കു ലഭിക്കുന്ന സുഖാനുഭൂതിക്കു വേണ്ടി അയാൾ വീണ്ടും വീണ്ടും ഇടിച്ചു. സാഹിത്യം മൃദുത്വമാർന്ന കവിളുള്ള ചെറുപ്പക്കാരിയാണു്. അതുകൊണ്ടാണു് ഞാനിങ്ങനെ ഇടിക്കുന്നതു്. പേരുകേട്ട ഒരെഴുത്തുകാരി സാഡിസ്റ്റ് എന്നു പലരോടും എന്നെക്കുറിച്ചു പറയുന്നതും ഇതുകൊണ്ടാണു്. പക്ഷേ, ഭാര്യ മര്യാദക്കാരിയാണെങ്കിൽ ദുഷ്ടന്മാരൊഴിച്ചു് ഒരു ഭർത്താവിനും ഇടിക്കാൻ തോന്നില്ല. ഇളവരശന്റെ ‘ഭ്രാന്തി’യെപ്പോലുള്ള ചെറുകഥകൾ ചന്ദ്രിക പോലുള്ള വാരികകളിൽ വരുമ്പോൾ കൈ മുറുക്കി ഇടിക്കാതെന്തു ചെയ്യും.
നവീനതയുടെ കൊതുകു വന്നു കടിക്കുമ്പോൾ വിമർശനത്തിന്റെ പങ്ക പ്രവർത്തിപ്പിച്ചേ മതിയാകൂ. അപ്പോഴാണു് മഴ പെയ്യാൻ തുടങ്ങുന്നതു്. മഴ പെയ്താൽ കൊതുകു മാറിക്കൊള്ളും. പക്ഷേ, മഴയ്ക്കു പുതുമയില്ലല്ലോ. അതിനു ചിരപരിചിതത്വം എന്ന ദോഷമുണ്ടല്ലോ. ദോഷമുണ്ടു്, സമ്മതിച്ചു. എങ്കിലും രാജഗോപാലിന്റെ ‘ദുഃഖതീരം’ എന്ന കാവ്യം (കുങ്കുമം വാരിക) ചിരപരിചതത്വമാർന്ന മഴയാണു്.
കരളിന്റെകൂട്ടിലെ കനകക്കിനാവുകൾ
കരിവൂ കദനത്തിന്നെരിവെയിലിൽ
തകരുന്ന തങ്കക്കിനാവിൻ ചിതയിൽവീ-
ണുരുകുന്നു മാനവ ചിത്തമെങ്ങും
ആശയത്തിന്റെ ഒരാലിപ്പഴം പോലും വീഴാത്ത സർവ്വസാധാരണമായ മഴ. എന്നാലും തരക്കേടില്ല. പെയ്യൂ. മശകങ്ങൾ അകലട്ടെ.

ശത്രുവിന്റെ മരണം പോലും നമ്മളെ വേദനിപ്പിക്കും. മിത്രത്തിന്റെ മരണമാണെങ്കിൽ പിന്നെ പറയാനുമില്ല. ആ മിത്രം ജനങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അഭിവന്ദ്യൻ കൂടിയാണെങ്കിലോ. ശോകത്തിനു അതിരില്ല. എന്റെ അഭിവന്ദ്യസുഹൃത്തായ തായാട്ടു ശങ്കരൻ ഇവിടം വിട്ടുപോയിട്ടു് നാളേറെയായിരിക്കുന്നു. എങ്കിലും അദ്ദേഹത്തെക്കുറിച്ചു് ഓർമ്മിക്കുമ്പോഴെല്ലാം വിഷാദത്തിന്റെ ആക്രമണം. ഇപ്പോൾ, അദ്ദേഹത്തിന്റെ സഹധർമ്മിണി ഹേമവതി എഴുതിയ ഓർമ്മക്കുറിപ്പുകൾ ഞാൻ വായിച്ചു. ആർദ്രീകരണശക്തിയുള്ള ആ രചനയിലൂടെ ആർജ്ജവത്തിന്റെ (sincerity) പ്രതീകമായിരുന്ന തായാട്ടു് ശങ്കരൻ രൂപംകൊണ്ടുവരുന്നു. ജീവിതത്തെയും മരണത്തെയും കുറിച്ചു നമുക്കുള്ള എല്ലാ ഉത്കണ്ഠകളും ആ ലേഖനത്തിൽ അദ്ധ്യാരോപം ചെയ്തിട്ടു് നമ്മൾ നനഞ്ഞ നയനങ്ങളോടു കൂടി ഇരിക്കുന്നു. തായാട്ടു ശങ്കരനെ വീണ്ടും കാണുന്നു (ഓർമ്മക്കുറിപ്പുകൾ ദേശാഭിമാനി വാരികയിൽ).
മുൻപു് മലയാളനാടു വാരികയിലെഴുതിയ ഒരു കഥയുടെ മറ്റൊരു രൂപം. രൂപം മാറിയതു കൊണ്ടു് ആവർത്തനദോഷമില്ല.
ബാഗ്ദാദിലെ ഒരു കച്ചവടക്കാരൻ വേലക്കാരനെ എന്തോ വാങ്ങാൻ കടയിലയച്ചു. തിരിച്ചു വീട്ടിലെത്തിയ ആ പരിചാരകൻ പേടിച്ചു വിവർണവദനനായി കാണപ്പെട്ടു. “യജമാനേ ഇപ്പോൾ ഞാൻ ചന്തയിൽ വച്ചു മരണത്തെ കണ്ടു. അവൻ എന്നെ തുറിച്ചു നോക്കി ഭയപ്പെടുത്തുന്ന ഒരംഗവിക്ഷേപം നടത്തി. അതുകൊണ്ടു കുതിരയെ എനിക്കു് തരൂ. ഞാൻ സമാറയിലേക്കു ചെന്നിട്ടു് എന്റെ വിധിയെ ഒഴിവാക്കട്ടെ.” അയാൾ കുതിരയെ കൊടുത്തു, വേലക്കാരൻ വളരെ വേഗത്തിൽ സമാറയിലേക്കു പോയി. എന്നിട്ടു കച്ചവടക്കാരൻ ചന്തയിൽ ചെന്നു. അയാളും കണ്ടു മരണം മനുഷ്യരൂപമാർന്നു് അവിടെ നിൽക്കുന്നതായി. അയാൾ മരണത്തോടു ചോദിച്ചു: “നേരത്തെ താങ്കൾ എന്റെ പരിചാരകനെ കണ്ടപ്പോൾ ഭയപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതു് എന്തിനാണു്?” മരണം മറുപടി പറഞ്ഞു. അതു ഭയപ്പെടുത്തുന്ന ചേഷ്ടയായിരുന്നില്ല. എനിക്കുണ്ടായ അത്ഭുതത്തിന്റെ ഫലമായ ചേഷ്ടയായിരുന്നു. നോക്കൂ, നിങ്ങളുടെ പരിചാരകനെ ബാഗ്ദാദിൽ കണ്ടപ്പോൾ ഞാൻ വിസ്മയിച്ചു പോയി. ഇന്നു രാത്രി എനിക്കു് അയാളെ സമാറയിൽ വച്ചു കാണേണ്ടിയിരിക്കുന്നു.
പ്രതിഭാശാലിയായ ഒരു കവിയെക്കുറിച്ചു് എൻ. ഗോപാലപിള്ള സാർ പലപ്പോഴും എന്നോടു പറയുമായിരുന്നു. കവി മാത്രമല്ല ചിത്രകാരനും ഡോക്ടറുമായിരുന്നു അദ്ദേഹം. കഷണ്ടിക്കു് ഏതോ ദിവ്യമായ ഔഷധം അദ്ദേഹത്തിനറിയാമായിരുന്നു. ‘തലയിൽ അവന്നൊരു രോമവുമില്ല’ എന്ന മട്ടിൽ നടന്നവരെ അദ്ദേഹം രോമക്കാടുള്ളവരാക്കി മാറ്റി. ഒരിക്കൽ ഞാൻ സാറിനോടു ചോദിച്ചു: “അദ്ദേഹം മാരീഡായിരുന്നോ?” സാറ് മറുപടി പറഞ്ഞു: ഓ വെരിമച്ച് മാരീഡ്. അങ്ങനെ ഒരുത്തിയെ ഉപേക്ഷിക്കാൻ കാരണമെന്തെന്നു ഗോപാലപിള്ള സാർ ചോദിച്ചപ്പോൾ കവി നൽകിയ മറുപടി വിചിത്രമായിരുന്നു. “She smells.” അതെ. നാറ്റമുള്ള സ്ത്രീയെ ആർക്കും സഹിക്കാനാവില്ല. കവി വസ്ത്രം മാറുന്നതു പോലെ ഭാര്യയെ മാറിയതിൽ വലിയ കുറ്റമില്ല. കവിതയേയും സ്ത്രീയേയും സംബന്ധിച്ചു് എല്ലാവരും ദുർജ്ജനങ്ങൾ എന്നു ഭവഭൂതി പറഞ്ഞിട്ടുള്ളതു ഞാനോർമ്മിക്കുന്നു. കവിതയ്ക്കും നാറ്റം വന്നാലോ? അതു് അസഹനീയമാണു്. ഇതാ ഒരു നാറ്റക്കവിതയുടെ ഒരു ഭാഗം:
“അരശതത്തോളം ഞങ്ങൾ തൊടുമാ സ്ക്കൂളിലെ
പുഷ്പങ്ങളാം കുട്ടികൾ സുഗന്ധ വികീരണങ്ങൾ
രാഷ്ട്രശില്പിയാം ഒന്നാംസാർ ഒരുക്കുന്നു
തൻ ശില്പത്തെ ഡോക്ടറായ് എൻജിനീയറായ്
മന്ത്രിയായ്, പൂജാരിയായ് കർമ്മയോഗിയായ്
ശില്പിയിൻ അനുയായികളായ് രാഷ്ട്രത്തെ നയിക്കുന്നു”.
ഈ ദുർഗ്ഗന്ധം എവിടെ നിന്നു വരുന്നുവെന്നു വായനക്കാർ അദ്ഭുതപ്പെടുന്നുണ്ടാവാം. മൊഴിയിൽ ആനി ജോസഫ് മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ ‘രാഷ്ട്രശില്പി’ എന്ന ‘കാവ്യ’ത്തിൽ നിന്നു്. അന്തരിച്ച ആ വെരിമച്ച് മാരീഡ് കവിയുടെ ആത്മാവിനോടു് ഞാൻ ഇംഗ്ലീഷിൽ സംസാരിക്കട്ടെ.
- കൃഷ്ണൻനായർ:
- Great soul, The smell of this poem!
- കവി:
- It is worse than the smell of my wives.
- കൃഷ്ണൻനായർ:
- Is it?
- കവി:
- Indeed.

വിൻസിയും ബിയാട്രീസും അന്യോന്യം സ്നേഹിച്ചവർ. ഭീരുവായ വിൻസി ബിയാട്രീസിനെ വിവാഹം കഴിക്കാൻ കൂട്ടാക്കിയില്ല. പിന്നീടു് അയാൾ സുഷയെ കല്യാണം കഴിച്ചു. നാട്ടിൽ വന്നിട്ടു് അമേരിക്കയിലേക്കു തിരിച്ചു പോയ ബിയാട്രീസ് പൂർവ്വകാമുകന്റെ മകനു് ഒരു പേരു നിർദ്ദേശിച്ചു. വിൻസിയേയും സുഷയേയും കൂട്ടിചേർക്കുന്ന പേരു്. സുഷയ്ക്കു അതിഷ്ടവുമായി. ഭർത്താവു് പൂർവ്വകാമുകിയെ കാണാൻ പോയതിലും അവൾക്കു നീരസമില്ല. ഭാര്യയും ഭർത്താവും സ്നേഹത്തിന്റെ നീർക്കയത്തിൽ മുങ്ങി കൈയും കാലുമിട്ടടിക്കുമ്പോൾ ബാബു തടത്തിൽ മംഗളം വാരികയിലെഴുതിയ “നന്ദി, ബിയാട്രീസ്” എന്ന കഥ അവസാനിക്കുന്നു—സംസ്കാരത്തെ പിടിച്ചു പിറകോട്ടു വലിക്കുന്നവർ തങ്ങളുടെ അധമകൃത്യത്തെക്കുറിച്ചു് അറിയുന്നില്ല എന്നതാണു് ഇന്നത്തെ വലിയ തകരാറു്. ബാബു തടത്തിൽ അതറിഞ്ഞെങ്കിൽ!
ജനയുഗം വാരികയിൽ അമൃതാ പ്രീത ത്തിന്റെ ‘മെഴുകുതിരി’ എന്ന കവിതയുടെ തർജ്ജമയുണ്ടു് (കെ. രാധാകൃഷ്ണൻ തർജ്ജമ ചെയ്തതു്).
“ഒരു പള്ളിയിലെ മെഴുകുതിരിയാണു് ഞാൻ. നിത്യവും നെഞ്ചിലെ അഗ്നിയെ കാലുകളിലേക്കിറക്കിയിട്ടു് ഞാൻ പള്ളിയിൽ നിന്നു പുറത്തു കടക്കും.” എന്നു അതിന്റെ തുടക്കം. സിൽവിയാ പ്ലാത്തും Candles എന്നൊരു കാവ്യം രചിച്ചിട്ടുണ്ടു്.
“They are the last romantics, these candles:
Upside down hearts of Light tripping wax fingers
And the fingers, taken in by their own haloes
Grown milky, almost clear, like the bodies of saints
It is touching, the way they’ll ignore”
എന്നു് ആരംഭം. അമൃതാ പ്രീതത്തിന്റെതു ദുഷ്കവിത; സിൽവിയാ പ്ലാത്തിന്റേതു ഉജ്ജ്വലമായ കവിത എന്നു് ഇതു തെളിയിക്കും.
മകൻ പൂയം നക്ഷത്രത്തിൽ ജനിച്ചതു കൊണ്ടു് തനിക്കോ ഭർത്താവിനോ ആപത്തു വരുമെന്നു അവൾക്കു പേടി. ആ പേടിയോടു കൂടി ഉറങ്ങുമ്പോൾ അവൾ അയാളുടെ മുതുകു കടിച്ചുമുറിച്ചു. ഭർത്താവു് ഉണർന്നു് കാര്യം മനസ്സിലാക്കി അവളെ ആശ്വസിപ്പിക്കുന്നു; അന്ധവിശ്വാസം അകറ്റുന്നു. ഇതു് സുമതിക്കുട്ടി പെരുവന്താനം പൗരധ്വനി വാരികയിൽ എഴുതിയ ‘ശാന്തിയുടെ വഴി’ എന്ന കഥ—ക്ഷമയെപ്പോലെ ക്ഷമിക്കണം എന്നതു നല്ല ഉപദേശം. പക്ഷേ, ഇക്കഥ വായിച്ചപ്പോൾ ഞാൻ ക്ഷമയായെങ്കിൽ എന്നു് എനിക്കഭിലാഷം (ക്ഷമ = ഭൂമി).
ദൂരെ നിന്നു നോക്കുമ്പോൾ മാത്രമാണു ജീവിതം സുന്ദരമെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. ദൂരെ നിന്നു നോക്കാതെ അതിൽ വിലയം കൊള്ളൂ. അസുന്ദരമാണു് അതെന്നു മാത്രമല്ല നമ്മൾ മനസ്സിലാക്കുക. യാതന നിറഞ്ഞതാണെന്നും. ജീവിതത്തെ ഒരു യാത്രയാക്കി അതിലെ വേദനകളെ ഒരു പെൺകുട്ടി എന്ന പ്രതീകമാക്കി സതീഷ്ബാബു പയ്യന്നൂർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ചെറുകഥ എഴുതിയിരിക്കുന്നു (ജീവിതം തുടങ്ങുന്നു). പ്രതിപാദ്യവിഷയത്തെ കേന്ദ്രസ്ഥാനത്തു നിറുത്തി അതിനെ വികസിപ്പിച്ചുകൊണ്ടു വരുമ്പോഴാണു ഏതു കഥയും ഹൃദയഹാരിയാവുന്നതു്. കലാപരമായ ആവശ്യകതയ്ക്കു് അതീതങ്ങളായ പ്രസ്താവങ്ങൾ ഇക്കഥയിലുണ്ടു്. എങ്കിലും പാരായണയോഗ്യമാണിതു്.
(ഇതിനോടു ബന്ധമില്ലാത്ത ഒരു കാര്യം കൂടി സതീഷ് ബാബുവിനെ അറിയിക്കട്ടെ. ഒരു മുടന്തൻ ഞാൻ താമസിക്കുന്നിടുത്തു കയറി വന്നു. താൻ സതീഷ് ബാബു പയ്യന്നൂരാണെന്നും മെഡിക്കൽ കോളേജിൽ സുഖമില്ലാതെ കിടക്കുന്ന തനിക്കു അവിടെ നിന്നു വിട്ടു പോരാൻ കുറെ പണം വേണമെന്നും അയാൾ അറിയിച്ചു. സാക്ഷാൽ സതീഷ് ബാബുവിനെ കണ്ടിട്ടില്ലാത്ത ഞാൻ അയാളെ സതീഷ് ബാബുവായിത്തന്നെ വിചാരിച്ചു. ഭേദപ്പെട്ട ഒരു തുക കൊടുക്കുകയും ചെയ്തു. പിന്നീടു് ഒരു സുഹൃത്തു പറഞ്ഞു് അറിഞ്ഞു എന്റെ വീട്ടിൽ വന്ന മനുഷ്യൻ സതീഷ് ബാബു അല്ലെന്നു്. രണ്ടുമാസം കഴിഞ്ഞപ്പോൾ വെട്ടൂർ രാമൻ നായർ എന്നോടു് പറഞ്ഞു: “രണ്ടു മൂന്നാഴ്ചയ്ക്കു മുമ്പു് ഒരു കള്ളൻ സതീഷ് ബാബുവാണെന്നു പറഞ്ഞുവന്നു് എന്റെ കൈയ്യിൽ നിന്നു് അമ്പതു രൂപ തട്ടിക്കൊണ്ടു പോയി. എന്റെ മകൻ പറഞ്ഞു. ‘അച്ഛനെ അയാൾ കളിപ്പിച്ചു.’ ഞാനതു ശരിയാണെന്നു കരുതിയില്ല. പിന്നീടു് മനസ്സിലാക്കി ആ ചതിയുടെ സ്വഭാവം”. ഇക്കാര്യം ഞാൻ എഴുതുന്നതു് മറ്റുള്ളവർ ചതിക്കപ്പെടരുതല്ലോ എന്ന വിചാരത്തിലാണു്. സതീഷ് ബാബുവിന്റെ പേരിനു കളങ്കം വരരുതല്ലോ എന്നു കരുതിയും.)
വിമോചന സമരം കഴിഞ്ഞ കാലം മന്നത്തു പത്മനാഭനും കെ. ബാലകൃഷ്ണനും തമ്മിലുള്ള സംഭാഷണം ഞാൻ കേട്ടു.
ബാലകൃഷ്ണൻ: ഹംസരഥത്തിൽ ഇരുന്നു പോകുന്ന കാഴ്ച കണ്ടു.
മന്നം: ങ’ഹാ, ബാലനറിയാമോ അതിന്റെ പ്രയാസം? എനിക്കു മൂത്രമൊഴിക്കാൻ മുട്ടും. രണ്ടു മൂന്നു മണിക്കൂർ അനങ്ങാൻ വയ്യാതെ ഞാനിരിക്കും. വല്ലാത്ത വേദനയാണതു്. വിമോചന സമരവും വേണ്ട. ഒരു സമരവും വേണ്ട എന്നു് അപ്പോൾ തോന്നിയിട്ടുണ്ടു്.

ഇനി ഒരോഫീസിലെ നോട്ടീസ് ബോർഡിൽ: “മൂത്രമൊഴിക്കാനെന്നു പറഞ്ഞു്” എല്ലാവരും തോന്നിയപോലെ ഇറങ്ങിപ്പോകുന്നു. ഇതു അനുവദിക്കാൻ വയ്യ. അതുകൊണ്ടു് പേരുകളുടെ അക്ഷരക്രമമനുസരിച്ചു് വേണം ഇനി മൂത്രപ്പുരയിലേക്കു പോകാൻ എ: 10 മണിതൊട്ടു് 10:5 വരെ. ബി: 10:5 തൊട്ടു് 10:10 വരെ. ആർക്കെങ്കിലും നിശ്ചയിക്കപ്പെട്ട സമയത്തു പോകാൻ സാധിച്ചില്ലെങ്കിൽ അയാൾ അടുത്ത ദിവസം ആ സമയം വരെ കാത്തിരിക്കണം.
മന്നത്തിനും ഓഫീസ് ഗുമസ്തനും ഉണ്ടാകുന്ന പ്രയാസത്തെക്കാൾ വലിയ പ്രയാസമുണ്ടോ? ഉണ്ടു്. മനോരാജ്യം വാരികയിൽ എൻ. വി. ദേവൻ എഴുതിയ ‘ലോക്കറ്റ്’ എന്ന കഥ വായിക്കുന്നതു്.
അമേരിക്കൻ മൂവി കോമേഡിയനായിരുന്നു ഗ്രൂഷോ മാർക്സ് അദ്ദേഹം പറഞ്ഞു: “ടെലിവിഷനു് അറിവു നല്കാനുള്ള കഴിവുണ്ടു്. ആരെങ്കിലും ടെലിവിഷൻ സെറ്റ് സ്വിച്ചോൺ ചെയ്താൽ ഉടനെ ഞാൻ അടുത്ത മുറിയിൽ ചെന്നിരുന്നു പുസ്തകം വായിച്ചു തുടങ്ങും”. തിരുവനന്തപുരത്തു് വിവേകമുള്ളവർ ഇപ്പോൾ കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നുണ്ടു്. അങ്ങനെ കൂടുതലായി അറിവു നേടുന്നു.