സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-11-10-ൽ പ്രസിദ്ധീകരിച്ചതു്)

images/Pablopicasso1.jpg
പികാസ്സോ

1938. വടക്കൻപറവൂരിനടുത്തുള്ള വരാപ്പുഴ എന്ന സ്ഥലത്തു് ഒരു നാടകമുണ്ടെന്നറിഞ്ഞു് ഞാൻ അതു കാണാൻ ചെന്നു. നാടകത്തിന്റെ പേരും അതിലെ അഭിനേതാക്കളുടെ പേരുകളും എന്റെ ഓർമ്മയിൽനിന്നു് ഓടിപ്പോയിരിക്കുന്നു. ഒരഭിനേതാവിന്റെ പേരുമാത്രം ഓർമ്മയിലുണ്ടു്. അദ്ദേഹത്തിന്റെ രൂപം സ്മരണദർപ്പണത്തിൽ ഇപ്പോഴും പ്രതിഫലിക്കുന്നു. മാത്തപ്പൻ, ഹാസ്യ ചലച്ചിത്രനടൻ എസ്. പി. പിള്ള യുടെ ഗുരുനാഥനായിരുന്നു അദ്ദേഹം. അടൂർഭാസി ചലച്ചിത്രത്തിൽ പ്രത്യക്ഷനായാലുടൻ ആളുകൾ ചിരിച്ചു തുടങ്ങുമല്ലോ. അതുപോലെയാണു് മാത്തപ്പനെ കാണുന്ന ആളുകളുടെ രീതിയും. പ്രേക്ഷകരുടെ പൊട്ടിച്ചിരിക്കിടയിൽ അദ്ദേഹം കഥ പറഞ്ഞുതുടങ്ങി: “ഞാൻ ജോലിയില്ലാതെ കഷ്ടപ്പെടുന്ന കാലം, എവിടെയെങ്കിലും വേലക്കാരനായി നിന്നാലും മതി എന്നു തോന്നൽ. അങ്ങനെ കോട്ടയത്തു് ഒരു കുടുംബത്തിൽ കടന്നുകൂടി. യജമാനനും കൊച്ചമ്മയും എല്ലാക്കാര്യത്തിലും തർക്കിക്കും. രണ്ടുപേരെയും പ്രീതിപ്പെടുത്തി കഴിഞ്ഞുകൂടാനായിരുന്നു എന്റെ സൂത്രം. അങ്ങനെയിരിക്കെ ആ വീട്ടിലെ പൂച്ച പ്രസവിച്ചു. പൂച്ചക്കുട്ടി ആണോ പെണ്ണോ എന്ന കാര്യത്തിൽ തർക്കമായി യജമാനനും കൊച്ചമ്മയും. തർക്കം മൂത്തപ്പോൾ അവർ എന്നെ വിളിച്ചു. “മാത്തപ്പാ അതിയാൻ പറയുന്നു ഇതു ചക്കിപ്പൂച്ചയാണെന്നു്, ഞാൻ പറയുന്നു കണ്ടൻപൂച്ചയാണെന്നു്. മാത്തപ്പൻ എന്തുപറയുന്നു?” എന്നു കൊച്ചമ്മ എന്നോടൊരു ചോദ്യം. ഞാൻ ധർമ്മ സങ്കടത്തിലായി. കണ്ടൻപൂച്ചയാണെന്നു പറഞ്ഞാൽ യജമാനൻ എന്നെ അവിടെനിന്നു പറഞ്ഞയയ്ക്കും. ചക്കിപ്പൂച്ചയാണെന്നു പറഞ്ഞാൽ കൊച്ചമ്മ എന്നെ വീട്ടിനു വെളിയിലാക്കും. ഉള്ള കഞ്ഞിയിൽ പാറ്റയിടുന്നതെന്തിനു്? ജോലിയില്ലാതെ പട്ടിണികിടക്കാനും വയ്യ. അതുകൊണ്ടു രണ്ടുപേരുടെയും പ്രീതിക്കായി ഞാൻ പറഞ്ഞു: “ഇതു് ഏതാണ്ടൊരു കണ്ടനും ഏതാണ്ടൊരു ചക്കിയുമാണു്”. ഈ പരുക്കൻ നേരമ്പോക്കു കേട്ടു് സദസ്സു പൊട്ടിച്ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. നമ്മുടെ ചില നിരൂപകർ മാത്തപ്പന്മാരാണു്. സത്യം പറയാതെ ഗ്രന്ഥകാരനെയും പ്രസാധകനെയും സന്തോഷിപ്പിക്കാൻവേണ്ടി പുസ്തകത്തെ ചൂണ്ടിക്കാണിച്ചു് “ഇതു് ഏതാണ്ടൊരു കണ്ടനും ഏതാണ്ടൊരു ചക്കിയുമാണെ”ന്നു് അഭിപ്രായപ്പെടുന്നു. സാക്ഷാൽ മാത്തപ്പനെ യജമാനനും കൊച്ചമ്മയും കൂടി വീട്ടിനു വെളിയിലാക്കിയിരിക്കും. നമ്മുടെ ഈ നിരൂപകർക്കും ഇതുതന്നെയായിരിക്കും ഗതി.

പികാസ്സോ യുടെ ഭാര്യ ഒരിക്കൽ അഭിപ്രായപ്പെട്ടു—“എന്റെ ഭർത്താവു വരയ്ക്കുന്ന ചിത്രങ്ങളിലെ സ്ത്രീകളെപ്പോലെ ഒരു സ്ത്രീയെ റോഡിൽവച്ചു് കാണാൻ അദ്ദേഹത്തിനിടവന്നാൽ അദ്ദേഹം ബോധശൂന്യനായി നിലത്തുവീഴുമെന്നതിൽ ഒരു സംശയവുമില്ല”. മേല്പറഞ്ഞ നിരൂപകർ “ഔട്ടാ”യി ബഹുജനത്തിനു് അഭിമുഖീഭവിച്ചു നിന്നാലും ഒരു കുഴപ്പവും കൂടാതെ നില്ക്കും. എന്നല്ല ജീവിതത്തിൽ അടിക്കടി ഉയരുകയും ചെയ്യും. സകല ഭാഗ്യങ്ങളും അവർക്കുള്ളതാണു്. സത്യം പറയുന്നവൻ അധഃപതിച്ചുപോകും. ആദ്യത്തെ കൂട്ടരിൽ നിന്നു രണ്ടാളുകളുടെ പേരുകൾ എഴുതാൻ എനിക്കു താൽപര്യം “വേണ്ട, മനമേ. അടങ്ങു്” രണ്ടാമത്തെ ആളിന്റെ പേരെഴുതാനും കൗതുകം. അപ്പോൾ വിനയം ഉപദേശിക്കുന്നു. “വേണ്ട, അടങ്ങു്”

കുത്സിതഗന്ധം
images/RudyardKipling.jpg
റഡ്യർഡ് കിപ്ലിങ്

അഴിമതിയുടെയും ദുഷ്ടതയുടെയും ദുർഗ്ഗന്ധം ഉയരുന്ന ഈ നാട്ടിൽ സാഹിത്യവും ദുർഗ്ഗന്ധം ഉയർത്തിയില്ലെങ്കിലേ വിസ്മയിക്കാനുള്ളു, വിസ്മയമില്ല. കലാരാഹിത്യത്തിന്റെ ദുർഗ്ഗന്ധം ദേവസ്സി ചിറ്റമ്മലിന്റെ ‘ഈ. എസ്. ഐ. ആശുപത്രി’ എന്ന ചെറുകഥയിൽ നിന്നു് ഉത്ഭവിക്കുന്നു. ഗോപാലൻനായർക്കു രോഗം കൂടുതൽ, ചിലർ അയാളെയെടുത്തു് ഈ. എസ്. ഐ. ആശുപത്രിയിൽ എത്തിക്കുന്നു. ഡോക്ടറില്ല അവിടെ. അയാൾ വന്നെത്തുമ്പോഴെയ്ക്കും രോഗി ഇവിടെനിന്നു യാത്ര പറയുന്നു. കലയുടെ സത്യത്തിൽ വിലയംപ്രാപിക്കാൻ കഴിയാതെ ജീവിതത്തിന്റെ ഉപരിതലത്തിൽക്കൂടി എപ്പോഴും ഇഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു അപ്രഗൽഭനാണു ദേവസ്സി ചിറ്റമ്മൽ. അദ്ദേഹം ഇതിനകം ‘റബിഷ്’—ചവറു് ധാരാളം വലിച്ചുകൂട്ടിയിട്ടുണ്ടു് ചവറിന്റെ കൂമ്പാരത്തിൽനിന്നു ദുർഗ്ഗന്ധമേ വരൂ. ഏതു വലിയ ‘റബിഷ്ഹീപ്പി”നെയും കാറ്റു് അടിച്ചുമാറ്റും. ആ “ഝംഝാ മാരുത”ന്റെ ആഗമനം എത്ര വേഗമുണ്ടാകുമോ അത്രയും നന്നു്.

റഡ്യർഡ് കിപ്ലിങ്ങി ന്റെ ‘The Wish House’, ‘They’ എന്നീ ചെറുകഥകൾ വായിക്കുക. അവ അച്ചടിച്ച പുറങ്ങളിലൂടെ ഈശ്വരൻ നടക്കുന്നതായി തോന്നും. നമ്മുടെ ചില കഥാകാരന്മാരുടെ കഥകളുള്ള താളുകളിൽ പിശാചാണു് നടക്കുന്നതു്.

യോഗാഭ്യാസം രാത്രിയിൽ

ശുചീന്ദ്രത്തുനിന്നു് ഏതാനും നാഴിക കിഴക്കോട്ടു പോയാൽ അഴകപ്പാപുരം എന്ന സ്ഥലത്തെത്തും. അവിടെനിന്നു പിന്നെയും കിഴക്കോട്ടു യാത്രചെയ്താൽ അഞ്ചുഗ്രാമത്തിൽ ചെല്ലാം. അഞ്ചുഗ്രാമത്തിൽനിന്നു് കന്യാകുമാരിയിലേക്കു വലിയ ദൂരമില്ല. അഴകപ്പാപുരത്തു താമസിച്ചിരുന്ന ഞാൻ പലപ്പോഴും വൈകുന്നേരത്തു് അഞ്ചുഗ്രാമത്തിൽനിന്നു സൈക്കിൽ ചവിട്ടി കന്യാകുമാരിയിലേക്കു പോയിട്ടുണ്ടു്. 1940-ലെ കഥയാണു് പറയുന്നതു്. അഴകപ്പാപുരവും കുറെയകലെയുള്ള ശുരാങ്കുടി എന്ന സ്ഥലവും കുപ്രസിദ്ധനായ ചെമ്പുലിംഗം നാടാരുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. ഞാൻ താമസിച്ചിരുന്ന വീട്ടിൽത്തന്നെ ആ തസ്ക്കരപ്രമാണി രാത്രി കടന്നുവന്നു കൈത്തോക്കു കാണിച്ചു് പണം കൊള്ളയടിച്ചിട്ടുണ്ടെന്നു് അവിടത്തെ ചില നാടാർ പ്രമാണികൾ എന്നോടു പറഞ്ഞു. ഒരുദിവസം കാലത്തു് വീട്ടിന്റെ മുറ്റത്തു് ഇറങ്ങിനിന്നു് തെക്കോട്ടേക്കു നോക്കിയപ്പോൾ മരുത്വാമലയുടെ പംക്തികൾ കാണാറായി. നിലാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലുള്ള നീലമലകൾ. “വലിയ ദൂരമില്ല നമുക്കു വേണമെങ്കിൽ അവിടെ പോകാം” എന്നൊരു എക്സൈസ് ശിപായി പറഞ്ഞതനുസരിച്ചു് ഞാൻ അയാളുടെ കൂടെ യാത്രയായി. ഉട എന്നു വിളിക്കുന്ന ഒരുതരം മുള്ളുള്ള വൃക്ഷങ്ങളും കുറ്റിക്കാടുകളും താണ്ടി ഞങ്ങൾ മരുത്വാമലയിലെത്തി. ശരീരത്തിലെവിടെ മുറിവുണ്ടായാലും അതിനെ ഉടനടി ഉണക്കുകയും വിണ്ടുകീറിയ തൊലിയുടെ ഭാഗങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന മുറിവൊട്ടി എന്ന പച്ചയില ഞങ്ങൾ പറിച്ചെടുത്തു കൈയിൽ വച്ചിട്ടുണ്ടു്. അനേകം സെന്റിനറി ആഘോഷിച്ചുകഴിഞ്ഞ മാമരങ്ങളുടെ ഇടയിലൂടെ കടന്നു് മരുത്വാമലയിലേക്കു കയറി. ഒരു ഗുഹ. ഗുഹയ്ക്കകത്തു് നീണ്ട കറുത്ത താടിയോടു് കൂടിയ മൂന്നു മഹർഷികൾ കിടക്കുന്നു. ഞങ്ങൾ അവരെക്കണ്ടു കൈകൂപ്പി. സന്ന്യാസിശ്രേഷ്ഠന്മാർ ലൗകികാചാരങ്ങളിൽ തൽപരരല്ല. അവർ തിരിച്ചു തൊഴുതില്ലെന്നു മാത്രമല്ല ഞങ്ങളെ ഒന്നു നോക്കിയതുപോലുമില്ല. എങ്കിലും ആ പാദങ്ങൾ തൊട്ടു് ഞങ്ങൾ കണ്ണിൽവച്ചു. നീലാന്തരീക്ഷം കറുക്കാൻ തുടങ്ങി. ഒരു നക്ഷത്രം ഉദിക്കുകയും ചെയ്തു. ഇനിയും നിന്നാൽ കൂടുതലിരുട്ടും, മഹർഷിമാരുടെ ദർശനമുളവാക്കിയ പാവനത്വമുള്ളതുകൊണ്ടു് വഴിയിൽ പാമ്പുകടിക്കില്ല. എങ്കിലും തിരിച്ചു് നടന്നുതുടങ്ങി. മലയുടെ താഴ്‌വരയിൽ രണ്ടു് ഊളന്മാർ ഇണചേരുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടനെ അവ രസഭംഗത്തോടെ ഓടിപ്പോയി. പല പ്രയാസങ്ങളും തരണം ചെയ്തു് വീട്ടിലെത്തി. ഒരാഴ്ച കഴിഞ്ഞപ്പോൾ മഹർഷിമാരെ കാണണമെന്നു മോഹം. എക്സൈസ് ശിപായിയോടു “പോകാമോ?” എന്നു ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “വേണ്ട, അന്നു രക്ഷപ്പെട്ടതു് നമ്മുടെ ഭാഗ്യം. അവിടെക്കിടന്ന മൂന്നു താടിക്കാരും കൊലപാതകികളായിരുന്നു. തമിഴ്‌നാട്ടിലെവിടെയോ കൊലനടത്തിയിട്ടു് താടി നീട്ടിവളർത്തി മലയിലെ ഗുഹയിൽ വന്നു കിടക്കുകയായിരുന്നു അവർ. അവരെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയി”. അന്നുതൊട്ടു തുടങ്ങിയതാണു് സന്ന്യാസിയുടെ വേഷം ധരിച്ചവരെസ്സംബന്ധിച്ചു് എനിക്കുള്ള സംശയം എങ്കിലും ഭൗതികത്വം ആധ്യാത്മികത്വത്തെ അന്വേഷിക്കാതിരിക്കുന്നില്ല. ധർമ്മരാജാവിന്റെ കാലത്തെ ഹരിപഞ്ചാനനൻ തൊട്ടു് ഇക്കാലത്തു് വരെ തിരുവനന്തപുരത്തെത്തുന്ന സന്ന്യാസിമാരെ കാണാനും വന്ദിക്കാനും അവർ കൊടുക്കുന്ന ഭസ്മം നെറ്റിയിൽ ചാർത്താനും ഭക്തജനങ്ങൾക്കു് എന്തൊരു താൽപര്യമാണു്!

images/CVRamanPillaiYoung.jpg
സി. വി. രാമൻപിള്ള

കല്പിത കഥാപാത്രമായ ഹരിപഞ്ചാനനന്റെ യാഥാർത്ഥ്യം സി. വി. രാമൻപിള്ള നമുക്കു കാണിച്ചുതന്നു. ഇക്കാലത്തു് പ്രത്യക്ഷമാകുന്ന സന്ന്യാസിമാരുടെ ഉണ്മ നമ്മെ ഗ്രഹിപ്പിക്കാൻ ആരുമില്ല. പാറക്കെട്ടിനടിയിൽ ഒറ്റപ്പൂവു് വിരിഞ്ഞുനിൽക്കുന്നതു പോലെ ചിലപ്പോൾ സത്യം വിടരാറുണ്ടു് എന്നു മാത്രം. താഴെച്ചേർക്കുന്ന യഥാർത്ഥ സംഭവത്തിന്റെ ചെറിയ വർണ്ണന, സമയം ശ്രദ്ധിച്ചാലും 1950-നും 1955-നും ഇടയ്ക്കുള്ള കാലം. തിരുവനന്തപുരത്തു നിന്നു പത്തു പതിനഞ്ചു നാഴികയ്ക്കപ്പുറത്തുള്ള ഒരു സ്ഥലം, അവിടെയുള്ള ഒരു വീട്ടിൽ ഞാൻ ഉച്ചയ്ക്കു് മയങ്ങിക്കിടക്കുന്നു: അർദ്ധസുഷുപ്തി. അടുത്ത മുറിയിലെ അടക്കിയ സംഭാഷണം കേട്ടു ഞാൻ ഉണർന്നു. പ്രായംകൂടിയ സ്ത്രീ മദ്ധ്യവയസ്കയും സുന്ദരിയുമായ വേറൊരു സ്ത്രീയോടു, ആശ്രമജീവിതം എങ്ങനെയിരിക്കുന്നു? മധ്യവയസ്ക: “തരക്കേടില്ല. പക്ഷേ അർദ്ധരാത്രിയോടടുപ്പിച്ചു് പ്രധാനപ്പെട്ട സ്വാമിയുടെ പരിചാരകൻ വന്നു് “സ്വാമി വിളിക്കുന്നു. യോഗത്തിന്റെ മുറകൾ പറഞ്ഞുതരാനാണു്” എന്നു പറയാറുണ്ടു്. ഞാൻ പോകാറില്ല. ഇങ്ങനെ പല ദിവസവും രാത്രിയിൽ എന്നെ ശല്യപ്പെടുത്തുന്നു. എനിക്കു വേറെ ഒരിടത്തും പോകാൻ സ്ഥലമില്ലാത്തതുകൊണ്ടു് അവിടെത്തന്നെ കഴിഞ്ഞുകൂടുന്നു.” കേൾക്കേണ്ടതു് ഞാൻ കേട്ടു. പ്രായംകൂടിയ സ്ത്രീ അന്തരിച്ചു കഴിഞ്ഞു. സ്വാമിജി സമാധിയായി. മധ്യവയസ്ക ഇന്നു വൃദ്ധയായി ജീവിച്ചിരിക്കുന്നു. ഈ കാപട്യത്തെയാണു് പി. ആർ. ശ്യാമള ‘പിന്നിലായിപ്പോകുന്നവർ’ എന്ന ചെറുകഥയിലൂടെ സ്പഷ്ടമാക്കിത്തരുന്നതു്. ഒരു സന്ന്യാസിയും സന്ന്യാസിനിയും അവരെ കാണാനെത്തുന്ന വേറൊരാളും ഭൗതികത്വം ആധ്യാത്മികത്വത്തെ സാക്ഷാത്കരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ ഭൗതികത്വത്തിനു പരാജയം. പ്രതിപാദ്യ വിഷയത്തിനു യോജിച്ച ശൈലിയും ആഖ്യാനവും കഥാകാരിക്കുണ്ടു് (കഥ കലാകൗമുദിയിൽ).

മുടക്കംകൂടാതെ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്ന സുന്ദരിയായ ചെറുപ്പക്കാരിയോടു വെറുതെ ഞാൻ ചോദിച്ചു: “ആരാണു് പള്ളിയിലെ അച്ചൻ?” അവൾ; ഇന്നലെവരെ പ്രായംകൂടിയ ഒരച്ചനായിരുന്നു അദ്ദേഹത്തെ …ലേക്കു് മാറ്റി. ഇന്നു പുതിയ അച്ഛൻ വന്നു” “അദ്ദേഹമെങ്ങനെ?” എന്നു ഞാൻ വീണ്ടും. ചെറുപ്പക്കാരിക്കു ചിരിയടക്കാൻ വയ്യാതെയായി അവൾ മൊഴിഞ്ഞു. “ഓ, യങ് ആൻഡ് ഹാൻസം” (ചെറുപ്പക്കാരനും സുന്ദരനും) യൗവനത്തിലും സൗന്ദര്യത്തിലുമാണു് ഭക്തിയിരിക്കുന്നതു്. കിഴട്ടു കിഴവനെക്കണ്ടാൽ ഭക്തിയുണ്ടാകുമോ?

ഒ. വി. വിജയൻ
images/OVVijayan02.jpg
ഒ. വി. വിജയൻ

ടെക്നിക്കിനു് അപ്പുറത്തുള്ള ഒരു മണ്ഡലത്തിൽ സാഹിത്യകാരൻ എത്തുമ്പോഴാണു് അയാളെ യഥാർത്ഥത്തിലുള്ള സാഹിത്യകാരനായി കരുതുന്നതു്. സമുദായമദ്ധ്യത്തിലെ താൽകാലിക ക്ഷോഭങ്ങളെ ആകർഷകമായി അവതരിപ്പിച്ചാൽ ബഹുജനപ്രീതിയുണ്ടാകും. പക്ഷേ ധൈഷണിക ജീവിതം നയിക്കുന്നവരുടെ അംഗീകാരം അയാൾക്കു ലഭിക്കുകയില്ല. ഒ. വി. വിജയൻ ആ ക്ഷോഭങ്ങൾക്കുമതീതമായുള്ള മണ്ഡലങ്ങളിലേക്കു ഭാവനകൊണ്ടു കടന്നുചെല്ലുന്നു. ഉൾക്കാഴ്ചയുടെ അഗാധത എന്നു പറയുന്നതു് അതാണു്. അതു് ഒ. വി. വിജയനുള്ളതുകൊണ്ടാണു് അദ്ദേഹത്തെ സുപ്രധാനനായ കലാകാരനായി അഭിജ്ഞന്മാർ കാണുന്നതു്. കഥകളിലും ‘ഖസാക്കിന്റെ ഇതിഹാസ’മെന്ന നോവലിലും ഈ ‘അഗാധത’ പ്രദർശിപ്പിച്ച വിജയനെ ദില്ലിയിൽ വച്ചു് കഥാകാരനായ വി. നടരാജൻ കാണുകയുണ്ടായി. ആ കൂടിക്കാഴ്ചയുടെ ആകർഷകത്വമുള്ള റിപ്പോർട്ട് ‘ശ്രീരാഗം’ മാസികയുടെ രണ്ടാം ലക്കത്തിലുണ്ടു്.

എന്നും കാലത്തെഴുന്നേറ്റു് പെൺകുട്ടി കണ്ണാടിജന്നലിൽ മുഖമർപ്പിച്ചു് പാതയിലേക്കു നോക്കുന്നു. പുതിയ മുഖം കാണാനുള്ള ആഗ്രഹമാണു് അവൾക്കു്. പക്ഷേ, കാണുന്നതൊക്കെ മുൻപുകണ്ട മുഖങ്ങൾ അങ്ങനെയിരിക്കെ ഒരു നവയുവാവു വരുന്നു. എന്തൊരു സൗന്ദര്യം! പെൺകുട്ടിയുടെ മുഖത്തു് അരുണിമ. രോമാഞ്ചം. അവൾ ജന്നൽ തുറന്നിട്ടു് അയാളെ നോക്കി ചിരിക്കുന്നു. യുവാവിന്റെ മുഖവും തിളങ്ങുന്നു. ഈ പെൺകുട്ടിയാണു് മലയാള സാഹിത്യം. ഈ യുവാവാണു് ഒ. വി. വിജയൻ.

പീഡനം രാവണൻ കോട്ടയിലൂടെ

വൈശാഖന്റെ ഇക്കാലത്തെ കഥകൾ വായിക്കുന്നതു് വലിയ പീഡനമായിത്തീർന്നിരിക്കുന്നു. ഏതു കഥയും ദീർഘം, ദീർഘത രേഖാരൂപത്തിലല്ല അനുഭവപ്പെടുന്നതു്. രാവണൻ കോട്ടയിൽ കയറിയാലുണ്ടാകുന്ന “ചാക്രിക വൈഷമ്യ”മാണു് അദ്ദേഹത്തിന്റെ കഥകൾ പ്രദാനം ചെയ്യുന്നതു്. രേഖാരൂപമാണു് ആഖ്യാനമെങ്കിൽ ഏതെങ്കിലും കാലത്തു് എവിടെയെങ്കിലും ചെന്നു നില്ക്കുമല്ലോ. ചാക്രികയാനത്തിനു് അന്തമില്ല. നടന്നു നടന്നു് മനുഷ്യന്റെ ശരീരവും മനസ്സും കുഴയുന്നു. എന്തെങ്കിലും പ്രയോജനമുണ്ടോ, ലക്ഷ്യമുണ്ടോ? അവയൊട്ടു് ഇല്ലതാനും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ’ എന്ന കഥയും ഈ ദോഷത്താൽ മലീമസമായിരിക്കുന്നു. ഒരു തീവണ്ടിയാപ്പീസിലെ വെയിറ്റിങ് റൂമിൽ കുറെയാളുകളെ പ്രവേശിപ്പിച്ചു് സംസാരിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയുമാണു് കഥാകാരൻ. പിൻകഴുത്തിലെ എല്ലിനു രോഗമുള്ളതുകൊണ്ടു് കോളർ ധരിച്ച ഒരു കിഴവൻ. അയാൾ ഒരു മൂഢസ്വർഗ്ഗത്തിൽ കഴിയുന്നുവെന്നാണു് കഥാകാരന്റെ അഭിപ്രായം. അതു ശരിയുമാണു് ഇത്തരത്തിലുള്ള ഹിപോക്രിസിയെ പല കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നു. പക്ഷേ, അതിനെ കേന്ദ്രസ്ഥാനത്തു നിറുത്തി വികസിപ്പിക്കാതെ ഒരു മാധവൻനായരുടെയും യൂണിയനുകളുടെയും കാര്യങ്ങൾ പറഞ്ഞു ശാഖാ ചംക്രമണം നടത്തുന്നു. ഫലമോ? ലളിതമായ സത്യത്തിന്റെ വായിൽ അമർത്തി പിടിച്ച് അതിനെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന പ്രതീതി. വൈശാഖൻ പണ്ടത്തെ രീതിയിൽ നല്ല കഥകളെഴുതണമെന്നാണു് എന്റെ ആഗ്രഹം.

images/ChristinaRossetti2.jpg
ക്രിസ്റ്റീന റോസറ്റി

തിരുവനന്തപുരത്തു നിന്നു തിരിച്ചു് മദ്രാസിൽ ഇറങ്ങേണ്ട വിമാനത്തെ പൈലറ്റ് തിരുവനന്തപുരത്തുനിന്നു് നേരെ ടോക്കിയോവിലേക്കു കൊണ്ടുപോകുകയും അവിടെനിന്നു് മഡഗാസ്കറിൽ ഇറക്കുകയും പിന്നീടു് അന്റാർട്ടിക്കയിലേക്കു കൊണ്ടുചെന്നിട്ടു് ന്യൂയോർക്ക് നഗരത്തിന്റെ മുകളിൽ നിരന്തരം കറക്കിക്കൊണ്ടിരിക്കുകയും ചെയ്താൽ വിമാനയാത്രയ്ക്കു് പുതിയ മാനങ്ങൾ (dimensions) ഉണ്ടാക്കുകയാണു് അയാളെന്നു് (പൈലറ്റെന്നു്) ആരെങ്കിലും പറയുമോ? ചിലർ പറയുമായിരിക്കും. പക്ഷേ, അതു് ഉന്മാദത്തോടു് ബന്ധപ്പെട്ട മാനങ്ങളാണു്.

പ്രകൃതി നേരം വെളുപ്പിച്ചു, ഉച്ചയായി, സായാഹ്നമായി, രാത്രിയായി. നക്ഷത്രങ്ങളെയെടുത്തു് ആകാശത്തു വിതറി. ഇവിടെ ഭ്രാന്തില്ല. നേരേ മറിച്ചു് പ്രഭാതം കഴിഞ്ഞയുടനെ രാത്രിയായാൽ? രാത്രിക്കു ശേഷം മദ്ധ്യാഹ്നമായാൽ? പ്രകൃതിക്കു് കിറുക്കാണെന്നു നമ്മൾ പറയും. അതോടെ നമ്മൾക്കും കിറുക്കു പിടിക്കും. സാഹിത്യകാരന്മാർ ജനങ്ങളെ ഊളമ്പാറയിലേക്കു് അയയ്ക്കരുതു്.

അർത്ഥം, ഓർമ്മ, പരകീയം
  1. “ചേട്ടന്റെ ശരീരത്തിനു് ഒരു ഷേപ്പുമില്ല” എന്നു് ഭാര്യ ഭർത്താവിനോടു് സിനിമ കണ്ടതിനു ശേഷം. ഷേപ്പുള്ള മമ്മൂട്ടി എന്റെ ഭർത്താവായിരുന്നെങ്കിൽ എന്നു് ആ പ്രസ്താവത്തിന്റെ അർത്ഥം. “മധുരചുംബനം വേണ്ട. വെറും ചുംബനം മതി” എന്നു് ഭർത്താവു് ഭാര്യയോടു്. അയാൾക്കു ഡയബിറ്റിസ് എന്ന രോഗമുണ്ടെന്നു് അർത്ഥം.
  2. വാരികയുടെ പേരു കവറിൽ അച്ചടിച്ച എഴുത്തു് തിടുക്കത്തിൽ പൊട്ടിച്ചു നോക്കുന്നു എഴുത്തുകാരൻ. മുഖം മങ്ങുന്നു “എന്താ ദുഃഖം?” എന്നു ഭാര്യയുടെ ചോദ്യം. “ഓ വിശേഷാൽപ്രതിക്കു കഥ ചോദിച്ചിരിക്കുന്നു പത്രാധിപർ” എന്നു് ഉത്തരം. ചെക്ക് കാണുമെന്നു് ഞാൻ വിചാരിച്ചു. അതില്ല എന്നാണു് ആ ഉത്തരത്തിന്റെ അർത്ഥം.
  3. “ഭാവനാ മോഹനഗാനങ്ങൾ പാടി

    വി. വി. കെ. നമ്പ്യാർ സമുല്ലസിക്കെ”

    എന്നു ചങ്ങമ്പുഴ ആ കവിയെക്കുറിച്ചു്

    “ഞാൻ പോയാലോമനേ നീലാംബരിയിൽ നീ

    യെൻ നാമംചൊല്ലി വിലപിക്കല്ലേ”

    എന്ന വരികൾ വി. വി. കെ. നമ്പ്യാരുടേതാണോ എന്നു ഞാൻ ചങ്ങമ്പുഴയോടു ചോദിക്കുന്നു. അപ്പോൾ ക്രിസ്റ്റീന റോസറ്റി ശവകുടീരത്തിൽ കിടന്നുകൊണ്ടു് എന്നോടുചോദിക്കുന്നു.

    “When I am dead, my dearest

    sing no sad songs for me”

    എന്നതു് ഞാനെഴുതിയതല്ലന്നാണോ നിങ്ങളുടെ അഭിപ്രായം?
  4. “ഓ ഈ വയസ്സുകാലത്തു്…” എന്നു് പ്രായംകൂടിയ ആൾ കൂടക്കൂടെ. അത്രയ്ക്കു വയസ്സായില്ലെന്നു മറ്റുള്ളവർ പറയാനാണതു്.
  5. “ഇന്നു് ഓഫീസിൽ വലിയ ജോലിയായിരുന്നോ?” എന്നു് ഭർത്താവിനോടു ഭാര്യയുടെ ചോദ്യം. സുന്ദരിയായ സ്റ്റെനോഗ്രാഫറെ വിളിച്ചു് ഡിക്ടേഷൻ കൊടുത്തോ ധാരാളം? എന്നാണു് ആ ചോദ്യത്തിന്റെ അർത്ഥം.

    “വെണ്ണിക്കുളത്തിന്റെ സൗന്ദര്യ പൂജയിൽ

    കണ്ണും കരളും കുളിർത്തുപോകെ”

    ഇതാരെഴുതിയെന്നു് ഞാൻ വെണ്ണിക്കുള ത്തിനോടു ചോദിച്ചു “അറിഞ്ഞുകൂടാ” എന്നു് ഉത്തരം. “ചങ്ങമ്പുഴ ” എന്നു ഞാൻ “ആങ്ഹാ, ഇങ്ങനെയും എഴുതിയോ ചങ്ങമ്പുഴ?” എന്നു നന്ദിയോടും അദ്ഭുതത്തോടുംകൂടി കവിയുടെ ചോദ്യം. ഞങ്ങൾ രണ്ടുപേരും തിരുവനന്തപുരത്തെ വാട്ടർവർക്ക്സ് പാർക്കിൽ കുറെ നേരമിരുന്നു സംസാരിച്ചു. ഞാനൊരു സിഗററ്റ് കവിക്കു കൊടുത്തു. വെണ്ണിക്കുളത്തിനു സിഗററ്റ് വലിച്ചു ശീലമില്ല. സിഗററ്റ് പകുതിയോളം വായ്ക്കകത്തു് വച്ചിട്ടു് തിരിച്ചെടുത്തപ്പോൾ അതു “കൊഴകൊഴുന്നേ” നനഞ്ഞിരിക്കുന്നു.
ക്ഷമിക്കു
images/ArthurSchnitzler1912.jpg
ആർറ്റൂർ ഷ്നിറ്റ്സ്ലർ

ഓസ്ട്രിയൻ നാടകകർത്താവും നോവലിസ്റ്റുമാണു് ആർറ്റൂർ ഷ്നിറ്റ്സ്ലർ (Arthur Schnitzler, 1862–1981). അദ്ദേഹത്തിന്റെ ‘ലേ റൊങ്ട്’ എന്ന നാടകം പ്രഖ്യാതമാണു്. ആ നാടകത്തിലെ ഒരു രംഗത്തിന്റെ ഒരു ഭാഗം. വീട്ടിൽ ആൽഫ്രെഡ് എന്ന ചെറുപ്പക്കാരനും മേരി എന്ന ചെറുപ്പക്കാരിയായ വേലക്കാരിയും മാത്രമേയുള്ളു.

ആൽഫ്രെഡ്:
മേരി ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടുവരു. (മേരി വെള്ളം കൊണ്ടുവന്നു കൊടുക്കുന്നു. അവരുടെ വിരലുകൾ സ്പർശിക്കുന്നു.)
ആൽഫ്രെഡ്:
ഇവിടെ വരൂ മേരി.
മേരി:
(കൂടുതൽ അടുത്തേക്കു വരുന്നു) സർ.
ആൽഫ്രെഡ്:
കുറച്ചുകൂടെ അടുത്തു വരൂ… അതേ… ങ്ഹും… ഞാൻ വിചാരിച്ചു…
മേരി:
സാറെന്തു വിചാരിച്ചു?
ആൽഫ്രെഡ്:
ഞാൻ വിചാരിച്ചു… ഞാൻ വിചാരിച്ചു… നിന്റെ ബ്ലൗസിനെക്കുറിച്ചാണു് ഞാൻ വിചാരിച്ചതു്. എന്തു തുണിയാണിതു്?
മേരി:
എന്റെ ബ്ലൗസിനു് എന്തു കുഴപ്പം സർ, അങ്ങയ്ക്കു് ഇഷ്ടപ്പെട്ടോ ഇതു്? (മേരിയെ കൂടുതൽ തന്നിലേക്കു് അടുപ്പിക്കുന്നു യുവാവു്—ലേഖകന്റെ വാക്യം)
ആൽഫ്രെഡ്:
മേരി നിനക്കു് എത്ര സുന്ദരമായ വെളുത്ത ശരീരം!
മേരി:
സർ അങ്ങെന്നെ പ്രശംസിക്കുന്നു.
ആൽഫ്രെഡ്:
(അവളുടെ വക്ഷോജങ്ങളിൽ ചുംബിച്ചുകൊണ്ടു്) ഇതു് നിന്നെ വേദനിപ്പിക്കുന്നുണ്ടോ?
മേരി:
ഓ ഒരിക്കലുമില്ല… പക്ഷേ,… സർ, വാതില്ക്കലെ മണി ശബ്ദിച്ചാൽ. (മേരിയെ ഇത്രത്തോളം തന്നെ വസ്ത്രങ്ങളില്ലാതെ രണ്ടു ദിവസങ്ങൾക്കു മുൻപു് രാത്രി താൻ കണ്ടുവെന്നു് ആൽഫ്രെഡ് അവളോടു പറഞ്ഞു. രാത്രി അയാൾ വൈകി വീട്ടിലെത്തിയപ്പോൾ വെള്ളം കുടിക്കണമെന്നു തോന്നി. മേരി കിടക്കുന്നിടത്തു ചെന്നപ്പോഴാണു് അക്കാഴ്ച—ലേഖകന്റെ വാക്യങ്ങൾ.)
ആൽഫ്രെഡ്:
അപ്പോൾ ഞാൻ ഒരു പാടു കണ്ടു. ഇതും… ഇതും… ഇതും… പിന്നീടു്…
മേരി:
പക്ഷേ, സർ.
ആൽഫ്രെഡ്:
ഇവിടെ വരൂ… അടുത്തേക്ക്. ശരി… അങ്ങനെ തന്നെ.

(La Ronde, Scene 3)

സുന്ദരികളായ വേലക്കാരികളെ മാത്രം വീട്ടിൽ നിറുത്താറുള്ള ഒരുദ്യോഗസ്ഥനെ എനിക്കറിയാം. ആ ഉദ്യോഗസ്ഥന്റെ ഒരടുത്ത ബന്ധു ചിലപ്പോൾ ആ വീട്ടിൽ വരും. വന്നാലുടൻ (ഉദ്യോഗസ്ഥയില്ലെങ്കിൽ) ഒരു ബീഡിയെടുത്തു ചുണ്ടിൽ വയ്ക്കും. എന്നിട്ടു് അടുക്കളയിലേക്കു് ഒറ്റപ്പോക്കാണു് “കമലമ്മേ, തീപ്പെട്ടി ഇങ്ങെടു്” അല്പനേരം കഴിഞ്ഞു ബീഡി വലിച്ചുകൊണ്ടു് അയാൾ മുൻവശത്തേക്കു വരും. “നീ ഇത്രതാമസിച്ചന്തെന്നു്?” എന്നു് ഗൃഹനായികയുടെ ചോദ്യം” “പെണ്ണു പാത്രം തേക്കുകയായിരുന്നു തീപ്പെട്ടി നോക്കിയെടുത്തപ്പോൾ താമസിച്ചു്” എന്നു് ഉത്തരം. കൊച്ചമ്മ അപ്പോൾ അടുക്കളയിൽ ചെന്നു നോക്കിയാൽ വ്യാജമായി പെണ്ണു മുഖം വീർപ്പിച്ചു നില്ക്കുന്നുണ്ടാവും.

ഒരാഴ്ചപ്പതിപ്പിലെ കഥ വായിച്ചപ്പോൾ അതിന്റെ രചയിതാവു് ഷ്നിറ്റ്സ്ലറുടെ നാടകത്തിലെ യുവാവിനെപ്പോലെ, ഉദ്യോഗസ്ഥന്റെ ബന്ധുവിനെപ്പോലെ സാഹിത്യാംഗനയെ കടന്നാക്രമിക്കുന്നു എന്നു് എഴുതാൻ പോയതാണു ഞാൻ, അപ്പോഴാണു് കഥാകാരന്റെ പേരു പറയുന്നതു് മര്യാദകേടാണെന്നു ആശയം എന്നിലുദിച്ചതു്. അതുകൊണ്ടു് ആഴ്ചപ്പതിപ്പിന്റെ പേരും കഥാകാരന്റെ പേരും ഞാൻ എഴുതുന്നില്ല. വായനക്കാർ ക്ഷമിക്കട്ടെ.

പലരും പലതും
images/NancyMitford.jpg
നൻസി മിറ്റ്ഫോഡ്

അനപത്യതകൊണ്ടുള്ള ദുഃഖം അനുഭവിക്കുന്ന ഒരു തമിഴത്തിയെ കിടങ്ങറ ശ്രീവത്സൻ ഹൃദയസ്പർശകമായ വിധത്തിൽ അവതരിപ്പിക്കുന്നു ‘ദേശാടനപ്പക്ഷി’ എന്ന കഥയിൽ (സുനന്ദവാരിക)—‘എനിക്കു കുഞ്ഞുങ്ങളെ ഇഷ്ടമാണു്; കാരണം അവർ കരയും എന്നതുതന്നെ: കരയുമ്പോൾ അവരെ ആരെങ്കിലും എടുത്തുകൊണ്ടു പോകുമല്ലോ’ എന്നു് ബ്രിട്ടീഷ് നോവലിസ്റ്റ് നൻസി മിറ്റ്ഫോഡ് പറഞ്ഞതു് എനിക്കോർമ്മവരുന്നു.

ഉമ എന്ന കാണാൻ കൊള്ളാവുന്ന പെണ്ണിനെ ജോലിക്കായി കൊണ്ടുവന്നപ്പോൾ ഗൃഹനായകനും അനിയനും മകനും അവളെ കുറ്റംപറഞ്ഞു. പക്ഷേ, വെളിയിൽ വെറുപ്പു ഭാവിച്ചുകൊണ്ടു് അവരോരോരുത്തരും അവളെ പ്രാപിക്കാൻ ശ്രമിച്ചു. അതറിഞ്ഞ ഗൃഹനായിക അവളെ അവിടെനിന്നു പറഞ്ഞയച്ചു. ഇതാണു് ബിന്ദു തുറവൂർ എഴുതിയ ‘ചെന്നായ്ക്കൾ’ എന്ന കഥ (സെപ്റ്റംബർ മാസത്തിൽ മനോരാജ്യം നടത്തിയ കഥാമത്സരത്തിൽ വിജയം വരിച്ച കഥയാണിതു്). പ്രതിപാദ്യവിഷയം നിത്യജീവിതത്തിലെ സത്യം. ആ സത്യത്തെ കലയുടെ സത്യമാക്കാൻ ബിന്ദുവിനു് അറിഞ്ഞുകൂടാ. ജീവിതവ്യാഖ്യാനം നിർവ്വഹിക്കാതെ ബ്ളോട്ടിങ് പേപ്പർപോലെ ഏതും ഒപ്പിയെടുക്കുന്ന രചനയ്ക്കു് വൈരൂപ്യമാണുള്ളതു്.

യാചകനോടു് ‘ഒന്നുമില്ല’ എന്നു പറഞ്ഞു കാര്യസ്ഥൻ. വീട്ടിലെ മൂപ്പിന്നു് യാചകനെ തിരിച്ചു വിളിച്ചു് ഭിക്ഷയ്ക്കാണു വന്നതെങ്കിൽ ഇവിടെ ഒന്നുമില്ല. അതു പറയാൻ കാര്യസ്ഥനല്ല, തനിക്കാണു് അധികാരമെന്നു് പറയുന്നു. ഇതാണു് ധീരപാലൻ ചാളിപ്പാട്ടു് ജനയുഗം വാരികയിലെഴുതിയ ഒരു പദ്യത്തിന്റെ സാരം—പലരും പറഞ്ഞുപറഞ്ഞു് പഴങ്കുഞ്ഞിയായ ഒരു നേരമ്പോക്കിനെ പഴങ്കുഞ്ഞിയിലും കെട്ടരീതിയിൽ ധീരപാലനു് എടുത്തെഴുതാൻ അറിയാം.

പ്യേർ ഒഗ്യുസ്തു് റൻവേർ (Renoir) ഫ്രഞ്ചു ചിത്രകാരനായിരുന്നു. സ്ത്രീകൾ പുസ്തകമെഴുത്തുകാരികളും അഭിഭാഷകകളും രാഷ്ട്രീയക്കാരികളുമായി മാറുമ്പോൾ രാക്ഷസികളായിത്തീരുന്നുവെന്നു് അദ്ദേഹം പറഞ്ഞു. ശരിയാണോ എന്തോ? പക്ഷേ ഒരു സുന്ദരിയായ പുസ്തകമെഴുത്തുകാരി റൻവേറിന്റെ നേർക്കു് ഒരു കടാക്ഷമെറിഞ്ഞാൽ അദ്ദേഹം വീണുപോകും. സുന്ദരിയായ കാവ്യാംഗന കടാക്ഷിച്ചാൽ ഞാനും വീഴും. ചുനക്കര രാമൻകുട്ടി യുടെ കാവ്യാംഗന കടാക്ഷിച്ചിട്ടും ഞാൻ വീഴാത്തതു് അവൾക്കു വൈരൂപ്യമുള്ളതു കൊണ്ടാണു് (മംഗളം വാരികയുടെ മൂന്നാംപുറത്തു് അവൾ നില്ക്കുന്നു).

പൊൻകുന്നം വർക്കി യുടെ ഗദ്യകവിതകൾ ബാല്യകാലത്തു വായിച്ചു് ഞാൻ ആഹ്ലാദിച്ചിരുന്നു. ആ നല്ല മനുഷ്യൻ നിശ്ശബ്ദനായി ഇരിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. അതു് എന്നെപ്പോലുള്ളവർക്കു വിഷാദമുളവാക്കുന്നു. ധൈര്യവും ആർജ്ജവവുമുള്ള ആ ശബ്ദം ഞങ്ങൾക്കു കേൾക്കണം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-11-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 9, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.