സാർവലൗകികമായ അംഗീകാരത്തെ താനേറ്റവും വെറുക്കുന്നുവെന്നു രവീന്ദ്രനാഥടാഗോർ പറഞ്ഞതായി കേശവദേവ് കൂടക്കൂടെ പ്രസംഗിച്ചു ഞാൻ കേട്ടിട്ടുണ്ടു്. ജപ്പാനിലോ മറ്റോ മഹാകവി പോയപ്പോൾ അവിടെ നടത്തിയ പ്രഭാഷണത്തിലാണത്രേ അദ്ദേഹം അങ്ങനെ പ്രസ്താവിച്ചതു്. ടാഗോറിനു് അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കിൽ എന്താവാം അതിനു കാരണം? മഹാകവിയുടെ ചിന്താമണ്ഡലത്തിൽ കടന്നുചെല്ലാനുള്ള വൈദഗ്ദ്ധ്യം എനിക്കില്ല. എങ്കിലും എന്റെ ചെറിയ ബുദ്ധികൊണ്ടു് അലോചിക്കുകയാണു്. സാർവലൗകികമായ അംഗീകാരം ഉണ്ടാകുമ്പോൾ അഭിനന്ദനവചസ്സുകളുടെ വർഷാപാതം ഉണ്ടാകും. ആ രജതരേഖകളുടെ അകത്തു് ബന്ധനസ്ഥനായിപ്പോകുന്ന കവിയുടെ ചിന്താസ്വാതന്ത്ര്യം നശിക്കുന്നു. ഭാവനയുടെ ചിറകുകൾ തളരുന്നു. സർഗ്ഗശക്തി നശിച്ചു് ആ കവി വെറും മൺകട്ടയായി മാറുന്നു. വർഷാപാതമേറ്റു് അലിഞ്ഞലിഞ്ഞു് അപ്രത്യക്ഷനാകുന്നു. ശരിയാണിതെന്നു എനിക്കു തോന്നുകയാണു്. നോബൽ സമ്മാനം കിട്ടിയവരാരും പിന്നീടു് ഉത്കൃഷ്ടമായ ഒരു കൃതിപോലും രചിച്ചിട്ടില്ല. ടാഗോറും ഇക്കാര്യത്തിൽ വ്യത്യസ്തനല്ല.
സാർവലൗകികമായ അംഗീകാരത്തെ ചുരുക്കിച്ചുരുക്കിക്കൊണ്ടുവന്നു് ഭാരതത്തെസ്സംബന്ധിക്കുന്ന അംഗീകാരമാവട്ടെ അതു്. അവിടെ നിന്നും സങ്കോചമാർന്നു് അതു് കേരളത്തെസ്സംബന്ധിച്ച അംഗീകാരമായിക്കൊള്ളട്ടെ. അപ്പോഴും ഇതുതന്നെ സംഭവിക്കും. അംഗീകാരം രൂപം കൊള്ളുന്നതു് സ്വീകരണമെന്ന ഓമനപ്പേരിലാണല്ലോ. സ്വീകരണസമ്മേളനങ്ങളിൽ വിമർശനപരമായി ആർക്കും ഒന്നും പറയാൻ വയ്യ. സത്യസന്ധതയുള്ളവർ അത്തരം സമ്മേളനങ്ങളിൽ പോകാതെ ഒഴിഞ്ഞുനില്ക്കും. ക്ലിക്കിൽ പെട്ടവരും ജനിച്ചയുടനെ “അമ്മേ ഞാൻ ഇനി ജീവിതത്തിൽ കള്ളമേ പറയൂ” എന്നു് അവരോടു സത്യം ചെയ്തവരും സഭാവേദികളിൽ ചാടിക്കയറി “ഇദ്ദേഹം മൂന്നു ചക്ക മുള്ളൊടെ വിഴുങ്ങുന്നവനാണു്” എന്നു ഘോരഘോരം പ്രസംഗിക്കുന്നു. കരഘോഷം. ആ കരഘോഷം തന്റെ പ്രഭാഷണപാടവത്തെ അഭിനന്ദിക്കുന്നതിന്റെ ഫലമാണെന്നു തെറ്റിദ്ധരിക്കുന്ന പ്രഭാഷകൻ മൂന്നു ചക്കയെ മുപ്പതു ചക്കയാക്കി തിരുത്തിപ്പറയുന്നു. ഇതൊക്കെ കേട്ടുകൊണ്ടു് സഭാവേദിയിലിരിക്കുന്ന അഭിനന്ദിതൻ ആനന്ദിതനായി ‘ജയജയ നാഗകേതന’ എന്ന മുഖസ്തുതി കേട്ട സുയോധനനെപ്പോലെ നടുവു് പിറകോട്ടു വളച്ചു ‘ഗോഗ്ഗ്വാ’വിളിക്കുന്നു. ഇങ്ങനെ പത്തു സ്വീകരണസമ്മേളനങ്ങളിൽ പങ്കുകൊണ്ടു കഴിയുമ്പോൾ എഴുത്തുകാരന്റെ വൈമല്യം നശിക്കുന്നു; സത്യശീലത നശിക്കുന്നു. സ്വീകരണ സമ്മേളനങ്ങൾ വാരിക്കുഴികളാണു്. അവയിൽ വീഴുന്ന ആനകൾക്കു പിന്നീടു് കാട്ടിൽ ഇഷ്ടംപോലെ അലഞ്ഞു നടക്കാൻ പറ്റില്ല. പിടിച്ചുകൊണ്ടു പോകുന്നവരുടെ ആഗ്രഹമനുസരിച്ചു് പൂരത്തിനു നെറ്റിപ്പട്ടം കെട്ടി നിർവഹിക്കേണ്ടതായി വരും. മുറിച്ചിട്ട തടികൾ പിടിച്ചു ഫോറസ്റ്റ് ഡിപ്പോയിൽ കൊണ്ടുവരേണ്ടി വരും.
ആധുനികകാലത്തു് പ്രേമവും വാരിക്കുഴി തന്നെ. അതിൽ വീഴുന്ന പെണ്ണിനെ ആണും ആണിനെ പെണ്ണും പിടിച്ചു കരയിലേക്കു കയറ്റുന്നു. പിന്നീടു് “ഹസ്തേന ഹസ്തതലമാത്തസുഖം ഗൃഹീത്വം” നടത്തമാണു്. പക്ഷേ, അതു കുറച്ചു സമയത്തേക്കു മാത്രം. ഏതാനും മണിക്കൂറിനുവേണ്ടിയാണു് അങ്ങനെ പിടിച്ചു കയറ്റുന്നതെങ്കിൽ എന്തിനു് അതു ചെയ്യാൻപോയി? അവിടെയാണു് അസ്തിത്വവാദികൾ നമ്മുടെ സഹായത്തിനെത്തുന്നതു്. ഓരോ വ്യക്തിയും മറ്റുള്ളവരിൽ നിന്നു് അകന്നു നില്ക്കുന്നു. അകന്നു നില്ക്കുന്ന ഈ വ്യക്തിക്കു് മറ്റൊരു വ്യക്തിയുമായി ഐക്യം പ്രാപിച്ചു് തന്റെ ‘അന്യവത്കരണ’ത്തെ നശിപ്പിക്കാനുള്ള ആഗ്രഹമുണ്ടു്. ആഗ്രഹത്തിനു് സാഫല്യമുണ്ടാകുന്നില്ല. പ്രേമത്തിൽ വീണു് അല്പകാലം കഴിയുന്നതിനുമുൻപു് മോഹഭംഗമുണ്ടാകുന്നു. പ്രേമം വിവാഹത്തിൽ പര്യവസാനിച്ചാൽ മധുവിധു കഴിയുന്നതോടൊപ്പം ആ വികാരവും നശിക്കുന്നു. ഈ മോഹഭംഗമാണു് എക്സ്പ്രസ്സ് വാരികയിൽ ‘കാണികളിലൊരാൾ’ എന്ന ചെറുകഥയെഴുതിയ ശ്രീധരൻ ചമ്പാടിന്റെ വിഷയം. അവൾ സർക്കസ്സുകാരിയാണു്. അവൾ ഉത്കടമായി സ്നേഹിച്ചിരുന്ന ഒരുത്തൻ മറ്റൊരുത്തിയെ വിവാഹം കഴിച്ചു. അവൾ സർക്കസ്സുകാരിയായിത്തന്നെ കഴിഞ്ഞുകൂടി. അങ്ങനെയിരിക്കെ അവൾ ട്രപ്പീസിൽ വിദ്യകൾ കാണിക്കുന്നതു നോക്കിക്കൊണ്ടു് അയാൾ കാഴ്ചക്കാരുടെ കൂട്ടത്തിൽ ഇരിക്കുന്നതു് അവൾ കാണുന്നു. വികാരം കൊടുമ്പിരിക്കൊള്ളുന്ന നിമിഷം. അതുകൊണ്ടുതന്നെ അവൾ പിടിവിട്ടു താഴെവീണു മരിക്കാം. എങ്കിലും ആപത്തുണ്ടായില്ല. സർക്കസ്സ് അവസാനിച്ചു. പ്രേക്ഷകർ പോയി. അവരുടെ കൂടെ അയാളും അപ്രത്യക്ഷനായി. ഭൂതകാലത്തിൽ മറഞ്ഞ ഒരു സംഭവത്തെ ചലച്ചിത്രത്തിലെ രംഗംപോലെ പുനരാവിഷ്ക്കരിക്കുന്ന പ്രതീതി വായനക്കാരനു്. ഫ്രഞ്ച് കവിയും സംവിധായകനും അഭിനേതാവുമായിരുന്ന ആങ്തൊനങ് ആർതോ (Antonin Artaud, 1896–1948) “സ്ത്രീയുടെ ഇരുട്ടിൽനിന്നാണു് തിന്മയുണ്ടാകുന്ന”തെന്നു പറഞ്ഞിട്ടുണ്ടു്. ഇവിടെ പ്രകാശത്തിൽനിന്നു് ആവിർഭവിക്കുന്ന നന്മ കാണാം.

പ്രേമത്തിനു് വിശേഷിച്ചൊരു നിലനില്പു് ഇല്ലെന്നാണു് ഫ്രായിറ്റി ന്റെ വാദം. കാമത്തിന്റെ സംശോധിത രൂപമായിട്ടാണു് അദ്ദേഹം പ്രേമത്തെ കാണുന്നതു്. എല്ലാ സ്നേഹവും ലൈംഗികാസക്തിയുടെ രൂപാന്തരമാണത്രേ. ഫ്രായിറ്റ് വാഴ്ത്തുന്ന സെക്സിന്റെ പ്രാധാന്യവും ആധുനിക കാലത്തു നഷ്ടപ്പെട്ടിരിക്കുന്നു. സന്തത്യുല്പാദനത്തിനു പോലും സെക്സ് വേണ്ടെന്നാണു് വാദം. ജർമി ചെർഫാസും ജോൺ ഗ്രിബിനും ചേർന്നെഴുതിയ The Redundant Male എന്ന പുസ്തകത്തിൽ സെക്സ് വേണ്ടെന്നുവയ്ക്കുന്ന മൃഗത്തിനു് പാർതനോജനിസിസിൽക്കൂടി (Parthenogenesis—കന്യകയുടെ പ്രസവം—ബീജസംയോഗം കൂടാതെയുള്ള ഭ്രൂണത്തിന്റെ വളർച്ച) സന്തതി ലഭിക്കുമെന്നു സ്ഥാപിച്ചിരിക്കുന്നു.

ഏകാന്തത്തിൽ മനുഷ്യൻ വിചിത്രമായി പെരുമാറാറുണ്ടു്. ഒരു ദിവസം രാത്രി ഞാനും ബന്ധുക്കളുംകൂടി വഞ്ചിയൂർ എന്ന സ്ഥലത്തെ ഒരു വീട്ടിലേക്കു പോവുകയായിരുന്നു. ഞങ്ങളുടെകൂടെ പ്രശസ്തനായ അഭിനേതാവും മേക്കപ്പ് ആർട്ടിസ്റ്റുമായ കെ. വി. നീലകണ്ഠൻനായർ കൂടിയുണ്ടായിരുന്നു. അദ്ദേഹം മുൻപിൽ നടക്കുകയാണു്. പെട്ടെന്നു് നീലകണ്ഠൻനായർ റോഡിന്റെ മദ്ധ്യഭാഗത്തു നിന്നു. നട്ടെല്ലു പിറകോട്ടു വളച്ചു. ഇടതുകൈയിൽ വില്ലുപിടിച്ചിരിക്കുന്ന അഭിനയം. വലതുകൈ അമ്പു് അയയ്ക്കാൻ ഭാവിക്കുന്ന രീതി. ആ പ്രദേശം മുഴുവൻ കേൾക്കുന്ന മട്ടിൽ അദ്ദേഹം അലറി “രാക്ഷസരാജാവായ രാവണാ, നീ എനിക്കു ശഷ്പതുല്യൻ” എന്റെ കാരണവന്റെ ഭാര്യ ഭവാനി അമ്മ “ങേ ങേ കൊച്ചീലാണ്ടാ, എന്തോന്നിതു്?” എന്നു ചോദിച്ചു. കൂടെയുണ്ടായിരുന്ന ശേഖരപിള്ള എന്നൊരാൾ “അണ്ണാ” എന്നുവിളിച്ചുകൊണ്ടു് ഒറ്റച്ചാട്ടം. കെ. വി. നീലകണ്ഠൻ നായർക്കു ഭ്രാന്തുപിടിച്ചുവെന്നാണു ഞാൻ വിചാരിച്ചതു്. ഭ്രാന്തല്ലായിരുന്നു. അക്കാലത്തു് അദ്ദേഹം കൈനിക്കര സ്സഹോദരന്മാർ, പി.കെ. വിക്രമൻനായർ ഇവരോടൊരുമിച്ചു് ‘രാമായണം’ നാടകം അഭിനയിക്കുകയായിരുന്നു. പെട്ടെന്നു് അദ്ദേഹം ലക്ഷ്മണനായി മാറിപ്പോയി. വഞ്ചിയൂരെ അക്കാലത്തെ ചെമ്മണ്ണുനിറഞ്ഞ റോഡ് കാനനമാർഗ്ഗമായി തോന്നിപ്പോയി അദ്ദേഹത്തിനു്. പാതയുടെ രണ്ടു വശത്തുമുള്ള വീടുകൾ മാമരങ്ങളായും കുറച്ചകലെയുള്ള ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളിന്റെ വലിയ ഗെയ്റ്റ് ലങ്കയിലേക്കുള്ള പ്രവേശനദ്വാരമായും നീലകണ്ഠൻനായർക്കു തോന്നിയിരിക്കണം. ലക്ഷ്മണൻ വീണ്ടും കെ. വി. നീലകണ്ഠൻനായരാകാൻ കുറെ സമയം വേണ്ടിവന്നു. പിന്നീടു് അദ്ദേഹം ലജ്ജിച്ചു നടന്നതു് എന്റെ മനക്കണ്ണു് ഇപ്പോഴും കാണുന്നു. മാക്സിം ഗോർക്കി യുടെ Fragments from My Diary എന്ന രസകരമായ പുസ്തകത്തിൽ ഇമ്മട്ടിലുള്ള അനേകം സംഭവങ്ങൾ വിവരിച്ചിട്ടുണ്ടു്. ഒരെണ്ണം പറയാം. പാതിരിയായ വ്ളാഡിമിർസ്കി ഒരു ബൂട്ടെടുത്തു മുൻപിൽ വച്ചിട്ടു് “ഇനി, പോ” എന്നു പറഞ്ഞു. എന്നിട്ടു് “ഹാ, നിനക്കു പോകാൻ വയ്യ അല്ലേ” എന്നു ചോദിച്ചു. തുടർന്നു് അന്തസ്സോടും ആത്മവിശ്വാസത്തോടുംകൂടി അയാൾ ഇങ്ങനെയും കൂട്ടിച്ചേർത്തു: “നോക്കു് എന്നെക്കൂടാതെ നിനക്കു് ഒരിടത്തും പോകാൻ വയ്യ!” ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴാണു് ഗോർക്കി അതൊക്കെ കേട്ടുകൊണ്ടു പാതിരിയുടെ മുൻപിലേക്കു ചെന്നതു്. “അച്ചനെന്തു ചെയ്യുന്നു?” എന്നു ഗോർക്കി ചോദിച്ചു. പാതിരി അദ്ദേഹത്തെ സൂക്ഷിച്ചു നോക്കിയിട്ടു് മറുപടി നല്കി: “ഈ ബൂട്ടിന്റെ കാര്യം. ഇതിന്റെ അടിത്തോൽ നന്നെ തേഞ്ഞിരിക്കുന്നു. ഇപ്പോഴൊക്കെ മോശമായ ബൂട്ട്സാണു് അവരുണ്ടാക്കുന്നതു്.”
ഏകാന്തത്തിൽ മനുഷ്യൻ ഇങ്ങനെ പെരുമാറുന്നതു മനസ്സിലാക്കാം. നാലുപേർ കേൾക്കെ ഉന്മത്തപ്രലപനം നടത്തിയാൽ മനസ്സിലാക്കുന്നതെങ്ങനെ? പൂരവും പ്രേമഭാജനവും ഒന്നുപോലെയെന്നാണു് പെരിങ്ങോടു ശങ്കരനാരായണൻ ബോധത്തികവോടുകൂടി നമ്മളോടു പറയുന്നതു്. പൂരത്തിനു് ആനയുണ്ടു്. അവളും ആന തന്നെ (ഗജരാജവിരാജിത മന്ദഗതിയിൽ) മേനക വിശ്വാമിത്രന്റെ മനസ്സു് ഇളക്കി. പ്രേമഭാജനമാകുന്ന മേനക കാഴ്ചക്കാരായ താടിക്കാരുടെ മനസ്സു് ഇളക്കിവിടുന്നു. പഞ്ചവാദ്യവും ഇലത്താളവും മറ്റും പൂരത്തിൽ പ്രേമഭാജനത്തിന്റെ വളകളുടെ ശബ്ദം പഞ്ചവാദ്യമോ ഇലത്താളമോ ആകാം. പൂരത്തിനു് മത്താപ്പു് പ്രേമഭാജനത്തിനു പുഞ്ചിരിയെന്ന മത്താപ്പു്. പുത്തൻ സാരിയുളവാക്കുന്ന ഭാവവിശേഷം അവൾക്കു്, പൂരത്തിനുമുണ്ടു് ഭാവവിശേഷം. അറ്റം കൂർത്ത മട്ടിൽ കമ്പിക്കാലിൽ കെട്ടിയിടുന്ന സാറ്റിൻ തുണി പൂരത്തിന്റെ ഒരലങ്കാരവസ്തുവാണല്ലൊ. താലങ്ങൾ നിരവധിയുണ്ടു് പൂരത്തിനു്. കാമിനി പൂത്താലവുമായി വരുന്നു. കൂത്തുണ്ടു് പൂരത്തിനു്. പേക്കൂത്തു നടത്തുന്നു കാമിനി കാമുകനിൽ. പൂരവും പെണ്ണും ഒന്നുതന്നെ. എക്സ്പ്രസ്സ് വാരികയിലെ പൂരം എന്ന ‘കാവ്യം’ നോക്കിയാലും ഇതിലും ഭേദം പ്രേമഭാജനവും എക്സ്പ്രസ്സ് വാരികയും ഒന്നാണെന്നു സ്ഥാപിക്കുകയായിരുന്നു. അതിനു പ്രയാസമൊട്ടില്ലതാനും. മുത്തശ്ശിമാരുടെ മട്ടിൽ ചോദിക്കാൻ തോന്നുന്നു: “ഭഗവാനേ തൃശൂർ ദേവാലയത്തിൽ കുടികൊള്ളുന്ന തമ്പുരാനേ, എന്തെല്ലാം കണ്ടാൽ ജന്മമൊടുങ്ങും?”

ലാറൻസ് ഡൂറൽ പേരുകേട്ട ബ്രിട്ടീഷ് നോവലിസ്റ്റാണു്. അദ്ദേഹത്തിന്റെ Justine എന്ന നോവലിൽ “സ്ത്രീയെ മൂന്നുവിധത്തിൽ പ്രയോജനപ്പെടുത്താം; നിങ്ങൾക്കു അവളെ സ്നേഹിക്കാം, അവൾക്കുവേണ്ടി വേദന അനുഭവിക്കാം, അവളെ സാഹിത്യമായി മാറ്റാം.” എന്നു പറഞ്ഞിട്ടുണ്ടു്. അവളെ സാഹിത്യമായി മാറ്റുമ്പോൾ തൃശൂർ പൂരമായും മാറ്റാം എന്നു ഡൂറൽ അറിഞ്ഞില്ലല്ലോ. സായിപ്പേ, നിങ്ങൾക്കു ഹാ. കഷ്ടം.

‘മയൂരസന്ദേശ’മെഴുതിയ കേരളവർമ്മ യുടെ കാലം. അദ്ദേഹം ‘ഓടിക്കൂടി,’ ‘ചാടിക്കൂടി,’ ‘തേടിക്കൂടി,’ ‘പാടിക്കൂടി’ എന്നൊക്കെ നാലുവരിയിലും ചേർത്തു കാവ്യം രചിക്കുന്നതു കണ്ടു് അക്കാലത്തെ ആളുകൾ ‘ഹാ ഹാ’ എന്നു് അഭിനന്ദനം സൂചിപ്പിക്കുമാറു് അലമുറയിട്ടിരുന്നു. രാജവാഴ്ച നിലവിലിരുന്നതു കൊണ്ടോ വിശാഖംതിരുനാളിന്റെ അടുത്ത ബന്ധുവായിരുന്നു അദ്ദേഹമെന്നതുകൊണ്ടോ ആയിരുന്നില്ല ആ അലമുറ. ജനങ്ങളുടെ സാഹിത്യാഭിരുചി ആ രീതിയിലായിരുന്നു എന്നു മാത്രം. കാലംകഴിഞ്ഞു. ഈ. വി. കൃഷ്ണപിള്ള യുടെ ‘നാടകങ്ങൾ’ അരങ്ങേറിയപ്പോഴും ഈ സ്തുതിഗീതങ്ങൾ കേൾക്കാറായി. ഇന്നു് ആ നാടകങ്ങൾ എന്തെങ്കിലും ചലനമുണ്ടാക്കുന്നുണ്ടോ? ഇല്ലതന്നെ. ഈ. വി.യുടെ കാലത്തെ അഭിരുചിയാണു് ആളുകളെക്കൊണ്ടു് ആ സ്തുതിവചനങ്ങൾ ഉദീരണം ചെയ്യിച്ചതു്. ചങ്ങമ്പുഴ യ്ക്കും ഇടപ്പള്ളി രാഘവൻപിള്ള യ്ക്കും കുറെ വർഷങ്ങൾക്കു മുൻപു ലഭിച്ച അംഗീകാരം ഇന്നില്ല. ഇന്നു് ഒരു കാവ്യഗുണവുമില്ലാത്ത നവീനകാവ്യത്തെ ചിലർ വാഴ്ത്തിക്കൊണ്ടു നടക്കുന്നു. അധികം കാലം വേണ്ട. ഇവരൊക്കെ ബുദ്ധിശൂന്യരായിരുന്നുവെന്നു ഭാവിയിലെ ജനതയിൽനിന്നു പ്രഖ്യാപനമുണ്ടാകും. മാറിമാറിവരുന്ന സാഹിത്യസങ്കല്പങ്ങൾ സാഹിത്യസങ്കല്പത്തിൽ ആഘാതമേല്പിക്കുന്നതിന്റെ ഫലമാണിതു്. എന്നാൽ കാലമെത്ര കഴിഞ്ഞാലും രാമചന്ദ്രൻ വയലാർ, മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ ‘സമാന്തര രേഖകൾ’ പോലുള്ള കഥകളെസ്സംബന്ധിച്ചു് അഭിജ്ഞന്മാർക്കു് ഇന്നുള്ള അഭിപ്രായത്തിനു മാറ്റം വരില്ല. കുപ്പത്തൊട്ടി എല്ലാക്കാലത്തും കുപ്പത്തൊട്ടി തന്നെയാണല്ലോ. പണ്ടു് ഈ തൊട്ടിയിൽനിന്നു നാറ്റം വന്നിരുന്നു, ഇപ്പോൾ പനിനീർപ്പൂവിന്റെ പരിമളം പ്രസരിക്കുന്നു എന്നു് ആർക്കും പറയാനാവില്ല. സ്ഥിരം പ്രതിപാദനം തന്നെയാണു് ഈ കഥാസാഹസത്തിനുമുള്ളതു്. ഒരു പെണ്ണിനെ സ്നേഹിച്ചിരുന്ന ഒരുത്തൻ നാടുവിട്ടു പോയി. ആ അന്യനാട്ടിൽ ഒരു വിധവ അയാളുടെ ജീവിതസഖിയാകാൻ സന്നദ്ധയായിട്ടും അയാൾ അവളെ സ്വീകരിക്കുന്നില്ല. തിരിച്ചു് നാട്ടിലെത്തുമ്പോൾ പൂർവകാമുകി സ്വന്തമനുജന്റെ ഭാര്യയായിത്തീർന്നിരിക്കുന്നു. ഈ പൈങ്കിളിക്കഥ ഏതെങ്കിലും കാലത്തു് സാഹിത്യമായി മാറുമോ?
ഈ ചിന്ത വേറൊരു ചിന്തയിലേക്കു നമ്മെ കൊണ്ടുചെല്ലുന്നു. ഇംഗ്ലീഷ് അറിയാൻ പാടില്ലായിരുന്നകാലത്തു് “രണ്ടു നാലുദിനം കൊണ്ടൊരുത്തനെ” എന്നു തുടങ്ങുന്ന വരികൾ ഉത്കൃഷ്ടമായ കവിതയാണെന്നു് ഞാൻ ധരിച്ചിരുന്നു. സെക്കൻഡ് ഫോമിലെത്തിയപ്പോൾ ‘ട്വിങ്ങ്കൾ ട്വിങ്ങ്കൾ ലിറ്റിൽ സ്റ്റാർ’ എന്നതിനെ ജയിക്കാൻ വേറൊരു കാവ്യമില്ലെന്നു ധരിച്ചുവച്ചു. ഇന്റർമീഡിയറ്റ് ക്ളാസ്സിലെത്തിയപ്പോൾ “അന്നമുണ്ടുകുളമോ കബന്ധമുണ്ടുന്നതക്ഷിതിപ യുദ്ധഭൂമിയോ?” എന്നതാണു് പരമോൽകൃഷ്ടമായ കവിതയെന്നു കരുതി. കാലം കഴിഞ്ഞു. വിശ്വസാഹിത്യത്തിലെ മാസ്റ്റർപീസുകളുടെ സൗന്ദര്യം കണ്ടപ്പോൾ ‘ഇന്ദുലേഖ’യും ‘ശാരദ’യും ‘മാർത്താണ്ഡവർമ്മ’യും മറ്റും മൈനർ നോവലുകളാണെന്ന പരമാർത്ഥം എന്റെ മുൻപിൽ തെളിഞ്ഞുവന്നു. പാശ്ചാത്യവിദ്യാഭ്യാസമില്ലാത്ത ചിലർ ഇന്നു ചില മലയാള നോവലുകളെ പൊക്കുന്നുണ്ടു്. അവരുടെ മൂല്യനിർണ്ണയം ശരിയല്ലെന്നു മാത്രമേ എനിക്കെഴുതാനുള്ളു. ഓരോ പൂർവകാല കൃതിയുടെയും സ്വഭാവവും മൂല്യവും നവീനകാലത്തു് ആവിർഭവിച്ചുകൊണ്ടിരിക്കുന്ന മാസ്റ്റർപീസുകൾ പരിവർത്തനം ചെയ്യും.
നമ്മൾ അന്യൂനമെന്നു കരുതുന്ന രചനകൾപോലും അവയുടെ രചയിതാക്കൾക്കു് അന്യൂനങ്ങളായി തോന്നുകില്ല. അപ്പോൾ അവർ പൂർണ്ണമാക്കാതെ ഇട്ടിട്ടുപോയ രചനകളെക്കുറിച്ചു് എന്തുപറയാനിരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ സൗകര്യമുണ്ടായിരുന്നെങ്കിൽ അവർ അതു തീകത്തിച്ചുകളയുമായിരുന്നു. കവിയോടും നോവലിസ്റ്റിനോടുമൊക്കെ ചെയ്യാവുന്നു ഏറ്റവും വലിയ അപരാധം അവർ ചവറെന്നു കരുതി തള്ളിയിട്ടിട്ടുപോയ അത്തരം രചനകളെ പ്രകാശിപ്പിക്കുക എന്നതാണു്. കുങ്കുമം വാരികയിൽ ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്ന ‘പെണ്ണും വേദാന്തവും’ എന്ന കാവ്യം 1950-ൽ ജനശക്തി വാരികയിൽ പ്രസിദ്ധപ്പെടുത്തിയതാണു്. കലാശൂന്യമെന്നു കണ്ടു് അതിന്റെ രചയിതാവായ വയലാർ രാമവർമ്മ തന്റെ ഒരു കാവ്യസമാഹാരഗ്രന്ഥത്തിലും അതു ഉൾപ്പെടുത്താതിരുന്നതാണു്. ഒരു വേശ്യയും ഒരു സന്ന്യാസിയും തമ്മിലുള്ള ബന്ധത്തെ വിലക്ഷണമായി ചിത്രീകരിക്കുന്ന ഈ രചനയിൽ കാവ്യചിന്തകളില്ല, ആകർഷകത്വമുള്ള ഇമേജുകളില്ല, രചനാപാടവമില്ല. എങ്കിലും “സമ്പാദകനായ” പെരുമ്പളം രവി അതു് വാരികയുടെ താളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. “കരഗതമെരാമലമണിവരമുടനുപേക്ഷിച്ചു കാചത്തെയെന്തു നീ കാംക്ഷിപ്പതോമലേ” എന്നു പണ്ടു രാവണൻ സീതയോടല്ല ചോദിച്ചതു്. ഇരുപതാം ശതാബ്ദത്തിലെ പെരുമ്പളം രവിയെ നേരത്തേ കണ്ടുകൊണ്ടു് അദ്ദേഹത്തോടു ചോദിച്ചതാണതു്.
രാമവർമ്മ വേശ്യയെ അവതരിപ്പിക്കുന്നു.
“നടുവിനൊരു വല്ലാത്തവീക്കമുണ്ടാ വീർത്ത
തുടുമുലകൾതൻ കരിങ്കണ്ണുകൾ നേർത്തതാ
മുടുതുണികൾ, നിങ്ങൾക്കു കോരിത്തരിച്ചുവോ?”
ഇല്ല. ഒരുകോരിത്തരിപ്പുമില്ല. മാത്രമല്ല. വേശ്യകൾ സന്ദർഭത്തിനൊത്തു പെരുമാറുകയും വേഷംധരിക്കുകയും ചെയ്യുന്നവരാണെന്നു് മനസ്സിലാക്കിയിട്ടുമുണ്ടു്. ചെറുപ്പക്കാരനോടാണെങ്കിൽ ഒരു നോട്ടം മാത്രം മതി. ധനികനായ വൃദ്ധനോടാണെങ്കിൽ നോട്ടംകൊണ്ടോ നഗ്നമായ ശരീരത്തിന്റെ പ്രദർശനംകൊണ്ടോ പ്രയോജനമില്ല. പിന്നെന്തുവേണം എന്നു ചോദിച്ചാൽ എനിക്കുത്തരമെഴുതാൻ വയ്യ, ഔചിത്യബോധംകൊണ്ടു്. സാർത്രി ന്റെ respectable prostitutes ധാരാളമുണ്ടു്. ഒരുത്തിയോടു ചോദിച്ചാലും.

ഫ്രഞ്ചെഴുത്തുകാരൻ ലാ റോഷ് ഫൂക്കോ (La Rochefoucauld) എഴുതിയ Maxims വായിച്ചിട്ടില്ലെങ്കിൽ അതിന്റെ അർത്ഥം നമ്മൾ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു മണ്ഡലത്തിൽ ചെന്നിട്ടില്ല എന്നതാണു്. 503 ആപ്തവാക്യങ്ങൾ (maxims) അദ്ദേഹത്തിന്റേതായി ഉണ്ടു്. മരണാനന്തരവാക്യങ്ങളെക്കൂടി പരിഗണിച്ചാൽ ആകെ 562. ഓരോ ആപ്തവാക്യവും നമ്മെ വിശാലമായ മണ്ഡലത്തിലേക്കു കൊണ്ടുചെല്ലും. ചിലതു് എഴുതാം: “സൂര്യനേയോ മരണത്തേയോ അചഞ്ചലനായി നോക്കിയിരിക്കാൻ സാദ്ധ്യമല്ല”, “കഴിഞ്ഞ കാലത്തെ ദൗർഭാഗ്യങ്ങൾ, വരുംകാലത്തെ ദൗർഭാഗ്യങ്ങൾ ജയിച്ചടക്കും. വർത്തമാനകാലത്തെ ദൗർഭാഗ്യങ്ങൾ തത്ത്വചിന്തയെ ജയിച്ചടക്കുന്നു”. “തെറ്റായ പ്രവൃത്തികൾ നമുക്കു മാത്രം അറിയാവുന്നവ ആയിരിക്കുമ്പോൾ അവ വേഗം വിസ്മരിക്കപ്പെടുന്നു”. ഈ വാക്യങ്ങളിലെ സത്യാത്മകതയും വിഷാദാത്മകത്വവും സമൂഹപരിഷ്കരണവാഞ്ഛയും നമ്മളെ ആകർഷിക്കുന്നു. ലാ റോഷ് ഫൂക്കോയുടെ (റോഷ് ഫൂക്കോവിന്റെ എന്നു വേണം) maxims വീട്ടിലുണ്ടായിരിക്കുന്നതു നന്നു്. ദിവസവും ഓരോ വാക്യം വായിക്കുക. ജീവിതത്തെസ്സംബന്ധിച്ച പുതിയ ഉൾക്കാഴ്ച അതു പ്രദാനം ചെയ്യും.
കലാകൗമുദിയിലെ ‘ചരിത്രരേഖകൾ’ വായിക്കുമ്പോഴും എനിക്കു ധൈഷണികമായ സംതൃപ്തി ലഭിക്കാറുണ്ടു്. ഒരു പത്രവാർത്ത ചരിത്രരേഖകളിൽ നല്കിയിരിക്കുന്നതു് ഇതാ:
“ദുലീപ് ട്രോഫിക്കു കളിക്കാൻ വന്നു് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ തങ്ങിയ ക്രിക്കറ്റർമാരുടെ മുറിയിൽ രാത്രി സമയം കുറേ മലയാളി യുവതികൾ കയറിച്ചെന്നു് പറ്റിക്കൂടി. ഒടുവിൽ പൊലീസുചെന്നു് അവരെ പുറത്താക്കേണ്ടിവന്നു.”
ഇതിനു ചരിത്രരേഖകളുടെ കർത്താവു് നൽകുന്ന ഉത്തരം:
“ആണുങ്ങളില്ലാത്ത വല്ല വീട്ടിലേയും ഗജരാജ‘കടി’കളുടെ ലിബ്ബിംഗ് വല്ലതും ഈ പൊലീസിനു മനസ്സിലാകുമോ!”
ശരിയാണു്. പക്ഷേ, പുരുഷന്മാരുള്ള വീടുകളിലെയും ഗജരാജവിരാജിത മന്ദഗതിക്കാർ ഇതിനൊക്കെ പോകാറുണ്ടു്. ഞാൻ എറണാകുളത്തെ …ഹോട്ടലിൽ താമസിക്കുന്ന കാലത്തു് കേരളത്തിലെ പല “മൃഗരാജകടി”കളും ഭർത്താക്കന്മാർ വീട്ടിലുണ്ടായിരിക്കെ മറ്റുള്ളവരുമായി രാത്രികഴിച്ചുകൂട്ടാൻ അവിടെയെത്തിയതു് നേരിട്ടുകണ്ടിട്ടുണ്ടു്. ‘ആ സ്ത്രീയുടെ കൂടെയുള്ളതു് അവരുടെ ഭർത്താവല്ലയോ സാർ” എന്നു റിസപ്ഷനിസ്റ്റ് സംശയത്തോടെ ചോദിക്കുമ്പോൾ ആ പാവങ്ങളെ പൊലീസ് പിടിച്ചുകൊണ്ടുപോകാതിരിക്കട്ടെയെന്നു കരുതി. “അതേയതേ എനിക്കു നേരിട്ടറിയാം അയാളെ. അവരുടെ ഭർത്താവു തന്നെ” എന്നു കള്ളം പറഞ്ഞു് ഞാൻ അവരെ രക്ഷിച്ചിട്ടുമുണ്ടു്.
ലാ റോഷ് ഫൂക്കോയുടെ ആപ്തവാക്യങ്ങൾ അനുഷ്ഠിക്കുന്ന കൃത്യംതന്നെ ടോംസി ന്റെ ‘ബോബനും മോളിയും’ എന്ന ഹാസ്യചിത്രം അനുഷ്ഠിക്കുന്നു. നേതാവു് രോഗാർത്തനായി ആശുപത്രിയിൽ കിടക്കുന്നു. എല്ലാവർക്കും ഉത്കണ്ഠ. തത്ത്വചിന്തകനായ ആശാൻ അദ്ദേഹത്തെ കണ്ടിട്ടു വരുമ്പോൾ “എന്താ ഇത്തവണ രക്ഷപ്പെടുമോ?” എന്നു് ഒരാളുടെ ചോദ്യം. “രക്ഷപ്പെടും. ഒന്നുകിൽ അദ്ദേഹം അല്ലെങ്കിൽ രാജ്യം”. ഇരുട്ടത്തു് വഴിയറിയാതെ തപ്പിയും തടഞ്ഞും പോകുമ്പോൾ ഒരു പരിചയവുമില്ലാത്ത ഒരാൾ ടോർച്ച് ലൈറ്റ് പ്രകാശിപ്പിച്ചു തന്നാൽ നമുക്കു് എന്തൊരു ആഹ്ലാദം! എന്തൊരു നന്ദി! (ഹാസ്യചിത്രം മനോരമ ആഴ്ചപ്പതിപ്പിൽ.)

ഒരിക്കൽ എന്നെ പേപ്പട്ടി കടിച്ചു സർക്കാരാശുപത്രിയിൽ ചെന്നപ്പോൾ ക്രൂരമായ പെരുമാറ്റമാണുണ്ടായതു്. തിരിച്ചു ദുഃഖിച്ചു വരുമ്പോൾ ഡോക്ടർ വി. പി. ശർമ്മയെ കണ്ടു. അദ്ദേഹം എന്നെ രക്ഷിച്ചു. കൂന്നൂരു നിന്നു വാക്സിൻ വരുത്തി അദ്ദേഹം കുത്തിവച്ചു. ശർമ്മയെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ “കുരച്ചു” മരിച്ചേനേ. കഥകളെ സംഗ്രഹിച്ചെഴുതുമ്പോൾ പേപ്പട്ടി എന്നെ കടിച്ചതാണു് ഓർമ്മയിലെത്തുക. സംക്ഷേപിക്കൽ ഒരുതരത്തിലുള്ള ‘പേപ്പട്ടി കടിക്കൽ’തന്നെ. സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘തീവണ്ടിക്കൊള്ള’ എന്ന കഥയുടെ ചുരുക്കമെഴുതാൻ എനിക്കു് അതുകൊണ്ടു മടിയുണ്ടു്. എങ്കിലും അതല്ലേ പറ്റൂ. രാജൻ ദാരിദ്ര്യംകൊണ്ടു് തീവണ്ടി കൊള്ളയടിക്കാൻ പോയി. കൂടെ മകനുമുണ്ടു്. പാർട്ടിക്കാർ ചുവന്നകൊടി കൊടുക്കാത്തതുകൊണ്ടു് അവൻ പാളത്തിന്റെ ഒത്ത നടുവിൽ നിന്നുകൊണ്ടു കൈകാണിച്ചു. തീവണ്ടി നിന്നില്ല. അതു കയറി താൻ മരിക്കുമെന്നായപ്പോൾ രാജൻ പാളത്തിൽനിന്നു് ഓടിയിറങ്ങി രക്ഷപ്പെട്ടു. ആരെയും വകവയ്ക്കാത്ത തീവണ്ടി സീൽക്കാരത്തോടെ പാഞ്ഞുപോയി. പ്രതിരൂപാത്മക സ്വഭാവമുള്ള കഥയാണിതു്. അനന്തങ്ങളായ അർത്ഥവിശേഷങ്ങൾ അതു ധ്വനിപ്പിക്കുന്നു. മഹനീയമായ രാഷ്ട്രത്തെ ക്ഷുദ്രങ്ങളായ പ്രവർത്തനങ്ങൾകൊണ്ടു് കീഴ്പ്പെടുത്താനാവില്ല എന്നതു് ഒരാശയം. ഇങ്ങനെ എത്രയെത്ര അർത്ഥവിശേഷങ്ങൾ കഥയുടെ ഓരോ വാക്കും അതിന്റെ സാകല്യാവസ്ഥയിലേക്കുള്ള പരമഫലത്തിലേക്കുചെല്ലുന്നു. ചിന്തോദ്ദീപകവും വികാര പ്രധാനവും ആയ കഥ.
- “മയ്യഴിയുടെ ഗാഥാകാരനെക്കുറിച്ചു് മറ്റാരോ നടത്തിയ ‘അനശ്വര’ പ്രയോഗത്തെ ഈയടുത്തകാലത്തു് ഒരു പ്രശസ്ത നിരൂപകൻ ശക്തമായി വിമർശിച്ചിരുന്നു. മലയാളത്തിലാകുമ്പോൾ മോശം മറ്റു ഭാഷകളിലാകുമ്പോൾ കേമം എന്ന ‘മുറ്റത്തെ മുല്ല’ കോംപ്ലക്സാണു് ഈ നിരൂപകനെ നയിക്കുന്നതെന്നതിനാൽ നമുക്കു് പ്രയോഗം തുടരാവുന്നതേയുള്ളു. ഠ എന്നു് എൻ. വി. വിനോദ് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ. വിനോദ് ഗുരോ! ഈ പാപി ഞാനാണോ? എങ്കിൽ ഞാൻ നിരൂപകനൊന്നുമല്ലെന്നു് അങ്ങയെ സവിനയം അറിയിക്കട്ടെ. ഞാൻ വെറുമൊരു ലിറ്റററി ജർണ്ണലിസ്റ്റ്. ക്രമനിബദ്ധമായ രീതിയിൽ ക്ലാസ്സിക്കുകൾ വായിച്ചു് ഉപസ്ഥിതി നേടാത്ത ജർണ്ണലിസ്റ്റ് മാത്രം.
- നൂലുപൊട്ടി പട്ടം പറന്നുപോയതിൽ ദുഃഖിക്കുന്ന കുഞ്ഞിനെ ആശ്ലേഷിച്ചുകൊണ്ടു് പ്രമീളാദേവി “നിന്നെയെന്മാറിൽ ചേർത്തു വിമൂകം നില്ക്കെ സ്നേഹം നല്കലിലത്രേ, സാക്ഷാൽ മുക്തിയെന്നറിയുന്നൂ.” എന്നു പറയുമ്പോൾ സഹൃദയന്റെ കണ്ണുകൾ ആർദ്രങ്ങളാവുന്നു. (കവിത ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ) “കേന്ദ്രമന്ത്രിസഭയുടെ അഴിച്ചു പണിയിൽ ഡോ. കെ. ജി. അടിയോടി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നു” എന്ന വാർത്തയെ അവലംബിച്ചുകൊണ്ടു് അഭിവന്ദ്യസുഹൃത്തായ ഡി. സി. പറയുന്നു. “നാരായണനും കൃഷ്ണകുമാറും ഒഴിച്ചുള്ള എല്ലാ എം. പി മാർക്കും കാണും അതൃപ്തി”. ഈയുള്ളവനും ഡി. സി.യോടു യോജിക്കുന്നു. ‘നമ്മുടെ’ കെ. ജി. അടിയോടിയെന്നും ‘നമ്മുടെ’ നാരായണനെന്നും ‘നമ്മുടെ’ കൃഷ്ണകുമാറെന്നും തിരുത്തിയെഴുതിയിരുന്നെങ്കിൽ ഡി. സി.ക്കു് അവരോടുള്ള അടുപ്പംകൂടി വ്യക്തമായേനെ. ഡി. സിയോടു് വായനക്കാർക്കുള്ള ബഹുമാനവും വർദ്ധിച്ചേനെ (ഡി. സിയുടെ കമന്റ് മനോരാജ്യത്തിൽ).
- “പത്തുതലയുള്ള രാവണനു കൂടുതൽ ബുദ്ധിമുട്ടു് അനുഭവപ്പെടുന്നതു് എപ്പോഴെന്നു് പറയാമോ” എന്നു് എൻ. കെ. ബഷീർ ദീപികയിലെ സരസനോടു ചോദിക്കുന്നു. “ബസ്സിൽ ടിക്കറ്റെടുക്കുമ്പോൾ” എന്നു സരസന്റെ മറുപടി. രാവണൻ ഷേവ് ചെയ്യുമ്പോഴല്ലേ സരസാ യഥാർത്ഥമായ ബുദ്ധിമുട്ടു്?
- “മുഖ്യമന്ത്രി നീതീകരിച്ചതു്” എന്നു് പ്രൊഫസർ മീനാക്ഷി തമ്പാൻ നവയുഗം വാരികയിൽ (ലക്കം 17) എഴുതിയ ലേഖനത്തിൽ. ‘നീതിമത്കരിച്ചതു്’ എന്നെഴുതിയില്ലെങ്കിൽ വൈയാകരണൻ പിണങ്ങും പ്രൊഫസറേ.
വൃദ്ധനായ പി. കേശവദേവ് സൗധം നിർമ്മിച്ചു. പാലു കാച്ചിനു് അദ്ദേഹത്തിന്റെ ഡോക്ടറെക്കൂടെ വിളിച്ചു. ഡോക്ടർ കെട്ടിടം കണ്ടതിനു ശേഷം കുറെക്കഴിഞ്ഞു കേശവദേവിനോടു്: “എൺപത്തഞ്ചായോ?” (എൺപത്തയ്യായിരം രൂപയായോ എന്ന അർത്ഥത്തിൽ.) കേശവദേവ് ഉടനെ ഉത്തരം നൽകി: “നോ, നോ ഐ അയാം ഒൺലി സിക്സ്റ്റിഫൈ.” ദേവ് പറഞ്ഞതാകാമിതു്. അല്ലെങ്കിൽ അടൂർ ഭാസിയോ കെ. എസ്. കൃഷ്ണനോ നിർമിച്ചതാകാം.