സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-11-24-ൽ പ്രസിദ്ധീകരിച്ചതു്)

images/Boystown.jpg

സ്പെൻസർ ട്രേസി അഭിനയിച്ച Boys Town എന്ന അതിസുന്ദരമായ ചലച്ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഇതെഴുതുന്ന ആൾ. രണ്ടുവരി മുൻപിലായി ഒരു ചെറുപ്പക്കാരി. എന്റെ അടുത്തിരുന്നു് അവളെ ഉറ്റു നോക്കിക്കൊണ്ടിരുന്നവരിൽ ഒരാൾ പറഞ്ഞു, നോക്കു് എന്തൊരു ഭംഗി! സിനിമ തീർന്നു. അവൾ പോകാനെഴുന്നേറ്റു. ഒറ്റയ്ക്കാണു് ആ സുന്ദരി എത്തിയതെന്നു കരുതി പലരും അടുത്തുകൂടി; സാമീപ്യത്തിനു്, സ്പർശത്തിനു്. അവളുടെ തിളങ്ങുന്ന വസ്ത്രത്തിനടിയിലുള്ള പൊന്മേനിയെ അവരൊക്കെ സ്വപ്നത്തിൽക്കണ്ടിരിക്കണം. മനോഹരങ്ങളായ കൈകൾ, അവ ചിറകുകളായി മാറിയെങ്കിൽ അവൾ മാലാഖയായി അന്തരീക്ഷത്തിലേക്കു്—സ്വർഗ്ഗത്തേക്കു്— പറന്നുപോകുമായിരുന്നു. അങ്ങനെ അഭിനന്ദിക്കുന്ന, കാമിക്കുന്ന, ബഹുമാനിക്കുന്ന കടാക്ഷങ്ങളുടെ പ്രകാശത്തിലൂടെ അവൾ നടന്നുനീങ്ങുമ്പോൾ സിഗററ്റോ മറ്റോ വാങ്ങാൻപോയ ഭർത്താവു് അടുത്തെത്തി. “എവിടെപ്പോയി” എന്നൊരു ചോദ്യം അവളെറിഞ്ഞു. അതോടെ എല്ലാ അഭിനന്ദനവും അവസാനിച്ചിരിക്കണം. പരുക്കൻസ്വരം, പാറപ്പുറത്തു ചിരട്ട ഉരച്ചാലുണ്ടാകുന്ന കഠോര ശബ്ദം. കവിതയും ഇതുപോലെയാണു്, ഒരു പരുഷശബ്ദം അതിലുണ്ടായാൽ മതി കവിതയാകെ തകരും.

പ്രതിബദ്ധത

കണ്ണൂർ, ഒക്ടോബർ 27: ദശാബ്ദങ്ങളായി സാഹിത്യചർച്ചാവേദികളിൽ മുഴങ്ങിക്കേൾക്കുന്ന ഒരു പദത്തെച്ചൊല്ലി ഏതാനും സാഹിത്യനായകന്മാർ ഇവിടെ പരസ്യമായ ഒരു വിവാദം സൃഷ്ടിച്ചു.

കണ്ണൂർ ടൗൺഹാളിൽ വമ്പിച്ച ഒരു ജനക്കൂട്ടം ഇതിനു് സാക്ഷ്യം വഹിക്കുകയും ചെയ്തു:

വയലാർ അവാർഡ് ദിനത്തോടനുബന്ധിച്ചു് സംഘടിപ്പിച്ച സാഹിത്യ ചർച്ചാസമ്മേളനമായിരുന്നു രംഗവേദി. “സാഹിത്യത്തിലെ പ്രതിജ്ഞാബദ്ധത:” എന്ന വിഷയത്തെ ചുറ്റിപ്പറ്റിയാരംഭിച്ച ചർച്ച തകഴി ശിവശങ്കരപ്പിള്ള യാണു് ഉദ്ഘാടനം ചെയ്തതു്. കാര്യമായൊന്നും പ്രസംഗിക്കാതെ ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു് അദ്ദേഹം രംഗത്തുനിന്നു് പിന്മാറി. പിന്നാലെവന്ന എസ്. ഗുപ്തൻ നായരും പി. ഗോവിന്ദപ്പിള്ള യും പവനനും ഡോ. വി. രാജകൃഷ്ണനും പ്രതിജ്ഞാബദ്ധതയെച്ചൊല്ലി ഒരു വാഗ്സമരം തന്നെ നടത്തി. കമിറ്റ്മെന്റ് എന്ന ഇംഗ്ലീഷ് വാക്കിനു് പ്രതിബദ്ധതയെന്നും പ്രതിജ്ഞാബദ്ധതയെന്നും പല പരിഭാഷകളും പ്രചാരത്തിലുണ്ടു്. അതിൽ പ്രതിജ്ഞാബദ്ധതയാണു് ശുദ്ധമായ പ്രയോഗമെന്നു് ഗുപ്തൻനായർ വാദിച്ചപ്പോൾ ‘പ്രതിബദ്ധത’ മതിയെന്നായി പി. ഗോവിന്ദപ്പിള്ള. പവനനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടും തെറ്റായിരുന്നു. പ്രതിബാദ്ധ്യതയാണു് കൂടുതൽ ശരിയെന്നാണു് പവനന്റെ പക്ഷം.

കേരളകൗമുദി ദിനപത്രത്തിൽ (ഒക്ടോബർ 28) വന്ന ഒരു റിപ്പോർട്ടിന്റെ ഒരു ഭാഗമാണിതു്. ‘കമിറ്റ്മെന്റ്’ എന്ന ഇംഗ്ലീഷ് പദത്തിന്റെ തർജ്ജമയായിട്ടാണു് പ്രഭാഷകൻ “പ്രതിബദ്ധത”യെന്നും “പ്രതിജ്ഞാബദ്ധത”യെന്നും “പ്രതിബാദ്ധ്യത”യെന്നും പ്രയോഗിച്ചതു്. ഇവയിൽ പ്രതിബാദ്ധ്യതയെക്കുറിച്ചു് ആദ്യം പറയാം. അങ്ങനെയൊരു പ്രയോഗം സംസ്കൃതത്തിൽ ഇല്ല. മലയാള ഭാഷയിലുമില്ല. ‘അടിച്ചമർത്തേണ്ടതു്’, ‘പീഡിപ്പിക്കേണ്ടതു്’, ‘നിയന്ത്രിക്കേണ്ടതു്’ എന്നൊക്കെയാണു് ‘ബാദ്ധ്യ’ എന്നതിന്റെ അർത്ഥം. അതിന്റെ ഭാവം ബാദ്ധ്യത. മലയാളത്തിൽ കടപ്പാടു് എന്ന അർത്ഥത്തിൽ ‘ബാദ്ധ്യത’ എന്നു പ്രയോഗിക്കാറുണ്ടു്: സംസ്കൃതത്തിൽ ആ അർത്ഥം ആ പദത്തിനില്ല. (അടിച്ചമർത്തൽ, പീഡിപ്പിക്കൽ എന്നീ അർത്ഥങ്ങളിൽ ബാദ്ധ്യശബ്ദം സംസ്കൃതഗ്രന്ഥങ്ങളിൽ പ്രയോഗിച്ചിട്ടുണ്ടു്. രഘുവംശം നോക്കുക) അതിനാൽ കമിറ്റ്മെന്റ് എന്ന അർത്ഥത്തിൽ ‘പ്രതി’ എന്ന ഉപസർഗ്ഗം ചേർത്തു ‘പ്രതിബാദ്ധ്യത’ എന്നു പ്രയോഗിക്കാൻ പാടില്ല. അതു തെറ്റുതന്നെ.

‘പ്രതിബദ്ധത’ എന്ന പ്രയോഗത്തിനും ഇവിടെ സാധുതയില്ല. സ്വന്തം ആഗ്രഹത്തിനു് അന്യനിൽനിന്നു ഭംഗം പ്രാപിച്ചവനാണു് പ്രതിബദ്ധൻ, “മനോഹതഃ പ്രതിഹതഃ പ്രതിബദ്ധോ ഹതശ്ചസഃ” എന്നു് അമരകോശം. പ്രതിബദ്ധതയ്ക്കു് അതുകൊണ്ടു് അഭിലാഷഭംഗം എന്ന അർത്ഥമേ വരൂ.

images/LouisAragon1936.jpg
ഏറേഗൊങ്

കമിറ്റ്മെന്റ് എന്ന അർത്ഥത്തിൽ ‘പ്രതിജ്ഞാബദ്ധത’ എന്നു പ്രയോഗിക്കുന്നതും തെറ്റാണു്. കമിറ്റ്മെന്റിനു പ്രതിജ്ഞ—വാക്കു നല്കൽ—എന്ന അർത്ഥമുണ്ടെങ്കിലും കമിറ്റഡ് സാഹിത്യത്തിനു പ്രതിജ്ഞയോടു ബന്ധമില്ല. 1930-ലും തുടർന്നുള്ള വർഷങ്ങളിലും കമിറ്റ്മെന്റിനു് സാമൂഹികവും രാഷ്ട്രവ്യവഹാരപരവും ആയ അർത്ഥമാണുണ്ടായിരുന്നതു്. തുടർന്നു് അസ്തിത്വവാദം പ്രചരിച്ചപ്പോൾ അതിനു് ആത്മതത്ത്വവിചാരസംബന്ധിയായ അർത്ഥം കൂടെ ലഭിച്ചു. അപ്പോൾ മാർക്സിസ്റ്റുകളും സാർത്രം ഏറേഗൊങ്ങും (Aragon) വിഭിന്നങ്ങളായ അർത്ഥങ്ങളിലാണു് കമിറ്റ്മെന്റ് എന്ന പദമുപയോഗിച്ചതു് എന്നു സ്പഷ്ടമാകുന്നു. എങ്കിലും അവരെയെല്ലാം കൂട്ടിയിണക്കുന്ന ഒരു ധർമ്മമുണ്ടു്. എഴുത്തുകാരൻ താനറിയാതെ സമകാലികസമുദായത്തിന്റെ സത്യത്തിൽ പെട്ടുപോകുന്നു എന്നതാണു് അതു്. പഴയ സാഹിത്യകാരന്മാർ മാറിനിന്നിരുന്നു; ഇന്നുള്ളവർക്കു മാറിനില്ക്കാൻ കഴിയുകയില്ല. അവർ നവീന സമുദായത്തെസ്സംബന്ധിക്കുന്ന സത്യത്തിൽ നിമഗ്നരായിപ്പോകുന്നു. ഈ നിമഗ്നമാകൽ ഇൻവോൾവ്മെന്ററാണു്. അതു് പ്രതിജ്ഞയല്ല—പ്രോമിസല്ല. The writer is inevitably involved in the world and his authenticity can be measured by the extent to which he acknowledges this through his positive commitment in literature എന്നു് ഒരു നിരൂപകൻ. ഇക്കാരണത്താൽ കമിറ്റ്മെന്റിനു് പ്രതിജ്ഞയുമായി ഒരു ബന്ധവുമില്ല. പ്രതിബാദ്ധ്യതപോലെയല്ലെങ്കിലും പ്രതിജ്ഞാബദ്ധതയും അർത്ഥരഹിതമത്രേ. ഫ്രഞ്ച്ഭാഷയിൽ കമിറ്റഡ് സാഹിത്യത്തിനു് litterature engagee എന്നാണു് പറയുക ആങ്ഗേഷ—engage എന്ന വാക്കു് ഇൻവോൾവ്മെന്റിനെയാണു്— നിമഗ്നമാകലിനെയാണു്—കാണിക്കുന്നതു്.

പിന്നെ ഏതു വാക്കു സ്വീകരിക്കാം? പ്രതിബദ്ധതയ്ക്കു് ആശാഭംഗം, ഹതാവസ്ഥ എന്നൊക്കെ അർത്ഥമുണ്ടെങ്കിലും അതിലെ ‘ബദ്ധ’ ശബ്ദത്തിനു ബാധിക്കപ്പെട്ടതു് എന്ന അർത്ഥമുണ്ടല്ലോ. നിമഗ്നമാകൽ ഒരുതരത്തിലുള്ള ബന്ധനമാണെന്നു കരുതിയാൽ പ്രതിബദ്ധതയാകാം. വൈയാകരണൻ അതിനു സമ്മതം മൂളുകില്ല എന്നുകൂടി പറയട്ടെ.

കമിറ്റഡ് സാഹിത്യവും അതിനോടു ബന്ധപ്പെട്ട ആശയങ്ങളും 1950-ൽ ഫ്രാൻസിൽ മരിച്ചു. ഇപ്പോഴാണു് കേരളത്തിൽ അതിനെക്കുറിച്ചു വാദപ്രതിവാദങ്ങൾ നടക്കുന്നതു്. അദ്ഭുതപ്പെടാനില്ല. ഇവിടെ അങ്ങനെയൊക്കെയാണു്. ഫ്രഞ്ചുഭാഷയിലെ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യാൻ കാലം വൈകും. ആ ഇംഗ്ലീഷ് തർജ്ജമ ഇന്ത്യയിലെത്താൻ ഏറെ വർഷങ്ങൾ വേണം. സാഹിത്യത്തിലെ നവീനത പടിഞ്ഞാറു മരണമടഞ്ഞിട്ടു് കാലമധികമായി. ഇവിടെ ഇപ്പോഴാണു് ആളുകൾ തൊണ്ടകീറി അതിന്നുവേണ്ടി വാദിക്കുന്നതു്.

ഗുഡ് ഈവനിങ്

സന്ധ്യക്കു ദേവീക്ഷേത്രത്തിന്റെ മുൻപിൽക്കൂടി പോകുന്നവൻ അവിടെ നില്ക്കും. കൈകൂപ്പി “ദേവീ എന്നെ രക്ഷിക്കണേ” എന്നു പ്രാർത്ഥിക്കും. അല്ലാതെ “ഗുഡ് ഈവനിങ് മാഡം. ഹൗ ഡൂ യു ഡൂ? ഗറ്റിങ് ഓൺ വെരി വെൽ?” എന്നു ചോദിക്കുമോ? അതുപോലെ മദാമ്മയെ കണ്ടാൽ ഗുഡ് ഈവനിങ് തുടങ്ങിയ വാക്കുകൾ പറയാം. അവളോടു് “ദേവീ എന്നെ രക്ഷിക്കണേ” എന്നു പറഞ്ഞാൽ അവൾക്കു മലയാളം അറിയാമെങ്കിൽ അടികിട്ടും. സന്ദർഭത്തിനു യോജിച്ചവിധത്തിലേ പദങ്ങൾ പ്രയോഗിക്കാവു. ഈ സാരസ്വതരഹസ്യം പൈങ്കിളിക്കഥാകാരൻമാർ മറന്നുപോകുന്നതുകൊണ്ടാണു് വിവേകമുള്ളവർ അവരെ പരിഹസിക്കുന്നതു്. ഒരു കൊച്ചു കുട്ടിക്കു് ഒരു മുതിർന്ന പെൺകുട്ടിയെസ്സംബന്ധിച്ചു കൗതുകം. പ്രതിബന്ധങ്ങൾ വകവയ്ക്കാതെ അവൻ അവളെ കാണാൻ ചെല്ലുന്നു. “ആയിരം മഴവില്ലുകൾ പൂത്തപോലെ അവൾ കുടുകുടെ ചിരിക്കുന്നു”. എന്നിട്ടു് അവനോടു്: “…എന്നെങ്കിലുമൊരിക്കൽ എന്റെ മനസ്സിലാകെ പുഴുവരിച്ചു കഴിഞ്ഞാൽ കുട്ടീടെ ചുവന്ന ചെറിയ മനസ്സീന്നൊരു തുളമ്പെനിക്കു തരണം. തരോ?” (‘മനസ്സിൽ നിന്നൊരു തുളുമ്പു’— സളെറ്റാസ്—എക്സ്പ്രസ്സ് ആഴ്ച്ചപ്പതിപ്പ്—ലക്കം 30) നിത്യജീവിതത്തിലും കലാലോകത്തും ഇങ്ങനെയാരും പറയാറില്ല. വൈഷയികത്വം വരുത്തി അനാഗതശ്മശ്രുക്കളെയും അനാഗതാർത്തവകളെയും ഇളക്കാനുള്ള ‘പരിപാടി’യായിട്ടേ ഇത്തരം രചനകളെ കരുതാനാവൂ. സന്ദർഭത്തിനു യോജിക്കാത്ത വിധത്തിൽ പദപ്രയോഗം വരുത്തുന്നു എന്നതാണു് ഇവിടത്തെ ന്യൂനത. ദേവീവിഗ്രഹത്തെ കണ്ടയുടനെ ഗുഡ് ഈവിനിങ്, മാഡം ഹൌ ഡൂ യു ഡൂ എന്നു ചോദിക്കലാണിതു്.

ആളുകളുടെ ഇംഗിതമറിയാതെ വാക്കു പ്രയോഗിച്ചാലും ആപത്തുണ്ടാകുമെന്നതിനു തെളിവായി ഒരു സംഭവം പറയാം. തൃപ്പൂണിത്തുറ സംസ്കൃതകോളേജിൽ ഞാനൊരു സമ്മേളനത്തിനുപോയി. അസാമാന്യമായ ബുദ്ധിശക്തിയാൽ അനുഗൃഹീതനായിരുന്ന എസ്സ്. ഗോപാലകൃഷ്ണയ്യർ പ്രിൻസിപ്പൽ. അദ്ദേഹം അദ്ധ്യക്ഷനായിരുന്നു ആ സമ്മേളനത്തിന്റെ. പ്രസംഗിക്കാൻ ജാൻ എന്ന സുന്ദരിയായ ഒരു മദാമ്മപ്പെൺകുട്ടിയുമുണ്ടായിരുന്നു. കലാമണ്ഡലത്തിൽ അവൾ നൃത്തം പഠിക്കുകയായിരുന്നു എന്നാണെന്റെ ഓർമ്മ. എന്റെ പ്രഭാഷണം കഴിഞ്ഞപ്പോൾ അവൾ എന്നോടു പറഞ്ഞു: “Mr. Krishnan Nair, your voice has grandeur and power-” അതുകേട്ടു് ഞാൻ “Thank you madam” എന്നു മറുപടി നൽകി. മദാമ്മപ്പെൺകുട്ടിയുടെ മുഖം വല്ലാതെയായി. വീണ്ടും എന്തോ അവൾ പറഞ്ഞപ്പോൾ Thank you, madam എന്നു് എനിക്കു് ആവർത്തിക്കേണ്ടിവന്നു. ജാനിനു് വല്ലാത്ത ദേഷ്യം. അവൾ ആജ്ഞാപിച്ചു, “Mr. Krishnan Nair, don’t call me madam: Call me Jan.” മാഡം എന്നു് അഭിസംബോധന ചെയ്തതു ശരിയായില്ല എന്നു് ഞാൻ മനസ്സിലാക്കി. ഒരു സമ്മേളനത്തിന്റെ സ്വാഗത പ്രഭാഷകൻ ചലച്ചിത്രതാരം ജലജ യെ ശ്രീമതി എന്നു വിശേഷിപ്പിച്ചപ്പോൾ ആ പെൺകുട്ടി അസഹിഷ്ണുതയോടെ കൈകുടഞ്ഞു് “ഞാൻ ശ്രീമതിയല്ല ശ്രീമതിയല്ല” എന്നു് എന്നോടു പറഞ്ഞതും അതിനു മറുപടിയായി “ശ്രീയുള്ളവൾ ശ്രീമതി: അതുകൊണ്ടു ജലജ ശ്രീമതി തന്നെ, വിവാഹം കഴിഞ്ഞാലേ ശ്രീമതിയാകൂ എന്നതു തെറ്റിദ്ധാരണയാണു്” എന്നു ഞാൻ പറഞ്ഞതും ഒരിക്കൽ ഈ പംക്തിയിൽ എഴുതിയിരുന്നു. ആവർത്തനത്തിനു മാപ്പു്.

കഥദ്വൈവാരികയിലെ കഥകൾ
images/MarryMe.jpg

ദാമ്പത്യജീവിതത്തിന്റെ യാതനകളെ ജോൺ അപ്ഡൈക്ക് എന്ന അമേരിക്കൻ നോവലെഴുത്തുകാരൻ കലാഭംഗിയോടെ പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ടു്. ആ കൃതികളിൽ പ്രാധാന്യം Marry Me എന്ന നോവലിനാണു്. പഴയ സന്മാർഗ്ഗത്തിന്റെ അന്തിവെളിച്ചം ദാമ്പത്യജീവിതത്തിനു ദാർഢ്യം നല്കുന്നില്ലെന്നു കണ്ടു് അതിനു വിരാമമിടാൻപോകുന്ന ഭർത്താവിന്റെയും അയാളുടെകൂടെ ദയനീയജീവിതം നയിക്കുന്ന ഭാര്യയുടെയും കഥയാണതു്. ഹൃദയസ്പർശകമായ ഈ നോവലിൽ അയാൾ ഇങ്ങനെ പറയുന്നു: “ബുദ്ധിശൂന്യയായി വീട്ടിനു ചുറ്റും വൈരസ്യത്തോടെ [നടക്കുന്ന] നിന്നെ ഞാൻ നോക്കുമ്പോൾ എനിക്കു തോന്നുന്നു കലാശാലയിൽനിന്നു് ഒരു പക്ഷിയെ പിടിച്ചു് ഞാൻ കൂട്ടിലാക്കിയെന്നു് വാതിൽ തുറന്നിരിക്കുന്നു എന്നു മാത്രമേ ഞാൻ പറയുന്നുള്ളു.” ‘കഥ’ ദ്വൈവാരികയിൽ ബേബിമേനോനും കണ്ണൻ മേനോനുംകൂടി എഴുതിയ ‘അവസാന ദിവസം’ എന്ന ചെറുകഥയിൽ തുറന്നിരിക്കുന്ന കൂട്ടിൽനിന്നു് പുറത്തേക്കു പറക്കാൻ ആഗ്രഹിക്കുന്ന ഒരു ഭാര്യയെ നൂതനമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഇവിടെ വിവാഹമോചനമില്ല. താൽകാലികമായി രക്ഷപ്പെടാനുള്ള അഭിലാഷം മാത്രമേ ഭർത്താവിനും ഭാര്യക്കുമുള്ളു. ആ വേദനയെയും അഭിലാഷത്തെയും വികാരം മുറ്റിനില്ക്കുന്ന ഒരു സന്ദർഭത്തിലേക്കു കഥയെഴുതിയവർ കൊണ്ടുചെന്നിട്ടുണ്ടു്. വൈകാരികവും മാനസികവുമായ വേർപെടലുണ്ടു്. അതു് ശാരീരികമായി വേർപെട്ടു നില്ക്കലിനെക്കാൾ യാതന നിറഞ്ഞതാണു്. അതിന്റെ ചിത്രമാണു് ഇക്കഥയിലുള്ളതു്.

പരുക്കൻ നേരമ്പോക്കാണോ കഥ ദ്വൈവാരികയിൽ വി. പി. മുഹമ്മദ് എഴുതിയ ‘അവന്റെ രാവുകൾ’ എന്ന കഥയിലുള്ളതു്, ആയിരിക്കാം. എങ്കിലും പരുക്കൻ ഫലിതങ്ങളും നമ്മളെ ചിരിപ്പിക്കാറുണ്ടു്. തികച്ചും ഗ്രാമ്യമായ ഒരു ഫലിതം കേട്ടാലും. സ്വന്തമല്ല; പരകീയം. രണ്ടു കുട്ടികൾ തർക്കിക്കുകയാണു്:

“എന്റെ അച്ഛൻ നിന്റെ അച്ഛനെക്കാൾ കൊള്ളാം”.

“അല്ല”.

“എന്റെ ചേട്ടൻ നിന്റെ ചേട്ടനെക്കാൾ കൊള്ളാം”.

“അല്ല”.

“എന്റെ അമ്മ നിന്റെ അമ്മയെക്കാൾ കൊള്ളാം”.

ഒരു നിമിഷത്തേക്കു നിശ്ശബ്ദത.

“അതു ശരിയാണെന്നു തോന്നുന്നു. എന്റെ അച്ഛനും അങ്ങനെതന്നെയാണു് പറയുന്നതു്”.

വി. പി. മുഹമ്മദിന്റെ ഫലിതം കുറെക്കൂടി ‘കട്ടി’യാണു്. ഏഴു വയസ്സുള്ള പെൺകുട്ടിയെ ഇരുപതു വയസ്സുള്ള ഒരുത്തൻ കല്യാണം കഴിച്ചു. പിറ്റേ ദിവസം കാലത്തു് ഭക്ഷണത്തിനിരുന്നപ്പോൾ നവവരന്റെ പ്ലേറ്റിലേക്കു് അമ്മായിഅമ്മ എടുത്തുവച്ച കോഴിയിറച്ചിക്കറി “എനിക്കുമതി”യെന്നു പറഞ്ഞു് അയാൾ അടുത്തിരിക്കുന്ന അമ്മാവന്റെ പ്ലേറ്റിലേക്കു് എടുത്തിട്ടു. അപ്പോൾ താഴെയിരുന്നു് കൊത്തൻകല്ലു കളിച്ചുകൊണ്ടിരുന്ന വധു—ഏഴു വയസ്സുകാരി—അച്ഛനോടു പറഞ്ഞു: “അയാളു വിരലുകൊണ്ടു തൊട്ടതു് തിന്നണ്ട ഉപ്പാ… ഇന്നലെ… ” വരൻ ചാടിയിറങ്ങി വധുവിന്റെ വായ്പൊത്തിപ്പിടിച്ചു. ശിശു വിവാഹത്തിന്റെ ബീഭത്സതയെ ചിരിച്ചുകൊണ്ടു നോക്കുന്നു കഥാകാരൻ.

ഒരു പരകീയ ഫലിതം കൂടി അശ്ശീല സാദൃശമല്ലാത്തതു്. ആദവും ഔവ്വയും തോട്ടത്തിൽ നടക്കുകയായിരുന്നു. ഔവ്വ ചോദിച്ചു: “അങ്ങു എന്നെ സ്നേഹിക്കുന്നുണ്ടോ?” ആദം ഒരു ക്ഷോഭവും കൂടാതെ അങ്ങോട്ടു് ഒരു ചോദ്യം: “പിന്നെ ഇവിടെ വേറെ ആരെ സ്നേഹിക്കാൻ?”

പുരുഷന്റെ ശബ്ദം

പുരുഷന്മാരായ ചില കവികളുടെ ശബ്ദം സ്ത്രൈണമാണു്. സ്ത്രീകളായ ചില കവികളുടെ ശബ്ദം പുരുഷസ്വഭാവമാർന്നതാണു്. തികച്ചും പാരുഷമായ ശബ്ദമാണു് തോന്നയ്ക്കൽ വാസുദേവന്റെ ‘ഘടികാര’മെന്ന കാവ്യത്തിൽനിന്നു് ഉയരുന്നതു്.

ഘടികാരസൂചിയിൽ നിമിഷം വിറയ്ക്കുന്ന

ഘനമൂകരാത്രി! നിൻപൊലിമ ഞാൻ പാടുന്നു!

മധുരങ്ങൾ പെയ്തകിനാവിന്റെ പകലുകൾ

ചിറകറ്റുവീണു കിടക്കുമെന്നോർമ്മയിൽ

സുഖശീതളാർദ്രമാം രാവിന്റെ നിശ്വാസ

മൊഴുകിയെത്തുന്നിതാ ജാലക വാതിലിൽ

നിറമൂകരാത്രി! നിൻഘടികാര സൂചിതൻ

മുനയിലണുബോംബിന്റെ ഗർജനകാഹളം!

ഉറക്കെച്ചൊല്ലി നോക്കൂ ഈ വരികൾ.

പുരുഷസ്വഭാവമാർന്ന കവിതയാണിതെന്നു് അന്തരംഗം പ്രഖ്യാപിക്കും. എന്താണു് സ്ത്രൈണശബ്ദം? അസ്തിത്വത്തിനു്—ജീവിതത്തിനു്—ഒന്നു് രണ്ടു് മൂന്നു് ഈ വിഭജനങ്ങൾ കല്പിക്കാമെങ്കിൽ ഒന്നാമത്തെ തലത്തിൽ പുരുഷൻ നില്ക്കുന്നുവെന്നു പറയാം. സ്ത്രീ രണ്ടാമത്തെ തലത്തിലാണു് നില്ക്കുക. സ്ത്രീകളിൽ ആരും വഴക്കിനു വരരുതു്. ഒരു സാമാന്യനിയമമാണു് ഇവിടെ എഴുതിയതു്. ഈ സാമാന്യനിയമത്തിനു് അപവാദമെന്ന നിലയിൽ (exception എന്ന അർത്ഥത്തിൽ) ഒന്നാമത്തെ തലത്തിൽത്തന്നെ വർത്തിക്കുന്ന മഹിളകളുണ്ടു്. പി. ടി. ഉഷ, പ്രൊഫസർ മീനാക്ഷി തമ്പാൻ, ഡോക്ടർ എം. ലീലാവതി ഇവരെയൊക്കെ ഓർമ്മ വരുന്നു. എന്നാൽ സ്ത്രീകളിൽ 99 ശതമാനവും രണ്ടാമത്തെ തലത്തിൽ വർത്തിക്കുന്നു. അവർക്കു ക്ഷുദ്രങ്ങളായ സങ്കല്പങ്ങളും ആശകളുമാണുള്ളതു്. നിരാശതയാണു് അവരിൽ പലർക്കും, അതുകൊണ്ടു് അവർ സാഹിത്യം രചിക്കുമ്പോൾ ആ ക്ഷുദ്രത്വവും നൈരാശ്യവും പ്രകടമാകും. അതുതന്നെയാണു് സ്ത്രൈണശബ്ദം. ഒ. എൻ. വി. കുറുപ്പി ന്റെ കവിതയിൽ നിന്നുയരുന്ന ശബ്ദം തികച്ചും മാസ്ക്യുലിനാണു് (പുരുഷത്വമുള്ളതു്). വയലാർ രാമവർമ്മ സമരങ്ങളുടെ ആവശ്യകതയെക്കുറിച്ചും വർഗ്ഗരഹിതസമുദായത്തിന്റെ അനിവാര്യതയെക്കുറിച്ചും പാടിയെങ്കിലും അദ്ദേഹത്തിന്റെ കവിതയിൽ നിന്നു് ഫെമിനിൻ (സ്ത്രീയെസ്സംബന്ധിച്ച) നാദമേ ഉദ്ഭവിക്കുന്നുള്ളു.

images/ProfPTChacko.jpg
പ്രൊഫ. പി. ടി. ചാക്കോ

പറഞ്ഞുവന്നതു് തോന്നയ്ക്കൽ വാസുദേവന്റെ കാവ്യത്തെക്കുറിച്ചാണു്. ആധുനിക മനുഷ്യന്റെ ദുർദ്ദശയെ അദ്ദേഹം ശക്തിയോടെ ആവിഷ്കരിക്കുന്നു. അതിലെ ലയം വിഷയത്തിനു യോജിച്ചതു തന്നെ. ശിഷ്യരിൽ ഗുരുനാഥന്മാരുടെ സ്വാധീനശക്തി ഉണ്ടാവും. ഒ. എൻ. വി. കറുപ്പു് തോന്നയ്ക്കൽ വാസുദേവന്റെ ഗുരുനാഥനാണോ? അതേ എന്നാണു് ഉത്തരമെങ്കിൽ നാരായണന്റെ ഡിക്ഷനിൽ അദ്ദേഹത്തിനുള്ള സ്വാധീനശക്തി ഒഴിവാക്കുന്നതു് ഉത്തമമായിരിക്കും.

അവരുടെ കാര്യങ്ങളിൽ വിശേഷിച്ചും സ്ത്രീകളെസ്സംബന്ധിക്കുന്ന കാര്യങ്ങളിൽ ജിജ്ഞാസകൂടും സ്ത്രീക്കു്. അതിനെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന സി. എൽ. ശാന്തകുമാരിയുടെ ‘അല്ലിജയുടെ അയൽക്കാരി’ എന്ന കഥ (ദേശാഭിമാനിവാരിക) കൗതുകത്തോടെ ഞാൻ വായിച്ചു. കഥ വായിക്കുന്നവർക്കു് അതേ കൗതുകമുണ്ടാകുമെന്നു് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു.

നിർവ്വചനങ്ങൾ, നിരീക്ഷണങ്ങൾ
  1. തോപ്പിൽഭാസി: തിംബ്ൾ കണ്ടാൽ അതു പറയാണെന്നും ടീസ്പൂൺ കണ്ടാൽ അതു വാർപ്പിലെ പായസമിളക്കുന്ന വലിയ ചട്ടുകമാണെന്നും കല്ലടയാറു് ഗംഗയാണെന്നും മൂക്കുന്നിമല ഹിമാലയമാണെന്നും ധരിച്ചുവയ്ക്കുന്ന വിശാലഹൃദയൻ. അല്ലെങ്കിൽ വിപുലീകരണകാചനേത്രൻ. പാശ്ചാത്യ വിദ്യാഭ്യാസം കുറയുന്തോറും നേത്രകാചത്തിന്റെ വിപുലീകരണശക്തി കൂടുമെന്നതു പുതിയ സിദ്ധാന്തമല്ല; പഴയ സിദ്ധാന്തംതന്നെ. 10-ആം ലക്കം കുങ്കുമം വാരികയിൽ നിസ്സാരനായ എന്നെക്കുറിച്ചു് അദ്ദേഹമെഴുതിയതു വായിച്ചപ്പോൾ തോന്നിയതാണു് ഈ നിർവ്വചനം. പണ്ടു് (വളരെ പണ്ടല്ല) അദ്ദേഹം സാഹിത്യവാരഫലത്തെ പുകഴ്ത്തിയിട്ടുണ്ടു്. അർജ്ജുനന്റെ അസ്ത്രപ്രയോഗം പോലെയാണു് എന്റെ രചനാരീതിയെന്നു് അദ്ദേഹം പറഞ്ഞു. അമ്പു് എടുക്കുമ്പോൾ ഒന്നു്, തൊടുക്കുമ്പോൾ പത്തു്, ഞാണു് വലിക്കുമ്പോൾ നൂറു്, പായുമ്പോൾ ആയിരം, കൊള്ളുമ്പോൾ പതിനായിരം എന്നോ മറ്റോ ആയിരുന്നു സ്തുതി. ഇപ്പോൾ ആ പംക്തി തന്നെ അദ്ദേഹത്തിനു കുത്സിതമായിത്തീർന്നിരിക്കുന്നു. തോപ്പിൽ ഭാസി സത്യംപറഞ്ഞതു് പണ്ടോ, അതോ ഇപ്പോഴോ? തോപ്പിൽ ഭാസിക്കു് ഇംഗ്ലീഷ് ഒഴിച്ചു പല ഭാഷകൾ അറിയാം. അറിയാമെന്നല്ല പറയേണ്ടതു്; അവഗാഹമുണ്ടു്. അവയിൽ ഒരു ഭാഷ അശ്ശീലഭാഷയാണു്. അതുകൊണ്ടാണല്ലോ മാന്യമായ രീതിയിൽ സാഹിത്യനിരൂപണം നിർവ്വഹിച്ചു എന്നെ തോല്പിക്കാൻ “എന്റെ അമ്മയ്ക്കു് പറയുന്ന”തു്. (സ്വന്തം അമ്മയെപ്പറ്റിയും എന്നു തുടങ്ങുന്ന ഭാഗം നോക്കുക). ഉജ്ജ്വല പ്രതിഭാശാലിയും മഹാപണ്ഡിതനും സംസ്ക്കാര സമ്പന്നനുമായ എൻ. വി. കൃഷ്ണവാരിയർ എഡിറ്ററായിരിക്കുന്ന കുങ്കുമത്തിൽ ഇങ്ങനെയൊരു ലേഖനം വന്നല്ലോ. കഷ്ടം!
  2. കേരളസംസ്കാരം മാസികയിൽ പ്രൊഫസർ പി. ടി. ചാക്കോ എഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ: “അടുത്തകാലത്തു് ശ്രീ. ആഷാമേനോൻ മാതൃഭൂമിയിൽ ‘അഭയാർത്ഥികളേ’പ്പറ്റി എഴുതിയ അതിദീർഘമായ ഒരു ലേഖനം മൂന്നുനാലു തവണ ഈ ലേഖകൻ വായിച്ചു നോക്കി. അദ്ദേഹത്തിന്റെ വാക്കുകളും വാക്യങ്ങളും എനിക്കു പിടികിട്ടി, പക്ഷേ ഏതെങ്കിലും ഒരു ഖണ്ഡിക വായിച്ചശേഷം അതിന്റെ അർത്ഥമെന്തെന്നു് കുറിച്ചിടാൻ ശ്രമിച്ചിട്ടു് ഞാൻ അമ്പേ പരാജയപ്പെട്ടു. ഒരർത്ഥവുമില്ലാത്ത ഒരു ഡസൻ പ്രയോഗങ്ങൾ ഈ ഒരു ലേഖനത്തിലുണ്ടായിരുന്നു. ‘വാക്കുകളുടെ അതിസാരം’ (diarrohoea of words) ‘എഴുത്തുകാരന്റെ കടി’ (cacoethes seribeadi) എന്നീ സാഹിത്യരോഗങ്ങൾ ബാധിച്ച മലയാളികളായ എഴുത്തുകാരിൽ ആഷാമേനോൻ ഒറ്റപ്പെട്ട വ്യക്തിയല്ല. ചെറിയാൻ കെ. ചെറിയാനും സച്ചിദാനന്ദനും ഇതേ രോഗമുള്ളവരാണു്”. അപ്പോൾ ആളുകൾ സത്യം പറയാൻ തുടങ്ങിയിരിക്കുന്നു അല്ലേ? കൂടുതൽ കൂടുതൽ ആളുകൾ ഈ സത്യം ഉറക്കെ പറയട്ടെ. അതുതന്നെയാണു് ഇത്തരം രോഗങ്ങൾക്കുള്ള ചികിത്സ. ടാഗോർ പറയുന്നപോലെ ആഹ്ലാദത്തിന്റെ പാൽക്കടലിൽ ലക്ഷ്മിദേവിയെപ്പോലെ നിൽക്കുന്ന വധു. അതി സുന്ദരിയായ അവളെ വിവാഹം കഴിച്ചു് അയാൾ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുന്നു, അയാൾക്കു് എന്തു രസം! ഏഴുമാസം കഴിയുമ്പോൾ അവൾ ഉദര വൈപുല്യത്തോടുകൂടി സ്വന്തം വീട്ടിലെത്തുമ്പോൾ വൈരൂപ്യത്തിനു് ആസ്പദം. ആഷാമേനോനു് ഭാഷയുമായുള്ള സമ്പർക്കം രസപ്രദമാണു്. പക്ഷേ അവളെ വൈരൂപ്യമുള്ളവളാക്കുന്നതിൽ ഞങ്ങൾക്കു ദുഃഖം: വൈഷമ്യം.
ക്ളോദ് സീമൊങ്
images/ClaudeSimon1967.jpg
ക്ളോദ് സീമൊങ്

നോബൽ സമ്മാനംകിട്ടിയ ക്ളോദ് സീമൊങ്ങി നെക്കുറിച്ചു് എൻ. വി. കൃഷ്ണവാരിയർ കുങ്കുമത്തിലെഴുതിയ ലേഖനത്തിൽ ചില ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടു്. “സീമൊങ്ങിനുതന്നെയോ ഈയാണ്ടിലെ സമ്മാനം നൽകപ്പെടേണ്ടിയിരുന്നതു്? എനിക്കറിയാവുന്ന മറ്റു ചില എഴുത്തുകാരുടെ കൃതികളുമായി താരതമ്യപ്പെടുത്തുമ്പോൾ സീമൊങ്ങിന്റെ നോവലുകൾ എവിടെ നില്ക്കും? ഉദാഹരണത്തിനു്, തകഴി യുടെ നോവലുകളുമായി സീമൊങ്ങിന്റെ കൃതികളെ താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കും?”

സീമൊങ്ങിന്റെ നോവലുകളെ വിശ്വവിഖ്യാതരായ ഗുന്തർഗ്രാസ്സ്, മാർകേസ്, ഗ്രേയംഗ്രീൻ, വാർഗാസ് യോസ ഇവരുടെ കൃതികളുമായി താരതമ്യപ്പെടുത്താൻവയ്യ. കാരണം അദ്ദേഹത്തിന്റെ നോവലുകൾ ആന്റി നോവൽ എന്ന വിഭാഗത്തിൽപ്പെടുന്നു എന്നതാണു്. നിയമിതങ്ങളായ (conventional) നോവലുകൾ വായനക്കാരെ അവാസ്തവികതയിലേക്കു് എറിയുന്നു എന്നാണു് ആന്റി നോവലിസ്റ്റുകളുടെ വാദം. ഉണ്മയേതെന്നു് അവർക്കു് അറിയാൻ കഴിയാതെ വരുന്നു. പുതിയ ഭാവസംദൃബ്ധതയെ സ്ഫുടീകരിക്കാൻവേണ്ടി പുതിയ നോവലിസ്റ്റുകൾ (ആന്റി നോവലിസ്റ്റുകൾ) കഥാപാത്ര സംഭാവ ചിത്രീകരണം, രേഖാരൂപമായ ആഖ്യാനം ഇവയെല്ലാം നിരാകരിക്കുന്നു. ക്ളോദ് സീമൊങ്ങിന്റെ നോവലുകളിൽ ഈ സവിശേഷതകൾ ദർശിക്കാം. ആഖ്യാനരീതി കാണിക്കാൻ അദ്ദേഹത്തിന്റെ ‘The Grass’ എന്ന നോവലിൽനിന്നു് ഒരു ഭാഗം എടുത്തെഴുതാം. വാക്യം തുടങ്ങുന്നതു് ഒരു പത്തുപുറത്തിനു് മുൻപായിരിക്കും. അതുകൊണ്ടു് ആരംഭത്തിൽ നിന്നു് ഉദ്ധരിക്കാനാവില്ല “...and the cat too, fierce, cold, circumspect, frozen in that same attitude like a sudden condensation of spend (Just as a stick of dynamite contains a million times its volume of noise and destruction) petrified, maring at her, spying on her through these two narrow vertical sits…” (Page 17), പല പരിവൃത്തി വായിച്ചാലേ സീമൊങ്ങിന്റെ നോവൽ എന്താണെന്നു നമുക്കു മനസ്സിലാകൂ. സംഭാഷണം വിരളം. ഉള്ളതു പുതിയ മട്ടിലും.

do you think you’re being funny? no I said Listen I’ve got to go be careful what? (pp. 232 Histoire എന്ന നോവൽ)

ക്ളോദ് സീമൊങ് അദ്ദേഹത്തിന്റെ രീതിയിൽ വലിയ എഴുത്തുകാരനായിരിക്കാം. എങ്കിലും മീലാൻ കുന്ദേര യെക്കാൾ ബോർഹെസ്സി നെക്കാൾ യോസയെക്കാൾ മഹാനായ എഴുത്തുകാരനല്ല.

പലരും പലതും
  1. അടിപതറുന്നൂയിനിനടക്കുവാൻ

    വടിയുണ്ടായാലുമിടയ്ക്കിടറുന്നൂ

    തനു കുഴയുന്നൂ മനം കലങ്ങുന്നൂ

    ചെകിടടയുന്നൂ നയനം മങ്ങുന്നു.

    കുറ്റിക്കോൽ ശങ്കരൻ എമ്പ്രാന്തിരി മംഗളം വാരികയിലെഴുതിയ ‘ശാക്തേയം’ എന്ന ‘കാവ്യ’ത്തിന്റെ ആരംഭം ഇങ്ങനെ. ഇതു് നോവലല്ല. ചെറുകഥയല്ല, ആത്മകഥയല്ല, പ്രബന്ധമല്ല, ഹാസ്യരചനയല്ല, ഒന്നുമല്ലാത്തതുകൊണ്ടു കവിത തന്നെ, തന്നെ തന്നെ.
  2. ഏതു ബന്ധു എന്നെ കാണാത്ത മട്ടിൽപോയാലും എനിക്കു് ഒരു വൈഷമ്യവുമില്ല. കാരണം അങ്ങനെയുള്ളവരെ നോവലിലെ കഥാപാത്രങ്ങളെപ്പോലെ ഞാൻ പരിഗണിക്കുന്നു എന്നതാണു്. എന്നാൽ രചനകളിലെ വ്യക്തികൾ എന്റെ ബന്ധുക്കളും മിത്രങ്ങളുമാണു്. അതുകൊണ്ടു് മിസ്സിസ് റെയ്ച്ചൽ തോമസ് അവതരിപ്പിക്കുന്ന “നീലക്കണ്ണുകളും സ്വർണ്ണത്തലമുടിയും ഉള്ള ബ്രിട്ടീഷ് സുന്ദരി” എന്റെ ബന്ധുതന്നെ. ആ പെൺകുട്ടിയെ നേരിട്ടു കാണാൻ കഴിഞ്ഞെങ്കിൽ! (മനോരാജ്യം വാരിക)
  3. ഇടതുപക്ഷ ചിന്താഗതിയുള്ള വൈക്കം ചന്ദ്രശേഖരൻ നായർ ഇന്ദിരാ ഗാന്ധി യെക്കുറിച്ചു കുമാരി വാരികയിൽ എഴുതിയതു നന്നായി. നക്ഷത്ര യുദ്ധം നടത്താൻ തയ്യാറായി നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ യഥാർത്ഥ നിറത്തിൽ കാണിച്ചുതരികയും പുരോഗമനാത്മകങ്ങളായ ആശയസംഹിതകൾ പുലർത്തിക്കൊണ്ടു പോരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഇന്ദിരാ ഗാന്ധി ഇടതുപക്ഷക്കാർക്കു പോലും ആദരണീയയാണല്ലോ.
  4. എറണാകുളത്തു സർക്കാർ റോഡിലെ കുഴിയിൽവീണു് രണ്ടു സ്കൂട്ടർ യാത്രക്കാർ മരണമടഞ്ഞു.
  5. തിരുവനന്തപുരത്തു് സർക്കാരിന്റെ റോഡരികിൽ ഇട്ടിരുന്ന പൊതുമരാമത്തുവക റോഡ്റോളറിൽ ചെന്നിടിച്ചതിന്റെ ഫലമായി ഒരു സ്ക്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു. ഈ രാജ്യത്തു് ഭരണം കൊണ്ടുപിടിച്ചു നടക്കുന്നു. ഇവിടെ ചോദിക്കാനും പറയാനും ആളുകൾ ഉണ്ടു് എന്നതിനു് ഇതിൽകൂടുതൽ തെളിവു വേണോ?
  6. മഹത്തായ ഈ രാജ്യത്തുനിന്നു്, ഈ യോഗക്ഷേമരാഷ്ട്രത്തിൽനിന്നു് എന്നേക്കും എന്നെന്നേക്കുമായി സലാം പറഞ്ഞുപോയവരെ, നിങ്ങൾ ഭാഗ്യവാന്മാർ…!”
  7. ഇതു് തോമസ് പാല പറഞ്ഞതാണു് (മാമാങ്കം വാരിക). മൂർച്ചയുള്ള സറ്റയർ മാംസപേശികൾ പിളർന്നു് അതു് അങ്ങു് അകത്തുചെന്നിട്ടും അധികാരികൾ അറിയാത്തതു് അവരുടെ കാഠിന്യം കൊണ്ടാവാം. വാസവദത്തയുടെ നഗ്നത മറയ്ക്കപ്പെട്ടു. “മഹിളമാർ മറക്കാമാനം” എന്നു കവി. ലൂയി പതിനാറാമന്റെ സഹോദരി ഇലിസബത്തിനെ കഴുത്തുമുറിച്ചു കൊന്നു വിപ്ലവകാരികൾ. മരിക്കുന്നതിനുമുൻപു് In the name of modesty cover my bosom എന്നു് അവർ ആവശ്യപ്പെട്ടു. വേശ്യക്കും ജനദ്രോഹം ചെയ്തവൾക്കും ഉണ്ടായിരുന്ന മാന്യതയുടെ ബോധം റോഡിലെ കുഴിമൂടാത്തവർക്കും റോഡരികിൽ റോളർ ഇടുന്നവർക്കും ഇല്ലല്ലോ.

കേരളത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിയും ഇവിടത്തെ അനീതികൾകണ്ടു് “ഈശ്വരാ ഞാൻ മരിക്കാറായി” എന്നു സന്തോഷത്തോടെ പറയുന്ന ദിനം സമാഗതമാകാൻ പോകുന്നു.

കാലം കഴിഞ്ഞു
images/LalithambikaAntherjanam.jpg
ലളിതാംബിക അന്തർജ്ജനം

കാലാവസ്ഥയുടെ സൂക്ഷ്മമായ മാറ്റം പോലും ബരോമീറ്ററിനെ ബാധിക്കും. രസം ഉയരുകയോ താഴുകയോ ചെയ്യും. സാഹിത്യകൃതി മനസ്സിന്റെ ബരോമീറ്ററിൽ വരുത്തുന്ന മാറ്റം സ്ഥിരതയുള്ളതാണു്. നാല്പത്തഞ്ചുകൊല്ലം മുൻപു് ഒരു കഥ വായിച്ചു. ഇന്നും അതു് എനിക്കു പുളകപ്രദമാണു്. ഹിന്ദു-മുസ്ലിം ലഹളയിൽ ഒരു മുസ്ലിം ഒരു ഹിന്ദുവിനെ രക്ഷിക്കുന്ന കഥ. ലളിതാംബിക അന്തർജ്ജനം എഴുതിയതാണതു്. ഇന്നു് അതേ വിഷയത്തെക്കുറിച്ചു് റജിമുദ്ദീൻ സിദ്ദീഖി എഴുതിയ ഒരു ചെറുകഥ കലാകൗമുദിയിൽ വായിച്ചു. (കെ. എ. കൊടുങ്ങല്ലൂരിന്റെ തർജ്ജമ). ലഹളക്കാലത്തു് ആപ്ത മിത്രമായ ഹിന്ദു തന്റെ വീട്ടിലെ വിലപിടിച്ച ഓരോ സാധനവും എടുത്തുകൊണ്ടുപോയപ്പോൾ ഒരു മുസ്ലിം വല്ലാതെ ദുഃഖിച്ചു. ഒടുവിലാണു് അയാൾ അറിയുന്നതു് ഹിന്ദു കൊള്ളക്കാരിൽ നിന്നു തന്നെ രക്ഷിക്കാനായിട്ടാണു് അതൊക്കെ ചെയ്യുന്നതെന്നു്. സാഹിത്യത്തെ ‘ട്രിക്കാ’ക്കി—സൂത്രവിദ്യയാക്കി—മാറ്റുന്ന ഇത്തരം സാഹസിക്യങ്ങളുടെ കാലം കഴിഞ്ഞുപോയിയെന്നു കെ. എ. കൊടുങ്ങല്ലൂർ അറിഞ്ഞില്ലേ?

മുറ്റത്തു നിൽക്കുന്ന റോസാച്ചെടിയിൽ ഒരു പൂവു പോലുമില്ല. “ഒരു പൂവിരിയട്ടെ” എന്നു ഞാൻ ആജ്ഞാപിച്ചാൽ പൂ ഉണ്ടാകുകയില്ല. വർഷാകാലത്തിന്റെ കൂരിരുട്ടാണിപ്പോൾ “അന്ധകാരം മാറട്ടെ” എന്നു കല്പിച്ചാൽ ഇരുട്ടു മാറില്ല. സാഹിത്യത്തിൽ ഇപ്പോൾ പൂക്കളില്ല. ഇരുട്ടാണെങ്ങും. ആരു വിചാരിച്ചാലും ഈ ദുരവസ്ഥ മാറാൻ പോകുന്നില്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-11-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 15, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.