കുറെക്കാലം മുൻപാണു്. ആലുവയിലെ റ്റി. ബീയിൽ (ട്രാവലേഴ്സ് ബംഗലോ) ഞാനൊരു കൂട്ടുകാരനെ കാണാൻ ചെന്നപ്പോൾ അവിടെയെല്ലാം വലിയ ആൾക്കൂട്ടം. റോഡിലുമുണ്ടു് തിക്കും തിരക്കും. ചലച്ചിത്ര താരം ഷീല അവിടെവരുന്നു. അവരെക്കണ്ടു് കണ്ണും മനസ്സും കുളിർപ്പിക്കാൻ കുട്ടികൾ തൊട്ടു കിഴവന്മാർ വരെ കുടിയിരിക്കുകയാണു്. വളരെ നേരം അവർ കാത്തുനിന്നപ്പോൾ ഷീല വന്നു. ഉത്കണ്ഠയുടെ മർമ്മരനാദങ്ങളും കാമത്തിന്റെ അർദ്ധാന്ധകാരവും വ്യാപിച്ച ആ മണ്ഡലത്തിൽ ഷീലയുടെ സുവർണ്ണപ്രഭ. ആളുകളുടെ ഇടയിലൂടെ പുഞ്ചിരിപൊഴിച്ചു കൊണ്ടു നടന്നുപോയ ആ താരത്തെ അവരൊക്കെമതിവരുവോളം കണ്ടു. പക്ഷേ ചിലർക്കു കണ്ടാൽ മാത്രംപോര, ചൂണ്ടുവിരൽ നീട്ടിക്കൊണ്ടാണു് അവരുടെ നില്പു്. അവർ തൊട്ടിരിക്കണം ഷീല അതൊന്നും അറിയാതെ നടന്നു പോയിരിക്കണം. സ്പർശിച്ചവർ ആഹ്ലാദത്തിന്റെ പുളകമണിഞ്ഞു് വളരെക്കാലം കഴിഞ്ഞു കൂടിയിരിക്കാം. സ്പർശം സൗമ്യമായതു കൊണ്ടാവാം താരം അതറിയാത്തതു്—നേരെമറിച്ചു് മർദ്ദത്തോടു കൂടിയുള്ള സ്പർശമായിരുന്നെങ്കിലോ? ഷീല അതറിയും. അറിഞ്ഞെന്നു ഭാവിക്കും. ഭാവിച്ചാൽ നിയമപാലകൻ അയാളെ തൂക്കിയെടുത്തുകൊണ്ടു പോകും. ചിലപ്പോൾ അവരുടെ പരുക്കൻ ഹസ്തത്തിന്റെ അഭിമർദ്ദം അയാൾ അനുഭവിച്ചെന്നുവരും. ഒരു സാമാന്യനിയമം പറയട്ടോ? പേലവസ്പർശമാകും, കഠോരസ്പർശമരുതു്. റോസാപ്പൂവിന്റെ ഞെട്ടിൽ പതുക്കെ തൊട്ടുകൊള്ളു. അമർത്തിത്തൊടരുതു്. തൊട്ടാൽ മുള്ളുകൊള്ളും. വിരൽ മുറിയും. ആശാരി ഉളിതേച്ചിട്ടു് അതിന്റെ മൂർച്ചയറിയാൻ പതുക്കെ തൊട്ടുനോക്കുന്നതു കണ്ടിട്ടില്ലേ? തള്ളവിരൽ ഒന്നുകൂടി അമർത്തിയാൽ മുറിവു് ഉണ്ടാകും. ചോരയൊഴുകും. ഇക്കാരണത്താൽ ഏതിനെയും സൗമ്യമായി സ്പർശിക്കാൻ പഠിക്കൂ. ചിത്രശലഭത്തിന്റെ ചിറകുകളിൽ മൃദുലസ്പർശം നടത്തിയാൽ വിരലുകളിൽ കാഞ്ചന രേണുക്കൾ പറ്റും. അമർത്തിത്തൊട്ടാൽ ചിറകുപൊടിഞ്ഞുപോകും. സാഹിത്യസൃഷ്ടി ചിത്രശലഭമാണു്. എന്നാൽ അതിനെ മാർദ്ദവത്തോടെ സ്പർശിക്കുന്നതിൽ ഒരർത്ഥവുമില്ല. വിമർശനത്തിന്റെ അഭിമർദ്ദത്തിലും പൊടിഞ്ഞുപോകാത്ത ചിറകുകളുള്ളതാണു് യഥാർത്ഥമായ സാഹിത്യസൃഷ്ടി.

കർക്കശ സ്പർശം ഇല്ലാതെതന്നെ പൊടിഞ്ഞുപോകുന്ന ഒരു വിലക്ഷണ ശലഭമൊന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ. പി. രാമനുണ്ണി എഴുതിയ “ദാമ്പത്യചിന്താദശകം”. സ്നേഹ പ്രകടനത്തിലും അതിനോടു ബന്ധപ്പെട്ട ലൈംഗിക പ്രവർത്തനത്തിലും അതിയത്തമുള്ള ഒരു പെണ്ണു്. അവൾ ഓഫീസിലെ സഹപ്രവർത്തകനെ കടന്നാക്രമിക്കുന്നു. പിന്നീടു് വേറൊരാൾ അവളെ വിവാഹം കഴിക്കുന്നു. ഭർത്താവു് പരമബോറനായതുകൊണ്ടു് അവൾ സഹപ്രവർത്തകനു് കത്തെഴുതുന്നു. അതിങ്ങനെ “…ഗോപി പ്രതീക്ഷിച്ചപോലെ എനിക്കു മടുത്തു. ജീവിതത്തിൽ ഒരു ത്രില്ലുമില്ല. മഹാബോറ്… ഒരു അഡ്വൻചർകൂടി. പരിപാടി ഞാൻ പറയാം. പതിനാറാം തീയതി രാവിലെ ഒൻപതുമണിക്കു് ഇവിടത്തെ ബസ്സ്സ്റ്റാന്റിൽ വന്നു്… ” കഥ തീർന്നു. വിവാഹത്തിനു മുൻപു് അവൾ ആ ഗോപിയോടൊരുമിച്ചു് ഏതോ ഹോട്ടലിൽ ചെന്നു കിടന്നിട്ടുണ്ടു്. വീണ്ടും അങ്ങനെ പോകാമെന്നാണു് അവളുടെ നിർദ്ദേശം. കലയുടെ അന്തരീക്ഷത്തിൽ രാജഹംസത്തെപ്പോലെ പറക്കുന്നുവെന്നു ഭാവിച്ചുകൊണ്ടു് യഥാർത്ഥത്തിൽ കോഴിയെപ്പോലെ ചിറകിട്ടടിച്ചു താഴെ വന്നുവീഴുന്ന ഒരു അപ്രഗൽഭനാണു് ഇക്കഥയുടെ രചയിതാവു്. ചെട്ടേച്ചാൺ വഴിദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കും കോഴിയാണദ്ദേഹം. ഒട്ടും നർമ്മബോധമില്ല. എങ്കിലും താനൊരു ഹാസ്യസമ്രാട്ടാണെന്ന ഭാവം. ആ ഭാവംകൊണ്ടുള്ള പ്രകടനാത്മക ദുസ്സഹം. ആഖ്യാനത്തിൽ താനൊരു വുഡ്ഹൗസാ ണെന്നു നാട്യം. പക്ഷേ, അതിൽ രസിക്കുന്നതു് വായനക്കാരല്ല. കഥാകാരൻ മാത്രമാണു്. ഇത്ര പ്രകടനാത്മകതയുള്ള ഒരു കലാഭാസം വിരളമായേ കാണാൻ പറ്റു. ആവർത്തിക്കട്ടെ പ്രിയപ്പെട്ട വായനക്കാരുടെ സദയാനുമതിയോടെ. എന്റേതൊരു മൃദുലസ്പർശം മാത്രമാണു്. കഠിനസ്പർശമല്ല.

മേല്പറഞ്ഞ കഥയിലെ നായിക വിപഥഗാമിനിയാണു് (eccentric). ഈ ഉത്ക്രമസ്വഭാവം നിയതസ്വഭാവമുള്ളവരിലും കാണാം. ഡോക്ടർ എസ്. രാധാകൃഷ്ണൻ കാലത്തു് പരുന്തിനെ കണ്ടതിനുശേഷമേ കാപ്പികുടിക്കുമായിരുന്നുള്ളു. ഇതെഴുതുന്ന ആൾ ഒരു ദിവസം കാലത്തു് കന്യാകുമാരി കടപ്പുറത്തു നിൽക്കുകയായിരുന്നു. അവിടെ രാധാകൃഷ്ണനുമെത്തി. അദ്ദേഹം ആകാശത്തു നോക്കിക്കൊണ്ടു വളരെനേരം നിന്നു. കാര്യമെന്തെന്നു് അന്വേഷിച്ചപ്പോഴാണു് അദ്ദേഹത്തിന്റെ പരുന്തു പ്രേമത്തെക്കുറിച്ചു് എനിക്കറിയാൻ കഴിഞ്ഞതു്. വിശ്വവിഖ്യാതനായ ചിത്രകാരൻ പികാസ്സോ ക്കു വല്ലാത്ത തണുപ്പു് അനുഭവപ്പെട്ടു ഒരു ദിവസം കാലത്തു്. തന്റെ പഴയ ചിത്രങ്ങൾ വാരിക്കൂട്ടി അവയ്ക്കു തീ കൊളുത്തിയിട്ടു് അദ്ദേഹം അടുത്തിരുന്നു. സിദ്ധികളുള്ള ഒരു മലയാളി ഭിഷഗ്വരൻ. തികഞ്ഞ യുക്തിവാദി. പക്ഷേ ഹിന്ദുവായ അദ്ദേഹം എന്നും സന്ധ്യക്കു് ഒരു പിഞ്ഞാണത്തിൽ അറബി മന്ത്രം അറബിലിപിയിൽ വിരലുകൊണ്ടു് എഴുതും. കുറച്ചു പച്ചവെള്ളം അതിലൊഴിച്ചു് പിഞ്ഞാണമൊന്നു കറക്കി ആ വെള്ളം കുടിക്കും.

കേംബ്രിജ്ജ് സർവകലാശാലയുടെ ചാൻസലറായിരുന്നു ഡോക്ടർ ലൈറ്റ്ഫുട്ട്. ഈശ്വരൻ സൃഷ്ടി അവസാനിപ്പിച്ചതു് ബി. സി. 1004 ഒക്ടോബർ 23-ആം തീയതി കാലത്തു് ഒൻപതുമണിക്കായിരുന്നുവെന്നു് അദ്ദേഹം കണക്കുകൂട്ടിപ്പറഞ്ഞു. മുൻപു് സുന്ദരനായ ഒരു ട്രാൻസ്പോർട്ട് ബസ്സ് കണ്ടക്ടർ തിരുവനന്തപുരത്തു ജോലി നോക്കിയിരുന്നു. (ഇപ്പോഴും കാണും. ഞാൻ കാണാറില്ലെന്നേയുള്ളു.) ബസ്സ് ഊളമ്പാറ ചിത്തരോഗാശുപത്രിക്കടുത്തുള്ള സ്റ്റോപ്പിൽ നിറുത്തുമ്പോൾ അദ്ദേഹം ഉറക്കെപ്പറയും. “ഊളമ്പാറകൾ ഇറങ്ങാം”. പല ഊളമ്പാറകളും ഇറങ്ങുന്ന കൂട്ടത്തിൽ ഞാനും ഇറങ്ങിയിട്ടുണ്ടു്. മഹാന്മാർക്കു നമ്മെ “ഊളമ്പാറകളാ”ക്കാമെങ്കിൽ കണ്ടക്ടർക്ക് എന്തുകൊണ്ടു് അതു പാടില്ല?

ആളുകളെ ഭ്രാന്തന്മാരാക്കരുതു്. മാത്രമല്ല അവരുടെ മനസ്സിനു് ഉന്നമനം വരുത്തുകയുംവേണം. ഈ ലക്ഷ്യത്തോടുകൂടി കഥകളെഴുതുന്ന ആളാണു് പായിപ്ര രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ഏതു കഥയിലും കാണും ഈ നല്ല ഉദ്ദേശ്യം. സമുദായത്തിലെ മാലിന്യങ്ങളെ പരിഹാസാത്മകമായി ചിത്രീകരിച്ചുകൊണ്ടാണു് ഈ കലാകാരൻ ഇതനുഷ്ഠിക്കുന്നതു്. കലാകൗമുദിയിൽ അദ്ദേഹമെഴുതിയ ‘ഒരു കവലക്കഥ’ എന്നതിലും ഈ പ്രവർത്തനം കാണാം. മോഷണം തൊഴിലാക്കിയ ചിണ്ടൻ കാറ് പുറത്തു കയറി മരിക്കുന്നു. ആ തസ്കരന്റെ പേരിൽ നാല്ക്കവലയിൽ സ്മാരകമുയരുന്നു. എല്ലാ സ്മാരകങ്ങളുടെയും കഥയിതാണെന്നു സൂചിപ്പിച്ചു് സമുദായത്തിലെ ഒരു മാലിന്യത്തെ നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിക്കുകയാണു് കഥാകാരൻ. അത്രയും നന്നു്. പക്ഷേ, എന്നെസ്സംബന്ധിച്ചിടത്തോളം ഇതു് ഒരാഹ്ലാദവും ജനിപ്പിക്കുന്നില്ല. ഉത്കൃഷ്ടങ്ങളായ പരിഹാസകൃതികൾ വായിക്കുമ്പോൾ ‘കൈമെയ് മറക്കുന്ന’ പ്രതീതിയുളവാകും. അതു് ഇവിടില്ല. കാരണമന്വേഷിക്കുമ്പോൾ പായിപ്ര രാധാകൃഷ്ണൻ മെക്കാനിക്കിനെപ്പോലെ മാറിനിന്നു കഥാപാത്രങ്ങളാകുന്ന ഉപകരണങ്ങളെ പ്രവർത്തിപ്പിക്കുകയാണെന്നു ഗ്രഹിക്കാൻ കഴിയും. ഉദ്ഗ്രഥിതമായ ഭാവനാശക്തി രൂപം നൽകുന്ന കഥാപാത്രങ്ങളുണ്ടു്. ഉദാഹരണം തകഴി ശിവശങ്കരപ്പിള്ള യുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിലെ ശ്വാനൻ; ബഷീറി ന്റെ ‘മതിലുകൾ’ എന്ന കഥയിലെ സ്ത്രീകഥാപാത്രവും പുരുഷ കഥാപാത്രവും കുറെക്കൂടി പിറകോട്ടു പോകാം. ‘മാർത്താണ്ഡവർമ്മ’ എന്ന നോവലിലെ സുന്ദരയ്യൻ. അപഗ്രഥനാത്മകമായ വിമർശന പ്രവർത്തനമാണു് പായിപ്ര രാധാകൃഷ്ണന്റെ കഥാപാത്രങ്ങൾക്കു രൂപം നൽകുന്നതു്. അവ വികാരത്തോടല്ല, ചിന്തയോടു ബന്ധപ്പെട്ടാണിരിക്കുന്നതു്. ചിന്തയ്ക്കു പ്രാതിനിധ്യം വഹിക്കുന്ന കഥാപാത്രങ്ങൾ കലയുമായി ബന്ധപ്പെട്ടവയല്ല. അവ സത്യത്തിന്റെ പ്രകാശത്തിലല്ല നിൽക്കുന്നതു്: അസത്യത്തിന്റെ അന്ധകാരത്തിലാണു്.
ആണുങ്ങൾ കുളിക്കുന്ന കുളത്തിൽ കുളിച്ചാൽ തങ്ങൾ ഗർഭിണികളായിപ്പോകുമെന്നു് ചൈനയിലെ പെൺകുട്ടികൾ വിശ്വസിക്കുന്നു. സമൂഹത്തിലെ ഒരു മാലിന്യമെടുത്തു് ഏതാനും വാക്യങ്ങളിലൂടെ ആവിഷ്കരിച്ചാൽ കലയാകുമെന്നു ചില സാഹിത്യകാരന്മാർക്കു വിശ്വാസം. ഇതൊരു സാമാന്യ പ്രസ്താവം. പായിപ്ര രാധാകൃഷ്ണനെ ഉദ്ദേശിച്ചല്ല ഇങ്ങനെ പറയുന്നതു്.
എനിക്കു വളരെ വേണ്ടപ്പെട്ട ഒരു പയ്യൻ ആകാശവാണിയിലുണ്ടു്. പയ്യനായതുകൊണ്ടു് ‘അയാൾ’ എന്നെഴുതിക്കൊള്ളട്ടെ. ബഹുമാനക്കുറവൊന്നുമില്ല. “തൃശ്ശൂർ, ചാലക്കുടി റോഡിൽ ബസ്സ് മറിഞ്ഞു് പന്ത്രണ്ടുപേർ കൊല്ലപ്പെട്ടു” എന്നു് അയാൾ പറയും. “കൊടുങ്കാറ്റടിച്ചു് അഞ്ചുപേർ കൊല്ലപ്പെട്ടു” “മെക്സിക്കോയിൽ ഭൂകമ്പമുണ്ടായതിന്റെ ഫലമായി ഇരുപതിനായിരം പേർ കൊല്ലപ്പെട്ടു” ഇങ്ങനെ പല തവണ കേട്ടപ്പോൾ ഞാൻ അയാളെ അറിയിച്ചു. “രാവണൻ രാമനാൽ കൊല്ലപ്പെട്ടു” എന്നു് പറയുന്നതുപോലെയല്ല ഇത്തരം പ്രയോഗങ്ങൾ. ബസ്സ് കുഴിയിലേക്കു മറിഞ്ഞു. മറിഞ്ഞപ്പോൾ കുറെയാളുകൾ മരിച്ചു. അതല്ലാതെ ബസ്സിനു് അവരെ കൊല്ലാൻ ഉദ്ദേശ്യമില്ലല്ലോ. ബസ്സ് അചേതനവസ്തുവാണു്. അതിനു മനസ്സു് (mind) ഇല്ല. അതിനാൽ കൊല്ലാനുള്ള ഉദ്ദേശ്യവുമില്ല. അതല്ല രാവണനെ കൊന്ന രാമന്റെ മാനസികനില. രാക്ഷസരാജാവിനെ കൊല്ലാൻ അയോദ്ധ്യാധിപതിക്കു് ഉദ്ദേശ്യമുണ്ടായിരുന്നു. ചുരുക്കത്തിൽ: കൊല്ലുക എന്ന ക്രിയയുടെ പിറകിൽ ജീവനുള്ള വ്യക്തിയുണ്ടു്. അക്കാരണത്താൽ ബസ്സ് മറിഞ്ഞു് പന്ത്രണ്ടാളുകൾ കൊല്ലപ്പെട്ടു എന്നു പറയരുതു്. പന്ത്രണ്ടാളുകൾ മരിച്ചു എന്നേ ആകാവൂ. ഞാനിതു് സ്നേഹത്തോടെ പറഞ്ഞതിനു ശേഷം ആ പയ്യൻ പതിവായി ‘കൊല്ലപ്പെട്ടു’ എന്നു പറഞ്ഞുപോരുന്നു. ഞാൻ എന്റെ നാവടക്കി വച്ചിരുന്നെങ്കിൽ! വല്ലപ്പോഴുമെങ്കിലും “മരിച്ചുപോയി”: എന്നു് അയാൾ ശരിയായി പറഞ്ഞേനേ. ഇതു ഓർമ്മിക്കാതെയല്ല ഇനിയുള്ള കാര്യങ്ങൾ എഴുതുന്നതു്.
ഒന്നല്ലാതിരുന്നതു് അതായിബ്ഭവിക്കുന്നതിനു് വ്യാകരണത്തിൽ അഭൂത തദ്ഭാവം എന്നു പറയുന്നു. (അഭൂതത്തിന്റെ = ഭൂതമല്ലാത്തതിന്റെ [ഭൂതം = ഭവിച്ചതു് ] തദ്ഭാവം = അതുകൊണ്ടുള്ള ഭാവം)
ഉദാഹരണം: ശുചീഭവതി (ശുചിയല്ലാതിരുന്നവൻ ശുചിയായിബ്ഭവിക്കുന്നു).
എന്നാൽ ‘അതാക്കുക’ എന്ന അർത്ഥമാണു കിട്ടേണ്ടതെങ്കിൽ ‘കൃ’ ധാതുവാണു് ചേർക്കേണ്ടതു്. (അതായിബ്ഭവിക്കുക എന്ന അർത്ഥത്തിനു വേണ്ടി ‘ഭൂ’ ധാതു ചേർക്കണം). ഉദാഹരണം മധുരീകരോതി = മധുരമല്ലാത്തതിനെ മധുരമാക്കുന്നു.
ഈ അഭൂത തദ്ഭാവം നമ്മുടെ ഭാഷയിലേക്കു കടന്നുവന്നിട്ടുണ്ടു്. ഉദാഹരണങ്ങൾ:
ഭസ്മീഭവിക്കുക—ഭസ്മമാവുക.
ഭസ്മീകരിക്കുക—ഭസ്മമാക്കുക.
ഈ ധാതുക്കൾ – ഭൂ, കൃ ധാതൃക്കൾ – ചേർക്കുന്നതിൽ പലർക്കും തെറ്റുപറ്റാറുണ്ടു്. ‘ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ചു് ഇംഗ്ലണ്ടിൽ പോയി’ എന്നു എഴുതുമ്പോൾ അർത്ഥം കിട്ടുന്നതു് ഗാന്ധിജി ഇന്ത്യയെ പ്രതിനിധിയാക്കി എന്നാണു്. ഗാന്ധിജിക്ക് ഇംഗ്ലണ്ടിൽ പോകാൻ സൗകര്യമില്ലായിരുന്നതുകൊണ്ടു് ഇന്ത്യയെ പ്രതിനിധിയാക്കി അങ്ങോട്ടയച്ചു എന്നു് അർത്ഥം. ‘ഗാന്ധിജി ഇന്ത്യയ്ക്ക് പ്രതിനിധീഭവിച്ച് ഇംഗ്ലണ്ടിൽ പോയി’ എന്ന വാക്യം ശരി. ഇപ്പോഴും ഈ ‘പ്രതിനിധീകരിക്കൽ’ കേൾക്കാം.
‘വതു് ’ പ്രത്യയം ‘മതു്’ പ്രത്യയം ഇവയുടെ പ്രയോഗങ്ങളിലും തെറ്റുപറ്റുന്നു സെറ്റിനു്, ഒരാഴ്ചയ്ക്കു മുൻപു് “ആധുനികവത്കരണം” എന്നു് ഈ പേടകം പറഞ്ഞു. ആധുനികത്തോടു് ‘വതു്’ പ്രത്യയം ചേരില്ല. “ആധുനികീകരണം” എന്നതാണു ശരിയായ പ്രയോഗം. “നീതീകരിക്കുക,” “രൂപീകരിക്കുക” എന്നുംകേട്ടിട്ടുണ്ടു്. അവ യഥാക്രമം “നീതിമത്കരിക്കുക” “രൂപവത്കരിക്കുക” എന്നുവേണം. (നീതീകരിക്കലിനു “നീതിയാക്കുക” എന്നും രൂപീകരിക്കലിനു “രൂപമാക്കുക” എന്നും ആണു് അർത്ഥം. നീതിയുള്ളതാക്കാൻ നീതിമത്കരണവും രൂപമുള്ളതാക്കാൻ രൂപവത്കരണവുമാണു വേണ്ടതു്.)
സാമൂഹ്യ പരിഷ്കർത്താവു്, സാമൂഹ്യവൽക്കരണം എന്നൊക്കെ സെറ്റ് പറഞ്ഞു. സാമൂഹ്യം എന്ന പ്രയോഗം തെറ്റാണെന്നതു പോകട്ടെ. വക്കം മൗലവി പരിഷ്കരിച്ചതു സമൂഹത്തെയാണെങ്കിൽ അദ്ദേഹം സമൂഹ പരിഷ്കർത്താവാണു്. സാമൂഹ്യ-പരിഷ്കർത്താവല്ല. ഇന്നലെ “ഉള്ളൂരിന്റെ ‘ഉമാകേരള’മെന്ന കവിതാ സമാഹാരം” എന്നു് സെറ്റ് പറഞ്ഞോ എന്നൊരു സംശയം. ബസ്സ് ഇരമ്പിക്കൊണ്ടുപോയി ആ സമയത്തു്. ഞാൻ കേട്ടതു് പിശകായിട്ടാവാം. കേട്ടതു ശരിയാണെങ്കിൽ “മണിമഞ്ജുഷ” പോലെ “ഉമാകേരള”വും കാവ്യ സമാഹാരഗ്രന്ഥമാണെന്നു നമ്മൾ മനസ്സിലാക്കണം. ഇന്നു പബ്ലിൿലൈബ്രറിയിൽ പോയി അന്വേഷിക്കാം. അവിടെയുള്ള മഹാകവിയുടെ പ്രതിമ ഇന്നലെ രാത്രി ഏഴര മണിക്കുശേഷം വാവിട്ടു് കരഞ്ഞോ എന്നു്. മഹാകാവ്യത്തെ കാവ്യസമാഹാരഗ്രന്ഥമാക്കിയാൽ ഏതു കവിയാണു് നിലവിളിക്കാത്തതു്: നിലവിളിച്ചിട്ടില്ലെങ്കിൽ എന്റെ കാതിനാണു തകരാറു്. സെറ്റിനോടും അതു നിർമ്മിച്ച കെൽട്രോൺ കമ്പിനിക്കാരോടും മാപ്പു ചോദിക്കാം.
തിരുവനന്തപുരത്താണു് ഇതെഴുതുന്ന ആൾ താമസിക്കുന്നതെങ്കിലും ശംഖുമുഖം കടപ്പുറം, കാഴ്ചബംഗ്ലാവു്, മൃഗശാല, അരുവിക്കര, വാട്ടർവർക്ക്സ് ഇവിടെയൊക്കെ പോയിട്ടു് കുറഞ്ഞതു മുപ്പത്തഞ്ചുവർഷമെങ്കിലും ആകും. എന്നാൽ കഴിഞ്ഞയാഴ്ച പേരക്കുട്ടിക്കുവേണ്ടി മൃഗശാലയിൽ പോകേണ്ടിവന്നു. കടുവകളെ കണ്ടു. അവ എഴുന്നേറ്റുനിന്നു് ഞങ്ങളെക്കണ്ടു് വാ പൊളിച്ചു. തിന്മയുടെ പ്രതിരൂപങ്ങളായ ആ മൃഗങ്ങളെ കണ്ടപ്പോൾ കഴിയുന്നതും വേഗം അവിടെനിന്നു പോകണമെന്നു തോന്നി. അല്ലാതെ “ഭവാന്റെ പാദപദ്മങ്ങളുടെ സ്പർശംകൊണ്ടു് ഏതു കാനനമാണു് അസാന്നിദ്ധ്യത്താൽ ആ പ്രദേശവും അവിടെയുള്ള അങ്ങയുടെ സുഹൃത്തുക്കളും ഉത്കണ്ഠാകുലരായി കഴിയുന്നുണ്ടോ? ഏതു പ്രണയിനിയാണു് അങ്ങയുടെ അഭാവത്തിൽ പരിതപ്തമാനസയായി കഴിഞ്ഞുകൂടുന്നതു്?” എന്നൊക്കെ ചോദിക്കാൻ കൂട്ടാക്കിയില്ല. കടുവ, കടുത്തവായുള്ളതു്—എന്നു കരിങ്കുളം നാരായണപിള്ളസ്സാർ പണ്ടു പറഞ്ഞുതന്നിട്ടുണ്ടു്. തിന്മയല്ലാതെ മറ്റൊന്നുമല്ല ആ മൃഗം. അതുകൊണ്ടു് “വാ നടക്കു്” എന്നു പേരക്കുട്ടിയോടു പറഞ്ഞു. നടക്കുകയും ചെയ്തു. തിന്മയുടെ സാരാംശമാണു് എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പിൽ കണ്ട “മഞ്ഞിൻ മറയിലെ സൂര്യൻ” എന്ന ചെറുകഥ. കടുവാക്കൂട്ടിന്റെ മുൻപിൽ അല്പനേരം നിൽക്കാൻ നിർബ്ബദ്ധനായതുപോലെ ഇതൊന്നു വായിക്കാനും നിർബ്ബദ്ധനായി. ആരെഴുതിയതു് എന്നു നോക്കണമെന്നുപോലും തോന്നിയില്ല. എന്നാലും നോക്കി. അശോകൻ എങ്ങണ്ടിയൂർ. അദ്ധ്യാപിക കഥാപാത്രം. അവൾക്കു മാന്യമായ ഒരു വിവാഹമാകാമായിരുന്നു, നിരസിച്ചു. വീട്ടുകാർ വേറൊന്നു ഏർപ്പാടു ചെയ്തു. അതിനു തടസ്സം വന്നപ്പോൾ അവൾ നൈരാശ്യത്തിൽവീണു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തടസ്സംമാറി. കല്യാണം നടക്കാൻ പോകുന്നു. കഥ അവസാനിക്കുന്നു. കടുവ കൂട്ടിൽകിടക്കുന്നതുകൊണ്ടു് പേടിക്കാനില്ല. കഥാവ്യാഘ്രം അങ്ങനെയല്ല. വാരികയുടെ താളുകളിൽ നാറ്റത്തോടുകൂടി സ്വച്ഛന്ദസഞ്ചാരം നടത്തുകയാണു്, വരൂ വായനക്കാരേ, നമുക്കു രക്ഷപ്പെടാം. ഇതും ക്രൂരമൃഗമാണു്. തിന്മയുടെ സാരാംശമാണു്.
മാക്കോണ്ടപ്പട്ടണത്തിൽ അഗമ്യഗമനത്തിന്റെ ഫലമായി ജനിക്കുന്ന കുട്ടികൾക്കു പന്നിവാലു് കാണുമെന്നു് മാർകേസ് നോവലിൽ പറഞ്ഞിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. ലൂയി പതിന്നാലാമൻ ജനിച്ചതു മുപ്പത്തിരണ്ടു പല്ലോടുകൂടിയാണത്രേ. സങ്കല്പിച്ചുനോക്കൂ: ആ കുഞ്ഞു് ജനിച്ചയുടനെ ചിരിച്ചെങ്കിൽ! ചുറ്റും നിന്നവർ പേടിച്ചുപോകില്ലേ? പന്നിവാലും മുപ്പത്തിരണ്ടു പല്ലുമുള്ള ശിശുവാണു് പൈങ്കിളിക്കഥ. ഈ ബീഭത്സത എത്രവേഗം അപ്രത്യക്ഷമാകുമോ അത്രയും നന്നു്.

മോപസാങ്ങി ന്റെ An Artifice എന്ന ചെറുകഥയുടെ സാരം നൽകാം. വിവാഹം കഴിഞ്ഞു് അധിക ദിവസമായിട്ടില്ലാത്ത ഒരു ചെറുപ്പക്കാരി ഒരു ഡോക്ടറെ കാണാൻ വന്നു. കല്യാണം കഴിഞ്ഞു് ഒരു മാസം തീരാറാകുമ്പോൾ ചെറുപ്പക്കാരികൾക്കു് ഒരുതരം സുഖക്കേടു വരുമല്ലോ. അതായിരുന്നു അവളുടെ രോഗം. അവൾ പരിശോധനയ്ക്കു വേണ്ടി കിടക്കയിൽ കിടക്കുമ്പോൾ ഡോക്ടറോടു പറഞ്ഞു:
“എനിക്കു വഞ്ചിക്കാൻ സാദ്ധ്യമല്ല… ” ഡോക്ടർ ആ അഭിപ്രായത്തോടു യോജിച്ചില്ല. വിവാഹം കഴിഞ്ഞു് മറ്റുള്ളവരുമായി സ്വച്ഛന്ദങ്ങളായ രതിക്രീഡകളിൽ മുഴുകിയാലേ സ്ത്രീക്കു യഥാർത്ഥമായി പ്രേമിക്കാൻ കഴിയുകയുള്ളു എന്നു് അയാൾ അറിയിച്ചു. അതു തെളിയിക്കാൻ അയാൾ ഒരു സംഭവം വിവരിക്കുകയും ചെയ്തു (കഥയ്ക്കുള്ളിലെ കഥ). ഒരു ദിവസം രാത്രി ഒരതിസുന്ദരി അയാളുടെ വീട്ടിലെത്തി പറഞ്ഞു: വരൂ, വേഗം, വേഗം വരൂ ഡോക്ടർ. എന്റെ കാമുകൻ എന്റെ കിടപ്പുമുറിയിൽ വച്ചു പെട്ടെന്നു മരിച്ചു. ക്ലബ്ബിൽനിന്നു് എന്റെ ഭർത്താവു് ഉടനെ വരും. ഡോക്ടർ അവളോടൊരുമിച്ചുപോയി. കാമുകൻ കിടക്കയിൽ മലർന്നു കിടക്കുന്നു. ഡോക്ടറും തരുണിയും വേലക്കാരിയും ചേർന്നു് ആ മൃതദേഹത്തെ വസ്ത്രങ്ങൾ ധരിപ്പിച്ചു് വേറെ മുറിയിൽ കിടത്തി. അതു കഴിഞ്ഞയുടനെ ഭർത്താവു വന്നെത്തി. താൻ അവളോടു വർത്തമാനം പറഞ്ഞിരിക്കുമ്പോൾ സ്നേഹിതൻ വണ്ടികൊണ്ടുവന്നുവെന്നും അയാൾ വീട്ടിൽ കയറിയ നിമിഷത്തിൽ ബോധംകെട്ടു വീണെന്നും രണ്ടുമണിക്കൂറായി ബോധമില്ലാതെ കിടക്കുകയാണെന്നും ഡോക്ടർ അയാളോടു പറഞ്ഞു. എല്ലാവരും കൂടി കൈത്താങ്ങലിട്ടു് ആ നിശ്ചേതന ശരീരത്തെ വണ്ടിക്കകത്താക്കി. മൃതദേഹമാണു് അതെന്നു് വണ്ടിയോടിക്കുന്നവൻ അറിഞ്ഞില്ല. ഡോക്ടർ ശവം വീട്ടിലെത്തിച്ചു. അവിടെയും വേറൊരു നാടകം അഭിനയിക്കേണ്ടിവന്നു ഡോക്ടർക്കു്. ഇതുകേട്ട യുവതി അയാളോടു ചോദിച്ചു: “നിങ്ങളെന്തിനാണു് ഈ ഭയങ്കരമായ കഥ എന്നോടു പറഞ്ഞതു്?” ഡോക്ടർ മറുപടി നൽകി. “വേണമെന്നുണ്ടെങ്കിൽ ഭവതിക്കു് എന്റെ സേവനങ്ങൾ നൽകാമല്ലോ എന്നു വിചാരിച്ചാണു്” (An Artifice—The complete short stories of Guy De Maupassant, Hanover House, Page 802–805). മോപസാങ് എഴുതിയ അനേകം കൊമേർസ്യൽ കഥകളിൽ ഒന്നാണിതു്. രോഗിണിയായി എത്തിയവർക്കു ഡോക്ടറുമായി രമിക്കാൻ പകുതി മനസ്സെങ്കിലും ഉണ്ടായിരുന്നുവെന്നതിനു തെളിവു് അവൾ ചാരിത്ര ധ്വംസനത്തെക്കുറിച്ചു സംസാരിക്കാൻ ആരംഭിച്ചു എന്നതുതന്നെ. കഥ കേട്ടുകഴിഞ്ഞപ്പോൾ അവൾ ഏറിയ കൂറും അയാൾക്കു വിധേയയാകാൻ സന്നദ്ധയായി. അതുകൊണ്ടാണു് “ഇക്കഥ നിങ്ങൾ എന്തിനു എന്നോടു പറഞ്ഞു?” എന്നു ചോദിച്ചതു്. ഡോക്ടറുടെ മറുപടി അവൾക്കു് പരിപൂർണ്ണമായ മാനസാന്തരം ഉളവാക്കിയിരിക്കും. പ്രായംകൂടിയ എനിക്കു് ഇതിലെ വ്യഭിചാര നീതിമത്കരണം അംഗീകരിക്കാൻ സാധിച്ചില്ല. എങ്കിലും ചെറുപ്പക്കാർ മോപസാങ് പറഞ്ഞതു് ശരിയെന്നു വിചാരിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യും. പൈങ്കിളിക്കഥകൾ ഇമ്മട്ടിലാണു് പെൺകുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതു്.
കഥാദ്വൈവാരികയിൽ ശ്രീധരൻ ചമ്പാടു് “കഥയില്ലാത്ത കഥവായിക്കാൻ മലയാള വായനക്കാരൻ മടിക്കുന്നതിൽ അദ്ഭുതപ്പെടാനില്ല” എന്നെഴുതിക്കണ്ടപ്പോൾ “കഥവേണം; പക്ഷേ അതു് വായനക്കാരനെ അഴുക്കുചാലിലേക്കു് എറിയരുതു്” എന്നുകൂടി ചൂണ്ടിക്കാണിക്കണമെന്നു് എനിക്കു തോന്നി. ശ്രീധരൻ ചമ്പാടിനും അതറിയാം. അദ്ദേഹം ഇന്നത്തെ ആബ്സ്ട്രാക്ഷനു് എതിരായി അഭിപ്രായം പറയുകയായിരുന്നു.
- കെ. സി. പീറ്റർ പ്രൊഫസർ എന്ന വിശേഷണം ചേർക്കുന്നില്ല പീറ്റർക്കു്. (അദ്ദേഹത്തിനു് മലയാളം ഇംഗ്ലീഷ് ഈ ഭാഷകളിലെ എല്ലാ അക്ഷരങ്ങളും അറിയാമെന്നു് എനിക്കറിയാം) കുങ്കുമത്തിലെഴുതുന്ന ‘സ്നേഹം’ എന്ന പംക്തി ഞാൻ വായിക്കാറുണ്ടു്. എന്റെ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന ഒന്നും അതിലില്ല. നേരെ മറിച്ചു് റൊളാങ് ബാർതേഷി ന്റെ A Lover’s Discourse വായിക്കുമ്പോൾ ചിന്താരത്നങ്ങളുടെ കാന്തികണ്ടു് എന്റെ കണ്ണു് അഞ്ചുന്നു. ഒരുദാഹരണം നല്കാം: വെർറ്റർ (werther)—സുഖത്തിന്റെയോ നൈരാശ്യത്തിന്റെയോ ചെറുതായ കാമവികാരംപോലും വെർറ്ററെ കരയിപ്പിക്കും. വെർറ്റർ പലപ്പോഴും കരയും. പെരുവെള്ളപ്പാച്ചിൽപോലെ മിക്കവാറും കരയും. വെർറ്ററിലെ കാമുകനാണോ കരയുന്നതു്? അതോ റൊമാന്റിക്കോ? (A Lover’s Discourse, Hill & Wang 1928).
- വൈ. എ. റഹിം കുങ്കുമം വാരികയിൽ വരച്ച “കാർട്ടൂണിസ്റ്റ് ശങ്കർ കോട്ടയ്ക്കലിൽ” എന്ന കാർട്ടൂൺ—ഇതിൽ ഹാസ്യമില്ല. മഹാനായ ഒരു കലാകാരനെ – ശങ്കറെ – അപമാനിക്കുന്നു. മഹാന്മാരായ കോട്ടയ്ക്കൽ വൈദ്യന്മാരെ അപമാനിക്കുന്നു. കരുതിക്കൂട്ടിയുള്ള അപമാനനവും നിന്ദനവുമല്ല ഇതു്. ഭാവനാരാഹിത്യമാണു് ഇതിന്റെ പിറകിലുള്ളതു്. അതുകൊണ്ടു് ക്ഷമിക്കാം—വായനക്കാർക്കും ശങ്കറിനും ഭിഷഗ്വരന്മാർക്കും ക്ഷമിക്കാം.
- എയ്ഡ്സ് കൊതുകുകടിച്ചും പകരുമത്രേ അതുകേട്ടു് കാർട്ടൂണിസ്റ്റ് കൃഷ്ണന്റെ സുന്ദരി ‘രക്ഷപ്പെട്ടു’ എന്നു പറയുന്നു. രക്ഷപ്പെട്ടതു നാണക്കേടിൽ നിന്നാണെന്നു തത്ത്വചിന്തകനായ കഥാപാത്രം. ചീന്തോദ്ദീപകവും ഹാസ്യാത്മകവും ആയ കാർട്ടൂൺ (കുങ്കുമം).
- ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ആ ആക്രമണത്തെ നിന്ദിച്ചുകൊണ്ടു് ഇവിടെ കുറെ കാവ്യങ്ങളുണ്ടായി, വഞ്ചനാത്മകവും ക്രൂരമായ ആ ആക്രമണത്തെക്കാൾ ജുഗുപ്സാവഹങ്ങളായിരുന്നു ആ കാവ്യങ്ങൾ. തോപ്പിൽ ഭാസി യുടെ അനന്തരവൾ സർപ്പദംശനമേറ്റു മരിച്ചപ്പോൾ ആ കുട്ടിയെ കണ്ടിട്ടില്ലാത്ത ഞാൻ ദുഃഖിച്ചു. ആ ദുഃഖത്തിനു ശമനമുണ്ടായതു് എന്റെ ഒരഭിവന്ദ്യമിത്രം ജനയുഗം വാരികയുടെ ആദ്യത്തെ പുറത്തു് ഒരു ‘നാൽക്കാലി’ പടച്ചു വച്ചതുകണ്ടപ്പോഴാണു്. ബഞ്ചമിൻ മോളോയിസി നെ തൂക്കിക്കൊന്നതിലുള്ള എന്റെ ദുഃഖം ചേപ്പാട്ടു രാജേന്ദ്രൻ ജനയുഗം വാരികയിലെഴുതിയ (ലക്കം 48) കാവ്യാഭാസം വായിച്ചതോടെ വളരെ കുറഞ്ഞിരിക്കുന്നു.
- പെണ്ണുകാണൽ എന്ന ചടങ്ങു ബന്ധുക്കൾ നടത്തി. വിവാഹമുറച്ചു. അതു കഴിഞ്ഞു. രണ്ടു സ്ത്രീകൾ അവളെ ഉന്തിത്തള്ളി ഒരു മുറിയിൽ കൊണ്ടാക്കി. അവൾ വല്ലാതെ പേടിച്ചു. പക്ഷേ കട്ടിലിൽ ഇരിക്കുന്നു നവവരൻ. അയാൾ ‘സുറാബി’ എന്നു് അവളെ വിളിച്ചു. ഇതാണു് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ഉസ്മാൻ ഇരിങ്ങാട്ടിരി എഴുതിയ ‘നാളെ അയാൾ വരുമോ?’ എന്ന കഥ. ഭാഗ്യംകൊണ്ടു് ഉസ്മാൻ മണവറയിലെ പ്രഥമ സന്ദർശനത്തിൽ വച്ചു് കഥ അവസാനിപ്പിച്ചു. അവിടെ പിന്നീടു് നടന്നതൊക്കെക്കൂടി അദ്ദേഹം വിവരിക്കാൻ ചങ്കൂറ്റം കാണിച്ചിരുന്നങ്കിൽ? അതും നമുക്കു വായിക്കേണ്ടി വന്നേനെ. ഇത്തരം വിഷ്ഫുൾ തിങ്കിങ് സാഹിത്യമല്ല.
- മുകുന്ദൻ ശ്രീരാഗം മാസികയിലെഴുതുന്നു: “കൃഷ്ണൻനായരെ ഞാനൊരിക്കലും ഒരു വിമർശകനായി കണ്ടിരുന്നില്ല. ആരും ഇന്നു് അങ്ങനെ അംഗീകരിക്കുമെന്നും കരുതുന്നില്ല”—മുകുന്ദൻ എഴുതിയതു് ശരിയാണു്. ഞാൻ നിരൂപകനല്ല. ലിറ്റററി ജർണ്ണലിസ്റ്റ് മാത്രം. ഇക്കാര്യം പല തവണ ഞാൻ തന്നെ പറഞ്ഞിട്ടുണ്ടു്. അവസാനമായി ഇപ്പോഴും അതു പറയുകയാണു്. തുടർന്നും മുകുന്ദൻ എഴുതുന്നു: “കൃഷ്ണൻ നായരുടെ ടൈപ്പ് ജേർണലിസം എല്ലാ ഭാഷയിലുമുണ്ടു്. സിനിമയിലെ ഒരു ഗോസിപ്പ് കോളം – അത്രയും പ്രസക്തിയേ വാരഫലത്തിനുള്ളു” – ഇതു് അത്ര കണ്ടു ശരിയല്ല ഗോസിപ്പ് എന്നാൽ അപവാദം പറച്ചിൽ എന്നല്ലേ അർത്ഥമാക്കേണ്ടതു് ഞാനതു് ചെയ്യാറില്ല. പിന്നെ ഈ ടൈപ്പ് ജർണ്ണലിസം എല്ലായിടത്തുമുണ്ടു് എന്ന മതത്തെക്കുറിച്ചു്: മലയാളനാടു് വാരികയിൽ ഈ പംക്തി എഴുതിയിരുന്ന കാലത്തു് എസ്. കെ. നായർ ഒരു സാഹിത്യവാരഫലത്തിന്റെ ഇംഗ്ലീഷ് തർജ്ജമ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടുത്ത ബന്ധുവും പ്രശസ്ത നോവലിസ്റ്റും ആയ നയൻതാര യ്ക്ക് കൊണ്ടുകൊടുത്തു. “ഇതുപോലെ രസകരവും വിജ്ഞാനപ്രദവുമായ ഒരു കോളം അവർ കണ്ടിട്ടില്ലെന്നു പറഞ്ഞു. അവരുടെ അഭിപ്രായങ്ങൾ എന്നും മലയാള നാട്ടിൽ പരസ്യപ്പെടുത്തിയിരുന്നു. മുകുന്ദൻ, താങ്കളുടെ ശകാരം നന്നായി. പക്ഷേ, അതിൽ പകുതിയേ സത്യമുള്ളൂ. പിന്നെ ഒന്നു കൂടി ചോദിക്കട്ടെ, താങ്കൾ ഒരു മാസം മുൻപു് എന്റെ വീട്ടിൽ വന്നല്ലോ. യാത്ര പറഞ്ഞ സമയത്തു് “സാറ് ഞങ്ങളെയൊക്കെ അനുഗ്രഹിക്കണം” എന്നു് അപേക്ഷിച്ചല്ലോ അതു കേട്ടു് “ഞാനാരു നിങ്ങളെയൊക്കെ അനുഗ്രഹിക്കാൻ?” എന്നു ചോദിച്ചില്ലേ? നേരിട്ടു കാണുമ്പോൾ ഒരു വിധം അല്ലാത്തപ്പോൾ മറ്റൊരു വിധം, ഇതു ശരിയോ സുഹൃത്തേ.
- ജുബയും മുണ്ടും ഒട്ടും ഉടയാതെ വടിപോലെ നിർത്തിക്കൊണ്ടു് ക്ലാസ്സിലെത്തുന്ന ഒരു ഗുരുനാഥൻ ഞങ്ങൾക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേഷം കണ്ടു് ഒരു കൂട്ടുകാരൻ പറയും. “സാറ് ആദ്യം മുണ്ടുടുക്കും, ജുബയിടും. പിന്നീടാണു് ഭാര്യ ഇസ്തിരിപ്പെട്ടി ചൂടാക്കി അതു തേച്ചുകൊടുക്കുന്നതു്”. നവീനസാഹിത്യത്തിലെ ആശയങ്ങൾ ഗാത്രത്തോടു് ഇണങ്ങിച്ചേരുന്നില്ല. വടിപോലെ നില്ക്കുന്നു.