സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-12-22-ൽ പ്രസിദ്ധീകരിച്ചതു്)

മറുനാട്ടിൽ താമസിക്കുന്ന കവിക്കു ബന്ധുക്കളും നാട്ടുകാരും അയയ്ക്കുന്ന കത്തുകളുടെ ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടു് എഴുതിയ ഹൃദയസ്പർശകമായ ഒരാഫ്രിക്കൻ കാവ്യമുണ്ടു് (കവി Ahmed Tidjani-Cisse). “നാട്ടുവർത്തമാനം” എന്നാണു് അതിന്റെ പേരു്. അച്ഛൻ എഴുതുന്നു: “പ്രിയപ്പെട്ട മകനേ, നിന്റെ അച്ഛനാണു് ഇതെഴുതുന്നതു്. നീ നാട്ടിൽ തിരിച്ചു വരൂ. ഇല്ലെങ്കിൽ നിന്റെ അച്ഛന്റെ ശവക്കല്ലറ കണ്ടു ദുഃഖിക്കാൻപോലും നിനക്കു കഴിഞ്ഞില്ലെന്നുവരും”. കൂട്ടുകാരന്റെ എഴുത്തു് ഇങ്ങനെ: “പ്രിയപ്പെട്ട ചങ്ങാതീ, കഴിഞ്ഞ ആഴ്ചത്തെ പ്രതികാരനടപടിയുടെ ഫലമായി നിന്റെ സഹോദരൻ അറസ്റ്റ് ചെയ്യപ്പെട്ടു. സർക്കാരിനു് എതിരായുള്ള നിന്റെ പ്രവർത്തനങ്ങളുടെ പേരിലാണു് ആ അറസ്റ്റ്. നിന്റെ കുടുംബത്തെ നോക്കാൻ ഇനി ആരുമില്ല. എനിക്കൊരു ഷർട്ടും നെക്ക്ടൈയും അയച്ചുതരൂ”. സ്വേച്ഛാധിപത്യമോ സമഗ്രാധിപത്യമോ നടക്കുന്ന ഒരാഫ്രിക്കൻ രാജ്യത്തിന്റെ ചിത്രീകരണമാണു് ഈ കാവ്യത്തിലുള്ളതു്. അതോടൊപ്പം കൂട്ടുകാരുടെ ഹൃദയശൂന്യതയും ഇതിൽ പ്രതിഫലിക്കുന്നുണ്ടു്. വിദേശത്തു കഴിഞ്ഞുകൂടുന്നവന്റെ കൈയിൽ നിന്നും എന്തെല്ലാം കൈക്കലാക്കാമോ അതെല്ലാം പിടിച്ചെടുക്കണമെന്നേ നാട്ടിലുള്ള കൂട്ടുകാർക്കു് ഉദ്ദേശ്യമുള്ളു. സഹോദരനെ പൊലീസ് പിടിച്ചുകൊണ്ടുപോയിയെന്നു് അറിയിക്കുന്ന കത്തിലും ഫോറിൻ ഷർട്ടും നെക്കു് ടൈയും അയച്ചുകൊടുക്കണമെന്നാണു് അഭ്യർത്ഥന. ഗൾഫ് രാജ്യങ്ങളിൽനിന്നു കൊണ്ടുവരുന്ന സാധനങ്ങളോടു് ഈ നാട്ടിലുള്ളവർക്കു് എന്തു കമ്പമാണെന്നോ? ഇന്ത്യയിലുണ്ടാക്കുന്ന ഏതു സാരിയെക്കാളും മോശമാണു് ഗൾഫ് രാജ്യത്തുനിന്നു കൊണ്ടുവരുന്ന സാരി. എങ്കിലും അതു് ഉടുക്കുന്നതിലാണു് ഇവിടെയുള്ള സ്ത്രീകൾക്കു ഭ്രമം. തീക്ഷ്ണഗന്ധമാണു് അവിടെനിന്നു് ഇവിടെ എത്തിക്കുന്ന പെർഫ്യൂമിനുള്ളതു്. എന്നാലും ഇവിടെയുള്ള ചിലർക്കു് അതു തേച്ചുകൊണ്ടു നടന്നു മറ്റുള്ളവർക്കു തലവേദന ഉണ്ടാക്കിയേ മതിയാവൂ.

സത്യമിതൊക്കെയാണെങ്കിലും ഗൾഫിൽനിന്നു ഭർത്താവു കൊണ്ടുവരുന്ന ഒരു സാധനവും അയാൾ മറ്റുള്ളവർക്കു കൊടുത്തുകൂടാ എന്നു് ഭാര്യയ്ക്കു നിർബ്ബന്ധമുണ്ടു്. കൊടുക്കണമെങ്കിൽ അയാൾ ഭാര്യയുടെ പ്രീവിയസ് പെർമിഷൻ വാങ്ങിച്ചിരിക്കണം. സാധാരണഗതിയിൽ ചെട്ടിച്ചികൾ ഉടുക്കുന്ന സാരി “ഗൾഫ് റിട്ടേൺഡ്” മനുഷ്യൻ അടുത്തവീട്ടിലെ കമലമ്മയ്ക്കു് ഭാര്യയുടെ സാന്നിദ്ധ്യത്തിൽ നല്കുന്നു. കമലമ്മ സുന്ദരിയാണെങ്കിൽ സാരി കൊടുക്കുന്നവന്റെ മുഖം കാമത്തിന്റെ അതിപ്രസരംകൊണ്ടു് തുടുപ്പാർന്നിരിക്കും. കമലമ്മ സാരി വാങ്ങുന്നവേളയിൽ അയാളുടെ കൈയിൽ ഒന്നു തോണ്ടിയിട്ടാവും വാങ്ങുക. അതു് ഭാര്യ കാണുന്നില്ല. സാരിക്കു് അഞ്ഞൂറുരൂപയെങ്കിലും വിലകാണുമെന്നു വിചാരിച്ചു് അവളുടെ മുഖം കർക്കടകമാസത്തിലെ അമാവാസിപോലെ കറുക്കുന്നു. രണ്ടുദിവസം കഴിഞ്ഞു് കമലമ്മ ആ സാരിയുടുത്തുകൊണ്ടു് സിനിമ കാണാൻ പോകുമ്പോൾ ഒരു കൂട്ടുകാരി “ഇതെവിടുന്നെടീ. ഇരുപതു രൂപയല്ലേ ഇതിനു വിലവരൂ” എന്നു മൊഴിയാടുന്നു. അപ്പോൾ സാരിയുടെ യഥാർത്ഥ മൂല്യം എന്തു്? കാമം കത്തുന്ന കണ്ണുകൾക്കു് അതിന്റെ വില മൂന്നൂറ്റമ്പതുരൂപ. ജലസിയുടെ സമാക്രമണത്താൽ ശ്യാമളമുഖത്തോടുകൂടി നിൽക്കുന്ന ഭാര്യയ്ക്കു് അതിന്റെ വില അഞ്ഞൂറു രൂപ. കൂട്ടുകാരിയുടെ അസൂയ അതിന്റെ മൂല്യത്തെ ഇരുപതു രൂപയാക്കുന്നു. സാരിയുടെ യഥാർത്ഥമായ വില നൂറുരൂപയാണെന്നിരിക്കട്ടെ. അതാരും അറിയുന്നില്ല, കാണുന്നില്ല.

images/Lukacs02-c.jpg
ലൂക്കാച്

അറുന്നൂറു രൂപ വലിച്ചെറിഞ്ഞു് ഒരു കുപ്പി ‘ഷീവാസ് റീഗൽ’ മദ്യം വാങ്ങുന്ന ധനികനു് ആ തുക വെറും ആറു രൂപയാണു്. ആ സംഖ്യ ഒരു ദരിദ്രനു കിട്ടിയാൽ അതു് ആറായിരം രൂപയാണു്. ചെലവാക്കുന്നവനെ ആശ്രയിച്ചിരിക്കുന്നു രൂപയുടെ വില. അവൻ അതിന്റെ മൂല്യത്തെ വ്യത്യാസപ്പെടുത്തുന്നു. ഇതുതന്നെയാണു് സുന്ദരിയുടെ അവസ്ഥയും. ഒരതിസുന്ദരിയെ ദരിദ്രൻ വിവാഹം കഴിച്ചുവെന്നു വിചാരിക്കു. ഒരാഴ്ചകൊണ്ടു് അവളുടെ സൗന്ദര്യവും യൗവനവും കെട്ടുപോകും. സമ്പന്നനും നല്ലവനുമാണു് അവളെ കല്യാണം കഴിച്ചതെങ്കിൽ അവളുടെ സൗന്ദര്യം വർദ്ധിക്കും. പേരു പറയാൻ വയ്യ. എന്റെ ഒരു ബന്ധു ഒരു സുന്ദരിയെ വിവാഹം കഴിച്ചു. അവർ പതിനൊന്നു തവണ പെറ്റു. പതിനൊന്നാമത്തെ സന്താനത്തിനു ജനനമരുളിയതിനുശേഷവും അവരെ അതിസുന്ദരിയായിത്തന്നെ ഞാൻ കണ്ടു. ഭർത്താവു് ഭാര്യയുടെ സൗന്ദര്യത്തെ ‘മോഡിഫൈ’ ചെയ്യുന്നു. ഇതുപോലെയാണു് ഗ്രന്ഥത്തിന്റെ സ്ഥിതിയും. മഹാചിന്തകനായ ലൂക്കാച്ചി ന്റെ കൈയിൽ വാൾട്ടർ സ്കോട്ടി ന്റെ നോവൽ രത്നമായി മാറുന്നു. അവിദഗ്ദ്ധന്റെ കൈയിൽ അതു വെറും കാചം. കുട്ടിക്കൃഷ്ണമാരാരു ടെ കൈയിൽ ‘നളചരിതം’ ആട്ടക്കഥ കാന്തി ചിന്തുന്നു. ഇവിടെയും പേരുപറയാൻ മടിയുണ്ടു് എനിക്കു്. ഒരു മഹാകവിയുടെ നോട്ടത്തിൽ അതു വെറും മൺകട്ട. നിരൂപകരും സാഹിത്യസൃഷ്ടികളുടെ മൂല്യത്തിനു രൂപാന്തരം—മോഡിഫിക്കേഷൻ—വരുത്തുന്നു.

രണ്ടു ലോകങ്ങൾ

കവിത പേനകൊണ്ടെഴുതാം; പെൻസിൽ കൊണ്ടെഴുതാം; ബോൾ പോയിന്റ് പേനകൊണ്ടും എഴുതാം. പിക്കാക്സ്കൊണ്ടു് എഴുതരുതു്. എന്നാൽ, വാരികകളിൽ പ്രത്യക്ഷരാവുന്ന ‘കവികൾ’ പിക്കാക്സ് ഉപയോഗിച്ചാണു് കാവ്യമെഴുതുക.

രൂപാന്തരം നിത്യജീവിതസംഭവത്തിനു വരുത്തുമ്പോഴാണു് കലയുടെ ആവിർഭാവം. ഇതിനെക്കുറിച്ചാണു് സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ലാസ്റ്റ് ഷോ’ എന്ന ചെറുകഥ എഴുതിയിട്ടുള്ളതു്. കഥ പറയുന്ന ആൾ ചലച്ചിത്രം കാണാൻ പോകുന്നു. കാമുകനും കാമുകിയും, കാമുകനു രക്താർബ്ബുദം. അതുകൊണ്ടു് കാമുകിയെ ഒരു ഡോക്ടർക്കു വിവാഹം കഴിച്ചുകൊടുക്കാൻ അവളുടെ അച്ഛൻ തീരുമാനിക്കുന്നു. പക്ഷേ പ്രേമബദ്ധരായ കാമുകിയും കാമുകനും മരിച്ചുവീഴുന്നു. ഡോക്ടർ അതു നോക്കിനിൽക്കുന്നു. മറ്റൊരു വിധത്തിൽ ആ ജീവിതം ചിത്രീകരിച്ചുകൂടേ എന്നാണു് കഥ പറയുന്ന ആളിന്റെ ചോദ്യം. കത്തിരി കിട്ടിയാൽ അങ്ങുമിങ്ങും മുറിച്ചു് അവരുടെ ജീവിതം വേറൊരു രീതിയിലാക്കാം. പക്ഷേ അതു ലാസ്റ്റ് ഷോയാണു്. ഫിലിം പെട്ടിയിലാക്കി അടച്ചുകഴിഞ്ഞു. അനന്തങ്ങളായ ബാദ്ധ്യതകളുള്ള ജീവിതത്തെ അങ്ങനെ ദുരന്തത്തിലെത്തിച്ചതെന്തിനു്? ഉത്തരമില്ല. സിനിമാശാലയിലെ വിളക്കുകൾ തെളിഞ്ഞു. ചക്രവാളത്തിൽ ചന്ദ്രനുദിച്ചു. ചന്ദ്രന്റെ രശ്മികൾ പാൽക്കടൽ നിർമ്മിച്ചു. അതിന്റെ “സാദ്ധ്യതകൾ” ചക്രവാളത്തിൽ ഉയർന്നു പടരുന്നുണ്ടായിരുന്നുവെന്നുപറഞ്ഞു് കഥാകാരൻ കഥ അവസാനിപ്പിക്കുന്നു. യഥാർത്ഥലോകവും അതാവിഷ്കരിക്കുന്ന കലാകാരന്റെ കൃതിമലോകവും തമ്മിലുള്ള വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിച്ചു് സർഗ്ഗാത്മകത്വത്തിന്റെ സ്വഭാവമെന്തെന്നു സൂചിപ്പിക്കുകയാണു് സക്കറിയ. ലോകത്തെ നമ്മൾ എങ്ങനെ കാണുന്നു? അങ്ങനെ കണ്ട ലോകത്തെ നമ്മൾ എങ്ങനെ വ്യാഖ്യാനിക്കുന്നു? ഇതാണു് ഇക്കഥയുടെ പ്രമേയം.

കവിതയും അറസ്റ്റും

ടി. പി. രാജീവിന്റെ ‘വീടു്’ എന്ന കവിത ഞാൻ വായിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “ഭൂമിയിൽ ഒരു കല്ലു വീഴുന്നു. കല്ലു വളർന്നു് തറയാകുന്നു. തറപടർന്നു് ചുമരുകളാകുന്നു… ” ഇത്യാദി. അതു വായിക്കുന്ന എനിക്കും കവിതയെഴുതാൻ മോഹം ഉളവാകുന്നു:

ആഫ്രിക്കയിൽ ഒരു കുരങ്ങു പല്ലിളിക്കുന്നു.

ആ പല്ലിളിപ്പിൽനിന്നു് ഒരു വൈറസ് വീഴുന്നു.

വീണ വൈറസ് ഇമ്മ്യൂണോ ഡിഫി-

ഷിൻസി സിൻഡ്രോമായി മാറുന്നു.

മാറിയതിനെ ഞാൻ എയ്ഡ്സ് എന്നു വിളിക്കുന്നു.

വിളികേട്ടു് അമേരിക്ക മാത്രമല്ല കോവളവും നടുങ്ങുന്നു.

നടുങ്ങിത്തെറിച്ചതുകൊണ്ടു് കോവളത്തുനിന്നു്

ഒരു കപ്പു് കാപ്പികുടിക്കാൻ പേടി.

പേടിച്ച ഞാൻ ഹോട്ടലുകൾ പൊളിക്കുന്നു.

പൊളിച്ച എന്നെ പൊലീസ് അറസ്റ്റ് ചെയ്യുന്നു, ഇടിക്കുന്നു.

ഇടിച്ചതു ഹോട്ടലുകൾ പൊളിച്ചതിനു മാത്രമല്ല

ഇക്കവിത എഴുതിയതിനും കൂടിയാണു്.

കവിത പേനകൊണ്ടെഴുതാം; പെൻസിൽ കൊണ്ടെഴുതാം. ബോൾപോയിന്റ് പേനകൊണ്ടും എഴുതാം. പിക്കാക്സ്കൊണ്ടു് എഴുതരുതു്. എന്നാൽ വാരികകളിൽ പ്രത്യക്ഷരാവുന്ന ‘കവികൾ’ പിക്കാക്സ് ഉപയോഗിച്ചാണു് കാവ്യമെഴുതുക.

നിരീക്ഷണങ്ങൾ
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ:
രാജകുടുംബാംഗം. സുന്ദരൻ. സംസ്കൃതപണ്ഡിതൻ. ഗുസ്തിക്കോയിത്തമ്പുരാൻ എന്ന അപരാഭിധാനത്താൽ അറിയപ്പെട്ടിരുന്ന വ്യക്തി. രാജകല്പനയനുസരിച്ചു് പൊലീസുദ്യോഗസ്ഥൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ വന്മതിലുകൾ ആറെണ്ണം അനായാസമായി ചാടിപോലും. രാജകുടുംബത്തിലെ അംഗമെന്നനിലയിൽ അനുഗ്രഹശക്തിയുണ്ടായിരുന്ന അദ്ദേഹത്തിനു നിഗ്രഹശക്തിയുമുണ്ടായിരുന്നു പോലും. കവിയാണെങ്കിലും നിഗ്രഹശക്തി നിർല്ലോപം പ്രയോഗിച്ചിരുന്നുപോലും. ഇംഗ്ലീഷിൽ പറഞ്ഞാൽ over-rated poet. പിക്കാക്സും മൺവെട്ടിയും ഉപയോഗിച്ചു് കാവ്യം രചിച്ച വ്യക്തി.
കെടാമംഗലം പപ്പുക്കുട്ടി:
എ. ബാലകൃഷ്ണപിള്ള യുടെ മഹാകവി. ഹൃദയത്തെ സ്പർശിക്കുന്ന ഒരു വരിപോലും എഴുതിയിട്ടില്ല. എനിക്കു നേരിട്ടു് പരിചയമുണ്ടായിരുന്നു. വളരെ നല്ല മനുഷ്യൻ. ഒരേയൊരു ദോഷം—താൻ കവിയാണെന്നു് അദ്ദേഹം വിശ്വസിച്ചിരുന്നു.
എ. ആർ. രാജരാജവർമ്മ:
കേരളം കണ്ട ധിഷണശാലികളിൽ അദ്വിതീയൻ. ശക്തിപൂജ നടത്തിയിരുന്നു. ‘നളിനി’ എന്ന കാവ്യത്തിനു് അദ്ദേഹമെഴുതിയ അവതാരിക വായിച്ചാൽ അതു സത്യമാണെന്നു തോന്നും. ഭാവ പ്രധാനമായ ആ കൃതിയിൽ ശൃംഗാര രസ പ്രതിപാദനം അദ്ദേഹം ദർശിച്ചല്ലോ.
സഞ്ജയൻ:
(എം. ആർ. നായർ) നല്ല നിരൂപകൻ, നല്ല ഗദ്യകാരൻ. ഹാസ്യ സാഹിത്യകാരൻ എന്നു വിശേഷിപ്പിക്കാതിരുന്നാൽ എനിക്കു പരാതിയില്ല.
ഫോട്ടോഗ്രഫി:
മുതുകുളം രാഘവൻ പിള്ള യെ നർഗ്ഗീസാ ക്കുന്ന കല. അതു കൊണ്ടുതന്നെ അവിശ്വാസ്യവും.
ബി. സി. വർഗ്ഗീസ്:
എനിക്കറിയാവുന്ന വാഗ്മികളിൽ ശ്രേഷ്ഠൻ. ഇനിയുമൊരു ജന്മം എനിക്കുണ്ടെങ്കിൽ ബി. സി. വർഗ്ഗീസായി ജനിക്കാനാണു് കൗതുകം.
തൂലിക:
ഇതു തൂലികയായിത്തന്നെ ഇരിക്കണം. പടവാളാക്കരുതു്. ആക്കിയാൽ അതു് എന്നും പടവാളായിത്തന്നെ ഇരിക്കും. അതു് ഉപയോഗിച്ചു് ആളുകളെ വെട്ടിമുറിക്കാനേ കഴിയൂ.
കാലൻ വരുന്നു
images/ARRajaRajaVarma-c.jpg
എ. ആർ. രാജരാജവർമ്മ

സ്പെല്ലിങ് ഒരു വിധത്തിൽ പ്രതീതിയാണു്. സ്പെല്ലിങ് ഉറച്ച അദ്ധ്യാപകൻ പതിവായി കുട്ടികളുടെ തെറ്റായ വർണ്ണ വിന്യാസക്രമം കണ്ടാൽ സംശയാലുവായിത്തീരും. വികൃതം എന്ന അർത്ഥത്തിൽ awkward എന്നു് ഇംഗ്ലീഷിൽ പ്രയോഗിക്കുന്നു. അതു് വിദ്യാർത്ഥി എപ്പോഴും akward എന്നെഴുതുന്നുവെന്നു് വിചാരിക്കു. ഉത്തരക്കടലാസ്സിലോ കോംപൊസിഷൻ നോട്ടുബുക്കിലോ ഈ തെറ്റായ സ്പെല്ലിങ് കാണുന്ന അദ്ധ്യാപകനു് ഏറെ ദിവസം കഴിയുമ്പോൾ akward എന്നതാണു് ശരിയെന്നു തോന്നിത്തുടങ്ങും. ‘സുഹൃത്തു്’ എന്ന വാക്കു് ഒരു മലയാളം പ്രൊഫസർ, സുഹർത്തു്’ എന്നെഴുതിയതു് ഞാൻ കണ്ടു. വല്ല വിദ്യാർത്ഥിയും അമ്മട്ടിൽ പതിവായി എഴുതിയിരുന്നതു് ആ അദ്ധ്യാപകൻ കണ്ടിരിക്കുമെന്നാണു് എന്റെ വിചാരം.

ക്ലേശമാർന്ന മറ്റൊരു കാര്യം എന്റെ ഓർമ്മയിലെത്തുന്നു. കാലത്തു വീട്ടിൽ വരുന്നവരുടെ ദീർഘമായ സംസാരമാണതു്. ദിനകൃത്യങ്ങൾ ഓരോന്നായി ചെയ്യാൻ ഭാവിക്കുമ്പോഴാണു് അതിഥിയുടെ വരവു്. കാലത്തു് ആറുമണിതൊട്ടു് ഉച്ചവരെ ഒറ്റയിരിപ്പും ഒരു കാര്യവുമില്ലാത്ത വർത്തമാനവുമാണു്. നമ്മൾ അദ്ദേഹത്തിനു കാപ്പികൊടുക്കുന്നു. പിന്നീടു് പലഹാരത്തോടുകൂടിയ കാപ്പി. അതേസമയം നമ്മളൊന്നും കുടിച്ചിട്ടില്ല. എങ്ങനെ കഴിക്കും? പല്ലുതേക്കാൻ ഭാവിച്ചപ്പോഴാണു് ഇഷ്ടന്റെ ആഗമനം. പിന്നെ വാ തോരാത്ത വർത്തമാനവും. നമ്മൾ വാച്ച് നോക്കുകയില്ല, കോട്ടുവാ ഇടില്ല. ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞു നോക്കില്ല. അതെല്ലാം അതിഥിയെ അപമാനിക്കലായലോ? പന്ത്രണ്ടരമണിക്കു് അദ്ദേഹം ചിലപ്പോൾ പോയെന്നുവരും. നമ്മൾ ടൂത്ത്ബ്രഷ് കൈയിലെടുക്കുന്നു. അതിനുശേഷം കാപ്പികുടിക്കേണ്ടതില്ല. ഉണ്ണാനിരുന്നാൽമതി. അതിഥിമര്യാദയുടെ പേരിൽ നമ്മൾ അദ്ദേഹം പറയുന്നതെല്ലാം ശ്രദ്ധിച്ചു കേൾക്കുമല്ലോ. അതിന്റെ ഫലമായി മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകും. കണ്ണുകൾ വേദനിക്കും. തുടർച്ചയായി മുപ്പതു് ദിവസം ഇങ്ങനെ “അലവലാതി” വർത്തമാനം കേൾക്കു. സുന്ദരനും ചെറുപ്പക്കാരനുമായ നിങ്ങൾ കിഴവനായി മാറും.

മറ്റൊരു പീഡനം സാഹിത്യത്തോടു് ഒരു ബന്ധവുമില്ലാത്ത കഥകൾ വായിക്കുക എന്നതാണു്. എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പു് തുറക്കുന്നു. കൊലപാതകവർണ്ണനയുണ്ടെങ്കിൽ പേജുകൾ വേഗം മറിച്ചു് കഥയിലെത്തുന്നു. ശ്രീദേവി കാടാമ്പുഴ എഴുതിയ ‘ആശ്രമം തേടി’ എന്ന ചെറുകഥ. വായിക്കുന്നു. കാമുകൻ ചതിച്ചതുകൊണ്ടു് കാമുകി നാടുവിട്ടുപോകുന്നുപോലും. പോകുന്നതിനു മുൻപു് “അരുൺ… എന്റെ അരുൺ” എന്നു് അവൾ. “ലതേ” എന്നു് അവന്റെ വിളി. അതിഥികൾ അകാലവാർദ്ധക്യം മാത്രമേ ഉളവാക്കൂ. ഇത്തരം കഥകളുടെ സ്ഥിതി അതല്ല. കാലനെകയറെടുപ്പിച്ചു് പോത്തിന്റെ പുറത്തു കയറ്റിക്കൊണ്ടുവരാൻ ഇവയ്ക്കു കഴിവുണ്ടു്. വന്നെത്തുന്ന കാലൻ വെറുതേ തിരിച്ചുപോകുമോ?

കലാകൗമുദിയിൽ ശ്യാമളാലയം എഴുതിയ ‘വെള്ളിയാഴ്ച മാവുമുറിച്ചാൽ’ എന്ന അസഹനീയമായ കഥ വായിച്ചിട്ടു് അഭിനവമാർക്സും അഭിനവ എംഗൽസുംകൂടി ആഹ്വാനം നടത്തുന്നു: “സർവരാജ്യവായനക്കാരേ, സംഘടിക്കുവിൻ. നിങ്ങൾക്കു നഷ്ടപ്പെടാൻ കണ്ണും സമയവുമല്ലാതെ മറ്റൊന്നുമില്ല”

എയ്ഡ്സ്

എന്റെ മുത്തച്ഛൻ ഗുസ്തിക്കാരനായിരുന്നു. അയ്മനം കുട്ടൻപിള്ള. ആ മുത്തച്ഛന്റെ അച്ഛൻ, ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്തു് സർവാധികാര്യക്കാരും പ്രിവന്റീവ് സൂപ്രണ്ടുമായിരുന്നു. (പിൽക്കാലത്തെ എക്സൈസ് കമ്മീഷണർ) അച്ഛൻ ആനകേറിയാൽ മകന്റെ ആസനം തഴയ്ക്കുകയില്ലല്ലോ. കുട്ടൻപിള്ള ഗുസ്തിപിടിച്ചും റൗഡിസം കാണിച്ചും നടന്നു. അതുകണ്ടു് നോവലിസ്റ്റ് സി. വി. രാമൻപിള്ള ഒരിക്കൽ അദ്ദേഹത്തോടു പറഞ്ഞു: “കുട്ടാ, നിന്റെ അച്ഛന്റെ നല്ല പേരു് ഇല്ലാതാക്കരുതു്”. നല്ല ഉദ്ദേശ്യത്തോടുകൂടി, വിനയത്തോടുകൂടി സി. വി. പറഞ്ഞതു് കുട്ടൻപിള്ളയ്ക്കു രസിച്ചില്ല. “നീ ആരെടാ എന്റെ അച്ഛനെ പറയാൻ?” എന്നു ചോദിച്ചുകൊണ്ടു് അദ്ദേഹം മഹാനായ നോവലിസ്റ്റിന്റെ നേർക്കു് ഒറ്റച്ചാട്ടം. സി. വി. ഓടി. ഈ സംഭവം അയ്മനം കുട്ടൻപിള്ളയുടെ സഹോദരി ഭവാനി അമ്മയിൽ നിന്നറിഞ്ഞതിനു ശേഷം ഞാൻ അദ്ദേഹത്തോടു മിണ്ടിയിട്ടില്ല. അപ്പൂപ്പനാണെങ്കിലും സി. വി. രാമൻ പിള്ളയെ അടിക്കാൻപോയ ആളല്ലേ? മിണ്ടരുതെന്നു് ഞാൻ തീരുമാനിച്ചു. ആ തീരുമാനത്തിനു ലംഘനമുണ്ടായതുമില്ല. ഗുസ്തിക്കാരിൽ പ്രമുഖനായിരുന്ന അയ്മനത്തിനു് പേരുകേട്ട ശിഷ്യൻമാരുണ്ടായിരുന്നു. അവരിൽ ഒരു ശിഷ്യൻ ‘പൂജ്യപൂജാവ്യതിക്രമം’ കാണിക്കാതെ തന്നെ റൗഡിസത്തിൽ വ്യാപരിച്ചിരുന്നു. അയാളുടെ ജന്മദേശത്തു് ജോലിക്കെത്തിയ ചെറുപ്പക്കാരൻ പൊലീസ് ഇൻസ്പെക്ടർ (അക്കാലത്തു് സബ്ബ് ഇൻസ്പെക്ടർ ഇല്ല) അയാളെ വിളിച്ചുകൊണ്ടുവരാൻ ഹെഡ്കൺസ്റ്റബിളിനോടു പറഞ്ഞു. സ്റ്റേഷനിലെത്തിയ ആ മല്ലയുദ്ധപ്രവീണനോടു് ഇൻസ്പെക്ടർ പയ്യൻ: “എടോ മമ്മതേ [പേരു് ഇതല്ല] തന്റെ റൗഡിസമെല്ലാം മതിയാക്കി ജീവിച്ചുകൊള്ളണം. കേട്ടോ. ഇല്ലെങ്കിൽ തന്റെ നട്ടെല്ലു് ഞാൻ ചവിട്ടി ഒടിക്കും”. മമ്മതു് പഞ്ചപുച്ഛമടക്കി മൊഴിഞ്ഞു: “ഏമാനേ ദയ കാണിക്കണം. ഇനി ഒരു തെറ്റും ഈ മമ്മതു് കാണിക്കില്ലേ” വാ പൊത്തിനിന്ന അയാളെ നോക്കി ഇൻസ്പെക്ടർ “ശരി” എന്നു പറഞ്ഞു. മമ്മതു പിന്നെയും: “ഏമാനേ ഒരു രഹസ്യം അറിയിക്കാനുണ്ടേ”. ഇൻസ്പെക്ടർ രഹസ്യം കേൾക്കാൻ സന്നദ്ധനായിനിന്നു. മമ്മതു് അടുത്തു ചെന്നു. കാതിലരുളി. അതു് അടുത്തു നിന്ന ഹേഡ്ഡങ്ങത്തപോലും കേട്ടില്ല. “എടാ നിന്നെക്കാൾ കൊലകൊമ്പന്മാർ ഇവിടം ഭരിച്ചിട്ടുണ്ടു്. അവന്മാർക്കുപോലും ഈ മമ്മതിനെ തൊടാൻ പറ്റിയിട്ടില്ല. പിന്നെയാണോടാ ചെറുക്കനായ നീ. മര്യാദയ്ക്കു നീ കഴിഞ്ഞു കൂടിക്കോ. ഇല്ലെങ്കിൽ നിന്റെ കഴുത്തു ഞാൻ വെട്ടിക്കളയും. മനസ്സിലായോടാ …മോനേ.” ഇത്രയും പറഞ്ഞിട്ടു് മമ്മതു് പിറകോട്ടു് അടിവച്ചുപോന്നു. വാ പൊത്തിക്കൊണ്ടു് എല്ലാവരും കേൾക്കെപ്പറഞ്ഞു: “ഇതാണു് ഏമാനേ മമ്മതിനു് അറിയിക്കാനുള്ളതു്”.

ഈ യഥാർത്ഥ സംഭവം ഞാനോർമ്മിച്ചതു് സുകുമാർ ട്രയൽ വാരികയിലെഴുതിയ ‘അടുക്കാതിരിക്കാൻ ഒറ്റമൂലി’ എന്ന കഥ വായിച്ചപ്പോഴാണു്. എ. എസ്. ഐ. സ്വന്തം വീട്ടിലെത്തിയപ്പോൾ ഇൻസ്പെക്ടർ അകത്തു്. കണ്ടു ബഹുമാനസൂചകമായി ഒറ്റ സല്യൂട്ടു്. സല്യൂട്ടിനുശേഷം മമ്മതിന്റെ മട്ടിൽ എന്തു വേണമെങ്കിലും പറയാം. പക്ഷേ, എ. എസ്. ഐ. അങ്ങനെയല്ല ചെയ്തതു്. അദ്ദേഹത്തിന്റെ കാതിൽ ഒരു വാക്കു പറഞ്ഞു. ഇൻസ്പെക്ടർ പ്രാണനും കൊണ്ടോടി. പിന്നെ ആ പ്രദേശത്തുപോലും എത്തിനോക്കിയില്ല. വാക്കു് എന്തെന്നല്ലേ? എയ്ഡ്സ്. സുകുമാറിന്റെ ഫലിതം വായിച്ചു് ഞാനൊന്നു ചിരിച്ചു. വായനക്കാരും ചിരിക്കുമെന്നാണു് എന്റെ തോന്നൽ.

അരുതു്

പന്തളം സുധാകരനെ എനിക്കു നേരിട്ടറിയാം. ചെറുപ്പക്കാരൻ, നല്ല സ്വഭാവം, ജനനേതാവു്. അദ്ദേഹത്തിന്റെ സേവനം നാട്ടുകാർക്കുവേണം. അദ്ദേഹം [അദ്ദേഹമല്ല, കാവ്യത്തിലെ വ്യക്തി] കാമുകിയോടു പറയുന്നു:

“മാപ്പുനല്കില്ലെങ്കിൽ ഒരു നീർക്കുമിളയായ്

നിന്നധരത്തിലുരുമ്മി ഞാൻ മൃത്യുവരിച്ചിടാം”

വേണ്ട. അത്ര കടുംകൈയൊന്നും ചെയ്യല്ലേ. ഈ പ്രേമമെന്നു പറയുന്നതൊക്കെ ഒരുതരം ‘പാസ്സിങ് ഫാൻസി’യാണു്. സുധാകരന്റെ യൗവനം മാറുമ്പോൾ ഞാൻ പറയുന്നതു് സത്യമാണെന്നു് അദ്ദേഹത്തിനു മനസ്സിലാകും (കാവ്യം മനോരമ ആഴ്ചപ്പതിപ്പിൽ).

ജനനീ രാഗഹേതവഃ
images/PaulValery.jpg
പോൾ വലേറി

“അപ്രഗൽഭാഃ പദന്യാസേ ജനനീരാഗ ഹേതവഃ” എന്നു് കേട്ടിട്ടുണ്ടു്. വാക്കുകൾ വേണ്ടപോലെ പ്രയോഗിക്കാത്തവർ ജനങ്ങളുടെ വൈരസ്യത്തിനു് കാരണക്കാരാണു് എന്നാവാം അതിന്റെ അർത്ഥം. (ജനാനാം നീരാഗോവിരസതാ തസ്യ ഹേതവഃ) അവിദഗ്ദ്ധമായി കാലുവച്ചു നടക്കുന്ന കുഞ്ഞുങ്ങൾ അമ്മമാർക്കു പ്രീതി ജനിപ്പിക്കുന്നു എന്നുമാകാം. (ജനന്യാ രാഗഹേതവഃ) ആഷാ മേനോൻ പദന്യാസത്തിൽ അപ്രഗൽഭനാണു്. അക്കാരണത്താൽ അദ്ദേഹം ജനങ്ങൾക്കു നീരസം ഉളവാക്കുന്നു. സ്റ്റേറ്റ് ബാങ്കിലോ മറ്റോ ജോലിയാണല്ലോ അദ്ദേഹത്തിനു്. അതുകൊണ്ടു് പിച്ചവയ്ക്കുന്ന പ്രായമല്ല. അതിനാൽ അദ്ദേഹത്തിന്റെ അവിദഗ്ദ്ധമായ പദന്യാസം ജനനിക്കും ആഹ്ലാദദായകമല്ല. ഈ സത്യംതന്നെയാണു് ജനയുഗത്തിലെ ‘മാനസൻ’ അദ്ദേഹത്തിന്റേതായ രീതിയിൽ പറയുന്നതു്. ആഷാമേനോന്റെ ചില വാക്യങ്ങൾ ഉദ്ധരിച്ചിട്ടു് ലേഖകൻ പറയുന്നു: ഇതു വാക്കുകളുടെ വയറിളക്കമല്ല, വാക്കുകളുടെ മുഴുക്കിറുക്കാണു്. വായനക്കാർക്കു്, മനസ്സിലാകാത്തതെല്ലാം മഹത്തരം എന്നാണല്ലോ പുതിയ പ്രമാണം. എഴുതുന്നവനെങ്കിലും മനസ്സിലാകുന്നുണ്ടോ എന്നതാണിവിടെ പ്രസക്തം. കിറുക്കനു് അവൻ പറയുന്നതു മനസ്സിലാവില്ലയെന്നല്ലേ പറയാറു്? മറ്റുള്ളവർ അതു മനസ്സിലാക്കുന്നുമില്ല. അപ്പോൾപ്പിന്നെ രോഗം വയറിളക്കമല്ല, കിറുക്കാണു് എന്നു് ഉറപ്പിച്ചുകൂടേ?

ആഷാ മേനോൻ ഉൾപ്പെടെയുള്ള നവീനന്മാരുടെ രചനകൾ ചിത്രങ്ങൾ പ്രദാനം ചെയ്യാതെ വാക്കുകളായിത്തന്നെ നിൽക്കുന്നു. അവ വ്യവസ്ഥയില്ലായ്മ സൃഷ്ടിക്കുന്നു. വൈജാത്യം അതായിത്തന്നെ നിൽക്കുന്നു. ഇതു് (ആഷാ മേനോന്റെയും കൂട്ടുകാരുടെയും രചന) സമുദായദ്രോഹമാണു്.

ഭാഷ വേണ്ടവിധത്തിൽ പ്രയോഗിക്കുമ്പോൾ ചിത്രങ്ങൾ ഉണ്ടാവുകയും അതോടൊപ്പം ഭാഷ അപ്രത്യക്ഷമാവുകയും ചെയ്യുന്നുവെന്നു പോൾ വലേറി അഭിപ്രായപ്പെട്ടിട്ടുണ്ടു്. (ഏതു പ്രബന്ധം എന്നു് ഓർമ്മയില്ല). ഭാഷയുടെ ലക്ഷ്യം അതിന്റെതന്നെ തുടച്ചുമാറ്റലാണെന്നു് മെർലോ പോങ്തി. (One of The effects of language is to efface itself—Maurice Merleau-Ponty, The Prose of the World. Chapter 2.) രചന ആശയം പകർന്നു കൊടുക്കുന്നതിനു് അസമർത്ഥമാണെങ്കിൽ ആ രചന കൊണ്ടു് ഒരു പ്രയോജനവുമില്ലെന്നു് ആഷാ മേനോന്റെയും കൂട്ടുകാരുടെയും ആചാര്യനായ സാർത്രും പ്രഖ്യാപിച്ചിട്ടുണ്ടു്. ക്യാൻവാസിലോ വരമൊഴിയിലോ താൻ സമുദ്രത്തിന്റെയോ മുഖഭാവത്തിന്റെയോ ചില അംശങ്ങൾ ചേർത്തുവയ്ക്കുമ്പോൾ വ്യവസ്ഥയില്ലാതിരുന്നിടത്തു് താൻ വ്യവസ്ഥ ഉളവാക്കുകയാണെന്നു് സാർത്ര് പറയുന്നു. വൈജാത്യമുള്ളിടത്തു് ഏകത്വം സൃഷ്ടിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആഷാമേനോൻ ഉൾപ്പെടെയുള്ള നവീനന്മാരുടെ രചനകൾ ചിത്രങ്ങൾ പ്രദാനം ചെയ്യാതെ വാക്കുകളായിത്തന്നെ നിൽക്കുന്നു. അവ വ്യവസ്ഥയില്ലായ്മ സൃഷ്ടിക്കുന്നു. വൈജാത്യം അതായിത്തന്നെ നിൽക്കുന്നു. ഇതു് (ആഷാമേനോന്റെയും കൂട്ടുകാരുടെയും രചന) സമുദായ ദ്രോഹമാണു്.

images/Zartosht.jpg
സൊറാസ്റ്റർ

പാഴ്സി മതത്തിന്റെ സ്ഥാപകനായ സൊറാസ്റ്റർ പാൽക്കട്ടി മാത്രമേ കഴിച്ചിരുന്നുള്ളു. വിനോബഭാവെ പഴച്ചാറു മാത്രം കുടിച്ചു ജീവിച്ചു. മൊറാർജി ദേശായി ക്കു പഴങ്ങളും സ്വന്തം മൂത്രവും മാത്രം മതി കഴിഞ്ഞുകൂടാൻ. എന്റെ ഒരു സ്നേഹിതൻ ചായയും ബീഡിയും കൊണ്ടുമാത്രം ജീവിക്കുന്നു. യോഹാൻ ഹർലിങ്കർ എന്നൊരു ആസ്ട്രിയൻ വിയന്നയിൽ നിന്നു് പാരീസിലേക്കു കൈകളിൽ നടന്നു. അമ്പത്തിയഞ്ചു ദിവസംവേണ്ടിവന്നു അയാൾക്കു യാത്ര പൂർണ്ണമാക്കാൻ. ഇവയിൽ ചിലതെല്ലാം ‘എക്സെൻട്രിസിറ്റി’യാണു്. നവീനന്മാരുടെ ഗദ്യരചന എക്സെൻട്രിസിറ്റിയല്ലെങ്കിൽ പിന്നെന്താണു്? അപ്പോൾ ബുദ്ധിമാന്മാരായ പത്രാധിപന്മാർ ഈ വിലക്ഷണതയെ പ്രോത്സാഹിപ്പിക്കുന്നതു് എന്തിനാണു് എന്ന ചോദ്യം ഉണ്ടാകുന്നു. വിലക്ഷണതയും അനിയത സ്വഭാവവും വിഭിന്നമാണു് എന്നതാണു് അവരുടെ ഉത്തരം. രചനയ്ക്കു് അനിയത സ്വഭാവം വന്നാൽ അതു് അന്യർക്കു് ആപത്തുണ്ടാക്കും. വൈലക്ഷണ്യംകൊണ്ടു് വലിയ ദൂഷ്യമില്ല എന്നു് അവർ കരുതുന്നുണ്ടാവും, അതു ശരിയല്ല. സ്കൂളിലേയും കോളേജിലേയും വിദ്യാർത്ഥികൾ ഇവയൊക്കെ വായിച്ചു വായിച്ചു് ഇതുതന്നെയാണു ശരിയായ ഗദ്യശൈലി എന്നു ഗ്രഹിച്ചു വയ്ക്കും. അതുണ്ടായാൽ അവരുടെ മനസ്സിന്റെ സമനില തെറ്റും. എല്ലാ വിദ്യാർത്ഥികളുടെയും സമനില തകരാറിലായാൽ രാജ്യം തകരും. ഭാഷ തകർന്നതിന്റെ ഫലമായി പല രാജ്യങ്ങളും തകർന്നിട്ടുണ്ടു്. ‘നേരേ ചൊവ്വേ’ നാലു വാക്യമെഴുതാൻ കഴിയാത്തവരെ നെപ്പോളിയൻ സർക്കാർ സർവീസിൽ നിന്നു ബഹിഷ്കരിച്ചിരുന്നു.

നിശാഗന്ധി
images/VeloorKrishnankutty.jpg
വേളൂർ കൃഷ്ണൻകുട്ടി

“താരുണ്യവേഗത്തിൽ വധൂജനങ്ങൾ പിന്നിട്ടിടുന്നൂ പുരുഷവ്രജത്തെ. മരം തളിർക്കാൻ തുടരുമ്പൊഴെക്കും ഒപ്പം മുളച്ചീടിനവല്ലിപൂത്തു” എന്നു കവി. അങ്ങനെയാണു് പെൺകുട്ടികൾ. പൊടുന്നനവേ അവർ താരുണ്യമാർജ്ജിക്കും. ശോഭ പ്രസരിപ്പിക്കും. നിശാഗന്ധിപ്പൂവു് ഇതുപോലെയാണു് രാത്രി വിടരുന്നതു്. പെട്ടെന്നു ധവളപ്രഭ. അതിന്റെ “ശാരീരിക” ഭാഗങ്ങൾക്കു തിളക്കവും വികാസവും. പരിമളം വലിച്ചെറിഞ്ഞു് അതു് എത്രയെത്ര നിശാശലഭങ്ങളെയാണു് ആകർഷിക്കുന്നതു്. സൗന്ദര്യമാസ്വദിച്ചു് മധു നുകർന്നു് അവ പറന്നുപോകുന്നു. ഫലിതം നിശാഗന്ധിപ്പൂവാണു്. സാഹിത്യമണ്ഡലത്തിന്റെ ഇരുട്ടിൽ അതു വിടർന്നുനിന്നു് സൗരഭ്യം വീശി വെണ്മപടർത്തുമ്പോൾ നമ്മൾ ജാലകം തുറന്നു് നോക്കുന്നു. രസിക്കുന്നു, സുഗന്ധം ശ്വസിക്കുന്നു. ഫലിതത്തിന്റെ പുഷ്പം വിടർത്തുന്നു വേളൂർ കൃഷ്ണൻകുട്ടി. കഥാദ്വൈവാരികയിലെ ‘കൃഷ്ണനുമായി അല്പം അവിഹിതം’ എന്ന ഹാസ്യകഥയെ ലക്ഷ്യമാക്കിയാണു് ഞാനിതു പറയുന്നതു്. ഹാസ്യത്തെ അപഗ്രഥിക്കാൻ വയ്യ; അതിന്റെ സ്വഭാവം വിശദീകരിക്കാൻവയ്യ. കഥയെന്തെന്നു പറയാൻവയ്യ. അതൊക്കെച്ചെയ്താൽ ആസ്വാദനം വികലമാകും. ഈ ഹാസ്യകഥ വായിക്കാൻ മാത്രം അഭ്യർത്ഥിച്ചുകൊണ്ടു് ഞാൻ മാറി നില്ക്കട്ടെ.

പലരും പലതും
  1. “പ്രധാനമന്ത്രിയും ശിപായിയുമൊരേതരക്കാരായിടുമുറക്കം തൂങ്ങുമ്പോൾ എന്നു കുഞ്ഞുണ്ണി ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ‘ചന്ദ്രിക’യിൽ നിലാവു വീഴ്ത്തുന്ന ഇത്തരം പ്രസ്താവങ്ങൾ നിർവ്വഹിക്കുന്ന കുഞ്ഞുണ്ണിയെ കേരളത്തിനല്ലാതെ വേറെ ഏതു പ്രദേശത്തിനു് ഉളവാക്കാൻ കഴിയും?
  2. “ഇവിടെ ഉൽപന്നത്തിന്റെ വിലയും

    ഉൽപാദകന്റെ വിയർപ്പും തമ്മിൽ

    അനുപാതം നഷ്ടപ്പെടുന്നു”

    എസ്. രമേശൻ കയർ ഫാക്ടറി എന്ന പേരിൽ ദേശാഭിമാനി വാരികയിലെഴുതിയ ഒരു “കാവ്യ”ത്തിൽ നിന്നാണിതു്. രമേശൻ എന്തിനു പ്രയാസപ്പെടുന്നു? ഗദ്യമായി ഇതങ്ങു എഴുതിയാൽ മതിയല്ലോ.
  3. “വാക്കുകൾ മിതമായി പ്രയോഗിക്കുമ്പോഴാണു് അവ സാരവത്തുക്കൾ ആകുന്നതു്” എന്നു് സിദ്ധാർത്ഥൻ മനോരാജ്യംവാരികയിൽ ശരിയാണു്.

    “അല്പാക്ഷര രമണീയം യഃ

    കഥയതി നിശ്ചിതം സ ഖലു വാഗ്മീ.

    ബഹുവചനമല്പസാരം യഃ കഥയതി

    വിപ്രലാപീ സഃ” (രവിഗുപ്തൻ)

  4. “കടൽക്കരയിലെ നന മണ്ണിലിലിരുന്നു്—ഒരു കനൽക്കണ്ണി തിരയെണ്ണി മൊഴിയുന്നു” എന്നു ഡോക്ടർ അയ്യപ്പപ്പണിക്കർ ‘തീരശബ്ദം’ മാസികയിൽ. കവി ആവിഷ്കരിക്കുന്ന വികാരം നമ്മുടെയും വികാരമാകുന്നുണ്ടു്.
images/Ebcosette.jpg

സാഹിത്യസൃഷ്ടികളിലെ ചില രംഗങ്ങൾ മറക്കാനാവില്ല. ‘പാവങ്ങൾ’ എന്ന നോവലിൽ: വെള്ളം നിറച്ചബക്കറ്റ് താങ്ങിക്കൊണ്ടു പോകുന്ന കോസത്തിന്റെ കൈയിൽനിന്നു് അവളറിയാതെ ഷാങ്വൽ ഷാങ് പിറകേ ചെന്നു് അതു വാങ്ങുന്നതു്. ‘അന്നാകരേനിന’ എന്ന നോവലിൽ: കുതിരയോട്ടം നടത്തുന്നതും വ്രോൺസ്കി വീഴുന്നതും. മാർത്താണ്ഡവർമ്മ എന്ന നോവലിൽ: മാങ്കോയിക്കൽ ഭവനം തീപിടിക്കുന്നതു്. ഇതുപോലെ നിത്യജീവിതത്തിലെ ചില സംഭവങ്ങളും നമ്മൾ മറക്കില്ല. ഭിലായിലേക്കു പോകുന്ന കാറ് ബലാർഷാ—നാഗപ്പൂർ റോഡിൽ ഒരു ലവൽക്രോസ്സിനടുത്തു നിന്നു. അടച്ചഗെയ്റ്റിന്റെ ഒരു വശത്തു് സുന്ദരിയായ ഒരു മഹാരാഷ്ട്ര പെൺകുട്ടി. ‘കടാക്ഷ ശാസ്ത്ര പഠിപ്പു നേടാത്ത വിടർന്ന കണ്ണാൽ’ അവൾ ഞങ്ങളെ നോക്കി. പുഞ്ചിരി പൊഴിച്ചു പറഞ്ഞു. ‘സംത്രേ സസ്തേ ഹേ’ (ഓറഞ്ചിനു വില കുറവാണു്.) അവളുടെ കൈയിലുണ്ടായിരുന്ന ഓറഞ്ചു മുഴുവൻ ഞങ്ങൾ വാങ്ങി. ആവശ്യമുണ്ടായിട്ടല്ല. അവൾ ഇന്നു മദ്ധ്യവയസ്കയായി അവിടെ എവിടെയോ കഴിയുന്നുണ്ടാവും. എങ്കിലും എന്റെ മനസ്സിൽ അവൾ നിൽക്കുന്നു. ‘സംത്രേ സസ്തേ ഹേ’ എന്നു പറയുന്നു. പുഞ്ചിരി പൊഴിക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-12-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 25, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.