സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-01-12-ൽ പ്രസിദ്ധീകരിച്ചതു്)

അന്തരിച്ചുപോയ ഈ. വി. ദാമോദരൻ മഹാപണ്ഡിതനും പുരുഷരത്നവുമായിരുന്നു. സംസ്കൃത കോളേജിൽ പ്രൊഫസറായിരുന്ന അദ്ദേഹത്തെ വിദ്യാർത്ഥികൾ എന്തെന്നില്ലാത്തവിധം സ്നേഹിക്കുയും ബഹുമാനിക്കുയും ചെയ്തു. നിഷ്കളങ്കതയുടെ ശാശ്വത പ്രതിരൂപമായ അദ്ദേഹത്തെ പറ്റിക്കാനും ആളുണ്ടായി; കിളിമാനൂർക്കാരനായ ഒരു ചെറുപ്പക്കാരൻ, ആയിരക്കണക്കിനു രൂപ ആയാൾ തട്ടിക്കൊണ്ടുപോയിയെന്നാണു ദാമോദരൻസാറു തന്നെ എന്നോടു പറഞ്ഞതു്. ഒരിക്കൽ പറക്കോട്ടു് ഒരു സമ്മേളനത്തിനു പോകാൻ ബാലരാമപ്പണിക്കർസ്സാറിനെ വിളിക്കാനായി ഞാൻ പേട്ടയിൽ ചെന്നു. സാറ് കാറിൽ കയറിയതേയുള്ളു. എവിടെ നിന്നാണെന്നു് അറിഞ്ഞില്ല, ഈ. വി. സ്സാറിനെ പറ്റിച്ച ആ ചെറുപ്പക്കാരൻ ഓടിയെത്തി. ‘ഞാനുംകൂടെ വരുന്നു.’ എന്നു പറഞ്ഞുകൊണ്ടു് മുൻസീറ്റിൽ കേറിയിരുന്നു. ബാലരാമപ്പണിക്കർ എന്റെ കാതിൽ പറഞ്ഞു: “ഇന്നു നമുക്ക് ആപത്തുണ്ടാകും. ഇവൻ നല്ലവനല്ല. ഇവന്റെ ദൗർഭാഗ്യം നമ്മെയും ബാധിക്കും”. കാറ് ഒരു പതിനഞ്ചു നാഴിക പോയിരിക്കും. എതിരേവന്ന ഒരു ലോറി വന്നു് ഇടിക്കാതിരിക്കാൻവേണ്ടി ഡ്രൈവർ വാഹനം വെട്ടിയൊഴിച്ചു. റോഡിന്റെ ഒരു വശത്തുള്ള കുഴിയിലേക്കു് കാറ് മറിഞ്ഞു. ചെറിയ മുറിവുകളോടുകൂടി ഞങ്ങൾ രക്ഷപ്പെട്ടു. ദാമോദരൻസ്സാറിനെ പറ്റിച്ച ചെറുപ്പക്കാരനു് ഒരു പോറൽപോലും പറ്റിയതുമില്ല. ബാലരാമപ്പണിക്കർസ്സാർ പറഞ്ഞു: “കണ്ടോ ഞാൻ നേരത്തെ പറഞ്ഞതു ശരിയായില്ലേ?” ദൗർഭാഗ്യം ചിലർ കൊണ്ടുനടക്കുന്നു. അതു് അവരെ ശല്യപ്പെടുത്തുകയില്ല. മറ്റുള്ളവരെ ഉപദ്രവിക്കും. വിമാനാപകടത്തിൽ 235 പേർ മരിച്ചുവെന്നു പത്രവാർത്ത. ഈ 235 പേരും തിന്മയാർന്നവരാണെന്നു കരുതരുതു്. അവരിൽ ഒരുത്തനായിരിക്കും തിന്മയുള്ളതു്. അവന്റെ ആ തിന്മ ബാക്കി 234 പേരിലും വന്നു വീഴുന്നു. തിന്മയുള്ളവൻ എങ്ങനെയോ രക്ഷപ്പെട്ടുവെന്നും വരാം. ചിലപ്പോൾ അവനും മരിച്ചെന്നുവരാം. ഈ വിഷയത്തെക്കുറിച്ചു മഹർഷി അരവിന്ദഘോഷി ന്റെ ശിഷ്യൻ നളിനീകാന്തഗുപ്ത ഉപന്യസിച്ചിട്ടുണ്ടു്:

“നിങ്ങൾക്കു് ആന്തരജ്ഞാനവും അഭിവീക്ഷണവും അവശ്യശക്തിയും ഇല്ലെങ്കിൽ മറ്റുള്ളവരുടെ കർമ്മം നിങ്ങളിൽ വന്നു വീഴാനിടയുണ്ടു്. ഏതാണ്ടു് ഇരുണ്ട “ഭ്രമണം” ചുറ്റുമുള്ള ഒരുത്തനെ നിങ്ങൾക്കു കാണാനിട വന്നാൽ ഏതു വിധത്തിലെങ്കിലും അയാളെ ഒഴിവാക്കണം.”

images/NoliniKantaGupta01-c.jpg
നളിനീകാന്തഗുപ്ത

വ്യക്തികളെസ്സംബന്ധിച്ച ഈ സത്യം പ്രസാധനങ്ങളെക്കുറിച്ചും സത്യമായി ഭവിച്ചിരിക്കുന്ന കാലത്താണു് നമ്മൾ ജീവിക്കുന്നതു്. ദൗർഭാഗ്യം കൊണ്ടുനടക്കുന്ന ചില വാരികകൾ ‘മന്ദാക്ഷ മന്ദാക്ഷര’മായി പദവിന്യാസം നടത്തുന്ന ചില ഉത്കൃഷ്ടവാരികകളെ നശിപ്പിക്കുന്നു. സൂക്ഷിച്ചുനോക്കൂ. ഇരുണ്ട വലയം അവയ്ക്കു ചുറ്റുമുണ്ടു്. ഉപരിതല വീക്ഷണം ഒഴിവാക്കിയ ആന്തരതലവീക്ഷണം നടത്തേണ്ടിയിരിക്കുന്നു കേരളത്തിലെ വായനക്കാർ.

മുഖാവരണം

മുഖാവരണം ധരിച്ചു നടക്കുന്നവർ ഇവിടെ ധാരാളമുണ്ടു്. കവിയായിരിക്കും, രാഷ്ട്രീയ നേതാവായിരിക്കും. സുഹൃത്തായിരിക്കും. മുഖാവരണം ധരിച്ചാണു് അവർ നമ്മുടെ മുൻപിലെത്തുക. ഞാൻ വീട്ടിൽച്ചെന്നു കയറിയാലുടൻ മുഖാവരണം എടുത്തുവയ്ക്കുന്ന ഒരു കവിയുണ്ടായിരുന്നു. “വരൂ വരൂ, ഇരിക്കു” എന്നു മൊഴിയും, കാപ്പി കുടിക്കാതെ പോകരുതെന്നു നിർബ്ബന്ധിക്കും. പോകാനെഴുന്നേറ്റാൽ “ഇരിക്കൂന്നേ, എന്തൊരു തിടുക്കമാണിതു് ” എന്നു് പരിഭവം പറയും. പോയിക്കഴിഞ്ഞാൽ “മെനക്കെടുത്താൻ വന്നുകയറി കാലത്തു്. ഇനി കമലമ്മയ്ക്ക് (ഭാര്യയുടെ പേരു്) ഇഡ്ഢലി വേറെയുണ്ടാക്കണം” എന്നു കാണുന്നവരോടെല്ലാം പരാതിയായി. ആ പരാതികേട്ട ഒരു മാന്യനാണു് ഇക്കാര്യം എന്നെ അറിയിച്ചതു്. പിന്നീടു് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടേയില്ല. യൂജീൻ ഓനീലി ന്റെ The Great God Brown എന്ന നാടകത്തിലെ ഒരു കഥാപാത്രം തന്റെ “ആധ്യാത്മികവും കാവ്യാത്മകവുമായ” മുഖത്തിൽ ആവരണം ചാർത്തിനിൽക്കുന്നതായി പ്രസ്താവമുണ്ടു്. കാലം കഴിയുമ്പോൾ ആ മുഖാവരണം ജീർണ്ണിക്കുന്നു. ഞാൻ പറഞ്ഞ കവിയുടെ മുഖം മാത്രമേ ജീർണ്ണിച്ചുള്ളു. മുഖാവരണം അദ്ദേഹം അന്തരിക്കുന്നതുവരെ ഒരു വ്യത്യാസവും കൂടാതെയിരുന്നു.

images/TheGreatGodBrown.jpg

മുഖത്തിൽ ആവരണം വയ്ക്കുന്നതുപോലെ കഥയിൽ ആവരണം ചാർത്തുന്നതിൽ പ്രഗൽഭനാണു് ദേശാഭിമാനി വാരികയിൽ “ഉണ്ണികൾ” എന്ന കഥയെഴുതിയ എം. സുധാകരൻ. ഒരുത്തൻ വേറൊരുത്തനെ കാറിൽ കയറ്റുന്നു. കുട്ടികളുടെ പുറത്തു് കാറ് കയറ്റി കൊല്ലുന്നു. ആ വേറൊരുത്തന്റെ കാമുകിയെയും കാറ് കയറ്റി കൊല്ലുന്നു. എത്ര ആലോചിച്ചിട്ടും ഇതിന്റെ ‘ഗുട്ടൻസ്’ പിടികിട്ടുന്നില്ല. വല്ല പ്രധാനമന്ത്രിയോ മന്ത്രിയോ മറ്റോ ആണോ അദ്ദേഹം ഉദ്ദേശിച്ചതു്? ആവോ അറിയില്ല. പ്രതിപാദ്യവിഷയം ആവരണത്താൽ മറഞ്ഞിരിക്കുന്നു ഇക്കഥയിൽ. അലിഗറി രചിക്കാം, സിംബോളിക് കഥ എഴുതാം. അവയുടെയൊക്കെ അർത്ഥം മനസ്സിലാക്കത്തക്കവിധത്തിൽ ചില സൂചകപദങ്ങളെങ്കിലും അവയിൽ വയ്ക്കണം. സുധാകരനു് അതിലൊന്നുമല്ല താൽപര്യം, മുഖാവരണം വച്ചു് മനുഷ്യനെ കുഴപ്പത്തിൽ ചാടിക്കുന്നതിനാണു്.

ആർത്തവം നിന്ന ഒരു സ്ത്രീ സ്ത്രീത്വവിനാശത്തിൽ ദുഃഖിക്കുന്നതും പീന്നീടു് രക്തസ്രാവമുണ്ടാകുമ്പോൾ നഷ്ടപ്പെട്ട സ്ത്രീത്വം വീണ്ടുകിട്ടിയെന്നു കരുതി ആഹ്ലാദിക്കുന്നതും റ്റോമാസ് മാൻ എഴുതിയ The Black Swan എന്ന നോവലിൽ വർണ്ണിച്ചിരിക്കുന്നു. അവരുടെ രക്തസ്രാവം യഥാർത്ഥത്തിൽ കാൻസറിന്റേതായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ മരിക്കുമ്പോൾ നോവൽ അവസാനിക്കുകയാണു്. ഈ സ്ത്രീ രോഗാർത്തമായ യൂറോപ്പാണു്. അനുവാചകനു് അതു മനസ്സിലാകത്തക്കവിധത്തിൽ നോവലിസ്റ്റ് കൃതിയിൽ പലയിടത്തും സൂചകപദങ്ങൾ നിവേശിപ്പിച്ചിരിക്കുന്നു. അലിഗറിയും മറ്റും രചിക്കുന്ന നമ്മുടെ എഴുത്തുകാർ ഇത്തരം കൃതികൾ വായിച്ചിരിക്കുന്നതു നന്നു്.

“ശ്രേയഃ പ്രതിബധ്നാതി”

പമ്പാ ദേവസ്വം ബോർഡ് കോളേജിൽ ഒരു സമ്മേളനത്തിനു പോയിരുന്നു ഏതാനും മാസങ്ങൾക്കു മുൻപു്. മീറ്റിങ് തുടങ്ങാറായി. സദസ്സിൽനിന്നു് ഒരദ്ധ്യാപിക എഴുന്നേറ്റുവന്നു് എന്റെ കാലുതൊട്ടു കണ്ണിൽവച്ചു. തെല്ലുനേരത്തേക്കു് ഒരമ്പരപ്പു് എനിക്കുണ്ടായി. ആരാണു് ആ യുവതിയെന്നു ഞാൻ നോക്കി. പണ്ടു് ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ എം. എ. ക്ലാസ്സിൽ പഠിപ്പിച്ച കുട്ടിയാണു് അവർ. ഗൂരുനാഥനോടു് ആ അദ്ധ്യാപിക കാണിച്ച ഭക്തി കണ്ടു് എന്റെ നേത്രങ്ങൾ ആർദ്രങ്ങളായ്.

ഇന്നു കാലത്തു് (21-12-85) പണ്ടു് സംസ്കൃതകോളേജിൽ ഞാൻ പഠിപ്പിച്ച ഒരാൾ വീട്ടിൽ വന്നു. കൈയിൽ എനിക്കു തരാൻ രണ്ടു പുസ്തകങ്ങൾ ‘മൃച്ഛകടികവും മുദ്രാരാക്ഷസവും’. “എന്തുചെയ്യുന്നു ഇപ്പോൾ?” എന്നു ഞാൻ ചോദിച്ചു. “ഞാൻ … കോളേജിൽ ഫസ്റ്റ് ഗ്രേഡ് പ്രൊഫസറാണു്. സാറിനെ എനിക്കു മറക്കാനാവില്ല. ഇവിടെ നിന്നു ഇരുപത്തഞ്ചു നാഴിക അകലെയാണു് ഞാൻ താമസം. ക്രിസ്മസ് വെക്കേഷനല്ലേ ഞാൻ വീട്ടിലുണ്ടായിരിക്കും. കാറയച്ചു തരാം, സാറ് വീട്ടിൽ വന്നേ തീരൂ.” ശിഷ്യസ്നേഹപരതന്ത്രനായ ഞാൻ ആഹ്ലാദബാഷ്പം പൊഴിച്ചു.

ലോകമിങ്ങനെയാണു്. നല്ല ആളുകൾ നമ്മെ ബഹുമാനിക്കും. ഖലന്മാർ ചവിട്ടും. ഒന്നിലും ആഹ്ലാദിക്കരുതു്. ദുഃഖിക്കയുമരുതു്—ഈ തത്ത്വം എനിക്കറിയാം. എങ്കിലും ഞാൻ ആദ്യം ആഹ്ലാദിക്കുകയും പിന്നീടു് കരയുകയും ചെയ്തു. എന്റെ ചൂടാർന്ന കണ്ണീർ വീണുതു് ഭൂമിയിലല്ല. പൂജ്യ പൂജാവ്യതിക്രമം നടത്തിയ ആ ശിഷ്യന്റെ തലയിലാണു്.

സായാഹ്നം. ഞാൻ താമസിക്കുന്ന വീട്ടിനു അല്പമകലെയായി വെറൊരു ശിഷ്യൻ താമസിക്കുന്നുണ്ടു്. അദ്ദേഹത്തെ കണ്ടിട്ടു് കുറഞ്ഞതു പത്തുവർഷമാകും. കണ്ടുകളയാമെന്നു വിചാരിച്ച് നടന്നു. ശിഷ്യനെ തേവലക്കര ദാമോദരൻപിള്ള എന്നു വിളിക്കാം. എന്റെ ക്ലാസ്സിലെ പ്രഗത്ഭനായ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. പുച്ഛഭാവത്തോടെ ക്ലാസ്സിലിരിക്കുമെങ്കിലും കോംബൊസിഷനും തർജ്ജമയും മറ്റും ഒന്നാന്തരമായി എഴുതും. ഒരു കോളേജിന്റെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. സായിബാബ ഭക്തനുമാണു്. ഞാൻ അദ്ദേഹത്തന്റെ വീട്ടുനടയിൽ ചെന്നു് “…ഇവിടെയുണ്ടോ?” എന്നു തിരക്കി. അദ്ദേഹം അതു കേട്ടു ചാടിയിറങ്ങി വരുമെന്നും ഗുരുനാഥനായ എന്നെ കൈക്കുപിടിച്ചു അകത്തേക്കു കൊണ്ടുപോകുമെന്നുമാണു് ഞാൻ വിചാരിച്ചതു്. തേവലക്കര ഇറങ്ങി വന്നു. “ങ്ഹാ കൃഷ്ണൻനായർ സാറ്! എല്ലാവരും സിനിമ കാണുകയാണു്. ‘സ്നാപക യോഹന്നാൻ’, ഇപ്പോൾ വീട്ടിനകത്തേക്കു പോകാൻ വയ്യ.” എന്നു പറഞ്ഞു. ഞാൻ മറുപടി നൽകി: “എന്നാൽ ഞാൻ തിരിച്ചു പോകാം.” അപ്പോഴേക്കും രണ്ടാമത്തെനിലയിൽ ടെലിഫോൺ മണിനാദം. അദ്ദേഹം ഓടിക്കയറി സംസാരം കഴിഞ്ഞു തിരിച്ചെത്തി എന്നിട്ടു ചോദിച്ചു: “വീട്ടിൽ ടെലിഫോണുണ്ടോ?” സമയത്തിനു പണം കൊടുക്കാത്തതുകൊണ്ടു് ഡിപ്പാർട്ട്മെന്റ് അതിളക്കിക്കൊണ്ടു പോയി എന്ന അർത്ഥത്തിൽ “ഡിസ്കണക്റ്റഡ് ആയി ടെലിഫോൺ” എന്നു ഞാൻ പറഞ്ഞു. “കളർ ടെലിവിഷനുണ്ടോ” എന്നു ശിഷ്യന്റെ ചോദ്യം. “ടെലിവിഷനേയില്ല” എന്നു മറുപടി. “ഏതുവീട്ടിൽ താമസിക്കുന്നു?” എന്നു ചോദ്യം. ഞാൻ വീടു് ഏതാണെന്നു പറഞ്ഞു. “ഓ ആ കൊച്ചു വീടോ അതെനിക്കറിയാം.” എന്നു കൊട്ടാരംപോലുള്ള തന്റെ ഭവനം നോക്കി ഉദീരണം. വീണ്ടും ടെലിഫോൺ ബല്ല്. “എനിക്കിപ്പോൾ ആയിരം രൂപ ശമ്പളമുണ്ടു്. കൂടെ പെൻഷനും” എന്നു പറഞ്ഞിട്ടു് അദ്ദേഹം കോണിപ്പടികൾ കയറി. ആ ശിഷ്യൻ അങ്ങനെ സോപാനശ്രേണിയിൽ ഉത്പ്ലവനം നടത്തുമ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ അവിടെനിന്നു് ഓടി. എന്റെ കണ്ണീരൊഴുകി. അതു മുകളിൽപ്പറഞ്ഞ ആഹ്ലാദബാഷ്പമായിരുന്നില്ല. ദുഃഖത്തിന്റെ കണ്ണീരായിരുന്നു. അപമാനനത്താൽ ഉണ്ടായ ദുഃഖത്തിന്റെ കണ്ണീരു്.

ലോകമിങ്ങനെയാണു്. നല്ല ആളുകൾ നമ്മെ ബഹുമാനിക്കും. ഖലന്മാർ ചവിട്ടും. ഒന്നിലും ആഹ്ലാദിക്കരുതു്, ദുഃഖിക്കയുമരുതു്—ഈ തത്ത്വം എനിക്കറിയാം. എങ്കിലും ഞാൻ ആദ്യം ആഹ്ലാദിക്കുകയും പീന്നീടു് കരയുകയും ചെയ്തു. എന്റെ ചൂടാർന്ന കണ്ണീർ വീണതു് ഭൂമിയിലല്ല. പൂജ്യപൂജാവ്യതിക്രമം നടത്തിയ ആ ശിഷ്യന്റെ തലയിലാണു്. ഇതിന്റെ വേറൊരു വശം കാണണമെന്നുണ്ടോ? എങ്കിൽ ചന്ദ്രിക വാരികയിൽ വി. എ. എ. അസീസ് എഴുതിയ “ആരാണു നമ്മുടെ ശത്രുക്കൾ” എന്ന ലേഖനം വായിച്ചാലും.

പെയിന്റും പെയിന്റില്ലായ്മയും
images/Olappamanna.jpg
ഒളപ്പമണ്ണ

ഒരുത്തൻ പ്രതിഭാശാലിയായിരുന്നാലേ മറ്റൊരു പ്രതിഭാശാലിയോടു സംസാരിക്കാൻ കഴിയൂ എന്നില്ലല്ലോ. അങ്ങനെയാണെങ്കിൽ ജി. ശങ്കരക്കുറുപ്പു് എന്റെ വീട്ടിൽ പലതവണ വരുമായിരുന്നില്ല. ചങ്ങമ്പുഴ യുടെ ലോഡ്ജിൽ ഞാൻ പലതവണ ചെന്നുകയറുമായിരുന്നില്ല. പി. കുഞ്ഞിരാമൻനായർ എന്റെ വീട്ടിൽ വരുമായിരുന്നില്ല. പ്രതിഭയില്ലാതെ എനിക്കു പ്രതിഭാശാലികളെ തിരിച്ചറിയാം. താഴെച്ചേർക്കുന്ന വരികൾ വായിക്കൂ. ഒളപ്പമണ്ണ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘കാഫലം’ എന്ന കാവ്യത്തിലെ ആ വരികളുടെ പിറകിൽ പ്രതിഭയുടെ പ്രസരമുണ്ടെന്നു് ആരും സമ്മതിക്കും.

ഓരോവഴിക്കു പിരിഞ്ഞുപോയ്ക്കുട്ടികൾ.

ഭാര്യയും ഞാനും തനിച്ചു വീട്ടിൽ!

നിശ്ശബ്ദമുൺതളം പൂമുഖം; ഒക്കയും

വെച്ചതു വെച്ചതുപോലിരുന്നു.

താമ്പാളം മോറി വെയ്ക്കുന്നതന്നെന്തിന്നു

സാമ്പാറു വെയ്ക്കുന്നതെന്തിനമ്മ?

തട്ടിത്തകർക്കലും തർക്കവുമല്ലിയെൻ

മക്കളേ, ജീവിതത്തിന്റെ ശബ്ദം?

നിങ്ങൾ വഴക്കടിക്കുമ്പൊഴുമമ്മയ്ക്കു

മങ്ങാത്തതല്ലോ മുഖപ്രസാദം;

നന്നായിട്ടില്ലെന്നു തട്ടിയാലും മക്ക-

ളുണ്ണുന്നതമ്മമാർ നോക്കി നില്പൂ!

ആൺമക്കൾ അന്യസ്ഥലങ്ങളിൽ. അല്ലെങ്കിൽ പലരും മരിച്ചു. പെൺമക്കൾ ഭർത്താക്കന്മാരുടെ വീടുകളിൽ. അവർ വല്ലപ്പോഴും തിരിഞ്ഞു നോക്കിയാലായി അത്ര മാത്രം. അവരുടെ അച്ഛനും അമ്മയും ഒറ്റയ്ക്കു് ഒരു വീട്ടിൽ. അവർക്കു് ഏകാന്തതയുടെ ദുഃഖം. മോഹഭംഗത്തിന്റെ ദുഃഖം. ആരുമില്ലല്ലോ എന്ന ചിന്ത ജനിപ്പിക്കുന്ന ദുഃഖം. ഇതാണു് ഈ ലോകത്തുവച്ചു് ഏറ്റവും വലിയ ദുഃഖമെന്നു് എനിക്കു തോന്നുന്നു. അതിനെ ഒളപ്പമണ്ണ എത്ര ഹൃദയസ്പർശകമായ വിധത്തിൽ സ്ഫുടീകരിക്കുന്നവെന്നും നോക്കുക. ഈ കാവ്യത്തിന്റെ ബാക്കി ഭാഗങ്ങൾ വിരസമാണു് അല്ലെങ്കിൽ ഗദ്യാത്മകമാണു്. വർക്ക്ഷോപ്പിന്റെ അടുത്തുകൂടെ പോകുമ്പോൾ ചില ഭാഗങ്ങളിൽ ചായമിളകി പാണ്ടു പിടിച്ചതുപോലെ അംബാസിഡർ കാറുകൾ കിടക്കുന്നതു കണ്ടിട്ടില്ലേ? അതുപോലെ പെയിന്റ് ഇളകിപ്പോയ ഭാഗങ്ങളാണിവ. കാറിന്റെ ചായം മുഴുവനും ചുരണ്ടിക്കളഞ്ഞാൽ അക്കാഴ്ച ജുഗുപ്സാവഹമല്ല. പുതുതായി ചായം സ്പ്രേ ചെയ്താൽ നയനാനന്ദകരം. പക്ഷേ ചില ഭാഗങ്ങളിലെ ല്യൂക്കോഡേമ —ശ്വേത കുഷ്ഠ്ം—ഓക്കാനമുണ്ടാക്കും. കാവ്യത്തിനു ല്യൂക്കോഡേമ വരാതിരിക്കാൻ ഒളപ്പമണ്ണ ശ്രദ്ധിച്ചാൽ കൊള്ളാം.

മനുഷ്യപ്രേമാത്മകത്വം

മലയാളനാടുവാരികയിൽ ഈ പംക്തി എഴുതിക്കൊണ്ടിരുന്നകാലത്തു് മധുരയിൽനിന്നു് എനിക്കു് ഒരു തമിഴന്റെ കത്തുവന്നു: അദ്ദേഹം മലയാളം പഠിച്ചുവെന്നും സാഹിത്യവാരഫലം പതിവായി വായിക്കുന്നുവെന്നും. ഏതാനും മാസം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ കാണാൻ വന്നു. ഇംഗ്ലീഷിലാണു് ആ സുഹൃദയൻ സംസാരിച്ചതു്.

അദ്ദേഹം: Your column is very popular. But allow me to say that your ideas about human beings are not correct. They have a downward tendency; brutish.

(നിങ്ങളുടെ പംക്തിക്കു ജനസമ്മതിയുണ്ടു്. പക്ഷേ, മനുഷ്യരെക്കുറിച്ചു നി… നോന്മുഖമായ പ്രവണതയുണ്ടു്. മൃഗീയം.) അദ്ദേഹം അതിഥി ആയതുകൊണ്ടു് ഞാൻ ചിരിച്ചതേയുള്ളു. അതിഥി അല്ലായിരുന്നെങ്കിൽ നരഭോജികളാണു് മനുഷ്യർ എന്നു ഞാൻ മറുപടി പറയുമായിരുന്നു. ഈ ക്രവ്യാശിത്വത്തെ ഇമേജുകളിലൂടെ ആവിഷ്കരിക്കുന്ന ഒരു കഥയുണ്ടു് കലാകൗമുദിയിൽ. ഇ. വി. ശ്രീധരന്റെ ‘ഹ്യൂമൻസ്റ്റോറി.’ മനുഷ്യത്വത്തെ സ്പർശിക്കുന്ന കഥയെഴുതാൻ ശ്രമിക്കുന്ന കഥാകാരൻ തന്റെ ചുറ്റും നോക്കുമ്പോൾ മനുഷ്യത്വശൂന്യങ്ങളായ കഥകളേ കാണുന്നുള്ളൂ. അവയെ ഓരോന്നായി അദ്ദേഹം എടുത്തുവയ്ക്കുന്നു. എല്ലാക്കഥകളെയും കൂട്ടിയിണക്കുന്ന ഒരു രജതതന്തുവുണ്ടു്. കലാത്മകതയുടെ തന്തുവാണതു്. സാധാരണമായി കാണാത്ത ഒരു ടെക്ക്നിക്കാണു് കഥാരചനയിൽ കഥാകാരൻ അംഗീകരിച്ചിരിക്കുന്നതു്. അതു് വിജയം പ്രാപിച്ചിട്ടുണ്ടു്.

നിർവ്വചനങ്ങൾ

പദ്മാസുബ്രഹ്മണ്യം: രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ച നർത്തകി. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം മുഖത്തെ മാംസപേശികളുടെ വക്രീകരണംമാത്രം നടത്തുന്ന സ്ത്രീ. ശാലീനതയില്ല, ശരീര… വെറെ എന്തോ ആണു്.

കുന്നക്കുടി വൈദ്യനാഥൻ: കമ്പികൾ സ്പന്ദിപ്പിച്ചു് മനുഷ്യരെ ഗന്ധർവ്വ ലോകത്തേക്കു് ഉയർത്തുന്ന മഹാമാന്ത്രികൻ. അടുത്ത ജന്മത്തിലെങ്കിലും എനിക്ക് അദ്ദേഹമായി ജനിക്കാൻ കഴിഞ്ഞെങ്കിൽ.

കലാലയങ്ങളിലെ മ്യൂസിക് അദ്ധ്യാപികമാരും പ്രക്ഷേപണകേന്ദ്രങ്ങളിലെ ‘നിലയ’ വിദ്വാന്മാരും: നിർവ്വചനമില്ല. Modesty forbids.

തിരുവനന്തപുരം: മഴപെയ്താൽ വെള്ളം വാർന്നൊഴികിപ്പോകുന്ന ശുചിത്വമാർന്ന പട്ടണം. കറപ്ഷന്റെ ഇരിപ്പിടം. അപവാദവ്യവസായമാണു് ഇവിടത്തെ മുഖ്യ വ്യവസായം.

ഹെർണിയ: സ്നേഹംകൊണ്ടു് ഭർത്താവു് ഭാര്യയെ പൊക്കിയെടുക്കുമ്പോൾ അയാൾക്ക് പെട്ടെന്നുണ്ടാകുന്ന ഒരു രോഗം. (പണ്ടു് ചിറ്റൂരു് ഒരു മുൻസിഫ് പ്രേമാതിരേകത്തോടെ ഭാര്യയെ എടുത്തു് ഉയർത്തി. അയ്യോ എന്ന വിളിയോടെ അദ്ദേഹം താഴെയിരുന്നു. നോക്കിയപ്പോൾ അടിവയറ്റിലെ മാംസപേശികൾ പൊട്ടി കുടലുതാഴത്തേക്ക് ഇറങ്ങിയിരിക്കുന്നു. അതുതന്നെയാണു് ഹെർണിയ.)

ഞങ്ങളെന്തുപിഴച്ചു
images/KunnakudiVaidyanathan.jpg
കുന്നക്കുടി വൈദ്യനാഥൻ

കഥാരചനയെക്കുറിച്ചു് ഒന്നും അറിയാൻ പാടില്ലാത്ത ഒരാളുണ്ടെങ്കിൽ ആ ആളു് ദേവസ്സി ചിറ്റമ്മലാണു്. അദ്ദേഹത്തിനു് രചനയുടെ രഹസ്യം അറിയാൻ താൽപര്യമില്ലെന്നു കരുതിക്കൂടാ. താല്പര്യമുണ്ടായാലും അദ്ദേഹത്തിനു് ഇത്രമാത്രമേ കഴിയൂ. ഇപ്പോൾ എന്നെസ്സംബന്ധിച്ചു് ഒരു വിദ്യാർത്ഥി പറഞ്ഞ കാര്യമാണു് എന്റെ ഓർമ്മയിലെത്തുന്നതു്. സെക്രിട്ടേറിയറ്റിൽ ജോലിനോക്കിയിരുന്ന എനിക്കു യൂണിവേഴ്സിറ്റികോളേജിൽ ജോലികിട്ടി, വിറച്ചു വിറച്ചു ക്ലാസ്സിൽക്കയറി. ഒരു വാക്യം പോലും ശരിയായി പറയാൻ കഴിഞ്ഞില്ല. കുട്ടികൾ കൂവി, ഡസ്കിലടിച്ചു. ആദ്യത്തെ ക്ലാസ്സിലെ അനുഭവം അതായതുകൊണ്ടു പിന്നീടുള്ള എല്ലാ ക്ലാസ്സുകളിലും അതുതന്നെയായിരുന്നു അനുഭവം. അപ്പോൾ പ്രൊഫസറായിരുന്ന ഡോക്ടർ ഗോദവർമ്മ കുട്ടികളോടു് പറഞ്ഞു: “അയാൾ ഇത്രയുംകാലം ക്ലാർക്കായിരുന്നു. പരിചയമില്ല പഠിപ്പിക്കലിൽ. നിങ്ങൾക്കു ക്ഷമിച്ചിരുന്നു കൂടേ. ശരിയാവുമോ എന്നു നോക്കരുതോ”. ഇതുകേട്ടു് ഒരു വിദ്യാർത്ഥി തികച്ചും ന്യായമായിത്തന്നെ ചോദിച്ചു. “പുതിയ സാറിനു് ഒന്നും അറിഞ്ഞുകൂടെങ്കിൽ ഞങ്ങളെന്തു പിഴച്ചു? ആ മനുഷ്യനു് വേറെ ഏതെങ്കിലും ജോലിക്കു പോയ്ക്കൂടേ?” “ദേവസ്സി ചിറ്റമ്മലിനു് ഇങ്ങനെ എഴുതാനേ കഴിയുകയുള്ളുവെങ്കിൽ അദ്ദേഹത്തിനു് ഇതവസാനിപ്പിച്ചുകൂടേ?” എന്നു് സഹൃദയൻ ചോദിച്ചാൽ ആ ചോദ്യത്തിൽ തെറ്റുണ്ടെന്നു പറയാൻ മേല.

സാരിവേണമെന്ന അപേക്ഷയുള്ള അനിയത്തിയുടെ കത്തും കുറെ പണവും പോക്കറ്റിലിട്ടുകൊണ്ടു് തീവണ്ടിയാത്ര നടത്തുന്ന ഒരുത്തന്റെ പോക്കറ്റടിക്കുന്നു ഒരു സുന്ദരി. പിന്നീടു് അവൾ ഒരു സാരി വാങ്ങിക്കൊണ്ടുവന്നു് അയാൾക്കു കൊടുക്കുന്നു. ഇതാണു് ദേവസ്സി ചിറ്റമ്മൽ കുങ്കുമം വാരികയിലെഴുതിയ ‘നന്മനിറഞ്ഞവളേ സ്വസ്തി’ എന്ന ചെറുകഥയുടെ ഇതിവൃത്തം. വിവരമില്ലാത്തവരെ മാത്രം രസിപ്പിക്കാൻപോന്ന സാഹസിക്യമാണിതു്. സാഹിത്യമെന്ന പീരങ്കിയിൽനിന്നു് സഹൃദയനെ വെടിവച്ചു ചാടിച്ചു് അനേകം നാഴിക ദൂരെക്കൊണ്ടിടുന്ന ഈ പ്രക്രിയ തികച്ചും ഗർഹണീയമത്രേ.

താരതമ്യവിവേചനം
images/TheSojourner.jpg

എന്റെ വീട്ടിലെ പുഷ്പഭാജനത്തിലെ പൂക്കളുടെ സംവിധാനം ഭംഗിയുള്ളതല്ലെന്നു നിങ്ങൾക്കു തോന്നുന്നതു് നിങ്ങളുടെ വീട്ടിലെ പുഷ്പഭാജനത്തിലെ പൂക്കളുടെ സംവിധാനം ഭംഗിയാർന്നതിനാലാണു്. താരതമ്യ വിവേചനമില്ലാതെ ഈസ്തെറ്റിക്‍സിൽ മൂല്യനിർണ്ണയം സാദ്ധ്യമല്ല. സാഹിത്യം ഒന്നേയുള്ളു. സായ്പിനു് ഒരു സാഹിത്യം ഭാരതീയനു വേറെ സാഹിത്യം എന്നു വിഭജനം സാദ്ധ്യമല്ല. വ്യാസഭാരതത്തെ അതിശയിച്ച ഒരു കൃതിയും പടിഞ്ഞാറു് ഇന്നുവരെ ഉണ്ടായിട്ടില്ല. ഷേക്‍സ്പിയറി ന്റെ ഹാംലറ്റ്, മാക്‍ബത്ത്, കിങ്ലീയർ ഇവയെ അതിശയിച്ച ഒരു നാടകവും കിഴക്കൻ ദിക്കിൽ ആവിർഭവിച്ചിട്ടില്ല ഇന്നുവരെ. നമ്മുടെ കഥാസാഹിത്യം (നോവൽ ഉൾപ്പെടും) കൗമാരാവസ്ഥയിലാണു്. അതിനു് ഒരിക്കലും പടിഞ്ഞാറൻ കഥാസാഹിത്യത്തെ സമീപിക്കാൻ സാധിച്ചിട്ടില്ല. ഒരുകാലത്തു് അതു് പടിഞ്ഞാറൻ സാഹിത്യത്തിനു് സദൃശമാകും; അതിനെ അതിശയിക്കുകയും ചെയ്യും. പക്ഷേ, ഇപ്പോൾ അതു ക്ഷുദ്രമാണു്. കവിതയുടെ കാര്യത്തിൽ അതല്ല സ്ഥിതി. എഴുത്തച്ഛൻ, കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ ഇവരൊക്കെ എത്ര പടിഞ്ഞാറൻ കവിയോടും കിടപിടിക്കും. അതുകൊണ്ടാണു് കുമാരനാശാന്റെ ‘നളിനിലോങ് ഫെലോ യുടെ ഇവൻജിലിനെ ക്കാൾ ഉത്കൃഷ്ടമാണെന്നു കരുതുന്നതു്. ചങ്ങമ്പുഴയുടെ ഏതു കാവ്യവും പോൾ വെർലേന്റെ ഏതു കാവ്യത്തെക്കാളും മേന്മയേറിയതായി പരിഗണിക്കുന്നതു്. കഥാസാഹിത്യത്തിന്റെ സ്ഥിതി അതല്ല. റ്റോമാസ് മാൻ ഇരുപത്തഞ്ചാമത്തെ വയസ്സിലെഴുതിയ ‘ബുഡൻ ബ്രുക്ക്സ്’ എന്ന നോവലിനു സദൃശമായി ഒരു നോവൽ നമുക്കില്ല. എന്തിനു പടിഞ്ഞാറോട്ടു പോകുന്നു. ‘ആരോഗ്യനികേതനം’ എന്ന ഭാരതീയ നോവലിനു തുല്യമായി നമുക്ക് ഒരു നോവലുണ്ടോ? അതെല്ലാം പോകട്ടെ. അമേരിക്കയിലെ കാഴ്സൻ മക്കല്ലേഴ്സ് എഴുതിയ The Sojourner എന്നൊരു കഥയുണ്ടു്. അതിന്റെ നിരതിശയ സൗന്ദര്യം കണ്ടു് അദ്ഭുതസ്തബ്ധനായി നടക്കുകയായിരുന്നു ഞാൻ. ആരോടും അതിനെക്കുറിച്ചു ഞാൻ പറഞ്ഞില്ല. രണ്ടു ദിവസം മുൻപു് ഡോക്ടർ വി. രാജകൃഷ്ണനെ റോഡിൽ വച്ചു കണ്ടപ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു: “The Sojourner എന്ന കഥ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വായിക്കണം. അതിനെക്കാൾ മനോഹരമായ ഒരു ചെറുകഥ മലയാളത്തിലുണ്ടോ?” ഞാനതു കേട്ടു് ആഹ്ലാദിച്ചു. ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു കാര്യം വെറൊരാൾ അതേ രീതിയിൽ പറയുന്നു. പ്രിയപ്പെട്ട വായനക്കാരെ The Sojourner വായിക്കൂ. അതിനെക്കാൾ ചേതോഹരമായ ഒരു കഥ മലയാളത്തിലുണ്ടെങ്കിൽ അതു് ചൂണ്ടിക്കാണിക്കൂ, ഞാൻ എഴുത്തു നിറുത്താം. ഇതൊക്കെ തോപ്പിൽ ഭാസി ക്കു മനസ്സിലാവില്ല. അദ്ദേഹം എന്റെ നേർക്ക് ഉപാലംഭം ചൊരിയുന്നു, എന്നെ അധിക്ഷേപിക്കുന്നു. തകഴി യുടെ ‘കയർ’ ഞാൻ മുഴുവനും ശ്രദ്ധിച്ചു വായിച്ചുവെന്നു് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടും വായിച്ചില്ലെന്നു പ്രഖ്യാപിക്കുന്നു. ഉറങ്ങുന്നവനെ വിളിച്ചുണർത്താം: ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്തുന്നതു് എങ്ങനെ? (തോപ്പിൽ ഭാസിയുടെ ലേഖനം കുങ്കുമത്തിൽ)

പലരും പലതും
  1. വയറുവേദന സഹിക്കാനാവാതെ ഒരുത്തൻ ഡോക്ടർ കല്യാണിക്കുട്ടിയുടെ വീട്ടിൽ ചെല്ലുന്നു. അവൾ പി. എച്ച്. ഡിക്കാരിയാണു്. പിന്നീടു് ഡോക്ടർ ശുഭലക്ഷ്മിയുടെ വീട്ടിലെത്തി. അവൾ പാട്ടുകാരിയാണു്. ഡോക്ടർ എബ്രഹാം തോമസിനെ സമീപിച്ചു, അതിനുശേഷം. അയാൾ മനഃശാസ്ത്രജ്ഞനത്രേ. ഇതാണു് ബിന്ദു തുറവൂർ കുമാരി വാരികയിലെഴുതിയ ‘പാവം മനുഷ്യൻ’ എന്ന കഥയുടെ സാരം. അടുത്തകാലത്തു് തിരുവനന്തപുരത്തു സർക്കസ്സ് വന്നപ്പോൾ കാണാൻപോയി. ഭയങ്കരനായ ഒരു കരടിയെ സർക്കസ്സുകാരൻ കൊണ്ടുനടന്നു് ആളുകളെ സലാം ചെയ്യിക്കുന്നതു കണ്ടു. കരടിക്കു സദൃശകളായ ഭാര്യമാർ ഭർത്താക്കന്മാരെ ‘സൊസൈറ്റി’യിൽ കൊണ്ടുനടന്നു് അവർക്കിഷ്ടമുള്ളവരെ സലാം ചെയ്യിക്കുന്നതു് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടു്. ബിന്ദു തുറവൂരിനെ സാഹിത്യമെന്ന പെൺകരടി കൊണ്ടുനടക്കാൻ തുടങ്ങിയിട്ടു് കാലമേറെയായി. അദ്ദേഹം എന്നാണാവോ ആ ബന്ധനം വിടർത്തുന്നതു്? ‘ദ സൂണർ ദ ബെറ്റർ.’
  2. അമേരിക്കയിൽ വളരെക്കാലം താമസിച്ചിട്ടു നാട്ടിൽ വരാൻ കൊതിക്കുന്ന ചേച്ചി നാട്ടിലെ അനിയത്തിക്കു കത്തെഴുതുന്നു. കത്തിൽ നാട്ടിലെ സൗന്ദര്യം മുഴുവൻ വർണ്ണിക്കുന്നുണ്ടു്. അനുജത്തി അങ്ങോട്ടയച്ച കത്തിൽ ചേച്ചിയുടെ സങ്കല്പം മുഴുവൻ തെറ്റാണെന്നു വിശദമാക്കുന്നു. നാട്ടിലെ കൊള്ളരുതായ്മകൾ എല്ലാം എണ്ണിയെണ്ണിപ്പറയുന്നു. അവയുടെ കൂടെ “സർക്കാർ ഖജനാവു് മോഷ്ടിച്ചു നാലും അഞ്ചും മാളികകൾ കയറ്റി മിടുക്കരായ മന്ത്രിമാരെക്കുറിച്ചും പറയുന്നു. ഇതാണു് മനോരാജ്യം വാരികയിൽ കെ. അരവിന്ദൻ എഴുതിയ ‘മാറ്റങ്ങൾ’ എന്ന ചെറുകഥ. ഇതു കഥയല്ല റിപ്പോർട്ടാണു്. ഈ രചനയിലെ സംഭവങ്ങളുടെ സത്യാത്മകത ആർക്കും പരിശോധിക്കാം. ചിലപ്പോൾ അതു ശരിയാണെന്നു തെളിയും; മറ്റുചിലപ്പോൾ തെറ്റാണെന്നും. സാഹിത്യസൃഷ്ടിയിലെ സംഭവങ്ങളെ അങ്ങനെ ദൈനംദിന ജീവിതയാഥാർത്ഥ്യങ്ങളോടു് തട്ടിച്ചു നോക്കാനാവില്ല. ഭാവനാത്മക സത്യമാണു് സാഹിത്യത്തിലുള്ളതു്. വസ്തുനിഷ്ഠമായ സത്യം റിപ്പോർട്ടിലും. അനിയത്തി ചേച്ചിക്കെഴുതുന്ന കത്തിൽ കെ. അരവിന്ദൻ കഥയെന്ന മട്ടിൽ റിപ്പോർട്ട് എഴുതുന്നു എന്നൊരു ദോഷം കൂടി ചേർക്കേണ്ടിയിരുന്നു. അതും നാട്ടിന്റെ ജീർണ്ണതയിൽ പെടുമല്ലോ.
  3. പുലയി എന്നതിന്റെ ബഹുവചനം പുലയാടികൾ ആണെന്നു ധരിച്ച ഒരു ചലച്ചിത്രതാരം പീരുമേട്ടിൽ വച്ചു് അവരെ കാണാനെത്തിയ ഹരിജന യുവതികളെ അമ്മട്ടിൽ അഭിസംബോധന ചെയ്തപ്പോൾ ബഹളമുണ്ടായതിനെ വർണ്ണിക്കുകയാണു് എന്റെ ഒരു പഴയ സുഹൃത്തും പ്രസിദ്ധനായ അഭിനേതാവുമായ കെ. പി. ഉമ്മർ (ചന്ദ്രിക ആഴ്ചപ്പതിപ്പു്). ആ സ്ത്രീയെക്കുറിച്ചു് അദ്ദേഹം പറയുന്നതിനിടയിൽ ഇങ്ങനെയും ഒരു വാക്യം. “ആ പടത്തിലെ നായിക അഡ്വാൻസായി ഒരു വലിയ തുക കിട്ടിയതുകൊണ്ടോ അതല്ലെങ്കിൽ കാമുകനുമായി ഫോണിൽ സംസാരിച്ചതുകൊണ്ടോ എന്താണെന്നു് അറിയല്ല വളരെ ഉല്ലാസവതിയായി കാണപ്പെട്ടു”. സ്വർണ്ണാഭരണത്തിൽ രത്നം വച്ചതു പോലെ ചില വാക്യങ്ങൾ രചനയിൽ ചേർക്കാം. നടക്കുന്ന വഴിയിൽ വിഷക്കല്ലിടുന്നതു പോലെയും വാക്യങ്ങൾ ചേർക്കാം. അഭിനേത്രിയുടെ കാമുകപ്രീതിയെക്കുറിച്ചു് പറയുന്ന ഉമ്മർ ഒരുകൊച്ചു വിഷക്കല്ലെടുത്തു് വഴിയിൽ ഇടുകയാണു്. അവർ അതു ചവിട്ടി വേദനിക്കും. കഴിയുമെങ്കിൽ നമ്മൾ വിഷക്കല്ലു് ഇടരുതു്.
  4. “ഇതു നാടല്ല, കള്ളപ്പണത്തിന്റെ മലയാണെന്നു തോന്നിപ്പോകും”. ബീരേന്ദ്ര ചതോപാദ്ധ്യായ എഴുതിയ ഒരു കാവ്യത്തിന്റെ തുടക്കമാണിതു് (തർജ്ജമ കെ. രാധാകൃഷ്ണൻ അയിരൂർ-ജനയുഗം വാരിക). ബീരേന്ദ്ര ചതോപാദ്ധ്യായയുടെ ശത്രു അദ്ദേഹത്തിന്റെ കവിത തന്നെയാണു്. ആ അംഗന പൂതനയുടെ രൂപമാർന്നു് അദ്ദേഹത്തോടു് അടുക്കുന്നു. അതോ തർജ്ജമക്കാരൻ അവളെ പൂതനയാക്കിയോ?
  5. ലക്ഷ്മീഭായിക്കു് മൂന്നു കാമുകന്മാർ. ആരോടുകൂടിയെങ്കിലും അവൾക്കു ഒളിച്ചോടണം. ഓടുന്നു. ഒരു ‘ത്രിൽ’ അനുഭവിക്കുന്നു അവൾ. കടവിൽ ശശി എക്സ്പ്രസ്സ് വാരികയിലെഴുതിയ കഥയാണിതു്. ഒരു വിഷയവും ക്ഷുദ്രമല്ല. വിഷയത്തിന്റെ ആവിഷ്കാരമാണു ചിലപ്പോൾ ക്ഷുദ്രമാകുന്നതു്. ക്ഷുദ്രമായ ആവിഷ്കാരത്തിലൂടെ തന്റെ അവിദഗ്ദ്ധത വിളംബരം ചെയ്യുന്നു കടവിൽ ശശി.
  6. മോപസാങ്ങി ന്റെ കഥകളുടെ സ്വഭാവം വിശദീകരിക്കുകയും അദ്ദേഹത്തിന്റെ ചുമലിൽ കെട്ടിവച്ച വിരൂപങ്ങളായ കഥകൾ ഏവ എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു എം. ടി. വാസുദേവൻ നായർ (കഥാദ്വൈവാരിക). കവി കവിത ചൊല്ലിയതു കേട്ടു് ശ്രോതാക്കൾ കൈയടിക്കുന്നു. കവിക്കു സന്തോഷം. അന്നു് ഏകാന്തത്തിൽ കവിയുടെ പ്രണയിനി അദ്ദേഹത്തോടു പറയുന്നു. ‘അങ്ങയുടെ കവിത എത്ര സുന്ദരം!’ കരഘോഷം കേട്ടുണ്ടായ ആഹ്ലാദത്തെക്കാൾ ആയിരം മടങ്ങു് ആഹ്ലാദം നല്കും അദ്ദേഹത്തിനു് അവളുടെ ആ നാലു വാക്കുകൾ. ഏകാന്തത്തിൽ നാലു വാക്കും നാല്പതു വാക്കും നാലായിരം വാക്കും പറഞ്ഞു സഹൃദയനെ രസിപ്പിക്കുന്ന സുന്ദരിയാണു് മോപസാങ്ങിന്റെ കലാംഗന.

കുട്ടിക്കൃഷ്ണമാരാർ ഒരിക്കൽ എന്നോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരുടെ കൃതികൾ വിമർശിക്കുകയേ അരുതു്” ആ മഹാനുഭാവന്റെ ഉപദേശം സ്വീകരിക്കാതെ ഞാൻ അദ്ദേഹത്തിന്റെ ആത്മാവിനെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-01-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 30, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.