സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-04-20-ൽ പ്രസിദ്ധീകരിച്ചതു്)

images/UlloorSParameswaraIyer.jpg
ഉള്ളൂർ എസ്. പരമേശ്വരയ്യർ

രണ്ടാളുകൾ തമ്മിൽ കാണുമ്പോൾ ‘ഹലോ, എത്ര നാളായി കണ്ടിട്ടു്? സുഖമാണോ?’ എന്നൊക്കെ ചോദിച്ചു ഹസ്തദാനം നടത്തി പിരിയുന്നു. ഇവിടെ ശാരീരികമായ കൂടിക്കാഴ്ചയേയുള്ളു. വേറെ ചിലർ അങ്ങനെയല്ല. ചിരിയില്ല. കൈകൊടുക്കലില്ല. ‘ഇരിയെടാ അവിടെ. നീ ചത്തെന്നല്ലേ ഞാൻ കരുതിയിരുന്നതു്!’ ഇമ്മട്ടിൽ സംഭാഷണം മുന്നോട്ടുപോകുന്നു. വന്നയാൾ പോകാനെഴുന്നേൽക്കുമ്പോൾ ആതിഥേയൻ ‘എടീ കല്യാണിക്കുട്ടി, ഇവനു കുടിക്കാൻ കുറെ പഴങ്കഞ്ഞിവെള്ളമെങ്കിലും കൊടുക്കു്’ എന്നു പറയുന്നു. ഗൃഹനായിക സ്നേഹത്തോടെ കൊണ്ടുവരുന്നതെന്തോ അതു് വാങ്ങിക്കുടിച്ചിട്ടു് ആഗതൻ പോകുന്നു. വാതില്ക്കൽ വരെ അനുഗമിക്കലില്ല. ‘പ്ളീസ് കം എഗൈൻ’ എന്ന കാപട്യം കലർന്ന ഭാഷണമില്ല. ഇവിടെ മാനസികമായ കൂടിക്കാഴ്ചയാണുള്ളതു്. ആദ്യത്തേതു് ശരീരങ്ങളുടെ പരസ്പരദർശനം. രണ്ടാമത്തേതു് മനസ്സുകളുടെ അന്യോന്യദർശനം. ഉള്ളൂരി ന്റെ ‘ഉമാകേരളം’ വായിക്കുന്ന സഹൃദയന്റെ മനസ്സും കവിയുടെ മനസ്സും പരസ്പരം കാണുന്നു. അറിയുന്നു. വളളത്തോളി ന്റെ ‘ചിത്രയോഗം’ വായിച്ചാലോ? മനോഹരങ്ങളായ ശ്ലോകങ്ങൾ. പക്ഷേ കവിയുടെ മനസ്സും വായനക്കാരന്റെ മനസ്സും തമ്മിൽ കൂട്ടിമുട്ടുന്നില്ല. ‘മാർത്താണ്ഡവർമ്മ’ എന്ന നോവൽ വായിക്കുമ്പോൾ ഇതു് എന്റെ നാട്ടുകാരന്റെ കഥയാണെന്നു് നമ്മൾ പറയും. ആ പാരായണത്തിലൂടെ നടക്കുന്നതു് മനസ്സുകളുടെ അന്യോന്യ ദർശനമാണു്. Meeting of the minds എന്നു് ഇംഗ്ലീഷിൽ പറയുന്ന ഈ പ്രക്രിയ നടന്നാലേ സാഹിത്യാസ്വാദനം യഥാർത്ഥമാകുകയുളളു.

ജനവഞ്ചന

സാഹിത്യത്തിന്റെ ഘടകങ്ങളെ സമുചിതമായ രീതിയിൽ സന്നിവേശം ചെയ്യുമ്പോൾ ജീവിതമാണു് അതെന്ന തോന്നൽ വായനക്കാരനു് ഉണ്ടാകുന്നു. ഈ തോന്നലിനു പുറമേ അയാൾ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരംശം അതിൽ നിന്നു തെളിഞ്ഞുവരികയും വേണം. ഇത്രയും ഒത്തിരുന്നാൽ രചന കലാസൃഷ്ടിയായി. അസാധാരണം, രീതിബദ്ധം, ഭാവനാത്മകം ഇങ്ങനെയൊക്കെ പത്രാധിപരാൽ വിശേഷിപ്പിക്കപ്പെട്ട ഒരു ചെറുകഥ Illustrated Weekly വഹിക്കുന്നുണ്ടു്. (The Interview—Sandipan Chattopadhyay) ഇതെഴുതിയ ആൾ അസാധാരണനായ കഥാകാരനാണെന്നു അദ്ദേഹം പറയുന്നു. ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ പ്രതീഷ് നന്ദി യായിരിക്കും ഈ വിശേഷണങ്ങൾ നൽകിയതു്. അദ്ദേഹം തന്നെയാണല്ലോ കഥ തർജ്ജമ ചെയ്തതും. പ്രതീഷ് നന്ദിയുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ചു ഞാൻ കഥ ഒരു തവണ വായിച്ചു. വിശേഷമായി ഒന്നുംകണ്ടില്ല. അനവധാനത കൊണ്ടാകാം കഥയുടെ പൊരുൾ കിട്ടാത്തതെന്നു വിചാരിച്ചു വീണ്ടും വായിച്ചു. പിന്നീടും വായിച്ചു. ഒരു യാചകബാലനോടു ചില ചോദ്യങ്ങൾ ചോദിച്ചു് അവന്റെ ദാരിദ്ര്യവും നിസ്സഹായാവസ്ഥയും ഏകാന്തതയും വിഷാദവും നിസ്സംഗതയും ധ്വനിപ്പിക്കാനാണു് കഥാകാരന്റെ ശ്രമം. സാഹിത്യത്തിന്റെ ഘടകങ്ങൾ – വികാരം, ആശയം, രൂപം – ഇവയിൽ ഒന്നും ഇതിലില്ല. നൂതനമായി എന്തെങ്കിലും ഇതിൽനിന്നു ഉരുത്തിരിഞ്ഞു വരുന്നുണ്ടോ? അതുമില്ല. സ്കൂളിൽ പഠിക്കുന്ന കൊച്ചു കുട്ടികൾ പോലും ഇതിനെക്കാൾ മനോഹരങ്ങളായ കഥകൾ എഴുതി ഞാൻ കണ്ടിട്ടുണ്ടു്. രാഷ്ട്രവ്യവഹാരത്തെസ്സംബന്ധിച്ച കാര്യങ്ങളിൽ കാണിക്കുന്ന സെൻസേഷനലിസം സാഹിത്യാദി വിഷയങ്ങളിലും കാണിച്ചു തുടങ്ങിയിരിക്കുന്നു എന്നു മാത്രമേ പറയാനുള്ളു. ഇതു് ഈ ഒറ്റക്കഥ വായിച്ചതിനു ശേഷം ഞാൻ നടത്തുന്ന ‘ജനറലൈസേഷൻ ’ അല്ല. വളരെക്കാലമായി ഞാൻ ഈ ആഴ്ചപ്പതിപ്പിലെ കഥകളും കാവ്യങ്ങളും വായിക്കുന്നു. വൽഗർ ടേസ്റ്റിനെ ഉദ്ദീപിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്ന പൊലിറ്റിക്കൽ ലേഖനങ്ങളിലെ സബ്ബ് സ്റ്റാൻഡേർഡ് അവസ്ഥ സാഹിത്യത്തിലും വന്നാൽ സംസ്കാരം തകരും. ആ തകർച്ചയല്ലാതെ മറ്റൊന്നും ഇത്തരം കഥകളിൽ ഞാൻ കണ്ടിട്ടില്ല. പ്രതീഷ് നന്ദിയുടെ കഥകൾ മാത്രമേ ഈ സാമാന്യവിധിക്കു് അപവാദമായുള്ളു. അദ്ദേഹത്തിന്റെ ഒന്നു രണ്ടു കഥകൾ ഹൃദ്യങ്ങളായിരുന്നു.

സി. വി. വാഴ്ത്തപ്പെടട്ടെ
images/CVRamanPillai2010.jpg
സി. വി. രാമൻപിള്ള

എൻ. കൃഷ്ണപിള്ള യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസറായിരുന്ന കാലം. ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ ചെന്നപ്പോൾ സാറ് ചുറ്റുമിരിക്കുന്നവരെ ഒരു ലേഖനം വായിച്ചുകേൾപ്പിക്കുകയാണു്. ഞാനും അവിടെയിരുന്നു് അതു കേട്ടു. സി. വി. രാമൻപിള്ള യെക്കുറിച്ചു് ഏതോ ഒരു പ്രശസ്തൻ പണ്ടെഴുതിയ ലേഖനം. കാര്യം ഇതാണു്. ഒരു ചെറുപ്പക്കാരൻ ഒരു നോവലെഴുതിക്കൊണ്ടുവന്നു് സി. വി.യോടു് അഭ്യർത്ഥിച്ചു, അതൊന്നു വായിച്ചുകേൾക്കണമെന്നു്. അദ്ദേഹം പാരായണത്തിനു് ഒരു ദിവസം നിശ്ചയിച്ചു. അന്നുകാലത്തു് ചെറുപ്പക്കാരനെത്തി. വായനയും തുടങ്ങി. കാമുകൻ കാമുകിയുടെ വീട്ടിലെത്തുന്നു. അച്ഛനമ്മമാരുടെ കൂടെ താമസിക്കുന്ന അവളെ ഒരു മുറിയിലേക്കുകൊണ്ടു ചെന്നു പ്രേമാഭ്യർത്ഥനകൾ നടത്തുന്നു. തുടർന്നു് ആലിംഗനാദികളും. ഈ സന്ദർഭമെത്തിയപ്പോൾ സി. വി. ഗർജ്ജിച്ചു. “എടാ നിറുത്തു്. നിന്റെ വീട്ടിൽ ഒരു പെണ്ണുണ്ടെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യാൻ ആരെയെങ്കിലും അനുവദിക്കുമോടാ?” വായന അതോടെ നിന്നു.

പി. വി. തമ്പി ‘മനോരാജ്യം’ വാരികയിലെഴുതിയ ‘ഒറ്റമൂലി’ എന്ന കൊച്ചുനോവൽ സി. വി. രാമൻപിളളയുടെ ചോദ്യമാണു്. ഒരു കോളേജ് അദ്ധ്യാപകൻ മറ്റൊരു കോളേജ് അദ്ധ്യാപകനെ സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടു് പോകുന്നു. രണ്ടാമൻ ചിത്രകാരനാണു്. ഒന്നാമന്റെ സഹോദരിയും ചിത്രം വരയ്ക്കുന്നവൾ. അവൾക്കു ഒരു കാലു് ഇല്ല. പടം വരച്ചുകൊണ്ടിരിക്കുന്ന സഹോദരിയുടെ മുറിയിൽ രണ്ടാമനെ ആക്കിയിട്ടു് ഒന്നാമൻ – ചേട്ടൻ – സ്ഥലം വിടുന്നു. രണ്ടുപേരും തനിച്ചായപ്പോൾ ചിത്രം വരയ്ക്കുന്നതിലൂടെ പ്രേമം കേറി വികസിക്കുന്നു. പ്രേമം വിവാഹത്തിൽ പര്യവസാനിക്കുമ്പോൾ കൊച്ചു നോവലും പര്യവസാനത്തിലെത്തുന്നു. സി. വി. രാമൻപിള്ള വാഴ്ത്തപ്പെടട്ടെ. അദ്ദേഹത്തിന്റെ ഔചിത്യം നവീനന്മാരിൽ നിന്നു് നാം പ്രതീക്ഷിക്കരുതല്ലോ. എന്നാൽ ഇതിനെക്കാൾ ഗൗരവമുള്ള മറ്റൊരു കാര്യത്തെക്കുറിച്ചാണു് ഇവിടെ എഴുതാനുള്ളതു്. അതു് പി. വി. തമ്പിയുടെ കഥ, സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രവേശിക്കുന്നില്ല എന്നതുതന്നെ. കലാസൃഷ്ടി സത്യത്തിന്റെ ദർപ്പണമാണു്. അങ്ങനെ അതു് ആയിത്തീരുമ്പോൾ സാർത്ഥകത്വം വരുന്നു. അതിന്റെ ഫലമായി വായനക്കാരൻ ‘ഹാ, ഇതാണല്ലൊ ജീവിതം’ എന്നു സ്വയം പറയുന്നു. പി. വി. തമ്പിയുടെ കഥ വായിക്കുന്ന ആൾ സഹൃദയത്വമുള്ളവനും സാഹിത്യ സംസ്കാരം ആർജ്ജിച്ചവനുമാണെങ്കിൽ ‘ഇതു ഭാവാത്മകവും കലാപരവുമായ അനുഭവമല്ലല്ലോ. അല്ലാത്തതുകൊണ്ടു് ഇതു് സത്യത്തിന്റെ നാദമുയർത്തുന്നില്ലല്ലോ’ എന്നു സംശയം കൂടാതെ പറയും. മുൻപൊരു സന്ദർഭത്തിൽ എഴുതിയതുപോലെ വായനക്കാരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി ഇതിവൃത്തത്തെ ‘മാനിപ്പുലേറ്റ്’ ചെയ്യുന്നു. ആ തരപ്പെടുത്തൽ ഇക്കഥയിൽ ദൃശ്യമാണു്. അദ്യത്തെ കള്ളുകുടി വർണ്ണന കഥയുടെ പ്രമേയത്തോടു ഒരു വിധത്തിലും ബന്ധപ്പെട്ടതല്ല. കളളുകുടിച്ചു് ‘ലവലി’ല്ലാതെയായ ഒരുത്തൻ സ്വല്പം കുടിച്ച വേറൊരുത്തനെ സഹോദരിയുടെ മുറിയിലാക്കിയിട്ടു് പോകുമ്പോൾ മാനിപ്പുലേഷൻ പരകോടിയിലെത്തുന്നു. ആർജ്ജവം – sincerity – രണ്ടു തരത്തിലുണ്ടു്. ഹൃദയ പരിപാകമാർജ്ജിച്ചവന്റെ ആർജ്ജവം. അവൻ സംസ്കാര സമ്പന്നനാണു്. തകഴി, ബഷീർ, പൊറ്റെക്കാട്ടു്, കേശവദേവ് ഇവരുടെ കൃതികൾ വായിച്ചു് അവൻ രസിക്കുന്നു. ഹൃദയപരിപാകമൊട്ടുമില്ലാത്ത പരിചാരകന്റെയോ പരിചാരികയുടെയോ ആർജ്ജവം മറ്റൊന്നു്. അവർക്കു മുൻപു് പറഞ്ഞ കഥാകാരന്മാരുടെ കഥകൾ മനസ്സിലാവില്ല. ‘ഒറ്റമൂലി’പോലുള്ളതും അതിനു സദൃശങ്ങളുമായ കഥകൾ അവർക്കു മനസ്സിലാകുമെന്നു മാത്രമല്ല പറയേണ്ടതു്. അവർക്കതു രസം നല്കുകയും ചെയ്യും. ‘ഒറ്റമൂലി’ വായിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും അടുപ്പിൽ കിടക്കുന്ന അരിവെന്തുപോയല്ലോ എന്നു് ഗ്രഹിക്കുന്നതു്. കൊച്ചമ്മ ശകാരിക്കരുതല്ലോ എന്നു കരുതി വാരിക താഴെവച്ചിട്ടു് അരി വാർക്കുന്നു. കരിപുരണ്ട കൈയോടുകൂടി വാരികയെടുത്തു വീണ്ടും രസംപിടിച്ചു വായിക്കുന്നു. ഒരു കണക്കിൽ പി. വി. തമ്പി വലിയ സേവനമാണു് അനുഷ്ഠിക്കുന്നതു്. ഇത്തരം അടുക്കളക്കാരെ രസിപ്പിക്കാനും സാഹിത്യം വേണമല്ലോ. നമുക്കു് അദ്ദേഹത്തിനു് നന്ദി പറയാം.

images/KarenBlixen-c.jpg
കരേൻ ബ്ലിക്സൻ

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണു് ‘കരേൻ ബ്ലിക്സൻ എന്ന എഴുത്തുകാരൻ’ എന്നു് ടെലിവിഷൻ സെറ്റ് ഉറക്കെപ്പറഞ്ഞതു്. ഐസക്ക് ദിനിസൻ എന്ന പേരിലും എഴുതിയിരുന്ന ഈ സാഹിത്യകാരിയെയാണു് ടെലിവിഷൻ സെറ്റ് പുരുഷനാക്കിക്കളഞ്ഞതു്. കുറ്റം പറയാനില്ല. സെറ്റ് ഒരു യന്ത്രമാണു്. യന്ത്രത്തിനെ ഞാൻ കുറ്റം പറഞ്ഞാൽ ആളുകൾ എന്നെ ഭോഷനെന്നു വിളിക്കും.

യാത്രയയപ്പു്

ഞാൻ എറണാകുളം മഹാരാജാസ് കോളജിൽ ജോലി നോക്കിയിരുന്നപ്പോൾ അവിടെ മേനോൻ എന്നു മാത്രം ഞങ്ങൾ വിളിച്ചിരുന്ന ഒരു പ്യൂൺ ഉണ്ടായിരുന്നു. ആ പാവം ഇപ്പോഴും അവിടെ കാണും. പെൻഷൻ പറ്റാൻ എനിക്കു രണ്ടുമാസം കൂടിയുള്ളപ്പോൾ ഒരു ദിവസം ഞാൻ മേനോനോടു് പറഞ്ഞു: “എന്താ മേനോൻ ഇങ്ങനെ ഒറ്റയ്ക്കു കഴിഞ്ഞാൽ മതിയോ? വിവാഹമൊക്കെക്കഴിച്ചു് ജീവിക്കണ്ടേ?” മേനോന്റെ മുഖഭാവം മാറി. ദുഃഖത്തോടെ പറഞ്ഞു: “അതേ സാർ. എനിക്കിനി പെൻഷൻപറ്റാൻ ഇരുപത്തിയൊൻപതുവർഷവും ഏഴുമാസവുമേയുള്ളൂ. അതു കൊണ്ടു് വേഗം വിവാഹം നടത്തുക തന്നെ വേണം”. ശുദ്ധനായ മേനോന്റെ ഈ നിഷ്കളങ്കമായ പ്രസ്താവം ഞാൻ ലീലാവതി, തോമസ് മാത്യു, എം. കെ. സാനു ഇവരോടു പറഞ്ഞു. ഞങ്ങളൊക്കെ ചിരിച്ചു. തോമസ് മാത്യു മേനോനോടു് പറഞ്ഞു: “മേനോൻ, സാറിനു് ഇനി മൂന്നുമാസമേ സർവീസുള്ളു. അങ്ങനെയുള്ള ആളിനോടാണോ ഇരുപത്തൊൻപതുവർഷം ഏഴു മാസത്തിന്റെ കാര്യം പറയുന്നതു്?” സാധുവായ മേനോനു് എന്നിട്ടും സത്യം പിടികിട്ടിയില്ല. ഞങ്ങൾക്കൊക്കെ ദീർഘമായ ആ കാലം മേനോനു് ഹ്രസ്വമായിത്തന്നെ തോന്നി. ഇതിലും തെറ്റില്ല. ഭാരതത്തിലുള്ളവർ, വിശേഷിച്ചും കേരളത്തിലുള്ളവർ പെൻഷനെ സംബന്ധിച്ചു് ഒബ്സഷൻ ഉള്ളവരാണു്. ഞാനും ലോക്കോളേജ് പ്രൻസിപ്പലായിരുന്ന ശങ്കരദാസൻതമ്പിയുംകൂടി ഒരു സമ്മേളനത്തിനു പോയി. സ്വാഗതമാശംസിച്ച സ്ത്രീ പറഞ്ഞതു് ഇങ്ങനെ: “പ്രാസംഗികനായ എം. കൃഷ്ണൻനായർ പെൻഷൻ പറ്റിയ പ്രൊഫസറാണു്. അടുത്ത പ്രാസംഗികനായ ശങ്കരദാസൻതമ്പിക്കു് പെൻഷൻ പറ്റാൻ ഇനി രണ്ടുകൊല്ലവും നാലു മാസവും ഉണ്ടു്. രണ്ടുപേർക്കും സ്വാഗതം”.

കരേൻ ബ്ളിക്സൻ എന്ന എഴുത്തുകാരിയെ ടെലിവിഷൻ സെറ്റ് പുരുഷനാക്കിക്കളഞ്ഞു. കുറ്റം പറയാനില്ല. ഈ സെറ്റ് ഒരു യന്ത്രമാണു്. യന്ത്രത്തെ ഞാൻ കുറ്റം പറഞ്ഞാൽ ആളുകൾ എന്നെ ഭോഷനെന്നു വിളിക്കും.

വൃദ്ധൻ, പെൻഷൻ പറ്റിയ ആൾ ഈ സങ്കല്പങ്ങളെല്ലാം അർദ്ധസത്യങ്ങളാണു്. എൻ. കൃഷ്ണപിള്ള യ്ക്കു് എന്നെക്കാൾ അല്പം പ്രായം കൂടും. എനിക്കു് ഒ. എൻ. വി. കുറുപ്പി നെക്കാൾ കുറച്ചു പ്രായക്കൂടുതലുണ്ടു്. ഇതല്ലാതെ കൃഷ്ണപിള്ളസാറിനെ വൃദ്ധൻ എന്നു വിളിക്കാൻ പാടില്ല. ഇത്രയുംകാലം ഒ. എൻ. വി. കുറുപ്പു് ഒരു ജോലി നോക്കി. അതിൽ അദ്ദേഹം പേരെടുത്തു. അതോടൊപ്പം കവിയെന്ന നിലയിലും അദ്ദേഹം യശസ്സാർജ്ജിച്ചു. കവിയെന്ന പേരിലാണു് അദ്ദേഹം ഇനി അറിയപ്പെടാൻ പോകുന്നതു്. കാര്യമങ്ങനെയിരിക്കെ എന്തിനു് അദ്ദേഹത്തിൽ റിട്ടയർമെന്റ് വച്ചുകെട്ടുന്നു? ഒ. എൻ. വി. കുറുപ്പു് എന്ന കവിക്കും ഗുരുനാഥനും റിട്ടയർമെന്റില്ല. അദ്ദേഹം ഇത്രയും കാലം കേരളീയരെ ഉദ്ബോധിപ്പിച്ചു. ഇനിയും അതു ചെയ്യും. ആ വിധത്തിൽ ഉജ്ജ്വലനായ വ്യക്തിയോടു് “നിങ്ങൾ റിട്ടയർചെയ്തു, നിങ്ങൾ റിട്ടയർചെയ്തു” എന്നു സമ്മേളനംവഴി പറയുന്നതു് ശരിയല്ല. “അദ്ദേഹത്തെ മാനിച്ചു് അയയ്ക്കുകയാണു് ഞങ്ങൾ” എന്നു പറയുമായിരിക്കും. ആ വാദത്തിൽ കഴമ്പില്ല. ആവർത്തിച്ചു പറയട്ടെ. കവിയായ ഒ. എൻ. വി. കുറുപ്പിനു റിട്ടയർമെന്റില്ല; അദ്ധ്യാപകനായ ഒ. എൻ. വി. കുറുപ്പിനു റിട്ടയർമെന്റില്ല.

അദ്ദേഹംതന്നെ ഇതു് അബോധാത്മകമായിട്ടെങ്കിലും അറിഞ്ഞിരിക്കില്ലേ? അല്ലെങ്കിൽ “ആരോടു യാത്ര പറയേണ്ടു?” എന്ന കാവ്യം അദ്ദേഹത്തിനു് എഴുതാൻ കഴിയുമായിരുന്നോ?

ആരോടു യാത്രപറയേണ്ടൂ—തപിക്കുമെ–

ന്നാത്മാവിൽ നിങ്ങൾ കുടി പാർത്തിരിക്കെ!

ആരുമറിയാതെയെന്നഞ്ചിന്ദ്രിയക്കിളി–

വാതിലുകൾ തഴുതിട്ടു ഞാനിരിക്കെ,

വാടാവിളക്കിന്റെ തിരിയഞ്ചുമൂക്കോടെ

ഊതിക്കെടുത്തിത്തനിച്ചിരിക്കെ,

ആരോ കൊളുത്തി നിരത്തിയപോലുള്ളി–

ലായിരത്തിരികളായ് നിങ്ങളെരിയേ,

ആ തിരികളാർദ്രമാക്കും സ്നേഹധാരയിലൊ–

രല്പകണമെന്നു ഞാനെന്നെയറിയേ,

കത്തിത്തിളച്ചെരിഞ്ഞൊരുതുള്ളി വെട്ടമായ്

പൊട്ടിത്തെറിക്കുന്ന ധന്യതയ്ക്കായ്

കാത്തുനില്ക്കുമ്പോളതിന്നിടവേളയിൽ

ആരോടു യാത്രപറയേണ്ടു ഞാനെന്തിനോ–

ടാരോടു യാത്രപറയേണ്ടൂ?

സമ്പന്നവും ഉദാത്തവും ആയ വാചികലയത്തിലൂടെയും ഉത്കൃഷ്ടമായ ആന്തര സംഗീതത്തിലൂടെയും അനുവാചകനെ സത്യത്തിന്റെ അർക്കകാന്തി വിലസുന്ന മണ്ഡലത്തിൽ എത്തിക്കുന്നു ഈ കാവ്യം. ഈ കലാത്മകത്വം അദ്ദേഹത്തിന്റെ ഏതു വരിയിലുമുണ്ടു്. ഗദ്യത്തിലുമുണ്ടു്. കലാകൗമുദി സ്റ്റാഫ് ലേഖകൻ ഒ. എൻ. വി.-യെക്കുറിച്ചെഴുതിയ ആകർഷകമായ ലേഖനത്തിൽ ഇതാ ഇങ്ങനെ:

“ഏകാന്തതയുടെ അമാവാസിയിൽ എന്റെ ബാല്യത്തിനു കൈവന്ന ഒരു തുള്ളി വെളിച്ചമാണു് കവിത. കുട്ടികൾ പറയും: കിളിക്കു് അതിന്റെ കൂട്ടിൽ രാത്രികാലത്തു് വെളിച്ചമാകുന്നതു് മിന്നാമിനുങ്ങാണെന്നു്. എനിക്കാവട്ടെ അതു കവിതയായിരുന്നു”.

എം. പി. നാരായണപിള്ളയുടെ കഥ
images/Beria.jpg
ബറിയ

വർഷങ്ങൾക്കു മുൻപാണു്. തിരുവനന്തപുരത്തെ ഹജൂർ കച്ചേരിയുടെ തെക്കുവശത്തുള്ള ഗേറ്റിൽ അക്കാലത്തെ പബ്ളിക് റിലേഷൻ ഡിപ്പാർട്ട്മെന്റിലെ ഉന്നതനായ ഉദ്യോഗസ്ഥൻ ശേഖരപിള്ളസ്സാർ കൂട്ടുകാരോടുകൂടി നില്ക്കുകയായിരുന്നു. അപ്പോൾ കവി ബോധേശ്വരൻ ഒരു പട്ടിയെ തുടലിട്ടുപിടിച്ചുകൊണ്ടു് അതിലെ പോയി. ശേഖരപിള്ളസ്സാർ അദ്ദേഹത്തോടു ചോദിച്ചു: “എവിടെപ്പോകുന്നു ആടിനെയും കൊണ്ടു്?” ബോധേശ്വരൻ അതേ മട്ടിൽ നേരമ്പോക്കായി എന്തോ പറഞ്ഞു. എന്താണെന്നു് ഇപ്പോൾ ഓർമ്മയില്ല. ആടിനെ പട്ടിയാക്കാമെങ്കിൽ പട്ടിയെയും ആടാക്കാമല്ലോ. ഈ പ്രക്രിയ സമൂഹത്തിൽ അനവരതം നടന്നു കൊണ്ടിരിക്കുന്നു. എ. ബാലകൃഷ്ണപിളള തൊട്ടുള്ള നിരൂപകന്മാർ – തെറ്റിപ്പോയി സ്വദേശാഭിമാനി രാമകൃഷ്ണപിളള തൊട്ടുള്ള നിരൂപകന്മാർ – ഒരുപാടു് ശ്വാനന്മാരെ അജങ്ങളായും ഒരുപാടു അജങ്ങളെ ശ്വാനന്മാരായും മാറ്റിയിട്ടുണ്ടു്. [അലങ്കാരം പ്രയോഗിച്ചെന്നേയുള്ളു. ഒരാളിനെയും ശ്വാനനെന്നു് ഞാൻ വിളിച്ചില്ല. വിളിക്കുകയുമില്ല] രാഷ്ട്ര വ്യവഹാരത്തിന്റെ മണ്ഡലത്തിൽ ഈ മാറ്റമേയുള്ളു. എന്നെ ഏറ്റവും സ്പർശിച്ച രണ്ടു മാറ്റങ്ങളെക്കുറിച്ചു് മാത്രം പറയാം. ഒന്നു്: ഭൂട്ടോ യെ സിയ ശ്വാനനാക്കി മാറ്റിയതു്. രണ്ടു്: 1953 ജൂലൈ 10-ാം തീയതി സോവിയറ്റ് അധികാരികൾ സമുന്നതസ്ഥാനത്തിരുന്ന ബറിയ യെ ക്യാപ്പിറ്റലിസത്തിന്റെ ഏജന്റായി പ്രഖ്യാപിച്ചു. ആടു് ശ്വാനനായി. ആറുമാസം കഴിഞ്ഞപ്പോൾ പത്രത്തിൽ കണ്ടു, അദ്ദേഹത്തെയും ആറു സഹചാരികളെയും വധിച്ചുവെന്നു്. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ! സമുദായത്തിലെ അത്തരമൊരു സംഭവത്തെ ഹൃദ്യമായ ചെറുകഥയാക്കി മാറ്റിയിരിക്കുന്നു എം. പി. നാരായണപിള്ള. കലാകൗമുദിയിൽ അദ്ദേഹമെഴുതിയ ‘ആടു്’ എന്ന കഥ നോക്കുക. ഇലസ്ട്രേറ്റഡ് വീക്ക്ലി ഒഫ് ബംഗാളിന്റെ – തെറ്റ്, ഇന്ത്യയുടെ – എഡിറ്ററായ പ്രതീഷ് നന്ദി, സാന്ദീപൻ ചട്ടോപാദ്ധ്യായയുടെ കാചത്തെ അമലമണിയായി എടുത്തുവയ്ക്കുന്നതിനു് മുമ്പു് വേറെയിടങ്ങളിലും ആണുങ്ങളുണ്ടോ എന്നു അന്വേഷിക്കുന്നതു് നന്നായിരിക്കും. അങ്ങനെ അന്വേഷിച്ചാൽ കേരളത്തിൽ പല ആണുങ്ങളുമുണ്ടെന്നു് അദ്ദേഹത്തിനു മനസ്സിലാക്കാൻ കഴിയും.

ഉത്തമസാഹിത്യം

“ജനഹൃദയങ്ങളിൽ ഉത്തമസാഹിത്യം മാത്രമേ പ്രേരണ ചെലുത്തുകയുള്ളു. ആ പ്രേരണ നല്ല വികാരങ്ങളിൽ ആയിരിക്കുയും ചെയ്യും. അധമസാഹിത്യത്തിനു അധമവികാരങ്ങളിൽപ്പോലും പ്രേരണ ചെലുത്താൻ സാദ്ധ്യമല്ല. കാരണം, അധമ സാഹിത്യത്തിൽ കലയുടെ ജീവശക്തി – പ്രേരണാശക്തി – ഇല്ല എന്നതു തന്നെ”.

images/Phaedo.jpg

ഇതു തോപ്പിൽ ഭാസി യുടെ മതമാണു്. (കുങ്കുമം വാരിക). പക്ഷേ, ഈ മതം അത്രകണ്ടു ശരിയല്ല. ഗോയ്ഥേ യുടെ The Sorrows of Young Werther എന്ന ഉത്കൃഷ്ടമായ റൊമാൻസ് വായിച്ചു അനേകം ആളുകൾ ആത്മഹത്യ ചെയ്തു. നോവൽ വായിച്ചവസാനിപ്പിച്ച ഉടനെ ഒരു ചെറുപ്പക്കാരി (Fraulein von Lassling) ജീവിതം അവസാനിപ്പിച്ചു. പ്ലേറ്റോ യുടെ Phaedo (സോക്രട്ടീസും കൂട്ടുകാരും തമ്മിൽ നടത്തുന്ന സംഭാഷണത്തിന്റെ രൂപത്തിലുള്ളതു്) വായിച്ച ഒരു തത്ത്വചിന്തകൻ (Cleombrotus) ആത്മഹത്യ ചെയ്തു. സീസറു ടെ പ്രതിയോഗിയും സ്റ്റോയിക് ദാർശനികനുമായ Cato പ്ലേറ്റോയുടെ ഗ്രന്ഥം വായിച്ചുതീർന്നയുടനെ മരണം വരിച്ചു. “ഫീദോ” വായിച്ചതിനുശേഷം ഇംഗ്ലീഷ് കവി യൂസ്റ്റസ് ബജ്ജൽ, “കോറ്റോ (Cato) ചെയ്തതും അഡിസൻ അംഗീകരിച്ചതും തെറ്റാവാൻ വഴിയില്ല” എന്നു് എഴുതിവച്ചിട്ടു് മുങ്ങിമരിച്ചു. ദസ്തേയേവ്സ്കി യുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവൽ വായിച്ചതിനുശേഷമാണു് മെൽകേഡർ, ട്രോട്സ്കി യെ ഐസ് ആക്സ് കൊണ്ടു് തലയിൽ അടിച്ചുകൊന്നതു് (നോവലിലെ റസ്കൽനിക്കഫ് പണം കടംകൊടുക്കുന്ന വൃദ്ധയെ കൊന്നതു് ഇങ്ങനെയാണു്).

കരയല്ലേ

ആടിനെ പട്ടിയാക്കാമെങ്കിൽ പട്ടിയെയും ആടാക്കാമല്ലോ. ഈ പ്രക്രിയ സമൂഹത്തിൽ അനവരതം നടന്നുകൊണ്ടിരിക്കുന്നു. എ. ബാലകൃഷ്ണപിള്ള തൊട്ടുള്ള നിരൂപകന്മാർ – തെറ്റിപ്പോയി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തൊട്ടുള്ള നിരൂപകന്മാർ – ഒരുപാടു് ശ്വാനന്മാരെ അജങ്ങളായും ഒരുപാടു് അജങ്ങളെ ശ്വാനന്മാരായും മാറ്റിയിട്ടുണ്ടു്.

ദേശാഭിമാനിവാരികയുടെ 37-ആം ലക്കത്തിൽ ഡി. ചന്ദ്രലേഖ എഴുതിയ “യാത്രയുടെ അവസാനം” എന്ന ചെറുകഥ നന്നായിരുന്നു. അതിനെക്കുറിച്ചു് ഈ പംക്തിയിൽ ഞാനെഴുതി. 40-ആം ലക്കം വാരികയിൽ കഥാകാരനായ വി. ബി. ജ്യോതിരാജ് (ബോംബെ) എഴുതുന്നു: “കഥയുടെ ഓരോ വരിയും വായിച്ചു നിറുത്തേണ്ടിവന്നു. പിന്നെ തേങ്ങിക്കരച്ചിലാണു്. കഥ വായിച്ചു് ഇങ്ങനെ കരയുക എന്ന അനുഭവം എനിക്കാദ്യമാണു്”. വിചിത്രമായിരിക്കുന്നു ഈ പ്രസ്താവം. കരുണരസവും അന്തിമമായി ആഹ്ലാദദായകമായിരിക്കും. കരുണ വിപ്രലംഭം രസമായിട്ടുള്ള ‘ഉത്തരരാമചരിതം’ വായിച്ചു ആരും കണ്ണീരു തുടയ്ക്കാൻ കൈലേസ് എടുത്തിട്ടില്ല. സ്വന്തം കെർചീഫ് നനഞ്ഞതിനു ശേഷം അടുത്തിരിക്കുന്നവനോടു് ‘നിങ്ങളുടെ കൈലേസ് ഇങ്ങു് തരൂ. എന്റെ കേർചീഫ് കണ്ണീരുകൊണ്ടു കുതിർന്നു പോയി’ എന്നാരും ഇന്നുവരെ പറഞ്ഞിട്ടില്ല. കഥ വായിച്ചു് ഓരോ വരിയും നിറുത്തേണ്ടിവരികയും പിന്നീടു് തേങ്ങിക്കരയേണ്ടി വരികയും ചെയ്താൽ അതു് രണ്ടാംതരമോ മൂന്നാം തരമോ ആയ സഹൃദയത്വമല്ല, പത്താം തരം സഹൃദയത്വമാണു്. പിന്നെ ചന്ദ്രലേഖയെ ഒരു പുതിയ എഴുത്തുകാരിയായിട്ടാണു് ജ്യോതിരാജ് കാണുന്നുതു്. ശരിയല്ല ആ കാഴ്ച. ചന്ദ്രലേഖ വളരെക്കാലമായി നല്ല കഥകളെഴുതുന്നു. തിരുവനന്തപുരത്തെ ഒരു കൊട്ടാരത്തെ അവലംബിച്ചുകൊണ്ടു് അവർ മുൻപെഴുതിയ ഒരു ചെറുകഥ സുന്ദരമായിരുന്നു. അതിനെക്കുറിച്ചും സാഹിത്യ വാരഫലത്തിൽ നിരൂപണമുണ്ടായിരുന്നു.

മൗലികത

ഭവനത്തിന്റെ അന്ധകാരത്തിൽ നിന്നു് വിഭാത വേളയിൽ രാജവീഥിയിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ പ്രകാശത്തിന്റെ ലോകം എന്നെ സ്വാഗതം ചെയ്യുന്നു… സായാഹ്നാന്ധകാരത്തിൽ നിന്നുകൊണ്ടു മുകളിലേക്കു നോക്കുമ്പോൾ നക്ഷത്രങ്ങളുടെ പ്രകാശപൂർണ്ണമായ ലോകം… ചെറിയ ചെറിയ ചലനങ്ങളോടുകൂടി ആരംഭിച്ച നൃത്തം വേഗമാർന്ന ചലനങ്ങളിലെത്തുന്നു. ഒടുവിൽ ഉപ്പൂറ്റിയൂന്നി പുറംതിരിഞ്ഞൊരു പോക്ക്. അതോടുകൂടി ദ്രഷ്ടാക്കൾക്കു് ആത്മസംതൃപ്തി… “നിശ്ചയം സ്നേഹിക്കാനാവുമെനിക്കൊരു കൊച്ചനുജത്തിയെപ്പോലെ നിന്നെ” എന്നും “നീയൊരു മുഗ്ദ്ധയാം ബാലികതന്നെയന്നീരിലേക്കെന്തു നീ ചാടിയില്ല?” എന്നും തുടങ്ങുന്ന അധീരങ്ങളായ പദവിന്യാസങ്ങൾ “അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖലപൂകീ ഞാൻ” എന്ന സുദൃഢങ്ങളായ പദവിന്യാസങ്ങളായി മാറുന്നു… അവിദഗ്ദ്ധതയിൽനിന്നു് വിദഗ്ദ്ധതയിലേക്കുള്ള സംക്രമണമാണിതു്. ഇതിനെ ഹൃദയഹാരിയായി ടി. എൻ. പ്രകാശ് ഒരു കഥയിലൂടെ ചിത്രീകരിക്കുന്നു. (ദേശാഭിമാനി വാരിക—‘വിധികർത്താക്കളുടെ ശ്രദ്ധയ്ക്ക്’) അപൂർവമായേ ഇത്തരം മൗലികത കാണാറുള്ളു. കഥയുടെ ഭാവമെന്തെന്നു മനസ്സിലാക്കിയിരുന്നെങ്കിൽ ചിത്രകാരൻ കലാപരിപാടികളിൽ പങ്കെടുക്കുന്നവരുടെ പേരുകൾ വിളിച്ചു പറയുന്ന അദ്ധ്യാപകന്റെ ചിത്രം വരച്ചു വയ്ക്കില്ലായിരുന്നു. നമ്മുടെ ചിത്രകാരന്മാരിൽ പലരും ഇങ്ങനെയാണു്. കഥ മുഴുവനും വായിച്ചുനോക്കില്ല. ആദ്യത്തെ ഖണ്ഡിക ഒന്നു നോക്കും. അതിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊരു കാര്യമെടുത്തങ്ങു് ഒരു ‘കാച്ചാ’ണു്. ആർജ്ജവം – sincerity – സ്വാഭാവികമായും ഉണ്ടാകേണ്ട ഗുണമാണു്. മറ്റുള്ളവർ പറഞ്ഞുവെന്നുവച്ചു് അതു് ജനിക്കണമെന്നില്ല.

images/Ionesco-c.jpg
യെനസ്കോ

യെനസ്കോ യുടെ ഒരു നാടകത്തിൽ ഒരു മൃതദേഹത്തിന്റെ കാലു് സ്റ്റേജിലേക്കു വളർന്നു വളർന്നു വരുന്നതിന്റെ പ്രസ്താവമുണ്ടു്. ഒരു കഥാപാത്രത്തിന്റെ പൂർവ്വകാലത്തെ ഏതോ സ്മരണയാണെന്നു് തോന്നുന്നു ആ മൃതദേഹം പ്രാതിനിധ്യം വഹിക്കുന്നതു്. ദുഷ്ടമായ സാഹിത്യത്തിന്റെ ചത്ത കാലു് ഇവിടെ വളരെ വേഗം വളരുന്നു. അതു സഹൃദയന്മാരെ ചവിട്ടി പുറത്താക്കുന്നതിനുമുൻപു് മരിച്ച സാഹിത്യത്തിന്റെ ശരീരം നമ്മൾ സംസ്കരിക്കണം.

എനിക്കൊരമ്മാവനുമുണ്ടായിരുന്ന കാര്യം ഞാൻ മുൻപെഴുതിയിട്ടുണ്ടു്. ബനിയനിടില്ല, ഷർട്ട് ധരിക്കില്ല. നെഞ്ചിലെ നരച്ചമുടി കാണുന്ന മട്ടിൽ വേസ്റ്റ്കോട്ട് മാത്രം ധരിക്കും. മുറുക്കാൻ തുപ്പൽ പുളളികൾവീണ മുഷിഞ്ഞമുണ്ടു് എങ്കോണിച്ചു് ഉടുത്തിരിക്കും. എഴുപതു കഴിഞ്ഞ ആ മനുഷ്യനു് വായിൽ ഒരു പല്ലേയുള്ളു. പേരക്കുട്ടികളുടെ പ്രായമുള്ള ചെറുപ്പക്കാരികളെ കണ്ടാൽ മൂപ്പിലിനു് വലിയ ഇളക്കമാണു്. ആ ഇളക്കം മനസ്സിലാക്കിക്കൊണ്ടു് അവർ വൃദ്ധനെ നോക്കി ആകർഷകമായി ചിരിക്കും. അരക്കെട്ടു വെട്ടിച്ചുകൊണ്ടു് അ മനുഷ്യന്റെ മുൻപിലൂടെ നടക്കും. ഫലമോ? രാത്രിയാകുമ്പോൾ കിഴവൻ ടോർച്ചെടുത്തു് അവർ കിടക്കുന്ന മുറിയിൽച്ചെന്നു് വെളിച്ചം പായിച്ചു് ‘ഗൗരിക്കുട്ടീ നേരെ കിടക്കു്, പാറുക്കുട്ടീ നെഞ്ചു് മൂടിക്കിടക്കു്, സരസമ്മാ, ഇങ്ങനെ മലർന്നുകിടക്കാതെ’ എന്നൊക്കെ പറയും. അവർ പുച്ഛിച്ചു ചിരിക്കുമ്പോൾ കിഴവൻ വന്നു വരാന്തയിലെ പനയോലപ്പായിൽ കിടക്കും. നമ്മുടെ ചില നിരൂപകർ ഈ അമ്മാവനെപ്പോലെയാണു്. ടോർച്ചെടുത്തു രാത്രിയിൽ നടക്കുന്നു. നിർദ്ദേശങ്ങൾ നൽകുന്നു.

പണ്ടു് ഇംഗ്ലണ്ടിലെ ഒരു പാതിരിയുമായി സംസാരിക്കാനിടവന്നു എനിക്കു്. “ബർട്രൻഡ് റസ്സൽ എങ്ങനെ?” എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. മറുപടി: “പെൻഗ്വിൻ ബുക്ക്സ് വായിക്കുന്നവരുടെ ഇടയിൽ പ്രസിദ്ധൻ. വിവേകമുള്ളവർ റസ്സലിനെ അംഗീകരിച്ചിട്ടില്ല”. പാതിരിയുടെ ഈ അഭിപ്രായത്തെ അവലംബിച്ചുകൊണ്ടു് ബർട്രൻഡ് റസ്സൽ മണ്ടനാണെന്നു ഞാൻ പറഞ്ഞാൽ ഞാൻ തന്നെ മണ്ടനായി മാറുകില്ലേ? ജർമ്മനിയിൽ നിന്നു വന്ന തിയോ (പത്രപ്രവർത്തകനും നിരൂപകനുമാണെത്രേ അദ്ദേഹം) ബ്രഹ്റ്റിനെ ഇന്നാരും പരിഗണിക്കുന്നില്ലെന്നു പറഞ്ഞുപോലും. (ബ്രഹ്റ്റിന്റെ ഭാരം – പി. പി. ശശീന്ദ്രൻ – മാതൃഭൂമി ആഴ്ചപ്പതിപ്പു്) ബ്രഹ്റ്റിനെ അതിശയിക്കുന്ന ഒരു നാടകകർത്താവും ഇന്നുവരെ ജർമ്മനിയിൽ ഉണ്ടായില്ല. ഈ തിയോ ഒരു പക്ഷേ ആന്റി കമ്മ്യൂണിസ്റ്റാകാം. രാഷ്ട്രവ്യവഹാര സിദ്ധാന്തത്തിന്റെ പേരിലോ മറ്റേതെങ്കിലും സാഹിത്യസിദ്ധാന്തത്തിന്റെ പേരിലോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതെടുത്തു മുള്ളോടെ വിഴുങ്ങുന്നതു് ശരിയല്ല.

images/Vaikomchandrasekarannair.jpg
വൈക്കം ചന്ദ്രശേഖരൻനായർ

ഇന്ത്യൻ സ്റ്റാൻഡേർഡ് ലിറ്ററേച്ചർ കമ്പനിയുടെ പ്രതിനിധിയായി ഒരു റഷ്യാക്കാരൻ ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തെ കാണാനില്ല. വൈക്കം ചന്ദ്രശേഖരൻനായരാ ണു് ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തിയതു്. ‘എം. കൃഷ്ണൻനായർ, ലിറ്റററി ക്രിട്ടിക്’ എന്നു് ചന്ദ്രശേഖരൻ നായർ പറഞ്ഞപ്പോൾ സായ്പ് സുകുമാർ അഴീക്കോടു്, ഗുപ്തൻനായർ ഇവരെക്കുറിച്ചു് പറയാൻ എന്നോടാവശ്യപ്പെട്ടു. ഞാൻ പറഞ്ഞു: Sukumar Azhikkodu is not a critic. He is all histrionics. His showy gestures and bombastic speeches prove this. Guptan Nair is the very antithesis of Sukumar. (സുകുമാർ അഴിക്കോടു് നിരൂപകനല്ല. അദ്ദേഹമാകെ നാട്യമാണു്. അദ്ദേഹത്തിന്റെ പ്രകടനാത്മകങ്ങളായ അംഗവിക്ഷേപങ്ങളും വൃഥാസ്ഥൂലങ്ങളായ പ്രഭാഷണങ്ങളും ഇതു തെളിയിക്കുന്നു. ഗുപ്തൻനായരാകട്ടെ സുകുമാറിനു് നേരെ എതിരും.) “നിങ്ങളോ?” എന്നു സായ്പിന്റെ ചോദ്യം. “ഞാനാരുമല്ല” എന്നു മറുപടി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-04-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.