സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-05-25-ൽ പ്രസിദ്ധീകരിച്ചതു്)

images/BernardMalamud.jpg
ബർനാഡ് മൽമഡ്

സമൂഹത്തിൽ നിലവിലിരിക്കുന്ന ശക്തിഘടനയെയാണു് ‘എസ്റ്റാബ്ലിഷ്മെന്റ്’ എന്നു വിളിക്കുന്നതു്. ഇതു തങ്ങളെ സംരക്ഷിക്കുന്നുവെന്നു വിചാരിച്ച് പ്രായംകൂടിയവരുടെ തലമുറ ഇതിനെ ബഹുമാനിക്കുന്നു. ഇതിന്റെ നിയമങ്ങളെ അംഗീകരിക്കുന്നു. ആ നിയമങ്ങളെ എതിർക്കാൻ വരുന്നവരെ—യുവാക്കന്മാരെ അവർ ചവിട്ടി പുറത്താക്കുന്നു. എസ്റ്റാബ്ലിഷ്മെന്റ് പഴഞ്ചനാണെന്നും അതു മനുഷ്യപുരോഗതിക്കു തടസ്സം സൃഷ്ടിക്കുന്നുവെന്നും കരുതുന്നവരാണു ചെറുപ്പക്കാർ. അവർ അതുകൊണ്ടു അതിനെ തകർക്കാൻ ശ്രമിക്കുന്നു. ഇമ്മട്ടിൽ പ്രായം കൂടിയവരുടെ തലമുറയും പ്രായം കുറഞ്ഞവരുടെ തലമുറയും തമ്മിൽ സംഘട്ടനത്തിൽ ഏർപ്പെടുന്നു. പ്രായം കൂടുമ്പോൾ തങ്ങൾ പഴയ തലമുറയായിത്തീരുമെന്നും അപ്പോഴത്തെ ചെറുപ്പക്കാർ തങ്ങളെ എതിർക്കുമെന്നും ഈ പുതിയ തലമുറക്കാർ അറിയുന്നില്ല. ഇതു ഒരു ദുഷിച്ച വലയമാണു്. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഈ പോരാട്ടം എല്ലാക്കാലത്തും ഉണ്ടായിരുന്നെങ്കിലും മൂല്യച്യുതി സംഭവിച്ച ഈ കാലത്തു അതിനു എന്തെന്നില്ലാത്ത തീക്ഷ്ണത കൈവന്നിരിക്കുന്നു. കുടുംബജീവിതത്തെ അതു തകർത്തുകൊണ്ടിരിക്കുന്നു. അച്ഛനും മകനും തമ്മിൽ ഏതു കാലത്തും സംഘട്ടനമുണ്ടായിരുന്നു. പക്ഷേ, ഇന്നു അതിന്റെ ‘ഉഗ്ര’ സ്വഭാവം ഭയജനകമായിട്ടുണ്ടു്. ഈ സന്ദർഭത്തിൽ എന്റെ ഓർമ്മയിലെത്തുന്നതു് ഒരു ജർമ്മൻ നാടകമാണു്. അച്ഛനും മകനും തമ്മിൽ എന്നും വഴക്കാണു്. ഇരുപതു വയസ്സുള്ള മകനെ അച്ഛൻ പരാജയപ്പെടുത്തും. ഒടുവിൽ മകൻ ശക്തിയാർജ്ജിക്കുകയും അച്ഛനെ തട്ടിത്താഴെയിടുകയും ചെയ്യുന്നു. മകൻ അച്ഛനെ വെടിവച്ചു കൊല്ലാൻ തീരുമാനിച്ചതാണു്. പക്ഷേ, അതു് വേണ്ടിവന്നില്ല. അച്ഛൻ മകന്റെ കാൽക്കൽ സ്ട്രോക്ക് വന്നു വീഴുകയും മരിക്കുകയും ചെയ്യുന്നു. ബർനാഡ് മൽമഡി ന്റെ My Son the Murderer എന്ന ചെറുകഥ ഇതിനെക്കാൾ ഹൃദയസ്പർശിയാണു്. ആ വീട്ടിൽ മകൻ അന്യൻ. അവൻ കണ്ണടച്ചുകൊണ്ടു് കണ്ണാടിയുടെ മുൻപിലിരിക്കും. തനിക്കു വായിക്കാൻ അറിഞ്ഞുകൂടാത്ത പുസ്തകത്തിന്റെ പുറങ്ങൾ മറിച്ചുകൊണ്ടു ഒരു മണിക്കൂർ നേരം കക്കൂസിലിരിക്കും. എപ്പോഴും അച്ഛനെ രഹസ്യമായി വീക്ഷിക്കലാണു് അവന്റെ ജോലി. അയാളുടെ ഭാര്യ—അവന്റെ അമ്മ—പകൽ സമയത്തു് വീട്ടിൽ കാണുകയില്ല. നാലാമത്തെ പ്രസവത്തിനു തയ്യാറെടുത്തിരിക്കുന്ന മകളെ ശുശ്രൂഷിക്കാനായി അവർ എന്നും കാലത്തു് അവളുടെ വീട്ടിൽപ്പോകും. സ്വന്തം സ്വഭാവത്തെ വിശദീകരിച്ചോ ക്ഷമാപണ സ്വരത്തിലോ മകൻ എഴുത്തയയ്ക്കുമെന്നാണു് അച്ഛന്റെ വിചാരം. “എന്റെ പ്രിയപ്പെട്ട അച്ഛാ… ” ഇല്ല പോസ്റ്റിൽപ്പോലും ഒരു കത്തില്ല. അച്ഛൻ മകനോടു സംസാരിക്കാൻ ചെന്നാൽ അവൻ തൊണ്ട തുറന്നു മര്യാദകേടായിട്ടു സംസാരിക്കും. വാതിലടച്ചു മുറി തടവറയാക്കി കഴിയുന്ന മകനോടു “മോനേ നിനക്കൊരു എഴുത്തു്” എന്നു അച്ഛൻ പറഞ്ഞാൽ “മേശപ്പുറത്തിട്ടേക്കരുതോ” എന്നായിരിക്കും അവന്റെ ചോദ്യം. ഒരു കത്തു് അച്ഛൻ തുറന്നു നോക്കി. പെൺകുട്ടിയുടെ കത്തു്. അതറിഞ്ഞ മകൻ പറഞ്ഞു: “ഇനി ഇതാവർത്തിച്ചാൽ ഞാൻ നിങ്ങളെ കൊല്ലും”. “ഹാരി നീ അച്ഛനോടാണു സംസാരിക്കുന്നത്!” എന്നു് അമ്മ പറഞ്ഞു. മകൻ വീട്ടിൽ നിന്നിറങ്ങിപ്പോയി. അവനെ അന്വേഷിച്ചുപോയ പിതാവു് കണ്ടതു് അവൻ കടലിൽ തിരകൾക്കിടയിൽ ഇറങ്ങി നിൽക്കുന്നതാണു്. അയാൾ അവന്റെ അടുക്കൽ ഓടിയെത്തി. “മോനേ തെറ്റുപ്പറ്റിപ്പോയതാണു്, ക്ഷമിക്കു. നിനക്കുള്ള കത്തു് തുറന്നു നോക്കിയതിൽ ഖേദമുണ്ടു്”. മകൻ മറുപടി പറഞ്ഞതേയില്ല. കടലിൽ ഇറങ്ങി അവൻ നിൽക്കുന്നു എന്നു പറഞ്ഞുകൊണ്ടു് മൽമഡ് കഥ അവസാനിപ്പിക്കുന്നു.

ഈ സംഘട്ടനം തികച്ചും വ്യക്തിഗതമാണോ? അതേ എന്നു് ഉത്തരം നൽകാൻ എനിക്കു ധൈര്യമില്ല. ഇരുണ്ട ഭാവിയെക്കണ്ടു് മകൻ പേടിക്കുന്നുണ്ടാവാം. ആ പേടിയാവാം തന്നെ ജനിപ്പിച്ച അച്ഛനോടുള്ള വെറുപ്പായി മാറുന്നതു്. ‘എന്റെ മകനെ ഞാൻ സ്നേഹിക്കുന്നു. അവൻ എന്തിനു് എന്നെ വെറുക്കുന്നു.’ എന്നു അച്ഛൻ ചോദിക്കുന്നതും ശരി. ചെറുപ്പക്കാർ മകന്റെകൂടെ. പ്രായം കൂടിയവർ അച്ഛന്റെ വശത്തു് തലമുറകളുടെ സംഘട്ടനം അങ്ങനെ അവിരാമമായി നടക്കുന്നു.

നാലു മണൽക്കാടുകൾ

അവിരാമമായി കിടക്കുന്ന മണൽക്കാടുകൾ ഞാൻ കണ്ടിട്ടുണ്ടു്. തീവണ്ടിപ്പാളത്തിന്റെ അപ്പുറത്തുമിപ്പുറത്തുമായി നോക്കെത്താത്ത ദൂരത്തിൽ ചൊരിമണൽ. ഒരു പുൽക്കൊടി പോലുമില്ല. മഴ പെയ്യാത്തതുകൊണ്ടു് കട്ട പിടിച്ച് വിണ്ടു കീറി കിടക്കുന്ന ഭൂപ്രദേശം. ഹൽവ മുറിച്ചെടുക്കുന്നതുപോലെ ഓരോ കഷണവും മുറിച്ചെടുക്കാം. അല്ലെങ്കിൽ അടർത്തിയെടുക്കാം. ‘നെടുനെടാ’ നിൽക്കുന്ന കരിമ്പനകൾ മാത്രമുള്ള മരുഭൂമി. പനകളിൽ ഇലകളില്ല. കറുത്ത തടികൾ മാത്രമേ കാണുന്നുള്ളൂ. ഈ വിവിധങ്ങളായ മരുപ്രദേശങ്ങളിൽ ഓരോന്നിലും തീവണ്ടി പാഞ്ഞെത്തുമ്പോൾ കഴിയുന്നതും വേഗം ഇവിടം വിട്ടുപോയെങ്കിൽ എന്നേ ഞാനാഗ്രഹിച്ചിട്ടുള്ളൂ. പക്ഷേ, ഈ പ്രദേശങ്ങൾക്കും ചിലപ്പോൾ ശോഭ കൈവരാറുണ്ടു്. ചൊരിമണലുകളിൽ സൂര്യരശ്മികൾ തട്ടി അവ രത്നങ്ങൾ പോലെ തിളങ്ങിയെന്നു വരാം. വിണ്ടു കീറിയ തുണ്ടു ഭൂമികളുടെ മുകളിലൂടെ ഒരു നിശാശലഭമെങ്കിലും പറന്നെന്നു വരാം. ‘കറുകറാ’ കറുത്ത പനകളിലൊന്നിൽ ഒരു മരങ്കൊത്തിയെങ്കിലുമിരുന്നു് കൊത്തി നോക്കിയെന്നു വരാം. ജീവിതം തികച്ചും നിർമ്മാർജ്ജനം ചെയ്യപ്പെട്ടവയാണു് ഈ മരുഭൂമികളെന്നു് പറഞ്ഞു കൂടാ. പക്ഷേ, മനോരമ ആഴ്ചപ്പതിപ്പിലെ ‘എന്റെ കുരുവി’ എന്ന കഥയിൽ നിന്നു് ജീവിതം എല്ലാക്കാലത്തേക്കുമായി നിഷ്ക്കാസനം ചെയ്യപ്പെട്ടിരിക്കുന്നു. കുരുവി ഒരു പെൺകുട്ടിയാണത്രേ. അവളെ ഒരാൺകുരുവി—കാമുകൻ—തട്ടിക്കൊണ്ടുപോകുന്നു പോലും. ബന്ധുക്കളും കഥ പറയുന്ന ആളും ഒന്നും പ്രവർത്തിക്കാനാവാതെ നിന്നുപോകുന്നു പോലും. മണൽക്കാടുകളേ നിങ്ങളെത്ര ഭേദം! ജയന്തി ജനതയും, ജി. ടി. എക്സ്പ്രസ്സും, കെ. കെ. എക്സ്പ്രസ്സും നിങ്ങളൂടെ വക്ഷസ്സുകളിലൂടെ അതിവേഗം പോകുന്നുണ്ടല്ലോ. ഈ കഥാമരുഭൂമിയെ ആരുണ്ടു് സ്പർശിക്കാൻ. കഥയെഴുതിയ ടി. വി. സുധാകരനല്ലാതെ.

ക്ലോദ് സീമോങ്
images/ClaudeSimon1967.jpg
ക്ലോദ് സീമൊങ്

നമ്മുടെ ഈ കഥയെഴുത്തുകാർ ഒരു തവണയെങ്കിലും ക്ലോദ് സീമൊങ്ങി ന്റെ (Claude Simon) “ഫ്ലൻഡേഴ്സ് റോഡ്” (The Flanders Road) എന്ന നോവൽ വായിച്ചാൽ പിന്നെ തൂലിക തൊടില്ല. കഴിഞ്ഞ വർഷം നോബൽ സമ്മാനം നേടിയ സീമൊങ്ങിന്റെ മാസ്റ്റർപീസാണു് ഈ നോവൽ. ഒരു യഥാർത്ഥ സംഭവത്തെ അവലംബിച്ചാണു് നോവൽ രചിക്കപ്പെട്ടതു്. ആ സംഭവം എന്താണെന്നു് പറയാം. വർഷം 1940. ജർമ്മനാക്രമണത്തിൽ പരാജയപ്പെട്ട ചില ഫ്രഞ്ച് സൈനികോദ്യോഗസ്ഥർ പിൻവാങ്ങുമ്പോൾ അവരിൽ ഒരു ക്യാപ്റ്റൻ വേലിക്കു പുറകേ മറഞ്ഞിരുന്ന ഒരുത്തന്റെ വെടിയേറ്റു് മരിച്ചു. അന്നു് ഇരുപ്പത്തിയാറു് വയസ്സുണ്ടായിരുന്ന ക്ലോദ് സീമൊങ് അവരുടെ കൂടെ ഉണ്ടായിരുന്നു. ഈ വധം കണ്ട അദ്ദേഹം 1960-ൽ അതിനെക്കുറിച്ച് നോവൽ എഴുതി. അതാണു് ‘ഫ്ലൻഡേഴ്സ് റോഡ്’. മരിച്ച ക്യാപ്റ്റന്റെ കൂടെയുണ്ടായിരുന്ന മൂന്നുപേർ തങ്ങളുടേതായ രീതിയിൽ ആ മരണത്തെക്കുറിച്ച് ചിന്തിക്കുന്നു. ആ ചിന്തകൾ സാകല്യസ്വഭാവം ആവഹിക്കുമ്പോൾ മനുഷ്യജീവിതത്തിന്റെ ട്രാജഡിയും കോമഡിയും ആവിഷ്കൃതമാവുന്നു. മൂന്നുപേരിൽ ഒരാൾ ക്യാപ്റ്റന്റെ ഭാര്യയുടെ രഹസ്യകാമുകനായിരുന്നു. രണ്ടാമത്തെയാൾ അദ്ദേഹത്തിന്റെ ബന്ധു. മൂന്നാമൻ ‘ആർഡർലി’. ക്യാപ്റ്റൻ ശത്രുവിന്റെ വെടിയേറ്റു മരിച്ചതാണോ? അതോ ഭാര്യയുടെ ചാരിത്ര്യദോഷത്തിൽ വിഷാദമഗ്നനായി ആത്മഹത്യ മുൻകൂട്ടി സംവിധാനം ചെയ്തതോ? നിശ്ചയമില്ല. ജീവിതത്തിന്റെ സന്ദിഗ്ദ്ധത നോവലിലെ കഥയ്ക്കുണ്ടു്. ക്യാപ്റ്റന്റെ ഭാര്യയെക്കുറിച്ച്, ചിന്തനം നടത്തുന്ന ആൾ നേരത്തേ കേട്ടിട്ടുണ്ടു്. ആ ചിന്തനത്തിലൂടെ അയാൾ രൂപം നൽകിയ സ്ത്രീ തന്നെയാണു് പിന്നീടു് അയാൾ നേരിട്ടു് കാണുന്ന സ്ത്രീയും. ജീവിച്ചിരുന്ന ക്യാപ്റ്റൻ എങ്ങനെയായിരുന്നുവോ അതേ മട്ടിൽ ആ മൂന്നു പേരുടേയും വിചാരങ്ങളിലൂടെ ആവിർഭവിക്കുന്നു. ഇതിനു് സഹായിക്കുന്നതു് സീമൊങ്ങിന്റെ അസാധരണമായ ശൈലിയാണു്. മൂന്നും നാലും പുറങ്ങളോളം നീളുന്ന വാക്യം. ക്ലേശം നിറഞ്ഞതാണു് പാരായണം. പലപ്പോഴും, നോവലിസ്റ്റ് പറയുന്നതെന്തെന്നു് മനസ്സിലാകുകയില്ല. അതുകൊണ്ടു് വീണ്ടും വായിക്കേണ്ടതായി വരും. 231 പുറങ്ങളാണു് നോവലിനു്. അത്രയും പുറങ്ങളുള്ള വേറൊരു നോവൽ വായിക്കാൻ എത്ര സമയം വേണമോ അതിന്റെ അഞ്ചിരട്ടി സമയം വേണം ഇതു വായിച്ചു തീർക്കാൻ. എങ്കിലും ഇതിലൂടെ കടന്നു പോകുന്നതു് ഒരു അന്യാദൃശമായ അനുഭവമാണു്.

നട്ടെല്ലിനു് ഹാനി

ഞാൻ താമസിക്കുന്ന സ്ഥലത്തു് ഒരു നഴ്സറി സ്കൂളുണ്ടു്. അതിന്റെ മുൻപിലുള്ള റോഡിൽ ഇടവിട്ടു് രണ്ടു് ബമ്പ് (bump) ഉണ്ടായിരിക്കുന്നു. ബസ്സോടിക്കുന്നയാൾ ആദ്യത്തെ ബമ്പിൽ സൂക്ഷിച്ച് ബസ്സ് കയറ്റുകയും ഇറക്കുകയും ചെയ്യും. ഇല്ലെങ്കിൽ അയാളുടെ നട്ടെല്ലു് ഒടിയുമല്ലോ. എന്നാൽ പുറകിലത്തെ വീലുകൾ കയറ്റിയിറക്കുമ്പോൾ ഒട്ടും സൂക്ഷിക്കാറില്ല. ബാക്ക് സീറ്റിലിരിക്കുന്നവർ ഒന്നുപൊങ്ങി, താഴെ ചന്തിയിടിച്ച്, “അയ്യോ” എന്നു് വിളിക്കുന്നതു് കേൾക്കാൻ ഡ്രൈവർക്കിഷ്ടമാണു് (പുറകിലിരിക്കുന്നവർ സ്ത്രീകളാണു് എന്നു് ഓർമ്മിച്ചാലും). ഈ വിധത്തിലുള്ള കേറ്റിയിറക്കൽ കൊണ്ടു് നട്ടെല്ലിനു് ഹാനി സംഭവിക്കാറുണ്ടു്. എന്റെ ഒരുബന്ധു ഈ ബമ്പിൽക്കൂടി ആരോഹണാവരോഹണം നടത്തിയതുകൊണ്ടു് അവരുടെ നട്ടെല്ലിനു് വേദനയുണ്ടായി. അവരെ അസ്ഥിവിദഗ്ധനെ കാണിക്കേണ്ടി വന്നു. എനിക്ക് ഈ ബസ്സിൽ സഞ്ചരിക്കേണ്ടി വന്നാൽ ബമ്പ് അടുക്കുമ്പോൾ എഴുന്നേറ്റു് നിൽക്കാറാണു് പതിവു്. അതുകൊണ്ടു് നട്ടെല്ലിനു് കേടുകൂടാതെ ഞാൻ കഴിഞ്ഞുപോരുന്നു.

“ഗൃഹലക്ഷ്മിയെന്ന ബസ്സിൽ (മാസികയെ ബസ്സാക്കിയതിൽ ഡോക്ടർ പി. ബി. ലൽകാറിനു് വൈഷമ്യമുണ്ടെങ്കിൽ അവർ സദയം ക്ഷമിക്കട്ടെ) സഞ്ചരിക്കുന്ന പാവപ്പെട്ട വായനക്കാരെ ഭാരതി ‘കെയർലെസ് ഡ്രൈവിങ്’ കൊണ്ടു് നട്ടെല്ലു് ഒടിച്ച് ആശുപത്രിയിലാക്കുന്നു. ഒരുത്തൻ ഭാര്യ പെറാറായപ്പോൾ (ഈ ഗ്രാമ്യഭാഷ ഇഷ്ടമല്ലെങ്കിൽ കുട്ടിക്കൃഷ്ണമാരാർ പറഞ്ഞ പോലെ ‘വൈഫിന്റെ ഡെലിവറി’യടുത്തപ്പോൾ) അവളുടെ വീട്ടിലേക്ക് പോകുന്നു. ബസ്സിൽ വച്ച് പൂർവ്വകാമുകിയെ കാണുന്നു. അവൾ വിവാഹിത, പക്ഷേ സന്താനമില്ല. അയാൾ വീട്ടിലെത്തിയപ്പോൾ ഭാര്യ പെറ്റിരിക്കുന്നു. ‘നവജാതപ്രജ’ ആണു് (male). സന്തോഷം. പൂർവ്വകാമുകിയുടേ ‘ഫലോപ്പിയൻ ട്യൂബ്സ്’ ക്ലോസ്ഡ്. അയാളുടെ ഭാര്യ ഭാഗ്യവതി. ട്യൂബ്സ് ക്ലോസ്ഡ് അല്ല. കാമുകിയെത്തന്നെ അയാൾ വിവാഹം കഴിച്ചിരുന്നെങ്കിൽ? അച്ഛനാകാതെ നടക്കുമായിരുന്നു. ഈ പൈങ്കിളിയെക്കുറിച്ചു വിമർശനപരമായി ഒന്നും പറയേണ്ടതില്ല. ഭാരതിയുടെ ഈ കെയർലെസ് ഡ്രൈവിങ് വായനക്കാരുടെ നട്ടെല്ലു് ഓടിക്കുമെന്നേ എഴുതുന്നുള്ളു. വായനക്കാരേ ഞാൻ എഴുന്നേറ്റുനിൽക്കുന്നു. നട്ടെല്ലിനു തകരാറു സംഭവിക്കേണ്ട എന്നാണു് വിചാരമെങ്കിൽ നിങ്ങളും എഴുന്നേറ്റുനിന്നാലും.

ദുഃഖമരുത്
images/UnnikrishnanPuthoor.jpg
ഉണ്ണിക്കൃഷ്ണൻ പുതൂർ

വരട്ടെ. ഇരിക്കാറായില്ല. ഉണ്ണിക്കൃഷ്ണൻ പുതൂർ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ‘നിന്നെ ഓർക്കുമ്പോൾ’ എന്നൊരു കഥയെഴുതിയിരിക്കുന്നു. നിന്നുകൊണ്ടു തന്നെ ഞാനതു വായിച്ചു. വായനക്കാർക്ക് വേണമെങ്കിൽ ഇരുന്നിട്ടു വായിക്കാം. അമ്മാവനു് അനന്തരവനെക്കുറിച്ചുള്ള പ്രതീക്ഷയാണു് പ്രതിപാദ്യവിഷയം. അനന്തരവനു് വേണ്ടിടത്തോളം വിദ്യാഭ്യാസമില്ല. എങ്കിലും അയാളുടെ (അമ്മാവന്റെ) രണ്ടു മക്കളെക്കാളും അവൻ യോഗ്യൻ. ജീവിതത്തിൽ വല്ലതും നേടാനുണ്ടെങ്കിൽ അതു് ആ അനന്തരവനിലൂടെ മാത്രമേ നേടാൻ കഴിയൂ എന്നു് അമ്മാവനു് അറിയാം. പക്ഷേ, കഥയൊരു ഉപന്യാസമാണു്. സാഹിത്യസൃഷ്ടിയിൽ ഓരോ നിരീക്ഷണവും പ്രമേയത്തിന്റെ സാന്നിദ്ധ്യം സ്പഷ്ടമാക്കിത്തരും. കഥ വായിച്ചുതീരുമ്പോൾ ആ സാന്നിദ്ധ്യത്തിന്റെ തിളക്കം ആഹ്ലാദം ജനിപ്പിക്കും. ഇക്കഥയിൽ നിരീക്ഷണങ്ങളുണ്ടു്. പക്ഷേ, അവയിലൊന്നിലും പ്രമേയത്തിന്റെ സാന്നിദ്ധ്യവും അതിന്റെ ശോഭയുമില്ല. അക്കാരണത്താൽ ഇതൊരു പ്രബന്ധം തന്നെയാണു്. പിന്നെ ഇതൊന്നും മഹാപരാധമല്ല. ഭീകരപ്രസ്ഥാനത്തോടു താരതമ്യപ്പെടുത്തുമ്പോൾ പരസ്ത്രീഗമനം എന്ന ദോഷം നിസ്സാരം. ബലാൽസംഗത്തോടു തട്ടിച്ചുനോക്കുമ്പോൾ ടിക്കറ്റില്ലാതെ തീവണ്ടിയിൽ യാത്രചെയ്യുന്നതു് സാരമില്ല. ബാങ്ക് കൊള്ളയടിക്കുന്നതിനോടു സാദൃശ്യപ്പെടുത്തി നോക്കുമ്പോൾ ബസ്സിലെ പോക്കറ്റടി നിർദ്ദോഷം. ആളിനെ തട്ടിക്കൊണ്ടുപോകുന്നതിനോടു തുലനം ചെയ്യുമ്പോൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എത്രയോ ക്ഷുദ്രം. അതുകൊണ്ടു മോശപ്പെട്ട കഥകളെഴുതുന്നവരൊക്കെ ദുഃഖിക്കേണ്ടതില്ല.

മറുനാടൻ സൂനം

കലയുടെ പ്രധാന ഘടകമായ കണ്ടുപിടുത്തവും ഭാവനയും വ്യക്തിഗതങ്ങളാണു്. അതുകൊണ്ടു്, കഥാകാരന്മാർ സംഘടന രൂപീകരിക്കുന്നതിൽ നിന്നും ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. വീട്ടിലിരുന്നു പുസ്തകം വായിക്കുകയോ എഴുതുകയോ ചെയ്യാതെ ഇതിനൊക്കെ പോകുന്നതു് വ്യർത്ഥമാണു്.

ക്രിയാംശവും വാങ്മയ ചിത്രങ്ങളും ആഖ്യാന രീതിയും സമകാലിക ജീവിതത്തോടു ബന്ധപ്പെട്ടിരിക്കുന്നു ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ. പ്രധാന കഥാപാത്രമായ രവി അന്യവത്കരിക്കപ്പെട്ടവനാണു്. ഈ അന്യവത്കരണം ശരിയാണെന്നു് അനുവാചകനു തോന്നുന്നതിലാണു് ഒ. വി. വിജയന്റെ നോവലിലെ കലാപരമായ സത്യമിരിക്കുന്നതു്. ജീവിതത്തെ വിനോദാത്മകമായി വീക്ഷിച്ചുകൊണ്ടു് അതിന്റെ അനിവാര്യമായ ദുരന്ത സ്വഭാവത്തെ ധ്വനിപ്പിക്കുകയാണു് ബഷീർ. അതുതന്നെയാണു് അദ്ദേഹം ചിത്രീകരിക്കുന്ന കലാപരമായ സത്യം. ഓരോ സത്യദർശനവും ആഹ്ലാദദായകം. കലാകാരന്റെ സത്യാവിഷ്കാരത്തോടു യോജിക്കാത്തവരും അദ്ദേഹത്തിന്റെ രചന വായിച്ച് ആസ്വദിക്കും. കമ്മ്യൂണിസ്റ്റായ മയകോവ്സ്കി യുടെ കാവ്യങ്ങളും പിന്തിരിപ്പനായ എസ്ര പൗണ്ടി ന്റെ കാവ്യങ്ങളും സഹൃദയർ ഒരേ മട്ടിൽ ആസ്വദിക്കുന്നു. രാഷ്ട്ര വ്യവഹാരത്തിലെ സത്യം അനായാസമായി കാണുകയും പ്രയത്നത്തിന്റെ പാടുവീഴ്ത്താതെ അതിനെ പിടിച്ചെടുക്കുകയും ചെയ്യുന്നു സുനിൽ ഗംഗോപാധ്യായ (കലാകൗമുദി—നദിക്കരികെ—വിവർത്തനം ഇ. വി. ശ്രീധരന്റേതു്). രാഷ്ട്രവ്യവഹാരത്തിൽ മാത്രം മുഴുകി, പ്രകൃതിദൃശ്യങ്ങളുടെ മനോഹാരിതയെയും അവയുടെ ആഹ്വാനങ്ങളെയും യഥാക്രമം കാണാതെയും കേൾക്കാതെയും വർത്തിച്ച് മരണമടഞ്ഞ ഇന്ദിരാഗാന്ധി യെ ക്രാന്തദർശിത്വത്തോടു കൂടി കഥാകാരൻ ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇന്ദിരാഗാന്ധി മരിക്കുന്നതിനു വളരെ വർഷങ്ങൾക്കു മുൻപു് രചിക്കപ്പെട്ട കഥയിൽ അവരുടെ കൊലയാളിയെ കലാകാരൻ മുൻകൂട്ടിക്കണ്ടു് അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ അപഗ്രഥനത്തിനു് ഞാൻ തുനിയുന്നില്ല. അതു് പൂവിന്റെ ഇതളുകൾ പിച്ചിച്ചീന്തുന്നതിനു സദൃശമായ പ്രവൃത്തിയായിരിക്കും.

images/SunilGangopadhyay.jpg
സുനിൽ ഗംഗോപാധ്യായ

രാഷ്ട്രവ്യവഹാരം തിന്മയാണോ? നല്ലയാളുകൾപോലും രാഷ്ട്രവ്യവഹാരത്തിൽപ്പെട്ടുപോയാൽ തിന്മചെയ്യാൻ നിർബ്ബദ്ധരാവുമോ? അതോ അവരുടെ നന്മയാർന്ന പ്രവൃത്തികളെ നമ്മൾ തിന്മയാർന്നവയായി കാണുകയാണോ? ഈ ചോദ്യങ്ങളെല്ലാം വിദഗ്ദമായി ചോദിച്ച് വിദഗ്ദമായിത്തന്നെ അവയ്ക്ക് ഉത്തരങ്ങൾ നൽകുന്നു കഥാകാരൻ. ആ ഉത്തരങ്ങൾ കേട്ടുകഴിയുമ്പോൾ നമ്മൾ ജീവിതത്തെക്കുറിച്ച് പലതും മനസ്സിലാക്കുന്നു. മറ്റൊരു ദേശത്തിന്റെ മണ്ണിൽ വിരിഞ്ഞുനിന്ന ഒരു കോമള സൂനത്തെ മലയാളത്തിന്റെ മണ്ണിൽ കൊണ്ടു നട്ട ഈ കൃത്യം അഭിനന്ദനാർഹം തന്നെ.

ഒരു നിയമജ്ഞന്റെ പട്ടി എന്നെ കടിച്ചു. കടിച്ച പട്ടിക്കു പേയിളകുന്നുണ്ടോ എന്നു നോക്കിക്കൊള്ളണമെന്നു ഡോക്ടർ നിർദ്ദേശിച്ചു. പട്ടിക്കു പേയിളകി. അതു ഉടമസ്ഥനെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും കടിച്ചു. അതു ചത്തപ്പോൾ നിയമജ്ഞൻ കുഴിച്ചുമൂടി. ഇതറിഞ്ഞ ഞാൻ അദ്ദേഹത്തോടു ചോദിച്ചു: പട്ടി പേപിടിച്ചുതന്നെയാണോ ചത്തതു്? അദ്ദേഹം മറുപടി പറഞ്ഞു: “അതിനു് എനിക്കു പട്ടിയേ ഇല്ലല്ലോ”. ഞാൻ കൂണൂരിൽ നിന്നു് വാക്സിൻ വരുത്തി കുത്തിവച്ചു. ഞാൻ മരുന്നു കുത്തിവയ്ക്കാൻ ചെന്ന ആശുപത്രിയിൽത്തന്നെ നിയമജ്ഞനും ബന്ധുക്കളും കുത്തിവയ്ക്കാൻ വന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ മരുന്നു തീർന്നു പോയി. കുത്തിവയ്ക്കൽ മുടങ്ങാനും പാടില്ല. വെപ്രാളപ്പെട്ട നിയമജ്ഞനു് ഞാൻ വാക്സിൻ കൊടുത്തു. അദ്ദേഹം രക്ഷപ്പെട്ടു. “എനിക്കു പട്ടിയേ ഇല്ലല്ലോ” എന്നു് അദ്ദേഹം പറഞ്ഞതു ഞാൻ വിശ്വസിച്ചിരുന്നെങ്കിൽ ഇന്നു് ഞാൻ കാണില്ലായിരുന്നു. മരുന്നു തീർന്നു പോയിയെന്നു് പറഞ്ഞു മാറത്തടിച്ച നിയമജ്ഞനു്, കൂടുതൽ വാക്സിൻ കരുതിയിരുന്ന ഞാൻ അതു കൊടുത്തില്ലായിരുന്നെങ്കിൽ ദുരന്തം വരുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു കുട്ടിയുടെ ശരീരത്തിൽ പേപ്പട്ടി കടിക്കാത്ത ഒരു ഭാഗവും ഇല്ലായിരുന്നു. ഞാനൊരു നല്ല മനുഷ്യനായി ഭാവിക്കുകയല്ല. എങ്കിലും നിത്യജീവിതത്തിൽ ഇങ്ങനെ വേണം പെരുമാറാൻ. സാഹിത്യ നിരൂപണത്തിൽ ഈ നന്മ പാടില്ലതാനും. പക്ഷേ, എഴുത്തുകാർ സമ്മതിക്കുന്നില്ല. “എന്നെക്കുറിച്ചെഴുതൂ” എന്നു് ഓരോരുത്തരും ആവശ്യപ്പെടുന്നു. അതനുസരിച്ച് പ്രവർത്തിക്കുന്നില്ലങ്കിൽ തെറിക്കത്തുവരെ വരും. ഒരു ബുദ്ധിമാൻ അയച്ച കത്തിൽ ഇങ്ങനെ: “Beware of the dog” എന്നു് നിങ്ങൾ വീട്ടിന്റെ മുൻവശത്തു എഴുതി വയ്ക്കാത്തതെന്തു്? ഞാൻ എല്ലാവരെയും കടിക്കുന്ന ശ്വാനനല്ല എന്നു് ഈ കത്തെഴുതിയ ആളിനെ അറിയിക്കട്ടെ. കുത്സിത സാഹിത്യം കൊണ്ടു് സമുദായത്തെ അധഃപതിപ്പിക്കുന്നവനെ, സാഹിത്യ ഭവനത്തിൽ കയറിമോഷ്ടിക്കുന്നവനെ ഒക്കെ കടിക്കാറുണ്ടു്. അത്രേയുള്ളു.

നല്ല കഥ

ഇത്രയും എഴുതിയിട്ടാണു് കുങ്കുമം വാരികയിൽ എടത്വാ പരമേശ്വരൻ എഴുതിയ ‘അനിയത്തി’ എന്ന കഥ വായിച്ചതു്. ‘പട്ടിയുണ്ടു്, സൂക്ഷിക്കണം’ എന്ന നിർദ്ദേശത്തിനു് വലിയ പ്രസക്തിയില്ലെന്നു മനസ്സിലാകുകയും ചെയ്തു. അനിയത്തി ഊമയാണു്, കാതു് കേൾക്കാത്തവളാണു്. എങ്കിലും അവൾക്കു് വികാരങ്ങളുണ്ടു്. ചേട്ടനെ അവൾ സ്നേഹിക്കുന്നു, അമ്മയെ സ്നേഹിക്കുന്നു, ഭാവിഭർത്താവിനെ സ്നേഹിക്കുന്നു. നിഷ്കളങ്കയും സാധുവുമായ ഒരു പെൺകുട്ടിയുടെ ഹൃദയത്തിൽ സ്നേഹമെങ്ങനെ അങ്കുരിക്കുന്നു, അതു് എങ്ങനെ ക്രമാനുഗതമായി വികാസം കൊള്ളുന്നു എന്നതു് വ്യക്തമാക്കിത്തരുന്ന ഈ കഥ കലാമൂല്യമുള്ളതാണു്. കുട്ടിയായിരിക്കുമ്പോൾ മുറച്ചെറുക്കനെ കണ്ട അവൾ അയാൾ തന്നെയായിരിക്കും തന്റെ ഭർത്താവു് എന്നു് തീരുമാനിക്കുന്നു. വിവാഹം നടക്കാതാവുമ്പോൾ അതിന്റെ ഹേതുവെന്തെന്നു് അറിയാതെ പാവം കുഴങ്ങുന്നു. അവൾക്കു യഥാർത്ഥമായ ലോകവും സാങ്കല്പികലോകവും തമ്മിൽ വ്യത്യാസമില്ല. സാങ്കല്പികമായ ലോകം അങ്ങു ദൂരെ; യഥാർത്ഥമായ ലോകം ഇതാ എന്റെ മുൻപിൽ എന്നു വിചാരിക്കാൻ അവളെക്കൊണ്ടാവില്ല. രണ്ടും ഒന്നാണു് അവളുടെ ദൃഷ്ടിയിൽ. ഈ വിചാരം സത്യത്തോടു പൊരുത്തപ്പെടുന്നില്ല. ആ പൊരുത്തക്കേടു് അവൾക്കറിഞ്ഞുകൂടാ; നമുക്കു് അറിയാം ഈ വൈരുദ്ധ്യമാണു് നമ്മുടെ കാരുണ്യത്തിന്റെ പ്രഭവകേന്ദ്രം. നല്ല കഥ.

ആത്മഹത്യ
images/YukioMishima.jpg
യൂക്കിയോ മിഷിമ

ആത്മഹത്യയുളവാക്കുന്ന വേദനയെക്കാൾ ജീവിതത്തിന്റെ വേദന കൂടിയിരിക്കുമ്പോൾ മനുഷ്യൻ ജീവിതം അവസാനിപ്പിക്കും. ജീവിതത്തിന്റെ വേദന സഹിക്കാനാവാതെയാണു് ഇടപ്പള്ളി രാഘവൻപിള്ള കയർത്തുമ്പിൽ അതവസാനിപ്പിച്ചതു്. ആരെങ്കിലും അദ്ദേഹത്തെ രക്ഷിച്ചിരുന്നെങ്കിൽ? ആത്മഹത്യാശ്രമം തെളിഞ്ഞാൽ അദ്ദേഹം കാരാഗ്രഹത്തിൽ പോകുമായിരുന്നു. ശ്രമത്തിന്റെ കാര്യക്ഷമതയില്ലായ്മ സർക്കാർ സഹിക്കില്ല. പക്ഷേ ആത്മഹത്യചെയ്ത വിനോബ യെ അദ്ദേഹം അതിനു യത്നിച്ചുകൊണ്ടിരിക്കുമ്പോൾ പോലീസ് അറസ്റ്റ് ചെയ്തില്ല. ജപ്പാനിൽ ‘ ഹാരേ കീറി’ അനുഷ്ഠിച്ച യൂക്കിയോ മിഷിമ തന്റെ യത്നത്തിൽ പരാജയപ്പെട്ടിരുന്നെങ്കിലോ? അറസ്റ്റില്ല. വയറുകീറി താഴെവീണ വലിയ സാഹിത്യകാരന്റെ തലവെട്ടിയെടുത്തുകൊണ്ടുപോയ സുഹൃത്തിനെയും അധികാരികൾ അറസ്റ്റ് ചെയ്തില്ല. പല രാഷ്ട്രങ്ങളിലും ആത്മഹത്യ ചെയ്ത ശത്രുവിനെ നശിപ്പിക്കാനുള്ള സ്ക്വാഡുകളുണ്ടു്. അവരെ രാഷ്ട്രം വാഴ്ത്തുന്നു. എന്നാൽ ദാരിദ്ര്യംകൊണ്ടു് ഇന്ത്യയിലൊരുത്തൻ തൂങ്ങിച്ചാകാൻ ശ്രമിച്ചാൽ; അവൻ അതിൽ പരാജയപ്പെട്ടാൽ സർക്കാർ അവനെ ജയിലിൽ അയച്ചതുതന്നെ. ആത്മഹത്യയെസ്സംബന്ധിച്ചുള്ള ഈ നയം ദുർഗ്രഹമായിരിക്കുന്നു. മഹാനായ ചിന്തകൻ Durkheim ആത്മഹത്യയെക്കുറിച്ചു് ഒരു വലിയ ഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ടു്. അദ്ദേഹം പറഞ്ഞ കാര്യങ്ങളേക്കാൾ കേമമായി നിസ്സാരനായ എനിക്കു് എന്തു പറയാൻ കഴിയും.? എങ്കിലും ആത്മഹത്യയെക്കുറിച്ചു് എൻ. വി. കൃഷ്ണവാരിയർ കുമാരി വാരികയിലെഴുതിയ ലേഖനം വായിച്ച ഞാൻ ഒരഭിപ്രായം ആവിഷ്ക്കരിക്കുകയാണു്. ഈ ലോകത്തു് അന്തസ്സു് നഷ്ടപ്പെട്ട ഒരുവനും പിന്നീടു് ജീവിച്ചിരുന്നിട്ടു് കാര്യമില്ല. കഞ്ചാവു വലിക്കുന്നവനും കള്ളുകുടിക്കുന്നവനുമായ മകനെ നേർവഴിക്കു കൊണ്ടുവരാൻ ശ്രമിക്കുന്ന അച്ഛനെ മകൻ കോപാകുലനായി അടിക്കുന്നു. മകന്റെ അടിമേടിച്ച അച്ഛൻ പിന്നെന്തിനു ജീവിച്ചിരിക്കുന്നു? “അവൾ വേശ്യ, അവൾ വേശ്യ” എന്നു് ഒരുത്തിയെ നോക്കി ഓരോ വ്യക്തിയും പറയുന്നു. അവൾ വേശ്യതന്നെങ്കിൽ അന്തസ്സു തകർന്നില്ലേ? പിന്നെ അവളുടെ ഇഹലോകജീവിതംകൊണ്ടു് എന്തു പ്രയോജനം? പ്രത്യക്ഷമായി ഞാൻ ആത്മഹത്യയ്ക്കുള്ള ശ്രമത്തെ നീതിമത്കരിക്കുകയല്ല. അന്തസ്സിനു് അടിയേറ്റാൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു പറയുന്നതേയുള്ളു.

സാഹിത്യകാരന്മാരുടെ സംഘടന
images/EmileDurkheim.jpg
Durkheim

റെയിൽവേ സ്റ്റേഷൻ ബുക്കു് സ്റ്റാളിൽ പോയിട്ടു് കാലമേറെയായിയെന്നു വിചാരിച്ചു് അങ്ങോട്ടു നടന്നു. പ്രയോജനമില്ലെന്നറിയാം. ഹാരോൾഡ് റോബിൻസി ന്റെയും അദ്ദേഹത്തെപ്പോലുള്ളവരുടെയും പുസ്തകങ്ങളേ അവിടെ കാണൂ. എങ്കിലും പോകാമെന്നു കരുതി. അതിന്റെ അടുത്തു ചെന്നില്ല. അതിനുമുൻപു് പ്രസിദ്ധനായ ഒരു കഥാകാരൻ വിയർത്തൊലിച്ചു്, ക്ഷീണിച്ചു് തീവണ്ടിയിൽ നിന്നിറങ്ങി വരുന്നതു കണ്ടു. “ കോട്ടയത്തു് കഥാകാരന്മാരുടെ ഒരു സംഘടന രൂപവത്കരിക്കുന്നു. അതിനു പോയതാണു്. സാനു വിന്റെ പ്രസംഗമുണ്ടായിരുന്നു. കഥവായിക്കാനോ എന്തെങ്കിലും പറയാനോ സാധിച്ചില്ല. പത്തുനൂറു കഥാകാരന്മാർ”. എന്നു് മാന്യനായ ആ സാഹിത്യകാരൻ പറഞ്ഞു. ഈ സംഘടനയുടെ രൂപവത്കരണത്തെ നീതിമത്കരിച്ചുകൊണ്ടു് ഡോക്ടർ എം. എം. ബഷീർ ചന്ദ്രിക വാരികയിലെഴുതിയിരിക്കുന്നു. ലോകത്തു് പരിവർത്തനങ്ങൾ വരുത്തിയിട്ടുള്ളതു് വ്യക്തികളാണു്. ഷേക്സ്പിയറും വാല്മീകി യും കാളിദാസനും മഹാത്മാഗാന്ധി യും ബിസ്മാർക്കും ഗാരിബാൾഡും ലെനിനും ജനിച്ചിട്ടില്ലായിരുന്നെങ്കിൽ ഈ ലോകം ഇന്നത്തെ രീതിയിൽ ആകുകില്ലായിരുന്നു. ഏതും വ്യക്തിഗതമായ ‘ഇനിഷ്യേറ്റീ’വിനെ അവലംബിച്ചിരിക്കുന്നു. 1564-ലെ സമൂഹമല്ല സ്ട്രാറ്റ്ഫോഡ് അപ്പാൺ ഏവണിൽ ഷേക്സ്പിയർ എന്ന കുഞ്ഞിനെ ജനിപ്പിച്ചതു്. കലയുടെ പ്രധാന ഘടകമായ കണ്ടുപിടിത്തവും ഭാവനയും വ്യക്തിഗതങ്ങളായതുകൊണ്ടു് കഥാകാരന്മാർ സംഘടന രൂപവത്കരിക്കുന്നതുകൊണ്ടു് ഒരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ല. വീട്ടിലിരുന്നു പുസ്തകം വായിക്കുകയോ എഴുതുകയോ ചെയ്യാതെ ഇതിനൊക്കെ പോകുന്നതു് വ്യർത്ഥമത്രേ.

പണ്ടു്—എന്നുപറഞ്ഞാൽ വളരെ പണ്ടു്—ഒരു മഹാരാജാവു് നാഗർകോവിലിൽ ചെന്നു. അദ്ദേഹത്തിനു് അന്നു രാത്രിയിലേക്കു് ഒരു തമിഴത്തിയാണു് വേണ്ടിയിരുന്നതു്. വിലകൂടിയ ചേലയുടുത്തു്, രത്നം പതിച്ച ആഭരണങ്ങളണിഞ്ഞു് ഒരു സുന്ദരിയായ യുവതി മഹാരാജാവിന്റെ കിടപ്പറയിൽ പ്രവേശിച്ചു. അവളുടെ നെറ്റിയിൽ ഒരു വലിയ സിന്ദൂരപ്പൊട്ടു്. മഹാരാജാവു് മാരജ്വരപരവശനായി അവളെ കടന്നു പിടിച്ചു. വൃദ്ധനായ അദ്ദേഹത്തിന്റെ വെപ്രാളം അവൾക്കിഷ്ടപ്പെട്ടില്ല. അവൾ അദ്ദേഹത്തിന്റെ മുഖത്തു കാർക്കിച്ചു് തുപ്പി. അതിനുശേഷം സിന്ദൂരം തൊട്ട ഏതു സ്ത്രീയെക്കണ്ടാലും മഹാരാജാവു് ബോധംകെട്ടു വീഴുമായിരുന്നു.

ഒരു സാഹിത്യകാരൻ ഇംഗ്ലീഷിൽ നിന്നു ചൂഷണം നടത്തിയതു് മുൻപൊരിക്കൽ ഞാൻ എടുത്തുകാണിച്ചു. അതിനുശേഷം അദ്ദേഹം സായ്പിന്റെ സാഹിത്യത്തെ നിന്ദിച്ചുകൊണ്ടേയിരുന്നു. മൂന്നുദിവസം മുൻപു് അദ്ദേഹത്തെ റോഡിൽവച്ചു കണ്ടു. ചോദിച്ചു ഇങ്ങനെ: “ഏയ് കൃഷ്ണൻ നായരേ, നിങ്ങൾ ഈ ഇംഗ്ലീഷ് പുസ്തകങ്ങളൊക്കെ വായിച്ചു കൂട്ടുന്നതു് എന്തിനു്? പുസ്തകങ്ങൾ വായിക്കുമ്പോൾ വേറൊരുത്തൻ നിങ്ങൾക്കു വേണ്ടി ചിന്തിക്കുകയാണു്. ചിന്തിക്കാൻ കഴിവുള്ളവൻ പുസ്തകം വായിക്കുകയില്ല”. സിന്ദൂരത്തിന്റെ ശക്തി നോക്കുക.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-05-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.