പൊടുന്നനെ താരപദവിയിലേക്കു് ഉയർന്ന അമിതാവ് ഘോഷി ന്റെ The Circle Reason എന്ന നോവൽ ഞാൻ വായിച്ചു. ‘ഹേമിഷ് ഹമിൽടൻ’ പ്രസാധനം ചെയ്ത ഈ പുസ്തകത്തിനു് പത്തു പവൻ തൊണ്ണൂറ്റിയഞ്ചു പെൻസാണു വില. ഏതാണ്ടു് ഇരുന്നൂറു രൂപ. നോവൽ പ്രസിദ്ധപ്പെടുത്തിയിട്ടു് ഏതാനും ദിവസങ്ങളേ ആയുള്ളു. അതിനകം ഫ്രഞ്ച്, ഇറ്റാലിയൻ, സ്വീഡിഷ് ഈ ഭാഷകളിലേക്കു് അതു് തർജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞു. സംസ്കാരത്തിന്റെ കാര്യത്തിൽ പിന്നിലാവേണ്ട എന്നു തീരുമാനിച്ചു് നോവൽ വാങ്ങി. കഥ പറയാൻ വല്ലാത്ത വൈദഗ്ദ്ധ്യമാണു് ഘോഷിനു്. അതുകൊണ്ടു് നോവലിന്റെ 423 പുറങ്ങളും അനായാസമായി വായിച്ചു തീർത്തു.
“യുക്തിചക്രം” (The Circle of Reason) പിക്കറെസ്ക് നോവലാണു്. പലരുടെയും അധീശത്വത്തിനു വിധേയനാകുന്ന കഥാനായകൻ തന്റെ വൈവിദ്ധ്യവും വൈജാത്യവുമാർന്ന ജീവിതത്തിലൂടെ സമുദായം പരിഹസിക്കപ്പെടേണ്ടതാണെന്നു് വ്യക്തമാക്കിത്തരുമ്പോൾ പിക്കാറെസ്ക് നോവൽ ജനനം കൊള്ളുന്നു. ഇംഗ്ലീഷിൽ ‘റോഗ്’ എന്നു വിളിക്കുന്ന കുസൃതിക്കാരനാണു് പിക്കറെസ്ക് നോവലിലെ നായകൻ. എന്നാൽ ‘യുക്തിചക്ര’ത്തിലെ പ്രധാന കഥാപാത്രമായ ആലു ആ വിധത്തിൽ ‘റോഗ’ല്ല. അയാൾ ബുദ്ധിശക്തികൊണ്ടു ജീവിക്കുന്നു. അതിരു കടന്ന വൈകാരികത്വം ആലുവിനില്ല. ഏതു സംഭവത്തിന്റെയും ഏതു വ്യക്തിയുടെയും ആന്തരഘടനയിലേക്കു് അയാൾ പ്രയത്നമില്ലാതെ പ്രയാസമില്ലാതെ കടന്നു ചെല്ലുന്നു. ഇങ്ങനെ കടന്നു ചെല്ലുമ്പോൾ സമുദായത്തിന്റെ വൈകൃതങ്ങൾ അയാൾ കാണുന്നു. അവയെ നമുക്കുവേണ്ടി ചിത്രീകരിക്കുന്നു.
നൗഖാലിക്കു് അടുത്തുള്ള ലാൽ പുക്വർ എന്ന സ്ഥലത്താണു കഥ തുടങ്ങുന്നതു്. അവിടേക്കു്, കാറപകടത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട ആലു വന്നെത്തുന്നു. ബന്ധുവായ ബലറാമിനോടു് ഒരുമിച്ചു കഴിഞ്ഞുകൂടുവാനാണു് അവന്റെ വരവു്. ബലറാമിനും അയാളുടെ ഭാര്യ തോരുദേവിക്കും സന്താനമില്ല. ആലു അവിടെ അവരുടെ മകനായി താമസിച്ചു. ആലുവിനു വലിയ തലയാണുള്ളതു്. ഒരു വലിയ ഉരുളക്കിഴങ്ങുപോലുള്ള തല. അതുകൊണ്ടു് നചികേത ബോസായ ആ ബാലൻ ആലു (ഉരുളക്കിഴങ്ങു്) എന്ന പേരിൽ അറിയപ്പെട്ടു.
ആലുവിന്റെ “അമ്മാവനാ”ണു് (അവന്റെ അച്ഛന്റെ സഹോദരൻ) ബലറാം. ഫ്രെനോളജി യിലാണു് അയാൾക്കു താല്പര്യം. (തലയോടിന്റെ ആകൃതിയെ അവലംബിച്ചു് വ്യക്തിയുടെ സ്വഭാവം, കഴിവു് ഇവയെക്കുറിച്ചു് അനുമാനത്തിലെത്തുന്ന ശാസ്ത്രം.) യുക്തിവാദത്തിൽ വ്യാപരിച്ചിരുന്ന ബലറാം ഫ്രെനോളജിയിലേക്കു ചെന്നു് ക്യാലിപ്പെഴ്സ് ഉപകരണംകൊണ്ടു് എല്ലാവരുടെയും ശിരസ്സുകൾ അളന്നു. വലിയ തലയുള്ള ആലുവിന്റെ സ്വഭാവമെന്തു് ? വൈദഗ്ദ്ധ്യമെന്തു്? എന്ന ചോദ്യങ്ങൾക്കു സമാധാനം നല്കാനായില്ല ബലറാമിനു്. ഫ്രെനോളജിയിലുള്ള ഈ കൗതുകം അതിരു കടന്നപ്പോൾ ബലറാമിന്റെ ഭാര്യ അയാളുടെ ഗ്രന്ഥങ്ങളാകെ തീയിലിട്ടു നശിപ്പിച്ചു. (ഡോൺ ക്യുക്സോട്ടി ന്റെ ഗ്രന്ഥങ്ങൾ തീയിലെരിച്ചു കളയുന്നതു് ഓർമ്മിക്കുക.) അതോടെ അയാൾ വീണ്ടും യുക്തിവാദത്തിലേക്കു തിരിഞ്ഞു.
ബലറാം ആലുവിനെ നെയ്ത്തുകാരനാക്കി. ശംഭു ദേവനാഥാണു് (Shombhu Debnath) നെയ്ത്തിൽ അയാളുടെ ഗുരു. കുറെക്കാലം അങ്ങനെ കഴിഞ്ഞിട്ടു് ആലു കൂട്ടുകാരോടുകൂടി പേർഷ്യൻ ഗൾഫിലെ അൽഗസീറയിലേക്കു പോയി (സാങ്കല്പികമായ സ്ഥലം). ബംഗാളിലെ പൊലീസുകാരനായ ജ്യോതിദാസുമുണ്ടു് ആലുവിന്റെ പിറകേ.
‘മറിയാമ്മ’ എന്ന യാനപാത്രത്തിലാണു് ആലുവിന്റെയും കൂട്ടുകാരുടെയും യാത്ര. സിൻഡി എന്ന സ്ത്രീയുമുണ്ടു് അവരുടെ കൂടെ. അവൾ ആലുവിനെ വീഴ്ത്തുന്നതു ഗ്രന്ഥകാരന്റെ വാക്കുകളിൽ തന്നെ കേട്ടാലും: Then in one quick movement she pulled him down and planted a hand in his crotch… she tore open the knot in his pajamas and pushed them down to his knees… With a flick of her wrists she flung her skirts back over her waist, baring a dark, surging pile of a belly and trunk-like thighs. She took hold of the small of his back and with one powerful heave of her shoulders, pulled him astride her”. (Pages 188, 189.) സിൻഡിയുടെ വക്ഷോജങ്ങളാൽ പകുതി ശ്വാസം മുട്ടിക്കൊണ്ടു് അവളുടെ തോളിന്റെ മുകളിൽക്കൂടി ആലു അൻഗസീറയിലെ ദീപങ്ങൾ കണ്ടു. ജ്യോതിദാസ് ഉൾപ്പെടെയുള്ളവർ പല സ്ഥലങ്ങളിലേക്കും പോയി. ആലുവും സിൻഡിയും ജന്മഭൂമിയിലേക്കു തിരിച്ചു പോകാനായി കപ്പൽ കാത്തു നിൽക്കുമ്പോൾ നോവൽ അവസാനിക്കുന്നു. Hope the beginning.
ഇത്രയും കേട്ടതുകൊണ്ടു് ‘യുക്തി ചക്രം’ ബഹിർഭാഗസ്ഥമായ നോവലാണെന്നു വായനക്കാർക്കു തോന്നുന്നുണ്ടാവാം. അങ്ങനെയൊരു തോന്നലുണ്ടെങ്കിൽ അപരാധം കഥ സംഗ്രഹിച്ച എന്റേതാണു്. തികച്ചും മനോഹരവും അതേസമയം സങ്കീർണ്ണവുമാണു് ഈ നോവൽ. നോവലിസ്റ്റ് അനിത ദേശായി പറയുന്നു ഘോഷ് സൽമാൻ റഷ്ദി യെ ‘എമ്യൂലെയ്റ്റ്’ ചെയ്യുന്നുവെന്നു്. സദൃശമാകുകയോ, അതിശയിക്കുകയോ ചെയ്യുന്നതാണു് എമ്യുലെയ്ഷൻ. സൽമാൻ റഷ്ദിയുടെ നോവലുകൾ കൃത്രിമങ്ങളാണു്. ഘോഷ് ജന്മനാ നോവലിസ്റ്റാണു്. അദ്ദേഹവും റഷ്ദിയുമായി ഒരു സാദൃശ്യവുമില്ല. ഭാരതത്തിന്റെയും ഗൾഫ് രാജ്യത്തിന്റെയും സമുദായത്തെ പരിഹാസപൂർവം വീക്ഷിക്കുന്ന ഈ കലാസൃഷ്ടി ആ പരിഹാസത്തിലൂടെ നമ്മളെ സത്യസൗന്ദര്യങ്ങളുടെ ലോകത്തു് എത്തിക്കുന്നു. പ്രതീക്ഷയാണു് ആരംഭമെന്നു ഘോഷ്. അദ്ദേഹത്തിന്റെ അടുത്ത നോവൽ—രണ്ടാമത്തെ നോവൽ—ഇതിനെക്കാൾ മനോഹരമാവുമെന്നു നമുക്കു പ്രതീക്ഷിക്കാം.
“ശ്ലോകമുത്തശ്ശിയോ ഇന്നത്തെ കവിതയോ” എന്ന തലക്കെട്ടിൽ പ്രൊഫസർ ജോർജ് തോമസ് കടുത്തുരുത്തി കലാകൗമുദിയിൽ എഴുതിയ കത്തിൽ “എന്നിത്യാദിവരികൾ” എന്നു പ്രയോഗിച്ചിരിക്കുന്നതു് കാണാനിടയായി. ‘ഇതി’ എന്നതിനു് എന്നതിനാൽ ഇപ്രകാരം, എന്നൊക്കെയാണു് അർത്ഥം. അപ്പോൾ ‘എന്നിത്യാദി’ എന്നു പ്രയോഗിക്കേണ്ടതുണ്ടോ? “അറിയാഞ്ഞിട്ടു ചോദിച്ചേൻ അരിശമുണ്ടാകവേണ്ട”.
ആലപ്പുഴ തോണ്ടുംകുളങ്ങര എന്ന സ്ഥലത്തു് ഒരമ്പലമുണ്ടു്. ആ അമ്പലത്തിലെ വിഗ്രഹത്തെ നോക്കിനില്ക്കുന്ന ആളിന്റെ വലതു വശത്തേക്കുള്ള റോഡേ ഒരു നാഴിക പോയാൽ ഒരു കുളമുണ്ടു്. (ദിക്കറിഞ്ഞുകൂടാ. അതുകൊണ്ടാണു് ഈ വളച്ചുകെട്ടു്.) ആ കുളത്തിലാണു് ഞാൻ എന്നും കുളിക്കുക. ഒരു ദിവസം കുളിക്കാനെത്തിയപ്പോൾ കുളക്കരയിൽ ഒരു ചെറുപ്പക്കാരി ജലാശയത്തെ ഉറ്റുനോക്കിക്കൊണ്ടു് നില്ക്കുന്നതു് കണ്ടു. നോട്ടത്തിന്റെ ഏകാഗ്രതകൊണ്ടു് ഞാൻ ചെന്നതു് അവളറിഞ്ഞതേയില്ല. ഒരു പായലുമില്ലാത്ത നിർമ്മലമായ ജലം. അതിന്റെ വിശുദ്ധിയെക്കുറിച്ചു് അവൾക്കു തെല്ലും സംശയം വേണ്ട. എങ്കിലും കണ്ണെടുക്കാതെ അവൾ കുളം നോക്കിക്കൊണ്ടു നിൽക്കുന്നു. അപ്പോഴാണു് എനിക്കു മനസ്സിലായതു് അവൾ നോക്കിയതു് ജലാശയത്തെയല്ല, ജലാശയത്തിൽ പ്രതിഫലിക്കുന്ന സ്വന്തം രൂപത്തെയാണെന്നു്.
കടകളുടെ മുൻപിൽ ബസ്സ് കാത്തു നില്ക്കുന്ന തരുണികൾ ഷോപ്പ് വിൻഡോകളിൽ ഇരിക്കുന്ന വസ്തുക്കളെയല്ല നോക്കുന്നതു്. അവയ്ക്കു് ആവരണവും സുരക്ഷിതത്വവും നല്കുന്ന കണ്ണാടികളിലാണു്. അവയാണു് അവരുടെ സുന്ദരരൂപങ്ങൾ പ്രതിഫലിപ്പിക്കുക. വീട്ടിലിരിക്കുമ്പോൾ കണ്ണാടിയെടുത്തു നോക്കുന്നു. ഓഫീസുകളിൽ വന്നാൽ പ്രൈവറ്റ് റൂമിൽച്ചെന്നു് ബാഗിലെ കൊച്ചു കണ്ണാടിയെടുത്തു നോക്കുന്നു. ഡബിൾ ഡെക്കർ ബസ്സിൽ കയറിയാൽ വശത്തുള്ള കണ്ണാടിയിൽ നോക്കുന്നു. ഭോഷന്മാരായ നമ്മൾ വിചാരിക്കും അവർ കണ്ണാടിയിലൂടെ റോഡ് നോക്കുകയാണെന്നു്. കഥകൾ വായിക്കുമ്പോൾ ഞാൻ തോണ്ടംകുളങ്ങരയ്ക്കടുത്തുള്ള ജലാശയത്തെ നോക്കിനിന്ന സ്ത്രീയാണു്. കൃഷ്ണൻ നായർ ആൻഡ് സൺസിന്റെ വാച്ച് കടയിൽ കയറി വാച്ച് നോക്കുന്നു എന്ന വ്യാജേന കണ്ണാടിപ്പെട്ടിയിൽ മുഖം നോക്കുന്ന സ്ത്രീയാണു്. എനിക്കു കഥാസ്ഫടികത്തിൽ എന്നെത്തന്നെ കാണണം. ‘കലാകൗമുദി’യിലെ ‘ചിത്രശലഭങ്ങൾ’ എന്ന കഥയിൽ ഞാൻ നോക്കി. ഒരു പ്രതിഫലനവുമില്ല. ദാരുനിർമ്മിതമായ കാൽപ്പെട്ടിയിൽ പ്രതിഫലനം എങ്ങനെയുണ്ടാകാനാണു്? ഒരു കപ്പലിനെക്കുറിച്ചും ചിത്രശലഭങ്ങളെക്കുറിച്ചും കപ്പിത്താന്റെ ഭാര്യയെക്കുറിച്ചും എന്തൊക്കെയോ കഥാകാരനായ തോമസ് ജോസഫ് പറയുന്നു. എന്റെ ബുദ്ധിരാഹിത്യം കൊണ്ടാവാം. എനിക്കൊന്നും മനസ്സിലായില്ല. ഈ ലോകത്തു് ഏറ്റവും പ്രയാസം ക്ലോദ് സീമോങ്ങി ന്റെ നോവലുകൾ വായിക്കാനാണു്. അദ്ദേഹത്തിന്റെ Conducting Bodies എന്ന നോവൽ വായിച്ചു് ഞാൻ കുഴങ്ങിപ്പോയി. വാക്കുകളുടെ സർഗ്ഗാത്മക ശക്തിയെക്കുറിച്ചുള്ളതാണു് ആ നോവൽ. അതും എനിക്കു് ആസ്വാദ്യമായി. എന്നാൽ തോമസ് ജോസഫിന്റെ കഥ എന്താണെന്നു ഗ്രഹിക്കാൻ കഴിഞ്ഞില്ല. കഥാകാരന്റെ ഭാഷ സ്വാഭാവികമല്ല, ഭാവാത്മകമല്ല, അതു ദാരുമയമാണു്.
ത-റ-തറ എന്നു പറഞ്ഞു കുട്ടിയെ പഠിപ്പിക്കുന്നതു ശരിയല്ലെന്നു കുഞ്ഞുണ്ണി അഭിപ്രായപ്പെടുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പു്). കാരണമുണ്ടു് ‘ത’ എന്നും ‘റ’ എന്നും വേറെ വേറെ ഉച്ചരിച്ചതിനു ശേഷം ‘തറ’ എന്നു ഉച്ചരിപ്പിച്ചാൽ ശരിയാവില്ല. തറ എന്ന വാക്കിന്റെ ഉച്ചാരണം ‘ത’ ‘റ’ ഈ അക്ഷരങ്ങളുടെ വെവ്വേറെയുള്ള ഉച്ചാരണമല്ലല്ലോ. കുഞ്ഞുണ്ണി ഒരു പടികൂടി കടക്കുന്നു. ‘തറ’ എന്ന വാക്കു് വാക്യത്തിലായാലോ? അപ്പോഴും ഉച്ചാരണം മാറുന്നു. ‘രാമൻ തറയിലിരുന്നു’ (ഉദാഹരണം എന്റേതു്) എന്നു പറയുമ്പോൾ ഒറ്റവാക്കായ ‘തറ’യ്ക്കുള്ള ഉച്ചാരണമല്ല വാക്യത്തിലെ ‘തറ’യ്ക്കുള്ള ഉച്ചാരണം. അതിനാൽ കുട്ടികളെ വാക്യം പറഞ്ഞു കൊടുത്തു പഠിപ്പിക്കണം. ഉച്ചാരണം അക്ഷരത്തിനല്ല, വാക്കിനല്ല, വാക്യത്തിനാണു് എന്നു് കുഞ്ഞുണ്ണി ചൂണ്ടിക്കാണിക്കുന്നു. ഈ വാദം വലിച്ചു നീട്ടിയാൽ എത്രവരെപ്പോകും? വാക്യം അടുത്ത വാക്യത്തോടു ചേരുമ്പോൾ ഉച്ചാരണത്തിനു മാത്രമല്ല അർത്ഥത്തിനും വ്യത്യാസം വരില്ലേ? ഖണ്ഡികയിലാകുമ്പോൾ പിന്നെയും മാറില്ലേ? ഖണ്ഡിക അദ്ധ്യായത്തിലെ പല ഖണ്ഡികകളോടു ചേർന്നു വരുമ്പോഴോ? ഗ്രന്ഥത്തിലെ പല അദ്ധ്യായങ്ങളെ വച്ചു നോക്കുമ്പോൾ ഒറ്റ വാക്യത്തിനു് എന്തു മാറ്റം! കാലം കഴിയുമ്പോൾ ഗ്രന്ഥത്തിനാകെ മാറ്റം വരില്ലേ? ശ്രീ മൂലം തിരുനാളി ന്റെ കാലത്തെ ആളുകൾ ‘രാമരാജാ ബഹദൂർ’ വായിച്ചിരുന്ന രീതിയിൽ തന്നെയാണോ ഇന്നത്തെ ആളുകൾ ആ നോവൽ വായിക്കുന്നതു്? അതുകൊണ്ടു് പ്രത്യക്ഷത്തിൽ സമഞ്ജസമെന്നു തോന്നുന്ന, കുഞ്ഞുണ്ണിയുടെ വാദം അസമഞ്ജസമത്രേ. ഇംഗ്ലീഷുകാരൻ സി-യു-റ്റി എന്നു് കുട്ടിയെക്കൊണ്ടു പറയിപ്പിച്ചിട്ടു് ‘കട്ട്’ എന്നു പറഞ്ഞു കൊടുക്കുന്നു. പി-യു-റ്റി എന്നു ഉച്ചരിപ്പിച്ചിട്ടു് ‘പുട്ട്’ എന്നു് പറയിക്കുന്നു. ‘യു’ എന്ന അക്ഷരത്തിനു് ഈ രണ്ടു വാക്കുകളിലും വിഭിന്നങ്ങളായ ഉച്ചാരണങ്ങൾ. ഇതു പഠിച്ച ഒരു സായ്പ് ശിശുവും പിഴച്ചു പോയില്ല. അതുകൊണ്ടു് ത-റ- തറ എന്നു തന്നെ കേരളത്തിലെ കുട്ടി പഠിക്കട്ടെ. അറിയാറാകുമ്പോൾ അവൻ കാര്യങ്ങൾ ശരിയായി മനസ്സിലാക്കിക്കൊള്ളും.
ഇതിനോടു വലിയ ബന്ധമില്ലാത്ത ഒരു കാര്യം പറയട്ടെ. ഭാഷയെക്കുറിച്ചു മൗലികങ്ങളായ സത്യങ്ങൾ പ്രചരിപ്പിച്ച തത്ത്വചിന്തകനായിരുന്നു വിറ്റ്ഗൻഷ്ടൈൻ (Wittgenstein). അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതം വികസിക്കുന്നതു് ‘ലിങ്ഗ്വസ്റ്റിക് ഗെയിംസി’ലൂടെയാണെന്നു്. ജാം (jam) എന്ന വാക്കു കേവലാർത്ഥത്തിൽ ജാം മാത്രമാണു്. ഒരു ലിങ്ഗ്വിസ്റ്റിക് ഗെയിമിലൂടെ മാത്രമേ അതിന്റെ അർത്ഥം നമുക്കു മനസ്സിലാകു. കടയിൽച്ചെന്നു നമ്മൾ ‘ജാം’ എന്നു പറയുമ്പോൾ അതൊരു ലിങ്ഗ്വസ്റ്റിക് ഗെയിമായി മാറുന്നു. വില്പനക്കാരൻ ജാമെടുത്തു പൊതിഞ്ഞുതരുന്നു. ഈ ഗെയിമാണു് ജാമിന്റെ അർത്ഥം നമ്മെ ഗ്രഹിപ്പിക്കുന്നതു്. (Tractatus വായിച്ച ഓർമ്മയിൽ നിന്നു്. പുസ്തകത്തിന്റെ പൂർണ്ണമായ പേരു് മറന്നുപോയി.)
കടകളുടെ മുമ്പിൽ ബസ്സ് കാത്തു നിൽക്കുന്ന തരുണികൾ ഷോപ്പ് വിൻഡോകളിൽ ഇരിക്കുന്ന വസ്തുക്കളെയല്ല നോക്കുന്നതു്. അവയ്ക്കു് ആവരണവും സുരക്ഷിതത്വവും നൽകുന്ന കണ്ണാടികളിലാണു്. അവയാണു് അവരുടെ സുന്ദര രൂപങ്ങൾ പ്രതിഫലിപ്പിക്കുക. വീട്ടിലിരിക്കുമ്പോൾ കണ്ണാടിയെടുത്തു നോക്കുന്നു. ഓഫീസുകളിൽ ചെന്നാൽ പ്രൈവറ്റ് റൂമിൽച്ചെന്നു് ബാഗിലെ കൊച്ചു കണ്ണാടിയെടുത്തു നോക്കുന്നു. സ്ത്രീകളാണോ അധികം സംസാരിക്കുന്നതു്? അതോ പുരുഷന്മാരോ? സംശയില്ല. സ്ത്രീകൾ തന്നെ. അതിനു കാരണമുണ്ടു്. പ്രവർത്തന ശക്തികൾ കുറവാണല്ലോ അതിനൊരു നഷ്ടപരിഹാരം എന്ന നിലയിൽ അവർ കൂടുതൽ സംസാരിക്കും. പുരുഷനെപ്പോലെ ജീവിതമണ്ഡലത്തിൽ പടവെട്ടാൻ സ്ത്രീക്കു കഴിഞ്ഞെങ്കിൽ അവർ ഇത്രത്തോളം വാചാലതയിൽ മുഴുകുമായിരുന്നില്ല.
സ്ത്രീകളാണോ അധികം സംസാരിക്കുന്നതു്? അതോ പുരുഷന്മാരോ? സംശയമില്ല. സ്ത്രീകൾ തന്നെ. അതിനുകാരണമുണ്ടു്. പ്രവർത്തനശക്തി സ്ത്രീകൾക്കു കുറവാണല്ലോ. അതിനൊരു നഷ്ടപരിഹാരമെന്ന നിലയിൽ അവർ കൂടുതൽ സംസാരിക്കും. പുരുഷനെപ്പോലെ ജീവിത മണ്ഡലത്തിൽ പടവെട്ടാൻ സ്ത്രീക്കു കഴിഞ്ഞെങ്കിൽ അവർ ഇത്രത്തോളം വാചാലതയിൽ മുഴുകുമായിരുന്നില്ല. അതുകൊണ്ടു പുരുഷനാണു് ഭാഷ കണ്ടുപിടിച്ചതെന്ന മതം ശുദ്ധമായ ഭോഷ്കാണു്. സ്ത്രീ തന്നെയാണു ഭാഷ കണ്ടുപിടിച്ചതു്. സ്ത്രീ കണ്ടുപിടിച്ച ഭാഷയെ പുരുഷന്മാർ അപമാനിച്ചുകൊണ്ടിരിക്കുന്നു. അതിനു തെളിവു് കുങ്കുമം വാരികയിലെ ‘വേലി’ എന്ന ചെറുകഥയാണു്. ‘അമ്മായിയും മരുമകളും സംഘട്ടനത്തിൽ. തള്ളയുടെ മകൻ കുടിച്ചുകൊണ്ടു വീട്ടിലെത്തുന്നു. എന്നിട്ടും മരുമോൾ വിടുന്നില്ല. അവൾ തള്ളയെ പുലഭ്യം പറഞ്ഞു് ഇരുത്തുന്നു. വൈഷമ്യത്താൽ അയാൾ വീണ്ടും കുടിക്കാനായി പോകുമ്പോൾ എൽ. കൃഷ്ണമൂർത്തിയുടെ “കഥ” പര്യവസാനത്തിലെത്തുന്നു. സാഹിത്യത്തിന്റെ പല ഗുണങ്ങളിൽ ഒന്നുപോലുമില്ലാത്ത ഈ സാഹസിക്യം കണ്ടു് ഭാഷ കണ്ടുപിടിച്ച സ്ത്രീയെ ഞാൻ ശകാരിക്കാൻ ആരംഭിക്കുന്നു.
കടപ്പുറത്തെ പഞ്ചാരമണലിൽ ഇരുന്നു് അവൾ അയാളോടു കൊഞ്ചിക്കൊഞ്ചി പലതും പറയുമ്പോൾ അയാൾക്കു രോമാഞ്ചം. എന്നാൽ അവൾ പ്രഭാഷണ വേദിയിൽ കയറി നിന്നു പത്തു മിനിറ്റ് പ്രസംഗിച്ചാൽ അയാൾക്കു പോലും സഹിക്കാനാവില്ല. സ്ത്രീകളുടെ ‘ഹൈപിച്ച്ഡ് വോയ്സ്’ ഒരു പുരുഷനും സഹിക്കാൻ വയ്യ. പുരുഷൻ കനത്ത ശബ്ദത്തിൽ എന്തെങ്കിലും പറഞ്ഞാൽ സ്ത്രീക്കു് ഇഷ്ടമാണു്. പക്ഷേ, അതേ ശബ്ദത്തിൽ ‘വേലി’പോലുള്ള കഥകൾ ആഖ്യാനം ചെയ്താൽ എഴുന്നേറ്റു് ഓടും.
ദുഷ്ടത കാവ്യത്തിന്റെ വിഷയമാണു്. പ്രസിദ്ധരായ പല കവികളും അതു വിദഗ്ദ്ധമായി കൈകാര്യം ചെയ്തിട്ടുണ്ടു്. പക്ഷേ, കാവ്യം ദുഷ്ടമാകുമ്പോൾ അതു് ആന്റിസോഷ്യൽ പ്രവർത്തനമായി മാറുന്നു. ആ വിധത്തിലുള്ള ഒരു പ്രവർത്തിയിലാണു് ഡോക്ടർ കിളികൊല്ലൂർ എം. ശിവദാസൻ ഏർപ്പെട്ടിരിക്കുന്നതു്. മരിച്ചുപോയ പാവപ്പെട്ട കവി വൈലോപ്പിള്ളി യാണു് ശിവദാസന്റെ കൈകളിൽ കിടന്നു വീണ്ടും മരണവെപ്രാളം കാണിക്കുന്നതു്.
നൂതന വർഷാഗമനം സ്വപ്നം
കണ്ടു മയങ്ങിയ നവദിനമുട്ടകൾ
പൊട്ടിയുടഞ്ഞേപോയി കവിതയി-
ലന്നൊരു നവയുഗമവസാനിച്ചു.
ദിവസത്തെ മുട്ടയായി കാണുന്ന ആ പ്രതിഭയുടെ ഉജ്ജ്വലത നോക്കൂ. അതു കോഴിമുട്ടയോ താറാമുട്ടയോ എന്നുകൂടി അറിഞ്ഞാൽ കൊള്ളാമെനിക്കു്. ഈ നാലു വരി കഴിഞ്ഞാൽ പിന്നെയുമുണ്ടു് ഇതുപോലെ മുപ്പതു വരികൾ. മുഴുവനും വായിച്ചാൽ വായനക്കാരൻ മരിക്കും. കവി കിളികൊല്ലൂർ ശിവദാസൻ ഡോക്ടറാണല്ലോ. എം. ബി. ബി. എസ്. ഡോക്ടറോ ഫിലോസഫി ഡോക്ടറോ? അലോപ്പതി ഡോക്ടറാണെങ്കിൽ ചികിത്സ നടത്തുന്നതാണു് നല്ലതു്. അപ്പോൾ അദ്ദേഹത്തിന്റെ ഈ കാവ്യം പ്രയോജനപ്പെടും. അനിസ്തീറ്റിക് കൊടുത്തിട്ടും രോഗി ബോധം കെട്ടില്ലെങ്കിൽ ഇതെടുത്തൊന്നു വായിച്ചു കേൾപ്പിച്ചാൽ മതി. ഉടനെ രോഗിക്കു ബോധക്ഷയമുണ്ടാകും (കാവ്യം മനോരമ ആഴ്ചപ്പതിപ്പിൽ, ‘വിട’ എന്നു പേരു്).
എഴുപതു വയസ്സായ കിഴവി നരച്ച മുടി കോതിയൊതുക്കി പട്ടുനാട കൊണ്ടു കെട്ടുന്നു. ചുക്കിച്ചുളിഞ്ഞ മുഖത്തു് പൗഡറിടുന്നു. വൃത്തികെട്ട ചുണ്ടിൽ ലിപ്സ്റ്റിക് ഇടുന്നു. എന്നിട്ടു കൂനില്ലാതെയാക്കാൻ വടിയൂന്നി നിൽക്കുന്നു. എങ്കിലും കൂനു്. ഈ കാഴ്ച കണ്ടാൽ വായനക്കാർക്കു് എന്തു തോന്നും? എന്തു തോന്നുമോ അതാണു് ശശിധരൻ, ക്ലാരി മനോരാജ്യം ആഴ്ചപ്പതിപ്പിൽ എഴുതിയ ‘പോയ വസന്തത്തിന്റെ ചിറകിൽ’ എന്ന പൈങ്കിളിക്കഥ വായിച്ചപ്പോൾ എനിക്കു തോന്നിയതു്. പൈങ്കിളിക്കഥയായതുകൊണ്ടു വിഷയമെന്താണെന്നു പറയേണ്ടതില്ല. എല്ലാ പൈങ്കിളിക്കഥകൾക്കും ഒരു വിഷയമേയുള്ളു.
ഞാൻ ആരെക്കണ്ടാലും തൊഴും. ആ വ്യക്തി പോയിക്കഴിഞ്ഞാൽ പിന്നെ ഒന്നും അയാളെക്കുറിച്ചു വിചാരിക്കില്ല. ഇതു് കാപട്യം നിറഞ്ഞ പ്രവൃത്തിയാണെന്നു് പിന്നീടെനിക്കു് തോന്നിയിട്ടുണ്ടു്. വ്യക്തിയെ തൊഴുതു ബഹുമാനിക്കണമെന്നില്ല. അയാളുടെ ഗുണങ്ങളിൽ ഏതെങ്കിലുമൊന്നു സ്വന്തം ജീവിതത്തിൽ പകർത്തിയാൽ മതി. അതു ചെയ്യാതെ പൊള്ളയായ മട്ടിൽ ഞാൻ കൈകൂപ്പുന്നു. ജീവിതം എതിരേ വരുമ്പോൾ കപടമായി തൊഴുതിട്ടു പോകുന്ന എം. കൃഷ്ണൻ നായരാണു് പൈങ്കിളിക്കഥാകാരൻ. ജീവിതത്തെക്കുറിച്ചാലോചിച്ചു് നല്ല അംശങ്ങൾ സ്വീകരിക്കാൻ അയാൾ തയ്യാറാവുന്നില്ല.
കുരുപ്രധാനൻ അന്ധനായിരുന്നു. സഞ്ജയന്റെ വാക്കുകളിലൂടെ അദ്ദേഹം യുദ്ധം മുഴുവനും കണ്ടു. ഹോമർ അന്ധനായിരുന്നു. തന്റെ അസാധാരണങ്ങളായ വാക്കുകളിലൂടെ അദ്ദേഹം യുദ്ധം മുഴുവനായും കണ്ടു. ബോർഹെസ് അന്ധനാണു്. അദ്ദേഹവും വാക്കുകളിലൂടെ ജീവിതത്തിന്റെ സവിശേഷതകളാകെ കണ്ടുകൊണ്ടിരിക്കുന്നു. വാക്കുകൾ കണ്ണുകളാണു്.
പി.കെ. മന്ത്രി യുടെ ‘പാച്ചുവും കോവാലനും’ എന്ന ഹാസ്യചിത്രങ്ങൾ പുസ്തകരൂപത്തിൽ കോട്ടയത്തെ അമ്പിളി പബ്ലിക്കേഷൻസ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അതു കണ്ടു ഞാൻ അനുഗൃഹീതനായ ആ കലാകാരനെ ഓർമ്മിച്ചു് ആർദ്രങ്ങളായ നയനങ്ങളോടുകൂടി ഇരിക്കുന്നു. എന്റെ ഉപകർത്താവും സുഹൃത്തുമായിരുന്നു മന്ത്രി. അദ്ദേഹം തിരുവനന്തപുരത്തെ മെഡിക്കൽ കോളേജാശുപത്രിയിൽ കിടക്കുന്നുവെന്നു് ഞാൻ വളരെ വൈകിയാണു് അറിഞ്ഞതു്. ഒരു ദിവസം ഒരാൾ വന്നു പറഞ്ഞു. “മന്ത്രിക്കു് നിങ്ങളെ കാണണമെന്നു പറയുന്നു. ഉടനെ പോകണം”. എന്റെ സുഹൃത്തിനു് കുറെ പണവും കൂടി കൊണ്ടു പോകാമെന്നു ഞാൻ കരുതി. അതുകൊണ്ടു് അന്നു പോയില്ല. അടുത്തതിന്റെ അടുത്ത ദിവസം പണം ശരിപ്പെടുത്തിവച്ചു. വൈകിട്ടേ ആശുപത്രിക്കകത്തു പ്രവേശിക്കാൻ പറ്റൂ. അന്നു കാലത്തെ പത്രം നിവർത്തിയപ്പോൾ പി. കെ. മന്ത്രി അന്തരിച്ചു എന്ന വാർത്ത കണ്ടു. അഭിവന്ദ്യനായ സുഹൃത്തേ എന്റെ പശ്ചാത്താപം താങ്കളുടെ ആത്മാവറിയുന്നുണ്ടോ? അറിയുന്നുണ്ടു്. നമ്മൾ അത്രയ്ക്കു അടുത്തവരായിരുന്നല്ലോ.
അവസാനമായി ഞാൻ മന്ത്രിയെ കണ്ടതു് തിരുവനന്തപുരത്തെ സെക്രിട്ടേറിയറ്റ് കെട്ടിടത്തിന്റെ മുൻപിൽ വച്ചാണു്. എന്നെക്കണ്ടയുടനെ അദ്ദേഹം ചോദിച്ചു: “വേണു എവിടെ? സുഖമാണോ അയാൾക്കു്?” എന്റെ മകൻ ഈ ലോകം വിട്ടുപോയതു് മന്ത്രി അറിഞ്ഞിരുന്നില്ല. ഞാൻ മറുപടി നല്കി: “വേണുപോയി… ” ശേഷം പറയാൻ ഞാൻ ശക്തനായില്ല. മന്ത്രി ചോദിച്ചു: “എവിടെപ്പോയി? മദ്രാസിൽ പോകുന്നെന്നു കഴിഞ്ഞ തവണ കണ്ടപ്പോൾ എന്നോടു പറഞ്ഞിരുന്നു. അങ്ങോട്ടാണോ പോയതു്?” കണ്ണീരൊഴുക്കിക്കൊണ്ടു നിന്ന എന്നെ മന്ത്രി ആശ്ളേഷിച്ചു. സുഹൃത്തേ, താങ്കളും എന്റെ മകനും ഇപ്പോൾ തമ്മിൽ കാണുന്നില്ലേ? എന്റെ ഈ വാക്കുകൾ നിങ്ങൾ രണ്ടു പേരും കേൾക്കുന്നില്ലേ?
തിരുവനന്തപുരത്തെ ട്രിവാൻഡ്രം ഹോട്ടലിലിരുന്നു് ഞാൻ ചായ കുടിക്കുകയായിരുന്നു. സുകുമാർ അഴീക്കോടും മറ്റു രണ്ടുപേരും അവിടെ വന്നു കയറി. ആശയവിമർശന തല്പരത്വമല്ലാതെ വ്യക്തിവിദ്വേഷം എനിക്കില്ല. ‘നമസ്കാരം’ എന്നു ഞാൻ. അഴീക്കോടിനും വ്യക്തിവിദ്വേഷമില്ലെന്നു മനസ്സിലായി അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോൾ. കൂടെയുള്ളവരെ അദ്ദേഹം പരിചയപ്പെടുത്തി. മനയ്ക്കലാത്തു്, സിറിയക്‍. “ചായയോ കാപ്പിയോ?” എന്നു ഹോട്ടലിലെ വിളമ്പുകാരൻ. സുകുമാർ അഴീക്കോടു് പറഞ്ഞു: “നല്ല ചായ. നല്ല ചായയെന്നു പറഞ്ഞാൽ പ്രതിച്ഛായ. അതു കൊണ്ടു വരൂ”.
കുരുപ്രധാനൻ അന്ധനായിരുന്നു. സഞ്ജയന്റെ വാക്കുകളിലൂടെ അദ്ദേഹം യുദ്ധം മുഴുവനും കണ്ടു. ഹോമർ അന്ധനായിരുന്നു. തന്റെ അസാധാരണങ്ങളായ വാക്കുകളിലൂടെ അദ്ദേഹം യുദ്ധം സമ്പൂർണ്ണമായും കണ്ടു. ബോർഹെസ് അന്ധനാണു്. അദ്ദേഹവും വാക്കുകളിലൂടെ ജീവിതത്തിന്റെ സവിശേഷതകളാകെ കണ്ടുകൊണ്ടിരിക്കുന്നു. വാക്കുകൾ കണ്ണുകളാണു്. നല്ല കാഴ്ചയുള്ള മുണ്ടൂർ സേതുമാധവൻ വാക്കുകളിലൂടെ ഒരു ദാക്ഷായണിയുടെ ദുരന്തം ദർശിക്കുന്നു. ആ സ്ത്രീയുടെ കുഞ്ഞിന്റെ ദുരന്തം കാണുന്നു. അവരെ രണ്ടു പേരെയും രക്ഷിക്കാനെത്തിയ ഒരാളിന്റെ സ്വഭാവം ദർശിക്കുന്നു. വാക്കുകൾ ഈ കഥയിൽ സജീവങ്ങളാകുന്നു. ജീവനാർന്ന ആ വാക്കുകളാണു് മൂന്നുപേരുടെ ജീവിതങ്ങളിലൂടെ സാമാന്യമായ മനുഷ്യ ജീവിതത്തെ അഭിവ്യഞ്ജിപ്പിക്കുന്നതു്. ശക്തിയുള്ള ഈ കഥ ‘കഥാ’ ദ്വൈവാരികയിൽ.
“മർദ്ദിക്കപ്പെടുന്ന ജനങ്ങളുടെ ക്ഷമ എല്ലാക്കാലത്തും ഉണ്ടായിരിക്കുമെന്നു വിചാരിക്കരുതു് ” മാർട്ടിൻ ലൂഥർ കിങ് പറഞ്ഞതാണിതു്. ഇതു കഥയെഴുതുന്നവരെ സംബന്ധിച്ചും ശരിയാണു്. നിർമ്മലാ രാജഗോപാൽ ജനയുഗം വാരികയിലെഴുതിയ ‘ഉടഞ്ഞ ചില്ലകൾ’ പോലുള്ള പറട്ടക്കഥകൾ എത്രകാലമായി കേരളത്തിലുള്ളവർ വായിക്കുന്നു! അവരുടെ ക്ഷമ നശിക്കാറായി. ആകർഷകത്വമുള്ള ദാമ്പത്യജീവിതമായിരുന്നു അവരുടേതു്. പക്ഷേ അവൾ പ്രസവത്തിനു് ഭർത്താവിന്റെ വീട്ടിൽ പോയപ്പോൾ അയാളുടെ അച്ഛനമ്മമാർ അയാൾക്കു തെറ്റിദ്ധാരണ ഉളവാക്കി. അവൾ മരിച്ചപ്പോൾ ആ തെറ്റിദ്ധാരണ നീങ്ങുന്നു. മകളെയും കൊണ്ടു് അയാൾ തിരിച്ചു പോരാൻ ഭാവിക്കുമ്പോൾ കഥ അവസാനിക്കുന്നു. സാർ ചക്രവർത്തിമാരുടെ മർദ്ദനം സഹിക്കാൻ വയ്യാതെ റഷ്യൻ ജനത വിപ്ലവമുണ്ടാക്കി. വിശപ്പു സഹിക്കാനാവാതെ ഫ്രഞ്ച് ജനത ബസ്തീൽ ആക്രമിച്ചു തകർത്തു. ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കഴുത്തുകൾ മുറിച്ചു. മാർക്കസി ന്റെ മർദ്ദനവും അയാളുടെ ഭാര്യയുടെ ധൂർത്തും സഹിക്കാനാവാതെ ഫിലിപ്പീൻസിലെ ജനത അവരെ നാട്ടിൽ നിന്നു ഓടിച്ചു. അത്യുക്തി നടത്തുകയല്ല ഞാൻ. ഈ മർദ്ദനപരിപാടികൾക്കു സദൃശം തന്നെയാണു് ചില സ്ത്രീകളുടെ കഥാരചന. ഇമ്മട്ടിലുള്ള കഥകൾക്കു് സ്ഥാനം ചവറ്റുകുട്ടയാണു്. കഥ എഴുതുന്നവർ അതറിഞ്ഞില്ലെങ്കിൽ? എന്റെ അഭിവന്ദ്യസുഹൃത്തായ ആര്യാടു് ഗോപിയോടു മാപ്പു ചോദിച്ചുകൊണ്ടു പറയട്ടെ. പത്രാധിപർ അറിയണം.
മുകളിൽപ്പറഞ്ഞ Conducting Bodies എന്ന നോവലിൽ (ക്ലോദ് സീമൊങ് എഴുതിയതു്) അരക്കെട്ടിനടുത്തുവച്ചു തുടകൾ മുറിച്ചെടുത്ത കാലുകൾ, പാദങ്ങൾ മേല്പ്പോട്ടാക്കി തൂക്കിയിട്ടിരിക്കുന്നതിനെ വർണ്ണിച്ചിട്ടുണ്ടു്. അവ സ്ത്രീകളുടെ കാലുകളാണു്. അനേകം നർത്തകികൾ ഒരുമിച്ചു കാലുമടക്കി ചവിട്ടുമ്പോൾ മുറിച്ചെടുത്ത മട്ടിൽ അവയുടെ മുട്ടുകൾ മടങ്ങിയിരിക്കുന്നു. മുറിച്ചെടുത്ത കാലുകൾ എമ്മട്ടിലായാലും ജുഗുപ്സാവഹങ്ങളാണു്. അവ “തലതിരിച്ച്” ഷോപ്പ് വിൻഡോയിൽ വച്ചാൽ കൂടുതൽ ജുഗുപ്സാവഹം. ലാക്ഷണിക കഥ അരക്കെട്ടിനടുത്തുവച്ചു മുറിച്ചെടുത്ത കാലാണു്. ഹബീബ് വലപ്പാടു് അതിനെ ചന്ദ്രിക വാരികയിൽ പാദം മുകളിലാക്കി തൂക്കിയിട്ടിരിക്കുന്നു. ചെറുപ്പക്കാരൻ വൃദ്ധന്റെ കൈയിൽ നിന്നു താക്കോൽ വാങ്ങിക്കുന്നു. പൂട്ടു കാണാൻ വയ്യാത്തതുകൊണ്ടു് അയാൾ വാതിൽ ചവിട്ടിപ്പൊളിക്കുന്നു. പ്രകാശം കണ്ണിൽ വന്നു തറച്ചതുകൊണ്ടു് യുവാവു് തളർന്നു പോയി. എന്താണാവോ ഈ രാക്ഷസീയതയുടെ അർത്ഥം?
എന്റെ വീട്ടുമുറ്റത്തു നില്ക്കുന്ന പനിനീർച്ചെടിയിൽ നിന്നു് ഞാൻ പൂക്കളിറുത്തു് എടുക്കട്ടോ? ശംഖുമുഖം കടപ്പുറത്തു ചെന്നു വെള്ള മണലിൽ നടന്നു മൃദുത്വം അനുഭവിക്കട്ടോ? ഒരു പിച്ചിപ്പൂവെടുത്തു പരിമളം ആസ്വദിക്കട്ടോ? ചങ്ങമ്പുഴ ക്കവിത വായിച്ചു് കലയുടെ തേജോമയമായ ലോകത്തേക്കു് ഉയരട്ടോ?