മർദ്ദനമനുഭവിക്കുന്ന തൊഴിലാളികളെയാകെ നോക്കിക്കൊണ്ടു് മാർക്സും എംഗൽസും പറഞ്ഞു: “സർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ. നിങ്ങൾക്കു് നഷ്ടപ്പെടാൻ കൈച്ചങ്ങലകളല്ലാതെ മറ്റൊന്നുമില്ല” വാക്കു് ഇവിടെ വിപ്ലവകാരിയാണു്… വാക്കു് മോഹഭംഗമുള്ളവനാണു്, സ്നേഹസ്വരൂപനാണു്, സത്യദർശകനാണു്, സദാചാര തല്പരനാണു്.
തിരുവിതാംകൂർ മഹാരാജാവു് ശ്രീമൂലം തിരുനാളി ന്റെ കാലത്തു രാജഗോപാലാചാരി എന്ന ദിവാൻ മഹാവിക്രമനായി ഈ നാടു ഭരിച്ചിരുന്നു. അദ്ദേഹം നേർത്ത കസവു മുണ്ടുടുത്തു് ഒരമ്മവീട്ടിന്റെ മട്ടുപ്പാവിൽ കയറിനിന്നു് ആറാട്ടു കണ്ടുവെന്നാണു കഥ. ആറാട്ടിനു് മഹാരാജാവു് എഴുന്നള്ളുമ്പോൾ ദിവാൻ കൂടെ പോകണമല്ലോ. രാജഗോപാലാചാരി അന്നു് പോയില്ല. ചെറുപ്പക്കാരികളെ കണ്ടു് രസിക്കുന്നതിനു വേണ്ടിയാണു് അദ്ദേഹം പോകാതിരുന്നതെന്നു് അക്കാലത്തെ ആളുകൾ കരുതി. സത്യം എന്തായാലും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതി: വിശാഖം തിരുനാൾ മഹാരാജാവി ന്റെ കാലത്തായിരുന്നെങ്കിൽ ഈ ഉദ്യോഗസ്ഥ വ്യഭിചാരിയുടെ കുറുക്കു കുതിരക്കവഞ്ചി കൊണ്ടടിച്ചു കുളംകോരിക്കുമായിരുന്നു. രാമകൃഷ്ണപിള്ള ഈ വാക്യത്തിന്റെ പേരിൽ തിരുവിതാംകൂറിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടെങ്കിലും അദ്ദേഹം ബഹുജനത്തിന്റെ നേതാവായി മാറി. വാക്കു് ഇവിടെ ധർമ്മരോഷം പ്രകടിപ്പിക്കുന്ന സദാചാരതൽപരനാണു്.

മർദനമനുഭവിക്കുന്ന തൊഴിലാളികളെയാകെ നോക്കിക്കൊണ്ടു് മാർക്സും എംഗൽസും പറഞ്ഞു: “സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ. നിങ്ങൾക്കു നഷ്ടപ്പെടാൻ കൈച്ചങ്ങലകളല്ലാതെ മറ്റൊന്നുമില്ല”. വാക്കു് ഇവിടെ വിപ്ലവകാരിയാണു്.
മഹാത്മാഗാന്ധി വധിക്കപ്പെട്ടതിന്റെ മൂന്നാമത്തെ ദിവസം കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയെ അഭിസംബോധനചെയ്തു ജവഹർലാൽ നെഹ്റു പ്രസംഗിച്ചു: “In ages to come, centuries and may be millenia after us people will think of this generation when this man of God trod on earth and will think of us who, however small could also follow his path and tread the holy ground where his feet had been”. വാക്കു് ഇവിടെ സത്യദർശകനാണു്.
വ്യഭിചാരമെന്ന പാപകർമ്മം ചെയ്ത സ്ത്രീയോടു് യേശുക്രിസ്തു പറഞ്ഞു: “Neither do: I Condemn thee. Go and sin no more”. വാക്കു് ഇവിടെ ഈശ്വരനാണു്.
വള്ളത്തോൾ ആലേഖനം ചെയ്ത ഒരു കാമുകൻ പറയുകയാണു്:
“മന്ദമാരുതാലോലചൂർണ്ണകന്തളമാമീ-
സ്സുന്ദരാനനമേവം കുനിച്ചു നില്ക്കായ്ക നീ.
വഞ്ചിയാതെൻ ജീവിതം വിണ്ണിലേതാക്കാനുള്ള
പുഞ്ചിരിയമൃതിതു പുല്ലിന്മേൽപ്പൊഴിഞ്ഞാലോ!”
ഇവിടെ വാക്കു സ്നേഹസ്വരൂപനാണു്.

ഏമീഗ്രേ (emigre) സാഹിത്യകാരനായ ‘യോസഫ് ഷ്കവറൊറ്റ്സ്കി’ (Joseph Skvorecky) ജീവിതത്തിനാകെയുള്ള അർത്ഥം അതിനൊരർത്ഥവുമില്ല എന്നതാണു് എന്നു പ്രഖ്യാപിക്കുമ്പോൾ വാക്കു മോഹഭംഗത്തിന്റെ ഉടലെടുത്ത രൂപമാണു്. (സ്വന്തംനാട്ടിലെ രാഷ്ട്രീയസ്ഥിതികളാൽ അന്യനാട്ടിലേക്കു പോയി താമസിക്കുന്നയാൾ ഏമീഗ്രേ സാഹിത്യകാരൻ. ഏമീഗ്രേ എന്നതു ഫ്രഞ്ച് വാക്കു്) വാക്കു മോഹഭംഗമുള്ളവനാണു്, സ്നേഹസ്വരൂപനാണു്, ഈശ്വരനാണു്, സത്യദർശകനാണു്, വിപ്ളവകാരിയാണു്, സദാചാരതല്പരനാണു്. സൂക്ഷ്മതയോടെ മാത്രമേ വാക്കു് പ്രയോഗിക്കാവൂ.
“അങ്ങയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ളാദമെന്താണു്” എന്നു് ഒരു ചൈനീസ് തത്ത്വചിന്തകനോടു് ഒരാൾ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി: “എന്നോടു വഴിചോദിച്ചു മനസ്സിലാക്കിയ കുട്ടി പാടിക്കൊണ്ടു് ആ വഴിയെ കടന്നുപോയതു്”. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും സഹപ്രവർത്തകരും ജനങ്ങളുടെ ദുഃഖം കൂട്ടിക്കൊണ്ടിരിക്കുന്നു.
ഏമീഗ്രേ സാഹിത്യകാരന്മാരിൽ പ്രധാനനാണു് യോസഫ് ഷ്കവറൊറ്റ്സ്കി. അദ്ദേഹത്തിന്റെ The Engineer of Human Souls എന്ന പുതിയ നോവൽ “മാഗ്നം ഓപ്പസ്” ആണെന്നു് മറ്റൊരു ഏമീഗ്രേ സാഹിത്യകാരനായ മീലൻ കൂന്ദേര പ്രഖ്യാപിച്ചു. മാഗ്നം ഓപ്പസ് = മഹനീയമായ കൃതി; മാഗ്നം = വലുതു്; ഓപ്പസ് = രചന) പികഡൊർ പ്രസാധനത്തിൽ അറുന്നൂറോളം പുറങ്ങൾ വരുന്ന ഈ നോവൽ ഞാൻ ‘രസംപിടിച്ചു’ വായിച്ചു. യോസഫ് ഷ്കവറൊറ്റ്സ്കിയെപ്പോലെ ഒരു ഏമീഗ്രിയാണു് ഈ നോവലിലെ പ്രധാന കഥാപാത്രമായ ഡാനി സിമിറിറ്റ്സ്കി. അദ്ദേഹം കോളേജ് പ്രൊഫസറാണു്. പോ, ഹതൊൺ, ട്വയിൻ, ക്രേൻ, ഫിറ്റ്സ് ജെറൾഡ്, കോൺറഡ് ഇവരുടെ കൃതികൾ വിദ്യാർത്ഥികളെ പഠിപ്പിച്ചതിനു ശേഷം അദ്ദേഹം ഏമീഗ്രികളുടെ ലോകത്തു വിഹരിക്കുന്നു. പക്ഷേ, അദ്ദേഹത്തിനു് ഏറ്റവും യഥാർത്ഥമായി തോന്നുന്നതു് ജന്മഭൂമിയായ ചെക്കസ്ലവാക്യയിൽനിന്നു വരുന്ന കത്തുകളാണു്. അവരിൽ പലരും ദുരന്തത്തിൽ എത്തുന്നു. യുദ്ധത്തിൽ പങ്കുകൊണ്ട പ്രിമ ആസ്ട്രേലിയയിൽ ആശ്രയസ്ഥാനം കണ്ടെത്തുന്നു. പിന്നീടു് മരിക്കുന്നു. റെബെക്ക ഇസ്രായേലിലെ ടെൽഅവീവ് പട്ടണത്തിലെത്തി. Danny, my dear friend, write and tell me what life really is എന്നാണു് റെബെക്ക ഡാനിയോടു് ആവശ്യപ്പെടുന്നതു്. 1968-ൽ സോവിയറ്റ് റഷ്യ ചെക്കസ്ലവാക്യയെ ആക്രമിച്ചു. നാടുവിട്ടുപോകാൻ കൂട്ടാക്കാത്ത യാൻ എന്ന കവി ആത്മഹത്യ ചെയ്യുന്നതിനു മുൻപു് ഡാനിക്കു് എഴുതിയ അവസാനത്തെ കത്തിൽ അവസാനത്തെ വാക്യമിതാണു്: “Write to me Dan. Perhaps in Canada you will find at least a little light—something to light up the age for an instant.

യോസഫ് ഷ്കവറൊറ്റ്സ്കി തെക്കു-കിഴക്കൻ ക്യാനഡയിലെ പട്ടണമായ ടറൻറ്റൊയിലെ സർവ്വകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറാണു്. നോവലിലെ ഡാനിയും അങ്ങനെതന്നെ. ടറൻറ്റൊയിൽവച്ചു നടന്ന ഒരു വിവാഹസദ്യയിൽ പങ്കുകൊണ്ട ആളുകളിൽ ഒരാൾ ചെക്കസ്ലവാക്യയിലെ കൊലപാതകങ്ങളെക്കുറിച്ചു പറയുന്നു. രണ്ടാഴ്ചയിലൊരിക്കലാണു് അവിടെ തൂക്കിക്കൊല നടത്തുക. അന്നു തടവുകാർ സ്വയം മുഖക്ഷൗരം ചെയ്യണം. വധത്തിനുമുൻപു് അവസാനത്തെ ഭക്ഷണമില്ല. ഷേവ് ചെയ്യൽ മാത്രം. ഒരു രോമക്കുറ്റിപോലും മുഖത്തു പാടില്ല. അങ്ങനെ ക്ലോസ് ഷേവാണു് നടത്തേണ്ടതു്. വിറയ്ക്കുന്ന കൈയോടുകൂടി തടവുകാർ ഷേവ് ചെയ്യുമ്പോൾ മുഖം മുറിയും, രക്തം ഒലിക്കും. ആലംകൊണ്ടു് രക്ത പ്രവാഹം തടയണം അവർ. ഷേവ് ചെയ്തുകഴിഞ്ഞാൽ കൊലപാതകം ചെയ്യേണ്ട യാർദസ്രൂദ ഓടിവന്നു് തടവുകാരന്റെ കവിളുകളിൽ കൈയോടിച്ചിട്ടു ഗർജ്ജിക്കും: “ഇതാണോ ക്ലോസ് ഷേവ്? തിരിച്ചുചെന്നു് വീണ്ടും അതുചെയ്യു”. കൊച്ചു കുട്ടികളെപ്പോലെ അവർ വീണ്ടും ഷേവ് ചെയ്യും. രക്തം താടിയിലൂടെ ഒഴുകും. അപ്പോൾ സ്രൂദ വന്നു പറയും: “മാന്യരേ നിങ്ങളുടെ തടവറകളിലേക്കു തിരിച്ചു പോകൂ. വെള്ളിയാഴ്ചവരെ വധം നീട്ടിവച്ചിരിക്കുന്നു” രണ്ടു ദിവസംകൂടെ നീട്ടിക്കിട്ടി. ഭയാക്രാന്തങ്ങളായ രണ്ടു ദിവസങ്ങൾ. എങ്കിലും ഒരാശ്വാസം. (പുറം 503). ഡാനി (ഷ്കവറൊറ്റ്സ്കി) അവിടിരുന്നുകൊണ്ടു് തന്റെ നാട്ടിലെ ഒന്നിനുമുകളിലൊന്നായുള്ള ശവക്കുഴികളെക്കുറിച്ചു് ആലോചിക്കുന്നു. കാട്ടാളത്തത്തിന്റെ കാലയളവിലെ ശവക്കുഴികൾ. ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന നോവലാണു് The Engineer of Human Souls. വിശ്വവിഖ്യാതനായ നോവലിസ്റ്റ് മീലാൻ കൂന്ദേര ഈ നോവലിൽ പ്രത്യക്ഷനാകുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: I only hope I die soon. There’s been too much of everything. How much longer do you think we can last?” കൂന്ദേരയുടെ ഈ വേദന ഭാരതീയരായ നമ്മുടെയും വേദനയാണു്. അതിനെ ആവിഷ്കരിച്ച ഷ്കവറൊറ്റ്സ്കി നല്ല കലാകാരനാണു്.
വേദന നിറഞ്ഞ ഒരു ജീവിതകഥ എം. കെ. കെ. നായർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അദ്ദേഹം അതു പറയുന്നതു് ‘ആരോടും പരിഭവമില്ലാതെ’യാണു്. ആരംഭം കേട്ടാലും: “ഇതൊരു ആത്മകഥയല്ല. സംഭവങ്ങൾ നിറഞ്ഞതായിരുന്നു, കഴിഞ്ഞ അറുപത്തഞ്ചുസംവത്സരങ്ങൾ. ചരിത്രം സൃഷ്ടിച്ച സംഭവങ്ങൾ. സാമൂഹ്യ വ്യവസ്ഥയെ കീഴ്മേൽ മറിച്ച പരിവർത്തനങ്ങൾ. മഹായുദ്ധങ്ങൾ, അടിമത്തത്തിൽനിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള അനേകകോടികളുടെ ഹർഷ പ്രയാണം… ” ഊർജ്ജസ്വലതയാർന്ന ഈ ശൈലി എനിക്കും എന്നെപ്പോലുള്ള എഴുത്തുകാർക്കും കൊതിക്കത്തക്കതാണെന്നതിൽ ഒരു സംശയവുമില്ല.
വെറുംകൈയോടെ പട്ടണത്തിലേക്കു പോകുന്ന ഗൃഹനായകൻ സന്ധ്യയ്ക്കു തിരിച്ചു വീട്ടിലെത്തുമ്പോൾ കൈനിറയെ വീട്ടിലെക്കാവശ്യമുള്ളവ വാങ്ങിക്കൊണ്ടു വരുന്നതു കണ്ടിട്ടില്ലേ? അതു പോലെ ശൂന്യമായ മനസ്സോടെ ആത്മകഥ വായിക്കുന്ന സഹൃദയൻ ഗ്രന്ഥത്തിന്റെ പര്യവസാനത്തിലെത്തുമ്പോൾ സമ്പന്നമായ മനസ്സോടെ ഇരിക്കും. ഈ സമ്പന്നത എം. കെ. കെ. നായരുടെ ആത്മചരിതം ഉളവാക്കട്ടെ. മൃദുത്വവും നന്മയും പ്രശാന്തതയും അതിന്റെ മുദ്രകളായിരിക്കുമെന്നു് എനിക്കറിയാം. കാരണം എം. കെ. കെ. നായരുടെ സ്വഭാവസവിശേഷതകൾ എനിക്കറിയാമെന്നതുതന്നെ.
കാഷായവസ്ത്രം ധരിച്ച ഏതു കള്ളനും നമുക്കു സന്ന്യാസിയാണു്. മരിച്ച ഏതു പാതിരിയും നമുക്കു പുണ്യവാളനാണു്. മനസ്സിലാകാത്ത ഭാഷയിൽ അമ്പതു വാക്യമെഴുതിവയ്ക്കുന്ന ഏതൊരുവനും നമുക്കു് നിരൂപകനാണു്. വൃത്തമില്ലാത്ത ആശയകാലുഷ്യത്തോടെ പത്തുവരിയെഴുതുന്ന ഏതൊരുവനും നമുക്കു കവിയാണു്.
ചെമ്മണ്ണു നിറഞ്ഞ പാതകളേ എന്റെ കുട്ടിക്കാലത്തു് ഉണ്ടായിരുന്നുള്ളു. പത്തടിനടന്നാൽ ഷർട്ടും മുണ്ടും കാഷായമായിത്തീരും. വിദ്യുച്ഛക്തി കൊണ്ടുകത്തിക്കുന്ന വിളക്കുകൾ അന്നില്ലായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ അടുത്തിരുന്നാണു് ഞാൻ പഠിച്ചതു്. അതിന്റെ പുക മുഴുവൻ തലയ്ക്കകത്തുകയറും. തുമ്മും, തലവേദനവരും. നടത്തമാണു പതിവു്. ദൂരം കൂടുതലുണ്ടെങ്കിൽ കാളവണ്ടിയിൽ പോകാം. കാളവണ്ടിപോയപ്പോൾ കതിരവണ്ടിവന്നു. സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള അഷ്ടാസനവാഹനമെന്നു വിളിക്കുന്ന ‘എയ്റ്റ് സീറ്റർ’ പിന്നെയും വളരെക്കാലം കഴിഞ്ഞാണുവന്നതു്. അതു പന്ത്രണ്ടു മണിക്കൂറിലൊരിക്കൽ കിട്ടിയാലായി. അത്രേയുള്ളു. ടെലിഫോണില്ല, റേഡിയോയില്ല, ടെലിവിഷനെക്കുറിച്ചു കേട്ടു കേഴ്‌വിപോലുമില്ല, ഗ്യാസ് അടുപ്പില്ല, ഹോട്ട്പ്ളേറ്റില്ല, ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയില്ല. ഇതൊക്കെ ഇല്ലാതിരുന്നിട്ടും എനിക്കു ജീവിതം സുഖപ്രദമായിരുന്നു. ഒന്നുപറയാൻ വിട്ടുപോയി, പണിമുടക്കുകൾ ഇല്ലേയില്ല. ഇന്നു് കീലിട്ട സുന്ദരങ്ങളായ റോഡുകളുണ്ടു്. സ്വിച്ച് അമർത്തിയാൽ മുറിയിൽ വെള്ളിവെളിച്ചം പ്രസരിക്കുന്നു. കോൺടസകാറുണ്ടു്, ജെറ്റ് വിമാനമുണ്ടു്, ടെലിഫോണും മറ്റു ഉപകരണങ്ങളുമുണ്ടു്. വെയിലുപോകുന്നതു നോക്കി സമയം ഊഹിച്ചിരുന്ന ഞാൻ ഇലക്ട്രോണിക് വാച്ച് നോക്കി സെക്കൻഡ് വരെ മനസ്സിലാക്കുന്നു. എങ്കിലും എനിക്കു ദുഃഖമാണിപ്പോൾ. ശാന്തത കളിയാടിയിരുന്ന പാതകളിൽ പണിമുടക്കിനോടു ചേർന്ന ജാഥകളേയുള്ളു. സമരങ്ങളും ധർണകളും മാത്രമേയുള്ളു എങ്ങും. ഇവയ്ക്കൊക്കെ ഹേതുവായി വർത്തിക്കുന്നതു് സർക്കാരാണു്. കടന്നൽക്കൂട്ടിൽ കല്ലെടുത്തു് എറിയുന്നതുപോലെ അവർ ഓരോ ദിവസവും നിയമങ്ങളുണ്ടാക്കി സ്വൈര ജീവിതം തകർക്കുന്നു. അങ്ങനെയൊരു നിയമത്തെക്കുറിച്ചും അതുണ്ടാക്കുന്ന അസ്വസ്ഥതകളെക്കുറിച്ചും അതിന്റെ ദൂര വ്യാപകമായ ഫലങ്ങളെക്കുറിച്ചുമാണു്. പി. ഫസിലുദ്ദീൻ കലാകൗമുദിയിൽ വിദഗ്ദ്ധമായി ഉപന്യസിക്കുന്നതു്. (‘വിദ്യാഭ്യാസം കുരിശിൽ’ എന്ന ലേഖനം) “ലാഭാധിഷ്ഠിത വിദ്യാഭ്യാസ വ്യാപാരത്തിന്റെ ദുര മൂത്ത മുഖം” എങ്ങനെയിരിക്കുമെന്നു കാണിച്ചുതരികയാണു് ഫസിലുദ്ദീൻ. അതിലേക്കു പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധയെ ഞാൻ സവിനയം ക്ഷണിക്കുന്നു.
“അങ്ങയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദമെന്താണു്” എന്നു് ഒരു ചൈനീസ് തത്ത്വചിന്തകനോടു് ഒരാൾ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി: “എന്നോടു വഴി ചോദിച്ചു മനസ്സിലാക്കിയ കുട്ടി പാടിക്കൊണ്ടു് ആ വഴിയേ നടന്നുപോയതു്”. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയപ്രവർത്തകരും സാഹിത്യകാരന്മാരും ജനങ്ങളുടെ ദുഃഖം കൂട്ടിക്കൊണ്ടിരിക്കുന്നു.
അടിസ്ഥാനപരമായി വിഭിന്നങ്ങളായ സാഹിത്യപ്രവാഹങ്ങൾ പാശ്ചാത്യ ലോകത്തുണ്ടു്. അവയിലേറ്റവും പ്രധാനം മാർക്സിസത്തോടു ബന്ധപ്പെട്ടു പ്രവാഹമത്രേ. ആ പ്രവാഹത്തിലും കാണാം വിഭിന്ന സ്വഭാവങ്ങൾ. സാംസ്കാരിക വിപ്ലവത്തോടു ബന്ധപ്പെട്ടതു് ഒന്നു്. രാഷ്ട്രവ്യവഹാരത്തിനു പ്രാധാന്യം കല്പിക്കുന്നതു് മറ്റൊന്നു്. സോഷ്യലിസ്റ്റ് റീയലിസം വേറൊന്നു്. പരീക്ഷണപരമായ സാഹിത്യം ഇനിയും വേറൊന്നു്. അതിൽ കാഫ്ക യെ നിന്ദിക്കുന്ന മാർക്സിസ്റ്റ് സാഹിത്യം, (ലൂക്കാച്ചി ന്റേതു്) കാഫ്കയെ പ്രശംസിക്കുന്ന മാർക്സിസ്റ്റ് സാഹിത്യം (ബ്രഹ്റ്റി ന്റേതു്) ഇങ്ങനെ രണ്ടുവിധം. ഇവയൊക്കെ വിഭിന്നത ആവാഹിക്കുന്നുണ്ടെങ്കിലും മാർക്സിസമെന്ന ഘടകം അവയെ ബന്ധിപ്പിക്കുന്നു.
പോപ് ആർട്ട് എന്നൊരു വിഭാഗം കലയുടെയും സാഹിത്യത്തിന്റെയും അദ്ഭുതാംശത്തെ നിരാകരിച്ചു് അവയെ ബഹുജനത്തിലേക്കു് കൊണ്ടുവരാൻ ശ്രമിക്കുന്നു. ക്ലാസിസിസത്തിലേക്കു് മടങ്ങിപ്പോകുക എന്നു് ആഹ്വാനം മുഴക്കുന്നു ചില ആളുകൾ. ഇങ്ങനെ എത്രയെത്ര പ്രവാഹങ്ങൾ കലാത്മകത എന്ന അംശത്തിൽ അവ അന്യോന്യം ഇണങ്ങുന്നു. എന്നാൽ കേരളത്തിലെ സ്ഥിതി ഇതല്ല. ഇവിടെ രണ്ടു വിഭാഗങ്ങളേയുള്ളൂ. ഒന്നു്: കാര്യഗൗരവമാർന്ന സാഹിത്യം, (തകഴി, ഒ. വി. വിജയൻ, കാക്കനാടൻ, സേതു ഇവരുടേതു്) രണ്ടു്: പൈങ്കിളിസ്സാഹിത്യം (കാനം, മുട്ടത്തു വർക്കി ഇവരുടേതു്) ഈരണ്ടു സാഹിത്യ പ്രവാഹങ്ങൾക്കും സാമാന്യമായ ഘടകമില്ല. രണ്ടാമത്തേതു് സാഹിത്യമല്ലെന്നുതന്നെ പറയാം. ആ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നു പ്രബലചന്ദ്രൻ വട്ടപ്പറമ്പിൽ എഴുതിയ “നിറം മാറുന്ന മനുഷ്യ”നും പി. ആർ. കമലം എഴുതിയ ‘ജീവിതപർവ്വ’വും. (യഥാക്രമം മനോരാജ്യത്തിലും വിമൻസ് മാഗസിനിലും) ഓഫീസ് ജോലിക്കാരിയായ ഒരു റോഷ്നിയെ അവളുടെ ഓഫീസ് സൂപ്രണ്ട് ചതിച്ചു് ലൈംഗികവേഴ്ചയ്ക്കു വിധേയയാക്കുന്നതാണു് പ്രബലചന്ദ്രന്റെ കഥ. ഭർത്താവിന്റെ അനുജൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചതിന്റെ ഫലമായി തകർന്നടിഞ്ഞ ഒരു യുവതിയുടെ കഥയാണു് കമലം പറയുന്നതു്. രണ്ടും സാഹിത്യത്തെ ‘എബ്യുസ്’ ചെയ്യുന്നു എന്നല്ലാതെ എനിക്കൊന്നും പറയാനില്ല.
എന്റെ ലേഖനം കൊച്ചു കുട്ടികളും വായിക്കുന്നുണ്ടു്. അവർക്കു് ഒരു രസമുണ്ടാകട്ടെ എന്നു കരുതി ഒരു ‘ബാങ്ക് മാജിക്‍’ താഴെ കാണിക്കുകയാണു്. ഇതു് സ്വന്തമല്ല, പരകീയമാണു്.
അമ്പതു രൂപ ബാങ്കിലിടു. എന്നിട്ടു് താഴെക്കാണുന്ന രീതിയിൽ പണം തിരിച്ചെടുക്കൂ.
20 രൂപ തിരിച്ചെടുക്കു. | ബാക്കി 30 |
15 രൂപ തിരിച്ചെടുക്കു. | ബാക്കി 15 |
9 രൂപ തിരിച്ചെടുക്കു. | ബാക്കി 6 |
6 രൂപ തിരിച്ചെടുക്കു. | ബാക്കി 0 |
50 രൂപ | 51 രൂപ |
“സർദാർജി കഥകൾ” എന്നു പറഞ്ഞു് സകല അലവലാതി ‘പ്ലേ ബോയ്’ നേരമ്പോക്കുകളും വായനക്കാരുടെ തലയിൽവച്ചുകെട്ടുകയാണു് കൃഷ്ണകുമാർ കുങ്കുമം എന്ന ഉത്കൃഷ്ട വാരികയിൽ എന്തിനാണു് ഈ കോപ്രായം?
“ഈശ്വരാ, എന്നെ കൊല്ലരുതേ” എന്നായിരിക്കും പഞ്ചാബിലെ ഓരോ പൗരനും പ്രാർത്ഥിക്കുക. പക്ഷേ, ഈശ്വരൻ ഭീകരപ്രവർത്തകനായി സ്കൂട്ടറിൽ വന്നു് പുതിയമാതിരി തോക്കുകൊണ്ടു് അയാളെ വധിക്കുന്നു. മൃതദേഹം രക്തത്തിൽ മുങ്ങിക്കിടക്കുന്നു. അധികാരികൾ സ്ട്രോങ് വേഡ്സിൽ കൊലപാതകം കൺഡെം ചെയ്യുന്നു. ഈശ്വരൻ വകവയ്ക്കുന്നില്ല. അടുത്ത ദിവസവും അയാൾ സ്കൂട്ടറിൽ വരുന്നു; അല്ലെങ്കിൽ ജീപ്പിൽവരുന്നു. കൊല്ലുന്നു. സർക്കാർ കൺഡെം ചെയ്യുന്നു.
തീവണ്ടിയിൽ വടക്കോട്ടുപോകുന്ന എന്റെ അയൽവീട്ടുകാർ പ്രാർത്ഥിക്കുന്നു: ‘ഈശ്വരാ ചെലവിനുള്ള പണവും ഒരു റിസ്റ്റ് വാച്ചും മാത്രമേ എന്റെ കൈയിലുള്ളു. ബാഗിൽ രണ്ടുഷർട്ടും രണ്ടു ബനിയനും രണ്ടു പാന്റ്സും. കൊള്ളക്കാർ എന്നെ ഉപദ്രവിക്കരുതെ” ഈശ്വരൻ പ്രാർത്ഥന കേൾക്കുന്നില്ല. അയാൾ കൊള്ളക്കാരനായി പതുക്കെ പോകുന്ന തീവണ്ടിയിൽ ചാടിക്കയറുന്നു. അയൽവീട്ടുകാരന്റെ പണവും വാച്ചും ബാഗും പിടിച്ചുവാങ്ങുന്നു. കൂടാതെ അയാളെ അടിച്ചുബോധംകെടുത്തുന്നു. ബോധംകെടുന്നതിനുമുൻപു് ചങ്ങല പിടിച്ചുവലിച്ചതിനു് റെയിൽവേ ജോലിക്കാരും പൊലീസും ബോധം കെട്ട അയാളെ മർദ്ദിക്കുന്നു. അവരും ഈശ്വരന്മാർ തന്നെ.
സാഹിത്യവാരഫലമെഴുതാൻ ആരംഭിക്കുന്നതിനുമുൻപു് ഞാൻ പ്രാർത്ഥിക്കുന്നു: “ഈശ്വരാ ദേവസ്സി ചിറ്റമ്മലിന്റെ കഥ വായിക്കാനിടവരരുതേ” ഈശ്വരൻ വകവയ്ക്കുന്നില്ല. അയാൾ ദേവസ്സി ചിറ്റമ്മലായി ‘ക്ളീൻ ദ സിറ്റിഡേ’ എന്ന കൊട്ടുവടിയുമായി പ്രത്യക്ഷനാകുന്നു. റിപ്പറെപ്പോലെ എന്റെ തലയിൽ അതുകൊണ്ടു് ആഞ്ഞടിക്കുന്നു. ഞാൻ പിടയുന്നു, നിലവിളിക്കുന്നു. നീച്ചേ പണ്ടു പറഞ്ഞു ഈശ്വരൻ മരിച്ചുവെന്നു്. അതു കള്ളം അയാൾ ഭീകരനായി, തീവണ്ടിക്കൊള്ളക്കാരനായി, കഥാകാരനായി മനുഷ്യരുടെ മുൻപിലെത്തുന്നു. ഹിംസിക്കുന്നു.
ജന്നലിന്റെ കണ്ണാടിയിൽ വന്നിരിക്കുന്ന ശലഭത്തെ നോക്കിയിട്ടുണ്ടോ? അതു് ഇഴഞ്ഞു മേലോട്ടുകയറുന്നു. അവിടെനിന്നു പറന്നു താഴെവരുന്നു. പിന്നെയും ഇഴഞ്ഞു് മുകളിലേക്കു പോകുന്നു. ഒരിക്കലും അതു് താഴോട്ടു് ഇഴയുകയില്ല. മേലോട്ടു പറക്കുകയുമില്ല. ചില കഥാകാരന്മാർ ഈ ശലഭങ്ങളെപ്പോലെയാണു്. വാരികകൾ കാണുമ്പോൾ ഇഴഞ്ഞു കയറുകയാണു്. മേലറ്റത്തുചെന്നാൽ ഒറ്റപ്പറക്കൽ; പിന്നെയും ഇഴഞ്ഞു കയറാൻവേണ്ടി. കണ്ണാടി നിശ്ചേതനമായതുകൊണ്ടു് ‘കഥാകാരശലഭങ്ങൾ’ക്കു ഭാഗ്യം.
തുടർച്ചയായി സമരം നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യവും ഉയർച്ച പ്രാപിക്കില്ല. ഭാരതം അധഃപതിക്കുന്നതിനു് ഹേതു അതാണു്. അനവരതം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന വിമർശകനും ഉയർച്ചയില്ല. അതു കേൾക്കുന്നവർക്കു് മാനസികമായ തളർച്ച ഉണ്ടാവുകയും ചെയ്യും. എനിക്കതു് അറിയാം. എങ്കിലും ഇതിനേ കഴിയുന്നുള്ള. അത്രയ്ക്കു് അധമങ്ങളാണു് വാരികകളിൽ വരുന്ന രചനകൾ.
കാഷായവസ്ത്രം ധരിച്ച ഏതു കള്ളനും നമുക്കു സന്ന്യാസിയാണു്. മരിച്ച ഏതു പാതിരിയും നമുക്കു പുണ്യവാളനാണു്. മനസ്സിലാകാത്ത ഭാഷയിൽ അമ്പതു വാക്യമെഴുതി വയ്ക്കുന്ന ഏതൊരുവനും നമുക്കു നിരൂപകനാണു്. വൃത്തമില്ലാതെ ആശയകാലുഷ്യത്തോടെ പത്തുവരിയെഴുതുന്ന ഏതൊരുത്തനും നമുക്കു കവിയാണു്. എന്തൊരു കാലം! അതുപോലെ വാരികയിൽ മഷി പുരണ്ടുവരുന്ന ഏതു ദുഷ്ടരചനയും നമുക്കു കഥയാണു്. ആ രീതിയിൽ ഒരു ‘കഥ’യാണു മനോരമ ആഴ്ചപ്പതിപ്പിലെ ‘ഇനിയുംവരുമോ നിനക്കായി ഒരു പൂക്കാലം’ എന്നതു് (സണ്ണി മറ്റക്കര എഴുതിയതു്). അവൾ അയാളെ സ്നേഹിച്ചു. അവരുടെ വിവാഹം കഴിഞ്ഞു. അയാൾ സ്കൂട്ടറപകടത്തിൽ മരിച്ചു. പെണ്ണിനു് രണ്ടാമതൊരു വിവാഹം ആയാൽകൊള്ളാമെന്നുണ്ടു്. പക്ഷേ മുത്തശ്ശി സമ്മതിക്കുന്നില്ല.
സുനിത ചീത്തയാണെന്നും നല്ലവളാണെന്നും രണ്ടഭിപ്രായങ്ങൾ നഗരത്തിൽ. ഏതായാലും 35 രൂപകൊടുത്തപ്പോൾ സുനിതയുടെ രക്ഷിതാക്കൾ അവളെ അയാൾക്കു നല്കി. സുനിതയെ വീട്ടിൽ കൊണ്ടുവന്നു. അയാളുടെ ഭാര്യ അവളെ എടുത്തു് ഒരേറു്. സുനിത നോവലായിരുന്നു. ഇതാണു് ‘മാമാങ്ക’ത്തിൽ എസ്. എം. വേങ്ങര എഴുതിയ ‘പാവം എന്റെ സുനിത’ എന്നകൊച്ചുകഥയുടെ സാരം. ഇതിനെക്കാൾ എത്രയോ ഭേദമാണു് തയ്യൽക്കാരന്റെ കഥ. “തയ്യൽക്കാരന്റെ സൂചി താഴെ വീണു. കണ്ടില്ല അതു പിന്നീടു്”. “ആങ്ഹാ” “ആങ്ഹാ” എന്നു പറഞ്ഞാൽ സൂചികിട്ടുമോ? “ഇല്ല”, “ഇല്ല” എന്നു പറഞ്ഞാൽ സൂചി കിട്ടുമോ? “ഹി ഹി” “ഹി ഹി” എന്നു ചിരിച്ചാൽ സൂചികിട്ടുമോ? “ശ്ശേ” “ശ്ശേ” എന്നാട്ടിയാൽ സൂചി കിട്ടുമോ?

പണ്ടു് എന്നു പറഞ്ഞാൽ 1945-ൽ ഒരു മൃദംഗവിദ്വാനെ അദ്ദേഹം അപേക്ഷിച്ചിട്ടും റേഡിയോസ്റ്റേഷനിൽ നിയമിക്കുന്നില്ലെന്നു കാണിച്ചു് പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവർത്തകൻ സർ. സി. പി. രാമസ്വാമി അയ്യർ ക്കു കത്തയച്ചു. പരദേശിബ്രാഹ്മണരെക്കൊണ്ടു റേഡിയോസ്റ്റേഷൻ നിറച്ചിരിക്കുകയാണെന്നും ആ കത്തിൽ ഉണ്ടായിരുന്നു. സി. പി. എഴുത്തു് റിമാർക്ക്സിനുവേണ്ടി അന്നു് സ്റ്റേഷൻ ഡയറക്ടറായിരുന്ന കൈനിക്കര പത്മനാഭപിള്ള യ്ക്കു് അയച്ചു കൊടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോൾ കൈനിക്കരയുടെ മറുപടിവന്നു. എഴുത്തയച്ച പ്രമാണി ഗുസ്തിയുടെ മണ്ഡലത്തിൽ വിദഗ്ദ്ധനാണെങ്കിലും കലാനിരൂപകനല്ല എന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചതു്. കൈനിക്കരയുടെ കത്തു് കണ്ട സി. പി. ഫയൽ ക്ലോസ് ചെയ്തു recorded എന്നെഴുതി. പ്രമാണിക്കു മറുപടിപോലും നൽകിയില്ല. ചന്ദ്രിക വാരികയിൽ ‘പുകയുന്ന കരിന്തിരികൾ’ എന്ന “കഥ” എഴുതിയ ശിഹാബുദ്ദീൻ പൊയ്ത്തുംകടവു് വാക്കുകളെ സമഞ്ജസമായി നിരത്തുകയല്ല അവയോടു ഗുസ്തിപിടിക്കുകയാണു്. ഫയൽമാൻ എന്ന നിലയിൽ അദ്ദേഹം കീർത്തിനേടും. കഥാകാരൻ എന്ന നിലയിലോ? ഒരിക്കലുമില്ല. ഈ കഥാസാഹസത്തിന്റെ പുറത്തു recorded എന്നു ഞാനും എഴുതട്ടെ.
കുഞ്ചൻനമ്പ്യാരു ടെ പാഞ്ചാലി “ഗന്ധദ്വിപപ്രൗഢ മന്ദസഞ്ചാരിണി”യായി കാനനത്തിലൂടെ നടക്കുന്നതു്, കെ. ജി. മേനോൻ, കാണുന്നില്ലേ? “ശീതാംശോരകുലാലോകന മധുര സുധാവർത്തികേ, കാർത്തികേ നീ” എന്നു കാർത്തിക നക്ഷത്രത്തെ വിളിച്ചുകൊണ്ടു രാവണൻ സീതയുടെ അടുത്തേക്കു പോകുന്നതു് അങ്ങു ദർശിക്കുന്നില്ലേ? ഹൈമവതഭൂവിൽ നളിനി “മാറിൽനിന്നുടനിഴിഞ്ഞ വല്ക്കലം പേറി” സന്ന്യാസിയുടെ പദരേണു തൊട്ടു നില്ക്കുന്നതു് അങ്ങു കാണുന്നില്ലേ? “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി” ആ കാവ്യനർത്തകി നൃത്തമാടുന്നതു് അങ്ങു ദർശിക്കുന്നില്ലേ? ഉണ്ടെങ്കിൽ എന്തിനാണു് ജനയുഗത്തിലെ ഈ വരികൾ?
“എത്രയോ പിറവികൾ കണ്ടു ഞാൻ കൃഷ്ണാ നിന്റെ
പത്രാസിൻ വിളംബരം ചെയ്തിടും കൃതികളും
എത്രയോ ബിംബങ്ങളും നിൻ പേരിൽ പ്രതിഷ്ഠിച്ചു
കീർത്തിമാനായിട്ടല്ലേ വിലസീടുന്നൂ-ഭവാൻ”.
മദ്രാസിൽ ഇരുന്നുകൊണ്ടാണോ അങ്ങു് ഈ ഗദ്യം പതിന്നാലു് അക്ഷരങ്ങൾ വീതമാക്കി എഴുതിവിടുന്നതു്? കാവ്യംപോലെ മനോഹരമല്ലേ ആ നഗരം? അവിടത്തെ നിലാവിനു് ഇവിടത്തെ നിലാവിനെക്കാൾ ഭംഗിയില്ലേ? അവിടത്തെ കാറ്റിനു് ഇവിടത്തെ കാറ്റിനെക്കാൾ മൃദുത്വമില്ലേ? പിന്നെങ്ങനെ വിരൂപവും കഠിനവുമായ ഈ വരികളുണ്ടായി?
തുടർച്ചയായി സമരം നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യവും ഉയർച്ച പ്രാപിക്കില്ല. ഭാരതം അധഃപതിക്കുന്നതിനു ഹേതു അതാണു്. അനവരതം കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന വിമർശകനും ഉയർച്ചയില്ല. അതു കേൾക്കുന്നവർക്കു മാനസികമായ തളർച്ച ഉണ്ടാവുകയും ചെയ്യും. എനിക്കതു് അറിയാം. എങ്കിലും ഇതിനേ കഴിയുന്നുള്ളു. അത്രയ്ക്കു അധമങ്ങളാണു് വാരികകളിൽ വരുന്ന രചനകൾ. പ്രിയപ്പെട്ട വായനക്കാർക്കു് എന്നോടു നീരസമുണ്ടാവരുതെന്നു് അപേക്ഷിക്കുന്നു.
പ്രകൃതിയേയും ഇതിവൃത്തത്തേയും കൂട്ടിയിണക്കി ആദ്ധ്യാത്മികങ്ങളായ മാനങ്ങൾ ഉളവാക്കുന്നതിൽ തല്പരരാണു് നല്ല സാഹിത്യകാരന്മാർ. എസ്. കെ. പൊറ്റെക്കാടി ന്റെ ‘പുള്ളിമാൻ’ എന്ന കഥയുടെ പശ്ചാത്തലം വിശദമാക്കി അതിലെങ്ങനെ കഥാപാത്രങ്ങൾ ‘ഓർഗാനിക്കായി’ ചേരുന്നുവെന്നു സ്പഷ്ടമാക്കുകയാണു് വി. രാജകൃഷ്ണൻ. (ലേഖനത്തിന്റെ ആദ്യഭാഗം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ). അതിനു പൂർവപീഠികയെന്ന വിധത്തിൽ അദ്ദേഹം മോപസാങ്, ചെക്കോവ്, ഫോക്നർ, ജോയ്സ്, റ്റോമസ് മൻ ഇവരെക്കുറിച്ചും പറയുന്നുണ്ടു്.
“ഡബ്ളിനില്ലാതെ ജെയിംസ് ജോയിസ് ഇല്ല” എന്നു് രാജകൃഷ്ണൻ എഴുതുന്നതു ശരിയാണു്. നഗരവും ബ്ളൂം എന്ന കഥാപാത്രവും ഒന്നാകുന്നതു് ജോയിസിന്റെ നോവലിൽ കാണാം. “A shiver of trees, signal the evening wind. I pass on. Fading gold sky. A mother watches from her doorway”. എന്ന ഭാഗമൊക്കെ നോക്കുക. ഇപ്പറഞ്ഞതിന്റെ പരമാർത്ഥം ബോധപ്പെടും.

നോബൽ സമ്മാനം അർഹതയുള്ളവർക്കും അർഹതയില്ലാത്തവർക്കും കിട്ടിയിട്ടുണ്ടു്. 1957-ലെ സമ്മാനം കമ്യൂ വിനു ലഭിച്ചതിൽ ആർക്കും വിപ്രതിപത്തിയുണ്ടായിരുന്നില്ല. എങ്കിലും കാസാൻദ്സാക്കീസി നാണു് അതു നല്കേണ്ടിയിരുന്നതു്. ഏതു നിലയിലും അദ്ദേഹം കമ്യൂവിനെക്കാൾ ഉന്നതനായ കലാകാരനാണു്. തനിക്കു സമ്മാനം കിട്ടുമെന്നു കാസാൻദ്സാക്കീസ് വിചാരിച്ചിരുന്നു. പക്ഷേ, കിട്ടിയതു കമ്യൂവിനും. മഹാനായ ആ ഗ്രീക്ക് സാഹിത്യകാരൻ കമ്യൂവിനെ അഭിനന്ദിച്ചു് ടെലിഗ്രാം അയച്ചു. രണ്ടു വർഷം കഴിഞ്ഞു് കമ്യൂ കാസാൻദ്സാക്കീസിന്റെ ഭാര്യയ്ക്കു് എഴുതി: “…I also do not forget that the very day when I was regretfully receiving a distinction that Kazantzakis deserved a hundred times more, I got the most generous of telegrams from him… ” കമ്യൂവിനു സമ്മാനം കിട്ടി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാസാൻദ്സാക്കീസ് മരിച്ചു. 1968-ൽ കാവാബാത്താ യ്ക്ക നോബൽസമ്മാനം കിട്ടി. 1970-ൽ യൂക്കിയോ മിഷീമാ വയറുകീറി മരിച്ചു. കാവാബാത്തായ്ക്കു കിട്ടിയ സമ്മാനം തനിക്കു കിട്ടേണ്ടതായിരുന്നുവെന്നു് മിഷീമ വിചാരിച്ചിരുന്നതായി പലരും പറയുന്നുണ്ടു്.