സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, kk-1986-07-27-ൽ പ്രസിദ്ധീകരിച്ചതു്)

“ജോണി, ജോണി, ഈറ്റിങ് ഷുഗർ?” “നോ, പപ്പ”, “ഓപ്പൺ യുവർ മൗത്ത്”, “ഹ, ഹ, ഹ”. ഈ വാക്കുകൾ കുഞ്ഞിന്റെ ചുണ്ടുകളിൽ നിന്നു് അടർന്നു വീഴുമ്പോഴെല്ലാം അതിന്റെ നിഷ്കളങ്കതയും സൗന്ദര്യവും ഇല്ലാതെയാവുന്നുവെന്നു് എനിക്കു് തോന്നാറുണ്ടു്. സായ്പിന്റെ ഭാഷ കൊച്ചുകുട്ടി അസ്പഷടമായി പറയുമ്പോൾ അതു കേൾക്കുന്ന അച്ഛനമ്മമാർക്കു് ആഹ്ലാദം. പക്ഷേ, ആ ആഹ്ലാദം തെറ്റായ ചില വിചാരങ്ങളിൽ നിന്നു് ഉളവാകുന്നതാണെന്നു് അവർ അറിയുന്നില്ല. “ഒന്നാനാം കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ ഓരായിരം കിളി കൂടു വച്ചു.” എന്നു് കുഞ്ഞ് ചൊല്ലുന്നതു് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ആഹ്ലാദമെവിടെ? സായിപ്പിന്റെ “ജോണീ, ജോണീ, ഈറ്റിങ് ഷുഗർ?” ഈ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന കാപട്യം കലർന്ന സന്തോഷമെവിടെ?

images/MrinaliniSarabhai-c.jpg
മൃണാളിനി

നമ്മൾ കുഞ്ഞുങ്ങളുടെ സ്വാഭാവിക സൗന്ദര്യം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പല വിധത്തിലാണു് ആ പ്രവർത്തനങ്ങൾ. ഒന്നു് നൃത്തം പഠിപ്പിക്കലാണു്. നൃത്തത്തിനു് വാസനയുള്ള കുഞ്ഞുങ്ങളെ അതു് പഠിപ്പിച്ചു തുടങ്ങാവുന്ന പ്രായത്തിൽ അദ്ധ്യാപികയുടെ വീട്ടിൽ അയയ്ക്കുന്നതിൽ തെറ്റില്ല. അവർ ഭാവിയിൽ മൃണാളിനി മാരായോ വൈജയന്തിമാല കളായോ നൃത്തവേദികളിൽ പ്രത്യക്ഷകളാകുമല്ലോ. ഇവിടെ അതല്ല സ്ഥിതി. കൊച്ചിനു് അഞ്ചു വയസ്സാകുന്നതിനു മുൻപു തന്നെ അദ്ധ്യാപികയെ വീട്ടിൽ വരുത്തി നൃത്തം പഠിപ്പിക്കുന്നു; അല്ലെങ്കിൽ അവരുടെ വീട്ടിലയയ്ക്കുന്നു. വാസനയില്ലാത്ത കുഞ്ഞ് അടുത്തിരിക്കുന്നവന്റെ കണ്ണിൽ വിരലുകൾ കൊള്ളത്തക്കവിധത്തിൽ കൈനീട്ടിയും അതു തന്നെ താഴെവീണു പോകത്തക്ക വിധത്തിൽ വട്ടം കറങ്ങിയും അനാകർഷകമായ രീതിയിൽ കാലുപൊക്കിയും നൃത്തമാടുമ്പോൾ അതിന്റെ ലാളിത്യവും മനോജ്ഞതയും നഷ്ടമാവുന്നു. വേറൊന്നു് വടക്കേ ഇൻഡ്യയിലെ വേഷം ധരിപ്പിക്കലാണു്. എന്റെ ബാല്യകാലത്തു് കുഞ്ഞുങ്ങൾ ഇന്നത്തെ മട്ടിൽ കാലുറയും മുട്ടോളമെത്തുന്ന ജൂബയും ധരിച്ച് നടന്നിരുന്നില്ല. ഇതിന്റെയൊന്നും പേരുകൾ തന്നെ എനിക്കറിഞ്ഞുകൂടാ. സെൽവാറും കമ്മീസുമോ? നമ്മൾ പ്രായം ചെന്നവർ കുളിക്കാൻ പോകുമ്പോൾ തോർത്തെടുത്തു് കഴുത്തിന്റെ അപ്പുറത്തുമിപ്പുറത്തുമായി പിറകോട്ടു് ഇടുന്നതു പോലെ ഒരു തുണ്ടു് തുണിയെടുത്തു് ഇട്ടു് മുതുകിന്റെ ഭാഗത്തുവച്ച് അതു കൂട്ടിക്കെട്ടി കുട്ടികൾ പോകുന്നതു കാണുമ്പോൾ എനിക്കു് ഓക്കാനമാണു് ജനിക്കുക. ചെറിയ കസവുള്ള നേരിയതു് ഉടുത്തു് ആൺകുഞ്ഞുങ്ങളും ഫ്രോക്കോ, പാവാടയോ ധരിച്ച് പെൺകുഞ്ഞുങ്ങളും അമ്പലത്തിൽ പോകുന്നതു് ഞാൻ അമ്പതു്, അമ്പത്തിയഞ്ച് വർഷം മുൻപു് കണ്ടിട്ടുണ്ടു്. എന്തൊരു ഭംഗിയാണതിനു്! ഇന്നു് അതൊന്നുമില്ല. മാക്സിയാണു് (പേരു് ശരിയോ? അതോ മിക്സിയോ?) പ്രധാനപ്പെട്ട വേഷം. ഒന്നുകൂടി പറയട്ടെ, നമ്മൾ കുഞ്ഞുങ്ങളുടെ സാരള ്യവും ശോഭയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

മലയാളഭാഷ ശിശുവാണു്. അതിനോടു് “ഈറ്റിങ് ഷുഗർ?” എന്നു് ചിലർ ചോദിക്കുന്നു. “നോ, പപ്പ” എന്നു് മറുപടി. വേറെ ചിലർ അതിനെ ഇംഗ്ലീഷ് നൃത്തം അഭ്യസിപ്പിക്കുന്നു. മറ്റു ചിലർ കഴുത്തു തൊട്ടു് കണങ്കാൽ വരെ എത്തുന്ന ഒരുതരം സിൽക്ക് ജൂബ ധരിപ്പിക്കുന്നു. ആ ശിശു കൊച്ചു നേരിയതുടുത്തു് അരുണിമയാർന്ന ഉള്ളംകാലു് കാണിച്ച് അമ്പലത്തിലേക്കു് നടന്നു പോകുന്നതു കാണാൻ എനിക്കു കൊതി.

പനിനീർത്തുള്ളി മുഖത്തു തളിക്കും

മലർ നിരയുണരുമ്പോൾ

പനിമതിതൻ കല കടലലയിൽ-

ച്ചെറുതോണിയിറക്കുമ്പോൾ

നോറ്റുകൊതിച്ചൊരു പൂക്കാലം

പൊൻകിങ്ങിണിയണിയുമ്പോൾ

ആറ്റിൻകരയിൽ കുഞ്ഞാറ്റക്കിളി-

കവിതകൾ മൂളുന്നു

ഇതാണു് കുഞ്ഞിന്റെ, കൊച്ചു നേരിയതുടുത്തുള്ള നടത്തം.

എ. പി. ഉദയഭാനു

പ്രഗൽഭന്മാർ ചരിത്രത്തിന്റെ വിശേഷതയാർന്ന അവസ്ഥയാൽ മഹത്വത്തിലേക്കു് വലിച്ചെറിയപ്പെടുകയാണു് എന്നതു് ടോൾസ്റ്റോയി ക്കു് പ്രിയപ്പെട്ട ഒരാശയമാണു്. (‘യുദ്ധവും സമാധാനവും’ എന്ന നോവലിൽ ഇതാണു് അദ്ദേഹം പറയുക.) ആ അവസ്ഥ മാറുമ്പോൾ ആ വിധത്തിലുള്ള മഹാന്മാർ ആരുമല്ലാതായിത്തീരും. അങ്ങനെയുള്ള വീഴ്ചയ്ക്കു് പ്രകൃതിയാണു് ഏറെക്കുറെ സഹായിക്കുന്നതു്. നെപ്പോളിയനെ തോൽപ്പിച്ചതു് റഷ്യൻ ഭടന്മാരല്ല, അക്കാലത്തെ മഞ്ഞുകാലമാണു് എന്നു് ടോൾസ്റ്റോയി പരോക്ഷമായി എഴുതുന്നു. പ്രകൃതിയുടെ ആനുകൂല്യമില്ലാത്ത ചിലർ മഹത്വത്തിലേക്കു് ചെല്ലാറുണ്ടു്. പ്രകൃതി എതിർക്കാൻ വന്നാൽ അവർ അതിനെത്തന്നെ കീഴ്പ്പെടുത്തിക്കളയും. സോക്രട്ടീസും മഹാത്മാഗാന്ധി യും ആ വിധത്തിലുള്ള മഹാന്മാരായിരുന്നു. മഹാഭാരത ത്തിലെ (ശാകുന്തളം നാടകത്തിലെയും) ദുഷ്യന്തൻ കഴിവുള്ള വ്യക്തി ആയിരുന്നെങ്കിലും ചക്രവർത്തി എന്ന സ്ഥാനമാണു്, അതിനോടു് ബന്ധപ്പെട്ട പരിതഃസ്ഥിതികളാണു് അദ്ദേഹത്തെ മഹാനാക്കിയതു്. അങ്ങനെ മഹത്വമാർജ്ജിക്കുന്നവർ വധാദികൃത്യങ്ങളിൽ തൽപരരായിരിക്കും. സ്വന്തം രാജ്യത്തിൽ എതിരാളികൾ ഇല്ലാതിരുന്നതുകൊണ്ടു് അദ്ദേഹത്തിനു് അവിടെ ആരെയും വധിക്കേണ്ടതായി വന്നില്ല. എങ്കിലും വധോദ്യതനായി അദ്ദേഹം പാവപ്പെട്ട മൃഗങ്ങളെ നശിപ്പിച്ചിരുന്നു. ആശ്രമമൃഗത്തെപ്പോലും ദുഷ്യന്തൻ കൊല്ലാൻ ഭാവിച്ചു. ആദ്ധ്യാത്മികത്വം ആ നിഗ്രഹവാഞ്ഛയെ തടഞ്ഞു. സ്നേഹത്തിന്റെ പ്രഭയിൽ പിന്നീടു് അദ്ദേഹം ആമജ്ജനം ചെയ്തപ്പോൾ ആക്രമണോൽസുകത ഒട്ടുമില്ലാതായി. സ്നേഹത്തിന്റെ ഉടലെടുത്ത രൂപമായി ആ രാജാവു്. ഈ സംഭവം ആഖ്യാനം ചെയ്തു് എ. പി. ഉദയഭാനു ഒരു സാർവലൗകികതത്ത്വം ആവിഷ്കരിക്കുന്നു. മനുഷ്യന്റെ പൈശാചികത്വത്തെ സ്നേഹംകൊണ്ടു ജയിക്കണം. ദുഷ്യന്തന്റെ പൈശാചികത്വം ശകുന്തളയ്ക്കു് അദ്ദേഹത്തോടും അദ്ദേഹത്തിനു ശകുന്തളയോടുമുള്ള സ്നേഹത്താൽ കെട്ടടങ്ങി. കൊലപാതകം ചെയ്യുന്നവന്റെ ഉള്ളിലും സ്നേഹവികാരമുണ്ടു്. അതിനെ അവൻ സ്വയം ജ്വലിപ്പിച്ചു വിട്ടാൽ, മറ്റുള്ളവർ ജ്വലിപ്പിച്ചാൽ ലോകത്തിന്റെ ഇന്നത്തെ നിലമാറും. സമകാലിക പ്രാധാന്യമുള്ള വിഷയം ഉദയഭാനു ഭംഗിയായി, ധ്വന്യാത്മകമായി കൈകാര്യം ചെയ്തിരിക്കുന്നു (ലേഖനം മനോരാജ്യം ആഴ്ചപ്പതിപ്പിൽ).

images/FJJBuytendijk-c.jpg
ബൂട്ടൻഡൈക്

ഡച്ച് മനഃശാസ്ത്രജ്ഞൻ ബൂട്ടൻ ഡൈക്കി ന്റെ (Buytendijk) ഗ്രന്ഥമൊന്നും ഞാൻ വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് മറ്റുള്ളവർ എഴുതിയതു് കണ്ടിട്ടുണ്ടു്. ആക്രമിക്കാനും കീഴടക്കാനും വേണ്ട സൗകര്യത്തോടെയാണു് പ്രകൃതി പുരുഷന്റെ മാംസപേശികളും അസ്ഥികളും രൂപപ്പെടുത്തിയിട്ടുള്ളതെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. അവന്റെ അസ്ഥികളും മാംസപേശികളും നേരേയുള്ളവയാണു് (straight). സമകോണാവസ്ഥയാണു് (right-angle) മുട്ടുകളെല്ലാം. സ്ത്രീയുടെ ശരീരഘടന ഇതിൽ നിന്നും വിഭിന്നം. അവളുടെ അവയവങ്ങൾക്കു വക്രാവസ്ഥയത്രേ (curved). ഇതു കുഞ്ഞിനെ എടുക്കാനും ലാളിക്കാനും സഹായിക്കുന്നു. ഋജുതയോടെ നേരേ ചെല്ലുന്നു. സ്ത്രീ അവളുടെ ശരീരത്തിന്റെ വളവുകളിൽ അയാളെ ഉൾക്കൊള്ളുന്നു. പുരുഷന്റെ ആക്രമണോത്സുകതയ്ക്കും സ്ത്രീയുടെ വിധേയത്വത്തിനും ഹേതു ഇതുതന്നെയാണു്.

ആത്മവഞ്ചന, ജനവഞ്ചന

മലയാളഭാഷ ശിശുവാണു്. അതിനോടു് “ഈറ്റിങ് ഷുഗർ?” എന്നു ചിലർ ചോദിക്കുന്നു. “നോ, പപ്പ” എന്നു മറുപടി. വേറെ ചിലർ അതിനെ ഇംഗ്ലീഷ് നൃത്തം അഭ്യസിപ്പിക്കുന്നു. മറ്റു ചിലർ കഴുത്തുതൊട്ടു കണങ്കാൽ വരെ എത്തുന്ന ഒരുതരം ജുബ ധരിപ്പിക്കുന്നു. ആ ശിശു കൊച്ചുനേരിയതുടുത്തു് അരുണിമയാർന്ന ഉള്ളംകാലു കാണിച്ച് അമ്പലത്തിലേക്കു നടന്നു പോകുന്നതു കാണാൻ എനിക്കു കൊതി.

വളരെക്കാലം കൂടി ഇന്നലെ തിക്കുറിശ്ശി സുകുമാരൻ നായരു മായി ദീർഘനേരം ഞാൻ സംസാരിച്ചു. പലതും പറഞ്ഞകൂട്ടത്തിൽ അദ്ദേഹം ഒരു നേരമ്പോക്കു പറഞ്ഞു. ഒരു സിനിമയിലെ കുളിസ്സീൻ. നായിക കാൽമുട്ടോളം വെള്ളത്തിലിറങ്ങിനിന്നു് ഒരോ ആവരണവും ഊരി കരയിലേക്കു എറിഞ്ഞു. സാരി, ബ്ലൗസ്, അതിനടിയിലുള്ളതു്. ഇത്രയും കഴിഞ്ഞു പാവാടയുടെ കെട്ടഴിച്ചപ്പോൾ അവളെ മറച്ചുകൊണ്ടു് ഒരു തീവണ്ടി പാഞ്ഞുപോയി. ഈ രംഗമുള്ള ചലചിത്രം കാണാൻ ഒരു കിഴവൻ ഇരുപത്തിനാലുതവണ വന്നു. ഇരുപത്തഞ്ചാമത്തെ തവണ അയാളെത്തിയപ്പോൾ, ടിക്കറ്റ് വാങ്ങി ആളുകളെ അകത്തേക്കു കടത്തിവിടുന്നവൻ ചോദിച്ചു: “അമ്മാവാ ഒരുപാടു ദിവസമായി ഈ സിനിമകാണാൻ അമ്മാവൻ വരുന്നുണ്ടല്ലോ. ഇത്രയ്ക്കു് ഇതിൽ കാണാനെന്തിരിക്കുന്നു?” കിഴവൻ മറുപടി പറഞ്ഞു: “പിള്ളേ ആ തീവണ്ടി എന്നെങ്കിലുമൊരു ദിവസം താമസിച്ചു വരാതിരിക്കുകയില്ലേ?”

കേരളീയർക്കു്—അല്ല ഭാരതീയർക്കു് ‘സെക്സ് റിപ്രഷൻ’ വളരെക്കൂടുതലാണു്. അതുകൊണ്ടാണു് പടിഞ്ഞാറൻ നാടുകളെ അപേക്ഷിച്ച് ഇവിടെ വർദ്ധിച്ച തോതിൽ കാമോത്സുകതയാർന്ന കാവ്യങ്ങളും ശില്പങ്ങളും ഉണ്ടായതു്. പുരാതന ഗ്രീസിലും പുരാതന റോമിലും ഈറോട്ടിക് ആർടിനു് പ്രാമുഖ്യമുണ്ടായെങ്കിലും ഭാരതത്തിൽ അതിനുണ്ടായ പ്രാധാന്യം അവിടെ ഇല്ലേയില്ല. ലണ്ടനിലെ വിമൻസ് ഹോസ്റ്റലുകളിൽ കുളിമുറികളിൽ വാതിലുകളില്ല. അവിടെ ചെല്ലുന്ന യുവാക്കന്മാർ ഇടനാഴിയിലൂടെ ഹോസ്റ്റലിലേക്കു കടക്കുമ്പോൾ രണ്ടുവശത്തും യുവതികൾ പൂർണ്ണനഗ്നകളായി കുളിക്കുന്നുണ്ടാകും. ഒരാളും അങ്ങോട്ടു നോക്കാറുപോലുമില്ല. റിപ്രഷൻ കുറഞ്ഞതിനാലാണു് ഈ അവഗണന. മുകളിൽ പറഞ്ഞ നേരമ്പോക്കു തികച്ചും കേരളീയമാണു് എന്നതിനു് തെളിവു് അതിലടങ്ങിയിരിക്കുന്ന സെക്സ് റിപ്രഷൻ തന്നെ. സത്യമിതാണെങ്കിലും വായനക്കാരെ ഇളക്കിവിടണമെന്ന ഒറ്റ ഉദ്ദേശത്തോടുകൂടി അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ സെക്സ് കലർന്ന നേരമ്പോക്കുകൾ വാരികകളിൽ അടിച്ചുവിടാറുണ്ടു്. അവയിൽ കുപ്രസിദ്ധങ്ങളാണു് പ്ലേബോയ് നേരമ്പോക്കുകൾ. ‘സർദാർജി കഥകൾ’ എന്ന പേരിൽ സർദാർജിമാരോടു് ബന്ധപ്പെട്ടവ എന്ന മട്ടിൽ കൃഷ്ണകുമാർ എടുത്തുവയ്ക്കുന്ന പല ഫലിതങ്ങളും സർദാർജിമാരോടു് ഒരു ബന്ധവുമില്ലാത്തവയാണു്. ഒരുദാഹരണം കുങ്കുമം വാരികയിലെ ‘ചാരിത്രം’ എന്ന നേരമ്പോക്കാണു്. പല ഇംഗ്ലീഷ് പ്രസാധനങ്ങളിലും ഞാനിതു കണ്ടിട്ടുണ്ടു്. കരുതിക്കൂട്ടിയാണു് കൃഷ്ണകുമാർ ഇതു ചെയ്യുന്നതെങ്കിൽ അതു് ആത്മവഞ്ചനയും ജനവഞ്ചനയുമാണു്.

images/JohnGreenleafWhittier.jpg
ജോൺ ഗ്രീൻലീഫ് വിറ്റീയർ

ജോൺ ഗ്രീൻലീഫ് വിറ്റീയർ അമേരിക്കൻ കവിയാണു്. അദ്ദേഹത്തിന്റെ ഒരു കാവ്യം വായിച്ച് ഞാൻ ആഹ്ലാദ ബാഷ്പം പൊഴിച്ചു. വിഷയം ഇതാണു്. താൻ കൊച്ചുകുട്ടിയായിരുന്നപ്പോൾ പാർത്തിരുന്ന ഗ്രാമത്തിൽ വൃദ്ധനായ അയാളെത്തി. ഒരു കൊച്ചുപെൺകുട്ടിയുടെ ശവക്കുഴിക്കരികിൽ ആ വൃദ്ധൻ വിഷാദമഗ്നനായി നിന്നു. അവളെ സംബന്ധിച്ച് അയാൾക്കു സ്മരണകൾ ഉണ്ടു്. കുഞ്ഞുങ്ങളായിരിക്കെ അവർ രണ്ടുപേരും ഒരു ക്ലാസ്സിലാണു് പഠിച്ചതു്. ഒരു ദിവസം ആ ബാലൻ തെറ്റിച്ചു പറഞ്ഞ സ്പെല്ലിങ് ബാലിക ശരിയായി പറഞ്ഞു. അദ്ധ്യാപകൻ അവളെ അവനിരുന്ന സ്ഥലത്തിരുത്തി. ബാലനു് അങ്ങനെ മാന്യമായ സ്ഥാനം നഷ്ടപ്പെട്ടു. സ്കൂൾ വിട്ടുകഴിഞ്ഞപ്പോൾ അവൾ അവനെ കാത്തു വഴിവക്കിൽ നിന്നു. ബാലൻ എത്തിയപ്പോൾ ലജ്ജയോടെ ബാലിക പറഞ്ഞു: “I’m sorry that I spelt the word; I hate to go above you, Because” – the brown eyes lower fell – “Because, you see, I love you”. പ്രിയപ്പെട്ട വായനക്കാരെ നിങ്ങളോടു് ആരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതം ധന്യം.

ഡി. വിനയചന്ദ്രൻ
images/Dv1.jpg
ഡി. വിനയചന്ദ്രൻ

രതി എന്ന ഭാവത്തെ ജീവിതത്തിന്റെ വിഭിന്നമണ്ഡലങ്ങളിലേക്കു് ആനയിച്ച് അതു് വരുത്തിക്കൂട്ടുന്ന ഔജ്ജ്വല്യത്തെ ആവിഷ്ക്കരിക്കുന്ന “വിനയചന്ദ്രിക” എന്ന കാവ്യം (ഡി. വിനയചന്ദ്രന്റേ ത്—കലാകൗമുദി) മനോജ്ഞമാണു്. ഓരോ ഖണ്ഡവും ഓരോ നക്ഷത്രമാണു്. ആ നക്ഷത്രങ്ങൾ ഒരുമിച്ചുകൂടുമ്പോൾ ഒരു കൊൺസ്റ്റലേഷനും (താരാഗണം). ഒരു താരകത്തിന്റെ ശോഭ കണ്ടാലും.

“അവൾ ദേവയാനിമിഴിചോന്നുമുടിയൂർന്നുകലി

കരിയാടിയഭിശാപമെയ്യുമെൻ കാമുകി

അവൾ രാധ മഥരയുടെ കുടില ചക്രങ്ങളിൽ

കുതികൊള്ളുവാൻ വെമ്പുമെന്നെ നോക്കി പ്രീയം

പറയാതെയപ്രിയം പറയാതെ, കരയാതെ

കരയാതിരിക്കാതെ യമുനയുടെ പടവിലേ–

ക്കതിമന്ദമൊറ്റക്കു പോകുമെൻ കാമുകി.”

വാങ്മയ ചിത്രങ്ങളെ വീശിക്കാണിക്കാൻ കവികൾ മടിക്കുന്ന ഇക്കാലത്തു് അവയെ പകിട്ടോടുകൂടി പ്രദർശിപ്പിച്ച വിനയചന്ദ്രനു് എന്റെ വിനയപൂർണ്ണമായ അഭിനന്ദനം.

ഒരു സ്ത്രീയുടെ മന്ദസ്മിതത്തിനുവേണ്ടി പുരുഷൻ എന്തെല്ലാം ചെയ്തിട്ടുണ്ടോ അതിൽ കുറവായിട്ടേ ധർമ്മത്തിനു വേണ്ടി അവർ പ്രവർത്തിച്ചിട്ടുള്ളു എന്നു പറഞ്ഞതു കൺഫ്യൂഷ്യസാ ണു്. രാജപദവി ഉപേക്ഷിച്ചു് പ്രോസ്പറോ യുടെ അടിമയാകാൻ ഫെർഡിനൻഡ് തീരുമാനിച്ചതു കാമുകിയോടുള്ള സ്നേഹത്താലാണു്. “ഞാൻ ഇവളുടെ കടം വീട്ടാം” എന്നു പറഞ്ഞു കുടമെടുത്തു വെള്ളം കോരാൻ ഭാവിച്ച ദുഷ്ഷന്തൻ പ്രേമം കൊണ്ടുമാത്രമാണു് അപ്പോൾ വിഡ്ഢിയായതു്. സ്നേഹത്തിന്റെ ശക്തി കവികൾക്കെന്നും പ്രതിപാദ്യവിഷയമത്രേ. വിനയചന്ദ്രൻ അതു ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.

ടി. പദ്മനാഭനും എം. ടി. വാസുദേവൻനായരും

ഒരു സ്ത്രീയുടെ മന്ദസ്മിതത്തിനുവേണ്ടി പുരുഷൻ എന്തെല്ലാം ചെയ്തിട്ടുണ്ടോ അതിൽ കുറവായിട്ടേ അവൻ പ്രവർത്തിച്ചിട്ടുള്ളു എന്നു പറഞ്ഞതു് കൺഫ്യൂഷ്യസാണു് രാജപദവി ഉപേക്ഷിച്ച് പ്രോസ്പ്റോയുടെ അടിമയാകാൻ ഫെർഡിനൻഡ് തീരുമാനിച്ചതു് കാമുകിയോടുള്ള സ്നേഹത്താലാണു്. ‘ഞാൻ ഇവളുടെ കടം വീട്ടാം’ എന്നു പറഞ്ഞു കുടമെടുത്തു വെള്ളം കോരാൻ ഭാവിച്ച ദുഷ്ഷന്തൻ പ്രേമംകൊണ്ടു മാത്രമാണു് അപ്പോൾ വിഡ്ഢിയായതു്. സ്നേഹത്തിന്റെ ശക്തി കവികൾക്കെന്നും പ്രതിപാദ്യവിഷയമത്രേ.

പ്രശസ്തനായ കഥാകാരൻ ടി. പദ്മനാഭനു മായി നല്ല കഥാകാരനായ വി. നടരാജൻ നടത്തിയ ഒരു കൂടിക്കാഴ്ചയുടെ വിവരണം കൗതുകത്തോടും സംഭ്രമത്തോടും അസ്വസ്ഥതയോടും കൂടിയാണു് ഞാൻ വായിച്ചതു് (ശ്രീരാഗം മാസികയിൽ). പദ്മനാഭൻ റൊമാൻസിനോടു ചേർന്നു നില്ക്കുന്ന റീയലിസ്റ്റിക് കഥകളെഴുതിയ സാഹിത്യകാരനാണു്. പലപ്പോഴും താൻ കവിയാണെന്നു വിളംബരം ചെയ്യുന്നു പ്ദ്മനാഭൻ തന്റെ കഥകളിലൂടെ. (‘പ്രകാശം പരത്തുന്ന പെൺകുട്ടി’, ‘മഖൻസിങ്ങിന്റെ മരണം’ ഇവ രണ്ടുദാഹരണങ്ങൾ മാത്രം). ഇതാണു സത്യം. ഇത്രമാത്രമേ സത്യമായുള്ളുതാനും. പക്ഷേ, തന്നെ ആരോ ഉപദ്രവിക്കുന്നെന്നോ ഉപദ്രവിച്ചെന്നോ ഉള്ള ഒരു വ്യാമോഹത്തിൽപെട്ടിരിക്കുന്നു അദ്ദേഹം. ആ മാനസികാവസ്ഥയുണ്ടായാൽ ചിന്തകൾക്കു ചാഞ്ചല്യം വരും; ആശയങ്ങളുടെ അത്യുൽപാദനം ഉണ്ടാകും. രണ്ടും അദ്ദേഹത്തിന്റെ ഭാഷണങ്ങളിൽ ദൃശ്യമാണു്. “ഒന്നു തീർച്ചയാണു്. കഥയെഴുത്തിന്റെ കാര്യത്തിൽ വാസുദേവൻ നായർ എന്നേക്കാൾ ബഹുദൂരം പിന്നിലാണു്.” എന്നു പദ്മനാഭൻ പറഞ്ഞതായി നടരാജൻ രേഖപ്പെടുത്തിയിരിക്കുന്നു. സ്ഥൂണാനി ഖനന്യായമനുസരിച്ച് വീണ്ടും ഇംഗ്ലീഷിലും പറയുന്നു: He is nowhere near to me in story writing. ഔന്നത്യത്തിലേക്കു തന്നെ വലിച്ചുകൊണ്ടുചെല്ലുന്ന പദ്മനാഭന്റെ സവിശേഷമായ മാനസികാവസ്ഥയുടെ ഫലമാണു് ഈ പ്രസ്താവം. ടി. പദ്മനാഭൻ അദ്ദേഹത്തിന്റേതായ രീതിയിൽ നല്ല കഥാകാരൻ; എം. ടി. വാസുദേവൻ നായരും അദ്ദേഹത്തിന്റെതായ മട്ടിൽ നല്ല കഥാകാരൻ. ഈ പരമാർത്ഥത്തിൽക്കവിഞ്ഞ ഏതു പ്രസ്താവവും അനിയതാവസ്ഥയുടെ സന്തതി മാത്രമായിരിക്കും. പ്രതിബന്ധങ്ങളുണ്ടായാലും അവയെ തട്ടിത്തകർത്തു് തന്നെ കണ്ടെത്തുകയും ആ കണ്ടെത്തലിനെ കലാസൃഷ്ടികളിലൂടെ ആവിഷ്കരിക്കുകയും ചെയ്യുന്നവനാണു് ആർട്ടിസ്റ്റ്. അയാൾ മറ്റു കലാകാരന്മാരെ കുറ്റം പറയരുതു്.

എം. എച്ച്. ശാസ്ത്രികൾ
images/AgainstOurWill.jpg

എനിക്കറിയാവുന്ന പണ്ഡിതന്മാരിൽ ശ്രേഷ്ഠൻ എം. എച്ച്. ശാസ്ത്രി യാണു്. സംസ്കൃത കോളേജിൽ പ്രൊഫസറായിരുന്നു് പെൻഷൻ പറ്റിയ അദ്ദേഹം കുറേക്കാലം ശിവഗിരിയിലെ ആശ്രമത്തിൽ കുട്ടികളെ സംസ്കൃതം പഠിപ്പിച്ചിരുന്നു. ഇന്നു കരമനയിലുള്ള സ്വന്തം വീട്ടിൽ പാർക്കുന്നു. എം. എച്ച്. ശാസ്ത്രികൾ എന്നോടു പറഞ്ഞ ചില കാര്യങ്ങൾ:

 1. കുമാരനാശാന്റെചിന്താവിഷ്ടയായ സീത’യെപ്പോലെ ഉജ്ജ്വലമായ വേറൊരു കാവ്യം മലയാളഭാഷയിലില്ല. ഭാരതത്തിലെ മറ്റു ഭാഷകളിലും ഇല്ല.
 2. ഋഗ്വേദ ത്തിലെ പുരോഹിതനെ ഹോതാവു് എന്നു പറയുന്നു. യജ്ജുർവേദ ത്തിലെ പുരോഹിതൻ അദ്ധ്വര്യു. സാമവേദ പുരോഹിതൻ ഉദ്ഗാതാവു്. അഥർവ്വവേദ പുരോഹിതൻ ബ്രഹ്മാവു്, അതുകൊണ്ടു് “കുമാരനാശാൻ സ്നേഹത്തിന്റെ ഉദ്ഗാതാവായിരുന്നു” എന്നു കൃഷ്ണൻനായർ എഴുതിയതു് ശരിയല്ല “സ്നേഹത്തിന്റെ സ്ത്രോതാവായിരുന്നു” എന്നുവേണം എഴുതാൻ.
 3. “കല മനസ്സിനു് ആഹ്ലാദവും ശരീരത്തിനു് ഉന്മേഷവും നല്കുന്നു” എന്നു് ഗൈഡ് എഴുത്തുകാരനായ ഒരു മലയാളം പ്രൊഫസർ എഴുതിയതു് വായിച്ച്: ശരീരത്തിനു ഉന്മേഷം മാത്രമല്ല കുടവയറും നല്കുന്നു” എന്നുംകൂടിയാകാം.
 4. കുമാരനാശാന്റെ കവിതയെക്കുറിച്ച് ഒരു മാന്യൻ പ്രസംഗിക്കുകയായിരുന്നു. പ്രഭാഷണം കേട്ടുകൊണ്ടിരുന്ന എൻ. ഗോപാലപിള്ള സ്സാറിനെ സ്തുതിക്കണമെന്നു് ആ മുഖസ്തുതിക്കാരനു് തോന്നലുണ്ടായി. ഉടനെ അയാൾ പറഞ്ഞു: ‘ഹാ’, ‘സീതാവിചാരലഹരി’ ‘ചിന്താവിഷ്ടയായ സീത’യെപ്പോലിരിക്കുന്നു: (‘ചിന്താവിഷ്ടയായ സീത’യുടെ സംസ്കൃത തർജ്ജിമയാണു് ‘സീതാവിചാരലഹരി’) ഇതു കേട്ടയുടനെ എം. എച്ച്. ശാസ്ത്രികൾ എന്റെ കാതിൽ പറഞ്ഞു: “മകൻ അച്ഛനെപ്പോലിരിക്കുന്നു എന്നു പറയാം. അച്ഛനെ കണ്ടിട്ടു് ‘ഹാ, മകന്റെ സാക്ഷാൽ സ്വരൂപം’ എന്നാരാണു പറയുക?”
images/MHSasthrikal.jpg
എം. എച്ച്. ശാസ്ത്രികൾ

മഹാപണ്ഡിതനായ അദ്ദേഹം സർക്കാർ ജോലിയിൽനിന്നു വിരമിച്ച ശേഷം യു. ജി. സി. പ്രൊഫസറാകാൻ അപേക്ഷ അയച്ചു. കേന്ദ്രസർക്കാർ അദ്ദേഹത്തിനു് ആ സ്ഥാനം നൽകിയില്ല. അക്ഷരമറിയാൻ പാടില്ലാത്ത പലരും യു. ജി. സി. പ്രൊഫസറന്മാരായിരുന്നു. ഈ നാട്ടിൽ ഇതൊക്കെയല്ലാതെ എന്താണു് നടക്കുന്നതു്?

പലരും പലതും

എന്റെയൊറ്റയടിപ്പാതയോരത്തു പൂക്കുന്ന

നീലക്കടമ്പിന്റെ ശ്യാമദുഃഖങ്ങളിൽ

എന്റെ ചോരച്ച കണ്ണുനീർത്തുള്ളികൾ

ഇറ്റിറ്റുവീഴുന്ന കണ്ണാന്തളിർ

പൂ പടർപ്പുകൾക്കുള്ളിൽ

എന്റെ കാലൊച്ച കേട്ടുവോ?

എന്റെ കാലൊച്ച കേട്ടുവോ?

എന്നു് ബ്രഹ്മക്കുളം സത്യദാസ് ചോദിക്കുന്നു (എക്സ്പ്രസ്സ് വാരിക)—നീലക്കടമ്പിന്റെ ശ്യാമദുഃഖവും ചോരച്ച കണ്ണുനീർത്തുള്ളിയും ക്ലീഷേയാണു്. എന്റെ ഈ ലേഖനത്തിൽത്തന്നെ എത്രയെത്ര ക്ലീഷേ (ക്ലീഷേ = പ്രയോഗം കൊണ്ടു് വിരസമായിത്തീർന്ന പദം അല്ലെങ്കിൽ ശൈലി) അതിനാൽ സത്യദാസിനെ കുറ്റപ്പെടുത്താൻ എനിക്കെന്തധികാരം?

 1. എല്ലാ ലൈംഗിക വേഴ്ചകളും ബലാൽസംഗമാണെന്നു് കരുതുന്നതു് വിഡ്ഢിത്തമാണെന്നു് ഞാൻ വിചാരിക്കുന്നു. അങ്ങനെ പറയുമ്പോൾ, പുരുഷന്റെ സെക്സ് വാളാണെന്ന, ആയുധമാണെന്ന പുരുഷവൃത്തിസംബന്ധിയായ പുരാവൃത്തത്തോടു് (masculine myth) നമ്മൾ യോജിക്കുകയാവും (സിമോൻ ദെ ബോവ്വാർ). “എല്ലാ സ്ത്രീകളെയും ഭയത്തിന്റെ അവസ്ഥയിൽ വച്ചുകൊണ്ടിരിക്കാൻ പുരുഷൻ നടത്തുന്ന ഭീഷണിയാണു് ബലാൽസംഗം”. (സൂസൻ ബ്രൗൺമില്ലർ അവർ എഴുതിയ Against Our Will എന്ന പുസ്തകം വായിച്ച ഓർമ്മയിൽ നിന്നു്.) സ്ത്രീകൾ ബലാൽസംഗം ഇഷ്ടപ്പെടുന്നുവെന്നു് ഫ്രഞ്ചെഴുത്തുകാരി (അമേരിക്കയിൽ താമസിച്ചിരുന്നു) അനൈസ് നീൻ പറഞ്ഞതായി സൂസൻ ബ്രൗൺ മില്ലർ അവരുടെ ആ പുസ്തകത്തിൽ എഴുതിയിട്ടുള്ളതും ഓർമ്മയിലെത്തുന്നു. സഖി വാരികയിൽ മുഹമ്മദ് റോഷൻ എഴുതിയ “ഓമനിക്കാനൊരാൾ” എന്ന ചെറുകഥയിൽ വിവാഹിതയായ ചെറുപ്പക്കാരിയെ ഒരന്യൻ ബലാൽക്കാര വേഴ്ചയുടെ ഒരു ഭാഗമായ, ബലാൽക്കാരചുംബനത്തിനു് വിധേയയാക്കുന്നതും, ഒടുവിൽ അവൾ അതു് ഇഷ്ടപ്പെടുന്നതും വർണ്ണിച്ചിരിക്കുന്നു. സെക്സില്ലാതെ റോഷനു് ഒരു കഥയും എഴുതാൻ വയ്യല്ലോ. എഴുതൂ, വായിക്കാം. ചില പടുകിഴവന്മാർ ഇത്തരം കഥകൾ നെഞ്ചോടു ചേർത്തു വയ്ക്കും.
 2. കെ. സി. ഉമേഷ് ബാബു ദേശാഭിമാനി വാരികയിൽ “എന്റെ പ്രൊഫസ്സർമാരെപ്പറ്റി” എന്നൊരു “കാവ്യം” എഴുതിയിരിക്കുന്നു. പുസ്തകങ്ങളെ സ്നേഹിക്കുകയും മൈക്കിനടുത്തു നിൽക്കുമ്പോൾ ശബ്ദം മുഴക്കുകയും ചെയ്യുന്ന അവർ പേനയിൽ നിന്നകലെയായതു കൊണ്ടു് മാന്യരാണെന്നു് ‘കവി’ പ്രഖ്യാപിക്കുന്നു. നിന്ദാസ്ഥിതി. പ്രൊഫസ്സറന്മാരെ നിന്ദിക്കുന്നതിൽ ഒരർത്ഥവുമില്ല. അവർക്കു് രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച ആശയങ്ങൾ കാണും. എന്നാൽ വിവേകമുള്ള ഒരു പ്രൊഫസ്സറും ആ ആശയങ്ങൾ കുട്ടികളുടെ മുൻപിൽ വയ്ക്കാറില്ല. രാജീവൻ (മലയാളം പ്രൊഫസ്സർ) ഏതു വിധത്തിലുള്ള രാഷ്ട്രവ്യവഹാരത്തിലാണു് വിശ്വസിക്കുന്നതെന്നു് എല്ലാവർക്കുമറിയാം. പക്ഷേ, അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ തത്വവും ക്ലാസ്സിൽ ആവിഷ്കരിച്ചിട്ടില്ല. “പ്രൊഫസ്സർമാർ വീട്ടിലാണു്, തടവിലാണു്” എന്ന ഉമേഷ് ബാബുവിന്റെ പ്രഖ്യാപനം വിവരക്കേടിൽ നിന്നു് ഉണ്ടായതത്രേ. സമുദായം പുരോഗമിക്കണമെങ്കിൽ പ്രതിലോമ ശക്തികളെയാണു് എതിർക്കേണ്ടതു്; പുരോഗമനാത്മകതയെയല്ല.
 3. വ്യഭിചാരിയായ അച്ഛൻ, അസഹിഷ്ണുതയാർന്ന അമ്മ. ഇവരുടെ കൂടെ താമസിക്കുന്ന മകളുടെ അന്യവത്കരണബോധവും അവളുടെ പ്രായത്തിനു് ചേർന്ന ലൈംഗിക വികാരോദ്പാദനവും ഭേദപ്പെട്ട രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു, എൽസമ്മ ആലക്കോടു്. (മാമാങ്കത്തിലെ “പെയ്തൊഴിയാത്ത മേഘങ്ങൾ” എന്ന ചെറുകഥ നോക്കുക.)
 4. ഈ കാലയളവിന്റെ ആവശ്യകത ആധ്യാത്മിക ശക്തിയാണു്. അതുള്ള കലാസൃഷ്ടികളെ ഞാൻ കൂടുതൽ മാനിക്കും. എങ്കിലും ജീവിതത്തിലെ ക്ഷുദ്രസംഭവങ്ങളെ രമാദേവി വെള്ളിമന ആകർഷകമാക്കി അവതരിപ്പിക്കുമ്പോഴും എനിക്കു് രസമാണു്. ആഖ്യാനത്തിന്റെ സവിശേഷതയാലാണു് രമാദേവി ഈ രസം നൽകുന്നതു്. (കഥാമാസികയിലെ ‘കേണൽ മഹാരാജാവിന്റെ ആദ്യത്തെ തോൽവി’ എന്ന കഥ.)
 5. ‘ജിവന്നോ ഗരേഷ്കി’ എന്നു് എം. എൽ. ജോർജ്ജ്. (കഥാമാസികയിൽ ആ പേരിൽ ആരുമില്ല.) ‘Don Camillo’ കഥകളെഴുതിയ ഇറ്റാലിയൻ സാഹിത്യകാരനെയാണു് ജോർജ്ജ് ലക്ഷ്യമാക്കിയതെങ്കിൽ അദ്ദേഹത്തിന്റെ പേരു് ‘ജോവാനി ഗ്വാറസ്കി’ എന്നാണു്. (Giovanni Guareschi, 1908–68).
 6. മർദ്ദിക്കപ്പെടുന്ന, ചാരിത്ര്യം ധ്വംസിക്കപ്പെടുന്ന, നിഗ്രഹിക്കപ്പെടുന്ന പാവപ്പെട്ട തരുണികളുടെ ശാശ്വത പ്രതീകമായി എം. സി. രാജനാരായണൻ ‘സരയൂ’ എന്ന ചെറുപ്പക്കാരിയെ ആലേഖനം ചെയ്യുന്നു (കഥാമാസികയിലെ “സരയൂ ഒരു പ്രവാഹം” എന്ന കഥ). നല്ല ആശയം. പക്ഷേ, കഥയായില്ല. ഉപന്യാസങ്ങൾ എന്ന പേരിൽ ആരെങ്കിലും വാരികയോ, മാസികയോ തുടങ്ങിയാൽ രാജനാരായണന്റെ ഈ രചനയും അതിൽ ചേർക്കാം. അന്നു് സാഹിത്യവാരഫലമെഴുതുന്ന ആൾ അതിനെക്കുറിച്ച് നല്ല അഭിപ്രായം പറയുകയും ചെയ്യും.
 7. വൽസലൻ വാതുശ്ശേരി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “കലാപത്തിന്റെ ദിനങ്ങൾ” എന്ന കഥയിലൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ ഭാരതം ഉൾപ്പെടുന്ന ഈ ലോകം എന്തൊരു ഭ്രാന്താലയമാണെന്ന തോന്നൽ നമുക്കുണ്ടാകുന്നു. കലാപത്തിനിടയിൽ കാണാതെയായ സുഹൃത്തിനെ അന്വേഷിക്കുന്നു, ഒരു ചരിത്രം പ്രൊഫസ്സർ. സുഹൃത്തിനെ കാണുന്നതേയില്ല. അപ്രത്യക്ഷനായ കൂട്ടുകാരന്റെ ‘ഐഡന്റിറ്റി’ നഷ്ടപ്പെടുന്നതു പോലെ പ്രൊഫസ്സറുടെ ഐഡന്റിറ്റിയും നഷ്ടപ്പെടുന്നു. വായനക്കാരായ നമുക്കും സംഭവിക്കുന്നതു് അതു തന്നെ. സമകാലിക മനുഷ്യന്റെ കഥയാണിതു്. ഇതു വായിച്ച് കർണ്ണാടകത്തെയും, മഹാരാഷ്ട്രത്തെയും, പഞ്ചാബിനെയും, എൽ സാൽവഡോറിനെയും മനസ്സിന്റെ ദർപ്പണത്തിൽ കണ്ടു് ഞാൻ കുറേനേരം ഇരുന്നു പോയി.
images/GiovanninoGuareschi.jpg
ജോവാനി ഗ്വാറസ്കി

നഗ്നനേത്രങ്ങൾക്കു് ഉള്ളിത്തൊലി, പാടപോലുള്ള ഒരു വസ്തു മാത്രം. അതിനെ ഭൂതക്കണ്ണാടിയുടെ അടിയിൽ വച്ച് കുഴലിന്റെ മുകളിലൂടെ നോക്കൂ. സെല്ലുകളുടെ സംവിധാനം കണ്ടു് നമ്മൾ അദ്ഭുതപ്പെടും. നമ്മുടെ നിരൂപകരുടെ കണ്ണിനകത്തു് വിപുലീകരണകാചമേയുള്ളൂ. അതിനാൽ രാജലക്ഷ്മി അവർക്കു് വെർജീനിയ വുൾഫാ കും. അവർ ഇവിടെ ഛോട്ടാകളെ ബോർഹെസ്സാ യും കാഫ്ക യായും എല്യറ്റാ യും കാണുന്നു. വിപുലീകരണകാചത്തിന്റെ ശക്തി!

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; kk-1986-07-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.