സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-09-14-ൽ പ്രസിദ്ധീകരിച്ചതു്)

പതിവായി പത്രം വായിക്കാത്തവർ ചില സാഹചര്യങ്ങളിൽ ചെന്നുവീഴുമ്പോൾ ഒരു പത്രം വിലകൊടുത്തു വാങ്ങിച്ചെന്നുവരും. പിന്നെ വായനയോടുവായനതന്നെ. ഈ വിധത്തിൽ ഒരാളെ ഈ. വി കൃഷ്ണപിള്ള ചിത്രീകരിച്ചിട്ടുണ്ടു്. എന്റെ കുട്ടിക്കാലത്തു് കൊല്ലത്തുനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ‘മലയാളരാജ്യം’ പത്രത്തിനായിരുന്നു പ്രധാന്യം. ഈ. വി. കൃഷ്ണപിള്ളയുടെ പത്രംവായനക്കാരൻ ഒരു ചക്രമോ ഒന്നരച്ചക്രമോ കൊടുത്തു ഒരു ‘മലയാളരാജ്യം’ വാങ്ങിച്ചുവെന്നു കരുതൂ. അയാൾ തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോകുകയാണെന്നും കരുതൂ. വായനതുടങ്ങുന്നു. “മലയാളരാജ്യം. കൊല്ലത്തുനിന്നു പ്രസിദ്ധപ്പെടുത്തുന്നതു്”. ഒന്നാംപുറം മുഴുവൻ വായിച്ചു. ഇടയ്ക്കു് ഒരു ഖണ്ഡികയും വിടുന്നില്ല. അറിയാതെ വിട്ടുപോയാൽ ‘അയ്യോ എന്റെ ഒന്നരചക്രം’ എന്ന തേങ്ങലോടെ ആ ഖണ്ഡിക രണ്ടുതവണ വായിക്കുന്നു. ഇങ്ങനെ മുറയ്ക്കു് എല്ലാ പേജുകളും. ആറാമത്തെ പുറത്താണു് സർക്കാർ വക പരസ്യങ്ങൾ. വായിക്കേണ്ട കാര്യമില്ല. എങ്കിലും “എന്റെ ഒന്നരചക്രം” എന്ന തേങ്ങൽ. വായിക്കുന്നു. എട്ടാം പേജിന്റെ അവസാനമെത്തി. “പ്രിന്റഡ് ആൻഡ് പബ്ളിഷിങ്ങ് ബൈ കെ. ജി. പരമേശ്വരൻ പിള്ള ഉണച്ചക്കംവീടു് കൊല്ലം” എന്നതു വരെ വായിച്ചു. എഡിറ്റർ ബാപ്പുറാവു തന്നെയാണോ എന്നു് ഒന്നുകൂടെ നോക്കി. പത്രം മടക്കി തന്റെ സീറ്റിൽ തൊട്ടടുത്തു വച്ചു. എതിരെയിരിക്കുന്ന യാത്രക്കാരൻ ചക്കാത്തു് വായനയ്ക്കായി പുഞ്ചിരിയോടെ പത്രത്തിൽ കണ്ണെറിയുന്നതുകണ്ടു് “അയ്യോ ഒന്നരചക്രം” എന്നു് മനസ്സിൽ പറഞ്ഞു് അതെടുത്തു സഞ്ചിയിൽ വയ്ക്കുന്നു.

വേറെ ചിലർ ഇങ്ങനെയല്ല. അവർക്കു് അന്നന്നുള്ള പത്രത്തോടുമാത്രമായിരിക്കും പ്രിയം. പതിനെട്ടാം തീയതിവന്ന പത്രമാണതു്. വായിച്ചു. പലപരിവൃത്തി വായിച്ചു. മന്ത്രിമാരുടെ പ്രസ്താവങ്ങളിൽ നീരസം പ്രകടിപ്പിച്ച് അതിഥിയോടു ചിലതുപറഞ്ഞു. പിന്നീടു് ആ പത്രംകൊണ്ടു് ഒരു പ്രയോജനവുമില്ല. എങ്കിലും നിധിപോലെയാണു് അതിനെ കരുതുന്നതു്. അടുത്ത വീട്ടുകാരൻ വന്നു് ഇന്നത്തെ പത്രം വായിച്ചുകഴിഞ്ഞെങ്കിൽ ഒന്നുതരൂ” എന്നു് അപേക്ഷിച്ചാൽ വട്ടം കറങ്ങി “അതിവിടെ കണ്ടില്ലല്ലൊ” എന്നു മറുപടി നൽകും. ഒരു പക്ഷേ, കൊടുത്താൽ അതുടനെ തിരിച്ചുചോദിക്കും. മാവു് അരിയ്ക്കാനായി പത്രം നോക്കി നടക്കുന്ന ഭാര്യ അതെടുത്താൽ അയാൾ ഒച്ചവയ്ക്കും. “എടീ നിന്നെ കുറ്റം പറയാനില്ല. നിന്നെ വേണ്ടിടത്തോളം പഠിപ്പിക്കാത്ത നിന്റെ തന്തയെയാണു് കുറ്റം പറയേണ്ടതു്. വിദ്യാഭ്യാസമുണ്ടെങ്കിൽ നീ മാവരിക്കാൻ ഇന്നത്തെ പത്രമെടുക്കുമായിരുന്നൊ? പതിനെട്ടാം തീയതി കഴിയട്ടെ. പത്തൊൻപതാം തീയതിയിലെ പത്രം കാലത്തു് അയാളുടെ വരാന്തയിലേയ്ക്കു പയ്യൻ എറിഞ്ഞെന്നിരിക്കട്ടെ. ഉടനെ തലേദിവസത്തെ പത്രത്തോടുള്ള അയാളുടെ അഭിനിവേശം കെട്ടടങ്ങുകയായി. മൂന്നു വയസ്സു കഴിയാത്ത കുഞ്ഞു തറ മലിനമാക്കിയാൽ അതു കോരിയെടുക്കുന്നതിനു് പതിനെട്ടാം തീയതിയിലെ പത്രം അയാൾ ഭാര്യയ്ക്കു എറിഞ്ഞുകൊടുക്കും. പത്തൊൻപതാം തീയതിയിലെ പത്രത്തെ മറ്റൊരു കുഞ്ഞിനെയെന്നപോലെ തടവുകയും നെഞ്ചേറ്റി ലാളിക്കുകയും ചെയ്യും.

ഇന്നുള്ളത്—അതു് എല്ലാവർക്കും അഭികാമ്യം തന്നെ. ഞാൻ ഇന്നു വാങ്ങിയ പുസ്തകം ആർക്കും വായിക്കാൻ കൊടുക്കില്ല. ഇരുപത്തിനാലുമണിക്കൂർ കഴിഞ്ഞാൽ അതു വായിക്കാതെ തന്നെ വേറൊരാളിനു വെറുതെ കൊടുക്കും. തിരിച്ചു കിട്ടണമെന്നില്ല എന്നു പറയുകയും ചെയ്യും. ‘ഇന്നി’നോടു്, ‘ഇന്നു’ള്ളതിനോടു് എല്ലാ ആളുകൾക്കും കമ്പം. ഈ മാനസിക നില സാഹിത്യത്തെസ്സംബന്ധിച്ചും ഉണ്ടു്. ഇന്നത്തെ സാഹിത്യം കേമം. പഴയ കാലത്തേതു് നിന്ദ്യം. വള്ളത്തോൾ വെറും ടെക്നിഷ്യൻ: എന്നാൽ …എന്ന ആധുനികോത്തരൻ സാക്ഷാൽ കവി. ഇന്നേ! ജയിക്കുക.

ദുഃഖം

തലേദിവസമായിരിക്കണം അവരുടെ വിവാഹം കഴിഞ്ഞതു്. അവളുടെ ലജ്ജയും അയാളുടെ ഭാവപാരവശ്യവും കണ്ടാൽ അതു് ഊഹിക്കാം. രണ്ടുപേരും മധുവിധു ആഘോഷിക്കാനാവാം ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയതു്. ഞാനും അവരും ഒരു ലിഫ്റ്റിൽ കയറിയാണു് അഞ്ചാമത്തെനിലയിലേക്കു പോയതു്. അവളുടെയും അയാളുടെയും കണ്ണുകളിൽനിന്നു പ്രസരിച്ച പ്രേമത്തിന്റെ ഇളം നീല രശ്മികൾ എന്നിലും വന്നുവീണു. ഞാൻ ആ നീലവർണ്ണത്തിൽ മുങ്ങിനിൽക്കുകയായി. അവർ രണ്ടുപേർക്കു കിടക്കാനുള്ള ഒരുമുറി ഏർപ്പാടുചെയ്തിരുന്നു. നേരംവെളുത്ത ഞാൻ അതിന്റെ മുൻപിലൂടെ നടന്നപ്പോൾ തുറന്നിട്ട വാതിലിലൂടെ ആ ഇരട്ടക്കിടക്ക കണ്ടു. അവർ പൊയ്ക്കഴിഞ്ഞിരുന്നു. ഷീറ്റുകൾ അലങ്കോലപ്പെട്ടിരിക്കുന്നു. ഒരു തലയണയിൽ വാടിയ പൂക്കൾ. ആ ഒഴിഞ്ഞ കിടക്കയും വാടിയ പൂക്കളും വിഷാദമാണു് എന്നിൽ അങ്കുരിപ്പിച്ചതു്.

images/KonstantinosKavafis.jpg
കാവാഫി

കാവാഫി യുടെ ഒരു കാവ്യം ഞാനിപ്പോൾ ഓർമ്മിക്കുന്നു. “ഇന്നലെ അർദ്ധരാത്രിയോടു് അടുപ്പിച്ച് അവർ ഞങ്ങളുടെ സ്നേഹിതൻ റേമണിനെ കൊണ്ടുവന്നു. ഒരു സംഘട്ടനത്തിൽ അയാൾക്കു മുറിവേറ്റിരുന്നു. ഞങ്ങൾ തുറന്നിട്ട ജനലുകളിൽകൂടി കിടക്കയിൽ കിടത്തിയിരുന്ന അയാളുടെ സുന്ദരമായ ശരീരത്തിൽ ചന്ദ്രൻ പ്രകാശം വീഴ്ത്തി. ഇന്നലെ രാത്രി ചന്ദ്രൻ അയാളുടെ വൈഷയികതമാർന്ന മുഖത്തെ പ്രകാശിപ്പിച്ചപ്പോൾ ഞാൻ പ്ലേറ്റോ യുടെ കാർമിഡിസി നെ ഓർമ്മിച്ചു. (കാർമിഡിസ് പ്ലേറ്റോയുടെ അമ്മാവനായിരുന്നു. സൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവമായിട്ടാണു് അയാളെ പ്ലേറ്റോ സംഭാഷണത്തിൽ (സോക്രട്ടീസുമായുള്ള സംഭാഷണത്തിൽ അവതരിപ്പിച്ചത്—ലേഖകൻ) റേമണിന്റെ സുന്ദരമായ ശരീരം ഓർമ്മിച്ചു് എനിക്കു ദുഃഖം.

ഇന്നലെ ടെലിവിഷൻ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഒരു മൃതദേഹത്തിന്റെ ചിത്രം. കണ്ണടച്ചിരിക്കുന്നു. അജ്ഞാതനായ ഒരു മദ്ധ്യവയസ്കൻ. ആ ആളിനെക്കുറിച്ചു് ആർക്കെങ്കിലും എന്തെങ്കിലുമറിയാമെങ്കിൽ അധികാരികളെ അറിയിക്കണമെന്നു് അഭ്യർത്ഥന. മരിച്ച ആൾ ആരുമാകട്ടെ. ഒരനാഥപ്രേതത്തിന്റെ അവസ്ഥ ആ മനുഷ്യനു് ഉണ്ടാകുന്നതിനെക്കാൾ ദയനീയമായ എന്തുണ്ടു്? ആ ആളിനെ സ്നേഹിക്കുന്നവരായി കുറെപ്പേരെങ്കിലും ഈ ലോകത്തുകാണാതിരിക്കുമോ? എനിക്കു വിഷാദം.

ഈ രീതിയിലുള്ള ദുഃഖമാണു് കന്യാകുമാരി എന്ന കഥയിലെ (കുങ്കുമം—പി. കെ. നന്ദനവർമ്മ.) ഒരു മൃതദേഹത്തിന്റെ ഹ്രസ്വമായ വർണ്ണനം എനിക്കുളവാക്കിയതു്. ദമ്പതികൾ ഒരു ചെറുപ്പക്കാരനെയും ഒരു ചെറുപ്പക്കാരിയേയും കാണുന്നു കടപ്പുറത്തു്. അടുത്തദിവസം കാലത്തു് കടൽക്കരയിൽ യുവതിയുടെ മൃതദേഹം കിടക്കുന്നു. യുവാവിനെക്കുറിച്ച് ഒരു വിവരവുമില്ല. അയാൾ അവളെപ്പിടിച്ചു കടലിൽ തള്ളിയതാവാം. അങ്ങനെയൊരു സൂചനയുണ്ടു് ഇക്കഥയിൽ. വൈരസ്യം കൂടാതെ വായിക്കാവുന്ന ഒരു കഥ.

images/KaiserGalba.jpg
ഗൽബ

കാവാഫിയുടെ കാവ്യത്തെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു കാവ്യം ഓർമ്മയിലെത്തി:

ഡെൽഫൈയിലെ ദേവവാണി കേട്ടപ്പോൾ നീറോ ക്കു വെഷമ്യമുണ്ടായില്ല.

“എഴുപത്തിമൂന്നാമത്തെ വയസ്സു സൂക്ഷിച്ചുകൊള്ളൂ”. രസിക്കാൻ ധാരാളം സമയമുണ്ടു്. അദ്ദേഹത്തിനു മുപ്പതുവയസ്സേ ആയുള്ളൂ. ഈശ്വരൻ നല്കിയ സമയപരിധി ഭാവി വിപത്തുകളെ നേരിടുന്നതിനു മതിയാവും.

ഇപ്പോൾ അല്പം ക്ഷീണിച്ച് അദ്ദേഹം റോമിലേക്കു മടങ്ങും—പക്ഷേ, ആഹ്ലാദത്തിനു മാത്രം വേണ്ടിയുള്ള ആ യാത്രയിൽ വിസ്മയാവഹമായ വിധത്തിൽ ക്ഷീണിച്ച്, നാടകവേദികൾ, ഉദ്യാനവിരുന്നുകൾ, കായിക മത്സരങ്ങൾ, അക്കയപ്പട്ടണങ്ങളിലെ സായാഹ്നങ്ങൾ എല്ലാറ്റിനും മുകളിലായി നഗ്നശരീരങ്ങൾ നൽകുന്ന ആഹ്ലാദങ്ങൾ.

ഇത്രയും നീറോയെ സംബന്ധിച്ച്. സ്പെയിനിൽ ഗൽബ പട്ടാളത്തെ വിളിച്ചുകൂട്ടി പരിശീലിപ്പിക്കുന്നു. ഗൽബയ്ക്കു് ഇപ്പോൾ എഴുപത്തിമൂന്നു വയസ്സായി.

(ഡെൽഫൈ എന്ന സ്ഥലത്തെ ദേവവാണികൾക്കു് എപ്പോഴും സന്ദിഗ്ദ്ധതാർത്ഥതയുണ്ടു്. എഴുപത്തിമൂന്നു വയസ്സു സൂക്ഷിച്ചുകൊള്ളൂ എന്നു ഭാവികഥനമുണ്ടായപ്പോൾ നീറോ അതു തനിക്കു് അനുകൂലമായി വ്യാഖ്യാനിച്ചു. പക്ഷേ, എഴുപത്തിമൂന്നു വയസ്സുകാരനായ ഗൽബ, നീറോയെ ആക്രമിച്ചു. നീറോയ്ക്കു് വിഷംകുടിച്ചു മരിക്കേണ്ടിവന്നു. പിന്നീടു് ചക്രവർത്തിയായതു് ഗൽബയാണ്—ലേഖകൻ)

കുട്ടിക്കളി
images/TheHeartOfADog.jpg

സൈബീരിയയിലെ ഒരു പ്രിസൺ ക്യാമ്പ് അടച്ചു. അവിടെയായിരുന്നു റസ്ലൻ എന പേരുള്ള പട്ടിക്കു ജോലി. ക്യാമ്പ് അടച്ചാൽ യജമാനൻ പട്ടിയെ വെടിവച്ചു കൊല്ലും. പക്ഷേ, റസ്ലൻ വധിക്കപ്പെട്ടില്ല. യജമാനൻ അവനെ കൈയൊഴിഞ്ഞതേയുള്ളൂ. എട്ടുകൊല്ലമാണു് അവൻ അവിടെ കഴിഞ്ഞുകൂടിയതു്. ഇങ്ങനെയൊരു ദൗർഭാഗ്യം ഉണ്ടാകുമെന്നു് അവൻ കരുതിയതേയില്ല. ഇനി റസ്ലനു് യാചിക്കേണ്ടിവരും. ചീഞ്ഞ മാംസം വല്ല സ്ഥലത്തു നിന്നും പിടിച്ചെടുക്കേണ്ടി വരും. തന്നെ ഉപേക്ഷിച്ച യജമാനനോടു വിദ്വേഷമില്ലാതെ, ആരോടും അഭ്യർത്ഥന നടത്താതെ പ്രതീക്ഷയോടുകൂടി റസ്ലൻ ജീവിച്ചു. അവനു് ഒരു പുതിയ യജമാനനെ, തടവുകാരനെ കിട്ടി. വ്ളാഡിമോസ് എഴുതിയ Faithful Ruslan എന്ന നോവലിന്റെ സാരാംശമാണിതു്. സ്റ്റാലിനിസത്തെ നിശിതമായി വിമർശിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ശക്തിയുള്ള നോവൽ എന്ന നിലയിൽ ഇതു പ്രഖ്യാതമായിട്ടുണ്ടു്.

images/MikhailBulgakov.jpg
മിഹായിൽ ബുൾഗാകഫ്

സമഗ്രാധിപത്യത്തിൽ ശ്വാനത്വമുള്ളതുപോലെ ബ്യൂറോക്രസിയിലുമുണ്ടു് ശ്വാനത്വം. ഒരു ഗസറ്റഡ് ഓഫീസർ പെൻഷൻപറ്റി. ‘സർവീസിൽ’ ആയിരിക്കുമ്പോൾ മറ്റുള്ളവരെ ശ്വാനന്മാരായി കണക്കാക്കുന്നവൻ പെൻഷൻ പറ്റിയാൽ ശ്വാനന്മാർ തന്നെ. ആ ഗസ്റ്റഡ് ഓഫീസറെ ശ്വാനസദൃശ്യനായി മറ്റാളുകൾ കരുതി. അതുകൊണ്ടു സംസാരിക്കാനും കൂട്ടുകെട്ടിനും വേണ്ടി അയാൾ ഒരു പട്ടിയെ വളർത്തി. അതിന്റെ ശല്യം സഹിക്കാനാവാതെ വന്നപ്പോൾ നാട്ടുകാർ പട്ടിക്കു വിഷം നല്കി. അതു ചത്തു. ആകെയുണ്ടായിരുന്ന കൂട്ടുകാരൻ – പട്ടി – മരിച്ചപ്പോൾ ഓഫീസർക്കു മറ്റു മാർഗ്ഗമൊന്നുമില്ല. അയാളും പട്ടിയായി മാറി കുരച്ചുതുടങ്ങി. എ. പി. ഐ. സാദിഖ് എഴുതിയ ‘ഗസറ്റഡ് ഓഫീസറുടെ പട്ടി’ എന്ന കഥയ്ക്കു് (ചന്ദ്രിക ആഴചപ്പതിപ്പിൽ) ഒരു പുതുമയുമില്ല. പതറിപ്പോകുന്ന ആഖ്യാനം. ഗസറ്റഡ് ഓഫീസറും അയാളുടെ പട്ടിയും ഒരുതരത്തിൽ ‘എക്സിസ്റ്റെൻഷ്യൽ ഔട്ട്സൈഡേഴ്സാണു്. അവരുടെ ആ അന്യവൽക്കരണം അനുവാചകന്റെ മനസ്സിലേക്കു കടക്കത്തക്കവിധത്തിൽ കഥ പറയേണ്ടിയിരുന്നു സാദിഖ്. ഇന്നത്തെ നിലയിൽ ഇതൊരു കുട്ടിക്കളി മാത്രമാണു്.

മിഹായിൽ ബുൾഗാകഫി ന്റെ (Mikhail Bulgakov, 1891–1940) The Master and Margarita എന്ന മാസ്റ്റർപീസ് ഈ ലേഖകൻ വായിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ Heart of a Dog എന്ന ചെറിയ നോവൽ വായിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു് സിയോൽകോവ്സ്കി നൽകുന്ന സംഗ്രഹം ഭാഷാന്തരീകരണം ചെയ്തും ഒന്നുകൂടെ സംഗ്രഹിച്ചും ഇവിടെ കൊടുക്കട്ടെ:

ഇന്നുള്ളത്—അതു് എല്ലാവർക്കും അഭികാമ്യം തന്നെ. ഞാൻ ഇന്നു വാങ്ങിയ പുസ്തകം ആർക്കും വായിക്കാൻ കൊടുക്കില്ല. ഇരുപത്തിനാലുമണിക്കൂർ കഴിഞ്ഞാൽ അതു വായിക്കാതെ തന്നെ വേറൊരാളിനു വെറുതെ കൊടുക്കും. തിരിച്ചു കിട്ടണമെന്നില്ല എന്നു പറയുകയും ചെയ്യും. ‘ഇന്നി’നോടു്, ‘ഇന്നു’ള്ളതിനോടു് എല്ലാ അളുകൾക്കും കമ്പം. ഈ മാനസിക നില സാഹിത്യത്തെസ്സംബന്ധിച്ചും ഉണ്ടു്.

ഒരു വൃത്തികെട്ട പട്ടിയുടെ മേലിൽ ചൂടുവെള്ളം വീണു പൊള്ളി. പൊള്ളിയ ഭാഗം നക്കിക്കൊണ്ടു് അതു നിൽക്കുമ്പോൾ മസ്തിഷ്കത്തിന്റെ സ്പെഷലിസ്റ്റായ പ്രൊഫസർ ഫിലിപ്പ് അവിടെയെത്തി. ഹോർമോൺ കുത്തിവച്ചും അവയവങ്ങൾ മാറ്റിവച്ചും ആളുകൾക്കു ലൈംഗികോത്തേജനം നൽകുന്ന ആളായിരുന്നു അയാൾ. പ്രൊഫസർ ആ പട്ടിയെ വീട്ടിൽ കൊണ്ടുപോയി ചികിത്സിച്ചു സുഖപ്പെടുത്തി. എന്നിട്ടു് മനുഷ്യന്റെ വൃക്ഷണങ്ങളും പിറ്റ്യൂറ്ററി ഗ്രന്ഥിയും അതിൽ വച്ചു പിടിപ്പിച്ചു. ഏതാനും ദിവസങ്ങൾകൊണ്ടു് അത്ഭുതാവഹമായ മാറ്റങ്ങൾ പട്ടിയിലുണ്ടായി. നെറ്റിയിൽ രോമം മുളച്ചു അതിനു്. കുരയുടെ തീക്ഷ്ണത മാറി. തലയിലും താടിയിലും നെഞ്ചിലുമൊഴിച്ച് രോമം കൊഴിഞ്ഞു. പ്രായമാകാത്ത ആണിന്റെ ജനനേന്ദ്രിയംപോലെയായി പട്ടിയുടെ ജനനേന്ദ്രിയം. ശസ്ത്രക്രിയകഴിഞ്ഞ് ഒരുമാസമായപ്പോൾ ശ്വാനൻ ഫ്രസ്വാകായനായ മനുഷ്യനായിത്തീർന്നു. അവന്റെ അപ്പോഴത്തെ പേരു സഖാവു് ഷരിക്കോഫ് എന്നു്. ആ സഖാവു് പുകവലിച്ചു. കുടിച്ചു, ശപിച്ചു, ഓടഭാഷ സംസാരിച്ചു. പെണ്ണൂങ്ങളെ ഉപദ്രവിച്ചു. പൂച്ചകളെ ഓടിച്ചു. പാർട്ടിഭാഷ സംസാരിച്ചു. അയാൾക്കു സാനിറ്റേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി കിട്ടി. അലഞ്ഞുതിരിഞ്ഞു വരുന്ന പൂച്ചകളെ അയാൾ ശ്വാസംമുട്ടിച്ചു കൊല്ലണം. സഖാവു് സർക്കാരിനു ശത്രുക്കളെസ്സംബന്ധിച്ച വാർത്തകൾ നൽകിത്തുടങ്ങി. പ്രൊഫസർ പ്രതിലോമ വിപ്ലവകാരിയാണെന്നു് അയാൾ അധികാരികളെ അറിയിച്ചു. അപ്പോൾ അയാൾ പ്രതികാര നിർവ്വഹണത്തിനു സന്നദ്ധനായി. സഖാവു് ഷരിക്കോഫിനെ വീണ്ടും ശസ്ത്രക്രിയ ചെയ്തു് പട്ടിയാക്കി. കൊലപാതകമന്വേഷിച്ച് പൊലീസ് വന്നപ്പോൾ പ്രൊഫസർ പട്ടിയെ അവരുടെ മുൻപിൽ ഹാജരാക്കി. ഷരിക്കോഫിനു് ആഹ്ലാദം. ശസ്ത്രക്രിയകൾ കൂടാതെ പ്രൊഫസറുടെ വീട്ടിൽ സുഖമായി അവനു് കഴിയാമല്ലോ.

കറുത്ത ചായം തേയ്ക്കരുത്

‘കസവുണ്ടോ, കസവുണ്ടോ’ ഒരു തെരുവിൽ വിളികേൾക്കുകയാണു്. കസവാകുന്ന ഉണ്ട എന്നല്ല ‘കസവുണ്ടോ’ എന്നു വിളിച്ചു ചോദിക്കുകയാണു്. മുതുകിൽ പൊക്കണം തൂക്കിയ ഒരു പാണ്ടിക്കാരൻ വീട്ടിനുള്ളിൽ കടന്നു. ഒരുണ്ട കസവു് ആരോ കൊണ്ടുക്കൊടുത്തു. ഞാൻ ആലോചിച്ചു. ഈ കസവു് ഒരുകാലത്തു നേരിയതിനു് ഭംഗി വർദ്ധിപ്പിച്ചിരുന്നു. കീറിപ്പോയിട്ടു് വർഷങ്ങളേറെയായി. അതിന്റെ ഒരു നൂലുപോലും ഇപ്പോഴില്ല. എങ്കിലും അതിലുണ്ടായിരുന്ന കസവു് ഇപ്പോഴുമിരിക്കുന്നു. ഇനിയും വളരെക്കാലം അതിരിക്കുകയും ചെയ്യും.

കസവിന്റെ ദർശനം എന്നെ മറ്റു ചിന്തകളിലേക്കു കൊണ്ടുചെല്ലുന്നു. ജീവിതം നേരിയതുപോലെയാണു്. അതിനു ശോഭയുളവാക്കുന്ന കസവാണു ഹാസ്യം. ജീവിത സംഭവങ്ങൾ വിസ്മരിക്കപ്പെട്ടാലും ഹാസ്യം നശിക്കില്ല. ശരിയല്ലേ? കുഞ്ചൻനമ്പ്യാരു ടെയും ഇ. വി. കൃഷ്ണപിള്ളയുടെയും കാലത്തെ ജീവിതം മറക്കപ്പെട്ടു. പക്ഷേ, അതിനു് അന്നു ശോഭനല്കിയ ഹാസ്യം ഇന്നും വിലസിക്കൊണ്ടിരിക്കുന്നു. നേരിയതു നെയ്യുമ്പോൾ കസവു വയ്ക്കാൻ പ്രയാസമുണ്ടോ? എങ്കിൽ കറുത്തനൂൽ കട്ടിയായിച്ചേർത്തു പുളിയിലക്കരയൻ നേരിയതു് ഉണ്ടാക്കിക്കൊള്ളൂ. അതിനും പ്രയാസമുണ്ടോ? എന്നാൽ കരയേ വേണ്ടൂ. അല്ലാതെ കരയുടെ സ്ഥാനത്തു കറുത്ത ചായം തേയ്ക്കരുതു്. ഒരുതുള്ളി മഴവെള്ളം വീണാൽ അതു് പടരും. വൃത്തികേടാവും. ജീവിതപടത്തിൽ വളരെക്കാലമായി വിജയം രവി കറുത്ത ചായം തേച്ചുകൊണ്ടിരിക്കുന്നു, നേരിയതിനെയും അതു ധരിക്കുന്ന ആളിനെയും അലങ്കോലമാക്കുന്നു. സംശയമുണ്ടോ? ഉണ്ടെങ്കിൽ മനോരാജ്യം വാരികയിൽ അദ്ദേഹമെഴുതിയ ‘ശിപാർശയുടെ ശുക്രദശ” എന്ന ലേഖനം വായിച്ചാൽ മതി. എന്തൊരു ബോറൻ സാധനം!

വരട്ടെ, വന്നാലുമതിന്റെ കൂടെ
images/Dostoevskij1863.jpg
ദസ്തെയെവ്സ്കി

ദസ്തെയെവ്സ്കി യുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവലിലെ ഒരു ഭാഗം: കൊലപാതകം ചെയ്ത റസ്കൽനികഫ് വേശ്യയെങ്കിലും മനസാക്ഷിയുള്ള സൊന്യായെ കാണാനെത്തുന്നു. അവളെ നോക്കാതെ അയാൾ നിശബ്ബ്ദനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒടുവിൽ അവളുടെ അടുത്തെത്തി. അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ തോളുകൾ കൈകൾകൊണ്ടു പിടിച്ച് കണ്ണീരൊഴുകുന്ന മുഖത്തേക്കു് അയാൾ നോക്കി. അയാളുടെ കണ്ണൂകളിൽ ജലമേ ഇല്ല. വിങ്ങിയിരിക്കുന്നു അവ. തുളച്ചു കയറുന്നവയും. അയാളുടെ ചുണ്ടുകൾ വല്ലാതെ വിറച്ചു… പെട്ടെന്നു്, വേഗത്തിൽ അയാൾ കുനിഞ്ഞു. താഴെവീണു. എന്നിട്ടു് അവളുടെ കാലു് ചുംബിച്ചു. അയാൾക്കു ഭ്രാന്താണെന്നപോലെ സൊന്യ ഭയപ്പെട്ടു പിന്മാറി. സത്യത്തിൽ അയാൾ മുഴുഭ്രാന്തനായി കാണപ്പെട്ടു. അവൾ പിറുപിറുത്തു. “നിങ്ങൾ എന്താണു ചെയ്യുന്നതു? ഇതെന്തിനു ചെയ്തു? അതും എന്നോടു്” വിളറിവെളുത്തു അവൾ. വേദനയാർന്നു് അവളുടെ ഹൃദയം ചുരുങ്ങി. അയാൾ വേഗമെഴുന്നേറ്റു. ഏതാണ്ടു വിചിത്രമായിപ്പറഞ്ഞു. “ഞാൻ നമസ്കരിച്ചതു് നിന്റെ മുൻപിലല്ല. വേദനിക്കുന്ന മനുഷ്യരാശിയുടെ മുൻപിലാണു്”. I did not bow down to you. I bowed to the whole of suffering humanity – Pocket Books Translated by Michael Scammell – p. 332. I prostrated myself not to you. But to all human suffering – Raduga Publishers, Moscow. Translated by Julius Katzer – p. 343)

സൊന്യായോടു റസ്കൽനിക്കഫ് പറഞ്ഞ ഈ വാക്കുകൾ ശ്രേഷ്ഠഭാഷണമായി കരുതപ്പെടുന്നു. Supreme utterance. മുൻപു് ഉപയോഗിച്ച ഒരു ഉപമ വീണ്ടും ഉപയോഗിക്കട്ടെ. കുളത്തിലേക്കു് എറിഞ്ഞ കല്ലു് ആയിരമായിരം തരംഗങ്ങൾ നിർമ്മിക്കുന്നതുപോലെ ദസ്തെയെവ്സ്കിയുടെ ഈ പദങ്ങൾ നമ്മുടെ മനസ്സിൽ അനുഭവപരമ്പരകൾ ഉളവാക്കുന്നു. അർത്ഥാന്തരങ്ങൾ ഉളവാക്കുന്നു. വാക്കുകൾക്കപ്പുറത്തുള്ള ഒരു മണ്ഡലത്തിൽ നമ്മൾ ചെല്ലുന്നു. ഇതാണു് മഹനീയമായ സാഹിത്യം.

ഇനി മറ്റൊരു ഭാഗം. ‘അന്നാകരേനിന’ എന്ന നോവലിൽ നിന്നു്. തീവണ്ടിയിൽ വരുന്ന അമ്മയെ കാണാൻ സൈനികോദ്യോഗസ്ഥനായ വ്രൊൺസ്കി പ്ളാറ്റ്ഫോമിൽ വന്നു നിൽക്കുകയാണു്. അയാൾ അമ്മയെ കണ്ടു. അവരുടെ കൂടെയുള്ള അന്ന എന്ന സുന്ദരിയായ യുവതിയേയും. അപ്പോൾ അവൾ വ്രൊൺസ്കിയോടു പറഞ്ഞു: Yes, the countess and I spent the whole time talking, she about her son and I about mine.വ്രൊൺസ്കി അന്നയുടെ കാമുകനാകാൻ പോകുന്നു. അതിന്റെ ഫലമായി അവൾ തീവണ്ടിച്ചക്രങ്ങൾക്കടിയിൽ തലവയ്ക്കാൻ പോകുന്നു. അതു മനസ്സിലാക്കിയോ മനസ്സിലാക്കാതെയോ ആ വരികൾ വായിക്കൂ. താനും അയാളുടെ അമ്മയും അന്നുമുഴുവൻ സമയവും സംസാരിക്കുകയായിരുന്നു. അവർ സ്വന്തം മകനെക്കുറിച്ചും അന്ന തന്റെ മകനെക്കുറിച്ചും, ഞാൻ വിവാഹിതയാണു്, എനിക്കു മകനുണ്ടു്. എന്റെ സൗന്ദര്യം കണ്ടു നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല. അതാസ്വദിക്കാൻ മറ്റൊരാളുണ്ടു്’ എന്നൊക്കെയാണു് അർത്ഥാന്തരങ്ങൾ. ‘നിങ്ങളെക്കുറിച്ചു നിങ്ങളുടെ അമ്മ വാതോരാതെ സംസാരിച്ചു’വെന്നു് അന്ന പറയുമ്പോൾ അവൾക്കു വ്രൊൺസ്കിയോടു തോന്നുന്ന അടുപ്പവും വ്യക്തമാണു്. ഇതും ശ്രേഷ്ഠഭാഷണമത്രേ. അന്നയുടെയും ഭാവികാമുകന്റെയും ജീവിതത്തിന്റെ ട്രാജഡിയാകെ ആ വാക്യങ്ങളിലുണ്ടു്. ഇതുതന്നെയാണു് ‘ഗ്രേറ്റ് റൈറ്റിങ്ങ്.’

ഇതിനെക്കുറിച്ചാണു് കെ. പി. വിജയൻ മറ്റൊരുതരത്തിൽ പ്രതിപാദിക്കുന്നതു്. “അർത്ഥത്തിനപ്പുറം എത്തുന്ന ഭാഷ” എന്ന ലേഖനത്തിൽ പല ഉദാഹരണങ്ങളും നൽകിയിട്ടുണ്ടു്. പക്ഷേ, അവയിൽ ഒന്നുപോലും അർത്ഥത്തിനപ്പുറം എത്തുന്ന ഭാഷയായി കാണപ്പെടുന്നില്ല. “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി” എന്നു തുടങ്ങുന്ന വരികൾ എടുത്തെഴുതിയിട്ടു് അർത്ഥത്തിനപ്പുറം സൗന്ദര്യത്തിന്റെ ഒരു മഹാപ്രപഞ്ചംതന്നെ അദ്ദേഹം (ചങ്ങമ്പുഴ) സഹൃദയരുടെ മുൻപിൽ അവതരിപ്പിക്കുന്നു എന്നു് വിജയൻ എഴുതുന്നു.

ചങ്ങമ്പുഴയുടെ വരികൾ ശ്രദ്ധിച്ചു വായിക്കൂ. അവ ഒരു ഇമേജും പ്രദാനം ചെയ്യുന്നില്ലെന്നു ഗ്രഹിക്കാം. അർത്ഥമുണ്ടോ? ഇല്ല. പിന്നെയല്ലേ അർത്ഥത്തിനപ്പുറമുള്ള ലോകം വരുന്നുള്ളൂ. സ്വരങ്ങളെയും വ്യജ്ഞനങ്ങളെയും ‘തരപ്പെടുത്തി’ ഒരുതരം ബാഹ്യസംഗീതം സൃഷ്ടിക്കുകയാണു് കവി. കവിതയിലെ സംഗീതം ബഹിർഭാഗസ്ഥമായിരിക്കരുതു്. അതു് ആന്തരമായിരിക്കണം. ആ ആന്തരസംഗീതത്തെയാണു് ലയമെന്നു വിളിക്കുന്നതു്. അർത്ഥത്തിനപ്പുറമുള്ള ലോകത്തെ ആവിഷ്കരിക്കുന്നതിനു് ഉദാഹരണമായി സി. ജെ തോമസി ന്റെ സഹധർമ്മിണി എഴുതിയ ഓർമക്കുറിപ്പിൽ നിന്നു് ഒരു ഭാഗം ഉദ്ധരിക്കുന്നുണ്ടു് വിജയൻ. അതിലും ഒന്നുമില്ല. “അടുത്തു പ്രസിദ്ധീകരിക്കുന്ന ‘ഗദ്യശില്പി’ എന്ന പുസ്തക”ത്തിലെ ഒരു ഭാഗമാണത്രേ ഈ ലേഖനം. പുസ്തകം വരട്ടെ. അതും സഹിക്കുന്ന “മനക്കരുത്തുണ്ടാക്കുന്നതല്ലോ ഭുവനസ്വഭാവം”.

തിരുവനന്തപുരത്തെ റോഡുകളിൽ കരിങ്കൽച്ചില്ലികൾ കൂട്ടിയിരിക്കുന്നു. സിറ്റി ബസ്സ് അതിന്റെ അടുക്കലാണു് നിറുത്തുക. യാത്രക്കാരൻ കരിങ്കൽക്കഷണങ്ങളിൽ ചവിട്ടി ഇറങ്ങുന്നു. അവ ചരിച്ചു് ഇട്ടിരിക്കുന്നതുകൊണ്ടു് കാലു തെന്നുന്നു. അതിനിടയ്ക്കു് ചലനം കൊള്ളുന്ന ബസ്സിന്റെ അടിയിലാകുന്നു കാലു്. (എനിക്കു നേരിട്ട ആപത്തു്. ഭാഗ്യംകൊണ്ടോ ദൗർഭാഗ്യംകൊണ്ടോ കാലു് ചതഞ്ഞില്ല.) കരിങ്കൽച്ചില്ലകൾ റോഡ് നന്നാക്കാനുള്ളവയാണു്. പക്ഷേ, ഇടേണ്ട സ്ഥലത്തു വേണം അവ ഇടാൻ. ലേഖനമെഴുതാം. ഉചിതജ്ഞതയുടെ കുറവും ആലോചനയുടെ ഇല്ലായ്മയുമാണു് അതിനു പ്രേരണങ്ങളാവുന്നതെങ്കിൽ കാലു് ഇല്ലാതെയാവുന്നതിനെക്കാൾ വലിയ ആപത്തു് സംഭവിക്കും.

സയാമീസ് ഇരട്ട

ചൈനാക്കാരായ അച്ഛനമ്മമാർക്കു ജനിച്ച ചാങ്ങും എങ്ങു മാണു് സയാമീസ് ഇരട്ടകൾ. 1811-ലാണു് അവർ ജനിച്ചതു്. തമ്മിൽച്ചേർന്നിരുന്ന അവർ വിവാഹം കഴിച്ചു. ഇരുപത്തിരണ്ടു സന്താനങ്ങളുടെ പിതാക്കന്മാരായി. 1874-ൽ മരിച്ചു. ഒരാൾ മരിച്ചു രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ മറ്റേയാളും മരിച്ചു. ഈ യഥാർത്ഥ സംഭവത്തെ അവലംബിച്ചാണു് സയാമീസ് ഇരട്ട എന്ന പേരു് തമ്മിൽ ചേർന്നു ജനിക്കുന്ന കുട്ടികൾക്കു് ഉണ്ടായതു്. വയറു്, നെഞ്ച്, മുതുക്, ഇവയൊക്കെചേർന്നു് ഇരട്ടയുണ്ടാകാം. പ്രാണാധാരങ്ങളായ അവയവങ്ങൾ രണ്ടിനും പ്രത്യേകം പ്രത്യേകമില്ലെങ്കിൽ അവയെ വേർപെടുത്താനൊക്കുകയില്ല. ചങ്ങമ്പുഴ കൃഷ്ണപിള്ളയും ചങ്ങമ്പുഴ പ്രഭാകരനും സയാമീസ് ഇരട്ടയല്ല. കൃഷ്ണപിള്ളയും പ്രഭാകരനും രണ്ടുകാലങ്ങളിലായി ജനിച്ചു. കൃഷ്ണപിള്ള പോയി. പ്രഭാകരൻ ഉണ്ടു്. എങ്കിലും അവർ സയാമീസ് ഇരട്ടതന്നെ. അല്ലെങ്കിൽ ചങ്ങമ്പുഴ പ്രഭാകരൻ താഴെച്ചേർക്കുന്ന വരികൾ എങ്ങനെ എഴുതും?

അങ്കുരിതരസോന്മദസ് ഫൂർത്തി

തങ്കിടുന്ന കിനാക്കളെ പുല്കി

കാല്പനിക സൗന്ദര്യം വരച്ചു

കാട്ടുവാനെളുതാണെന്റെ ചിത്തം

(എക്സ്പ്രസ് ആഴ്ചപ്പതിപ്പു്)

കൃത്രിമം

തിരുവനന്തപുരത്തെ റോഡുകളിൽ കരിങ്കൽച്ചില്ലികൾ കൂട്ടിയിരിക്കുന്നു. സിറ്റി ബസ്സ് അതിന്റെ അടുക്കലാണു് നിറുത്തുക. യാത്രക്കാരൻ കരിങ്കൽക്കഷണങ്ങളിൽ ചവിട്ടി ഇറങ്ങുന്നു. അവ ചരിച്ചു് ഇട്ടിരിക്കുന്നതുകൊണ്ടു് കാലു തെന്നുന്നു. അതിനിടയ്ക്കു് ചലനം കൊള്ളുന്ന ബസ്സിന്റെ അടിയിലാകുന്നു കാലു്. കരിങ്കൽച്ചില്ലികൾ റോഡ് നന്നാക്കാനുള്ളവയാണു്. പക്ഷേ, ഇടേണ്ട സ്ഥലത്തിടണം.

സെക്കൻഡ് ഫോമിൽ പഠിക്കുന്ന കാലംതൊട്ടു് ഞാൻ സാഹിത്യത്തിൽ, സംഗീതത്തിൽ തൽപ്പരനായിരുന്നു. ഫോർത്ത് ഫോമിലെത്തിയപ്പോൾ ആ തൽപ്പരത്വം വികാസംകൊണ്ടു. അന്നു് വള്ളത്തോളിന്റെ “കോഴി” എന്ന കാവ്യമാണു് ഏറ്റവും ഉത്കൃഷ്ടമെന്നു ഞാൻ വിചാരിച്ചു. വൈക്കം വാസുദേവൻനായരുടെ പാട്ടാണു് ഉത്തമമായ സംഗീതമെന്നു കരുതി. വൈക്കം വാസുദേവൻ നായരും കൂടി അഭിനയിച്ച ‘യാചകി’യാണു് ഏറ്റവും നല്ല നാടകമെന്നു വിശ്വസിച്ചു. 1950-ൽ റ്റി. എസ്. എല്യറ്റ് വലിയ കവിയാണെന്നു കരുതി. ഇന്നു് ആ വിചാരങ്ങളില്ല. “കോഴി”യെക്കാൾ വൈക്കം വാസുദേവൻനായരുടെ പാട്ടിനെക്കാൾ, ‘യാചകി’യെക്കാൾ, എല്യറ്റിന്റെ കവിതയെക്കാൾ കേമമായി ഈ ലോകത്തു പലതുമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. മുണ്ടശ്ശേരി യെ ജയിക്കാൻ ഒരു നിരൂപകനുണ്ടോ എന്നു് 1945-ൽ ഞാൻ ചോദിച്ചിരുന്നു. ഇന്നു് അതോർമ്മിക്കുമ്പോൾ ലജ്ജിക്കുന്നു. എല്യറ്റിന്റെ ‘വേസ്റ്റ് ലാൻഡ് ’ ഒരാശാരിപ്പണി മാത്രമാണെന്നാണു് ഇന്നത്തെ എന്റെ ചിന്ത. അല്പം ചങ്കൂറ്റമുള്ള ആർക്കും അതെഴുതാം എന്നു ഞാൻ വിചാരിക്കുന്നു. ഇതു പരിപാകം എന്ന മാനസിക നിലയാണോ? ആണെങ്കിൽ ആ പരിപാകത്തോടെ പറയട്ടെ. ‘കലാകൗമുദി’യിൽ ജോർജ് ജോസഫ് കെ. എഴുതിയ “ചാവുകടൽ” കൃത്രിമമാണെന്നു്. അച്ഛൻ അമ്മയെ കൊന്നു കുഴിച്ചിടുന്നതു മകൻ കാണുന്നു. മകൻ അച്ഛനെ കൊന്നു കുഴിച്ചിടുന്നു. ഒടുവിൽ ശവക്കുഴികൾ തോണ്ടി നോക്കുന്നു മകൻ. അമ്മയില്ല, അച്ഛനില്ല, ആരുമില്ല. ഇതു ഫാന്റസിയാണോ? മാനുഷിക ബന്ധങ്ങൾ ആവിഷ്കരിക്കാത്ത, ജീവിതസ്പന്ദമില്ലാത്ത ഈ രചന സാഹിത്യമാണോ? ഇതു് ഉത്കൃഷ്ടമായ കഥയാണെന്ന വിചാരം ഈ ജീവിതം അസ്തമിക്കുന്നതിനു മുൻപു് എനിക്കുണ്ടാകുമോ?

വടക്കുനോക്കിയന്ത്രം വടക്കോട്ടേ നോക്കൂ. ഇതെഴുതുന്ന ആൾ പടിഞ്ഞാറോട്ടു മാത്രം നോക്കുന്നുവെന്നു പരാതി. അതുകൊണ്ടു് ഞാൻ ടെലിവിഷനിലൂടെ വടക്കോട്ടു നോക്കി. ഗോസായികൾ കവിത ചൊല്ലുന്നു. ഓരോ പ്ളാറ്റിറ്റ്യൂഡിനും (മുഷിപ്പിക്കുന്ന സാധാരണമായ പ്രസ്താവം) വാഹ് വാഹ് വിളികൾ. ‘ഉരുണ്ട ഭൂമി’ എന്നു കവി. ബാക്കിയുള്ളവൻ ഒന്നിച്ചു ചേർന്നു് ‘വാഹ് വാഹ്’. ‘വന്നു വസന്തം’ എന്നു് വേറൊരു കവി. മറ്റുള്ളവർ വിളിക്കുന്നു ‘വാഹ്, വാഹ് ’. എന്തൊരു ഹിപൊക്രിസി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-09-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.