ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നവനാണെങ്കിലും വിഗ്രഹാരാധനയിൽ വിശ്വാസമുള്ളവനല്ല. അതുകൊണ്ടു് ഒരമ്പലത്തിലും പോകാറില്ല. ഈ ജീവിതത്തിന്റെ ഇനിയുള്ള ചെറിയ കാലയളവിൽ വനഭംഗി ആസ്വദിക്കാൻ പോലും ഞാൻ ശബരിമലയിൽ പോകില്ല. വിഗ്രഹാരാധനയെ സംബന്ധിച്ചു ജെ. കൃഷ്ണമൂർത്തി പറയുന്നതിനോടാണു് ഞാൻ യോജിക്കുക. “അമ്പലത്തിൽ എന്തുണ്ടു്? മനുഷ്യൻ തന്റെ ഭാവനയ്ക്കു് യോജിച്ച മട്ടിൽ കൊത്തിവച്ച വിഗ്രഹം. വിഗ്രഹം പ്രതീകമായിരിക്കാം. പക്ഷേ, അതു് വിഗ്രഹം മാത്രമാണു്. അതു് സത്യാത്മകമല്ല. പ്രതിരൂപവും വാക്കും ഏതേതു വസ്തുക്കളെ സൂചിപ്പിക്കുന്നുവോ ആ വസ്തുക്കളല്ല. ‘വാതിൽ’ എന്ന വാക്കു് വാതിലല്ല. ആണോ? വാക്കു് വസ്തുവല്ല. ആരാധനയ്ക്കായി നമ്മൾ അമ്പലത്തിൽ പോകുന്നു—ഏതിനെ ആരാധിക്കാൻ? വിഗ്രഹം പ്രതീകമാണെന്നു് സങ്കല്പം. എന്നാൽ പ്രതീകം യഥാർത്ഥ വസ്തുവല്ല. അതുകൊണ്ടു് എന്തിനു് അതിന്റെ അടുത്തുപോകണം?” (Think on These Things, Harper Row, P. 42). അമ്പലത്തിൽ പോകുന്നതിനെ സംബന്ധിച്ചു് ഇതെഴുതുന്ന ആളിന്റെ മതമിതാണെങ്കിലും ഒരിക്കൽ അയാൾ ഗുരുവായൂരമ്പലത്തിനകത്തു് ആയിപ്പോയി. ഒരാളിന്റെ നിർബന്ധത്തിനു വഴങ്ങി അമ്പലത്തിനകത്തു വച്ചു നടത്തിയ വിവാഹത്തിനു സാക്ഷിയായി നിൽക്കേണ്ടി വന്നു എനിക്കു്. കൊടിമരത്തിനടുത്തു് നിന്ന എന്റെ അടുക്കൽ നേരിയതുടുത്തു് കസവു നേരിയതു് അരയിൽ കെട്ടി തൊഴുകൈയോടെ നിൽക്കുന്ന കുലീനൻ. അന്തസ്സും ആഭിജാത്യവുമുള്ള മുഖഭാവം, ആകൃതി. പുത്തേഴത്തു് രാമൻ മേനോൻ. അദ്ദേഹം എന്നെ നോക്കി ചോദിച്ചു: “എവിടെയോ വച്ചു കണ്ടിട്ടുണ്ടല്ലോ?” ഞാൻ എന്റെ പേരു പറഞ്ഞിട്ടു് “Sir, we spoke from the same platform… ” അമ്പലത്തിനകത്തും ‘ആംഗല’വാണിയോ എന്ന രീതിയിൽ അദ്ദേഹം എന്നെ ഒന്നു നോക്കി. പിന്നെ പലകാര്യങ്ങളും സംസാരിച്ചു. സംഭാഷണത്തിനിടയിൽ ഞാൻ ഒരാളുടെ ദോഷം പറയാൻ ഭാവിച്ചു. അപ്പോൾ പുത്തേഴത്തു് രാമൻ മേനോൻ എന്നെ തടഞ്ഞുകൊണ്ടു പറഞ്ഞു. “നിങ്ങൾ പറഞ്ഞ ആ മനുഷ്യൻ എന്റെയും ശത്രുവാണു്. പക്ഷേ, ആരുടെയും ദോഷം പറയരുതു്. വിശേഷിച്ചും അമ്പലത്തിനകത്തുവച്ചു്.” അദ്ദേഹത്തിന്റെ ആ നിർദ്ദേശം എനിക്കു് മാർഗ്ഗദർശകമായി. ഇപ്പോഴും ഞാൻ ചിലരുടെ ദോഷങ്ങൾ പറയാറുണ്ടു്. പക്ഷേ, അതിനു ഭാവിക്കുമ്പോഴെല്ലാം അന്തസ്സും ആഭിജാത്യവുമുള്ള ഒരു മഹാവ്യക്തി നേരിയതുടുത്തു് നേരിയതു് അരയിൽകെട്ടി എന്റെ അടുത്തു വന്നു് നിൽക്കാറുണ്ടു്; എന്നെ കുത്സിതകർമ്മത്തിൽ നിന്നു് പിന്തിരിപ്പിക്കാറുണ്ടു്.
ഈ പട്ടണം അപവാദവ്യവസായത്തിൽ അഭിവൃദ്ധി നേടിയിരിക്കുന്നു. സാഹിത്യകാരന്മാരുടെ ഭവനങ്ങളാകാം. പൊതുസ്ഥാപനങ്ങളാകാം. കസേരകളിൽ വൈരസ്യത്തോടെ ഇരിക്കുന്നവരുടെ ഇടയിലേക്കു് ഒരാൾ കടന്നു വരുന്നു. അയാളുടെ ഉദീകരണം. “കേട്ടില്ലേ …രുടെ പ്രവൃത്തി… ” കസേരകൾ വലിച്ചടുപ്പിക്കുന്നതിന്റെ ശബ്ദം. കാതുകൾ ചേരുന്ന കാഴ്ച. “ആങ്ഹാ, അങ്ങനെയോ? ഭയങ്കരൻ!” എന്നൊക്കെ വിസ്മയം കലർന്ന ചോദ്യങ്ങളും ആശയാവിഷ്കാരങ്ങളും. എന്തുകൊണ്ടു് കസേരകൾ അടുത്തു, എന്തുകൊണ്ടു് കാതു് കാതോടു ചേർന്നു എന്നു് ആലോചിച്ചു നോക്കിയിട്ടുണ്ടോ പ്രിയപ്പെട്ട വായനക്കാർ? ആലോചിച്ചാൽ അധമത്വമാർന്ന മനസ്സു് അധമത്വമാർന്ന മറ്റൊരു മനസ്സിനോടു് അടുക്കും എന്ന സത്യം ഉടനെ ഗ്രഹിക്കാൻ കഴിയും. അധമത്വത്തെ തടയാൻ ഉത്കൃഷ്ടമായ മനസ്സു് ഇല്ല. വല്ലപ്പോഴും അതിന്റെ ഉടമസ്ഥൻ ഗുരുവായൂരമ്പലത്തിൽ നിന്നെന്നുവരും. അത്രേയുള്ളൂ. സാഹിത്യത്തിലും ഈ തത്ത്വം ചേരും. മീഡിയോക്കർ മനസ്സുകളാണു് (ഇടത്തരക്കാർ) മീഡിയോക്കർ സാഹിത്യത്തിൽ രസിക്കുന്നതു്. ഉദാത്തമനസ്സു് വിരളം. അതിനാൽ അധമസാഹിത്യത്തിനു് അറുതിയില്ല.
പ്രാകൃതമനസ്സുകളേ വരൂ. ദേവസ്സി ചിറ്റമ്മൽ എഴുതിയ “മഗ്ദലനയുടെ ചിരി” എന്ന പ്രാകൃതകഥയിൽ അഭിരമിക്കൂ. Unlike poles attract and like poles repel each other എന്നതു് ശാസ്ത്രത്തിലെ സത്യം മാത്രമാണു്. സാഹിത്യത്തിൽ like poles തമ്മിൽ ആകർഷണമേയുള്ളൂ. ഒരുത്തൻ ഒരുദ്യാനത്തിൽ ഇരിക്കുന്നു. അവിടെ ഒരു കാബറെ നർത്തകി വന്നു വ്യഭിചാരത്തിനു് അയാളെ ക്ഷണിക്കുന്നു. രോഗം പിടിച്ചുകിടക്കുന്ന അച്ഛനു മരുന്നുവാങ്ങാൻ അവൾക്കു് പണം വേണം. സഹതാപം കൊണ്ടു് അയാൾ നീട്ടിയ കറൻസി നോട്ട് വാങ്ങാതെ അവൾ വ്യഭിചാരത്തിനായി ഒരു ചെറുപ്പക്കാരനെയും കൂട്ടി പോകുന്നു. ജീവിക്കാൻ മാർഗ്ഗമില്ലാതെയാണു് കാബറെ നൃത്തം നടത്തുന്നതെന്നും ദാരിദ്ര്യം കൊണ്ടാണു് വ്യഭിചരിക്കുന്നതെന്നും ധ്വനി. സഹതാപം പുല്ലാണു് അവൾക്കു് എന്നും ധ്വനി. കഥ എഴുതാൻ കഴിവുള്ളവർ ഈ വിഷയം കൈകാര്യം ചെയ്തിരുന്നെങ്കിൽ! ഇതു് നല്ല കഥയാകുമായിരുന്നു. കാരൂർ നീലകണ്ഠപ്പിള്ള ഈവിധത്തിലൊരു വിഷയം പ്രതിപാദിച്ചിട്ടുണ്ടു്. ഹൃദയത്തിന്റെ അടിത്തട്ടിലേക്കു കടക്കുന്ന കഥയാണതു്. (രോഗാർത്തനായി കിടക്കുന്ന അച്ഛന്റെ ചികിത്സയ്ക്കു് പണമുണ്ടാക്കാനായി വ്യഭിചരിക്കുന്ന മകളുടെ കഥ). കാരൂരിന്റെ കഥയ്ക്കും-“ചെകുത്താനും”-ദേവസ്സി ചിറമ്മലിന്റെ കഥയ്ക്കും തമ്മിലുള്ള വ്യത്യാസം ഒന്നൊന്നായി എഴുതാം.
- കാരൂരിന്റെ കഥയിൽ സാഹിത്യപരമായ ആവിഷ്കാരമുണ്ടു്. ഒരുദാഹരണം. “അവൾ പാതിരായ്ക്കു് കടലയ്ക്കാച്ചിമ്മിണി കത്തിച്ചു. തല തിരിച്ചു വച്ച ഒരു കെട്ടുതാലി പോലെ അതിന്റെ ദീപം മിന്നി.” ദീപത്തിനും തല തിരിഞ്ഞ കെട്ടുതാലിക്കുമുള്ള ഈ സാദൃശ്യം അവളുടെ ഭാവിജീവിതത്തെ സൂചിപ്പിക്കുന്നു. ദേവസ്സിയുടെ കഥയിൽ സാഹിത്യത്തോടു് ബന്ധപ്പെട്ട ഒരു വാക്യവുമില്ല.
- സത്യത്തെ സംബന്ധിച്ചുള്ള കാരൂരിന്റെ ‘വിഷൻ’ സ്ഥൂലീകരിക്കപ്പെട്ടതല്ല. അതു് യഥാതഥമാണു്. ദേവസ്സിക്കു് വിഷനേ ഇല്ല. പിന്നല്ലേ സ്ഥൂലീകരണം വരുന്നുള്ളൂ.
- ചലനാത്മകമാണു് കാരൂർക്കഥ. ചലനരഹിതമാണു് ദേവസ്സിക്കഥ.
- കാരൂർ വായനക്കാരെ കലയുടെ പ്രകാശപൂർണ്ണമായ ലോകത്തു കൊണ്ടുചെല്ലുന്നു. ദേവസ്സി അവരെ ജർണ്ണലിസത്തിന്റെ അന്ധകാരത്തിലേക്കു കൊണ്ടുചെല്ലുന്നു. കാരൂരിന്റെതു് സമുദായത്തിനു പ്രയോജനമുള്ള പ്രവർത്തനം. ദേവസ്സിയുടെതു് സമുദായത്തെ ദ്രോഹിക്കുന്ന പ്രവർത്തനം.
ജീവിതത്തിൽ ഏറ്റവും വലിയ വേദന തോന്നുന്നതു് നമ്മെക്കുറിച്ചു് അപവാദം പ്രചരിക്കുന്നുവെന്നു് അറിയുമ്പോഴും നന്ദികേടു് കാണുമ്പോഴുമാണു്. ഇവ രണ്ടിനെയും തൃണവൽഗണിക്കാൻ നമുക്കു് എപ്പോൾ കഴിയുമോ അപ്പോഴാണു് സ്വസ്ഥത ലഭിക്കുക.
ജീവിതത്തിൽ ഏറ്റവും വലിയ വേദന തോന്നുന്നതു് നമ്മെക്കുറിച്ചു് അപവാദം പ്രചരിക്കുന്നുവെന്നു് അറിയുമ്പോഴും നന്ദികേടു് കാണുമ്പോഴുമാണു്. ഇവ രണ്ടിനെയും തൃണവൽഗണിക്കാൻ നമുക്കു് എപ്പോൾ കഴിയുമോ അപ്പോഴാണു് സ്വസ്ഥത ലഭിക്കുക. അപവാദത്തെക്കുറിച്ചു് മുകളിൽ പറഞ്ഞു കഴിഞ്ഞു. എങ്കിലും ഒന്നു രണ്ടു കാര്യങ്ങൾ കൂടി എഴുതാം. നമ്മൾ അപരാധം ചെയ്തുവെന്നിരിക്കട്ടെ അല്ലെങ്കിൽ നിഷ്കളങ്കരാണെന്നിരിക്കട്ടെ. അപരാധം ചെയ്തിട്ടുണ്ടെങ്കിൽ അതു് പറഞ്ഞു പരത്തുന്നവൻ നമ്മെക്കാൾ ഹീനനാണു്. കാരണം അവന്റെ ദുഷ്പ്രവാദവാഞ്ഛ അവന്റെ തന്നെ ക്രൂരതയോടു ബന്ധപ്പെട്ടിരിക്കുന്നു എന്നതു തന്നെ. ചെറുപ്പത്തിൽ വളരെയേറെ സ്ത്രീകളുടെ ചാരിത്ര്യം നശിപ്പിച്ചവൻ അവൻ ഒട്ടൊക്കെ വൃദ്ധനായിക്കഴിഞ്ഞാൽ മറ്റു ചെറുപ്പക്കാർ വ്യഭിചാരികളാണെന്നു പ്രചരിപ്പിക്കും. തന്റെ പഴയ കുറ്റത്തെക്കുറിച്ചുള്ള ബോധമാണു് അവനെ അപവാദതല്പരനായി മാറ്റുന്നതു്. ഇങ്ങനെയുള്ളവനെ അകറ്റുകയും അവൻ പറയുന്ന വൃത്തികേടു് നമ്മോടു പറയുന്നവനെ ആട്ടിയോടിക്കുകയും വേണം. എന്നിട്ടു് നമുക്കു് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഭയം കൂടാതെ അനുഷ്ഠിച്ചുകൊള്ളണം.
രണ്ടാമത്തേതു് നന്ദികേടാണു്. ഈ ലോകത്തു് ഏതു മനുഷ്യനും സ്വാർത്ഥനാണു്. അവൻ മറ്റൊരുത്തനിൽ നിന്നു് സഹായം സ്വീകരിച്ചു് നന്നായിട്ടു് അവനെ കണ്ടില്ലെന്നു ഭാവിച്ചേക്കാം. ആ നന്ദികെട്ടവനോടു് ദേഷ്യം തോന്നുന്നതു് സ്വാഭാവികം. എങ്കിലും ലോകമിങ്ങനെയാണു്, ജീവിതമിങ്ങനെയാണു് എന്ന പരമാർത്ഥം മനസ്സിലാക്കിയാൽ ദേഷ്യമകന്നു പോകും. നമ്മൾ തിടുക്കത്തിൽ പോകുമ്പോൾ കരിങ്കൽക്കഷണത്തിൽ കാലു തട്ടിയാൽ, കാലു മുറിഞ്ഞാൽ ആ കരിങ്കൽക്കഷണത്തോടു് കോപം കാണിക്കുമോ? (ഷോപൻഹോവർ). വഴിയിൽ കിടക്കുക, കാഠിന്യം കൊണ്ടു് പാന്ഥപാദം ക്ഷതപ്പെടുത്തുക എന്നതു് കരിങ്കല്ലിന്റെ സ്വഭാവമാണു്. സ്വാർത്ഥനായ മനുഷ്യൻ കൃതഘ്നത കാണിക്കും. അതു് അവന്റെ സ്വഭാവം. ഈ സത്യം ഗ്രഹിക്കുമ്പോൾ കോപവും ദുഃഖവും അകന്നു പോകും. ജീനിയസ് നോവൽ രചനയിൽ ഏർപ്പെട്ടിരിക്കുമ്പോൾ അതിനു തടസ്സം വരുത്താനായി കാലത്തു് ഒരുത്തൻ വീട്ടിലെത്തുന്നു. ‘ഒരാൾ കാണാൻ വന്നുനിൽക്കുന്നു’ എന്നു് ഭാര്യ വന്നു് അറിയിക്കുമ്പോൾ ‘സമയമില്ലെന്നു പറയൂ’ എന്നു് ഭർത്താവു് ഗർജ്ജിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ജീനിയസ്സിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്താൻ വന്നവനു് ഒരധികാരവുമില്ല. വേറൊരുത്തൻ കാലത്തു് പൂജാമുറിയിൽ കയറിയിരിക്കുന്നു. അയാളെ കാണാൻ ഒരുത്തൻ വരുന്നു. ഭക്തിയും ഒരു പ്രവാഹം തന്നെ. ആരാധന മുടക്കി ആഗതനെ സന്തോഷിപ്പിക്കേണ്ടതില്ല. പണം സമ്പാദിക്കലും പ്രവാഹമത്രേ. അതിനോടൊത്തു് സ്വാർത്ഥൻ നീന്തിത്തുടിക്കുമ്പോൾ പണ്ടത്തെ ഉപകർത്താവു് അയാളുടെ കാലിൽ കടന്നു പിടിച്ചാൽ അവൻ കാലു കുടഞ്ഞ് പിടിക്കുന്നവനെ വെള്ളത്തിൽ മുക്കിക്കളയും. കരിങ്കല്ലിന്റെ കാഠിന്യം അതിന്റെ സ്വഭാവമായിരിക്കുന്നതുപോലെ കൃതഘ്നതയും സ്വാർത്ഥന്റെ സ്വഭാവം. അതിൽ അദ്ഭുതപ്പെടേണ്ടതില്ല, വിഷാദിക്കേണ്ടതില്ല. സ്വാർത്ഥരഹിതന്മാർ കഷ്ടപ്പെടും; ചിലപ്പോൾ കടത്തിന്റെ പേരിൽ ജയിലിൽ പോകും. അതു് അവന്റെ സ്വഭാവത്തിന്റെ ഫലം. ഈ ചിന്തകളൊക്കെ എന്നിലുളവായതു് മനോരാജ്യത്തിൽ ചന്ദു എഴുതിയ ‘മൂല്യം’ എന്ന കഥ വായിച്ചതിനാലാണു്. അമ്മാവൻ പ്രോവിഡന്റ് ഫണ്ടിൽ നിന്നു് കടമെടുത്ത ആറായിരം രൂപ കൊണ്ടു് അനന്തരവൻ നന്നാകുന്നു. പിൽക്കാലത്തു് ധനികനാവുന്നു. ഉപകർത്താവായ അമ്മാവൻ ദരിദ്രനായി മാറുന്നു. അനന്തരവൻ കാലു കുടഞ്ഞ് അയാളെ വെള്ളത്തിൽ താഴ്ത്തുന്നു. സത്യാത്മകമായ ഒരു സാധാരണ സംഭവത്തെ അവിദഗ്ദ്ധതകൊണ്ടു് അസത്യാത്മകമാക്കിയിരിക്കുന്നു കഥാകാരൻ. കള്ളനു സ്ഥാനം ജയിൽ. കൊലപാതകിക്കു് തൂക്കുമരം. ഇക്കഥയ്ക്കു് സ്ഥാനം മനോരാജ്യം വാരികയല്ല. ആപ്പീസിൽ ഉണ്ടാകാനിടയുള്ള ചവറ്റുകുട്ടയാണു്.
കൃതഘ്നതയുള്ളവനെ വാഴ്ത്തുകയാണോ നിങ്ങൾ? നന്ദികേടിനെ നീതിമത്കരിക്കുകയാണോ നിങ്ങൾ? ഈ ചോദ്യങ്ങൾ ചിലർ ചോദിക്കുന്നതു് ഞാൻ കേൾക്കുന്നു. ഞാൻ നന്ദികെട്ടവനെ വാഴ്ത്തിയില്ല. കൃതഘ്നതയെ നീതിമത്കരിച്ചതുമില്ല. ജീവിതത്തിന്റെ, മനുഷ്യന്റെ സ്വഭാവം എന്താണെന്നു വ്യക്തമാക്കിയതേയുള്ളൂ. വിനയമുള്ളവനെ ആളുകൾ സ്നേഹിക്കും. ഹൃദയവിശാലതയുള്ളവൻ ആദരിക്കപ്പെടും, നന്മയാർന്ന ലോകം വിശ്വസിക്കും, ജോലിയിൽ മനസ്സിരുത്തുന്നവൻ വിജയത്തിലെത്തും, കാരുണ്യമുള്ളവനെ ആളുകൾ സഹായിക്കാനെത്തും എന്നു് കൺഫ്യൂഷ്യസ് പറഞ്ഞതാണു് ശരി. അന്തരിച്ച എസ്. കെ. നായർ (മലയാളനാടു് പത്രാധിപർ) വിനയസമ്പന്നനായിരുന്നു. അദ്ദേഹത്തെ ആളുകൾ സ്നേഹിച്ചു. ഹൃദയവിശാലതയുണ്ടായിരുന്നു അദ്ദേഹത്തിനു്. ജനം അദ്ദേഹത്തെ ആദരിച്ചു. നന്മയുടെ പ്രതീകമായിരുന്നു എസ്. കെ. നായർ. ജനങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചു. ജോലിയിൽ മനസ്സിരുത്തി അദ്ദേഹം. അതുകൊണ്ടു് മലയാളനാടു തൊട്ടുള്ള സമാരംഭങ്ങൾ വിജയത്തിലെത്തി. കാരുണ്യമുള്ള ആളായിരുന്നു എസ്. കെ. അതുകൊണ്ടാണു് അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോൾ ആയിരക്കണക്കിനു് ആളുകൾ അദ്ദേഹത്തെ പരിചരിക്കാൻ എത്തിയതു്. രചനകളിൽ സമനിലപാലിക്കുന്ന കാക്കനാടൻ അദ്ദേഹത്തെക്കുറിച്ചു് എഴുതിയതു നോക്കുക (കലാകൗമുദി).
“എസ്. കെ. നായരെ കൊല്ലം മറന്നു കാണുമോ? കേരളത്തിലെ സാഹിത്യകാരന്മാരും കലാകാരന്മാരും ഉണ്ടുറങ്ങിയ ആ മണിമാളിക അടഞ്ഞു കിടക്കുകയാണു്. രാജസദസ്സുകൾക്കു ശേഷം കലാകാരന്മാരെ ഇത്ര ഉദാരമായി ആദരിച്ച പ്രവണത മറ്റെവിടെയും കണ്ടിട്ടില്ല. നല്ല സിനിമകളുടെ വക്താവായിരുന്നു. മലയാളനാടിന്റെ പത്രാധിപരായിരുന്ന എസ്. കെ. ഇന്നില്ല. മലയാളനാടുമില്ല.”
എസ്. കെ. നായർ ഇന്നു് ഇല്ലാത്തതിൽ ദുഃഖിക്കുന്ന കാക്കനാടന്റെ നല്ല മനസ്സിനു മുൻപിൽ ഞാൻ തല കുനിക്കുന്നു. കാറൽ മാർക്സി നെക്കുറിച്ചു് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു: “കാറൽ ‘മൂലധന’ത്തെക്കുറിച്ചു് ധാരാളമെഴുതി. അതിനു പകരം അയാൾ മൂലധനം ധാരാളമുണ്ടാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ.” കാപ്പിറ്റൽ ധാരാളം ഉണ്ടാക്കുകയും വിവേചനമില്ലാതെ അതു് കാണുന്നവർക്കൊക്കെ വാരിക്കോരി കൊടുക്കുകയും അക്കാരണത്താൽ സ്വാഭാവിക മരണത്തിൽ പൊതിഞ്ഞ ആത്മഹത്യ അനുഷ്ഠിക്കുകയും ചെയ്ത ഹൃദയാലുവായിരുന്നു എസ്. കെ. നായർ.
തിരുവനന്തപുരത്തെ സംസ്കൃത കോളേജിൽ ജോലി നോക്കിയിരുന്ന എനിക്കു് ഉച്ചയ്ക്കുള്ള ഭക്ഷണം പയ്യൻ കൊണ്ടു വയ്ക്കുന്നതു് യൂണിവേഴ്സിറ്റി കോളേജിലാണു്. ഉണ്ണാനിരിക്കുമ്പോൾ പലരും കാണും. എൻ. കൃഷ്ണപിള്ള, എസ്. ഗുപ്തൻ നായർ, ഡോക്ടർ. കെ. രാഘവൻ പിള്ള, നാരായണക്കുറുപ്പു് (സംസ്കൃതം പ്രൊഫസർ) ഇവരെല്ലാം. ഒരുദിവസം സംഭാഷണത്തിനിടയിൽ ഒരാൾ പറഞ്ഞു: “ങേ അയാൾ കോണകമുടുത്തു നടന്നകാലം ഞാൻ മറന്നിട്ടില്ല. ആ നടത്തവും എന്റെ മനക്കണ്ണിനു മുൻപിലുണ്ടു്.” ആ ‘കൗപീനപരാമർശം’ പലർക്കും ഇഷ്ടമായില്ല. കൃഷ്ണപിള്ളസ്സാർ ചോദിച്ചു: “അത്രയ്ക്കു ഡീറ്റൈൽസ് വേണോ?” എന്നിട്ടു് അദ്ദേഹം പൊട്ടിച്ചിരിച്ചു. മുല്ലനേഴി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “സ്നേഹപ്പൂവു്” എന്ന ശുഷ്കമായ കാവ്യം വായിച്ചപ്പോൾ കൃഷ്ണപിള്ളസ്സാറിന്റെ ഈ ചോദ്യം ഞാൻ ഓർമ്മിച്ചു. മിക്കപ്പോഴും പട്ടിൻ കോണകമുടുത്തു് അല്ലെങ്കിൽ കൂമ്പാളക്കോണകമുടുത്തു് മുല്ലനേഴിയുടെ ശിശു നടന്നു. ഇപ്പോൾ ആ ശിശു പ്രായമൊത്ത മനുഷ്യൻ. പക്ഷേ, ദുഃഖം എന്തെന്നോ? കവിവാക്യം കേട്ടാലും: “നാണം തെല്ലു മറയ്ക്കാൻ കോണകമിന്നില്ലല്ലോ!” എന്തു പറ്റി? ആ മനുഷ്യന്റെ നാട്ടിൽ ഒരു മീറ്റർ ‘മൽ’ വാങ്ങിയാൽ കുറഞ്ഞതു് നാലു കോണകം കീറിയെടുക്കാമല്ലോ. പിന്നെ കൃഷ്ണപിള്ളസ്സാറിന്റെ ആ ചോദ്യം ഞാനും കൂടെ ചോദിക്കട്ടെ: “അത്രയ്ക്കു ഡീറ്റൈൽസ് വേണോ മുല്ലനേഴീ?”
ഒരു ചോദ്യം കൂടെ ഓർമ്മയിലെത്തുന്നു. ആലപ്പുഴ സനാതനധർമ്മ വിദ്യാലയത്തിൽ ഹെഡ് മാസ്റ്ററായിരുന്ന മഞ്ചേരി രാമകൃഷ്ണയ്യർ വള്ളത്തോളി ന്റെ ഒരു പ്രയോഗത്തെ പരിഹസിച്ചു് നാഗവള്ളി ആർ. എസ്. കുറുപ്പി നോടു ചോദിച്ചു: “ആർ പള്ളിയോടം കയറിക്കളിപ്പൂ യുഷ്മാദൃശപ്രോഷ്മള ബാഷ്പനീരിൽ” അതു് എന്തു പ്രയോഗമാണു് കുറുപ്പേ? ബാഷ്പനീരു്? ബാഷ്പവും നീരും കൂടി അങ്ങനെ ചേർക്കാമോ? ‘സ്നേഹപ്പൂവു് ’ എന്ന പ്രയോഗം കാണാൻ മഞ്ചേരി ജീവിച്ചിരിക്കുന്നില്ല.
- ബൽസാക്ക്:
- നിയമങ്ങൾ എട്ടുകാലിയുടെ വല പോലെയാണു്. വലിയ ഈച്ചകൾ അവ ഭേദിച്ചു കടന്നു പോകും. ചെറിയ ഈച്ചകൾ അതിൽ പെട്ടുപോകും.
- ചങ്ങമ്പുഴ:
- ഫ്രായിറ്റി ന്റെ ലൈംഗികസിദ്ധാന്തങ്ങൾക്കു് യോജിച്ച വിധത്തിൽ ജീവിക്കുന്നതിൽ തെറ്റില്ല (എന്നോടു് പറഞ്ഞതു്).
- ഇടപ്പള്ളി രാഘവൻപിള്ള:
- എന്റെ കവിതയാണു് ചങ്ങമ്പുഴയുടെ കവിതയെക്കാൾ ഉത്കൃഷ്ടം. എങ്കിലും ആളുകൾക്കു് ചങ്ങമ്പുഴക്കവിതയോടാണു് ഇഷ്ടം (എന്നോടു് പറഞ്ഞതു്).
- വെണ്ണിക്കുളം ഗോപാലക്കുറുപ്പു്:
- ചങ്ങമ്പുഴയുടെ ആ തർജ്ജമ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഞാനതു് തിരുത്തിക്കൊണ്ടിരിക്കുകയാണു്. (എന്നോടു് പറഞ്ഞതു്. തർജ്ജമ ഏതാണെന്നു വെണ്ണിക്കുളം പറഞ്ഞെങ്കിലും ഞാനതു് മറന്നുപോയിരിക്കുന്നു. വെണ്ണിക്കുളത്തിനു തന്നോടുള്ള മതിപ്പു നോക്കണേ).
- എൻ. വേലായുധൻ നായർ കൃഷ്ണൻ നായർ):
- നിങ്ങൾ ചാലയിൽ പണിക്കരെ ആക്ഷേപിച്ചതു ശരിയായില്ല. മഹാനായിരുന്നു അദ്ദേഹം. പണിക്കരവർകൾ നോട്ട് ബാഗിൽ കുത്തി നിറച്ചപ്പോൾ കമ്മ്യൂണിസം വരണമേ എന്നു് നിങ്ങൾ പ്രാർത്ഥിച്ചോ ഈശ്വരനോടു് ? എന്നാൽ മനസ്സിലാക്കിക്കൊള്ളൂ അദ്ദേഹത്തിന്റെ കുടുംബത്തിൽ തന്നെ കുറഞ്ഞതു് പത്തു് കമ്മ്യൂണിസ്റ്റുകാർ ഉണ്ടായിരിക്കുന്നു.
- എം. കെ. മേനോൻ
- ‘മലയാളനാടു്’ മുഴുവൻ തീട്ടമാണു്. പിന്നെ അതു് ഒ. വി. വിജയന്റെ തായതുകൊണ്ടു് നിങ്ങൾക്കു് ഇഷ്ടമായിരിക്കും.
- ഒരാൾ
- : ഭാര്യയുമായുള്ള ശാശ്വതലൈംഗികവേഴ്ചയുടെ വൈരസ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരുവനു് ഏകാന്തത്തിൽ സുന്ദരിയായ ചെറുപ്പക്കാരിയെ ലഭിക്കുകയും അവൾ വഴങ്ങാൻ തയ്യാറായി നിൽക്കുകയും ചെയ്യുമ്പോൾ എന്താഹ്ലാദമായിരിക്കും! ആ ആഹ്ലാദമാണു് കടമ്മനിട്ട ക്കവിത വായിക്കുമ്പോൾ എനിക്കുണ്ടാകുക.
തിരുവനന്തപുരത്തു് കാഷായമുടുത്തു് താടി വളർത്തി എത്തുന്ന ഏതു കള്ളനും സന്ന്യാസിയായി കൊണ്ടാടപ്പെടും. കോണകം മാത്രമേ അയാൾ ഉടുക്കുന്നുള്ളുവെങ്കിൽ ദിവ്യത്വം വളരെ കൂടും. ഉത്കൃഷ്ടമായ ദേശാഭിമാനി വാരികയിൽ അച്ചടിച്ചു വന്നു എന്നതുകൊണ്ടു മാത്രം ബാലന്റെ രചനാസാഹസം കഥയെന്നു മാന്യമായ പേരു് ആവഹിക്കുന്നു.
“രാഷ്ട്രീയ–സാമൂഹിക പാർട്ടികളുടെ കരടു തിസീസിൽ പറഞ്ഞിട്ടുള്ളതു മാത്രമേ ജീവിതമാകൂ എന്നു് ശഠിക്കുന്നതാണു് അബദ്ധം. ജനനവും മരണവും വിവാഹവും തൊഴിൽ തർക്കങ്ങളും ആഭാസവൃത്തികളും ഈശ്വരപൂജയും ആത്മവഞ്ചനയും എല്ലാമുൾക്കൊള്ളുന്ന ഈ ജീവിതത്തിൽ നിന്നു് വസന്തകാന്തിയേയും പ്രഭാതചൈതന്യത്തെയും ആർക്കു ഒഴിച്ചു നിർത്താൻ സാധിക്കും?” ഡോക്ടർ അയ്യപ്പപ്പണിക്കരു ടെ ഈ വാക്യങ്ങൾ എടുത്തെഴുതിയിട്ടു് പി. ഗോവിന്ദപ്പിള്ള പറയുന്നു: “വസന്തകാന്തിയും പ്രഭാതചൈതന്യവും എന്നല്ല ശൈശവസൗന്ദര്യവും മോഹഭംഗവും പ്രണയനൈരാശ്യവും സമുദ്രഗാംഭീര്യവും ആകാശനീലിമയും ധർമ്മസങ്കടവും ആത്മപീഢയും മറ്റും മറ്റും സാഹിത്യത്തിനു് അന്യമാണെന്നു് ഒരൊറ്റ സോഷ്യലിസ്റ്റ് റിയലിസ്റ്റുകാരനും പറയുകയില്ല, പറഞ്ഞിട്ടില്ല” (ചിന്ത വിശേഷാൽപ്രതി). തുടർന്നു് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ഉത്തമ മാതൃകകളിലൊന്നും അനന്തവൈവിധ്യമാർന്ന പ്രകൃതിയുടെയും ജീവിതത്തിന്റെയും ഈവക വശങ്ങളൊന്നും പരാമർശിക്കാതെപോയിട്ടുമില്ല എന്നു്.
പി. ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തോടു യോജിക്കുവാനാണു് എനിക്കു് കൗതുകം. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ കലയ്ക്കും സാഹിത്യത്തിനും സവിശേഷ സ്വഭാവമുണ്ടു്. ലെനിൻ പറഞ്ഞ ‘സാംസ്കാരികവിപ്ലവ’ത്തിലാണു് സോവിയറ്റ് സാഹിത്യത്തിന്റെയും കലയുടെയും നില. തൊഴിലാളികളുടെയും കർഷകരുടെയും സാംസ്കാരിക നിലവാരം ഉയർത്താനാണു് അവിടത്തെ സാഹിത്യവും കലയും ശ്രമിക്കുന്നതു്. ഇതിനു വേണ്ടി ചരിത്രപരമായി മൂർത്തസ്വഭാവമുള്ള വാസ്തവികതയെ അവർ ചിത്രീകരിക്കുന്നു. അതിനെയാണു് സോഷ്യലിസ്റ്റ് റിയലിസമെന്നു വിളിക്കുന്നതു്. ആ വാസ്തവികത അനുദിനം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അതിനാൽ മാക്സിം ഗോർക്കി യുടെ സോഷ്യലിസ്റ്റ് റിയലിസവും ആധുനിക സോവിയറ്റ് കലാകാരന്റെ സോഷ്യലിസ്റ്റ് റിയലിസവും തമ്മിൽ വ്യത്യാസമുണ്ടു്. സോവിയറ്റ് സാഹിത്യത്തിൽ (സോഷ്യലിസ്റ്റ് റിയലിസത്തിൽ) ഉദ്ബോധനാംശം കൂടുതലുമായിരിക്കും. കലയുടെ ചട്ടക്കൂടിനെ ലംഘിച്ചു് അതു് പുറത്തു വരുമ്പോൾ നിന്ദനമാകാം. സോഷ്യലിസ്റ്റ് റിയലിസത്തെയാകെ നിന്ദിച്ചാൽ അതു് വസ്തുതയുമായി പൊരുത്തപ്പെടുകയില്ല.
- കോമരക്കിട്ടൻ ആത്മഹത്യ ചെയ്തു. അയാളുടെ സ്നേഹിതന്മാർ കുടിച്ചുകൊണ്ടു് അതുമിതും പറഞ്ഞപ്പോൾ അവരിലൊരുത്തനാണു് അയാളെ കൊന്നതെന്നു് വ്യക്തമായി. അതു വെളിപ്പെടുത്തിയവനെ മറ്റൊരുത്തൻ കുത്തി. ഇതാണു് മണിയൂർ ഇ. ബാലൻ ദേശാഭിമാനി വാരികയിലെഴുതിയ ‘ചരമവിശേഷം’ എന്നു് കഥയുടെ സാരം. തിരുവനന്തപുരത്തു് കാഷായമുടുത്തു് താടി വളർത്തി എത്തുന്ന ഏതു കള്ളനും സന്ന്യാസിയായി കൊണ്ടാടപ്പെടും. കോണകം മാത്രമേ അയാൾ ഉടുക്കുന്നുള്ളുവെങ്കിൽ ദിവ്യത്വം വളരെ കൂടും. ഉത്കൃഷ്ടമായ ദേശാഭിമാനി വാരികയിൽ അച്ചടിച്ചു വന്നു എന്നതുകൊണ്ടു മാത്രം ബാലന്റെ രചനാസാഹസം കഥയെന്നു മാന്യമായ പേരു് ആവഹിക്കുന്നു.
പൂവിൻ പുളകമാം പൂമ്പൊടിച്ചാർത്തിലെ
ജീവചൈതന്യമായി
എന്നനുഭൂതികളെന്നിലെസ്സങ്കല്പ
നിർമ്മാണശാലയിലെത്തും
ഓരോ പരാഗവുമെന്നിലെത്തീയിൽവ
ച്ചൂതിത്തനിത്തങ്കമാക്കും.
ഇങ്ങനെ കുറെ വരികൾ എടുത്തെഴുതിയതിനു ശേഷം കെ. പി. ശരച്ചന്ദ്രൻ പറയുന്നു: “ജീവിതവുമായി ഗാഢബന്ധത്തിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന അനുഭൂതികളെ തന്റെ സർഗ്ഗനിർമ്മാണപ്രവണമായ മനസ്സിലിട്ടു നീറ്റി അതിനു് സ്വയം രൂപകല്പന നടത്തുകയാണു് (വയലാർ).” ശരി. പക്ഷേ, അതു ചങ്ങമ്പുഴശ്ശൈലിയിലാണെന്നു മാത്രം. മൗലികശ്ശൈലിയില്ലാത്ത മാറ്റൊലിക്കവിയായിരുന്നു വയലാർ രാമവർമ്മ എന്ന സത്യം ശരച്ചന്ദ്രൻ സമ്മതിച്ചു തരുമോ? ഇല്ല. അദ്ദേഹത്തിന്റെ ‘സർഗ്ഗനിർമ്മാണം’ അല്പജ്ഞനായ എനിക്കൊട്ടും മനസ്സിലായില്ല. സർഗ്ഗശബ്ദത്തിനു സൃഷ്ടി (നിർമ്മാണം) എന്നാണർത്ഥം. “പ്രളയസ്ഥിതി സർഗ്ഗാണാമേകഃ കാരണതാംഗതഃ” എന്നു കുമാരസംഭവത്തിൽ (സർഗ്ഗം രണ്ടു്, ശ്ലോകം ആറു്)— ലയം സ്ഥിതി, സൃഷ്ടി ഇവയ്ക്കു കാരണമായിരിക്കുന്നു. “സ്വമൂർത്തിഭേദന ഗുണാഗ്ര്യവർത്തിനാപതിഃ പ്രജാനാമിവ സർഗ്ഗമാത്മനഃ എന്നു രഘുവംശത്തിൽ (സർഗ്ഗം മൂന്നു്, ശ്ലോകം 27)—പ്രജാപതി ശ്രേഷ്ഠഗുണത്തിൽ വർത്തിക്കുന്ന തന്റെ മൂർത്തിഭേദത്തെക്കൊണ്ടു്-വിഷ്ണുവിനെക്കൊണ്ടു്-സ്വന്തം സൃഷ്ടിയെ എന്നപോലെ… സർഗ്ഗശബ്ദത്തിനു സൃഷ്ടി എന്ന അർത്ഥം മല്ലിനാഥൻ നൽകിയിട്ടുണ്ടു്. അതുകൊണ്ടു് “സർഗ്ഗനിർമ്മാണം” നാസികാ ചൂർണ്ണപ്പൊടി പോലെ, അജഗജാന്തരവ്യത്യാസം പോലെയുള്ള പ്രയോഗമല്ലേ? അറിയാഞ്ഞിട്ടു ചോദിച്ചേൻ; അരിശമുണ്ടാകവേണ്ട (ലേഖനം ജനയുഗത്തിൽ).
- “…സിനിമ ജനഹൃദയങ്ങളെ സംശുദ്ധമാക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന മാധ്യമമെന്ന നിലയിൽ പ്രസക്തവും മൂല്യവത്തുമാകണമെങ്കിൽ ജീവിത മഹത്വത്തെ ശക്തിയും ചൈതന്യവുമുള്ള കഥാപാത്രങ്ങളിൽക്കൂടി പ്രകാശിപ്പിക്കുന്ന കഥകളെ അതു പകർത്തണം.”—കെ. എം. തരകൻ മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ ‘മലയാളസിനിമ’ എന്ന ലേഖനത്തിൽ നിന്നാണു് ഈ വാക്യം ഇവിടെ എടുത്തെഴുതിയിരിക്കുന്നതു്. ശരിയാണു് ഈ അഭിപ്രായം. ഇന്നു് “അതിനിർബ്ബന്ധമാർന്ന സത്യ”ത്തോടു് (Urgent reality) ബന്ധപ്പെടാത്ത ടെക്നിക് പ്രയോഗിച്ചു് ആളുകളെ ഭ്രമിപ്പിക്കുകയാണു് സംവിധായകർ.
ഡോക്ടർ മോഡി യെക്കൊണ്ടു് എന്റെ ബന്ധുവിന്റെ കണ്ണു പരിശോധിപ്പിക്കണം. അതു് സാദ്ധ്യമല്ലെന്നു് മോഡിയുടെ അസിസ്റ്റന്റ് ഡോക്ടർമാർ. ഞാൻ നിരാശപ്പെട്ടു് എനിക്കു് ഒരു പരിചയവുമില്ലാത്ത കെ. പി. കേശവ മേനോനു് കത്തെഴുതി. മടക്കത്തപാലിൽ വന്നു മോഡിക്കുള്ള ശുപാർശക്കത്തു്. ഞാനതു് മോഡിക്കു നൽകി. അദ്ദേഹം രോഗിയെ പരിശോധിക്കുകയും ചെയ്തു. സഹായിച്ചതുകൊണ്ടു് പറയുകയല്ല, മഹാനാണു് കേശവമേനോൻ. അദ്ദേഹത്തെക്കുറിച്ചു് സുകുമാരൻ പൊറ്റക്കാട്ടു് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം ആർജ്ജവമെന്ന ഗുണത്താൽ ആദരണീയമായിരിക്കുന്നു. കേശവ മേനോൻ എന്ന മഹാവ്യക്തിയുടെ സ്വത്വത്തെയും വ്യക്തിത്വത്തെയും അതു് അനാവരണം ചെയ്യുന്നു.
ഇന്നലെ വള്ളിക്കുന്നത്തു് ഒരു സമ്മേളനത്തിനു പോയിരുന്നു ഞാൻ. തോപ്പിൽ ഭാസി യുടെ നാടു്. അദ്ദേഹത്തെ കാണാനായി വീട്ടിൽ ചെന്നു. ഭാസി പൂമുഖത്തു് ഇരിക്കുന്നു. Meeting the lion in its den എന്നു് ഞാൻ പറഞ്ഞു. പക്ഷേ, സിംഹം സ്നേഹാധിക്യത്താൽ, മാൻകുട്ടിയെപ്പോലെയായി. ഞാൻ അദ്ദേഹത്തെ ആശ്ലേഷിച്ചു. നല്ലയാളുകൾ ഇങ്ങനെയാണു്. അവരുടെ മൃദുലസ്വഭാവം ശരിയായ സന്ദർഭത്തിൽ പ്രത്യക്ഷപ്പെടും.