വീട്ടിൽ വന്നു പഠിപ്പിക്കുന്ന സാറ് കാലത്തു വന്നു. പാഠപുസ്തകവുമായി ഞാൻ അദ്ദേഹത്തിന്റെ മുൻപിലെത്തി. ഞാൻ ഇരുന്നില്ല. അതിനു് മുൻപു് സാറ് ചോദ്യമെറിഞ്ഞു. “ഭീമസേനൻ ഗന്ധമാദനാധിത്യകാഭൂമി തന്നിൽ തദാ നോക്കും ദശാന്തരേ—കൃഷ്ണാ, അധിത്യകാ എന്നാൽ അർത്ഥമെന്താണു്?” അറിഞ്ഞുകൂടാത്തതുകൊണ്ടു ഞാൻ മിണ്ടിയില്ല. അപ്പോൾ സാറ് പറഞ്ഞു: അധിത്യകാ=താഴ്‌വര. അദ്ദേഹം എന്നെക്കൊണ്ടു അതു പലതവണ പറയിച്ചു. ഇതു് 1929-ൽ. ഇരുപത്തൊന്നു കൊല്ലം കഴിഞ്ഞപ്പോൾ എനിക്കു സംസ്കൃതകോളേജിൽ ലക്ചററായി ജോലികിട്ടി. മഹോപാദ്ധ്യായ എന്ന പരീക്ഷ ജയിച്ച സംസ്കൃത പണ്ഡിതന്മാരെ മലയാളം പഠിപ്പിക്കലാണു് എന്റെ ജോലി. ആദ്യത്തെ ക്ലാസ്. പാഠപുസ്തകത്തിലെവിടെയോ ‘അധിത്യകാ’ എന്ന വാക്കു വന്നു. അധിത്യകാ=താഴ്‌വര എന്നു ഞാൻ അർത്ഥം പറഞ്ഞു. ക്ലാസ്സിലാകെ ഒരു പുച്ഛച്ചിരി. തെല്ലൊരു അമ്പരപ്പോടെ ഞാൻ നോക്കിയപ്പോൾ എച്ച്. ഗോപാലകൃഷ്ണ അയ്യർ എന്ന വിദ്യാർത്ഥി എഴുന്നേറ്റു അറിയിച്ചു: “സാർ അധിത്യകാ എന്ന വാക്കിന്റെ അർത്ഥം മുകൾത്തട്ടു് എന്നാണു്. ഗുരുനാഥൻ പഠിപ്പിച്ചതോർമിച്ചു ധൈര്യത്തോടെ ‘അല്ല’ എന്നു ഞാൻ. ഗോപാലകൃഷ്ണഅയ്യർ പൊട്ടിച്ചിരിച്ചിട്ടുപറഞ്ഞു: ഉപത്യകാദ്രേ രാസാന്നാഭൂമിമൂർദ്ധ്വമധികതാ അദ്രേഃആസന്നാഭൂമു ഉപത്യകാ. അധിത്യകാ ഊർദ്ധ്വഭൂമിയാണു്. പില്ക്കാലത്തു് ക്രൈസ്തവപുരോഹിതനായി മാറിയ ഒരു വിദ്യാർത്ഥി ക്ലാസ്സിൽനിന്നു് ഇറങ്ങിപ്പോയി. ‘ഇതുപോലും അറിയാത്തവൻ പഠിപ്പിക്കാൻ വന്നിരിക്കുന്നു എന്ന മട്ടിൽ. അപ്പോൾ വേറൊരു വിദ്യാർത്ഥി വെങ്കട്ടരാജശർമ്മ “സാർ ഗുരോർന്നിയോഗാച്ചനഗേന്ദ്രകന്യോ സ്ഥാണും തപസ്യാന്തമധിത്യ കായാം” എന്നു് ‘കുമാരസംഭവ’ത്തിൽ. അധിത്യകായാം=ഹിമോദ്രേരൂധ്വഭൂമൌ എന്ന മല്ലിനാഥന്റെ വ്യാഖ്യാനം. മാനക്ഷയം ചുരികപോലെ മാറിൽ തറച്ചുകൊണ്ടു് ഞാൻ വീട്ടിലെത്തി. കുട്ടികൃഷ്ണമാരാരു ടെ കുമാരസംഭവം ഗദ്യപരിഭാഷ എടുത്തുനോക്കി. ‘അധിത്യകായാം തപസ്യന്തം സ്ഥാണും’ എന്നതിനു് ‘മുകൾപ്പരപ്പിൽ തപസ്സിരിക്കുന്ന സ്ഥാണുവിനെ’ എന്നു് അദ്ദേഹം അർത്ഥം എഴുതിയിരിക്കുന്നു. ഞാൻ മൂന്നു ദിവസത്തേക്കു കോളേജിൽ പോയില്ല. (എച്ച്. ഗോപാലകൃഷ്ണ അയ്യരും വെങ്കടരാജശർമ്മയും യഥാക്രമം തൃപ്പൂണിത്തുറ സംസ്കൃത കോളെജിലെയും തിരുവനന്തപുരം സംസ്കൃത കോളേജിലെയും പ്രിൻസിപ്പലന്മാരായി.) ഗുണപാഠം: വാക്കിന്റെ അർത്ഥം ഗുരുനാഥൻ പറഞ്ഞു തന്നാലും വിശ്വസിക്കരുതു്. പ്രാമാണിക ഗ്രന്ഥങ്ങൾ നോക്കിയേ അതുറപ്പിക്കാവൂ.
അടുത്തകാലത്തു രണ്ടു മലയാളം പ്രൊഫസറന്മാർ എന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ ഈ മാനക്കേടു വിശദീകരിച്ചു. അപ്പോൾ അവർ രണ്ടുപേരും അത്ഭുതത്തോടെ ചോദിച്ചു: “അധിത്യകാ താഴ്‌വരയല്ലേ? അതേ എന്നാണു് ഞങ്ങളുടെ വിചാരം.” മാനക്ഷയത്തിന്റെ ചുരിക ഊരിപ്പോയതു് അപ്പോൾ മാത്രമാണു്.

പഴയ പുസ്തകങ്ങൾ വീണ്ടും വായിക്കലാണു് എന്റെ ഇപ്പോഴത്തെ ജോലി. സീമോൻ ദെ ബോവ്വാറി ന്റെ ആത്മകഥയുടെ ആദ്യത്തെ ഭാഗം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഒരു സ്നേഹിതൻ വന്നുകയറി. പുസ്തകം കണ്ടയുടനെ അദ്ദേഹം ചോദിച്ചു: “ഈ തവള എഴുത്തുകാരിയുടെ പുസ്തകമാണോ വായിക്കുന്നതു്?” “തവള എഴുത്തുകാരിയെന്നാൽ?” എന്നു് എന്റെ ചോദ്യം. സ്നേഹിതൻ: ചാടിച്ചാടി എഴുതുന്നവൾ. ഒരാശയത്തിൽ നിന്നു മറ്റൊരാശയത്തിലേക്കു ചാടുന്നവൾ.” എനിക്കു് ആ അർത്ഥപ്രദർശനം വിശ്വസിക്കാൻ കഴിഞ്ഞില്ല. സ്നേഹിതൻ പോയതിനുശേഷം ഞാൻ ഇംഗ്ലീഷ് നിഘണ്ടു നോക്കി. frogwriter=frenchwriter എന്നു് അർത്ഥം നൽകിയിരിക്കുന്നു. അപ്പോൾ ഫ്ളോബറും സാർത്രും കമ്യൂവും ഒക്കെ ‘ഫ്രോഗ് റൈറ്റേഴ്സാ’ണു്. അവർ തവളയെഴുത്തുകാരല്ല. വാക്കില്ലാതെ ജ്ഞാനമില്ല. അതുകൊണ്ടു് വാക്കു തെറ്റിച്ചു് പ്രയോഗിക്കരുതു്. വാക്കാണു ലോകം സൃഷ്ടിക്കുന്നതു്. ഇന്നത്തെ ആളുകൾ വാക്കു് അനവധാനതയോടെ പ്രയോഗിച്ചു് ലോകത്തെ നശിപ്പിക്കുന്നു. (‘പ്രമാദേനവധാനതാ’ എന്നു അമരകോശം).
കൃഷ്ണപ്പരുന്തു് ചിറകുകൾ വിരിച്ചു് നീലാന്തരീക്ഷത്തിൽ ഭ്രമണം ചെയ്യുന്നു. വൃത്താകൃതിയിലാണു് അതു പറക്കുന്നതു്. ആദ്യത്തേതു വലിയ വൃത്തം. പിന്നീടു പിന്നീടു് വൃത്തങ്ങൾ ചെറുതായി വരുന്നു. കേന്ദ്രബിന്ദുവിൽ എത്തിയിട്ടു് അതു വീണ്ടും വൃത്തങ്ങൾ വരയ്ക്കുകയായി. ക്രമേണ ഓരോ വൃത്തവും വലുതായി വലുതായി വരുന്നു. വാക്കു് ഇതുപൊലെ ഏകകേന്ദ്ര വൃത്തങ്ങൾ ആരചിക്കുമ്പോഴാണു് അർത്ഥാന്തരങ്ങൾ ഉണ്ടാവുന്നതു്. രചനകൾ അപ്പോഴാണു് ഉത്കൃഷ്ടങ്ങളാവുന്നതു്. ഒളപ്പമണ്ണ യുടെ ‘മാതൃസൂത്രം” നോക്കുക. വികാരശൂന്യമായി പരിണമിക്കുന്നതെങ്ങനെയെന്നു് അതു് സ്പഷ്ടമാക്കിത്തരുന്നു.
ഞങ്ങളെക്കണ്ടുകണ്ടന്നുരാവിൽ
തൊണ്ണൂറ്റിയഞ്ചാം വയസ്സിലമ്മ
നിത്യസുഷുപ്തിയിലാണ്ടിടുമ്പോൾ
നഷ്ടപ്പെടുന്നതെന്തായിരുന്നു?
മാതൃഭൂമി വാരിക
കവിതമാത്രമേ ഇതിൽ നഷ്ടപ്പെടുന്നുള്ളൂ. വാക്കുകൾ ഇവരുടെ വൃത്തങ്ങൾ രചിക്കുന്ന കൃഷ്ണപ്പരുന്തുകളല്ല. ‘ചൊട്ടച്ചാൺ വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കും’ കോഴികളാണു്. അവ ‘ഗരുഡനുപിൻപേ ഗഗനേഗമനം വാഞ്ച്ഛിക്കുന്നു’ എന്നൊരു ദോഷവും. പലരുടെയും ഉറവകൾ വറ്റിയതുപോലെ ഒളപ്പമണ്ണയുടെ ഉറവയും വറ്റിയിരിക്കുന്നു. വറ്റിയാൽ പേന തൊടരുതു്. തൊട്ടാൽ ഇതുപോലുള്ള വൈരൂപ്യങ്ങളുണ്ടാവും.
എനിക്കു മഹാവിഷ്ണുവിന്റെ ശക്തിയുണ്ടായിരുന്നെങ്കിൽ ഞാൻ മോഹിനിയായി മാറിയേനെ. ശക്തിയില്ല. വള്ളത്തോളും ആശാനും അങ്ങനെ മോഹിനിമാരായി മാറിയവരാണു്. ചിലർക്കു പൂതനകളായി മാറാനേപറ്റൂ. അവർ അനുവാചകശിശുക്കളെ സ്തന്യപാനം ചെയ്യിച്ചു് ഘോരരൂപിണികളായി മലർന്നടിച്ചു വീഴുന്നു. മോഹിനിയെ കണ്ടാൽ മോഹിനിയെന്നും പൂതനയെ കണ്ടാൽ പൂതനയെന്നും പറയാതിരിക്കുന്നതെങ്ങനെ?
വിമൻസ് മാഗസിനിൽ “സരിതേ ക്ഷമിക്കൂ” എന്ന ചെറുകഥ കത്തിന്റെ രൂപത്തിൽ എഴുതിയ കെ. പി. ഭവാനിക്കു ഞാനൊരു കത്തെഴുതട്ടെ: “ശ്രീമതിയുടെ കഥ ഞാൻ ശ്രദ്ധിച്ചു വായിച്ചു. മറുനാട്ടിൽ താമസിക്കുന്ന ഒരു സ്ത്രീ സ്പോർട്ട്സിൽ വിജയം പ്രാപിച്ചു് അവിടുത്തെ ഉദ്യോഗസ്ഥന്മാരുടെ അഭിനന്ദനം നേടിയപ്പോൾ മറ്റു സ്ത്രീകളുടെ അസൂയ ഇളകിപ്പോയതിന്റെ കഥയാണല്ലോ ഭവതി പറയുന്നതു്. അതിന്റെ ഫലമായി ക്ലബ്ബിന്റെ സെക്രട്ടറിസ്ഥാനം അവർക്കു രാജിവയ്ക്കേണ്ടിവന്നു എന്നും ഞാൻ മനസ്സിലാക്കി. ഈ കഥയിൽ ഭവതി ഇങ്ങനെയൊരു വാക്യം ഇവിടെ തിരുകിയിരിക്കുന്നു. “പറയുമ്പോലെ നീയൊരു ഛോട്ടാ എഴുത്തുകാരിയായി തെളിഞ്ഞു നടക്കുകയാണിവിടെ എന്ന കാര്യം ഞാനുമറിഞ്ഞു. (ഞാനും കൃഷ്ണൻനായർ സാറും അതംഗീകരിക്കാൻ തയ്യാറായില്ലെങ്കിലും)” ഭവാനിക്കു് സരിത എഴുതുന്ന കത്തിലെ ഈ കുത്തുവാക്കു് കെ. പി ഭവാനി സാഹിത്യകാരിയല്ലെന്നു ഞാൻ മുൻപു പറഞ്ഞതിലുള്ള അമർഷത്തെ സൂചിപ്പിക്കുന്നുണ്ടു്. ശ്രീമതിയെ ഞാനറിയില്ല. എവിടെയാണു് അവരുടെ നാടെന്നും എന്താണു ജോലിയെന്നും എനിക്കറിഞ്ഞുകൂടാ. വെള്ളക്കടലാസ്സിൽ കിടക്കുന്ന കഥാശിശുവിനു സൗന്ദര്യമില്ലെന്നേ ഞാൻ പറഞ്ഞുള്ളൂ. വിരോധത്തിനോ വാത്സല്യത്തിനോ ഇടമില്ലാതിരിക്കുമ്പോൾ വിമർശനപരമായി ഉണ്ടാകുന്ന വാക്കുകൾ നിഷ്പക്ഷങ്ങളും ആർജ്ജവമുള്ളവയുമാണെന്നു കരുതിക്കൂടേ?
എന്റെ എല്ലാ പ്രഭാതങ്ങളും വിശുദ്ധങ്ങളാണു്. ആ പ്രഭാതങ്ങൾ മധ്യാഹ്നങ്ങളാവുമ്പോൾ, സായാഹ്നങ്ങൾ യാമിനികളാവുമ്പോൾ വിശുദ്ധി നശിക്കാറില്ല. കാരണം സാഹിത്യത്തെ സംബന്ധിച്ചു് ഞാൻ എനിക്കു സത്യമെന്നു തോന്നുന്നതേ പറയൂ എന്നതുതന്നെ. രാത്രിയിലാണു് ഇതെഴുതുന്നതു്. ഈ രാത്രിയുടെ വിശുദ്ധിയെ നിലനിറുത്താൻ വേണ്ടി ഞാൻ പറയുന്നു ശ്രീമതിയുടെ ചെറുകഥ വെറും ജർണ്ണലിസം മാത്രമാണെന്നു്; അതിൽ കലയുടെ അംശം പോലുമില്ലെന്നു്.” എന്നു് കൃഷ്ണൻ നായർ.
എന്റെ വായനക്കാരിൽ കുട്ടികളുണ്ടെന്നു് ഞാൻ മുൻപെഴുതിയിരുന്നല്ലോ. അവർക്കു വേണ്ടി ചോദ്യക്കടലാസ്സ് ഉണ്ടാക്കുകയാണു്.
കുത്തിട്ടിരിക്കുന്ന ഭാഗത്തു യോജിച്ച വാക്കുകൾ എഴുതുക.
- …മാസികയിൽ …എന്ന കഥയെഴുതിയ …നായർക്കു സാഹിത്യമെന്നാൽ എന്തെന്നു് അറിഞ്ഞുകൂടാ.
- …യിലും …യാണു് അവരുടെ കഥ
- സുന്ദരിയായ തരുണിയുടെ ഒരു പല്ലുപൊങ്ങിയിരുന്നാൽ എങ്ങനെയിരിക്കും? അതുപോലെയാണു് സുന്ദരിയായ …മാസികയിൽ ഈ കഥാദന്തം പൊങ്ങിനിൽക്കുന്നതു്.
ആർക്കും ഉത്തരമറിഞ്ഞുകൂടെങ്കിൽ ഞാൻ തന്നെ—ചോദ്യകർത്താവു തന്നെ … യോജിച്ച വാക്കുകൾ എഴുതിയേക്കാം.
- വനിതാ മാസികയിൽ ‘ഒരു പരാജയത്തിന്റെ സുഖം’ എന്ന കഥയെഴുതിയ മാലതി നായർക്കു സാഹിത്യമെന്നാൽ എന്തെന്നു് അറിഞ്ഞുകൂടാ.
- പൈങ്കിളിയിലും പൈങ്കിളിയാണു് അവരുടെ കഥ.
- സുന്ദരിയായ തരുണിയുടെ ഒരു പല്ലുപൊങ്ങിയിരുന്നാൽ എങ്ങനെയിരിക്കും? അതുപോലെയാണു് സുന്ദരിയായ വനിതാ മാസികയിൽ ഈ കഥാദന്തം പൊങ്ങിനിൽക്കുന്നതു്.
ഇത്രയും എഴുതിയപ്പോൾ കുട്ടികളിൽ ഒരുത്തൻ പറയുന്നു. സാറേ പൈങ്കിളിയുടെ സ്വഭാവം ഒന്നു വ്യക്തമാക്കൂ. വ്യക്തമാക്കാം. ഭാര്യ ഉദ്യോഗസ്ഥ. ഭർത്താവിനു ജോലിയില്ല. ചിത്രകാരൻ മാത്രം. അയാൾക്കു ജോലി കൂടിയേ തീരു എന്നു ഭാര്യ. അതിന്റെ പേരിൽ വഴക്കു്. വഴക്കു് പണ്ടേയുണ്ടെങ്കിലും അവർക്കു മോളുണ്ടു്. ശണ്ഠ മൂർദ്ധന്യാവസ്ഥയിലെത്തിയപ്പോൾ അവർ തമ്മിൽ പിരിഞ്ഞു. അതോടെ അയാൾ വിദേശത്തേക്കു പോയി. വർഷങ്ങൾ കഴിഞ്ഞ് അയാൾ തിരിച്ചെത്തിയപ്പോൾ മോള് അവരെ കൂട്ടിയിണക്കുന്നു. കഥ ഇങ്ങനെ പൈങ്കിളി. ഇനി ഒരു വർണനനം: ശ്രീധരേട്ടൻ പൊട്ടിച്ചിരിച്ചു. പിന്നെ തന്റെ മടിയിൽ തലചേർത്തുവച്ചു കിടന്നുകൊണ്ടു പറഞ്ഞു: “വേണ്ട ഭാമേ എനിക്കു കുടുംബനാഥനും ഉദ്യോഗസ്ഥനുമാവണ്ട. എന്റെ ഭാമയുടെ മടിയിൽ തലവച്ചു്, ഈ അസ്തമനസൂര്യന്റെ ചെമപ്പും കടലിന്റെ നീലയും കണ്ടു് എന്നും ഇങ്ങനെ കിടന്നാൽ മതി.” കുട്ടികളേ, സാഹിത്യത്തിൽ അല്പമെങ്കിലും താൽപര്യമുള്ളവർ ഇതുകേട്ടാൽ ചൂലു ചാണകത്തിൽ മുക്കി ഈ ശ്രീധരേട്ടനെ അടിക്കും. അടിച്ചില്ലെങ്കിൽ അയാൾ ആണല്ല.
എനിക്കു മഹാവിഷ്ണുവിന്റെ ശക്തിയുണ്ടായിരുന്നെങ്കിൽ ഞാൻ മോഹിനിയായി മാറിയേനെ. ശക്തിയില്ല. വള്ളത്തോളും ആശാനും അങ്ങനെ മോഹിനിമാരായി മാറിയവരാണു്. ചിലർക്കു പൂതനകളായി മാറാനേപറ്റൂ. അവർ അനുവാചകശിശുക്കളെ സ്തന്യപാനം ചെയ്യിച്ചു് ഘോരരൂപിണികളായി മലർന്നടിച്ചു വീഴുന്നു. മോഹിനിയെ കണ്ടാൽ മോഹിനിയെന്നും പൂതനയെ കണ്ടാൽ പൂതനയെന്നും പറയാതിരിക്കുന്നതെങ്ങനെ?
പഴയകാര്യം. കേരളത്തിലെ ഒരു കോളേജിന്റെ നിലനിൽപ്പിനു് ഹോസ്റ്റൽ വേണമായിരുന്നു: ഹോസ്റ്റലിൽ ഫ്രീയായ ഊണും കാപ്പിയുമുണ്ടു്. വളരെക്കാലം നടത്തിയിരുന്ന ഹോസ്റ്റൽ പെട്ടന്നു് അധികാരികൾ നിറുത്തി. ഹോസ്റ്റലില്ലെങ്കിൽ കുട്ടികളില്ല: കുട്ടികളില്ലെങ്കിൽ കോളേജില്ല. കോളേജില്ലെങ്കിൽ അധ്യാപകരുമില്ല. അധ്യാപകർക്കു ശമ്പളം കിട്ടുകയില്ലെങ്കിൽ അവരും കുടുംബവും കഴിയുന്നതെങ്ങനെ? സമരം തുടങ്ങി. ഒടുവിൽ സമരം ജയിച്ചു. ഹോസ്റ്റൽ തുറന്നു. അപ്പോൾ സരസനായ ഒരധ്യാപകൻ പറഞ്ഞു: “മീൽസ് റെഡി” എന്ന ബോർഡ് തൂക്കിക്കഴിഞ്ഞു. ഇനി കുട്ടികളുണ്ടു്, കുട്ടികളുണ്ടു് എന്നതിനാൽ കോളേജുമുണ്ടു്.” ഈ മീൽസ് റെഡി എന്നതു നമ്മുടെ എല്ലാ മണ്ഡലങ്ങളിലും തൂങ്ങുന്ന ബോർഡാണു്. സംശയമുണ്ടെങ്കിൽ ശോഭന കാഞ്ഞങ്ങാടു് ഗൃഹലക്ഷ്മി മാസികയിൽ എഴുതിയ “ഒരു പ്രേമബന്ധത്തിന്റെ അന്ത്യം തുടക്കവും” എന്ന കഥ നോക്കുക. ഭാര്യക്കു ഭർത്താവിനെ നഷ്ടപ്പെട്ടു. ഭർത്താവു് വേറെ വിവാഹം നിശ്ചയിച്ചുവെന്നു് അയാളുടെ സ്നേഹിതൻ വന്നു പറഞ്ഞു. പറഞ്ഞതു മാത്രമല്ല “മീൽസ് റെഡി” എന്ന ബോർഡ് കഴുത്തിൽ തൂക്കിക്കൊണ്ടാണു് അയാൾ നിന്നതു്. ഉണ്ടുകളയാമെന്നു പെണ്ണുനിശ്ചയിക്കുമ്പോൾ കഥ തീരുന്നു.
ജീവിതത്തിന്റെ ഒരു ഭാഗം ഏതാനും വാക്യങ്ങളിൽ ഒരെഴുത്തുകാരി ഒതുക്കിയതിനു് ഈ പരിഹാസമെന്തിനു് എന്നു ചിലർ ചോദിച്ചേക്കാം. ചെറിയ അംശമായാലും വലിയ അംശമായാലും തെറ്റു തെറ്റുതന്നെ. ഒരു കഥ പറയാം അതു തെളിയിക്കാനായി. ഒരു കള്ളൻ എല്ലാസ്ഥലങ്ങളിലും കയറി മോഷ്ടിക്കുമായിരുന്നു. പക്ഷേ, ദേവാലയത്തിൽ കയറാൻ അവനു പേടി. ഒരു ദിവസം സ്ഥലമൊന്നും കണ്ടില്ല. തൊട്ടടുത്തു് ഒരു പള്ളിയുണ്ടു്. പള്ളിയുടെ മേൽക്കൂരയിൽ കയറിയാൽ പള്ളിക്കകത്തു കയറുന്നതു ആകുകയില്ലെന്നു വിചാരിച്ചു അവൻ. അവിടെ കയറി തപ്പിയപ്പോൾ തുരുമ്പുപിടിച്ച ഒരു നട്ടും ബോൾട്ടും വിരലുകളിൽ തടഞ്ഞു. അവയെങ്കിലും മോഷ്ടിക്കാമെന്നു കരുതി അവൻ നട്ട് തിരിച്ചെടുത്തു. പെട്ടെന്നു പള്ളിക്കകത്തു് മഹാശബ്ദം. സ്വർണ്ണനിർമ്മിതമായ ദീപശാഖി ആ തുരുമ്പുപിടിച്ച ബോൾട്ടിനെയും നട്ടിനെയും ആശ്രയിച്ചാണു് പള്ളിമച്ചിൽനിന്നു തൂങ്ങിയിരുന്നതു്. അവ ഇളകിയപ്പോൾ ദീപശിഖ നിലത്തു വീണു ചിന്നിച്ചിതറി. കള്ളനെ ജയിലിലേക്കു കൊണ്ടുപോയപ്പോൾ അവൻ ദുഃഖത്തോടെ പറഞ്ഞു: “ഞാൻ നട്ടും ബോൾട്ടും മാത്രമേ എടുക്കാൻ ഉദ്ദേശിച്ചിരുന്നുള്ളൂ.”

കലാകൗമുദിയുടെ 25-ആം പുറം നോക്കുക. ഒരു “മാംസഗോപുരശരീരിണി”യെ അനുഗൃഹീതനായ നമ്പൂതിരി വരച്ചിരിക്കുന്നതിന്റെ ചാരുത കാണാം. “ആദർശവത്കരണ”ത്തിൽ തൽപരനല്ല ഈ കലാകാരൻ. യഥാർത്ഥമായ ആവിഷ്കാരത്തിലും കൗതുകമില്ല അദ്ദേഹത്തിനു്. കാരിക്കേച്ചറിലേക്കു പോകാനുള്ള പ്രവണത ചെറിയ തോതിൽ ദർശിക്കാം. എങ്കിലും ഏതു വ്യക്തിയെ അദ്ദേഹം വരയ്ക്കുന്നുവോ ആ വ്യക്തിയുടെ സ്വത്വം വരകളിലൂടെ സ്പഷ്ടമാക്കും. സ്വഭാവം വ്യക്തമാക്കും. ആ സ്ത്രീയുടെ പ്രാകൃതത്വവും അസങ്കീർണ്ണതയും പരിഹാസത്തോളമെത്തുന്ന ആർജ്ജവവും നമ്പൂതിരി അയത്ന ലളിതമായി ആലേഖനം ചെയ്യുന്നു. സർഗ്ഗാത്മകത്വത്തിലൂടെയുള്ള ഒരു കണ്ടുപിടിത്തമായി ഈ സ്കെച്ചിനെ വ്യാഖ്യാനിക്കാം. അവൻ ഓടുന്നതായിത്തന്നെ എനിക്കു തോന്നുന്നു. എന്തൊരു കലാവൈദഗ്ദ്ധ്യം!.
അനൗചിത്യമാണു് രസഭംഗത്തിനു കാരണമെന്നു ഒരാചാര്യൻ പറഞ്ഞു. കലയിൽ മാത്രമല്ല നിത്യജീവിതത്തിലും അതു കൂടിയേ തീരു. സാഹിത്യവാരഫലം ഹൃദയം തുറന്നുള്ള ഭാഷണമാണു്. ഞാനൊന്നും ഒളിച്ചുവയ്ക്കാറില്ല. അതുകൊണ്ടു് ഇനിപ്പറയുന്ന സംഭവത്തിന്റെ വർണ്ണനം ഞാൻ വാഴ്ത്തിയ ഔചിത്യത്തിനു വിരുദ്ധമായി തോന്നിയേക്കാം. എങ്കിലും ഔചിത്യത്തിന്റെ ആവശ്യകത കാണിക്കാനായി അതു വിവരിക്കുകയാണു്. എന്റെ മകളുടെ വിവാഹം കഴിഞ്ഞതിന്റെ അടുത്ത ദിവസം ഒരു ബന്ധു അവളെയും ഭർത്താവിനെയും വിരുന്നിനു ക്ഷണിച്ചു. ചപ്പാത്തി തിന്നുകഴിഞ്ഞ വരന്റെ പ്ലേറ്റിലേക്കു ഗൃഹനായിക വീണ്ടും അതെടുത്തു വയ്ക്കാൻ ഭാവിച്ചു. അപ്പോൾ അയാൾ പറഞ്ഞു: “വേണ്ട, വേണ്ട, മൂന്നെണ്ണം തിന്നു കഴിഞ്ഞു.” ഉടനെ അവർ ഉദീരണം ചെയ്തു: “മൂന്നൊന്നുമല്ല. അഞ്ചെണ്ണം തിന്നു. ഞാൻ എണ്ണിക്കൊണ്ടല്ലേ ഇരുന്നതു്. ഇതു് ആറാമത്തേതു്.” അവർ ആറാമത്തെ ചപ്പാത്തി പ്ലേറ്റിലിട്ടു. അതുകേട്ടു് അയാൾ മുമ്പു തിന്ന ചപ്പാത്തിയാകെ ദഹിച്ചുപോയിരിക്കണം.
മറ്റാളുകളുടെ കാപ്പികുടിക്കുന്നതിനെക്കാൾ കാപ്പിവാങ്ങിക്കൊടുക്കുന്നതിലാണു് നമുക്കെല്ലാവർക്കും താൽപ്പര്യം. ഞാനും അങ്ങനെതന്നെ. ഇന്ത്യൻ കോഫി ഹൗസിനടുത്തുവച്ചുകണ്ട ഒരു കൂട്ടുകാരനെ കാപ്പികുടിക്കാൻ ഞാൻ ക്ഷണിച്ചു. മുൻപു് ഒന്നോരണ്ടോ തവണ ഒരുമിച്ചു കാപ്പികുടിക്കുകയും ആ സന്ദർഭങ്ങളിൽ ഞാൻ പണം കൊടുക്കുകയും ചെയ്തതു് ഓർമ്മിച്ചു് ആ സുഹൃത്തു് അറിയിച്ചു. “നിങ്ങളുടെ കാപ്പി ഞാൻ എഴുപത്തിയെട്ടു തവണ കുടിച്ചു. അതുകൊണ്ടു വരുന്നില്ല.” ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു: “എഴുപത്തിയെട്ടു് എന്നു പറഞ്ഞതു് തെറ്റു്. ഇരുനൂറ്റി നാല്പത്തിയേഴുതവണ കുടിച്ചിട്ടുണ്ടു്. ഇതു് ഇരുനൂറ്റി നാല്പത്തിയെട്ടാമത്തെ തവണയാണു്. വരൂ.” ഇലക്ട്രിസിറ്റി ബോർഡിൽ ജോലിയുള്ള ആ സ്നേഹിതന്റെ താൽക്കാലികമായ വല്ലായ്മ മാറി. അദ്ദേഹം ചിരിച്ചുകൊണ്ടു എന്റെ കൂടെ കോഫിഹൗസിലേക്കു പോന്നു. ഔചിത്യമുള്ള വാക്കുകൾകൊണ്ടു ആളുകളുടെ വല്ലായ്മ മാറ്റാം.

ഇസ്രായേൽ സാങ്ങ്വിൽ പേരുകേട്ട നോവലിസ്റ്റാണു്. ആ നോവലിസ്റ്റ് എഴുതി. ശിശു അമ്മയ്ക്കൊരാഹ്ലാദം. അച്ഛനൊരു അവകാശി. പുരോഹിതനൊരു ആത്മാവു്. വൈദ്യനു് ജീവശാസ്ത്രപരമായ മാതൃക, ഷോപ്പുടമസ്ഥനൊരു പുതിയ പതിവുകാരൻ. അയൽവീട്ടുകാരനൊരു ശല്യം.” സാങ്ങ്വിൽ, ഞങ്ങളുടെ ക്ളിന്റ് അയൽവീട്ടുകാരനുമാത്രമല്ല ലോകത്തിനാകെ ഒരു ഉപകർത്താവാണെന്നു് അഭിപ്രായപ്പെടുമായിരുന്നു. ക്ളിന്റിന്റെ ചിത്രങ്ങളെല്ലാം സ്പന്ദിക്കുന്നു. ഓരോന്നും മൂർത്തമാണു്. സ്പർശവേദ്യമായ സത്യമുണ്ടോ? ഉണ്ടെങ്കിൽ അതാണു് ഈ കുട്ടിയുടെ ഓരോ ചിത്രവും.

കൈനകരി ഷാജി മനോരാജ്യം വാരികയിലെഴുതിയ “നിറങ്ങളുടെ മാനത്തു് മിന്നിപ്പൊലിഞ്ഞ നക്ഷത്രം” എന്ന ലേഖനത്തിൽ ക്ളിന്റ് വരച്ച ചില ചിത്രങ്ങളുടെ അച്ചടിപ്പതിപ്പു് കാണാം.
ക്ളിന്റ് എലിയെ, ആനയെ, കടുവയെ, കടുവാക്കുട്ടിയെ ഒക്കെ കണ്ടു. കണ്ടതു് അപ്പോൾത്തന്നെ മറന്നിരിക്കാം. പക്ഷേ, ആ കുഞ്ഞിന്റെ അജാഗരിത മനസ്സു് അവ പിടിച്ചെടുത്തു. പിന്നീടു് രേഖകളിലൂടെ ആവിഷ്കരിച്ചു് ആ കലാകാരൻ അവയെത്തന്നെ വീണ്ടും കാണുകയായി. നമുക്കു കാണാനായി അവയെ ആവിഷ്കരിക്കുകയായി. ഇൻഫന്റ് പ്രോഡിജി.

The Women’s Room എന്ന ഫെമിനിസ്റ്റ് ക്ലാസിക് നോവലെഴുതി വിഖ്യാതയായ മർലിൻ ഫ്രഞ്ച്, Beyond Power-on Women, Men and Morals എന്നൊരു പുസ്തകമെഴുതിയിട്ടുണ്ടു്. പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുന്ന ആ വിദ്വജ്ജനോചിതമായ പുസ്തകത്തിൽ അവർ മനുഷ്യന്റെ ബോധമണ്ഡലത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. ചിന്തകർ—അവർ കാപ്പിറ്റലിസ്റ്റുകളോ സോഷ്യലിസ്റ്റുകളോ ആകട്ടെ—ഒരു മാർക്സിസ്റ്റ് ചിന്തയെ ഒരുപോലെ അംഗീകരിക്കുന്നുണ്ടു്. ജീവിതത്തിന്റെ ഭൗതികോപാധികൾ ഉൽപ്പാദിപ്പിക്കുന്ന മാർഗ്ഗമാണു്, സമൂഹത്തിന്റെ ബോധമണ്ഡലത്തിനു് ആസ്പദം വരുന്നതാണു് ആ ചിന്ത. നമ്മൾ ആഹാരം, പാർപ്പിടം, ആയുധം ഇവ എങ്ങനെ ഉണ്ടാക്കുന്നുവോ അതാണു് മനുഷ്യചിന്തയ്ക്കു് അടിസ്ഥാനമായി വർത്തിക്കുന്നതു്. പക്ഷേ, ഉൽപ്പാദന മാർഗ്ഗങ്ങൾ ഒരുപോലെയിരുന്നാലും ബോധമണ്ഡലം വിഭിന്നസമുദായങ്ങൾക്കു വിഭിന്നമായിരിക്കും. ഉദാഹരണം ഇതു തെളിയിക്കും. നൈൽനദിയുടെ താഴ്‌വരയിൽ താമസിക്കുന്ന നൂവർ വർഗ്ഗ ക്കാർക്കും തെക്കേ അമെരിക്കയിലെ മുണ്ടുറുക്കു വർഗ്ഗ ക്കാർക്കും മത്സ്യബന്ധനവും കൃഷിയുമാണു് ഉപജീവനമാർഗ്ഗങ്ങൾ. പക്ഷേ, നൂവർ വർഗ്ഗം ഇരട്ടപെറ്റ ശിശുക്കളെ ആധ്യാത്മിക ശക്തിയുടെ പ്രതിരൂപമായി കരുതി ആരാധിക്കുന്നു. മറ്റേവർഗ്ഗം ആ ശിശുക്കളെ മൃഗീയമായി കരുതി കൊന്നുകളയുന്നു. ബോധമണ്ഡലത്തിന്റെ—അതിനോടു ബന്ധപ്പെട്ട സന്മാർഗ്ഗചിന്തയുടെ—വിഭിന്ന സ്വഭാവം ഇതു കാണിക്കുന്നു. സ്നേഹത്തിനും ഇതുപോലെ വിഭിന്നത വരാം. (മർലിൻ ഫ്രഞ്ചിന്റെ മതമല്ല ഇതു്) നമ്മുടെ നാട്ടിൽത്തന്നെ ഒരുകാലത്തു് അനന്തരവന്മാരോടായിരുന്നു സ്നേഹം. അന്നു മക്കളെ സ്നേഹിച്ചിരുന്നില്ല. മരുമക്കത്തായം മാറിയപ്പോൾ അനന്തരവന്മാരെ വെറുത്തിട്ടു മക്കളെ സ്നേഹിക്കാൻ തുടങ്ങി. വികാരവും സമുദായത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. എങ്കിലും സ്നേഹം ഒരു സാർവലൗകിക വികാരം തന്നെ. അതിന്റെ മഹനീയതയെയാണു് പ്രൊഫസർ കെ. വി. ദേവ് ചൂണ്ടിക്കാണിക്കുന്നതു്. (യുഗശ്രീമാസികയിലെ അദ്ദേഹത്തിന്റെ സ്നേഹം എന്ന ലേഖനം) തന്നെ ജയിലിൽ ആക്കിയ സ്മട്സിനു് ഗാന്ധിജി ജയിലിൽ നിന്നിറങ്ങിയപ്പോൾ ഒരുജോടി ചെരിപ്പു സമ്മാനിച്ചതും അതോടെ സ്മട്സ് സ്നേഹപരതന്ത്രനായതും ദേവ് നമ്മുടെ ശ്രദ്ധയിൽകൊണ്ടുവരുന്നു. ബലാൽസംഗം, കൊലപാതകം, ശിശുമോഷണം, ശിശുധർഷണം ഇവയൊക്കെ ഒന്നിനൊന്നു കൂടിവരുന്ന ഈ ലോകത്തിൽ സ്നേഹം പ്രയോജനം ചെയ്യുമോ? അറിഞ്ഞുകൂടാ. എങ്കിലും അതല്ലാതെ മറ്റെന്താണു മാർഗ്ഗം?

പടിഞ്ഞാറൻ നാട്ടിൽ നിന്നു വരുന്ന മരുന്നുകുപ്പിയോ മഷിക്കുപ്പിയോ തുറക്കാൻ പ്രയാസമില്ല. ഒന്നു തൊടുകയേ വേണ്ടു. താഴത്തെ വീതികുറഞ്ഞ വളയം പൊട്ടി മുകളിലത്തെ അടപ്പു തിരിഞ്ഞുവരും. ഇന്ത്യയിലുണ്ടാക്കിയ മരുന്നിന്റെയും മഷിയുടെയും അടപ്പുകൾ തുറക്കാൻ വലിയ പ്രയാസം. കൈമുറിയും. അല്ലെങ്കിൽ കുപ്പിക്കകത്തുള്ളതു ഉടുപ്പിൽ വീഴും. ചെൽപാർക്ക് മഷിക്കുപ്പി ഒരിക്കൽ തുറക്കാൻ പെട്ടപാടു് എനിക്കേ അറിയൂ. പേനാക്കത്തികൊണ്ടു അടപ്പു് പൊക്കിയപ്പോൾ മഷിയാകെ ഷർട്ടിൽ. കുപ്പിയുടെ അടപ്പു തുറക്കുന്നില്ലേ. തീയിൽ കാണിക്കൂ. അതു വികസിക്കും. തുറക്കാം. സ്നേഹത്തിന്റെ ചൂടുകൊണ്ടു് ഒരുമാതിരിയുള്ളവരുടെ ഹൃദയം വികസിക്കും. പരമദുഷ്ടന്മാരുടെ ഹൃദയം മാത്രമേ പഴയമട്ടിൽ ഇരിക്കൂ.
അനൗചിത്യമാണു് രസഭംഗത്തിനു കാരണമെന്നു് ഒരാചാര്യൻ പറഞ്ഞു. കലയിൽ മാത്രമല്ല നിത്യജീവിതത്തിലും അതു കൂടിയേ തീരൂ. സാഹിത്യവാരഫലം ഹൃദയം തുറന്നുള്ള ഭാഷണമാണു്. ഞാനൊന്നും ഒളിച്ചുവയ്ക്കാറില്ല. അതുകൊണ്ടു് (ചില പരാമർശങ്ങൾ) ഔചിത്യത്തിനു് വിരുദ്ധമായി തോന്നിയേക്കാം.
നവീനശാസ്ത്രകാരന്മാരിൽ ചിലർ ശാസ്ത്രത്തെ മിസ്റ്റിസിസത്തോടു ബന്ധപ്പെടുത്തുമ്പോൾ ഇടതുപക്ഷ ചിന്താഗതിയുള്ള ശാസ്ത്രകാരന്മാർ അതിനെ ബൂർഷ്വാ ഐഡിയലിസമെന്നു വിളിച്ചു് ആക്ഷേപിക്കാറുണ്ടു്. വായനക്കാരായ നമ്മൾ രണ്ടിലും രസിക്കുന്നു. അതുകൊണ്ടു് ഐഡിയലിസ്റ്റായ കേപ്ര യെയും റീയലിസ്റ്റായ മാർട്ടിൻ ഗാർഡിനറെ യും നമ്മൾ ഒരേ വിധത്തിൽ ബഹുമാനിക്കുന്നു. രങ്ക(രംഗ) നാഥാനന്ദസ്സ്വാമി വേദാന്തതത്ത്വങ്ങൾ ഉപന്യസിക്കുമ്പോഴും ഹക്സിലി അവയെ ഖണ്ഡിക്കുമ്പോഴും നമുക്കു രണ്ടുപേരോടും ബഹുമാനം. എന്നാൽ പി. ടി. ഭാസ്കരപ്പണിക്കർ ‘വേദാന്തവും സയൻസും വർഗ്ഗീയതയും’ എന്ന പേരിൽ സൂപർഫിഷലായ കുറെ വാക്യങ്ങൾ എഴുതിവയ്ക്കുമ്പോൾ (ജനയുഗം വാരിക) നമുക്കു വിഷാദം. വേദാന്തത്തെയും അതിനോടു ബന്ധപ്പെട്ട ചിന്താഗതികളെയും അദ്ദേഹം പുച്ഛത്തോടെ പുറങ്കൈ കൊണ്ടു തട്ടിക്കളയുന്നു. എന്നാൽ മാർക്സിസ്റ്റുകൾ അങ്ങനെ ചെയ്യാറില്ല. സോവിയറ്റ് റഷ്യയിൽ നിന്നു വരുന്ന ഗ്രന്ഥങ്ങൾ ഈ സത്യം വെളിപ്പെടുത്തിത്തരും. Indian Philosophy in Modern times എന്ന പുസ്തകമെഴുതിയ വി. ബ്രോഡോഫ് Philosophy is in this context viewed as a manifestation or property of an invariable spirit of the whole Indian people എന്നു വിനയാന്വിതനായി പറഞ്ഞുകൊണ്ടാണു് സ്വമതങ്ങൾ ആവിഷ്കരിക്കുന്നതു്. മഹാത്മാഗാന്ധിയേയും ജവഹർലാൽ നെഹ്റു വിനെയും ടാഗോറി നെയും എസ്. രാധാകൃഷ്ണനെ യും അവർ ബഹുമാനിക്കുന്നു. Alexel Utman എഴുതിയ Tradition of Great Friendship എന്ന ഗ്രന്ഥം നോക്കുക. ബൂർഷ്വാ ദർശനത്തെയും ബൂർഷ്വാ സാഹിത്യത്തെയും പുച്ഛിക്കുന്ന ഏർപ്പാടു് മാർക്സിസ്റ്റുകൾ എന്നേ ഉപേക്ഷിച്ചു. പി. ടി. ഭാസ്കരപ്പണിക്കർ സ്ക്കൂൾ ബോയ് കോംബൊസിഷൻപോലുള്ള ലേഖനങ്ങൾ എഴുതുന്നതിനു മുൻപു് തിരുവനന്തപുരത്തെ പ്രഭാതു് ബുക്ക് ഹൗസിൽ കിട്ടുന്ന ഈ പുസ്തകങ്ങൾ വായിച്ചു നോക്കണം. വായിച്ചാൽ, മാർക്സിസ്റ്റായിത്തന്നെ വർത്തിച്ചുകൊണ്ടു് ആധ്യാത്മികതയെ സമചിത്തതയോടെ വിമർശിക്കുന്നതെങ്ങനെയെന്നു പഠിക്കാൻ കഴിയും.
പ്രഭാതമായി എങ്കിലും കാർമേഘങ്ങൾ നിറഞ്ഞ അന്തരീക്ഷം. അങ്ങനെ അർദ്ധാന്ധകാരം. ഒരു മരങ്കൊത്തി പല സ്ഥലങ്ങളിലും പാറിനടന്നു് ഒരു വൻകാട്ടിലെത്തി. അവിടെ മാമരങ്ങളുണ്ടു്. ഒരു വലിയ മരത്തിൽ ചെന്നിരുന്നു പക്ഷി ഒരു കൊത്തുകൊത്തി. മരത്തിൽ കൊത്തിയതും മിന്നൽ പ്രവാഹം അതിനെ രണ്ടായി പിളർന്നിട്ടതും ഒന്നിച്ചുകഴിഞ്ഞു. പിളർന്ന മരം നിർഘോഷത്തോടെ രണ്ടു വശങ്ങളിലായി വീണപ്പോൾ താഴെ തെറിച്ചുവീണ മരങ്കൊത്തി പറഞ്ഞു: “എനിക്കു് ഇത്ര ശക്തിയുണ്ടെന്നു ഞാൻ അറിഞ്ഞതേയില്ല.” നമ്മുടെ പല എഴുത്തുകാരും ഈ മരങ്കൊത്തിയെപ്പോലെയാണു്.