
കേരളസർക്കാരിന്റെ ഭാഗ്യക്കുറിയിൽ ഒരുത്തനു പത്തുലക്ഷം രൂപ ഒന്നാം സമ്മാനമായി കിട്ടിയെന്നു വിചാരിക്കൂ. അയാൾക്കു പിന്നെ ഇരിക്കപ്പൊറുതി കാണില്ല. സകല ബാങ്ക് മാനേജറന്മാരും അയാളുടെ വീട്ടിലെത്തും. ‘എന്റെ ബാങ്കിൽ പണമിടണേ’ എന്നു് ഓരോരുത്തരും അപേക്ഷിക്കും. ഏതെങ്കിലും തരത്തിൽ ഒരു ഭാഗ്യം വന്നാൽ ആളുകൾ എങ്ങനെ ഉപദ്രവിക്കുമെന്നു് അറിയണമെങ്കിൽ സ്റ്റെൻബക്കി ന്റെ ‘മുത്തു് ’ എന്ന ചെറിയ നോവൽ വായിച്ചുനോക്കിയാൽ മതി. കീനോയ്ക്കു മുത്തു കിട്ടിയപ്പോൾ എല്ലാ വിഭാഗങ്ങളിൽപ്പെട്ട ആളുകളും അയാളിൽ തൽപരനായി. പാതിരി അയാളുടെ വീട്ടിലെത്തി. കിനോയുടെ കുഞ്ഞിനെ ചികിൽസിക്കാൻ കൂട്ടാക്കാത്ത ഡോക്ടർ പൂന്തോട്ടക്കാരനുമായി അവിടെ ചെന്നു. രാത്രിയായപ്പോൾ മുത്തു മോഷ്ടിച്ചുകൊണ്ടു പോകാൻ ചിലർ ഭവന ഭേദനം നടത്തി. പൊടുന്നനവേ സമ്പത്തുണ്ടാകുന്നതു് ആപത്താണു്. ആ ചിന്ത ഇരിക്കട്ടെ. ഭാഗ്യക്കുറിയിൽ കിട്ടുന്ന പത്തുലക്ഷം രൂപയ്ക്കു് വിലയുണ്ടോ? വിശന്നു തളർന്നു വരുന്നവനു് നമ്മൾ മനസ്സലിഞ്ഞു കൊടുക്കുന്ന അഞ്ചുരൂപയ്ക്കാണു് കൂടുതൽ വില. ആ ചെറിയ തുകയ്ക്കുള്ള മഹനീയത ഷോഡതിയിലെ പത്തു ലക്ഷത്തിനില്ല. ധനത്തെ വിട്ടു് മറ്റൊരു മണ്ഡലത്തിലേക്കു വരാം. പൂജപ്പുരയിൽ സെൻട്രൽ ജയിലുണ്ടു്. വൻമതിലിനകത്തു് എത്രയെത്ര കെട്ടിടങ്ങൾ! മതിലിനു വെളിയിൽ, റോഡിനരികിൽ ഒരു പ്രാഥമിക വിദ്യാലയമുണ്ടു്. ഏതിനാണു് മഹനീയതു? സംശയമില്ല. വിദ്യാലയത്തിനു തന്നെ. മഹത്വം ഗുണത്തെയാണു് ആശ്രയിച്ചിരിക്കുന്നതു്; അളവിനെയല്ല, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള യുടെ “യേശുവിജയം” മഹാകാവ്യമാണു്. ചങ്ങമ്പുഴ യുടെ “പഞ്ചഭൂതാഭിയുക്തമെൻ ഗാത്രം” എന്നു തുടങ്ങുന്ന കാവ്യം കൊച്ചു ഭാവഗീതം മാത്രം. പക്ഷേ, മഹനീയത ചങ്ങമ്പുഴയുടെ ഭാവഗീതത്തിനാണു്. മഹാകാവ്യത്തിനല്ല. സാഹിത്യകൃതികളുടെ വൈപുല്യം കണ്ടു് കണ്ണഞ്ചി ചിലർ ‘മഹനീയം, മഹനീയം’ എന്നു് അത്ഭുതം കൂറാറ്ണ്ടു്. തെറ്റാണു് അതെന്നേ പറയാനുള്ളൂ.
സത്യത്തിന്റെ മുഖത്തു നോക്കാൻ പേടിയുള്ളപ്പോഴാണു് തെറ്റു ചെയ്യുന്നതു്. പതിനേഴാം തീയതിയാണു് ഇതെഴുതുന്നതു്. ഇന്നലെ വൈകുന്നേരം ഓട്ടോറിക്ഷ കാത്തുനില്ക്കുകയായിരുന്നു ഞാൻ. ഒരു രോഗിക്കുള്ള മരുന്നു പെട്ടെന്നു് എത്തിക്കേണ്ടിയിരിക്കുന്നു എനിക്കു്. മുക്കാൽ മണിക്കൂർ കഴിഞ്ഞു. ഉത്കണ്ഠയോടെ നാലുചുറ്റും നോക്കിയപ്പോൾ ദൂരെനിന്നു് ഒരു ഓട്ടോറിക്ഷ വരുന്നു. അതിനടുത്തേക്കു ഓടി. എതിരുവശത്തുനിന്നു രണ്ടു കൊച്ചുകുഞ്ഞുങ്ങളും ഓടുന്നുണ്ടു്. അവർ അതിൽ കേറാതിരിക്കാൻ വേണ്ടി ഞാൻ ഓട്ടത്തിന്റെ വേഗം കൂട്ടി. വാഹനത്തിൽ കയറി ഇരിപ്പായി. ആ സമയംകൊണ്ടു കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരും അതിനടുത്തെത്തി. ഡ്രൈവർ എന്നോടു പറഞ്ഞു: “അവരാണു് ആദ്യം കൈകാണിച്ചതു്. ഇറങ്ങിയാട്ടെ”. സാദ്ധ്യമല്ലെന്നു ഞാൻ. അപ്പോൾ അവരോടു ഡ്രൈവർ അനുവാദം ചോദിച്ചു: “കൊണ്ടു പോകട്ടോ?” ഞാൻ ഏറു കണ്ണിട്ടു് അവരെ ഒന്നു നോക്കി. മാന്യതയുള്ള അവർ രണ്ടുപേരും പുഞ്ചിരി തൂകി നിൽക്കുകയാണു്. ‘പോകൂ’ എന്നു് പുരുഷൻ സൗമ്യമായി പറഞ്ഞു. ഓട്ടോറിക്ഷ നീങ്ങി. എന്റെ ഉള്ളു പിടഞ്ഞു. ഞാനെന്തൊരു സംസ്കാരരഹിതൻ’ എന്ന തോന്നലായിരുന്നു എനിക്കു്. അപ്പോഴേക്കും അര ഫർലോങ്ങോളം വണ്ടി പൊയ്ക്കഴിഞ്ഞിരുന്നു. “നിറുത്തു. ഞാനിറങ്ങാം. അവരെ കൊണ്ടുപോകൂ.’ എന്നായി ഞാൻ ഡ്രൈവറോടു്. ഭ്രാന്തുണ്ടോ എന്ന മട്ടിൽ അയാളെന്നെ നോക്കി. ഓട്ടോറിക്ഷ വിട്ടപ്പോൾ ഞാൻ ആ കൊച്ചുകുട്ടികളുടെ മുഖങ്ങളിലേക്കു നോക്കാൻ ധൈര്യപ്പെട്ടില്ല. നോക്കിയെങ്കിൽ സത്യത്തിന്റേതായ മുഖങ്ങൾ കണ്ടു ക്രൂരനായ ഞാൻ ഞെട്ടിപ്പോയേനെ. അലങ്കരിക്കപ്പെട്ട സൗധങ്ങൾ കാണാൻ അച്ഛനമ്മമാരോടുകൂടെ വന്നവരാണു് ആ പിഞ്ചു കുഞ്ഞുങ്ങൾ. അവരുടെ നൈരാശ്യവും വിഷാദവും ആ മുഖങ്ങളിൽ ഞാൻ ദർശിക്കുമായിരുന്നു. ഞാൻ ചെയ്ത തെറ്റു് ഇതെഴുതുമ്പോഴും എന്നെ വേദനിപ്പിക്കുന്നു. ഒട്ടും ക്ഷോഭിക്കാതെ മന്ദഹാസം പൊഴിച്ചുനിന്ന ആ പുരുഷനും സ്ത്രീയും സംസ്കാരമെന്നാൽ എന്താണെന്നു് എന്നെ പഠിപ്പിച്ചു. അവർ ഇതു വായിക്കുകയില്ലായിരിക്കാം. എങ്കിലും ആ നാലു പേരോടും ഞാൻ മാപ്പു പറയട്ടെ.

സത്യത്തിന്റെ മുഖത്തു നോക്കാൻ പേടിയാണു് സാഹിത്യകാരന്മാർക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “ഭവനഭേദനം” എന്ന സാങ്കല്പികമായ കഥയോ യഥാർത്ഥമായ വിവരണമോ എഴുതിയ ഐ. കെ. കെ. എമ്മിനും ഭയംതന്നെ. ഭയമില്ലായിരുന്നെങ്കിൽ ഈ ചവറെടുത്തു് അദ്ദേഹം നമ്മുടെ മുൻപിൽ വയ്ക്കില്ലായിരുന്നു. കഥ പറയുന്ന ആളിന്റെ വീട്ടിൽനിന്നു് ആഭരണങ്ങളും മറ്റും മോഷണം പോയി. വൈകുന്നേരം ഒരു സ്ത്രീയും പുരുഷനും കുഞ്ഞിനോടൊത്തു് അവിടെ നില്ക്കുന്നതു പലരും കണ്ടു. ഒരു പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ പോയി കള്ളികളുടെ ഫോട്ടോ നോക്കി ഒരുത്തിയെ ചൂണ്ടിക്കാണിച്ചു കൊടുത്തു. അവളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറെടുക്കുമ്പോൾ ഗൃഹനായിക പറയുന്നു അവിടെ വൈകുന്നേരം വന്നതു ബന്ധുക്കളാണെന്നു്. ഐ. കെ. കെ. എം. ഈ വിവരണമെഴുതിയിട്ടു് ഒരുതവണ വായിച്ചു നോക്കിയിരുന്നെങ്കിൽ അദ്ദേഹത്തിനു മനസ്സിലാകുമായിരുന്നു തന്റെ രചന തികച്ചും വിലകെട്ടതാണെന്നു്. എന്തുചെയ്യാം. സത്യത്തിന്റെ മുഖത്തു നോക്കാൻ പേടിയാണു് പലർക്കും. പശ്ചാത്തപിച്ചതുകൊണ്ടു പ്രയോജനവുമില്ല. കുഞ്ഞുങ്ങളെ തോല്പിച്ച് വാഹനത്തിൽ കയറിയവൻ സംസ്കാരശൂന്യൻ തന്നെ. “ഭവനഭേദനം” കൊണ്ടു വായനക്കാരെ മുഷിപ്പിക്കുന്ന ആൾ അനാദരണീയനും.
കാരുണ്യം, ലജ്ജ, മറ്റുള്ളവരെക്കുറിച്ചുള്ള പരിഗണന, തെറ്റും ശരിയും എന്നതിനെക്കുറിച്ചുള്ള ബോധം ഇവയില്ലാത്ത മനുഷ്യനില്ല. ഈ അംശങ്ങളെ വ്യക്തി വികസിപ്പിച്ചെടുക്കുമ്പോൾ അഗ്നിനാളം പോലെ, നീരുറവപോലെ അവന്റെ പുരോഗതി ഉയർന്നുവരും—മെൻഷീയസ് (Mencius).

അഗ്നിനാളംപോലെ, നീരുറവപോലെ സാഹിത്യ മണ്ഡലത്തിൽ ഉയർന്നുവന്നു് അനുവാചകനു് പ്രയോജനമരുളിയ ആളാണു് എൻ. കൃഷ്ണപിള്ള. അദ്ദേഹത്തിനു് എഴുപതു വയസ്സു തികയുന്ന ഈ സന്ദർഭത്തിൽ ‘കലാകൗമുദി’ പ്രത്യേകമായ ഫീച്ചർ തയ്യാറാക്കി പ്രസാധനം ചെയ്തതു് ഉചിതമായി.
“പ്രതിപാത്രം ഭാഷണഭേദം” എന്ന ഗ്രന്ഥം രചിച്ചതോടെ കൃഷ്ണപിള്ളസാർ കേരളത്തിലെ അദ്വീതിയനായ നിരൂപകനായി മാറിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ സവിശേഷത അതിന്റെ സത്യാത്മകത തന്നെ. എന്നു പറഞ്ഞാലോ? സി. വി. രാമൻപിള്ള യുടെ നോവലുകളിൽ കാണുന്നതു മാത്രമേ കൃഷ്ണപിള്ളസാർ ചൂണ്ടിക്കാണിക്കുന്നുള്ളൂ. പടിഞ്ഞാറൻ ദേശത്തെ സ്ട്രക്ചറലിസം, സീമിയോട്ടിക്സ് ഇവയെ അവലംബിച്ച് ഇവിടുത്തെ ചില ഛോട്ടാകളുടെ രചനകളെക്കുറിച്ച് എഴുതുന്നവർ പലരുമുണ്ടു്. അവർ പറയുന്നതൊക്കെ ഈ സാഹിത്യകാരന്മാരുടെ രചനകളിൽ ഇല്ല. പടിഞ്ഞാറൻ നിരൂപകർ സ്ട്രക്ചറലിസത്തിന്റെയും സീമിയോട്ടിക്സിന്റെയും തത്ത്വങ്ങളെ ആധാരമാക്കി ചില രചനകളെക്കുറിച്ച് എഴുതുമ്പോൾ അവർ കൈകാര്യം ചെയ്യുന്ന രചനകൾക്കു ‘ഡെൻസിറ്റി’ എന്ന ഗുണമുണ്ടെന്നു നമ്മൾ മനസ്സിലാക്കുന്നു. ആ ഡെൻസിറ്റി—ധ്വനശക്തി—ഇവിടുത്തെ കൊച്ചു സാഹിത്യകാരന്മാരുടെ രചനകൾക്കില്ല. എങ്കിലും പുതുമയ്ക്കു വേണ്ടി, തങ്ങൾ പണ്ഡിതരാണെന്നു വരുത്താൻ വേണ്ടി അവർ രചനകളിൽ ഇല്ലാത്തതു് അടിച്ചേല്പിക്കുന്നു. വിവരമില്ലാത്ത കുറെയാളുകൾ “ഹാ, ഹാ എന്തൊരുജ്ജ്വല നിരൂപണം!” എന്നു ഉദ്ഘോഷിക്കുകയും ചെയ്യുന്നു. ഇവരുടെയൊക്കെ ആശാട്ടി അമേരിക്കൻ എഴുത്തുകാരിയായ സൂസൻ സൊൺടാഗാ ണു്. അവരുടെ പ്രധാന ദോഷം ചിന്തകളെ റബ്ബർപോലെ വലിച്ചുനീട്ടുന്നു എന്നതാണു്. ബതായി യുടെ Story of the Eye എന്ന നോവലിന്റെ അവതാരികയായി എടുത്തു ചേർത്തിട്ടുള്ള അവരുടെ പ്രബന്ധം ഇതിനു് ഉദാഹരണമത്രെ. ചിന്തകളെ വലിച്ചുനീട്ടുമ്പോൾ അവ അസത്യപൂർണ്ണങ്ങളാകും. സൊൺടാഗ് ഛായാഗ്രഹണത്തെക്കുറിച്ചെഴുതിയ പുസ്തകത്തിനും ഈ ന്യൂനതയുണ്ടു്. ബർട്രൻഡ് റസ്സലി ന്റെയോ അൽഡസ് ഹക്സിലി യുടെയോ ഗ്രന്ഥങ്ങൾ വായിക്കു. സത്യം സത്യമായി പ്രത്യക്ഷമാകുന്നതു കണ്ടു നമ്മൾ ആഹ്ലാദിക്കും. എൻ. കൃഷ്ണപിള്ള സ്ട്രക്ചറിസത്തെയോ സീമിയോട്ടിക്സിനെയോ ആശ്രയിക്കാതെ സത്യം പറയുന്നു. ഈ നിരൂപകനു് എന്റെ വിനയം കലർന്ന അഭിവാദനം.

എന്തൊരു വിചിത്രമായ ആശയസന്നിപാതം! മുകളിലത്തെ ഖണ്ഡിക എഴുതിയിട്ടു് ഒരു ദിവസത്തിലധികമായി. ഇന്നു വൈകുന്നേരം തിരുവനന്തപുരത്തെ മോഡേൺ ബുക്ക്സിൽനിന്നു വാങ്ങിക്കൊണ്ടു വന്ന ഒരു പുസ്തകം തുറന്നു നോക്കി. അമേരിക്കൻ നോവലെഴുത്തുകാരൻ Gore Vidal ഇങ്ങനെ പറഞ്ഞതായി അതിൽ കാണുന്നു: Susan Sontag certainly is as bad a writer as I’ve ever read… and a fifth-rate mind. I would say she was monstrously over-rated.
ഇവിടുത്തെ കൊച്ചു സാഹിത്യകാരന്മാരുടെ രചനകൾക്കു് ഡെൻസിറ്റിയില്ല. എങ്കിലും പുതുമയ്ക്കു വേണ്ടി, തങ്ങൾ പണ്ഡിതരാണെന്നു വരുത്താൻ വേണ്ടി അവർ രചനകളിൽ ഇല്ലാത്തതു് അടിച്ചേല്പിക്കുന്നു. വിവരമില്ലാത്ത കുറെയാളുകൾ “ഹാ, ഹാ എന്തൊരുജ്ജ്വല നിരൂപണം!” എന്നു ഉദ്ഘോഷിക്കുകയും ചെയ്യുന്നു. ഇവരുടെയൊക്കെ ആശാട്ടി അമേരിക്കൻ എഴുത്തുകാരിയായ സൂസൻ സൊൺടാഗാണു്. അവരുടെ പ്രധാന ദോഷം ചിന്തകളെ റബ്ബർപോലെ വലിച്ചുനീട്ടുന്നു എന്നതാണു്.
ടോൾസ്റ്റോയി ഏതോ ഫ്രഞ്ച് നോവൽ വായിക്കുകയായിരുന്നു. അതിലൊരിടത്തു് താറാവിനെ പൊരിക്കുന്നതിന്റെ ഫലമായ മരണത്തെ പുറങ്ങളോളം ദീർഘമായി വർണ്ണിക്കുന്ന ഒരു ഭാഗമുണ്ടു്. അതു വായിച്ചിട്ടു് ടോൾസ്റ്റോയി പറഞ്ഞു: “വർണ്ണനയുടെ ഒടുവിലെത്തുമ്പോൾ നമ്മളും മണമറിയുമെന്നതു സത്യം തന്നെ. പക്ഷേ, ആളുകളുടെ മനസ്സിൽ ഏതെങ്കിലും പതിപ്പിക്കുന്നതിനുള്ള മാർഗ്ഗമതല്ല. ഹെലന്റെ സൗന്ദര്യം എങ്ങനെയുള്ളതായിരുന്നുവെന്നു ഹോമർ സ്പഷ്ടമാക്കുന്ന ഭാഗം ഓർമ്മയുണ്ടോ? ഇതാ ഈ ലളിതങ്ങളായ വാക്കുകൾ മാത്രം: ‘When Helen walked in, at the sight of her beauty old men rose to their feet…’ കണ്ണോ വായോ ചുണ്ടോ വർണ്ണിക്കേണ്ടതില്ല. ഓരോ ആളിനും ഹെലനെക്കുറിച്ച് ഇഷ്ടം പോലെ വിചാരിക്കാം. എന്നാൽ വൃദ്ധന്മാരെപ്പോലും എഴുന്നേല്പിക്കുന്ന ഹെലന്റെ സൗന്ദര്യം എല്ലാവരെയും ആകർഷിക്കുന്നു”.
ടോൾസ്റ്റോയി പറഞ്ഞ ഈ സാരസ്വതരഹസ്യം നമ്മുടെ എഴുത്തുകാർ മനസ്സിലാക്കിയെങ്കിൽ! മനസ്സിലാക്കിയാൽ പൂലാത്തു് മുഹമ്മദിന്റെ “പൂക്കാലം” പോലുള്ള ചെറുകഥകൾ ഉണ്ടാകില്ലായിരുന്നു. (എക്സ്പ്രസ്സ് വാരിക) വർഷത്തിലൊരിക്കൽ അബുക്ക ഗൾഫ് രാജ്യത്തു് നിന്നുവരും. അപ്പോൾ സുഹറാബിക്കു ആഹ്ലാദം. അത്തവണ വന്നപ്പോൾ അയാൾ പറഞ്ഞു ഇനി പോകേണ്ടതില്ലെന്നു്. അതോടെ അവൾക്കു പാരവശ്യം. ആഹ്ലാദമായിരിക്കാം. വിഷാദവുമാകാം. ഇതാണു് പൂക്കാലം.
ഉൾക്കാഴ്ചയെന്ന മിന്നൽപ്പിണർ പൊടുന്നനവേ വന്നു വീഴുമ്പോൾ ജീവിതസംഭവങ്ങൾക്കുണ്ടാകുന്ന തിളക്കമാണു് കഥകൾക്കു കലാത്മകത നല്കുന്നതെന്നു് ഞാൻ പല തവണ എഴുതിയിട്ടുണ്ടു്. ഇനിയും അതു് ആവർത്തിക്കുന്നതെങ്ങനെ?
പ്രഖ്യാതനായ ഒരഭിനേതാവു് പല തരുണികളോടും ലൈംഗിക വേഴ്ച നടത്തിയിട്ടു മിണ്ടാതിരുന്നു. കീർത്തിയാർജ്ജിച്ച മറ്റൊരഭിനേതാവു് അതേ കൃത്യം ചെയ്തിട്ടു് കാണുന്നവരോടൊക്കെ അതു പറഞ്ഞു നടന്നു. എന്റെ പരിചയക്കാരനായിരുന്ന കവി (മരിച്ചു പോയി) ഒരു വേഴ്ചയും നടത്താതെ സകല സുന്ദരികളെയും പ്രാപിച്ചുവെന്നു പ്രചരിപ്പിച്ചു. ആദ്യത്തയാൾ മാന്യനല്ല: എങ്കിലും അമാന്യനുമല്ല. രണ്ടാമത്തെയാൾ തികഞ്ഞ് അമാന്യൻ. മൂന്നാമത്തെയാൾ—കവി—അമാന്യനും ഹിപക്രിറ്റും. കഥാകാരനാകാൻ ശ്രമിച്ചു പരാജയപ്പെട്ടു നില്ക്കുന്ന ആൾ ഈ മൂന്നാമന്റെ കൂട്ടുകാരനാണു്.
വിവിധഘടകങ്ങൾ അന്യോന്യം ബന്ധപ്പെട്ടു ഭംഗിയായി പ്രവർത്തിക്കുന്ന അഴിമതിയാണു് ഭാരതത്തിലെവിടെയും ഉള്ളതു്. നാഗപ്പൂരിൽ നിന്നു് തിരുവനന്തപുരത്തേക്കു വരാൻ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തു. മദ്രാസിൽ നിന്നുള്ള ബർത്തിനു് റിസർവേഷൻ മദ്രാസിൽത്തന്നെ നടത്തണമെന്നും അതിനു് ടെലഗ്രാം അയച്ചുകൊള്ളാമെന്നും നാഗപ്പൂർ തീവണ്ടിയാപ്പീസിലെ ക്ലാർക്ക് പറഞ്ഞു. അയാൾ മൂന്നു ടെലിഗ്രാം അയയ്ക്കുകയും ചെയ്തു. ഞാൻ മദ്രാസിലെത്തി. തിരുവനന്തപുരത്തേക്കുള്ള ബർത്ത് റിസർവേഷനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ബർത്തില്ലെന്നും ടെലിഗ്രാം കിട്ടിയില്ലെന്നും അവിടത്തെ ഉദ്യോഗസ്ഥൻ അറിയിച്ചു. ബർത്ത് കിട്ടാത്തതുകൊണ്ടു് ഞാൻ രണ്ടു ദിവസം എനിക്കു പരിചയമൊട്ടുമില്ലാത്ത മദ്രാസിൽ താമസിച്ചു. ഓരോ ദിവസവും മൂന്നും നാലും തവണ അന്വേഷിക്കും. മറുപടി ‘ഇല്ല’ എന്നാണെങ്കിൽ സഹിക്കാമായിരുന്നു. ആട്ടുന്ന മട്ടിൽ തമിഴിലെന്തെങ്കിലും പറയും. ഗത്യന്തരമില്ലാതെ പലരെയും ഫോണിൽ വിളിച്ചു നോക്കി; അടൂർഭാസി, ഡോക്ടർ എസ്. കെ. നായർ, കെ. ജി. മേനോൻ ഇങ്ങനെ പലരെയും. ആരെയും ടെലിഫോണിൽ കിട്ടിയില്ല. എന്റെ വൈഷമ്യം കണ്ടു് ഹോട്ടലിലെ ഒരു മലയാളിപ്പയ്യൻ “ഇരുപതു രൂപ തരണം സാർ. ടിക്കറ്റ് ഞാൻ വാങ്ങിത്തരാം” എന്നു പറഞ്ഞു. രൂപ കൊടുത്തു. ബർത്ത് റിസർവേഷൻ അനായാസമായി ലഭിച്ചു. ഈ ഇരുപതു രൂപയുടെ പങ്ക് ടിക്കറ്റ് തന്നയാളിനും വേറെ പലർക്കും ചെല്ലും. അതാണു് ‘സംഘടിതമായ അഴിമതി’ എന്നു മുൻപു് ഞാൻ പറഞ്ഞതു്. വേറൊരിക്കൽ നാഗപ്പൂരിൽ നിന്നു തിരുവനന്തപുരത്തെത്താൻ ഏതാണ്ടു് അഞ്ഞൂറുരൂപയോളം നൽകേണ്ടി വന്നു എനിക്കു്. അന്നു് ശരിയായ റെയിൽവേക്കൂലി നൂറ്റമ്പതു രൂപയായിരുന്നു. എന്റെ കൈയ്യിൽ നിന്നുവാങ്ങിയ അഞ്ഞൂറു രൂപയുടെ പങ്ക് പല ടിക്കറ്റ് എക്സാമിനർക്കും സ്റ്റേഷൻ മാസ്റ്റർക്കും കിട്ടിയിരിക്കും. അതിഭയങ്കരമായ കറപ്ഷനാണു് എങ്ങും. പണം ഇതുപോലെ ഞാൻ കൊടുത്തില്ലെന്നു വിചാരിക്കൂ. കൈയ്യിലുള്ള പണമെല്ലാം തീർന്നു് ഞാൻ നാഗപ്പൂരിൽ കിടന്നു തെണ്ടും. അതുപേടിച്ചു ഞാനും കറപ്ഷനു വിധേയനായിപ്പോകുന്നു.
ഇന്ത്യയിൽ ജീവിതരീതിയായി മാറിയിരിക്കുന്ന ഈ അഴിമതിയെ കളിയാക്കുന്ന ഒരു ചെറുകഥയുണ്ടു് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ; രമേശ് ഗുപ്തയുടെ ‘പൊട്ടറ്റോ ചിപ്സും പുറം സമ്പാദ്യവും’, (വിവ: കെ. എ. കൊടുങ്ങല്ലൂർ) ഉത്സവ സ്ഥലത്തു നില്ക്കുമ്പോൾ ദൂരെക്കാണുന്ന സുന്ദരികളെയാകെ ആശ്ലേഷിക്കാൻ തക്ക വിധത്തിൽ തന്റെ കൈകൾക്കു നീളമുണ്ടായെങ്കിൽ എന്നഭിലഷിച്ച ഒരു സ്നേഹിതനുണ്ടായിരുന്നു എനിക്കു്. രമേശ് ഗുപ്തയുടെ കഥയ്ക്കു് എത്ര നീളമുള്ള കൈകളുണ്ടായാലും കലാംഗനയെ തൊടാൻ പറ്റില്ല. കൈയുണ്ടെങ്കിലല്ലേ അതിനു നീളം വയ്ക്കൂ. വിരസമായ പ്രബന്ധത്തിനു് കഥയുടെ കൈ വരുന്നതെങ്ങനെ? അങ്ങിങ്ങായി ഹാസ്യത്തിന്റെ ഛായ മാത്രമുള്ള ഈ ശുഷ്കമായ ഉപന്യാസം, തർജ്ജമക്കാരന്റെ ദൃഷ്ടിയിൽ കഥയായതു് എങ്ങനെ?
അന്യന്റെ പുരയിടം പിടിച്ചെടുത്താൽ വീട്ടിന്റെ മുൻപിൽ കാറ് കിടക്കും. സ്ക്കൂട്ടറുകൾ വിലസിക്കൊണ്ടിരിക്കും. പക്ഷേ, മനസ്സിനു സുഖം കാണില്ല. സ്വന്തം വിയർപ്പൊഴുക്കിയുണ്ടാക്കുന്ന സമ്പത്തേ സുഖം നല്കൂ. കലയും സ്വാഭാവികമായ സർഗ്ഗാത്മകത്വത്തിന്റെ ഫലമാകണം. അല്ലാതെ അതിനെ പിടിച്ചെടുക്കരുതു്. ആരെങ്കിലും പിടിച്ചെടുത്താൽ അതു നന്നെന്നു് ഒരുത്തനും പറയുകയുമരുതു്.

വിശ്വസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ ഭാഗങ്ങൾ എടുത്തുകാണിക്കണമെന്നു വിചാരിക്കാറുണ്ടു് പലപ്പോഴും വിസ്മരിച്ചു പോകുന്നു. ഇത്തവണ അതോർമ്മിച്ചു. നൊർവയിലെ നാടക കർത്താവു് ഹെൻറിക് ഇബ്സൻ (ഇപ്സൻ എന്നാണു് നൊർവിജൻ ഭാഷയിലെ ഉച്ചാരണം) പർ ഗ്യന്ത് (Peer Gynt) എന്നൊരു നാടകമെഴുതി. ജീവിതത്തിന്റെ പല തലങ്ങളിലൂടെ കടന്നു താനാരാണെന്നു് പർ ഗ്യന്ത് മനസ്സിലാക്കുന്നതാണു് നാടകത്തിലെ പ്രമേയം. നാടകത്തിലെ അഞ്ചാമങ്കത്തിലെ അഞ്ചാംരംഗം പർ ഗ്യന്ത് പറയുന്നു. “നീയൊരു ചക്രവർത്തിയല്ല. നീ ഒരു ഉള്ളി മാത്രം”. എന്നിട്ടു് ഒരു ഉള്ളിയെടുത്തു് ഓരോ പോളയും അയാളുടെ ജീവിതത്തിന്റെ ഓരോ അവസ്ഥയോടു് സദൃശ്യമാണെന്നു പ്രസ്താവിക്കുന്നു. പർ ഗ്യന്ത് കപ്പൽ ചേതത്തിൽപ്പെട്ടു് ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെട്ടിട്ടുണ്ടു് പണ്ടു്. അടിമവ്യാപാരിയും സ്വർണ്ണം കുഴിച്ചെടുക്കുന്നവനുമൊക്കെ ആയിരുന്നിട്ടുണ്ടു് അയാൾ. അങ്ങനെ ഓരോ ഇതളിനെയും ഓരോ ജീവിത സംഭവത്തോടു ബന്ധപ്പെടുത്തിയതിനുശേഷം അനേകം ഇതളുകൾ ഒരുമിച്ച് ഇളക്കിയെടുക്കുന്നു. “അവിശ്വസനീയമായ എത്ര തട്ടുകൾ! നമുക്കു് ഇതിന്റെ ഹൃദയം കണ്ടുപിടിക്കാനൊക്കുകയില്ലേ?” എന്നു് പർ ഗ്യന്ത് ചോദിക്കുന്നു. തന്റെ ജീവിതവും ഉള്ളിപോലെ കാമ്പില്ലാത്ത, പൊള്ളയായ ഒന്നാണെന്ന തീരുമാനത്തിൽ അയാൾ എത്തുന്നു. കവിയും തത്ത്വചിന്തകനുമായ ഇബ്സനെ നമ്മൾ ഇവിടെ കാണുന്നു.
മദ്യപനായ ഒരാൾ വിസർജ്ജനത്തെ വർണ്ണിച്ച് പ്രസംഗം തുടങ്ങി. മാന്യന്മാരിൽ മാന്യനും സഹൃദയരിൽ സഹൃദയനുമായ എന്റെ അഭിവന്ദ്യ സുഹൃത്തു് എസ്. എൻ. മൂർത്തി എന്നോടു് ചോദിച്ചു: “കൂവാനറിയാമോ?” “അറിഞ്ഞുകൂടാ” എന്നു് എന്റെ മറുപടി. “എനിക്കറിയാം” എന്നു മൂർത്തി പറഞ്ഞെങ്കിലും അദ്ദേഹത്തിനും കൂവാനറിഞ്ഞുകൂടെന്നു് എനിക്കറിയാം. മൂർത്തി മിണ്ടാതിരിക്കുകയാണു്. ഞാൻ ടാഗോർ ഹാളിൽ നിന്നു് പുറത്തിറങ്ങി ആരും അടുത്തെങ്ങുമില്ലെന്നു് ഉറപ്പുവരുത്തിയതിനു ശേഷം “കൂ” എന്നു് ചെറിയ ശബ്ദത്തിൽ കൂവി. അത്രയും ചെയ്തില്ലെങ്കിൽ അന്നു് ഉറക്കം വരികയില്ലായിരുന്നു. (ഹിഗിൻബോത്തംസ് മാനേജറാണു് മൂർത്തി.)

പ്രശസ്തനായ നിരൂപകൻ ബ്രാൻഡർ മാത്യൂസ് ഒരു നാടകാഭിനയം കാണാൻ പോയി. അടുത്ത ദിവസം അദ്ദേഹത്തിന്റെ ശിഷ്യന്മാർ നാടകത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചു. മാത്യൂസ് മറുപടി നൽകി: “നാടകത്തിനു് നാലങ്കമുണ്ടു്. ഞാൻ നാടകകർത്താവിന്റെ അതിഥിയായിരുന്നു. ഒന്നാമങ്കം കഴിഞ്ഞപ്പോൾ പ്രേക്ഷകർ നിശ്ശബ്ദർ. ഞാൻ കൈയ്യടിച്ചു. രണ്ടാമങ്കം കഴിഞ്ഞപ്പോൾ ഞാൻ മിണ്ടാതിരുന്നു. പ്രേക്ഷകർ കൂവി”.
“പിന്നീടോ?” എന്നു് വിദ്യാർത്ഥികളുടെ ചോദ്യം. മാത്യൂസ് തുടർന്നു: “മൂന്നാമങ്കം കഴിഞ്ഞു ഞാൻ നാടകശാലയിൽനിന്നിറങ്ങിപ്പോയി. എന്നിട്ടു തിരിച്ചെത്തി. ഞാനും കൂവി”.
സഹൃദയത്വമാണു് രണ്ടു് സന്ദർഭങ്ങളിലെയും കൂവലിനു് കാരണം. ജനയുഗം വാരികയിൽ അംബിക ടെലിഗ്രാമിന്റെ ഭാഷയിൽ എഴുതിയ “വഴിതെറ്റിയ യാത്രക്കാരൻ” എന്ന ചെറുകഥ ഞാൻ വായിച്ചു. ഞാൻ ടാഗോർ ഹാളിൽ നിന്നു പുറത്തേക്കു് പൊയ്ക്കൊള്ളട്ടെ. മാത്യൂസിനെപ്പോലെ നാടകശാലയിൽ നിന്നു് ഇറങ്ങിപ്പോയതിനു് ശേഷം തിരിച്ച് വന്നുകൊള്ളട്ടെ.

സി. ഐ. എയും പട്ടാളവും ചേർന്നു കൊലപ്പെടുത്തിയ ചിലിയിലെ പ്രസിഡന്റ് സാൽവാതോർ ആയേന്ദേ യുടെ (Salvador Allende, 1908–73) അനന്തരവളാണു് ഇസബൽ ആയേന്ദേ. The House of the Spirits എന്ന നോവലിന്റെ രചനയോടുകൂടി അവർ വിശ്വവിഖ്യാതയായി ഭവിച്ചിരിക്കുന്നു. ലാറ്റിനമേരിക്കയിലും യൂറോപ്പിലും ലക്ഷക്കണക്കിനു് വിറ്റഴിഞ്ഞ ഈ നോവൽ അനുകരണാത്മകമാണെങ്കിലും ആരെയും വശീകരിക്കും. രചനയ്ക്കു് അത്രമാത്രം ഊർജ്ജസ്വലതയുണ്ടു്. ആർജ്ജവമുണ്ടു്. ഒരു ഭാഗം കേട്ടാലും:
My grandfather died last night. He did not die like a dog as he feared he would, but peacefully in my arms. In the end, he confused me with Clara and at times with Rosa, but he died without pain or anguish, more lucid than ever and happy, conscious and serene. Now he’s laid out on the sailboat of the gentle sea, smiling and claim, while I write at the blond wood table that belonged to my grandmother (P. 479)
മാജിക്കൽ റീയലിസം, റീയലിസം ഫാന്റസി ഇവകൊണ്ടു് നോവലിസ്റ്റ് രൂപം കൊടുത്ത ഈ നോവൽ ഒരു കുടുംബപുരാണമാണു്; നാലുതലമുറകളുടെ പുരാണം. ഇതിൽ പ്രസിഡന്റ് സാൽവാതോർ ആയേന്ദേയുണ്ടു്. മഹാനായ കവി പാവ്ലൊ നെറൂത യുണ്ടു്. ആയേന്ദേയുടെ അറുതിവരുത്തിയ മിലിറ്ററി കൂ (Coup) വർണ്ണിക്കപ്പെടുന്നുണ്ടു്. പ്രസിഡന്റിന്റെ അന്ത്യം:
Soldiers entered the building and took what was left of the first floor. Above the din was heard the hysterical voice of an officer ordering them to surrender and come down single file with their hands on their heads. The President shook each of them by the hand. I’ll go last, he said. They never again saw him alive.(P. 420)
മാർകേസി ന്റെ പ്രശസ്തമായ നോവലിലെന്നപോലെ ഈ നോവലിലും കുടുംബചരിത്രം വർണ്ണിക്കുന്ന ഒരു കൈയെഴുത്തു് പ്രതി കിട്ടുന്നതായി പ്രസ്താവമുണ്ടു്. അനുകരണം ഇതുകൊണ്ടുമാത്രം തീരുന്നില്ല. പല കഥാപാത്രങ്ങളും മാർകേസിന്റെ കഥാപാത്രങ്ങളുടെ പ്രതിരൂപങ്ങളാണു്. ഇതൊക്കെ ന്യൂനതകളായി പറയാമെങ്കിലും എന്തെന്നില്ലാത്ത രസമുണ്ടു് ഈ നോവൽ വായിക്കാൻ.
ക്ലാരയെ എസ്തേബൻ വിവാഹം കഴിച്ചു. മനോഹരങ്ങളായ വജ്രാഭരണങ്ങളാണു് അയാൾ അവൾക്കു് നൽകിയതു്. ഒരു ‘ഷൂബോക്സി’ൽ അവൾ അതു് വച്ചുപൂട്ടി. എന്നിട്ടു് അതു് എവിടെ വച്ചു എന്ന കാര്യമങ്ങുമറക്കുകയും ഹെയ്തു. ഇറ്റലിയിലാണു് അവർ മധുവിധു ആഘോഷിച്ചതു്. രണ്ടു് ദിവസം കഴിഞ്ഞ് അവർ കപ്പലിൽ കയറി. യാനപാത്രത്തിന്റെ ചലനംകൊണ്ടു് ക്ലാര രോഗിണിയായി മാറിയെങ്കിലും എസ്തേബന്റെ കാമത്തിനു് ഒരു കുറവും സംഭവിച്ചില്ല. അവൾ നിരന്തരം ഛർദ്ദിക്കുന്നുണ്ടു്. പക്ഷേ, തീക്ഷ്ണമായ ആഗ്രഹം അയാൾക്കു്. മധുവിധുവിനു് ശേഷം മൂന്നുമാസം കഴിഞ്ഞ് അവർ വീട്ടിലെത്തി. ക്ലാര നിൽക്കുന്നതെന്തിലാണെന്നു് എസ്തേബൻ ചൂണ്ടിക്കാണിച്ചു. ക്ലാര സ്നേഹിച്ചിരുന്ന ബറബസ്സ് എന്ന പട്ടിയുടെ ശവത്തിലാണു് അവളുടെ നിൽപ്പു്.
ഇനി നോവലിസ്റ്റിന്റെ വാക്കുകൾ തന്നെയാവട്ടെ: ‘Clara looked down and gave a frightful cry; She was standing on the black back of Barrabas who lay there split down the middle, transformed into a rug. His head was still intact and his two glass eyes stared up at her with the helpless look that is the specialty of taxidermists. Her husband managed to catch her before she fell to the floor in a dead faint”. (P. 119)

ജർമ്മനിയിലും ഇറ്റലിയിലും ജപ്പാനിലുമൊക്കെ ‘സെൻസേഷൻ’ സൃഷ്ടിച്ചിരിക്കുന്നു ഈ നോവൽ. എന്തുകൊണ്ടു്? പേരു് പറയാത്ത ഒരു രാജ്യത്തിലെ സംഭവങ്ങളാണു് ആയേന്ദേ വർണ്ണിക്കുന്നതു്. അവരുടെ കഥാപാത്രങ്ങൾ അവിടെ മാത്രം ഉള്ളവരാണു്. എങ്കിലും നമ്മൾ ആ സംഭവങ്ങൾ നമ്മുടെ നാട്ടിലും കാണുന്നു. ആ കഥാപാത്രങ്ങളുടെ സ്ഥാനത്തു് നമ്മളെത്തന്നെ പ്രതിഷ്ഠിക്കുന്നു. സാർവലൗകികത, സാർവജനീനത ഈ ഗുണങ്ങളാൽ അനുഗ്രഹീതമാണു് ഈ കലാശില്പം. ആയേന്ദേയുടെ രണ്ടാമത്തെ നോവലും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. അതിന്റെ ഇംഗ്ലീഷ് തർജ്ജമ എനിക്കു് കിട്ടിയില്ല. (De Amor Y de Sombra) ആ നോവലിൽ മാർകേസിന്റെ സ്വാധീനശക്തി കാണില്ലെന്നു് ഞാൻ വിചാരിക്കുന്നു. ഇസബൽ ആയേന്ദേ മൗലിക പ്രതിഭയുള്ള എഴുത്തുകാരിയാണല്ലോ. അവർ സ്വന്തം മാർഗ്ഗം കണ്ടുപിടിച്ചിരിക്കുമല്ലോ.
ബി. മാധവമേനോൻ ട്രയൽ വാരികയിലെഴുതിയ ‘പൊലീസ് പുരാണം’ എന്ന കഥയിൽ പൊലീസ് ഓഫിസറുടെയും ഭീകരപ്രവർത്തകന്റെയും മൃദുലവശങ്ങളുടെ ചിത്രീകരണമുണ്ടു്. മനുഷ്യനിൽ നന്മയും തിന്മയുമുണ്ടു് എന്നാവാം കഥാകാരന്റെ വിചാരം. അതുശരിയാണു്. എനിക്കറിയാവുന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ തികഞ്ഞ മാന്യത ഉള്ളവരാണു്. ഡയറക്ടർ ജനറൽ എം. കെ. ജോസഫ്, ഐ. ജി. എൻ. കൃഷ്ണൻ നായർ, ഡി. ഐ. ജി. ആർ. പി. സി നായർ ഇവരെല്ലാം എന്നോടു സ്നേഹത്തോടെയാണു് പെരുമാറുക. നിസ്സാരനായ എന്നെക്കൊണ്ടു് അവർക്കൊന്നും നേടാനില്ല. എങ്കിലും മനുഷ്യത്വത്തിന്റെ പേരിൽ അവർ ഭംഗിയായി പെരുമാറുന്നു. കാസാൻദ്സാക്കീസി ന്റെ ഒരു നോവൽ തർജ്ജമ ചെയ്തതിനുശേഷം ചില സംശയങ്ങൾ പരിഹരിക്കാനായി ഒരു നക്സലൈറ്റ് എന്നെ കാണാൻ വന്നു. ആദ്യം ഞാനൊന്നു ഞെട്ടിയെങ്കിലും, അദ്ദേഹത്തിന്റെ മര്യാദയോടുള്ള പെരുമാറ്റവും കലയിലുള്ള താത്പര്യവും പാണ്ഡിത്യത്തോടുള്ള അഭിനിവേശവും എന്നെ ആകർഷിച്ചു. എന്റെ തിരുത്തലുകൾ അദ്ദേഹം അംഗീകരിച്ചു. നന്മയും തിന്മയും മനുഷ്യരിലുണ്ടെന്ന മാധവമേനോന്റെ അഭിപ്രായത്തോടു് ആർക്കും യോജിക്കാം.