സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-11-30-ൽ പ്രസിദ്ധീകരിച്ചതു്)

images/MannathuPadmanabhaPillai1989.jpg
മന്നത്തു പദ്മനാഭൻ

എനിക്കറിയാവുന്ന വാഗ്മികളിൽ കേമൻ മന്നത്തു പദ്മനാഭനാണു്. ശബ്ദവേധിയും ലക്ഷ്യവേധിയുമാണു് അദ്ദേഹത്തിന്റെ വാക്കുകൾ. പ്രതിയോഗി ആ അമ്പുകളേറ്റു പിടയുന്നതു ഞാൻ പലതവണ കണ്ടിട്ടുണ്ടു്. പ്രശംസയുടെ കാര്യത്തിലാണെങ്കിലും ഈ പ്രാഗല്ഭ്യം ദർശനീയമാണു്. മന്നം വ്യക്തിയെ പ്രശംസിക്കാൻ തുടങ്ങിയാൽ അതു കരുതിക്കൂട്ടിയുള്ള ശ്ലാഘയാണെന്നു് ആർക്കും തോന്നുകയില്ല. അയാൾ അർഹിക്കുന്ന സ്തുതി അദ്ദേഹം നിർല്ലോപം നല്കുന്നുവെന്നേ ശ്രോതാവിനു വിചാരമുണ്ടാകുകയുള്ളൂ. ഒരു സജ്ജീകരണവും കൂടാതെ പ്രഭാഷണ വേദിയിലേക്കു വരുന്നു. സന്ദർഭത്തിനു യോജിച്ച വിധത്തിൽ മന്ദഗതിയിൽ പ്രഭാഷണം തുടങ്ങുന്നു. ക്രമേണ അതിന്റെ ആക്കം കൂടുന്നു. വേഗം വർദ്ധിക്കുന്നു. ഇനിയും കേൾക്കണമെന്ന അഭിലാഷത്തോടുകൂടി ശ്രോതാക്കൾ ഇരിക്കുമ്പോൾ പ്രഭാഷണം അവസാനിപ്പിക്കുന്നു. ഇതാണു് മന്നത്തിന്റെ പ്രഭാഷണശൈലിയുടെ സവിശേഷത. എന്നാൽ നമ്മളറിയുന്ന പല വാഗ്മികളും യഥാർത്ഥത്തിൽ വാഗ്മികളല്ല, അവർ പ്രഭാഷണം നേരത്തെ എഴുതി ‘കാണാതെ പഠിച്ചു’ കൊണ്ടു വരുന്നവരാണു്. വേദിയിൽ കയറി അതു തുടങ്ങിയാൽ അവർ വിചാരിച്ചാലും നിറുത്താനൊക്കുകയില്ല. സ്വനഗ്രാഹിയന്ത്രത്തിന്റെ സൂചി “ഓടിത്തീരുന്നതു” വരെ പാട്ടുകേട്ടുകൊണ്ടിരിക്കുമല്ലോ. അതിനു തുല്യമാണു് അവരുടെ പ്രഭാഷണ പ്രവാഹം. ഏതു വേദിയിൽ കയറിയാലും ഒരു റെക്കാർഡ് തന്നെ. ഒരു സൂചിതന്നെ.

ഈ ‘ഒരേ പ്ളേറ്റ് വയ്പു്’ സാഹിത്യത്തിലുമുണ്ടു്. മനുഷ്യന്റെ ക്ഷുദ്രവികാരങ്ങളെ ഇളക്കിവിടുന്ന അയഥാർത്ഥമായ സാഹിത്യം സൃഷ്ടിക്കുന്ന വളരെപ്പേർ കേരളത്തിലുണ്ടല്ലോ. അവരുടെ രചനകൾ നോക്കൂ, എല്ലം ഒരുപോലിരിക്കും. ഒരാളുടെ അമ്പതു നോവലുകളും ഒരേ മട്ടിൽ. മറ്റൊരാളുടെ അമ്പതു നോവലുകളും ആ ‘ഒരാളുടെ’ നോവലുകൾ പോലെ തന്നെ. ഇക്കൂട്ടർക്കു പേന കടലാസ്സിൽ വച്ചു കഴിഞ്ഞാൽ അതെടുക്കാൻ കഴിയുകയില്ല. അവസാനമെത്തുന്നതുവരെയും. ഈ സന്ദർഭത്തിൽ എനിക്കോർമ്മ വരുന്നതു് ഒരു പ്രൊഫെസറുടെ കഥയാണു്. പേരു കേട്ട ആ പ്രൊഫെസർ ക്ലാസ്സിൽ സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ചിലപ്പോൾ കോട്ടുവായിടും. വായു് അധികം തുറന്നാൽ താടിയെല്ലു സ്ഥാനം തെറ്റി വായടയ്ക്കാൻ വയ്യാതെയാവും അദ്ദേഹത്തിനു്. പ്രൊഫസർ മിൽട്ടനെ ക്കുറിച്ചു വാതോരാതെ പ്രസംഗിക്കുമ്പോൾ കുട്ടികൾക്കു നന്നേ മുഷിയും. അപ്പോൾ ഒന്നു രണ്ടു പേർ കരുതിക്കൂട്ടി കോട്ടുവായിടും. ചിരി, കോട്ടുവാ ഇവ പകരുമല്ലോ. വിദ്യാർത്ഥികൾ കോട്ടുവായിടുമ്പോൾ പ്രൊഫെസറും കോട്ടുവായിടും. താടിയെല്ലു് സ്ഥാനം തെറ്റും. വായടയ്ക്കാൻ വയ്യാതെ അദ്ദേഹം നില്ക്കുമ്പോൾ കുട്ടികൾ ‘പാരഡൈസ് ലോസ്റ്റ് ’ ഡസ്കിന്റെ താഴെ വച്ചിട്ടു തലതാഴ്ത്തി ക്ലാസ്സിൽ നിന്നിറങ്ങി പോകും. പ്യൂൺ വന്നാണു് പ്രൊഫസറുടെ താടിയെല്ലു യഥാസ്ഥാനം പിടിച്ചിട്ടു വായു് അടപ്പിക്കുന്നതു്. കോട്ടു വായിട്ടു് വായടയ്ക്കാൻ വയ്യാതെ നില്ക്കുന്ന പൈങ്കിളി നോവലിസ്റ്റുകളുടെ താടിയെല്ലു് പഴയമട്ടിൽ പിടിച്ചിടാൻ ആരുണ്ടു് കേരളത്തിൽ? ഒരുപാടു പേരുണ്ടു്. അവരുള്ളതുകൊണ്ടാണല്ലോ ആ നോവലിസ്റ്റുകൾ പ്രതിനിമിഷം പൈങ്കിളികളെ പറത്തിക്കൊണ്ടിരിക്കുന്നതു്. കോട്ടുവായിടൽ അഭിനയിച്ചു നോവലിസ്റ്റുകളുടെ താടിയെല്ലു് തെറ്റിക്കുന്ന നിരൂപക വിദ്യാർത്ഥികൾ കുറവും.

മാന്ത്രികസ്വഭാവം
images/KawabataYasunari1968.jpg
കാവാബാത്ത

ഏതു കലയുടെയും അടിസ്ഥാനപരമായ അംശം ലയമാണു്. സംഗീതത്തിന്റെ ലയം. താജ് മഹൽ ഘനീഭവിച്ച ലയമാണു്. കാവാബാത്ത യുടെ എല്ലാ നോവലുകളും ഒഴുകുന്ന ലയമാണു്. നമ്പൂതിരി കലാകൗമുദിയിൽ വരയ്ക്കുന്ന ചിത്രമോരോന്നും ലയാത്മകമത്രേ. ഈ ആഴ്ചത്തെ വാരികയിൽ അദ്ദേഹം വരച്ചിട്ടുള്ള പെൺകുട്ടിയുടെ ചിത്രം നോക്കുക (ലക്കം 583, പുറം 23). നാദവും ശക്തിവിശേഷവും കൊണ്ടു ഗായകനായ യേശുദാസ് ഉണ്ടാക്കുന്ന ലയം അതേ മട്ടിൽ ഈ ചിത്രത്തിൽ ഉളവാക്കിയിരുന്നു നമ്പൂതിരി. അവളുടെ തലമുടി തിളങ്ങുന്നു, കവിൾത്തടങ്ങൾ തിളങ്ങുന്നു. തിളക്കത്തിലൂടെ ജീവിക്കാനുള്ള അഭിനിവേശം പ്രകാശിക്കുന്നു. അതേ സമയം തന്നെ ഉപഭോഗവസ്തുവായി കരുതി അടുത്തെത്തുന്ന പുരുഷന്മാരോടുള്ള പരിഭവവും വലതുകൈ നീട്ടിയിരിക്കുന്നു അവൾ ഉദരത്തിലൂടെ, പാവാടയുടെ മുകൾഭാഗത്തിലൂടെ സ്വച്ഛന്ദജീവിതത്തിന്റെ പ്രതീകമാണതു്. പക്ഷെ, അതു തെറ്റാണെന്നു് അവൾക്കറിയാൻ പാടില്ലാതില്ല. അക്കാരണത്താലാവും ഇടതുകൈ വലതുകൈയുടെ മുകളിൽവച്ചു് ആത്മനിയന്ത്രണം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ അവൾ സൂചിപ്പിക്കുന്നതു്. അവളുടെ പാവാടയ്ക്കുപോലും എന്തുഭംഗി. ‘പാടാനറിയാമോ കുട്ടി, എങ്കിലൊന്നു പാടൂ’ എന്നു് എനിക്കു ചോദിക്കാൻ തോന്നിപ്പോകുന്നു. വി. ടി. വാസുദേവൻ എഴുതിയ ‘യശോദാമണി’ എന്ന കഥയിലെ യശോദാമണിയാണിവൾ. കഥയുടെ വൈരൂപ്യത്തിൽ നിന്നു രക്ഷ നേടാനായി ഞാൻ വാരികയുടെ പുറം മറിക്കുന്നു. അതോടെ സൗന്ദര്യത്തിന്റെ മാന്ത്രിക പ്രഭാവവും അസ്തമിക്കുന്നു.

images/IsaacBashevisSinger1930.jpg
ഐസക്ക് സിങ്ങർ

നോബൽ സമ്മാനം നേടിയ ഐസക്ക് സിങ്ങറോ ടു് ഒരാൾ ചോദിച്ചു: ‘അങ്ങ് സസ്യഭുക്കാണോ?” സിങ്ങർ: അതേ. ചോദ്യകർത്താവു്: ആരോഗ്യപരങ്ങളായ കാരണങ്ങളാലാണോ? സിങ്ങർ: മൃഗങ്ങളുടെ ആരോഗ്യത്തെക്കരുതി.

പച്ചവെള്ളം കുടിക്കുന്നപോലെ

അവളുടെ തലമുടി തിളങ്ങുന്നു, കവിൾത്തടങ്ങൾ തിളങ്ങുന്നു. തിളക്കത്തിലൂടെ ജീവിക്കാനുള്ള അഭിനിവേശം പ്രകാശിക്കുന്നു. അതേ സമയം തന്നെ ഉപഭോഗവസ്തുവായി കരുതി അടുത്തെത്തുന്ന പുരുഷന്മാരോടുള്ള പരിഭവവും വലതുകൈ നീട്ടിയിരിക്കുന്നു അവൾ ഉദരത്തിലൂടെ, പാവാടയുടെ മുകൾഭാഗത്തിലൂടെ—കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ഒരു കഥയ്ക്കു് നമ്പൂതിരി വരച്ച ചിത്രത്തെക്കുറിച്ചു്.

പണ്ടു് നൗഖാലിയിൽ നിന്നുവന്ന ഒരാളെ ഞാൻ പരിചയപ്പെട്ടു. അയാൾ ഒരു സംഭവം വർണ്ണിച്ചു: ‘അവരെ പേടിച്ചു് അയാൾ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. അവർ—ശത്രുക്കൾ— പോയിരിക്കുമെന്നു വിചാരിച്ചു പതുക്കെ പുറത്തേക്കു വന്നു. അയാളുടെ വായു് പൊത്തിപ്പിടിച്ചു് അവർ ഹൃദയം നോക്കി ഒറ്റക്കുത്തു്. ചോരപ്പുഴ ഒഴുക്കിക്കൊണ്ടു് അയാൾ ചത്തു വീണു. ഏറെ നേരമായിട്ടും ഭർത്താവിനെ കാണുന്നില്ലല്ലോ എന്നു വിചാരിച്ചാവാം ഭാര്യ കുറ്റിക്കാട്ടിൽ നിന്നിറങ്ങി വന്നു. അവർ അവളുടെ വായിൽ പഴന്തുണി തിരുകിയിട്ടു് ബലാത്സംഗം നടത്തി. എന്നിട്ടു് കത്തി പ്രയോഗിച്ചു ആദ്യത്തെ മട്ടിൽ. അല്പം കഴിഞ്ഞപ്പോൾ അഞ്ചു വയസ്സായ പെൺകുഞ്ഞു് ആകർഷകമായ മട്ടിൽ നടന്നു അവരുടെ അടുക്കലേക്കു വന്നു. അവർ —” ഞാൻ കാതു പൊത്തിക്കൊണ്ടു പറഞ്ഞു: “മതി ഇനി എനിക്കു കേൾക്കണ്ട. മതദൈവത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ. സമുദായത്തിലെ കൊള്ളരുതായ്മകൾ കണ്ടു് അവ മാറണമെന്ന നല്ല ഉദ്ദേശ്യത്തോടുകൂടി സുകുമാർ കൂർക്കഞ്ചേരി ആശുപത്രിയിൽ കിടക്കുന്ന ഒരമ്മയെ കൊല്ലുന്നു (“അമ്മ അശുപത്രിയിലായിരുന്നു” എന്ന ചെറുകഥ, ദേശാഭിമാനി വാരികയിൽ). ഡോക്ടറെ ‘വീട്ടിൽ പോയിക്കാണാൻ’ ആ അമ്മയുടെ മകനു പണമില്ല. വീട്ടിൽ പോയി ഡോക്ടറെ കാണാത്തവരുടെ അമ്മമാരുടെ രോഗം ഭേദമാകാറില്ല. അവർ മരിക്കാറേയുള്ളൂ. കഥയിലെ അമ്മയും മരിച്ചു. കരുതിക്കൂട്ടി കഥാകാരൻ അവരെ കൊന്നോ? ഇല്ല. പ്രചാരണമെന്ന വേശ്യയോടു് ‘മാറി നില്ക്കു്’ എന്നു പറയാൻ കഥാകാരനു് അറിയാം. എന്നാൽ അമ്മയുടെ മരണം വർണ്ണിക്കാൻ പോകുകയാണു് അദ്ദേഹമെന്നു മനസ്സിലാക്കി “മതി ഇനി എനിക്കു കേൾക്കണ്ട” എന്നു നമ്മളാരെങ്കിലും വിലക്കുന്നുണ്ടോ? അതുമില്ല. പച്ചവെള്ളം കുടിച്ചാലെന്തു് അനുഭൂതി? ആ അനുഭൂതി മാത്രമേ ഇക്കഥ ഉളവാക്കുന്നുള്ളൂ.

ചില്ലിയിൽ അപരാധം ചെയ്യാത്തവരെ വീട്ടിൽ നിന്നു പിടിച്ചിറക്കിക്കൊണ്ടു പോയി പട്ടാളക്കാർ വെടിവച്ചു കൊല്ലുന്നു. നിക്കാരഗ്വയിൽ ഒരു കുറ്റവും ചെയ്യാത്തവർ വഴിവക്കിൽ മരിച്ചു കിടക്കുന്നു. പഞ്ചാബിൽ പാവങ്ങൾ നൂറു കണക്കിനു വധിക്കപ്പെടുന്നു. ശ്രീലങ്കയിൽ പട്ടാളക്കാർ തമിഴരെ കൊല്ലുന്നു. ഓരോ വാർത്ത പത്രത്തിൽ വരുമ്പോഴും “ഇതു വായിക്കാൻ വയ്യ, വായിക്കാൻ വയ്യ” എന്നു നമ്മൾ പറയുന്നു. കഥകളിലെ പാവങ്ങൾ മരിക്കുമ്പോൾ നമ്മളതു കാണുന്നു. ക്ഷോഭമില്ലാതെ. കഥാകാരന്മാർക്കു നന്ദി.

കെ. വേലായുധൻ നായർ

മഹാത്മാഗാന്ധി ജാതിവ്യവസ്ഥയെ നിന്ദിച്ചിരുന്നു. അദ്ദേഹം Young India എന്ന സ്വന്തം പത്രത്തിൽ എഴുതി: “മനുഷ്യർ തമ്മിലുള്ള അസമത്വങ്ങളിലും എനിക്കു വിശ്വാസമില്ല. നമ്മൾ തികച്ചും സമന്മാരാണു്. പക്ഷെ സമത്വം ആത്മാവിനെ സംബന്ധിച്ചതാണു്; ശരീരങ്ങളെ സംബന്ധിച്ചതല്ല. അതിനാൽ അതൊരു മാനസികാവസ്ഥയാണു്. ഈ ഭൗതിക ലോകത്തിൽ അസമത്വങ്ങൾ വളരെക്കൂടുതലായി കാണുന്നതുകൊണ്ടു് നമ്മൾ സമത്വത്തെക്കുറിച്ചു് ആലോചിക്കണം. അതിനെ തറപ്പിച്ചു പറയുകയും വേണം. പ്രത്യക്ഷവും ബാഹ്യവുമായ ഈ അസമത്വത്തിന്റെ ഇടയിൽ നിന്നു് നമ്മൾ സമത്വം കണ്ടറിയണം. ഒരു വ്യക്തിക്കു മറ്റൊരു വ്യക്തിയെക്കാൾ ഉയർച്ച കല്പിക്കുന്നതു് ഈശ്വരനോടും മനുഷ്യനോടും ചെയ്യുന്ന പാപമത്രേ. ഇങ്ങനെ പദവികളിൽ വ്യത്യാസങ്ങൾ കല്പിക്കുന്ന ജാതി തിന്മയായി വന്നുകൂടുന്നു.” ജാതിവ്യത്യാസത്തെയും അസ്പൃശ്യതയെയും എതിർത്ത മഹാപുരുഷനായിരുന്നു ഗാന്ധിജി. അതുകൊണ്ടു് യഥാസ്ഥിതികരായ ബ്രാഹ്മണർ അദ്ദേഹത്തെ വെറുത്തു. ഈ സത്യത്തിന്റെ നേർക്കു കണ്ണടച്ചുകൊണ്ടു് ഗാന്ധിജിയെ നിന്ദിക്കുന്നതു ശരിയല്ലെന്നു് കെ. വേലായുധൻ നായർ യുക്തിപൂർവം ഉപന്യസിക്കുന്നു (കലാകൗമുദിയിലെ വർണ്ണനവും ഗാന്ധിയും എന്ന ലേഖനം). സത്യത്തിലേക്കു കൈചൂണ്ടി നില്ക്കുന്നു കെ. വേലായുധൻ നായർ.

പരോപകാര തല്പരനും കാരുണ്യശാലിയുമായ മഹാകവി നല്ല ബോധത്തോടുകൂടിത്തന്നെയാണു് മരിച്ചതു്. മരിക്കാറായപ്പോൾ അദ്ദേഹം വല്ലാതെ കരഞ്ഞു. എന്താവാം അദ്ദേഹത്തിന്റെ ദുഃഖത്തിനു ഹേതു?

ഒരാൾ:
മരണഭീതി തന്നെ.
മറ്റൊരാൾ:
ബന്ധുക്കളെ പിരിഞ്ഞു പോകുന്നു എന്ന ദുഃഖം കൊണ്ടു്.
വേറൊരാൾ:
ഇനിയും എനിക്കു ജീവിക്കാമല്ലോ; നേരത്തെയാണല്ലോ ഞാൻ പോകുന്നതു് എന്ന വിചാരം ജനിപ്പിച്ച വിഷാദത്താൽ.
എൻ. ഗോപാലപിള്ള:
കവിത ധാരാളം എഴുതിയില്ലേ. അതിന്റെ പേരിൽ നരകത്തിൽ പോകുകയാണല്ലോ എന്നു വിചാരിച്ചു്.
കക്കാടു്

ആടിക്കാലക്കരിങ്കാറു

മുടിയും മിന്നൽ ചിന്നിയും

വർഷകാല മഹാരൗദ്ര

മാടിക്കാട്ടാറു ചീറ്റിയും

താഴ്‌വരക്കാട്ടിലോണപ്പൂ

നുരഞ്ഞും കന്നിവെയ്ലൊളി

തെളിഞ്ഞും ഇടിവെട്ടേറ്റു

തുലാക്കാടു നടുങ്ങിയും;

ആതിരക്കുളിരിൽ നീഹാര

മണിഞ്ഞും മേടവിണ്ണിലെ

കത്തിക്കാളും കണിക്കൊന്ന-

ക്കനകക്കളി ചാർത്തിയും;

ഋതുചക്രങ്ങൾതൻ ഭിന്ന

വർണ്ണാഭാവശതങ്ങളാൽ

എന്റെ വംശമഹാവൃക്ഷം

വളർത്തി ബഹുശാഖയായു്.

images/NNKakkad.jpg
കക്കാട്

ഇതു കക്കാടി ന്റെ കവിതയാണു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്, “സംഗമനീയം”). ഇതിലെ ചലനങ്ങൾക്കു പിറകിൽ ഒരു “മഹാനിശ്ശബ്ദത”യുണ്ടു്. ആ വലിയ നിശ്ശബ്ദതയും ആ വലിയ ചലനങ്ങളും ഒരുമിച്ചു ചേരുമ്പോൾ തികച്ചും ആധ്യാത്മികമായ സമനിലയുണ്ടാകുന്നു. ഭാരതീയ സാഹിത്യത്തിന്റെ സവിശേഷത ഇതുതന്നെയാണു്. കക്കാടിന്റെ കവിത ഏതു സന്ദർഭത്തിലും ഈ സമനിലയെ പ്രകീർത്തനം ചെയ്യുന്നു. അതുകൊണ്ടു് അദ്ദേഹത്തിന്റെ ഉജ്ജ്വലങ്ങളായ കാവ്യങ്ങൾ വായിക്കുമ്പോൾ ക്ഷോഭമാർന്ന എന്റെ മനസ്സു് ക്ഷോഭരഹിതമായി ഭവിക്കുന്നു; അതു ശാന്തത കൈവരിക്കുന്നു. ഈ അനുഭവം ജനിപ്പിക്കുന്ന കാവ്യങ്ങൾ നവീന സാഹിത്യത്തിൽ വളരെയില്ല. പേരുകൾ പറയാൻ വൈഷമ്യമുണ്ടു്. അവരുടെ കാവ്യങ്ങൾ വേദനാജനകമായ വിധത്തിൽ ബഹിർഭാഗസ്ഥങ്ങളാണു്. ബഹിർഭാഗസ്ഥങ്ങളായ കാവ്യങ്ങൾ ഉച്ചത്തിൽ ചൊല്ലിയാൽ ക്ഷുദ്രങ്ങളായ മനസ്സുകളിൽ തരംഗങ്ങൾ ഉയരും. തരംഗങ്ങൾ തീരത്തുവന്നടിക്കുന്നതിന്റെ ശബ്ദം കൈയടിയുടെ ശബ്ദമായി കേൾക്കും. നേരെമറിച്ചാണു് കക്കാടിന്റെ കവിതയുടെ സ്ഥിതി. പ്രശാന്തത ഓളം വെട്ടുന്ന ഒരാദർശാത്മക ലോകത്തിന്റെ ചാരുതയാർന്ന ആവിഷ്കാരമാണിതു്.

വൈക്കം മുഹമ്മദ് ബഷീർ
images/Basheer.jpg
വൈക്കം മുഹമ്മദ് ബഷീർ

വിചിത്രമാണു് കേരളത്തിലെ അവസ്ഥ. കലാകാരന്മാർ ജീവിച്ചിരിക്കുമ്പോൾ അവരെക്കുറിച്ചു് ഒരു നല്ല വാക്കുപോലും ആരും പറയുകയില്ല. മരിച്ചാലുടനെ ഓരോ വ്യക്തിയും സ്തോതാവായി മാറും. അന്തരിച്ച കലാകാരൻ ശ്വാസം നില്ക്കുന്ന നിമിഷം വരെയും കേരളീയരിൽ നിന്നു് അതിദൂരം അകന്നു നിന്നിരുന്നുവെന്നും അന്ത്യശ്വാസം നിന്ന നിമിഷം തൊട്ടു് ഓരോ വ്യക്തിയിലും പ്രവേശം സംഭവിച്ചാലുടനെ രചനകളും തൂലികകളും ചലിച്ചു തുടങ്ങും. മരിച്ചയാൾ മൂന്നു ചക്ക മുള്ളോടെ വിഴുങ്ങിയിരുന്നുവെന്നും മറ്റുമാണു് പ്രഖ്യാപിക്കുക. അതു് ഏതാനും ദിവസത്തേക്കു മാത്രം. പിന്നെ പരിപൂർണ്ണമായ വിസ്മൃതിയാണു്. വൈലോപ്പിള്ളി ശ്രീധരമേനോൻ മരിച്ചപ്പോൾ എന്തു ബഹളമായിരുന്നു!. ഇപ്പോൾ അദ്ദേഹത്തെ ആരും ഓർമ്മിക്കുന്നില്ല. ജീവിച്ചിരുന്ന കാലത്തു് അദ്ദേഹത്തെ ആരും മാനിച്ചതുമില്ല. എം. എൻ. വിജയനോ ഡോക്ടർ എം. ലീലാവതി യോ അദ്ദേഹത്തിന്റെ കവിതയെക്കുറിച്ചു് എഴുതിക്കാണും അത്രയേയുള്ളൂ. എന്നാൽ ജീവിച്ചിരിക്കെത്തന്നെ ഓരോ സഹൃദയന്റെയും മനസ്സിൽ കടന്നു ചെന്നു് അവിടം ആവാസകേന്ദ്രമാക്കിയ കലാകാരനാണു് വൈക്കം മുഹമ്മദ് ബഷീർ. മുപ്പത്തിയാറു വർഷങ്ങൾക്കു മുൻപാണു് ഞാൻ ബഷീറിനെ എറണാകുളത്തു വച്ചു് കാണുന്നതു്. അദ്ദേഹം ‘സർക്കിൾ ബുക്ക് ഹൗസ്’ നടത്തിക്കൊണ്ടിരുന്ന കാലം. ഞാനവിടെ കയറി എന്റെ പേരു പറഞ്ഞു. ഇന്നു കുറെ കുപ്രസിദ്ധിയെങ്കിലും എനിക്കുണ്ടു്, അന്നു് അതുമില്ല. എന്നിട്ടും ബഷീർ അതിഥി സത്കാര തല്പരത്വത്തോടുകൂടി എന്നെ സ്വീകരിച്ചു. അകത്തുനിന്നു് മടക്കു കസേരയെടുത്തു കൊണ്ടുവന്നു നിവർത്തി വച്ചു് ഇരിക്കാൻ പറഞ്ഞു. “ഇവിടെ കസേര ഇടാൻ വയ്യ. ചിലരെല്ലാം കയറി ഇരിന്നു കളയും” എന്നാണു് അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞതു്. ബഷീറിന്റെ കടയിലുണ്ടായിരുന്ന ഓരോ പുസ്തകവും മാസ്റ്റർപീസായിരുന്നു. ഞാൻ മോഡേൺ ബുക്ക്സ് പ്രസാധനം ചെയ്ത ‘അന്നാകരേനിന’ വാങ്ങി. ഇന്നു് നൂറ്റമ്പതു രൂപയെങ്കിലും കൊടുക്കേണ്ട ആ പുസ്തകത്തിനു് അന്നത്തെ വില നാലു രൂപ. പ്രാക്കുളം ഭാസി ഉടമസ്ഥനായിരുന്ന ഹോട്ടലിൽ മുറി ഒഴിവില്ലെന്നാണു് എന്നോടു് അവിടെയുള്ളവർ പറഞ്ഞതു്. ബഷീറിനോടു് ഒരു മുറി എവിടെയെങ്കിലും തരപ്പെടുത്തിത്തരണമെന്നു് ഞാൻ അപേക്ഷിച്ചു. അതു പറയാത്ത താമസം അദ്ദേഹം ടെലിഫോണിൽ ഭാസിയെ വിളിച്ചു. മുറിതരാൻ ഏർപ്പാടു ചെയ്തു. ഒരു മുറി നല്ല മനുഷ്യനെ കണ്ടു എന്ന വിചാരത്തോടെയാണു് ഞാൻ അവിടം വിട്ടു പോയതു്. ഇന്നും ആ നന്മയ്ക്കു മുൻപിൽ ഞാൻ അവനതശിരസ്കനായി നില്ക്കുന്നു. ബഷീറിനെ ഈയിടെ കണ്ട ഹൈദരാലി ടാറ്റാപുരത്തിനും എഴുതാനുള്ളതു് അദ്ദേഹത്തിന്റെ മനുഷ്യത്വത്തെക്കുറിച്ചു തന്നെയാണു്; സ്വാർത്ഥ തല്പരരും പരദൂഷണ കുതുകികളുമായ സാഹിത്യകാരന്മാർ നിറഞ്ഞ ഈ കേരളത്തിൽ വൈക്കം മുഹമ്മദ് ബഷീറെന്ന നല്ല മനുഷ്യൻ ഒറ്റയ്ക്കു നില്ക്കുന്നു: ധ്രുവനക്ഷത്രം പോലെ (ഹൈദരാലിയുടെ ഇൻറർവ്യൂ റിപ്പോർട്ട് ലേഖന വാരികയിൽ).

images/HowToBeAnAlien.jpg

ജോർജ് മൈക്ക്സി ന്റെ പുസ്തകങ്ങൾ രസപ്രദങ്ങളാണു്. How to be the poor, How to be Decadent, How to be an Alien ഈ മൂന്നു പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. നിത്യജീവിതസംഭവങ്ങളിലെ കൊച്ചുകൊച്ചു സംഭവങ്ങളിൽപ്പോലും ഹാസ്യം കാണാൻ ഈ സാഹിത്യകാരനു വൈദഗ്ദ്ധ്യമുണ്ടു്. അദ്ദേഹത്തിന്റെ Meanness എന്ന ഹാസ്യരചനയിൽ ഉള്ള ഒരു സംഭവം ഓർമ്മയിലെത്തുന്നു. ഇരുപത്തയ്യായിരം പവനുള്ള ഒരിടപാടു നടന്നു. പ്രമാണങ്ങൾ കൊണ്ടു വന്നു. അവ ചിതറിപ്പോകാതിരിക്കാൻ വേണ്ടി റബ്ബർ ബാൻഡ് ഇട്ടിരുന്നു. പണം പറ്റിയ ആൾ പ്രമാണങ്ങൾ എടുത്തു കൊടുത്തു. പണം കൊടുത്തയാൾ ഓരോ പ്രമാണവും നോക്കിയതിനു ശേഷം പോകാൻ ഭാവിച്ചപ്പോൾ പണം വാങ്ങിയ ആൾ ചോദിച്ചു: May I have that rubber band please? (ഓർമ്മയിൽ നിന്നെഴുതുന്നതു്). ഇതാണു് ശരിയായ ‘എച്ചിത്തരം’. നിക്സൺ ന്റെയും റീഗന്റെ യും നാട്ടുകാരനായ ഒരു സായ്പ് തിരുവനന്തപുരത്തുണ്ടായിരുന്നു. അദ്ദേഹത്തെ കാണാൻ പ്രൊഫസർ ആർ. പി. നായരും (അന്തരിച്ചു) പ്രൊഫസർ എസ്. വൈദ്യനാഥയ്യരും (പാലക്കാട്ടു താമസം) ഞാനും കൂടി പോകുമായിരുന്നു. സായ്പ് ഉൾപ്പെടെ ഞങ്ങൾ നാലു പേർ. സായ്പ് മൂന്നു കപ്പ് കാപ്പി വാങ്ങിപ്പിച്ചു് നാലു ഗ്ലാസ്സുകളിൽ ഒഴിച്ചു തരും. (ആരും വഴക്കിനു വരരുതു്, ടംബ്ളർ എന്ന അർത്ഥത്തിൽ ഗ്ലാസ്സ് എന്നു പറയാം.) ഇതൊക്കെ പരസ്യമാക്കുന്നതാണു് അധമത്വം അല്ലേ! പ്രിയപ്പെട്ട വായനക്കാരേ? ശരി എന്നാൽ നിറുത്താം.

മശകം

കക്കാടിന്റെ കവിത ആധ്യാത്മികമായ സമനില ഉണ്ടാക്കുന്നു. അതുകൊണ്ടു അദ്ദേഹത്തിന്റെ ഉജ്ജ്വലങ്ങളായ കാവ്യങ്ങൾ വായിക്കുമ്പോൾ ക്ഷോഭമാർന്ന എന്റെ മനസ്സു് ക്ഷോഭരഹിതമായി ഭവിക്കുന്നു; അതു ശാന്തത കൈവരിക്കുന്നു. ഈ അനുഭവം ജനിപ്പിക്കുന്ന കാവ്യങ്ങൾ നവീന സാഹിത്യത്തിൽ വളരെയില്ല.

ആങ്ങ്ദ്രേ ഷീദി ന്റെ The Vatican Cellars എന്ന നോവലിൽ ഒരു കഥാപാത്രം കൊതുകു കടിയേല്ക്കുന്നതിന്റെ വർണ്ണനമുണ്ടു്. അയാൾ ഉറങ്ങാൻ കിടന്നു. പക്ഷേ, ജന്നൽ തുറന്നിടുന്നതിനു മുൻപു് വിളക്കു് കെടുത്തണമെന്ന കാര്യം മറന്നു പോയി. വെളിച്ചം കൊതുകിനെ ആകർഷിക്കും. കൊതുകു കടിക്കുന്നതിനു മുൻപു് അതിന്റെ സവിശേഷമായ ഗാനോപകരണത്തിൽ നിന്നു് സംഗീതം പ്രവഹിപ്പിക്കുമല്ലോ. ഉറങ്ങാൻ കിടക്കുന്നവനു മുന്നറിയിപ്പു നൽകാനായി ഈശ്വരൻ ചെയ്ത സഹായമാണതു്. അയാൾ “മസ്ലിൻ പ്രതിബന്ധം” വലിച്ചിട്ടു. പക്ഷേ, മൂക്കിന്റെ ഇടതു വശത്തു ഒരു കടി. അതു തടവുമ്പോൾ കൈത്തണ്ടയിൽ മറ്റൊരു കടി. ആകെക്കൂടി നീറ്റൽ. കാതിനടുത്തു് ഒരു മൂളൽ. എന്തു? കോട്ടയ്ക്കകത്തു തന്നെ ശത്രുവോ? വിളക്കിന്റെ സ്വിച്ചിട്ടു നോക്കിയപ്പോൾ വലയുടെ മുകളിൽ അതിരിക്കുന്നു. ആഞ്ഞൊരടി. പക്ഷേ, കൊതുകിന്റെ മൃതദേഹം കണ്ടില്ല. പകരം കാൽവണ്ണയിൽ ഒരു കടി. അയാൾ ഷീറ്റെടുത്തു പുതച്ചു. വിളക്കു കെടുത്തി. അതാ വീണ്ടും കൊതുകിന്റെ പാട്ടു് …

images/TheVaticanCellars.jpg

മനുഷ്യന്റെ സ്വസ്ഥത കെടുത്തുന്ന പൈങ്കിളിക്കഥാമശകങ്ങൾ കേരളത്തിൽ ധാരാളം. ഒരു മശകം ‘കുങ്കുമ’ത്തിൽ പാറിപ്പറക്കുന്നു. അതിന്റെ പേരു “വെറു മൊരോർമ്മ” എന്നാണു്. പറത്തിവിട്ടതു് ഇന്ദു ഡി. പിള്ളയും ആ കഥാമശകം എന്നെ കടിച്ചു. നെറ്റിയിലും മൂക്കിലും കാൽവിരലിലും കടിച്ചു. എന്തൊരു നീറ്റൽ. കലാഡ്രിൽ ലോഷൻ എവിടെ? അല്പം പുരട്ടിയാൽ കുറെക്കഴിഞ്ഞു് നീറ്റൽ മാറും. പക്ഷെ പ്രയോജനമില്ല. കൊതുകുവല എന്ന കോട്ടയുടെ അകത്തു് കിടന്നു കറങ്ങുകയാണിതു്. വീണ്ടും കടിച്ചു വേദനിപ്പിക്കും. എല്ലാ പൈങ്കിളി മശകങ്ങളും ഒരുപോലെയാണു്. അതുകൊണ്ടു് ഈ മശകത്തിന്റെ സവിശേഷതയെന്തു് എന്നു ഞാൻ വിശദീകരിക്കേണ്ടതില്ല. പാതിരിമാരും പിള്ളേരും കാക്കകളും പൈങ്കിളിക്കഥകളും ഒരുപോലിരിക്കും. വേർതിരിച്ചറിയാൻ പ്രയാസം. ഇന്ദു ഡി. പിള്ള അയച്ച ഈ കൊതുകിനെപ്പോലെ ആയിരമായിരം കൊതുകുകളെ ഞാൻ മുൻപു കണ്ടിട്ടുണ്ടു്. ഇനി കാണുകയും ചെയ്യും. തൈലം തളിക്കുന്നവരെ കോർപ്പറേഷൻ മേയർ അയച്ചാൽ ഉപകാരം. പത്രാധിപന്മാരും മേയറന്മാരെപ്പോലെ പ്രവർത്തിച്ചാൽ കൊള്ളാം.

എന്റെ ഗുരുനാഥനായിരുന്നു സി. ഐ. ഗോപാലപിള്ള. സാറിനോടു ഞാൻ ചോദിച്ചു: “സാറിനു ഇത്ര പ്രായമായിട്ടും ഒരു മുടി പോലും നരച്ചില്ല. ആകെ യുവത്വം. എന്താണു് ഈ ആരോഗ്യത്തിന്റെ രഹസ്യം?” സാർ പറഞ്ഞു: “ഞാൻ ദിവസവും ചവന്യപ്രാശവും ദശമൂലാരിഷ്ടവും കഴിക്കുന്നു. അതുതന്നെയാണു് രഹസ്യം.”

എഴുപതു വയസ്സായ ചേംബർ ലെയിനോ ടു് ഒരാൾ ഇതേ ചോദ്യം ചോദിച്ചു. അദ്ദേഹം മറുപടി നൽകി: “കാറിൽ സഞ്ചരിക്കാൻ സൗകര്യമുണ്ടെങ്കിൽ നടക്കുകയേ അരുതു്. രണ്ടു ചുരുട്ടുകളിൽ നീളം കൂടിയതും ശക്തി കൂടിയതും ഏതോ അതു തിരഞ്ഞെടുത്തു വലിക്കണം.” ഇതു ശരിയാണെങ്കിൽ ഇനിയും വളരെക്കാലം സാഹിത്യവാരഫലം എഴുതാൻ എനിക്കു കഴിഞ്ഞേക്കും. ഞാൻ നടക്കാറേയില്ല. ഓട്ടോറിക്ഷയിലാണു് സവാരി. ഏറ്റവും നീളമുള്ള സിഗററ്റാണു് ഞാൻ ദിവസം ഇരുപതെന്ന കണക്കിനു വലിക്കുന്നതു്.

images/WoleSoyinka.jpg
വൊളേ സൊയിങ്ക

സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ നൈജീരിയാക്കാരനെ വോൾ ഷൊയിങ്ക എന്നു മനോരമ ആഴ്ചപ്പതിപ്പു് വിളിക്കുന്നു. തിരുവനന്തപുരത്തെ നലാഞ്ചിറ എന്ന സ്ഥലത്തു ചില നൈജീരിയാക്കാർ താമസിക്കുന്നുണ്ടു്. അവരിൽ ഒരാൾ പറഞ്ഞു വൊളേ സൊയിങ്ക എന്നാണു് ഉച്ചാരണമെന്നു്. വൊള സെയിങ്കയാണു് ശരിയെന്നു ഡോക്ടർ പുതുശ്ശേരി രാമചന്ദ്രനും അറിയിച്ചു. മറ്റൊരു നൈജീരിയാക്കാരൻ പറഞ്ഞതാണത്രേ അതു്. അടുത്ത കാലത്തു് ഒരു പത്രത്തിൽ സോൾ വൊയിങ്ക എന്നു കണ്ടു. ഇവയിൽ ഏതു ശരി? സംശയമില്ല. സോൾ വൊയിങ്ക എന്നതു തന്നെ. നമ്മൾ ഇനി അങ്ങനെ വിളിച്ചാൽ മതി. സമ്മാനം കിട്ടിയ മനുഷ്യന്റെ ഭാര്യയും മക്കളും അങ്ങു ദൂരെയല്ലേ താമസിക്കുന്നതു്. അവർ ഇതറിയാൻ മാർഗ്ഗമില്ല. അതുകൊണ്ടു് വഴക്കിനു വരികയുമില്ല.

കൊട്ടാരക്കര ശ്രീധരൻനായർ
images/KottarakkaraSreedharanNair.jpg
കൊട്ടാരക്കര ശ്രീധരൻനായർ

തീവണ്ടിയാപ്പീസിനു തെല്ലകലെയുള്ള ഒരു കുന്നിന്റെ മുകളിൽ ഞാനും കൊട്ടാരക്കര ശ്രീധരൻ നായരും ഇരുന്നു് അതുമിതും പറയുകയായിരുന്നു. കുന്നിൽ നിന്നു താഴോട്ടു നോക്കിയാൽ തീവണ്ടിപ്പാളം കാണാം. കൊട്ടാരക്കര ശ്രീധരൻ നായർ പറഞ്ഞു: ഈ കുന്നിനോടു ചേർന്നു് ഒരു കഥയുണ്ടു്. അല്ല. യഥാർത്ഥ സംഭവം. ഒരു നിഷ്കളങ്കയായ പെൺകുട്ടിയെ ഒരു ദുഷ്ടൻ ഗർഭിണിയാക്കി. നാട്ടുകാരും വീട്ടുകാരും അതറിഞ്ഞപ്പോൾ പെൺകുട്ടിക്കു മരിച്ചാൽ മതി എന്നായി. താനും കൂടെ ചാകാമെന്നു് അയാൾ പറഞ്ഞു. രണ്ടു പേരും ഈ കുന്നിന്റെ അഗ്രത്തിൽ വന്നുനിന്നു. ദൂരെ നിന്നു തീവണ്ടി ഇരച്ചു വരുകയാണു്. അതു് അടുത്തെത്തിയപ്പോൾ അയാൾ പാളത്തിലേക്കു ചാടുന്ന മട്ടുകാണിച്ചു. അവൾ യഥാർത്ഥത്തിൽ ചാടുകയും ചെയ്തു. തീവണ്ടി അവളെ ചതച്ചരച്ചുവെന്നു കണ്ട അയാൾ തിരിച്ചു വീട്ടിലേക്കു പോന്നു.

വേറൊരു ദിവസം ശ്രീധരൻ നായർ മറ്റൊരു യഥാർത്ഥ സംഭവം പറഞ്ഞു. ഒരു യുവാവു് കൂട്ടുകാരനായ മറ്റൊരു യുവാവിനെ കാട്ടിൽ വിളിച്ചു കൊണ്ടുപോയി വെട്ടിയ കഥ. അതിനെക്കുറിച്ചു് എനിക്കു കൂടുതലെഴുതാൻ വയ്യ. അതിനോടു ബന്ധപ്പെട്ട വ്യക്തികൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവും. ഇങ്ങനെ പലതും സംസാരിച്ചു് ഞങ്ങൾ സായാഹ്നങ്ങൾ തള്ളിവിട്ടിട്ടുണ്ടു്. ശ്രീധരൻ നായർക്കു സാഹിത്യത്തിലും താല്പര്യമുണ്ടായിരുന്നു. കുമാരനാശാന്റെചിന്താവിഷ്ടയായ സീത’യിലെ ശ്ലോകങ്ങൾ അദ്ദേഹം ചൊല്ലിക്കേൾപ്പിക്കുമായിരുന്നു. 1940-ലെ കഥയാണു് ഇപ്പറഞ്ഞതു്.

1970-ൽ ഞങ്ങൾ പുനലൂരെ ഒരു മീറ്റിങ്ങ് സ്ഥലത്തു വച്ചു തമ്മിൽ കണ്ടു. “എന്നെ ഓർമ്മിക്കുന്നില്ലേ?” എന്നു ഞാൻ ചോദിച്ചപ്പോൾ ‘ഇല്ല’ എന്നായിരുന്നു് മറുപടി. ഞാൻ വിഷാദത്തോടെ അകലെ പോയിരുന്നു. കൊട്ടാരക്കര ശ്രീധരൻ നായർ ഒരഞ്ചു മിനിറ്റ് എന്തോ ഗാഢമായി ആലോചിക്കുകയായിരുന്നു. പെട്ടന്നു് അദ്ദേഹം ചാടിയെഴുന്നേറ്റു് ഓടി വന്നു് എന്നെ കെട്ടിപ്പിടിച്ചു. “തെരുവിൽ പാപ്പച്ചൻ പിള്ളയുടെ വീട്ടിൽ താമസിച്ചിരുന്ന എക്സൈസ് ഇൻസ്പെക്ടർ മാധവൻ പിള്ളയുടെ മകനാണോ?” എന്നു് ഒരു ചോദ്യം. ‘അതെ’ എന്ന മറുപടി കേട്ടയുടനെ “സ്നേഹിതാ ക്ഷമിക്കണേ” എന്നു പറഞ്ഞു കണ്ണീരൊഴുക്കി.

നിസ്തുലനായ അഭിനേതാവായിരുന്നു ശ്രീധരൻ നായർ. പോൾ മ്യൂനി നടക്കുമ്പോൾ ആളുകൾ “ഇതാ എമിൽ സൊല പോകുന്നു, ലൂയി പാസ്റ്റർ പോകുന്നു, വാങ്ങ് ലങ്ങ് പോകുന്നു” എന്നു പറയുമായിരുന്നു. ‘ഇതാ ചെമ്പൻ കുഞ്ഞു് നമ്മളെയെല്ലാം ദുഃഖത്തിലാഴ്ത്തിക്കൊണ്ടു പോയ്ക്കഴിഞ്ഞു” എന്നു ഞാനും പറയട്ടെ. കെ. പി. ഉമ്മർ ജനയുഗം വാരികയിലെഴുതിയ ലേഖനത്തിലും ഈ അഭിനയവൈദഗ്ദ്ധ്യത്തെക്കുറിച്ചു തന്നെയാണു് പറയുന്നതു്. ലോകമറിഞ്ഞാലും ഇല്ലെങ്കിലും ആളുകൾ ജനിക്കും മരിക്കും. ലോകമറിഞ്ഞ മരണമാണു കൊട്ടാരക്കര ശ്രീധരൻ നായരുടേതു്. അത്രയ്ക്കായിരുന്നു അദ്ദേഹത്തിന്റെ സിദ്ധികൾ.

Oxford Dictionary of Current Idiomatic English Verbs with Preposition and Particles Vol II, Phrase, Clause and Sentence Vol II ഈ രണ്ടു നിഘണ്ടുക്കളും ഇംഗ്ലീഷ് പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും ഒഴിച്ചുകൂടാൻ പാടില്ലാത്തവയാണു്. പ്രസാധനം 1985-ൽ. രണ്ടാമത്തെ വാല്യത്തിൽ നിന്നും ഒരുദാഹരണം Keep dog and bark oneself, (saying) employ, or having the services of somebody to do something and yet choose to do it oneself (മുഴുവനുമെഴുതാൻ സ്ഥലമില്ല. തുടർന്നു്, വാക്യങ്ങളിലൂടെ ഈ ചൊല്ലിന്റെ അർത്ഥം വിശദീകരിക്കുന്നുണ്ടു്.)

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-11-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.