സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-03-01-ൽ പ്രസിദ്ധീകരിച്ചതു്)

ഒരിക്കൽ ഒരു സാഹിത്യ നിരൂപകനുമായി പുസ്തകം വായിക്കുന്നതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഞാൻ. അദ്ദേഹം പുസ്തകങ്ങൾ വായിക്കുന്നതിൽ തല്പരനായിരുന്നു. എങ്കിലും ഗ്രന്ഥപാരായണം കൊണ്ടു വലിയ പ്രയോജനമില്ല എന്ന പക്ഷക്കാരനും. ‘ഗ്രന്ഥം വായിക്കുമ്പോൾ നമ്മൾ തനിയെ ചിന്തിക്കുന്നില്ല. ഗ്രന്ഥകാരൻ നമുക്കു വേണ്ടി ചിന്തിക്കുന്നു’ എന്നു് ഒരു തത്ത്വചിന്തകൻ പറഞ്ഞതാണോ അദ്ദേഹത്തിന്റെ അനാസ്ഥയ്ക്കു കാരണമെന്നു ഞാൻ ചോദിച്ചു. സാഹിത്യനിരൂപകൻ നിഷേധാർത്ഥത്തിൽ തലയാട്ടി. പിന്നെന്താണു ഹേതുവെന്നു ഞാൻ വീണ്ടും ചോദിച്ചു. അതുകേട്ടു് അദ്ദേഹം മറുപടി നല്കി. “ലോകത്തുള്ള പുസ്തകങ്ങളെല്ലാം നമ്മൾ വായിച്ചുവെന്നു കരുതൂ. അതുകൊണ്ടു് നമുക്കു് വിശേഷിച്ചു് ഒരു സംസ്കാരവും ഉണ്ടാകാൻ പോകുന്നില്ല. കാലത്തു തൊട്ടു വൈകുന്നേരം വരെ വയലിൽ പണിയെടുത്തിട്ടു് സന്ധ്യയ്ക്കു് കലപ്പയും തൊളിലേന്തി കുടിലിലേക്കു നടക്കുന്ന ആ കർഷകത്തൊഴിലാളിയുണ്ടല്ലോ അവൻ ഒരു പുസ്തകവും വായിച്ചിട്ടില്ല. പക്ഷേ, അവന്റെ സംസ്കാരവിശേഷം ടോൾസ്റ്റോയി യുടെയും ദസ്തെയെവ്സ്കി യുടെയും നോവലുകൾ വായിച്ച ഏതു കോളേജ് പ്രൊഫസ്സറുടെ സംസ്കാരത്തെക്കാളും ഉത്കൃഷ്ടമാണു്. കൃഷ്ണൻ നായർ പുസ്തകങ്ങൾ വാങ്ങുന്നതും വായിച്ചു കൂട്ടുന്നതും ഞാൻ കണ്ടിട്ടുണ്ടു്. അതുകൊണ്ടൊന്നും പ്രയോജനമില്ല. അതുപൊലെ വലിയ വില കൊടുത്തു ‘റ്റൈം’ വാരിക വാങ്ങുന്നതും ഞാൻ കണ്ടിട്ടുണ്ടു്. It is a criminal waste.”

images/Tolstoy1862.jpg
ടോൾസ്റ്റോയി

സാഹിത്യനിരൂപകൻ പറഞ്ഞതിൽ സത്യത്തിന്റെ ഒരംശം പോലുമില്ല. സങ്കീർണ്ണത നിറഞ്ഞതാണു് നമ്മുടെ ജീവിതം. ഈ സങ്കീർണ്ണതയിൽ നിന്നു സത്യം വേർതിരിച്ചെടുക്കാൻ നമുക്കു പ്രയാസമുണ്ടു്. കലാകാരൻ ഈ സങ്കീർണ്ണതയെ ഏകരൂപമാക്കി, സത്യത്തെ സ്പഷ്ടമാക്കി നമ്മുടെ മുൻപിൽ വച്ചു തരുന്നു. സുവ്യക്തതയാർജ്ജിച്ച ആ സത്യദർശനം നമ്മുടെ ജീവിതത്തിനു് മാർഗ്ഗം ചൂണ്ടിക്കാണിച്ചുതരും. ടോൾസ്റ്റോയിയുടെ “ഐവാൻ ഇലീച്ചിന്റെ മരണം ” എന്ന ചെറിയ നോവൽ വായിക്കുന്നതിനുമുൻപു് മരണത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പം ഒരു വിധത്തിൽ. കഥ വായിച്ചു കഴിഞ്ഞാലുള്ള സങ്കല്പം ജീവിതത്തിന്റെ നിഗൂഢതകളിലേക്കു വെളിച്ചം വീശും. ജീവിക്കേണ്ടതു് എങ്ങനെയാണെന്നു് അതു നമ്മെ ഗ്രഹിപ്പിക്കും. അതിനാൽ ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങൾ എത്രത്തോളം വായിക്കാമോ അത്രത്തോളം വായിക്കുകയാണു വേണ്ടതു്.

മാറിയ ലയം

ജീവിതത്തിന്റെ ലയമെത്ര മാറിപ്പോയിരിക്കുന്നു ഇപ്പോൾ! എന്റെ കുട്ടിക്കാലത്തും യൗവന കാലത്തും ലയം ശാന്തമായിരുന്നു. ഇന്നു് അതു പ്രചണ്ഡമാണു്. മകൻ വരാന്തയിലിരിക്കുമ്പോൾ അച്ഛൻ വന്നു കയറിയാൽ അവൻ ഭക്തിയോടെ, ആദരത്തോടെ എഴുന്നേറ്റു മാറി നില്ക്കുമായിരുന്നു. ഇന്നു് അവൻ കസേരയിൽ നിന്നു് എഴുന്നേല്ക്കാതെ പുച്ഛച്ചിരിയോടെ ‘ഹലോ ഡാഡി വൈ ആർ യു സോ ലേറ്റ്?’ എന്നു ചോദിക്കുന്നു. പഴയ കാലത്തു് മകൾ മാന്യമായ രീതിയിൽ വസ്ത്രധാരണം ചെയ്തു് വീട്ടിന്റെ ഒരു ഒഴിഞ്ഞ കോണിൽ വിനയത്തിന്റെ പ്രതിരൂപമായി ഇരിക്കുമായിരുന്നു. അച്ഛനോ ചേട്ടനോ ആ വഴിയെങ്ങാനും പോയാൽ അവൾ ചാടിയെഴുന്നേല്ക്കുമായിരുന്നു. ഇന്നു് അവൾ സൂച്യഗ്രസദൃശ്യമായ ബ്രാ ധരിച്ചു ചന്തി കഴിയുന്നിടത്തോളം പിറകോട്ടു തള്ളി അവരുടെയും മറ്റുള്ളവരുടെയും മുൻപിൽ ക്കൂടി നടക്കുന്നു. ചേട്ടനോടു്, അച്ഛനോടു് പണ്ടു് അവൾ വിരളമായേ സംസാരിച്ചിരുന്നുള്ളു. ഇന്നു് ചേട്ടന്റെ (സഹോദരന്റെ) സ്ക്കൂട്ടറിന്റെ പിറകിൽ കയറി അയാളുടെ വയറ്റിൽ പിടിച്ചുകൊണ്ടു് ഇരിക്കുന്നു. തലമുടി പാറിച്ചും സാരി പറപ്പിച്ചും പറക്കുന്നു. ഇരട്ട മുണ്ടാണെങ്കിലും അതിനു വേണ്ടിടത്തോളം കട്ടിയില്ലെങ്കിൽ അന്നത്തെ യുവാക്കന്മാർ അതു് ഉടുക്കുവാൻ വൈമനസ്യം കാണിച്ചിരുന്നു. ഇന്നു് അതല്ല സ്ഥിതി. ഇറുകിപ്പിടിച്ച പാന്റ്സ് ധരിച്ചാലും പോര. ജനനേന്ദ്രിയം അതിലൂടെ മുഴച്ചു കാണണം അവർക്കു്. ഇന്നത്തെപ്പോലെ നിരപരാധികളെ വെടിവച്ചു കൊല്ലലും അതിനു ശേഷമുള്ള നേതാക്കന്മാരുടെ അർത്ഥരഹിതങ്ങളായ പ്രസ്താവങ്ങളും അന്നില്ലായിരുന്നു. എന്തിനേറെപ്പറയുന്നു. സൗമ്യപദത്തിനു പകരം ക്രൂരപദമാണിപ്പോൾ, അഭ്യർത്ഥനയ്ക്കു പകരം ആജ്ഞയാണിപ്പോൾ. പുഞ്ചിരിക്കു പകരം അട്ടഹാസമാണിപ്പോൾ. അന്നു വാക്കുകൾ പൂക്കളെപ്പോലെ നമ്മെ സ്പർശിച്ചിരുന്നു. ഇന്നു് അവ കഠാരകളെപ്പോലെ പിളർക്കുന്നു. ജീവിതത്തിന്റെ ലയം ഇപ്പോൾ ക്രൂരമത്രേ, പ്രചണ്ഡമത്രേ. ഉന്മാദത്തിന്റേതായ ഈ കാലയളവിൽ ജീവിതത്തിന്റെ ശാന്തതയ്ക്കും മര്യാദയ്ക്കും പരമപ്രാധാന്യം കല്പിച്ചു ജീവിച്ച നല്ല മനുഷ്യനായിരുന്നു ചെങ്ങന്നൂർ ശങ്കരവാരിയർ. ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹാവ്യക്തി. നല്ല കവിയും നല്ല പ്രഭാഷകനുമായിരുന്നു അദ്ദേഹം. ശങ്കരവാരിയരുടെ ‘മനുഷ്യൻ’ എന്ന കാവ്യം ഈ ആഴ്ചത്തെ കുങ്കുമം വാരികയിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഞാൻ മുകളിലെഴുതിയ ജീവിതലയത്തിന്റെ വന്യാവസ്ഥ തന്നെയാണു് അദ്ദേഹത്തിന്റെ കാവ്യത്തിലെ വിഷയം. ഇതു മനുഷ്യത്വത്തിന്റെ സുവിശേഷമാണു്. അതു് ഭാവാത്മകമായി അദ്ദേഹം ആവിഷ്കരിക്കുന്നു.

പഞ്ചഭൂതങ്ങളെ ദാസരായ്ത്തീർക്കവേ

പഞ്ചേന്ദ്രിയങ്ങൾക്കു ദാസനായ്ത്തീർത്തുനീ

സ്നേഹപ്രതിഷ്ഠയെ ബ്ഭഞ്ജനം ചെയ്തു നീ

സംഹാരമൂർത്തിയെ വാഴിച്ചുകോവിലിൽ.

യന്ത്രങ്ങൾ നിർമ്മിച്ചു നിർമ്മിച്ചു നീ സ്വയം

ഭ്രാന്തമായ് പാഞ്ഞീടും യന്ത്രമായ്ത്തീർന്നുപോയ്

ശബ്ദം പഠിച്ചു നീ സ്വായത്തമാക്കി, നി-

ശബ്ദമാം ശാന്തിതൻ മന്ത്രം മറന്നുപോയ്

ദൂരതീരങ്ങളിൽത്തേടി നീ പായുന്നു

ചാരത്തിരിക്കുന്ന സത്യം ഗ്രഹിക്കുവാൻ.

ബുദ്ധിപ്രഭാവാലധൃഷ്യനാം നീയിന്നു

സിദ്ധികളെത്രയോ നേടിയമാനുഷം!

വന്നുനിറഞ്ഞുപോയ് നാനാവിഭൂതികൾ

ഒന്നുമാത്രം ഹാ, മറഞ്ഞുപോയ് മാനുഷൻ!

ആരു ഞാൻ? ആരു നീ? നേരാർക്കറിഞ്ഞിടാം?

ആരാണു ഞാനിതിന്നുത്തരം നല്കുവാൻ?

ഇതു വായിക്കുമ്പോൾ ലോകത്തിന്റെ ദുരവസ്ഥ കണ്ടു് എനിക്കു ദുഃഖം. കാവ്യത്തിന്റെ ആർജ്ജവം കണ്ടു ഹർഷാതിശയം. ചെങ്ങന്നൂർ ശങ്കര വാരിയർ നല്ല കവിയും നല്ല മനുഷ്യനുമല്ലെങ്കിൽ ‘നല്ല’ എന്ന വാക്കിനു് അർത്ഥമില്ല.

വിപ്ലവാസക്തിയുള്ള വലിയ നേതാവു് നമ്മെ ചിലപ്പോൾ വഴി തെറ്റിച്ചേക്കും. ഒരു വിപ്ലവകാരിയുടെ കൈയിൽ അധികാരം കിട്ടിയിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ ഇന്നത്തേതിൽ നിന്നു വിഭിന്നമാകുമായിരുന്നില്ലേ? പരീക്ഷണപരങ്ങളായ കാവ്യനിർമ്മിതികളിൽ ഏർപ്പെടുന്ന ആൾ സാഹിത്യത്തിനു ജീർണ്ണത വരുത്തുമെന്നതിനു് ഇന്നു തെളിവുണ്ടു്. പാരമ്പര്യത്തെ ലംഘിക്കാതെ മിതമായ സ്വരത്തിൽ പാടുന്നവർ നമ്മെ ക്ഷോഭത്തിലേക്കു വലിച്ചെറിയുകയില്ല. അവർ പ്രശാന്തത അരുളുകയേയുള്ളു. ആ കൃത്യമാണു് ഇ. ശ്രീരഞ്ജിനി അനുഷ്ഠിക്കുന്നതു്. മനുഷ്യന്റെ അനന്തമായ കാത്തിരിപ്പിനെ ശിംശപയുടെ ചുവട്ടിലിരിക്കുന്ന സീതയുടെ കാത്തിരിപ്പായി ശ്രീമതി ചിത്രീകരിക്കുന്നു (ഗൃഹലക്ഷ്മി—ആത്മഗതം എന്ന കാവ്യം). പാരമ്പര്യത്തോടു് ഭക്തിയുള്ള ഏതു കവിയേയും ഞാൻ ആദരിക്കും. ആ ആദരമാണു് എനിക്കിവിടെയുള്ളതു്.

images/ElGreco.jpg
എൽ ഗ്രക്കോ

കാർട്ടൂണിസ്റ്റ് ശങ്കർ തന്നെ പല ഹാസ്യ ചിത്രങ്ങളിലും വരച്ചിട്ടുണ്ടു്. പി. കെ. മന്ത്രി എത്രയോ തവണ തന്നെ ചിത്രീകരിച്ചിരിക്കുന്നു. സ്പെയ്നിലെ ഗ്രീക്ക് ചിത്രകാരൻ എൽ ഗ്രക്കോ തന്റെ മുഖം ചെറുതായി പല ചിത്രങ്ങളിലും വരച്ചു ചേർത്തിട്ടുണ്ടു്. പ്രത്യക്ഷശരീരം ഇല്ലാതായാലും ഈ ലോകത്തു പരോക്ഷമായി ജീവിക്കാനുള്ള അഭിവാഞ്ഛയിൽ നിന്നാണു് ഈ ചിത്രീകരണ പ്രവണത ഉളവാകുന്നതു്. കവികളും നോവലെഴുത്തുകാരും എന്തു ചെയ്യും? തങ്ങളുടെ കൃതികളിൽ അവരുണ്ടു്. സൂക്ഷിച്ചു നോക്കു. ആ ചിത്രങ്ങൾ തെളിഞ്ഞു വരും. ‘ഇന്ദുലേഖ’യിൽ ചന്തുമേനോനുംധർമ്മരാജാ’യിൽ സി. വി. രാമൻ പിള്ള യും ‘കയറി’ൽ തകഴി ശിവശങ്കരപിള്ള യും ഉണ്ടു്. ‘ഗോപികാദണ്ഡക’ത്തിൽ അയ്യപ്പപ്പണിക്കരു ണ്ടു്. ‘കാളിയമർദ്ദന’ത്തിൽ സുഗതകുമാരി യും. അമ്പലപ്പുഴ ഗോപകുമാറി ന്റെ ‘ശ്യാമകൃഷ്ണ’നിൽ (ജനയുഗം വാരിക) മനോഹരങ്ങളായ വരികളേയുള്ളു. ഗോപകുമാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും ശ്രീകൃഷ്ണനെക്കുറിച്ചു് സുന്ദരങ്ങളായ ശ്ലോകങ്ങൾ എഴുതുന്ന ഒരു കവിയുണ്ടല്ലോ. അദ്ദേഹത്തിന്റെ പേരു് ഞാൻ മറന്നു പോയി. ആ ശ്ലോകങ്ങൾക്കു് സൗന്ദര്യമുണ്ടു്. പക്ഷേ, കവി അവയിലില്ല.

“അറിയുമോ ഇങ്ങളീയിടയനെ ആമ്പാടി

മണിവർണ്ണനായ്പ്പണ്ടു യമുനാതടങ്ങളിൽ

പീലിക്കുടചൂടി, ഓടക്കുഴലൂതി

ആടിക്കളിച്ചൊടുവിലാരോരുമറിയാതെ

നവനീതമുണ്ണുവാൻ ഗോപവാടത്തിലേ-

യ്ക്കോടിക്കടന്നൊരാക്കണ്ണനാമുണ്ണിയാ-

മിടയനെ, ഈ ശ്യാമകൃഷ്ണനെയറിയുമോ…?”

എന്നു് ഗോപകുമാർ ചോദിക്കുന്നു. അറിയും. ഭാഗവതത്തിൽ ഞങ്ങൾ അദ്ദേഹത്തെ കണ്ടിട്ടുണ്ടു്. പക്ഷേ, കാവ്യമാകെ വായിച്ചു നോക്കിയിട്ടും കവിയെ അറിയുന്നില്ല.

ചോദ്യം, ഉത്തരം

ചോദ്യം: “മലയാളസാഹിത്യത്തിലെ അദ്വിതീയമായ ചെറുകഥയേതു?”

ഉത്തരം:കാരൂർ നീലകണ്ഠപ്പിള്ള യുടെ ‘മരപ്പാവകൾ’.”

ചോദ്യം: “നവീന നോവലുകളിൽ പ്രഥമസ്ഥാനം ഏതിനു്?”

ഉത്തരം: ഒ. വി. വിജയന്റെഖസാക്കിന്റെ ഇതിഹാസ’ത്തിനു്.”

ചോദ്യം: “സ്നേഹത്തെ ആദ്ധ്യാത്മിക തലത്തിലേയ്ക് ഉയർത്തി മരണത്തെ മധുരീകരിക്കുന്ന കാവ്യം?”

ഉത്തരം: കക്കാടി ന്റെ ‘സഫലമീയാത്ര

ചോദ്യം: “ആന്തരലയത്തിന്റെ പ്രയോഗത്തിൽ അദ്വിതീയനായ കവി?”

ഉത്തരം:ചങ്ങമ്പുഴ. എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ ഇവർക്കുപോലും ഇക്കാര്യത്തിൽ ചങ്ങമ്പുഴയെ സമീപിക്കാൻ ഒക്കുകയില്ല.”

ചോദ്യം: “അർത്ഥമില്ലാത്ത കോമളപദങ്ങൾ ചേർത്തുവച്ചു് വായനക്കാരനെ മൂഢസ്വർഗ്ഗത്തിലെത്തിക്കുന്ന കാവ്യം?”

ഉത്തരം:വയലാർ രാമവർമ്മ പി. കെ. വിക്രമൻ നായരുടെ മരണത്തെക്കുറിച്ചെഴുതിയ കാവ്യം. പേരു് ഓർമ്മയില്ല.”

ചോദ്യം: “പിന്നൊരു കാവ്യം?”

ഉത്തരം:ബോധേശ്വരന്റെകേരളഗാനം’.”

ചോദ്യം: “സന്മാർഗ്ഗനിഷ്ഠയുള്ള മഹാകവി?”

ഉത്തരം:ജി. ശങ്കരക്കുറുപ്പു്.”

ചോദ്യം: “നിങ്ങൾക്കു മാനസാന്തരം വരുത്തിയ ഗ്രന്ഥം?”

ഉത്തരം:Gospel of Sree Rama Krishna

ചോദ്യം: “അതിസുന്ദരമായി മലയാളം എഴുതിയവർ?”

ഉത്തരം:സി. വി. കുഞ്ഞുരാമൻ, ഇ. വി. കൃഷ്ണപിള്ള, എം. ആർ. നായർ, കുട്ടിക്കൃഷ്ണ മാരാർ, ഡോക്ടർ കെ. ഭാസ്കരൻ നായർ.”

ചോദ്യം: “നിങ്ങളാരു്?”

ഉത്തരം:കലീൽ ജിബ്രാന്റെ വാക്കുകളിൽ മറുപടി പറയാം. അദ്ഭുതാവഹമായ ഈ തടാകത്തിലേക്കു് ഈശ്വരൻ എറിഞ്ഞ ഒരു കല്ലു്. വീണുകഴിഞ്ഞപ്പോൾ തരംഗങ്ങൾകൊണ്ടു് ഞാൻ അതിന്റെ ഉപരിതലത്തിൽ കലക്കമുണ്ടാക്കി. അഗാധതയിലൂടെ അടിത്തട്ടിലെത്തിയപ്പോൾ ഞാൻ നിശ്ചലനായി.”

അരുത്

തിരുവനന്തപുരത്തു വരുമ്പോൾ:

  1. മീറ്റിംഗിനു വിളിക്കാൻ വരുന്നവരെ കണ്ടാൽ ഒഴിഞ്ഞുപോയ്ക്കൊളു. ഇല്ലെങ്കിൽ അവർ കാറിൽ കയറ്റിക്കൊണ്ടുപോയി പ്രസംഗിപ്പിച്ചിട്ടു് പച്ചവെള്ളംപോലും തരാതെ തിരിച്ചയയ്ക്കും.
  2. ടെലിവിഷൻ സെറ്റ് ഇവിടെനിന്നു നന്നാക്കാമെന്നു വിചാരിക്കരുതു്. കേടുപാടുകളില്ലെങ്കിലും ടെക്നീഷ്യൻ സെറ്റ് ഒന്നു തൊട്ടാൽ അമ്പതു രൂപ കൊടുക്കണം.
  3. ഓട്ടോറിക്ഷയിൽ കഴിയുമെങ്കിൽ കയറാതിരിക്കുക. യാത്ര കഴിഞ്ഞു കഴുത്തു നീട്ടി കൊടുക്കണമെന്നതു നിസ്സാരം. തല മാത്രമല്ലേ പോകുകയുള്ളു. അതല്ല കാര്യം. വാഹനം അതിവേഗത്തിൽ ഓടിച്ചു നിങ്ങളെ ന്യൂറോട്ടിക്കാക്കിക്കളയും.
  4. കവിയെ കാണരുതു്. നിരൂപകൻ യുസ്ലെസ്സ് ആണെന്നു് അയാൾ പറയും. നിരൂപകനെ കാണരുതു്. മറ്റൊരു നിരൂപകൻ ഗോസിപ്പുകാരനാണെന്നു് അയാൾ പറയും.
  5. കാലത്തു സെക്രട്ടേറിയറ്റിന്റെ നടയിൽ ചെല്ലരുതു്. ചെന്നാൽ മുഖ്യമന്ത്രിയുടെ മുൻപിൽച്ചെന്നു സാഹിത്യകാരന്മാർ ‘ഞാൻ കോൺഗ്രസ് ഐ ആണേ’ എന്നു പറയുന്നതു കേൾക്കേണ്ടതായി വരും. അവിടെ നട്ടെല്ലു വളച്ചു നിന്നിട്ടു് റോഡിലൂടെ അതു വടിപോലെയാക്കി നടക്കുന്ന കാഴ്ച കാണേണ്ടതായിവരും.
  6. വാരികകൾ വാങ്ങുന്നതു കൊള്ളാം. പക്ഷേ, ഉണ്ണി വാരിയത്തിന്റെ കഥയുണ്ടോ എന്നു നോക്കി— ഒളികണ്ണിട്ടു നോക്കി—വേണം ഓരോ വാരികയും തുറക്കാൻ. (മനോരാജ്യം വാരികയിൽ ‘അമ്മയുടെ സ്ഥാനം’ എന്ന കഥ വായിച്ചുപോയതു കൊണ്ടാണു് എന്റെ ഈ നിർദ്ദേശം.)
ഇ. എം. എസ്സും നാലപ്പാടനും

നാലപ്പാട്ടു നാരായണമേനോന്റെ കണ്ണുനീർത്തുള്ളി മൗലികമായ കൃതിയല്ല. ആശയാവിഷ്കാരത്തിലും തത്ത്വചിന്താപ്രതിപാദനത്തിലും അതു് ടെനിസൺ ന്റെ In Memoriam എന്ന കാവ്യത്തെ അനുകരിക്കുന്നു. പ്രകൃതിയുടെ സൃഷ്ടി, സംഹാരം ഇവയെ സൂചിപ്പിച്ചുകൊണ്ടു ടെനിസൺ കാവ്യം ആരംഭിക്കുന്നുഃ

“…

Thou madest life in man and brute

Thou madest death; and lo, thy foot

is on the skull which thou hast made

ഈ ആശയംതന്നെയാണു് കണ്ണുനീർത്തുള്ളിയിലെ ആദ്യത്തെ ശ്ലോകങ്ങളിലും ഉള്ളതു്.

ഞാനിങ്ങു ചിന്താശകലങ്ങൾ കണ്ണു

നീരിൽപ്പിടിപ്പിച്ചൊരു കോട്ടകെട്ടി;

അടിച്ചുടച്ചാൻ ഞൊടികൊണ്ടതാരോ

പ്രപഞ്ചമേ നീയിതുതന്നെയെന്നും.

കടൽപ്പുറത്തെപ്പൊടിമണ്ണടിച്ചു

കൂട്ടുന്നു; തട്ടിക്കളയുന്നിതൊപ്പം

സനാതനം മാരുതനീശ്വരന്റെ

സർഗ്ഗക്രമം കണ്ടു കുറിക്കയാമോ

ഇൻ മെമ്മോറിയത്തിലെ രണ്ടു വരികൾ:

That men may rise on stepping-stones

of their dead selves to higher things

ഇതിന്റെ തർജ്ജമയാണു് കണ്ണുനീർത്തുള്ളിയിലെ താഴെച്ചേർക്കുന്ന വരികൾ:

നരൻ ക്രമാൽത്തന്റെ ശവം ചവുട്ടി

പ്പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?

images/SafalameeYathraNNKakkad.jpg

പ്രേമഭാജനം ജീവിച്ചിരുന്നപ്പോൾ ലോകം മുഴുവൻ അവളിലേക്കു സംക്രമിച്ചു. അവൾ ഇല്ലാതെയായപ്പോൾ ലോകം ആകെ പ്രേമഭാജനമായി പരിണമിച്ചു എന്നു നാലപ്പാടൻ പറയുന്നതും സ്വന്തമായിട്ടല്ല. അതും ടെനിസൺന്റേതാണു്: And mingle all the world with thee എന്ന കവിവചനം നോക്കുക. ‘കണ്ണുനീർത്തുള്ളി’യിൽ നാലപ്പാടന്റേതായി ഒന്നുമില്ല. ഉള്ളതു് കഠിനപ്രയ്തനം ചെയ്തുണ്ടാക്കിയ ഡിക്ഷൻ മാത്രം.

നാലപ്പാടന്റെ ‘രതിസാമ്രാജ്യ’വും മൗലിക കൃതിയല്ല. ഹാവ്ലക് എലിസി ന്റെ ‘സൈക്കോളജി ഒഫ് സെക്സ് ’ എന്ന ഗ്രന്ഥത്തിലെ ആശയങ്ങളാണു് അതിലുള്ളതു്. ‘ആർഷജ്ഞാനം’ ‘ഡിറൈവ്’ ചെയ്തതും ശേഷിച്ച ഗ്രന്ഥങ്ങളിൽ പലതും തർജ്ജമകൾ. ഭാഷാന്തരീകരണത്തിനുള്ള ഈ പ്രവണതയാണു് മൗലിക കൃതിയായി കൊണ്ടാടപ്പെടുന്ന ‘കണ്ണുനീർത്തുള്ളി’യിൽ നമ്മൾ ദർശിച്ചതു്. പരകീയതയിൽ മാത്രം അഭിരമിച്ച ഈ കവിയെ മഹാകവികളായ ആശാൻ, വള്ളത്തോൾ, ഉള്ളൂർ ഇവർക്കു സമശീർഷനായി കരുതണമെന്നു ഡോക്ടർ എം. ലീലാവതി പറഞ്ഞുപോലും. അവർ എന്തു തന്നെ പറയുകയില്ല! ധിഷണാശാലിയായ ഇ.​ എം. എസ്സ്., നാലപ്പാടന്റെ ‘വാമനത്വം’ മനസ്സിലാക്കിയിട്ടുണ്ടു്. അതിനു തെളിവാണു് അദ്ദേഹം മാതൃഭൂമിയിലെഴുതിയ “നാലപ്പാടു്: കവിയും ചിന്തകനും” എന്ന ലേഖനം. യുഗോ യുടെ നോവൽ തർജ്ജമ ചെയ്ത നാലപ്പാടനെ അദ്ദേഹം ബഹുമാനിക്കുന്നു. ആ ബഹുമാനത്തോടുകൂടിത്തന്നെ നാലപ്പാടിനു “മലയാള സാഹിത്യത്തിലുള്ള സ്ഥാനം” ഉയർന്നതല്ലെന്നു് അദ്ദേഹം പറയുകയും ചെയ്യുന്നു. ലീലാവതിയും അവരെപ്പോലുള്ളവരും വിവരക്കേടു കാണിക്കുമ്പോൾ ഇ. എം. എസ്സ്. സത്യത്തിന്റെ നാദമുയർത്തുന്നു. അതു് എത്ര ആശ്വാസപ്രദം!

കണ്ടിട്ടുപോകൂ
images/Cvkunjuraman.jpg
Cvkunjuraman.jpg

ഞാൻ ഹെമിങ്വെ യുടെ ജീവചരിത്രം വായിച്ചുകൊണ്ടിരിക്കുകയാണു്. കാളപ്പോരു് അദ്ദേഹത്തിനു് ഇഷ്ടമായിരുന്നല്ലോ. അതുകൊണ്ടു് അതിനോടു ബന്ധപ്പെട്ട ഇമേജറിയാണു് എന്റെ മനസ്സിൽ വരുന്നതു്. നമ്മുടെ പല കഥാകാരന്മാർക്കും ഭാഷ കാളയാണു്. ഒന്നു ചുവന്ന തുണി കാണിച്ച് അതിനെ ദേഷ്യപ്പെടുത്തുന്നു. കാള ചാടി വരുമ്പോൾ തടുത്തും ആക്രമിച്ചും പരാക്രമങ്ങൾ കാണിക്കുന്നു. ആ ചാട്ടങ്ങൾക്കും ഒഴിഞ്ഞുമാറലുകൾക്കും ഭംഗിയില്ലാതില്ല. പക്ഷേ, കാളയുടെ കുത്തേറ്റു് എപ്പോഴും മലർന്നുവീഴുന്നു കഥാകാരൻ. യഥാർത്ഥമായ കാളപ്പോരിൽ ആക്രമിക്കുന്നവൻ ജയിക്കും പലപ്പോഴും. ഭാഷയാകുന്ന കാളയോടു മത്സരിക്കുന്ന കഥാകാരനാകുന്ന പോരുകാരൻ എപ്പോഴും മലർന്നുവീഴുകയേയുള്ളു. കൊമ്പുകൊണ്ടു് ഉദരം പിളരുകയും ചെയ്യും.

images/Ashtamoorthi.jpg
അഷ്ടമൂർത്തി

കഥാകാരനായ അഷ്ടമൂർത്തി ഒരിക്കലും മാറ്റഡോറായി പ്രത്യക്ഷനായിട്ടില്ല. അദ്ദേഹം കലാസൗന്ദര്യമാകുന്ന പച്ചക്കിളിയെ കരതലങ്ങളിൽ വച്ചിരിക്കുകയാണു്. അവിടിരുന്നു ആ കിളി ചിറകിട്ടടിക്കുന്നു. അതിനെ വിട്ടുകളയരുതേയെന്നു് നമ്മൾ അദ്ദേഹത്തോടു അഭ്യർത്ഥിക്കുന്നു. അഷ്ടമൂർത്തി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘അലസതാവിരചിതം’ എന്ന ചെറുകഥ വായിച്ചാലും. പേറുകഴിഞ്ഞ ഒരു പൂച്ചയ്ക്കും പെറാൻ തയ്യാറായി ഇരിക്കുന്ന ഒരു ചെറുപ്പക്കാരിക്കും തമ്മിലുള്ള ബന്ധത്തെ ആകർഷകമായി ചിത്രീകരിക്കുന്ന ആ കഥയ്ക്കു് എന്തെന്നില്ലാത്ത ആർദ്രീകരണശക്തിയുണ്ടു്. അദ്ദേഹം കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട ആ പൂച്ചയുടെ കഥ പറയുമ്പോൾ, അതിനു വീട്ടിലുള്ളവരോടുള്ള ബന്ധം ആവിഷ്കരിക്കുമ്പോൾ നിത്യജീവിതത്തിൽ പൂച്ചയെ വെറുക്കുന്ന ഞാൻ കഥയിലെ പൂച്ചയോടു് സ്നേഹമുള്ളവനായിത്തീരുന്നു. കലയുടെ ശക്തി. ഇങ്ങനെയാണു് കലാകാരൻ ജീവിത സത്യത്തെ വ്യാഖ്യാനിച്ചു് സ്പഷ്ടമാക്കി വായനക്കാരനെ മാനസികോന്നമനത്തിലേക്കു നയിക്കുന്നതു്. ഒരു നാട്യവുമില്ലാത്ത ആഖ്യാനം. എന്റെ ലേഖനം വായിച്ചു മുഷിഞ്ഞോ വായനക്കാർ? എങ്കിൽ വരു ആ കിളി കരതലങ്ങളിലിരുന്നു സ്പന്ദിക്കുന്നതു കണ്ടിട്ടുപോകൂ.

മാർജ്ജനശാലാ സാഹിത്യം
images/ErnestHemingway1923.jpg
ഹെമിങ്വെ

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളസി. വി. രാമൻപിള്ള യുടെ ‘ധർമ്മരാജാ’ എന്ന നോവലിനെക്കുറിച്ചു പറഞ്ഞതു ശരിയല്ലല്ലോ എന്നു് കരുതി വേദനിക്കുന്നതിൽ അർത്ഥമില്ല. ഡോക്ടർ കെ. ഭാസ്കരൻ നായർ “ദൈവനീതിക്കു ദാക്ഷിണ്യമില്ല” എന്ന ഗ്രന്ഥത്തിലൂടെ ‘ധർമ്മരാജാ’യെ വാഴ്ത്തിയതിൽ അത്യുക്തിയുണ്ടെന്നു പറയുന്നതിലും അർത്ഥമില്ല. രണ്ടുപേരും രണ്ടുവിധത്തിൽ സി. വി.യുടെ ആഖ്യായികയെ സമീപിച്ചു. അതു ശരിയാവട്ടെ, തെറ്റാവട്ടെ. ‘ധർമ്മരാജാ’യ്ക്കു് അതിനു് അർഹതയുണ്ടു് എന്നതാണു് പ്രധാനപ്പെട്ട കാര്യം. ഒരാളെ മറ്റൊരാൾ വാഴ്ത്തുകയോ താഴ്ത്തുകയോ ചെയ്യുമ്പോൾ ആ ‘ഒരാളി’നു പ്രാധാന്യം കൈവരികയാണു്. നിരൂപകൻ നിരൂപണം ചെയ്യുന്തോറും വിമർശിക്കുന്തോറും സാഹിത്യകൃതിയുടെ പ്രാധാന്യം കൂടിക്കൂടി വരുന്നു. എന്നു നിരൂപകൻ കുമാരനാശാനെക്കുറിച്ചു മൗനം അവലംബിക്കുന്നുവോ അന്നു് അദ്ദേഹം സാഹിത്യത്തിന്റെ മണ്ഡലത്തിൽനിന്നു് നിഷ്കാസിതനായി എന്നു കരുതിക്കൊള്ളണം. എന്നാൽ എല്ലാക്കൃതികളെക്കുറിച്ചും ഇങ്ങനെ നിരൂപണമെഴുതാനോ വിമർശനമെഴുതാനോ സാധിക്കില്ല. സാഹിത്യകൃതി പൊള്ളയാണെങ്കിൽ, അതു വെറും ജേണലിസമാണെങ്കിൽ അവഗണിക്കുകയേ തരമുള്ളു. ആ രീതിയിൽ അവഗണിക്കപ്പെടേണ്ട ഒരു ചെറുകഥയാണു് പാങ്ങിൽ ഭാസ്കരന്റെ “ഒരു മനുഷ്യൻ” (ദേശാഭിമാനി വാരിക). ഒരാപ്പീസ് ശിപായിയുടെ ജീവിതം പ്രതിപാദിക്കുകയാണു് കഥാകാരൻ. അധഃസ്ഥിതരുടെ ജീവിതം ചിത്രീകരിച്ച് അവരുടെനേർക്കു സഹതാപത്തിന്റെ നീർച്ചാലു് ഒഴുക്കാനുള്ള യത്നം ആദരണീയംതന്നെ. എന്നാൽ അതിനുവേണ്ടി സകല അലവലാതി വസ്തുതകളും എടുത്തങ്ങു വിളമ്പുകയാണോ വേണ്ടതു? ശിപായിയുടെ ജീവിതത്തിൽ നിന്നു് തിരഞ്ഞെടുപ്പു നടത്തി അത്യന്താപേക്ഷിതമായവയെ മാത്രം ആലേഖനം ചെയ്യുകയാണു് വേണ്ടതു്. ആ കലാവിദ്യയിൽ പാങ്ങിൽ ഭാസ്കരൻ അനഭിജ്ഞനാണു്. കൊച്ചുകുട്ടൻ എന്ന ശിപായിയുടെ ഷർട്ടിന്റെ രണ്ടു കീശകൾ തൊട്ടു് എല്ലാം ഇവിടെ വർണ്ണിക്കപ്പെടുന്നു. അങ്ങനെ ദേശാഭിമാനിയുടെ പല പുറങ്ങൾ മെനക്കെടുത്തിയിട്ടു് അദ്ദേഹം മനസ്സില്ലാമനസ്സോടെ പേന താഴെവയ്ക്കുന്നു. ദഹനം ശരിയാകാത്ത മേലുദ്യോഗസ്ഥൻ തിടുക്കത്തിൽ കക്കൂസിൽ പോകുന്നതുവരെ കഥാകാരൻ വർണ്ണിക്കുന്നുണ്ടു്. ഭാഗ്യംകൊണ്ടു ശൗചകർമ്മം വർണ്ണിച്ചില്ലല്ലോ എന്നു വിചാരിക്കുന്നുണ്ടാവാം ചിലരെങ്കിലും. ആ ഭാഗ്യമില്ല വായനക്കാരനു്. ശൗചത്തിനു വേണ്ട വെള്ളം ‘ചാറേലു്’ ഇല്ല എന്നു് അസന്ദിഗ്ദമായിത്തന്നെ പ്രസ്താവിക്കുന്നു. ദേശാഭിമാനി വാരികയ്ക്കു പാങ്ങിൽ ഭാസ്കരന്റെ ഈ കഥയില്ലാതെ മുന്നോട്ടുപോകാം. പാങ്ങിൽ ഭാസ്കരനു ദേശാഭിമാനി വാരികയില്ലാതെ ജീവിക്കാൻ പ്രയാസമായിരിക്കും.

ഓർമ്മകൾ
  1. കൊല്ലത്തുനിന്നു് ഞങ്ങൾ പി. കേശവദേവ്, കെ. ബാലകൃഷ്ണൻ, ഞാൻ—തിരുവനന്തപുരത്തേക്കു വരികയാണു്. മദ്യനിരോധനം ഉള്ള കാലം. പാരിപ്പള്ളിയിൽ കാറുനിന്നു. എക്സൈസുകാർ പരിശോധിക്കാനെത്തി. മുൻ സീറ്റിലിരുന്ന ഞാൻ അവരോടു പറഞ്ഞു: “പിറകിലിരിക്കുന്നതു കെ. ബാലകൃഷ്ണനാണു്. കൗമുദി പത്രാധിപർ.” എക്സൈസുകാർ വിനയസമ്പന്നരായി പോകാം എന്നു് അറിയിച്ചു. അല്ലെങ്കിൽ അവർ ഓരോയിഞ്ചും പരിശോധിക്കും. കാറി നീങ്ങിയതേയുള്ളു. കേശവദേവ് കൊല്ലത്തെ സേവിയേഴ്സിൽ നിന്നു വാങ്ങിച്ച ഒരു കുപ്പി വിസ്കിയെടുത്തു് പുറത്തേക്കു വീശിക്കൊണ്ടു് ‘കണ്ടോടാ ഞങ്ങൾ കൊണ്ടുപോകുന്നതു്’ എന്നു് ഉറക്കെപ്പറഞ്ഞു. വിസിൽ, വീണ്ടും വിസിൽ. വിസിലോടു വിസിൽ. ഞങ്ങളുടെ കാറ് വേഗം കൂട്ടി. ജീപ്പ് ഇല്ലാത്തതുകൊണ്ടാവണം എക്സൈസുകാർ പിറകെ വന്നില്ല. കാറിന്റെ നമ്പർ കുറിച്ചെടുക്കാനും അവർക്കു കഴിഞ്ഞിരിക്കില്ല. നല്ല ഇരുട്ടായിരുന്നു അപ്പോൾ.
  2. കൊച്ചി സർവകലാശാലയിലെ ഹിന്ദി ഡിപ്പാർട്ടുമെന്റിൽ പ്രഭാഷണത്തിനു പോയിട്ടു് എറണാകുളത്തേക്കു തിരിച്ചു വരികയായിരുന്നു ഞാൻ. ഇടപ്പളളിയിലെത്തിയപ്പോൾ ചങ്ങമ്പുഴയുടെ വീട്ടിൽ കയറിയാലെന്തെന്നു വിചാരം. കയറി. കവിയുടെ സഹധർമ്മിണി മുറ്റത്തെ വാഴയ്ക്കു വെള്ളമൊഴിക്കുകയായിരുന്നു. ഞാൻ എന്റെ പേരു പറഞ്ഞു. “സാഹിത്യവാരഫലം എഴുതുന്ന ആളാണോ?” എന്നു ചോദ്യം. ‘അതേ’. “വരു അകത്തു കയറിയിരിക്കൂ.” ഞാൻ ഇരുന്നു. ഒരു തൂണിൽ ചങ്ങമ്പുഴയുടെ വലിയ പടം. അതു നോക്കി ഞാൻ പറഞ്ഞു: “മഹാനായ കവിയാണു്. എനിക്കു നേരിട്ടറിയാമായിരുന്നു.” ശ്രീദേവി ചങ്ങമ്പുഴ “എന്തു ചെയ്യാം?” എന്നു പറഞ്ഞിട്ടു തേങ്ങിക്കരഞ്ഞു. മുപ്പത്തിരണ്ടു വർഷം കഴിഞ്ഞിട്ടും ഒട്ടും കുറയാത്ത ദുഃഖം. അഭിജാതയാണു് ശ്രീദേവി ചങ്ങമ്പുഴ.
  3. ചെങ്കോട്ടയിൽ നിന്നു തിരുവനന്തപുരത്തേക്കു തീവണ്ടിയിൽ വരികയായിരുന്നു ഞാൻ. അശ്ലീല കഥകൾ അടങ്ങിയ ഒരു പുസ്തകം—സാർത്രി ന്റെ ഇന്റിമസി—കുറെ പുറങ്ങൾ വായിച്ചിട്ടു് ഞാൻ താഴെ വച്ചു. ആ പുസ്തകം ആർത്തിയോടെ നോക്കിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരി ‘ഒന്നു നോക്കട്ടെ’ എന്നു പറഞ്ഞ് അതു കൈയിലെടുത്തു. വായനയും തുടങ്ങി. കണ്ണുകൾ തിളങ്ങുന്നു, ചുണ്ടിൽ പുഞ്ചിരി പരക്കുന്നു. വായന തന്നെ വായന. തമ്പാനൂരെത്തിയപ്പോൾ വായിച്ചു തീർക്കാത്ത പുസ്തകം തിരിച്ചു നീട്ടി എന്റെ നേർക്കു്. ‘വേണ്ട കൊണ്ടു പൊയ്ക്കൊള്ളു’ എന്നു ഞാൻ. ‘അയ്യോ വേണ്ട’ എന്നു യുവതി. “എനിക്കു വായിക്കണമെന്നില്ല. എടുത്തു കൊള്ളു” എന്നു പറഞ്ഞിട്ടു മറുപടി ഉണ്ടാകുന്നതിനു മുൻപു് ഞാൻ പ്ലാറ്റ്ഫോമിലേക്കു് ഇറങ്ങി. തെല്ലുദൂരം നടന്നിട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ചെറുപ്പക്കാരി ആഹ്ലാദവിവശയായി പുസ്തകത്തിന്റെ പുറം ചട്ട നോക്കിക്കൊണ്ടു നില്ക്കുന്നതു കണ്ടു. അശ്ലീലം ആണുങ്ങളെക്കാൾ ഇഷ്ടപ്പെടുന്നതു് പെണ്ണുങ്ങളാണു്. എന്റെ വായനക്കാരികൾ പ്രതിഷേധിക്കരുതേ.
എ. രാമചന്ദ്രൻ

ഒരു ദിവസം തിരുവനന്തപുരത്തെ ഇൻഡ്യൻ കോഫി ഹൗസിലേക്കു ഞാൻ ചെന്നപ്പോൾ എം. കെ. കുമാരനും ചിത്രകാരൻ എ. രാമചന്ദ്രനും ഇവിടെ ഇരിക്കുന്നു. കൂടെ രണ്ടു മൂന്നുപേരുമുണ്ടു്. കൂമാരൻ, രാമചന്ദ്രൻ വരച്ച മയിലിന്റെ ചിത്രമെടുത്തു നിവർത്തി ആസ്വദിക്കുകയായിരുന്നു. നിസ്തുലമായ കലാശില്പമാണു് അതെന്നു് എനിക്കു തോന്നി. ഈ സംഭവത്തിനുശേഷം ഞാൻ രാമചന്ദ്രന്റെ അച്ഛൻ അച്ചുതൻ നായരെ കാണാൻ കുളത്തുരേക്കു പോയി. അപ്പോൾ രാമചന്ദ്രന്റെ അമ്മ പരാതി പറഞ്ഞു: “ഇവൻ ചുവരാകെ പടംവരച്ചു വൃത്തികേടാക്കിയിരിക്കുന്നു.” ഞാൻ നോക്കി. അസാധാരണമായ പ്രാഗൽഭ്യം വിളിച്ചോതുന്ന ചിത്രമാണു് ഓരോന്നും. ‘അമ്മേ, ഭവതി ധന്യയാണു്’ എന്നു ഞാൻ മനസ്സിൽ പറഞ്ഞു. രാമചന്ദ്രന്റെ സഹോദരൻ സുകുമാരൻ നായരെയും (ഇപ്പോഴത്തെ പ്രോവൈസ് ചാൻസലർ) കാണാനാണു് ഞാൻ പോയതു്. എന്നെ അത്രകണ്ടു ഇഷ്ടപ്പെടാത്ത രാമചന്ദ്രൻ വീട്ടിൽ നിന്നിറങ്ങിപ്പോയി. എങ്കിലും കലാകാരനായ രാമചന്ദ്രനെ ഞാൻ വെറുത്തില്ല. ബഹുമാനിച്ചതേയുള്ളു. ഇന്നു് അദ്ദേഹം എത്രകണ്ടുയർന്നിരിക്കുന്നു എന്നതു് ‘കലാകൗമുദി’യിൽ നിന്നു ഗ്രഹിക്കാം. രാമചന്ദ്രന്റെ യയാതി എന്ന ചിത്രകലാ കാവ്യം നിരുപമമാണെന്നു് വി. രാധാകൃഷ്ണൻ എഴുതുന്നു. ആയിരിക്കും. കലാനുഭവത്തിന്റെ ആഹ്ലാദാതിരേകത്തിൽ നിന്നേ ഇത്തരം വാക്കുകൾ ഉണ്ടാവൂ. ചിത്രകാരനായ എ. രാമചന്ദ്രനെയും ലേഖകനായ വി. രാധാകൃഷ്ണനെയും ഞാൻ സാദരം അഭിനന്ദിക്കുന്നു. മദ്ധ്യാഹ്നമാണിപ്പോൾ. സൂര്യനു് എന്നോടെന്തിനു് ഈ കോപം. എങ്കിലും ആ ഗോളത്തിനു് എന്തൊരു ഔജ്ജ്വല്യം. ആ ഔജ്ജ്വല്യത്തിനു മുൻപിൽ ആ കോപത്തെ ഞാൻ മറക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-03-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.