സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-03-08-ൽ പ്രസിദ്ധീകരിച്ചതു്)

images/GURUGURIDAR.jpg

എന്റെ ബാല്യകാലത്തു് ഞാൻ തപാൽ സ്റ്റാമ്പ് ശേഖരിച്ചിരുന്നു. വർഷം കഴിയുന്തോറും റദ്ദാക്കിയ സ്റ്റാമ്പിന്റെ വിലകൂടും. ആറു സെന്റിന്റെ സ്റ്റാമ്പിനു് ആറായിരം ഡോളർ ചിലപ്പോൾ കൊടുക്കേണ്ടി വരും. ഒരു ഷില്ലിങ് വിലയുള്ള സ്റ്റാമ്പിനു് വർഷങ്ങളേറെക്കഴിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ടു പതിനായിരം പവൻ കൊടുക്കേണ്ടി വന്നതായി ഞാൻ പത്രത്തിൽ നിന്നു വായിച്ചറിഞ്ഞു. എന്റെ കൈയിൽ അമ്മട്ടിൽ വിലയുള്ള ചില സ്റ്റാമ്പുകളുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നപ്പോൾ ബ്രിട്ടീഷുകാരുടെ ആധിപത്യത്തിലായി ഇറാക്ക്. അവിടുത്തെ തപാൽ സ്റ്റാമ്പുകളിൽ ‘ഇറാക്ക് അണ്ടർ ബ്രിട്ടീഷ് ഓക്യുപ്പേഷൻ’ എന്നു് അവർ അച്ചടിച്ചു. ഇറാക്കിൽ അക്കാലത്തു ജോലി നോക്കിയിരുന്ന ഒരമ്മാവൻ വീട്ടിലേക്കു് അയച്ച കത്തുകളിൽ നിന്നായിരിക്കണം ആ സ്റ്റാമ്പുകൾ എന്റെ ഏതോ ബന്ധുവിനു കിട്ടിയതു്. അവ എങ്ങനെയോ എന്റെ കൈയിൽ വന്നു ചേർന്നു. അങ്ങനെയിരിക്കെ വടക്കൻ തിരുവിതാംകൂറിലുള്ള ഒരാൾ ആ സ്റ്റാമ്പുകൾ വാങ്ങാൻ എന്റെ വീട്ടിലെത്തി. ആറു സ്റ്റാമ്പുകൾക്കു് ആറായിരം രൂപ ഞാൻ ചോദിച്ചു. വിലപേശലെല്ലാം കഴിഞ്ഞ് ആറുന്നൂറു രൂപയ്ക്കു ഞാനവ വിറ്റു. അക്കാലത്തെ അറുന്നൂറു രൂപയ്ക്കു് ഇന്നത്തെ ആറു ലക്ഷം രൂപയുടെ വിലയുണ്ടു്. അയാൾ സ്റ്റാമ്പ് കീശയിലാക്കി പടി കടന്നപ്പോൾ എനിക്കു ദുഃഖം. അവ കൈയിലുണ്ടായിരുന്നപ്പോൾ ഇറാക്ക് മുഴുവൻ എന്റെ മുന്നിലുണ്ടായിരുന്നു. അതിൽ ആധിപത്യം സ്ഥാപിച്ച് ബ്രിട്ടീഷുകാരെയാകെ ഞാൻ കണ്ടിരുന്നു. സായ്പന്മാരുടെ പുഞ്ചിരി വ്യാപിച്ച മുഖങ്ങളും ഇറാക്കിലെ ആളുകളുടെ വിഷാദം കലർന്ന മുഖങ്ങളും എന്റെ അന്തർ നേത്രം കണ്ടിരുന്നു. സംഭവപരമ്പരകളിലൂടെ സഞ്ചരിക്കാൻ വർണ്ണോജ്ജ്വലങ്ങളായ ആ തുണ്ടു കടലാസുകൾ എന്നെ സഹായിച്ചിരുന്നു. എന്താണു സവിശേഷത? യാഗം നടത്താൻ പണ്ടു രാജാക്കന്മാർ കുതിരയെ അഴിച്ചു വിടുമായിരുന്നല്ലോ. പ്രഗൽഭനായ ഒരു രാജാവു് ആ അശ്വത്തെ ബന്ധിക്കും. ഈ തപാൽ സ്റ്റാമ്പുകളിൽ കാലമാകുന്ന അശ്വത്തെ ബന്ധിച്ചു ബ്രിട്ടീഷുകാർ. കാലത്തെ ബന്ധിച്ചിടുന്ന മറ്റു വസ്തുക്കളേവ? കലാസൃഷ്ടികൾ എന്നാണു് ഉത്തരം. തിരുവനന്തപുരത്തെ മ്യൂസിയത്തിലേക്കു ചെല്ലു. ഓരോ കലാസൃഷ്ടിയിലും കാലം ഉടക്കിക്കിടക്കുന്നു. ആർട്ട് ഗ്യാലറിയിൽ പോയാൽ റോറിക്കി ന്റെ ചിത്രങ്ങൾ കാണാം. ഹിമാലയപർവ്വതത്തിന്റെ ദൃശ്യങ്ങൾ, തടാകത്തിന്റെ തീരത്തു നില്ക്കുന്ന പ്രവാചകൻ, അത്യജ്ജ്വലങ്ങളും അതിസുന്ദരങ്ങളുമാണു് ആ ചിത്രങ്ങൾ. ഓരോന്നിലും കാലത്തെ ബന്ധിച്ചിരിക്കുകയാണു് റോറിക്ക്. ബന്ധിക്കപ്പെട്ട കാലം അവയിൽ സ്പന്ദിക്കുന്നു. അവ കാണുന്നവർ ആധ്യാത്മിക മണ്ഡലത്തിൽ പ്രവേശിക്കുന്നു. കൂടുതൽ സംസ്കാരമാർജ്ജിക്കുന്നു. ഇത്രയും വൈശിഷ്ട്യമുള്ള ആ ചിത്രങ്ങളെ വേണ്ടപോലെ അധികാരികൾ മാനിക്കുന്നില്ല എന്നു ഞാൻ കേൾക്കുന്നു. എത്രകണ്ടു സത്യമാണതു് എന്ന കാര്യം എനിക്കറിഞ്ഞുകൂടാ. മറ്റു കാര്യങ്ങൾ ആലോചിച്ചാൽ സത്യമാവാനാണു് സാദ്ധ്യത. ഈ കലാസൃഷ്ടികൾ വച്ചിരുന്ന ഭവനം, കാലം വർണ്ണങ്ങളിൽ ചെന്നു വീണു സ്പന്ദിച്ചിരുന്ന ഭവനം ഇന്നു് ആളുകളെ കിടുകിടെ വിറപ്പിക്കുന്ന പോലീസ് സ്റ്റേഷനാണു്. അതു സംഭവിച്ച സ്ഥിതിക്കു നേരത്തെ പറഞ്ഞതും സംഭവിക്കാം. എനിക്കു് ഇതിലൊന്നും അദ്ഭുതമില്ല. കെ. സി. എസ്. പണിക്കരു ടെ ‘ശ്വാനൻ’ എന്ന മഹനീയമായ കലാസൃഷ്ടി നശിപ്പിച്ചവരാണു് നമ്മൾ. നമ്മളിലുള്ള മൃഗീയതയെ നശിപ്പിക്കാൻ കലാസൃഷ്ടികൾ സഹായമരുളുന്നു. ആ കലാസൃഷ്ടികളെ നശിപ്പിച്ചു് നമ്മൾ കൂടുതൽ കൂടുതൽ മൃഗീയത ആവഹിക്കുന്നു.

ആത്മാവിന്റെ രോഗം
images/NRoerich.jpg
റോറിക്

ഞാൻ ജോലി ചെയ്തിരുന്ന ഒരു കോളേജ്. അവിടെ കൂടെക്കൂടെ സമ്മേളനങ്ങളുണ്ടാവും. സമ്മേളനം തുടങ്ങി ഒരഞ്ചു മിനിറ്റ് കഴിഞ്ഞേ ഒരു അധ്യാപിക വരികയുള്ളു. സുന്ദരിയാണവൾ. ശരീരമാകെ കുലുക്കി നെഞ്ചും പിറകു വശവും തള്ളി അവർ കയറി വരുമ്പോൾ ആൺകുട്ടികൾക്കും അധ്യാപകന്മാർക്കും ഹർഷോന്മാദം. പെൺകുട്ടികൾക്കും മറ്റു് അധ്യാപികമാർക്കും അസൂയ. “എന്റെ സൗന്ദര്യം കണ്ടോ? ആസ്വദിക്കൂ” എന്നാണു് അവർ വൈകിയ ആഗമനത്തിലൂടെ പരോക്ഷമായി വിളംബരം ചെയ്തതു്. ഇതു് വാനിറ്റിയാണോ (പൊള്ളയായ പകിട്ടു്)? വാനിറ്റിയായി നമുക്കതിനെ കാണാം. പക്ഷേ, വാനിറ്റി എന്നതിനെക്കാൾ അതു് ആത്മാവിന്റെ രോഗമാണു്. ഈ രോഗം മാറണമെങ്കിൽ അവരെക്കാൾ സുന്ദരിയായ അധ്യാപിക അവിടെ ജോലിക്കു വരണം. പുതുതായി എത്തിയവൾ മാറും ചന്തിയും തള്ളി സമ്മേളനത്തിനു് വൈകി എത്തുമ്പോൾ ആദ്യത്തെ രോഗിണിയുടെ രോഗം മാറും.

ഇതുപോലെയുള്ള ആത്മാവിന്റെ രോഗങ്ങൾ വേറെ പലതുണ്ടു്. ഒന്നു് പ്രാദേശിക മനോഭാവം. കുമാരനാശാന്റെ അടുത്തുവരുമോ വള്ളത്തോൾ? എന്നു് തെക്കന്റെ ചോദ്യം. വള്ളത്തോളിന്റെ അടുത്തെത്തുമോ കുമാരനാശാൻ? എന്നു വടക്കന്റെ ചോദ്യം. എന്നാൽ നിഷ്പക്ഷ ചിന്താഗതിയുള്ള തെക്കൻ, എഴുത്തച്ഛനാണു് കണ്ണശ്ശപ്പണിക്കരെ ക്കാൾ വലിയ കവിയെന്നു സമ്മതിക്കും. ആ തെക്കൻ തന്നെ ഇരയിമ്മൻ തമ്പി യെക്കാൾ ശ്രേഷ്ഠനായ കവിയാണു് ഉണ്ണായി വാരിയരെ ന്നു പ്രഖ്യാപിക്കും. പക്ഷേ, ഈ നിഷ്പക്ഷ ചിന്താഗതി ഉന്നതരായ പല സാഹിത്യകാരന്മാർക്കുമില്ല. അവരിൽ ചിലർ പത്രാധിപന്മാരാകും. പിന്നെ വാരികകൾ നോക്കേണ്ടതില്ല. വടക്കൻ വടക്കരുടെ രചനകളെ വാരികയിൽ പ്രസിദ്ധീകരിക്കൂ. തെക്കൻ തെക്കരുടെ രചനകളേ കൊടുക്കൂ. ഇതു് ആത്മാവിന്റെ രോഗമാണു്. ഈ രോഗമില്ലാത്ത മാന്യരായ വ്യക്തികളുണ്ടു്. അവരിൽ ഒരാളാണു് എം. ടി. വാസുദേവൻ നായർ. അദ്ദേഹം പത്രാധിപരായപ്പോൾ രചിതാക്കളുടെ ജന്മസ്ഥലമല്ല അന്വേഷിച്ചതു്. രചനകളുടെ സൗന്ദര്യം മാത്രമാണു്.

ഈ രോഗത്തെ കലാപരമായി പരിഹസിക്കുന്ന ചെറുകഥയുണ്ടു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ. പി. ശങ്കരനാരായണൻ എഴുതിയ ‘നിളേ കരയുന്നോ ചിരിക്കുന്നോ’ എന്നതു്. ചെറുതുരുത്തിപ്പാലം കടന്നു വടക്കോട്ടുള്ള ഒരു ബന്ധവും പെൺകുട്ടിക്കു വേണ്ട. അത്രയ്ക്കുണ്ടു് അവളുടെ തെക്കൻ പ്രൊവിൻഷ്യലിറ്റി, എങ്കിലും അച്ഛന്റെ നിർബ്ബന്ധത്താൽ അവൾ മനസ്സുമാറ്റി. വിവാഹം കഴിഞ്ഞു. വരനും വധുവും കാറിൽ പറക്കുകയാണു്. ‘പുഴയെ മുറിച്ചു കടക്കുന്ന പാലത്തിൽ വാഹനം കയറി’ അവൾ ‘ലജ്ജാവതിയായി’ സ്നേഹം പ്രാദേശിക മനോഭാവത്തെ നിർമ്മാർജ്ജനം ചെയ്യുന്നു. അതിന്റെ അധീശത്വത്തെ ഉദ്ഘോഷിക്കുന്നു. പ്രാദേശികമനോഭാവം അവാസ്തവികമാണെന്നു് വായനക്കാരായ നമ്മളും ഗ്രഹിക്കുന്നു. പരിഹാസത്തിന്റെ രൂപത്തിലുള്ള ചേതോഹരമായ കഥ. ആത്മാവിന്റെ രോഗമുള്ളവർ ഇതു വായിക്കണം.

സംഭാഷണം

സാഹിത്യക്ഷേത്രത്തിന്റെ അടഞ്ഞ വാതിലിൽ തട്ടു കേൾക്കുന്നു. നോക്, നോക്.

പൂജാരിയുടെ ചോദ്യം:
ആരതു?
ഉത്തരം:
ഞാൻ തന്നെ. എടത്വാ പരമേശ്വരൻ.
ചോദ്യം:
എന്തുവേണം നിങ്ങൾക്കു്?
ഉത്തരം:
കുങ്കുമം വാരികയിൽ ‘വേഴാമ്പൽ’ എന്ന കഥ ഞാൻ എഴുതിയിട്ടുണ്ടു്. എനിക്കും ക്ഷേത്രത്തിനകത്തു കടക്കണം.
പൂജാരി:
ആ സാഹിത്യം ഞാൻ കണ്ടിരിക്കുന്നു. നിങ്ങൾക്കു് ഒരു കാലത്തും ഇവിടെ പ്രവേശനമില്ല. ഭർത്താവിനും ഭാര്യയ്ക്കും ജോലി രണ്ടു സ്ഥലങ്ങളിൽ. അവരുടെ രണ്ടു ആൺ മക്കൾ വേറൊരിടത്തു്. കുഞ്ഞുങ്ങളെക്കുറിച്ചു ദുസ്സ്വപ്നമുണ്ടാകുന്നു അമ്മയ്ക്കു്. ഇതല്ലേ നിങ്ങളുടെ കഥ. ആശാരി മരക്കഷണങ്ങൾ ചേർത്തു വയ്ക്കുന്നതു പോലെ പദങ്ങൾ യോജിപ്പിക്കുകയല്ലാതെ നിങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ അക്കഥയിൽ. നിങ്ങൾക്കു ജീവിത വീക്ഷണമുണ്ടോ? കഥ പറയാനുള്ള പാടവമുണ്ടോ? ആകർഷകത്വമുള്ള ഒരു രംഗം ചിത്രീകരിക്കാനറിയുമോ? ഏതു കോടാലികൊണ്ടു വെട്ടിയാലും വെട്ടേല്ക്കാത്ത ഒരു വിറകു മുട്ടിയല്ലേ നിങ്ങളുടെ കഥ. അതുംകൊണ്ടു് ഈ പാവന ദേവാലയത്തിൽ കടക്കാനാണോ ഭാവം?
കഥാകാരൻ:
എങ്കിലും!
പൂജാരി:
ഒരെങ്കിലുമില്ല. സത്യം ഒന്നേയുള്ളു. അതാണു് ജീവിതം. ടെക്നിക് ഒന്നേയുള്ളു. അതാണു് ആവിഷ്കരണമാർഗ്ഗം. രണ്ടിലും നിങ്ങൾ അവിദഗ്ദധനാണു്.
സേതു

ഒരു കാലത്തു്. അന്നു മുക്കുന്നിമല കണ്ടപ്പോൾ ഞാനതിൽ വലിഞ്ഞു കയറി. ഉള്ളം കാലു പൊട്ടി. വീണു മുട്ടു മുറിഞ്ഞു. അഗ്രത്തിലെത്താൻ നന്നേ പാടുപെട്ടു. അന്നു വേമ്പനാട്ടു കായലിന്റെ തീരത്തു നില്ക്കുകയായിരുന്നു. യന്ത്രബോട്ടുകൾ നുര ചിതറിച്ചു കൊണ്ടു നീങ്ങുന്നു. എന്റെ അടുത്തു് ഒരു കൊതുമ്പു വളളം മാത്രം. ഞാനതിൽ കയറിയിരുന്നു തുഴഞ്ഞു. അക്കരെ ചെല്ലണം. അരുക്കുറ്റിയിലെ തേവർ വീട്ടിൽ ഭാസ്കരപ്പണിക്കർ വിളിച്ചു പറഞ്ഞു: “ചങ്ങാതി ആപത്താണു്” എങ്കിലും ഞാൻ തുഴഞ്ഞു. അന്നു് സയൻസ് കോളേജിന്റെ മുൻപിലുള്ള മാവിന്റെ ചുവട്ടിൽ ഉത്കണ്ഠയോടെ നിന്നു. ആദ്യത്തെ പീരിയെഡ് കഴിഞ്ഞു് കോളേജ് ബ്യൂട്ടി അതിലേവരും. അവളെ കാണണം. വന്നു. സുന്ദരനായ ഒരു ആൺകുട്ടിയുമായി സംസാരിച്ചുകൊണ്ടു അവൾ പോയി. അന്നു്—നട്ടുച്ചനേരം. വല്ലാത്ത ദാഹം. പൂജപ്പുര സെൻട്രൽ ജയിലിനടുത്തുള്ള കയറ്റം കയറുകയായിരുന്നു ഞാൻ. അകലെ വാട്ടർ ടാപ്പ്. അതു തിരിച്ചാൽ ശുദ്ധജലം ശക്തിയോടെ ഒഴുകും. ഞാൻ ദാഹം ശമിപ്പിക്കാൻ ഓടി.

images/GeorgesGurdjieff.jpg
ജോർജ്ജ് ഈവാനോവിച്ച് ഗർദ്യേവ്

ഇന്നു മുക്കുന്നിമല കണ്ടാൽ ഞാൻ അതിനെ നോക്കുക പോലുമില്ല. ഇന്നു വേമ്പനാട്ടു കായലിന്റെ തീരത്തു ചെല്ലുകില്ല. ചെന്നാൽ, കൊതുമ്പു വളളം കണ്ടാൽ, ജുഗുപ്സയോടെ തിരിച്ചു പോരും. ഇന്നു് ഏതു സൗന്ദര്യധാമത്തെ കണ്ടാലും ഞാൻ നോക്കുക പോലുമില്ല. ഇന്നു ദാഹിച്ചാൽ ‘പൈപ്പി’നടുത്തേക്കു പോകില്ല. ദാഹം സഹിച്ചു കൊണ്ടു നടക്കുകയേയുള്ളു. അന്നു് ഏതു പ്രവർത്തനത്തിനും ലക്ഷ്യമുണ്ടായിരുന്നു. ഇന്നു് ഒരു പ്രവർത്തനത്തിനും ലക്ഷ്യമില്ല. വാച്ചിന്റെ സൂചി കറങ്ങുന്നു. മിനിറ്റ് ഹാൻഡ് എപ്പോൾ നില്ക്കുമെന്നു ഞാൻ നോക്കുന്നതേയുള്ളു. എന്റെ ഈ ചിന്താഗതിയെ മറ്റൊരു രീതിയിൽ പ്രതിഫലിപ്പിക്കുന്ന ചെറുകഥയാണു് സേതു വിന്റെ “ഇതുപോലെ ഒരിടം”. ഒരു സഞ്ചാരി ഒരു സ്ഥലത്തു് വരുന്നു. അയാളെ സഹായിക്കാൻ വേറൊരുത്തൻ കൂട്ടുകൂടുന്നു. സഞ്ചാരി ലക്ഷ്യമില്ലാതെ അവിടം മുഴുവൻ കറങ്ങി. “പിച്ചും പ്രാന്തു”മെന്നപോലെ ജീവിതത്തിന്റെ വ്യർത്ഥതയെക്കുറിച്ചു പുലമ്പി. നാലരയുടെ ബസ്സ് കാത്തിരുന്നു. ബസ്സ് വന്നപ്പോൾ സഞ്ചാരിക്കു ചിരിക്കാനാണു തോന്നിയതു്. സേതുവിന്റെ കഥ നിങ്ങളിൽ ആഘാതമേല്പിക്കും. അതു് പനിനീർപ്പൂ പോലെ നിങ്ങളെ സ്പർശിക്കും. നിങ്ങൾ ചിരിക്കും, കരയും, ഇതിൽക്കൂടുതലായി ഒരു കഥയ്ക്കു് എന്താണു ചെയ്യാനുള്ളതു?

ചെവിയും കണ്ണും

വിപുലമായ വായനയും സൂച്യഗ്ര സദൃശ്യമായ ചിന്തയും പ്രൊഫസർ എം. എൻ. വിജയന്റെ സവിശേഷതകളാണു്. അതിനാൽ അദ്ദേഹത്തിന്റെ രചനകൾ ചിന്തോദ്ദീപകങ്ങളായിരിക്കും. പക്ഷെ പലപ്പോഴും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ലേഖനങ്ങളായി പ്രസിദ്ധപ്പെടുത്തുമ്പോൾ എനിക്കും എന്നെപ്പോലെയുള്ളവർക്കും നൈരാശ്യമാണു് അനുഭവം. കാരണമുണ്ടു്. “ചെവിക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വാക്കുകൾ കണ്ണിനുള്ളതല്ല” എന്നതു തന്നെയാണു് ഹേതു. പ്രഭാഷണങ്ങൾ അച്ചടിച്ചുവരുമ്പോൾ അവയ്ക്കു സീക്വെൻസ്—പിൻതുടർച്ചക്രമം—കാണുകില്ല. ആശയങ്ങൾക്കു സംശ്ലിഷ്ടത ഉണ്ടായിരിക്കില്ല.

ദേശാഭിമാനി വാരികയിലെ “സൗന്ദര്യ ശാസ്ത്രവും സമൂഹവും” എന്ന രചന പ്രഭാഷണമായിരിക്കാനിടയില്ല. വിദ്വജ്ജനോചിതമായ ആ ലേഖനത്തിൽ വിജയൻ ഇങ്ങനെ എഴുതുന്നു: “ആശയങ്ങളുടെ അളവിനു കുപ്പായം തുന്നിക്കൊടുക്കലാണോ കല എന്നു കുട്ടിക്കൃഷ്ണമാരാർ പണ്ടൊരിക്കൽ ചോദിക്കുകയുണ്ടായി. അങ്ങനെയാണോ എന്നു് ചോദിച്ചാൽ അങ്ങനെയാണു് എന്നു തന്നെയാണു് ഉത്തരം. ഡാവിഞ്ചി യായാലും തുഞ്ചത്തെഴുത്തച്ഛ നായാലും ഇതങ്ങനെയാണു്” (ലക്കം 34, പുറം 8, കോളം 2). ഈ അഭിപ്രായം അത്ര കണ്ടു ശരിയോ എന്നു സംശയം.

മാർക്സിസ്റ്റും വിശ്വവിഖ്യാതനായ കലാനിരൂപകനുമായ ആർനൊൾറ്റ് ഹൗസർ (Arnold Hauser) പറയുന്നതു കേട്ടാലും:—“Artistic creation is not the fight for the display of “ideas” but a struggle against the concealment of things by ideas, essences and universals”— കലാപരമായ സർഗ്ഗപ്രക്രിയ ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള സമരമല്ല. ആശയങ്ങൾ, അന്തഃസത്തകൾ, മാറ്റം വരാത്ത ആധ്യാത്മിക സത്തകൾ ഇവകൊണ്ടു് വസ്തുക്കളെ ആച്ഛാദനം ചെയ്യുന്നതിനു് എതിരായുള്ള സമരമാണു്”.

(The Sociology of Art, p. 9, Translated by Kenneth J. Northcott, Routledge & Kegan Paul, London GBP 25.)

ചത്ത പൂതന

കാൽപ്പെരുമാറ്റത്തിന്റെ നേരിയ ശബ്ദം, പിന്നീടു് ഒരു വളക്കിലുക്കം. അതിനു ശേഷം താമരപ്പൂവിന്റെ സൗഭാഗ്യം. അതിലെ പുഞ്ചിരി നെറ്റിയിൽ നേരിയ കരതലസ്പർശം നിങ്ങൾ ഉണരുന്നു. കല ഇങ്ങനെയാണു് ആഗമിക്കുന്നതു്. ബിന്ദു തുറവൂരിന്റെ കല കലാദേവതയല്ല. അവൾ പൂതനയാണു്. പൂതനയ്ക്കും ഔചിത്യമുണ്ടായിരുന്നു. ബുദ്ധിയുണ്ടായിരുന്നു. അവൾ ഗ്രാമത്തിലെത്തിയതു നല്ല വസ്ത്രം ധരിച്ചു് മല്ലികപ്പൂവു് ചൂടിയാണു്. മുകളിൽ പീനസ്തനങ്ങളും താഴെ ബൃഹണിതംബവും മർദ്ദം ചെലുത്തുകയാൽ അവളുടെ മദ്ധ്യപ്രദേശം കൃശമായിരുന്നു. ഇളകുന്ന കർണ്ണഭൂഷണങ്ങൾ. അവയുടെ ശോഭ തട്ടി തിളക്കമാർന്ന കൂന്തളച്ചുരുളുകൾ. ഇങ്ങനെയെത്തിയ അവളെ ലക്ഷ്മിയായി ആളുകൾ കരുതി. പിന്നീടു് ശ്രീകൃഷ്ണൻ വിഷത്തോടൊപ്പം പ്രാണനും വലിച്ചെടുത്തപ്പോഴാണു് അവൾ മുടി ചിതറി, വായ് തുറന്നു്, കൈകാലുകൾ വിടർത്തി മലർന്നു വീണതു്. വീണപ്പോൾ പന്ത്രണ്ടു നാഴിക വിസ്തൃതിയിലുള്ള വൻമരങ്ങളെ അവൾ തകർത്തു കളഞ്ഞു. പർവ്വത ഗഹ്വരങ്ങൾ പോലിരുന്നു അവളുടെ നാസാരന്ധ്രങ്ങൾ, സ്തനങ്ങൾ പാറക്കെട്ടുകൾ പോലെയും, കണ്ണുകൾ അന്ധകൂപങ്ങൾക്കു സദൃശങ്ങൾ. പൂതനയുടെ ഈ ഘോരരൂപമാണു് ബിന്ദു തുറവൂരിന്റെ “പദവിക്കു വേണ്ടി” എന്ന ചെറുകഥയ്ക്കുള്ളതു്. കഥയുടെ വിഷയമൊന്നും സ്പഷ്ടമാക്കേണ്ടതില്ല. ചത്തപൂതനയെ കാണണമെന്നുള്ളവർക്കു ഈ കഥയെ നോക്കാം.

മൃതദേഹം
images/AnnaKareninacover.jpg

ടോൾസ്റ്റോയി യുടെ ‘അന്നാകരേനിനഫ്ലോബറി ന്റെ ‘മദാം ബോവറി’ ഈ നോവലുകളിലെ സംഭവങ്ങൾക്കു വേണമെങ്കിൽ സാദൃശ്യം പറയാം രണ്ടു നോവലുകളിലെയും നായികമാർ വ്യഭിചരിക്കുന്നതായിട്ടാണല്ലോ പ്രസ്താവം. പക്ഷേ, രണ്ടിന്റേയും രൂപങ്ങൾ വിഭിന്നങ്ങൾ. സർഗ്ഗാത്മകമായ മനസ്സു് സംഭവങ്ങളിൽ പ്രവർത്തിക്കുമ്പോൾ രൂപമുണ്ടാകുന്നു. ഈ രൂപമില്ലെങ്കിൽ സംഭവ വിവരണം കലയാവുകയില്ല. എബ്രഹാം മാത്യു ചന്ദ്രിക വാരികയിലെഴുതിയ ‘യെലേനയുടെ അമ്മ’ എന്ന കഥയിലെ സംഭവങ്ങൾ മുൻപു് പലരും കൈകാര്യം ചെയ്തവയാണു്. എന്നാൽ കഥാകാരന്റെ മനസ്സു് സർഗ്ഗാത്മകമല്ല. അതുകൊണ്ടു് കഥയ്ക്കു രൂപമില്ല. രൂപമില്ലാത്തതു കൊണ്ടു് അതു കലാസൃഷ്ടിയല്ല. കഥ പറയുന്ന ഒരന്ധനെ തീവണ്ടിയിൽ കാണുന്നു. ആ കാഴ്ച മോട്ടോർ കാറപകടത്തിൽപ്പെട്ടു മുഖം ചതഞ്ഞ ഒരു സ്ത്രീയുടെ ഓർമ്മയുളവാക്കുന്നു അയാൾക്കു്. അവരുടെ മകൾ യെലേനയേയും അയാൾ ഓർമ്മിക്കുന്നു. “ഞാനാണു് കുമാരനാശാന്റെ മൃതദേഹം പല്ലനയാറ്റിൽ നിന്നു് ഉയർത്തിയെടുത്തതു്” എന്നു ഒരു വൃദ്ധൻ എന്നോടു ഈയിടെ പറഞ്ഞു. എനിക്കു് അദ്ദേഹത്തോടു ബഹുമാനം തോന്നി. മഹാകവിയുടെ മൃതദേഹമെങ്കിലും അദ്ദേഹത്തിനു തൊടാൻ സാധിച്ചല്ലോ. കഥയുടെ മൃതദേഹം സാഹിത്യത്തിന്റെ ജലാശയത്തിൽ നിന്നു പൊക്കിയെടുത്തു് അഭിമാനത്തോടെ നില്ക്കുന്ന എബ്രഹാം മാത്യുവിനോടു് ബഹുമാനം തോന്നുകയേയില്ല.

സാന്മാർഗ്ഗികത്വം രണ്ടറ്റമുള്ള വടിയാണു്. അതു് അങ്ങോട്ടുമിങ്ങോട്ടും തിരിക്കാം.

ബുൾ ഷിറ്റ്

കടപ്പുറത്തു വള്ളങ്ങൾ കയറ്റി വച്ചിരിക്കുന്നതു നമ്മൾ കണ്ടിട്ടുണ്ടു്. വെറുതെ ഇരിക്കുകയാണോ അവ? അതേയെന്നു ഉത്തരം നല്കിയേക്കും. സൂക്ഷിച്ചു നോക്കൂ. സമുദ്രസഞ്ചാരം നിർവഹിക്കാനുള്ള പ്രവണത ആ വള്ളങ്ങൾക്കുണ്ടെന്നു നമുക്കു മനസ്സിലാക്കാം.

images/MadameBovary.jpg

ഒരറ്റത്തു നിന്നു തുടങ്ങുന്ന വളഞ്ഞ രേഖ വള്ളത്തിന്റെ അടിത്തട്ടിലെത്തുമ്പോൾ ഋജുത ആവഹിക്കുന്നു. ആ ഋജുത്വം പിന്നീടു് വക്രമായിഭവിക്കുന്നു. ആ വളവാണു് വള്ളത്തിന്റെ സമുദ്രയാത്രയ്ക്കുള്ള അഭിലാഷത്തെ കാണിക്കുന്നതു്. വള്ളം അചേതന വസ്തു. ജീവനുള്ളവയിലേക്കു വന്നാലോ? പി. ടി. ഉഷ യ്ക്കു സ്വീകരണം നല്കുമ്പോൾ അവർ വാനിൽ നിന്നു് ജനങ്ങളെ ചിരിയോടെ അഭിവാദനം ചെയ്യുന്നു. അപ്പോൾ അനങ്ങുന്നില്ല ശ്രീമതി. സൂക്ഷിച്ചു നോക്കു. ഓട്ടം തുടങ്ങാനുള്ള അടയാളത്തിനു വേണ്ടി ഏകാഗ്രതയോടെ ട്രാക്കിന്റെ തുടക്കത്തിൽ അവർ നില്ക്കുന്നു എന്ന പ്രതീതിയാണെനിക്കു്. കാമുകനുമായി വളരെ നേരം ലൈബ്രറിയിലെ സ്ക്കൂട്ടർ ഷെഡ്ഡിൽ നിന്നു സല്ലപിച്ചശേഷം വീട്ടിലേക്കു മടങ്ങുമ്പോഴും കാമുകിയുടെ പുഞ്ചിരിയും ശരീര ലാഘവവും ചെറിയ കുഴഞ്ഞാട്ടവും ശ്രദ്ധാർഹങ്ങളാണു്. കാമുകൻ അപ്പോൾ കൂടെയില്ല. എങ്കിലും വള്ളത്തിന്റെ സമുദ്ര സഞ്ചാര പ്രവണത പോലെ അവൾക്കു് ശൃംഗാരനാട്യ പ്രവണത. ബസ്സ് കണ്ടക്ടർ ‘മഫ്റ്റി’യായി റോഡിൽ നടക്കുമ്പോഴും ജനക്കൂട്ടത്തെ നോക്കി ‘നീങ്ങി നില്ക്കണം’ എന്നു പറയാനുള്ള പ്രവണത അദ്ദേഹത്തിനു്. വാരികകൾ വില്ക്കുന്ന കടയുടെ മുൻപിൽ അവ നോക്കി നില്ക്കുന്ന സാഹിത്യവാരഫലക്കാരനു് ഓരോ വാരികയേയും തന്റെ ജ്യോത്സ്യത്തിനു വിധേയമാക്കാനുള്ള പ്രവണത. ചില കഥകൾ ചില വാരികകളിൽ അച്ചടിച്ചു വരുമ്പോൾ അവയ്ക്കു് (കഥകൾക്കു്) പൈങ്കിളിയാകാനുള്ള പ്രവണത. വള്ളംകുളം പി. ജി. പിള്ള പറഞ്ഞതു പോലെ ‘മനോരാജ്യം’ ‘മ’യുമല്ല ‘മാ’യുമല്ല. രണ്ടാമത്തെ ‘മാ’ മാതൃഭൂമിയുടെ ആദ്യത്തെ അക്ഷരം. അതുകൊണ്ടു് ഒരു സംശയവും കൂടാതെയാണു് ഞാൻ മനോരാജ്യത്തിൽ കുമാരി ചന്ദ്രൻ “ആരോമലേ നിന്നെയും കാത്തു്” എന്ന നീണ്ടകഥ വായിച്ചു തുടങ്ങിയതു്. “പച്ചപ്പട്ടുടയാടയണിഞ്ഞു് വിലസുന്ന കുന്നിൻ ചെരുവുകളിൽ നടക്കുവാനെന്തു സുഖം… ” എന്ന ആദ്യത്തെ വാക്യം വായിച്ചപ്പോൾത്തന്നെ കഥയുടെ പൈങ്കിളി പ്രവണത ബോധപ്പെട്ടു. തുടർന്നു വായിച്ചു. ക്ലേശിച്ചു മുഴുവനും വായിച്ചു. പൈങ്കിളിയെന്നല്ല ‘പൈങ്കിളി ഷിറ്റ്’ (ഷിറ്റ് = കാഷ്ടം) എന്നാണു് ഇതിനെ വിളിക്കേണ്ടതെന്നു തോന്നി. ആനി കോളേജിൽ പഠിച്ചിരുന്നപ്പോൾ സണ്ണി എന്നൊരു വിദ്യാർത്ഥി അവളെ പരസ്യമായി കെട്ടിപ്പിടിച്ചു് ഉമ്മ വച്ചു. അതോടെ അവളുടെ മാനം കെട്ടു. കന്യാമഠത്തിലായി ആനി. വർഷങ്ങൾ കഴിഞ്ഞു് സണ്ണി തന്റെ സഹോദരന്റെ രണ്ടു കുഞ്ഞുങ്ങളെ അവിടെക്കൊണ്ടു വന്നു. അവരെ നോക്കേണ്ട ചുമതല ആനിയുടേതു്. അവൾ സണ്ണിയെ കാണാതെ മാറി നിന്നെങ്കിലും ഒരിക്കൽ പരസ്പരം കണ്ടു പോയി. പണ്ടു ചെയ്ത തെറ്റിനു സണ്ണി മാപ്പു ചോദിച്ചു. ആനി മാപ്പു കൊടുക്കില്ല. കാറോടിച്ചു പോയ സണ്ണിക്കു് അപകടം പറ്റി. അയാൾ അവിവാഹിതനായി കഴിയുന്നതു തന്നെ ആനിയോടുള്ള സ്നേഹത്താലാണു്.

ദുഃഖാധിക്യത്താൽ സമനില തെറ്റിയതു കൊണ്ടാണു് കാറപകടം ഉണ്ടായതു്. ആശുപത്രിയിൽ മരണത്തിന്റെ വക്കിൽ കിടക്കുന്ന സണ്ണിയെ കാണാൻ മഠത്തിലെ മദറും സിസ്റ്റേഴ്സും ഉപദേശിച്ചതനുസരിച്ച് ആനി എത്തി. അവൾക്കു സണ്ണിയെ വേദനിപ്പിച്ചതിൽ ദുഃഖമുണ്ടു്. രണ്ടുപേരും തമ്മിൽ കണ്ടു. ആനി ‘മുല്ലവള്ളി കണക്കെ’ സണ്ണിയുടെ മാറിൽ ചാഞ്ഞു. അയാൾക്കു സ്വർഗ്ഗീയാനുഭൂതി. ഞാൻ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തു് ‘നവീനസാരംഗധരൻ’ എന്നൊരു സിനിമ കണ്ടു. കഥാപാത്രങ്ങളുടെ പേരുകൾ മറന്നു പോയതുകൊണ്ടു് അഭിനേതാക്കളുടെ പേരുകൾ തന്നെ പറയാം. എം. കെ. ത്യാഗരാജ ഭാഗവതർ എസ്. ഡി. സുബ്ബുലക്ഷ്മി യെ പ്രേമിക്കുന്നു. രാജാവു് പ്രേമത്തിനു് എതിരായി നില്ക്കുന്നു. അയാൾ ത്യാഗരാജ ഭാഗവതരുടെ കൈകൾ മുറിപ്പിക്കുന്നു. മുറിഞ്ഞുവീണ കൈകൾ ചലനം കൊള്ളുന്നു. രാജാവിന്റെ മൂക്കിൽ കയറിപ്പിടിക്കുന്നു. രാജാവിനെയും കൊണ്ടു പൊങ്ങുന്നു. സിനിമാ ശാലയ്ക്കകത്തു കൈയടി. പക്ഷെ എനിക്കു കൂവാനാണു തോന്നിയതു്. “നവീന സാരംഗധര”ന്റെ പര്യാവസാനം കുമാരി ചന്ദ്രന്റെ ഈ കഥയുടെ പര്യാവസാനത്തെക്കാൾ എത്രയോ മെച്ചം.

സങ്കീർണ്ണമായ ജീവിതത്തിലെ ഒരു സംഭവത്തെയും ആവിഷ്ക്കരിക്കാതെ പ്രേമത്തെ വെറും ചാപല്യമായി ചിത്രീകരിക്കുന്നതാണു് പൈങ്കിളിക്കഥ. ഇതു് സംസ്കാരമില്ലാത്ത ആളുകളെ മയക്കിയിടും. ഫലം ജാഡ്യവും. പതിവായി ഇത്തരം കഥകൾ വായിച്ചാൽ വിവേചനത്തിനുള്ള ശക്തി നശിക്കും. വായനക്കാർക്കു ചിന്താക്കുഴപ്പമുണ്ടാകും. മസ്തിഷ്ക്കം തളരും. കഞ്ചാവോ ഓപ്പിയമോ കഴിച്ചാലെന്നപോലെ മന്ദബുദ്ധികളായി നടക്കും. ഭാവനയില്ലാത്ത, കലാപരമായ ഗുണമില്ലാത്ത ഇത്തരം രചനകൾ ജനതയ്ക്കു ദ്രോഹമല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. സാധാരണമായ പൈങ്കിളിക്കഥകളെക്കാൾ അധമമാണു് കുമാരി ചന്ദ്രന്റെ ഈ പൈങ്കിളിക്കഥ. പാവന ജീവിതം നയിക്കുന്ന കന്യാമഠത്തിലെ മദറും സിസ്റ്റേഴ്സും നളചരിതത്തിലെ ഹംസത്തിന്റെ ജോലി ചെയ്യുന്നതായിട്ടാണു് ഇതിലെ സൂചന. അക്കാരണത്താലാണു് ഞാനിതിനെ പൈങ്കിളി ഷിറ്റ് എന്നു വിളിച്ചതു്. ഷിറ്റ് എന്ന പദം കിളിക്കു് അപമാനമാണെങ്കിൽ ബുൾഷിറ്റ് എന്നു ഇക്കഥയും വിളിച്ചു കൊള്ളു. കാള പരുക്കൻ മൃഗമാണല്ലോ.

കുറ്റിപ്പുഴ

കുറ്റിപ്പുഴ കൃഷ്ണപിള്ള യുടെ നീതിതല്പരത്വത്തെക്കുറിച്ചും പൊടുന്നനവേ അദ്ദേഹത്തിനുണ്ടാകുന്ന വികാര പാരവശ്യത്തെക്കുറിച്ചും ഞാൻ ഈ പംക്തിയിൽ എഴുതിയിരുന്നു. ഒരു സാഹിത്യകാരന്റെ വ്യർത്ഥരചനയെക്കുറിച്ചു് ഞാൻ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ ആ സാഹിത്യകാരന്റെ സുഹൃത്തായ രാമു കാര്യാട്ടു് എന്റെ ഷർട്ട് പിടിച്ചു വലിച്ചു. അതുകണ്ട കുറ്റിപ്പുഴ “സ്റ്റുപ്പിഡ് നിങ്ങൾ ഇവിടെ പ്രസംഗിക്കാൻ വന്നയാളല്ല. ഇറങ്ങിപ്പോകൂ” എന്നു് രാമുവിനോടു പറഞ്ഞു. ഗാന്ധിജി യെ നിന്ദിച്ച ഒരു യുക്തിവാദിയെക്കുറിച്ചു് കുട്ടികൃഷ്ണമാരാർ പ്രഭാഷണത്തിനിടയിൽ പറഞ്ഞപ്പോൾ അതു തന്നെക്കുറിച്ചാണെന്നു ഗ്രഹിച്ച കുറ്റിപ്പുഴ കൃഷ്ണപിള്ള ചാടിയെഴുന്നേറ്റു പ്രഭാഷണത്തിനു തടസ്സമുണ്ടാക്കി. ഈ സംഭവത്തിനു് ഞാൻ സാക്ഷിയാണു്. ഈ ന്യൂറോട്ടിക്ക് പ്രവണതയാണു് കരുവന്നൂർ രാമചന്ദ്രൻ വിശദീകരിക്കുന്ന മറ്റൊരു സംഭവത്തിലുമുള്ളതു്. കുടുംബാസൂത്രണത്തെ എതിർത്ത ഭാസ്കരൻ നായരെ ക്കുറിച്ചു് കുറ്റിപ്പുഴ എഴുതി: “പണ്ഡിറ്റ് നെഹ്റു ഈ മനുഷ്യനെ അടുത്തു കണ്ടെങ്കിൽ കൈവയ്ക്കുമായിരുന്നു”. (ജനയുഗം വാരിക പുറം 13) യഥാർത്ഥചിന്തകനിൽ നിന്നു വരാൻ പാടില്ലാത്ത വാക്കുകളാണു് കുറ്റിപ്പുഴയിൽ നിന്നു പലപ്പോഴും വന്നതു്. അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും അതുതന്നെ പറയണം.

images/WalterBenjamin1928.jpg
ബൻയമിൻ

കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നന്മ, പ്രാഗൽഭ്യം, ഇവയെ ഞാൻ നിഷേധിക്കുന്നില്ല. പക്ഷെ, അദ്ദേഹത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ആരാധകർക്കു് ‘ഓവർ സ്റ്റേയ്റ്റ്മെന്റാ’ണുള്ളതു്. നിലവിലിരുന്ന ചിന്താപദ്ധതികളെ വേണ്ടപോലെ ഗ്രഹിച്ചു് താനംഗീകരിച്ച ചിന്താപദ്ധതിയെ സ്പഷ്ടതയോടെ ആവിഷ്ക്കരിച്ചു എന്നതിൽക്കവിഞ്ഞു കുറ്റിപ്പുഴ കൃഷ്ണപിള്ളയ്ക്കു് ഒരു സ്ഥാനവുമില്ല. റസ്സൽ, ടോയിൻബി, ലൂക്കാച്ച്, ബൻയമിൻ, ക്ളോദ് ലെവി സ്റ്റ്രോസ്, മീഷൽ ഫുക്കോ ഇവരെ ചിന്തകരെന്നു വിളിക്കുന്ന നാവു കൊണ്ടു കുറ്റിപ്പുഴ കൃഷ്ണപിള്ളയെയും ചിന്തകനെന്നു വിളിക്കാൻ പ്രയാസമുണ്ടു്.

images/RabindranathTagore3.jpg
ടാഗോർ

വലിയ കുന്നിന്റെ അഗ്രഭാഗത്തു കയറി നിന്നു പടിഞ്ഞാറോട്ടു നോക്കുമ്പോൾ പത്തു നാഴിക അകലെയായി നീല രേഖപോലെ കാണപ്പെടുന്ന കടലിനാണു് ഭംഗിക്കൂടുതൽ, കടപ്പുറത്തു ചെന്നു നിന്നു നോക്കുമ്പോൾ കാണുന്ന കടലിനല്ല. വാതോരാതെ സംസാരിക്കുന്ന സുന്ദരിയെ നിങ്ങൾ ഇഷ്ടപ്പെട്ടേക്കും. അധികമൊന്നും സംസാരിക്കാതെ പുഞ്ചിരിയോടെ ഇരിക്കുന്ന തരുണിക്കാണു സൗന്ദര്യം കൂടുതൽ. അവളെ നിങ്ങൾ എന്തെന്നില്ലാത്ത വിധത്തിൽ സ്നേഹിക്കും. അവളുടെ മൗനം വിദൂരമായ കടലിന്റെ മൗനം പോലെയാണു്. വള്ളത്തോളിന്റെ കവിത കേരളീയന്റെ മടിയിൽ കയറിയിരുന്നു കൊഞ്ചുന്നു. ടാഗോറി ന്റെ കവിത ദൂരെ മൗനമായി ഇരിക്കുന്നു. പുഞ്ചിരി പൊഴിക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-03-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.