സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-08-09-ൽ പ്രസിദ്ധീകരിച്ചതു്)

മനോഹരമായ സന്ധ്യാസമയം. അന്നു കാർത്തികയാണു്. ദീപം കാണാനായി ഞാനും ഒരു കവിയും ഗ്രാമപ്രദേശത്തേക്കു നടന്നു. പല വീടുകളിലും ദീപങ്ങൾ കത്തിച്ചുകഴിഞ്ഞു. ഒരു വീട്ടിൽ മാത്രം ഒരു ബാലിക മൺചെരാതിലെ ദീപംകൊണ്ടു മറ്റു തിരികൾ കത്തിക്കുന്നതേയുള്ളു. കുളികഴിഞ്ഞു വന്നു ശുഭ്രവസ്ത്രങ്ങൾ ധരിച്ചു് നല്ല തുണി ചെറുതായിക്കീറി തിരിതിരിച്ചു ചെരാതിൽ വച്ചിരിക്കും. അവൾ പിന്നീടു് വെളിച്ചെണ്ണയൊഴിച്ചു തിരി നനച്ചിരിക്കും. ഇങ്ങനെ പല ചെരാതുകൾ. ഒരു ചെരാതിലെ തിരികത്തിച്ചു് മറ്റു തിരികൾ കത്തിച്ചു തുടങ്ങുന്നു. അപ്പോഴാണു് ഞങ്ങൾ അവളുടെ ഭവനത്തിന്റെ മുൻപിലുള്ള പാതയിലൂടെ നടന്നതു് ഞാൻ ആലോചിച്ചു. ഓരോ തിരിയിലും തെളിയുന്ന ദീപനാളത്തിന്റെ ഉദ്ഭവമെങ്ങനെ? തിരിയിലാണോ അഗ്നി ഒളിഞ്ഞിരിക്കുന്നതു്? അതോ അതിനു നനവുനല്കിയ എണ്ണയിലോ? രണ്ടിലുമായിരിക്കും. ഒരു ബാഹ്യദീപം നനഞ്ഞ തിരിയുടെ അടുത്തുവരുമ്പോൾ ആ തിരിയിലും എണ്ണയിലും മറഞ്ഞിരിക്കുന്ന അഗ്നി പിടഞ്ഞു് മുകളിലേക്കു വരുന്നു. അതു തിരിയുടെ അറ്റത്തു് നിവർന്നുനില്ക്കുന്നു. ചെറിയ കാറ്റടിച്ചാൽ സ്വയം നശിക്കാതിരിക്കാനായി അതു ചാഞ്ഞുകൊടുക്കുന്നു, ചരിഞ്ഞുകൊടുക്കുന്നു. കാണുന്നവർക്കൊക്കെ ആഹ്ലാദം നല്കിക്കൊണ്ടു് ആയിരക്കണക്കിനു ദീപനാളങ്ങൾ. കാർത്തികപോലെ ചേതോഹരമായ മറ്റൊരു ദിനം കേരളത്തിലില്ല. ഒന്നാലോചിച്ചു നോക്കൂ. കവിതയും ഇങ്ങനെയല്ലേ തിളങ്ങുന്നതു്. സഹൃദയന്റെ മനസ്സിൽ കലയുടെ സ്ഫുലിംഗം. കവി രചിച്ച കാവ്യം അടുത്തെത്തുമ്പോൾ അതു നാളമായി ഉയരുന്നു. മയൂഖമാലകൾ വീശുന്നു. കലയുടെ സ്ഫുലിംഗം അന്തർമണ്ഡലത്തിലില്ലെങ്കിൽ കാവ്യത്തിന്റെ സാമീപ്യം ഒരു തരത്തിലുള്ള ചലനവും ഉളവാക്കുന്നില്ല.

സ്വർണ്ണമോതിരം
images/ThomasMann1929.jpg
റ്റോമാസ് മാൻ

‘കലാകൗമുദി’യുടെ പുറംചട്ടയിൽ അരയന്നങ്ങളുടെ ചിത്രം. കറുത്ത രാജഹംസങ്ങളാണോ? അല്ല വെളുത്ത അരയന്നങ്ങൾ തന്നെ. റ്റോമാസ് മാൻ എഴുതിയ ‘കറുത്ത അരയന്നം’ എന്ന നോവൽ വായിച്ച ഓർമ്മ മാഞ്ഞിട്ടില്ലെനിക്കു്. അതിനാലാണു് ഹംസങ്ങളുടെ നിറത്തെപ്പറ്റി പറഞ്ഞതുപോയതു്. വായിക്കേണ്ട പുസ്തകമാണതു് സംശയമില്ല. പ്രഗല്ഭരായ നിരൂപകർ ഈ നോവലിനെ പരിഗണിച്ചിട്ടില്ല എന്ന വസ്തുത മറന്നല്ല ഞാനതിനെ വാഴ്ത്തുന്നതു്. ആർത്തവം നിന്ന ഒരു സ്ത്രീയുടെ കഥയാണിതു്. അവിവാഹിതയായ മകളോടുകൂടി, പതിനാലു വയസ്സു കഴിഞ്ഞ മകനോടുകൂടി അവർ കഴിയുന്നു. പ്രകൃതി ആർത്തവം അപഹരിച്ചതിൽ അവർക്കു ദുഃഖമുണ്ടു്. മകൾക്കു മാസം തോറും വയറുവേദന വരുന്നതിനാൽ അവൾ ഭാഗ്യവതിയാണെന്നാണു് അവരുടെ മതം. മകനെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഒരമേരിക്കൻ യുവാവിനെ ഏർപ്പാടു ചെയ്യുന്നതോടെ അവരുടെ ഭാവവും മട്ടും മാറുന്നു. അമ്പതു വയസ്സുള്ള അവർ ആ യുവാവിനെ പ്രേമിച്ചു തുടങ്ങി. അതിനു ശേഷം അവർ ഒരു ദിവസം ആഹ്ലാദത്തോടെ മകളെ അറിയിച്ചു തനിക്കു നഷ്ടപ്പെട്ടതു വീണ്ടുകിട്ടിയെന്നു്. മകൾക്കു് അതുകേട്ടു ദുഃഖം തോന്നിയെങ്കിലും അവളതു പ്രകടിപ്പിച്ചില്ല. അവരുടെ മകളും മകനും അദ്ധ്യാപകനും കൂടി ഒരു വിനോദയാത്ര പോയി. അവർ ചെന്ന സ്ഥലത്തെ കുളത്തിൽ കറുത്ത അരയന്നങ്ങളുണ്ടു്. അവർ പഴയ റൊട്ടിയെടുത്തു് അവയ്ക്കുനേരെ നീട്ടിയപ്പോൾ ഒരു കറുത്ത അരയന്നം അവരെ നോക്കി ചീറ്റി. തിരിച്ചു വീട്ടിലെത്തിയപ്പോൾ അവർക്കു രക്തസ്രാവം. എല്ലാ സ്ത്രീകൾക്കും മാസം തോറും സംഭവിക്കുന്നതേ തനിക്കും സംഭവിച്ചിട്ടുള്ളുവെന്നും രക്തത്തിന്റെ അളവു് കൂടിപ്പോയിയെന്നും അവർ പറഞ്ഞെങ്കിലും ഡോക്ടർ അവരെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചു. ഗർഭാശയം തൊട്ടു് ഓവറി വരെ കാൻസർ. അവയൊക്കെ ഡോക്ടർ മുറിച്ചുമാറ്റി. ആശുപത്രിയിൽ കിടക്കുമ്പോൾ അവർക്കു ന്യുമോണിയ വന്നു. മരിക്കുന്നതിനു മുൻപു് അല്പനേരം ബോധം തെളിഞ്ഞപ്പോൾ അവർ മകളോടു പറഞ്ഞു; “മോളേ അവൻ എന്റെ നേർക്കു ചീറ്റി”. മകൾ ചോദിച്ചു “ആരമ്മാ?” അവർ “കറുത്ത അരയന്നം”. ആ കറുത്ത അരയന്നം മരണത്തിന്റെ പ്രതീകമാണു്. അവർ അർബുദം ബാധിച്ച യൂറോപ്പിന്റെ പ്രതിരൂപവും.

images/MauricedeMaeterlinckcrop.jpg
മോറീസ് മതേർലങ്

കുത്സിത ചിന്തകളേ മാറൂ. ‘കലാകൗമുദി’യുടെ പുറംചട്ടയിൽ വെളുത്ത അരയന്നങ്ങളാണു്. അവ സംസ്കാരവിശേഷത്തിന്റെ സിംബലുകളത്രെ. അവയെ ഒന്നു കണ്ടുകൊണ്ടു വാരികയുടെ പുറങ്ങൾ മറിക്കു, മറിച്ചപ്പോൾ നമ്മൾ ചെന്നു നിന്നതു് ശ്രീധരൻ ചമ്പാടി ന്റെ “വേട്ടപ്പക്ഷികൾ” എന്ന ചെറുകഥയിലാണല്ലോ. വരട്ടെ കഥയിലേക്കു് കടക്കുന്നതിനു മുൻപു് ബൽജിയൻ നാടകകർത്താവു് മോറീസ് മതേർലങ്ങി ന്റെ “മോന്നാവാന്ന” എന്ന നാടകത്തിലേക്കു് എന്റെ ഓർമ്മയുടെ അവലംബത്തോടെ പോകേണ്ടിയിരിക്കുന്നു. പീസാനഗരത്ത ഫ്ളോറൻറ്റൈൻ സൈന്യം വളഞ്ഞിരിക്കുകയാണു്. പീസാനിവാസികൾ പട്ടിണികിടക്കാൻ തുടങ്ങിയിട്ടു് നാളുകളേറെയായി. ഫ്ളോറൻറ്റൈൻ സൈന്യത്തിന്റെ കമാൻഡറായ പ്രിൻസിവല്ലി ഒരുപാധിയിന്മേൽ ഉപരോധം അവസാനിപ്പിക്കും. പീസായിലെ കമാൻഡർ ഗ്വീദോയുടെ സുന്ദരിയായ ഭാര്യ ഒരു രാത്രി അയാളോടൊത്തു ശയിക്കണം. ഗ്വീദോയുടെ തടസ്സം വകവയ്ക്കാതെ ജനതയെ പട്ടിണിയിൽനിന്നു രക്ഷിക്കാനായി അവൾ പ്രിൻസിവല്ലിയുടെ കൂടാരത്തിലെത്തി. പക്ഷേ, അയാൾ അവളെ സ്പർശിച്ചതുപോലുമില്ല. അവളുടെ ബാല്യകാല മിത്രമായിരുന്നു പ്രിൻസിവല്ലി. അവളെ കാണാൻ മാത്രമാണു് അയാൾ പീസായിലെത്തിയതും ഉപരോധം നടത്തിയതും. സഹോദരന്റെ വീട്ടിൽ നിന്നു സഹോദരി മടങ്ങി വരുമ്പോലെ അവൾ ഗ്വീദോയുടെ അടുക്കലെത്തി. പക്ഷേ, അയാൾക്കു വിശ്വാസം വന്നില്ല. അവളോടൊരുമിച്ചെത്തിയ പ്രിൻസിവല്ലിയെ അയാൾ വധിക്കാൻ ആജ്ഞാപിച്ചു. അപ്പോൾ പ്രിൻസിവല്ലിയെ രക്ഷിക്കാൻ വേണ്ടി അവൾ കള്ളം പറഞ്ഞു. തന്റെ ചാരിത്രം പ്രിൻസിവല്ലി അപഹരിച്ചുവെന്നും അതിനാൽ താൻ തന്നെ അയാളെ നിഗ്രഹിക്കുമെന്നും അവൾ ഗ്വീദോയെ അറിയിച്ചു. പ്രിൻസിവല്ലിയോടൊരുമിച്ചു് അവൾ ഒളിച്ചോടാൻ ശ്രമിക്കുമ്പോൾ നാടകമവസാനിക്കുന്നു. അതിസുന്ദരമായ ഈ നാടകത്തിൽ പ്രിൻസിവല്ലിയും അവളും കൂടി കൂടാരത്തിലിരുന്നു് സംസാരിക്കുന്ന ഒരു രംഗമുണ്ടു്. പ്രിൻസിവല്ലിയുടെ അച്ഛൻ സ്വർണ്ണപ്പണിക്കാരൻ നിർമ്മിച്ചു കൊടുത്തയച്ച മോതിരം ബാലികയായ അവളുടെ വിരലിൽ നിന്നൂരി കുളത്തിൽ വീണുപോയി. സ്ഫടികതുല്യമായ ജലത്തിന്റെ അടിത്തട്ടിൽ അതു കിടന്നു തിളങ്ങുന്നതു് രണ്ടുപേരും കണ്ടു. പ്രിൻസിവല്ലി അതെടുക്കാൻ സന്നദ്ധനായി. (നാടകം കൈയിലില്ലാത്തതുകൊണ്ടു് ഓർമ്മയിൽ നിന്നാണിത്രയും കുറിച്ചതെന്നു വീണ്ടും എഴുതട്ടെ.) അല്ലെങ്കിൽ മതേർലങ്ങിന്റെ നാടകങ്ങൾ വായിച്ചിട്ടുള്ള ജി. ശങ്കരക്കുറുപ്പു് നമ്മെ സഹായിക്കും. അദ്ദേഹം “ജീവനസംഗീത”ത്തിൽ എഴുതുന്നു.

“പൊൻപണിക്കാരൻ തന്റെ മകനായിരുന്നു ഞാൻ

സമ്പന്നകുടുംബത്തിൻ ഗർവ്വമായിരുന്നു നീ

ഇന്നും ഞാനോർമ്മിക്കുന്നു-

പച്ചനക്ഷത്രംപോലെ

മിന്നുന്ന കൽ വച്ചോരു

കൊച്ചു മോതിരമച്ഛൻ

തന്നയച്ചതുകൊണ്ടു

വന്നു ഞാൻ… ”

ആ പച്ചക്കൽ മോതിരംപോലെ കഥയുടെ ജലാശയത്തിന്റെ അടിത്തട്ടിൽ ആർക്കും കാണത്തക്കവിധത്തിൽ കിടന്നു തിളങ്ങണം പ്രമേയം.

പഴയ മലയാളം ഒൻപതാം ക്ലാസ്സുകാരന്റെ ഭാഷയിൽപ്പറഞ്ഞാൽ ‘അച്ഛസ്ഫടികസങ്കാശമായ’ ജലാശയമല്ല ശ്രീധരൻ ചമ്പാടിന്റെ കഥ. കലങ്ങിയ വെള്ളമാണതു്. അതിന്നടിയിൽ ഒരു മോതിരം കിടക്കുന്നുണ്ടെന്നു് എനിക്കറിയാം. അതെടുക്കാൻവേണ്ടി ഞാൻ പലതവണ മുങ്ങിത്തപ്പി. എന്നിട്ടു കിട്ടിയോ? കിട്ടി എന്നു ധൈര്യത്തോടെ പറയാൻ വയ്യ. നാലു വിവാഹംകഴിഞ്ഞ ഒരു കുറുപ്പിന്റെ ഭാര്യയാണു് ചെറുപ്പക്കാരിയായ ദമയന്തി. അവൾക്കു സന്താനഭാഗ്യമില്ല. ക്രൂരനായ ഭർത്താവിന്റെ നിറച്ച തോക്കു് അവിടിരിപ്പുണ്ടു്. നിസ്സാരമായ തെറ്റു കണ്ടാൽ മതി, തന്റെ നേർക്കു തോക്കെടുത്തു പിടിച്ചു കാഞ്ചി വലിക്കാൻ അയാൾ മടിക്കില്ലെന്നു ദമയന്തിക്കറിയാം. അടുത്ത വീട്ടിലെ അരവിന്ദൻ കെണിയൊരുക്കി പക്ഷികളെ പിടിക്കുന്നവനാണു്. അവനെ കാണുമ്പോഴെല്ലാം ദമയന്തിക്കു കാമോത്സുകത. അരവിന്ദൻ മൈനയെ കെണിവച്ചു പിടിച്ചുകൊണ്ടു വന്നതു ദമയന്തിയുടെ വീട്ടിലാണു്. കഥാകാരനറിയാതെ വായനക്കാരായ നമ്മളറിയാതെ അവർ ലൈംഗികവേഴ്ച നടത്തുന്നു. അപ്പോൾ കുറുപ്പു് എത്തിയോ? അരവിന്ദൻ അയാളെ വെടിവച്ചുകൊന്നോ? കലാപരമായ ആവശ്യകതയിൽക്കവിഞ്ഞു് ആഖ്യാനത്തിനു സങ്കീർണ്ണതയും ദുർഗ്രഹതയും വരുത്തിയിരിക്കുന്നതിനാൽ ഈ ചോദ്യങ്ങൾക്കു് ഉത്തരംനല്കാൻ എനിക്കു കഴിവില്ല. ദമയന്തിയുടെ അഴിഞ്ഞുവീണ പുടവയെടുത്തു് അരവിന്ദൻ കൊടുത്തു. അതു തട്ടിപ്പറിച്ചുകൊണ്ടു ദമയന്തി ഇരുട്ടിലേക്കോടുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. അഴകും ആരോഗ്യവുമുള്ള യുവാക്കന്മാരെ കണ്ടാൽ പ്രായംകൂടിയ, വിരൂപനായ, ക്രൂരനായ ഭർത്താവിനോടൊത്തു കഴിയുന്ന ചെറുപ്പക്കാരികൾക്കു കാമമിളകുമെന്നാണോ ഞാൻ മനസ്സിലാക്കേണ്ടതു്? അനപത്യതയുടെ ദുഃഖം ആ കാമാഗ്നിയെ ആളിക്കത്തിക്കുമെന്നോ? എന്തോ! എന്തായാലും പ്രതീകങ്ങൾ ഏറെ തിരുകിയ കഥയാണിതു്. അരവിന്ദന്റെ പക്ഷിപിടുത്തംതന്നെ സ്ത്രീവേട്ടയാണു്. അങ്ങനെ പലതും. യുവത്വത്തിനു യുവത്വത്തോടു ചേരാൻ കൊതി. അഴകിനു് അഴകോടു് ചേരാൻ കൊതി. വെടിയുണ്ടയെപ്പോലും പേടിക്കാതെ ആ അഭിലാഷം വിജയക്കൊടി നാട്ടുന്നു. ബഹിർഭാഗസ്ഥമായ പ്രതിപാദനം. ഇതിൽക്കുടുതലായി ഒന്നുമെഴുതാൻ തോന്നുന്നില്ല.

തോന്നുന്നതു് ചോദ്യങ്ങളും ഉത്തരങ്ങളും എഴുതാനാണു്.

ചോദ്യം, ഉത്തരം

ചോദ്യം: ജീവിതത്തിനു് എന്തു വില കല്പിക്കുന്നു നിങ്ങൾ?

ഉത്തരം: എന്റെ ചെറിയ ബുദ്ധിയിൽ നിന്നു വരുന്ന ഉത്തരത്തെക്കാൾ നല്ലതു് മഹാനായ സാർത്ര് പറഞ്ഞ ഒരഭിപ്രായം ആവിഷ്കരിക്കലാണു്. കലയുടെ അസംസ്കൃതവസ്തു എന്ന രീതിയിൽ എന്റെ ജീവിതം മൂല്യമുള്ളതായിത്തീരും. അതല്ലെങ്കിൽ ജീവിതത്തിനു് ഒരു മൂല്യവുമില്ല. ഞാൻ എഴുതാൻ വേണ്ടി ജീവിച്ചിരിക്കും. ജീവിക്കാൻ വേണ്ടി എഴുതുകയില്ല.” (As raw material for art my life would acquire a value it otherwise lacked. I would live to write not write to live.)

ചോദ്യം: ചില കവികൾ അഹങ്കാരികളാവുന്നതു് എന്തുകൊണ്ടു്?

ഉത്തരം: തങ്ങളുടെ സിദ്ധികളിൽ സംശയമുള്ളതുകൊണ്ടു് ഇൻഫീരിയോറിറ്റി അനുഭവപ്പെടും അവർക്കു്. അതിനെ മറയ്ക്കാനായി സുപ്പീരിയോറിറ്റി കാണിക്കും. അതാണു് അഹങ്കാരം. ആത്മവിശ്വാസമുള്ള കവികൾ അഹങ്കാരികളല്ല. ഉദാഹരണം: വള്ളത്തോൾ, ശങ്കരക്കുറുപ്പു്, ചങ്ങമ്പുഴ, പി. കുഞ്ഞിരാമൻ നായർ, പാലാ നാരായണൻ നായർ, അക്കിത്തം.

ചോദ്യം: മാന്യന്മാരെ എങ്ങനെ അപമാനിക്കാം?

ഉത്തരം: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടൂർ സുരേന്ദ്രൻ എഴുതിയ ‘പ്രസൂന ചരമവും വീണപൂവും’ എന്ന ലേഖനം വായിച്ചാൽ ഇതിനു് ഉത്തരം കിട്ടും.

അപമാനനം

കുമാരനാശാന്റെവീണപൂവു് ” കുഴിത്തുറക്കാരനായ സി. എം. അയ്യപ്പൻപിള്ള യുടെ ‘പ്രസൂന ചരമം’ എന്ന കാവ്യത്തിന്റെ അനുകരണമാണു് എന്നാണു് അടൂർ സുരേന്ദ്രന്റെ വാദം. ആ വാദങ്ങളാകെ കേട്ടുകഴിയുമ്പോൾ എന്തൊരുന്മാദം എന്നു നമ്മൾ പറഞ്ഞുപോകും. ലേഖകന്റെ വാക്യങ്ങൾ തന്നെ കേട്ടാലും:

“കണ്ണിന്നെവർക്കുമതിയായൊരു കൗതുകും തേ-

നുണ്ണുന്ന ഷൾപ്പദമതിന്നതിയായ സൗഖ്യം

എണ്ണം വെടിഞ്ഞവ കൊടുത്തു വസിച്ചിരുന്നോ-

രർണ്ണോജമെ ഝടുതിയിങ്ങനെ നഷ്ടമായോ.”

(പ്ര. ച. ശ്ലോ)

“ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേനീ

ശ്രീഭൂവിലസ്ഥിര—അസംശയം—ഇന്നു നിന്റെ-

യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ.”

(വീ. പൂ. ശ്ലോ)

“അത്യധികം ശോഭയോടെ ഉല്ലസിച്ചിരുന്ന പുഷ്പത്തിന്റെ അകാലമൃത്യുമൂലം സംഭവിച്ച ദയനീയാവസ്ഥയാണു് ഈ രണ്ടു കാവ്യഭാഗങ്ങളിലെയും പ്രതിപാദ്യം. ‘കണ്ണിന്നെവർക്കു മതിയായൊരു കൗതുകം’ നല്കുകതന്നെയാണല്ലോ ആ പുഷ്പം ‘അധികതുംഗപദത്തിൽ രാജ്ഞികണക്കെ’ ശോഭിക്കുമ്പോഴും ചെയ്യുന്നതു്. ആ ‘അർണ്ണോജത്തിന്റെ ഝടുതിയിലുണ്ടായ നഷ്ടം’ ഉണ്ടാക്കുന്ന ദുഃഖം തന്നെയാണു് ചേതനയറ്റ പൂവിന്റെ കിടപ്പിൽനിന്നും ഉണ്ടാകുന്നതു്. തേനുണ്ണുന്ന ഷൾപ്പദത്തെ തല്ക്കാലം ആശാൻ ഉപേക്ഷിച്ചിരിക്കുന്നു.” (മാതൃഭൂമി—ലക്കം19)

വൈരൂപ്യത്തിനു് കുപ്രസിദ്ധിയാർജ്ജിച്ച ചില പെണ്ണുങ്ങൾ സൗന്ദര്യമത്സരത്തിനിറങ്ങും. കുറ്റം പറയാനില്ല. ഓരോ സ്ത്രീയുടെയും വിചാരം താനൊരു അതിസുന്ദരിയാണെന്നാണല്ലോ. അവരുടെ പടം പിന്നീടു് വർത്തമാനപ്പത്രത്തിൽ അച്ചടിച്ചുവരുമ്പോൾ ‘ഈ പെമ്പെറന്നോർക്കു വീട്ടിൽക്കിടക്കാൻ പാടില്ലായിരുന്നോ, ഈ കൂത്തിനിറങ്ങിയതെന്തിനു്?’ എന്നു നമ്മൾ ചോദിക്കും. അതുപോലെ തന്റെ വാദങ്ങൾ തികച്ചും സുന്ദരങ്ങളാണെന്നു കരുതിക്കൊണ്ടു് അടൂരെ സുരേന്ദ്രൻ അവയെ പ്രദർശിപ്പിക്കുന്നു. വൈരൂപ്യത്തിനാസ്പദമായ അവയെ ആളുകൾ നിരാകരിക്കുന്നു. സുരേന്ദ്രന്റെ മനസ്സിൽത്തന്നെ കിടന്നാൽപ്പോരായിരുന്നോ ഈ ആശയങ്ങൾക്കു് എന്നു ചോദിച്ചുപോകുന്നു. രണ്ടു ശ്ലോകങ്ങൾക്കും തമ്മിൽ ആശയസംബന്ധിയായി എന്തെങ്കിലും സാദൃശ്യമുണ്ടോ? സാദൃശ്യമുണ്ടെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ എന്തെങ്കിലും യുക്തിയുണ്ടോ. സാമഞ്ജസ്യമുണ്ടോ? അയ്യപ്പൻപിള്ളയുടെ ശ്ലോകങ്ങൾ വെറും നാല്ക്കാലികളും ആശാന്റെ ശ്ലോകങ്ങൾ ഉത്കൃഷ്ടമായ കവിതയുമാണു്.

images/Seneca.jpg
സെനക്ക

വാർദ്ധക്യംകൊണ്ടു ഓർമ്മശക്തി നശിച്ച ഒരുത്തനു് കഥകൾ പറയാൻ കൗതുകമുണ്ടായിരുന്നുവെന്നു സെനക്ക യുടെ ഏതോ ഗ്രന്ഥത്തിൽ ഞാൻ വായിച്ചിട്ടുണ്ടു്. അയാൾ പത്തുപന്ത്രണ്ടു പരിചാരകരെ നിയമിച്ചിരുന്നു. കിഴവൻ കഥ പറഞ്ഞുതുടങ്ങുമ്പോൾത്തന്നെ മറവിയുണ്ടാകും. ഉടൻ പരിചാരകൻ അതു പൂർണ്ണമാക്കിക്കൊടുക്കും. മറ്റൊരു കിഴവനെക്കുറിച്ചും സെനക്ക എഴുതിയിട്ടുണ്ടു്. എഴുന്നേറ്റുനില്ക്കാൻപോലും അയാൾക്കു വയ്യ. എങ്കിലും ഏതു വഴക്കിനും മൂപ്പിലു് തയ്യാറാണു്. ആരെക്കണ്ടാലും അടിക്കാൻ ചാടിവീഴും അയാൾ. പക്ഷേ, കൈ ഉയരുന്നതിനുമുൻപു് അയാൾ നിയമിച്ചിട്ടുള്ള മല്ലയുദ്ധ പ്രവീണന്മാർ പ്രതിയോഗിയെ അടിച്ചുവീഴ്ത്തും. താൻ ജയിച്ചുവെന്നു് കിഴവനു് അഭിമാനവും. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ശക്തിയെ അവലംബിച്ചു സുരേന്ദ്രൻ നടത്തുന്ന ഈ കായികാഭ്യാസം പരിഹാസജനകമായിരിക്കുന്നു.

സംഭവങ്ങൾ
  1. ഇംഗ്ലീഷുകാർക്കു് അന്യോന്യം സ്പർശിക്കുന്നതു വിരോധമാണെന്നു പലരും പറഞ്ഞുകേട്ടിട്ടുണ്ടു്. കേരളീയർക്കു് ഇത്ര ഇഷ്ടമുള്ള കാര്യം വേറെയില്ല. സംശയമുണ്ടെങ്കിൽ ട്രാൻസ്പോർട്ട് ബസ്സിന്റെ മുകളിലുള്ള കമ്പിയിൽ നോക്കിയാൽ മതി. ഞാൻ കുറേക്കാലം വടക്കേയിന്ത്യയിലായിരുന്നു. അവിടെ ബസ്സുകളിൽ സ്ത്രീകൾക്കു പ്രത്യേകം സീറ്റുകളില്ല. പുരുഷന്മാർ സ്ത്രീകളുടെ അടുത്തിരുന്നാവും സഞ്ചരിക്കുക. ഒരു പരാതിയുമില്ല. വഴക്കുമില്ല. ഒരു പുരുഷനും അടുത്തിരിക്കുന്ന സ്ത്രീയെ തൊടുകയില്ല എന്നതു പോകട്ടെ നോക്കുക പോലുമില്ല. ഒരു ദിവസം ഞാൻ രാംടേക്കിലേക്കു് (കാളിദാസ ന്റെ രാമഗിരി) പോകുകയായിരുന്നു. ബസ്സിൽ കാണാൻ കൊള്ളാവുന്ന ഒരു മറാഠിപ്പെൺകുട്ടിയെ അടുത്തിരിക്കുന്ന ഒരുത്തൻ ശല്യപ്പെടുത്തുന്നതു ഞാൻ കണ്ടു. അവൾ നീങ്ങുന്തോറും ഉപദ്രവം കൂടിക്കൂടിവന്നു. അപ്പോൾ ഞാൻ ഹിന്ദിയിൽ അയാളോടു ചോദിച്ചു: “നിങ്ങൾ മലയാളിയാണോ?” മറുപടി മലയാളത്തിൽ കിട്ടി. “അതെ”.
  2. ഞാൻ താമസിച്ചിരുന്നിടത്തു് നൂറ്റമ്പതു മലയാളികളുണ്ടു്. മരമില്ലാത്തിടത്തു് ആവണക്കു് വന്മരമെന്നു പറയുന്നതുപോലെയുള്ള സ്ഥാനമായിരുന്നു എനിക്കു്. ആ മലയാളികൾ നടത്തിയ ചെറുകഥാമത്സരം, കവിതാമത്സരം ഇവയുടെ രചനകൾ എന്നെയാണു നോക്കാൻ സമാജത്തിന്റെ കാര്യദർശി ഏല്പിച്ചതു്. കാവ്യത്തിനു ഞാൻ നിശ്ചയിച്ച ഒന്നാം സമ്മാനം സമ്മാനമേ കിട്ടാത്ത ഒരു മലയാളിയെ കോപിഷ്ഠനാക്കി. അയാൾ എന്നോടു് ശണ്ഠകൂടുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു് അവിടെ ഒരു പാട്ടുകച്ചേരിയുണ്ടായിരുന്നു. വീണ താഴെ വച്ചിരിക്കുന്നു. ആ പ്രദേശത്തു് ധാരാളമായുള്ള കഴുതകളിൽ ഒന്നു് ആ സംഗീതോപകരണത്തിന്റെ അടുക്കലെത്തി കാലുകൊണ്ടു ചവിട്ടി കമ്പി സ്പന്ദിപ്പിച്ചു. പരുഷനാദം അവിടെ ഉയർന്നു. പെട്ടെന്നു് എന്റെ പിറകിലൊരു ശബ്ദം “കൃഷ്ണൻ നായർ സാഹിത്യത്തെ സമീപിക്കുന്നതുപോലെ”. ആ ബുദ്ധിമാൻ ആരാണെന്നറിയാൻ ഞാൻ തിരിഞ്ഞുനോക്കി. സമ്മാനം കിട്ടാത്ത മാന്യനാണതു്.
അനുഭവം പ്രകൃതിദത്തം
images/DanteAlighieriJuvara.jpg
ഡാന്റേ

പി. കേശവദേവു മായി ഞാൻ പന്തളത്തു് ഒരു സമ്മേളനത്തിനു പോയി. അക്കാലത്താണു് ദേവിനെസ്സംബന്ധിച്ച ഒരു പൊലീസ് കേസ്സുണ്ടായതു്. അതിനെ ഊന്നി സ്വാഗതപ്രഭാഷകൻ സംസാരിച്ചതു് കേശവദേവിനു് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം വല്ലാതെ കോപിച്ചു. അഹിതം സ്ഫുരിക്കുന്ന മുഖത്തോടെ ദേവ് ചാടിയെഴുന്നേറ്റു് ഗർജ്ജിച്ചു. “എടാ ഊവേ ഞാൻ കുടിക്കുമെടാ, പെണ്ണുപിടിക്കുമെടാ, അതു് അനുഭവത്തിനാണെടാ അനുഭവമില്ലാതെ എഴുതാനൊക്കുമോടാ.” തിരിച്ചു കാറിൽപ്പോരുമ്പോഴും ഞാൻ അദ്ദേഹത്തോടു തർക്കിക്കാൻ പോയില്ല. പ്രത്യക്ഷാനുഭവത്തിന്റെ ഭാവനാത്മകമായ ആവിഷ്ക്കാരമാണു് സാഹിത്യമെന്നു് കേശവദേവ് പറഞ്ഞതു ശരിയാണോ? ഇക്കാര്യത്തിൽ അവഗാഹമുള്ള എം. കെ. മേനോനും (വിലാസിനി) ഏതാണ്ടു് അങ്ങനെതന്നെ പറയുന്നു. തന്റെ ‘നിറമുള്ള നിഴലുകൾ’ ‘ഇണങ്ങാത്ത കണ്ണികൾ’ ‘അവകാശികൾ’ ഈ നോവലുകളിൽ പ്രത്യക്ഷാനുഭവങ്ങളില്ലാത്ത ചില അംശങ്ങളെ ആവിഷ്കരിക്കേണ്ടി വന്നപ്പോൾ താൻ പരകീയാംശങ്ങളെ സ്വീകരിച്ചുവെന്നു് മേനോൻ പ്രസ്താവിക്കുന്നു. അദ്ദേഹത്തിന്റെ ഈ പരകീയാംശ സ്വീകാര്യത്തെപ്പറ്റിയുള്ള മതങ്ങൾ ചിന്തനീയങ്ങളായിരിക്കുന്നു. കലയിലെ അനുഭവമെന്നതു് പ്രത്യക്ഷാനുഭവമല്ല. എഴുതാനുള്ള കഴിവു് കലാകാരനു് പ്രകൃതിദത്തമായിരിക്കുന്നതുപോലെ അനുഭവജ്ഞാനത്തിനുള്ള കഴിവും പ്രകൃതിദത്തമാണു്. കാലത്തുതൊട്ടു് സന്ധ്യയാകുന്നതുവരെ കോർക്കു് ചുവരിൽ ഒട്ടിച്ച മുറിക്കകത്തു കഴിഞ്ഞുകൂടിയിട്ടു് രാത്രിയിൽ സ്വല്പദൂരം നടക്കുമായിരുന്നു പ്രുസ്ത്. അദ്ദേഹത്തിനു് ഒരു സംഭവവും നേരിട്ടറിഞ്ഞുകൂടായിരുന്നു. ആരോടും അധികം സംസാരിച്ചിരുന്നില്ലതാനും. പക്ഷേ, പ്രുസ്തിന്റെ നോവലിൽ പ്രപഞ്ചമാകെയുണ്ടു്. മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകൾ മുഴുവനും ആ നോവൽ ഉൾക്കൊള്ളുന്നു. ഡാന്റേ നരകവും സ്വർഗ്ഗവും വർണ്ണിച്ചു. രണ്ടു വർണ്ണനകളും അന്യൂനങ്ങൾ. ആ മഹാകവി നരകം കണ്ടില്ല, സ്വർഗ്ഗവും കണ്ടില്ല. ആവർത്തിക്കട്ടെ, അനുഭവമെന്നതു പ്രത്യക്ഷാനുഭവമല്ല. പ്രകൃതി നല്കുന്ന കഴിവാണു് അനുഭവം ഉല്പാദിപ്പിക്കുന്നതു്. (എം. കെ. മേനോന്റെ ഇന്റർവ്യൂ റിപ്പോർട്ട് കുങ്കുമം വാരികയിൽ—എ. പി. നളിനന്റെ രചന)

വർഷം 1950 അല്ലെങ്കിൽ 1951. ഒരു കവി കന്യാകുമാരിയിലേക്കുള്ള ബസ്സിൽ കയറിയിരിക്കുന്നതു് കണ്ടു ഞാൻ ചോദിച്ചു: “സാറ് കന്യാകുമാരിയിലേക്കോ?” മറുപടി: “അതെ. റേഡിയോ സ്റ്റേഷനിലുള്ളവർ കന്യാകുമാരിയിലെ സൂര്യോദയത്തെക്കുറിച്ചു് കവിത ആവശ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടു് അങ്ങോട്ടു പോകുകയാണു്. സൂര്യോദയം കണ്ടാലേ എഴുതാൻ പറ്റൂ.” മലയാളം പ്രൊഫസറായി പെൻഷൻ പറ്റിയ അദ്ദേഹം ഇപ്പോൾ കവിയായി അറിയപ്പെടുന്നില്ല. എങ്ങനെ അറിയപ്പെടാനാണു്? ഓരോന്നും നേരിട്ടു കണ്ടാലല്ലേ അദ്ദേഹത്തിനു് കവിത വരൂ.

വൾഗറൈസേഷൻ

വൾഗറൈസേഷൻ എന്ന ഇംഗ്ലീഷ് പദത്തിനു് സദൃശമായ മലയാളപദമില്ല. ഗ്രാമ്യമാക്കുക, അശ്ലീലമാക്കുക എന്നൊക്കെപ്പറഞ്ഞാൽ പറ്റില്ല. അതുകൊണ്ടു് ആ ഇംഗ്ലീഷ് വാക്കു തന്നെ പ്രയോഗിച്ചുകൊള്ളട്ടെ. നമ്മുടെയിടയിൽ വൾഗറൈസേഷൻ ധാരാളം. ഉപമയും ഉത്പ്രേക്ഷയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചു് രണ്ടു പണ്ഡിതന്മാർ ചർച്ചചെയ്യുകയായിരുന്നു. പൊടുന്നനവേ വേറൊരു അദ്ധ്യാപകൻ ഇടയ്ക്കുകയറി “പെണ്ണിന്റെ കണ്ണിൽ ഒരു ഞെക്കുവിളക്കു് എന്നു പറഞ്ഞാൽ എന്തലങ്കാരം? എന്നു ചോദിച്ചു. ഇതാണു് വൾഗറൈസേഷൻ. ഒരു മഹാകവിയെ കാണാൻ രണ്ടു മഹാപണ്ഡിതന്മാർ പോയപ്പോൾ ഞാനും കൂടെ പോയി. കുറേനേരം സംസാരിച്ചതിനുശേഷം ഞങ്ങൾ യാത്ര പറഞ്ഞു. ഞങ്ങൾ റോഡിലേക്കിറങ്ങിയില്ല. അതിനുമുൻപു് മഹാകവി വരാന്തയിൽ നിന്നുകൊണ്ടുതന്നെ മുറ്റത്തേക്കു് മൂത്രമൊഴിച്ചു. കണ്ണും മൂക്കും പൊത്തി ഞാൻ നടന്നു. മറ്റൊരു വൾഗറൈസേഷൻ. ഫ്രഞ്ചെഴുത്തുകാരൻ ഷാതോബ്രിയാങി ന്റെ ശവകുടീരം മോടിയോടെ നിർമ്മിച്ചിരിക്കുന്നതു കണ്ടപ്പോൾ ഷാങ് പോൾ സാർത്രി നു് തീരെ പിടിച്ചില്ല. പുച്ഛം കാണിക്കാനായി അദ്ദേഹം ആ ശവകുടീരത്തിൽ മൂത്രമൊഴിച്ചു. (സീമോൻ ബൊവ്വാറി ന്റെ ആത്മകഥ വായിച്ച ഓർമ്മയിൽനിന്നു്). മഹാചിന്തകന്റെ വൾഗറൈസേഷൻ. ശ്രീരാമൻ കാട്ടിൽപ്പോകാൻ ഭാവിച്ചപ്പോൾ അദ്ദേഹത്തിന്റെ അമ്മ വല്ലാതെ ദുഃഖിച്ചു. കാട്ടിൽച്ചെന്നു് തടി മുറിച്ചു വിറ്റു വലിയ പണക്കാരനാകും താനെന്നു ശ്രീരാമൻ അമ്മയെ അറിയിച്ചപ്പോൾ അവരുടെ ദുഃഖം കെട്ടടങ്ങി. ഇതിലെ പരിഹാസം മനസ്സിലാക്കിക്കൊണ്ടുതന്നെ പറയട്ടെ ഇതു് വൾഗറൈസേഷനാണു്. ആർക്കെങ്കിലും ഇതു കാണാൻ ആഗ്രഹമുണ്ടെങ്കിൽ കെ. എസ്. ആർ. പണിക്കർ ജനയുഗം വാരികയിലെഴുതിയ ‘വനവാസം’ എന്ന ചെറുകഥ!! വായിച്ചാൽ മതി.

പച്ചക്കള്ളം
  1. വടക്കേയിന്ത്യയിലാകെ സഞ്ചരിച്ചിട്ടു തിരിച്ചു കേരളത്തിലെത്തിയവനോടു് “സ്ഥലമെല്ലാം എങ്ങനെ?” എന്നു ചോദിച്ചു നോക്കൂ, “ഹാ എന്തൊരു പ്രകൃതിസൗന്ദര്യം!” എന്നു പറയും. പച്ചക്കള്ളം. കേരളം പിന്നിട്ടാൽപ്പിന്നെ തീവണ്ടിയുടെ രണ്ടുവശങ്ങളും മണൽക്കാടുകളാണു്. അതു കണ്ടുകണ്ടു മടുക്കുമ്പോൾ കിടന്നുറങ്ങും. കഴിയുന്നതും വേഗം തിരിച്ചു നാട്ടിൽ വന്നാൽ മതിയെന്നു തോന്നും.
  2. ഞാൻ ദയാശീലനാണു്. ഇന്നുവരെ ഒരു ജീവിയേയും കൊന്നിട്ടില്ല. കൊല്ലുകയുമില്ല എന്നു് അയാൾ പറഞ്ഞുതീരുന്നതിനുമുൻപു് കൊതുകു കൈയിൽ കടിക്കുന്നു. ഒറ്റയടി കൊതുകു് രക്തംചിന്തി ചത്തുകിടക്കുന്നു. ജീവിയെ കൊന്നിട്ടില്ല. കൊല്ലുകയുമില്ല എന്നു പറഞ്ഞതു പച്ചക്കള്ളം.
  3. ആ ഇംഗ്ലീഷ് പ്രൊഫസർ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ മടക്കിക്കൊടുത്ത ഒരു ഫ്രഞ്ച് നോവൽ കണ്ടു ഞാൻ അദ്ദേഹത്തോടു ചോദിച്ചു: “ഷീദി ന്റെ ഈ നോവൽ വായിച്ചോ? കൊള്ളാമോ?” പ്രൊഫസറുടെ മറുപടി “Yes Every word of it, Beautiful”. ഞാൻ കൗണ്ടറിൽനിന്നു് ആ പുസ്തകമെടുത്തു് വീട്ടിൽക്കൊണ്ടു വന്നു. വായിക്കാൻ തുടങ്ങിയപ്പോൾ പുറങ്ങൾ ചേർന്നിരിക്കുന്നു. പേനാക്കത്തികൊണ്ടു കീറി ഓരോന്നും വേർപെടുത്തിയിട്ടേ വായന ആരംഭിച്ചുള്ളൂ. പ്രൊഫസറുടെ പ്രസ്താവം പച്ചക്കള്ളം.
  4. മീറ്റിംഗിനു മുൻപു് ഗാന്ധിശിഷ്യനായ ആ നേതാവിനോടു് ഞാൻ ചോദിച്ചു: “മീനും മുട്ടയും ഇറച്ചിയും കഴിക്കുമോ?” നേതാവു് മറുപടി നല്കി: “ഹേ തൊടുകില്ല ഒന്നും.” മീറ്റിംഗ് കഴിഞ്ഞു. ഊണു സമയം. കരിമീൻ പൊരിച്ചതു വിളമ്പുകയാണു്. വിളമ്പുന്നവൻ നേതാവിനോടു ചോദിച്ചു: “സാറു് മീൻ കൂട്ടുമോ?” മറുപടി: ആങ്. കരിമീൻ വറുത്തതോ? അതാണെങ്കിൽ കൂട്ടാം. രണ്ടെണ്ണം വച്ചേക്കൂ.” എല്ലാവർക്കും ഒന്നേ വിളമ്പിയിരുന്നുള്ളൂ. നേതാവിനു് രണ്ടെണ്ണം കൊടുത്തു. സസ്യഭുക്കാണെന്ന പ്രസ്താവം പച്ചക്കള്ളം.
മൂലകരണവാദം മിഥ്യാബോധമാണ്
images/BertrandRussell1954.jpg
ബർട്രൻഡ് റസ്സൽ

“പ്രകൃതിനിയമങ്ങൾ ആരുണ്ടാക്കി എന്നു ചോദിക്കുമ്പോൾ പ്രകൃതിയെത്തന്നെ ആരുണ്ടാക്കിയെന്ന ചോദ്യം ഉയർന്നുവരും. പ്രകൃതിയെ സൃഷ്ടിച്ച ശക്തി പ്രകൃതിനിയമങ്ങളേയും സൃഷ്ടിച്ചു എന്നതു് യുക്തിസഹമാണു്. അപ്പോൾ പ്രകൃതി നിയമങ്ങളെ ചോദ്യംചെയ്യാൻ മനുഷ്യൻ അനർഹനാണെന്നും വരുന്നു.” എന്നു സിദ്ധാർത്ഥൻ മനോരാജ്യം വാരികയിൽ. ഇവിടെ എനിക്കോർമ്മ വരുന്നതു ബർട്രൻഡ് റസ്സലി ന്റെ അഭിപ്രായമാണു്. “നിങ്ങളെ ആരു സൃഷ്ടിച്ചു എന്ന ചോദ്യത്തിനു് ഉത്തരം നല്കാൻ വയ്യ. കാരണം ഈശ്വരനെ ആരു സൃഷ്ടിച്ചു എന്ന ചോദ്യത്തിനും ഉത്തരമില്ല എന്നത്രെ.” ഇതുകൊണ്ടാവണം റസ്സൽ സംശയവാദിയായതു്.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങളിഷ്ടപ്പെടുന്ന നിറം?

ഉത്തരം: സമുദ്രനീലം.

ചോദ്യം: നിങ്ങളിഷ്ടപ്പെടുന്ന പരിമളം?

ഉത്തരം: പനിനീർപ്പൂവിന്റെ പരിമളം.

ചോദ്യം: നിങ്ങൾ വെറുക്കുന്ന ഗന്ധം?

ഉത്തരം: ഗൾഫ് രാജ്യങ്ങളിൽനിന്നു വരുന്ന എല്ലാ സെന്റുകളും.

ചോദ്യം: ഇന്ത്യയിലെ ഇന്നത്തെ ഭരണക്രമത്തെക്കുറിച്ചു് എന്തുപറയുന്നു?

ഉത്തരം: എന്തു്?

ചോദ്യം: തിരുവനന്തപുരത്തുള്ള ഒരു തിന്മ?

ഉത്തരം: ചില സാഹിത്യകാരന്മാരുടെ ഫാസ്സിസം.

ചോദ്യം: നിങ്ങൾ പാടുമോ?

ഉത്തരം: ഞാൻ പാടിയാൽ പാട്ടിനിരിക്കാൻ നിങ്ങൾ എന്നോടാവശ്യപ്പെടും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-08-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.