സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-09-13-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

images/Michelangelo.jpg
മീക്കലാഞ്ചലോ

പ്രതിമാ നിർമ്മാതാവും കവിയും ചിത്രകാരനും വാസ്തുവിദ്യാ വിദഗ്ദ്ധനുമൊക്കെയായ മീക്കലാഞ്ചലോ യെ സംബന്ധിച്ചുള്ള ആ കഥ കേൾവിപ്പെട്ടതാണു്. അദ്ദേഹം വെണ്ണക്കല്ലിൽ ഉളിവച്ചു തട്ടിക്കൊണ്ടിരുന്നപ്പോൾ എന്താണു് ചെയ്യുന്നതെന്നു് ആരോ ചോദിച്ചുപോലും. മീക്കലാഞ്ചലോ മറുപടി നല്കി: “ഈ വെണ്ണക്കല്ലിനകത്തു് ഒരു സുന്ദരി ഒളിച്ചിരിക്കുന്നു. അവളെ പൊതിഞ്ഞിരിക്കുന്ന ആവശ്യമില്ലാത്ത മാർബിൾ തട്ടിക്കളഞ്ഞു് ഞാൻ അവൾക്കു സ്വാതന്ത്ര്യം നല്കാൻ ശ്രമിക്കുകയാണു്”. കലാകാരനുയോജിച്ചവിധത്തിൽ അദ്ദേഹം കൊടുത്ത ഈ മറുപടിയിൽ ഒരു കലാതത്ത്വം മറഞ്ഞിരിക്കുന്നുണ്ടു്. കലാകാരന്റെ മനസ്സിനകത്തു് ഒരു സുന്ദരി ബന്ധനസ്ഥയായി വർത്തിക്കുന്നു. വെണ്ണക്കല്ലിൽ കൊത്തുളി വേണ്ടവിധത്തിൽ പ്രയോഗിക്കുമ്പോൾ അവൾ മനസ്സിന്റെ കാരാഗൃഹത്തിൽനിന്നു മോചനംനേടും. അങ്ങനെ മോചനം പ്രാപിച്ചവൾ വെണ്ണക്കല്ലിലൂടെ പ്രത്യക്ഷയാകും. ഇങ്ങനെ ‘വിഷ’നു്—ദൃശ്യത്വത്തിനു്—രൂപം നല്കുന്നവനാണു് കവി, ചിത്രകാരൻ, ശില്പി. അതല്ലാതെ വാക്കുകൾകൊണ്ടു്, ചായംകൊണ്ടു്, വെണ്ണക്കല്ലുകൊണ്ടു് ഞാൻ സൗന്ദര്യം സൃഷ്ടിക്കട്ടെയെന്നു് ഉദ്ഘോഷിക്കുന്നവൻ കലാകാരനല്ല. ദൃശ്യത്വത്തെ മുൻനിറുത്തി രചന ആരംഭിക്കുമ്പോൾ അതിനു് അനുരൂപമായ വാക്കു് ആദ്യംതന്നെ വന്നുവീഴും. അമേരിക്കൻ സാഹിത്യകാരനായ സ്റ്റീവൻ ക്രേൻ (Stephen Crane, 1871–1900) എഴുതിയ The Open Boat എന്ന ചെറുകഥ വായിച്ചാൽ ഇവിടെപ്പറഞ്ഞതിന്റെ സത്യാത്മകത ബോധപ്പെടും. “None of them knew the colour of the sky”—ആകാശത്തിന്റെ നിറം അവരാരും കണ്ടില്ല — കപ്പൽ ചേതം സംഭവിച്ചു് ബോട്ടിൽ കടന്നുകൂടി രക്ഷപ്പെടാൻ ശ്രമിക്കുന്നവൻ കടലിനെ മാത്രമേ നോക്കൂ. അവർ അന്തരീക്ഷത്തിന്റെ നിറമെന്തെന്നു് നോക്കുകയില്ല. ഇതാണു് ‘വിഷ’നു യോജിച്ച വാക്യം; ‘വിഷ’നു് അനുരൂപമായ വാക്കു്.

images/SCrane2.jpg
സ്റ്റീവൻ ക്രേൻ

വൈക്കം മുഹമ്മദ് ബഷീർ നല്ല കഥാകാരനാണു്. അതു അംഗീകരിച്ചുകൊണ്ടു് ഞാനിവിടെ ആവിഷ്കരിച്ച കലാതത്ത്വം സമർത്ഥിക്കാനായി അദ്ദേഹത്തിന്റെ ഒരു കഥയിൽ നിന്നു് ഒരു വാക്യം എടുത്തെഴുതട്ടെ. “മതിലുകൾ ” എന്ന നീണ്ടകഥ. പുരുഷനെയും സ്ത്രീയെയും വേർതിരിക്കുന്നു കന്മതിൽ. അവർ എത്ര അടുത്തു്! എങ്കിലും പൊക്കംകൂടിയ, കനംകൂടിയ മതിൽ അവരെ എത്ര ദൂരത്തു് ആക്കിക്കളയുന്നു! അവരുടെ രാഗം അനുരാഗമായി. പക്ഷേ, അതു് സാക്ഷാത്കരിക്കാതെ അവർ പിരിഞ്ഞുപോകുന്നു. ഈ വിഷയത്തിനോ അതുൾക്കൊള്ളുന്ന ദൃശ്യത്വത്തിനോ യോജിച്ച വിധത്തിലല്ല കഥയുടെ ആരംഭം. “മതിലുകൾ എന്ന പേരിൽ ഒരു ചെറിയ പ്രേമകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? മുൻപു പറഞ്ഞതായി ഓർമ്മ തോന്നുന്നില്ല”. കഥാകാരന്റെ മനസ്സിൽ ബന്ധനസ്ഥയായി കഴിയുന്ന സുന്ദരി വാക്കുകളിലൂടെ ഇവിടെ മോചനം നേടുന്നില്ല. സാറിനെയും പട്ടിയെയും ഒരേമട്ടിൽ കാണുന്ന സമുദായത്തിന്റെ മൂർദ്ധാവിൽ അടികൊടുക്കാൻ കാരൂർ നീലകണ്ഠപ്പിള്ള എഴുതിയ ‘സാറിനും പട്ടിക്കും’ എന്ന കഥ നോക്കുക. “പിന്നേ, സാറിനും പട്ടിക്കും ചോറുകൊടുത്തെങ്കിൽ അടുക്കളയടയ്ക്കരുതോ?” എന്ന ഗൃഹനായകന്റെ ചോദ്യമാണു് ഇക്കഥയിൽ പ്രാധാന്യമാവഹിക്കുന്നതു്. ആ പ്രാധാന്യത്തെ നശിപ്പിക്കുന്നു കഥയുടെ തുടക്കം. “ഗോപാലൻ സ്കൂൾ ഫൈനൽ പരീക്ഷ ജയിച്ചെന്നു് അറിഞ്ഞപ്പോൾ ഒരു ചുമടു് തലയിൽനിന്നു് ഇറക്കിയതുപോലുള്ള ആശ്വാസംതോന്നി എനിക്കു് ”. സ്റ്റീവൻ ക്രേനിനെപ്പോലെ വിഷനു യോജിച്ചവിധത്തിൽ എഴുതാൻ നമ്മുടെ എഴുത്തുകാർ എന്നാണു് പഠിക്കുക?

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എൻ. കെ. രവീന്ദ്രന്റെ ഒരു പ്രയോഗം: “ചരക്കുവല്ക്കരണപ്രക്രിയയെ” (പുറം 20) ഗുരുവായൂരപ്പാ, എന്തെല്ലാം കേട്ടാൽ ജന്മമൊടുങ്ങും!

വികാരശൂന്യത

ഒരു ബന്ധു സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുന്നുവെന്നറിഞ്ഞു് ഞാൻ അന്വേഷിച്ചു പോയി. പണ്ടു് ആർട്സ് കോളേജിൽ ഞാൻ പഠിപ്പിച്ച ഒരു പയ്യൻ ഡോക്ടറായി രോഗിയുടെ അടുത്തുനില്ക്കുന്നു. വിനയത്തോടെ അയാളോടു ചോദിച്ചു. “എന്താണു രോഗം?” നിയോപ്ലേഷ എന്ന ഉത്തരംകിട്ടി. ശിഷ്യന്റെ മുൻപിൽ ഗുരുവിനു് അജ്ഞത പാടില്ലല്ലോ. എങ്കിലും “മനസ്സിലായില്ല” എന്നു ഞാൻ പറഞ്ഞു. പണ്ടു് കുമാരനാശാന്റെനളിനി’യിലെ ഒരു ശ്ലോകത്തിന്റെ അർത്ഥം ലളിതമായി ഞാൻ അയാൾക്കു പറഞ്ഞുകൊടുത്തിട്ടുണ്ടു്; ക്ലാസ്സിൽ വച്ചല്ല, സ്റ്റാഫ്റൂമിലിരുന്നു്. ആ ലാളിത്യം പില്ക്കാലത്തു് ശിഷ്യൻ പ്രദർശിപ്പിക്കുമെന്നു് വിചാരിച്ച ഞാനെത്ര ഭോഷൻ! ‘ഡോക്ടർ ശിഷ്യൻ’ വിശദീകരിച്ചു: “There is a regressive change of normal cells. Consequently the biological control is lost. These invasive cells…” അയാൾ തുടർന്നു പലതും പറഞ്ഞു. അതൊക്കെ ഞാൻ മറന്നുപോയിരിക്കുന്നു. വീട്ടിൽവന്നു് Family Health Medical Encyclopaedia (Collins) എടുത്തുനോക്കി. Neoplasm=The medical term for a tumour എന്നുകണ്ടു. കാര്യം മനസ്സിലായി. ഇതുപോലൊരു അനുഭവം മുൻപും ആശുപത്രിയിൽ വച്ചുണ്ടായിട്ടുണ്ടു്. അന്നു വേറൊരു ശിഷ്യനാണു് ഇതിനു തുല്യമായ പരാക്രമം കാണിച്ചതു്. ഇതു് ഈയിടെ ഉണ്ടായ സംഭവം.

ഒരു പെണ്ണു നടന്നുപോകുന്നു. രണ്ടു യുവാക്കന്മാർ പിറകേയുണ്ടു്. അവരിൽ ഒരാൾ മറ്റേയാളിനോടു പറയുന്നതു ഞാൻ കേട്ടു. “She has steatopygia and you are pygophilous” അർത്ഥം മനസ്സിലായില്ല എനിക്കു്. എങ്കിലും മധുരപദങ്ങൾ കേട്ടാൽ ചങ്ങമ്പുഴ ഡയറിയെടുത്തു അവ കുറിച്ചു വയ്ക്കുന്നതുപോലെ ഞാൻ മാറിനിന്നു് ഒരു ട്രാൻസ്പോർട്ട് ബസ് ടിക്കറ്റിൽ ആ രണ്ടു കഠിനപദങ്ങളും കുറിച്ചുവച്ചു. അതിലേവന്ന ഒരു സുഹൃത്തു ചോദിച്ചു: “എന്താ സാർ ഓട്ടോറിക്ഷക്കാരന്റെ പേരിൽ പരാതി അയയ്ക്കാൻ നമ്പർ കുറിച്ചുവയ്ക്കുകയാണോ?” വീട്ടിൽ വന്നു നിഘണ്ടു നോക്കി. സ്റ്റീറ്റപീജിയ = നിതംബഗുരുത. പിഗോഫിലസ് = നിതംബസ്നേഹമുള്ള. ശിഷ്യനോടും അജ്ഞാതനായ ആ വഴിപോക്കനോടും നന്ദിയുണ്ടെനിക്കു്. അവർ പുതിയ വാക്കുകൾ എന്നെ പഠിപ്പിച്ചു.

എൻ. ഗോപാലപിള്ള പ്രസംഗിക്കുമ്പോൾ ഒരു കഠിനപദവും പ്രയോഗിക്കില്ല. അതല്ല അദ്ദേഹം എഴുതുമ്പോഴത്തെ സ്ഥിതി. “ശോധിതശേമുഷീകനായ ഒരു പ്രകൃഷ്ട പണ്ഡിതന്റെ വിചാരധാരയിൽനിന്നു വിനിർഗ്ഗളിച്ചിട്ടുള്ള സൂക്തിമൗക്തികങ്ങൾ” എന്നും മറ്റും അദ്ദേഹം കാച്ചിക്കളയും അതുകൊണ്ടു ഗോപാലപിള്ളസ്സാറിന്റെ പ്രബന്ധം വായിക്കുമ്പോഴൊക്കെ നിഘണ്ടു അടുത്തുവച്ചുകൊള്ളണം. നേരെമറിച്ചാണു് ബാലരാമപ്പണിക്കർസ്സാറിന്റെ രീതി. എഴുതുമ്പോൾ എന്തും ലളിതം. പ്രസംഗിക്കുമ്പോൾ എന്തും സങ്കീർണ്ണം. അതുകൊണ്ടു് അദ്ദേഹം പ്രസംഗിക്കുമ്പോൾ നിഘണ്ടു അടുത്തു വേണം. ഒരിക്കൽ പ്രസംഗത്തിനിടയിൽ അദ്ദേഹം “അനുത്തമമായ കവിതയാണു് കാളിദാസ ന്റേതു്” എന്നു പറഞ്ഞു. എന്റെ അടുത്തിരുന്ന ഒരദ്ധ്യാപകൻ “കാളിദാസന്റെ കവിത ഉത്കൃഷ്ടമല്ലേ?” എന്നു ചോദിച്ചു. അനുത്തമത്തിന്റെ അർത്ഥം ശ്രേഷ്ഠമെന്നാണെന്നു് ഞാൻ പറഞ്ഞപ്പോൾ അയാൾ അദ്ഭുതപ്പെട്ടു. (അനുത്തമഃഅത്യുൽകൃഷ്ടം (ന ഉത്തമോസ്മാൽ) ഇതിനെക്കാൾ ഉത്തമമായിട്ടു വേറെ ഒന്നുമില്ല—അമരകോശം.)

ഫെറസ് സൾഫേറ്റ് എവിടെ?

പണ്ടു യോദ്ധാക്കൾ പടച്ചട്ടയണിഞ്ഞുകൊണ്ടു പോർക്കളത്തിൽ പോയിരുന്നു. ശത്രുക്കൾ അയയ്ക്കുന്ന അമ്പുകൾ മാറിടം പിളരാതിരിക്കണമല്ലോ. നമ്മുടെ ചില എഴുത്തുകാരും ചില നേതാക്കന്മാരും ഭാഷയെ പടച്ചട്ടയാക്കി അണിഞ്ഞുകൊണ്ടാണു് രംഗ പ്രവേശം നടത്തുന്നതു്. അതിന്റെ ആവശ്യം ഇല്ലേയില്ല. വായനക്കാർ പ്രതിയോഗികളല്ല. അവർ പാവങ്ങളുമാണു്. അതുകൊണ്ടു് യോദ്ധാക്കളായിട്ടു് എഴുത്തുകാരും സാംസ്കാരിക മണ്ഡലത്തിലെ നേതാക്കന്മാരും പ്രത്യക്ഷരാകരുതു്. അലങ്കാരമുപേക്ഷിച്ചു പറയട്ടെ. ആശയം പകർന്നുകൊടുക്കുക എന്ന ലക്ഷ്യമാണു് ഭാഷയുടേതു്. അതിനെ വ്യഭിചരിക്കുന്നതു് പാപമാണു്.

ആശയവിനിമയമെന്നപോലെ വികാരസംക്രമണത്തിനും ഭാഷയാണു് ഉപകരിക്കുന്നതു്. സാഹിത്യം എപ്പോഴും വൈകാരികമായതുകൊണ്ടു് വികാരം സ്ഫുടീകരിക്കാത്ത രചന സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രവേശിക്കുകയില്ല. മുൻപു പറഞ്ഞ കാര്യം ആവർത്തിക്കട്ടെ. ടോൾസ്റ്റോയി യുടെ “അന്നാ കരേനിന ” എന്ന നോവലിന്റെ ആദ്യത്തെ വാക്യംതന്നെ നമ്മളെ വികാരപ്രപഞ്ചത്തിൽ കൊണ്ടുചെല്ലുന്നു. അതിൽ നീന്തിത്തുടിച്ചു് നമ്മൾ കുറച്ചുനേരത്തേക്കു ചിന്തയുടെ തീരത്തു വന്നെത്തുന്നു. വീണ്ടും വികാരതരംഗങ്ങൾ നമ്മളെ വലിച്ചെടുക്കുന്നു. കാവ്യത്തിന്റെ സ്വഭാവവും വിഭിന്നമല്ല.

അന്നാപ്പുലരിയിൽ പൂപറിച്ചുംകൊണ്ടു

നിന്നുനീയാളിയുമൊത്താവനികയിൽ

കാളമേഘത്തിൽ കവിത തുളുമ്പിച്ച

കാളിദാസന്റെ ശകുന്തളമാതിരി.

സ്ഫടികസദൃശമായ ജലത്തിൽ സ്വർണ്ണമത്സ്യം ചലനംകൊള്ളുന്നതുപോലെ വികാരം ഇവിടെ ചലനംകൊള്ളുന്നു. ശ്രീകുമാരൻ തമ്പി ക്കു് ഇതിനു കഴിവില്ല.

എണ്ണ കാണാതെയിരുട്ടത്തു തേങ്ങുന്നി-

തെന്റെ സ്വപ്നങ്ങളും ക്ഷേത്രദീപങ്ങളും

ചുറ്റമ്പലങ്ങളിൽ ലക്ഷംവിളക്കുകൾ

കത്തിക്കൂവാനില്ല കൈകളും തൈലവും

(മാതൃഭൂമി ആഴ്ചപ്പതിപ്പു്, സ്വസ്തിർഭവതു)

ഈ വരികളിലും തുടർന്നുള്ള വരികളിലും കാണുന്ന ‘അനീമ്യാ’ (anaemia) എന്ന രോഗം അനുവാചകനു് വൈഷമ്യമുളവാക്കുന്നു. ഫെറസ് സൾഫേറ്റോ ഫെറസ് ഗ്ലൂക്കോനേറ്റോ കൊടുത്താൽ അനീമ്യ (രക്തക്കുറവു്— വിളർച്ച) മാറും. ശ്രീകുമാരൻ തമ്പിയുടെ കാവ്യത്തിനുള്ള രോഗത്തിനു ചികിത്സയില്ല.

ചോദ്യം, ഉത്തരം

ചോദ്യം: സ്ത്രീയെക്കുറിച്ചുള്ള ഏറ്റവും നല്ല സൂക്തമേതു്?

ഉത്തരം: ഇംഗ്ലീഷിലാണതു്. തർജ്ജമചെയ്തു വികലമാക്കാൻ എന്റെ മനസ്സു് അനുവദിക്കുന്നില്ല. അതുകൊണ്ടു് ഇംഗ്ലീഷിൽ തന്നെയാവട്ടെ.

Now what I love in women is, they won’t

Or can’t do otherwise than lie, but do it

So well, the very truth seems falsehood to it”

(Byron)

“കാവ്യാത്മകമായ ഒന്നുകൂടി കേൾക്കട്ടെ”

“The night

shows stars and women in a better light”

(Byron)

ചോദ്യം: ഭാര്യ പറയുന്നതു മാത്രം കേൾക്കുന്ന പെൺകോന്തന്മാരെക്കുറിച്ചു് എന്തു പറയുന്നു?

ഉത്തരം: ഭാര്യ പറയുന്നതുതന്നെ കേൾക്കണം. സത്യം കണ്ടറിയാൻ സ്ത്രീയ്ക്കുള്ള സാമർത്ഥ്യം പുരുഷനില്ല.

ചോദ്യം: കുടിച്ചുകൊണ്ടുവരുന്ന മകനെക്കുറിച്ചു് അച്ഛനെന്തുപറയും? അമ്മയെന്തുപറയും?

ഉത്തരം: ‘ദ്രോഹി മദ്യംകഴിച്ചുകൊണ്ടു വന്നിരിക്കുന്നു’ എന്നു് അച്ഛൻ. ‘എന്റെ മകൻ കൊക്കോകോല കുടിച്ചുകൊണ്ടാണു് വന്നിരിക്കുന്നതു്. അവൻ ഒരുതുള്ളി മദ്യം കഴിക്കില്ല’ എന്നു് അമ്മ.

ചോദ്യം: കവി ബധിരനായാൽ?

ഉത്തരം: വള്ളത്തോളി നെപ്പോലെ മനോഹരമായി പാടും.

ചോദ്യം: കവി അന്ധനായാൽ?

ഉത്തരം: ഹോമറി നെപ്പോലെ ചേതോഹരമായി പ്രഭാതത്തെയും സായാഹ്നത്തെയും വർണ്ണിക്കും.

ചോദ്യം: കവി സ്ത്രീജിതനായാൽ?

ഉത്തരം: വെണ്മണി യെപ്പോലെ മൂരിശൃംഗാരത്തിൽ മുഴുകും.

ചോദ്യം: കവി സ്ത്രീസൗന്ദര്യത്തിന്റെ ആരാധകനായാൽ?

ഉത്തരം: ചങ്ങമ്പുഴ യെപ്പോലെ, ഇടപ്പള്ളി യെപ്പോലെ അവളെ രമണീയമായി വർണ്ണിക്കും.

ഫലിതം
  1. ഒരിടത്തു ഒരെലി സ്വൈരമായി ഇരിക്കുകയായിരുന്നു. അപ്പോഴാണു് മ്യാവു, മ്യാവു എന്ന ശബ്ദം കേട്ടതു്. കൊച്ചെലി പ്രാണഭീതിയോടെ ഒരു ദ്വാരത്തിൽ കയറി ഒളിച്ചു. മ്യാവു, മ്യാവു—ആ ശബ്ദം അവസാനിച്ചാൽ മാത്രം പോരാ. ബൗ ബൗ എന്ന ശബ്ദംകൂടി കേൾക്കണം. അപ്പോഴേ പുറത്തുവരാൻ പറ്റൂ. കാരണമുണ്ടു്. ഈ ബൗ ശബ്ദക്കാരൻ മ്യാവു, മ്യാവു ശബ്ദക്കാരനെ പിടിച്ചുതിന്നും. പൊടുന്നനവേ ബൗ ബൗ എന്നുകേട്ടു. വീട്ടിലെ നായ് തന്നെ. ഇനി പേടിക്കാനില്ല. നായ് എലിയെ തിന്നുകയില്ലല്ലോ. എലി പുറത്തേക്കിറങ്ങി. അവിടെ നില്ക്കുന്നു പൂച്ച. അതു് എലിയെ കൊന്നു് വിഴുങ്ങി. എന്നിട്ടു് ഏമ്പക്കംവിട്ടുകൊണ്ടു പറഞ്ഞു: “രണ്ടു ഭാഷയിൽ സംസാരിക്കാൻ പഠിച്ചതു് എന്തൊരു ഭാഗ്യമായി”
  2. ശവകുടീരത്തിലെ കല്ലിൽ ഇങ്ങനെ കൊത്തിവച്ചിരുന്നു: “ഇവിടെ ഒരു വക്കീൽ ശയിക്കുന്നു. ഒരു സത്യസന്ധനും” ശവപ്പറമ്പു് കാണാനെത്തിയ ഒരുവൻ അതുകണ്ടു പറഞ്ഞു: കാലം എത്രമോശം. അവർ രണ്ടുപേരായാണു് ഇപ്പോൾ ഒരു ശവക്കുഴിയിൽ അടക്കുന്നതു്.
  3. “1928-ൽ ഒരാൾ ജനിച്ചു. ഇന്നു് അയാൾക്കു് എത്ര വയസ്സുണ്ടു്?” “ജനിച്ചയാൾ പുരുഷനോ സ്ത്രീയോ?”
images/Kumbalathsankupillai.jpg
കുമ്പളത്തു ശങ്കുപ്പിള്ള

വിദേശത്തെ ഈ ഫലിതകഥകൾ ഇവിടെ എഴുതിയതിനു വിശേഷിച്ചു ഹേതുവൊന്നുമില്ല. കെ. എൽ. മോഹനവർമ്മ യുടെ ഭേദപ്പെട്ട “ഭജനം” എന്ന ഹാസ്യകഥ വായിച്ചപ്പോൾ ഇവകൂടി എഴുതാമെന്നു വിചാരിച്ചു. അത്രേയുള്ളൂ. യൂറോപ്യൻ സാഹിത്യത്തിൽനിന്നു മോഷ്ടിച്ചാൽ ഇംഗ്ലീഷറിയാവുന്നവർ അതുവേഗം കണ്ടുപിടിക്കും. അതുകൊണ്ടു് മോഹനവർമ്മയുടെ പ്രൊഫസർ ചൈനയിലെ ഭാഷ പഠിക്കുന്നു. ഇവിടെ ആ ഭാഷ ആർക്കുമറിഞ്ഞുകൂടാ. അതിലെ കൃതികൾ മലയാളത്തിലാക്കിയാൽ പ്രൊഫസറുടെ ഒറിജിനാലിറ്റിയെക്കുറിച്ചു് സംശയമുണ്ടാവുകയില്ല ഒരുത്തനും (കഥ കലാകൗമുദിയിൽ).

സംഭവങ്ങൾ
  1. കൊല്ലം ബസ് സ്റ്റേഷൻ. ഞാനന്നു വിദ്യാർത്ഥിയാണു്. വടക്കോട്ടു പോകാൻ ബാഗും തൂക്കിനിന്ന എന്റെ മുൻപിൽ തിരുവനന്തപുരത്തേക്കുള്ള ഒരു ബസ് വന്നു നിന്നു. എന്തൊരു ഉന്തുംതള്ളുമായിരുന്നെന്നോ! അതൊക്കെ സഹിച്ചുകൊണ്ടു് ബസ്സിൽ കയറിയ സ്ത്രീകളിൽ ഒരു ചെറുപ്പക്കാരി കാണാൻ ഭേദപ്പെട്ടവളായിരുന്നു. അവളെ കണ്ടയുടനെ ദൂരെനിന്ന ഒരു ചെറുപ്പക്കാരൻ ആളുകളെ തള്ളിമാറ്റിക്കൊണ്ടു് ബസ്സിനകത്തേക്കു കടന്നു. എന്നിട്ടു് ആ യുവതിയെ വല്ലാതെ പീഡിപ്പിച്ചു. ഞങ്ങൾക്കൊക്കെ നിസ്സഹായരായി നോക്കിനില്ക്കാനേ കഴിഞ്ഞുള്ളു. പക്ഷേ, അതുകണ്ട ഒരു ബലിഷ്ഠ ഗാത്രൻ കോപം കൊണ്ടു ചുവന്ന മുഖത്തോടെ ബസ്സിൽ ചാടിക്കയറി സ്ത്രീയെ അപമാനിച്ചു കൊണ്ടിരുന്ന യുവാവിനെ വലിച്ചുപുറത്തേക്കിട്ടു. അദ്ദേഹം അയാളെ വേണ്ടുവോളം മർദ്ദിച്ചു. ചവിട്ടും അടിയുമേറ്റ അയാൾ “അയ്യോ മാപ്പുതരണേ” എന്നു നിലവിളിക്കുന്നുണ്ടായിരുന്നു. കൊടുക്കേണ്ടതു മുഴുവൻ കൊടുത്തിട്ടു് ആ മല്ലയുദ്ധ പ്രവീണൻ മാറിനിന്നു. എല്ലാവരും—ഞാനുൾപ്പെടെയുള്ള എല്ലാവരും—അദ്ദേഹത്തെ ബഹുമാനിച്ചു; അഭിനന്ദിച്ചു. അടുത്തുനിന്ന ഒരാളിനോടു് ഞാൻ ചോദിച്ചു, അദ്ദേഹമാരാണെന്നു്. അയാൾ അടക്കിയ സ്വരത്തിൽ എന്നോടു പറഞ്ഞു: “കുമ്പളത്തു ശങ്കുപ്പിള്ള ” വർഷങ്ങൾക്കുശേഷം ഞാൻ ഒരു കാര്യമായി പന്മനയിൽ പോയി അദ്ദേഹത്തെ കാണാൻ. കുമ്പളത്തു ശങ്കുപ്പിള്ള റേഡിയോയിൽ നിന്നുവരുന്ന കഥകളിപ്പാട്ടു കേട്ടുകൊണ്ടിരിക്കുന്നു. “വല്ലപ്പോഴുമേ റേഡിയോ ആളുകളെ കഥകളിപ്പാട്ടു കേൾപ്പിക്കു” എന്നു അദ്ദേഹം പരാതിയുടെ മട്ടിൽ എന്നോടു പറഞ്ഞു.
  2. ഫ്രാൻസിലെ രാജ്ഞിയായിരുന്ന മാറീ ആങ്ത്വാനത് (Marie Antoinette) 1793-ൽ ഫ്രഞ്ച് വിപ്ലവകാരികളാൽ വധിക്കപ്പെട്ടു. വധസ്ഥലത്തേക്കു അവരെക്കൊണ്ടുപോയപ്പോൾ ഒരു ക്ഷോഭവും കൂടാതെയാണു് അവർ കുതിരവണ്ടിയിലിരുന്നതെന്നു് ഷ്ടെഫാൻ ത്സ്വൈഫ് (Stefan Zweig) പറയുന്നു. (അദ്ദേഹം എഴുതിയ Marie Antoinette എന്ന ജീവചരിത്രത്തിൽ) തലയുയർത്തിപ്പിടിച്ചുകൊണ്ടു് അവർ വധസ്ഥലത്തെ പടികൾ കയറി. അറിയാതെ വധകർത്താവിന്റെ കാലിൽ ചവിട്ടിപ്പോയി ആങ്ത്വാനത്. ഉടനെ അവർ Sorry എന്നു പറയുകയും ചെയ്തു. (സോറി എന്നു പറഞ്ഞതു് ത്സ്വൈഹിന്റെ പുസ്തകത്തിലില്ല. വേറൊരു ജീവചരിത്രത്തിൽ കണ്ടതാണു്)
  3. ഇന്നു തിരുവനന്തപുരത്തെ ‘സിറ്റി ബസ്സുകൾ’ ഏതു സ്റ്റോപ്പിലും നിറുത്തും. മുൻപു് ഇങ്ങനെയായിരുന്നില്ല. അക്കാലത്തു് എന്റെ പരിചയക്കാരനായ ഒരു ഡ്രൈവറോടു ഞാൻ അതിനെക്കുറിച്ചു പറഞ്ഞപ്പോൾ അയാൾ മറുപടി നല്കിയതു് ഇപ്രകാരം: “പിന്നേ സ്റ്റോപ്പുകളിലൊക്കെ ബസ് നിറുത്തി യാത്രക്കാരെ കയറ്റാൻ തുടങ്ങിയാൽ ഡിപ്പാർട്ടുമെന്റ് നിശ്ചയിച്ചിട്ടുള്ള അരമണിക്കൂർകൊണ്ടു് ബസ്സ് സ്റ്റാർട്ടിങ് പോയിന്റിൽ തിരിച്ചെത്തുകയില്ല. പിന്നെ അതിനു് സമാധാനം എഴുതേണ്ടിവരും”.
  4. കോൺവെന്റ് സ്കൂളിൽ എട്ടാം സ്റ്റാൻഡേഡിൽ പഠിക്കുന്ന പേരക്കുട്ടി എന്നോടു ചോദിച്ചു: “രാത്രി എട്ടുമണിക്കു് ഞാൻ ഉറങ്ങാൻ കിടന്നു. കാലത്തു് ഒൻപതിനു് എഴുന്നേല്ക്കാൻ റ്റൈംപീസിനു് അലാറം കൊടുത്തുവച്ചു. ഞാൻ എത്ര മണിക്കൂർ ഉറങ്ങി? ഞാൻ മറുപടി പറഞ്ഞു: “പതിമ്മൂന്നു മണിക്കൂർ” തെറ്റെന്നായി പേരക്കുട്ടി. “എന്തുകൊണ്ടു തെറ്റു്?” എന്ന എന്റെ ചോദ്യം. അവൾ: ഒൻപതുമണിക്കു് അലാറം കൊടുത്തുവച്ചാൽ ഒരു മണിക്കൂർ കഴിഞ്ഞു് മണിയടിക്കുകയില്ലേ? അപ്പോൾ ഒരു മണിക്കൂറല്ലേ ഉറങ്ങൂ”.
അനുഭൂതി റാക്കിലിരിക്കുന്നു
images/MarieAntoinette.jpg
മാറീ ആങ്ത്വാനത്

പൂവിനെ പൂവായി വർണ്ണിക്കാം. അതിനെ റാണിയായി വർണ്ണിക്കാം. റാണിയായി ചിത്രീകരിക്കുമ്പോഴും അതു പൂവാണെന്നു നമുക്കു തോന്നണം. ഈ മൂന്നാമത്തെ രീതിയാണു് കലയുടേതെന്നു് റസ്കിൻ പറഞ്ഞിട്ടുണ്ടു്. (ഓർമ്മയിൽനിന്നു്) ഇപ്പോഴത്തെ രീതി ഇതൊന്നുമല്ല. പൂവിനെ വർണ്ണിച്ചാൽ വായനക്കാരനു് അതു കാട്ടുകുരങ്ങായി തോന്നും. വേറൊരു വിധത്തിൽ എഴുതാം. എനിക്കു തിരുവനന്തപുരത്തുനിന്നു് അഞ്ചു നാഴിക അകലെയുള്ള കടപ്പുറത്തു പോകണമെങ്കിൽ കാറിൽ പോകാം. ഓട്ടോറിക്ഷയിലാകാം. കാളവണ്ടിയിലാകാം യാത്ര. വാഹനമൊന്നും വേണ്ട, നടന്നുപോകാം. പൊയ്ക്കാലിൽ കയറി പന്ത്രണ്ടടിപ്പൊക്കമാർന്നു അവിടെയെത്താം. എങ്ങനെ സഞ്ചരിച്ചാലും കടപ്പുറത്തെത്തും. നവീനന്മാർ പൂവിനെ കാട്ടുകുരങ്ങാക്കുന്നു. പൊയ്ക്കാലിൽ കയറി കടപ്പുറത്തു ചെല്ലുന്നു. ഈ വിലക്ഷണരീതി നിലവിലിരിക്കുമ്പോൾ യു. കെ. കുമാരനും അദ്ദേഹത്തെപ്പോലെ വേറെ ചിലരും ‘നേരേ ചൊവ്വേ’ എഴുതുന്നതു് എത്ര ആശ്വാസപ്രദമാണ്! പക്ഷേ, നേരേ ചൊവ്വേ എഴുതി എന്നതു കൊണ്ടുമാത്രം രചന സാഹിത്യമായി മാറുകയില്ല. ‘പറമ്പിലൂടെ ഒരു സ്ത്രീ നടന്നു’ എന്നു പറഞ്ഞാൽ അതു് വിരസമായ ഒരു പ്രസ്താവം മാത്രം. എന്നാൽ കവി.

തടിമരവുമിടയ്ക്കിടയ്ക്കു വള്ളി-

ക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പിൽ

വടിവൊടവൾ വിളങ്ങി വാനിൽനിന്നും

ഝടിതി പതിച്ചൊരു കൊച്ചുതാരപോലെ

എന്നു എഴുതുമ്പോൾ അതു കലയായി മാറുന്നു. അനുഭൂതിയാണു് സാഹിത്യത്തിന്റെ അനുപേക്ഷണീയഘടകം. അനുഭൂതിയില്ലെങ്കിൽ സാഹിത്യമില്ല, കലയില്ല. യു. കെ. കുമാരന്റെ “നമ്പീശൻ കരയുന്നില്ല” എന്ന കഥയുടെ ന്യൂനത അതുതന്നെയാണു്. (കുങ്കുമം വാരിക) ഒരുദ്യോഗസ്ഥന്റെ ജീവിത വൈഷമ്യങ്ങളെക്കുറിച്ചാണു് കഥാകാരനു എഴുതാനുള്ളതു്. അതു് സത്യസന്ധമായി അദ്ദേഹം അനുഷ്ഠിക്കുന്നുണ്ടുതാനും. പക്ഷേ, കഥയ്ക്കു് ആകെക്കൂടി ഒരു ‘ഡൾനെസ്സ് ’. ജവുളിക്കടയിൽ ചെന്നുകയറുന്ന നമ്മുടെ മുൻപിൽ വില്പനക്കാരൻ സാരികളും മറ്റും നിമിഷം തോറുമെടുത്തു നിവർത്തി എറിയും. ഒന്നുനോക്കിത്തീരുന്നതിനുമുൻപു് മറ്റൊന്നു് അതിന്റെ പുറത്തു വന്നുവീഴും. ആ വില്പനക്കാരനോടു നമുക്കു നീരസംതോന്നുന്നു. മറ്റൊരാൾ അങ്ങനെയല്ല. മിണ്ടാതെ നില്ക്കും. ‘ഒരു ചുവന്ന സാരിയെടുക്കു’ എന്നു നമ്മൾ പറഞ്ഞാൽ അടുക്കിവച്ചിരിക്കുന്ന അനേകം സാരികളുടെ ഇടയിൽനിന്നു് ഒരു ചുവന്ന സാരിമാത്രം വലിച്ചെടുത്തു മുൻപിൽ വയ്ക്കും. പിന്നെ മൗനമാണു്. ഇയാളോടും നമുക്കു നീരസമത്രേ.

images/JohnRuskin1863.jpg
റസ്കിൻ

നവീനന്മാർ കണ്ണടച്ചുതുറക്കുന്നതിനുമുൻപു് സാരികൾ വലിച്ചിട്ടു കൂമ്പാരമുണ്ടാക്കുന്നു. കുമാരനെപ്പോലുള്ളവർ അനുഭൂതിയെ ഷെൽഫിൽ നിന്നെടുക്കാതെ—തെറ്റിപ്പോയി പ്രയോഗം. റാക്കിൽ നിന്നെടുക്കാതെ—മൗനമാർന്നു നില്ക്കുന്നു. ഈ നില്പു് വൈരസ്യജനകമാണു്.

  1. ചോദ്യങ്ങൾക്കു ഉത്തരം നല്കുമ്പോൾ ഒരു ‘ഇന്റലക്ച്വൽ സ്പാർക്ക്’ ഉണ്ടാവണം. മലയാറ്റൂർ രാമകൃഷ്ണനു് ആ സ്ഫുലിംഗമുളവാക്കാൻ അറിയാം. പക്ഷേ, ജനയുഗം വാരികയിലെ ഒരുത്തരത്തിലും അതു് ഇന്നേവരെ കണ്ടിട്ടില്ല. ഇന്നത്തെ രീതിയിൽ ഉത്തരമെഴുതുന്നതു് പാഴ്‌വേലയാണു്.
  2. കെ. എൻ.നമ്പൂതിരി, നെടുവേലി എക്സ്പ്രസ് വാരികയിലെഴുതിയ “വർണ്ണവൃത്തം” എന്ന ചെറുകഥ വായിച്ചു. അമ്മയെയും പെങ്ങളെയും പുലർത്താൻവേണ്ടി ജോലിതെണ്ടി നടക്കുന്ന ഒരുത്തൻ ആ പെങ്ങൾ ഹോട്ടലിൽ വ്യഭിചരിക്കുന്നതു് കാണുന്നു. ചാരിയ ജന്നൽപ്പലകയുടെ പഴുതിലൂടെയാണു് അയാൾ നോക്കിയതു്. കഥാകാരന്റെ നോട്ടവും അങ്ങനെതന്നെ. ജീവിതസ്പന്ദമോ രചനാവൈദഗ്ദ്ധ്യമോ ഇല്ലാത്ത ഈ കഥയെ ഒരു ഇംഗ്ലീഷ് വാക്കുകൊണ്ടാണു് ഞാൻ വിശേഷിപ്പിക്കുന്നതു് disgusting.
  3. എന്നെപ്പോലെ ചാരുകസേരയിൽ പലകവച്ചു് എഴുതാം. ‘സിറ്റിങ് ചെയറി’ൽ ഇരുന്നുകൊണ്ടു കഥയെഴുതാം. നിന്നുകൊണ്ടു് സ്റ്റാൻഡിൽ കടലാസ്സു് വച്ചു് എഴുതാം. ഒരു ബൗൾ. അതിനൊരു അടപ്പു്. ഒരു ഹാൻഡിൽ തിരിച്ചാൽ ശബ്ദത്തോടെ വെള്ളമൊഴുകുന്ന ഏർപ്പാടു്. ഈ സംവിധാനമൊക്കെയുള്ള ഉപകരണത്തിന്റെ പുറത്തുകയറിയിരുന്നും ചെറുകഥ എഴുതാം. അപ്പോൾ പുതുവെള്ളം മലിനജലമായിക്കൊണ്ടിരിക്കും. “സരോവര”ത്തിന്റെ നിർമ്മലജലത്തെ മലിനജലമാക്കുന്നു ആ ഉപകരണത്തിൽ കയറിയിരുന്നു “പുതുവെള്ളത്തിൽ” എന്ന ‘കഥ’യെഴുതിയ കെ. പി. കൃഷ്ണൻകുട്ടി.
ഈ പുസ്തകം വായിക്കൂ
images/KrishnamurtiBiography.jpg

ഇൻഡ്യയിലുള്ളവർ എഴുതുന്ന പുസ്തകങ്ങൾ ഞാനധികവും വായിക്കാറില്ല. അവരും അവരുടെ പ്രസാധകരും പ്രസാധകരുടെ കൂട്ടുകാരായ നിരൂപകരും ആ പുസ്തകങ്ങൾ വളരെ കേമമാണെന്നു പറഞ്ഞു നമ്മളെ വഞ്ചിക്കും. ഒരുദാഹരണം വിക്രം സേത്തി ന്റെ The Golden Gate എന്ന കാവ്യനോവൽ. ഈ മുൻവിധി വച്ചുകൊണ്ടു് പൂപൂൽ ജയക്കർ എഴുതിയ Krishnamurti എന്ന പുസ്തകം ഞാൻ വായിക്കാതിരുന്നെങ്കിൽ അതു് വലിയ നഷ്ടമായിത്തീർന്നേനേ. അത്രയ്ക്കു മനോഹരവും ചിന്തോദ്ദീപകവുമാണു് ഈ ഗ്രന്ഥം. കൃഷ്ണമൂർത്തിയുടെ ദർശനത്തിന്റെ സ്പഷ്ടതയാർന്ന വ്യാഖ്യാനം മാത്രമല്ല ഇതു്. ഒരു കാലയളവിന്റെ ചരിത്രവും ചിത്രവുമാണിതു്. ഇതിൽ ജവാഹർലാൽ നെഹ്റു വും ഇന്ദിരാഗാന്ധി യും വിനോബഭാവെ യും അൽഡസ് ഹക്സിലി യും ചൈതന്യത്തോടെ പ്രത്യക്ഷരാകുന്നു. അവർക്കൊക്കെ കൃഷ്ണമൂർത്തി സ്നേഹസാന്ദ്രങ്ങളായ ഉപദേശങ്ങൾ നല്കുന്നതു് നമ്മൾ കേൾക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ അവർ മാനിച്ചിരുന്നുവെന്നു അറിയുന്നതുതന്നെ നമുക്കു അഭിമാനകരമത്രേ. നമ്മുടെ വൈകാരിക മണ്ഡലത്തിലും ധിഷണാപരമായ മണ്ഡലത്തിലും തരംഗപരമ്പരകൾ സൃഷ്ടിക്കുന്ന ഈ ഗ്രന്ഥത്തിലെ ഒരു ഭാഗം നോക്കുക.

“ She (Indira Gandhi) appeared totally unafraid of herself, but was extremely anxious for her son, Sanjay. She had been told by the few people who remained with her that he would be arrested and tortured in jail. I did not know how to comfort her” (P. 345).

മറ്റൊരു ഭാഗം:

Its (‘Deschooling Soceity’ Iran Illich) originally and intensity intrigued me and on my return to India I gave the book to Indira Gandhi. She read the book, thought it relevant to the Indian situation, and arranged for Illich to be invited to India (PP. 302, 303).

വേറൊരു ഭാഗംകൂടി:

“Years later, after her son Sanjay’s death, I asked Indira whether she cried easily. She thought for a while then said, ‘No, sorrow does not bring tears. But when I am deeply moved, especially by great beauty, I weep” (P. 342).

‘മരിക്കാൻ അഭ്യസിക്കൂ’ എന്നായിരുന്നു കൃഷ്ണമൂർത്തിയുടെ ഉപദേശം അദ്ദേഹവും ആ ഉപദേശമനുസരിച്ചു മരിച്ചു. “പൂപൂൽ, ഇന്നു രാത്രി ഞാൻ മലകളിൽ ദീർഘകാലയാത്രയ്ക്കായി പോകും. മൂടൽമഞ്ഞു് ഉയരുന്നു.” എന്നദ്ദേഹം പറഞ്ഞു. പൂപൂൽ ജയക്കാർ തിരിഞ്ഞുനോക്കാതെ നടന്നു് ആ മുറി വിട്ടുപോയി. പെസിഫിക് സ്റ്റാൻഡേഡ് സമയം ഒൻപതു മണിക്കു കൃഷ്ണമൂർത്തി ഉറങ്ങി, മലകളിലെ ദീർഘയാത്രയ്ക്കുവേണ്ടി മൂടൽമഞ്ഞു ഉയരുകയായിരുന്നു. അതിലൂടെ അദ്ദേഹം നടന്നു. നടന്നകലുകയും ചെയ്തു.

ഈ ഗ്രന്ഥം വായിച്ചതോടെ എന്റെ ജീവിതം ധന്യമായി ഭവിച്ചിരിക്കുന്നു. (Krishnamurthi, A Biography, Harper and Row, Sanfrancisco $22.95.)

കേരളത്തിനിന്നാവശ്യം നല്ലൊരു പ്രതിപക്ഷമാണു്. അംഗസംഖ്യകൊണ്ടു് ഭരണപക്ഷത്തിൽ ഇന്നു് വളരെയൊന്നും പിറകിലല്ല പ്രതിപക്ഷം. പക്ഷേ, ആ പ്രതിപക്ഷമിപ്പോൾ എത്രയോ തട്ടുകളിലായി മാറിക്കഴിയുന്നു. കഴിഞ്ഞ ഭരണകാലത്തു് ഭിന്നിപ്പിച്ചു ഭരിപ്പിച്ചതുപോലെ പ്രതിപക്ഷത്തിരിക്കുന്ന കാലത്തും സമീപിച്ചാൽ പ്രതിപക്ഷം നാലു വഴിക്കാകും. അങ്ങനെ ആയിക്കൊണ്ടിരിക്കുകയുമാണു്. നല്ലതിനും തീയതിനും എന്തെങ്കിലും ബഹളമുണ്ടാക്കലും വെല്ലുവിളിക്കലും മാത്രം നയമാക്കിയ ഒരു പ്രതിപക്ഷനേതൃത്വം സംസ്ഥാനത്തിനു് യാതൊരു ഗുണവും ചെയ്യാൻ പോകുന്നതുമില്ല. നേതാവിനെ വിശ്വസിക്കുന്ന സഹപ്രവർത്തകരും സഹപ്രവർത്തകരെ അവിശ്വസിക്കാത്ത ഒരു നേതാവുമുണ്ടെങ്കിൽ നിയമസഭയിലും പുറത്തും വിസ്മയങ്ങൾ കാണിക്കാവുന്ന അവസ്ഥയാണു് ഇന്നിവിടെ കോൺഗ്രസ് ഐക്കു മുന്നിലുള്ളതു്. ഈ അവസരങ്ങൾ, മുമ്പെന്നതുപോലെ കാലുകൊണ്ടു തട്ടി എറിഞ്ഞു കൊണ്ടിരിക്കുകയാണു്, ബന്ധപ്പെട്ടവരിപ്പോൾ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-09-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.