സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-09-27-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

images/KumaranAsan.jpg
കുമാരനാശാൻ

കുറെക്കാലംമുമ്പു് കേശവദേവും കർമ്മചന്ദ്രനും ഞാനും അഞ്ചുതെങ്ങിനടുത്തുള്ള ഒരു സ്ഥലത്തു് ഒരു സമ്മേളനത്തിനു പോയി. വള്ളത്തിലിരിക്കുമ്പോൾ ആരോ കുമാരനാശാനെ ക്കുറിച്ചു് എന്തോ പറഞ്ഞിട്ടു് ഞങ്ങളോടു ചോദിച്ചു: “ഇത്രത്തോളം പ്രകൃതി സുന്ദരമായ സ്ഥലത്തു കഴിഞ്ഞു കൂടിയ ആശാൻ എന്താണു് ആ സൗന്ദര്യം സ്വന്തം കവിതയിൽ പ്രതിഫലിപ്പിക്കാത്തതു്?” ഞാൻ മറുപടി നല്കി: “ഉണ്ടല്ലോ. ‘പ്രരോദന’ത്തിലെ ആദ്യത്തെ ഒന്നു രണ്ടു ശ്ലോകങ്ങളിൽ കേരളത്തിന്റെ പ്രകൃതി പ്രതിഫലിക്കുന്നു”. ചോദ്യകർത്താവിനു് ആ മറുപടി തൃപ്തി നല്കിയില്ല. “എന്നാൽ പ്രസംഗത്തിന്റെ വിഷയം അതു തന്നെയാകട്ടെ” എന്നു കേശവദേവു് നിർദ്ദേശിച്ചു. അന്നു് ഞാനെന്തു പറഞ്ഞുവെന്നു് ഓർമ്മയില്ല. ഇന്നാണെങ്കിൽ എന്തു പറയുമെന്നു ചുരുക്കിയെഴുതാം. കുമാരനാശാന്റെ കവിതയിലെ ധിഷണാ പ്രഭാവം ആദരണീയമാണു്. അധഃസ്ഥിതരെ ചവിട്ടാനുയർത്തുന്ന കാലിന്റെ നേർക്കും അടിക്കാനോങ്ങുന്ന കൈപ്പത്തിയുടെ നേർക്കും ധിഷണയുടെ നേത്രങ്ങൾ വ്യാപരിപ്പിച്ച മഹാകവിക്കു് ‘മാനത്തെത്തിയ’ മഴവില്ലിന്റെ അഴകു കാണാനും തീനാളം പോലെ നടക്കുന്ന ചെറുപ്പക്കാരിയുടെ സൗന്ദര്യം ദർശിക്കാനും സമയമില്ലായിരുന്നു. വള്ളത്തോൾ ക്കവിതയിലെ നായികയുടെ നിതംബം, ജി. ശങ്കരക്കുറുപ്പു പറഞ്ഞതു പോലെ, അനുവാചകനെ സ്പർശിച്ചെന്നു വരും. കുമാരനാശാൻ സ്ത്രീയെ കണ്ടിരിക്കാം. പക്ഷേ, അവളുടെ പ്രത്യേകമായ ഒരവയവത്തിലേക്കും കണ്ണോടിച്ചിട്ടില്ല. പിന്നെയല്ലേ.

“ചുമലണിവസനത്തിനുള്ളിൽ വിങ്ങും

സുമഹിത വാർമുലയും നിതംബവായ്പും

ശ്രമമൊടനുമദിച്ച വേഗമാർന്നു്”

കമനി നടക്കുന്നതു് അദ്ദേഹം കാണുക. തകർന്നുകിടക്കുന്ന കരിങ്കൽത്തൂണുകളിലെ അദ്ഭുതസ്ത്രീരൂപങ്ങൾ കണ്ടു് ‘നിങ്ങൾ ദീർഘകാലം ആട്ടമാടി മേനി വിയർത്തുനില്ക്കുകയാണോ? എന്നു കുഞ്ഞുരാമൻ നായരെ പ്പോലെ ചോദിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. ഹരിതാഭങ്ങളായ പാടങ്ങൾ പുഞ്ചിരിപൊഴിക്കുന്നതും പൂക്കൾ സൗരഭ്യം പ്രസരിപ്പിക്കുന്നതും ശ്രദ്ധിക്കാൻ കുമാരനാശാനു സമയമെവിടെ? മനുഷ്യപുരോഗതിയെ ലക്ഷ്യമാക്കി കാവ്യം രചിക്കുന്ന കവിയുടെ പദവിന്യാസക്രമം പലപ്പോഴും പരുക്കനായിരിക്കും.

അളിപടലികൾമൂളിരന്ധ്രമേലും

മുളകൾ മരുത്തിലുലഞ്ഞു മെല്ലെയൂതി

തളിർനിരമൃദുതാളമേകിയേവം

കളകളമായതിമോഹനം വനത്തിൽ

എന്നു് ആശാൻ എഴുതിയിട്ടുണ്ടാവും എന്നാൽ ആ ശബ്ദഭംഗി അദ്ദേഹത്തിന്റെ കാവ്യത്തിനുള്ള സാമാന്യഗുണമായി പറയാവുന്നതല്ല.

കുളിയതുപൊഴുതേ കഴിഞ്ഞകൊണ്ടൽ

ക്കുളിർകുഴലാളുടെ കോമളാമലാംഗം

ഒളിവിതറി, മിനുക്കുവേലതീരും

ലളിതസുവർണ്ണശലാകയെന്നപോലെ

എന്നു വള്ളത്തോൾ വിശ്വവശ്യമായ സൗന്ദര്യം സ്ത്രീയിൽ ദർശിച്ചെഴുതുമ്പോൾ അദ്ദേഹത്തിന്റെ കവിത പ്രകൃതിരാമണീയകത്തിൽനിന്നു പ്രചോദനം കൈവരിച്ചതാണെന്നു കരുതാവുന്നതാണു്. വിരളമായി പ്രകൃതിസൗന്ദര്യത്തിൽ അഭിരമിക്കുന്ന കുമാരനാശാൻ ‘ജനനി മരിച്ചു ചിത്തതാപം തീരാത്ത ഉണ്ണികളുടെ കണ്ണുനീർക്കുളത്തിൽ’ കണ്ണയയ്ക്കുന്നതിലാണു തല്പരൻ. വള്ളത്തോളും പി. കുഞ്ഞിരാമൻ നായരും പ്രകൃതിഭംഗി ആസ്വദിക്കട്ടെ. കുമാരനാശാൻ സമ്പൂർണ്ണമനുഷ്യന്റെ ഭംഗി കാണാൻ ശ്രമിച്ചെങ്കിൽ അതിലെന്തു തെറ്റിരിക്കുന്നു.

ഈച്ച:
മധുരപലഹാരങ്ങൾ തിന്നു വളരാൻ വേണ്ടി തിരുവനന്തപുരത്തെ ഹോട്ടലുകാർ കണ്ണാടിപ്പെട്ടികളിൽ അടച്ചുവളർത്തുന്ന ജീവി.
ഫൗണ്ടൻ പേന:
കടകളിലെ കണ്ണാടിക്കൂട്ടിലിരിക്കുമ്പോൾ മനോഹരമായ വസ്തു. വലിയ വിലകൊടുത്തു വാങ്ങിക്കഴിഞ്ഞാൽ ദൂരെ എറിയേണ്ടതു്.
വിപ്ലവകവി:
കൊട്ടാരം പോലുള്ള കെട്ടിടത്തിൽ താമസിച്ചു്, മോട്ടോർകാറിൽ സഞ്ചരിച്ചു്, വിലകൂടിയ ഭക്ഷണംകഴിച്ചു്, ബൂർഷ്വാസിയുടെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ചു് വാക്കുകളിലൂടെമാത്രം വിപ്ലവം പ്രസംഗിക്കുന്ന കാരുണ്യ സിന്ധു.
നാലപ്പാട്ട്

ധിഷണാപരമായ ഭാവനയുണ്ടു്, കാവ്യാത്മക ഭാവനയുണ്ടു്. ഷെല്ലി, കീറ്റ്സ് ഈ കവികളുടെ ഭാവന കാവ്യാത്മകമകമത്രെ. ബ്രൗണിങിന്റെ ഭാവന ധിഷണാപരവും. അതുകൊണ്ടാണു് കീറ്റ്സ് പാടിയപ്പോൾ ബ്രൗണിങ് ഗർജ്ജിച്ചുവെന്നു് ആരോ പറഞ്ഞതു്. നാലപ്പാടന്റെ ഭാവന ഈ രണ്ടുമല്ല. അതിനു ഭാഷാന്തരകാരീഭാവന എന്ന പുതിയ പേരുനല്കാം. അഴീക്കോടു് അത്യുക്തിയെ കൂട്ടുപിടിച്ചുകൊണ്ടു നടത്തുന്ന ഉദീരണങ്ങൾ അവാസ്തവികങ്ങളായി എനിക്കു തോന്നിപ്പോയി.

കവിത ചിത്രശലഭത്തെപ്പോലെ പറന്നു വരണം. അല്ലെങ്കിൽ പൂപോലെ സ്വയം വിടരണം. ഇവ രണ്ടുമല്ല നാലപ്പാടന്റെ കവിത (കണ്ണുനീർത്തുള്ളി). അതു് ഫിലിപ്പിൻസിലെ സ്വേച്ഛാധിപതിയായിരുന്ന മാർകോസി ന്റെ പത്നിയെപ്പോലെ അയൺ ബട്ടർഫ്ലൈയാണു്. ഈ ചിത്രശലഭം—അയോമയ ചിത്രശലഭാ ‘പ്യൂപ്പ’ പൊട്ടി പുറത്തുവന്നതല്ല. ടെനിസൺ എന്ന പടിഞ്ഞാറൻ കവിയുടെ ‘ഇൻമെമ്മോറിയം’ എന്ന വിലാപകാവ്യത്തിൽനിന്നു ജനിച്ചതാണു്. സദൃശങ്ങളായ ആശയങ്ങൾ ഉൾക്കൊള്ളുന്ന വരികൾ ഈ ലേഖകൻ മുൻപെടുത്തു കാണിച്ചിട്ടുണ്ടു് തത്ത്വചിന്തയിലും “കണ്ണുനീർത്തുള്ളി” ഇൻ മെമ്മോറിയലിനെ അനുകരിക്കുന്നു. ഡ‍ോക്ടർ ലീലാവതി അഭിമാനധുരന്ധരയായി ഉദ്ധരിക്കുന്ന ശ്ലോകം—

ഞാനിങ്ങു ചിന്താശകലങ്ങൾ കണ്ണു

നീരിൽ പിടിപ്പിച്ചൊരു കോട്ടകെട്ടി

അടിച്ചുടച്ചാൻ ഞൊടികൊണ്ടതാരോ

പ്രപഞ്ചമേ നീയിതുതന്നെയെന്നും

എന്ന ശ്ലോകം മൗലികമല്ല. പ്രപഞ്ചത്തിന്റെ ഈ സംഹാരാത്മകത്വം ടെനിസണും സ്വന്തം കൃതിയിൽ ആവിഷ്കരിച്ചിട്ടുണ്ടു്. ‘നരൻക്രമാൽത്തന്റെ ശവം ചവിട്ടിപ്പോകുന്നൊരിപ്പോക്കുയരത്തിലേക്കോ” എന്ന നാലപ്പാടന്റെ വരികൾ That men may rise upon their dead selves എന്നാരംഭിക്കുന്ന ഇൻമെമ്മോറിയത്തിലെ വരികളുടെ ഭാഷാന്തരീകരണമാണു്.

കണ്ണുനീർത്തുള്ളിയിലെ രചനാരീതി നല്ല കവിയുടേതല്ല. നൈസർഗ്ഗികത്വമോ സൗന്ദര്യമോ ഇല്ലാത്ത രീതിയാണതു്. ഭാരം കൊണ്ടു നീലാന്തരീക്ഷത്തിലേക്കുയരാൻ കഴിയാതെ ഈ ഇരുമ്പു ചിത്രശലഭം ഭൂമിയിൽത്തന്നെ നിശ്ചലമായി വർത്തിക്കുന്നു. ഇതൊക്കെക്കൊണ്ടാവണം വള്ളത്തോൾ സ്വകാര്യസംഭാഷണത്തിൽ “ങ്ഹാ നാലപ്പാടൻ അനന്തതയിലേക്കു നോക്കി നില്ക്കുകയാണു് വാക്കുകൾക്കു വേണ്ടി” എന്നു പറഞ്ഞതു്. വിലാപകാവ്യം മനുഷ്യത്വം ഓളംവെട്ടുന്ന ഗാനതല്ലജമാണു്. അതു ദാരുമയമായ നാല്ക്കാലിയല്ല.

images/PercyByssheShelley.jpg
ഷെല്ലി

ധിഷണാപരമായ ഭാവനയുണ്ടു്. കാവ്യാത്മക ഭാവനയുണ്ടു്. ഷെല്ലി, കീറ്റ്സ് ഈ കവികളുടെ ഭാവന കാവ്യാത്മകമത്രെ. ബ്രൗണിങി ന്റെ ഭാവന ധിഷണാപരവും അതുകൊണ്ടാണു് കീറ്റ്സ് പാടിയപ്പോൾ ബ്രൗണിങ് ഗർജ്ജിച്ചുവെന്നു് ആരോ പറഞ്ഞതു്. നാലപ്പാടന്റെ ഭാവന ഈ രണ്ടുമല്ല. അതിനു് “ഭാഷാന്തരകാരീഭാവന” എന്ന പുതിയ പേരു നല്കാം. തർജ്ജമയിലാണു് അദ്ദേഹം കൗതുകം കാണിച്ചതു്. ‘പൗരസ്ത്യദീപം’, ‘പാവങ്ങൾ’ ഇവയൊക്കെ തർജ്ജമകൾ. ‘വേശുഅമ്മയുടെ വിശറി’യും അദ്ദേഹത്തിന്റെ മറ്റൊരു തർജ്ജമയല്ലേ? നല്ല ഓർമ്മയില്ല. നാലപ്പാടന്റെ ‘ആർഷജ്ഞാനം’ Derivative (മറ്റൊന്നിൽനിന്നു സ്വീകരിച്ചതു്) ആണെന്നതു് നിരാക്ഷേപമാണു്. അദ്ദേഹത്തിന്റെ ‘രതിസാമ്രാജ്യം’ ഹാവ്ലക് എലിസി ന്റെ സൈക്കോളജി ഒഫ് സെക്സ് വായിച്ചിട്ടെഴുതിയതും. ഭാവനയുടെ കിനാക്കളിൽ മുഴുകാൻ താല്പര്യമില്ലാത്ത ഈ കവി സ്വന്തം രക്തത്തിൽ അലിഞ്ഞുചേരാത്ത വൈദേശികാശയങ്ങളെ മലയാളത്തിൽ ആക്കിയതേയുള്ളു. സത്യമിതായതുകൊണ്ടു് സുകുമാർ അഴീക്കോടു് അത്യുക്തിയെ കൂട്ടുപിടിച്ചുകൊണ്ടു് മാതൃഭൂമി ഓണപ്പതിപ്പിലൂടെ നടത്തുന്ന ഉദീരണങ്ങൾ അവാസ്തവികങ്ങളായി എനിക്കു തോന്നിപ്പോയി. (‘നാലപ്പാടന്റെ ചക്രവാളം’ എന്ന ലേഖനം)

അത്യുക്തി ടെംപർ പോയ—ദൃഢത പോയ—സത്യമാണെന്നു ജിബ്രാൻ എഴുതിയിട്ടുണ്ടു്. മഹാകവിയോടു് എനിക്കു യോജിക്കാൻ പ്രയാസം. കഷണ്ടിത്തല കണ്ടിട്ടു് ‘എത്ര നിബിഡമായ തലമുടി’ എന്നു പറയുന്നതാണു് അത്യുക്തി.

അതിദീനം
images/JohnKeats.jpg
കീറ്റ്സ്

തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഞാൻ വിദ്യാർത്ഥിയായിരുന്നു. അക്കാലത്തു് എന്നെയും കൂട്ടുകാരെയും ബോട്ടണി പഠിപ്പിച്ചതു് നാരായണൻ നായർ എന്ന സാറ്. ഒരു ദിവസം സസ്യശാസ്ത്രം പഠിപ്പിക്കാൻ എത്തിയ അദ്ദേഹം ഒരു വിദ്യാർത്ഥിയോടു് “ഒരു ചെമ്പരത്തിപ്പൂ പറിച്ചുകൊണ്ടുവാടാ” എന്നാജ്ഞാപിച്ചു. അതുകേട്ടു് ഓടിയ വിദ്യാർത്ഥിയുടെകൂടെ ഞാനും ഓടി. ഞങ്ങൾ രണ്ടുപേരും ഓരോ പൂ അടർത്തിയെടുത്തു സാറിന്റെ മുൻപിലെത്തി. ഞാൻ നീട്ടിയ പൂവു് അദ്ദേഹം പുറംകൈകൊണ്ടു തട്ടിക്കളഞ്ഞിട്ടു് ചോദിച്ചു: “ആരു പറഞ്ഞെടാ നിന്റടുത്തു പൂ പറിക്കാൻ? നശിപ്പിക്കലല്ലേ ഇതു്?” മിണ്ടാതെനിന്ന എന്റെ തലയിൽ അദ്ദേഹം ഒരു ‘കിഴുക്കു്’തന്നു. ഗുരുനാഥനെ സന്തോഷിപ്പിക്കാൻ ഞാൻ ചെയ്ത യത്നം അങ്ങനെ ദുഃഖാനുഭൂതിയിൽ കലാശിച്ചു. സാറ് പൂവെടുത്തു് ഓരോ ഭാഗം അടർത്തി എപ്പികാലിക്സ്, കാലിക്സ്, കൊറോള, സ്റ്റേമൻ, സ്റ്റിഗ്മ എന്നൊക്കെ പറഞ്ഞുതുടങ്ങി. ഒടുവിൽ ചില നുള്ളിക്കീറലുകൾ നടത്തി ‘ഇതാണു പിസ്റ്റിൽ’ എന്നു പറഞ്ഞു് ഒരു വെളുത്ത നൂലു കാണിച്ചു. അപ്പോൾ ഞാൻ വിചാരിച്ചു: സാറിന്റെ പ്രവൃത്തിയല്ലേ വലിയ നശിപ്പിക്കൽ. മനോഹരമായ പൂവു് ഉത്പാടനതല്പരനായ അദ്ധ്യാപകന്റെ നഖാഗ്രങ്ങളിൽപ്പെട്ടു് അപ്രത്യക്ഷമായി. അപ്പോൾ ഞാനോ സാറോ പുഷ്പനാശനവിദഗ്ദ്ധൻ?

ഇപ്പോൾ ഞാനാലോചിക്കുന്നതു് ആ ചെമ്പരത്തിച്ചെടി നട്ട ഉദ്യാനപാലകനെയാണു്. അയാളാണു് യഥാർത്ഥമനുഷ്യൻ. മണ്ണിളക്കി കമ്പുനട്ടു്. അയാൾ വെള്ളമൊഴിച്ചു. ഇലകൾ ഉണ്ടായി. മൊട്ടുണ്ടായി. അതു വിരിഞ്ഞു. വള്ളത്തോളും ആശാനും ഉള്ളൂരും ശങ്കരക്കുറുപ്പുമൊക്കെ ഈവിധത്തിൽ പൂന്തോട്ടക്കാരാണു്. അവർ വിടർത്തിയ പൂക്കളുടെ പരിമളം നമ്മെ തഴുകുന്നു. കൃതജ്ഞതാഭരിതമായ ഹൃദയത്തോടെ നമ്മൾ അവരുടെ മുൻപിൽ നില്ക്കുന്നു. ഈ വിധത്തിൽ ഒരു സർഗ്ഗപ്രക്രിയയിൽ വ്യാപരിക്കുകയാണു് “വ്യഥ” എന്ന കാവ്യമെഴുതിയ സുഗതകുമാരി എന്നു പറഞ്ഞുകൂടാ. (ജനയുഗം ഓണം വിശേഷാൽപ്രതി) നാട്ടിന്റെ അവസ്ഥാന്തരങ്ങളെ ആവിഷ്കരിക്കാൻ യത്നിക്കുന്ന കവി നാരായണൻ നായർസ്സാറിനെപ്പോലെ ഇതാ പുഷ്പകോശം, ഇതാ ദലപുടം, ഇതാ കേസരം, ഇതാ പരാഗണസ്ഥലം എന്നെല്ലാം പറയുന്നു. ഒടുവിൽ ഇതാ ‘പിസ്റ്റിൽ’ എന്നും. ദുഃഖത്തോടെ ഞാൻ വള്ളത്തോൾ തുടങ്ങിയ ഉദ്യാനപാലകരെ ഓർമ്മിക്കുന്നു. പുഷ്പഭാഗങ്ങളുടെ പ്രദർശനം മുഴുവൻ ഇവിടെ വരികളിലൂടെ എടുത്തു കാണിക്കാൻ സ്ഥലമില്ല. പിസ്റ്റലിന്റെ പ്രദർശനം മാത്രമാകട്ടെ:

“എന്റെയീജ്വരാർത്തമാ

മുള്ളത്തിലൊരു ചൂടായ്

നൊമ്പരമായി ക്രോധ-

ജ്വാലയായ് നിറയവേ

ഇതിനെക്കുറിച്ചെന്തു

പാടുവാൻ? ഈ നാടല്ലോ

വ്യഥ! പാടലിന്നെല്ലാ-

മപ്പുറത്തേതാം വ്യഥ”.

വർത്തമാനകാലത്തിന്റെ ഒരു നൂതനാംശം—അനുവാചകൻ എത്ര യത്നിച്ചാലും സ്വയം കാണാൻ കഴിയാത്തതായ അംശം—കാണിച്ചുതരുന്നയാളാണു് കവി. ‘വ്യഥ’പോലുള്ള അതിദീനങ്ങളായ പദ്യങ്ങൾ രചിച്ചുവയ്ക്കുന്ന ആളല്ല.

“കാവ്യമെന്നാൽ?” “ഗദ്യത്തിൽ എഴുതിയിട്ടു് പതിന്നാലു് അക്ഷരങ്ങൾ വീതം മുറിച്ചെടുക്കുന്ന ഒരു പണി”.
മിതം ച സാരം ച

പണ്ടു് പോളണ്ടിൽ കല്ക്കരിക്കു ക്ഷാമം നേരിട്ടപ്പോൾ ഉല്പാദനം വർദ്ധിപ്പിക്കാനുതകുന്ന മട്ടിൽ ഓരോ കവിയും കാവ്യമെഴുതിക്കൊള്ളണമെന്നു് അന്നത്തെ സർക്കാർ ആജ്ഞാപിച്ചു. ഫലമോ? ജി. ശങ്കരക്കുറുപ്പു പറഞ്ഞതുപോലെ കല്ക്കരിയെക്കാൾ കറുത്ത കവിതകൾ ധാരാളമുണ്ടായി. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ദേശാഭിമാനോജ്ജ്വലരായി ഇവിടുത്തെ കവികൾ കവിതകൾ എഴുതി. ഓരോ കാവ്യവും ‘ഫാഴ്സാ’യിരുന്നു. ‘ഡിസ്ഗ്രേസാ’യിരുന്നു. അവ വായിച്ചപ്പോൾ ആ കവിമാനികളുടെ സമകാലികനാണല്ലോ ഞാനെന്നു വിചാരിച്ചു ദുഃഖമുണ്ടായി എനിക്കു്. ശ്രീലങ്കയിലെ മനുഷ്യക്കുരുതികൊണ്ടു ഹൃദയം തകർന്ന നമ്മൾക്കു് ഇപ്പോഴത്തെ ശാന്തികണ്ടു് അല്പം ആശ്വാസമുണ്ടു്. പക്ഷേ, ആ ആശ്വാസത്തെ നശിപ്പിച്ചുകൊണ്ടു് വീണ്ടും ഹൃദയം തകർക്കുന്നു ഒളപ്പമണ്ണ എന്ന കവി. “ശ്രീലങ്ക” എന്ന തലക്കെട്ടിനു താഴെയുള്ള “ബീഭത്സ”ങ്ങളായ ചില വരികളിതാ:

ശ്രീലങ്കയിൽനിന്നു നീന്തിവരുന്നതാം

കാലവർഷക്കരിങ്കാറിരുട്ടേ

കാറ്റടിച്ചാഞ്ഞിങ്ങു വീഴുന്നതാം വേലി

യേറ്റമേ രാമേശ്വരത്തു നില്ക്കേ

തള്ളയും കുട്ടിയുതന്തയുമായോരോ

വള്ളത്തിൽവന്നു കേറുന്നു നിങ്ങൾ

(കുങ്കുമം ഓണം വിശേഷാൽ പ്രതി)

ഇതിനെക്കുറിച്ചു കൂടുതലെഴുതുന്നതു് എന്റെ bad taste-നെ പ്രദർശിപ്പിക്കലാവും അമാന്യമായതിനെക്കുറിച്ചും വിമർശകൻ മിതമായ മട്ടിലേ സംസാരിക്കാൻ പാടുള്ളു. ഞാൻ വിദ്വാനല്ലെങ്കിലും ‘മൗനം വിദ്വാനു ഭൂഷണം’ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

“സന്മാർഗ്ഗമെന്നാൽ എന്തു്?”

“വീട്ടിൽ മാന്യന്മാർ വന്നു കയറുമ്പോൾ അവരുടെ മുഖത്തടിക്കുന്നതുപോലെ വാതിൽ വലിച്ചടച്ചു സ്വന്തം വിശുദ്ധി പെണ്ണുങ്ങൾ പ്രഖ്യാപിക്കുന്നതു സന്മാർഗ്ഗം”.

“പ്രമേഹരോഗിയെ എങ്ങനെ തിരിച്ചറിയാം?”

“ചായയിലോ കാപ്പിയിലോ പഞ്ചാരയിടാൻ സമ്മതിക്കില്ല. പക്ഷേ, ജിലേബി കണ്ടാലുടനെ തിന്നും”.

എം. പി. നാരായണപിള്ള

ജീവിതത്തിന്റെ സെക്യൂരിറ്റിയെക്കരുതി സ്ത്രീ കാമമടക്കിവയ്ക്കുന്നു. സുരക്ഷിതത്വത്തിൽ അത്രകണ്ടു പുരുഷനു ശ്രദ്ധിക്കേണ്ടതില്ല. അവൻ അതു പ്രകടിപ്പിക്കുന്നു. ഇതിലാർക്കെങ്കിലും സംശയമുണ്ടെങ്കിൽ അവർ സ്ത്രീകളുടെ ഉറക്കപ്പരാക്രമങ്ങളെക്കുറിച്ചു് തെല്ലൊന്നു് ആലോചിച്ചുനോക്കിയാൽ മതി. സ്ത്രീയോളം വരില്ല പുരുഷൻ അക്കാര്യത്തിൽ.

നില്ക്കു വായനക്കാരാ, ഞാൻ എനിക്കിഷ്ടമുള്ള എം. പി. നാരായണപിള്ള യെക്കുറിച്ചു പറയാൻ ആരംഭിക്കുകയാണു്. അദ്ദേഹം എഴുതുന്ന എല്ലാക്കാര്യങ്ങളോടും യോജിക്കുന്നതിന്റെ ഫലമല്ല ഈ ഇഷ്ടം. പറയാനുള്ളതു തന്റേടത്തോടെ കേൾക്കുന്നവന്റെ ഹൃദയത്തിലും ബുദ്ധിയിലും ചെന്നു തറയ്ക്കുന്ന മട്ടിൽ പറയുന്ന അപൂർവ്വം ചില എഴുത്തുകാരിൽ ഒരാളാണു് എം. പി. നാരായണപിള്ള. ഒരിക്കൽ ഞാൻ കുട്ടിക്കൃഷ്ണമാരാർ ക്കു് എഴുതിയ എഴുത്തു വായിച്ചിട്ടു് മഹാപണ്ഡിതനായ എം. എച്ച്. ശാസ്ത്രികൾ പറഞ്ഞു. “നിങ്ങൾ ഒരു വാക്യമേ എഴുതുന്നുള്ളു എന്നു വിചാരിക്കു. അതിലും നിങ്ങളുടെ വ്യക്തിത്വം വരണം. കുട്ടിക്കൃഷ്ണമാരാരുടെ ഓരോ വാക്യത്തിലും അദ്ദേഹത്തിന്റെ വ്യക്തിത്വമുണ്ടു്. അതുപോലെ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എഴുതരുതു്. ശാസ്ത്രികളുടെ ഉപദേശം സ്വീകരിച്ചു് ഞാൻ കത്തു മാറ്റിയെഴുതി. വ്യക്തിത്വവും സ്വത്വം പ്രതിഫലിക്കുന്ന രീതിയിലേ എം. പി. എഴുതാറുള്ളു. കേരളകൗമുദി ഓണം വിശേഷാൽ പ്രതിയിലുള്ള അദ്ദേഹത്തിന്റെ “അല്പം ബലപ്രയോഗം” എന്ന ലേഖനവും ഈ സാമാന്യനിയമത്തിനു് നിദർശകം തന്നെ. സവിശേഷതയാർന്ന മട്ടിലാണു് ഈ ലേഖനത്തിന്റെയും തുടക്കം. “പതിനേഴു വർഷം മുൻപു് ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയാണു് ഇന്ത്യയിൽ നിലനിന്നിരുന്നതെങ്കിൽ ഞാൻ കല്യാണം കഴിക്കില്ലായിരുന്നു”. കാരണമറിയാൻ വായനക്കാരൻ ആകാംക്ഷയോടെ അടുത്ത വാക്യത്തിലേക്കു കടക്കുന്നു. സ്ത്രീയുടെ ആത്മഹത്യയാണു് വിഷയം. ഭർത്താവു് സിഗററ്റ് വാങ്ങാൻ കടയിൽപ്പോയ തക്കംനോക്കി ഭാര്യ വീട്ടിലുള്ള സ്വല്പം മണ്ണെണ്ണ ഉടുതുണിയിലൊഴിച്ചു തീപ്പെട്ടിക്കോലുരച്ചു കത്തിക്കുന്നു. വെന്തുചാകുന്നു. ഞാൻ ആ സമയത്തു് സിഗററ്റ് വാങ്ങാൻ പോയിരിക്കുകയായിരുന്നുവെന്നു് ഭർത്താവു് തെളിയിച്ചുകൊള്ളണം. ഇല്ലെങ്കിൽ അയാൾക്കു കൊലപാതകക്കുറ്റത്തിനുവേണ്ടി കഴുമരത്തിൽ കയറേണ്ടിവരും.

images/MPNarayanapillai.jpg
എം. പി. നാരായണപിള്ള

ഒറ്റക്കാരണംകൊണ്ടു് ആരും ആത്മഹത്യചെയ്യുകില്ല. ഒരുത്തന്റെ ജോലി പോയിയെന്നു വിചാരിക്കു. ഉടനെ അയാൾ കയറെടുത്തു ജീവിതം അതിന്റെ കുരുക്കിൽ കുടുക്കുകയില്ല. ജീവിക്കാൻ മാർഗ്ഗമില്ലാതെ അയാൾ ബന്ധുക്കളോടു സഹായമഭ്യർത്ഥിക്കും. സഹായം കിട്ടാതെ വരുമ്പോൾ പരിചയമില്ലാത്തവരോടും കടം ചോദിക്കും. അതു കിട്ടാതെ വരുമ്പോൾ യാചിക്കും. അതും നിഷ്ഫലമാകുമ്പോൾ പട്ടിണികിടക്കും. അങ്ങനെ നരകിച്ചു നരകിച്ചു കഴിഞ്ഞുകൂടുമ്പോൾ ഭാര്യ ചോദിച്ചെന്നുവരും: “പിന്നെ എന്നെയെന്തിനു് വിവാഹം കഴിച്ചു? പോക്കില്ലെങ്കിൽ മിണ്ടാതിരുന്നുകൂടായിരുന്നോ?” അതുകേട്ടു് ഭാര്യയോടു് ഒരു വിരോധവും തോന്നാതെ അയാൾ അന്നുരാത്രി ഉറക്കഗുളിക വിഴുങ്ങുന്നു. ഭാര്യയുടെ ചോദ്യമാണു് അയാളെ ആത്മഹത്യയിലേക്കു നയിച്ചതെന്നു് ആളുകൾ പറയും. അതു തെറ്റു്. ഓരോ ആത്മഹത്യയ്ക്കും ആയിരമായിരം ഹേതുക്കളുണ്ടാവും. ഓരോന്നും സഹായകാരി (contributing) ആകുന്നെന്നേയുള്ളു. “എന്തെടീ അരി വേകിക്കാത്തതു്?” എന്നു ദേഷ്യത്തോടെ ഭർത്താവു ചോദിച്ചതുകൊണ്ടു മാത്രം ഒരു സ്ത്രീയും മണ്ണെണ്ണ കൈയിലെടുക്കുകയില്ല. “നിന്റെ തന്ത എനിക്കു തരാമെന്നു പറഞ്ഞ രൂപയെവിടെയടീ” എന്നു കോപിച്ചു ചോദിച്ചിട്ടായിരിക്കും അയാൾ സിഗററ്റ് വാങ്ങാൻ റോഡിലേക്കു പോകുന്നതു്. സിഗററ്റ് വാങ്ങുന്നതോടൊപ്പം ഭാര്യയോടു കയർത്തതിൽ പശ്ചാത്താപമുണ്ടായി അവൾക്കു മണമുള്ള സോപ്പും വാങ്ങിക്കൊണ്ടായിരിക്കും അയാൾ തിരിച്ചെത്തുക. അപ്പോഴേക്കും ഭാര്യ, അടുക്കളയിൽ കരിഞ്ഞു കരിക്കട്ടപ്രായത്തിൽ കിടക്കുകയാവും”. അയ്യോ സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ ശണ്ഠയുണ്ടായി. അവൾ മണ്ണെണ്ണയൊഴിച്ചു തീകത്തിച്ചു ചത്തു” എന്നു് ആളുകൾ മുറവിളികൂട്ടും. പൊലീസ് വരും. അയാൾ കൂട്ടിലാവും. ഇടി മേടിക്കും. ആവർത്തിച്ചു് പറയുന്നു. മകനോ മകളോ പരീക്ഷയിൽ തോറ്റു എന്നതിന്റെ പേരിൽ മാത്രം, ഒരുത്തൻ ചീത്തവാക്കുകൾ പറഞ്ഞു എന്നതിന്റെ പേരിൽ മാത്രം, ഭർത്താവു് അടികൊടുത്തു എന്നതിന്റെ പേരിൽ മാത്രം ഒരു സ്ത്രീയും ആത്മഹത്യ ചെയ്യുകയില്ല. contributing causes ധാരാളം നേരത്തെയുള്ളപ്പോൾ അവസാനത്തെ നിസ്സാരസംഭവവും ഒരു ഹേതുവാകുന്നുവെന്നേയുള്ളു. എം. പി. നാരായണപിള്ളയുടെ ലേഖനത്തിനു് ‘സമകാലിക പ്രസക്തി’യുണ്ടു്.

ബലാത്സംഗത്തെക്കുറിച്ചു് എം. പി. നാരായണപിള്ള പറയുന്നതൊക്കെ ചിന്തോദ്ദീപകം തന്നെ. ബലാൽക്കാരസംഭോഗത്തിൽ പുരുഷന്റെ ഭാഗത്തുനിന്നു ബലവും സ്ത്രീയുടെ ഭാഗത്തുനിന്നു ചെറുക്കലും ഉണ്ടല്ലോ. ഈ ബലത്തെയും എതിർപ്പിനെയും സ്ഥൂലീകരിക്കുന്ന സെക്ഷ്വൽ എത്തിക്ക്സാണു് ഇന്നു നമുക്കുള്ളതു്. വേഷംകൊണ്ടും ശാരീരിക ചലനങ്ങൾകൊണ്ടും ഭാവഹാവങ്ങൾകൊണ്ടും ലൈംഗികാവയവങ്ങളുടെ അല്പപ്രദർശനം കൊണ്ടും പുരുഷനെ സ്ത്രീ ഇളക്കിക്കഴിയുമ്പോൾ അവൻ താല്ക്കാലികമായ എതിർപ്പിനെ വകവയ്ക്കാതെ പെരുമാറുന്നു. അതു് അന്യൻ കണ്ടില്ലെങ്കിൽ സ്ത്രീക്കു പരാതിയില്ല. ചാരിത്രത്തിന്റെ വെണ്മയാർന്ന സാരി ധരിച്ചുകൊണ്ടു് അവൾ ശീലാവതിയായി കഴിഞ്ഞുകൊള്ളും. കണ്ടാലാണു് കുഴപ്പം. അപ്പോൾ ധർഷണത്തിന്റെ മുറവിളിയുണ്ടാകുന്നു. സമുദായം കോപിക്കുന്നു, നിയമപാലകർ എത്തുന്നു.

ഭർത്താവല്ലാത്ത പുരുഷനോടു വേഴ്ചയുണ്ടാക്കുന്നതു് ശരിയല്ല എന്നു് നമ്മുടെ നിയമം. ആ പുരുഷനോടു കാമം തോന്നിയാലും അതടക്കിവയ്ക്കണമെന്നും നിയമം. പക്ഷേ, പുരുഷൻ തന്റെ സൗന്ദര്യംകൊണ്ടും സ്നേഹംകൊണ്ടും ആ നിയമത്തെ ലംഘിക്കാൻ അവളെ പ്രേരിപ്പിക്കുന്നു. അവൾ വഴങ്ങുന്നു. ഇതൊക്കെ സാമാന്യസംഭവങ്ങൾ. പക്ഷേ, സ്ത്രീയുടെ പാവനത്വത്തെ ബലൂൺ ഊതി വലുതാക്കുന്നതുപോലെ പെരുപ്പിച്ചു പെരുപ്പിച്ചുകൊണ്ടു വരുന്നവർ (സ്ത്രീകളാണു് ഇക്കൂട്ടരിൽ അധികംപേരും) മുകളിലെഴുതിയ വസ്തുത പാടേ വിസ്മരിക്കുന്നു. ഓഫീസിൽനിന്നു് ഭർത്താവെന്ന തടിമാടൻ ഏതു സമയവും എത്തിയേക്കാമെന്നു പേടിക്കുന്ന സ്ത്രീ തന്നെ രസിപ്പിക്കുന്ന കാമുകനെ തള്ളിമാറ്റാൻ ശ്രമിക്കുന്നു. പക്ഷേ, അതു് ലജ്ജ കൊണ്ടാണെന്നു ബുദ്ധിശൂന്യനായ കാമുകൻ കരുതുന്നു. അങ്ങനെ കരുതുന്ന അവൻ അവളെ കൂടുതൽ രസിപ്പിക്കാനായി ശ്രമിക്കുന്നു. അപ്പോൾ അവൾ കൂടുതലായി എതിർപ്പു് കാണിക്കുന്നു. അതിനെ വർദ്ധിച്ച ലജ്ജയായി അവൻ കരുതുന്നു. ഈ സന്ദർഭത്തിൽ ചന്തുമേനോനെയാണു് ഞാൻ ഓർമ്മിക്കുക. ഉത്സവം നടത്തിയവർ ചെണ്ട കൊട്ടുന്നവനു് രണ്ടാംതരക്കാരന്റെ കൂലിയേ കൊടുത്തുള്ളു. മാരാർ ചന്തുമേനോന്റെ കോടതിയിൽ കെയ്സ് കൊടുത്തു. തന്റെ മേലാവായ സായ്പിനു് ഒരുശബ്ദവും കേട്ടുകൂടാ. അതിന്റെപേരിൽ അയാളെ പീഡിപ്പിക്കാൻ ചന്തുമേനോൻ തക്കംപാർത്തിരിക്കുകയായിരുന്നു. അപ്പോഴാണു് മാരാരുടെ അന്യായം എത്തിയതു്. ചെണ്ടകൊട്ടൽ കേട്ടാലേ അയാൾ ഒന്നാന്തരക്കാരനാണോ രണ്ടാം തരക്കാരനാണോ എന്നു തീരുമാനിക്കാനാവൂ. ചന്തുമേനോൻ അയാളോടു ചെണ്ടകൊട്ടാൻ ആജ്ഞാപിച്ചു. ചെണ്ടയുടെ ശബ്ദം കേൾക്കുമ്പോൾ അടുത്ത മുറിയിലിരിക്കുന്ന ജഡ്ജി സായ്പ് കോപാകുലനാകുന്ന ചിത്രം മനസ്സിൽക്കണ്ടു ചന്തുമേനോൻ പുഞ്ചിരിപൊഴിക്കുകയായിരുന്നു. ആ പുഞ്ചിരി തന്റെ ചെണ്ടകൊട്ടലിന്റെ വൈദഗ്ദ്ധ്യം കണ്ടുണ്ടായതാണെന്നു വിചാരിച്ച മാരാർ കൂടുതലുറക്കെ ചെണ്ടകൊട്ടി. ചന്തുമേനോൻ കൂടുതലായി പുഞ്ചിരിയിട്ടു. ഇവിടെ കാമുകൻ ചെണ്ടകൊട്ടുന്ന മാരാരാണു്.

സ്ത്രീയെ അപേക്ഷിച്ചു കാമാസക്തി പുരുഷനു കുറവാണെന്ന വാദമുണ്ടു്. അതു ശരിയല്ലെന്നു് ഇരിക്കട്ടെ. എന്നാലും രണ്ടു കൂട്ടർക്കും ഒരേയളവിലാണു് കാമമെന്നു സമ്മതിക്കണം. പ്രകൃതിനിയമമാണതു്. ജീവിതത്തിന്റെ സെക്യൂരിറ്റിയെക്കരുതി സ്ത്രീ കാമമടക്കിവയ്ക്കുന്നു. സുരക്ഷിതത്വത്തിൽ അത്രകണ്ടു പുരുഷനു ശ്രദ്ധിക്കേണ്ടതില്ല. അവൻ അതു പ്രകടിപ്പിക്കുന്നു. ഈ സത്യത്തിലേക്കു് എം. പി. നാരായണപിള്ള വിദഗ്ദ്ധമായി കൈചൂണ്ടുന്നു. ഇതിലാർക്കെങ്കിലും സംശയമുണ്ടെങ്കിൽ അവർ സ്ത്രീകളുടെ “ഉറക്കറപ്പരാക്രമങ്ങ”ളെക്കുറിച്ചു് തെല്ലൊന്നു് ആലോചിച്ചുനോക്കിയാൽ മതി. സ്ത്രീയോളം വരില്ല പുരുഷൻ അക്കാര്യത്തിൽ. മദ്വചനങ്ങൾക്കു മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ്യ ശുദ്ധിയാൽ മാപ്പു നല്കിൻ”.

സെക്സ് എന്നുപറഞ്ഞാൽ 1 + 1 = 3 ആണെന്നു് ഒരാൾ എഴുതിയിട്ടുണ്ടു്. നവീനങ്ങളായ കണ്ടുപിടിത്തങ്ങളുടെ ഫലമായി ഈ കണക്കുകൂട്ടൽ തെറ്റായി മാറിയിരിക്കുന്നു. ഇപ്പോൾ ഒന്നും ഒന്നും മൂന്നല്ല. ഒന്നും ഒന്നും വെവ്വേറെയിരിക്കുന്നു. മറ്റാരും കൃത്യം കാണുന്നില്ലെങ്കിൽ അങ്ങനെ വേറെ വേറെയായിത്തന്നെ ഇരിക്കാം. കണ്ടുപോയാൽ മുറവിളി. അപ്പോൾ രണ്ടുപേരിൽ ഒരാൾ ഇല്ലാതെയാവുന്നു. ഇതു തെറ്റായ സെക്ഷ്വൽ എത്തിക്സ് തന്നെ.

പാലാ നാരായണൻനായർ
images/vakkomabdulkhader.jpg
വക്കം അബ്ദുൾ ഖാദർ

വക്കം അബ്ദുൾ ഖാദർ എന്റെ കൂട്ടുകാരനായിരുന്നു. ഞാനും അദ്ദേഹവും പതിവായി സായാഹ്നത്തിൽ നടക്കാൻ പോകും. ചിലപ്പോൾ കാഴ്ചബംഗ്ലാവിലെ ചാരുബഞ്ചിലിരുന്നു സാഹിത്യത്തെക്കുറിച്ചു സംസാരിക്കും. ഒരുദിവസം അദ്ദേഹം പലതും പറഞ്ഞകൂട്ടത്തിൽ അറിയിച്ചു: എ. ബാലകൃഷ്ണപിള്ള യ്ക്കു് പാലാ നാരായണൻ നായരു ടെ കവിത വലിയ ഇഷ്ടമാണു്. കർഷകരെക്കുറിച്ചു് അദ്ദേഹമെഴുതിയ കവിതകൾ വായിച്ചു ബാലകൃഷ്ണപിള്ള ആവേശഭരിതനായി എഴുന്നേറ്റുനില്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്. പില്ക്കാലത്തു് വക്കം അബ്ദുൾഖാദർ രചിച്ച ബാലകൃഷ്ണപിള്ളയുടെ തൂലികാചിത്രത്തിൽ ഇക്കാര്യം എഴുതിയിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി യും ഒരിക്കൽ പാലായെക്കുറിച്ചു് എന്നോടു പറഞ്ഞു: “അങ്ങോരു കവിയാണു്”.

images/PalaNarayananNair.jpg
പാലാ നാരായണൻ നായർ

രണ്ടു മഹാവ്യക്തികൾ പ്രശംസിച്ച ഈ കവിയുടെ കവിതയെക്കുറിച്ചു് അല്പജ്ഞനായ ഞാനൊന്നും എഴുതേണ്ടതില്ല. എങ്കിലും എഴുതുന്നു: പാലാ നാരായണൻ നായരുടെ കവിത മൺചെരാതിലെരിയുന്ന കനകദീപമാണു്. പ്രശാന്തങ്ങളായ മയൂഖങ്ങൾ അതിൽ നിന്നു പ്രസരിക്കുന്നു. അവ കണ്ണിൽവന്നു വീഴുമ്പോൾ നമുക്കു സുഖാനുഭൂതി. കവിതയിലെ പദങ്ങൾ ചിത്രശലഭത്തെപ്പോലെ മെല്ലെ പറക്കുന്നു. മാറിടം പിളർന്നു് ചോരയൊലിപ്പിക്കുന്ന വാക്കുകൾ മറ്റു കവികൾക്കുണ്ടു്. അന്തരീക്ഷം പിളർന്നുചെല്ലുന്ന ഉല്ക്കകളെപ്പോലെ പദങ്ങൾ എയ്തുവിടുന്നവരുണ്ടു്. അവരെയൊന്നും നാരായണൻ നായർക്കു് ഇഷ്ടമല്ല. വായനക്കാർക്കും ഇഷ്ടമല്ല. ഇപ്പറഞ്ഞതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അദ്ദേഹം മനോരമ ഓണപ്പതിപ്പിലെഴുതിയ “ചൈത്രം മുതൽ ശ്രാവണംവരെ” എന്ന കാവ്യം വായിക്കട്ടെ.

ചിത്രശലഭത്തെപ്പോലെ മന്ദമായി പറക്കുന്ന ഒരു കഥയും കലാകൗമുദിയിൽ വായിച്ചു. വി. എസ്. അനിൽകുമാറിന്റെ “ഉണ്ണി പോകുന്നു” എന്ന ചെറുകഥ. “എന്നെ തൊടരുതു് എന്റെ ചിറകുകൾ തകർന്നുപോകും” എന്നു് അതു് എന്നോടു പറയുന്നു. പരുക്കൻ കൈകൊണ്ടു തൊടാതെ ഞാൻ മാറിനില്ക്കട്ടെ.

ദക്ഷിണ തിരുവിതാംകൂറിലെ തക്കലയ്ക്കടുത്തുള്ള കേരളപുരമെന്ന സ്ഥലത്തു് ഞാൻ താമസിക്കുന്ന കാലം. ഒരു കൊച്ചു ചട്ടിയിൽ തീക്കനലെടുത്തു് അതിൽ അവിടെക്കിട്ടുന്ന മട്ടിപ്പാലു് എന്ന സുഗന്ധദ്രവ്യം ഞാനിടും. പരിമളം കലർന്ന പുക ഉയർന്നുയർന്നു പോകും; അങ്ങു സ്വർഗ്ഗത്തിരിക്കുന്ന ആരെയോ സമാരാധനം ചെയ്യാനെന്നപോലെ. മലയാളഭാഷയാകുന്ന മൺപാത്രത്തിൽനിന്നുയരുന്ന കലാധൂമം ഇതുപോലെ സുഗന്ധം പ്രസരിപ്പിച്ചെങ്കിൽ! അതു് ഔന്നത്യങ്ങളിലെത്തി സമാരാധനം നിർവ്വഹിച്ചെങ്കിൽ!

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-09-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 1, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.