
ഹാസ്യസാഹിത്യകാരൻ കെ. എസ്. കൃഷ്ണൻ മുൻപൊരിക്കൽ ചിത്രീകരിച്ച ഒരു സാങ്കല്പികസംഭവം എന്റെ ഓർമ്മയിലെത്തുന്നു. കെ. ബാലകൃഷ്ണനെ യും പി. കേശവദേവി നെയും നാട്ടുകാർ ബഹുമാനിക്കുകയാണു്. അവർ നടന്നുവരുമ്പോൾ ഓരോരുത്തരും വന്നു മാലയിടുന്നു. പക്ഷേ, മാല പൂകൊണ്ടുള്ളതല്ല. വീർത്ത റബർ ട്യൂബുകളാണു് അവരുടെ കഴുത്തിൽ ഇട്ടതു്. ട്യൂബ് ഇട്ടാലുടനെ അതു ചുക്കിച്ചുളിഞ്ഞുപോകും. ബഹുജനം അതുകണ്ടു് അദ്ഭുതപ്പെട്ടപ്പോൾ ദേവും ബാലകൃഷ്ണനും അലറി. “നല്ലപോലെ വീർപ്പിച്ച ട്യൂബുകൾ ഇട്ടൊ” ഓരോ ട്യൂബിലും ചാരായം നിറച്ചിരുന്നുവെന്നു വ്യംഗ്യം. കാറ്റു നിറയ്ക്കുന്ന ദ്വാരത്തിലൂടെ അവർ അതു് പെട്ടെന്നു വലിച്ചു കുടിച്ചുവെന്നും വ്യംഗ്യം. ബാലകൃഷ്ണനോടുള്ള ബഹുമാനത്തിനു ലോപം വരുത്താതെ എനിക്കു് ഈ നേരമ്പോക്കു് ആസ്വദിക്കാൻ കഴിഞ്ഞു. കെ. എസ്. കൃഷ്ണന്റെ ഈ ഹാസ്യലേഖനത്തെക്കുറിച്ചു് ആലോചിച്ചു രസിച്ചിരുന്നപ്പോഴാണു് ഒരു പൂച്ചക്കുട്ടി എന്റെ അടുക്കലൂടെ പതുക്കെപ്പതുക്കെ നടന്നുപോയതു്. ഞാൻ ചിന്തിച്ചു. ഒരു കൊച്ചു ട്യൂബ് അതിന്റെ വായിലൂടെ കടത്തി വയറുവരെ എത്തിച്ചിട്ടു് കാറ്റു് ഊതിക്കയറ്റിയാൽ പൂച്ചക്കുട്ടി വീർത്തുവീർത്തു വലിയ പൂച്ചയാവില്ലേ? പിന്നെയും വീർപ്പിച്ചാൽ അതൊരു പുലിയായി മാറുകില്ലേ? മാറും. ഇതേ പ്രക്രിയയിലൂടെ കൊച്ചുകുന്നിനെ ഹിമാലയപർവ്വതമാക്കാം. കുടിലിനെ ഏഴുനിലമാളികയാക്കാം. കടലാസ്സുവള്ളത്തെ പെസഫിക് സമുദ്രം താണ്ടുന്ന കപ്പലാക്കാം. അരുൺ നെഹ്റുവിനെ ജവഹർലാൽ നെഹ്റുവാക്കാം. എം. കൃഷ്ണൻനായരെ സാഹിത്യപഞ്ചാനൻ പി. കെ. നാരായണപിള്ള യാക്കാം. തൊട്ടാവാടിപ്പൂവിനെ നിശാഗന്ധിയാക്കാം. എന്റെ ഈ പ്രസ്താവത്തിൽ ആർക്കെങ്കിലും സംശയമുണ്ടോ? ഉണ്ടെങ്കിൽ ഇവിടത്തെ നവീന നിരൂപകർ പടച്ചുവിടുന്ന നിരൂപണ പ്രബന്ധങ്ങൾ നോക്കിയാൽ മതി. അവർ ഊതിവീർപ്പിക്കുന്നതനുസരിച്ചു് ഛോട്ടാക്കവികൾ ഷെല്ലിമാരും കീറ്റ്സു കളുമാകുന്നു. ക്ഷുദ്രകൃതികൾ “കാരമാസോവ് സഹോദരന്മാ ”രായി മാറുന്നു. ശുഷ്കങ്ങളായ ആത്മകഥകൾ കാസാൻദ് സാക്കീസി ന്റെ ‘റിപ്പോർട്ട് റ്റു ഗ്രെക്കോ’യായി പരിവർത്തനം ചെയ്യുന്നു. ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ ഒരു കൊച്ചുറുമ്പു് എന്റെ കടല്ലാസിലൂടെ, തിടുക്കത്തിൽ നടന്നുപോകുന്നു. ഞാൻ പറയുന്നു: “ഉറുമ്പേ, ഇങ്ങു വാ. ഞാൻ നിന്നെ ഊതിപ്പെരുക്കി ആനയാക്കാം. അതിന്റെ വിദ്യ ഞാൻ എന്റെ കൂട്ടുകാരായ നവീന നിരൂപകരിൽനിന്നു പഠിച്ചിട്ടുണ്ടു്.”
ഏറ്റവും പ്രാചീനമായ വൃത്തി എന്നു വിശേഷിപ്പിക്കപ്പെടുന്ന വേശ്യാവൃത്തിയോടു നവീന പ്യൂരിറ്റന്മാർ കാണിക്കുന്ന ദേഷ്യത്തിനും വെറുപ്പിനും മതിയായ കാരണങ്ങളില്ലെന്നാണു് എന്റെ പക്ഷം. ഇത്രയും പറഞ്ഞതുകൊണ്ടു് എല്ലാ പട്ടണങ്ങളിലും ചുവന്ന വിളക്കുകൾ പ്രകാശിക്കുന്ന സ്ഥലങ്ങളുണ്ടാക്കണമെന്നു് ഇതെഴുതുന്ന ആളിനു് അഭിപ്രായമുള്ളതായി ആരും കരുതുകയില്ലല്ലോ.
ജലകണികയെ മഹാതരംഗമാക്കാതെ എഴുതാനറിയാം എം. ഡി. രാധികയ്ക്കെന്നു് അവരുടെ “ജന്മാന്തരങ്ങൾ” എന്ന ചെറുകഥ തെളിയിക്കുന്നു. (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ലക്കം 27). ജീവിതത്തിലെ ദൗർബല്യങ്ങളെക്കണ്ടു് അവയെ ദൗർബല്യങ്ങളായി മനസ്സിലാക്കാൻ കഴിയാതെ, അവയെ എതിർക്കാൻ സാധിക്കാതെ ഒഴുക്കിനൊത്തു ചാഞ്ഞും ചരിഞ്ഞും നില്ക്കുന്ന ആറ്റുവഞ്ചിയെപ്പോലെ പ്രവർത്തിച്ച ഒരു സ്ത്രീയാണു് ഇക്കഥയിലെ പ്രധാന കഥാപാത്രം. അവൾ തന്നെ സ്നേഹിച്ച പുരുഷനെ നിരാകരിച്ചിട്ടു മറ്റൊരുത്തനെ വിവാഹം കഴിച്ചു. കാലം കഴിഞ്ഞപ്പോൾ വിവാഹമോചനമായി. അപ്പോഴാണു് പൂർവ്വകാമുകനെ കാണണമെന്ന അഭിലാഷം അവൾക്കുണ്ടായതു്. കാണാനെത്തി. അയാളുടെ വീട്ടിൽ അന്നുരാത്രി കഴിച്ചുകൂട്ടാമെന്നു തീരുമാനിക്കുന്നു അവൾ. പക്ഷേ, അയാളുടെ വിവാഹം നിശ്ചയിക്കപ്പെട്ടുവെന്നു മനസ്സിലാക്കിയയുടനെ അവൾ അവിടം വിട്ടിറങ്ങുന്നു.
സുപ്രമാണതയില്ലാത്ത മനഃശാസ്ത്രതത്ത്വങ്ങൾ ആശ്രയിച്ചുകൊണ്ടു് കഥയെ വിമർശിക്കുന്നതു ശരിയല്ലെന്നു് എനിക്കറിയാം. എങ്കിലും ചോദിക്കുകയാണു്: ഇങ്ങനെയുമുണ്ടോ സൈക്കോളജി? വിവാഹമോചനം കഴിഞ്ഞ സ്ത്രീ, നേരത്തെ കുഞ്ഞു നഷ്ടപ്പെട്ട സ്ത്രീ ആശയറ്റവളായി ജീവിക്കാൻ ശ്രമിക്കുമോ അതോ പഴയ കാമുകനെ പാട്ടിലാക്കാനായി വളരെദൂരം സഞ്ചരിച്ചു് അയാളുടെ വീട്ടിലെത്തുമോ? എത്തുമെന്നു വാദത്തിനു വേണ്ടി സമ്മതിക്കാം. പക്ഷേ, അങ്ങനെ എത്തുന്നവളാണെന്നു വായനക്കാർക്കു തോന്നത്തക്കവിധത്തിൽ അവളുടെ സ്വഭാവം ആവിഷ്കരിക്കണം. അതു് ഇക്കഥയിലില്ല. ഇതുപോലെതന്നെ അയാളുടെ സ്വഭാവവും വിചിത്രമായി കാണുന്നു. രാത്രി തന്റെ വീട്ടിൽക്കിടക്കുന്ന പൂർവ്വകാമുകി തന്നോടൊത്തു കിടക്കാൻ വരുമെന്നു് അയാൾക്കു പേടി. വിശുദ്ധിയുള്ള അയാൾ അതുകൊണ്ടു് താൻ കിടക്കുന്ന മുറിയുടെ വാതിൽ അടച്ചു സാക്ഷയിടാൻ തീരുമാനിച്ചു. തീരുമാനം അതുകൊണ്ടായില്ല. ഇനിയുമുണ്ടു് കേട്ടാലും:
“അയാളുടെ അതിഥി ആ വഴി വരും. വാതിൽ തള്ളിനോക്കും. തുറക്കില്ലെന്നു കാണുമ്പോൾ മെല്ലെ മുട്ടും. അയാൾ വാതിൽ തുറക്കും. ദയവായി എന്നെ ശല്യം ചെയ്യരുതു്. നിങ്ങളുടെ ആഗ്രഹം നടക്കുകയില്ല. നോക്കു ഞാൻ മറ്റൊരു പെൺകുട്ടിയുടേതായിക്കഴിഞ്ഞിരിക്കുന്നു എന്നു തെളിച്ചു പറയും.”

നേരത്തേ ചോദിച്ച ചോദ്യം ആവർത്തിക്കേണ്ടിയിരിക്കുന്നു. ഇതു് എന്തൊരു മനഃശാസ്ത്രം. മഹാത്മാഗാന്ധിപോലും വിറയൽ മാറ്റാൻ ചിലതൊക്കെ ചെയ്തുവെന്നാണു് ചിലർ പറയുക. അപ്പോൾ ലൗകികജീവിതം നയിക്കുന്ന സാധാരണ പുരുഷന്മാരുടെ കഥ പറയാനെന്തിരിക്കുന്നു. കടൽത്തിര തീരത്തു വന്നടിച്ചു് ഇല്ലാതാകുന്നതുപോലെ മനഃശാസ്ത്രതത്ത്വം ഇതിവൃത്തത്തിൽ അലിഞ്ഞലിഞ്ഞു് ഇല്ലാതെയാകണം. ഒരു തിര കരയിൽവന്നിട്ടു് എഴുന്നേറ്റങ്ങു സ്ഥിരമായി നിന്നാലോ? ആളുകൾക്കു വെറുപ്പു തോന്നും. രാധികയുടെ മനഃശാസ്ത്രതത്ത്വം എന്ന തിര തലയുയർത്തിനിന്നു് നമ്മളെയെല്ലാവരെയും തുറിച്ചുനോക്കുന്നു. എങ്കിലും ഒരാശ്വാസം. കൊതുകിനെ ഊതിവീർപ്പിച്ചു് കഴുകനാക്കുന്നില്ല ശ്രീമതി. അത്രയുമായി.
ചോദ്യം: സാർത്രി ന്റെ ല നോസേ (La Nausee) എന്ന നോവലിനെക്കുറിച്ചു് എന്തു പറയുന്നു? (നോസിയ എന്നു് ഇംഗ്ലീഷ് പേരു്)
ഉത്തരം: അതു കലാസൃഷ്ടിയല്ല. തത്ത്വചിന്താപരമായ ‘ട്രീറ്റിസ്—പഠനം—മാത്രമാണതു്. ലോകത്തിന്റെ അർത്ഥരാഹിത്യത്തെയാണു് സാർത്ര നോസിയ എന്നു വിളിക്കുന്നതു്. അതൊരു ഉപരിതലവീക്ഷണം മാത്രമാണു്. നോസിയയുടെ വേറൊരു പേരാണു് ‘അബ്സേഡ് ’ എന്നതു്. അനുധ്യാനത്തിന്റെ പ്രശാന്തതയിൽച്ചെന്ന സാധാരണ മനുഷ്യനുപോലും ലോകം ആഹ്ലാദാനുഭീതി ജനിപ്പിക്കും. സാർത്രിന്റെ മനസ്സിനെക്കാൾ വലിയ മനസ്സാണു് ശ്രീരാമകൃഷ്ണ പരമഹംസൻ. വിവേകാനന്ദൻ, യേശുക്രിസ്തു, സോക്രട്ടീസ്, ഐൻസ്റ്റൈൻ ഇവർക്കുള്ളതു്. അവരിലാരുംതന്നെ ലോകം അർത്ഥരഹിതമാണെന്നോ അബ്സേഡാണെന്നോ പറഞ്ഞിട്ടില്ല.
ചോദ്യം: മരണം?
ഉത്തരം: നിങ്ങളെ ഒരിക്കലും വിട്ടുപോകാത്ത കാമുകിയെന്നു് പികാസോ.
ചോദ്യം: വായിച്ചില്ലെങ്കിൽ ‘നഷ്ടം’ എന്നു പറയാവുന്ന ചില കഥകളുടെ പേരു പറയൂ?
ഉത്തരം: ഹൈന്റിഹ് ബോയ്ലിന്റെ The Laugher, ഒക്ടോവ്യാ പാസ്സി ന്റെ The Blue Bouquet ഹെമിങ്വേ യുടെ A Clean, Well-Lighted Place, യൂക്കിയോ മിഷിമ യുടെ Swaddling Clothes കാരൂർ നീലകണ്ഠപ്പിള്ള യുടെ മരപ്പാവകൾ. ജെറോം വൈഡ്മന്റെ My Father Sits in The Dark.
ചോദ്യം: സുന്ദരികളുള്ള കേരളത്തിൽ?
ഉത്തരം: ചങ്ങമ്പുഴ എന്ന ഭാവാത്മക കവി.
ചോദ്യം: മർദ്ദനഭരണം പതിവായ ലാറ്റിനമേരിക്കയിൽ?
ഉത്തരം: നെറൂദ എന്ന വിപ്ലവ കവി.
ചോദ്യം: നെപ്പോളിയന്റെ ഫ്രാൻസിൽ?
ഉത്തരം: അദ്ദേഹത്തിന്റെ ആരാധകനായ യൂഗോ.
ചോദ്യം: അയൽക്കാർ?
ഉത്തരം: പൊതുവെ നമ്മളിൽ താല്പര്യമില്ലാത്തവർ. പക്ഷേ, നമ്മളൊരു ആപത്തിൽപ്പെട്ടാൽ ബന്ധുക്കളെക്കാൾ അവർ ഉപകരിക്കും.
മഹാത്മാഗാന്ധി ഇവിടെ ജീവിച്ചിരുന്നപ്പോൾ ഹിറ്റ്ലർ യൂറോപ്പിൽ നിരപരാധരെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. വള്ളത്തോൾ ദേശാഭിമാനോജ്ജ്വലങ്ങളായ കാവ്യങ്ങൾ രചിക്കുകയും കേരളീയരുടെ സ്വപ്നങ്ങൾക്കു സാക്ഷാത്കാരം വരുത്തുകയും ചെയ്തപ്പോൾ സി. പി. രാമസ്വാമി അയ്യർ വയലാർ—പുന്നപ്ര പ്രദേശങ്ങളിൽ ആളുകളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. മനുഷ്യത്വത്തെ വാഴ്ത്തി അരിസ്റ്റോട്ടിൽ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യൻ അലക്സാണ്ടർ ബഹുജനത്തിന്റെ തലകൾ കൊയ്യുകയായിരുന്നു. ഇതു ലോകത്തിന്റെ സ്വഭാവമാണു്. സംസ്കാരത്തെ വികസിപ്പിക്കുന്നവരും അതിനെ നശിപ്പിക്കുന്നവരും ഒരേ കാലയളവിൽ ഉണ്ടായിരിക്കും. ചിലർ ഉത്കൃഷ്ടങ്ങളായ കഥകൾ രചിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റുചിലർ അപകൃഷ്ടങ്ങളായ കഥകൾ പടച്ചുകൊണ്ടിരിക്കും. കുങ്കുമം വാരികയിൽ “സർദാർജിയുടെ അന്ത്യപ്രലോഭനം” എന്ന ചെറുകഥയെഴുതിയ ഖാലീദു് ഇങ്ങനെ സംസ്കാരത്തെ പിടിച്ചു പിറകോട്ടു വലിക്കുന്നു. നമ്മുടെ ചെറുകഥാസാഹിത്യം അത്രകണ്ടു് ഉത്കൃഷ്ടമൊന്നുമല്ലെങ്കിലും കുറെയൊക്കെ വികാസം കൊണ്ടതാണെന്നു സമ്മതിക്കാവുന്നതാണു്. ഖാലീദിനെപ്പോലുള്ളവർ അതിലൊരു ‘റിട്രോഗ്രെഷൻ’—പിറകോട്ടു പോകൽ—നടത്തുന്നതെന്തിനാണെന്നു് അറിഞ്ഞുകൂടാ. ഒരു പുതിയ ട്രക്ക് കിട്ടിയ സർദാർജി അതു വളരെവേഗത്തിൽ ഓടിച്ചത്രെ. വഴിയിൽക്കണ്ട ചില സ്ത്രീകളെ നോക്കിയപ്പോൾ വണ്ടി വേറൊരു വണ്ടിയിൽ ഇടിച്ചുതകർന്നു പോയത്രെ. ഭൂതം, വർത്തമാനം, ഭാവി ഈ കാലങ്ങളെ കൂട്ടിയിണക്കി സാർത്ഥകമായ ശില്പം നിർമ്മിക്കുന്നതാണു സാഹിത്യമെങ്കിൽ ഇക്കഥ സാഹിത്യമല്ല. വർത്തമാനകാലത്തെ ആവിഷ്കരിച്ചു ഭൂതകാലത്തെയും ഭാവികാലത്തെയും സമഞ്ജസമായി ചിത്രീകരിക്കുന്നതാണു സാഹിത്യമെങ്കിൽ ഇതു സാഹിത്യമല്ല. സാഹിത്യമല്ലാത്തതുകൊണ്ടു തന്നെ ഇതു ദോഷം ചെയ്യും. ഒരു കല്പനാഭാസം നടത്തട്ടെ. സാഹിത്യം താജ്മഹലാണെന്നു വിചാരിക്കു. ചുറ്റികകൊണ്ടടിച്ചു് അതിന്റെ ഒരു കല്ലിളക്കിയാൽ കുടീരമാകെ തകരും. ഖാലീദ് ചുറ്റിക എടുത്തുകൊണ്ടു് പതുങ്ങി നടക്കുന്നു. സൂക്ഷിക്കു.
- തിരുവനന്തപുരത്തെ റസിഡൻസിയിൽ വച്ചാണു് മാധവിക്കുട്ടിയെ ഞാൻ ആദ്യമായി കണ്ടതു്. Stylishly dressed എന്നു ഞാൻ മനസ്സിൽ പറഞ്ഞു. ഓരോ കൈയിലും കുറഞ്ഞതു് മുപ്പതു സ്വർണ്ണവളകൾ വരും. അതിനനുസരിച്ചുള്ള മറ്റാഭരണങ്ങൾ. എടുത്തു പറയേണ്ടതു് അതൊന്നുമല്ല. ഒരു ഇരുമ്പുവളയത്തിൽ ഏതാണ്ടു് മുപ്പതു താക്കോലുകൾ കോർത്തു് സാരിയിൽ തിരുകിയിരിക്കുന്നു. എന്തിനു് ഇത്ര വളരെ താക്കോൽ എന്നു ഞാൻ ആലോചിച്ചു. മാധവിക്കുട്ടിയുടെ രചനകളെല്ലാം “തുറന്ന പുസ്തകങ്ങ”ളാണു്. അവർ ഒന്നും ഒളിച്ചുവയ്ക്കാറില്ല. സ്വർണ്ണം മുഴുവനും ശരീരത്തിലുണ്ടു്. പിന്നെ ഭദ്രമായി സൂക്ഷിച്ചുവയ്ക്കാനെന്തുണ്ടു്? ഈ ചോദ്യങ്ങൾ എന്നോടുതന്നെ ചോദിച്ചു ഞാൻ മിണ്ടാതെ ഇരുന്നു. അതാണല്ലോ മര്യാദ.
- സാഹിത്യകാരന്റെ, രചന വാങ്ങിക്കൊണ്ടുപോകാൻ പത്രാധിപർ അയച്ച ആളുവന്നു. വന്നയാൾ പറഞ്ഞു: “തന്നയയ്ക്കാൻ പറഞ്ഞു, പ്രതിഫലം പിന്നീടെത്തിച്ചുകൊള്ളാം.” സാഹിത്യകാരൻ ‘ശരി’ എന്നുച്ചരിച്ചു് രചനയെടുത്തു കൊടുത്തു. അപ്പോഴാണു് അദ്ദേഹത്തിന്റെ ഭാര്യ വരാന്തയിൽ പ്രത്യക്ഷയായതു്. അവർ ദേഷ്യത്തോടെ: “പ്രതിഫലം തന്നിട്ടു് ഇതു കൊണ്ടുപോയാൽ മതി,” അതുകേട്ടു് വന്നയാൾ രചന താഴെവച്ചു. “പിന്നെ കൊണ്ടുവരും പണം. ഇപ്പോൾ ഇതു കൊണ്ടുപോകട്ടെ” എന്നുപറഞ്ഞു് സാഹിത്യകാരൻ അതു വീണ്ടുമെടുത്തു് വന്നയാളിന്റെ കൈയിൽ കൊടുക്കാൻ ഭാവിച്ചു. പെട്ടെന്നു് സ്ത്രീ ഭർത്താവിനെ നോക്കി ഗർജ്ജിച്ചു: “വയ്ക്കെടാ അതവിടെ.” സാഹിത്യകാരന്റെ വിറയാർന്ന കൈയിൽനിന്നു രചന താഴെ വീണു. (രചനയെന്നു കരുതിക്കൂട്ടി എഴുതിയതാണു ഞാൻ. കവിതയെന്നോ കഥയെന്നോ ലേഖനമെന്നോ എഴുതിയാൽ സാഹിത്യകാരൻ ആരാണെന്നു് ചിലരെങ്കിലും ഊഹിക്കും. അതു വേണ്ടല്ലോ.)
കടൽത്തിര തീരത്തുവന്നടിച്ചു് ഇല്ലാതാകുന്നതു പോലെ മനഃശാസ്ത്രതത്ത്വം ഇതിവൃത്തത്തിൽ അലിഞ്ഞലിഞ്ഞു് ഇല്ലാതെയാകണം. ഒരുതിര കരയിൽവന്നിട്ടു് എഴുന്നേറ്റങ്ങു നിന്നാലോ? ആളുകൾക്കു വെറുപ്പുതോന്നും.
ദാരിദ്ര്യം വേശ്യാത്വത്തിനു കാരണമാണു്, സമ്മതിച്ചു. പക്ഷേ, അതുമാത്രമാണോ ഹേതു? അല്ലെന്നേ പറയാനാവൂ. ഇക്കാര്യത്തെക്കുറിച്ചു് നിഷ്പക്ഷമായി ചിന്തിച്ചിട്ടുള്ളവർ അഭിപ്രായപ്പെടുന്നതു് വിവാഹമെന്നു പറയുന്ന ഏർപ്പാടു് വേശ്യാത്വത്തിന്റെ നിലനില്പിനു കാരണമായി ഭവിക്കുന്നു എന്നാണു്. പുരുഷൻ ബഹുസ്ത്രീതല്പരനാണു്. സ്വന്തം ഭാര്യ എത്ര സുന്ദരിയായാലും മധുവിധു കഴിഞ്ഞാൽ അവൾ അയാളെ ആകർഷിക്കില്ല. അതുകൊണ്ടു് വൈരൂപ്യമുള്ള സ്ത്രീയോടുപോലും വേഴ്ചയുണ്ടാക്കാൻ അയാൾ താല്പര്യമുള്ളവനായിരിക്കും. ഏകപത്നീവ്രതക്കാരനല്ല ഒരു പുരുഷനും. ഏകഭർത്തൃവ്രതമാണു് എന്റെ ലക്ഷ്യമെന്നു ഭാവിക്കുന്ന സ്ത്രീ ജീവിതത്തിന്റെ സുരക്ഷിതത്വത്തെക്കരുതി അയാളെ നിഴൽപോലെ പിന്തുടരുന്നു. ഈ പിന്തുടരൽ കൂടുന്തോറും പുരുഷൻ അന്യ സ്ത്രീകളിൽ കൂടുതൽ കൗതുകമുള്ളവനായിത്തീരുന്നു. അതുകൊണ്ടു് വേശ്യാവൃത്തിക്കു പ്രധാനമായ ഹേതു വിവാഹമെന്ന ഏർപ്പാടാണു്. എത്രകാലം ഈ ഏർപ്പാടുണ്ടായിരിക്കുമോ അത്രയുംകാലം വേശ്യാവൃത്തിയുമുണ്ടായിരിക്കും.
സന്മാർഗ്ഗരഹിതമായ രാഷ്ട്രവ്യവഹാരത്തിന്റെ ഉദ്ഘോഷകനായിരുന്നു ഇറ്റലിയിലെ രാജ്യതന്ത്രജ്ഞൻ നീക്കോലോ മാക്കിയവെല്ലി. ക്രിസ്തുവിനുമുൻപു് ഭാരതത്തിൽ ജീവിച്ചിരുന്ന കൗടില്യൻ ഏതാണ്ടൊരുമാക്കിയവെല്ലിയായിരുന്നു. അദ്ദേഹത്തിന്റെ ‘അർത്ഥശാസ്ത്രം’ വേശ്യാവൃത്തിയെ നീതിമത്കരിക്കുന്നുണ്ടു്.
“സൗഭാഗ്യത്തിന്റെയും അലങ്കാരത്തിന്റെയും വൃദ്ധിയനുസരിച്ചു് ആയിരം പണംകൊണ്ടു ഗണികകൾക്കു കനിഷ്ഠമോ മധ്യമമോ ഉത്തമമോ ആയ വാരം കല്പിക്കണം.”
എന്നു തുടങ്ങുന്ന ഭാഗം നോക്കുക. (അർത്ഥ ശാസ്ത്രം, കെ. വി. എം-ന്റെ മലയാളം തർജ്ജമ. പുറം 144.) (വാതിൽകാവൽ, ചൂതുകളി, വെറ്റില നല്കൽ ഇവയൊക്കെയാണു് വാരം.)
ഗ്രീക്ക് സംസ്കാരത്തിന്റെ ഒരവിഭാജ്യഘടകമായിരുന്നു വേശ്യാവൃത്തി. കലാകാരന്മാർ, ദാർശനികർ, കവികൾ ഇവർക്കെല്ലാം പ്രചോദനം നല്കിയതു് വേശ്യകളായിരുന്നുവെന്നാണു് പണ്ഡിതമതം. പ്ലേറ്റോപോലും വേശ്യകളെ അംഗീകരിച്ചിരുന്നു. “ഏറ്റവും പ്രാചീനമായ വൃത്തി” എന്നു വിശേഷിപ്പിക്കപ്പെടുന്ന വേശ്യാവൃത്തിയോടു നവീന പ്യൂരിറ്റന്മാർ കാണിക്കുന്ന ദേഷ്യത്തിനും വെറുപ്പിനും മതിയായ കാരണങ്ങളില്ലെന്നാണു് എന്റെ പക്ഷം. ഇത്രയും പറഞ്ഞതുകൊണ്ടു് എല്ലാ പട്ടണങ്ങളിലും ചുവന്ന വിളക്കുകൾ പ്രകാശിക്കുന്ന സ്ഥലങ്ങളുണ്ടാക്കണമെന്നു് ഇതെഴുതുന്ന ആളിനു് അഭിപ്രായമുള്ളതായി ആരും കരുതുകയില്ലല്ലോ.

വേശ്യാവൃത്തിക്കു തകർന്ന സമ്പദ്ഘടന ഹേതുവാകുമെന്നു കാണിക്കുകയാണു് കെ. എസ്. അനിയൻ. (പടിഞ്ഞാറെ ചെരുവിലെ നക്ഷത്രം—ദേശാഭിമാനി വാരിക) ഗൃഹനായകൻ മരിച്ചു. അതോടെ കുടുംബം പട്ടിണി. പട്ടിണിയിൽനിന്നു രക്ഷപ്പെടാൻ ഹൃഹനായിക വ്യഭിചരിക്കുന്നു. അതറിഞ്ഞ മകൻ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. ചിരപരിചിതമായ വിഷയം എന്ന നിലയിൽ ഇതു് awkward ആണു്. എങ്കിലും ആ വിഷയത്തെ വൈരസ്യമില്ലാത്ത രീതിയിൽ പ്രതിപാദിച്ചു എന്ന നിലയിൽ ആ വൈലക്ഷണ്യം മാറിപ്പോകുകയും ചെയ്യുന്നു. മറ്റു മാർഗ്ഗമില്ലാതെ വ്യഭിചരിക്കുന്ന ഗൃഹനായികയോടു നമുക്കു് അനുകമ്പ. ആ കുത്സിതകൃത്യം കണ്ടു ക്ഷോഭിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന മകനോടു വാത്സല്യവും കാരുണ്യവും. വ്യഭിചാരത്തിനു പ്രേരണ നല്കുന്ന സാമൂഹികാവസ്ഥയോടു് എതിർപ്പു്. ഇതിൽക്കൂടുതലായി വേറൊന്നും വേണ്ടല്ലോ.
റേഡിയോ തിരിച്ചാൽ അസഹനീയമായ പരസ്യകോലാഹലം. റ്റീറ്റൂ, റ്റീറ്റൂ എന്നും മറ്റും പെണ്ണും ആണും ചേർന്നു കാതടപ്പിക്കുന്ന ശബ്ദത്തിൽ നിലവിളിക്കുന്നു. ഈ റ്റീറ്റൂ വിളികൾക്കു തൊട്ടുമുൻപു് പ്രധാന മന്ത്രിയുടെ പ്രഭാഷണം നമ്മൾ കേട്ടതേയുള്ളു. മതവികാരങ്ങളെ രാഷ്ട്രവ്യവഹാരവുമായി കൂട്ടിക്കുഴയ്ക്കുന്നതു് ആപത്തിനെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമായിരിക്കും എന്ന ഉദാത്തമായ ആശയം ഗ്രഹിച്ചു് അതിനെക്കുറിച്ചു നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും റ്റീറ്റൂ റ്റീറ്റൂ എന്ന “ആക്രോശം” നമ്മുടെ കാതിൽ വന്നുവീഴുക. അതോടെ പ്രധാനമന്ത്രി ആവിഷ്കരിച്ച ആശയത്തിന്റെ ഔജ്ജ്വല്യം ഇല്ലാതെയാകുന്നു. എന്നാൽ വാർത്ത വായിക്കുന്നതിന്റെ സമയംനോക്കി റേഡിയോ സ്വിച്ചോൺ ചെയ്താലോ? മലയാളഭാഷയെ കഴുത്തു ഞെരിച്ചുകൊല്ലുന്നു. ഭരണഘടന ന്യൂസ് വായനക്കാരന്റെ നാവിലൂടെ ഭരണകടനയാവുന്നു; യുദ്ധത്തടവുകാർ യുത്തതടവുകാരാകുന്നു; അർദ്ധബോധാവസ്ഥ അർത്തബോധാവസ്ഥയാകുന്നു. കുറ്റം പറയാൻ വയ്യ. ചിലർക്കു് അങ്ങനെ ഉച്ചരിക്കാനേ പറ്റൂ. പണ്ടു് ഞാനൊരു സ്നേഹിതനോടുകൂടി ഒരു സമ്മേളനത്തിനു പോയി. ഞാൻ സുഹൃത്താണെന്നതു വിസ്മരിച്ചു് അദ്ദേഹം ആവേശത്തോടെ എന്നെ അങ്ങു് ‘ക്രിട്ടീക്’ ചെയ്തു. പക്ഷേ, ഈ ‘ക്രിട്ടീക്’ ചെയ്യുമ്പോഴും ബോധം എന്ന വാക്കു് അദ്ദേഹം ഭോധം എന്നേ ഉച്ചരിക്കുന്നുള്ളു. തിരിച്ചു കാറിൽക്കയറി യാത്ര തുടർന്നപ്പോൾ ഞാൻ കൂട്ടുകാരനോടു പറഞ്ഞു: “വിമർശനമൊക്കെ നന്നായി പക്ഷേ, ബോധം എന്നു ശരിയായി ഉച്ചരിക്കണം. ഇല്ലെങ്കിൽ ആളുകൾ വിചാരിക്കും ബോധമെന്നു ശരിയായി പറയാൻ കഴിയാത്ത ആളാണോ വിമർശിക്കുന്നതെന്നു്.” അതുകേട്ടു് സ്നേഹിതൻ “ഭോധം” എന്നു തന്നെ ഞാൻ ശരിയായി പറഞ്ഞല്ലോ എന്നായി അതു കേൾക്കാത്ത മട്ടിൽ ഞാൻ “ബോ” എന്നു പറയൂ എന്നു് അദ്ദേഹത്തോടു് ആവശ്യപ്പെട്ടു. സ്നേഹിതൻ: “ബോ” ഞാൻ വീണ്ടും. “ധം” സ്നേഹിതൻ: “ധം” ശരിയായി എന്ന സന്തോഷത്തോടെ ഞാൻ “ബോധം” എന്നു് അക്ഷരങ്ങൾ ചേർത്തു പറഞ്ഞു. സ്നേഹിതൻ ഗമയിൽ “ഭോധം” എന്നും അതുകൊണ്ടു് യുത്തത്തടവുകാരും ഭരണകടനയും നമ്മൾ ഇനിയും കേൾക്കേണ്ടിവരും. ഇതു് ന്യൂസ് വായനക്കാരന്റെ ഉച്ചാരണം. ന്യൂസ് വായനക്കാരിയോ? ‘രൂപവത്കരിക്കുക’ എന്നു ശരിയായി അവർ പറയുകയില്ല. ‘രൂപീകരിക്കുക’ എന്നേ പറയൂ. ‘വർദ്ധന’ എന്നതിനു പകരമായി ‘വർദ്ധനവു്’ എന്നും വാർത്ത വായിക്കുന്നതിന്നിടയിൽ ‘വൻസാദ്ധ്യത’ എന്നും കേൾക്കാറായി. അങ്ങനെയുമുണ്ടോ ഒരു സാദ്ധ്യത? (രണ്ടും ദില്ലിയിൽ നിന്നാണേ. തിരുവനന്തപുരം ആകാശവാണിയിലെ സുഹൃത്തുക്കൾ തെറ്റിദ്ധരിക്കരുതു്.)
ടെലിവിഷനിലേക്കു പോകൂ. അന്തരീക്ഷത്തിന്റെ മദ്ധ്യത്തിൽ തൂങ്ങിനില്ക്കുന്ന ഗോസ്റ്റായിപ്പോകും നമ്മൾ അതിലെ പരിപാടികൾ കണ്ടാൽ; ശബ്ദം കേട്ടാൽ പിന്നെ ഒരു സൗകര്യമുണ്ടു് ഈ ടെലിവിഷൻ സെറ്റിൽ അതിന്റെ ശബ്ദമില്ലാതെയാക്കിക്കളയാം. അപ്പോൾ മനുഷ്യരൂപങ്ങൾ വായ് പൊളിക്കുന്നതും കൈ ഉയർത്തുന്നതും മാത്രം കണ്ടാൽ മതി. കാതിനും കണ്ണിനും ഒരേസമയം ഉണ്ടാകുന്ന തീവ്രവേദനയെ അങ്ങനെ ലഘൂകരിക്കാം. എന്നെസ്സംബന്ധിച്ചിടത്തോളം ടെലിവിഷൻ സെറ്റിലെ ഏറ്റവും ഹൃദ്യമായ ദൃശ്യം മറ്റൊന്നാണു്. ദൂരദർശൻ കേന്ദ്രങ്ങൾ പ്രവർത്തിക്കാതിരിക്കുമ്പോൾ ഞാൻ സെറ്റ് പ്രവർത്തിപ്പിക്കും. ആദ്യം ഒരു ഇരമ്പൽ അതോടുചേർന്നു കുറെ കൊച്ചുവരകളും കൊച്ചുപുള്ളികളും ഇടകലർന്നു വരുന്നു. ശ്രവണസുഖദവും നയനാനന്ദകരവുമാണതു്.

മനോരാജ്യം ഓണപ്പതിപ്പിലെ 72 തൊട്ടു് 77 വരെയുള്ള പുറങ്ങളിൽ ഇതുപോലെ കൊച്ചുവരകളും കൊച്ചുപുള്ളികളും മാത്രമായിരുന്നെങ്കിൽ എന്നു ഞാൻ അഭിലഷിച്ചുപോയി. അതു സാഫല്യത്തിലെത്താത്ത അഭിലാഷം. ആ താളുകളിൽ മഷി പുരണ്ടുകിടക്കുന്നതു് സാറാതോമസിന്റെ “പുരുഷധനം” എന്ന അധമമായ കഥയാണു്. ഏഴുതവണ ‘പെണ്ണുകാണൽ’ നടന്നു. അവസാനമായി വന്നവൻ ഒരാറാട്ടുമുണ്ടൻ. കിടപ്പാടംവരെ അവൻ ചോദിച്ചതുകൊണ്ടു് അവനുമായി ബന്ധം വേണ്ടെന്നു് അവൾ തീരുമാനിച്ചു. വിജാതീയനായ ഒരുത്തനോടുകൂടി പോകാമെന്നു് അവൾ കരുതുകയും ചെയ്തു. ചെറുകഥയ്ക്കു് ഇന്നയിന്ന ഗുണങ്ങൾ വേണമെന്നു നമ്മൾക്കൊക്കെ അറിയാമല്ലോ. അവയിൽ ഒന്നു പോലും ഇക്കഥയ്ക്കില്ല. ഉള്ളതു് ഭംഗിയൊട്ടുമില്ലാത്ത കുറെ വാക്യങ്ങൾ മാത്രം. കലയെന്നതു് സൗന്ദര്യമാണെങ്കിൽ ഇതു് അതല്ല; വൈരൂപ്യം മാത്രം. രമണീയമായ ആവിഷ്കാരമാണു് കഥയെങ്കിൽ ഇതു് അതല്ല; ജുഗുപ്സാവഹമായ വാക്യസമാഹാരം മാത്രം. സാറാതോമസിന്റെ കഥയിൽ കല അഴുകിക്കൊണ്ടിരിക്കുന്നു.
- വടക്കൻ പറവൂർ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഞാൻ ഫിഫ്ത്ത് ഫോമിൽ പഠിക്കുന്ന കാലം. എന്റെകൂടെ പഠിക്കുന്ന ഈരാളിൽ ജോർജ്ജുമായി കച്ചേരിനടയിലേക്കു നടന്നപ്പോൾ ആകൃതിസൗഭഗമുള്ള ഒരാൾ ഒരു പ്രസ്സിൽ ഇരിക്കുന്നതുകണ്ടു് ഞാൻ ജോർജ്ജിനോടു ചോദിച്ചു: “ആരാണു്?” “പാറയിൽ ഉറുമീസ് തരകൻ” എന്നു മറുപടി. അക്കാലത്തെ പ്രസിദ്ധനായ സാഹിത്യകാരനായിരുന്നു തരകൻ. കുറെദിവസം കഴിഞ്ഞു് ഞാൻ അദ്ദേഹത്തോടു സംസാരിച്ചു. പലതും പറഞ്ഞ കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു: “വിരസങ്ങളായ പകലുകളെ ശരത്കാലയാമിനികളുടെ ഭംഗികലർത്തി ആവിഷ്കരിക്കുന്നതാണു് കവിത”—അന്നു് അങ്ങനെ മാത്രമേ പറയാൻ പറ്റൂ. ഇന്നാണെങ്കിൽ “വിരസങ്ങളായ പകലുകളെ വിരസങ്ങളായിത്തന്നെ ആവിഷ്കരിക്കുന്നതാണു് കവിത” എന്നു് അദ്ദേഹം പറയുമായിരുന്നു.
- ചങ്ങമ്പുഴയെ കാണാൻ ഞാൻ പലപ്പോഴും പോയിട്ടുണ്ടു്. ഒരുദിവസം അദ്ദേഹം എന്നോടു പറഞ്ഞു: “ഞാൻ വൃദ്ധനായാൽ എന്റെ തലമുടി നരച്ചാൽ ഞാനൊരിക്കലും ‘ഡൈ’ ചെയ്തു് അതു കറുപ്പിക്കില്ല— സത്യസന്ധനായ കവി. അദ്ദേഹത്തിന്റെ കവിതയോരോന്നും രത്നമായിരുന്നല്ലോ. ആ രത്നത്തിൽ ചായം തേക്കാത്ത കവി തലമുടിയിലും ചായം തേക്കുകയില്ല.
- തിരുവനന്തപുരത്തു് കോർപറെയ്ഷന്റെ വകയായി എക്സിബിഷൻ നടത്തുന്നതിനെക്കുറിച്ചു് ആലോചിക്കാനായി കോർപറെയ്ഷൻ ഓഫീസിൽ യോഗം വിളിച്ചുകൂട്ടി. ആർ. എസ്. പി. നേതാവു് വാമദേവൻ പറഞ്ഞതുകൊണ്ടു് എന്നെയും അവർ ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി പട്ടംതാണുപിള്ളയായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ. അദ്ദേഹം: എക്സിബിഷൻ നടത്തുന്നതൊക്കെ കൊള്ളാം, അതു നന്നായിരിക്കണം. പ്രദർശനം പെണ്ണുങ്ങൾക്കു വള വാങ്ങാനുള്ളതായി മാത്രം മാറരുതു്—നടരാജപിള്ളയ്ക്കു ഗോപാലപിള്ളസ്സാറിന്റെ ഒരു ബന്ധു വോട്ടുപിടിച്ചു എന്നറിഞ്ഞു് താണുപിള്ളസ്സാർ ഗോപാലപിള്ളസ്സാറിനോടു ശത്രുത കാണിച്ച സമയമായിരുന്നു അതു്. മുഖ്യമന്ത്രിക്കു് തന്നോടു വിരോധമുണ്ടെന്നു മനസ്സിലാക്കിയ ഗോപാലപിള്ളസ്സാർ അടുത്തിരുന്ന എന്നോടു പറഞ്ഞു: “പെണ്ണുങ്ങൾ പുത്തരിക്കണ്ടം മൈതാനത്തിൽ പ്രദർശനം കാണാൻ എത്തിയാൽ അവർതന്നെ ഒരു പ്രദർശനമായി മാറുമല്ലോ.” ശത്രുതയില്ലായിരുന്നെങ്കിൽ ഗോപാലപിള്ളസ്സാർ അതു മുഖ്യമന്ത്രിയോടുതന്നെ പറയുമായിരുന്നു.
ട്രയൽ വാരികയിൽ വന്ന ഒരു കാവ്യത്തിന്റെ വരികൾ എടുത്തെഴുതുന്നു. ഓരോ വരിയുടെയും ഒടുവിലിട്ട വരയ്ക്കുശേഷമുള്ള കമന്റ് എന്റേതു്.
“എന്നിൽ കാറ്റെഴുന്നേറ്റുനില്ക്കുന്നു നഗ്നമായ കരങ്ങളോടെ”— അയ്യോ ഇതു് dyspepsia എന്ന രോഗമാണു കവേ. കൂടുതൽ ആഹാരം കഴിച്ചാൽ വയറ്റിൽ ആസിഡ്കൂടിയാൽ ഇതുവരും.
“കാറ്റെന്നെ തഴുകിനിറയ്ക്കുന്നു. ശുദ്ധമാം നീർത്തുള്ളി എന്നിൽ എറിഞ്ഞു വീഴ്ത്തുന്നു”—അപ്പോൾ രോഗം കൂടുതലാണല്ലോ. പെപ്റ്റിക് അൾസറാകാതെ സൂക്ഷിക്കൂ.
“കാറ്റു് എന്നിൽ എഴുന്നേറ്റുനില്ക്കുന്നു”—വൈദ്യന്മാരുടെ ഭാഷയിൽ പറഞ്ഞാൽ രോഗം മൂർച്ഛിക്കുന്നു.” വേഗം ഡോക്ടറെ കാണൂ.
“ഞാനെന്നിലെഴുന്നേറ്റുനില്ക്കുന്നു”—ഇതു് വല്ലാത്ത അവസ്ഥയാണു്. ഫിസിഷ്യൻ പോരാ. മനഃശാസ്ത്രവിദഗ്ദ്ധനെ കാണണം. ഡിസ്പെപ്സിയയും പെപ്റ്റിക് അൾസറും പകർച്ചവ്യാധികളല്ല. എങ്കിലും ഈ കാവ്യം ഒരു സാംക്രമിക രോഗമാണു്. ഇതൊക്കെ വേണോ കവേ, ശശിധരൻ കുണ്ടറേ?

പ്രശസ്തനായ അഭിനേതാവു് പ്രേംനസീർ സഹൃദയനും എൻജിനീയറുമായ മോഹൻ ദാസോടുകൂടി (ആറ്റിങ്ങൽ) എന്റെ വീട്ടിൽ വന്നു. അവരുടെ സൌമനസ്യത്തിനു ഞാൻ നന്ദി പറയുന്നു. സാഹിത്യവാരഫലത്തെക്കുറിച്ചു് ചിലതെല്ലാം പറഞ്ഞിട്ടു് പ്രേംനസീർ ബഹുജനം തന്നെ ധനികനായി കരുതുന്നതിന്റെ അവാസ്തവികതയെക്കുറിച്ചു നർമ്മഭാസുരമായി സംസാരിച്ചു. “ആ പത്തുലക്ഷം എന്തുചെയ്തു സാറേ?” ഒരാരാധകന്റെ ചോദ്യം നസീർ മറുപടി നല്കി. “പിന്നെ ആ ഇരുപതു ലക്ഷം എന്തുചെയ്തു?” വേറൊരാളിന്റെ ചോദ്യം. അതിനും അദ്ദേഹം ഉത്തരം പറഞ്ഞു. ഇങ്ങനെ ചോദ്യങ്ങൾക്കെല്ലാം മറുപടി നല്കി, തന്റെ കൈയിൽ ആളുകൾ വിചാരിക്കുന്നതരത്തിൽ പണമില്ലെന്നു വ്യക്തമാക്കിയതിനുശേഷവും ഒരാളിന്റെ ചോദ്യം: “എന്നാലും ഇനി മൂന്നുനാലു കോടിരൂപ കാണണമല്ലോ സാറേ” ഇതു പറഞ്ഞിട്ടു് നസീർ പൊട്ടിച്ചിരിച്ചു. ഞങ്ങളും ചിരിച്ചു. പിളെയിൻ പോകാനുള്ള സമയമായതുകൊണ്ടു് നസീറും മോഹൻദാസും തിടുക്കത്തിൽ പോയി.
The Penguin Book of Hebrew Verse എന്നൊരു പുസ്തകം വായിച്ച ഓർമ്മയിൽ നിന്നു്: (കവിയുടെ പേരു് ഓർമ്മയില്ല.) “ഞാൻ ജനിച്ചപ്പോൾ സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും മാർഗ്ഗംമാറി സഞ്ചരിച്ചുകളഞ്ഞു. ഞാൻ മെഴുകുതിരി വ്യാപാരിയായിരുന്നെങ്കിൽ ഞാൻ മരിക്കുന്നതുവരെ സൂര്യൻ അസ്തമിക്കില്ലായിരുന്നു.”