സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-11-22-ൽ പ്രസിദ്ധീകരിച്ചതു്)

images/Catone.jpg
കേറ്റോ രണ്ടാമൻ

യൂട്ടിക്കായിലെ കേറ്റോ എന്നറിയപ്പെടുന്ന കേറ്റോ രണ്ടാമൻ (Cato the Younger) റോമൻ രാജ്യതന്ത്രജ്ഞനായിരുന്നു. രാഷ്ട്രവ്യവഹാരത്തിന്റെ ഗതിവിഗതികൾകൊണ്ടു് അദ്ദേഹത്തിനു് വിഷം കഴിച്ചു് ആത്മഹത്യ ചെയ്യേണ്ടി വന്നു. ആത്മഹനനത്തിനുള്ള വിഷം അടുത്തുവച്ചുകൊണ്ടു് അദ്ദേഹം പ്ലേറ്റോ യുടെ ഒരു ഗ്രന്ഥം വീണ്ടുംവീണ്ടും വായിച്ചു. അങ്ങനെ പല പരിവൃത്തി വായിച്ചതിനുശേഷമാണു് അദ്ദേഹം വിഷം കഴിച്ചതു്. കേറ്റോ വായിച്ച ഗ്രന്ഥമേതെന്നു് എനിക്കറിഞ്ഞുകൂടാ. ‘ഹേദ്രോ’യാണു് വായിച്ചതെങ്കിൽ അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നില്ല. കാരണം ആത്മഹനനത്തിനു് എതിരായ ചിന്തകൾ അതിലുണ്ടു് എന്നതാണു്. പ്ലേറ്റോ പറയുന്നു “രഹസ്യമായി മന്ത്രിക്കപ്പെടുന്ന ഒരു സിദ്ധാന്തമുണ്ടു്. മനുഷ്യൻ തടവുകാരനാണെന്നും വാതിൽ തുറന്നു് അവനു് ഓടിക്കളയാൻ അധികാരമില്ലെന്നും. എനിക്കു് തികച്ചും മനസ്സിലാക്കാൻ വയ്യാത്ത ഒരത്ഭുതമാണിതു്. എങ്കിലും ഈശ്വരന്മാർ നമ്മുടെ രക്ഷാകർത്താക്കളാണെന്നും മനുഷ്യരായ നമ്മൾ അവരുടെ കൈവശാവകാശ വസ്തുക്കളാണെന്നും ഞാനും വിശ്വസിക്കുന്നുണ്ടു്. അപ്പോൾ നിങ്ങളുടെ സമ്പാദ്യങ്ങളിലൊന്നു്… കാളയോ കഴുതയോ വഴിയിൽനിന്നു മാറി നില്ക്കാൻ തീരുമാനിച്ചാൽ അതു മരിക്കണമെന്നു് നിങ്ങൾക്കു് അഭിലാഷമില്ലെങ്കിൽ നിങ്ങൾക്കു് അതിനോടു് ദേഷ്യം തോന്നുകയില്ലേ? കഴിയുമെങ്കിൽ നിങ്ങളതിനെ ശിക്ഷിക്കുകില്ലേ… ഇങ്ങനെ നോക്കിയാൽ മനുഷ്യൻ കാത്തിരിക്കണമെന്നും ഈശ്വരൻ വിളിക്കുന്നതുവരെ ആത്മഹത്യയ്ക്കു് ഒരുമ്പെടരുതെന്നും പറയുന്നതിൽ യുക്തിയില്ലെന്നു കരുതിക്കൂടാ”.

സാഹിത്യവാരഫലത്തിലും മറ്റു വാരികകളിൽ വരുന്ന എന്റെ ലേഖനങ്ങളിലും സത്യസന്ധതയെന്ന ഗുണമുള്ളതു് വായനക്കാർക്കു് അറിയാം. അതിനാലാണു് ഈ ലേഖനങ്ങളിലെ അപ്രഗല്ഭതയെ അവർ ക്ഷമിക്കുന്നതു്. വായനക്കാരുടേയും എന്റെയും സൈക്കൊലൊജിക്കൽ ഫാക്ടർഈ ആർജ്ജവമാണു്. അതിനു് എന്നു ഞാൻ ഭംഗം വരുത്തുമോ അന്നു് എന്റെ വായനക്കാർ എനിക്കില്ലാതെയാവും. ഈ ആർജ്ജവത്തോടെ ഞാൻ എഴുതട്ടെ. ഈ കാലയളവിലെ ഏറ്റവും വലിയ ധിഷണാശാലി ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടാണു്.

ഒരുപക്ഷേ, ദൃഢനിശ്ചയത്തിലെത്തിയ കേറ്റോ ഈ ഗ്രന്ഥം വീണ്ടും വീണ്ടും വായിച്ചിട്ടും നിശ്ചയത്തിനു് ഇളക്കംതട്ടാതെതന്നെ മരിച്ചതാവാം. ആത്മഹത്യ ചെയ്തില്ലെങ്കിൽ അദ്ദേഹം ശത്രുക്കളാൽ വധിക്കപ്പെട്ടേനെ എന്നതുമാകാം സത്യം. ഗ്രന്ഥപാരായണം ആത്മഹത്യാഭിലാഷത്തിൽനിന്നു് ആളുകളെ പിന്തിരിപ്പിച്ചിട്ടുള്ള സംഭവങ്ങൾ എനിക്കറിയാം. ആത്മഹത്യയ്ക്കു സന്നദ്ധനായി എത്തിയ ഒരു യുവാവിനെ ശ്രീരാമകൃഷ്ണാശ്രമത്തിലെ ഒരു സ്വാമി ഉപദേശിച്ചിട്ടു് അയാൾക്കു വായിക്കാനായി The Gospel of Sree Ramakrishna എന്ന ഗ്രന്ഥം കൊടുത്തു. എന്നിട്ടു് സ്വാമി പറഞ്ഞു “ഇതു വായിച്ചുകഴിഞ്ഞാൽ നിങ്ങൾ മഹാദുഃഖത്തിൽ നിന്നു രക്ഷപ്പെടും. വായിച്ചുകഴിഞ്ഞതിനുശേഷം ഇവിടെ വരൂ”. ചെറുപ്പക്കാരൻ അതുപോലെ പ്രവർത്തിച്ചു.

images/TheGospelofSriRamakrishna.jpg

ഏതാനും ദിവസങ്ങൾകഴിഞ്ഞു് അയാൾ സ്വാമിയുടെ അടുത്തെത്തി “ശ്രീരാമകൃഷ്ണവചനം എന്നെ രക്ഷിച്ചു”വെന്നു് അറിയിച്ചു. അയാൾ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു. ഈ സംഭവത്തിന്റെ യാഥാർത്ഥ്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ആ വ്യക്തി തൃശ്ശുരെ ശ്രീരാമകൃഷ്ണാശ്രമത്തിലെ മൈത്രാനന്ദസ്വാമിയോടു ചോദിച്ചാൽ മതി. അദ്ദേഹം അടുത്തകാലത്തു് എന്റെ വീട്ടിൽ വന്നിരുന്നു. പത്തുകൊല്ലം മുൻപു് അദ്ദേഹം എന്നോടു പറഞ്ഞ ഈ സംഭവം ഇപ്പോഴും ആവർത്തിച്ചുപറയുകയുണ്ടായി. ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങൾ മനുഷ്യമനസ്സിനെ വിമലീകരിക്കും. ഉത്കൃഷ്ടതയിലേക്കു നയിക്കും. പ്രകൃതി നന്മയ്ക്കും തിന്മയ്ക്കും വിവേചനം കല്പിക്കാതെ പുണ്യവാളന്മാരേയും ദുഷ്ടന്മാരേയും മഹാപ്രവാഹത്തിൽ മുക്കി കൊല്ലുമ്പോൾ സ്ക്കൂട്ടറിൽക്കയറി വരുന്നവർ അവരുടെ സഹോദരന്മാരെ വെടിവച്ചുകൊല്ലുമ്പോൾ ചെറുപ്പക്കാരിയെ ഭർത്താവിന്റെ ചിതയിലേക്കു് ദുഷ്ടന്മാർ എടുത്തെറിയുമ്പോൾ അതിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ആ തരുണിയെ പിന്നെയും പിന്നെയും പട്ടടയിലേക്കു് അവർ തള്ളിയിടുമ്പോൾ, സൗധങ്ങളിൽ ബോംബ് പൊട്ടിച്ച് അപരാധം ചെയ്യാത്തവരെ ക്രൂരന്മാർ കൊല്ലുമ്പോൾ ഞാൻ ഭഗവദ്ഗീതയും ബൈബിളും ഖുറാനുമെടുത്തു വായിക്കുന്നു. ശ്രീരാമകൃഷ്ണന്റെ ‘ഗോസ്പലും’ ഒറീലിയസിന്റെ ‘മെഡിറ്റേഷൻസും’ വായിക്കുന്നു. അവ മാത്രമേ മനസ്സിനു് ശാന്തിയരുളുന്നുള്ളു.

images/IBSinger.jpg
ഐസക്ക് ബാഷേവിയസ് സിങ്ങർ

1978-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഐസക്ക് ബാഷേവിയസ് സിങ്ങറു ടെ Love and Exile എന്ന ആത്മകഥ മനോഹരമാണു്. അദ്ദേഹത്തിന്റെ ബാല്യകാലംതൊട്ടു് അദ്ദേഹം അമേരിക്കയിൽ എത്തുന്നതുവരെയുള്ള ജീവിതകഥ ഇതിൽ പ്രതിപാദിച്ചിട്ടുണ്ടു്. യൂറോപ്പിൽ അക്കാലത്തുണ്ടായ രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച കൊടുങ്കാറ്റിന്റെ ആഘാതമുളവാക്കിയ അനുഭൂതി ഈ പുസ്തകത്തിൽനിന്നു കിട്ടും. പ്രപഞ്ചത്തിന്റെ മഹാരഹസ്യം തേടുന്ന സിങ്ങറുടെ ആകുലാവസ്ഥയാകെ ഇതിൽ കാണാം. രസകരമായ ഈ ഗ്രന്ഥത്തിലെ ഒരു ഭാഗം. സിങ്ങർ അച്ഛനോടു് ചോദിച്ചു: കഷ്ടപ്പാടിനെക്കുറിച്ചു് എന്തു പറയുന്നു? അച്ഛൻ ദീർഘനേരം നിശ്ശബ്ദനായി ഇരുന്നു. ഞാൻ ചോദിച്ചതു് അദ്ദേഹം കേട്ടില്ലെന്നു് എനിക്കുതോന്നി. പക്ഷേ, അദ്ദേഹം പറഞ്ഞു: ഏറ്റവും വലിയ രഹസ്യമാണതു്. പുണ്യവാളന്മാർക്കുപോലും അതു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യൻ കഷ്ടപ്പെടുന്ന കാലത്തോളം ആ പ്രഹേളികയ്ക്കു് ഉത്തരം കണ്ടെത്താൻ സാധിക്കുകയുമില്ല. ജോബിനുപോലും ഉത്തരം നല്കാൻ കഴിഞ്ഞില്ല അതിനു്. മോസസിനും അതറിഞ്ഞുകുടായിരുന്നു. ശരീരവും വേദനയും ഒന്നാണു് എന്നതാണു സത്യം… ഈ കഷ്ടപ്പാടിനെല്ലാം പിറകിലായി ഈശ്വരന്റെ അനന്തമായ കാരുണ്യമുണ്ടു്. അച്ഛൻ കുറച്ചുനേരം മിണ്ടാതിരുന്നിട്ടു ചോദിച്ചു: “അടുത്തെങ്ങാനും ദേവാലയമുണ്ടോ? ഉച്ചയ്ക്കുള്ള പ്രാർത്ഥനയ്ക്കു സമയമായി.” (PP. 163,164—Love & Exile —The Early Years—A Memoir—Jonathan Cape, £10=95, Pages 352)

ഇ. എം. എസ്.

ആദ്യമായി കോളേജ് അദ്ധ്യാപകനായി എനിക്കു ജോലി കിട്ടിയപ്പോൾ ഞാൻ ക്ലാസ്സിൽ പോകാൻ പേടിച്ചു് കോളേജ് വരാന്തയിൽ നിന്നു. എന്റെ വൈഷമ്യം കണ്ട പ്രിൻസിപ്പൽ എൻ. ഗോപാലപിള്ള സ്സാർ പറഞ്ഞു: “എല്ലാം ശുഭമായി വരും കൃഷ്ണൻനായരേ. മുൻപിലിരിക്കുന്ന കുട്ടികൾക്കു് ഒന്നുമറിഞ്ഞുകൂടെന്ന വിചാരത്തോടെ സംസാരിക്കണം നിങ്ങൾ. അപ്പോൾ ക്ലാസ് വിജയമാകും. ആദ്യമൊരു ഇംപ്രെഷൻ ഉണ്ടാക്കിയാൽ മതി. പിന്നീടു് ഓരോ ക്ലാസും മോശമായാലും വിദ്യാർത്ഥികൾ അനങ്ങുകയില്ല. ഗുരുവിന്റേയും ശിഷ്യന്റേയും സൈക്കൊലൊജിക്കൽ ഫാക്ടേർസ് ആദ്യത്തെ കൂടിക്കാഴ്ചയിൽ സദൃശമായാൽ അതിനു് പിന്നീടു് എളുപ്പത്തിൽ ശൈഥില്യം വരില്ല.” അദ്ദേഹം പറഞ്ഞതു ശരിയായിരുന്നു. വളരെ മോശമായ രീതിയിൽ ഞാൻ പലപ്പോഴും പഠിപ്പിച്ചിട്ടുണ്ടു്. ദേഷ്യപ്പെട്ടിട്ടുണ്ടു്. കുട്ടികൾക്കു് ഇഷ്ടമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടു്. എങ്കിലും സൈക്കൊലൊജിക്കൽ ഫാക്ടറിനു് ഉടവുതട്ടാത്തതുകൊണ്ടു് അവർ ബഹളം കൂട്ടിയില്ല. എന്നോടുള്ള സ്നേഹത്തിനും ബഹുമാനത്തിനും കുറവു വരുത്തിയിട്ടില്ല.

images/EMSNamboodiripad.jpg
ഇ. എം. എസ്.

സാഹിത്യവാരഫലത്തിലും മറ്റു വാരികകളിൽ വരുന്ന എന്റെ ലേഖനങ്ങളിലും സത്യസന്ധതയെന്ന ഗുണമുള്ളതു് വായനക്കാർക്കു് അറിയാം. അതിനാലാണു് ഈ ലേഖനങ്ങളിലെ അപ്രഗല്ഭതയെ അവർ ക്ഷമിക്കുന്നതു്. വായനക്കാരുടേയും എന്റെയും ‘സൈക്കൊലൊജിക്കൽ ഫാക്ടർ’ ഈ ആർജ്ജവമാണു്. അതിനു് എന്നു ഞാൻ ഭംഗം വരുത്തുമോ അന്നു് എന്റെ വായനക്കാർ എനിക്കില്ലാതെയാവും. ഈ ആർജ്ജവത്തോടെ ഞാൻ എഴുതട്ടെ. ഈ കാലയളവിലെ ഏറ്റവും വലിയ ധിഷണാശാലി ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടാ ണു്. ചരിത്രം, സാഹിത്യം, അധികാരം, ഭാഷ ഇവയെയൊക്കെ അപഗ്രഥിച്ചു് സ്വകീയങ്ങളായ മതങ്ങൾ ആവിഷ്കരിക്കുകയും ഉൽപതിഷ്ണുത്വം ആവഹിക്കുന്നവ എന്ന മട്ടിൽ ചിലർ കൊണ്ടുവരുന്ന ദർശനങ്ങളുടെ പ്രകടാത്മകസ്വഭാവം അനായാസമായി വ്യക്തമാക്കിത്തരികയും ചെയ്യുന്ന ഇന്റലക്ച്വലാണു് അദ്ദേഹം. അദ്ദേഹത്തിന്റെ ദീർഘവീക്ഷണചാതുര്യം രാജ്യത്തിന്റെ നന്മയ്ക്കു് എങ്ങനെ പ്രയോജനപ്പെട്ടുവെന്നു് എം. കെ. കെ. നായർ ആത്മകഥയിൽ സ്പഷ്ടമാക്കുന്നു. (ഇ. എം. എസ്സിന്റെ ദീർഘവീക്ഷണം—കലാകൗമുദി—ലക്കം 634) എം. കെ. കെ. നായരുടെ നിഷ്പക്ഷ ചിന്താഗതിക്കും ബുദ്ധിയുള്ളവരെ ആദരിക്കാനുള്ള പ്രവണതയ്ക്കും നിദർശകമാണു് ഈ ലേഖനം. ആത്മകഥാകാരൻ ഇന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കലാകൗമുദി വാരികയിലുണ്ടു്.

ചോദ്യം, ഉത്തരം

ചോദ്യം: പ്രതിഭാശാലിയായ കവി മരിച്ചുകഴിഞ്ഞാലുള്ള അവസ്ഥയൊന്നു വിശദീകരിക്കാമോ?

ഉത്തരം: ഇപ്പോൾ പവർകട്ടിന്റെ കാലമല്ലേ? സർക്കാർ നിശ്ചയിച്ച സമയത്തു് വിദ്യുച്ഛക്തിയില്ല. അതു് ബഹുജനം സഹിക്കുന്നു. പക്ഷേ, കറന്റ് കിട്ടേണ്ട സമയത്തും അതു പലപ്പോഴുമില്ല. ബൾബുകൾ പ്രകാശിച്ചുകൊണ്ടിരിക്കുമ്പോൾ അവ പെട്ടെന്നു് കെട്ടുപോകും. അവ ഇപ്പോൾ തെളിയും ഇപ്പോൾ തെളിയും എന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു നിമിഷത്തേക്കു വെള്ളിവെളിച്ചം പരക്കും. പൊടുന്നനവേ അതില്ലാതാവുകയും ചെയ്യും. അപ്പോഴാണു് ഇരുട്ടിന്റെ സാന്ദ്രത നമ്മൾ കൂടുതലറിയുന്നതും കൂടുതൽ വിഷമിക്കുന്നതും. കവികൾ ജനിക്കാതിരിക്കുമ്പോൾ പരക്കുന്ന അന്ധകാരത്തേക്കാൾ അസഹനീയമാണു് ജീവിച്ചിരുന്ന അവർ ഇല്ലാതാവുമ്പോൾ.

ചോദ്യം: സ്ത്രീയുടെ ഏറ്റവും വലിയ ദൗർഭാഗ്യമേതു് ?

ഉത്തരം: സംസ്കാരദരിദ്രനായ ഒരുവനോടുകൂടി ദാമ്പത്യജീവിതത്തിന്റെ നിത്യനരകത്തിൽ കഴിയുക എന്നതു്.

ചോദ്യം: ജി. ശങ്കരക്കുറുപ്പി ന്റെ കാവ്യങ്ങളിലെ ആശയങ്ങൾക്കും ചങ്ങമ്പുഴയുടെ കാവ്യങ്ങളിലെ ആശയങ്ങൾക്കും തമ്മിലുള്ള വ്യത്യാസമെന്താണു്?

ഉത്തരം: ജി.യുടെ രൂപശില്പപഞ്ജരത്തിനകത്തിരിക്കുന്ന ആശയവിഹംഗമം ചിറകടിച്ചു വെളിയിലേക്കു് വരാൻ ശ്രമിക്കുന്നു. അതിന്റെ തലയും കാലും ചിറകും കൂട്ടിനു പുറത്താണു്. എന്നിട്ടും രക്ഷപ്പെടാനാവാതെ അതു് അവിടെയിരുന്നു പിടയ്ക്കുന്നു. ചങ്ങമ്പുഴ യുടെ രൂപശില്പപഞ്ജരത്തിനകത്തുള്ള ആശയവിഹംഗമം ചിറകടിക്കുന്നില്ല. അതു് ഉറങ്ങുകയാണു്. അതുകൊണ്ടു് പക്ഷിയെ കാണാതെ നമ്മൾ “ബന്ധുരകാഞ്ചനക്കൂട്ടി”നെ മാത്രം നോക്കി ആഹ്ലാദിക്കുന്നു. പഞ്ജരത്തിനും കിളിക്കും തുല്യപ്രാധാന്യമെവിടെ എന്നു നിങ്ങൾ ചോദിച്ചാൽ ‘വള്ളത്തോളി ന്റെ കവിതയിൽ’ എന്നായിരിക്കും എന്റെ ഉത്തരം.

ചോദ്യം: നിങ്ങളുടെ വീട്ടിലെ കസേര എങ്ങനെ?

ഉത്തരം: ആ കസേരയിൽ ജി. ശങ്കരക്കുറുപ്പു്, പി. കേശവദേവ്, തകഴി ശിവശങ്കരപിള്ള, പൊൻകുന്നം വർക്കി, പ്രേംനസീർ, കെ. ബാലകൃഷ്ണൻ ഇവർ ഇരുന്നിട്ടുണ്ടു്. ഞാനും അതിലിരിക്കുന്നു. എന്റെ കസേരയായതുകൊണ്ടാണു് ഞാനതിൽ ഇരിക്കുന്നതു്. മറ്റു കസേരകളിൽ ഞാൻ കയറിയിരുന്നിട്ടുമുണ്ടു്. മഹാരാജാസ് കോളേജിൽ മഹാകവി ജി. ശങ്കരക്കുറുപ്പു് ഇരുന്ന കസേരയിൽ ഞാൻ ബലാൽക്കാരമായി ചെന്നു് ഇരുന്നു. തിരുവനന്തപുരത്തെ കോളേജിൽ എ. ആർ. രാജരാജവർമ്മ ഇരുന്ന കസേരയിൽ … (പേരു പറയുന്നതു് മര്യാദക്കേടു്) കയറിയിരുന്നതുപോലെ.

ധിഷണ

സീസർച്ചക്രവർത്തി യാത്രപോയി. വിദേശത്തുവച്ചു് തന്നെപ്പോലെയിരിക്കുന്ന ഒരുത്തനെക്കണ്ടു് അദ്ദേഹം അയാളെ വിളിച്ചുചോദിച്ചു: “ഏയ് നിങ്ങളുടെ അമ്മ എന്റെ അച്ഛന്റെ കൊട്ടാരത്തിൽ ജോലിക്കു നിന്നിട്ടുണ്ടോ?” അയാൾ ഉടനെ മറുപടി പറഞ്ഞു: “ഇല്ല, എന്റെ അച്ഛൻ നിന്നിട്ടുണ്ടു്.” എല്ലാവർക്കുമറിയാവുന്ന ഈ നേരമ്പോക്കു് ഇവിടെ എഴുതിയതു് ശരിയായില്ലെങ്കിൽ വായനക്കാർ ക്ഷമിക്കണം. പ്രത്യുല്പന്നമതിത്വം കാണിക്കുന്ന ഒരു ഉത്തരത്തിലേക്കു് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനേ എനിക്കുദ്ദേശ്യമുള്ളു.

images/ArthurKoestler1969.jpg
കോയ്റ്റസലർ

കോയ്റ്റസലറു ടെ Act of creation എന്ന ഗ്രന്ഥത്തിൽ ഇത്തരം നേരമ്പോക്കുകൾ ധാരാളമുണ്ടു്. ഓർമ്മയിലുള്ള ഒരെണ്ണം ഇവിടെ എഴുതാം. ഒരാൾ ഓഫീസിൽനിന്നു വീട്ടിലെത്തിയപ്പോൾ അയാളുടെ ഭാര്യയും ബിഷപ്പും രതിക്രീഡയിൽ ഏർപ്പെട്ടിരിക്കുന്നതു കണ്ടു. അയാൾ ദേഷ്യമൊട്ടും കാണിക്കാതെ ജനലിന്റെ അരികിൽചെന്നുനിന്നു് റോഡേപോയ ആളുകളെ കൈകളുയർത്തി അനുഗ്രഹിക്കാൻ തുടങ്ങി, ഭാര്യ അതുകണ്ടു് “നിങ്ങൾ എന്തു കിറുക്കാണു് കാണിക്കുന്നതു്?” എന്നു ചോദിച്ചു. അപ്പോൾ അയാൾ മറുപടി നല്കിഃ “ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ബിഷപ്പ് ചെയ്യുന്നതുകൊണ്ടു് അദ്ദേഹം ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അത്രേയുള്ളു.”

ബുദ്ധിയുടെ പ്രസരമാണു് ഈ രണ്ടു സംഭവത്തിലുമുള്ളതു്. ഇത്തരത്തിൽ ധിഷണയുടെ വിലാസം കാണിക്കുന്ന ഒരു കഥയാണു് ജോയി തിരുമൂലപുരം ട്രയൽ വാരികയിൽ എഴുതിയിട്ടുള്ളതു്. (കണ്ണാടി എന്ന കഥ) ഹൃദയത്തെക്കാൾ പ്രജ്ഞയ്ക്കാണു് ജോയിയുടെ കഥയിൽ പ്രാധാന്യം വന്നിട്ടുള്ളതു്. അതു് ന്യൂനതയാണോ എന്നു ചോദിച്ചാൽ അതെ എന്നുതന്നെ ഉത്തരം. പിന്നെ അമ്മട്ടിലുള്ള കഥകളും വേണമല്ലോ.

The Songs of Hiroshima എന്ന പേരിൽ ജപ്പാനീസ് കവി കാസുക്കോ യാമാദാ (Kazuko Yamada) എഴുതിയ കാവ്യഗ്രന്ഥത്തിൽ The Wind എന്നൊരു കൊച്ചു കവിതയുണ്ടു്. അതു് തർജ്ജമചെയ്തു വികലമാക്കാതെ ഇംഗ്ലീഷിൽത്തന്നെ എഴുതട്ടെ:

Who is it,

Tapping on the back door?

Tap,tap,tap…

Who is it,

Shaking the door?

Your mother is working in the house,

Your mother is waiting for you,

Your mother still has your pants and your shirts.

ചലനരാഹിത്യം

ഭർത്താവു് മരിച്ചാൽ ദുഃഖമില്ലെങ്കിലും കരഞ്ഞേ തീരൂ. പേർഷ്യയിൽ കുറെക്കാലം മുൻപുവരെയുണ്ടായിരുന്ന ഒരേർപ്പാടു് വിചിത്രമത്രെ. ഭാര്യയുടെ കണ്ണീർ കുപ്പിയിലേക്കു വീഴ്ത്തി എല്ലാക്കാലത്തേക്കുമായി സൂക്ഷിച്ചുവയ്ക്കും. ഭർത്താവിന്റെ മരണത്തിൽ ഭാര്യ ദുഃഖിച്ചുവെന്നു് വരുംതലമുറയ്ക്കു മനസ്സിലാക്കാനായിരിക്കുമതു്. സ്കോട്ട്ലണ്ടിൽ മറ്റൊരു വിചിത്രമായ ഏർപ്പാടാണുണ്ടായിരുന്നതു്. വിധവയായവളുടെ ശയനമുറിയിലെ കണ്ണാടിജനലുകളിൽ വാലുമാക്രിയുടെ രൂപത്തിൽ ചില പാടുകൾ ഉണ്ടാക്കിവയ്ക്കുമായിരുന്നു. പെണ്ണു് കണ്ണാടിയിൽ മുഖമർപ്പിച്ചു് കരഞ്ഞുവെന്നു് ആളുകൾ അതിൽനിന്നു മനസ്സിലാക്കിക്കൊള്ളണം. തെക്കൻ തിരുവിതാംകൂറിൽ ഒപ്പാരുവയ്ക്കുക എന്ന ഏർപ്പാടുണ്ടു്. ഇപ്പോഴും അതുണ്ടോ എന്നറിഞ്ഞുകൂടാ. ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരുന്നു് ഭാര്യ ഉറക്കെപ്പറയും: (ഞാൻ മലയാളത്തിലെഴുതുകയാണു്, എനിക്കു് ഏഴുവയസ്സുള്ളപ്പോൾ തക്കല എന്ന സ്ഥലത്തു് കേട്ട ഒരു ഒപ്പാരു്)‘ക്ളാത്തിമീൻ കൂട്ടണമെന്നു് ഞാൻ പറഞ്ഞപ്പോൾ ചന്തയിൽപ്പോയി പത്തു ക്ളാത്തി വാങ്ങിച്ചുകൊണ്ടു് വന്നു് അറുത്തു കഴുകി ഉലുമ്പുകളഞ്ഞു് കറിവച്ചു് എനിക്കു തന്നവനല്ലിയോ ഇതാ തടിപോലെ കിടക്കണതു്.’

എന്തായാലും ഉറക്കത്തിന്റെ ചേട്ടനായ മരണം എല്ലാവരേയും ഗ്രസിക്കും. അതിനുള്ള തയ്യാറെടുപ്പാണു് എന്നും രാത്രി നമ്മൾ നടത്തുക. ഉറങ്ങാൻ കിടക്കുന്നതിനുമുൻപു് മേലുകഴുകുന്നു. വസ്ത്രധാരണത്തിന്റെ ദൃഢത കുറയ്ക്കുന്നു. പുതപ്പെടുത്തു മൂടുന്നു. ചിലർ തലപോലും പുതപ്പിനകത്താക്കും. അങ്ങനെ മേൽ മൂടിക്കിടക്കുന്ന നമ്മളെ മറ്റുള്ളവർ കണ്ടാൽ അവർ പേടിക്കും. മൃതദേഹത്തിന്റെ പ്രതീതി. മെല്ലെ കണ്ണുകൾ അടയ്ക്കുന്നു. പിന്നീടു് മരണസദൃശമായ നിദ്ര. നേരം വെളുക്കുമ്പോൾ ഉണർന്നാൽ തനിയെ ചായയിട്ടു കുടിക്കാം. (ഞാൻ നാലുമണിക്കു് ഉണർന്നു് തനിയെ ചായയിട്ടു കുടിക്കുന്നവനാണു്) അല്ലെങ്കിൽ ആരെയെങ്കിലും വിളിച്ചുണർത്തി ചായ ഇടീക്കാം. ഉണർന്നില്ലെങ്കിലോ? പ്രമേഹരോഗികൾ ഉറക്കത്തിലാണു് ഇവിടം വിട്ടുപോകുന്നതു്. ‘ഭാഗ്യവാൻ, കഷ്ടപ്പെടാതെ മരിച്ചു’ എന്നു ജീവിച്ചിരിക്കുന്നവർ പറയും. അയാളല്ല ഭാഗ്യമുള്ളവൻ. പ്രമേഹമാണു് ഭാഗ്യം ചെയ്തതു്. അതുണ്ടോ അവരറിയുന്നു. അതിരിക്കട്ടെ, ഉണർന്നില്ലെങ്കിൽ ഭാര്യ ഒപ്പാരുവയ്ക്കും. “എനുക്കു സിനിമ കാണണം; മോഹൻലാലി നേയും മമ്മൂട്ടി യേയും കാണണം എന്നു പറഞ്ഞപ്പോൾ ടാക്സിക്കാറിൽ കയറ്റിക്കൊണ്ടുപോയി എന്നെ സിനിമ കാണിച്ചയാളല്ലേ ഇതാ അനങ്ങാതെ കിടക്കുന്നതു്. എന്നെക്കൂടെ കൊണ്ടുപോകാത്തതെന്തു്? എന്നോടു് മിണ്ടൂല്ലേ? പിണക്കമാണോ? അയ്യോ… ” ഇത്യാദി.

ശോഭാ വാര്യർ കുങ്കുമം വാരികയിലെഴുതിയ ‘അപർണ്ണയുടെ ദുഃഖം’ എന്ന ചെറുകഥയിൽ ഇമ്മട്ടിലൊരു ഹിപക്രിറ്റിനെയാണു് അവതരിപ്പിച്ചിരിക്കുന്നതെന്നു് ആദ്യം എനിക്കു തോന്നി. കഥ വായിച്ചുകഴിഞ്ഞപ്പോഴാണു് അപർണ്ണ ഹിപക്രിറ്റല്ല എന്നു മനസ്സിലാക്കിയതു്. ഭർത്താവു് മരിച്ചപ്പോൾ ഉണ്ടായ ദുഃഖം അവൾ അടക്കിവച്ചു പെരുമാറുകയായിരുന്നു. എല്ലാവരും പോയപ്പോൾ കൂട്ടുകാരിയുടെ മടിയിലേക്ക് വീണു് അവൾ പൊട്ടിക്കരഞ്ഞു. “തെരുതെരെയഴതിങ്ങും മാനസത്തിന്നുറക്കെക്കരയുകിലതുതന്നെ തെല്ലൊരാശ്വാസഹേതു” എന്നു ഭവഭൂതി. ശോഭാ വാര്യർക്കു കഥ പറയാനറിയാം. കഥാപാത്രത്തിന്റെ സ്വഭാവം ആവിഷ്കരിക്കാനറിയാം. എങ്കിലും കല പീലിവിരിച്ചാടുന്നില്ല. നിശ്ചേതനമായി നില്ക്കുന്നു മയൂരം. അതുകൊണ്ടു് വായനക്കാരന്റെ മനസ്സും നിശ്ചലം.

ഒരാഗ്രഹം മാത്രം

ഡോക്ടർ സി. ഒ. കരുണാകരൻ മരണാനന്തരം ബന്ധുക്കൾ അനുഷ്ഠിക്കേണ്ടവ എഴുതിവച്ചിരുന്നുവെന്നു് കേട്ടിട്ടുണ്ടു്. അവയിലൊന്നു് തന്റെ മൃതദേഹം വളരെനേരം ഇട്ടുകൊണ്ടിരിക്കരുതെന്നും രണ്ടുമണിക്കൂറിനകം ദഹിപ്പിച്ചിരിക്കണം എന്നും ആയിരുന്നത്രെ. എത്ര ഔചിത്യമുള്ള മഹാവ്യക്തി. ഞാൻ മഹാവ്യക്തിയല്ല. നിസ്സാരനാണു്. എങ്കിലും സി. ഒ. കരുണാകരനെ അനുകരിച്ചു് ഞാനും എഴുതിവച്ചിട്ടുണ്ടു്. ‘എന്റെ മൃതദേഹം രണ്ടുമണിക്കൂറിലധികം ഇട്ടുകൊണ്ടിരിക്കരുതു്. ബന്ധുക്കളെന്നു പറയുന്ന ശത്രുക്കൾ വന്നാലും ശരി ഇല്ലെങ്കിലും ശരി നൂറ്റിയിരുപതു് മിനിറ്റിനകം അതു് ചാമ്പലാക്കിയിരിക്കണം!’ കൂടെ ഇതും ‘ഞാൻ ആരുമല്ലാത്തതുകൊണ്ടു് എന്റെ ചിത്രം അക്കാഡമിയിലുള്ളവർ വരപ്പിക്കും. അപ്രഗല്ഭനായ എന്നെക്കാൾ അപ്രഗല്ഭനായ ഒരുത്തനെക്കൊണ്ടു് ആ പടം അക്കാഡമിഹാളിൽ അനാവരണം ചെയ്യിക്കും. ഈ ക്രൂരകൃത്യം ഒരിക്കലും സമ്മതിച്ചുകൊടുക്കരുതു്.’

പീഡനം

ചെറുകഥയുടെ അടിസ്ഥാനപരങ്ങളായ അംശങ്ങൾ പ്രമേയം, കഥാപാത്രം, ഇതിവൃത്തം ഇവയാണു്. വീക്ഷണഗതിക്കോ ഹാസ്യത്തിൽ വിഷനോ (Vision) പ്രാധാന്യം നല്കി കഥ രചിക്കുമ്പോഴും പ്രമേയത്തേയും കഥാപാത്രത്തേയും ഇതിവൃത്തത്തേയും ഒഴിവാക്കാനൊക്കുകയില്ല. സമകാലികാനുഭവത്തെ ചിത്രീകരിച്ചു് അപമാനവീകരണം സംഭവിച്ച ആളുകളെ ആവിഷ്ക്കരിക്കുന്ന നവീനകഥ ജീവിതത്തിന്റെ യഥാതഥമായ പ്രതിപാദനത്തെ ഒഴിവാക്കുന്നു. ആഖ്യാനപരമല്ലാത്ത ഒരുതരം സൃഷ്ടിയാണു് നവീനകഥ. അനുഭൂതികളെത്തന്നെ ഖണ്ഡംഖണ്ഡമാക്കി അവതരിപ്പിക്കാനാണു് പുതിയ എഴുത്തുകാർക്കു് കൗതുകം. ദൗർഭാഗ്യവശാൽ കെ. രഘുനാഥൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “കർമ്മകാണ്ഡത്തിലെ ഒരില” രണ്ടുവിഭാഗത്തിലും പെടുന്നില്ല. പള്ളിയുടെ മുകളിൽ കുമ്മായമടിപ്പിക്കാൻ കയറിയ ഒരുത്തൻ താഴെവീണു് മരിച്ചതിനെ അവലംബിച്ചുകൊണ്ടു് ആ ജോലിക്കു വേണ്ടി അവിടെ കയറിനിന്ന വേറൊരുത്തന്റെ ചിന്തകളെ സ്ഫുടീകരിക്കുകയാണു് രഘുനാഥൻ. അദ്ദേഹം ദുർഗ്രഹമായി അന്യോന്യബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു. പ്രയാസപ്പെട്ടു മുഴുവനും വായിച്ചുകഴിയുമ്പോൾ വായനക്കാരനായ എനിക്കു ബുദ്ധിമാന്ദ്യം. പ്രയാസപ്പെട്ടു വായിച്ചു എന്നതു് വെറുതേ പറഞ്ഞതല്ല. ഒരു ഖണ്ഡിക വായിച്ചു കഴിയുമ്പോൾ ഞാൻ തളരും. ഉത്കൃഷ്ടമായ വാരികയല്ലേ. അതിലെ കഥ വിട്ടുകളയാമോ എന്നൊക്കെ വിചാരിച്ചു് അടുത്ത ഖണ്ഡിക വായിക്കും. പിന്നെയും തളർച്ച. ഇങ്ങനെ തളർന്നുതളർന്നു് ഞാൻ അവസാനത്തെ വാക്യത്തിലെത്തി. രഘുനാഥൻ ഇത്തരത്തിലുള്ള രചനകൾകൊണ്ടു് വളരെക്കാലമായി വായനക്കാരെ പീഢിപ്പിക്കുകയാണു്. അദ്ദേഹത്തിന്റെ ഈ പ്രക്രിയയെ ‘ടോർച്ചർ’ എന്ന ഇംഗ്ലീഷ് വാക്കുകൊണ്ടാണു് വിശേഷിപ്പിക്കേണ്ടതു്.

നിർവ്വചനങ്ങൾ
വാർദ്ധക്യം:
പെൺപിള്ളാരോടു് അന്യർക്കു സംശയമുളവാകാത്ത രീതിയിൽ സല്ലപിക്കാൻ സഹായിക്കുന്ന കാലം.
വിനയം:
സുന്ദരിയായ തരുണിക്കു് ബസ്സിലെ സീറ്റ് ഒഴിഞ്ഞുകൊടുക്കുകയും വൃദ്ധയെ കണ്ടാൽ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന പുരുഷന്റെ ഗുണം.
സന്ന്യാസി:
വസ്ത്രം കുറയുന്തോറും ആദ്ധ്യാത്മികത്വം ഏറുന്ന മനുഷ്യൻ. കൗപീനം മാത്രമാകുമ്പോൾ പാവനചരിതൻ. അതുമില്ലാതിരിക്കുമ്പോൾ സാക്ഷാൽ ഈശ്വരൻ.
ആങ്ഹാ:
തിരുവനന്തപുരത്തെ ഒരു സാഹിത്യകാരൻ വേറൊരു സാഹിത്യകാരനെക്കുറിച്ചു് മാലിന്യം പറയുമ്പോൾ കേൾക്കുന്നയാൾ സന്തോഷാധിക്യത്തോടെ പുറപ്പെടുവിക്കുന്ന ശബ്ദം.
സംബന്ധം:
(വിവാഹമെന്ന അർത്ഥത്തിൽ) അസംബന്ധത്തിന്റെ മറ്റൊരു പേരു്.
വികലസൃഷ്ടി

ഈ ലോകത്തു് യുവാക്കന്മാരുടെ പ്രേമം വളർത്തുന്നതു് കാമിനിമാരുടെ കടാക്ഷങ്ങളല്ല. അവരുടുക്കുന്ന മനോഹരങ്ങളായ സാരികളാണു്, ധരിക്കുന്ന ബ്ലൗസുകളാണു് റബ്ബർ പാഡുകളാണു് അവയവങ്ങൾക്കു് “ആദർശാത്മക” സൗന്ദര്യം നല്കുന്ന ഉപകരണങ്ങളാണു്. അവയൊന്നുമില്ലായിരുന്നെങ്കിൽ ഏതു പെണ്ണിനെയാണു് പുരുഷൻ നോക്കുന്നതു്? പച്ചക്കല്ലു പതിച്ച നെക്ക്ലസും പച്ചക്കല്ലുവച്ച വളകളും പച്ചക്കല്ലാർന്ന കമ്മലും ഇട്ടു പോകുന്ന ചെറുപ്പക്കാരിയിലാണോ ആണിനു് കൗതുകം, അതോ നിറംമങ്ങിയ സാരിയുടുത്തു് റബ്ബർ വളകളിട്ടു പോകുന്ന പെണ്ണിലോ? ഇതുപോലെ രാഷ്ട്രീയങ്ങളായ ആശയങ്ങളാണു് എഴുത്തുകാരെ ആകർഷിക്കുക. അവ ഗാന്ധിസമാകാം, മാർക്സിസമാകാം, എന്തുമാകാം. ദേശാഭിമാനി വാരികയിൽ പി. കെ. സുനിൽനാഥ് കത്തുകളുടെ രീതിയിൽ എഴുതിയ “ഒരു ദുബായ്ക്കാരന്റെ സ്വപ്നങ്ങളും കുറെ കത്തുകളും” എന്ന കഥയിൽ രാഷ്ട്രീയ വിശ്വാസങ്ങളെ പ്രകടിപ്പിക്കാനാണു് കഥാകാരനു് താല്പര്യം. അതിൽ തെറ്റൊന്നുമില്ല. പക്ഷേ ഇക്കഥയിൽ അവ മുഴച്ചുനില്ക്കുന്നു. കഥാഗതിയുമായി ചേർന്നു് ഒഴുകുന്നില്ല. വൈദഗ്ദ്ധ്യമില്ലായ്മയുടെ സന്തതിയാണു് ഇക്കഥ.

ഗ്രാസ്സിന്റെ പുതിയ പുസ്തകം
images/OnWritingandPolitics.jpg

“ഞാൻ വിപ്ലവത്തിനു് എതിരാണു്. അതിന്റെ പേരിൽ നടത്തേണ്ട ത്യാഗങ്ങളെ ഞാൻ കഠിനമായി വെറുക്കുന്നു. അതിന്റെ മനുഷ്യാതീത ലക്ഷ്യങ്ങളേയും ഉപാധിരഹിതങ്ങളായ അവകാശവാദങ്ങളേയും മനുഷ്യത്വശൂന്യമായ അസഹിഷ്ണുതയെയും ഞാൻ കഠിനമായി വെറുക്കുന്നു… ക്രൻഷിറ്റാറ്റ് (Kronshtadt) തൊട്ടു് പ്രാഗു് വരെ (Prague) റഷ്യയുടെ ഒക്ടോബർ വിപ്ലവം സൈനികവിജയമായിരുന്നെങ്കിലും ഒരു പരാജയമായിരുന്നു. രാഷ്ട്രീയാധികാരത്തിന്റെ പരമ്പരാഗതങ്ങളായ ഘടനകളെ അതു് പുനസ്ഥാപിച്ചു എന്ന അർത്ഥത്തിൽ ഈ ധീരങ്ങളായ ചിന്തകൾ ഗുന്റർ ഗ്രാസ്സി ന്റെ ഏറ്റവും പുതിയ പുസ്തകമായ “On Writing & Politics” എന്നതിലുള്ളതാണു്. നമ്മൾ ഇവയോടു് യോജിക്കുകയോ യോജിക്കാതിരിക്കയോ ചെയ്യാം. പക്ഷേ, അവയുടെ അസന്ദിഗ്ദ്ധതയെക്കുറിച്ചു്, ധീരതയെക്കുറിച്ചു് സംശയമുണ്ടാവുകയില്ല. അഭിപ്രായമെന്തുമാകട്ടെ, അതു് വെട്ടിത്തുറന്നു പറഞ്ഞയാൾ എഴുത്തുകാരൻ എന്ന പേരിനു് അർഹനല്ല. ഒ. വി. വിജയനെ പ്പോലെ ചതഞ്ഞുചതഞ്ഞു് ‘ഇന്ദ്രപ്രസ്ഥം’ പോലെ എഴുതുന്നതെന്തിനു്? ഈ ഗ്രന്ഥത്തിൽ പതിമ്മൂന്നു് ഉപന്യാസങ്ങളുണ്ടു്. ജർമ്മൻ നോവലിസ്റ്റ് ആൽഫ്രെറ്റ് ഡൊബ്ളിൻ (Alfred Döblin) മറ്റൊരു ജർമ്മൻ നോവലിസ്റ്റ് ഫ്രാന്റ്സ് കാഫ്കാ ഇവരെക്കുറിച്ച് ഗ്രാസ്സ് എഴുതുന്നതു് തികച്ചും മൗലികമായിട്ടാണു്. Writing is not biting your nails or picking your teeth; it is a public activity എന്നു പ്രഖ്യാപിച്ച ഡൊബ്ളിനെ തന്റെ ഗുരുവായി ഗ്രാസ്സ് കരുതുന്നു. തന്റെ ‘ടിൻ ഡ്രം’ എന്ന നോവലിന്റെ ഉല്പത്തിയെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ടു്. ഗ്രന്ഥത്തിന്റെ സ്വഭാവം വിശദമാക്കാൻ ഇവിടെ സ്ഥലമില്ല. സൽമാൻ റഷ്ദി ഇതിനെഴുതിയ അവതാരികയും ഇതിലെ പ്രബന്ധങ്ങളും ഉജ്ജ്വലങ്ങളാണു് എന്നുമാത്രം പറയട്ടെ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-11-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.