സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1988-01-17-ൽ പ്രസിദ്ധീകരിച്ചതു്)

images/MikhailBulgakov.jpg
ബുൾഗാകഫ്

റഷ്യയിലെ നോവലെഴുത്തുകാരനായിരുന്ന ബുൾഗാകഫി ന്റെ The Master and Margarita എന്ന നോവൽ വായിച്ചിട്ടുണ്ടോ എന്നു് എൻ. പി. മുഹമ്മദി നോടു് ഡോക്ടർ വി. രാജകൃഷ്ണൻ ചോദിച്ചപ്പോൾ ‘ഇല്ല’ എന്നാണു് അദ്ദേഹം മറുപടി നല്കിയതു്. നിഷേധാർത്ഥകമായ ആ ഉത്തരം നല്കിയതോടൊപ്പംതന്നെ പുസ്തകം കിട്ടാനുള്ള വൈഷമ്യത്തെക്കുറിച്ചും എൻ. പി. പറയുകയുണ്ടായി. ബുൾഗാകഫിന്റെ നോവൽ റഷ്യൻ സാഹിത്യത്തിലെ ഒരു ‘മാസ്റ്റർപീസാ’ണെന്നതിൽ ഒരു സംശയവുമില്ല. ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ രചിക്കുന്നതിൽ തന്നെ അതു് സ്വാധീനിച്ചുവെന്നു് ഗാർസിയ മാർകേസ് പ്രസ്താവിച്ചതിൽനിന്നു് ആ റഷ്യൻ നോവലിന്റെ മഹത്ത്വം നമുക്കു് ഊഹിക്കാം. പടിഞ്ഞാറൻ നോവലുകളും മറ്റു കൃതികളും ഇവിടെക്കിട്ടാൻ പ്രയാസമുണ്ടെന്നു് എൻ. പി. മുഹമ്മദ് അഭിപ്രായപ്പെട്ടതിൽ സത്യമില്ലാതില്ല. പക്ഷേ, ബുൾഗാകഫിന്റെ പ്രകൃഷ്ടകൃതി തിരുവനന്തപുരത്തെ ഒന്നു രണ്ടു ബുക്ക്സ്റ്റാളുകളിൽ ചെലവാകാതെ ഇരിക്കുന്നുണ്ടു്. ഇവിടുത്തെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ അതു് ആരുടേയും കരതലസപർശമേല്ക്കാതെ വശീകരണവിലാസത്തോടുകൂടി വിരാജിക്കുന്നുണ്ടു്. എൻ. പി. അങ്ങോട്ടു ചെല്ലേണ്ട താമസമേയുള്ളു, ഗ്രന്ഥതല്ലജം അവിടെനിന്നു ചാടിയിറങ്ങി അദ്ദേഹത്തിന്റെ കൈകളിൽ വീഴും. സ്റ്റാലിന്റെ രഹസ്യപ്പൊലീസിനു പിടികൂടാൻ കഴിയുന്നതിനുമുൻപ് 1940-ൽ മരിച്ച ബുൾഗാകഫ് മഹാനായ എഴുത്തുകാരൻതന്നെ. പക്ഷേ, അദ്ദേഹത്തെക്കാൾ മഹാനായ നോവലിസ്റ്റാണു് യാറോസ്ളാഷ് ഹാഷെക്ക് (Jaroslav Hašek, 1883–1923). അദ്ദേഹത്തിന്റെ The Good Soldier Schweik എന്ന നോവൽ ബുൾഗാകഫിന്റെ നോവലിനെക്കാൾ ഉത്കൃഷ്ടമാണു്, മേലേക്കിടയിലാണു്.

images/JaroslavHasek.jpg
യാറോസ്ളാഷ് ഹാഷെക്ക്

യുദ്ധത്തെയും പട്ടാളക്കാരുടെ ജീവിതത്തെയും പരിഹസിക്കുന്ന ഈ നോവലിലെ പ്രധാന കഥാപാത്രം ഷ്വൊയിക്കാണു്. ആ കഥാപാത്രത്തിന്റെ സൃഷ്ടിയിൽ ഹാഷെക്ക് കാണിച്ച വൈദഗ്ദ്ധ്യം ജർമ്മൻ നാടക കർത്താവായ ബ്രഹ്റ്റി ന്റെ ‘നാടകീയ ശക്തി’ക്കു സദൃശമാണെന്നാണു് നിരൂപകർ പറയുക. സൈനിക സേവനത്തിൽനിന്നു മോചനം നേടിയ ഷ്വൊയിക്ക് ദുർബ്ബലമനസ്കനാണെന്നു് അധികാരികൾ വിധിച്ചു. എങ്ങനെയാണു് അവർ ആ തീരുമാനത്തിലെത്താതിരിക്കുക? പൊലീസുദ്യോഗസ്ഥൻ അയാളോടു ചോദിക്കുന്ന: “റേഡിയം ഈയത്തെക്കാൾ കനംകൂടിയതാണോ?” മധുരമന്ദഹാസത്തോടെ ഷ്വൊയിക്ക് മറുപടി പറഞ്ഞു: “സർ, ഞാൻ അതൊരിക്കലും തൂക്കി നോക്കിയിട്ടില്ല.”

പൊലീസ്:
“ലോകത്തിന്റെ അവസാനത്തിൽ നിങ്ങൾ വിശ്വവസിക്കുന്നുണ്ടോ?”
ഷ്വൊ:
“ആദ്യമായി അതിന്റെ അവസാനം എനിക്കു കാണേണ്ടിയിരിക്കുന്നു. ഏതായാലും നാളെ അതെനിക്കു കാണാനൊക്കുമെന്നു തോന്നുന്നില്ല.”
പൊലീസ്:
“ഭൂഗോളത്തിന്റെ മദ്ധ്യരേഖ നിങ്ങൾക്കു് ആളക്കാമോ?”
ഷ്വൊ:
“വയ്യ, അതുവയ്യ സർ. പക്ഷേ, ഞാനൊരു ചോദ്യം ചോദിക്കാം. ഒരു മൂന്നുനിലക്കെട്ടിടം. ഓരോ നിലയിലും എട്ടു ജന്നലുകൾ. മേൽക്കൂരയിൽ രണ്ടു മട്ടച്ചുവരും രണ്ടു പുകക്കുഴലും. ഓരോ നിലയിലും രണ്ടു വാടകക്കാർ. എന്നാൽ പറയൂ ആ വീടു സൂക്ഷിക്കുന്നവന്റെ അമ്മുമ്മ ഏതു വർഷമാണു് മരിച്ചതു്?”

പൊലീസ് ഷ്വൊയിക്കിനെ വീട്ടിലയച്ചു. പക്ഷേ, അയാൾക്കു് പിന്നീടു് പട്ടാളത്തിൽ ചേരേണ്ടിവന്നു. അയാളുടെ അനുഭവമോരോന്നും രസാവഹമാണു്. രസാവഹമായിത്തന്നെ നോവൽ അവസാനിക്കുകയും ചെയ്യുന്നു. ഒളിച്ചോടിയ ഒരു റഷ്യൻ പട്ടാളക്കാരൻ കുളിച്ചുകൊണ്ടിരുന്ന ഒരു കൊച്ചുകുളത്തിനരികെ ഷ്വൊയിക്ക് എത്തി. യൂനിഫോം ധരിച്ച അയാളെ കണ്ടയുടനെ റഷ്യാക്കാരൻ പരിപൂർണ്ണ നഗ്നനായി ഓടിക്കളഞ്ഞു. റഷ്യൻ പട്ടാളക്കാരന്റെ യൂനിഫോം ധരിച്ചാലെങ്ങനെയിരിക്കും എന്നായി ഷ്വൊയിക്കിന്റെ ആലോചന. അതനുസരിച്ചു് അയാൾ പ്രവർത്തിക്കുകയും ചെയ്തു. ജലാശായത്തിലെ പ്രതിഫലനം നോക്കി അയാൾ രസിച്ചു കൊണ്ടിരുന്നപ്പോൾ ഫീൽഡ് പെട്രോൾ നടത്തുന്ന സൈനികർ എത്തി. റഷ്യൻ പട്ടാളക്കാരനെ അന്വേഷിച്ചു നടന്ന അവർ ഷ്വൊയിക്കിനെ അറസ്റ്റുചെയ്തു. നോവൽ പൂർണ്ണമാക്കാൻ ഹാഷെക്കിനു കഴിഞ്ഞില്ല. അതിനുമുൻപു് അദ്ദേഹം മരിച്ചുപോയി. കാഫ്കയുടെ കൂട്ടുകാരനായിരുന്ന ഹാഷെക്കിനെ “വെരി ഗ്രെയ്റ്റ് നോവലിസ്റ്റ് ” എന്നാണു് അഭിജ്ഞന്മാർ വിശേഷിപ്പിക്കുക.

പിശകു്

ഹാഷെക്കിന്റെ നോവലിൽ പിശകു പറ്റുന്നതിനെക്കുറിച്ചു് വിവരണങ്ങളുണ്ടു്. ഒരുത്തൻ വീട്ടിൽച്ചെന്നു കയറുന്നതിനു പകരം പള്ളിയിൽച്ചെന്നു കയറി. വീട്ടിലെ മുറിയാണെന്നു വിചാരിച്ചു്, ആരാധനയ്ക്കുള്ള വസ്തുക്കൾ വച്ചിരിക്കുന്നിടത്തുനിന്നു് വസ്ത്രങ്ങൾ മാറ്റി. കിടപ്പറയിലെ കിടക്കയാണു് അൾത്താരയെന്നു വിചാരിച്ചു് അവിടെക്കിടന്നു് ഉറങ്ങി. സുവിശേഷ ഗ്രന്ഥങ്ങളെടുത്തു് തലയണയാക്കി. കാലത്തു് വികാരി വന്നപ്പോൾ തനിക്കു പിശകുപറ്റിപ്പോയെന്നു് അയാൾ പറഞ്ഞു. “നല്ല പിശകുതന്നെ” എന്നായിരുന്നു വികാരിയുടെ പ്രസ്താവം.

ഇതുപോലെയല്ലെങ്കിലും പല പിശകുകളും നമുക്കും സംഭവിക്കാറുണ്ടു്. വടക്കേയിന്ത്യയിൽ കെട്ടിടങ്ങൾ ഒരുപോലെ നിർമ്മിച്ചിട്ടുള്ള ഒരുസ്ഥലത്തു് എനിക്കു കുറേക്കാലം താമസിക്കേണ്ടിവന്നു. ഒരു ദിവസം നല്ല മഴയുള്ള രാത്രി ഞാൻ വീട്ടിൽ ഓടിക്കയറി അടച്ചിട്ടിരുന്ന വാതിലിൽ ഇടിച്ചു. തുറക്കാതിരുന്നപ്പോൾ ദേഷ്യം വർദ്ധിച്ചു എനിക്കു്. ഇടി കുടുതൽ ശക്തിയോടെയായി. പെട്ടെന്നു് വാതിൽ തുറന്നു. അവിടെ അമ്പരന്നു് ഒരു മറാഠിയുവതി നില്ക്കുന്നു. പേടിയോടെ അവൾ ‘കോൻ’ എന്നു് എന്നോടു ചോദിച്ചു. “വീടു തെറ്റിപ്പൊയി” എന്നു പറഞ്ഞിട്ടു് ഞാൻ ഓടി. അല്ലെങ്കിൽ അവൾ നിലവിളിക്കുമായിരുന്നു. ആളുകൾ ഓടിക്കൂടുമായിരുന്നു. എന്റെ ആരോഗ്യത്തിനു ഹാനി സംഭവിക്കുമായിരുന്നു. ആ വീടു് ഞാൻ പാർക്കുന്ന വീടാണെന്നു് ധരിച്ചതിന്റെ പിശകായിരുന്നു അതു്.

നവീന നോവലിസ്റ്റുകൾ എക്സിസ്റ്റെൻഷ്യലിസംപോലുള്ള ആശയങ്ങൾക്കാണു് ഊന്നൽ നല്കുന്നതു്. ആശയം—കേവലമായ ആശയം—ജീവിതമല്ല. അങ്ങനെ ആശയ പ്രധാനമായ കൃതികൾ സാഹിത്യത്തിൽ ജീർണ്ണത സംഭവിപ്പിക്കുന്നു.

ഇനിപ്പറയുന്ന സംഭവം ഒരിക്കലെഴുതിയതാണു്. ആവർത്തനത്തിനു മാപ്പു്. കൊട്ടാരക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഞാൻ പഠിക്കുന്ന കാലം. കണക്കിനു മോശമായിരുന്ന ഞാൻ എന്റെ കൂട്ടുകാരനായ ഒരു ബ്രാഹ്മണപ്പയ്യന്റെ വീട്ടിൽ ട്യൂഷനുവേണ്ടി പോകുമായിരുന്നു. അവിടുത്തെ പ്രസിദ്ധമായ ഗണപതിക്ഷേത്രത്തിനടുത്താണു് വീടു്. രാത്രി ഏഴുമണിയോടടുപ്പിച്ചു് ഞാൻ കൂട്ടുകാരന്റെ വീട്ടിൽച്ചെന്നു. അയാളെ കാണാത്തതുകൊണ്ടു് വരാന്തയിൽ ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ അയാളുടെ അമ്മ ഒരു വടയെടുത്തുകൊണ്ടു് എന്റെ അടുത്തുവന്നു് അമ്മയുടെ വാത്സല്യം ഒലിക്കുന്ന വാക്കുകൾ പറഞ്ഞു: “എടാ സുന്തരം, ആ കൃഷ്ണൻനായർ വരുന്നതിനു മുൻപു് ഇതു് തിന്നോ” (തമിഴിലാണു് പറഞ്ഞതു്) ഞാൻ വട കൈയിൽ വാങ്ങി. പരിപ്പുവട എനിക്കു് ഇഷ്ടമുള്ള പലഹാരം. എങ്കിലും തിന്നില്ല അതു്.

ചെറുപ്പകാലത്തു് ഞാൻ ഒരാളിന്റെ വീട്ടിൽ താമസിച്ചിരുന്നു. അയാളുടെ ഭാര്യയും അവിടെയുണ്ടു്. ഒരു ദിവസം ഏതോ സമ്മേളനത്തിനു പോയിട്ടു തിരിച്ചുവന്നു് ക്ഷീണത്തോടെ ഞാൻ കട്ടിലിൽക്കിടന്നു് ഉറക്കമായി. കുറെക്കഴിഞ്ഞപ്പോൾ ആരോ എന്നെ തള്ളിനീക്കുന്നതായി എനിക്കു തോന്നി. കണ്ണുതുറന്നപ്പൊൾ കട്ടിലനരികെ നിന്നയാൾ പറയുന്നതുകേട്ടു: “അങ്ങോട്ടു നീങ്ങണം. കട്ടിലുമുഴുവൻ വേണമോ കിടക്കാൻ. ബലം പ്രയോഗിച്ചു് ആ ആൾ എന്നെ തള്ളിയപ്പോൾ ഞാൻ വിസ്മയത്തോടെ എഴുന്നേറ്റിരുന്നു. വീട്ടുടമസ്ഥന്റെ ഭാര്യ. എന്റെ മുഖം കണ്ടയുടനെ അവർ ഭയസംഭ്രമങ്ങളോടെ ‘അയ്യേ’ എന്നു വിളിച്ചു മുഖംപൊത്തിക്കൊണ്ടു് ഓടിക്കളഞ്ഞു. പാവം സ്ത്രീ. അവർ വിചാരിച്ചു കട്ടിലിൽക്കിടന്നതു് ഭർത്താവാണെന്നു്.

ഒരു സംഭവംകൂടി എഴുതിക്കൊള്ളട്ടെ. എന്റെ ഒരകന്ന ബന്ധുവാണു് മേക്കപ്പ് ആർടിസ്റ്റും അഭിനേതാവുമായ കെ. വി. നീലകണ്ഠൻനായർ. എന്റെ വീട്ടിലുള്ളവരും ഞാനും അദ്ദേഹവുമായി തിരുവനന്തപുരത്തെ ഒരിടവഴിയിലൂടെ പോകുമ്പോൾ ഞങ്ങൾക്കു് എതിരേവന്ന ഒരുത്തൻ നീലകണ്ഠൻനായരെ കയറിപ്പിടിച്ചു് അസഭ്യവർഷം തുടങ്ങി. കുലുക്കമില്ലാതെനിന്ന നീലകണ്ഠൻനായരെ അടിക്കാൻ അയാൾ കൈയോങ്ങിയപ്പോൾ അദ്ദേഹം ശാന്തനായി പറഞ്ഞു: “നിങ്ങൾക്കു് ആളുതെറ്റിപ്പോയി ഞാനല്ല നിങ്ങളുദ്ദേശിച്ച ആളു്” അക്രമി മാറിനിന്നുനോക്കി. അയാൾ പൊടുന്നനവേ മാപ്പു പറഞ്ഞു: “എന്റെ ഒരു വിരോധിയായി നിങ്ങളെ ഞാൻ തെറ്റിദ്ധരിച്ചു. ക്ഷമിക്കണം.” കെ. വി. നീലകണ്ഠൻനായർ ഒന്നും സംഭവിക്കാത്തമട്ടിൽ നടന്നു. പിശകു്. പക്ഷേ, ആ പിശകിലൂടെ താനൊരു മഹാനാണെന്നു് നീലകണ്ഠൻനായർ സ്പഷ്ടമാക്കി.

ഈ ആഴ്ചത്തെ കുങ്കുമം വാരികയിലുമുണ്ടു് ഒരു പിശകിന്റെ സംഭവം. ഈ ഡിസംബർ 2-നു പെരുന്ന പി. ആർ. തിരുവനന്തപുരത്തുവച്ചു മരിച്ചു. മരണദിവസത്തിനു രണ്ടാഴ്ചമുൻപു് അദ്ദേഹം കുങ്കുമത്തിനു് അയച്ചുകൊടുത്ത ഒരു ചെറുകഥ—“മരണം വരുന്ന പാത”—സാഹിത്യമൂല്യത്തിന്റെ വൈരള ്യംകൊണ്ടു് കുങ്കുമം പ്രവർത്തകർ തിരിച്ചയച്ചു. ‘മേൽവിലാസക്കാരൻ മരിച്ചു’ എന്ന കുറിപ്പോടെ അതു് കുങ്കുമം ഓഫീസിൽ തിരിച്ചുവന്നു. പശ്ചാത്താപത്തോടെ, മരിച്ചയാളിനോടുള്ള സ്നേഹാദരങ്ങളോടെ അവർ അതു് പ്രസിദ്ധീകരിച്ചിരിക്കുന്നു. സഹജാവബോധംകൊണ്ടു് തന്റെ മരണം അടുത്തിരിക്കുന്നുവെന്നു് പെരുന്ന പി. ആർ. മനസ്സിലാക്കിയെന്നതിനു തെളിവാണു് ഇക്കഥ. കലാമൂല്യം ഒട്ടുമില്ലതന്നെ. എങ്കിലും മരിച്ച വ്യക്തിയുടെ മരണത്തെക്കുറിച്ചുള്ള രചന എന്ന നിലയിൽ ഇതു് പ്രാധാന്യം ആർജ്ജിക്കുന്നു. ഇതു പ്രസിദ്ധപ്പെടുത്തുന്നതിൽ കുങ്കുമം പ്രവർത്തകർ കാണിച്ച ഉചിതജ്ഞതയും സ്നേഹവായ്പും സമാദരണീയങ്ങളായിരിക്കുന്നു.

images/ZnoskoBorovsky1920.jpg
ബോറോവ്സ്കി

പ്രശസ്തനായ ബോറോവ്സ്കി എഴുതിയ എഴുത്തിലെ ഒരു ഭാഗം: ‘ഒന്നോ രണ്ടോ മണിക്കൂറിനകത്തു് അദ്ദേഹം നഗ്നനായി ഗ്യാസ് ചെയ്ംബറിൽ കടക്കുമെന്നു് എനിക്കറിയാമായിരുന്നു. എങ്കിലും കൈയിലൊരു പൊതി. അവസാനത്തെ ആ കൊച്ചുപൊതിയോടു് എന്തൊരു ബന്ധം അദ്ദേഹത്തിനു്. അതുകണ്ട ജൂതനായ ഒരു ഡോക്ടർ എന്നോടു പറഞ്ഞു: ‘ഞാൻ ഗ്യാസ് ചെയ്ംബറിൽ പോയാൽ എന്റെ കൈയിലും കണ്ടേക്കും ഇതുപോലൊരു പൊതി. ഞാൻ ഈ അടുപ്പിലേക്കു നയിക്കപ്പെട്ടാൽ അതിനിടയിൽവച്ചു് എന്തെങ്കിലും അനുകൂലമായി സംഭവിക്കുമെന്നു് വിചാരിക്കാതിരിക്കില്ല. ഒരു പൊതിക്കെട്ടും കൊണ്ടുപോവുക എന്നു പറഞ്ഞാൽ ആരുടെയെങ്കിലും കൈപിടിച്ചു കൊണ്ടുപോവുക എന്നാണർത്ഥം.’ (ഓർമ്മയിൽനിന്നു കുറിക്കുന്നതു്)

തൂക്കുമരത്തിൽ കയറുന്നിനു് ഏതാനും മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ഭൂട്ടോ ‘റ്റൈ’മും ‘ന്യൂസ്വീക്കും’ ചോദിച്ചു. ലിസ്റ്ററിൻ മൗത്ത് വാഷ് കിട്ടിയില്ലെന്നു പരാതിപറഞ്ഞു. അവയൊക്കെ കൊച്ചു പൊതിക്കെട്ടുകൾ. തന്റെ ഈ കൊച്ചുകഥയെയും പൊതിയായി പെരുന്ന പി. ആർ. കരുതിയില്ലെന്നു് ആരു കണ്ടു? പാവം.

ചോദ്യം, ഉത്തരം

ചോദ്യം: സെക്സുള്ള ഒരു നേരമ്പോക്കു് ഓറിജിനലായി പറയൂ?

ഉത്തരം: ഓറിജിനലായി പറയാൻ വയ്യ. ഒരു സായ്പ് പറഞ്ഞതു് പേരു മാറ്റിപ്പറയാം. (ഹെൻട്രിക്കു പകരം അനിൽ) വാക്കുകൾ ചെറുപ്പക്കാരിയുടേതു്. “അയ്യേ അനിലേ തൊടരുതേ എന്നെ… അയ്യോ തൊടരുതേ… തൊടുക അരുതേ… അനിലേ അരുതേ… തൊടുക അനിലേ.

ചോദ്യം: ഡ്രൈവർ?

ഉത്തരം: പെട്രോൾ നിറച്ചു കിടന്നാലും കാറുടമസ്ഥനോടു് ‘പെട്രോളടിക്കണം’ എന്നു പറയുന്ന ആൾ.

ചോദ്യം: കാറുടമസ്ഥൻ?

ഉത്തരം: കാറിൽ ഒരു തുള്ളി പെട്രോളില്ലെങ്കിലും ‘അടുത്തു പെട്രോൾ കിട്ടുന്ന സ്ഥലംവരെ പോകട്ടെ. അവിടെ ചെന്നടിക്കാം’ എന്നു പറയുന്ന ആൾ.

ചോദ്യം: നിങ്ങൾ ബന്ധുക്കളെ കാണാൻ പോകാറില്ലെന്നു് ആരോ പറഞ്ഞല്ലോ. ശരിയോ?

ഉത്തരം: ശരിയല്ല. ഞാൻ രണ്ടാഴ്ചയിലൊരിക്കൽ തിരുവനന്തപുരത്തെ മൃഗശാലയിലെ കുരങ്ങിൻകൂട്ടിനടുത്തുചെന്നു നില്ക്കാറുണ്ടു്.

ചോദ്യം: ആതമഹത്യ ചെയ്യാൻ മടി. മരിച്ചാൽ കൊള്ളാമെന്നുണ്ടു്. എന്തുവേണം?

ഉത്തരം: ഓട്ടോറിക്ഷയിൽ പതിവായി സഞ്ചരിച്ചാൽ മതി. വളരെ വൈകാതെ ആഗ്രഹത്തിനു സാഫല്യമുണ്ടാകും.

ചോദ്യം: പുനത്തിൽ കുഞ്ഞബ്ദുള്ള യെക്കുറിച്ചു് എന്തു പറയുന്നു?

ഉത്തരം: എന്തു പറയാൻ? ആഫ്രിക്കാക്കാരന്റെ പുസ്തകം മുഴുവൻ മലയാള ലിപികളിൽ പകർത്തിവച്ചവർ വേറെയുള്ളപ്പോൾ അദ്ദേഹത്തെക്കുറിച്ചു് ഞാനെന്തു പറയാനാണു് ?

ഭേദപ്പെട്ട കഥ
images/AkbarKakkattil.jpg
അക്ബർ കക്കട്ടിൽ

I. Q. (ബുദ്ധിയുടെ സ്വഭാവം കാണിക്കുന്ന അളവു്) കുറഞ്ഞവൻ ബലാത്കാര സംഭോഗം നടത്തും. അവനു് ആത്മാഭിമാനമില്ല. ‘ഈഗോ’ കൂടിയവൻ കൊലപാതകം ചെയ്യും. അവനു് ബലാത്കാരവേഴ്ചയിൽ താല്പര്യമില്ല—ഇതു് മനഃശാസ്ത്രജ്ഞൻ മസ്ലോവി ന്റെ അഭിപ്രായമാണു്. ഈഗോ—അഹന്ത—കൂടിയ ഒരുത്തൻ അവന്റെ സഹോദരിയുടെ ചാരിത്ര്യം നശിപ്പിച്ച മറ്റൊരുത്തനെ കൊല്ലുന്നതിന്റെ ചിത്രം അക്ബർ കക്കട്ടിലി ന്റെ “വല” എന്ന കഥയിൽ നിന്നു നമുക്കു ലഭിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) നോവലാകട്ടെ, കഥയാകട്ടെ, അതിൽ പ്രാധാന്യം കഥാപാത്രങ്ങൾക്കാണു്. വ്യക്തിത്വത്തോടു കൂടിയ ഒരു കഥാപാത്രം ഫിക്ഷനിൽ പ്രത്യക്ഷപ്പെടുമ്പോൾ അയാൾ/അവൾ ജീവിതത്തിനു് പ്രതിനിധീഭവിക്കുന്നു. ജീവിതാവിഷ്കരണമാണു് സാഹിത്യം. ഇക്കഥയിലെ കൊലപാതകി നിന്ദ്യനാണെങ്കിലും അവനു വ്യക്തിത്വമുണ്ടു്. ആ വ്യക്തിത്വം ജീവിതാവിഷ്കരണാത്മകതയിലൂടെ നമ്മളെ ആകർഷിക്കും. ഒരു ലക്ഷ്യത്തിലേക്കു് കുതിക്കേണ്ട ആഖ്യാനം കാടുകയറ്റം നടത്തുന്നു ഇക്കഥയിൽ. എന്നാലും ഭേദപ്പെട്ട കഥയാണു് അക്ബർ കക്കട്ടിലിന്റേതു്.

ചിന്ത

നവീന നോവലുകളിൽ കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിനു സ്ഥാനമില്ല. അതുകൊണ്ടു് കഥാപാത്രങ്ങളുടെ സ്വഭാവാവിഷ്കരണമാണു് പ്രധാനമെന്നു വാദിക്കുന്നതു് ശരിയല്ലല്ലോ എന്ന സംശയം ചിലർക്കുണ്ടാകാം. ആ സംശയം പരിഹരിക്കത്തക്കവിധത്തിൽ യുക്തികൾ അവതരിപ്പിക്കാൻ എനിക്കു വൈദഗ്ദ്ധ്യമില്ല. എങ്കിലും ചിലതു പറയാം. സമുദായത്തിൽ എപ്പോഴും ഏതെങ്കിലും വിധത്തിലുള്ള സംഘട്ടനങ്ങൾ കാണും. ഈ സംഘട്ടനങ്ങൾ വ്യക്തിയിൽ പ്രവർത്തിക്കുമ്പോൾ അയാളിൽ നിന്നു പ്രതിപ്രവർത്തനമുണ്ടാകുന്നു. വ്യക്തിയുടെ ഈ പ്രതിപ്രവർത്തനം മറ്റു വ്യക്തികളിൽ ആഘാതമേല്പിക്കുമ്പോൾ അവരിൽ നിന്നും പ്രവർത്തനങ്ങൾ ഉണ്ടാകും. ഇവയെല്ലാം കലാകാരൻ ആവിഷ്കരിക്കുമ്പോൾ സങ്കീർണ്ണമായ ഈ സമുദായംതന്നെയാണു് ജീവിതം. അതിനാൽ വ്യക്തികൾ ജീവിതത്തിനു പ്രതിനിധികളായി ഭവിക്കുന്നു. ധർമ്മരാജാവിന്റെ കാലത്തെ സങ്കീർണ്ണമായ സമുദായത്തെ നമ്മൾ മനസ്സിലാക്കുന്നതു് വ്യക്തിത്വമുള്ള ഹരിപഞ്ചാനനൻ, കേശവപിള്ള, പടത്തലവൻ ഇവരിലൂടെയാണു്. ഇക്കാരണത്താൽ നോവലിൽ പ്രാധാന്യം കഥാപാത്രങ്ങൾക്കാണു്. അവ്യക്തങ്ങളായ കഥാപാത്രങ്ങൾ അവ്യക്തമായ ജീവിതത്തെ മാത്രമേ പ്രതിഫലിപ്പിക്കു. അതിനാൽ ഷേക്സ്പിയറി ന്റെ ‘കിങ് ലിയർ’ എന്ന നാടകം, സാമുവൽ ബക്കറ്റി ന്റെ ‘വെയ്റ്റിങ് ഫോർ ഗോദോ’ എന്ന നാടകത്തെക്കാൾ ഉത്കൃഷ്ടമാണു് നൂറുവട്ടം. സി. വി. രാമൻപിള്ള സൃഷ്ടിച്ച കഥാപാത്രങ്ങളെപ്പോലെ ചൈതന്യധന്യങ്ങളായ കഥാപാത്രങ്ങളെ കേരളത്തിലെ വേറൊരു സാഹിത്യകാരനും സൃഷ്ടിച്ചിട്ടില്ല. അതിനാൽ സി. വി.യെക്കാൾ കേമന്മാരായി മറ്റു നോവലിസ്റ്റുകൾ കേരളത്തിലുണ്ടെന്ന വാദം ശുദ്ധമായ ഭോഷ്കാണു്.

നവീന നോവലിസ്റ്റുകൾ എക്സിസ്റ്റെൻഷ്യലിസംപോലുള്ള ആശയങ്ങൾക്കാണു് ഊന്നൽ നല്കുന്നതു്. ആശയം—കേവലമായ ആശയം—ജീവിതമല്ല. അങ്ങനെ ആശയ പ്രധാനമായ കൃതികൾ സാഹിത്യത്തിൽ ജീർണ്ണത സംഭവിപ്പിക്കുന്നു.

പൊയ്ക്കാൽ നടത്തം
images/GuruChandrasekharan.jpg
ചന്ദ്രശേഖരൻ

ഞാൻ തിരുവനന്തപുരത്തു താമസിക്കുന്നു. എന്റെ വീട്ടിൽനിന്നു പടിഞ്ഞാറോട്ടു നടന്നാൽ ഒരു ഉദ്യാനത്തിലെത്താം. എനിക്കു് ആ പൂന്തോട്ടത്തിൽ പോകണമെങ്കിൽ അതു പലവിധത്തിലാകാം. മര്യാദയ്ക്കു നടക്കാം. നെട്ടോട്ടം ഓടാം. പൊയ്ക്കാലിൽ കയറിപ്പോകാം. ചില ജാഥകളിൽ, കുതിരയുടെ രൂപമുണ്ടാക്കി അതിനകത്തു് ഒരുത്തൻ കയറിനിന്നു് പോകുന്നതു കണ്ടിട്ടില്ലേ? കുതിരയുടെ രൂപത്തിന്റെതാഴെ രണ്ടു വൃത്തികെട്ട കറുത്ത കാലുകൾമാത്രം കാണും. ആ കാലുകൾ നീങ്ങുമ്പോൾ ലക്ഷ്യത്തിലെത്തും. ഈ വിധത്തിൽ എങ്ങനെ വേണമെങ്കിലും ഉദ്യാനത്തിലെത്താം. ഡാൻസർ ചന്ദ്രശേഖരനെ പ്പോലെ അനുഗൃഹീതനാണു് ഞാനെങ്കിൽ നൃത്തംവച്ചും പോകാം. ആ നൃത്തം കാണുന്നവർ ആഹ്ലാദിക്കും. പൊയ്ക്കാലിലെ പോക്കു് ദർശിക്കുന്നവർ കൂവും. കേരളത്തിലെ കഥാകാരന്മാർ നൃത്തംചെയ്തു ലക്ഷ്യത്തിലെത്തുമ്പോൾ ദേശാഭിമാനി വാരികയിൽ പതാക എന്ന ചെറുകഥയെഴുതിയ പി. എസ്. മൃത്യുഞ്ജയൻ പൊയ്ക്കാലിൽക്കയറി ലക്ഷ്യത്തിലേക്കു സഞ്ചരിക്കുന്നു. അല്ലെങ്കിൽ കുതിരയുടെ മുഖം ആട്ടി കറുത്ത കാലുകൾ കാണിച്ചു പോകുന്നു. അരിവാളു വരയ്ക്കുന്ന പെൺകുട്ടിയാണു് ഇക്കഥയിലെ പ്രധാന കഥാപാത്രം. അവളിലൂടെ കമ്മ്യൂണിസത്തിന്റെ സാക്ഷാത്കാരം ചിത്രീകരിക്കുക എന്നതു് കഥാകാരന്റെ ലക്ഷ്യം. അതു നന്നു്. പക്ഷേ, അങ്ങോട്ടു നൃത്തംചെയ്തു പോകാൻ മൃത്യുഞ്ജയനു് അറിഞ്ഞുകൂടാ. എന്തെല്ലാം കോമാളിത്തരങ്ങളാണു് അദ്ദേഹം കാണിക്കുന്നതെന്നു് അറിയണമെങ്കിൽ കഥയൊന്നു വായിക്കണം. അതു് ദുഷ്കരമായ കൃത്യവുമാണേ. മൃത്യുഞ്ജയൻ, നൃത്തംചെയ്യാൻ അറിയാവുന്നവർ അതു നടത്തട്ടെ. നമ്മളെന്തിനു് ഈ വേഷം കെട്ടുന്നു?

സംഭവങ്ങൾ
  1. എന്റെ ചെറുപ്പകാലത്തു്… കോളേജിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടി വലിയ സുന്ദരിയാണെന്നു ഭാവിച്ചു് തല കൂടക്കുടെ വെട്ടിച്ചു് കോളേജ് ഗെയ്റ്റിൽ നില്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്. അവളെ കാണുമ്പോഴെല്ലാം ഗ്രൂഷോ മാർക്സി ന്റെ ഒരു വാക്യം എന്റെ ഓർമ്മയിലെത്തും: “എന്നെ വിവാഹം കഴിക്കു. എന്നാൽ അതിനുശേഷം ഞാൻ വേറൊരു കുതിരയേ നോക്കുകയേയില്ല.”
  2. പ്രായംകൂടിയ എന്നെ ടെലിഫോണിൽ വിളിച്ചു ശല്യപ്പെടുത്തുന്ന ഒരു പെൺകുട്ടിയുണ്ടു്. കഴിഞ്ഞയാഴ്ച അവൾ ഫോണിൽ വിളിച്ചു് എന്നോടു പറഞ്ഞു. “സാർ, നാളെ എന്റെ ബർത്ത്ഡേയാണു്. എനിക്കെന്തു സമ്മാനം തരും?” അപ്പോഴും ഞാൻ ഗ്രൂഷോ മാർക്സിന്റെ വേറൊരു വാക്യം ഓർമ്മിച്ചു: “രണ്ടു ഡസൻ റോസാപ്പൂക്കൾ 424-ാം നമ്പർ മുറിയിലെത്തിക്കു. ‘എമിലി നിന്നെ ഞാൻ സ്നേഹിക്കുന്നു’ എന്നു ബില്ലിന്റെ പിറകുവശത്തു് എഴുതിയേക്കൂ.”
  3. കേശവദേവ് ജീവിച്ചിരുന്ന കാലം. ഞാനൊരു വാടകകെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ താമസം. ഡോർബെല്ലു കേട്ടു് ആരാണെന്നു നോക്കാൻ സഹധർമ്മിണി പോയി. തിരിച്ചെത്തി പറഞ്ഞു: “ദേവ് കാണാൻ വന്നു നില്ക്കുന്നു.” വലിയ സാഹിത്യകാരൻ എന്റെ വീട്ടിൽ വന്നു എന്ന അഭിമാനത്തോടെ ഞാൻ കോണിപ്പടി ചാടിയിറങ്ങി. ഒരുപടി തെറ്റിപ്പോയതുംകൊണ്ടു് കാലു് ഉളുക്കി. മുടന്തിമുടന്തി വാതിലിനു് അടുത്തെത്തിയപ്പോൾ നില്ക്കുന്നു രാമചന്ദ്രദേവ് എന്ന എന്റെ ഒരു പരിചയക്കാരൻ. കഥ വായിച്ചു കേൾപ്പിക്കാനെത്തിയതാണു് ആ ദേവ്. കാലിനു് ഉളുക്കു പറ്റിയതു മിച്ചം.
  4. തകഴി ശിവശങ്കരപിള്ള എന്റെ വീട്ടിൽ ദയാപൂർവ്വം വന്നിട്ടുണ്ടു്. ഒരിക്കലദ്ദേഹം വന്നപ്പോൾ എന്നോടു ചോദിച്ചു: “എത്ര തവണ അപ്പുപ്പനായി?” ഞാൻ പറഞ്ഞു: “ഒരുതവണ അപ്പുപ്പനും ഒരുതവണ അമ്മുമ്മയും.” തകഴി അദ്ഭുതപ്പെട്ടപ്പോൾ യൂണിവേഴ്സിറ്റി കോളേജിലെ ഒരു പ്രിൻസിപ്പലിന്റെ ഒരു ചോദ്യം ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. പ്രിൻസിപ്പലിന്റെ മകൾ പ്രസവിച്ചു എന്നറിഞ്ഞയുടനെ അദ്ദേഹം അക്കാര്യമറിയിച്ച ആളിനോടു ചോദിച്ചത്രേ “Am I a grandfather or a grandmother?”
ഒ. വി. വിജയൻ

വിജയന്റെ കഥ മനനം ചെയ്യുന്നതിനു പറ്റിയ ചിന്ത എന്നതിൽക്കവിഞ്ഞു് ഒന്നുമില്ല. റോബ് ഗ്രിയേയുടെ The Secret Room വായിച്ചു നോക്കൂ. അതു നവീനതമമായ കഥയാണു്. മുകളിൽപ്പറഞ്ഞ സംവേദനഖണ്ഡങ്ങളും സറീയലിസവും ഫാന്റസിയുമൊക്കെ അതിലുണ്ടു്. പക്ഷേ, അക്കഥയുടെ പാരായണം അനിർവാച്യമായ അനുഭൂതി നല്കുന്നു. ഭാവനയുടെ പ്രകാശത്തിൽ അതു മുങ്ങിനില്ക്കുന്നു.

“അപ്പോൾ ലയമെന്നാൽ എന്തു്? നമ്മുടെ ചിന്തയെയും പ്രവർത്തനത്തെയും ഭരിക്കുന്ന മദ്ധ്യസ്ഥായിയായ ചലനം. ആജ്ഞകൾ നല്കുന്ന അദൃശ്യനായ രാജാവു്. നമ്മുടെ അസ്തിത്വത്തിന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ എല്ലാ അംശങ്ങളും ആ ആജ്ഞകളെ കണ്ണടച്ചു് അനുസരിക്കുന്നു. ലയം ഉള്ളവനു സ്വാതന്ത്ര്യമുണ്ടു്.” ഗ്രീക്ക് നോവലിസ്റ്റ് കാസാൻദ്സാക്കീസ് ഏതാണ്ടിങ്ങനെ പറഞ്ഞിട്ടുണ്ടു്. ജീർണ്ണതയെയും മരണത്തെയും ആക്രമിച്ചു കീഴടക്കുന്നതും ലയമാണെന്നു് അദ്ദേഹത്തിനു് അഭിപ്രായമുണ്ടു്. ലയം മുഖംപോലെയാണു്. അതിന്റെ ഒരു ഭാവത്തിനു മാറ്റം വന്നാൽ മുഖമാകെ മാറിപ്പോകും. ആധുനികകാലത്തു് പിതാപുത്രബന്ധത്തിന്റെ ലയം മാറിപ്പോയി. അതുകൊണ്ടാണു് മകൻ അച്ഛനെ നിന്ദിക്കുന്നതു്. അച്ഛൻ മകനെ വെറുക്കുന്നതു്. ദാമ്പത്യജീവിതത്തിന്റെ ലയത്തിനും മാറ്റം വന്നിരിക്കുന്നു. കാര്യം അതായതുകൊണ്ടു് ലയഭംഗം സംസ്കാരത്തിന്റെ തകർച്ചയിൽ ചെന്നുനില്ക്കും. സത്യമിതാണെങ്കിലും ഒ. വി. വിജയനു് മറ്റൊരഭിപ്രായമാണുള്ളതു്. ലയത്തിനു ഭംഗം വരുത്തിയാലേ ജീവിതം പുരോഗമിക്കൂ എന്നാണു് അദ്ദേഹത്തിന്റെ വിശ്വാസം. അതിനു യോജിച്ച വിധത്തിൽ അദ്ദേഹം ‘കലാകൗമുദി’യിൽ “ചെങ്ങന്നൂർ വണ്ടി” എന്നൊരു കഥയെഴുതിയിരിക്കുന്നു. അതിലെ കഥാപാത്രങ്ങളെല്ലാം ലയഭംഗം വരുത്തുന്നു. പഠിക്കേണ്ട സമയത്തു് പല്ലാംകുഴി കളിക്കാൻ വിളിച്ച വിശാലാക്ഷിയുടെ തല മുറിച്ചുകളഞ്ഞു രണ്ടു കുട്ടികൾ. അമ്മയെ കടിച്ച പാമ്പിന്റെ തൂക്കം അറിയാൻ മടിച്ച മകനെ അവന്റെ അച്ഛൻ ശിക്ഷിച്ചു. ശിക്ഷ അവന്റെ വലതുകൈ അരിഞ്ഞു കളഞ്ഞിട്ടാണു്. ഇങ്ങനെ പലതും.

സാഹിത്യകാരന്റെ വിശ്വാസമെന്തുമാകട്ടെ. അതിന്റെ സാധുതയുടെ പേരിലല്ല ആസ്വാദനം നടക്കുന്നതു്. ദാമ്പത്യജീവിതത്തിൽ വിശ്വസിക്കാത്ത വായനക്കാരൻ “അനന്തപദ്മനാഭൻ പാറുക്കുട്ടിയെ വിവാഹംകഴിച്ചു വളരെക്കാലം ജീവിച്ചിരുന്നു” എന്നു വായിച്ചു് ആഹ്ലാദിക്കും. ആ വിധത്തിലൊരു പര്യവസാനത്തിൽ ചെന്നുചേരത്തക്കവിധത്തിൽ നോവലിസ്റ്റ് സംഭവങ്ങൾ വർണ്ണിക്കണമെന്നേയുള്ളു. അതിനാൽ ലയഭംഗം അത്യന്താപേക്ഷിതമാണെന്ന വിശ്വാസത്തോടുകൂടിത്തന്നെ വിജയനു കഥയെഴുതാം. കഥയ്ക്കു വിശ്വാസ്യത എന്ന ഗുണം കൈവന്നാൽ വായനക്കാരനു് ഒരു പരാതിയുമില്ല.

images/RobbeGrillet.jpg
റോബ് ഗ്രിയേ

നവീനകഥ അല്ലെങ്കിൽ നവീനതമമായ കഥ എന്ന വിഭാഗത്തിലാണു് വിജയന്റെ രചന ചെന്നുവീഴുന്നതു്. അത്തരം രചനകളിൽ ഋജുവായ ആഖ്യാനമില്ല. സംവേദനങ്ങളെ തുണ്ടുതുണ്ടാക്കിയാണു് കഥാകാരൻ ആവിഷ്കരിക്കുന്നതു്. നിഗൂഢമായതിനെ വെളിപ്പെടുത്തുന്ന നിമിഷങ്ങളെ അടുത്തടുത്തു വയ്ക്കാനാണു് കഥാകാരനു കൗതുകം. അതിനുവേണ്ടി അദ്ദേഹം ഉപയോഗിക്കുന്നതു് സറീയലിസവും ഫാന്റസിയുമാണു്. ഇതൊക്കെ വിജയന്റെ കഥയിലുണ്ടു്. എങ്കിലും രചനയുടെ ആകർഷകമായ രൂപം ഇതിനു ലഭിച്ചിട്ടില്ല. കണ്ടുപിടിത്തത്തിനു് (invention) കഴിവുണ്ടു് അദ്ദേഹത്തിനു്. (ഉദാഹരണം: മൂന്നു കുരിശുകൾ നാട്ടി ഒന്നിൽ ആദായനികുതി കൊടുക്കാത്ത ക്ലാർക്കിനെയും മറ്റൊന്നിൽ ജിലേബി മോഷ്ടിച്ചുതിന്ന പ്രമേഹരോഗിയേയും നടുവിലത്തേതിൽ ഒരു മരയാശാരിയേയും തറയ്ക്കുന്നതു്) എന്നാൽ കണ്ടുപിടിത്തം കലയാകണമെങ്കിൽ അതു് ഭാവനയുടെ മണ്ഡലത്തിലേക്കു കടക്കണം. അപ്പോൾ മാത്രമേ അതു് നമ്മുടെ അനുഭവത്തിന്റെ ഭാഗമാകൂ. ഇന്നത്തെ നിലയിൽ വിജയന്റെ കഥ മനനം ചെയ്യുന്നതിനു പറ്റിയ ചിന്ത എന്നതിൽക്കവിഞ്ഞു് ഒന്നുമില്ല. റോബ് ഗ്രിയേ യുടെ The Secret Room വായിച്ചു നോക്കൂ. അതു നവീനതമമായ കഥയാണു്. മുകളിൽപ്പറഞ്ഞ സംവേദനഖണ്ഡങ്ങളും സറീയലിസവും ഫാന്റസിയുമൊക്കെ അതിലുണ്ടു്. പക്ഷേ, അക്കഥയുടെ പാരായണം അനിർവാച്യമായ അനുഭൂതി നല്കുന്നു. ഭാവനയുടെ പ്രകാശത്തിൽ അതു മുങ്ങിനില്ക്കുന്നു.

യോസായുടെ പുസ്തകം
images/Mariovargasllosa.jpg
മാറ്യോ വാർഗാസ് യോസാ

“കരിമ്പിൽനിന്നു മാത്രമേ പഞ്ചാര എടുക്കാനാവൂ എന്നായിരുന്നു ഒരുകാലത്തെ സങ്കല്പം. ഇന്നു് അതു മാറിപ്പോയിരിക്കുന്നു. ഏതിൽനിന്നും ഇന്നു പഞ്ചാരയെടുക്കാം. കവിതയെസ്സംബന്ധിച്ചും ഇതാണു പറയാനുള്ളതു്.” ‘മദാംബുവറി’ എന്ന നോവലെഴുതിയ ഫ്ളോബർ കാമുകിക്കു് അയച്ച കത്തിലെ ഒരു ഭാഗമാണിതു്. താൻ കണ്ട ജീവിതസത്യങ്ങളിൽനിന്നെല്ലാം ആ ഫ്രഞ്ച് സാഹിത്യനായകൻ മാധുര്യം വലിച്ചെടുത്തു. ആ നോവലിനെക്കുറിച്ചു് പ്രൗഢവും മനോഹരവുമായ നിരൂപണഗ്രന്ഥമെഴുതിയ പെറുവ്യൻ നോവലിസ്റ്റ് മാറ്യോ വാർഗാസ് യോസാ (Mario Vargas Llosa, ജനനം 1936) അനുഷ്ഠിച്ച കൃത്യവും അതത്രേ. ‘മദാംബുവറി’ ആവിഷ്കരിക്കുന്ന ജീവിതസത്യങ്ങളിൽ നിന്നു് വലിച്ചെടുത്ത മാധുര്യംതന്നെയാണു് ഈ പുസ്തകം. മൂന്നു ഭാഗങ്ങളുണ്ടു് ഇതിനു്. An Unrequited Passion എന്ന ഒന്നാംഭാഗം രക്തവും മാംസവുമുള്ള യഥാർത്ഥ മനുഷ്യരെക്കാൾ സങ്കല്പസൃഷ്ടിയായ നായിക എങ്ങനെ ഗ്രന്ഥകാരനെ സ്വന്തം സാന്നിദ്ധ്യംകൊണ്ടു് വശീകരിച്ചു എന്നതു വ്യക്തമാക്കുന്നു. ഫ്ളോബറിനെക്കുറിച്ചും ‘മദാംബുവറി’യെക്കുറിച്ചും നമ്മൾക്കറിയാൻ പാടില്ലാത്ത പല കാര്യങ്ങളും ചോദ്യോത്തരരൂപത്തിൽ ആവിഷ്കരിക്കുന്നു രണ്ടാമത്തെ ഭാഗമായ The Pan-Man എന്നതു്. വസ്തുക്കളെപ്പോലും സചേതനങ്ങളാക്കുന്ന ഫ്ളോബറിന്റെ ഭാവനയ്ക്കുള്ള സവിശേഷത ഇവിടെ സ്പഷ്ടമാക്കുന്നുണ്ടു്. The First Modern Novel എന്ന മൂന്നാമത്തെ ഭാഗം നോവലിന്റെ നവീനതമസ്വഭാവം വ്യക്തമാക്കുന്നു. ഈ ഗ്രന്ഥം നിരൂപണത്തിന്റെ ഉജ്ജ്വലമാതൃകയാണെന്ന സത്യം വിശദമാക്കാൻ ഇവിടെ സ്ഥലമില്ല. രണ്ടു് ഇംഗ്ലീഷ് വാക്കുകൾകൊണ്ടു് ഇതിനെ വിശേഷിപ്പിക്കാം.

images/LaOrgiaPerpetua.jpg

Penetrating, Fascinating—ആഴത്തിലേക്കു കടന്നുചെല്ലുന്നതും ചിത്തത്തെ അപഹരിക്കുന്നതും. (The Perpetual Orgy —Mario Vargas Llosa—Faber and Faber, 1987, £9=95(Rs.243))

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-01-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.