സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1988-03-06-ൽ പ്രസിദ്ധീകരിച്ചതു്)

വർഷങ്ങൾക്കുമുൻപു് കൈനിക്കര പദ്മനാഭപിള്ള ‘കേരള കൗമുദി’ ദിനപത്രത്തിൽ എഴുതിയ ചില ലേഖനങ്ങൾ അക്കാലത്തു് വലിയ വൈകാരികക്ഷോഭം ജനിപ്പിച്ചു. രാഷ്ട്രവ്യവഹാരത്തെസ്സംബന്ധിച്ച രചനകളായിരുന്നു അവ. ആ ലേഖനങ്ങൾ വായിക്കാൻവേണ്ടി ഞാൻ എന്നും കാലത്തു് അക്ഷമയോടുകൂടി വീട്ടുവാതില്ക്കൽ ചെന്നിരിക്കുമായിരുന്നു. പത്രം വരാൻ അല്പം താമസിച്ചാൽ ഞാൻ ദേഷ്യപ്പെട്ടിരുന്നു. എന്റെ മാനസികാവസ്ഥ തന്നെയായിരുന്നു മറ്റു വായനക്കാർക്കുമെന്നു് എനിക്കു് അന്നു മനസ്സിലാക്കാൻ കഴിഞ്ഞു. വിശിഷ്ടങ്ങളായ ആ പ്രബന്ധങ്ങളിൽ ഒന്നിൽ, കഥകളിവേഷം കെട്ടി ആടിത്തകർത്തതിനുശേഷം നേരം വെളുത്തപ്പോൾ ആ വേഷമഴിച്ചുവെയ്ക്കാതെ നേരേ രാജരഥ്യയിലേയ്ക്കു് ഇറങ്ങി സ്വന്തം വീട്ടിലേക്കു നടന്നുപോയ ഒരു അഭിനേതാവിനെ കൈനിക്കര ചിത്രീകരിച്ചിരുന്നു. നിലവിളക്കിന്റെ മുൻപിൽ നിന്നു സുയോധനനായി ആടിയാടി ആ കുരുപ്രവരനുമായി താദാത്മ്യം പ്രാപിച്ചുപോയ അഭിനേതാവു് താൻ സുയോധനൻതന്നെ എന്ന വിചാരത്തോടുകൂടിയായിരിക്കണം കീലിട്ട റോഡിലേക്കു കാലെടുത്തു വച്ചതു്. രമ്യഹർമ്മ്യത്തിൽചെന്നു കയറി സിംഹാസനത്തിലിരിക്കുന്നുവെന്നു ധരിച്ചുകൊണ്ടു് അയാൾ തന്റെ കുടിലിലേക്കു് കയറി പൊളിഞ്ഞ ചൂരൽക്കസേരയിലോ അഴുക്കുപിടിച്ച സ്റ്റൂളിലോ ആസനമമർത്തിയിരിക്കും. അഭിനയത്തിന്റെ ഏറ്റവും വലിയ ഗുണം ഇതുതന്നെയാണു്. ഈ ജന്മത്തിൽ ഒരു സ്ത്രീയുടെ കടാക്ഷമോ സ്പർശമോ ലഭിക്കാൻ കഴിയാത്തവൻ നാടകവേദിയിൽ നിന്നുകൊണ്ടു്, ഛായാഗ്രഹണയന്ത്രത്തിന്റെ മുൻപിൽ നിന്നുകൊണ്ടു് അവയെല്ലാം നേടും. പിറ്റേ ദിവസം അവൾ അയാളെ റോഡിൽവച്ചു കണ്ടാൽ അറിയാത്തമട്ടിൽ പോയെന്നുവരും. എങ്കിലും തലേദിവസം കിട്ടിയ പരിരംഭണത്തിന്റെ ആഹ്ലാദാനുഭൂതിക്കു് എന്തെങ്കിലും ദോഷം വരുമോ? തീർച്ചയായുമില്ല. ഈ ജന്മത്തു് കിട്ടാത്ത സ്ഥാനമാനങ്ങളും മറ്റും നാടകവേദിയിൽവച്ചു കിട്ടും. അല്ലെങ്കിൽ ഛായാഗ്രഹണപേടകത്തിന്റെ മുൻപിൽവച്ചു കിട്ടും. അതുകൊണ്ടു് എന്റെ ഏറ്റവും വലിയ ആഗ്രഹം അടുത്ത ജന്മത്തിൽ അഭിനേതാവായി ജനിക്കണേ എന്നാണു്.

വാസ്തവത്തിൽ അഭിനേതാക്കന്മാർ മാത്രമാണോ കഥാപാത്രങ്ങളായി മാറുന്നതു? ആലോചിച്ചു നോക്കൂ. വീട്ടിൽ മരച്ചീനി പുഴുങ്ങിയതു് മീൻകറിയിൽ മുക്കി തിന്നുന്ന ശങ്കരപ്പിള്ള കാക്കി ഷർട്ടിട്ടു്, കാക്കി നിക്കറിട്ടു് തടിയൻ വാച്ചു കെട്ടി സീറ്റിൽ കയറിയിരുന്നു സ്റ്റിയറിങ്ങ് വളയത്തിൽ പിടിച്ചു തിരിച്ചു് വണ്ടിയോടിക്കുമ്പോൾ ആ പഴയ ശങ്കരപിള്ളയാണോ? അല്ലേയല്ല. അദ്ദേഹം ഡ്രൈവറാണു്. മഹാനായ ഡ്രൈവർ.

തൊട്ടിലിൽ കിടക്കുന്ന കുഞ്ഞു മൂത്രമൊഴിച്ചു അസ്വസ്ഥതയോടെ കരയുമ്പോൾ ‘എന്തരവിടെ എഴുതിക്കൊണ്ടിരിക്കുന്നതു? കൊച്ചിനെയൊന്നു് എടുത്തു കഴുകിക്കൊടുത്തുടേ. തൊട്ടിലുമുണ്ടു ഒന്നുമാറ്റി വേറെ തൊട്ടിലുകെട്ടി അതിനെ കെടത്തി ആട്ടിക്കൂടേ?’ എന്നു തിരുവനന്തപുരത്തുകാരി ഭാര്യ ചോദിക്കുന്നതുകേട്ടു അവശനും ആലംബഹീനനും ആയ ഭർത്താവു് എഴുന്നേറ്റു് അതൊക്കെച്ചെയ്യുന്നു. പക്ഷേ, വൈകുന്നേരത്തു്, മുഖത്തു ഗൗരവഭാവം വരുത്തി അയാൾ ടൗൺഹാളിലെ വേദിയിൽ നിന്നു് സോഷ്യലിസ്റ്റ് റീയലിസം വേണോ ക്രിട്ടിക്കൽ റീയലിസം വേണോ എന്നു് ആവേശത്തോടെ ചോദിച്ചുകൊണ്ടു് വാദമുഖങ്ങൾ അവതരിപ്പിക്കുന്നു. കാലത്തെ ഭാര്യാദാസനാണു് വൈകുന്നേരത്തെ നിരൂപകനെന്നു് ആരറിയുന്നു. പ്രഭാതത്തിലെ ആ മനുഷ്യൻ യഥാർത്ഥ മനുഷ്യൻ; സായാഹ്നത്തിലെ അതേ മനുഷ്യൻ നിരൂപകനെന്ന നാട്യക്കാരൻ.

images/BeingandNothingness.jpg

ഷാങ് പോൾ സാർത്രി ന്റെ Being and Nothingness എന്ന ഗ്രന്ഥത്തിൽ ഏതാണ്ടിതിനു തുല്യമായ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടു്. ഹോട്ടലിലെ വെയ്റ്റർ വേഗമാർന്ന കാൽവയ്പോടെ വരുന്നു. ഒന്നു ശരീരം വളയ്ക്കുന്നു. ‘ഓർഡർ’ സ്വീകരിച്ചിട്ടു് യന്ത്രത്തെപ്പോലെ തിരിച്ചുപോകുന്നു. സർക്കസ്സ് അഭ്യാസിയെപ്പോലെ പല പാത്രങ്ങൾ ബാലൻസ് ചെയ്തു തിരിച്ചെത്തുന്നു. അവ ആളുകളുടെ മുൻപിൽ ആദരത്തോടെ നിരത്തുന്നു, പോകുന്നു. അയാൾ കൃഷ്ണൻകുട്ടിയല്ല, ജോസഫല്ല, ഹമീദല്ല; വെയ്റ്റർ മാത്രമാണു്. പണ്ടു് അക്ബർ ശങ്കരപിള്ള അക്ബറായി നാടകവേദിയിൽ വിലസിയതുപോലെ അയാൾ വെയ്റ്ററായി വിലസുകയാണു്. അഭിനയിക്കുകയാണു്. ഈ അഭിനയം കൃത്രിമമാണെങ്കിലും വന്നിരിക്കുന്നവർക്കു് അതുതന്നെ വേണം. അയാൾ വന്നിരിക്കുന്നവരുടെ മുൻപിൽചെന്നു് ‘മാനസമൈനേ വരു, മധുരം കിള്ളിത്തരു’ എന്നു പാടിയാലോ? അടി കിട്ടിയെന്നുവരും.

അഭിനയമാണു് ജീവിതം. നനഞ്ഞ തൊട്ടിൽമുണ്ടു് കുളിമുറിയിൽ കൊണ്ടിട്ടതിനുശേഷം ഉണങ്ങിയ മറ്റൊരു മുണ്ടു് തൊട്ടിലായി കെട്ടി അതിൽ കുഞ്ഞിനെക്കിടത്തി ആട്ടിയുറക്കുന്നവൻ വൈകുന്നേരം സഭാവേദിയിൽ കയറിനിന്നു് ‘പ്രതിബദ്ധതയില്ലാത്ത കലാകാരൻ ഈ ലോകത്തുണ്ടൊ എന്നു ഞാൻ ചോദിക്കുന്നു’ എന്നു് അലറുമ്പോൾ ശ്രോതാക്കൾ ആ അലർച്ചക്കാരനെ നിരൂപകനായി അംഗീകരിക്കുന്നു. ശ്രോതാക്കളും നാട്യക്കാരാണല്ലോ. വീട്ടിലെ വ്യക്തികളല്ല ടൗൺഹാളിൽ വന്നു് ഇരിക്കുന്നതു്. അഭിനയമേ, നീയില്ലാതെ ഈ ലോകമുണ്ടോ?

അഖിലൻ
images/AKILAN.jpg
അഖിലൻ

അഭിനയമില്ലാതെ ഈ ലോകമുണ്ടോ എന്നു ഞാൻ ചോദിച്ചെങ്കിലും രചനയിൽ നാട്യം വന്നാൽ വായനക്കാർക്കു് ഇഷ്ടമാവുകയില്ല. സത്യം ലളിതമാണു് അല്ലെങ്കിൽ അസങ്കീർണ്ണമാണു്. ആ സത്യത്തിനു് ഭാഷയിലൂടെ രൂപം നല്കുമ്പോൾ അതിനും ലാളിത്യം വരേണ്ടതാണു്. ദൗർഭാഗ്യം കൊണ്ടു് നമ്മുടെ പല എഴുത്തുകാരും രചനകളിലും നാട്യം കാണിക്കുന്നു. ‘അവൻ റോഡിലൂടെ നടന്നു’ എന്നു പറയുന്നതിനുപകരം ‘രാജമാർഗ്ഗത്തിന്റെ കാഠിന്യം അവന്റെ പാദങ്ങളുടെ മൃദുത്വത്തെ ജിസ്വാലേഹനം ചെയ്തു’ എന്നാണു് പറയുക. അതിരചനയും അത്യുക്തിയും എപ്പോഴും ഒഴിവാക്കേണ്ടതാണു്. എങ്കിലേ രചനയ്ക്കു സ്പഷ്ടതയുണ്ടാകൂ.

ഈ ഗുണങ്ങളിൽ പലതും ഇ. വി. ശ്രീധരൻ കലാകൗമുദിയിൽ അഖിലനെ ക്കുറിച്ചു് എഴുതിയ ലേഖനത്തിലുണ്ടു്. അന്തരിച്ച ആ തമിഴു് സാഹിത്യകാരനെ ലേഖകനു് നേരിട്ടറിയാമായിരുന്നു. അവരുടെ ബന്ധം ആർജ്ജവമുള്ളതായിരുന്നു. ആത്മബന്ധം നിർവ്യാജമാകുമ്പോൾ രചനയിൽ കാപട്യം വരാനില്ല. ഇ. വി. ശ്രീധരന്റെ ലേഖനം ആ വിധത്തിൽ സത്യസന്ധവും അതുകൊണ്ടുതന്നെ ആകർഷകവുമാണു്.

images/MarilynMonroe1952.jpg
മർലിൻ മൺറോ

ഒരുദാഹരണം ഇംഗ്ലീഷിൽ നിന്നും നല്കട്ടെ. പ്രശസ്തനായ അമേരിക്കൻ നാടക കർത്താവു് ആർതർ മില്ലറു ടെ കുറച്ചുകാലത്തെ ഭാര്യയായിരുന്നല്ലോ ചലച്ചിത്രതാരം മർലിൻ മൺറോ. അടുത്തകാലത്തു് പ്രസിദ്ധപ്പെടുത്തിയ ആത്മകഥയിൽ മില്ലർ, മർലിന്റെ ആത്മഹത്യയെക്കുറിച്ചു പറയുന്ന ഭാഗം:

As I was coming to the end of the writing of “After The Fall”, the horrifying news came that Marilyn had died apparently of an overdose of sleeping pills… And the iron logic of her death did not help much; I could still see her coming across the lawn, or touching something or laughing, at the same time confronting the end of her as one might stand watching the sinking sun. When a reporter called asking if I would be attending her funeral in California, the very idea of a burial was outlandish, and stunned as I was, I answered without thinking,‘She won’t be there’.

ഒന്നുകൂടെ വായിക്കൂ. മില്ലർ നാമങ്ങളും ക്രിയകളും കൊണ്ടുമാത്രമാണു് രചന നടത്തുന്നതെന്നു് മനസ്സിലാക്കാൻ കഴിയും. news എന്നതിനുമാത്രം അദ്ദേഹം വിശേഷണം നല്കിയിട്ടുണ്ടു്. അസ്തമയ സൂര്യനെ ബന്ധപ്പെടുത്തി ഒരലങ്കാരംമാത്രം. ഇങ്ങനെ വേണം എഴുതാൻ. അപ്പോൾ മാത്രമേ രചന സ്വാഭാവികമാകൂ.

നിശ്ചേതനത്വം
images/Sistinainterno.jpg
സിസ്റ്റീൻ ചാപ്പൽ

പോപ്പ് സിക്സ്റ്റസ് നാലാമനു വേണ്ടി റോമിലെ വറ്റിക്കൻ പട്ടണത്തിൽ നിർമ്മിച്ച ചെറിയ പള്ളിയാണു് ‘സിസ്റ്റീൻ ചാപ്പൽ’. അതിന്റെ മച്ചിലുള്ള ചിത്രങ്ങളിൽ പലതും മിക്കലാഞ്ചലോ വരച്ചതാണു്. താഴെനിന്നു് മലർന്നു് നോക്കിക്കൊണ്ടു് “റോളർ ആൻഡ് സ്റ്റിക്ക് മെതേഡി”ലൂടെയാണു് ചിത്രം വരയ്ക്കുക. അപ്പോൾ കണ്ണിൽ ചായം വീഴാതിരിക്കാനായി കുട പിടിക്കേണ്ടതായി വന്നേക്കും. (അന്നു കുടയുണ്ടോ എന്നു എനിക്കറിഞ്ഞുകൂടാ). ഇങ്ങനെ പ്രയാസപ്പെട്ടു ചിത്രം വരയ്ക്കുന്നതിനെക്കുറിച്ചു് മിക്കലാഞ്ചലോ ഒരു ഗീതകം എഴുതിയിട്ടുണ്ടു്. “ഈ അതിശ്രമം കൊണ്ടു് എനിക്കു് ‘ഗോയിറ്റർ’ (തൊണ്ടവീക്കം) ഉണ്ടായി. എന്റെ വയറു് താടിയോളം ചെന്നു. താടിരോമം അന്തരീക്ഷത്തിലേക്കു ഉയർന്നു. തലച്ചോറിന്റെ പിറകുവശം കഴുത്തിൽ തട്ടി. എന്റെ മുഖത്തിനു മുകളിൽ നിന്ന ബ്രഷിൽനിന്നു ചായം താഴെ ഇറ്റിറ്റു വീണു… സിറിയൻ വില്ലുപോലെ ഞാൻ വളഞ്ഞു.” ഈ അതിക്ലേശമൊക്കെയുണ്ടായിട്ടും സിസ്റ്റീൻ ചാപ്പലിലെ ചിത്രങ്ങൾ അതിസുന്ദരങ്ങളായി. അങ്ങനെയാണു് വസ്തുത. ലളിതമായി, സുന്ദരമായി കാണപ്പെടുന്ന കലാശില്പത്തിന്റെ പിറകിൽ നിർമ്മാണത്തിന്റെ യാതന കാണും. അതാരും അറിയുന്നില്ലെന്നേയുള്ളു.

എന്റെ ചെറുപ്പകാലത്തു് രചനകളിൽ ശൃംഗാരമല്ലാതെ അശ്ലീല പ്രസ്താവങ്ങൾ ഇല്ലായിരുന്നു. ഒരസഭ്യപദമെങ്കിലും പ്രയോഗിക്കാൻ ഒരെഴുത്തുകാരനും ധൈര്യപ്പെട്ടിരുന്നില്ല. ഇപ്പോൾ എന്തു തെറിയും എഴുതാമെന്നായിട്ടുണ്ടു്. പുരുഷന്മാരല്ല സ്ത്രീകളാണു് ഇപ്പോൾ കൂടുതലായി തെറിയെഴുതുന്നതു്. അതു് വാഴ്ത്താനും കുറെപ്പേരുണ്ടു്.

ഒരു യത്നവും കൂടാതെയാണു് സി. വി. ബാലകൃഷ്ണൻ ‘പേടിച്ചു കരയുന്ന കുട്ടികൾ’ എന്ന കഥയെഴുതിയതെന്നു ഗ്രഹിക്കാൻ ബുദ്ധിവിശേഷം വേണ്ട (കലാകൗമുദി). കാരണം അതു് ലളിതമാണെങ്കിലും സുന്ദരമല്ല എന്നതാണു്. മറുനാട്ടിൽ ജോലി ചെയ്യുന്ന മകനു് രോഗം കൂടുതലാണെന്നും ഉടനെ തിരിക്കണമെന്നും കണിച്ചു് അച്ഛനമ്മമാർക്കു കമ്പി സന്ദേശം കിട്ടുന്നു. വളരെ വർഷമായി എഴുത്തയയ്ക്കാത്തവനാണു് മകൻ. പണം മാത്രമേ അവൻ മുടങ്ങാതെ അയയ്ക്കൂ. അമ്മ ആഴ്ചയിലൊരിക്കൽ കത്തെഴുതും അവനു്. പക്ഷേ, മകൻ മറുപടി അയയ്ക്കില്ല. ദുഃഖിച്ചു് അച്ഛനമ്മമാർ യാത്രയായി. അവർ തീവണ്ടിയാപ്പീസിൽ ചെന്നു ട്രെയിൻ കാത്തിരിക്കുമ്പോൾ വിളക്കുകൾ കെട്ടു. ഇരുട്ടു പരന്നു. ആ ഇരുട്ടിൽനിന്നു് ഒരു കുട്ടിയുടെ നിലവിളി ഉയർന്നു.

വരാനിരിക്കുന്ന ദുരന്തത്തെ ധ്വനിപ്പിക്കുകയാണു് കഥാകാരൻ. പക്ഷേ, ധ്വനി ഒന്നുമില്ല. വാച്യമായിരുന്നെങ്കിലും ശക്തി കിട്ടുമായിരുന്നു. ഇത്തരം കഥകളിൽ ഉത്കണ്ഠയുടെയും ഭീതിയുടെയും അന്തരീക്ഷമുണ്ടാകണം. ത്രുടനം കൊള്ളുന്ന ശക്തിവിശേഷം വേണം. അതൊന്നും ഇക്കഥയിൽ ഇല്ലേയില്ല. “വിളറി വെളുത്ത” മൃതദേഹമാണു് ഈ രചന.

images/Vagbhadanandan.jpg
വാഗ്ഭടാനന്ദൻ

49-ാം ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പെടുക്കു. എടുത്തോ? എന്നാൽ 15-ാം പുറം നോക്കു. “പ്രഗദ്ഭ വാഗ്മിയും ആത്മവിദ്യാകരനും സാമൂഹ്യപരിഷ്കർത്താവും എല്ലാമായിരുന്ന വാഗ്ഭടാനന്ദന്റെ … ” എന്നു പരസ്യം. പ്രഗല്ഭം എന്നു ശരിയായി എഴുതിയാൽ അതിലെന്തു് പ്രാഗല്ഭ്യമിരിക്കുന്നു. (പ്ര+ഗല്ഭ്+അച്) പ്രതിഭ എന്ന ബുദ്ധിവിശേഷത്തോടു കൂടിയവനാണു് പ്രഗല്ഭൻ. അയാളെ പ്രഗദ്ഭനാക്കരുതു്. പുഴുങ്ങിയ കപ്പയെ ചിലർ കല്പയാക്കുന്നതു പോലെയാണതു്. മാമ്പഴത്തെ മാൻപഴമാക്കുന്നതുപോലെയും. സാമൂഹ്യപരിഷ്കർത്താവു് തെറ്റു്. സമൂഹപരിഷ്കർത്താവു് ശരി. വാഗ്ഭടാനന്ദൻ പരിഷ്കരിച്ചതു് സമൂഹത്തെയാണു്. സാമൂഹ്യത്തെയല്ല. സാമൂഹ്യം എന്ന പ്രയോഗവും ശരിയല്ല. സാമൂഹികം എന്നു വേണം. അതുകൊണ്ടു് സാമൂഹികപരിഷ്കർത്താവു് എന്നു എഴുതാമെന്നു വിചാരിക്കരുതു്. ആ പ്രയോഗവും തെറ്റായി വരും.

ചോദ്യം, ഉത്തരം

ചോദ്യം: സിദ്ധാന്തങ്ങൾ പ്രായോഗികതലത്തിൽ എങ്ങനെ?

ഉത്തരം: സിദ്ധാന്തങ്ങൾ ഏട്ടിലേ കാണു. പ്രായോഗികതലത്തിൽ അവ പരാജയപ്പെടും. ഒരു നിയന്ത്രണവുമില്ലാത്ത വിദ്യാലയം നടത്തി റസ്സൽ. ഫലം കുറെ തെമ്മാടിപ്പിള്ളേർമാത്രം. ക്ളോദ് ലെവി സ്ട്രോസ് വിഖ്യാതനായ നരവംശശാസ്ത്രജ്ഞനാണു്. മറ്റുള്ളവരുടെ സ്വഭാവത്തെക്കുറിച്ചു് വിധിനിർണ്ണയം പാടില്ല. ആ സ്വഭാവത്തെ നിന്ദിക്കാൻ പാടില്ല. ആരുടേയും സ്വഭാവത്തിനു മാറ്റം വരുത്താൻ ശ്രമിക്കരുതു് എന്നൊക്കെയായിരുന്നു സ്ട്രോസിന്റെ മതം. പക്ഷേ, അദ്ദേഹം സ്വന്തം സന്താനങ്ങളെ ശിക്ഷിച്ചിരുന്നു.

ചോദ്യം: ആൽഡസ് ഹക്സിലി?

ഉത്തരം: തികച്ചും ഭാരതീയനായ സായ്പ്.

ചോദ്യം: മലയാളം പ്രൊഫസർമാർ?

ഉത്തരം: സായ്പന്മാരായ കേരളീയർ. ഞാനും ഉൾപ്പെടും.

ചോദ്യം: ഹിന്ദി പ്രൊഫസർമാർ?

ഉത്തരം: തികച്ചും വടക്കേയിന്ത്യാക്കാരായ കേരളീയർ.

ചോദ്യം: സംസ്കൃതം പ്രൊഫസർമാർ?

ഉത്തരം: സംസ്കൃതക്കാരുമല്ല, കേരളീയരുമല്ല.

ചോദ്യം: …എന്ന കവി?

ഉത്തരം: നല്ല കവി. സ്ത്രീജിതനായിരുന്നു. ഏതു നാട്ടിൽച്ചെന്നാലും അദ്ദേഹം കുഞ്ഞുങ്ങളെ ഉറ്റുനോക്കുമായിരുന്നു. സ്നേഹം കൊണ്ടല്ല, തനിക്കു ഉണ്ടായതാണോ എന്നറിയാനായി.

ചോദ്യം: ഇംഗ്ലീഷ് പ്രൊഫസർമാർ?

ഉത്തരം: ഈ ചോദ്യത്തിനു് സ്വന്തമായ ഉത്തരമില്ല എനിക്കു്. ഡോക്ടർ കെ. ഭാസ്കരൻ നായർ എനിക്കയച്ച കത്തിലെ ചില വാക്യങ്ങൾ എഴുതാം. ‘ഇവരുടെ കാളമൂത്രം പോലുള്ള ലേഖനങ്ങൾ ഞാൻ വായിക്കാറില്ല. പിന്നെ ഇക്കൂട്ടർ എഴുതുന്നതു് ലോകത്തെ ഒരു ഇംഗ്ലീഷ് മാസികയും അച്ചടിക്കില്ല. അതുകൊണ്ടു് മലയാള സാഹിത്യം എന്ന പുറമ്പോക്കിൽ കയറി ഇവർ വിഹരിക്കുന്നു’.

ചോദ്യം: കമ്മ്യൂണിസ്റ്റുകാർ വായിക്കാത്ത ഒരു ഗ്രന്ഥം?

ഉത്തരം: കാറൽ മാർക്സി ന്റെ ‘ഡാസ് കാപിറ്റാൽ’ (Das Kapital).

പി. വത്സല
images/Pvalsala.jpg
പി. വത്സല

ഏതു് അന്തരീക്ഷസൃഷ്ടിയുടെ കുറവുകൊണ്ടു് മുൻപു് ഞാൻ പറഞ്ഞ കഥ വിരസമായോ ആ അന്തരീക്ഷസൃഷ്ടിയുടെ തികവുകൊണ്ടു് പി. വത്സല യുടെ ‘സൈനുദ്ദീന്റെ വീടു്’ എന്ന ചെറുകഥ ആകർഷകമായി ഭവിച്ചിരിക്കുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പു്). എന്താണു് അന്തരീക്ഷം? അത്ര സാധാരണമല്ലാത്ത വീക്ഷണമാർഗ്ഗത്തിലൂടെ സാധാരണ വീക്ഷിക്കുമ്പോൾ ജനിക്കുന്ന അദ്ഭുത പ്രതീതിയെ അന്തരീക്ഷമെന്നു് ഒരു നിരൂപകൻ പറയുന്നു. (Michael Parkinson) അപഗ്രഥിക്കാനുള്ള പ്രവണത മനുഷ്യമനസ്സിനുണ്ടല്ലോ. അതിനെ നിരോധിച്ചുകൊണ്ടു് കലാസൃഷ്ടിയുടെ ഘടനയിൽ നിന്നു് അനുവാചകൻ പാലായനം ചെയ്യുമ്പോഴും ‘അന്തരീക്ഷം’ സംജാതമാവുന്നുവെന്നു് അദ്ദേഹംതന്നെ പ്രസ്താവിക്കുന്നു. അന്തരീക്ഷപ്രധാനമായ കഥയ്ക്കു് ഏറ്റവും നല്ല ഉദാഹരണം വൈക്കം മുഹമ്മദ് ബഷീറി ന്റെ ‘നീലവെളിച്ചം’ എന്ന ചെറുകഥയാണു്. നീലവെളിച്ചത്തിന്റെ അന്തരീക്ഷം വത്സലയുടെ കഥയ്ക്കുണ്ടെന്നു് പറയാൻ വയ്യ. എങ്കിലും അതിനുമുണ്ടു് സവിശേഷതയാർന്ന അന്തരീക്ഷം. ഭാര്യയെയും കുഞ്ഞുങ്ങളെയും നാട്ടിൽ വിട്ടിട്ടു് അന്യദേശത്തു് സ്വന്തം വീട്ടിൽ താമസിക്കുന്ന ഒരു പാവത്തിന്റെ കഥയാണു് വത്സല പറയുന്നതു്. ഉത്തരവാദിത്വത്തിൽ നിന്നു് കരുതിക്കൂട്ടി അകന്നു് ദൂരദേശത്തുള്ള സ്വന്തം ഭവനത്തിൽ പാർക്കുന്ന അയാൾക്കു് കുടുംബത്തോടുള്ള ബന്ധംകൊണ്ടു് വീടുവില്ക്കണമെന്നുണ്ടു്. പക്ഷേ, പാലായനവാദിയായ അയാൾക്കു് അതിനു ധൈര്യവുമില്ല. യഥാതഥമായ ലോകത്തു് നിന്നു് തന്റേതായ ലോകത്തേക്കു് പ്രവേശിക്കുന്ന ഒരാളെ കലയെ സംബന്ധിച്ച ദൃഢപ്രത്യയത്തോടെ ചിത്രീകരിച്ചു എന്നതിലാണു് വത്സലയുടെ വൈദഗ്ദ്ധ്യമിരിക്കുന്നതു്.

ചോദ്യങ്ങളെക്കുറിച്ചു്
images/TBoQ.jpg

ഗ്രിഗറി സ്റ്റോക്ക് ബയോഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ആളാണു്. അദ്ദേഹത്തിന്റെ അസാധാരണമായ The Book of Questions എന്ന പുസ്തകം ഞാൻ വായിച്ചു. നമ്മളെ ശരിയായി മനസ്സിലാക്കാൻ പ്രയോജനമരുളുന്നതാണു് ഈ ഗ്രന്ഥം. ഓരോ ചോദ്യത്തിനും സത്യസന്ധമായി ഉത്തരം നമ്മോടുതന്നെ പറയൂ, അതു് ആത്മനിർണ്ണയത്തിനു് സഹായിക്കും.

  1. ആളുകളുടെ മരണത്തെക്കുറിച്ചു് വിചാരിച്ചു ഗുഡ്ബൈ എന്ന വാക്കു് രണ്ടുതവണ പറഞ്ഞു അവരെ കൊല്ലാൻ നിങ്ങൾക്കു് ശക്തി ലഭിച്ചുവെന്നിരിക്കട്ടെ, അവർക്കു് സ്വാഭാവിക മരണമുണ്ടാകും. ആരും നിങ്ങളെ സംശയിക്കുകയുമില്ല. ഈ ശക്തി നിങ്ങൾ ഉപയോഗിക്കുന്ന സന്ദർഭമേതെങ്കിലുമുണ്ടോ?
  2. നിങ്ങളുടെ ഒരു വിരൽ ഡോക്ടർ മുറിച്ചുകളഞ്ഞാൽ എല്ലാ മഹാരോഗങ്ങളിൽ നിന്നും നിങ്ങൾക്കു് മോചനം കിട്ടുമെന്നിരിക്കട്ടെ. ആ ശസ്ത്രക്രിയയ്ക്കു് നിങ്ങൾ സമ്മതം നല്കുമോ?
  3. ഒരു കിണ്ണം നിറയെ ജീവനുള്ള പച്ചക്കുതിര. (Grasshopper). നാല്പതിനായിരം പവൻ തന്നാൽ നിങ്ങൾ അതു് മുഴുവൻ തിന്നുമോ?
  4. അതിസുന്ദരനോ അതിസുന്ദരിയോ ആകുന്നതിനുവേണ്ടി നിങ്ങളുടെ ജീവിതകാലത്തിൽ നിന്നു് അഞ്ചുവർഷം കുറയ്ക്കുന്നതു് നിങ്ങൾക്കു് സമ്മതമാണോ?
  5. മറ്റൊരാൾ കണ്ടുകൊണ്ടിരിക്കെ നിങ്ങൾക്കു് മൂത്രമൊഴിക്കാൻ കഴിയുമോ?

രസകരമായ ഈ പുസ്തകം വായിക്കൂ. സ്വഭാവത്തിനു് മാറ്റം വരുത്താൻ ഇതു് സഹായിക്കുമെന്നതിൽ സംശയമില്ല. (The Book of Questions—Gregory Stock, Ph. D. First U. K. Edition 1987, Equation Books. Rs. 75=05)

ആ ശക്തിവിശേഷം

ഇന്നു് ഫെബ്രുവരി പതിനൊന്നു്. രാത്രി ഏഴുമണി. ടെലിവിഷൻ സെറ്റിൽ ചിത്രലോകം പരിപാടി. ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും’ എന്ന ഗാനം അതിൽനിന്നു് ഉയരുന്നു. വീട്ടിലുള്ളവർ അതു് കേൾക്കുന്നു. അതിനോടുബന്ധപ്പെട്ട രംഗങ്ങൾ കാണുന്നു. ഞാൻ മാത്രം തെല്ലകലെയുള്ള മുറിയിൽ ഇരുന്നു ഇതെഴുതുകയാണു്. എന്തൊരാകുലാവസ്ഥ! അങ്ങു ദൂരെ പഞ്ചാബിൽ ദിവസവും ദിവസവും ഇരുപതു പേരെങ്കിലും വധിക്കപ്പെടുന്നു. ഒരപരാധവും ചെയ്യാത്ത പാവങ്ങൾ. അവരുടെ കൂട്ടത്തിൽ പെണ്ണുങ്ങളുണ്ടു്, കുഞ്ഞുങ്ങളുണ്ടു്. വയറ്റു പിഴപ്പിനു് ജോലിനോക്കുന്ന പൊലീസുകാരുണ്ടു്. അവരൊക്കെ വെടിയേറ്റു ചത്തുവീഴാൻ എന്തപരാധംചെയ്തു? ഇതൊക്കെ മറന്നു് ടെലിവിഷൻ സെറ്റിന്റെ മുൻപിൽ ഇരിക്കുന്നതെങ്ങനെ? അല്ലെങ്കിൽ അവരെ കുറ്റപ്പെടുത്താൻ എനിക്കെന്തു് അധികാരം? ഞാനും സാഹിത്യവാരഫലമെഴുതുകയല്ലേ? അവർ പാട്ടുകേൾക്കുന്നെങ്കിൽ ഞാൻ ലേഖനമെഴുതുന്നു. രണ്ടുകൂട്ടർക്കും വ്യത്യാസമില്ല.

എന്റെ ചെറുപ്പകാലത്തു് രചനകളിൽ ശൃംഗാരമല്ലാതെ അശ്ലീല പ്രസ്താവങ്ങൾ ഇല്ലായിരുന്നു. ഒരസഭ്യപദമെങ്കിലും പ്രയോഗിക്കാൻ ഒരെഴുത്തുകാരനും ധൈര്യപ്പെട്ടിരുന്നില്ല. ഇപ്പോൾ എന്തു തെറിയും എഴുതാമെന്നായിട്ടുണ്ടു്. പുരുഷന്മാരല്ല സ്ത്രീകളാണു് ഇപ്പോൾ കൂടുതലായി തെറിയെഴുതുന്നതു്. അതു് വാഴ്ത്താനും കുറെപ്പേരുണ്ടു്.

പുരുഷന്മാർ അതിമദ്യപരാകുന്നതും ഡ്രഗ്ഗ് അഡിക്റ്റുകളാകുന്നതും ഒരളവുവരെ മനസ്സിലാക്കാൻ പ്രയാസമില്ല. പക്ഷേ, സ്ത്രീകളും അങ്ങനെ ആയാലോ? സ്വയം ഡ്രഗ്ഗ് കുത്തിവയ്ക്കുന്ന സ്ത്രീകളുണ്ടത്രേ. ഈശ്വരാ, എന്തൊരു ലോകം! ഞാനറിയാതെ വന്നതാണു് ഈശ്വരനെന്ന പദം. ആ ശക്തി വിശേഷമുള്ളതുകൊണ്ടാണു് ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റാണെന്നു് ഞാനെഴുതിയതു്. എന്നെപ്പോലെ വേറെ പലരുമുണ്ടു് ഈ പദം ഉച്ചരിക്കുന്നവർ. അതു് ശക്തിയോടെ ഉറക്കെപ്പറയാൻ നമുക്കു് കായികമായും മാനസികമായും ശക്തി ഉണ്ടാകണം. ആ ശക്തി വർദ്ധിപ്പിക്കണം.

ഇത്രയും എഴുതിയതു് കുങ്കുമം വാരികയിൽ കെ. സി. മധു എഴുതിയ ‘വൃശ്ചികക്കിനാവുകൾ’ വായിച്ചതിനാലാണു്. ഇവിടെപ്പറഞ്ഞ കാര്യങ്ങളല്ല അദ്ദേഹം വിവരിക്കുന്നതു്. എങ്കിലും സാദൃശ്യമുള്ള വിഷയങ്ങൾ. വായനക്കാരെ ചിന്താമണ്ഡലത്തിലേക്കു് നയിക്കുന്നു അവ.

സത്യങ്ങൾ
  1. പോളണ്ടിലെ ബ്രുനോ ഷുൾറ്റ്സ് മഹാനായ സാഹിത്യകാരനാണു്. അദ്ദേഹത്തിന്റെ Sanatorium Under the Sign of the Hourglass എന്ന പുസ്തകം (fiction) പെൻഗ്വിൻ ബുക്ക്സ് ജോൺ അപ്ഡൈക്കി ന്റെ അവതാരികയോടുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. മറ്റൊരു പുസ്തകം The Street of Crocodiles എന്നതാണു്. (പെൻഗ്വിൻ) “ഷുൾറ്റ്സ് സറീയലിസ്റ്റാണു്, മോഡേണിസ്റ്റാണു്. ചിലപ്പോൾ കാഫ്ക യെപ്പോലെയും മറ്റു ചിലപ്പോൾ പ്രുസ്തി നെപ്പോലെയും എഴുതുന്നു. ആ രണ്ടുപേർക്കും ചെന്നെത്താൻ കഴിയാത്ത അഗാധതയിൽ ചിലപ്പോൾ ചെന്നുചേരുകയും ചെയ്യുന്നു” എന്നു് നോബൽ സമ്മാനം നേടിയ സിങ്ങർ പറഞ്ഞു.
  2. പാവ്ലോ നെറുദ, ഒക്ടോവ്യാ പാസ്സ് ഇവരെക്കാൾ വലിയ കവിയാണു് സേസാർ വായേഹോ. (Cesar Vallego) പെറുവ്യൻ കവിയാണിദ്ദേഹം.
  3. ന്യൂസിലണ്ടിലെ കാതറിൻ മാൻസ്ഫീൽഡി നെ സാഹിത്യത്തിൽ താല്പര്യമുള്ളവർക്കു് അറിയാം. എന്നാൽ ന്യൂസിലണ്ടിലെ സാഹിത്യകാരനായ ഫ്രാങ്ക് സർജസണി നെ പലർക്കുമറിഞ്ഞുകൂടാ. സർജസണിനെ സമീപിക്കാൻ പോലും മാൻസ്ഫീൽഡിനു് കഴിയില്ല.
  4. ഓസ്റ്റ്രേലിയയിലെ പാട്രിക് വൈറ്റ് മാസ്റ്റർ പീസുകളേ രചിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ Voss എന്ന നോവൽ മാസ്റ്റർ പീസുകളിൽ മാസ്റ്റർ പീസാണു്.
  5. മീഷൽ ഫുക്കോ എന്ന വലിയ ചിന്തകൻ എയ്ഡ്സ് പിടിച്ചാണു് മരിച്ചതു്.
  6. ‘പരിപാകം’ ശരി; പക്വത ശരി. (ഹൃത്താരിയെന്ന പരിപാകമേതയേ—ആശാൻ) പരിപാകത എന്നെഴുതുന്ന ആളിനു് കോളേജ് വാദ്ധ്യാരായിരിക്കാൻ അർഹതയില്ല.
പുതിയ മൂല്യങ്ങൾ
images/FrankSargeson.jpg
ഫ്രാങ്ക് സർജസൺ

സി. വി. രാമൻപിള്ള രാജവാഴ്ചയുടെ സ്തോതാവായിരുന്നില്ലെന്നും രാജഭക്തനായിരുന്നില്ലെന്നും നിരൂപകൻ പി. ദാമോദരൻ പിള്ള എന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ടു്; എഴുതിക്കണ്ടിട്ടുണ്ടു്. അത്രകണ്ടു് ശരിയല്ല ആദ്ദേഹത്തിന്റെ വാദം. അനന്തപദ്മനാഭൻ, കേശവപിള്ള ദിവാൻ ഇവർ ചില മൂല്യങ്ങളുടെ പ്രതിനിധികളായിരുന്നല്ലോ. ആ മൂല്യങ്ങൾ രാജവാഴ്ചയോടും രാജഭക്തിയോടും ബന്ധപ്പെട്ടവയാണു്. സ്ഥിരതയാർന്ന മൂല്യങ്ങളാണു് അവ അവരെ സംബന്ധിച്ചിടത്തോളം സ്ഥായിത്വമുള്ള ആ മൂല്യങ്ങളിൽ നിന്നു് അവർ മാറാത്തതുകൊണ്ടു് അവർക്കു് വിജയമുണ്ടായി. (കേശവപിള്ള ദിവാന്റെ അന്ത്യം പരിഗണനാർഹമല്ല) നേരെ മറിച്ചാണു് ഹരിപഞ്ചാനന്റെ സ്ഥിതി. അയാൾ പ്രതിനിധാനം ചെയ്ത മൂല്യങ്ങൾ—രാജദ്രോഹത്തോടു ബന്ധപ്പെട്ട മൂല്യങ്ങൾ—അധമങ്ങളും അസ്ഥിരങ്ങളുമാണെന്നായിരുന്നു സി. വി.യുടെ അഭിപ്രായം. അതുകൊണ്ടാണു് ഹരിപഞ്ചാനനു് ആത്മഹത്യ ചെയ്യേണ്ടി വന്നതു്.

അഭിനയമാണു് ജീവിതം. നനഞ്ഞ തൊട്ടിൽമുണ്ടു് കുളിമുറിയിൽ കൊണ്ടിട്ടതിനുശേഷം ഉണങ്ങിയ മറ്റൊരു മുണ്ടു് തൊട്ടിലായി കെട്ടി അതിൽ കുഞ്ഞിനെക്കിടത്തി ആട്ടിയുറക്കുന്നവൻ വൈകുന്നേരം സഭാവേദിയിൽ കയറിനിന്നു് ‘പ്രതിബദ്ധതയില്ലാത്ത കലാകാരൻ ഈ ലോകത്തുണ്ടൊ എന്നു ഞാൻ ചോദിക്കുന്നു’ എന്നു് അലറുമ്പോൾ ശ്രോതാക്കൾ ആ അലർച്ചക്കാരനെ നിരൂപകനായി അംഗീകരിക്കുന്നു. ശ്രോതാക്കളും നാട്യക്കാരാണല്ലോ. വീട്ടിലെ വ്യക്തികളല്ല ടൗൺഹാളിൽ വന്നു് ഇരിക്കുന്നതു്. അഭിനയമേ, നീയില്ലാതെ ഈ ലോകമുണ്ടോ?

സി. വി. രാമൻ പിള്ളയുടെ കാലത്തെ മൂല്യബോധമല്ല ഇന്നത്തെ കാലത്തുള്ളതു്. രാജവാഴ്ചയുടെ മൂല്യങ്ങൾ ഇന്നു് അധമങ്ങളും ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ശ്രേഷ്ഠങ്ങളുമാണു്. സമൂഹത്തിലെ മറ്റു മൂല്യങ്ങൾക്കും മാറ്റം വന്നിരിക്കുന്നു. ഭർത്താവു് മരിച്ചാൽ അയാളുടെ ഭാര്യ വെള്ള വസ്ത്രമുടുത്തു് ജീവിതാവസാനം വരെ വിധവയായി കഴിഞ്ഞുകൊള്ളണമെന്നതു് പഴയ മൂല്യ സങ്കല്പം. ഇന്നു് അതു് കാട്ടാളത്തമാണെന്നു് വന്നുകൂടിയിരിക്കുന്നു. ഈ കാട്ടാളത്തെ വെല്ലുവിളിക്കുന്ന ഒരു സ്ത്രീയെയാണു് കെ. പി. ശൈലജ ‘പാർവ്വതി കരയുന്നില്ല’ എന്ന കഥയിൽ ചിത്രീകരിച്ചിട്ടുള്ളതു്. (ദേശാഭിമാനി വാരിക). പുരുഷനല്ലാത്ത പുരുഷനോടുകൂടി കഴിയേണ്ടിവന്നവളാണു് പാർവ്വതി. അയാൾ മരിച്ചു. ‘നിർമ്മാലമാല്യം’പോലെ അവളെ എടുത്തു് ദൂരെയെറിയാൻ ആളുകൾ വന്നപ്പോൾ അവൾ പ്രതിഷേധിച്ചു. പ്രചാരണത്തിന്റെ ചുവന്ന കൊടിയെടുത്തു് വീശി കലയുടെ വിശുദ്ധിയെ നശിപ്പിക്കുന്നില്ല ശൈലജ. യാഥാസ്ഥിതികത്വത്തിനു് നേരേ, നൃശംസതയുടെ നേരേ മനുഷ്യത്വം ശബ്ദമുയർത്തുന്നു ഇവിടെ.

പലരും പലതും
  1. അൽബേനിയയിലെ രാജാവായിരുന്നു അഹമ്മദ് സൊഗു; 1943-ൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. കുറെ വർഷങ്ങൾ കഴിഞ്ഞു ഫ്രാൻസിൽ വച്ചു മരിച്ചു. സൊഗു ദിവസന്തോറും 240 സിഗററ്റ് വലിച്ചിരുന്നു. അതിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ പടത്തോടുകൂടി ഒരു തപാൽ മുദ്ര സർക്കാർ പ്രകാശനം ചെയ്തു. സൊഗു സിഗററ്റ് വലിച്ചതുപോലെയാണു് നമ്മുടെ ചില പൈങ്കിളി എഴുത്തുകാർ പ്രേമാഭാസത്തെക്കുറിച്ചു് കഥാഭാസങ്ങൾ നിർമ്മിക്കുന്നതു്. ഒരുദാഹരണം ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ‘ചവിട്ടുപടികൾ നഷ്ടപ്പെട്ട ഗോപുരം’. പ്രേമാഭാസമെന്ന കാൻസർ സ്റ്റിക്ക് കഥാകാരൻ വലിച്ചുവലിച്ചു കുറ്റികളെറിയുന്നു. അവ നമ്മുടെ പുറത്തുവന്നു വീഴുന്നു. പൊള്ളലേല്ക്കുന്നു നമുക്കു്.
  2. നമ്മുടെ പ്രശസ്തനായ ഒരു സാഹിത്യകാരൻ പ്രസംഗിക്കുമ്പോൾ മുണ്ടിന്റെ മുകളിൽകൂടി ചന്തിചൊറിഞ്ഞുകൊണ്ടിരിക്കും. വേറൊരു പ്രശസ്തനായ സാഹിത്യകാരൻ എപ്പോഴും മൂക്കുതോണ്ടിക്കൊണ്ടിരിക്കും. ഈ വൃത്തികേടു് അവർക്കുണ്ടെങ്കിലും നല്ല സാഹിത്യകാരന്മാരാണു് അവർ. ഉണ്ണി വാരിയത്ത് വളരെക്കാലമായി കഥാരചന എന്ന വ്യാജേന നിതംബനഖവിലേഖവും നാസാമലോദ്ധാരണവും നടത്തുന്നു. രണ്ടു പ്രക്രിയകളും കഥാമാസികയിൽ അദ്ദേഹമെഴുതിയ ‘നടപ്പാലം’ എന്ന കഥയിൽ(!!) കാണാം. മുഖം തിരിക്കു വായനക്കാരേ.
  3. ഞാൻ കൂടക്കൂടെ ദയ്സാക് എകേഡ യുടെ ഗ്രന്ഥങ്ങൾ വായിക്കുന്നു. ഉത്കൃഷ്ടങ്ങളാണവ. മഹാനായ ആ ചിന്തകനെക്കുറിച്ചു് ദീപിക വാരികയുടെ പത്രാധിപർ എഴുതിയിരിക്കുന്നു. (ലക്കം 44) ഉചിതജ്ഞതയാർന്ന പ്രവൃത്തി.
  4. സി. വി. ഗോവിന്ദൻ ‘ശരണം’ എന്ന കാവ്യത്തിലൂടെ മാതൃത്വത്തെ വാഴ്ത്തുന്നു. (എക്സ്പ്രസ്സ് വാരിക) സരസ്വതി ദേവിയുടെ ഹൃദ്യമായ വീണാവാദനം ഞാൻ ഇതിൽ നിന്നു് കേൾക്കുന്നു.

സ്റ്റ്രക്ചറലിസത്തെയും മാർക്സിസത്തെയും കൂട്ടിയിണക്കിയ ചിന്തകനാണു് അൽത്തുസർ. (Louis Althusser) അദ്ദേഹം ഭാര്യയെ കഴുത്തു ഞെക്കിക്കൊന്നുവെന്നാണു് ഞാൻ റ്റൈം വാരികയിൽ വായിച്ചതു്. കൊന്നതു് ശ്വാസംമുട്ടിച്ചല്ല വാളുകൊണ്ടു് ഭംഗിയാർന്ന രണ്ടുഭാഗങ്ങളായി അവരെ മുറിച്ചാണു് എന്നും അറിഞ്ഞു. ഇതാണു് ശരിയെങ്കിൽ അൽത്തുസർ തന്റെ ചിന്താഗതിക്കു് യോജിച്ച വിധത്തിൽ പ്രവർത്തിച്ചുവെന്നു് കരുതണം. ഹേഗേലിയൻ ഡയലക്ടിക് അനുസരിച്ചു് തീസിസ് എന്ന ഉറപ്പാർന്ന ഉപപാദ്യവും ആന്റി തീസിസ് എന്ന അതേ ഉറപ്പാർന്ന മറ്റൊരു ഉപപാദ്യവും തമ്മിലിടഞ്ഞു് സത്യാത്മകമായ സിന്തസിസ് എന്ന മൂന്നാമത്തെ ഉപപാദ്യം ജനിക്കുന്നു. ഭാര്യയുടെ ഒരു തുണ്ടം തീസിസ്, മറ്റേത്തുണ്ടം ആന്റിതീസിസ്, പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം രണ്ടും തുന്നിച്ചേർത്തു ശവപ്പെട്ടിയിലിട്ടു കൊണ്ടുപോകുമ്പോൾ സിന്തസിസ്. നിയോമാർക്സിസം വെൽവുതാക.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-03-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.