സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1988-09-18-ൽ പ്രസിദ്ധീകരിച്ചതു്)

ഉത്കൃഷ്ടതമമായ കാവ്യഭാഷണത്താലാണു് കവികൾ മഹനീയതയുള്ളവരായി അംഗീകരിക്കപ്പെടുന്നതു്. അതു് ഷെയ്ക്സ്പിയറിനുള്ളതുപോലെ വാല്മീകിക്കും ഹോമറിനുംപോലും ഇല്ലെന്നു് അരവിന്ദഘോഷ് പലതവണ പറഞ്ഞിട്ടുണ്ടു്.

നാഗപ്പൂരിൽനിന്നു ദുർഗ്ഗിലേക്കു്—വീതി ഒട്ടുമില്ലാത്ത പാത. രണ്ടുവശങ്ങളിലും കൊടുങ്കാടുകൾ. ഇടയ്ക്കിടയ്ക്കു നീർച്ചാട്ടങ്ങൾ. കാട്ടിൽനിന്നു ഫുലാൻദേവി യും കൂട്ടുകാരും ചാടിവന്നു തോക്കുചൂണ്ടി കൈയിലുള്ളതെല്ലാം അപഹരിക്കുമെന്നും അതിനു ശേഷം കൊന്നുകളയുമെന്നും പേടിച്ചു സ്വല്പനേരം. ആ ഭയത്തിനു ഹേതുവുണ്ടായിരുന്നു. ഒരാഴ്ചയ്ക്കുമുൻപു് നാഗപ്പൂരിൽനിന്നു ദുർഗ്ഗിലേക്കു തിരിച്ച ഒരു ലോറിയുടെ ഡ്രൈവറെ വെടിവച്ചു കൊന്നു് വഴിയിലിട്ടിട്ടു കൊള്ളക്കാർ പൊയ്ക്കളഞ്ഞുവെന്നും അതുകൊണ്ടു് ആപത്തുള്ള യാത്രയാണു് ഞങ്ങളുടേതെന്നും ചിലർ അറിയിച്ചിരുന്നു. എങ്കിലും ഈ പേടി താൽക്കാലികമായിരുന്നു. കാരണം വനഭംഗിയിൽ മതിമറന്നുപോയ ഞങ്ങളിൽനിന്നു ഭയമെന്ന വികാരം പെട്ടെന്നു മാറിപ്പോയി എന്നതാണു്. കാടിന്റെ രാമണീയകം മാത്രമല്ല ഞങ്ങളെ ആഹ്ലാദിപ്പിച്ചതു്. ഇരുവശങ്ങളിൽ നിന്നു കുരങ്ങുകൾ പാതയിലേക്കു് ഓടിവന്നു നടുക്കു് നിലയുറപ്പിക്കും. കാറ് അടുത്തുവന്നാലും അവ മാറില്ല. അങ്ങനെ കാറ് നിറുത്തുമ്പോഴാണു് ഞങ്ങൾ യാത്രചെയ്തതു് ഒരു യന്ത്രത്തിലായിരുന്നുവെന്ന തോന്നലുണ്ടായതു്. അതുവരെ കാറില്ല, ഡ്രൈവറില്ല, റോഡില്ല—കാടുകളേയുള്ളൂ, അവയുടെ ഭംഗിയേയുള്ളു.

images/DiegoMaradona86.jpg
മാറാദോന

രണ്ടുകൊല്ലംമുൻപു് ഞാനും കൂട്ടുകാരും ഫുട്ബോൾ കളി ടെലിവിഷനിൽ കാണുകയായിരുന്നു. മാറാദോന എന്ന വിശ്വവിഖ്യാതനായ കളിക്കാരൻ പന്തുകൊണ്ടു മുന്നേറുമ്പോൾ കളിനടന്ന സ്ഥലത്തെ പ്രേക്ഷകർ മാത്രമല്ല, എന്റെ തൊട്ടടുത്തിരുന്ന കൂട്ടുകാർപോലും കൈയടിക്കുന്നുണ്ടായിരുന്നു. റഫറി മഞ്ഞക്കാർഡ് എടുത്തു് മാറാദോനയെ കാണിച്ചപ്പോൾ ‘ഇവനാരു കാർഡ് കാണിക്കാൻ?’ എന്നു് എന്റെ സുഹൃത്തു് ദേഷ്യത്തോടെ ചോദിച്ചു. അങ്ങനെ പലവിധത്തിലുള്ള വികാരങ്ങളോടുകൂടി പന്തുകളി കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു ശബ്ദത്തോടെ ടെലിവിഷൻ നിന്നു. “തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു” എന്നു് എഴുതിക്കാണിച്ചപ്പോഴാണു് ടെലിവിഷൻ സെറ്റിനെക്കുറിച്ചു് ഓർമ്മയുണ്ടായതു്. അതുവരെ സെറ്റില്ല. മാറാദോനയെയുള്ളൂ. അദ്ദേഹത്തിന്റെ കാലിൽക്കിടന്നു കളിക്കുന്ന പന്തേയുള്ളു. കൂടെ കളിക്കുന്നവരും എതിർത്തു കളിക്കുന്നവരും മാത്രമേയുള്ളൂ. ടെലിവിഷൻ സെറ്റ് എന്ന ഉപകരണത്തെക്കുറിച്ചു് വിചാരിക്കാനിടയായതു് അതു പ്രവർത്തിക്കാതെയായപ്പോഴാണു്.

വിദഗ്ദ്ധകളായ നർത്തകികൾ നൃത്തം ചെയ്യുന്നതു സെറ്റിൽ കാണുമ്പോൾ നമുക്കു നൃത്തത്തെക്കുറിച്ചു മാത്രമേ ചിന്തയുള്ളു. അതു് ഒരു യന്ത്രത്തിലൂടെയാണു് നമ്മുടെ മുൻപിലെത്തുന്നതു് എന്നു നമ്മളറിയുന്നില്ല. എന്നാൽ അവിദഗ്ദ്ധകളായ കൊച്ചു പെൺകുട്ടികളെക്കൊണ്ടു് ഡാൻസിനു പകരം ഉഡാൻസ് അധികാരികൾ നടത്തിക്കുമ്പോൾ ടെലിവിഷൻ സെറ്റിന്റെ ഓർമ്മ നമുക്കുണ്ടാകുന്നു. ചാടിച്ചെന്നു് അതിന്റെ സ്വിച്ച് പിടിച്ചുതിരിച്ചു പ്രവർത്തനം നിറുത്തുന്നു.

കവിതയും ഇതുപോലെയാണു്.

ചാഞ്ഞലഞ്ഞ ചെറുദേവദാരുവി-

ന്നാഞ്ഞശാഖികളടിക്കു ചിന്തയാൽ

കാഞ്ഞു കാൺമതു മനോരഥങ്ങളാൽ

മാഞ്ഞുതൻ നിലമറന്നു നിന്നവൾ.

എന്നു വായിക്കുമ്പോൾ നമ്മൾ വൃക്ഷം പടർന്നു കിടക്കുന്നതും മറ്റുമേ കാണുന്നുള്ളു. ഇവിടെ പദങ്ങളെ നമ്മൾ കാണുന്നില്ല. അവ ഉയർത്തുന്ന ഇമേജുകളെ മാത്രമേ ദർശിക്കുന്നുള്ളു. എന്നാൽ അനുവാചകനെ ഇമേജുകളിൽനിന്നകറ്റി വാക്കുകളിലേക്കു മാത്രം കവി നയിക്കുമ്പോൾ മോട്ടോർകാറിനെയും ടെലിവിഷൻ സെറ്റിനെയുംകുറിച്ചു് ഓർമ്മയുണ്ടാകുന്നതിനു തുല്യമായ അനുഭവം ജനിക്കുകയാണു്. കാവ്യത്തിലെ ഭാഷ ചിത്രങ്ങൾ അല്ലെങ്കിൽ ബിംബങ്ങൾ മാത്രമേ നിർമ്മിക്കാവൂ. ഭാഷയെക്കുറിച്ചു വായനക്കാരൻ വിചാരിക്കാനിടയായാൽ കവിതയുടെ ധർമ്മം അപ്രത്യക്ഷമായിപ്പോകും.

കെ. പി. അപ്പൻ
images/Kpappan.jpg
കെ. പി. അപ്പൻ

ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നിരൂപകനാണു് കെ. പി. അപ്പൻ. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും എനിക്കു യോജിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിൽ അദ്ഭുതപ്പെടാൻ ഒന്നുമില്ല. അപ്പൻ ആവിഷ്കരിക്കുന്നതു് അദ്ദേഹത്തിന്റെ മതങ്ങളാണു്. എന്റെ മതങ്ങളല്ല. അതുപോലെ എന്റെ അഭിപ്രായങ്ങളോടു് അദ്ദേഹം യോജിച്ചില്ലെങ്കിൽ എനിക്കും പരിഭവത്തിനു കാരണമില്ല. ഈ ചിന്താഗതിയോടുകൂടിയാണു് ഞാൻ അദ്ദേഹത്തിന്റെ “മലയാള ഭാവനയെക്കുറിച്ചുള്ള പ്രത്യാശ” എന്ന ലേഖനം വായിച്ചതു്. (കേരളകൗമുദി വിശേഷാൽ പ്രതി)

വിദഗ്ദ്ധകളായ നർത്തകികൾ നൃത്തം ചെയ്യുന്നതു സെറ്റിൽ കാണുമ്പോൾ നമുക്കു നൃത്തത്തെക്കുറിച്ചു മാത്രമേ ചിന്തയുള്ളു. അതു് ഒരു യന്ത്രത്തിലൂടെയാണു് നമ്മുടെ മുൻപിലെത്തുന്നതു് എന്നു നമ്മളറിയുന്നില്ല. എന്നാൽ അവിദഗ്ദ്ധകളായ കൊച്ചു പെൺകുട്ടികളെക്കൊണ്ടു് ഡാൻസിനു പകരം ഉഡാൻസ് അധികാരികൾ നടത്തിക്കുമ്പോൾ ടെലിവിഷൻ സെറ്റിന്റെ ഓർമ്മ നമുക്കുണ്ടാകുന്നു. ചാടിച്ചെന്നു് അതിന്റെ സ്വിച്ച് പിടിച്ചുതിരിച്ചു പ്രവർത്തനം നിറുത്തുന്നു.

ആത്യന്തികാവസ്ഥയിൽ ഭാവനകളെല്ലാം ഒന്നാണെങ്കിലും അല്പം താണതലത്തിൽ മലയാള ഭാവന, ഭാരതീയ ഭാവന, ഇംഗ്ലീഷ് ഭാവന, അമേരിക്കൻ ഭാവന എന്നൊക്കെ തരംതിരിക്കുന്നതിൽ അപാകമൊന്നുമില്ല. ചന്ദ്രനിൽക്കാണുന്ന കറുത്ത അടയാളം യാമിനീദേവി കണ്ണെഴുതിയതിനു ശേഷമുള്ള മഷി ചന്ദ്രനാകുന്ന ദർപ്പണത്തിൽ അവൾ തുടച്ചതാണെന്ന സങ്കല്പം ഭാരതീയന്റേതു മാത്രമാണു്. ഗുരുവായൂരമ്പലത്തിന്റെ സമീപത്തു നില്ക്കുന്ന അരയാൽ ഇലക്കൈകൾകൊണ്ടു നാമംജപിച്ചുവെന്നും കരിക്കിന്റെ മുകൾഭാഗം ചെത്തുമ്പോൾ വെള്ളം ചാടുന്നതുപോലെ ഉദയസൂര്യന്റെ രശ്മികൾ പ്രസരിച്ചുവെന്നും മലയാളിയായ കവിക്കേ പറയാൻ പറ്റൂ. അതു ‘മലയാളഭാവന’തന്നെയാണു്. ഈ ലോകത്തിന്റെ ലളിതമായ ഒരു ചിത്രം മനുഷ്യൻ നിർമ്മിക്കുന്നുവെന്നും അനുഭവ പ്രപഞ്ചത്തിനു പകരമായി അവൻ ഇതു സ്വീകരിക്കുന്നുവെന്നും ഐൻസ്റ്റൈനും പറഞ്ഞിട്ടുണ്ടു്. ചിത്രകാരനും കവിയും അവനവന്റേതായ രീതിയിൽ ചെയ്യുന്നതു് ഇതുതന്നെയാണു്. തന്റെ വൈകാരിക ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തു് ഈ ലോകത്തേയും അതിന്റെ നിർമ്മാണത്തേയും അവൻ കൊണ്ടുചെല്ലുന്നുവെന്നും ഐൻസ്റ്റൈൻ കരുതുന്നു. “അവനവന്റേതായ രീതിയിൽ” എന്നു് അദ്ദേഹം പറഞ്ഞതാണു് പ്രാധാന്യം ആവഹിക്കുന്നതു്. സ്വകീയമായ ഈ രീതിയിൽ വിഭിന്നഭാവനകൾക്കു ഹേതുവായി ഭവിക്കുന്നതു്. അതിനാൽ കെ. പി. അപ്പൻ മലയാളഭാവനയെ വേർതിരിച്ചു കാണുന്നതു് സാഹിത്യപഞ്ചാനനൻ പറഞ്ഞതുപോലെ ആദരണീയവും സ്വീകരണീയവുമത്രേ. തുടർന്നു് ഉണ്ണായിവാര്യരു ടെ നളചരിത ത്തിന്റെ ഔജ്ജ്വല്യത്തെക്കുറിച്ചു് അദ്ദേഹം ഉപന്യസിക്കുന്നു. അതിലും അഭിപ്രായഭേദം ഉണ്ടാകേണ്ടതില്ല. എന്നാൽ നളചരിതത്തെ അപേക്ഷിച്ചു് കീഴേക്കിടയിലാണു് ശാകുന്തളത്തിന്റെ സ്ഥിതിയെന്നു് അദ്ദേഹം എഴുതുമ്പോൾ പ്രതിഷേധത്തെ ക്ഷണിച്ചു വരുത്തുകയാണെന്നേ എനിക്കു പറയാൻ പറ്റൂ. സുന്ദരവസ്തുക്കൾക്കു തരതമഭാവമില്ല. “ചെമ്മീൻ ” സുന്ദരം. “ബാല്യകാലസഖി യും” സുന്ദരം എന്നല്ലാതെ ഏതിനു കൂടുതൽ സൗന്ദര്യമെന്നു നിർണ്ണയിക്കാവുന്നതല്ല. റോസാപ്പൂ സുന്ദരം, താമരപ്പൂ സുന്ദരം. ഇവയിൽ കൂടുതൽ സൗന്ദര്യമേതിനു് എന്നു ചോദിച്ചാൽ മൗനം അവലംബിക്കുകയേ മാർഗ്ഗമുള്ളു. അക്കാരണത്താൽ “നളചരിത”ത്തിനു് ഉത്കൃഷ്ടതയും “ശാകുന്തള”ത്തിനു് അതിനെ അപേക്ഷിച്ചു് അപകൃഷ്ടതയും ഉണ്ടെന്ന വാദത്തിൽ യുക്തിയില്ല.

images/Shakespeare.jpg
ഷെയ്ക്സ്പിയർ

സൗന്ദര്യത്തിനു തരതമഭാവമില്ലെങ്കിലും മഹത്ത്വത്തിനു് അതുണ്ടു്. തിരുവനന്തപുരത്തെ പബ്ലിക് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു് ദൈർഘ്യമുണ്ടു്. പക്ഷേ, അതിനു് അല്പമകലെയായി നിലകൊള്ളുന്ന ശ്രീ ചിത്രാ ആർട്ട് ഗ്യാലറി കൊച്ചു കെട്ടിടമാണെങ്കിലും മഹത്ത്വമുള്ളതാണു്. ഹേതു രവിവർമ്മ യുടേയും മറ്റനേകം പ്രതിഭാശാലികളുടേയും ചിത്രങ്ങൾ അവിടെയുണ്ടു് എന്നതത്രേ. കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള യുടെ “യേശുവിജയം” എന്ന മഹാകാവ്യത്തേക്കാൾ മഹനീയമാണു് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കുടിയൊഴിക്കൽ’ എന്ന കൊച്ചു കാവ്യം. കുഞ്ചൻ നമ്പ്യാർ അദ്ദേഹത്തിന്റെ രീതിയിൽ മഹാകവിയാണെങ്കിലും ഷെയ്ക്സ്പിയറി നു സദൃശനല്ല. അങ്ങനെയാണെന്നു സഞ്ജയൻ പറഞ്ഞതിനോടു് അപ്പൻ യോജിക്കുന്നു. ഇതു ചിന്തനീയംതന്നെ. ചില സാഹിത്യകൃതികൾക്കു പരിമിതത്വമുണ്ടു്. മറ്റുള്ളവയ്ക്കു് അപരിമിത സ്വഭാവമാണുള്ളതു്. കുഞ്ചൻ നമ്പ്യാരുടെ ഏതു കൃതിയും നമ്മെ രസിപ്പിക്കും. എന്നാൽ അതു വായിച്ചടച്ചുവച്ചു കഴിഞ്ഞാൽ പിന്നൊന്നുമില്ല. അതല്ല ഷെയ്ക്സ്പിയർ കൃതികളുടെ സവിശേഷത ഒഥല്ലോയും ഡെസ്ഡിമോണയും മരിച്ചുകഴിയുന്നതോടെ നാടകം അവസാനിക്കുന്നില്ല. പിന്നീടുള്ള മനുഷ്യനാടകം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. അതു കാണാൻ ഷെയ്ക്സ്പിയർ നമ്മുടെ കണ്ണുകൾ പിടിച്ചു തുറക്കുന്നു എന്നതിലാണു് ആ നാടകത്തിന്റെ മഹനീയതയിരിക്കുന്നതു്. വേറൊരു തരത്തിൽ പറയാം. “ഒഥല്ലോ ” എന്ന നാടകം നമ്മളെ ‘ഹോൺട് ’ ചെയ്തുകൊണ്ടിരിക്കുന്നു. “കിങ് ലീയറി ”ന്റെയും “മക്ബത്തി ”ന്റെയുമൊക്കെ സ്ഥിതി ഇതുതന്നെ. അപരിമിതസ്വഭാവമാർന്ന കുഞ്ചൻ നമ്പ്യാർക്കൃതികളോടു ഒരു വിധത്തിലും താരതമ്യപ്പെടുത്താവുന്നതല്ല. നക്ഷത്രമെവിടെ? മുക്കുറ്റിപ്പൂവു് എവിടെ? ആളുകൾ ആദരിക്കുന്ന കാലത്തേക്കേ നമ്മൾ ഇവിടെ ജീവിക്കുന്നുള്ളു. അതിനുശേഷം കവി പറഞ്ഞതുപോലെ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയാണു. ലോകമാകെയുള്ള ജനങ്ങൾ ആദരിക്കുന്നതുകൊണ്ടു് ഷെയ്ക്സ്പിയർ ജീവിച്ചിരിക്കുന്നു. കുഞ്ചൻ നമ്പ്യാർ കേരളത്തെസ്സംബന്ധിച്ചിടത്തോളം മഹാകവി തന്നെ. പക്ഷേ, ലോകജനതയുടെ ബഹുമാനം അദ്ദേഹം നേടിയിട്ടുണ്ടോ? (ഭാഷ കുറച്ചുപേരേ സംസാരിക്കുന്നുള്ളു എന്നതു ശരിയായ സമാധാനമല്ല.)

ഒരു കാര്യം എഴുതാൻ മറന്നുപോയി. ഉത്കൃഷ്ടതമമായ കാവ്യഭാഷണത്താലാണു് കവികൾ മഹനീയതയുള്ളവരായി അംഗീകരിക്കപ്പെടുന്നതു്. അതു് ഷെയ്ക്സ്പിയറിനുള്ളതുപോലെ വാല്മീകി ക്കും ഹോമറി നുംപോലും ഇല്ലെന്നു് അരവിന്ദഘോഷ് പലതവണ പറഞ്ഞിട്ടുണ്ടു്. ഒരുദാഹരണം Cut out brief candle എന്നു തുടങ്ങുന്ന ഭാഗം, കുഞ്ചൻ നമ്പ്യാരുടെ ഒരു കൃതിയിലും ഈ “സുപ്രീം പൊയറ്റിക് അട്ടറൻസ്” ഇല്ല.

images/MigueldeUnamuno1925.jpg
മീഗൽ ദേ ഊനാമുനോ

സ്പാനിഷ് തത്ത്വചിന്തകൻ മീഗൽ ദേ ഊനാമുനോ യുടെ (Miguel de Unamuno, 1864–1936) The Tragic Sense of Life എന്ന പുസ്തകം സംസ്ക്കാരത്തിൽ താൽപര്യമുള്ളവരെല്ലാം വായിക്കേണ്ടതാണു്. അതിലൊരിടത്തു് അദ്ദേഹം ഏതാണ്ടിങ്ങനെ പറഞ്ഞിട്ടുണ്ടു്. യുദ്ധം നടക്കുന്ന വേളയിൽ ആളുകൾ സമാധാനത്തിനുവേണ്ടി ആഗ്രഹിക്കുന്നു. സമാധാനമുള്ള കാലത്തു് യുദ്ധത്തിനായും. ഭീകരഭരണത്തിൽ അവർ കൊതിക്കുന്നതു് സ്വാതന്ത്ര്യത്തിനുവേണ്ടിയാണു്. സ്വാതന്ത്ര്യം നിലവിലിരിക്കുകയാണെങ്കിൽ ഭീകരഭരണത്തിനായി അഭിലഷിക്കും.

സി. വി. ശ്രീരാമനെക്കുറിച്ചു്
വായനക്കാരൻ:
സി. വി. ശ്രീരാമൻ എന്ന കഥാകാരനെക്കുറിച്ചു് എന്താണു് നിങ്ങളുടെ അഭിപ്രായം?
നിരൂപകൻ:
നല്ല കഥാകാരനാണു് അദ്ദേഹം.
വായനക്കാരൻ:
പക്ഷേ, രാഷ്ട്രവ്യവഹാരമല്ലാതെ അദ്ദേഹത്തിനൊരു വിഷയമില്ലല്ലോ.
നിരൂപകൻ:
ഓരോ എഴുത്തുകാരനും ഓരോ ‘റെയ്ഞ്ചാ’ണുള്ളതു്. അതിൽനിന്നു പുറത്തേക്കു ചെല്ലാൻ ആ മനുഷ്യനു പ്രയാസമായിരിക്കും. ആ പ്രയാസത്തെ തൃണവൽഗണിച്ചു് ആ എഴുത്തുകാരൻ മറുകണ്ടം ചാടിയാൽ ഫലം ദുഃഖദായകമായിരിക്കും. സി. വി. രാമൻപിള്ളയുടെ ‘നിശ്ചിതപരിധി’ ചരിത്രമാണു്. അതിനെ അതിലംഘിച്ചു് അദ്ദേഹം ‘പ്രേമാമൃതം’ എഴുതിയപ്പോൾ പരാജയം സംഭവിച്ചു. പക്ഷേ, സി. വി. ശ്രീരാമൻ മറ്റു വിഷയങ്ങളെക്കുറിച്ചും നല്ല കഥകളെഴുതിയിട്ടുണ്ടു്. അതുകൊണ്ടു് സങ്കുചിതത്വം എന്ന ദോഷം അദ്ദേഹത്തിൽ ആരോപിക്കാവുന്നതല്ല.
വായനക്കാരൻ:
സി. വി. ശ്രീരാമന്റെ രാഷ്ട്രവ്യവഹാര സംബന്ധികളായ കഥകളുടെ സ്വഭാവമെന്തു? അവ അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്ത്വചിന്തയിൽ വിശ്വസിക്കാവുന്നവർക്കു് എങ്ങനെ ആസ്വാദ്യങ്ങളാകും?
നിരൂപകൻ:
ഇന്ന രാഷ്ട്രവ്യവഹാരത്തിലാണു് തനിക്കു താൽപര്യമെന്നു് അദ്ദേഹം സ്പഷ്ടമാക്കാറില്ല. അതു പുരോഗമനാത്മകമായ തത്ത്വചിന്ത മാത്രമാണെന്നേ വായനക്കാർ ധരിക്കൂ. അതല്ല, തന്റെ വിഷയത്തെ കഴിയുന്നിടത്തോളം ‘കംപ്രെസ്സ്’ ചെയ്യാൻ—ഞെരുക്കാൻ—അദ്ദേഹത്തിനറിയാം. അസുഖദായകങ്ങളായ വിശദാംശങ്ങളിലേക്കു പോകുമ്പോഴാണു് കഥയിലെ രാഷ്ട്രവ്യവഹാരം അതിൽ വിശ്വസിക്കാത്തവർക്കു് അരോചകമാകുന്നതു്. ഈ സത്യം സി. വി. ശ്രീരാമനു് അറിയാം. ‘ദേശാഭിമാനി’ വിശേഷാൽ പ്രതിയിൽ അദ്ദേഹമെഴുതിയ “കിട്ടാതെ പോയ ഒരു വോട്ട്” എന്ന ചെറുകഥ നോക്കൂ. കാഴ്ചയില്ലാത്ത, കേഴ്‌വി നഷ്ടപ്പെട്ട ഒരു വൃദ്ധയുടെ വോട്ടാണതു്. തിരഞ്ഞെടുപ്പിനു നില്ക്കുന്നവൻ അതു കാത്തുനില്ക്കുന്നു. വൃദ്ധ വരുന്നില്ല. എങ്കിലും തനിക്കുവേണ്ടി അവർ പ്രാർത്ഥിച്ചുകാണും എന്നു് അയാൾ വിശ്വസിക്കുന്നു. ബഹിർഭാഗസ്ഥത ഒഴിവാക്കി, പുരോഗമനചിന്തയ്ക്കു പ്രാധാന്യം നല്കി. മനുഷ്യത്വത്തിനു് ഊന്നൽ നല്കി രചിക്കപ്പെട്ട ഇക്കഥയ്ക്കു് കംപ്രെഷന്റെ— സാന്ദ്രീകരണത്തിന്റെ—ശക്തിയുണ്ടു്.
images/AdamSmith.jpg
ആഡം സ്മിത്ത്

നമ്മൾ പ്രാചീനങ്ങളായ കൃതികൾ കൂടി വായിക്കണം. സാഹിത്യകൃതികളെയല്ല ഞാൻ ലക്ഷ്യമാക്കുന്നതു്. ദാർശനികങ്ങളും സാമൂഹികങ്ങളുമായ വിഷയങ്ങൾ പ്രതിപാദിച്ചിട്ടുള്ള കൃതികൾ. അവയിൽ കാണുന്ന നിരീക്ഷണങ്ങൾ പലപ്പോഴും നമ്മളെ ചിന്തയുടെ ഉന്നതമണ്ഡലങ്ങളിലേക്കു നയിക്കും. അടുത്തകാലത്തു് ആഡം സ്മിത്തി ന്റെ Theory of Moral Sentiments ഞാൻ വായിച്ചു. പുസ്തകം ഇപ്പോൾ കൈയിലില്ലാത്തതുകൊണ്ടു ഓർമ്മയിൽനിന്നു് ചിലതു കുറിക്കാം. “ചൈനയെ ഒരു ദിവസം ഭൂകമ്പം വിഴുങ്ങിയെന്നു വിചാരിക്കു. ഈ ഭയജനകമായ ദൗർഭാഗ്യം മനുഷ്യത്വമുള്ള ഒരു യൂറോപ്യനെ എങ്ങനെ ബാധിക്കും? അയാൾ തന്റെ നിർവ്യാജമായ ദുഃഖത്തിനു് ആവിഷ്കാരം നല്കും. എന്നിട്ടു് മനുഷ്യജീവിതത്തിന്റെ ക്ഷുദ്രത്വം, ആപത്തു് ഇവയെക്കുറിച്ചു് ചിന്തോദ്ദീപകങ്ങളായി പലതും പറയും. യൂറോപ്പിലെ വാണിജ്യത്തെ ഈ ഭയങ്കരസംഭവം എങ്ങനെ അപകടപ്പെടുത്തും എന്നും വിശദീകരിക്കും. അങ്ങനെ ഈ നല്ല ചിന്തകൾക്കൊക്കെ ബഹിഃസ്ഫുരണം നല്കിയിട്ടു് അയാൾ സ്വന്തം ജീവിതത്തിലേക്കു തിരിയും. അതിന്റെ ആഹ്ലാദങ്ങൾ ആസ്വദിക്കും. അയാൾക്കു സംഭവിക്കാവുന്ന ഏറ്റവും ചെറിയ ദൗർഭാഗ്യംപൊലും ചൈനയ്ക്കുണ്ടായ വിപത്തിനെക്കാൾ അയാളെ അലട്ടും. പിറ്റേ ദിവസം അയാളുടെ ഒരു ചെറുവിരൽ നഷ്ടപ്പെടുമെന്നിരിക്കട്ടെ. അന്നുരാത്രി—അതായതു് വിരലു നഷ്ടപ്പെടുന്നതിന്റെ തലേദിവസത്തെ രാത്രി—അയാൾ ഉറങ്ങുകയേയില്ല. അതിനൊന്നും ഒരു കുഴപ്പവുമില്ലെങ്കിൽ കോടിക്കണക്കിനുള്ള ചൈനീസ് ജനത മരിച്ചതു് വിസ്മരിച്ചു് അയാൾ കൂർക്കംവലിച്ചു് ഉറങ്ങും.”—സത്യം സത്യമായി കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതിയല്ലേ സ്മിത്ത് ഉളവാക്കുന്നതു് ഈ ആശയങ്ങളിലൂടെ?

വത്സല
images/Boccaccio.jpg
ജോവാന്നി ബൊക്കാറ്റ്ചോ

ജീവിതത്തെ ഐറണിയോടുകൂടി (irony=വിപരീതലക്ഷണം) വീക്ഷിച്ച സാഹിത്യകാരന്മാരിൽ ജോവാന്നി ബൊക്കാറ്റ്ചോ ക്കു് സുപ്രധാനമായ സ്ഥാനമുണ്ടു്. അദ്ദേഹത്തിന്റെ ‘ഡികമറൺ’ എന്ന കഥാസമാഹാരത്തിലെ ആദ്യത്തെ കഥയായ Ser Cepperello ഈ സത്യം സ്പഷ്ടമാക്കിത്തരും. പ്രധാന കഥാപാത്രം കച്ചവടക്കാരനാണു്. ജീവിതം മുഴുവനും അന്യരെ വഞ്ചിക്കാനും പാവപ്പെട്ട സ്ത്രീകളുടെ ചാരിത്യ്രം നശിപ്പിക്കാനും വിനിയോഗിച്ചവൻ. അയാൾ മരിക്കാറായപ്പോൾ വിശുദ്ധനായ ഒരു പാതിരിയെ വിളിച്ചു് പാപനിവേദനം ചെയ്തു. പക്ഷേ, താനൊരു പുണ്യവാളനെപ്പോലെയാണെന്നു പാതിരിയെ വിശ്വസിപ്പിക്കാൻ അയാൾക്കു കഴിഞ്ഞു. മരിച്ച അയാളെ വിശുദ്ധമായ സ്ഥലത്തു് അടക്കി. പിന്നീടു് പാതിരി ആ വിശുദ്ധനെക്കുറിച്ചു് പലരോടും ആദരപൂർവം സംസാരിച്ചു. അതു വിശ്വസിച്ച ആളുകൾ ശവകുടീരത്തിലേക്കു് തീർത്ഥയാത്രകൾ നടത്തി. ഗ്രന്ഥകാരന്റെ വാക്കുകൾതന്നെ കേൾക്കുക: The fame of his saintleness, and of the veneration in which he was held, grew to such proportion that there was hardly anyone who did not pray for his assistance in time of trouble,and they called him and call him still. Saint Ciappelletto.

ഇറ്റലിയിലെ മഹാനായ ഈ സാഹിത്യകാരനു് ഇഷ്ടമായിരുന്ന ഐറണി നവീനന്മാർക്കും ഇഷ്ടംതന്നെ. വത്സലയുടെ പല കഥകളിലും ഈ വിപരീതാർത്ഥ പ്രയോഗത്തിന്റെ സാമഞ്ജസ്യം കാണാം. ദേശാഭിമാനി വിശേഷാൽ പ്രതിയിൽ അവർ എഴുതിയ ‘അമ്മയുടെ ജോലി’ എന്ന കഥയിൽ ഒരു സ്ത്രീയുടെയും അവരുടെ മകന്റെയും ദയനീയമായ ജീവിതം വത്സല കലാപരമായി ചിത്രീകരിക്കുന്നു.

images/HenryFielding.jpg
ഹെൻറി ഫീൽഡിങ്

ഹെൻറി ഫീൽഡിങ്ങി ന്റെ Joseph Andrews വായിക്കേണ്ട നോവലാണു്. ജോസഫ് ഒരിക്കൽ നടന്നുപോവുകയായിരുന്നു. രാത്രി. രണ്ടു കള്ളന്മാർ അയാളെ സമീപിച്ചു് ‘strip’ എന്നാജ്ഞാപിച്ചു. ജോസഫ് കടംവാങ്ങിയ കോട്ടും ബ്രീച്ചിസും ധരിച്ചാണു യാത്ര ചെയ്തതു്. കള്ളന്മാർ അയാളെ അടിച്ചു് അവശനാക്കി കോട്ടും കാലുറയും ഊരിയെടുത്തു് അപ്രത്യക്ഷരായി. മഞ്ഞിൽ നഗ്നനായി ഇരിക്കുകയായിരുന്നു അയാൾ. അപ്പോൾ അതുവഴി കുതിരവണ്ടിയിൽ ചില ആളുകൾ വന്നു. ‘നമുക്കു പോകാം’ എന്നു് കുതിരവണ്ടിക്കാരൻ. ഒരു സ്ത്രീ പറഞ്ഞു എന്താണു കാര്യമെന്നു് അന്വേഷിക്കാൻ. ഒരാൾ പോയി നോക്കിയിട്ടു് അറിയിച്ചു “ജനിച്ച മട്ടിൽ നഗ്നനായി ഒരുത്തൻ”. അതു കേട്ടയുടനെ ‘ഓ യേശുവേ’ എന്നു് അവൾ വിളിച്ചു. “A naked man! Dear Coachman, drive on and leave him” എന്നു് അവൾ. അയാളെ വണ്ടിയിലെടുത്തുകൊണ്ടു പോകണമെന്നു് ഒരാളുടെ അഭിപ്രായം. നഗ്നനായ ഒരുത്തനോടുകൂടി യാത്രചെയ്യാൻ സാധിക്കയില്ല എന്നു പറഞ്ഞു സ്ത്രീ ബഹളംകൂട്ടി. എങ്കിലും ജോസഫ് വണ്ടിയിലേക്കു് ആനയിക്കപ്പെട്ടു. അയാൾ നടന്നു വന്നപ്പോൾ സ്ത്രീ വിശറികൊണ്ടു കണ്ണുകൾ മറച്ചു. ശരീരം മറയ്ക്കാതെ താൻ വണ്ടിയിൽ കയറുകയില്ലെന്നു ജോസഫ് ശഠിച്ചു. വണ്ടിക്കകത്തു് ധാരാളം കോട്ടുകൾ ഉണ്ടു്. കോച്ച്മാൻ തന്നെ രണ്ടു കോട്ട് താഴെയിട്ടു് അവയുടെ പുറത്തിരിക്കുകയാണു്. പക്ഷേ, തണുത്തുവിറയ്ക്കുന്ന അയാളുടെ നഗ്നത മറയ്ക്കാൻ ആരും ഒരു കോട്ട് കൊടുക്കില്ല. (അദ്ധ്യായം 12 നോക്കുക) മനുഷ്യസ്വഭാവത്തെ ഇങ്ങനെ ഐറണിയോടു ചിത്രീകരിക്കാൻ ഫീൽഡിങ്ങും സമർത്ഥനായിരുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: ബർട്രൻഡ് റസ്സലി ന്റെ ഏതു വാക്യമാണു് നിങ്ങളെ സ്പർശിച്ചതു?

ഉത്തരം: വാക്യമല്ല, വാക്യങ്ങൾ. അവ സ്പർശിക്കുകയല്ല ഹൃദയത്തിന്റെ അടിത്തട്ടിലേക്കു കടന്നുചെല്ലുകയാണുണ്ടായതു്. കേൾക്കുക: ‘കാലം മനുഷ്യനെ പതം വന്നവനാക്കുന്നുവെന്നു ചിലർ പറയുന്നു. ഞാനതു വിശ്വസിക്കുന്നില്ല. മനുഷ്യനെ പേടിയുള്ളവനാക്കുകയാണു് കാലം. പേടി അവനു് അനുരഞ്ജകാവസ്ഥ ഉളവാക്കുന്നു. ഈ അനുരഞ്ജകാവസ്ഥകൊണ്ടാണു് അവൻ പതംവന്നവനായി മറ്റുള്ളവർക്കു തോന്നുന്നതു്. പേടി വരുമ്പോൾ സ്നേഹത്തിന്റെ ആവശ്യകത വരും; തണുത്ത ലോകത്തിന്റെ ആ ശൈത്യമകറ്റാനുള്ള മാനുഷികമായ ചൂടു്. ഞാൻ പേടിയെക്കുറിച്ചു പറഞ്ഞതു് വെറും വ്യക്തിപരമായ പേടിയെക്കുറിച്ചല്ല; മരണം, വാർദ്ധക്യത്താലുള്ള ശക്തിക്കുറവു്, നിർദ്ധനത്വം അല്ലെങ്കിൽ ഇവ പോലുള്ള ഏതെങ്കിലും ലൗകിക ദൗർഭാഗ്യം എന്നിവയെക്കുറിച്ചുള്ള പേടിയുമല്ല. ആത്മവിഷയകമായ പേടിയെക്കുറിച്ചാണു ഞാൻ കൂടുതലും വിചാരിക്കുന്നതു്. ജീവിതത്തിലെ വലിയ തിന്മകളുടെ അനുഭവത്തിലൂടെ ആത്മാവിലേക്കു കടന്നുവരുന്ന ഭയത്തെക്കുറിച്ചാണു് ഞാൻ വിചാരിക്കുക: സ്നേഹിതന്മാരുടെ വഞ്ചന, നമ്മൾ സ്നേഹിക്കുന്നവരുടെ മരണം, മനുഷ്യസ്വഭാവത്തിൽ പതുങ്ങിയിരിക്കുന്ന ക്രൂരതയുടെ കണ്ടുപിടിത്തം എന്നീ തിന്മകൾ. (റസ്സലിന്റെ ആത്മകഥ)

ചോദ്യം: അടുത്ത കാലത്തു് നിങ്ങൾ വായിച്ച ഏറ്റവും മനോഹരമായ കഥ?

ഉത്തരം: ഒ. വി. വിജയൻ ‘കലാകൗമുദി’യിലെഴുതിയ ‘കാറ്റു പറഞ്ഞ കഥ’.

ചോദ്യം: ഏറ്റവും സുന്ദരമായ കാവ്യമോ?

ഉത്തരം: സുഗതകുമാരി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മരണത്തെക്കുറിച്ചെഴുതിയ കാവ്യം. പേരു മറന്നുപോയി ഞാൻ.

ചോദ്യം: ക്ഷീണമുണ്ടോ?

ഉത്തരം: ഉണ്ടു്. പക്ഷേ, ക്ഷീണം തോന്നുമ്പോഴെല്ലാം ഞാൻ ഭഗവദ്ഗീതയെടുത്തു വായിക്കും. അതു ഉജ്ജീവനൗഷധമാണു്.

ചോദ്യം: പരിചയമുള്ളവർ, കാണാത്തമട്ടിൽ പോയാൽ നിങ്ങൾക്കു ദേഷ്യം തോന്നുമെന്നു പലരും പറയുന്നല്ലോ. ശരിയാണോ? (ചോദ്യം കിട്ടിയതു്)

ഉത്തരം: മുൻപു് തോന്നിയിരുന്നു. ഇപ്പോൾ കോപമില്ല, വല്ലായ്മയില്ല, ഒരാളിന്റെ അവഗണന നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കാനാണു്?

ചോദ്യം: നിങ്ങൾ എങ്ങനെ കഴിയുന്നു?

ഉത്തരം: കഴിച്ചു കൂട്ടുന്നു. മഹാപണ്ഡിതനായ എം. എച്ച്. ശാസ്ത്രികൾ ക്കു് ഈ പ്രയോഗത്തിനു് ഒരു അർത്ഥപ്രദർശനമുണ്ടു്. കഴിക്കുക=കുറയ്ക്കുക. പുണ്യം കുറച്ചു് പാപം കൂട്ടിക്കൊണ്ടിരിക്കുന്നു. അതു തന്നെയാണു് ഞാനും ചെയ്യുന്നതു്.

ചോദ്യം: ജ്യോത്സ്യമെഴുതുന്ന നിങ്ങളുടെ മാർഗ്ഗം ഏതു് ഹേ? (ചോദ്യം ബോംബെയിൽനിന്നു് കിട്ടിയതു്. കൈയക്ഷരം പുരുഷന്റേതു്. പേരു സ്ത്രീയുടേതു്)

ഉത്തരം: ഞാൻ കുത്തനെയുള്ള ഒരിറക്കത്തിലൂടെ നിയന്ത്രണമില്ലാതെ നടക്കുകയാണു്. ഓട്ടം എന്നു വേണമെങ്കിലും പറയാം. ആ ഇറക്കം ചെന്നുചേരുന്നതു് തിരുവനന്തപുരത്തു് തൈക്കാടു് എന്ന സ്ഥലത്തുള്ള ഒരധ്യാത്മവിദ്യാലയത്തിലാണു്. അവിടെ ചെല്ലുമ്പോൾ നടത്തം അല്ലെങ്കിൽ ഓട്ടം നില്ക്കും.

രണ്ടു കഥകൾ

വല്യമ്മാവനെക്കുറിച്ചു കുടക്കൂടെ എഴുതാറുണ്ടു്. അയാളെക്കുറിച്ചല്ല ഇപ്പോൾ പറയുന്നതു്. (വല്യമ്മാവനെ അയാളെന്നു വിളിച്ച എന്റെ മര്യാദകേടു് വായനക്കാർ ക്ഷമിക്കണം. അയാളുടെ സ്വഭാവം നോക്കിയാൽ അവനെന്നാണു് വിളിക്കേണ്ടതു്.) മറ്റൊരമ്മാവൻ ചിലപ്പോഴൊക്കെ എന്റെ വീട്ടിൽ വരും. എന്നിട്ടു് മൂന്നു മൈൽ അകലെയുള്ള പറമ്പു കിളപ്പിക്കാൻ പോകും അദ്ദേഹം. ‘നീയും വാടാ കൃഷ്ണാ’ എന്നുപറഞ്ഞു് എന്നെയും കൊണ്ടുപോകും. പറമ്പുകിളപ്പിക്കുന്നതു നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ അമ്മാവൻ ആജ്ഞാപിക്കും: “എടാ വീട്ടിൽച്ചെന്നു കുറച്ചു കഞ്ഞിവെള്ളം വാങ്ങിക്കൊണ്ടുവാ.” മൂന്നുനാഴിക വീട്ടിലേക്കും വീട്ടിൽനിന്നു മൂന്നുനാഴിക പറമ്പിലേക്കും നടന്നു് കഞ്ഞിവെള്ളം കൊണ്ടുകൊടുക്കുന്ന എന്നോടു് അമ്മാവൻ ദേഷ്യത്തോടെ പറയും: “ഛേ, എന്തോന്നെടാ കഞ്ഞിവെള്ളമോ? ചുക്കുവെള്ളമല്ലേ ഞാൻ കൊണ്ടുവരാൻ പറഞ്ഞതു് ?” ഞാൻ വീണ്ടും പോകുന്നു. ചുക്കുവെള്ളവുംകൊണ്ടു് എത്തുന്നു. അരമണിക്കൂർ കഴിയുന്നതിനുമുൻപു് വീണ്ടും ആജ്ഞ:“കൃഷ്ണാ എന്റെ ഈ നേരിയതു് വീട്ടിൽ കൊണ്ടിട്ടിട്ടു് വടിയിങ്ങു് എടുത്തോണ്ടുവാ.”

ഈ അമ്മാവനെപ്പോലെ കല്പനകൾ തുടരെത്തുടരെ നല്കുന്ന നൃശംസതയല്ല ചെറുകഥയെന്നതു്. അതു് പെരുമാറേണ്ടതു് എങ്ങനെയെന്നു നമ്മെ പഠിപ്പിക്കുന്ന ഗുരുനാഥനല്ല, അമ്മാവനുമല്ല. ജീവിതത്തെക്കുറിച്ചു് ഒരു വിഷൻ—കാഴ്ച—ഉണ്ടാക്കിത്തരുക എന്നതാണു് അതിന്റെ കൃത്യം. അതു് അനുഷ്ഠിക്കുന്നുണ്ടു് പ്രഭാകരൻ പഴശ്ശി യുടെ “പാളങ്ങളിൽ ഒരു വിലാപയാത്ര” എന്ന ചെറുകഥ (ദേശാഭിമാനി വാരിക) മരിച്ചവനോ മരിക്കാൻ പോകുന്നവനോ അല്ലെങ്കിൽ കുറേക്കാലംകൂടി ജീവിച്ചിരിക്കാൻ പോകുന്നവനോ ആയ ഒരച്ഛനെ മകന്റെ വിചാരങ്ങളിലൂടെ ചിത്രീകരിച്ചു് മരണത്തിന്റെ അനിവാര്യ സ്വഭാവത്തെ കാണിച്ചുതരികയാണു് പ്രഭാകരൻ പഴശ്ശി.

ബ്രെഹ്റ്റി ന്റെ മനോഹരമായ ഒരു കൊച്ചുകാവ്യമുണ്ടു് The Solution എന്ന പേരിൽ.

After the uprising of the 17th June

The Secretary of the Writer’s Union

Had leaflets distributed in the Stalinallee

Stating that the people

Had forfeited the confidence of the government

And could win it back only

By redoubled efforts would it not be easier

In that case for the government

To dissolve the people

And elect another?

(Poem 1913–1956, Radhakrishna Publications, Pages 440. Rs. 110/-)

നാട്ടിൽ ബഹളമുണ്ടായപ്പോൾ ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം പോയിയെന്നു് കാണിച്ചു് റൈറ്റേഴ്സ് യൂണിയന്റെ സെക്രട്ടറി ലഘുലേഖകൾ വിതരണം ചെയ്തു. നന്നായി ശ്രമിച്ചാലേ ആ വിശ്വാസം നേടാൻ പറ്റൂ. ബ്രഹറ്റ് അതറിഞ്ഞു ചോദിക്കുകയാണു്: “സർക്കാരിനു് ആളുകളെ പിരിച്ചുവിട്ടിട്ടു് പുതിയ ജനങ്ങളെ തിരഞ്ഞെടുക്കുന്നതല്ലേ എളുപ്പമായതു്?”

ബേബി ജോർജ്, രാക്കാടു് ജനയുഗം വാരികയിലെഴുതിയ ‘വിശ്രമകേന്ദ്രത്തിൽ വന്ന യുവതികൾ’ എന്ന ചെറുകഥ വായിച്ചപ്പോൾ ഞാൻ ബ്രെഹ്റ്റിന്റെ കാവ്യം ഓർമ്മിച്ചുപോയി. സമ്പന്നനായ യുവാവു് ഓരോ തവണയും ഓരോ സുന്ദരിയെ വിശ്രമകേന്ദ്രത്തിൽ കൊണ്ടുവരുന്നു. അവളുമായി രാത്രി കഴിഞ്ഞുകൂടുന്നു. അയാൾക്കു വേണ്ട ഒത്താശകൾ കേന്ദ്രത്തിലെ വൃദ്ധൻ ചെയ്തുകൊടുക്കുന്നു. ഒരു ദിവസം ചെറുപ്പക്കാരൻ അവിടെ എത്തിയതു് വൃദ്ധന്റെ മകളുമായിട്ടാണു്. അയാൾ ആ വ്യഭിചാരിയെ വെടിവച്ചു കൊല്ലുന്നു. ജീവിതത്തോടു് ഒരു ബന്ധവുമില്ലാത്ത ഇത്തരം അധമങ്ങളായ കഥകൾ വായനക്കാരെ അടിച്ചേല്പിക്കുന്നതിനെക്കാൾ നല്ലതു് കഥാകാരൻ അവരെ അങ്ങു വെടിവച്ചു കൊല്ലുകയാണു്.

സമരേശ് ബോസ്
images/SamareshBasuPic.jpg
സമരേശ് ബോസ്

ഷെല്ലി ഗുരുവായിക്കരുതിയ ഗോഡ്വിൻ മനുഷ്യന്റെ പ്രവർത്തനങ്ങളെ ഉപകാരപ്രദങ്ങളെന്നും ഉപദ്രവകരങ്ങളെന്നും വിഭജിച്ചിട്ടുണ്ടു്. കരുതിക്കൂട്ടി ഉപകാരപ്രദങ്ങളായവരെ സൃഷ്ടിക്കുമ്പോൾ ജനിക്കുന്നതു് നന്മ. കരുതിക്കൂട്ടി ഉപദ്രവമുണ്ടാക്കുമ്പോൾ ഉളവാകുന്നതു് തിന്മ. മനഃപൂർവമല്ലാതെ തിന്മയുണ്ടാക്കുമ്പോൾ അതിനെ ഉപേക്ഷയെന്നോ അശ്രദ്ധയെന്നോ വിളിക്കാം. കരുതിക്കൂട്ടി ഉപദ്രവമുണ്ടാക്കി തിന്മ സൃഷ്ടിക്കുന്നതിൽ തൽപരരാണു് ഭാരതത്തിലെ ഇന്നത്തെ ജനങ്ങൾ. അതു തിന്മയാണെന്നും അതൊഴിവാക്കിയില്ലെങ്കിൽ നാടു നശിക്കുമെന്നും ഉദ്ബോധിപ്പിക്കുന്ന ചില സാഹിത്യകാരന്മാർ നമുക്കുണ്ടു്. അവരിൽ പ്രധാനൻ സമരേശ് ബോസാ ണു്. അദ്ദേഹത്തിന്റെ ഒരു നല്ല കഥ മലയാളത്തിലേക്കാക്കി സത്യാർത്ഥി ജനയുഗം വിശേഷാൽപ്രതിയിൽ പരസ്യപ്പെടുത്തിയിരിക്കുന്നു. ഹിന്ദു–മുസ്ലീം ലഹള നടക്കുമ്പോൾ ഒരു ഹിന്ദുവും ഒരു മുസ്ലിമും സൗഹൃദബന്ധം സ്ഥാപിക്കുന്നതും ഹിന്ദുവിന്റെ ജീവനു് ഉറപ്പുവരുത്തിയിട്ടു മുസ്ലിം പോകുമ്പോൾ അയാൾ (മുസ്ലീം) പൊലീസിന്റെ വെടിയേറ്റു് മരിക്കുന്നതിന്റേയും ചിത്രം സമരേശ്ബോസ് വിദഗ്ദ്ധമായി വരച്ചിട്ടുണ്ടു് ഇക്കഥയിൽ. സമരേശ് ബോസ് പ്രതിഭാശാലിയാണെന്നു നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ആയിരിക്കാം. പക്ഷേ, ഈ വിഷയംതന്നെ ലളിതാംബികാ അന്തർജ്ജനം കഥയായി ആവിഷ്കരിച്ചിട്ടുണ്ടു്. മാപ്പിള ലഹളക്കാലത്തു് ഒരു മുസ്ലിം ഒരു നമ്പൂതിരിയെ രക്ഷിക്കുന്ന കഥ. അതിന്റെ അടുത്തെങ്ങും സമരേശ് ബോസിന്റെ കഥ വരില്ല.

ഇരുപതു വയസ്സുള്ളപ്പോൾ സുന്ദരനല്ലാത്തവൻ, മുപ്പതു വയസ്സിൽ ശക്തനല്ലാത്തവൻ, നാല്പതു വയസ്സിൽ സമ്പന്നനല്ലാത്തവൻ, അമ്പതു വയസ്സിൽ ജ്ഞാനിയല്ലാത്തവൻ ഒരിക്കലും സുന്ദരനാവുകയില്ല, ശക്തനാവുകയില്ല, സമ്പന്നനാവുകയില്ല, ജ്ഞാനിയാവുകയില്ല എന്നു് കവി ജോർജ്ജ് ഹെർബർട്ട് പറഞ്ഞു. ചങ്ങമ്പുഴ യ്ക്കു് ഇരുപതുവയസ്സുണ്ടായിരുന്നപ്പോൾ അദ്ദേഹം അത്രയ്ക്കു സുന്ദരനൊന്നുമല്ലായിരുന്നു. പില്ക്കാലത്താണു് അദ്ദേഹത്തിനു് ആകൃതി സൗഭഗമുണ്ടായതു്. എൻ. കൃഷ്ണപിള്ള യ്ക്കു് മുപ്പതുവയസ്സായിരുന്ന കാലത്തു് അദ്ദേഹം പി. കെ. വിക്രമൻനായരുടെ കൂടെ എന്റെ വീട്ടിൽ വന്നിട്ടുണ്ടു്. ദുർബ്ബലനായിരുന്നു കൃഷ്ണപിള്ള. പിന്നീടു് അദ്ദേഹം ശാന്തനായി. നാല്പതു വയസ്സുള്ളപ്പോൾ, എന്റെ കൈയിൽനിന്നു് അഞ്ചുരൂപ കടംമേടിച്ച ഒരാൾ ഇന്നു കോടീശ്വരനാണു് (പേരു പറയുന്നതു ശരിയല്ല). അമ്പതു വയസ്സുള്ളപ്പോൾ ഒന്നുമറിഞ്ഞുകൂടെന്നു് വിദ്യാർത്ഥികളായ ഞങ്ങൾ കരുതിയ ഒരാൾ പെൻഷൻ പറ്റാറായപ്പോൾ ജ്ഞാനിയായി. ഇന്നു് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എം. എ. ക്ലാസിലെ കുട്ടികൾ പഠിക്കുന്നു. ഹെർബർട്ടിന്റെ സാമാന്യവൽക്കരണം തെറ്റു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-09-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.