
കുട്ടിക്കാലം. ഞാൻ വാരാപ്പുഴക്കായലിന്റെ കരയിൽനിന്നു് തടാകത്തിൽ കളിവള്ളമൊഴുക്കുകയായിരുന്നു. ആ കടലാസ്സു വഞ്ചിയിൽ ഞാൻ തൊട്ടാവാടിപ്പൂക്കൾ നിറച്ചിരുന്നു. വള്ളം മെല്ലെ നീങ്ങുമ്പോൾ അതിന്റെ തൊട്ടടുത്തു് സ്വർണ്ണപ്രഭ. കൗതുകത്തോടെ ഞാൻ നോക്കിയപ്പോൾ കണ്ടതു് ഒരു കൊച്ചു സ്വർണ്ണമത്സ്യത്തെയാണു്. കമ്പുവല നാട്ടി കായലിലെ കരിമീനൊക്കെ പിടിച്ചെടുക്കുന്ന ഒരു വൃദ്ധന്റെ സുന്ദരിയായ മകൾ—വിളവഞ്ചി എന്നാണു് ഞങ്ങൾ ആ യുവതിയെ വിളിച്ചിരുന്നതു്—കമ്പിന്റെ അറ്റത്തു കെട്ടിയ കൊച്ചുവലയുമായി തെല്ലകലെ നില്ക്കുകയായിരുന്നു. ഞാൻ അവരെ വിളിച്ചു സ്വർണ്ണമീനിനെ കാണിച്ചുകൊടുത്തു. അതിവിദഗ്ദ്ധയായ ആ ചെറുപ്പക്കാരി ഒരു നിമിഷം കൊണ്ടു് ആ മത്സ്യത്തെ വലയിൽ പിടിച്ചെടുത്തു. കരയിലിട്ട ആ മീൻ കുറെനേരം പിടച്ചു. പിടച്ചമീൻ കാഴ്ചയ്ക്കു സുന്ദരമായിരുന്നെങ്കിലും കായലിലെ വെള്ളത്തിൽ പതുക്കെ നീങ്ങിയപ്പോൾ ഉണ്ടായിരുന്ന സൗന്ദര്യം അതിനപ്പോൾ ഇല്ലായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒ. എൻ. വി. എഴുതിയ ‘ഹേ, ശ്യാമ സൂര്യ!’ എന്ന മനോഹരമായ കാവ്യം വായിച്ച ഞാൻ പെട്ടെന്നു് ഓർമ്മിച്ചതു് ഈ പൂർവകാല സംഭവമാണു്. സ്വർണ്ണമത്സ്യങ്ങളാണു് ഇതിലെ ആശയങ്ങൾ. അവ ലയത്തിന്റെ സ്ഫടികതുല്യമായ ജലത്തിൽകിടന്നു മെല്ലെ ചലനം കൊള്ളുമ്പോൾ എന്തെന്നില്ലാത്ത സൗന്ദര്യം. അവയെ ഗദ്യത്തിന്റെ കരയിലേക്കു പിടിച്ചിടൂ. സൗന്ദര്യത്തിനു കുറവില്ല എങ്കിലും സ്വർണ്ണമത്സ്യത്തിനു സ്ഥാനം ജലമാണു്. അവിടെ അതു ചലനം കൊള്ളുന്നതു നോക്കൂ:
നാഭിയിൽ സ്വർണ്ണം വിളയുന്നൊരീശ്വേത-
നാഗരികതായക്ഷി പല്ലിറുമ്മുന്നു.
ഇവിടെ വെള്ളിടി വെട്ടി നിന്ന നിരാർദ്രമാം
ധവള മുകിൽനിര തീർത്ത മറകളഴിയുന്നു.
ഇളയുടെ വെളിച്ചമായ്, മാറിലെച്ചൂടായു
മിനിവരിക ഹേ ശ്യാമസൂര്യ!
ലയവും ആശയവും ഒരുമിച്ചു ചേരുമ്പോഴുണ്ടാകുന്ന ശോഭയാണു് ഇവിടെ പ്രാധാന്യമർഹിക്കുന്നതു്. ഇതു് ഈ കാവ്യത്തിനു മാത്രമല്ല, എല്ലാക്കാവ്യങ്ങൾക്കും ചേരുന്ന സാരസ്വത രഹസ്യമത്രേ.

ഈ ശ്യാമസുന്ദരൻ നെൽസൺ മൻഡേല യാണെന്നു് ഞാനെന്തിനു് എടുത്തുപറയണം? ഇരുപത്തേഴുവർഷം മുൻപു് അദ്ദേഹത്തെ തടവറയിലാക്കിയ വെള്ളക്കാർ വിചാരിച്ചതു് അദ്ദേഹം പ്രതിനിധാനം ചെയ്ത ആഫ്രിക്കൻ നേഷനൽ കോൺഗ്രസ്സിന്റെ സാർത്ഥകതയെ നശിപ്പിക്കണമെന്നാണു്. മഹാനായ ആ നേതാവിന്റെ ആത്മവീര്യം കെടുത്തിക്കളയാമെന്നാണു്. പക്ഷേ, സാർത്ഥകത വർദ്ധിച്ചതേയുള്ളു, ആത്മവീര്യം പൂർവാധികം ജ്വലിച്ചതേയുള്ളു. ഈ വർദ്ധനയെയും ജ്വലനത്തെയും അഭിവ്യഞ്ജിപ്പിച്ചു് ഉദാത്തമായ കാവ്യം രചിച്ചിരിക്കുകയാണു് നമ്മുടെ കവി. മാത്രമല്ല, ആഫ്രിക്കയുടെ ആത്മാവു് ഭാരതത്തിന്റെ ആത്മാവുതന്നെയാണെന്നു് അദ്ദേഹം സ്പഷ്ടമാക്കുകയും ചെയ്യുന്നു. അതിനുവേണ്ടിയാണു് കവി മഹാത്മാഗാന്ധി യുടെ വിശിഷ്ടസേവനത്തെ മൻഡേലയുമായി, ആഫ്രിക്കയുമായി കൂട്ടിയിണക്കുന്നതു്. ഉചിതജ്ഞതയാർന്ന യത്നം.
ശത്രു നമ്മുടെ രാജ്യം ആക്രമിക്കുമ്പോൾ കൈകൾ തോക്കെടുത്തില്ലെങ്കിൽ ആ കൈകൾ കൊണ്ടെന്തു പ്രയോജനം? സ്നേഹാധിക്യത്താൽ പേരക്കുട്ടി മുത്തച്ഛന്റെ ശരീരത്തിലേക്കു ചായുമ്പോൾ അതിനു വഴങ്ങിക്കൊടുത്തില്ലെങ്കിൽ ആ ശരീരം കൊണ്ടു് എന്തു പ്രയോജനം? കാറ്റടിക്കുമ്പോൾ നെയ്ത്തിരി ദീപം ചാഞ്ഞും ചരിഞ്ഞും നിന്നു് സ്വന്തം അസ്തിത്വം നിലനിറുത്തിയില്ലെങ്കിൽ അതിന്റെ താൽക്കാലിക ജീവിതംകൊണ്ടു് എന്തു പ്രയോജനം? കാമിനിയുടെ സൗന്ദര്യം കാമുകൻ കണ്ണുകൾകൊണ്ടു് നുകർന്നില്ലെങ്കിൽ ആ കണ്ണുകൾകൊണ്ടു് എന്തു പ്രയോജനം? മനോഹരമായ ഗാനമുയരുമ്പോൾ നർത്തകിയുടെ ചിലങ്കകൾ നാദമുയർത്തിയില്ലെങ്കിൽ ആ ചിലങ്കകൾകൊണ്ടു് എന്തു പ്രയോജനം? ഇരുപത്തിയേഴുവർഷം തടവറയിലെ മലിനമായ വായു ശ്വസിച്ചും അതിനെക്കാൾ മലിനമായ ഭക്ഷണം കഴിച്ചും കിടന്ന മൻഡേല സ്വതന്ത്രനാകുമ്പോൾ ആഫ്രിക്കൻ ജനതയോടൊപ്പം നമ്മളും ആഹ്ലാദിച്ചില്ലെങ്കിൽ നമ്മുടെ ജീവിതം കൊണ്ടെന്തു പ്രയോജനം? കവി ഒ. എൻ. വി. ആഹ്ലാദിക്കുന്നു. ആ ആഹ്ലാദം അദ്ദേഹം നമുക്കുവേണ്ടി രൂപശില്പത്തികവോടെ, ഭാവാത്മകതയോടെ ആവിഷ്കരിക്കുന്നു.

ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറംചട്ടകളിൽ അച്ചടിച്ചുവരുന്ന സ്തുതിവചനങ്ങൾ ആ പുസ്തകങ്ങൾ വാങ്ങാനോ വായിക്കാനോ എന്നെ പ്രേരിപ്പിക്കാറില്ലെങ്കിലും ആ ഗുണവർണ്ണനങ്ങൾ ആന്തണി ബർജിസ് (Burgess) മാൽകം ബ്രഡ്ബറി ഇവരിൽ നിന്നുണ്ടാകുമ്പോൾ ഞാനവ വിശ്വസിക്കാറുണ്ടു്. എന്തു വിലകൊടുത്തും ഞാൻ ആ പുസ്തകങ്ങൾ വാങ്ങിവായിക്കാറുണ്ടു്. അങ്ങനെ അടുത്തകാലത്തു് ഏതാണ്ടു് നൂറ്റിനാല്പതു രൂപ കൊടുത്തു ഞാൻ മേടിച്ചു് പ്രയാസപ്പെട്ടു വായിച്ച നോവലാണു് ഗ്രേയുടെ (Alasdair Gray) ‘Lanark— A Life in 4 Books’ എന്നതു്. (പലഡിൻ പ്രസാധനം) Marvellously inventive novel has atlast come out of Scotland… it was time Scotland produced a shattering work of fiction in the modern idiom. This is it. എന്നു ബർജിസ്സും, ശ്ലാഘിച്ചതു കൊണ്ടാണു് ഞാൻ ഇതിനായി എന്റെ പണം വ്യർത്ഥവ്യയം ചെയ്തതു്. അൺതാങ്ക് എന്നൊരു സാങ്കല്പികനഗരത്തിൽ ലനർക് എന്നൊരു പൗരൻ താമസിക്കുനു. അയാൾക്കു തൊലിപ്പുറത്തു രോഗമുണ്ടു്. പൗരന്മാർക്കു വിചിത്രങ്ങളായ രോഗങ്ങൾ വരുന്നു. അവർ ഞണ്ടുകളായി, കുളയട്ടകളായി, രാക്ഷസന്മാരായി മാറുന്നു. ലനർക്കിന്റെ സംശയം താൻ പൂർവ്വജന്മത്തിൽ വേറെയേതോ ജീവിയായിരുന്നു എന്നാണു്. ഒരു വെളിപാടു സ്ഥലത്തു് (Oracle) ചെന്നു് അയാൾ അന്വേഷിച്ചു നോക്കിയപ്പോൾ ഡങ്കൻ തൊ (Duncan Thaw) എന്നൊരു യുവാവിന്റെ ജീവിതം കാഴ്ചയെന്ന മട്ടിൽ അയാൾക്കു കിട്ടുന്നു. തൊയുടെ മരണത്തിനുശേഷം അയാൾ അൺതാങ്ക് നഗരത്തിൽ വീണ്ടും ജനിച്ചു് ഭൂതകാല ജീവിതം പുനരാവിഷ്കരിക്കുന്നു. ലനർക് ഒരു യാത്ര നടത്തുന്നു. വളരെ വിചിത്രമായ ഒരു പട്ടണത്തിലാണു് അയാളെത്തുക. ഒരു രൂപം വന്നു് അയാളോടു പറയുന്നു: ‘ഉച്ച കഴിഞ്ഞു് ഏഴു മിനിറ്റാകുമ്പോൾ നിങ്ങൾ മരിക്കും.’ വീതി കുറഞ്ഞ ഇടനാഴിയിൽ ഒരമ്മയുടെ വീഴ്ചപോലെ, തന്റെ തോളിൽ പൊലീസുകാരന്റെ കൈയുടെ പതനംപോലെ അയാൾ ജീവിതത്തിലെപ്പോഴും ഇതു് അറിഞ്ഞിരുന്നു. അല്ലെങ്കിൽ പ്രതീക്ഷിച്ചിരുന്നു. പേടിച്ച ജനക്കൂട്ടത്തിന്റെ ഗർജ്ജനംപോലെ ഒരു ശബ്ദം അയാളുടെ കാതിൽ നിറഞ്ഞു. അയാൾ മന്ത്രിച്ചു:
“മരണം സവിശേഷാവകാശമല്ല.”
“എപ്പോൾ മരിക്കുമെന്നു് അറിയുന്നതു അവകാശമാണു്.”
“പക്ഷേ, ഞാൻ… അനേകം മരണങ്ങളിൽക്കൂടി കടന്നുപോയതായി ഞാൻ ഓർമ്മിക്കുന്നു.”
“അവയെല്ലാം അഭിനയ പരിശീലനങ്ങൾ മാത്രം. അടുത്ത മരണത്തിനുശേഷം വ്യക്തിപരമായി നിങ്ങളുടെ ഒന്നും അവശേഷിക്കില്ല.”
കാഫ്കാ യുടെ നോവലുകളുടെ ഒരു ദുർബ്ബലാനുകരണമാണു് ഈ കൃതി. കാഫ്കാ നോവലുകൾ വായിക്കുമ്പോൾ നമ്മൾ സന്ത്രാസത്തിനു വിധേയരാവുന്നു. ഇവിടെ ആ അനുഭൂതിയില്ല. വാചികമായ ഉജ്ജ്വലതയാണു് ഇതിന്റെ സവിശേഷത. അതു് ബുദ്ധിക്കു തൃപ്തിനല്കും. ഹൃദയത്തെ സ്പർശിക്കുകയില്ല. “Diseases identify people more accurately than variable factors like height, weight and hair colour”. “He has a terrifying laugh, like the bark of an asthmatic sea lion and produces it unexpectedly for no reason at all”. ‘Metaphor is one of thought’s most essential tools. It illuminates what would otherwise be totally obscure. But the illumination is sametimes so bright that it dazzles instead of revealing തുടങ്ങിയ വാച്യശോഭകൾ എവിടെയുമുണ്ടു്. പക്ഷേ, ജീവിതത്തോടു ബന്ധമില്ലാത്ത ഈ verbal brilliance കൊണ്ടു് എന്തു പ്രയോജനം? ഡാന്റേ, ജോയ്സ്, ഓർവെൽ, അൽഡസ് ഹക്സിലി, ഹിയാറോനിമസ് ബൊസ് (Hieronymus Bosch—ചിത്രകാരൻ) ഇവർക്കു സദൃശനാണത്രേ ഈ സ്കോട്ടിഷ് നോവലിസ്റ്റ് ഗ്രേ, ആവോ! എനിക്കു തോന്നുന്നതേ ഞാൻ എഴുതു. ബ്രഡ്ബറിയും ബർജിസ്സും ഇനി എന്തെഴുതിയാലും ഞാൻ വിശ്വസിക്കില്ലതാനും.
ഗ്രേയുടെ നോവലിൽ മൂന്നു തരത്തിലുള്ള സാഹിത്യമോഷണങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്.
- Block Plagiarism—മറ്റൊരുത്തന്റെ കൃതിയെ വ്യക്തമായ മുദ്രണ ഏകകമായി (typographical unit) അച്ചടിക്കുന്നതു്.
- Imbedded Plagiarism—മോഷ്ടിച്ച വാക്കുകളെ ആഖ്യാനത്തിനകത്തു ഒളിച്ചുവയ്ക്കുന്നതു്.
- Diffuse Plagiarism—പ്രകൃതിദൃശ്യങ്ങൾ, കഥാപാത്രങ്ങൾ, ക്രിയാംശങ്ങൾ, നൂതനാശയങ്ങൾ ഇവയെ മൂലകൃതിയിലെ വാക്കുകൾ ഉപയോഗിക്കാതെ സ്വന്തം കൃതിയിൽ ചേർക്കുന്നതു്. കേരളത്തിലെ എഴുത്തുകാർ മൂന്നു മോഷണങ്ങളിലും കൃതഹസ്തരാണു്.
ചോദ്യം: ഋജുതയോടെ എഴുതുന്നവൻ വക്രഗതിക്കാരനായിരിക്കുമോ? (ചോദ്യം സ്വന്തം)
ഉത്തരം: ഋജുതയുള്ള മനസ്സിൽനിന്നു് ഋജുതയാർന്ന രചനയേയുണ്ടാകൂ. ‘രാമായണ’വും ‘മഹാഭാരത’വും നോക്കുക. മഹർഷിമാരുടെ മനസ്സിൽനിന്നേ അത്തരം കാവ്യങ്ങൾ ഉണ്ടാകൂ.
ചോദ്യം: ടെലിവിഷൻ ദോഷം ചെയ്യുമോ? (സ്വന്തം ചോദ്യം)
ഉത്തരം: മിക്ക വീടുകളിലും മിടുക്കന്മാരായിരുന്ന കുട്ടികൾ ടെലിവിഷൻ വന്നതിനുശേഷം ഒട്ടും പഠിക്കാത്ത മണ്ടന്മാരായിപ്പോയിട്ടുണ്ടു്. നൂറിൽ തൊണ്ണൂറുമാർക്ക് വാങ്ങിക്കൊണ്ടിരുന്ന എന്റെ ബന്ധുവായ ഒരു കുട്ടി ഇപ്പോൾ ഇരുപതു മാർക്കാണു് വാങ്ങുന്നതു്. അച്ഛനമ്മമാർ ഉപദേശിച്ചാലും കുട്ടികൾ കേൾക്കില്ല. ടെലിവിഷനിലെ സെക്സിന്റെ അതിപ്രസരം പല കുട്ടികളേയും ചീത്തയാക്കിക്കഴിഞ്ഞു.
ചോദ്യം: ദുഃഖിക്കുമ്പോൾ ആശ്വാസമരുളുന്നതു് ആർ?
ഉത്തരം: ഭാര്യ മാത്രം.
ചോദ്യം: വസ്ത്രം, ആഭരണം ഇവ കൊണ്ടു ശരീരം മോടിപിടിപ്പിക്കാതെ നടക്കുന്ന യുവതിയെ യുവാവു് ബഹുമാനിക്കുമോ?
ഉത്തരം: സ്വന്തം ഭാര്യയൊഴിച്ചു മറ്റു സ്ത്രീകൾ മോടിയായി നടക്കുന്നതു പുരുഷൻ ഇഷ്ടമാണു്. ഭാര്യ ഒരുങ്ങുന്നതു ഭർത്താവിനു് ഇഷ്ടമില്ല.
ചോദ്യം: നിങ്ങളുടെ ഈ പംക്തി എപ്പോഴെങ്കിലും നിങ്ങളെത്തന്നെ വേദനിപ്പിച്ചിട്ടുണ്ടൊ?
ഉത്തരം: പ്രഗല്ഭന്മാർ ഇതിലെ തെറ്റു ചൂണ്ടിക്കാണിക്കുമ്പോൾ എനിക്കു വേദന തോന്നാറുണ്ടു്. അപ്രഗല്ഭന്മാർ തെറ്റല്ലാത്തതു തെറ്റാണെന്നു പറയുമ്പോൾ എനിക്കു പുച്ഛമേയുള്ളൂ.
ചോദ്യം: എഴുത്തയയ്ക്കുന്നവർ പാലിക്കേണ്ട സാമാന്യമര്യാദകൾ എവ? (ചോദ്യം സ്വന്തം)
ഉത്തരം: കഴിയുന്നിടത്തോളം ഹ്രസ്വമായി എഴുതണം. കവർ ഒട്ടിക്കുമ്പോൾ അതിലെ പശ എഴുത്തിൽ പറ്റാതെയിരിക്കാൻ ശ്രദ്ധിക്കണം. എഴുത്തു കീറാതെ എടുക്കത്തക്കവിധത്തിൽ അതു മടക്കി കൂട്ടിനകത്തിടണം. ഗൾഫ് രാജ്യങ്ങളിൽനിന്നു് എനിക്കു കിട്ടുന്ന എല്ലാ എഴുത്തുകളും കവർ നിറഞ്ഞിരിക്കും. അകത്തെ കടലാസ്സ് കീറാതെ കവർ പൊട്ടിക്കാനൊക്കുകയേയില്ല.
ചോദ്യം: ടെലിവിഷന്റെ പരമാധികാരിയായി നിങ്ങളെ നിയമിച്ചാൽ എന്തു ചെയ്യും?
ഉത്തരം: ആളിനെ കാണിക്കാതെ ശബ്ദം മാത്രം കേൾപ്പിക്കുന്ന ഏർപ്പാടു നിറുത്തും. അസഹനീയമാണു് ശബ്ദം മാത്രം കേൾപ്പിക്കുന്നതു്.
ചോദ്യം: പിശുക്കന്മാരെക്കുറിച്ചു് നിങ്ങളുടെ മനോഭാവമെന്തു് ?
ഉത്തരം: പുച്ഛം. അവർ സമ്പാദിച്ചുവയ്ക്കുന്നതൊക്കെ അവരുടെ സഹധർമ്മിണികൾ രഹസ്യമായി എടുത്തു് മരുമക്കൾക്കു കുടിക്കാനായി പെൺമക്കൾക്കു കൊടുക്കും. അവരൊട്ടു് അതറിയുകയുമില്ല. പക്ഷേ, കിട്ടുന്നതെല്ലാം ഉടനെ ചെലവാക്കിക്കളയുന്ന എന്നോടു് എനിക്കു തോന്നുന്ന പുച്ഛത്തെക്കാൾ വലുതല്ല പിശുക്കന്മാരോടു എനിക്കുള്ള പുച്ഛം. ‘മൈസർ’ (പിശുക്കൻ) ‘സ്പെൻഡ് ത്രിഫ്റ്റ്’(ദീപാളിക്കാരൻ) ഇവരിൽ ഭേദം മൈസറാണു്.
ചോദ്യം: ഉഷ്ണിച്ചു വിയർത്തൊഴുകി വളരെ നേരമിരിക്കണമെങ്കിൽ എവിടെപ്പോകണം. (ചോദ്യം സ്വന്തം)
ഉത്തരം: ഡോക്ടറെ കാണാനായി അദ്ദേഹത്തിന്റെ ഭവനത്തിലെ വരാന്തയിൽ ഇരുന്നാൽ മതി. പല ഡോക്ടർമാരും വരാന്തയിൽ അല്ലെങ്കിൽ വെയിറ്റിങ് റൂമിൽ ഫാൻ ഘടിപ്പിച്ചിരിക്കില്ല.
ചോദ്യം: ദുഷ്ടന്മാരും തെമ്മാടികളും അവരുടെ ദുഷ്ടതയും തെമ്മാടിത്തവും അറിയാത്തതെന്തു്?
ഉത്തരം: പൊട്ടാസ്യം സൈനയിഡിനു് അറിയാമോ അതു വിഷമാണെന്നു്. ഉപ്പിനു് അറിയാമോ അതിനു ക്ഷാരത്വമുണ്ടെന്നു്.
ചോദ്യം: അച്ഛൻ മക്കളെ കൈയ്ക്കു പിടിച്ചു കല്യാണമണ്ഢപത്തിൽ കൊണ്ടുവരുന്നതെന്തിനു്?
ഉത്തരം: പാവം കൊണ്ടുവരട്ടെ. അതാണു് അയാളുടെ അവസാനത്തെ അധികാരം കാണിക്കൽ.

ജീവിതം പട്ടുമെത്തയൊരുക്കി അതിൽ പനിനീർപ്പൂക്കളുടെ ഇതളുകൾ വിതറി നിങ്ങളെ കിടത്തി. കൂടെക്കിടന്നു് ചുവന്ന ചുണ്ടുകൾകൊണ്ടു് കവിളിൽ സ്പർശിച്ചു് ‘സുഖമാണോ’ എന്നു ചോദിക്കുമ്പോൾ സുഖമാണു്, സുഖമാണു് എന്നു മറുപടി പറയാറില്ലേ? ശയനീയത്തിന്റെ തലയ്ക്കൽ ഇരിക്കുന്ന സ്വർണ്ണദീപത്തിന്റെ തിരിയൊന്നു നീട്ടാനായി അവൾ എഴുന്നേല്ക്കുമ്പോൾ അവളുടെ ഭംഗികണ്ടു് നിങ്ങൾ പുളകംകൊള്ളാറില്ലേ? തിരിനീട്ടിയിട്ടു അവൾ വീണ്ടും ശയനീയത്തെ സമീപിക്കുമ്പോൾ നിങ്ങൾ കൈകൾ വിടർത്തി അവളെ ആലിംഗനം ചെയ്തു സ്വീകരിക്കാൻ യത്നിക്കാറില്ലേ? അപ്പോൾ, ചില്ലയിൽനിന്നു പൂ അടർത്തിയെടുക്കാൻ ശ്രമിക്കുമ്പോൾ ആ ചില്ല അല്പമൊന്നു് അകന്നിട്ട്[1] നിങ്ങളുടെ കൈകളിൽ വന്നമരുന്നതുപോലെ അവൾ തെല്ലു പിറകോട്ടു മാറിയിട്ടു ആ കൈകളിൽത്തന്നെ അമരാറില്ലേ?
[1] ചില്ല പിറകോട്ടുപോയിട്ടു മുന്നോട്ടു വരുന്ന ഈ ആശയം യുഗോ യുടെ ‘പാവങ്ങൾ’ എന്ന നോവലിലുള്ളതാണു്.
ഇതൊക്കെ സ്വപ്നം. കിനാവാണെങ്കിൽ എന്താണു് യാഥാർത്ഥ്യം? ജീവിതത്തെസ്സംബന്ധിച്ച ആ യാഥാർത്ഥ്യമെന്തെന്നു് അറിയണമെങ്കിൽ എം. മുകുന്ദൻ കലാകൗമുദിയിലെഴുതിയ‘ചിന്താമഗ്നയായ കുഞ്ഞാപ്പു’ എന്ന ചെറുകഥ വായിക്കണം. ചെറുപ്പത്തിൽ അയാൾ ലൈംഗികത്വത്തിന്റെ തടവറയിൽ. മോചനത്തിനുവേണ്ടിയുള്ള സന്ദർഭവും അയാൾ പാഴാക്കിക്കളയുന്നു. അധികാരിയുടെ സഹധർമ്മിണിക്കുള്ള മെയ്യഴകു് അയാളെ ഉന്മാദത്തിലേക്കു് എറിയുന്നു. പക്ഷേ, അവൾ ഏതിനും സന്നദ്ധയായിട്ടും ഭീരുത്വംകൊണ്ടു് അഭിലാഷത്തിനു സാഫല്യം വരുത്തുന്നില്ല അയാൾ.
കാലം കഴിഞ്ഞപ്പോൾ അയാൾക്കു കിട്ടിയതു വൈരസ്യത്തിന്റെ മൂർത്തിമദ്ഭാവമായ ഒരുത്തിയെ. അവരുടെ കുഞ്ഞുങ്ങളെല്ലാം പാഴായിപ്പോയി. അവശേഷിക്കുന്നതു് നൈരാശ്യവും വിഷാദവും മാത്രം. ഇതാണു് യാഥാർത്ഥ്യം. ആദ്യം പറഞ്ഞതു് കിനാവും. ഈ യാഥാർത്ഥ്യത്തെ മുകുന്ദൻ തന്റേതായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.
ഒരിക്കൽ ഒരു പൂന്തോട്ടത്തിലൂടെ ഞാൻ കാറിൽ നീങ്ങുകയായിരുന്നു. കാറോടിച്ചതു സുന്ദരിയായ തരുണി. ഉദ്യാനത്തിലെ റോസാപ്പൂക്കൾ കാറിന്റെ ഒരുവശത്തൂടെ എന്നെ തഴുകി. പൂന്തോട്ടം കടന്നു ഭവനത്തിന്റെ മുൻപിൽ വാഹനം ചെന്നു നിന്നിട്ടും എന്റെ ശരീരമാകെ പരിമളം. ജീവിതം ഇതുപോലെയാക്കണമെന്നാണു് നമ്മളുടെയെല്ലാം ആഗ്രഹം. പക്ഷേ, ആശയ്ക്കു സാഫല്യമില്ല. ചുട്ടു പഴുത്ത മണലിലൂടെ നടക്കാനാണു് വിധി.
സോവിയറ്റ് റഷ്യ, ചൈന ഈ രാജ്യങ്ങളിൽ നിന്നു പ്രസാധനം ചെയ്യുന്ന വാരികകളും മാസികകളും ഞാൻ കാണാറുണ്ടു്. എല്ലാം ആകർഷകങ്ങളാണു്. ചൈനീസ് ലിറ്റ്റച്ചർ, സ്പുട്നിക് (മോസ്കോ പ്രസാധനം) ഇവ നോക്കൂ. ആർട്ട് പേപ്പറിൽ മുദ്രണം. കവർ പെയ്ജുകൾ അതിസുന്ദരം. കമ്മ്യൂണിസം നിലവിലിരിക്കുന്ന രാജ്യങ്ങളിലും സൗന്ദര്യത്തിനാണു് പ്രാധാന്യം. ഈ സൗന്ദര്യത്തിലൂടെയുള്ള ആശയപ്രചാരണത്തിലാണു് അവർക്കു താല്പര്യം. ദൗർഭാഗ്യംകൊണ്ടു നമ്മുടെ ചില പ്രസാധനങ്ങൾ സൗന്ദര്യത്തിനല്ല വൈരൂപ്യത്തിനാണു് പ്രാമുഖ്യം കല്പിക്കുക. ജനയുഗം വാരികയുടെ പുറംചട്ട നോക്കുക. ഒരു പയ്യൻ കുറെ മീനെടുത്തു് ഒരുവശത്തേക്കു തലതിരിച്ചു നില്ക്കുന്നു. ബട്ടൺ പോലെയുള്ള പൊക്കിൾ കാണിക്കുന്നു അവൻ. വല്ല അൺഡർ വെയറോ മറ്റോ വല്ല സ്ഥലത്തും ഉണ്ടെന്നേയുള്ളൂ. ആ ചിത്രം കണ്ടാൽ ബാലന്റെ ദുരവസ്ഥയ്ക്കു ഹേതുവായ വ്യവസ്ഥിതി മാറേണ്ടതാണെന്ന തോന്നൽ ആർക്കുമുളവാകുകയില്ല. അതിനുപകരം വെറുപ്പു്. തെറ്റിപ്പോയി. വെറുപ്പല്ല അറപ്പാണുണ്ടാകുന്നതു്. ഈ അറപ്പു് സവിശേഷമായ ഒരു മാനസികനില വായനക്കാരനു് ഉളവാക്കി വാരിക വായിക്കുന്നതിൽനിന്നു് അയാളെ അകറ്റിക്കളയുന്നു. നമ്മളൊക്കെ ഇപ്പോഴും പഴയ കാലത്താണു് ജീവിക്കുന്നതെന്നേ പറയാനുള്ളൂ.
മുതലാളിത്തവ്യവസ്ഥിതിയും ബൂർഷ്വാസിയുടെ നൃശംസതയും എല്ലാവർക്കും അസഹനീയങ്ങളാണു്. അവയെ നിർമ്മാർജ്ജനം ചെയ്യാനുള്ള ഏതു യത്നവും സ്വാഗതാർഹമാണു്. പക്ഷേ, അതിനു ശ്രമിക്കുമ്പോൾ സൗന്ദര്യത്തെ ധ്വംസിച്ചുകൊണ്ടുള്ള ‘റ്റിറനി’ (Tyranny) കടന്നുവരരുതു്. വന്നാൽ സഹതാപത്തിന്റെ നീർച്ചാലു് ഉണ്ടാവുകയില്ല.
തൂക്കിക്കൊല്ലാൻവേണ്ടി തടവുമുറിയിൽ ഇട്ടിരിക്കുന്ന കൊലപാതകിക്കു് രോഗം വന്നാൽ വിദഗ്ദ്ധരായ ഡോക്ടർമാരെക്കൊണ്ടു് സർക്കാർ അയാളെ ചികിൽസിപ്പിക്കും. അല്ലാതെ അയാളെ അങ്ങു ചാകാൻ അനുവദിക്കുകയല്ല ചെയ്യുന്നതു്. ബഹുജനത്തിന്റെ മുൻപിൽ ‘ഇതാ രോഗിയായ കൊലപാതകി’ എന്നു പറഞ്ഞു് അയാളെ പ്രദർശിപ്പിക്കില്ല. ദാരിദ്ര്യമെന്ന രോഗം, ചൂഷണമെന്ന രോഗം ചികിത്സിച്ചു മാറ്റൂ. അതുള്ളവരെ കവർ പെയ്ജിൽ നിറുത്തി കാഴ്ചക്കാർക്കു് അസ്വസ്ഥതയും വെറുപ്പും അറപ്പും ഉളവാക്കാതിരിക്കൂ. റഷ്യയേയും ചൈനയേയും നോക്കിപ്പഠിക്കൂ.
കഥാകാരനായ തുളസിയും വാരഫലക്കാരനും തമ്മിൽ സംഭാഷണം.
- വാരഫലക്കാരൻ:
- തുളസി, ചങ്ങാതി, താങ്കളുടെ പേരു ദീപിക ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുകണ്ടപ്പോൾ ഞാൻ എത്ര സന്തോഷിച്ചെന്നോ! ആ പേരിന്റെ താഴെയുള്ള കഥ ഇത്രയ്ക്കു ഡ്രിയ്റി—വിരസം—ആകുമെന്നു ഞാൻ വിചാരിച്ചതേയില്ലല്ലോ.
- തുളസി:
- നിങ്ങൾക്കു് ഒരു ‘സെൻസിറ്റിവിറ്റി’യുമില്ലെന്നു് എനിക്കറിയാം. എങ്കിലും അതു ഇത്രത്തോളമാകാമോ?
- വാരഫല:
- താങ്കൾ എന്താണു് എഴുതിവച്ചിരിക്കുന്നതു്. ഒരോട്ടോറിക്ഷാക്കാരൻ പണിമുടക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ സൈക്കിൾ റിക്ഷാഡ്രൈവറെ അകത്തിരുത്തി റെയിൽവേ സ്റ്റേഷനിലേക്കു് ചവിട്ടിപ്പോയെന്നല്ലേ? തിരിച്ചു ഭാര്യയുമായി വന്നു് അതേ റിക്ഷയിൽ കയറി ബസ്സ് സ്റ്റാൻഡിലെത്തിപോലും. റിക്ഷാക്കാരനു് 15 രൂപ കൂലി. അതുവാങ്ങി അയാൾ കുടിക്കാൻ പോയത്രേ. എന്തൊരു ചിന്താദാരിദ്രവും ബുദ്ധിശുന്യവും ഭാവനാരഹിതവുമായ കഥയാണിതു. തുളസി, എഴുതാൻ കഴിവുള്ള താങ്കൾ ഇങ്ങനെ അധഃപതിക്കുന്നതെന്തിനു്?
- തുളസി:
- നിങ്ങൾ വിദ്വേഷമുള്ളയാളാണു്.
- വാരഫല:
- അതൊരു വിലകുറഞ്ഞ പ്രസ്താവം. ഒരുവിധത്തിലുള്ള കൃത്രിമത്വം ഒരളവുവരെ സഹിക്കാം. ഇടുന്ന ഷേർട്ട് പൂക്കൾ തുന്നിച്ചേർത്തും കിന്നരിവച്ചു പിടിപ്പിച്ചും മോടിയാക്കിക്കൊള്ളു. പക്ഷേ, ബഫൂണിന്റെ വേഷമാണിതെന്നു് അന്യരെക്കൊണ്ടു് പറയിക്കത്തക്കവിധം ഷേർട്ടിനു കോമാളിത്തം വരുത്തരുതു്.
- തുളസി:
- (മിണ്ടാതിരിക്കുന്നു)
ആ മരത്തിലെ ഇല ഓരോന്നും ജീവനാർന്നു് അതിൽ നിന്നതാണു്. ഋതുവിനു മാറ്റം വന്നപ്പോൾ ഇലകളാകെ കൊഴിഞ്ഞു താഴെ വീണു. അവയുടെ പച്ചനിറം പോയി. ചിലതു ജീർണ്ണിച്ചു കഴിഞ്ഞു. ഇലകൾ ചിതറിക്കിടക്കുന്നിടത്തു ചെല്ലാൻ മടി. ചെന്നാൽ ഒരിലയിൽപ്പോലും കാലുതൊടാതെ നോക്കുന്നു. ഇതായിരുന്നില്ല സ്ഥിതി മരത്തിൽനിന്നു് അവ അന്തരീക്ഷത്തിനാകെ ഹരിതാഭ കൈവരുത്തിയപ്പോൾ. ഓരോ ഇലയെയും സ്പർശിക്കുന്നതു് എത്ര സുഖം! അതിന്റെ മൃദുത്വം സുഖകരമായ ഒരനുഭൂതി പ്രദാനം ചെയ്യും. ചിതറി താഴെ വീണു ജീർണ്ണിച്ചതുകൊണ്ടുമാത്രം മനുഷ്യൻ അവയെ വെറുക്കുന്നു.
ഒരു കാലത്തു് ആ ഭവനം എത്ര മനോഹരമായിരുന്നു! അതിലേ പോകുന്നവർ അതിൽ നിന്നു കണ്ണെടുക്കുമായിരുന്നില്ല. അതിനകത്തു് താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നു കയറി അല്പനേരം ഇരുന്നാലെങ്കിലും മതിയായിരുന്നു എന്നു് അവർക്കു തോന്നി. കാലം കഴിഞ്ഞു. അതിൽ പാർത്തിരുന്നവർ എല്ലാക്കാലത്തേക്കുമായി യാത്രയായി. പിന്നീടു് ബന്ധുക്കളുടെ തർക്കം. റിസീവർ ഭരണം. അടുത്തുനിന്ന മരങ്ങളുടെ വേരുകൾ സമാക്രമണം നടത്തി അസ്ഥിവാരം പൊളിഞ്ഞു. ഭിത്തികൾ വീണു, ചുടുകട്ടകൾ പൊട്ടിച്ചിതറി. ഇന്നു് അതിന്റെ കാഴ്ച ജുഗുപ്സാവഹം. ആരും ആ അവശിഷ്ടങ്ങളുടെ സമീപത്തുപോലും പൊകുന്നില്ല.
ചിതറിയ ജീർണ്ണിച്ച ഇലകളാണു് പൊട്ടിത്തകർന്ന ചെങ്കല്ലുകളാണു് മണിയൂർ ഇ. ബാലന്റെ ‘അവളുടെ മുഖം’ എന്ന കഥ (ദേശാഭിമാനി വാരിക). പെണ്ണു കാണാൻ പോകുന്നു ഒരുത്തൻ. അവളുടെ കവിളിൽ ഒരു പാടു്. വിവാഹം ഉറപ്പിക്കുന്നതിനു മുൻപു് ഒന്നുകൂടെ കാണാമെന്നു കരുതി അയാൾ തീവണ്ടിയിൽ കയറുന്നു. തീവണ്ടിയിൽ ഒരു സുന്ദരിയായ യുവതിയും അവളുടെ വിരൂപനായ ഭർത്താവും. അവർ തമ്മിൽ വഴക്കുകൂടി. ഭർത്താവു് അവളെ തീവണ്ടിയിൽനിന്നു പിടിച്ചു വെളിയിലേക്കു തള്ളുന്നു. അവളുടെ മൃതദേഹത്തിനുചുറ്റും ആളുകൾ കൂടുമ്പോൾ ഭർത്താവു് അപരാധം ചെയ്യാത്ത അയാളെച്ചൂണ്ടി ‘ഇയാൾ വണ്ടിയിൽനിന്നു് അവളെ പിടിച്ചു തള്ളിയതാ’ എന്നു പറയുന്നു. പൊലീസ് അയാളെ അറസ്റ്റ് ചെയ്യുന്നു.
എന്തൊരു കഥ! ചെറുകഥ പച്ചനിറമാർന്ന ഇലകളോടു നില്ക്കുന്ന മനോഹരമായ വൃക്ഷമാണു്. കെട്ടുറപ്പുള്ള ഭവനമാണു്. നമ്മുടെ കഥാകാരൻ സംഭവപത്രങ്ങളെ നാലുപാടും ചിതറുന്നു. സംഭവങ്ങളായ ചുടുകട്ടകളെ വ്യവസ്ഥയില്ലാതെ വലിച്ചറിയുന്നു. മണിയൂർ ഇ. ബാലനിൽ നിന്നു് ചൈതന്യമുള്ള വൃക്ഷം കിട്ടാൻ, മനോഹരമായ ഭവനം ലഭിക്കാൻ വായനക്കാരായ ഞങ്ങൾ എന്തു ചെയ്യണം? ഒരു വസ്തുത കൂടി. വർഷങ്ങളായി ഞാൻ ഈ ചീഞ്ഞ ഇലകളെ കാണുന്നു. തകർന്ന കല്ലുകളെ കാണുന്നു. ഒരു വിധത്തിൽ ദ്രഷ്ടാക്കൾക്കു് അസ്വസ്ഥതയുളവാക്കാൻ ഈ എഴുത്തുകാരനു് എന്തധികാരം?
- “അവൾ എനിക്കായി ഉണ്ടാക്കിയ കെയ്ക്ക് എന്നെ കടിച്ചു, എനിക്കു് കണ്ണീർ വരുന്നതുവരെ”.
- അവൾ എനിക്കുവേണ്ടിയുണ്ടാക്കിയ കിടക്കയ്ക്കു കാഠിന്യം കൂടിപ്പോയതുകൊണ്ടു് ഞാൻ മരണപ്രായനായി.
- എനിക്കായി അവൾ അലക്കിയെടുത്ത ഷേർട്ട് കൈകൾ മടക്കി എന്നെ അതിനകത്തു് ബന്ധിച്ചു.
- തിളക്കം കൂട്ടുന്നതു വരെ കണ്ണാടി അവൾ തുടച്ചു മിനുക്കിയതുകൊണ്ടു് എനിക്കു് കാണാൻ വയ്യാതെയായി.
- അവൾ തറ മിനുസപ്പെടുത്തിയതുകൊണ്ടു് എന്റെ കാലുകൾ മുട്ടുവരെ അതിൽ താണുപോയി
(Lanark എന്ന നോവലിൽനിന്ന്). നമ്മുടെ കഥാകാരന്മാർ കഥയെഴുതിയെഴുതി നമ്മളെ അതിൽ ആമജ്ജനം ചെയ്യിച്ചു് നിഗ്രഹിക്കുന്നു.

വായിക്കേണ്ട പത്രമാണു് ക്യൂബയിൽ നിന്നു വരുന്ന ‘ഗ്രാൻമ’. നോബൽ സമ്മാനം വാങ്ങിയ മാർകേസ് അതിൽ കൂടക്കൂടെ എഴുതാറുണ്ടു്. വായിച്ച പുസ്തകം വീണ്ടും വായിച്ചാൽ ചിലപ്പോൾ മോഹഭംഗമാവും ഫലമെന്നു് അദ്ദേഹം ‘What Book Are You Reading’ എന്ന ലേഖനത്തിൽ പറയുന്നു. (May 14, 1989). സവിശേഷ നിമിഷത്തിൽ നമ്മെ ആഹ്ലാദാതിരേകത്തിൽ എത്തിച്ച ഗ്രന്ഥകാരന്മാർ രണ്ടാമത്തെ വായനയിൽ സഹിക്കാൻ വയ്യാത്തവരാകും. നിങ്ങൾ വിവാഹം കഴിക്കാത്ത, ഒരുമിച്ചു് താമസിച്ചു് വാർദ്ധക്യത്തിലേക്കു് എത്താത്ത, സ്വഭാവനന്മകളും (മുഖത്തു്) ചുളിവുകളും പങ്കുവയ്ക്കാനാവാത്ത ഹൈസ്ക്കൂൾ കാമുകിയെ പെട്ടെന്നു വഴിക്കുവച്ചു കാണുന്നതുപോലെയാണതു്. (നോബൽ സമ്മാനം നേടിയ നോവലിസ്റ്റ്) ഫോക്നർ വെറും ‘റെട്ടറീഷ്യൻ’ (വാചാലതയാർന്നവൻ) ആണെന്നും വർഷങ്ങൾ കഴിയുമ്പോൾ അദ്ദേഹത്തെ ആർക്കും സഹിക്കാനാവുകയില്ലെന്നുമാണു് മാർകേസിന്റെ മതം.

Hemingway My Way എന്ന മറ്റൊരു ലേഖനത്തിൽ (ഒക്ടോബർ 29, 1989) ഹെമിങ്വേ യുടെ പ്രതിഭയെ അംഗീകരിച്ചുകൊണ്ടു് മാർകേസ് പറയുന്നതു് അദ്ദേഹം സ്വന്തം പരിധികളെ ലംഘിച്ചു ചെന്നു എന്നാണു്. അതുകൊണ്ടാണു് മറ്റുള്ള എഴുത്തുകാരിൽ കാണാനാവാത്ത ‘അധികപ്പറ്റു്’ അദ്ദേഹത്തിൽ ദൃശ്യമാകുന്നതു്. ഹെമിങ്വേയുടെ നോവലുകൾ അദ്ദേഹത്തിന്റെ ചെറുകഥകൾ വലിപ്പം പ്രാപിച്ചവയാണു്. അതിൽ അദ്ദേഹം ധാരാളം കാര്യങ്ങൾ കുത്തിച്ചെലുത്തി. ഈ കാലയളവിലെ അത്യുന്നതനായ എഴുത്തുകാരൻ ബോർഹേസി നും ഈ പരിമിതികൾ ഉണ്ടായിരുന്നു. പക്ഷേ, അവയെ അതിലംഘിച്ചു ചെല്ലാതിരിക്കാനുള്ള ബുദ്ധിശക്തിയാൽ അദ്ദേഹം അനുഗൃഹീതനായിരുന്നു.
ഇമ്മാതിരിയുള്ള ലേഖനങ്ങൾ ഇന്ത്യയിലെ പത്രങ്ങൾ ഗ്രാൻമയുടെ അനുമതിയോടുകൂടി പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു് എനിക്കു തോന്നുന്നു. അതിനുപകരം അവർ ചെയ്യുന്നതു് കാശിനു കൊള്ളാത്ത ഇന്ത്യൻ പുസ്തകങ്ങളുടെ കെങ്കേമങ്ങളായ ‘റെവ്യൂ’കൾ അച്ചടിച്ചു വിടുക എന്നതാണു്. ഭാരതി മുഖർജി, ശശി തരൂർ, അമിതാവ് ഘോഷ് ഇവരുടെ പരട്ടപ്പുസ്തകങ്ങളെ നോബൽ സമ്മാനാർഹങ്ങളായി അവതരിപ്പിച്ചതും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതും വായനക്കാർ ഓർമ്മിക്കുമല്ലോ.
യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷനു് അപേക്ഷിച്ച ഒരു കുട്ടി ഫിസിക്സ്, കെമിസ്ട്രി എന്നൊക്കെ ഐച്ഛികവിഷയങ്ങളായി കാണിച്ചിട്ടു് ‘അറ്റകൈയ്ക്കു്’ atleast Malayalam എന്നെഴുതിയതായി ഒ. എൻ. വി. ഒരിക്കൽ എന്നോടു പറഞ്ഞു. ഇങ്ങനെ അറ്റ്ലീസ്റ്റ് മലയാളം പഠിച്ചു് ജയിച്ചു് ലക്ചററായി സീനിയോരിറ്റിയുടെ പേരിൽ പ്രൊഫസർമാർ ആകുന്നവർ പെട്ടെന്നു നോവലിസ്റ്റുകളും നിരൂപകരും ആവും. അവരെഴുതുന്ന നോവലുകൾക്കും നിരൂപണങ്ങൾക്കും ഭയജനകങ്ങളായ രൂപങ്ങളാവും ഉണ്ടാവുക. “അപ്പോൾ നിങ്ങളോ” എന്നു ചിലർ എന്നോടു ചോദിക്കും. ഞാൻ മിടുക്കനായി ഭാവിക്കുകയില്ല. ബി. എസ്സിക്കു കെമിസ്ട്രി മെയിൻ വിഷയമായി സ്വീകരിച്ചു വളരെക്കാലം പഠിച്ച എന്നെ മലയാളം പഠിക്കാൻ വിളിച്ചുകൊണ്ടുപോയി ഡോക്ടർ ഗോദവർമ്മ. അങ്ങനെയാണു് ഞാൻ മലയാളം പ്രഫെസർ ആയിപ്പോയതു്.