സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-04-15-ൽ പ്രസിദ്ധീകരിച്ചതു്)

ഉഷ്ണകാലം. ചൂടു സഹിക്കാനാവാതെ ഞാൻ വീട്ടിന്റെ മുൻവശത്തു് ഇരിക്കുകയായിരുന്നു. മുകളിൽ ഫാൻ കറങ്ങുന്നുണ്ടു്. പക്ഷേ, അതുകൊണ്ടെന്തു പ്രയോജനം? ചൂടാർന്ന വായുവിനെ ഒന്നു ചലിപ്പിച്ചുവിടാമെന്നല്ലാതെ ഫാനിനു് എന്തുകഴിയും. ഉഷ്ണരശ്മികൾ അകത്തേക്കു കടക്കേണ്ടതില്ല എന്നു കരുതി ഞാൻ കതകടച്ചിരുന്നു. അങ്ങനെ ആലസ്യത്തിലാണ്ടു് ഇരുന്ന എന്റെ കാതിൽ ഒരു മൃദുലപദവിന്യാസ ശബ്ദം വന്നു വീണു. ഞാൻ ഉടനെ എഴുന്നേറ്റില്ല. കെട്ടിടം നിർമ്മിച്ചവർ വാതിലിലെ പലക വേണ്ടപോലെ ചേർത്തുവയ്ക്കാത്തതുകൊണ്ടു് ഒരു വിടവുണ്ടു്. അതിലൂടെ നോക്കിയാൽ പൂമുഖത്തു വന്നു നില്ക്കുന്ന ആളിന്റെ പാദങ്ങൾ തൊട്ടു് അരക്കെട്ടുവരെയുള്ള ശരീരഭാഗം കാണാം. റോഡിനപ്പുറത്തുള്ള വിശാലവും ശുഷ്കവുമായ പാടം കാണാം. മൃദുലശബ്ദം കേട്ട ഭാഗത്തേക്കു ഞാൻ നോക്കി. മനോഹരങ്ങളായ പാദങ്ങൾ. അവയ്ക്കു മുകളിലായി വിലകൂടിയ സാരി. മൃദുത്വം വീട്ടിലാഗമിക്കുമ്പോൾ നമുക്കു കാഠിന്യം പാടില്ല. ഞാൻ അതിലും മൃദുലമായി വാതിൽ തുറന്നു. സുന്ദരി കൈകൾ കൂപ്പി മധുരമന്ദസ്മിതത്തോടെ നില്ക്കുന്നു. വിടർന്ന റോസാപ്പൂവുപോലെയാണു് ആ യുവതി. എനിക്കു പെട്ടെന്നു് ഓർമ്മവന്നതു മോപസാങ്ങിന്റെ ‘ചന്ദ്രികയിൽ’ എന്ന ചെറുകഥയാണു്. തുടക്കത്തിൽ പാദങ്ങളുടെ ഭംഗിയും അരുണിമയും. മധ്യഭാഗത്തു് തിളക്കം. അന്ത്യത്തിൽ പനിനീർപ്പൂവിന്റെ ശോഭ. കഥയെടുത്തു് മാർദ്ദവത്തോടെ വായിക്കുന്ന മട്ടിൽ ഞാൻ ആ ചെറുപ്പക്കാരിയെ ‘വരു, ഇരിക്കു’ എന്നു പേലവസ്വരത്തിൽ ക്ഷണിച്ചു. അമ്മയാരു് എന്നു പ്രമോദത്തോടെ ഞാൻ ചോദിച്ചില്ല. അവൾക്കു ഭർത്താവുണ്ടോ എന്നും ചോദിച്ചില്ല. എന്തിനു ചോദിക്കണം? സൗന്ദര്യത്തിന്റെ ഉടലെടുത്ത രൂപത്തിനു് വേറൊരാളിന്റെ ഉടമസ്ഥത വേണ്ട. സൗന്ദര്യം സൗന്ദര്യമായിത്തന്നെ നില്ക്കും. നീലത്തടാകത്തിൽ കളിവഞ്ചി കാറ്റേറ്റു തനിയെ നീങ്ങുന്നതു കാണാനാണു ഭംഗി. വഞ്ചിക്കാരൻ അതിലിരുന്നു തുഴഞ്ഞാൽ ഭംഗിക്കു ന്യൂനത വരും. പൂന്തോട്ടത്തിൽ പൂക്കളങ്ങനെ വിരിഞ്ഞുനില്ക്കുമ്പോഴാണു് രാമണീയകം. തോട്ടക്കാരൻ അവിടെ കടന്നു വരുമ്പോൾ പുഷ്പങ്ങളുടെ ശോഭ കുറയും. എന്റെ വീട്ടിലെത്തിയ തരുണി അവളായിട്ടു മാത്രം നില്ക്കട്ടെ. അച്ഛനോ അമ്മയ്ക്കോ ഭർത്താവിനോ അധികാരം വന്നാൽ അവൾക്കു് അപകർഷം വന്നുകൂടും. ‘ചന്ദ്രികയിൽ’ എന്ന കഥയുടെ കർത്താവു് മോപസാങ് എന്നറിയാതിരുന്നാൽ ഏറെ നന്നു്. അറിഞ്ഞാൽ ലൈംഗികരോഗം പിടിച്ചു മരിച്ചയാളാണോ ഈ സൗന്ദര്യത്തിന്റെ സ്രഷ്ടാവു് എന്നുചോദിച്ചിട്ടു് നമ്മൾ വിഷാദത്തിൽ വീഴും. നമ്മുടെ നാടൻ പാട്ടുകളുടെ ഭംഗി അവയുടെ അജ്ഞാതകർത്തൃക സ്വഭാവത്തിലല്ലേ ഇരിക്കുന്നതു്?

കാടിതു കണ്ടായോ താടകാ ഭയങ്കരി
images/Page013Balzac.jpg
ബൽസാക്ക്

പരുക്കൻ കാൽവയ്പിന്റെ ശബ്ദത്തോടെ വന്നെത്തുന്നതു് ആര്? പാലൂരി ന്റെ ‘ഒരു ശ്രുതി’ എന്ന കാവ്യാംഗനയല്ലാതെ മറ്റാരാണു്? “പ്രാണാപാനസമാന വ്യാനോദാനന്മാർ” എന്നു പദവിന്യാസം. ഇതു കാതിനെ പീഡിപ്പിക്കുന്നു. അർത്ഥഗ്രഹണത്തിനു ക്ലേശമുണ്ടാക്കുന്നു. ഞാൻ മലയാളാധ്യാപകനായിരുന്നതുകൊണ്ടു അപാനനും സമാനനും വ്യാനനും ഉദാനനും ശരീരത്തിലെ വായുക്കളാണെന്നു മനസ്സിലാക്കിയിട്ടുണ്ടു്. പക്ഷേ, എല്ലാവരും അധ്യാപകരല്ല. കാർക്കശ്യത്തോടെ വീട്ടിൽ കയറിവന്ന ഈ താടക ശബ്ദത്തോടെ കസേര വലിച്ചിട്ടു് അതിൽ കയറിയിരിക്കുന്നു. അവളുടെ ഇരിപ്പു നോക്കു. “ജരായുജാണ്ഡജസ്വേദജോദ്ഭിജ്ജങ്ങളൊടുങ്ങവെ” (ജരായുവിൽനിന്നു്—ശിശുവിനെ പൊതിഞ്ഞ ചർമ്മത്തിൽനിന്നു്—ജനിച്ചവ. അണ്ഡത്തിൽനിന്നു ജനിച്ചവ. സ്വേദത്തിൽനിന്നു ജനിച്ചവ. (മൂട്ട, പേൻ ഇവ) ഉദ്ഭിജങ്ങൾ (മുളച്ചുണ്ടാകുന്നവ—ചെടികൾ) ഇവയെല്ലാം ഒടുങ്ങിപ്പോയപ്പോൾ എന്നു് ആ ഇരിപ്പിന്റെ അർത്ഥം.)

ഈ ഒടുങ്ങൽ കണ്ടു് കവി, നാഭിജന്മാണ്ഡജനോടു് (ബ്രഹ്മാവിനോട്) പറഞ്ഞുപോലും. ‘എനിക്കു ലോകനാശം കണ്ടിരിക്കാൻ വയ്യ.” അപ്പോൾ ബ്രഹ്മാവു് അറിയിച്ചത്രേ, “സരസ്വതിയെ വിളിച്ചു് സമസ്തവും രഞ്ജിപ്പിക്കു. അപാന സമാന വ്യാനോദാനന്മാർ മല്ലടിക്കേണ്ട കാര്യമില്ല. അവർ തുല്യ പൗരുഷന്മാരാണു്.” കവി വാണിയെ വിളിച്ചു. അവളുമായി രമിച്ചു.

ഒരു പുതിയ ഉൾക്കാഴ്ചയുമില്ലാത്ത ഈ വാക്യത്ധങ്കൃതികൊണ്ടു് (ത്ധങ്കൃതു് = ഇരപ്പ്) പാലൂരു നേടുന്നതെന്താണു്? വായനക്കാരന്റെ വെറുപ്പുമാത്രം. ഭൗതികത്വം മാത്രം വിളമ്പുന്നവർ ജനതയുടെ വിദ്വേഷത്തിനു പാത്രമാകും. ആധ്യാത്മികത്വം എന്ന വ്യാജേന അമൂർത്തങ്ങളായ ആശയങ്ങളെ എടുത്തുനിർത്തുന്ന പാലൂരു് കവിതയുടെ ഉജ്ജ്വലപ്രകാശത്തിലേക്കു് അനുവാചകരെ നയിക്കുന്നില്ല. കുത്സിതരൂപം കാണിച്ചു് പേടിപ്പിക്കുന്നതേയുള്ളൂ. അതിഥിക്കു മര്യാദവേണം. ആ മര്യാദയില്ലാതെ താടകാഭയങ്കരി എന്റെ കസേരയിൽ കയറിയിരിക്കുന്നു. ആതിഥേയനു മര്യാദവേണം. ആ മര്യാദയോടെ ഞാൻ മാംസപേശികളുടെ വക്രീകരണത്തോടെ അവളെ നോക്കിക്കൊണ്ടിരിക്കുന്നു. ‘എഴുന്നേറ്റു പുറത്തുപോകു’ എന്നുപറയുന്നില്ല. (ഈ നിശാചരിയെ കാണണമെന്നുള്ളവർക്കു മാതൃഭൂമി ആഴ്ചപ്പതിപ്പു് നോക്കാം).

images/Garciamarquezgeneral.jpg

മാർകേസി ന്റെ The General in his Labyrinth എന്ന പുതിയ നോവലിന്റെ ക്യൂബൻ പ്രസാധനത്തിനു “പ്രമുക്തി നല്കി”ക്കൊണ്ടു് ക്യൂബയിലെ സംസ്കാരവകുപ്പുമന്ത്രി പറഞ്ഞു: സാമ്പത്തിക സ്ഥിതി വിവരണക്കണക്കുകളിൽനിന്നും പ്രബന്ധങ്ങളിൽനിന്നും ഫ്രഞ്ചു സമുദായത്തെക്കുറിച്ചു് മനസ്സിലാക്കിയതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ബൽസാക്കിന്റെ നോവലുകളിൽനിന്നു തനിക്കു ഗ്രഹിക്കാൻ കഴിഞ്ഞുവെന്നു് എംഗൽസ് പ്രസ്താവിച്ചു. ഇതിനു കാരണം സാഹിത്യം—വിശേഷിച്ചും ബൽസാക്കി ന്റെയും ഗാർസിയ മാർകേസിന്റെയും സാഹിത്യം—സത്യത്തിലേക്കും വസ്തുക്കളുടെ യഥാർത്ഥ സ്വഭാവത്തിലേക്കും തുളച്ചു ചെല്ലുന്നു എന്നതാണു്. നിസ്സംഗമായ സ്ഥിതി വിവരക്കണക്കുകൾക്കും നിയമാനുസാരിയായ ചിന്തനത്തിനും തത്ത്വചിന്താത്മകമായ അമൂർത്തവസ്തുക്കൾക്കും ഇതിനു കഴിയില്ല…

images/gabrielgarciamarquez59.jpg
ഗാർസിയ മാർകേസ്

One Hundred Years of Solitude എന്ന നോവലിൽനിന്നു് കൊളമ്പിയയിലെ അക്രമത്തിന്റെ ‘അടിവേരുകളെ’ക്കുറിച്ചു നമ്മൾ കൂടുതൽ മനസ്സിലാക്കുന്നു. ആ വിഷയം കൈകാര്യം ചെയ്യുന്ന ഏതു പ്രബന്ധത്തിൽ നിന്നും ഏതു രാഷ്ട്രീയ പ്രഭാഷണത്തിൽ നിന്നും മനസ്സിലാക്കുന്നതിനെക്കാൾ. (Granma— Havana—December 17, 1989)

ഈയത്തിനു പകരം രത്നം

‘ഗ്രാന്മ’യിൽ മാർകേസ് എഴുതിയ Lost Stories എന്ന വേറൊരു ലേഖനത്തിൽ ഒരു കൊച്ചുകഥ പറഞ്ഞിട്ടുണ്ടു്. മീൻ പിടിക്കാൻ പോകുന്നവൻ അയല്ക്കാരനോടു് ഒരീയക്കട്ടി ചോദിച്ചു വാങ്ങി. വലയിൽ കെട്ടാനായിരുന്നു അതു്. ഈയക്കട്ടിക്കു പകരം ആദ്യമായി പിടിച്ചെടുക്കുന്ന മീൻ അയാൾക്കു കൊടുക്കാമെന്നു മീൻപിടിത്തക്കാരൻ പ്രതിജ്ഞ ചെയ്തു. അതനുസരിച്ചുതന്നെ അയാൾ പ്രവർത്തിച്ചു. അയല്ക്കാരന്റെ ഭാര്യ ഒരു മീൻ കീറിയപ്പോൾ അതിന്റെ വയറ്റിൽ ഒരു വലിയ രത്നമിരിക്കുന്നതായി കണ്ടു. ജീവിത സംഭവങ്ങളാകുന്ന ഈയക്കട്ടികൾക്കു പകരം വലിയ രത്നങ്ങൾ താനറിയാതെ അനുവാചകർക്കു് നല്കുന്നവനാണു് കലാകാരൻ. പാറന്നൂർ പദ്മനാഭനു് ഇതൊരിക്കലും കഴിയുകയില്ലെന്നു് അദ്ദേഹത്തിന്റെ ചെറുകഥകൾ കഴിഞ്ഞ ഇരുപതുവർഷങ്ങളായി വായിക്കുന്ന ഞാൻ ഗ്രഹിച്ചിട്ടുണ്ടു്. ഈ ആഴ്ചത്തെ ദേശാഭിമാനി വരികയിൽ അദ്ദേഹമെഴുതിയ ‘ചങ്ങലക്കണ്ണികൾ’ എന്ന കഥ വായിച്ചിട്ടും പദ്മനാഭന്റെ അവിദഗ്ദ്ധത അവിദഗ്ദ്ധതയായിത്തന്നെ നിലനില്ക്കുന്നു എന്നു് എനിക്കു തോന്നുകയുണ്ടായി. രാമചന്ദ്രൻ എന്നൊരു ആപ്പീസ് ഗുമസ്തൻ ക്രമേണ ഭൗതികത്വത്തിന്റെ ചങ്ങലക്കെട്ടുകൾ മുറിച്ചുമുറിച്ചു് സന്ന്യാസത്തോളം എത്തുന്നു. ഒടുവിൽ ഭ്രാന്തനായി മാറുന്നു. ചങ്ങലയാൽ അയാൾ ബന്ധിക്കപ്പെടുന്നു.

കലയുടെ പ്രാഥമിക സ്വഭാവം പദ്മനാഭന്റെ കഥയ്ക്കില്ല. അതു് യാഥാതഥ്യത്തിന്റെ പുനരാവിഷ്കരണം മാത്രമാണു്. വാക്കുകൾ കൊണ്ടുള്ള ചിത്രരചനയാണു് കഥ. അതു് ഒരു പുതിയ മാനം പ്രത്യക്ഷമാക്കുന്നു. ഈ നൂതന മാനമാണു് അനുവാചകന്റെ ജീവിതാവബോധത്തെ തീക്ഷണതമമാക്കുന്നതും അയാളെ അദ്ഭുതത്തിലേക്കു് വലിച്ചെറിയുന്നതും. മാത്രമല്ല, ഇക്കഥ ഒരു ട്രിക്ക് പോലിരിക്കുന്നു. മജീഷ്യൻ ഒരുത്തനെ ചങ്ങലകൊണ്ടു വരിഞ്ഞുകെട്ടിയിട്ടു് ഒരു കൂടുകൊണ്ടു മൂടുന്നു. ഉടനെ കൂടുമാറ്റുമ്പോൾ ചങ്ങലക്കെട്ടുകളില്ലാതെ അയാൾ നില്ക്കുന്നു. കൈയടി. ഇക്കഥയിൽ ചങ്ങലയുടെ കണ്ണികൾ പൊട്ടിച്ചെറിയുന്ന ഗുമസ്തൻ ചങ്ങലയാൽ ബന്ധിക്കപ്പെട്ടുനില്ക്കുന്നു. രണ്ടും ട്രിക്ക് തന്നെ. ഈയക്കട്ടിക്കു പകരം രത്നം തരാൻ പാറന്നൂർ പദ്മനാഭനു് എന്നെങ്കിലും കഴിയുമോ?

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ ഏറ്റവും വെറുക്കുന്ന കാഴ്ചയേതു് ?

ഉത്തരം: കൂട്ടിനകത്തെ പക്ഷി. വീട്ടിലെ അക്വേറിയത്തിൽ വൈഷമ്യമനുഭവിക്കുന്ന സ്വർണ്ണമത്സ്യം. ചങ്ങലയിട്ട നായ്. ഗൃഹാന്തർഭാഗത്തുമാത്രം കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ട ഭാര്യ.

ചോദ്യം: കാക്കനാടനെ ക്കുറിച്ചു് എന്താണു് അഭിപ്രായം?

ഉത്തരം: സ്നേഹസമ്പന്നനായ ആളു്. മര്യാദയുടെ ഉടലെടുത്ത രൂപം. ആദ്യകാലത്തു് പച്ച വെള്ളത്തെ മുന്തിരിച്ചാറാക്കി അദ്ദേഹം. ഉദാ: ‘ഉഷ്ണമേഖല.’ ഇപ്പോൾ മുന്തിരിച്ചാറിനെ പച്ചവെള്ളമാക്കിക്കൊണ്ടിരിക്കുന്നു.

ചോദ്യം: അച്ഛനമ്മമാരുടെ ദൗർബല്യമെന്തു്?

ഉത്തരം: കൊച്ചുമകനോ മകളോ ബുദ്ധിശക്തി കാണിച്ചാൽ അച്ഛന്റെ കഴിവു കാണിക്കുകയാണെന്നു പറയും. മണ്ടത്തരമാണു് അവന്റെയോ അവളുടെയോ സവിശേഷതയെങ്കിൽ അച്ഛന്റെ പേരോ പറകയില്ല.

ചോദ്യം: ഭാര്യ ഭർത്താവിനെ കൂടുതൽ വെറുക്കുന്നതു് എപ്പോൾ?

ഉത്തരം: അയാളുടെ അസാന്മാർഗ്ഗികത്വം കാണുമ്പോഴല്ല. വീട്ടിൽ വരുന്നവരെ അയാൾ അപമാനിക്കുന്നതു കാണുമ്പോഴാണു്.

ചോദ്യം: സാഹിത്യവാരഫലത്തിന്റെ ദോഷമെന്താണു് ?

ഉത്തരം: സത്യം വെട്ടിത്തുറന്നു പറയുന്നതാണു് ഇതിന്റെ ദോഷം. കിഴക്കുദിക്കിൽനിന്നു സൂര്യൻ മെല്ലെ ഉദിച്ചുയരുന്നതുപോലെ മാത്രമേ സത്യം പ്രകാശിക്കാവൂ. അർദ്ധരാത്രിയിൽ സൂര്യൻ പ്രകാശിച്ചാൽ പ്രതിഷേധമുണ്ടാകും. സത്യം പതുക്കെപ്പറയാൻ ഞാൻ ശ്രമിക്കാം.

ചോദ്യം: നിങ്ങൾക്കു ഇന്നലെ എന്നതുണ്ടോ? ഇന്നു് എന്നതുണ്ടോ? (ചോദ്യം സ്വന്തം)

ഉത്തരം: ‘ഇന്നലെ’ എന്നതു് ഉണ്ടു്. ‘ഇന്ന്’ എന്നതുണ്ടു്. പണത്തെസ്സംബന്ധിച്ചു് ‘നാളെ’ എന്നതില്ല എന്ന മട്ടിലാണു് ഞാൻ പ്രവർത്തിക്കുന്നതു്.

ചോദ്യം: കുട്ടിക്കൃഷ്ണമാരാരെ പ്പോലെ എഴുതാൻ കഴിയില്ലെങ്കിൽ പേന താഴെ വച്ചുകൂടേ തനിക്കു്?

ഉത്തരം: ആമയ്ക്കു കാറോടിക്കാൻ കഴിയില്ല. അതുകൊണ്ടു് ആമ ആത്മഹത്യ ചെയ്യണോ? അതിനു പതുക്കെപ്പതുക്കെ നീങ്ങിക്കൂടേ ഈ ഭൂമിയിലൂടെ?

ചോദ്യം: പുരുഷന്മാരെയാണു ചില സ്ത്രീകൾ വെറുക്കുന്നതു് എന്തുകൊണ്ടു്?

ഉത്തരം: എന്റെ ഒരു ബന്ധു പുരുഷവർഗ്ഗത്തെ മുഴുവൻ വെറുത്തിരുന്നു. വീട്ടിൽ വന്നാൽ ‘പുരുഷമുശു’ അടിക്കുന്നല്ലോ എന്നു് അവർ പറയുന്നതു് ഞാൻ കേട്ടിട്ടുണ്ടു്. അവരെ ഒരുത്തൻ വിവാഹം കഴിച്ചു. മൂന്നാംദിവസം ഉപേക്ഷിച്ചു. അയാളോടുള്ള വെറുപ്പാണു് അവർ എല്ലാപുരുഷന്മാരോടുമുള്ള വെറുപ്പാക്കി മാറ്റിയതു്. സുഖകരമായ ദാമ്പത്യജീവിതം നയിച്ചിരുന്നെങ്കിൽ അവർ പുരുഷവർഗ്ഗത്തെ വെറുക്കുമായിരുന്നില്ല.

മനസ്സിന്റെ തകർച്ച
images/PaulBowles.jpg
പോൾ ബോൾസ്

അമേരിക്കൻ കഥാകാരനായ പോൾ ബോൾസ് (Paul Bowles) നല്ല കലാകാരനാണെന്നാണു് ഗോർ വിഡാലി ന്റെ അഭിപ്രായം. (Carson Mccullers, Paul Bowles, Tennessee Williams are, at this moment at least, the three interesting writers in The United States— Armageddon?—Gore Vidal.) ഇതു വായിച്ച നാൾതൊട്ടു് ഞാൻ ബോൾസിന്റെ കഥകൾ അന്വേഷിക്കുകയായിരുന്നു. ഇന്നു് ഒരു കഥ കിട്ടി. വായിച്ചു. പ്രതിഭാശാലിയായ കഥാകാരനാണു് അദ്ദേഹമെന്നു് മനസ്സിലാക്കുകയും ചെയ്തു. In the Red House എന്നാണു് കഥയുടെ പേരു്. കഥ പറയുന്ന ആളിനു് ശ്രീലങ്കയിൽ വീടുണ്ടായിരുന്ന കാലത്തു് അയാളുടെ അച്ഛനും അമ്മയും അയാളെ കാണാൻ ചെല്ലുമായിരുന്നു. താമസസ്ഥലത്തിനു് കുറച്ചകലെ വച്ചു് അവർ ഒരു ചെറുപ്പക്കാരനെ (സിംഹള യുവാവിനെ) പരിചയപ്പെട്ടു. ഒരു വിഷയത്തിൽനിന്നു മറ്റൊരു വിഷയത്തിലേക്കു് അനായാസമായി കുതിച്ചുചെല്ലുന്ന ആ യുവാവിന്റെ ഭാഷണരീതി കഥ പറയുന്ന ആളിനു തീരെ ഇഷ്ടമായില്ല. യുവാവു് അവരെ ഒരു വീട്ടിലേക്കു ക്ഷണിച്ചു. അവർ നന്നേ തടസ്സം പറഞ്ഞെങ്കിലും അയാളുടെ കൂടെ അവർക്കു പോകേണ്ടിവന്നു. ഇരുണ്ട, ശൂന്യങ്ങളായ മുറികളിലൂടെ അവരെ കൊണ്ടുപോയ യുവാവു് ഒരു ചെറിയ മുറിയിൽ ചെന്നുനിന്നു. ചുവന്ന ചുവരുകളും മേൽത്തട്ടുമുള്ള മുറിയായിരുന്നു അതു്. കിടക്കയിട്ട ഒരു കട്ടിൽ മുറി നിറഞ്ഞുനിന്നു. അതിൽ, കൂടുതൽ ചുവപ്പുള്ള ഷീറ്റ് വിരിച്ചിട്ടുണ്ടു്. ചുവരിൽ ഒരു പെൺകുട്ടിയുടെ പടം. അതിനടുത്തു ആ ചെറുപ്പക്കാരന്റെ പടം. മൂന്നാമത്തേതു് വേറൊരു യുവാവിന്റേതു്. യുവാവു് അവിടെ ഉറങ്ങാറുണ്ടോ എന്നു് അച്ഛൻ ചോദിച്ചപ്പോൾ അയാൾ ഞെട്ടി. ഇല്ലയില്ല. ഈ വീട്ടിൽ ആരും താമസിക്കുന്നില്ല എന്നായിരുന്നു അയാളുടെ മറുപടി. വീടു കണ്ടിട്ടു് കഥ പറയുന്ന ആളും അയാളുടെ അച്ഛനമ്മമാരും അവരുടെ പാർപ്പിടത്തിലേക്കു തിരിച്ചുപോന്നു. ആ കിടക്ക അവരെ ‘ഹോൺട്’ ചെയ്തു. ശബ്ദമില്ലാതെ ടെലിവിഷൻ പ്രവർത്തിക്കുമ്പോഴുള്ള പ്രതീതി. എല്ലാം കാണുന്നു! പക്ഷേ, എന്താണു നടക്കുന്നതെന്നു് അറിയുന്നുമില്ല. കുറച്ചുദിവസം കഴിഞ്ഞു് വേറൊരാൾ ആ ചെറുപ്പക്കാരന്റെ കഥ പറഞ്ഞു. വിവാഹം കഴിഞ്ഞു അയാളുടെ പ്രഥമരാത്രി. യുവാവു് ശയനമുറിയിലെത്തിയപ്പോൾ വധു അയാളുടെ ഒരു സ്നേഹിതനുമായി കിടക്കുന്നു. അയാൾ രണ്ടുപേരെയും വെടിവച്ചു കൊന്നിട്ടു് മൃതദേഹങ്ങൾ കഷണം കഷണമാക്കി നുറുക്കി. കൊലപാതകി കുറേദിവസം ഭ്രാന്താശുപത്രിയിൽ കിടന്നിട്ടു പുറത്തിറങ്ങി. ഇപ്പോൾ അയാളുടെ ആഗ്രഹം ആ വലിയ സംഭവം നടന്ന മുറിയിലേക്കു് ആളുകളെ കൂട്ടിക്കൊണ്ടു പോകാനാണു്.

കഥ പറയുന്ന ആൾ തിരിച്ചു വീട്ടിലെത്തി. അച്ഛനും അമ്മയും അമേരിക്കയിലേക്കു പോകുകയാണു്. അവരെ ആ ഭയജനകമായ കഥ പറഞ്ഞു് അസ്വസ്ഥരാക്കേണ്ടതുണ്ടോ എന്നു് അയാൾ ആലോചിച്ചു. സംഭാഷണത്തിനിടയ്ക്കു് അമ്മ ആ ചെറുപ്പക്കാരനെ ഓർമ്മിച്ചു. “ആ മുറിക്കു് അയാളെസ്സംബന്ധിച്ചിടത്തോളം പ്രാധാന്യമുണ്ടു്. അയാൾക്കു് അതൊരു ദേവാലയമാണു്” എന്നു് അമ്മ പറഞ്ഞു. വിശദാംശങ്ങളറിയാതെ അമ്മ വസ്തുതയുടെ കാതലായ ഭാഗത്തു ചെന്നു ചേർന്നുവെന്നു് അയാൾക്കു തോന്നി.

images/Updike29.jpg
ജോൺ അപ്ഡൈക്ക്

ഈ കഥ ഉൾക്കൊള്ളുന്ന സമാഹാരഗ്രന്ഥത്തിനു് അവതാരിക എഴുതിയ ജോൺ അപ്ഡൈക്ക് (പ്രശസ്തനായ നോവലിസ്റ്റ്) ഇതിലൊരു oedipal triangle ആണുള്ളതെന്നു പറയുന്നു. എഴുപതുവയസ്സോളമായവരാണു് കഥയിലെ മാതാപിതാക്കൾ. കഥ പറയുന്ന ആളിനു് അമ്മയോടുള്ള സ്നേഹത്തിനു് ഈന്നൽ നല്കിയിട്ടുണ്ടെങ്കിലും ഈഡിപ്പസ് കോംപ്ലെക്സ് ഇതിലുണ്ടെന്നു് എനിക്കു തോന്നിയില്ല. ചില സവിശേഷ പരിതഃസ്ഥിതികളിൽ മനുഷ്യനുണ്ടാകുന്ന മാനസികത്തകർച്ചയാണു് ബോൾസ് ചിത്രീകരിക്കുന്നതെന്നു് എനിക്കു തോന്നുന്നു.

ഇക്കഥയെക്കുറിച്ചു് ഇത്രയുമെഴുതിയിട്ടാണു് ഞാൻ ശത്രുഘ്നന്റെ ‘സ്വപ്നങ്ങളും സത്യങ്ങളും’ എന്ന നല്ല കഥ വായിച്ചതു്. (കലാകൗമുദി) അച്ഛനില്ലാത്ത സമയത്തു് അമ്മ പരപുരുഷനുമായി നടത്തുന്ന സല്ലാപം കണ്ടു് മകൾ പ്രതിഷേധിക്കുന്നതു കഥാകാരൻ ഹൃദയകാരിയായി ആവിഷ്കരിച്ചിട്ടുണ്ടു്. മകൾക്കു ലേശം മാനസികത്തകർച്ച അതു ദർശിച്ചു് ഉണ്ടാകുന്ന. പക്ഷേ, അതിനെ ജയിച്ചടക്കി അവൾ സന്മാർഗ്ഗികത്വത്തിന്റെ ശബ്ദം ഉയർത്തുന്നു. വെറുമൊരു ‘സ്റ്റേയ്റ്റ്മെന്റാ’യി ശത്രുഘ്നൻ ഈ കഥ എഴുതിയിരുന്നെങ്കിൽ ഇതു പരാജയപ്പെടുമായിരുന്നു. മകളുടെ നോട്ടത്തിലൂടെ ആ കുത്സിതത്വത്തെ ചിത്രീകരിച്ചു എന്നതിലാണു് ഇതിന്റെ വിജയം.

മോസ്കോയിൽ നിന്നു വരുന്ന സ്പുട്നിക് മാസികയിൽനിന്നൊരു നേരമ്പോക്കു്:

“എനിക്കു് ആറു വയസ്സായപ്പോൾതൊട്ടു സംഗീതം കൊണ്ടു് പണം സമ്പാദിക്കുകയായിരുന്നു ഞാൻ.”

“അതേയോ? നിങ്ങൾ എന്തു ചെയ്തു? പാട്ടുകച്ചേരിക്കു പോയോ?”

“ഇല്ല. പിയാനോ വായിക്കാതിരിക്കുന്നതിനുവേണ്ടി എന്റെ അയല്ക്കാരൻ എനിക്കു പണം തന്നിരുന്നു.”

എല്ലിൻകൂടു്

എ. ഡി. രാജൻ, കുങ്കുമം വാരികയിൽ ഒരു കൊച്ചുകഥയെഴുതിയിരിക്കുന്നു. അതിന്റെ പ്രതിഫലം എഡിറ്റർ തീർച്ചയായും അയച്ചുകൊടുക്കും അദ്ദേഹത്തിനു്. പക്ഷേ, രാജൻ കഥയെഴുതുകില്ല എന്നു തീരുമാനിക്കുകയും അതു് പത്രത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്താൽ കേരളത്തിലെ സഹൃദയർ കുങ്കുമം പത്രാധിപർ കൊടുക്കുന്ന പണത്തേക്കാൾ വലിയ സംഖ്യ അദ്ദേഹത്തിനു് നേരിട്ടയച്ചുകൊടുക്കും. അത്രകണ്ടു വിരൂപമായിട്ടുണ്ടു് അദ്ദേഹത്തിന്റെ കഥ. വൈരൂപ്യം എങ്ങനെയെന്നു ചോദിച്ചാൽ ആയിരക്കണക്കിനു്, ലക്ഷക്കണക്കിനു്, കോടിക്കണക്കിനു് എഴുത്തുകാർ ചവച്ചുതുപ്പിയ ഒരു കരിമ്പിൻ ചണ്ടി അദ്ദേഹമെടുത്തു കുങ്കുമം വാരികയുടെ നല്ല തളികയിൽ വച്ചിട്ടു് നമ്മോടു ഭക്ഷിക്കാൻ പറയുന്നു എന്നതുതന്നെ. അഭിലഷണീയമായ കൃത്യത്തിനു് ആഹ്വാനം നടത്തുന്നതു് വൈരൂപ്യം തന്നെ. ഒരുകാലത്തു് കാമുകിയും കാമുകനുമായിരുന്ന രണ്ടുപേർ വാർദ്ധക്യകാലത്തു കണ്ടുമുട്ടുന്നു. പഴയ ഒൻപതാംക്ലാസ്സ് പരീക്ഷ ജയിച്ചു് ആളുകൾ സംസാരിക്കുന്നതുപോലെ അച്ചടിഭാഷയിൽ സംസാരിക്കുന്നു. പിരിയുന്നു. അവൾ വിവാഹിതയായിട്ടും അയാൾക്കു് ആശംസകൾ അയച്ചിരുന്നു. പക്ഷേ, മേൽവിലാസം കത്തുകളിൽ കാണിച്ചിരുന്നില്ല. ഇപ്പോൾ പിരിഞ്ഞുപോകാൻ നേരത്തും അവൾ സ്വന്തം മേൽവിലാസം നല്കിയില്ല. ഇതാണു് രാജന്റെ ‘മേൽവിലാസമില്ലാത്ത ആശംസകൾ’.

കഥ രസശുഷ്കവും സർവസാധാരണവും. കലാസങ്കേതം—ടെക്നിക്—വിരസവും കൃത്രിമവും. ഉൾക്കാഴ്ച (ഇൻസൈറ്റ്) പൂജ്യം. ഞാനിതു് എഴുതിക്കൊണ്ടു് ജന്നലിലൂടെ അന്തരീക്ഷത്തിലേക്കു നോക്കുമ്പോൾ ഒരു കൃഷ്ണപ്പരുന്തു് ചിറകുകൾ അനക്കാതെ ഒഴുകുന്നതായി കാണുന്നു. ചെക്കോവും മോപസാങ്ങും കൃഷ്ണപ്പരുന്തുകൾ. ഈ പക്ഷിയുടെ അസ്ഥിപഞ്ജരം കാഴ്ചബംഗ്ളാവിൽ വച്ചാൽ അതു കാണുന്നവനു് എന്തുതോന്നും? രാജന്റെ കഥ വയിച്ചാൽ എന്തു തോന്നുമോ അതുതന്നെ തോന്നും.

images/Thirunaloorkarunakaran.jpg
തിരുനെല്ലൂർ കരുണാകരൻ

മാർച്ച് 20-നു വൈകുന്നേരത്തു തിരുവനന്തപുരത്തെ പ്രഭാത്ബുക്ക് ഹൗസിലേക്കു ചെന്നു. തെല്ലകലെ ജനയുഗം വാരികയുടെ കോപ്പികൾ വച്ചിരുന്നു. കവർ പേജിൽ ഒരുത്തന്റെ പടംകണ്ടു് “ഏതു കുരങ്ങനെയാണു് ഇതിൽ പ്രതിഷ്ഠിച്ചിരിക്കുന്നതു്?” എന്നു ചോദിച്ചുകൊണ്ടു് ഞാൻ വാരികയെടുത്തു. അപ്പോഴാണു് എനിക്കു മനസ്സിലായതു് അതു് എന്റെ പടം തന്നെയാണെന്നു്. എന്റെ ചോദ്യം കേട്ടു് ഹൗസ് മാനേജറും അദ്ദേഹത്തിന്റെ അസിസ്റ്റന്റും മന്ദസ്മിതം തൂകി. ആ മന്ദസ്മിതത്തിൽ, എന്നോടുള്ള സ്നേഹം പ്രകടമായിരുന്നു. എങ്കിലും എന്റെ പടം വാരികയുടെ കവർപേജിൽ അച്ചടിക്കാൻ നിർദ്ദേശിച്ച പ്രഫെസർ തിരുനെല്ലൂർ കരുണാകര നോടു് എനിക്കു കൃതജ്ഞതയുണ്ടു്.

മാസ്റ്റർ പീസ്
images/NaguibMahfouz1980.jpg
നജീബ് മാഫൂസ്

സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ നജീബ് മാഫൂസി ന്റെ (Naguib Mahfouz) Children of Gebelawi എന്ന നോവൽ അപ്രതീക്ഷിതമായിട്ടാണു് എന്റെ കൈയിൽ കിട്ടിയതു്. അദ്ദേഹത്തിന്റെ Miramar എന്ന നോവലിനെക്കുറിച്ചു് ഈ പംക്തിയിൽ മുൻപെഴുതിയിരുന്നു. ആ നോവൽ സാഹിത്യപരമായ മേന്മയുള്ളതാണെങ്കിലും അതിന്റെ രചയിതാവിനു നോബൽ സമ്മാനം കിട്ടാൻ അർഹതയുണ്ടോ എന്നെനിക്കു സംശയമുണ്ടായിരുന്നു. ആ സംശയം ഒരു ഫലിതോക്തിയുടെ മട്ടിൽ ഞാൻ ആവിഷ്കരിക്കുകയും ചെയ്തു. എന്നാൽ Children of Gebelawi എന്ന നോവലിന്റെ പാരായണത്തിനു ശേഷം മാഫൂസിന്റെ സമ്മാനാർഹതയെക്കുറിച്ചു് എനിക്കൊരു സംശയവുമില്ല.

നോവൽ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു് Philip Stewart എഴുതിയ അവതാരികയിൽ ഇതു് ഈജിപ്റ്റിൽ ഉളവാക്കിയ പ്രതിഷേധത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. മാസ്റ്റർപീസായി പരിഗണിക്കപ്പെടുന്ന ഈ നോവൽ നാസറി ന്റെ ഈജിപ്റ്റിലെ Al-Ahram പത്രത്തിൽ പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയപ്പോൾ പുരോഹിതർ കുഞ്ഞാടുകളോടുകൂടി തെരുവുകളിലിറങ്ങി ബഹളം കൂട്ടി. പ്രക്ഷോഭണം വർദ്ധിച്ചു. ഒരു പ്രസാധകനും ഇതു പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്താൻ തയ്യാറായില്ല. നോവൽ അച്ചടിച്ചുവന്ന വർത്തമാനപ്പത്രത്തിന്റെ കോപ്പികൾ കൈമാറിയാണു് ആളുകൾ അതു വായിച്ചതു്.

images/ChildrenofGebelawi.jpg

നോവലിൽ തെളിഞ്ഞ ചില കഥാപാത്രങ്ങളുണ്ടു്. ഇവരുടെ ജീവിത ചിത്രീകരണത്തിലൂടെ, അപ്രത്യക്ഷമായ ഒരീജിപ്റ്റിന്റെ ചരിത്രം നമുക്കു കിട്ടുന്നു. ഗതകാലസൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും ആവിഷ്കരിക്കപ്പെടുന്നു. ഈ കഥാപാത്രങ്ങളിലൂടെ ആദം, മോസസ്സ്, യേശു, മുഹമ്മദ് ഇവരുടെ ജീവിതങ്ങൾ ഭംഗ്യന്തരേണ പ്രതിപാദിക്കപ്പെടുകയാണു്. Gebelawi ഈശ്വരന്റെ പ്രതിരൂപമത്രേ. അല്ലെങ്കിൽ മാഫൂസ് തർജ്ജമക്കാരനോടു പറഞ്ഞതുപോലെ മനുഷ്യർ ഈശ്വരനെക്കുറിച്ചു രൂപവത്കരിച്ച ആശയത്തിനു പ്രാതിനിധ്യം വഹിക്കുന്നു. പ്രവാചകരെ ഈജിപ്റ്റുകാർ എങ്ങനെ സംവീക്ഷണം ചെയ്യുന്നുവെന്നു വ്യക്തമാക്കുന്ന ഈ നോവൽ സാമുഹികം, രാഷ്ട്രവ്യവഹാരപരം, ആധ്യാത്മികം ഈ തലങ്ങളിൽ നൂതനമാനങ്ങൾ പ്രദർശിപ്പിക്കുന്നു. Oppression must cease as night yields to day. We shall see the end of tyranny and dawn of miracles എന്നു പ്രഖ്യാപിക്കുന്ന മാഫൂസ് മർദ്ദനത്തിനു് എതിരായി, ഭീകരഭരണത്തിനെതിരായി നില്ക്കുകയാണു് എന്നതു വ്യക്തം. ഇതിൽ ഈശ്വരൻ മരിക്കുകയും ചെയ്യുന്നു.

ഈ നോവൽ വായിച്ചവസാനിപ്പിച്ചിട്ടു് ഞാനിതു സ്നേഹപൂർവം മേശപ്പുറത്തുവച്ചു. എങ്കിലും അതു് അവിടെക്കിടന്നു തുടിക്കുന്നു. ‘എന്നെ വീണ്ടും കൈയിലെടുക്കു’ എന്നല്ലെ അതു പറയുക?

പവനൻ

പണ്ടു് തിരുവിതാംകൂറിൽ കാമേശം എന്നൊരു തടിവിദഗ്ദ്ധനുണ്ടായിരുന്നു. സി. പി. രാമസ്സ്വാമി അയ്യരു ടെ ആളായിരുന്നു അദ്ദേഹം. മരങ്ങളിൽ കുത്തിവയ്പു നടത്തുക, തടികളിൽ രാസദ്രവ്യം കയറുക ഇവയെല്ലാം അദ്ദേഹത്തിന്റെ ജോലികളായിരുന്നു. ജീവനുള്ള മരങ്ങളെയും മരിച്ച തടികളെയും അസ്തിത്വം ദീർഘിപ്പിക്കാനുള്ള പരിപാടികൾ. കുറേക്കഴിഞ്ഞു കാമദേശം തിരുവനന്തപുരം വിട്ടുപോയി. ഇവിടെ ദീർഘകാലം താമസിച്ചിരുന്നെങ്കിൽ പ്ലാവിൽ മരുന്നു കുത്തിവച്ചു് തേങ്ങ ഉത്പാദിപ്പിക്കാൻ കാമേശം ശ്രമിക്കുമായിരുന്നു. പ്രകൃതിക്കു ചില നിയമങ്ങളുണ്ടു്. അവയനുസരിച്ചു് മരങ്ങൾ വളർന്നുകൊള്ളും. ആ വൃക്ഷങ്ങളിൽ രാസവസ്തുക്കൾ കയറ്റുന്നതു് നിഷ്ഠൂരതയാണു്.

കലാകാരന്മാരെ മർദ്ദിച്ചു് ‘ഇന്ന വഴിയിലൂടെ മാത്രം പോകൂ’ എന്നു ജനമർദ്ദകർ ആജ്ഞാപിക്കുന്നതു് നിഷ്ഠൂരത. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ആരെയെങ്കിലും ഭർത്സിക്കുന്നതും നിഷ്ഠൂരത. എന്റെ ഈ ലേഖനങ്ങളിൽ ശൃംഗാരം കാണും. പക്ഷേ, അശ്ലീലപദപ്രയോഗമില്ല. എങ്കിലും അശ്ലീലപദപ്രയോക്താവായതുകൊണ്ടാണു് അസഭ്യം നിറഞ്ഞ നോട്ടീസുണ്ടായതെന്ന അർത്ഥത്തിൽ ചിലരെല്ലാം എഴുതി. ശരിയല്ല അതു്. ഞാൻ ഒരശ്ലീല പദവും പ്രയോഗിച്ചില്ല. ഒരു കുടുംബകാര്യം കൂടി പറയാം. എന്റെ മക്കളെ എടാ എന്നോ എടീ എന്നോ പോലും ഞാൻ ഇന്നുവരെ വിളിച്ചിട്ടില്ല. കാര്യം അതാണു്. എങ്കിലും വസ്തുതകൾക്കു രൂപപരിവർത്തനം വരുത്തി ചിലർ. ആ നിഷ്ഠൂരതയ്ക്കു എതിരായി പവനൻ ധീരമായ ശബ്ദം ഉയർത്തുന്നു. (ജനയുഗം വാരിക—ലക്കം 48) സത്യം കണ്ടെത്താനുള്ള പ്രവണതയിൽ നിന്നാണു് പവനന്റെ ആ ശബ്ദം ഉദ്ഭവിക്കുക. ഞാൻ അദ്ദേഹത്തിനു നന്ദി പറയുന്നു.

നിഷ്ഫലം
images/SriChithiraThirunalBalaRamaVarmaIII.jpg
ശ്രീ ചിത്തിരതിരുനാൾ

ശ്രീ ചിത്തിരതിരുനാൾ മഹാരാജാവു് തിരുവിതാംകൂർ ഭരിച്ച കാലം. മഹാരാജാവു് പദ്മനാഭസ്സ്വാമിക്ഷേത്രത്തിൽ പോകുന്ന സമയംനോക്കി, അദ്ദേഹം കാണത്തക്കവിധത്തിൽ കവടിയാർ–വെള്ളയമ്പലം റോഡിൽ ഒരാൾ എന്നും നില്ക്കും. അദ്ദേഹത്തെ തൊഴും. മഹാരാജാവു് ആ മനുഷ്യനു് കാര്യമായ എന്തോ സഹായം ചെയ്തു എന്നാണു് ഞാനറിഞ്ഞതു്. റോഡരികിൽ നിന്ന യാചകൻ ഭ്രാന്തനായിരുന്നു; ഒരുകാലത്തു് ഇംഗ്ലീഷ് പ്രഫെസറായിരുന്നു.

…എന്ന സ്ഥലത്തു റോഡിൽനിന്നു് പതിവായി എന്നോടു പണം ചോദിച്ചിരുന്ന ഒരു ഭ്രാന്തനോടു് ഒരിക്കൽ ‘പിന്നെത്തരാം’ എന്നു ഞാൻ പറഞ്ഞുപോയി. ഉടനെ അയാൾ എന്നോടു് ആസ്റ്റ്രോഫിസിക്സിന്റെ സങ്കീർണ്ണതകളെക്കുറിച്ചു സംസാരിച്ചു. പതിനഞ്ചു മിനിറ്റു നേരത്തെ വിദഗ്ദ്ധമായ പ്രഭാഷണം. ഞാൻ അമ്പരന്നുപോയി. പിന്നീടു് അന്വേഷിച്ചപ്പോൾ മനസ്സിലായി അയാൾ ഹൈസ്കൂളിൽ ഫിസിക്സ് അധ്യാപകനായിരുന്നുവെന്നു്.

ഇതൊക്കെ ഈ ലോകത്തു് പതിവാണു്. ഭ്രാന്തനായിയെന്നു കണ്ടാൽ ബന്ധുക്കൾ വീട്ടിൽനിന്നു് അടിച്ചുപുറത്താക്കും. ആ ഭ്രാന്തൻ കുറെക്കാലം യാചിക്കും. റോഡിൽ കിടന്നു ചാകും. നിത്യജീവിതത്തിൽ ഇങ്ങനെ രണ്ടധ്യാപകരെ ഞാൻ കണ്ടു. ഫിക്ഷനിൽ ഇപ്പോൾ അമ്മട്ടിൽ ഒരാളെ കാണുന്നു. ഷൂർഷിദ് ആലം എഴുതിയ ‘വാതിലിൽ മുട്ടുന്നവൻ’ എന്ന ചെറുകഥയിൽ. (കുങ്കുമം—തർജ്ജമ പി. മാധവൻ പിള്ള യുടേതു്) യാചിക്കുമ്പോൾ ഒന്നും കൊടുക്കില്ല മനുഷ്യർ. അയാൾ മരിച്ചാൽ ശവസംസ്കാരത്തിനു വാരിക്കോരിക്കൊടുക്കും. ഈ കാപട്യത്തിനു് അടികൊടുക്കാൻ ശ്രമിക്കുന്ന ഇക്കഥ തുച്ഛമാണു്. ഇതിനെക്കാളൊക്കെ കലാഭംഗിയുള്ള എത്രയോ കഥകൾ മലയാളത്തിലുണ്ടാകുന്നു. മറുനാടൻ മണ്ണിൽനിന്നു് ചെടികൾ പിഴുതുകൊണ്ടുവരുമ്പോൾ അവയ്ക്കു ഭംഗിയുണ്ടോ എന്നുകൂടി നോക്കേണ്ടതാണു്. നോക്കിയില്ലെങ്കിൽ ആ പ്രവൃത്തി നിഷ്ഫലമാകും.

രാജവീഥിയിലൂടെ നടക്കുന്ന ഏതൊരു സ്ത്രീയുടെയും ശ്രദ്ധ തങ്ങളുടെ കണ്ണുകൾ പുരുഷന്മാരിൽ പതിക്കരുതെന്നാണു്. അതുകൊണ്ടു് അവർക്കു് ഒരു ടെൻഷൻ—പിരിമുറുക്കം—ഉണ്ടാകും. നമ്മുടെ ചില നിരൂപകരുടെ ‘നിർബ്ബന്ധം മറ്റെഴുത്തുകാരെ പ്രശംസിക്കരുതെന്നാണു്’. അതുകൊണ്ടു് അവരുടെ മുഖത്തും ടെൻഷൻ കാണാം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-04-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.