കുട്ടിക്കാലത്തു കെട്ടുകഥകൾ ഒരുപാടു വായിച്ചിരുന്നു ഞാൻ. അവയിലൊരു കഥയിൽ “സെവൻ ലീഗ് ബൂട്സ്” ധരിച്ച ഒരു മുണ്ടന്റെ കഥയുണ്ടു്. ലീഗ് എന്നു പറഞ്ഞാൽ ഏതാണ്ടു മൂന്നു നാഴികയാണു്. ഹ്രസ്വകായൻ ഒരു കാലെടുത്തു മുന്നോട്ടുവച്ചാൽ ഇരുപത്തൊന്നുനാഴിക താണ്ടിയിരിക്കും. കാരാഗൃഹത്തിലാക്കിയ ഒരു രാജകുമാരിയെ സൂക്ഷിക്കുക എന്നതായിരുന്നു അയാളുടെ ജോലി. ഒരു ദിവസം മുണ്ടൻ അല്പമൊന്നു് ഉറങ്ങിപ്പോയി. ആ തക്കം നോക്കി രാജകുമാരി തടവറയിൽ നിന്നു രക്ഷപ്പെട്ടു. മുണ്ടൻ ഉണർന്നു നോക്കിയപ്പോൾ അവളെ കാണാനില്ല. ചാടിയെഴുന്നേറ്റു് അയാൾ നടന്നു. പക്ഷേ, ആദ്യത്തെ കാൽവയ്പുകൊണ്ടുതന്നെ ഇരുപത്തൊന്നു നാഴിക കടന്നുപോയതുകൊണ്ടു് ആ ദൂരത്തിനിടയ്ക്കു് എവിടെയോ ആയിരുന്ന രാജകുമാരിയെ കാണാൻ സാധിച്ചില്ല അയാൾക്കു്. മുണ്ടൻ നടന്നുകൊണ്ടേയിരുന്നു.
ഞാൻ താമസിക്കുന്നിടത്തുനിന്നു് ബസ്റ്റാൻഡിലേക്കു പോകണമെങ്കിൽ എനിക്കു നടക്കാം, ഓടാം, പൊയ്ക്കക്കാലിൽ കയറിപ്പോകാം. പന്ത്രണ്ടടിപ്പൊക്കത്തിൽ പൊയ്ക്കാലിലുളള നടത്തം കണ്ടു് പ്രേക്ഷകർ ചിരിച്ചെന്നു വരും. ഫാന്റസിയും അലിഗറിയും പൊയ്ക്കാലിലെ നടത്തമാണു്. എഴുത്തുകാർ നടന്നാൽ മതി. അതാണു സ്വാഭാവികം.
ഞാനൊരു സെവൻ ലീഗ് ബൂട്ട്സ്കാരനാണെന്നും അതുകൊണ്ടു് എന്നിൽനിന്നു രക്ഷപ്പെട്ട മലയാള സാഹിത്യമാകുന്ന രാജകുമാരിയെ ഞാൻ കാണുന്നില്ലെന്നും എറണാകുളത്തുനിന്നു ഒരു വായനക്കാരി എഴുതി അയച്ചിരിക്കുന്നു. ‘ഞങ്ങളുടെ പ്രിയപ്പെട്ട കഥാകാരനായ എം. ടി. വാസുദേവൻനായരെ അംഗീകരിക്കാത്ത നിങ്ങൾ സഹൃദയനാണോ’ എന്നുവരെ ആ വായനക്കാരി ദേഷ്യത്തോടെ ചോദിക്കുന്നു. അവരോടു ഇനി വരുന്ന ഖണ്ഡിക വായിക്കാൻ ഞാൻ അപേക്ഷിക്കുന്നു.

തന്റെ യവ്വനകാലത്തു് അയാൾ ആ യുവതിയെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നക്ഷത്രങ്ങളാണെന്നു് അയാൾക്കു തോന്നിയിരിക്കും. അവളുടെ ചിരിയെക്കാൾ മനോഹരമായി ഈ ലോകത്തു വേറെ എന്തെങ്കിലുമുണ്ടോ എന്നു് അയാൾ തന്നോടുതന്നെ ചോദിച്ചിരിക്കും. മാറത്തു പുസ്തകക്കെട്ടു ചേർത്തുപിടിച്ചു്, അവൾ വന്നപ്പോൾ അയാളുടെ മാറിടത്തിലൂടെ എത്രയെത്ര മിന്നൽപ്പിണരുകൾ പാഞ്ഞിരിക്കില്ല. അവളെ വിചാരിച്ചു് ശയനീയത്തിൽ താനേ തിരിഞ്ഞും മറിഞ്ഞും അയാൾ എത്ര രാത്രികൾ കിടന്നിരിക്കില്ല! വേണമെങ്കിൽ അയാളുടെ ഇച്ഛയ്ക്കു സാഫല്യം വരുത്താമായിരുന്നു. താൻ താമസിക്കുന്നിടത്തേക്കു് അയാൾ അവളെ ക്ഷണിച്ചതാണു്. അവൾ ചെന്നില്ല. ഒന്നുകൂടെ ക്ഷണിച്ചിരുന്നെങ്കിൽ, ഒരിക്കൽക്കൂടി നിർബന്ധിച്ചിരുന്നെങ്കിൽ അവൾ ആഹ്ലാദത്തോടെ ചെല്ലുമായിരുന്നു. പക്ഷേ, അയാൾ ക്ഷണിച്ചില്ല. കത്തിനു മറുപടി അയയ്ക്കാത്തതുകൊണ്ടും അയാൾക്കു പരിഭവമുണ്ടായില്ല. എന്താണതിനു കാരണം? കാമോത്സുകത കലർന്ന സ്നേഹത്തിന്റെ സാക്ഷാത്കാരത്തിനു് പ്രതിബന്ധം സൃഷ്ടിക്കുന്നതു സമുദായത്തിന്റെ വിലക്കങ്ങളല്ല, സദാചാരത്തിന്റെ നിയമാവലികളല്ല. ആ സ്നേഹത്തെക്കാൾ ഔന്നത്യമാർന്ന മറ്റൊരു വികാരമുണ്ടു്. അതിനെ നമുക്കു ആധ്യാത്മിക സ്നേഹമെന്നു വിളിക്കാം. ഈ ആധ്യാത്മിക സ്നേഹത്തിന്റെ ചേതോഹരമായ ആവിഷ്കാരമാണു് എം. ടി. വാസുദേവൻ നായരുടെ ‘വാനപ്രസ്ഥം’ എന്ന നീണ്ടകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്— ലക്കങ്ങൾ 27, 28). മലയാള ചെറുകഥയുടെ ശക്തിയും സൗന്ദര്യവും മാനസികോന്നമനശക്തിയും ഈ കലാസൃഷ്ടി എനിക്കു് അനുഭവപ്പെടുത്തിത്തന്നു. തന്റെ മുൻപിൽ നില്ക്കുന്ന യുവതിയെ സ്വന്തം വൈഷയിക കേന്ദ്രത്തിലേക്കു് സംക്രമിപ്പിക്കുക.—തന്റെ മുൻപിൽ നില്ക്കുന്ന യുവാവിനെ സ്വന്തം വൈഷയിക കേന്ദ്രത്തിലേക്കു സംക്രമിപ്പിക്കുക —ഇതു് യഥാക്രമം യുവാവിനും യുവതിക്കും ആകാം. അതുതന്നെയാണു് ഇക്കഥയിലെ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചെയ്തതു്. പക്ഷേ, അവരുടെ ആ വികാരത്തെക്കാൾ വിശുദ്ധിയാർന്ന വേറൊരു വികാരം അവരെ നിയന്ത്രിച്ചു. കാലം കഴിഞ്ഞു. അവൾ വൃദ്ധയായി; അയാൾ വൃദ്ധനും. രണ്ടുപേരും കൂടെയുള്ളവരെ ഒഴിവാക്കിക്കൊണ്ടു കുടജാദ്രിയിൽ എത്തുന്നു. നേരം വൈകിയതുകൊണ്ടു് അവിടെയുള്ള ഒരു മുറിയിൽ അടുത്തടുത്തു കിടന്നുറങ്ങുന്നു. അയാൾ അവളുടെ കൈത്തലം ഒന്നു തലോടി. അത്രേയുളളു. അതിൽക്കവിഞ്ഞൊന്നും ഉണ്ടായില്ല. അനുഗൃഹീതനായ കഥാകാരൻ ആ രംഗം വർണ്ണിക്കുന്നതിന്റെ ചാരുത കാണുക:
“പകലത്തെ ദേഹാധ്വാനത്തിന്റെ ക്ഷീണവും തണുപ്പുംകൊണ്ടു നേരത്തേ ഉറക്കം വരുന്നുവെന്നു തോന്നി. തളർന്ന ശരീരം. അനങ്ങാനാവാതെ നിർജ്ജീവമായി പായിൽ കിടന്നു. അതിന്റെ കൂടു തുറന്നു വളർത്തുമൃഗം പഴയ സ്വപ്നങ്ങളുടെ പൊന്തക്കാടുകളിൽ ഇരതേടി നടക്കുന്നതും വീണ്ടും കൂട്ടിൽ കയറുന്നതും അയാൾക്കു കണ്ണടച്ചു കിടക്കുമ്പോഴും വ്യക്തമായി കാണാൻ കഴിയുന്നു.”
അന്യനു ദുഃഖമുണ്ടാക്കാൻ നമുക്കു് ഒരധികാരവുമില്ല. പിന്നെ കൂടിയേതീരു എന്നുണ്ടെങ്കിൽ നിങ്ങൾ ടി. വി. സെറ്റിന്റെ മുൻപിലാണോ എപ്പോഴുമിരിക്കുന്നതു് എന്നു ചോദിക്കാം.
ഇരതേടി നടന്ന ആ പഴയ കിനാവു് വൈഷയികത്വമാണു്. അതിനെ രണ്ടുപേരും കൂട്ടിനകത്താക്കുന്നതിലാണു് അവരുടെ വിജയമിരിക്കുന്നതു്. കലയുടെ വിജയവും അവിടെത്തന്നെ. ചില കഥകളിൽ “ആദർശ”ത്തിനായിരിക്കും പ്രാധാന്യം. ആദർശമെന്നതു് മലയാളത്തിൽ പ്രയോഗിക്കുന്ന അർത്ഥത്തിൽ. വേറെ ചില കഥകളിൽ യാഥാർത്ഥ്യത്തിനായിരിക്കും പ്രാമുഖ്യം. എം. ടി. വാസുദേവൻ നായർ ആദർശത്തേയും യാഥാർത്ഥ്യത്തേയും സമഞ്ജസമായി കൂട്ടിച്ചേർത്തിരിക്കുന്നു. അവിടെയാണു് അദ്ദേഹത്തിന്റെ പ്രതിഭ നമ്മൾ കാണുന്നതു്. മലയാള സാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ കഥകളുടെ; കൂട്ടത്തിലാണു് ഇക്കഥയുടെ നില.
ചോദ്യം: എം. കൃഷ്ണൻനായർ എന്ന വ്യക്തിയിൽനിന്നു് ഈശ്വരൻ മറ്റൊരു വ്യക്തിയെക്കൂടി നിർമ്മിക്കുന്നുവെന്നു വിചാരിക്കു. ആ പുതിയ ആൾ നിങ്ങളോടുകൂടി കൂട്ടുകൂടുമോ?
ഉത്തരം: ഈ ചോദ്യത്തിനു മൗലികതയില്ലല്ലോ ചങ്ങാതീ. ഞാനിതു് എവിടെയോ കണ്ടിട്ടുണ്ടു്. എങ്കിലും പറയാം. കൂട്ടുകൂടിയാൽ ആ പുതിയ ആളിനു് വലിയ ദോഷം ഒന്നും വരില്ല. അയാൾ പുസ്തകമെഴുതിയിട്ടുണ്ടെങ്കിൽ റെവ്യൂ ചെയ്യാം എന്നു പറഞ്ഞു് അയാളെ ഞാൻ പറ്റിക്കും. അയാൾ ക്ഷണിക്കുന്ന സമ്മേളനത്തിൽ പോകാമെന്നു പറയും. പോകില്ല. ഈ ചെറിയ വഞ്ചനകളല്ലാതെ മറ്റൊന്നും എന്നിൽ നിന്നുണ്ടാവുകയില്ല. അയാൾ കത്തികൊണ്ടു് എന്നെ കുത്തിക്കൊല്ലാൻ ശ്രമിച്ചാൽ ഞാൻ തടയും എന്നല്ലാതെ അയാളെ അങ്ങോട്ടു കുത്തുകില്ല.
ചോദ്യം: ആരെക്കണ്ടാലും എന്താ ക്ഷീണിച്ചു പോയതു് ? എന്നു ചോദിക്കരുതു്. അതു് മര്യാദകേടാണു് എന്നു് താങ്കൾ എഴുതിയല്ലോ. സ്നേഹത്തോടുകൂടിയും അങ്ങനെ ചോദിക്കരുതോ?
ഉത്തരം: പാടില്ല. ആ ചോദ്യം കേൾക്കുമ്പോൾ അയാൾക്കു് ദുഃഖമുണ്ടാകും. അന്യനു ദുഃഖമുണ്ടാക്കാൻ നമുക്കു് ഒരധികാരവുമില്ല. പിന്നെ കൂടിയേതീരു എന്നുണ്ടെങ്കിൽ നിങ്ങൾ ടി. വി. സെറ്റിന്റെ മുൻപിലാണോ എപ്പോഴുമിരിക്കുന്നതു് എന്നു ചോദിക്കാം. എപ്പോഴും ആ പെട്ടിയുടെ മുൻപിലിരിക്കുന്നവരെ കണ്ടാലറിയാം നമുക്കു്.
ചോദ്യം: രജനീഷിന്റെ സെക്സ് മിസ്റ്റിസിസത്തെക്കുറിച്ചു് നിങ്ങൾ എന്തു പറയുന്നു.
ഉത്തരം: അതു രജനീഷി ന്റെ സ്വന്തം മതമൊന്നുമല്ല. വർഷങ്ങളോളം പഴക്കമുണ്ടു് അതിനു്. ലൈംഗികവേഴ്ച സൃഷ്ടിക്കു കാരണമാണു്. ഈശ്വരൻ സൃഷ്ടികർത്താവായതുകൊണ്ടു് സൃഷ്ടിക്കു കാരണമായിബ്ഭവിക്കുന്ന ലൈംഗിക വേഴ്ചയ്ക്കും ഈശ്വരാംശമുണ്ടെന്നു ചിലർ വിചാരിക്കുന്നു.
ചോദ്യം: സംസ്കാരമുള്ളവനെയും അതില്ലാത്തവനെയും എങ്ങനെ തിരിച്ചറിയാം?
ഉത്തരം: എന്റെ ഉത്തരത്തിനു ഭാഗിക സ്വഭാവമാണു്. സംസ്കാരസമ്പന്നൻ ഏറ്റവും പുതിയ കലാസൃഷ്ടിയെക്കുറിച്ചു് ചലച്ചിത്രത്തെക്കുറിച്ചു് ചിത്രയുടെ പാട്ടിനെക്കുറിച്ചു് സംസാരിക്കും. സംസ്കാരത്തോടു ബന്ധമില്ലാത്തയാൾ ഐ. ആർ. എട്ടു് എന്ന നെല്ലിനെക്കുറിച്ചു്. സിമന്റിന്റെ വിലക്കൂടുതലിനെക്കുറിച്ചു് എപ്പോഴും സംസാരിക്കും. വർഷങ്ങൾക്കുമുൻപ് ഞാൻ തിരുവനന്തപുരത്തെ വൈ. എം. സി. എ ഹാളിലേക്കു കയറാൻ ഭാവിച്ചപ്പോൾ റോഡിന്റെ ഒരു വശത്തു നിന്നു് എന്റെ ഇംഗ്ലീഷ് പ്രഫെസർ എവിടെപ്പോകുന്നു?” എന്നു ചോദിച്ചു. മുണ്ടശ്ശേരി യുടെ പ്രസംഗമുണ്ടു സാർ. അതു കേൾക്കാൻ പോകുന്നു എന്നു ഞാൻ മറുപടി നൽകി. ഉടനെ സാറ് ‘മുണ്ടശ്ശേരിയോ? ഓ ഓ കേട്ടിട്ടുണ്ടു്. കാത്തലിക്’ എന്നു് ഉത്സാഹത്തോടെ പറഞ്ഞു. സാറിനു് സംസ്കാരത്തോടു ബന്ധമില്ലെന്നു് ഞാൻ എങ്ങനെ എഴുതും. അദ്ദേഹം എന്നെ ഷെൿസ്പീയറി ന്റെ നാടകങ്ങൾ പഠിപ്പിച്ച ആളാണല്ലോ. സർക്കാർ ജോലിക്കാരനും എന്റെ ഒരടുത്ത ബന്ധുവുമായ ഒരാൾ എന്റെ വീട്ടിൽവന്നു. സ്നേഹംകൊണ്ടു് ഞാൻ അയാൾക്കു് മാർകേസി ന്റെ പുതിയ നോവൽ കൊടുത്തു. അയാൾ അതു തുറന്നുപോലും നോക്കാതെ കസേരയിൽ വച്ചു. തിരിച്ചു പോയപ്പോൾ അതു എടുത്തതുമില്ല. പോകുന്ന പോക്കിനു എന്നോടു പറഞ്ഞു. നാളെ വെമ്പായത്ത് പോകണം. കുറെ റബ്ബർഷീറ്റ് വില്ക്കാനുണ്ടു്.

അമേരിക്കനെഴുത്തുകാരൻ ഫിലിപ്പ് റോത്ത് ജനറൽ എഡിറ്ററായി പെൻഗ്വിൻ ബുക്സ് പ്രസാധനം ചെയ്ത Writers from other Europe എന്ന ഗ്രന്ഥ പരമ്പരയിൽപ്പെട്ട ഉത്കൃഷ്ടമായ കഥാസമാഹാരമാണു് ഗെയ്സ്സ ചാറ്റി ന്റെ (Géza Csáth) Opium and other stories എന്നതു്. ഇതിനു് അവതാരികയെഴുതിയ ഇംഗ്ലീഷ് നോവലിസ്റ്റ് Angela Carter പറയുന്നു ചാറ്റിന്റെ Little Emma എന്ന ചെറുകഥയാണു് ആ ഗ്രന്ഥത്തിലെ ഏറ്റവും നല്ല കഥയെന്നു്. ഈ ഹംഗറിയൻ സാഹിത്യകാരന്റെ എല്ലാക്കഥകളും ഒരേരീതിയിൽ മനോഹരമാണു് എന്നാണു് എന്റെ പക്ഷം. എമ എന്ന സുന്ദരിയായ കൊച്ചുപെൺകുട്ടി ഒന്നാംക്ലാസ്സിൽ പഠിക്കുന്നു. അടുത്ത ക്ലാസ്സിലാണു് ഒരു മേജറുടെ മകൻ. അവൻ എമയെക്കണ്ടു സ്നേഹത്തിൽ വീണു. അവന്റെ അധ്യാപകൻ ക്രൂരനാണു്. നിസ്സാരങ്ങളായ തെറ്റുകൾക്കുപോലും അയാൾ കുട്ടികളെ ഭയജനകമായ വിധത്തിൽ മർദ്ദിക്കും. ഈ മർദ്ദനങ്ങൾ കണ്ടും മേജർ വർണ്ണിച്ച ഒരു തൂക്കിക്കൊലയെ അന്തർനേത്രങ്ങൾകൊണ്ടു കണ്ടും അവൻ ക്രൂരതയിലേക്കു തിരിയുന്നു. സ്കൂൾ സമുദായത്തിന്റെ സൂക്ഷ്മാകാരമാർന്ന സ്ഥലമാണല്ലോ. അവിടുത്തെ അക്രമങ്ങളും മർദ്ദനങ്ങളും കണ്ടു കുട്ടികൾ നൃശംസതയാർജ്ജിക്കുന്നു. അവർ സ്വന്തമായ ഒരു കൊലക്കളമുണ്ടാക്കി. ആദ്യം അവിടെയൊരു പട്ടിയെ തൂക്കിക്കൊന്നു. രണ്ടാമതു് അതിലേപോയ എമയെത്തന്നെ കയർത്തുമ്പിൽ കുരുക്കി. വധസ്ഥലത്തു് ബലാൽക്കാരമായി എടുത്തുവയ്ക്കപ്പെട്ട എമ പ്രതിഷേധിച്ചു: No I won’t let you! little Emmma screamed and started crying.
മോഡേൺ കവിതയോ കഥയോ വായിച്ചിട്ടു് അർത്ഥം മനസ്സിലായില്ലെങ്കിൽ എന്നോടു ചോദിക്കരുതു്. കവിയോടും ചോദിക്കരുതു്. അതു പ്രസിദ്ധപ്പെടുത്തിയ പത്രാധിപരോടു ചോദിക്കുകയേ അരുതു്. അവർക്കാർക്കും അർത്ഥം പറയാനാവില്ല. മോഡേൺ ക്രിട്ടിക്കിനോടു വേണം ചോദിക്കാൻ. അയാൾ എന്തും പറഞ്ഞു തരും.
മേജറുടെ മകൾ ഇർമ (അവൾക്കു് എമയോടു വിരോധമുണ്ടു്) എമയെ തുടകളിൽ പിടിച്ചു് പൊക്കിക്കൊടുത്തു. കുരുക്കുവീണു. ഉയർത്താൻ ശ്രമിച്ചപ്പോൾ മേജറുടെ മകൻ സഹായത്തിനു് എത്തി. എമയെ കൈകൊണ്ടു പിടിക്കാൻ അങ്ങനെ അവനു സന്ദർഭം കിട്ടി. പെൺകുട്ടിയുടെ വെളളക്കാലുറയിട്ട കാലുകൾ ചലനംകൊണ്ടു. അല്പസമയത്തിനുള്ളിൽ അവൾ നിശ്ചേതനയായി. സമുദായത്തിന്റെ ‘നിയതമായ അക്രമം’ (Normal Violence) എന്നു് അവതാരികയിൽ. കുട്ടികളെ അക്രമാസക്തരാക്കുന്നതിനെ തന്റേതായ രീതിയിൽ ചിത്രീകരിക്കുകയാണു് ഗെയ്സ്സ് ചാറ്റ്. (ഹംഗറിയൻ ഭാഷയിലെ th—ഉച്ചാരണം t എന്നാണ്).

സാദൃശ്യമുണ്ടെന്ന അർത്ഥത്തിൽ പറയുകയല്ല. അംബികാസുതൻ മാങ്ങാടു് ദേശാഭിമാനി വാരികയിൽ എഴുതിയ ‘സീതായനം’ എന്ന ചെറുകഥയിലും സമുദായത്തിന്റെ ക്രൂരത കണ്ടുകണ്ടു് കുട്ടികൾ ക്രൂരതയിലേക്കു ചെല്ലുന്നതിന്റെ ചിത്രീകരണമാണുളളതു്. സഹോദരൻ സ്നേഹിക്കുന്ന എമയോടു് ഇർമയ്ക്കു അസൂയയുളളതുപോലെ ഇക്കഥയിലും അസൂയയുടെ വിളയാട്ടമുണ്ടു്. ഒരാൺകുട്ടിയുടെ ചവിട്ടേറ്റു് കൊച്ചുപെൺകുട്ടി മരിക്കുന്നു ഇക്കഥയിൽ. വലിയ ആളുകളുടെ പ്രവർത്തനങ്ങൾ കണ്ടാണു കുട്ടികൾ ‘കണ്ടിഷൻ’ ചെയ്യപ്പെടുക. ഇടിവെട്ടുമ്പോൾ അച്ഛൻ പേടിച്ചാൽ കുഞ്ഞും പേടിക്കും. അയാൾ ധീരനായി നിന്നാൽ കുഞ്ഞിനു പേടിയുണ്ടാവുകയില്ല. പ്രായപൂർത്തിയായ ആളുകളുടെ അക്രമങ്ങൾ കണ്ടാണു് കുട്ടികളും അക്രമാസക്തരാവുന്നതു്. ഗെയ്സ്സ ചാറ്റിന്റെ കഥ വായിച്ച എനിക്കു് അംബികാസുതന്റെ കഥ ഒരു ചലനവും സൃഷ്ടിച്ചില്ല. അതു വായിച്ചിട്ടില്ലാത്തവർക്കു് ‘ഹായ്, ഇതൊരു പുതുമയുള്ള കഥയാണല്ലോ എന്നു തോന്നും.
- ഈ ലോകത്തു് ഏറ്റവും ‘ബോറിങ്’ ആയതു് സ്വന്തം സ്വപ്നങ്ങൾ മറ്റാളുകളെ പറഞ്ഞുകേൾപ്പിക്കുക എന്നതാണു്. അതുകൊണ്ടു് സ്വപ്നം കണ്ടാൽ അതു് മനസ്സിൽ വച്ചുകൊണ്ടാൽമതി. വേറെ ആരോടും പറയരുതു്.
- മോഡേൺ കവിതയോ കഥയോ വായിച്ചിട്ടു് അർത്ഥം മനസ്സിലായില്ലെങ്കിൽ എന്നോടു ചോദിക്കരുതു്. കവിയോടും ചോദിക്കരുതു്. അതു പ്രസിദ്ധപ്പെടുത്തിയ പത്രാധിപരോടു ചോദിക്കുകയേ അരുതു്. അവർക്കാർക്കും അർത്ഥം പറയാനാവില്ല. മോഡേൺ ക്രിട്ടിക്കിനോടു വേണം ചോദിക്കാൻ. അയാൾ എന്തും പറഞ്ഞു തരും.
- നമുക്കു ഉപകാരം ചെയ്യാൻ കഴിയാത്തവരായി ഈ ലോകത്തു പലരുമുണ്ടു്. ഉപകാരം ചെയ്യുന്നവരോടു മര്യാദയോടും സ്നേഹത്തോടും കൂടി പെരുമാറിയിട്ടു് ഉപകാരം ചെയ്യാൻ കഴിവില്ലാത്തവരെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതു പാപമാണു്. ആ പാപം ചെയ്യുന്നവർ അധമസ്വഭാവമുള്ളവരത്രേ.
- ഫാന്റസി (മനോരഥ സൃഷ്ടി), അലിഗറി ലാക്ഷണിക രചന ഇവ എനിക്കിഷ്ടമല്ല. ഞാൻ താമസിക്കുന്നിടത്തുനിന്നു് ബസ്റ്റാൻഡിലേക്കു പോകണമെങ്കിൽ എനിക്കു നടക്കാം, ഓടാം, പൊയ്ക്കക്കാലിൽ കയറിപ്പോകാം. പന്ത്രണ്ടടിപ്പൊക്കത്തിൽ പൊയ്ക്കാലിലുളള നടത്തം കണ്ടു് പ്രേക്ഷകർ ചിരിച്ചെന്നു വരും. ഫാന്റസിയും അലിഗറിയും പൊയ്ക്കാലിലെ നടത്തമാണു്. എഴുത്തുകാർ നടന്നാൽ മതി. അതാണു സ്വാഭാവികം.

മ്യൂറീയൽ സ്പാർക്കി ന്റെ (Muriel Spark) നോവലുകൾ വായിച്ചിട്ടുണ്ടോ? The Comforters എന്ന നോവൽ പോസ്റ്റ് മോഡേണിസത്തിന്റെ തുടക്കം കുറിച്ചു എന്നാണു് കരുതപ്പെടുക. അതിലെ കഥാപാത്രമായ കരലിൻ (Caroline) നോവലിനെക്കുറിച്ചു് പുസ്തതകമെഴുതുന്നു. അവൾക്കു ചില മതിവിഭ്രമങ്ങൾ. ടൈപ്പ് റൈറ്ററിന്റെ ശബ്ദം കരലിൻ കേൾക്കുന്നു. ആ ശബ്ദം നമ്മൾ വായിക്കുന്ന നോവലിലെ വാക്കുകളിൽ നിന്നുളവാകുന്നതാണു്. കരലിനു് അല്ലാതെ മറ്റാർക്കും അവ കേൾക്കാനും വയ്യ. ടെയ്പ്പ് റെക്കേർഡിൽ അവയെടുക്കാൻ ശ്രമിച്ചിട്ടു് സാധിക്കുന്നില്ല.

“Through the darkness, from beside the fireplace, Caroline heard a sound. Tap The typewriter. She sat up as the voices followed.(ടൈപ്പ് റൈറ്റിൽ നിന്നുള്ള ശബ്ദങ്ങൾ) Caroline yelled. Willi! Oh, my God, the voices… Willi!” (PP. 51, 52. Penguin Books). നോവലിസ്റ്റ് നോവലെഴുതി സൃഷ്ടികർമ്മം നടത്തുന്നു. ഈശ്വരൻ ടൈപ്പ് റൈറ്ററിലൂടെ നോവലിലെ വാക്കുകൾ കേൾപ്പിക്കുന്നു. ഈശ്വരന്റെ സൃഷ്ടികർമ്മവും നോവലിസ്റ്റിന്റെ സൃഷ്ടി കർമ്മവും വിഭിന്നങ്ങളല്ല. (ഈ വ്യാഖ്യാനത്തിനു ഒരു നിരൂപകനോടു കടപ്പാടുണ്ടെനിക്കു്) യഥാതഥങ്ങളായ നോവലുകൾ സത്യാത്മകതയിലേക്കു് അനുവാചകരെ നയിക്കുകയില്ല എന്ന പോസ്റ്റ്മോഡേണിസത്തിന്റെ തത്ത്വം നമ്മെ ഗ്രഹിപ്പിക്കുകയാണു് മ്യൂറിയൽ സ്പാർക്ക്.
വിശ്വസാഹിത്യത്തിന്റെ മനോജ്ഞങ്ങളായ മണ്ഡലങ്ങളിലേക്കു വായനക്കാരെ കൊണ്ടുചെല്ലുക എന്നതാണു് ഈ ലേഖനങ്ങളുടെ പ്രധാനമായ ലക്ഷ്യം. അതു മനസ്സിലാക്കിയാൽ സായ്പിന്റെയും മദാമ്മയുടെയും കലാസൃഷ്ടികളെക്കുറിച്ചു് എപ്പോഴും പറയുന്നു എന്ന പരാതിക്കു് സ്ഥാനമുണ്ടായിരിക്കില്ല. മലയാള സാഹിത്യത്തിലെ എഴുത്തുകാരെക്കുറിച്ചു് അങ്ങനെയൊന്നും പറയാനില്ലതാനും. നവീനതരമോ നവീനതമമോ ആയ മലയാള കഥാസാഹിത്യത്തിൽ എം. ടി. വാസുദേവൻനായർ എന്നൊരു സാഹിത്യകാരനെക്കുറിച്ചു മാത്രമേ എനിക്കു എഴുതാനുള്ളു. പിന്നെ ഒ. വി. വിജയനും ആനന്ദും കാണുമായിരിക്കും. അവരിൽ ആനന്ദിന്റെ ഭാവന മസ്തിഷ്കപരമായതുകൊണ്ടു് അദ്ദേഹത്തിന്റെ കഴിവുകളെ ആദരിച്ചുകൊണ്ടുതന്നെ ഞാൻ മൗനം അവലംബിക്കുന്നു.

ലൈംഗികത്വത്തിന്റെ സവിശേഷത Fear of Flying എന്ന നോവലെഴുതിയ എറിക്ക ജൊങ്ങി നെ സംബന്ധിച്ചിടത്തോളം Zipless… (കുത്തിട്ട സ്ഥലത്തു് ഇംഗ്ലീഷിലെ നാലക്ഷരങ്ങളുള്ള വാക്കു) ആണു്. ഒരു തടസ്സവും കൂടാതെ പരസ്പരം ആരെന്നറിയാതെയുളള വേഴ്ചയാണു് അഭികാമ്യമെന്നു ജൊങ് വിശ്വസിക്കുന്നു. അവർ എഴുതുന്നു:
For the true, ultimate zipless A-1… (നാലക്ഷരം) it was necessary that you never get to know the man very well. (പുരുഷനോടു സൗഹൃദം സ്ഥാപിച്ചാൽപ്പിന്നെ അയാളോടുള്ള വികാരം കെട്ടടങ്ങിപ്പോകുമെന്നു് എഴുതിയിട്ടു് അവർ തുടരുന്നു) And it was passion that I wanted… So another condition for Zipless… (നാലക്ഷരം) was brevity. And anonymity made it even better (ജൊങ്ങിന്റെ Fear of Flying എന്ന നോവലിലുള്ള ഈ ഭാഗം അതിൽ നിന്നല്ല ഞാനുദ്ധരിക്കുന്നിക്കുന്നതു്. The Picador book of Erotic Prose Mounts Venus എന്ന പുസ്തകത്തിൽ നിന്നാണു്. Fear of Flying ഞാൻ രണ്ടു പരിവൃത്തി വായിച്ചിട്ടുണ്ടു്. ഇപ്പോൾ പുസ്തകം കൈയിലില്ല)
മദാമ്മയുടെ രതിസങ്കല്പമല്ല ഭാരതീയനു്. മനസ്സാക്ഷിക്കുത്തും സാമൂഹികങ്ങളായ വിലക്കങ്ങളും ഇവിടെ വളരെ കൂടുതലാണു്. അതുകൊണ്ടു കന്യകയും വിവാഹിതയും അദമ്യമായ അഭിലാഷത്തെ ദമനം ചെയ്തുകൊണ്ടു് പുരുഷനുമായുള്ള വേഴ്ച ഒഴിവാക്കുന്നു. എങ്കിലും ലൈംഗിക വികാരത്തെക്കാൾ അധീശത്വമുള്ള വേറൊരു വികാരമില്ലല്ലോ. അതിനു് അടിമപ്പെട്ടു് ക്രമേണ ഒരു വിവാഹിത പരപുരുഷനോടു യോജിക്കുന്നതിന്റെ ചിത്രം എസ്. എ. ഷുജാദിന്റെ “തണുപ്പ്” എന്ന ചെറുകഥയിലുണ്ടു്. (കലാകൗമുദി) അവളുടെ ക്രമാനുഗതമായ വീഴ്ച കഥാകാരൻ—ഭേദപ്പെട്ട രീതിയിൽ ആവിഷ്കരിക്കുന്നു. കരുതിക്കൂട്ടിയുളള സിംബലിസം ഒഴിവാക്കിയിരുന്നെങ്കിൽ എന്നും ഞാൻ ആശിച്ചു പോയി.
കുട്ടിക്കൃഷ്ണമാരാർ തന്റെ ‘ദന്തഗോപുരം’ എന്ന ഗ്രന്ഥത്തിൽ ആമുഖമായി എടുത്തുചേർത്ത കാക്കശ്ശേരി ഭട്ടതിരി യുടെ ഒരു ശ്ലോകത്തെയും അതിനു താഴെ അദ്ദേഹം എഴുതിച്ചേർത്ത ചില വാക്യങ്ങളെയും ഉദ്ധരിച്ചുകൊണ്ടു് മുരളീധരൻ എന്റെ ഒരഭിപ്രായത്തിനു് മറുപടി പറയുന്നു. സംസ്കാര ഭ്രദമായ മറുപടിയാണതു്. ഭട്ടതിരിയുടെ ശ്ലോകം പൂർണ്ണമായും മുരളീധരൻ എടുത്തെഴുതിയിട്ടില്ലെങ്കിലും ഭാഗ്യംകൊണ്ടു് എനിക്കതു് ഓർമ്മയുണ്ടു്. അതു് ഇതാ:
കുർവേ ഗർവോദ്ധതസ്യ പ്രതിവദിതുരഹം
ഭാരതീമപ്യ സാദ്ധ്വീം
സാദ്ധ്വീം, സാദ്ധ്വീമസാദ്ധ്വീം ബുധവരസമിതൗ
ലക്ഷണേന ക്ഷണേന ക്ഷണേന
മാനാഭാസം പ്രമാണം പ്രമിതിഗതിവശാ
ദ പ്രമാണം പ്രമാണം
സച്ചാസച്ചാ സദന്യന്നിശ മയത ബുധാ
മച്ചരിത്രം വിചിത്രം
(ഗർവുളള എതിർവാദിയുടെ വാക്കു് ശരിയായതിനെ ശരിയല്ലാതാക്കിയും ശരിയല്ലാത്തതിനെ ശരിയാക്കിയും പ്രമാണത്തെ അപ്രമാണമാക്കിയും ഉള്ളതിനെ ഇല്ലാതാക്കിയും ഇല്ലാത്തതിനെ ഉളളതാക്കിയും ഈ വിദ്വാന്മാരുടെ സദസ്സിൽ വച്ചു് ലക്ഷണത്തോടുകൂടി ഖണ്ഡിക്കാം. വിദ്വാന്മാരേ, എന്റെ വിചിത്രമായ ചരിത്രം നിങ്ങൾ കേൾക്കുക.)
ഉദ്ദണ്ഡ ശാസ്ത്രികളോടു വാദിക്കാൻ പോകുന്നതിനു മുൻപ് കാക്കശ്ശേരി ഭട്ടതിരി പറഞ്ഞതാണിതു് എന്നാണു് ഞാൻ കേട്ടിട്ടുള്ളതു്. കുട്ടിക്കൃഷ്ണമാരാർ ‘മഹാഭാരത’ത്തിലും ‘രാമായണ’ത്തിലും ധർമ്മം എവിടെയെല്ലാമുണ്ടോ അതൊക്കെ അധർമ്മമായി കാണുകയും അധർമ്മം എവിടെയെല്ലാമുണ്ടോ അതൊക്കെ ധർമ്മമായി കാണുകയും ചെയ്തു എന്നു ഞാൻ പറഞ്ഞതിനു് സമാധാനമായി മുരളീധരൻ എടുത്തെഴുതിയ ശ്ലോകമത്രേ ഇതു്. ഈ ശ്ലോകമെടുത്തെഴുതുകയും അതിനു മുൻപ് ചില യുക്തികൾ ‘അവതരിപ്പിക്കുക’യും ചെയ്തു അദ്ദേഹം എന്നതിൽക്കവിഞ്ഞു് മര്യാദയെ ലംഘിക്കുന്ന ഒരു വാക്കുപോലും മുരളീധരന്റെ ലേഖനത്തിൽ ഇല്ല. കുട്ടിക്കൃഷ്ണമാരാരുടെ സംസ്കാകാര വിശേഷം മുരളീധരനുമുണ്ടു്.
‘ഭാരതപര്യടന’ത്തെക്കുറിച്ചു് എഴുതാൻ ഇവിടെ സ്ഥലമില്ല. രാമായണത്തെക്കുറിച്ചു് മഹാനായ കുട്ടിക്കൃഷ്ണണമാരാർ പറഞ്ഞതെല്ലാം അക്കമിട്ടു് എഴുതിക്കാണിക്കട്ടെ.
- തന്റെ വനവാസത്തിനു കാരണഭൂതയായ കൈകേയിയുടെ നേർക്കു പകയോടും താൻ ജീവനോടുകൂടിയിരുന്നാൽ അവളെ സുഖിക്കാൻ വിടുകയില്ലെന്ന പ്രതികാരേച്ഛയോടും കൂടിയാണു് രാമൻ സത്യസന്ധതയുടേയും പിതൃഭക്തിയുടേയും പേരിൽ വനവാസമനുഷ്ഠിച്ചു പോന്നതു്.
- അച്ഛന്റെ നേർക്കും അനുകൂലമായ മനോഭാവമല്ല ശ്രീരാമനു്.
- രാമചരിതത്തിന്റെ രഹസ്യം സീതാപരിത്യാഗമുൾപ്പെടെ, രാജ്യലോഭം പ്രഭവേച്ഛ—എന്നതിൽ അടങ്ങിയിരിക്കുന്നു.
- ആർഷമായ ത്യാഗമല്ല രാമനു്. സാധാരണമായ പരിഭവം തന്നെയാണു്.
- രാമൻ ശൂർപ്പണഖയോടു പറഞ്ഞ വാക്കുകൾ അസത്യമെന്നതിലധികം അപമര്യാദയുമാണു്.
- രാമനു സീതയുടെ നേർക്കു സ്നേഹത്തെക്കാളേറെ കാമമാണുണ്ടായിരുന്നതു്.
- രാജ്യത്യാഗത്തിന്റെ മുഖ്യ ലക്ഷ്യം അച്ഛന്റെ സത്യം രക്ഷിക്കലല്ല. രാജ്യലക്ഷ്മിയെ പരിലാളിച്ച തന്റെ പ്രഭാവം ആസ്വദിക്കുന്നതിൽ സീത കരടായിക്കിടക്കുന്നു എന്നു വന്നപ്പോൾ അദ്ദേഹം അവളെ എടുത്തു ദൂരേ വലിച്ചെറിഞ്ഞു.
ഈ അഭിപ്രായങ്ങൾക്കു് ഉപോദ്ബലകങ്ങളായ ശ്ലോകങ്ങൾ കുട്ടിക്കൃഷ്ണമാരാർ എടുത്തുനിരത്തുന്നുണ്ടു്. അവ വായിക്കുന്നവർക്കു ശ്രീരാമൻ മറ്റൊരു സദ്ദാം ഹുസൈനാ യിരുന്നുവെന്നു തോന്നുകയും ചെയ്യും. അന്നു രാമൻ കുവൈറ്റ് ആക്രമിക്കാത്തതു് കുവൈറ്റ് ഇല്ലാതിരുന്നതിനാൽത്തന്നെ. സദ്ദാം രണ്ടാമതൊരു ഭാര്യയെക്കൂടി സ്വീകരിക്കാൻ പോയപ്പോൾ അദ്ദേഹത്തിന്റെ സ്യാലനായ ഖൈരളള എതിർത്തു. പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം ഉടനെ ഹെലികോപ്റ്റർ തകർന്നു മരിച്ചു. ശ്രീരാമനു് ബ്രദർ ഇൻ ലാ ഇല്ലായിരുന്നു എന്നതുകൊണ്ടു് ഹെലികോപ്റ്റർ ക്രാഷ് ഉണ്ടായില്ല. ഇങ്ങനെയൊക്കെ വായനക്കാർ വിചാരിച്ചാൽ ഒരു തെറ്റുമില്ല.
കുട്ടിക്കൃഷ്ണമാരാർ ശ്രീരാമനെ നീചനാക്കി പ്രദർശിപ്പിക്കുന്നതിനുവേണ്ടി ഉദ്ധരിച്ച ശ്ലോകങ്ങൾക്കു ബദലായി നൂറു നൂറു ശ്ലോകങ്ങൾ എടുത്തുകാണിച്ചു് ശ്രീരാമൻ ഉത്കൃഷ്ടപുരുഷനായിരുന്നു എന്നു് എനിക്കു വാദിക്കാൻ പ്രയാസമില്ല. പക്ഷേ, ഞാൻ അങ്ങനെ ചെയ്താൽ കുട്ടിക്കൃഷ്ണമാരാരെപ്പോലെതന്നെ പ്രവർത്തിക്കുകയാവും. അതുകൊണ്ടു് അതിനു് ഒരുമ്പെടുന്നില്ല.
സത്യം ഇതു രണ്ടുമല്ല. മഹാകവികൾ തങ്ങളുടെ കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോൾ അവരുടെ മാനുഷികാംശങ്ങളെ അടിച്ചമർത്തിവയ്ക്കാറില്ല. ഇംഗ്ലീഷിൽ Human appeal എന്നു പറയുന്ന ഗുണമുണ്ടാകണമെങ്കിൽ അവയുടെ ആവിഷ്കാരവും കൂടിയേതീരൂ. അതുകൊണ്ടാണു് ധർമ്മപുത്രരെക്കൊണ്ടു് ഒരു കളളം വ്യാസൻ പറയിക്കുന്നതു്. ആ കളളം പറഞ്ഞതോടെ ധർമ്മപുത്രരുടെ തേരു് ഭൂമിയിൽ തൊട്ടു് ഉരുളാൻ തുടങ്ങി. അതുവരെ അതു് ഭൂമിയിൽനിന്നു് അല്പം ഉയർന്നാണു് ചലിച്ചിരുന്നതു്. ഈ അസത്യപ്രസ്താവമാണു് ആ കഥാപാത്രത്തിനു് ജീവൻ നല്കുന്നതു്. ഇല്ലെങ്കിൽ ആ കഥാപാത്രം ദാരുമയമായിബ്ഭവിച്ചേനേ. ദുര്യോധനൻ, രാവണൻ ഈ കഥാപാത്രങ്ങൾക്കു നല്ല ഗുണങ്ങൾ നല്കിയതും ഇതിനാണു്. പിന്നെ നന്മയും തിന്മയുമുളള കഥാപാത്രങ്ങളിൽ തിന്മ കൂടിയവയെ ദുഷ്ടകഥാപാത്രങ്ങളെന്നും വിളിക്കുന്നു. ആ രീതിയിൽ രാമൻ നല്ലവൻ; രാവണൻ ദുഷ്ടൻ. കുട്ടിക്കൃഷ്ണമാരാർ ഈ സത്യം കണ്ടില്ല.
രാമായണവും ഭാരതവും വായിച്ചുതീരുമ്പോൾ രാമൻ ശപ്പനാണെന്നും ധർമ്മപുത്രർ ഏഭ്യനാണെന്നും ആരും പറയുകയില്ല. അവർ ഔജ്ജ്വല്യമാർന്നു് നിൽക്കുന്നു. ഭാരതീയരുടെ ആധ്യാത്മികത്വത്തെ ഉയർത്തിയ കഥാപാത്രങ്ങളാണു് അവർ. പ്രകൃതിയെന്തു്? ഈശ്വരനാരു്? മനുഷ്യനാരു്? എന്നു് അവർ വ്യക്തമാക്കിത്തരുന്നു. രാഷ്ട്രനിർമ്മാതാക്കളാണു് അവർ. മുരളീധരൻ സുജനമര്യാദയ്ക്കുലോപം വരുത്താതെ പ്രബന്ധം രചിച്ചതും ശ്രീരാമന്റെയും ധർമ്മപുത്രരുടെയും അംശങ്ങൾ അദ്ദേഹത്തിന്റെ രക്തത്തിലുള്ളതുകൊണ്ടാണു്. അങ്ങനെ ഭാരതത്തിന്റെ (ഇന്ത്യയുടെ) നിർമ്മാതാക്കളായ കഥാപാത്രങ്ങളെ ഇമ്മട്ടിൽ കുട്ടിക്കൃഷ്ണമാരാർ അവതരിപ്പിച്ചതു് ചെറിയ തെറ്റല്ല, വലിയ തെറ്റാണു്. മതത്തിന്റെയും, ജീവിതത്തിന്റെയും ആധ്യാത്മികത്വത്തിന്റെയും ശാശ്വത പ്രതീകമായ, ശ്രീരാമനു രാജ്യലോഭമോ? അദ്ദേഹത്തിനു കാമാസക്തിയോ? ‘പെർവേർഷൻ’ എന്തെല്ലാം ആളുകളെക്കൊണ്ടു പറയിക്കില്ല! (മുരളീധരന്റെ ലേഖനം കുങ്കുമം വാരികയിൽ)

കീർക്കഗോറി ന്റെ ഏതോ പുസ്തകത്തിൽ വായിച്ചതാണു്. നമ്മളോടു് ഒരുത്തൻ സംസാരിച്ചു കഴിഞ്ഞിട്ടു പുറംതിരിഞ്ഞങ്ങു നടക്കുന്നു. അയാൾ പോകുന്നുവെന്നു നമ്മൾ ഉടനെ മനസ്സിലാക്കുമല്ലോ. എന്നാൽ നമ്മുടെ മുഖത്തുനോക്കിക്കൊണ്ടുതന്നെ അയാൾ, പിറകോട്ടു കാലുകൾ വച്ചുവച്ചു് പോയാലോ? ഞാനിതാ ഇവിടെത്തന്നെയുണ്ടു് എന്നു പറയുന്ന മട്ടാണു് അയാൾക്കു്. അതേസമയം അകന്നകന്നുപോകുകയും ചെയ്യുന്നു. നിരൂപകർ ഒന്നുകിൽ പ്രതിഷേധ സൂചകമായി ഗ്രന്ഥത്തിൽനിന്നു പുറംതിരിഞ്ഞു നടന്നുപോകണം. അല്ലെങ്കിൽ ഗ്രന്ഥത്തിൽ നോക്കിക്കൊണ്ടു നില്ക്കണം. രണ്ടും ചെയ്യാതെ അതിൽനിന്നു മുഖമെടുക്കാതെ പിറകോട്ടു പിറകോട്ടു കാലുകൾ വച്ചു് അകലുന്നതു് ശരിയല്ല.
- ട്രയൽ:
- കിഴക്കേക്കോട്ടയ്ക്കു ബസ്സ് കാത്തുനില്ക്കുമ്പോൾ നമ്മുടെ അടുത്തുകൂടെ പോകുന്ന പല ബസ്സുകളിലും കാണുന്ന ബോർഡ്. ബുക്ക് സ്റ്റാളിൽ ചെന്നാൽ കാഫ്ക യുടേതായി കാണപ്പെടുന്ന ഒരു പെൻഗ്വിൻ പുസ്തകം.
- ഫോട്ടോഗ്രാഫി:
- വൈരൂപ്യമുളള പുരുഷനു താനൊരു മമ്മൂട്ടി യാണെന്നു് തീരുമാനിക്കാൻ സഹായിക്കുന്ന കല. ഫോട്ടോഗ്രാഫറുടെ ‘ടച്ചിങ്’ വിജയം പ്രാപിക്കട്ടെ എപ്പോഴും.
- കോപ്പിയെഴുത്തു്:
- എല്ലാ ഡോക്ടർമാരെയും കൊണ്ടു ചെയ്യിക്കേണ്ട പ്രവൃത്തി.
- അടുക്കള:
- ചിലർക്കു ഭാര്യമാരെ അവരറിയാതെ പിറകുവശത്തു ചെന്നു് ആലിംഗനം ചെയ്യാനുളള സ്ഥലം. മറ്റു ചിലർക്കു പരിചാരികമാരെയും.
- വൈലോപ്പിളളി:
- നാസ്തികനോ ആസ്തികനോ? മഹാകവിയോ അതോ മഹത്തമില്ലാത്ത കവിയോ? ഉത്തരം പറയാൻ വയ്യ. കാലം മാത്രമേ സത്യം സ്പഷ്ടമാക്കൂ.
- സാഹിത്യകാരന്മാർ:
- ഉപജാപകസംഘം. എന്തു കൊണ്ടും ‘രാഷ്ട്രീയക്കാരെ’ക്കാൾ മോശപ്പെട്ടവർ…
- പ്രശ്നം:
- മലയാളഭാഷയിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാക്കു്.
- ഫൂക്കോ:
- വലിയ ചിന്തകൻ. പക്ഷേ, മരിച്ചതു എയ്ഡ്സ് പിടിച്ചു്.
- മോപസാങ്:
- അദ്ദേഹത്തെ അതിശയിച്ച ഒരു കഥാകാരൻ ഇല്ല. പക്ഷേ, മരിച്ചതു സിഫിലിസ് പിടിച്ചു്.
- ചങ്ങമ്പുഴ:
- മലയാളത്തിലെ ഏറ്റവും വലിയ ലിറിക് കവി. മരണത്തെക്കുറിച്ചു് എഴുതാൻ വയ്യ.
- വക്കം അബ്ദുൾ ഖാദർ:
- എന്റെ സ്നേഹിതൻ എ. ബാലകൃഷ്ണപിളള യെപ്പോലെ വിശ്വസാഹിത്യത്തിലേക്കു കേരളീയരെ നയിച്ച സാഹിത്യകാരൻ.
- ശിവപ്രസാദ് സി. വേലുക്കുട്ടി:
- കുമാരനാശാൻ സങ്കല്പിച്ച വാസവദത്ത. പുരുഷന്റെ പ്രവൃത്തികൾ. പക്ഷേ, സ്റ്റേജിൽ സുന്ദരിയായ തരുണി. ഷീല യെക്കാൾ ജയഭാരതി യെക്കാൾ സുന്ദരി (അതോ സുന്ദരൻ എന്നു പറയണോ)

ഇംഗ്ലീഷ് ഭാഷയെ ഗളഹസ്തം ചെയ്യാൻ ഭാരതത്തിലെ ചില സ്റ്റെയിറ്റുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ Megatrends 2000 എന്ന പുസ്തകത്തിൽ നിന്നു് എനിക്കു് ആ ഭാഷയെക്കുറിച്ചു് കിട്ടിയ വിവരങ്ങൾ സംഗ്രഹിച്ചു് എഴുതുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു.
ഇംഗ്ലീഷ് അതിവേഗം വിശ്വഭാഷയായിക്കൊണ്ടിരിക്കുന്നു. പന്ത്രണ്ടു രാജ്യങ്ങളിലെ നാന്നൂറുമില്യൻ ആളുകളുടെ ഭാഷയാണതു് (ഒരു മില്യൻ=പത്തുലക്ഷം) ലോകത്താകെ ഒരു ബില്യൻ ആളുകൾ അതു സംസാരിക്കുന്നു. (ഒരു ബില്യൻ=അമേരിക്കയിൽ ആയിരം ദശലക്ഷം) എ. ഡി. 2000 ആകുമ്പോൾ അതു് 1.5 ബില്യനാകും. സോവിയറ്റ് യൂണിയൻ, നോർവെ, സ്വീഡൻ, ഡെൻമാർക്ക് ഈ രാജ്യങ്ങളിൽ ഇംഗ്ലീഷ്, സ്കൂളുകളിൽ നിർബന്ധ വിഷയമാണു്. ടോക്കിയോയിൽ 1300 ഇംഗ്ലീഷ് സ്കൂളുകൾ ഉണ്ടു്.
സാഹിത്യകാരന്മാർ: ഉപജാപകസംഘം. എന്തു കൊണ്ടും ‘രാഷ്ട്രീയക്കാരെ’ക്കാൾ മോശപ്പെട്ടവർ…
രാഷ്ട്രാന്തരീയ air waves-ൽ ഭാഷ ഇംഗ്ലീഷാണു് വലിയ പ്രക്ഷേപണകേന്ദ്രങ്ങൾ—CBS, NBC, ABC, BBC, CBC ഇവ മുന്നൂറു മില്യൻ ആളുകളെ ഇംഗ്ലീഷ് ഭാഷയിലൂടെ ഉദ്ബോധിപ്പിക്കുന്നു. കമ്പ്യൂട്ടറുകൾ പോലും അന്യോന്യം സംസാരിക്കുന്നതു് ഈ ഭാഷയിലത്രേ. നൂറുമില്യൻ കമ്പ്യൂട്ടറുകളിൽ—80 ശതമാനം അറിവും ഇംഗ്ലീഷിലാണു് ഒതുക്കി വച്ചിരിക്കുന്നതു്. രാഷ്ട്രാന്തരീയ ടെലിഫോൺ സംഭാഷണങ്ങൾ നടക്കുന്നതു് ഇംഗ്ലീഷിൽ. ലോകത്തെ ശാസ്ത്രവിജ്ഞാനത്തിന്റെ 80 ശതമാനവും ഇംഗ്ലീഷിലൂടെ പകർന്നുകൊടുക്കുന്നു. രാഷ്ട്രാന്തരീയ ബിസ്നെസ് ഭാഷ ഇംഗ്ലീഷ് തന്നെ. ഡിപ്ലോമസിയുടെ ഭാഷ ഇതാണു്. UNESCO, NATO, UN. ഇവയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്. ഭാരതത്തിൽ ഇരുന്നൂറു ഭാഷകൾ നിലവിലുണ്ടു്. പക്ഷേ, ഔദ്യോഗിക ഭാഷയായ ഹിന്ദി മുപ്പതു ശതമാനം ആളുകളേ ഉപയോഗിക്കുന്നുള്ളു. ഇന്ദിരാ ഗാന്ധി യുടെ മരണത്തിനുശേഷം രാജീവ് ഗാന്ധി ഭാരതജനതയോടു സംസാരിച്ചതു് ഇംഗ്ലീഷിലാണു്. ഉഗാണ്ട, കെനിയ, ടൻസാനിയ ഈ ആഫ്രിക്കൻ സർവകലാശാലകളിൽ ഇംഗ്ലീഷാണു് ഭാഷ. ഇംഗ്ലീഷ് നമ്മൾ വേണ്ടെന്നു വയ്ക്കണോ?