SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-01-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ “ആ­രെ­ങ്കി­ലും മ­രി­ക്കു­മ്പോൾ അ­യാ­ളു­ടെ ചി­ത്ര­ങ്ങൾ­ക്കു മാ­റ്റം വ­രു­ന്നു. അ­യാ­ളു­ടെ ക­ണ്ണു­കൾ വേ­റൊ­രു­വി­ധ­ത്തി­ലാ­ണു് നോ­ക്കു­ന്ന­തു്. ചു­ണ്ടു­കൾ മ­റ്റൊ­രു­രീ­തി­യിൽ പു­ഞ്ചി­രി­പൊ­ഴി­ക്കു­ന്നു. ഒരു ക­വി­യു­ടെ മൃ­ത­ദേ­ഹം സം­സ്ക­രി­ച്ചു ക­ഴി­ഞ്ഞ­തി­നു­ശേ­ഷം തി­രി­ച്ചെ­ത്തി­യ­പ്പോൾ ഞാനതു മ­ന­സ്സി­ലാ­ക്കി. അ­തി­നു­ശേ­ഷം ഞാൻ പ­ല­പ്പോ­ഴും ഇതു ശ­രി­യാ­ണോ എന്നു നോ­ക്കി­യി­ട്ടു­ണ്ടു്. എന്റെ സി­ദ്ധാ­ന്തം സ്ഥി­രീ­ക­രി­ക്ക­പ്പെ­ട്ടു.” റ­ഷ്യ­യി­ലെ ക­വി­യ­ത്രി അന്ന ആ­ഹ്മാ­ത­വ (Anna Akhmatova 1888–1966 അന്ന ആ­ന്ദ്രേ­വ്ന ഗോ­റി­യ­ങ്കോ എ­ന്ന­തു ശ­രി­യാ­യ പേരു്. ആ­ഹ്മാ­ത­വ തൂ­ലി­കാ­നാ­മം) എ­ഴു­തി­യ ഒരു കാ­വ്യ­ത്തി­ന്റെ ആ­ശ­യ­മാ­ണി­തു്. എ­ന്തു­കൊ­ണ്ടാ­ണു മ­രി­ച്ച­വ­രു­ടെ ചി­ത്ര­ങ്ങൾ­ക്കു മാ­റ്റം വ­രു­ന്ന­തു്? നോ­ട്ടം തന്നെ ധി­ഷ­ണാ­പ­ര­മാ­യ പ്ര­വർ­ത്ത­ന­മാ­ണു്. വ്യ­ക്തി ജീ­വി­ച്ചി­രി­ക്കു­മ്പോൾ സ­മ്മി­ശ്ര­ങ്ങ­ളാ­യ വി­കാ­ര­വി­ചാ­ര­ങ്ങ­ളോ­ടു കൂ­ടി­യാ­വും നമ്മൾ അയാളെ നോ­ക്കു­ക. മ­ക­നാ­യാൽ­പ്പോ­ലും പ­ല­പ്പോ­ഴും ദേ­ഷ്യ­ത്തോ­ടെ അ­വ­ന്റെ പ്ര­വർ­ത്തി­ക­ളെ അ­ച്ഛ­നു വീ­ക്ഷി­ക്കേ­ണ്ടി വരും. അ­തേ­സ­മ­യം അവനെ സ്നേ­ഹി­ക്കു­ക­യും ചെ­യ്യും. മകൻ മ­രി­ക്ക­ട്ടെ. സ്നേ­ഹ­മെ­ന്ന വി­കാ­ര­മേ ശേ­ഷി­ക്കൂ. അ­വ­ന്റെ ന­ന്മ­ക­ളെ­ക്കു­റി­ച്ചു മാ­ത്ര­മേ വി­ചാ­രി­ക്കാ­നാ­വൂ. ചി­ത്ര­ദർ­ശ­ന­വും ധി­ഷ­ണാ­സം­ബ­ന്ധി­യാ­യ പ്ര­ക്രി­യ­യാ­യ­തു­കൊ­ണ്ടു് ന­ന്മ­യാർ­ന്ന സ്വ­ന്തം വി­ചാ­ര­വി­കാ­ര­ങ്ങൾ കൊ­ണ്ടു് ദ്ര­ഷ്ടാ­വു് ആ ചി­ത്ര­ത്തെ പൊ­തി­യു­ന്നു. അ­പ്പോൾ ക­ണ്ണു­കൾ­ക്കു മാ­റ്റം, മ­ന്ദ­സ്മി­ത­ത്തി­നു മാ­റ്റം. ഈ ത­ത്ത്വ­മാ­ണെ­ന്നു തോ­ന്നു­ന്നു അന്ന അ­ഹ്മ­ത­വ കാ­വ്യ­ത്തി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന­തു്.

images/Konstantinos.jpg
C. P. Cavafy

ഹാ­സ്യ­സാ­ഹി­ത്യ­കാ­ര­നാ­യ ശ്രീ. പി. സു­ബ്ബ­യ്യ­പി­ള­ള­യു­ടെ മകൻ യു­വാ­വാ­യി­രി­ക്കെ ഹൃ­ദ­യാ­ഘാ­ത­ത്താൽ മ­രി­ച്ചു. ആ ചെ­റു­പ്പ­ക്കാ­ര­ന്റെ ചി­ത്രം ‘ക­ലാ­കൗ­മു­ദി’യി­ലു­ണ്ടു്. ആ ചി­ത്ര­ത്തോ­ടൊ­രു­മി­ച്ചു് സു­ബ്ബ­യ്യാ­പി­ള്ള­യു­ടെ വി­വ­ര­ണ­വും. ഉ­ട­ക്കു­ളി കൊ­ണ്ടു് ഹൃ­ദ­യ­ത്തെ വ­ലി­ച്ചാൽ എത്ര കണ്ടു വേ­ദ­ന­യു­ണ്ടാ­കു­മോ അ­ത്ര­യും വേദന എ­നി­ക്കു് ഉ­ള­വാ­ക്കി അ­ദ്ദേ­ഹ­ത്തി­ന്റെ വസ്തു സ്ഥി­തി­ക­ഥ­നം. മ­ര­ണ­ത്തി­നു ശേഷം വ്യ­ക്തി­യു­ടെ ചി­ത്ര­ങ്ങൾ­ക്കു മാ­റ്റം വ­രു­മെ­ന്നു് ക­വ­യി­ത്രി എ­ഴു­തി­യ­തു് ഇവിടെ ചേ­രു­മെ­ന്നു തോ­ന്നു­ന്നി­ല്ല. കാരണം മകൻ ജീ­വി­ച്ചി­രു­ന്ന­പ്പോൾ ആ ചെ­റു­പ്പ­ക്കാ­ര­നെ­ക്കു­റി­ച്ചു് അ­ച്ഛ­നു് എന്തു തോ­ന്നി­യി­രു­ന്നു­വോ ആ തോ­ന്നൽ ത­ന്നെ­യാ­ണു് ഇ­പ്പോ­ഴു­മെ­ന്നു് ന­മ്മെ­ക്കൊ­ണ്ടു പ­റ­യി­ക്കു­ന്ന രീ­തി­യി­ലാ­ണു് ഈ രചന. ‘മാനസം ക­ല്ലു­കൊ­ണ്ട­ല്ലാ­തെ­യു­ള്ളൊ­രു’ ഏതൊരു മ­നു­ഷ്യ­നും ഇതു വാ­യി­ച്ചാൽ ക­ണ്ണീർ പൊ­ഴി­ക്കും. ഹൃ­ദ­യ­ത്തു­ടി­പ്പോ­ടെ, ക­ണ്ണീ­രൊ­ഴു­ക്കോ­ടെ­യാ­ണു് ഞാ­നി­തു് വാ­യി­ച്ച­വ­സാ­നി­പ്പി­ച്ച­തു്. മരണം ന­ട­ന്നു ക­ഴി­ഞ്ഞാൽ ത­ത്ത്വ­ചി­ന്ത­കൊ­ണ്ടു് ശോ­ക­ത്തെ അ­ണ­കെ­ട്ടി­നി­റു­ത്താൻ ശ്ര­മി­ക്ക­രു­തു്. ദുഃ­ഖി­ക്കു­ന്ന വ്യ­ക്തി­ക്കു മ­ന­സ്സി­നു ശാ­ന്തി­യു­ണ്ടാ­ക­ട്ടെ എന്നു മാ­ത്ര­മേ നമ്മൾ പ്രാർ­ത്ഥി­ക്കേ­ണ്ട­തു­ള്ളൂ. സു­ബ്ബ­യ്യാ­പി­ള്ള­യ്ക്കു ആ ശാ­ന്ത­ത കൈ­വ­ര­ട്ടെ എന്നു ഞാൻ പ്രാർ­ത്ഥി­ക്കു­ന്നു.

He laid flowers on his cheap coffin,

lovely white flowers,

very much in keeping

with his beauty, his twenty two years

C. P. Cavafy

ഫാൾ­സി­സം
images/Peter-handke.jpg
പേ­റ്റർ ഹൻ­ഡ്കെ

അ­നു­വാ­ച­ക­നെ ഈ­ശ്വ­ര­പു­ത്ര­നാ­യ യേ­ശു­ക്രി­സ്തു­വി­നോ­ടു് ഉ­പ­മി­ക്കു­ന്ന എന്റെ മ­ര്യാ­ദ­കേ­ടി­നു വാ­യ­ന­ക്കാ­രോ­ടു ഞാൻ മാ­പ്പു ചോ­ദി­ക്ക­ട്ടെ. ഒ­ര­ല­ങ്കാ­ര പ്ര­യോ­ഗ­ത്തി­നു വേ­ണ്ടി മാ­ത്ര­മാ­ണു് ഈ സാ­ഹ­സി­കം. ഉ­ത്കൃ­ഷ്ട­മാ­യ സാ­ഹി­ത്യ­കൃ­തി വാ­യി­ക്കു­ന്ന വേ­ള­യിൽ സ­ഹൃ­ദ­യൻ വി­ശു­ദ്ധി­യാർ­ജ്ജി­ക്കു­ന്നു. അ­തി­ന്റെ പേ­രി­ലാ­ണു് ഈ ഔ­പ­മ്യം. ജൂ­ഡി­യ­യിൽ പോകാൻ സ­ന്ന­ദ്ധ­നാ­യ യേ­ശു­വി­നോ­ടു ശി­ഷ്യ­ന്മാർ ചോ­ദി­ച്ചു: “The Jews there were wanting to stone you. Are you going there again?”—അ­വി­ട­ത്തെ ജൂ­ത­ന്മാർ അ­ങ്ങ­യെ ക­ല്ലെ­റി­യാൻ ആ­ഗ്ര­ഹി­ച്ച­വ­രാ­ണു്. അ­ങ്ങോ­ട്ടേ­ക്കാ­ണോ വീ­ണ്ടും പോ­കു­ന്ന­തു്? കു­ങ്കു­മം വാരിക തു­റ­ന്ന­യു­ട­നെ കണ്ട ‘ഹാ­പ്പി ക്രി­സ്തു­മ­സ്’ (ഹാ­പ്പി ക്രി­സ്മ­സ് എന്നു വേണം) എന്ന ചെ­റു­ക­ഥ വാ­യി­ക്കാ­നാ­രം­ഭി­ച്ച എ­ന്നോ­ടു് മ­ന­സ്സി­ലി­രു­ന്നു് ആരോ ചോ­ദി­ച്ചു: “ക­ല്ലേ­റു­വാ­ങ്ങാൻ പോ­കു­ക­യാ­ണോ?” ര­ണ്ടും ക­ല്പി­ച്ചു് ഞാൻ പോയി. ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ ക­ല്ലേ­റു­കൊ­ണ്ടു് മു­ഖ­മാ­കെ മു­റി­ഞ്ഞു. ചോ­ര­യൊ­ലി­ക്കു­ന്ന മുഖം കാ­ണി­ച്ചു­കൊ­ണ്ടു് ഞാ­നി­തു് എ­ഴു­തു­ക­യാ­ണു്.

ഈ ചെ­റു­ക­ഥ­യെ­ഴു­തി­യ രമ മേ­നോ­നു് ഒരു പ­ഴ­ഞ്ചൻ വി­ഷ­യ­മേ കൈ­കാ­ര്യം ചെ­യ്യാ­നു­ള്ളൂ. അ­ച്ഛ­ന­മ്മ­മാർ എ­ന്തെ­ന്നി­ല്ലാ­തെ സ്നേ­ഹി­ച്ചി­രു­ന്ന മ­ക­ന്റെ ന­ന്ദി­കേ­ടു്. ര­ണ്ടു­വർ­ഷ­മാ­യി­ട്ടും വീ­ട്ടിൽ വ­രാ­ത്ത മകൻ ക്രി­സ്മ­സി­നെ­ങ്കി­ലും വ­ന്നെ­ത്തു­മെ­ന്നു് അ­ച്ഛ­ന­മ്മ­മാർ വി­ചാ­രി­ക്കു­ന്നു. ന­ന്ദി­കെ­ട്ട­വൻ വ­രു­ന്നി­ല്ല. ‘ഈ­ശ്വ­ര­വി­ചാ­ര’ത്തിൽ അവർ മു­ഴു­കു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു.

images/Angst_des_Tormanns_beim_Elfmeter.jpg

നി­ത്യ­ജീ­വി­ത്തി­ലു­ള്ള­തെ­ല്ലാം അതേ മ­ട്ടിൽ പ­കർ­ത്തി­വ­ച്ചാൽ ജ­നി­ക്കു­ന്ന­തു് റി­യ­ലി­സ്സ­മ­ല്ല, ഫാൾ­സി­സ­മാ­ണു്. നി­ത്യ­ജീ­വി­ത­സ­ത്യ­ത്തി­നു നൂ­ത­നാ­കാ­രം നൽകി നൂ­ത­നാ­നു­ഭ­വം സൃ­ഷ്ടി­ക്കു­മ്പോ­ഴാ­ണു് ക­ല­യു­ടെ ഉ­ദ്ഭ­വം. അ­പ്പോ­ഴാ­ണു് ര­ച­ന­യ്ക്കു മാ­ന്ത്രി­ക­സ്വ­ഭാ­വ­മു­ണ്ടാ­കു­ന്ന­തു്. ഈ പ്ര­ക്രി­യ രമാ മേ­നോ­നു് അ­റി­ഞ്ഞു­കൂ­ടാ. പ­ണ്ടു് ഒരു ഭടൻ വ­ള്ള­ത്തിൽ യാ­ത്ര­ചെ­യ്യു­ക­യാ­യി­രു­ന്നു. ന­ദി­യു­ടെ മ­ധ്യ­ഭാ­ഗ­ത്തു് എ­ത്തി­യ­പ്പോൾ അ­യാ­ളു­ടെ വാളു് വെ­ള്ള­ത്തിൽ വീ­ണു­പോ­യി. ഭ­ട­നു­ട­നെ വ­ള്ള­ത്തിൽ ഒ­ര­ട­യാ­ള­മി­ട്ടു് ഇവിടെ വ­ച്ചാ­ണു് വാളു വീ­ണ­തെ­ന്നു പ­റ­ഞ്ഞു. വള്ളം ക­ര­യി­ല­ടു­ത്ത­പ്പോൾ ആ­ഴ­മി­ല്ലാ­ത്ത ആ­റ്റി­ലി­റ­ങ്ങി­നി­ന്നു് വ­ള്ള­ത്തി­ലി­ട്ട അ­ട­യാ­ള­ത്തി­ന്റെ നേ­രേ­താ­ഴെ അയാൾ വാളു് അ­ന്വേ­ഷി­ച്ചു തു­ട­ങ്ങി. രമാ മേനോൻ ആ­ദ്യ­ത്തെ ക­ഥ­യെ­ഴു­തി­യ­പ്പോൾ­ത­ന്നെ വാളു് ന­ദി­യു­ടെ ആ­ഴ­ത്തിൽ താ­ണു­പോ­യി. ക­ര­യി­ല­ടു­ത്ത­തി­നു­ശേ­ഷം മു­ട്ടു­വ­രെ­യെ­ത്തു­ന്ന വെ­ള്ള­ത്തി­ലി­റ­ങ്ങി നി­ന്നു ‘വാ­ളെ­വി­ടെ’ എന്നു ചോ­ദി­ക്കു­ന്ന­തിൽ ഒ­രർ­ത്ഥ­വു­മി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഔ­ദ്ധ്യ­ത്യ­മു­ള്ള­വ­രെ എ­ങ്ങ­നെ തി­രി­ച്ച­റി­യാം?

ഉ­ത്ത­രം: അ­ങ്ങ­നെ­യു­ള്ള­വ­രോ­ടു സം­സാ­രി­ക്കു­മ്പോൾ അ­വ­രെ­ക്കു­റി­ച്ചു തന്നെ നി­ങ്ങൾ പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നാൽ അവർ മ­ന­സ്സി­രു­ത്തി എ­ല്ലാം കേൾ­ക്കും. കേ­ട്ടു­കൊ­ണ്ടി­രി­ക്കെ അ­വ­രു­ടെ മുഖം തി­ള­ങ്ങും. ക­ണ്ണു­കൾ­ക്കു കൂ­ടു­തൽ പ്ര­കാ­ശ­മു­ണ്ടാ­വും. എ­പ്പോൾ നി­ങ്ങൾ മ­റ്റു­കാ­ര്യ­ങ്ങ­ളി­ലേ­ക്കു തി­രി­യു­മോ അ­പ്പോൾ അവർ കോ­ട്ടു­വാ­യി­ടും.

ചോ­ദ്യം: നു­ണ­പ­റ­ഞ്ഞു് സ്നേ­ഹി­ത­ന്മാ­രെ ശ­ത്രു­ക്ക­ളാ­ക്കി മാ­റ്റു­ന്ന­വ­രെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു?

ഉ­ത്ത­രം: അവർ (അ­പ­വാ­ദി­കൾ) കൊ­ല­പാ­തി­ക­ളെ­ക്കാൾ ഹീ­ന­ന്മാ­രാ­നു്. സ്വ­ന്തം വീ­ട്ടി­ലെ ഏതോ ഹീ­ന­കൃ­ത്യ­ങ്ങൾ ക­ണ്ടു് ഒ­ന്നും ചെ­യ്യാ­നാ­വാ­തെ ദോഷം മറ്റു വ്യ­ക്തി­ക­ളു­ടെ നേർ­ക്കു തി­രി­ച്ചു­വി­ടു­ന്ന­തി­ന്റെ ഫ­ല­മാ­യാ­ണു് അപവാദ കൗ­തു­കം.

ചോ­ദ്യം: ബ്രി­ട്ടി­ഷു­കാർ ഇ­ന്ത്യ ഭ­രി­ച്ച­കാ­ല­ത്തു് ഏതു സർ­ക്കാ­രെ­ഴു­ത്തി­ന്റെ അ­വ­സാ­ന­ത്തും I am your most obedient servent എ­ന്നെ­ഴു­തി ഒ­പ്പി­ടു­മാ­യി­രു­ന്നു ഉ­ദ്യോ­ഗ­സ്ഥ­ന്മാർ. ഇ­പ്പോൾ yours faithfully എ­ന്നും. ന­ന്നാ­യി­ല്ലേ ഈ മാ­റ്റം?

ഉ­ത്ത­രം: പ­ണ്ടും ഇ­ക്കാ­ല­ത്തും ഭർ­ത്താ­ക്ക­ന്മാർ ഭാ­ര്യ­മാ­രോ­ടു് I am your most obedient servent എന്നു യ­ഥാ­ക്ര­മം പ­റ­ഞ്ഞു, പ­റ­ഞ്ഞു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് സർ­ക്കാർ മേ­ഖ­ല­ക­ളിൽ നി­ന്നെ­ങ്കി­ലും അ­തെ­ടു­ത്തു മാ­റ്റാ­മെ­ന്നു ന­മ്മു­ടെ ജ­നാ­ധി­പ­ത്യ സർ­ക്കാർ തി­രു­മാ­നി­ച്ചു. ന­ന്നാ­യി. എ­ന്നി­ട്ടും ഭാ­ര്യ­മാർ yours faithfully എന്നു പ­റ­യു­ന്നി­ല്ല. ‘ക­ലി­കാ­ല­വൈ­ഭ­വം’ എന്നു സി. വി. രാ­മൻ­പി­ള്ള പ­റ­ഞ്ഞി­ല്ലേ.

ചോ­ദ്യം: അ­ടു­ത്ത­ജ­ന്മം സാ­യി­പ്പാ­യി ജ­നി­ക്കു­മോ നി­ങ്ങൾ? സാ­യി­പ്പി­ന്റെ കൃ­തി­ക­ള­ല്ലേ നി­ങ്ങൾ­ക്കി­ഷ്ടം?

ഉ­ത്ത­രം: അ­ടു­ത്ത­ജ­ന്മ­മു­ണ്ടെ­ങ്കിൽ കേ­ര­ളീ­യ­നാ­യി ജ­നി­ക്കാ­നാ­നു് എ­നി­ക്കു താൽ­പ്പ­ര്യം. എ­ങ്കി­ലേ എ­ഴു­ത്ത­ച്ഛ­ന്റെ­യും കു­ഞ്ചൻ ന­മ്പ്യാ­രു­ടേ­യും ച­ങ്ങ­മ്പു­ഴ­യു­ടേ­യും കവിത വാ­യി­ക്കാൻ പറ്റൂ.

ചോ­ദ്യം: ശി­വ­ഗി­രി­യിൽ നി­ങ്ങൾ പ്ര­സം­ഗി­ച്ചു ക­ഴി­ഞ്ഞ­പ്പോൾ വി­വ­ര­മി­ല്ലാ­ത്ത കുറെ പി­ള്ളേർ നി­ങ്ങ­ളു­ടെ ചു­റ്റും കൂടി ഓ­ട്ടോ­ഗ്രാ­ഫ് വാ­ങ്ങു­ന്ന­തു കണ്ടു. നി­ങ്ങൾ അ­ത്ര­യ്ക്കു വലിയ ആളോ?

ഉ­ത്ത­രം: അയ്യോ ഒ­ട്ടും വലിയ ആളല്ല. കു­ട്ടി­കൾ ചോ­ദി­ച്ച­പ്പോൾ ഞാൻ ഒ­പ്പി­ട്ടു­കൊ­ടു­ത്തു എ­ന്നേ­യു­ള്ളൂ. പി­ന്നെ നി­ങ്ങ­ളെ അവർ ക­ണ്ടി­ല്ല. ക­ണ്ടെ­ങ്കിൽ തി­രു­വ­ന­ന്ത­പു­ര­ത്തെ ഫി­ങ്കർ പ്രി­ന്റ് ബ്യൂ­റോ­യിൽ സൂ­ക്ഷി­ക്കാ­നാ­യി നി­ങ്ങ­ളു­ടെ വി­ര­ല­ട­യാ­ളം കു­ട്ടി­കൾ എ­ടു­ത്തേ­നേ.

എൻ. എസ്. മാധവൻ
images/Madhavan2.jpg
എൻ. എസ്. മാധവൻ

പേ­റ്റർ ഹൻ­ഡ്കെ എന്ന ഓ­സ്ട്രി­യൻ സാ­ഹി­ത്യ­കാ­ര­ന്റെ The Goalie’s Anuxjety at the Penality Kick എന്ന നോ­വ­ലാ­ണു് അ­ദ്ദേ­ഹ­ത്തി­നു് മ­ഹാ­യ­ശ­സ്സു് നേ­ടി­ക്കൊ­ടു­ത്ത­തു്. യോസഫ് ബ്ലൊ­ക്ക് എ­ന്നൊ­രു തൊ­ഴി­ലാ­ളി കാ­ര­ണ­മൊ­ന്നും കൂ­ടാ­തെ ഒരു സ്ത്രീ­യെ കൊ­ന്നി­ട്ടു് പോ­ലീ­സിൽ നി­ന്നും സ­മു­ദാ­യ­ത്തിൽ­നി­ന്നും ഒ­ളി­ച്ചോ­ടു­ന്ന­തി­നെ ചി­ത്രീ­ക­രി­ക്കു­ന്ന ഈ നോവൽ അ­സ്തി­ത്വ­വാ­ദി­ക­ളു­ടെ വി­രാ­ഗാ­വ­സ്ഥ­യ്ക്കു് (alienation) മ­തി­യാ­യ ഉ­ദാ­ഹ­ര­ണ­മാ­യി­ട്ടു­ണ്ടു്. ഈ നോ­വ­ലി­ന്റെ അ­വ­സാ­ന­ത്തെ ഭാഗം ന­മ്മു­ടെ അ­വ­ധാ­ന­ത്തി­നു് വി­ഷ­യീ­ഭ­വി­ക്കേ­ണ്ട­താ­ണു്. ബ്ളൊ­ക്ക് ഫു­ട്ബോൾ ക­ളി­കാ­ണാൻ പോ­കു­ന്നു. പെ­നൽ­റ്റി കി­ക്കി­നു­ള്ള വിസെൽ (whistle) കേ­ട്ടു. ഗോളി ആ­ലോ­ചി­ക്കു­ക­യാ­ണു്. ഏതു മൂ­ല­യി­ലേ­ക്കു പ­ന്ത­ടി­ക്ക­ണ­മെ­ന്നു്. ഗോളി വി­ചാ­രി­ച്ച­തെ­ന്തെ­ന്നു് പ­ന്ത­ടി­ക്കു­ന്ന­വ­നും ഊ­ഹി­ക്കു­ന്നു­ണ്ടാ­വും. അ­തു­കൊ­ണ്ടു് പ­ന്തു് മറ്റേ മൂ­ല­യി­ലേ­ക്കു് അ­ടി­ക്ക­പ്പെ­ടും എന്നു ഗോ­ളി­യു­ടെ ചിന്ത. ഇതു മ­ന­സ്സി­ലാ­ക്കി ഷ്യൂ­ട്ടു ചെ­യ്യു­ന്ന­വൻ പ­തി­വു­ള്ള മൂ­ല­യി­ലേ­ക്കു് പ­ന്ത­ടി­ച്ചാ­ലോ? പ­ന്ത­ടി­ക്കു­ന്ന­വൻ ഓടാൻ തു­ട­ങ്ങി­യ­പ്പോൾ, പ­ന്ത­ടി­ക്കു­ന്ന­തി­നു­മു­മ്പു് താൻ ഏതു വ­ശ­ത്തി­ലേ­ക്കു് ച­രി­യു­മെ­ന്നു് ഗോളി സ്വ­ന്തം ശരീരം കൊ­ണ്ടു് അ­ബോ­ധാ­ത്മ­ക­മാ­യി പ്ര­ക­ടി­പ്പി­ക്കു­ന്നു­വെ­ന്നു ബ്ലൊ­ക്ക് അ­ടു­ത്തു നിൽ­ക്കു­ന്ന­വ­നോ­ടു പ­റ­ഞ്ഞു. തി­ള­ങ്ങു­ന്ന മഞ്ഞ ഉ­ടു­പ്പു­ധ­രി­ച്ച ഗോളി ഒ­ട്ടും അ­ന­ങ്ങാ­തെ നി­ന്നു. പെ­നൽ­റ്റി കി­ക്കർ പ­ന്തു് അ­യാ­ളു­ടെ കൈ­യി­ലേ­ക്കു തന്നെ അ­ടി­ച്ചു. സ­മ­കാ­ലി­ക­ജീ­വി­ത­ത്തി­ന്റെ സ്വ­ഭാ­വ­മാ­കെ ഈ പെ­നൽ­റ്റി കി­ക്കി­ലൂ­ടെ പേ­റ്റർ ഹൻഡ് കെ പ്ര­ത്യ­ക്ഷ­മാ­ക്കു­ന്നു.

images/Swinburne.jpg
സ്വിൻ­ബേൺ

ഈ നോ­വ­ലി­ന്റെ ക­ഥ­കേ­ട്ട ഗീ­വർ­ഗ്ഗീ­സ­ച്ചൻ—പ­ണ്ട­ത്തെ ഫു­ട്ബോൾ ക­ളി­ക്കാ­രൻ ഒരു പാ­വ­പ്പെ­ട്ട പെൺ­കു­ട്ടി­യെ ഒരു ദു­ഷ്ട­നാ­യ യു­വാ­വിൽ­നി­ന്നു ര­ക്ഷി­ക്കാൻ വേ­ണ്ടി അവനെ ഫു­ട്ബോൾ പോലെ അ­ടി­ച്ചു തെ­റി­പ്പി­ക്കു­ന്നു. ശ്രീ. എൻ. എസ്. മാധവൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘ഹി­ഗ്വി­റ്റ’ എന്ന ഈ ക­ഥ­യ്ക്കു ചാ­രു­ത­യു­ണ്ടു്. ന­വീ­ന­ത­യു­ണ്ടു്. ആ പുതുമ എല്ലാ അം­ശ­ങ്ങ­ളി­ലും ദൃ­ശ്യ­മാ­ണു്. നീണ്ട സം­ഭ­വ­വർ­ണ്ണ­ന­ക­ളി­ല്ല. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ്വ­ഭാ­വ­സ­വി­ഷേ­ത­ക­ളു­ടെ വി­സ്ത­രി­ച്ചു­ള്ള പ്ര­തി­പാ­ദ­ന­മി­ല്ല. ഏ­തേ­തു് അം­ശ­ങ്ങ­ളെ സൂ­ചി­പ്പി­ച്ചാൽ സം­ഭ­വ­ത്തി­ന്റെ­യും സ്വ­ഭാ­വ­ത്തി­ന്റെ­യും പ്ര­തീ­തി ഉ­ള­വാ­കു­മോ അവയെ മാ­ത്ര­മേ ക­ഥാ­കാ­രൻ സൂ­ചി­പ്പി­ക്കു­ന്നു­ള്ളൂ. ഹാ­സ്യം ഇ­ക്ക­ഥ­യു­ടെ ര­മ­ണീ­യ­കം വർ­ദ്ധി­പ്പി­ക്കു­ന്നു. മറ്റു ക­ഥാ­കാ­ര­ന്മാ­രു­ടെ ക­ഥ­ക­ളിൽ നി­ന്നു­യ­രു­ന്ന ശ­ബ്ദ­മ­ല്ല മാ­ധ­വ­ന്റെ കഥയിൽ നി­ന്നു് ഉ­യ­രു­ന്ന­തു്.

പ­രി­പാ­ക­മി­ല്ലാ­യ്മ
images/Keats.jpg
കീ­റ്റ്സും

ഞാ­ന­ങ്ങു ഞെ­ട്ടി­പ്പോ­യി എന്ന പ്ര­സ്താ­വം നൂ­റി­നു തൊ­ണ്ണൂ­റ്റി­യൊൻ­പ­തു ത­വ­ണ­യും അ­ത്യു­ക്തി­യാ­വും. താൽ­കാ­ലി­ക­മാ­യി ഉ­ണ്ടാ­കു­ന്ന വ­ല്ലാ­യ്മ­യെ സൂ­ചി­പ്പി­ക്കാ­നും കേൾ­ക്കു­ന്ന­വ­രെ ഒന്നു ഇം­പ്ര­സ്സ് ചെ­യ്തു കൈ­യ­ടി­നേ­ടാ­നും വേ­ണ്ടി­യു­ള്ള അ­തി­ശ­യോ­ക്തി­യാ­ണ­തു്. പക്ഷേ, ശ്രീ. രാ­ജ­ശേ­ഖ­രൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ “മാ­രാ­രും മു­ണ്ട­ശ്ശേ­രി­യും വൈ­ലോ­പ്പി­ള്ളി­യെ ക­ണ്ട­പ്പോൾ” എന്ന ലേഖനം വാ­യി­ച്ച­പ്പോൾ എ­നി­ക്കു നേരിയ തോതിൽ ഞെ­ട്ടൽ ത­ന്നെ­യു­ണ്ടാ­യി. “എ­ഴു­ത്ത­ച്ഛ­നും ആ­ശാ­നും വൈ­ലോ­പ്പി­ള്ളി­യും ചേർ­ന്ന­ത്രേ മ­ല­യാ­ള­കാ­വ്യ ച­രി­ത്ര­ത്തിൽ സ്ഥാ­യി­യാ­യി നി­ല­കൊ­ള്ളാൻ പോ­കു­ന്ന ക­വി­ത്ര­യ സ­ങ്ക­ല്പം” എന്ന രാ­ജ­ശേ­ഖ­ര വാ­ക്യ­മാ­ണു് എ­നി­ക്കു് ഷോ­ക്ക് ഉ­ണ്ടാ­ക്കി­യ­തു്. ന­മ്മു­ടെ ക­വി­ത്ര­യ­സ­ങ്ക­ല്പം (ആ­ധു­നി­ക­മാ­യ­തു്) കു­മാ­ര­നാ­ശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ ഇവരെ അ­വ­ലം­ബി­ച്ചു­ള്ള­താ­ണ­ല്ലോ. രാ­ജ­ശേ­ഖ­രൻ വ­ള്ള­ത്തോ­ളി­നെ­യും ഉ­ള്ളൂ­രി­നെ­യും ഗ­ള­ഹ­സ്തം ചെ­യ്തി­ട്ടു് വൈ­ലോ­പ്പി­ള്ളി­യെ മ­ഹാ­ക­വി കു­മാ­ര­നാ­ശാ­നു് സ­ദൃ­ശ്യ­നാ­ക്കി ക­ല്പി­ക്കു­ന്നു. ഉ­ണ്ണാ­യി­വാ­രി­യ­രെ­പ്പോ­ലും അ­ദ്ദേ­ഹം ച­വി­ട്ടി പു­റ­ന്ത­ള്ളു­ന്നു.

ഒരു ശ­ബ്ദ­ത്തിൽ ഒരു രാഗം പാ­ടു­ന്ന ക­വി­ക­ളു­ണ്ടു്. ഒരു ശ­ബ്ദ­ത്തിൽ പല രാ­ഗ­ങ്ങൾ പാ­ടു­ന്ന ക­വി­ക­ളു­ണ്ടു്. പല ശ­ബ്ദ­ത്തിൽ പല രാ­ഗ­ങ്ങൾ പാ­ടു­ന്ന ക­വി­ക­ളു­മു­ണ്ടു്. സ്വിൻ­ബേൺ, വെർ­ലേൻ, ച­ങ്ങ­മ്പു­ഴ ഇവർ ഒരു ശ­ബ്ദ­ത്തിൽ ഒരു രാഗം തന്നെ പാടിയ ക­വി­ക­ളാ­ണു്. കീ­റ്റ്സും ഷെ­ല്ലി­യും ഒരു ശ­ബ്ദ­ത്തിൽ പല രാ­ഗ­ങ്ങൾ പാടിയ ക­വി­ക­ള­ത്രേ. എ­ന്നാൽ വ്യാ­സൻ, വാ­ല്മീ­കി, ഹോമർ, ഷെ­യ്ക്സ്പി­യർ ഇവർ പല ശ­ബ്ദ­ങ്ങ­ളിൽ പല രാ­ഗ­ങ്ങൾ പാടിയ ക­വി­ക­ളാ­ണു്. അ­വ­രെ­യാ­ണു് ഗ്രെ­യ്റ്റ് എന്നു വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. രാ­ജ­ശേ­ഖ­ര­ന്റെ മ­ഹാ­ക­വി­യാ­യ വൈ­ലോ­പ്പി­ള്ളി നല്ല കാ­വ്യ­ങ്ങൾ ര­ചി­ച്ചു. പക്ഷേ, അ­ദ്ദേ­ഹം ഒരു ശ­ബ്ദ­ത്തിൽ ഒരു രാഗം മാ­ത്രം പാടിയ ക­വി­യാ­ണു്. ഒരു ശ­ബ്ദ­ത്തിൽ പല രാ­ഗ­ങ്ങൾ പാടിയ കു­മാ­ര­നാ­ശാ­നു് അ­ദ്ദേ­ഹം ഒ­രി­ക്ക­ലും സ­ദൃ­ശ്യ­നാ­വു­ക­യി­ല്ല. എ­ന്ന­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തു­പോ­ലും എ­ത്തു­ക­യി­ല്ല.

ഗ്രെ­യ്റ്റ്നെ­സ്—മ­ഹ­ത്വം—നി­ശ്ച­യി­ക്ക­പ്പെ­ടേ­ണ്ട­തു് ശ്രേ­ഷ്ഠ­ത­മാ­യ കാ­വ്യ­ഭാ­ഷ­ണ­ത്താ­ലാ­ണു്. വി­ഷ­ന്റെ സാ­ന്ദ്ര­ത­യും ശൈ­ലി­യു­ടെ സാ­ന്ദ്ര­ത­യും ആ­ശ­യ­ത്തി­ന്റെ സാ­ന്ദ്ര­ത­യും ഒ­രു­മി­ച്ചു ചേ­രു­മ്പോ­ഴാ­ണു് ഈ ശ്രേ­ഷ്ഠ­ത­മാ­യ അവസ്ഥ സം­ജാ­ത­മാ­വു­ക. (അ­ര­വി­ന്ദ് ഘോ­ഷി­ന്റെ അ­ഭി­പ്രാ­യം).

വനം പ്ര­തി­ഭ­യം ശൂ­ന്യം ഝി­ല്ലി­കാ­ഗ­ണ­നാ­ദി­തം

(മ­ഹാ­ഭാ­ര­തം)

നി­ഷ്പ­ന്ദാ­സ്ത­ര­വഃ സർവേ നി­ലീ­നാ മൃ­ഗ­പ­ക്ഷി­ണഃ

നൈസേന തമസാ വ്യാ­പ്താ ദി­ശ­ശ്ച­ര­ഘു­ന­ന്ദ­ന

ശ­നൈർ­വി­യൂ­ജ്യ­തേ സ­ന്ധ്യാ ന­ദോ­നേ­ത്രൈ­രി­പാ­വൃ­താം

ന­ക്ഷ­ത്ര­താ­രാ­ഗ­ഹ­നം ജ്യോ­തിർ­ഭി­രി­വ ഭാസതേ

(വാ­ത്മീ­കി രാ­മാ­യ­ണം)

ത­നു­പ്ര­കാ­ശേ­ന വി­ചേ­യ­താ­ര­കാ

പ്ര­ഭാ­ത­ക­ല്പാ ശ­ശി­നേ­വ ശർവരീ

(കാ­ളി­ദാ­സൻ)

Absent thee from felicity awhile

And in this harsh world draw thy breath in pain

(Shakespeare)

ഇ­വ­യൊ­ക്കെ ശ്രേ­ഷ്ഠ­ത­മാ­യ കാവ്യ ഭാ­ഷ­ണ­ങ്ങ­ളാ­യി അ­ര­വി­ന്ദു് ഘോഷ് എ­ടു­ത്തു കാ­ണി­ച്ചി­ട്ടു­ണ്ടു്. ന­മ്മു­ടെ മ­ഹാ­ക­വി­ക­ളാ­യ കു­മാ­ര­നാ­ശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ, ഇ­വർ­ക്കു് എ­പ്പോ­ഴും ഇ­മ്മ­ട്ടിൽ എ­ഴു­താ­നാ­വി­ല്ല. എ­ങ്കി­ലും മ­ഹാ­ക­വി­ത്വ­ത്താൽ അവരു് അ­നു­ഗ്ര­ഹീ­ത­രാ­യി­രു­ന്ന­തു­കൊ­ണ്ടു് ഈ കാ­വ്യ­ഭാ­ഷ­ണം ചി­ല­പ്പോൾ അവരും നിർ­വ്വ­ഹി­ക്കാ­റു­ണ്ടു്.

1) അ­ന്തി­മ­മാം മ­ണ­മർ­പ്പി­ച്ച­ടി­വാൻ

മ­ലർ­കാ­ക്കി­ലേ ഗ­ന്ധ­വാ­ഹ­നെ ര­ഹ­സ്യ­മാർ­ക്ക­റി­യാ­വൂ

(കു­മാ­ര­നാ­ശാൻ)

2) കാ­ല­മ­തി­ന്റെ ക­ന­ത്ത­ക­രം­കൊ­ണ്ടു

ലീ­ല­യാ­ലൊ­ന്നു പി­ടി­ച്ചു­കു­ലു­ക്കി­യാൽ

പാടേ പ­ത­റി­ക്കൊ­ഴി­ഞ്ഞു പോം ബ്ര­ഹ്മാ­ണ്ഡ

പാ­ദ­പ­പ്പൂ­ക്ക­ളാം താ­ര­ങ്ങൾ കൂ­ടി­യും

(വ­ള്ള­ത്തോൾ)

3) പ­രാ­പ­രാ­ത­മൻ ഭ­ക്തൃ­ഭി­ഗ­മ്യൻ ഭ­വാ­നെ­യാർ കാൺമൂ

ചരാചര പ്രേ­മാ­ഞ്ജ­ന­മെ­ഴു­തി­യ ച­ക്ഷു­സ്സി­ല്ലാ­ഞ്ഞാൽ

(ഉ­ള്ളൂർ)

ഇവ ഉ­ദാ­ഹ­ര­ണ­ങ്ങൾ.

വൈ­ലോ­പ്പി­ള്ളി­യു­ടെ കാ­വ്യ­ങ്ങ­ളിൽ ചി­ല­തെ­ല്ലാം സു­ന്ദ­ര­ങ്ങ­ളാ­ണു്. പക്ഷേ, ഗ്രേ­യ്റ്റ്നെ­സ്സ് എന്ന ഗുണം അ­വ­യ്ക്കി­ല്ല. മു­ക­ളിൽ­ച്ചേർ­ത്ത വരികൾ ഏതു ത­ല­ത്തിൽ നി­ന്നു് ഉ­ദ്ഭ­വി­ച്ചു­വോ ഏതു മ­ണ്ഡ­ല­ത്തി­നു് അവ പ്രാ­തി­നി­ധ്യം വ­ഹി­ച്ചു­വോ ആ ത­ല­ത്തിൽ നി­ന്നു് ഉ­ദ്ഭ­വി­ക്കു­ക­യോ ആ മ­ണ്ഡ­ല­ത്തി­നു പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ക­യോ ചെ­യ്യു­ന്ന­ത­ല്ല വൈ­ലോ­പ്പി­ള്ളി­യു­ടെ കാ­വ്യ­ങ്ങൾ. കു­മാ­ര­നാ­ശാ­ന്റെ­യും വ­ള്ള­ത്തോ­ളി­ന്റെ­യും കാ­വ്യ­ങ്ങൾ­ക്കു സൗ­ന്ദ­ര്യ­വും മ­ഹ­ത്വ­വും ഉ­ണ്ടു്. വൈ­ലോ­പ്പി­ള്ളി­യു­ടെ ചില കാ­വ്യ­ങ്ങൾ­ക്കു സൗ­ന്ദ­ര്യം മാ­ത്ര­മേ­യു­ള്ളൂ. ഒ­രി­ട­ത്തും ശ്രേ­ഷ്ഠ­ത­മാ­യ കാ­വ്യ­ഭാ­ഷ­ണം കാ­ണാ­നു­മി­ല്ല. അ­തി­നാൽ രാ­ജ­ശേ­ഖ­ര­ന്റെ മതം പ­രി­പാ­ക­മു­ള്ള മ­ന­സ്സി­ന്റെ സ­ന്ത­തി­യ­ല്ല. എ­ഴു­ത്ത­ച്ഛ­ന്റെ­യും കു­മാ­ര­നാ­ശാ­ന്റെ­യും പേ­രു­കൾ പ­റ­ഞ്ഞി­ട്ടു് അതേ ശ്വാ­സ­ത്തിൽ വൈ­ലോ­പ്പി­ള്ളി എന്നു പ­റ­യു­ന്ന­തു് എ­ഴു­ത്ത­ച്ഛ­നെ­യും കു­മാ­ര­നാ­ശാ­നെ­യും അ­പ­മാ­നി­ക്ക­ലാ­ണു്. നി­ന്ദി­ക്ക­ലാ­ണു്.

ശ്രീ. കു­ഞ്ഞു­ണ്ണി കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തു­ന്നു: വർ­ഗ്ഗീ­യ­വ­ത്ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു­പോ­ലെ രാ­ഷ്ട്രീ­യ­വ­ത്ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന­തും തെ­റ്റാ­ണു്. ഉ­ത്ത­ര­പ­ദം ‘കരണ’മായി വ­രു­മ്പോൾ വി­ശേ­ഷ­ത്തിൽ ‘വതു്’ പ്ര­ത്യ­യം ചേ­രു­ക­യി­ല്ല. കു­ഞ്ഞു­ണ്ണി വിവരം കെ­ട്ട­വർ­ക്കു വേ­ണ്ടി അ­തെ­ടു­ത്തു കാ­ണി­ച്ച­തിൽ എ­നി­ക്കു അ­ന­ല്പ­മാ­യ സ­ന്തോ­ഷ­മു­ണ്ടു്.

താ­ഴ­ത്തെ­നി­ല­യി­ലേ­ക്ക്
images/Dino_Buzzati.jpg
ബു­റ്റ്സാ­റ്റി

ഇ­റ്റ­ലി­യി­ലെ കാഫ്ക എ­ന്ന­റി­യ­പ്പെ­ടു­ന്ന ബു­റ്റ്സാ­റ്റി­യു­ടെ (Buzzati) Seven Floors എന്ന കഥ മാ­സ്റ്റർ­പീ­സാ­ണു്. രോഗി ഏ­ഴു­നി­ല­യു­ള്ള ആ­ശു­പ­ത്രി­യി­ലെ­ത്തി ഏ­ഴാ­മ­ത്തെ നി­ല­യിൽ കി­ട­പ്പാ­യി. തീ­രെ­ച്ചെ­റി­യ രോ­ഗ­മു­ള്ള­വർ­ക്കാ­ണു് ഏ­ഴാ­മ­ത്തെ നില. ആ­റാ­മ­ത്തെ നില ചെറിയ രോ­ഗ­മു­ള്ള­വർ­ക്കു്. ഗൗ­ര­വ­മാ­യ രോ­ഗ­മു­ള്ള­വർ­ക്കു് അ­ഞ്ചാ­മ­ത്തെ നില. അ­ങ്ങ­നെ താ­ഴോ­ട്ടു പോ­കു­ന്തോ­റും രോ­ഗി­കൾ­ക്കു ഗു­രു­ത­രാ­വ­സ്ഥ കൂ­ടു­ത­ലാ­ണെ­ന്നു ഗ്ര­ഹി­ക്ക­ണം. ഓരോ നി­ല­യി­ലെ ചി­കി­ത്സാ­ക്ര­മ­വും വി­ഭി­ന്ന­മാ­ണു്. ഓരോ ഡോ­ക്ടർ ഓരോ നി­ല­യ്ക്കും. രോഗി ഏ­റ്റ­വും താ­ഴെ­യു­ള്ള നി­ല­യി­ലേ­ക്കു നോ­ക്കി­യ­പ്പോൾ അ­വി­ട­ത്തെ ജ­ന്ന­ലു­കൾ തുണി കൊ­ണ്ടു മ­റ­ച്ചി­രി­ക്കു­ന്ന­തു കണ്ടു. മ­രി­ക്കാൻ പോ­കു­ന്ന­വ­രെ കി­ട­ത്തു­ന്ന സ്ഥ­ല­മാ­ണു് താ­ഴ­ത്തെ നി­ല­യെ­ന്നു് അയാൾ ഒ­രാ­ളിൽ നി­ന്നും മ­ന­സ്സി­ലാ­ക്കി. പത്തു ദിവസം ക­ഴി­ഞ്ഞ­പ്പോൾ നേ­ഴ്സു് വന്നു പ­റ­ഞ്ഞു ഒരു സ്ത്രീ­ക്കും രണ്ടു കു­ട്ടി­കൾ­ക്കും വേ­ണ്ടി അയാൾ ആ­റാ­മ­ത്തെ നി­ല­യി­ലേ­ക്കു പോയാൽ കൊ­ള്ളാ­മെ­ന്നു്; ഏ­ഴാ­മ­ത്തെ നി­ല­യിൽ ഒ­ഴി­ഞ്ഞ മു­റി­കൾ വേ­റെ­യി­ല്ലാ­ത്ത­തു കൊ­ണ്ടാ­ണു് അ­യാൾ­ക്കു് ആ അ­സൗ­ക­ര്യ­മു­ണ്ടാ­ക്കു­ന്ന­തെ­ന്നു്. സ്ത്രീ­യും കു­ട്ടി­ക­ളും പോയാൽ അ­യാൾ­ക്കു് ഉടനെ ഏ­ഴാ­മ­ത്തെ നി­ല­യി­ലേ­ക്കു തി­രി­ച്ചു പോരാം. അയാൾ ആ­റാ­മ­ത്തെ നി­ല­യി­ലാ­യി. കു­റ­ച്ചു ദിവസം ക­ഴി­ഞ്ഞ­പ്പോൾ രോ­ഗ­ത്തി­ന്റെ സ്വ­ഭാ­വം പ­രി­ഗ­ണി­ച്ചു് അയാളെ അ­ഞ്ചാ­മ­ത്തെ നി­ല­യി­ലേ­ക്കു മാ­റ്റി. പി­ന്നെ­യും ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞു. അ­യാൾ­ക്കു വേണ്ട ഒരു മെ­ഡി­ക്കൽ ഉ­പ­ക­ര­ണം നാ­ലാ­മ­ത്തെ നി­ല­യി­ലേ­യു­ള്ളൂ. മൂ­ന്നു­ത­വ­ണ ദി­വ­സ­വും ഇ­റ­ങ്ങി­ക്കേ­റു­ന്ന­തി­നേ­ക്കാൾ ന­ല്ല­തു് നാ­ലാ­മ­ത്തെ നി­ല­യിൽ തന്നെ പാർ­ക്കു­ന്ന­ത­ല്ലേ? രോഗം മാ­റി­യാൽ ഉടനെ ഏ­ഴാ­മ­ത്തെ നി­ല­യി­ലേ­ക്കു തി­രി­ച്ചു­പോ­രാം. അ­തു­കൊ­ണ്ടു് അയാൾ നാ­ലാ­മ­ത്തെ നി­ല­യി­ലേ­ക്കു പോയി. രോ­ഗി­ക്കു് വ­ര­ട്ടു­ചൊ­റി (eczema) ഉ­ള്ള­തു കൊ­ണ്ടു മൂ­ന്നാ­മ­ത്തെ നി­ല­യി­ലെ ചി­കി­ത്സ­യാ­ണു് ന­ല്ല­തെ­ന്നു ഡോ­ക്ടർ പ­റ­ഞ്ഞു. ചി­കി­ത്സോ­പ­ക­ര­ണ­വു­മു­ണ്ടു്. രോഗി മൂ­ന്നാ­മ­ത്തെ നി­ല­യിൽ കി­ട­പ്പാ­യി. അ­ങ്ങ­നെ­യി­രി­ക്കെ നേ­ഴ്സു് വന്നു പ­റ­ഞ്ഞു ആ നി­ല­യി­ലെ ഡോ­ക്ടർ­മാർ അ­വ­ധി­യിൽ പോ­കു­ന്നെ­ന്നു്. അ­തു­കൊ­ണ്ടു് ര­ണ്ടാ­മ­ത്തെ നി­ല­യിൽ പോ­കു­ന്ന­താ­ണു് ന­ല്ല­തു്. ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ അയാൾ അ­ങ്ങോ­ട്ടു­പോ­യി. പ­തി­ഞ്ചു­ദി­വ­സം കൂടി ക­ട­ന്നു പോയി. ഒ­രാ­ഴ്ച കൂടി ക­ഴി­ഞ്ഞ­പ്പോൾ ഹെഡ് നേ­ഴ്സും മറ്റു നേ­ഴ്സു­ക­ളും കൂടി വ­ന്നു് അ­യാ­ളോ­ടു് പ­റ­ഞ്ഞു: “നി­ങ്ങ­ളെ താ­ഴ­ത്തെ നി­ല­യിൽ കൊ­ണ്ടാ­ക്കാ­നാ­ണു് ഡോ­ക്ട­റു­ടെ ആജ്ഞ” എ­ന്നു്. രോഗി ഭ­യ­ന്നു ബഹളം കൂ­ട്ടി. “ഇവിടെ വേറെ ചില രോ­ഗി­കൾ കൂ­ടി­യു­ണ്ടു്. ബഹളം കൂ­ട്ട­രു­തു്” അ­വ­രു­ടെ ആജ്ഞ. രോഗി വി­റ­ച്ചു. നി­യ­ന്ത്രി­ക്കാ­നാ­വാ­തെ അയാൾ നി­ല­വി­ളി­ച്ചു. അ­തി­ന്റെ പ്ര­തി­ധ്വ­നി മു­റി­യി­ലു­ണ്ടാ­യി. അയാൾ താ­ഴ­ത്തെ നി­ല­യി­ലെ ക­ട്ടി­ലിൽ കി­ട­ന്നു. മു­ക­ളി­ലു­ള്ള ആറു നി­ല­ക­ളു­ടെ ഭാരം അ­യാ­ളു­ടെ ശ­രീ­ര­ത്തിൽ അ­മ­രു­ക­യാ­ണു്. പക്ഷേ, ആ മുറി എ­ന്താ­ണു് ഇ­ങ്ങ­നെ പെ­ട്ട­ന്നു ഇ­രു­ളു­ന്ന­തു് ? അയാൾ ത­ല­തി­രി­ച്ചു നോ­ക്കി­യ­പ്പോൾ പ്ര­കാ­ശ­ത്തെ പൂർ­ണ്ണ­മാ­യും ത­ട­ഞ്ഞു­കൊ­ണ്ടു് ജ­ന്ന­ലു­ക­ളി­ലെ കർ­ട്ടൻ താ­ഴു­ന്ന­തു കണ്ടു.

സ­മ­കാ­ലി­ക­മ­നു­ഷ്യ­ന്റെ ഏ­കാ­ന്ത­ത, മ­ര­ണ­മെ­ന്ന പ­ര­മ­സ­ത്യം. ജീ­വി­ത­ത്തി­ന്റെ അർ­ത്ഥ­രാ­ഹി­ത്യം ഇവയെ ക­ലാ­സു­ഭ­ഗ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ക­ഥ­യാ­ണി­തു്. ബു­റ്റ്സാ­റ്റി കാ­ഫ്ക­യെ­പ്പോ­ലെ ജീ­നി­യ­സ്സാ­ണെ­ന്ന­തിൽ ഒരു സം­ശ­യ­വു­മി­ല്ല.

ഞാൻ ഒരു രോ­ഗ­വു­മി­ല്ലാ­ത്ത­വ­നാ­യി­രു­ന്നു. ഒ­രി­ക്കൽ അ­ങ്ങ­നെ­യി­രി­ക്കെ ചെറിയ ഒ­ര­സു­ഖം പി­ടി­പെ­ട്ടു് മ­ല­യാ­ള­ത്തി­ലെ റീ­യ­ലി­സ്റ്റി­ക്ക് ക­ഥാ­കാ­ര­ന്മാർ ശ­യി­ക്കു­ന്ന ഏ­ഴാ­മ­ത്തെ നി­ല­യിൽ ചെ­ന്നു ചേർ­ന്നു. ക്ര­മേ­ണ എന്റെ കി­ട­പ്പു് ആറു്, അ­ഞ്ചു്, നാലു് എന്നീ നി­ല­ക­ളി­ലാ­യി. മൂ­ന്നാ­മ­ത്തെ നി­ല­യി­ലെ­ത്തി­യ­പ്പോൾ കൂ­ട്ടു­കാ­രാ­യി ബോർ­ഹെ­സി­നെ­യും മ­റ്റു് ലാ­റ്റി­ന­മേ­രി­ക്കൻ ക­ഥാ­കാ­ര­ന്മാ­രെ­യും അ­നു­ക­രി­ക്കു­ന്ന രോ­ഗി­ക­ളു­ടെ കൂ­ടെ­യാ­യി എന്റെ കി­ട­പ്പു്. രോഗം കൂ­ടി­യ­പ്പോൾ പൈ­ങ്കി­ളി­ക്ക­ഥാ­കാ­ര­ന്മാർ കി­ട­ക്കു­ന്ന ര­ണ്ടാ­മ­ത്ത നി­ല­യി­ലേ­ക്കു് എ­ന്നെ­മാ­റ്റി. ഇതാ നേ­ഴ്സ് വ­ന്നു് അ­ജ്ഞാ­പി­ക്കു­ന്നു ഏ­റ്റ­വും താ­ഴെ­യു­ള്ള നി­ല­യിൽ പോ­യി­ക്കി­ട­ക്കാൻ. ഞാൻ നി­ല­വി­ളി­ക്കു­ന്നു, ഞെ­ട്ടു­ന്നു. എന്റെ രോ­ദ­ന­ത്തി­ന്റെ പ്ര­തി­ധ്വ­നി­കൾ തി­രു­വ­ന­ന്ത­പു­ര­ത്തു് എ­വി­ടെ­യും കേൾ­ക്കാം. കി­ട­ക്ക­യിൽ കി­ട­ന്നു­കൊ­ണ്ടു് അ­ടു­ത്ത ബെ­ഡ്ഡി­ലേ­ക്കു നോ­ക്കി­യ­പ്പോൾ കു­ങ്കു­മം വാ­രി­ക­യി­ലെ “ഒ­ന്നാം നി­ല­യ്ക്കു­മ­പ്പു­റം” എന്ന ചെ­റു­ക­ഥ എ­നി­ക്കു കാ­ണ­ത്ത­ക്ക­വി­ധ­ത്തിൽ തു­റ­ന്നി­ട്ടി­രി­ക്കു­ന്നു. ക­ഷ്ട­പ്പെ­ടു­ന്ന ഒരു ചെ­റു­പ്പ­ക്കാ­രി നല്ല വീ­ടു­വ­യ്ക്കാൻ കി­ഡ്നി­യും ഒരു ക­ണ്ണും വി­റ്റു­പോ­ലും. അക്കഥ വാ­യി­ച്ചു് ഞാൻ വ­ല്ലാ­തെ തേ­ങ്ങി. അതാ പ്ര­കാ­ശ­ത്തെ പൂർ­ണ്ണ­മാ­യും മ­റ­ച്ചു­കൊ­ണ്ടു് ജ­ന്ന­ലു­ക­ളി­ലെ കർ­ട്ടൻ താ­ഴു­ന്ന­ല്ലോ.

വി­ശ്വ­സാ­ഹി­ത്യ­ത്തിൽ നി­ന്ന്

ആ­വ­ശ്യ­ക­ത­യിൽ­ക്ക­വി­ഞ്ഞു വാ­ഴ്ത്ത­പ്പെ­ടു­ന്ന—ഒരു സെ­റി­ബ്രൽ (മ­സ്തി­ഷ്ക­പ­ര­മാ­യ) ക­വി­യാ­ണു് മീ­റോ­സ്ളാ­ഫ് ഹോ­ലൂ­ബ് (Miroslav Holub ചെ­ക്കോ­സ്ളോ­വാ­ക്യ­യി­ലെ കവി). അ­ദ്ദേ­ഹ­ത്തി­ന്റെ അ­മ്പ­തി­ല­ധി­കം കാ­വ്യ­ങ്ങൾ (ഇം­ഗ്ലീ­ഷ് തർ­ജ്ജ്മ) ഞാൻ വാ­യി­ച്ചു. ഒ­ന്നിൽ­പ്പോ­ലും ആ­വി­ഷ്കാ­ര­ചാ­രു­ത ക­ണ്ടി­ല്ല. വികാര സ്ഫു­ടീ­ക­ര­ണ­വു­മി­ല്ല. പക്ഷേ, അതല്ല അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­പ­ന്യാ­സ­ങ്ങ­ളു­ടെ സ്ഥി­തി. ചി­ന്തോ­ദ്ദീ­പ­ക­വും മൗ­ലി­ക­വു­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഏതു പ്ര­ബ­ന്ധ­വും. The world in miniature എന്ന ഉ­പ­ന്യാ­സ­ത്തിൽ അ­ദ്ദേ­ഹം പ­റ­യു­ന്നു, ഈ വിശാല പ്ര­പ­ഞ്ച­ത്തെ ഹ്ര­സ്വാ­കാ­ര­മാ­ക്കി പ്ര­ദർ­ശി­പ്പി­ക്കാൻ ന­മു­ക്കെ­ല്ലാ­വർ­ക്കും താൽ­പ­ര്യ­മു­ണ്ടെ­ന്നു്; അതൊരു ജ­ന്മ­വാ­സ­ന­യാ­ണെ­ന്നു്. Hardly anyone stand to enjoy the beauty of a town square. The magic of all the moving pedestrains and historical clocks, the colourful cars struggling with signs and commands—but everyone is willing to stand for hours at a model of the same thing and admire the miracle it worked even though in real life it is ofter a miracle as well. മൃ­ഗ­ശാ­ല­യോ തീ­വ­ണ്ടി­പ്പാ­ത­യോ കൊ­ച്ചു­പ­ട്ട­ണ­മോ ഉ­ണ്ടാ­ക്കി­ക്ക­ളി­ക്കു­ന്ന കൊ­ച്ചു­കു­ട്ടി­യും പ്രാ­യ­മാ­യ­വ­രു­ടെ ഹ്ര­സ്വാ­കാ­ര­നിർ­മ്മാ­ണ­വാ­സ­ന­യെ പ്ര­ക­ടി­പ്പി­ക്കു­ക­യാ­ണു്. The Dimension of the Present Movement and other essays–Miroslav Holub £4.99).

  1. ഫ്ര­ഞ്ച് കവി ബോ­ദ­ലേ­റി­ന്റെ മ­ര­ണ­ത്തി­നു ശേഷം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ Intimate Journals. ജീവിത നി­രീ­ക്ഷ­ണം ചെ­യ്തു് ആ കവി ന­ട­ത്തു­ന്ന സാ­മാ­ന്യ­വ­ത്ക­ര­ണ­ങ്ങൾ ര­സാ­വ­ഹ­ങ്ങ­ളാ­ണു്.
  2. സ്ത്രീ­കൾ­ക്കു പ­ള്ളി­യിൽ ചെ­ല്ലാൻ അ­നു­വാ­ദം ന­ല്കു­ന്ന­തു ക­ണ്ടു് ഞാൻ എ­പ്പോ­ഴും അ­ത്ഭു­ത­പ്പെ­ട്ടി­ട്ടു­ണ്ടു്. ഈ­ശ്വ­ര­നോ­ടു് അ­വർ­ക്കു് ഏതു ത­ര­ത്തി­ലാ­ണു് സം­ഭാ­ഷം­ണം ന­ട­ത്താൻ ക­ഴി­യു­ക?
  3. ഉ­ദ്യോ­ഗ­സ്ഥൻ ആ­രു­മാ­ക­ട്ടെ. മ­ന്ത്രി­യോ തീ­യ­റ്റർ മാ­നേ­ജ­റോ പ­ത്രാ­ധി­പ­രോ ആ­ക­ട്ടെ. ബ­ഹു­മാ­നം അർ­ഹി­ക്കു­ന്ന വ്യ­ക്തി­യാ­യി­രി­ക്കും അയാൾ. പക്ഷേ, മ­റ്റു­ള്ള­വ­രിൽ നി­ന്നു വേർ­തി­രി­ക്കു­ന്ന ഗുണം അ­യാൾ­ക്കു കാ­ണു­ക­യി­ല്ല. ഉ­ദ്യോ­ഗം നോ­ക്കാൻ വേ­ണ്ടി മാ­ത്രം ജ­നി­ക്കു­ന്ന സ്വ­ത്വ­മി­ല്ലാ­ത്ത മൗ­ലി­ക­ത­യി­ല്ലാ­ത്ത ആ­ളാ­യി­രി­ക്കും ആ വ്യ­ക്തി.
  4. മാ­ന്യ­ത­യു­ള്ള ഒ­രു­ത്ത­നും വെ­റു­പ്പോ­ടു കൂടിയ ഞെ­ട്ട­ലി­ല്ലാ­തെ ഒരു വർ­ത്ത­മാ­ന­പ്പ­ത്ര­വും കൈ­യി­ലെ­ടു­ക്കാൻ ക­ഴി­യു­ക­യി­ല്ല.
  5. മ­ഹ­ത്ത്വ­മു­ള്ള പ്ര­കൃ­തി­യെ ഒ­രി­ക്ക­ലും ദു­ഷി­ക്ക­രു­തു്. സ്ത­ന­ങ്ങ­ളി­ല്ലാ­ത്ത കാ­മു­കി­യെ­യാ­ണു് പ്ര­കൃ­തി നി­ങ്ങൾ­ക്കു ത­രു­ന്ന­തെ­ങ്കിൽ ‘ഇ­ത്ത­ര­ത്തി­ലു­ള്ള അ­ര­ക്കെ­ട്ടി­നെ എ­നി­ക്കു സ്നേ­ഹി­ക്കാ­മ­ല്ലോ’ എന്നു പ­റ­ഞ്ഞു് ദേ­വാ­ല­യ­ത്തിൽ പോയി ഈ­ശ്വ­ര­നോ­ടു കൃ­ത­ജ്ഞ­ത പ്ര­കാ­ശി­പ്പി­ക്കു (Intimate Journals translated by Yon Christopher Isherwood with an introduction by T. S. Eliot, Picador Classics, £3.99).
അ­ത്യു­ക്തി അ­സ­ത്യ­മാ­ണ്
images/Baudelaire.jpg
ബോ­ദ­ലേർ

ഹജൂർ ക­ച്ചേ­രി­യി­ലാ­ണു് എ­നി­ക്കു് ആ­ദ്യ­മാ­യി ജോ­ലി­കി­ട്ടി­യ­തെ­ന്നു പ­ല­പ്പോ­ഴും എ­ഴു­തി­യി­ട്ടു­ണ്ടെ­ല്ലോ. അ­ക്കാ­ല­ത്തു് ഒരു ദിവസം അ­വ­ധി­യെ­ടു­ക്കേ­ണ്ടി­വ­ന്ന­പ്പോൾ As I am unwell എ­ന്നു് എഴുതി അ­സി­സ്റ്റ­ന്റ് സെ­ക്ര­ട്ട­റി­യു­ടെ കൈയിൽ അ­പേ­ക്ഷ­കൊ­ടു­ത്ത­പ്പോൾ unwell എ­ന്നു് എ­ഴു­ത­രു­തെ­ന്നും As I am not feeling well എ­ന്നെ­ഴു­ത­ണ­മെ­ന്നും അ­ദ്ദേ­ഹം അ­റി­യി­ച്ചു. എ­ന്താ­ണു് unwell എന്ന പ­ദ­ത്തി­ന്റെ തെ­റ്റു് എന്നു ഞാൻ ചോ­ദി­ച്ച­പ്പോൾ സ്ത്രീ­കൾ­ക്കു് ഓരോ മാ­സ­ത്തി­ലും നാ­ലു­ദി­വ­സ­ത്തേ­ക്കു എ­ഴു­താ­വു­ന്ന വാ­ക്കാ­ണ­തെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. ഞാനതു വി­ശ്വ­സി­ക്കു­ക­യും ചെ­യ്തു. ഇ­പ്പോൾ എ­ത്ര­യെ­ത്ര ഇം­ഗീ­ഷ് പു­സ്ത­ക­ങ്ങ­ളിൽ ‘സു­ഖ­മി­ല്ലാ­യ്മ’ എന്ന അർ­ത്ഥ­ത്തിൽ unwell പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു. അ­സി­സ്റ്റ­ന്റു് സെ­ക്ര­ട്ട­റി അന്നു പ­റ­ഞ്ഞ­തു് തെ­റ്റു്. menstruation എന്ന വാ­ക്കി­നു ന്യൂ­നോ­ക്തി നൽ­കി­യ­താ­ണു് unwell എന്ന പദം. ആരോ അ­ങ്ങ­നെ വ­രു­ത്തി­യ ന്യൂ­നോ­ക്തി ആ അ­സി­സ്റ്റ­ന്റു് സെ­ക്ര­ട്ട­റി­യും വി­ശ്വ­സി­ച്ചു എന്നു ക­രു­തി­യാൽ മതി.

എ­ന്നാൽ സീമോൻ ദെ ബോ­വ്വാ­റി­ന്റെ The Second Sex എന്ന പു­സ്ത­ക­ത്തിൽ ആർ­ത്ത­വ­ത്തെ വർ­ണ്ണി­ച്ചി­രി­ക്കു­ന്ന­തു വാ­യി­ച്ച­പ്പോൾ എ­നി­ക്കു് അ­റ­പ്പും വെ­റു­പ്പും ഉ­ണ്ടാ­യി. സ്ത്രീ­കൾ­ക്കു പ്ര­കൃ­തി നൽകിയ ഒരു ‘ഫ­ങ്ങ്ഷൻ’. അതിൽ അ­റ­പ്പു തോ­ന്നാ­നോ വെ­റു­പ്പു തോ­ന്നാ­നോ ഒ­ന്നു­മി­ല്ല. പക്ഷേ, സ്ത്രീ­യാ­യ സീമോൻ അ­ത്യു­ക്തി ക­ലർ­ന്ന വർ­ണ്ണ­ന­ത്തി­ലൂ­ടെ ആർ­ത്ത­വ­ത്തെ ജു­ഗു­പ്സാ­വ­ഹ­മാ­ക്കി­ക്ക­ള­ഞ്ഞു. ഈ അ­ത്യു­ക്തി അ­ല്ലെ­ങ്കിൽ സ്ഥൂ­ലീ­ക­ര­ണം നി­ന്ദ്യ­മാ­ണു്. കാരണം അതു് ക­ള്ള­മാ­ണു് എ­ന്ന­ത്രേ.

ന­മ്മു­ടെ എ­ഴു­ത്തു­കാർ­ക്കു് അ­ത്യു­ക്തി പ്രേ­മ­ഭാ­ജ­ന­മാ­ണു്. നൂറു് ആളുകൾ കൂടിയ ഒരു സ­മ്മേ­ള­ന­ത്തെ ‘മ­നു­ഷ്യ­മ­ഹാ­സ­മു­ദ്രം’ എന്നേ അവർ വി­ശേ­ഷി­പ്പി­ക്കൂ. ഫിലിം സ്റ്റാർ സത്യൻ മ­രി­ച്ചു. ഭേ­ദ­പ്പെ­ട്ട ഒ­ര­ഭി­നേ­താ­വു് മാ­ത്ര­മ­ല്ലേ അ­ദ്ദേ­ഹം? പക്ഷേ, അ­ക്കാ­ല­ത്തെ പ­ത്ര­ങ്ങ­ളി­ലെ­ല്ലാം ‘യു­ഗ­പ്ര­ഭാ­വ­നാ­യ സത്യൻ’ എ­ന്നാ­ണു് അ­ച്ച­ടി­ച്ചു വ­ന്ന­തു്. ജോസഫ് മു­ണ്ട­ശ്ശേ­രി അ­തു­പോ­ലെ ഭേ­ദ­പ്പെ­ട്ട ഒരു നി­രൂ­പ­കൻ മാ­ത്ര­മാ­യി­രു­ന്നു. നി­രൂ­പ­ണം വി­ക­സി­ച്ച ഇ­ക്കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­കൾ­ക്കു മുൻ­പു­ണ്ടാ­യി­രു­ന്ന മൂ­ല്യ­മി­ല്ല­താ­നും. എ­ന്നി­ട്ടും ശ്രീ.വി.യൂ. സു­രേ­ന്ദ്രൻ ‘യു­ഗ­പ്ര­ഭാ­വ­നാ­യ മു­ണ്ട­ശ്ശേ­രി മാ­സ്റ്റർ’ എ­ന്നു് ത­ല­ക്കെ­ട്ടി­നു് ലേ­ഖ­ന­മെ­ഴു­തി­യി­രി­ക്കു­ന്നു ജ­ന­യു­ഗം വാ­രി­ക­യിൽ. “മു­ണ്ട­ശ്ശേ­രി മാ­സ്റ്റർ അ­ഴി­ച്ചു­വി­ട്ട കൊ­ടു­ങ്കാ­റ്റി­ന്റെ മാ­റ്റൊ­ലി കേ­ട്ടു­ണർ­ന്ന­വ­രാ­ണു് ഇ­ന്ന­ത്തെ തലമുറ” എ­ന്നും പ്ര­ബ­ന്ധ­ത്തിൽ ഒ­രി­ട­ത്തു് അ­ദ്ദേ­ഹം കാ­ച്ചി­യി­രി­ക്കു­ന്നു. സു­രേ­ന്ദ്ര­ന്റെ സാ­ഹി­ത്യാ­ഭി­രു­ചി­ക്കു­ള്ള ത­ക­രാ­റി­നെ­യും സാ­ഹി­ത്യ­ത്തെ­സം­ബ­ന്ധി­ച്ച അ­ജ്ഞ­ത്യെ­യും കാ­ണി­ക്കാ­നേ ഇ­തൊ­ക്കെ ഉ­പ­ക­രി­ക്കൂ.

അ­ഞ്ചേ­യ­ഞ്ചു ഫ്രാ­ങ്ക് കൊ­ടു­ത്താൽ ആ­രു­ടേ­യും കൂ­ടെ­പ്പോ­കു­ന്ന ഒരു വേശ്യ ഒ­രി­ക്കൽ ബോ­ദ­ലേ­റി­നെ വി­ളി­ച്ചു­കൊ­ണ്ടു് പാ­രീ­സി­ലെ ലൂവ്ര (Louvre) മ്യൂ­സി­യ­ത്തിൽ ചെ­ന്നു. അ­വി­ടെ­യു­ള്ള ചി­ത്ര­ങ്ങൾ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു് അവൾ ക­വി­യോ­ടു ചോ­ദി­ച്ചു. ആ അ­സ­ഭ്യ­ത­യൊ­ക്കെ എ­ങ്ങ­നെ ആ­ളു­ക­ളെ കാ­ണി­ക്കു­ന്നു­വെ­ന്നു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-01-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.