സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-04-21-ൽ പ്രസിദ്ധീകരിച്ചതു്)

images/LivinginTruth.jpg

ചെക്കൊസ്ലൊവാക്യയിലെ പ്രസിഡന്റും വിശ്വവിഖ്യാതനായ നാടകകർത്താവുമായ വാറ്റ്സ്ലാഫ് ഹാവൽ (Václav Havel) ‘ഇറസ്മസ്’ സമ്മാനം നല്കിയപ്പോൾ പ്രസിദ്ധപ്പെടുത്തിയ ഇരുപത്തിരണ്ടു പ്രബന്ധങ്ങളുടെ സമാഹാരമാണു് “Living in Truth” എന്നതു്. (Faber and Faber, London, edited by Vladislav, GBP 5.99, PP. 315.) ഇതിൽ ആറു പ്രബന്ധങ്ങൾ ഹാവലിന്റേതാണു്. ശേഷമുള്ള പതിനാറെണ്ണത്തിൽ ഒന്നു സാമുവൽ ബക്കിറ്റ്, ഹാവലിനു വേണ്ടി എഴുതിയ ‘Catastrophe’ എന്ന കൊച്ചുനാടകം. മറ്റൊന്നു് ആർതർ മില്ലർ തനിക്കു ഹാവലുമായുള്ള ദൃഢമായ ഐക്യം കാണിക്കുന്നതിനു വേണ്ടി രചിച്ച ‘മോണലോഗ്’ വേറൊന്നു യോസഫ് ഷവ്രോറ്റസ്കി (Joseph Skvorecky) എന്ന മഹായശസ്കനായ ചെക്ക് നോവലിസ്റ്റ് എഴുതിയ “I saw Václav Havel for the last time” എന്ന ഉപന്യാസം. ഹാവലിനോടു ബന്ധപ്പെടുത്തി ഹൈൻറിഹ് ബോയൽ, മീലാൻ കുന്ദേര, റ്റോം സ്റ്റൊപ്പർഡ് ഇവരെഴുതിയ പ്രബന്ധങ്ങളും ഇതിലുണ്ടു്. മഹാനായ നാടകകർത്താവാണു് ഹാവൽ. അദ്ദേഹം ഉജ്ജ്വലനായ ദാർശനികനും ധീരനായ രാഷ്ട്രീയ ചിന്തകനുമാണെന്നു് ഇതിലെ ആറു രചനകളും തെളിയിക്കുന്നു. ഓരോ പ്രബന്ധം വായിക്കുമ്പോഴും marvellous marvellous എന്നു് നിഷ്പക്ഷ ചിന്താഗതിയുള്ളവർ പറഞ്ഞുപോകും. ചിന്താമേദുരങ്ങളായ അതിലെ ആശയ സാമ്രാജ്യത്തിൽ സഞ്ചരിച്ചു് അദ്ഭുതപ്പെടാനും ധിഷണയെസ്സംബന്ധിച്ച ആഹ്ലാദമനുഭവിക്കാനും വായനക്കാരെ ക്ഷണിക്കാനേ എനിക്കു കഴിയുകയുള്ളു. ആശയങ്ങൾ ചുരുക്കിയെഴുതി ഓരോന്നിന്റെയും സവിശേഷതയിലേക്കു കൈ ചൂണ്ടാൻ എനിക്കു സാധിക്കില്ലെന്നു് അർത്ഥം. ചെക്കൊസ്ലൊവാക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും (1969–87) ആ രാജ്യത്തിന്റെ പ്രസിഡന്റുമായിരുന്ന (1975–89) ഗുസ്താഫ് ഹുസാക്കി നു് (Gustav Husak, b. 1913) ഹാവലെഴുതിയ തുറന്ന കത്താണു് ആദ്യത്തെ ഉപന്യാസം. രാജ്യത്തിന്റെ ദയനീയാവസ്ഥയെ സ്പഷ്ടമാക്കിക്കൊണ്ടു് ഹാവൽ പറയുന്ന ചില വാക്യങ്ങൾ മാത്രം എടുത്തെഴുതാം.

…government by bureaucracy is called popular government; the working class is enslaved in the name of the working class… the complete degradation of the individual is presented as his or her ultimate liberation; depriving people of information is called making it available; the use of power to manipulate is called the public control of power… ” “the regime is captive to its own lies, it must falsify everything. It falsifies the past. It falsifies the present, and it falsifies the future” (P. 115).

ജിവിക്കുന്നതു സത്യത്തിലാവണം. എന്നു ഉദ്ബോധിപ്പിക്കുകയാണു് ഹാവൽ. ജനത മനുഷ്യത്വം വീണ്ടെടുക്കണമെന്നും രാഷ്ട്രീയവ്യഹാരം സാന്മാർഗ്ഗികത്വത്തിന്റെ മറ്റൊരു പദമായി മാറണമെന്നുമാണു് അദ്ദേഹത്തിന്റെ ആഹ്വാനം. The Power of Powerless എന്ന പ്രബന്ധത്തിൽ ഷോൾഷെനിറ്റ്സ്യനെ രാജ്യത്തിൽ നിന്നു പുറത്താക്കിയതെന്തിനു് എന്നു ഹാവൽ ചോദിച്ചിട്ടു് അദ്ദേഹം തന്നെ മറുപടി പറയുന്ന.

“Certainly not because he represented a unit of real power, that is, not because any of the regimes representatives felt he might unseat them and take their place in government,Solzhenitsyn’s expulsion was something else: a desperate attempt to plug up the dreadful wellspring of truth… ” (P. 59).

രാത്രി ഒൻപതു മണി. ഹാവൽ റേഡിയോ ഓൺ ചെയ്തു. വാർത്ത വായിക്കുന്നതു സ്ത്രീ. വസ്തുസ്ഥിതി കഥനത്തിന്റെ ശുഷ്കമായ ശബ്ദം. സ്വന്തം അംഗരക്ഷകരിൽപ്പെട്ട രണ്ടു സിക്കുകാർ ഇന്ദിരാ ഗാന്ധി യുടെ നേർക്കു നിറതോക്കു് ഒഴിച്ചു. ഇതു ഉപന്യാസത്തിന്റെ ആദ്യത്തെ ഭാഗത്തിൽ. അതിന്റെ പര്യവസാനത്തോടു് അടുപ്പിച്ചു് ഹാവൽ പറയുന്നു:

“Contronting this modern world with modern machine guns in their hands, they believe themselves to be instruments of providence: after all, they are merely meting out punishment in accordance with the ancient prophecy about the desecreton of their Golden Temple. The Hindus then turn around and murder Sikhs, burning them alive as though all Sikhs, to the last man, had taken part in Mrs. Gandhi’s murder. How can this happen in the century of science and reason?” (P. 162)

കവിത ഒരാന്തരാഗ്നിയാണു്. അതു് കവിയറിയാതെ പ്രകാശിക്കുമ്പോൾ നമ്മൾ ജീവിതം എന്താണെന്നു ഗ്രഹിക്കുന്നു.

രാഷ്ട്രവ്യവഹാരത്തെ സാന്മാർഗ്ഗികത്വമാക്കി ഉയർത്താൻ ആവശ്യപ്പെടുന്ന ഹാവൽ ഏകപക്ഷീയ സാഹിത്യത്തിന്റെ സ്തോതാവല്ല. സാഹിത്യം—കല—ആ വാക്കിന്റെ വിശാലതയാർന്ന അർത്ഥത്തിൽ സത്യമായതുകൊണ്ടു്, കലാകാരന്റെ ആന്തരാനുഭവത്തിന്റെ സത്യമായതുകൊണ്ടു് അതു് (കല) ഒന്നേയുള്ളു എന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ ഏതു രാഷ്ട്രവ്യവഹാരസിദ്ധാന്തത്തിനു് അതു പ്രതിനിധീഭവിക്കുന്നു എന്നതിനു സാംഗത്യമില്ല. എന്നിട്ടു് അദ്ദേഹം എഴുതുന്നു: “The more an artist compromises to oblige power and gain advantages, the less good art can we expect from him” (P. 131).

സമൂഹചേതനയെ രൂപവത്കരിക്കുന്നതും അതിനു പരിവർത്തനം വരുത്തുന്നതും ഇത്തരം ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളാണു്. ഹാവലിന്റെ “Letters to Olga ” എന്ന കത്തുകളുടെ സമാഹാരവും “ലാർഗോ ഡെസൊലാത്തോ ” (Largo Desolato) എന്ന നാടകവും വായിച്ചു് ഞാൻ ആദരാതിശയത്തോടെ ഇരിക്കുകയായിരുന്നു. “Living in Truth” എന്ന ഈ മഹാഗ്രന്ഥം ആ ആദരത്തെ വളരെ വർദ്ധിപ്പിച്ചിരിക്കുന്നു.

ശ്രീ. ജി. അരവിന്ദൻ
images/ChPerrault.jpg
Charles Perrault

ഫ്രഞ്ച് കവി Charles Perrault (പെരോ) എഴുതിയ കഥയാണു് ‘Sleeping Beauty’ ദുർഗ്ഗഹർമ്മത്ത്യൽ നൂറുവർഷം കിടന്നുറങ്ങിയ ആ സുന്ദരിയെ ഒരു രാജകുമാരൻ സ്പർശിച്ചു് ഉണർത്തി. അദ്ദേഹം അവളെ വിവാഹം കഴിച്ചു. കലാരാഹിത്യത്തിന്റെ വൃക്ഷ സമൂഹം ചുറ്റും വളർന്നുനിന്ന ദുർഗ്ഗഹർമ്മ്യത്തിൽ കിടന്നുറങ്ങിയിരുന്ന ചലചിത്ര കന്യകയെ സ്പർശിച്ചു് ഉണർത്തിയ രാജകുമാരനായിരുന്നു ശ്രീ. ജി. അരവിന്ദൻ. ചലച്ചിത്ര കലയ്ക്കു നിത്യയൗവനം നല്കുകയും അവളെ സൗന്ദര്യറാണിയാക്കുകയും ചെയ്ത ആ പ്രതിഭാശാലിയുടെ പ്രത്യക്ഷ ശരീരം ഇല്ലാതായിട്ടു് ഏതാനും ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും ഒരു വികാരം അനുദിനം ശക്തി പ്രാപിക്കുകയും ഹൃദയത്തിന്റെ മാംസപേശികളെ സമാക്രമിച്ചു് അവയെ ദുർബലമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആ വികാരത്തിന്റെ പേരു് ദുഃഖം എന്നു്.

images/Aravindan.jpg
ജി. അരവിന്ദൻ

ഏതു പ്രതിഭാസത്തിന്റെയും ഏതു വസ്തുവിന്റെയും ഉള്ളിലേക്കു കടന്നുചെന്നു് സത്യമെന്താണെന്നു് കാണിച്ചുതന്ന കലാകാരനാണു് അരവിന്ദൻ. സത്യദർശനം ആഹ്ലാദജനകമായതുകൊണ്ടു് ദ്രഷ്ടാക്കൾക്കു് ആഹ്ലാദം നിരന്തരമായി നല്കിക്കൊണ്ടിരിക്കാൻ ഇനി അദ്ദേഹമില്ലല്ലോ.

മനുഷ്യനെന്ന നിലയിൽ, ചലച്ചിത്രനിർമ്മാതാവെന്ന നിലയിൽ ഉത്കൃഷ്ടപുരുഷനായിരുന്ന അരവിന്ദനെക്കുറിച്ചറിയാൻ കൗതുകമുള്ളവർക്കു് ശ്രീ. എസ്. ജയചന്ദ്രൻനായർ കലാകൗമുദിയിലെഴുതിയ ലേഖനം പ്രയോജനപ്പെടും. ആ ലേഖനത്തിലേക്കു പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടു് ഞാൻ മാറിനില്ക്കട്ടെ.

മെജീഷൻ

തിങ്കളാഴ്ച കാലത്തു് സാഹിത്യവാരഫലം എന്ന ലേഖനം കൊടുത്തുകഴിഞ്ഞാൽ എനിക്കൊരു ‘വെപ്രാള’മാണു്. ജീവിതാനുഭവങ്ങൾ ഏതാണ്ടെല്ലാം പ്രതിപാദിച്ചു കഴിഞ്ഞു. പക്ഷേ, ഉപബോധമനസ്സിൽ ഇനിയും പലതും കിടക്കുന്നുണ്ടാവും. അതു ബോധമനസ്സിലേക്കു കൊണ്ടുവരാൻ പ്രയാസമുണ്ടു്. അങ്ങനെ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ആകൃതി സൗഭഗമാർന്ന ഒരു യുവാവു് വീട്ടിലെത്തി. ഏതെങ്കിലും കോളേജിലെ അദ്ധ്യാപകനാവാമെന്നു കരുതി ഞാൻ ‘വരു, ഇരിക്കു’ എന്നു സ്നേഹപൂർവ്വം ക്ഷണിച്ചു. യുവാവു് ഇരുന്നിട്ടു പറഞ്ഞു ‘ഞാൻ മുതുകാടു് മെജീഷ്യ നാണു്’. കേരളകൗമുദിയിലെ ശ്രീ. എസ്. ഭാസുരചന്ദ്രൻ എന്നോടു് മുൻപു് പറഞ്ഞിരുന്നു, മുതുകാടു് എന്ന മെജീഷ്യൻ സാറിനെ ചിലപ്പോൾ കാണാൻ വന്നേക്കും. ചില മാജിക്കുകൾ കാണിച്ചെന്നും വരും. അദ്ഭുതപ്പെട്ടുപോകും സാറ്. ഈ മുന്നറിയിപ്പു കിട്ടിയിരുന്നതുകൊണ്ടു് ഞാൻ വന്ന യുവാവിന്റെ ചേഷ്ടകളും ഉള്ളംകൈകളുമൊക്കെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ചുവരിലെ സത്യസായിബാബയുടെ ചിത്രം ചൂണ്ടിക്കാണിച്ചു് ‘സായിബാബ ഭക്തനാണോ’ എന്നു് അദ്ദേഹം ചോദിച്ചു. ഞാൻ ഒരു കാലത്തു് ബാബയെ നിന്ദിച്ചിരുന്നെന്നും പില്ക്കാലത്തു് അദ്ദേഹം ഭക്തന്മാർക്കു് ഭസ്മം കൊടുക്കുന്നതുകണ്ടു് അത്ഭുതപ്പെട്ടെന്നും എ. ടി. കോവൂർ കോട്ടിന്റെ കൈകൾ പിതുക്കിപ്പിതുക്കി ഭസ്മമെടുക്കുന്നതു കണ്ടപ്പോൾ ആ യുക്തിവാദിയോടു് എനിക്കു പുഛമേ തോന്നിയുള്ളുവെന്നും ഒക്കെ മുതുകാടിനോടു് പറഞ്ഞു. ഐൻസ്റ്റൈന്റെ ബുദ്ധി നമുക്കാർക്കുമില്ലാത്തതുപോലെ സത്യസായിബാബയ്ക്കുള്ള ഈശ്വരസാക്ഷാത്കാരം നമുക്കില്ലെന്നും ഞാൻ അറിയിച്ചു. സായിബാബ മനുഷ്യനാണു്. അതുകൊണ്ടു് രോഗം വന്നാൽ അദ്ദേഹത്തെ ചികിത്സിക്കാൻ ഡോക്ടർ വരണം. പക്ഷേ, നമുക്കാർക്കുമില്ലാത്ത ‘god realisation’ അദ്ദേഹത്തിനുണ്ടു്. അതിനാലാണു് ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നതെന്നു മുതുകാടിനോടു് പറഞ്ഞു. ഉടനെ ആ യുവാവു് കസേരയിൽ നിന്നെഴുന്നേറ്റു് എന്റെ അടുക്കലേക്കു വന്നു് ‘ഇതാ’ എന്നു പറഞ്ഞു കൈ നീട്ടി. ഞാൻ ഉള്ളം കൈ തുറന്നുകാണിച്ചപ്പോൾ അതിൽ നിറയെ ശുദ്ധമായ ഭസ്മം. അദ്ഭുതപ്പെട്ടു പോയി ഞാൻ. ആ വിസ്മയത്തിൽ നിന്നു വിമുക്തനാകാതെ ഞാൻ വീട്ടുകാരെ വിളിച്ചു. അവർക്കും ഭസ്മം കൊടുക്കു എന്നു് മുതുകാടിനോടു് ഞാൻ അപേക്ഷിച്ചപ്പോൾ ‘ഇനിയില്ല സാർ. ഞാൻ കൊണ്ടുവന്ന ഭസ്മം തീർന്നുപോയി. അതു മുഴുവനും ഞാൻ സാറിനുതന്നു’ എന്നു് അദ്ദേഹം അറിയിച്ചു. അതിന്റെ വിദ്യ എന്താണെന്നു ചോദിച്ചില്ല ഞാൻ. അതു മര്യാദകേടാവുമല്ലോ. പക്ഷേ, ‘ഇനി ഭസ്മമില്ല’ എന്നു മെജീഷൻ അറിയിച്ചപ്പോൾ എന്റെ വിസ്മയത്തിനും അറുതി വന്നു.

images/AntonChekhovimage.jpg
ചെക്കോവ്

ശ്രീ. മുണ്ടൂർ സേതുമാധവൻ കലാകൗമുദിയിലെഴുതിയ ‘ഹന്ന ഫ്രിഡ്ജ’ എന്ന ചെറുകഥ ഇതുപോലൊരു മുതുകാടു മാജിക്കാണു്. രാമദാസിനെ കാണാൻ ഒരു മദാമ്മ വന്നു. മലബാറിലെ ചില പ്രദേശങ്ങൾ കാണാൻ എത്തിയിരിക്കുകയാണു് താനെന്നു് അവർ അറിയിച്ചു. മദാമ്മ ദാസിന്റെ വീടാകെ നടന്നുകണ്ടപ്പോൾ ദാസിന്റെ അച്ഛൻ മാധവമേനോന്റെ പടം ദർശിച്ചു. മേനോൻ മരിച്ചു കഴിഞ്ഞു. പെട്ടെന്നു മദാമ്മ സ്വന്തം ബാഗിൽനിന്നു് ഒരു പടമെടുത്തു് ദാസിനെ കാണിച്ചു. അതു് മാധവമേനോന്റെ പടമാണു്. മേനോനു് മദാമ്മയിൽ ജനിച്ച എഡ്വിനു് ദാസിനോളം തന്നെ പ്രായം വരും. തന്റെ മകന്റെ ജനനത്തിനു് ഉത്തരവാദിയായ മേനോന്റെ വീടുകാണാനാണു് മദാമ്മ കേരളത്തിൽ വന്നതു്. അതിനുവേണ്ടി കള്ളം പറഞ്ഞെന്നേയുള്ളു. മദാമ്മ പോകുമ്പോൾ കഥ തീരുന്നു. ഇതുപോലെ ‘surprise ending’ ഉള്ള കഥകളുടെ കാലം എന്നേ കഴിഞ്ഞു. ഓ. ഹെൻട്രി ഇതുപോലുള്ള അനേകം കഥകളെഴുതി അക്കാലത്തെ വായനക്കാരെ ഭ്രമിപ്പിച്ചിരുന്നു. ജീവിതാവിഷ്കരണാത്മകതയില്ലാത്ത ഹെൻട്രിക്കഥകൾ ഇന്നാരും വായിക്കുന്നില്ല. മുണ്ടൂർ സേതുമാധവൻ പഴഞ്ചൻകാലത്തേക്കുപോയി ഉറൂബി ന്റെയും ബഷീറി ന്റെയും നാട്ടുകാരെ ഭ്രമിപ്പിക്കാൻ ശ്രമിക്കുകയാണു്. അദ്ദേഹം കഥാകാരനായി നമ്മുടെ മുൻപിൽ നിൽക്കട്ടെ. ഭസ്മം തരുന്ന മെജീഷനാവരുതു്. മുതുകാടിന്റെ കൈയടക്കത്തിന്റെ രഹസ്യം മനസ്സിലായതോടെ എനിക്കു് ആ ട്രിക്കിലുള്ള കൗതുകം ഇല്ലാതെപോയി. അദ്ദേഹം വീണ്ടും ഭസ്മം തന്നാൽ ഞാൻ അദ്ഭുതപ്പെടില്ല. മുണ്ടൂർ സേതുമാധവന്റെ ട്രിക്കിന്റെ രഹസ്യം മനസ്സിലായിപ്പോയതുകൊണ്ടു് അദ്ദേഹത്തിന്റെ കഥ ഞാൻ വീണ്ടും വായിക്കില്ല. പക്ഷേ, കലാത്മകമായ കഥയുടെ അവസ്ഥ അതല്ല. എത്ര പരിവൃത്തി വേണമെങ്കിലും ചെക്കോവി ന്റെ ഏതു കഥയും വായിക്കാം. ഓരോ പാരായണവും ജീവിതത്തിന്റെ ഓരോ മുഖം കാണിച്ചുതരും. ‘No man steps into the same river twice’ എന്നു് ഒരു ഗ്രീക്ക് തത്ത്വചിന്തകൻ.

ചോദ്യം, ഉത്തരം

ചോദ്യം: താങ്കളെ ഇവിടുത്തെ ഒരെഴുത്തുകാരൻ ഒരു മര്യാദയുമില്ലാതെ തെറിപറഞ്ഞു നടക്കുന്നല്ലോ. താങ്കളെന്തേ അതിനെക്കുറിച്ചു് എന്തെങ്കിലും ചെയ്യാത്തതു?

ഉത്തരം: ആയിരം മണിയുടെ നാവടക്കാം, ഒരു പരദൂഷണക്കാരന്റെ നാവടക്കാൻ പറ്റില്ലെന്നു മഹാകവി ജി. ശങ്കരക്കുറുപ്പു് പറഞ്ഞിട്ടുണ്ടു്. പിന്നെ ആരു എന്തു പറഞ്ഞാലും ആളുകൾ വിശ്വസിക്കാതിരിക്കത്തക്കവിധത്തിൽ ഞാൻ ജീവിക്കണം, അങ്ങനെ ജീവിക്കാത്തതു് എന്റെ തെറ്റായതുകൊണ്ടു് ആ പരദൂഷണക്കാരനോടു് എനിക്കു് ഒരു വിരോധവുമില്ല.

ചോദ്യം: സ്ത്രീകൾ ഏതുതരം പുരുഷന്മാരെയാവും സംശയത്തോടെ സമീപിക്കുന്നതു?

ഉത്തരം: ചെറുപ്പക്കാരെ അവർക്കു സംശയമില്ല. വൃദ്ധന്മാരെ സംശയിക്കും. അവരുടെ അടുത്തു ചെല്ലാൻ പേടിക്കുകയും ചെയ്യും.

ചോദ്യം: നിരൂപണം ഗംഭീരമാവുന്നതു് എപ്പോൾ?

ഉത്തരം: എഴുതുന്നവനും വായിക്കുന്നവനും ഒന്നും മനസ്സിലാകാതെ വരുമ്പോൾ ഏതു പ്രബന്ധവും പ്രൗഢമായി മാറും.

ചോദ്യം: മഴയുള്ള സമയത്തു് നിങ്ങൾ കടകളിൽ കയറിനില്ക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. മഴയില്ലാത്ത സമയത്തു് കുടയും നിവർത്തിപ്പിടിച്ചു് നിങ്ങൾ റോഡിലൂടെ നടക്കുന്നു. എന്താണു് ഈ വൈരുദ്ധ്യത്തിനു കാരണം?

ഉത്തരം: മഴപെയ്യുമ്പോൾ ഞാൻ കടത്തിണ്ണയിൽ കയറി നില്ക്കുന്നതു സത്യമാണു്. കുടയുണ്ടെങ്കിലും റോഡിലിറങ്ങില്ല. ഇറങ്ങിയാൽ വിയർപ്പിലെ സൾഫർ കലർന്നു കരിക്കട്ടപോലെയായ വെള്ളിക്കൊലുസ്സു് മധ്യവയസ്കകൾ ധരിച്ചു പോകുന്നതുകാണേണ്ടതായി വരുമല്ലോ. സാരിയുടെ അറ്റം നനയാതെ സൂക്ഷിക്കേണ്ടതു് സ്ത്രീകളുടെ കർത്തവ്യവും.

ചോദ്യം: വിവാഹം അങ്ങു ദേവലോകത്തു വച്ചു നടക്കുന്നുവെന്നു പറയുന്നതു ശരിയോ സാറേ?

ഉത്തരം: ശരി. വളരെ ശരി. അവിടെ നിന്നു വരുന്ന മഴയാണു് പെണ്ണിന്റെ കണ്ണീരായി ഒഴുകുന്നതു്. അവിടെ ഉണ്ടാകുന്ന ഇടിയാണു് ഭർത്താവിന്റെ മുഷ്ടിയിലൂടെ ഭാര്യയുടെ മുതുകിൽ വീഴുന്നതു്. അയാൾ അവളുടെ കരണത്തടിക്കുമ്പോൾ കണ്ണിൽ പ്രവഹിക്കുന്ന മിന്നൽ അവിടെ നിന്നു വരുന്ന മിന്നൽ തന്നെയാണു്.

ചോദ്യം: ശീലങ്ങൾ ഒഴിവാക്കാൻ പറ്റുമോ?

ഉത്തരം: ഏയ്. ഒക്കുകില്ല. നമ്മൾ തടിപോലെ ഗെയ്റ്റിൽ നിന്നാലും പത്രക്കാരൻ പയ്യൻ നമ്മുടെ തലയ്ക്കുമുകളിലൂടെ പത്രം മുറ്റത്തെറിഞ്ഞു് നമ്മുടെ റോസാച്ചെടികൾ ഒടിച്ചിട്ടു് പോകും. ബസ് നില്ക്കുമ്പോൾ ‘കിളി’ കയറുകയില്ല. അതോടിത്തുടങ്ങുമ്പോൾ ചാടിക്കയറും. ചില സുന്ദരന്മാർക്കും സുന്ദരികൾക്കും ബസ്സിൽ സഞ്ചരിക്കുമ്പോൾ മൂക്കിനകത്തു വിരലിടണം.

രണ്ടു തരത്തിലും ദയനീയത

ഏതു പ്രതിഭാസത്തിന്റെയും ഏതു വസ്തുതയുടെയും ഉള്ളിലേക്കു കടന്നുചെന്നു് സത്യമെന്തെന്നു് കാണിച്ചുതന്ന കലാകാരനാണു് അരവിന്ദൻ. സത്യദർശനം ആഹ്ലാദജനകമായതുകൊണ്ടു് ദ്രഷ്ടാക്കൾക്കു് ആഹ്ലാദം. ആ ആഹ്ലാദം നിരന്തരമായി നല്കിക്കൊണ്ടിരിക്കാൻ ഇനി അദ്ദേഹമില്ലല്ലോ.

ഡോക്ടർ കെ. ഭാസ്കരൻനായർ ഗദ്യമാണു് എഴുതിയിരുന്നതെങ്കിലും poetic writer ആയിരുന്നു; prosaic writer അല്ലായിരുന്നു. ശ്രീ. ശങ്കരനാരായണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ഒറ്റമൂലച്ചി’ എന്ന പേരിൽ പദ്യമെഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം പദ്യകർത്താവല്ല, ഗദ്യകർത്താവാണു്. തെക്കേതിലെ പാറു ശസ്ത്രക്രിയയ്ക്കു ശേഷം ഒറ്റമൂലച്ചിയായി വന്നപ്പോൾ ഒരമ്മ ഓണസ്സദ്യയുടെ മിച്ചം അവൾക്കു് വാരിക്കോരി കൊടുത്തുപോലും. എത്രകാലം പാറു ഇങ്ങനെ കഴിയുമെന്നു ചോദിച്ചുകൊണ്ടു് കവി ദീർഘശ്വാസം പൊഴിക്കുന്നു. പക്ഷേ, ആ ദീർഘശ്വാസത്തിനു് കുത്സിതകവിതയുടെ നാറ്റമേയുള്ളു. കവിത ഒരന്തരാഗ്നിയാണു്. അതു കവിയറിയാതെ പ്രകാശിക്കുമ്പോൾ നമ്മൾ ജീവിതം എന്താണെന്നു് ഗ്രഹിക്കുന്നു. ശങ്കരനാരായണനു് ആ അഗ്നിയില്ല. അദ്ദേഹം ലയത്തിനുവേണ്ടി യത്നിച്ചിട്ടു് ലയഭംഗത്തിൽ ചെന്നുവീഴുന്നു. മനുഷ്യജീവിതത്തിന്റെ ദയനീയതയെ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടു് കുത്സിത കവിതയുടെ ദയനീയതിൽ ചെന്നു വീഴുന്നു. ദാരിദ്ര്യത്തെ ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടു് കവിതാദാരിദ്ര്യത്തിൽ ചെന്നു പതിക്കുന്നു. മതി, ശങ്കരനായണ കാവ്യത്തിൽ ആകെ പതിനാലു വരികളേയുള്ളു. ഞാൻ പന്ത്രണ്ടു വാക്യങ്ങളിൽ എന്റെ ഈ വിമർശനം ഒതുക്കട്ടെ.

നിർവ്വചനങ്ങൾ
സിഗ്റെറ്റ്:
കാൻസർ സ്റ്റിക്.
ഇന്റസീവ് കെയർ യൂനിറ്റ്:
പ്രഷർക്കുക്കർ
കരസ്പർശം:
വിൽപ്പനക്കാരികളിൽ നിന്നു് പുരുഷന്മാർക്കു് എപ്പോഴും കിട്ടുന്നതു്.
പുഞ്ചിരി:
പുരുഷന്റെ വക്രതയുള്ള ചുണ്ടുകളെ ഋജുരേഖയാക്കുന്ന സ്ത്രീയുടെ മുഖത്തെ മാംസപേശികളുടെ വക്രീകരണം.
ഭാര്യ:
ഭർത്താവിന്റെ യഥാർത്ഥമായ കഷ്ടപ്പാടിൽ ആശ്വാസമരുളുന്നവൾ
കാമുകി:
കാമുകന്റെ യഥാർത്ഥമായ കഷ്ടപ്പാടുകളെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നവൾ.
ആകുലാവസ്ഥ:
ഒരുത്തനെക്കുറിച്ചു് ദോഷം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അയാൾ പെട്ടെന്നു് അവിടെ വന്നു കയറിയാൽ ഉണ്ടാകുന്നതു്.
മനംമറിക്കൽ:
‘ഉഷ കിരീടം നിലനിറുത്തി’യെന്നു ടെലിവിഷനിൽ വാർത്തയിൽ കേൾക്കുമ്പോഴും ‘മനപ്രയാസം’ ‘ഇത്തരുണത്തിൽ’ എന്നു പത്രങ്ങളിൽ വായിക്കുമ്പോഴും ഉണ്ടാകുന്ന ഒരവസ്ഥാവിശേഷം.
വീടു്:
എവിടെ ചൊറിച്ചിലുണ്ടായാലും ചൊറിയാൻ പറ്റിയ സ്ഥലം. (നിർവചനം കടംവാങ്ങിയതു്.)
തടയാനാവില്ല

എത്ര പരിവൃത്തി വേണമെങ്കിലും ചെക്കോവിന്റെ ഏതു കഥയും വായിക്കാം. ഓരോ പാരായണവും ജീവിതത്തിന്റെ ഓരോ മുഖം കാണിച്ചുതരും.

റഷ്യൻ മിസ്റ്റിക് ഊസ്പെൻസ്കി യുടെ സിദ്ധാന്തം കഴിഞ്ഞ ജന്മങ്ങളിലെ സംഭവങ്ങൾ അതേ രീതിയിൽ ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും ആവർത്തിച്ചുവരും എന്നാണു്. ഞാനിപ്പോൾ തിരുവനന്തപുരത്തെ ഒരു വീട്ടിൽ ചാരുകസേരയിലിരുന്നു കാലത്തു പത്തുമണിക്കു് ഇതെഴുതുന്നു. തീയതി മാർച്ച് 28. ഇമ്മട്ടിൽ മാർച്ച് 28-ആം തീയതി കാലത്തു് പത്തുമണിക്കു് ഇതേ വീട്ടിൽ ഇതേ ചാരുകസേരയിലിരുന്നു് ഞാൻ ഈ ലേഖനംതന്നെ പൂർവ്വജന്മങ്ങളിൽ എഴുതിയിട്ടുണ്ടു്. ഇനി വരും ജന്മങ്ങളിൽ എഴുതുകയും ചെയ്യും. തൊട്ടുകഴിഞ്ഞ ജന്മത്തിൽ എനിക്കുണ്ടായ ഒരനുഭവം ഓർമ്മയിലുണ്ടു്. ഈ ജന്മത്തിൽ അതു് ഇതുവരെ സംഭവിച്ചില്ല. ഊസ്പെൻസ്കിയുടെ സിദ്ധാന്തമനുസരിച്ചു് ഉടനെ അതുണ്ടാകുമെന്നു് വിശ്വസിക്കുന്നു. ഇനി കഴിഞ്ഞ ജന്മത്തിലെ സംഭവത്തെക്കുറിച്ചു് പറയാം. എന്റെ ഒരു പുസ്തകം ഒരു പ്രസാധക സംഘം പ്രസിദ്ധപ്പെടുത്തി. സാമാന്യം വലിയതുകയാണു് ‘റോയൽറ്റി.’ എങ്കിലും ആയിരം രൂപ എന്ന കണക്കിനേ അവർ അതു തരൂ. ടെലിഗ്രാം, എസ്. റ്റി. ഡി. കോൾ, സ്പീഡ്പോസ്റ്റ് എഴുത്തു് ഇവയ്ക്കുവേണ്ടി ആയിരം രൂപയോളം ഞാൻ ചെലവാക്കുമ്പോൾ പ്രസാധകർ ആയിരം രൂപയുടെ പോസ്റ്റ് ഡേറ്റഡ് ചെക്ക് അയച്ചുതരും. ഡിസ്കൗണ്ട് ചെയ്യാൻ ധൈര്യമില്ല. ചെക്ക് മാറി പണം വന്നാലേ ഞാനതു് എടുക്കൂ. അങ്ങനെയിരിക്കെ പണത്തിനു് അത്യാവശ്യമുണ്ടായി. പതിവായി ആയിരം രൂപയുടെ വണ്ടിച്ചെക്ക് അയയ്ക്കരുതെന്നും രണ്ടായിരം രൂപയുടെ ഡ്രാഫ്റ്റ് അയച്ചുതരണമെന്നും അപേക്ഷിച്ചുകൊണ്ടു് പ്രസാധകർക്കു് കത്തെഴുതി. മറുപടിയില്ലാത്തതുകൊണ്ടു് ടെലിഗ്രാം അയച്ചു. എസ്. റ്റി. ഡി. കോൾ നടത്തി. പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞപ്പോൾ മറുപടി കിട്ടി. താങ്കൾ ആവശ്യപ്പെട്ടതനുസരിച്ചു് ഇതോടൊപ്പം രണ്ടായിരം രൂപയുടെ ഡ്രാഫ്റ്റ് അയയ്ക്കുന്നു. എന്നു മറുപടിയിൽ. പക്ഷേ, ഡ്രാഫ്റ്റ് ഇല്ല. മൊട്ടുസൂചികൊണ്ടു് കുത്തിയിരുന്നെങ്കിൽ കത്തിൽ ചെറിയ ദ്വാരമെങ്കിലും കാണുകില്ലേ? അതില്ല. ഉടനെ ടെലിഗ്രാം അയച്ചു ഡ്രാഫ്റ്റ് കിട്ടിയില്ലെന്നുകാണിച്ച്. ‘ഞങ്ങൾ അതയച്ചു. പോസ്റ്റ്മാൻ തുറന്നു് എടുത്തിരിക്കും’ എന്നു മറുപടി. ക്രോസ്ചെയ്ത ഡ്രാഫ്റ്റ്കൊണ്ടു് ഒരു പോസ്റ്റ്മാനും പ്രയോജനമില്ലെന്നു കാണിച്ചു് എന്റെ കത്തു് വീണ്ടും. എന്തിനു്? ഒരു മാസം കഴിഞ്ഞപ്പോൾ ‘ഡ്രാഫ്റ്റ് മേശയ്ക്കകത്തു കിടന്നുപോയി. പഴയ ഡ്രാഫ്റ്റ് കൊണ്ടു പ്രയോജനമില്ലാത്തതുകൊണ്ടു് പുതിയ ഡ്രാഫ്റ്റ് അയയ്ക്കുന്നു’ എന്നു മറുപടി. അങ്ങനെ റോയൽറ്റിവകയിൽ രണ്ടായിരം രൂപ എനിക്കു കിട്ടി. ഒന്നുകൂടെ പറയട്ടെ, ഇതു കഴിഞ്ഞ ജന്മത്തിലെ അനുഭവമാണു്. ഈ ജന്മത്തിൽ ഇതു സംഭവിക്കാനിരിക്കുന്നതേയുള്ളു. സംഭവിച്ചില്ലെങ്കിൽ ഊസ്പെൻസ്കിയുടെ സിദ്ധാന്തം തെറ്റാണെന്നു് കാണിച്ചു ഞാൻ എഴുതിക്കൊള്ളാം.

images/PDOuspenski.jpg
ഊസ്പെൻസ്കി

ആധുനികർ കഥയെഴുതുമ്പോൾ കലയുടെ ഡ്രാഫ്റ്റ് അതിന്റെകൂടെ വച്ചിട്ടുണ്ടെന്നാണു് അവർ പരോക്ഷമായി നമ്മോടു പറയുക. പക്ഷേ, തുറന്നു നോക്കുമ്പോൾ ഡ്രാഫ്റ്റില്ല. മൊട്ടുസൂചിയുടെ പാടുപോലുമില്ല. ദേശാഭിമാനി വാരികയിൽ സൂര്യഗോപൻ എന്ന പേരിൽ താഴെ ‘മഞ്ഞുകാലത്തിലെ തീവണ്ടി’ എന്ന രചന കണ്ടയുടനെതന്നെ ഞാൻ തീരുമാനിച്ചു ഡ്രാഫ്റ്റ് ഉണ്ടെന്നു് അദ്ദേഹം ഭാവിക്കുന്നെങ്കിലും അതു കാണില്ലെന്നു്. എന്റെ വിചാരം ശരിയാണെന്നു തെളിയുകയും ചെയ്തു. തീവണ്ടിയെ ജീവിതത്തിന്റെ പ്രതീകമാക്കി യാത്രക്കാരനെ ‘അവശനും ആർത്തനും ആലംബഹീനനുമാക്കി’ ചിത്രീകരിക്കുകയാണു് സൂര്യഗോപൻ. കോഴികാഷ്ഠിക്കുന്നതുപോലെ അവിടവിടെ ചില വാക്യങ്ങൾ. അവ സാകല്യാവസ്ഥയിൽ ഒരു ഫലവുമുളവാക്കുന്നില്ല. ഗ്രന്ഥ പ്രസാധകരുടെ പറ്റിക്കൽപോലെ ഒരു പറ്റിക്കലാണു് ഈ രചനാസാഹസിക്യം. A great many people can peck at a typewriter and fortunately, no one can stop them എന്നു ഹാവൽ. സൂര്യഗോപൻ പേനകൊണ്ടാവും എഴുതുന്നതു്. എഴുതട്ടെ. ആർക്കു് അദ്ദേഹത്തെ തടയാനാവും?

ചങ്ങാടത്തിൽ

ഓസ്കർ വൈൽഡി ന്റേതായി ഒരു കൊച്ചു കഥ ഞാൻ വായിച്ചിട്ടുണ്ടു്. The Works of Oscar Wilde എടുത്തു നോക്കിയിട്ടു കാണുന്നുമില്ല. അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിൽ ഏതെങ്കിലും ഉള്ളതാവാം. ഓർമ്മയില്ല. കഥ ഇതാണു്. ഒരിടത്തു ഒരു രത്നവ്യാപാരി ഉണ്ടായിരുന്നു. അയാൾ എന്നും രത്നം വിറ്റിട്ടു് വൈകീട്ടു് വീട്ടിൽ വന്നു വ്യാപാരത്തിന്റെ കാര്യങ്ങളൊക്കെ ഭാര്യയോടു പറയും. എന്നും അതുതന്നെ അയാളുടെ ജോലി. അതു കേട്ടുകേട്ടു് അവൾക്കു നന്നേ മുഷിഞ്ഞു. ഒരു ദിവസം രാജവീഥിയിലൂടെ കുതിരപ്പുറത്തു കയറിയിപ്പോയ രാജകുമാരൻ ആ സുന്ദരിയെ കണ്ടു. വ്യാപാരിയില്ലാത്തസമയം നോക്കി അവളുടെ വീട്ടിൽ കയറിയിരിപ്പായി. ഒരു ദിവസം അങ്ങനെ അവളും രാജകുമാരനും സല്ലപിച്ചുകൊണ്ടിരുന്നപ്പോൾ രത്നവ്യാപാരി തികച്ചും അപ്രതീക്ഷിതമായിത്തന്നെ വീട്ടിലെത്തി. രാജകുമാരൻ രത്നം വാങ്ങാൻ വന്നതാണെന്നു് അവൾ കള്ളം പറഞ്ഞു ഭർത്താവിനോടു്. ഏതുതരത്തിലുള്ള രത്നമാണു് വേണ്ടതെന്നു വ്യാപാരി ചോദിച്ചപ്പോൾ ഒരു രത്നവും വേണ്ടെന്നു് മറുപടി നൽകി. രത്നത്തെക്കാൾ വിലകൂടിയ സ്ത്രീരത്നത്തിലായിരുന്നല്ലോ രാജകുമാരന്റെ കണ്ണു്. അവൾ മുന്തിരിച്ചാറുകൊണ്ടു വച്ചപ്പോൾ അവളുടെയും രാജകുമാരന്റെയും കണ്ണുകൾ തമ്മിലിടയുന്നതു് അയാൾ കണ്ടു. വ്യാപാരി വാളുമായി ചാടിയെഴുന്നേറ്റു. യുദ്ധത്തിൽ ഒരു നിമിഷം കൊണ്ടു രാജകുമാരന്റെ വാളും തെറിപ്പിച്ചിട്ടു് അയാൾ സ്വന്തം വാൾ അയാളുടെ നെഞ്ചിൽ കുത്തിയിറക്കി. അതു കണ്ടയുടൻ ‘അങ്ങു ഇത്ര ധീരനാണെന്നു് ഞാൻ അറിഞ്ഞില്ലല്ലോ’ എന്നു് അവൾ പറഞ്ഞു. ‘നീ ഇത്ര സുന്ദരിയാണെന്നു ഞാനും അറിഞ്ഞില്ലല്ലോ’ എന്നു വ്യാപാരിയും. അയാൾ അവളെ കോരിയെടുത്തു.

ആളിന്റെയോ വസ്തുവിന്റെയോ സൗന്ദര്യം വേറൊരാൾ കാണിച്ചുതരുന്നതുവരെ മറ്റൊരുവൻ അറിയുന്നില്ല എന്ന തത്ത്വം വിശദമാക്കുന്ന കഥയാണിതു്. ഓസ്കർ വൈൽഡ് മനോഹരമായി ആവിഷ്കരിച്ച ഈ ആശയം എത്ര ജുഗുപ്സാവഹമായി സി. കെ. ശശി പ്രതിപാദിക്കുന്നുവെന്നറിയണമെങ്കിൽ കുങ്കുമം വാരികയിൽ അദ്ദേഹമെഴുതിയ ‘ഉത്സവം’ എന്ന കഥ വായിച്ചു നോക്കിയാൽ മതി. വീട്ടിൽ കിടക്കാതെ എന്നും രാത്രി ഉത്സവം കാണാൻ പോകുന്ന ഒരുത്തന്റെ ഭാര്യയെ വേറൊരുത്തൻ പ്രേമിക്കുന്നുപോലും. നമ്മുടെ നാട്ടിൽ രണ്ടു പ്രവാഹങ്ങളുണ്ടു്. ഒന്നു സംസ്കാരത്തിന്റെ പ്രവാഹം. അതിലൂടെ ഉറൂബ്, ബഷീർ, തകഴി ഇവർ കളിവഞ്ചിയിലേറി തുഴഞ്ഞപോകുന്നു. ‘ബാർബറിസ’ത്തിന്റെ—പ്രാകൃത ഭാഷണത്തിന്റെ—വേറൊരു പ്രവാഹമുണ്ടു്. സി. കെ. ശശി അതിൽ ചങ്ങാടമിട്ടു് കേറി നിന്നു കഴുക്കോലൂന്നുന്നു. അതിൽക്കൂടുതലായി എന്തു പറയാൻ?

ഈ പുസ്തകം നിരോധിക്കൂ
images/ImaginaryHomelands.jpg

എഴുത്തുകാരന്റെയും വായനക്കാരന്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്ന പുസ്തങ്ങളുണ്ടു്. രണ്ടുപേരുടെയും ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന കൃതികളുമുണ്ടു്. ആരോഗ്യം ക്ഷയിപ്പിക്കുക മാത്രമല്ല എഴുതുന്നവൻ മയ്യത്തായി മാറത്തക്കവിധത്തിലുള്ള കൃതികളുമെഴുതാമെന്നു് തെളിയിച്ചവനാണു് ബ്രിട്ടീഷുകാർക്കം അമേരിക്കക്കാർക്കം വേണ്ടി എഴുതുന്ന സൽമാൻ റുഷ്ദി. ‘Satanic Verses’ എന്ന കുത്സിതമായ നോവലെഴുതി മരണത്തെ ക്ഷണിച്ചുവരുത്തിയവനാണു് റുഷ്ദി. (റുഷ്ദിയെ അദ്ദേഹമെന്നു വിളിക്കാൻ എനിക്കു് മടിയുള്ളതുകൊണ്ടാണു് ആ പേരു് ആവർത്തിക്കുന്നതു്.) താൻ വാതോരാതെ നിന്ദിച്ച താച്ചറു ടെ സൗജന്യവും മഹാമനസ്കതയുംകൊണ്ടു റുഷ്ദി ഇപ്പോഴും ജീവിച്ചിരിക്കുന്നു.

എഴുത്തുകാരന്റെയും വായനക്കാരന്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്ന പുസ്തകങ്ങളുണ്ടു്. രണ്ടപേരുടെയും ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന കൃതികളുമുണ്ടു്. ആരോഗ്യം ക്ഷയിപ്പിക്കുക മാത്രമല്ല എഴുതുന്നവൻ മയ്യത്തായി മാറത്തക്കവിധത്തിലുള്ള കൃതികളുമെഴുതാമെന്നു തെളിയിച്ചവനാണു് ബ്രിട്ടീഷുകാർക്കും അമേരിക്കക്കാർക്കും വേണ്ടി എഴുതുന്ന സൽമാൻ റുഷ്ദി.

ഇത്രയും ഞാൻ എഴുതിയതു് റുഷ്ദിയുടെ “Imaginary Homelands ” എന്ന പുസ്തകം വായിച്ചു പോയതുകൊണ്ടാണു്. മഹാത്മാ ഗാന്ധി യെ റുഷ്ദി “Crafty Gujarati lawyer” എന്നു വിളിക്കുന്നു (പുറം 102). “Gandhi the celluloid guru” എന്നു വേറൊരിടത്തു്. ഈ പുസ്തകത്തിൽ ശ്രീമതി ഇന്ദിരാ ഗാന്ധി യെക്കുറിച്ചു് റുഷ്ദി പറയുന്ന ഭാഗം എടുത്തെഴുതാൻ എനിക്കു് ധൈര്യമില്ല. പ്രിയപ്പെട്ട വായനക്കാർ എന്റെ സഹോദരന്മാരും സഹോദരികളുമാണു്. അവരോടു് പറയാൻ പാടില്ലാത്തതു് പറയുകയില്ല ഞാൻ. ഗ്രന്ഥത്തിന്റെ 48-ആം പുറത്തെ രണ്ടാമത്തെ ഖണ്ഡികയിൽ ഈ ദുരാരോപണം കാണാം. അതിലേക്കു വായനക്കാരെ നയിക്കാൻ വേണ്ടി റുഷ്ദി മുമ്പുള്ള ഖണ്ഡികയിൽ എഴുതിയതു എടുത്തെഴുതാം: The crucial, relationships have been those between father and daughter (Jawaharlal and Indira) and Indira and Sanjay that is mother and son. ഇങ്ങനെ ദൂരർത്ഥപ്രതീതിയുളവാകുന്ന മട്ടിലെഴുതിയിട്ടു് ഞാൻ സൂചിപ്പിച്ച ദൂരാരോപണത്തിലേക്കു റുഷ്ദി വരുന്നു. ആ ഹീനകൃത്യത്തിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി അതു് “unfounded rumour” ആണെന്നു പറയുന്നു. വായനക്കാരെ മണ്ടന്മാരാക്കുന്ന ഹീന കൃത്യം.

നമ്മുടെ രാജ്യത്തെയും അതിന്റെ നേതാക്കന്മാരെയും വളരെക്കാലമായി നിന്ദിച്ചുകൊണ്ടിരിക്കുന്ന റുഷ്ദി, ആ നിന്ദനത്തിന്റെ പരകോടിയിലെത്തിയിരിക്കുന്നു ഈ ഗ്രന്ഥത്തിലെ ഗർഹണീയ പ്രസ്താവങ്ങളിലൂടെ.

ഈ മനുഷ്യനെ പ്രോത്സാഹിപ്പിക്കാൻ ലണ്ടനിലെയും ഇന്ത്യയിലെയും ചില പ്രസാധകരും ഇലസ്ട്രെറ്റഡ് വീക്ക്ലിയും മാത്രമേ ഉണ്ടാവൂ. ആ വാരികയിൽ റ്റി. ജി. വൈദ്യനാഥൻ റുഷ്ദിയുടെ പുസ്തകത്തെക്കുറിച്ചു് അനുകൂലമായി എഴുതിയിരിക്കുന്നു.

എവിടെ സംസ്കാരം ഹനിക്കപ്പെടുന്നുവോ, എവിടെ അധമത്വം നഗ്നനൃത്തം നടത്തുന്നുവോ അവിടെ പ്രതിഷേധശബ്ദം ഉയരണം. ഭാരതത്തിലെ രാഷ്ട്രീയകക്ഷികൾ ഈ ഗ്രന്ഥത്തിന്റെ കുത്സിതത്വത്തെ നിന്ദിക്കാൻ വേണ്ടി ഒരുമിച്ചു് ചേർന്നു് ഇതു് നിരോധിക്കാൻ ഭാരത സർക്കാരിനോടു് ആവശ്യപ്പെടേണ്ടതാണു്. ആ ആവശ്യപ്പെടൽ ഉണ്ടാകുന്നതിനുമുമ്പു് സർക്കാർതന്നെ ഇതു നിരോധിക്കേണ്ടതാണു്.

ഞാൻ ഇന്ദിരാ ഗാന്ധിയുടെ ആരാധകനല്ല. അവരുടെ അടിയന്തരാവസ്ഥയുടെ നൃശംസതകൾ എന്റെ ഹൃദയത്തെ ഇപ്പോഴും മഥിക്കുന്നു. പക്ഷേ, അസാന്മാർഗ്ഗികത്വം ആഭാസത്തോളം ഉയരുമ്പോൾ ആരും കോപിക്കുമല്ലോ. ആ ധർമ്മരോഷമാണു് എനിക്കുള്ളതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-04-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.