സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-10-20-ൽ പ്രസിദ്ധീകരിച്ചതു്)

ദിനക്കുറിപ്പുകൾ
  1. ഒരു നൃത്തം കാണാൻ പോയി ഞാൻ. പതിനേഴു വയസ്സോളമുള്ള ഒരു പെൺകുട്ടി അത്യാകർഷകമായി നൃത്തം ചവിട്ടുന്നു. അസ്തമിക്കുന്ന സൂര്യൻ ചക്രവാളത്തിലേക്കു് ഇറങ്ങി കടലിൽ അപ്രത്യക്ഷമാകുന്നതിനുമുൻപു് അരുണാഭങ്ങളായ രശ്മികൾ അന്തരീക്ഷത്തിലേക്കു പ്രസരിപ്പിച്ചു് അവിടെമാകെ തിളക്കുന്നതുപോലെ വർണ്ണക്കടലാസ്സുകൊണ്ടു് പൊതിഞ്ഞ വിദ്യുച്ഛക്തിവിളക്കിൽനിന്നു് അരുണശോഭയാർന്ന രശ്മികൾ പ്രസരിപ്പിച്ചു് ഒരാൾ ആ പെൺകുട്ടിയെയും അവളുടെ വസ്ത്രങ്ങളെയും സിന്ദൂര വർണ്ണത്തിൽ മുക്കി. ഒരു നിമിഷം കഴിഞ്ഞപ്പോൾ അവൾ ഹരിതാഭയിൽ ആമജ്ജനം ചെയ്തു. ഉത്തരക്ഷണത്തിൽ ധവളവർണ്ണം അവളെ ആവരണം ചെയ്തു. ഇങ്ങനെ എത്രയെത്ര വർണ്ണങ്ങൾ! ഇന്നു മഹാകവി വള്ളത്തോളി നെ ആധുനിക സാഹിത്യകാരന്മാർ കുറ്റപ്പെടുത്തുന്നു. അദ്ദേഹം കവിയല്ലെന്നുവരെ ചിലർ പറയുന്നു. എന്നാൽ അദ്ദേഹത്തിന്റ ‘മഗ്ദലനമറിയ’വും ‘കൊച്ചുസീത’യും മറ്റും വായിക്കുമ്പോൾ മാറിമാറിവരുന്ന നിറങ്ങളോടുകൂടി വേദിയിൽ നൃത്തമാടുന്ന സുന്ദരിയെ കാണുന്ന പ്രതീതിയാണു് എനിക്കു്.
  2. ഒരത്യന്താധുനിക കവി കാലത്തു് എന്നെക്കാണാൻ വന്നു. വളരെനേരം നവീനതമസാഹിത്യത്തെ നീതിമത്കരിച്ചുകൊണ്ടു് സംസാരിച്ചു. അതിൽ തെറ്റില്ല. താൻ വിശ്വസിക്കുന്ന കാര്യം അസന്ദിഗ്ദ്ധമായിത്തന്നെ പറയേണ്ടതാണു് ആരും. ഏറെനേരം അങ്ങനെ കാര്യങ്ങൾ പറഞ്ഞിട്ടു് അദ്ദേഹം യാത്ര പറഞ്ഞു. മര്യാദയുടെ പേരിൽ ഞാൻ അദ്ദേഹത്തൊടൊരുമിച്ചു് ഗെയ്റ്റ് വരെ പോയി. അദ്ദേഹം വന്നതു സ്ക്കൂട്ടറിലായിരുന്നു. അതിൽ കയറിയിരുന്നു് നീളമുള്ള ഒരു കമ്പിയിൽ ഒറ്റച്ചവിട്ടു്. സ്ക്കൂട്ടർ നിശ്ശബ്ദം. പിന്നെയും ചവിട്ടു്. അനക്കമില്ല. ദേഷ്യത്തോടെ അനവധി ചവിട്ടുകൾ. ചലനരഹിതം അദ്ദേഹം സ്ക്കൂട്ടറിൽനിന്നിറങ്ങി സ്വന്തം വാഹനത്തെ സ്നേഹപൂർവ്വം പാടേ ചരിച്ചു. നേരേനിറുത്തി പിന്നീടു്. എന്നിട്ടു് അനുനയിപ്പിക്കുന്ന മട്ടിൽ മൃദുലമായ ചവിട്ടു്. ഇല്ല. നിശ്ചേതനത്വംതന്നെ “അടുത്തു് വർക്കഷോപ്പ് ഉണ്ടു്. അങ്ങോട്ടു കോണ്ടുപോകു” എന്നു ഞാൻ നിർദ്ദേശിച്ചു. പാടുപെട്ടു് ആ മനുഷ്യൻ അതു തള്ളിക്കൊണ്ടു പോയി. ദയനീയമായ ആ കാഴ്ച മുഴുവനും കാണാതെ ഞാൻ വീട്ടിനകത്തേക്കു പോന്നു. ഇതുപോലെയാണു് അദ്ദേഹം നവീനതമസാഹിത്യത്തെ അർത്ഥത്തിനുവേണ്ടി ചവിട്ടുന്നതു്. പാദാഭിഘാതങ്ങൾ ഏറെയേറ്റിട്ടും സാഹിത്യം അർത്ഥത്തിന്റെ യന്ത്രധ്വനി കേൾപ്പിക്കുന്നില്ല. മൃദുലമായി ചരിച്ചുവയ്ക്കുന്നു. നിവർത്തിവയ്ക്കുന്നു. കടുത്ത പാദപ്രഹരത്തിനു പകരം മൃദുലമായ പാദസ്പർശം നടത്തുന്നു. ഫലമില്ല. ഗത്യന്തരമില്ലാതെ നവീനനിരൂപകന്റെ വർക്ക്ഷോപ്പിലേക്കു് അയാൾ നവീനസാഹിത്യയന്ത്രത്തെ തള്ളിക്കൊണ്ടു പോകുന്നു.
ശ്രീ സത്യസായിബാബ
images/Sathyasaibabafloat1946.jpg
സത്യസായിബാബ

സത്യസായിബാബ യിൽ വിശ്വസിക്കുന്നവർ, വിശ്വസിക്കാത്തവർ ഇവരൊക്കെ വായിക്കേണ്ട പുസ്തമാണു്. “Miracles Are my Visiting Cards”—“An investigative report on the psychic phenomena associated with Sathya Sai Baba” (Century Paperbacks—A Rider Book £6.95.) ഈ ഗ്രന്ഥത്തിന്റെ കർത്താവായ Erlendur Haraldsson, Ph.D ഐസ്ലണ്ട് സർവകലാശാലയിലെ സൈക്കോളജി പ്രഫെസറാണു്. അദ്ദേഹം സഹപ്രവർത്തകനായ ഡോക്ടർ ഓസിസിനോടുകൂടി സത്യസായിബാബയെ നേരിട്ടു കണ്ടു; അദ്ദേഹത്തിന്റെ വിസ്മയാവഹങ്ങളായ പ്രവർത്തനങ്ങൾക്കു സാക്ഷ്യം വഹിച്ച പ്രമുഖന്മാരെ കണ്ടു. “Miracles are my visiting cards” എന്നു് ഹരൽഡ്സണ്ണിനോടും കൂട്ടകാരനോടും മറ്റു ഗവേഷകന്മാരോടും അസന്ദിഗ്ദ്ധമായ പ്രഖ്യാപിച്ച സത്യസായിബാബയുടെ അത്യത്ഭുത പ്രവൃത്തികളെക്കുറിച്ചുള്ള പഠനമാണു് ഇപ്പുസ്തകം. തങ്ങൾ നടത്തുന്ന പരീക്ഷണങ്ങൾക്കു സായിബാബ വിധേയനാകണമെന്നായിരുന്നു ഗവേഷകരുടെ അഭ്യർത്ഥന. താൻ ഈശ്വരനാണെന്നും ജനതയെ വിശ്വസിപ്പിക്കാൻവേണ്ടി മാത്രം ദിവ്യാത്ഭുതപ്രവർത്തനങ്ങൾ നടത്തുകയാണെന്നും സായിബാബ അവരോടു പറഞ്ഞു. ഒരുദാഹരണം അദ്ദേഹം നല്കുകയും ചെയ്തു. “പ്രധാനമന്ത്രിക്കു് വലിയ അധികാരങ്ങളുണ്ടു്. ചില പരിതഃസ്ഥിതികളിൽ ജനങ്ങളെ അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിനു് ആജ്ഞാപിക്കാം. എന്നാൽ അധികാരമുണ്ടെന്നു കാണിക്കാൻവേണ്ടി പ്രധാനമന്ത്രിക്കു് ഒരു വിശദീകരണപ്രകടനം നടത്താനൊക്കുകയില്ല. ഭക്തന്മാരുടെ നന്മയ്ക്കും സംരക്ഷണത്തിനുംവേണ്ടി മാത്രമേ ദൈവികശക്തികൾ പ്രയോജനപ്പെടുത്താനാവൂ”. സായിബാബ ഇങ്ങനെ അറിയിച്ചതിനുശേഷവും ഗവേഷകർ അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തി. പക്ഷേ, സായിബാബ വഴങ്ങിയില്ല. പിന്നീടു് ദിവ്യപ്രവർത്തികൾ നേരിട്ടു കാണുക; പ്രമുഖന്മാരും വിശ്വസിക്കാൻ കൊള്ളാവുന്നവരും നൽകിയ റിപ്പോർട്ടുകൾ പരിശോധിക്കുക, ഇതേ മാർഗ്ഗമായി ഉണ്ടായിരുന്നുള്ളു. എല്ലാം ഗവേഷകരെ അമ്പരിപ്പിച്ചു. ആഫ്രിക്കൻ രീതിയിൽ വളർത്തിയ തലമുടിക്കകത്തുനിന്നോ നീണ്ട കുപ്പായത്തിനകത്തുനിന്നോ ആണു് സായിബാബ വിഭൂതിയും സ്വർണ്ണാഭരണങ്ങളും എടുക്കുന്നതെന്ന ചിലരുടെ അഭിപ്രായം ഈ പ്രഫെസർക്കു സ്വീകരിക്കാൻ വയ്യ. പലപ്പോഴും ഭസ്മമെടുക്കുന്നതിനുമുമ്പു് ദ്രഷ്ടാക്കൾ സംശയിക്കാതിരിക്കാനായി സായിബാബ കുപ്പായത്തിന്റെ കൈകൾ കൈമുട്ടുവരെ തെറുത്തുകയറ്റി വയ്ക്കാറുണ്ടു്. മണ്ണിൽനിന്നു മധുരപലഹാരങ്ങൾ അദ്ദേഹം എടുത്തുകൊടുക്കുമ്പോൾ അവയിൽ ഒരു മൺത്തരിപോലും പറ്റിയിരിക്കില്ല. നല്ല ചൂടും. ചില സന്ദർഭങ്ങളിൽ കൈയിൽ അവ വയ്ക്കാൻ വയ്യാത്ത വിധത്തിലായിരിക്കും ചൂടു്. സ്വാദു് സവിശേഷതയുള്ളതു്. ചിത്രവതിനദിക്കടുത്തു് ഒരു കല്പവൃക്ഷമുണ്ടു്. ഭക്തജനങ്ങൾക്കു് എന്തു പഴമാണു് വേണ്ടെതെന്നു് സായിബാബ ചോദിക്കും. ചോദിക്കുന്ന സമയത്തു കിട്ടാത്തവ മാത്രമല്ല വടക്കേയിന്ത്യയിൽ വിരളമായി മാത്രം കിട്ടുന്ന പഴങ്ങൾപോലും ഭക്തർ ആവശ്യപ്പെടാറുണ്ടു്. “ചെന്നു് അടർത്തിയെടുക്കൂ” എന്നു ദൂരെയിരിക്കുന്ന സായിബാബ പറയും. ഭക്തർ മരത്തിനടുത്തു് ചെല്ലുമ്പോൾ അവ അതിലുണ്ടായിരിക്കും. പറിച്ചെടുത്താൽ മതി.

ഗ്രന്ഥത്തിൽ, മനഃശാസ്ത്രജ്ഞനായ പ്രഫെസർ വിവരിക്കുന്ന അത്ഭുതകൃത്യങ്ങളിൽ ചിലതു പോലും ഇവിടെ എടുത്തെഴുതാൻ വയ്യ. സ്ഥലമില്ല. ഒരെണ്ണംകൂടി പറയാം. 1970 ഓഗസ്റ്റ് 30-ആം തീയതിയാണു് കോഴിക്കോട്ടു് ഇതുണ്ടായതു്. ഡോക്ടർ പി. ബി. മേനോൻ, മുത്തലക്ഷ്മിയുടെ കണ്ണിൽ തിമിരം മാറ്റാൻ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കുമുൻപു് അവർ പുട്ടപ്പർത്തിയിൽ പോയി സായിബാബയെ കണ്ടു. തിമിരമെന്നു പറയുന്നതിനുമുൻപു് അദ്ദേഹം അവരോടു പറഞ്ഞു: ഒരു കണ്ണിൽ തിമിരം. മറ്റേക്കണ്ണിനു് ചെറിയ കുഴപ്പം. വിഷമിക്കേണ്ട. ശസ്ത്രക്രിയ നടക്കുമ്പോൾ ഞാൻ നിന്റെ അടുത്തുണ്ടാവും. ശസ്ത്രക്രിയ നടക്കുന്നതിന്റെ തലേദിവസം കാല്പെരുമാറ്റം. ഒരു സ്പർശം, മുത്തലക്ഷ്മി കണ്ണുകൾ തുറന്നപ്പോൾ സായിബാബ നില്ക്കുന്നു. ആ സന്ദർഭത്തിൽ ഡോക്ടർ മേനോന്റെ അസിസ്റ്റന്റ് മൂസ്സത് ആ മുറിയിലേക്കു വന്നു. അദ്ദേഹം സായിബാബയെ കണ്ടു അമ്പരന്നു അവിടെ നിന്നു. തെല്ലുകഴിഞ്ഞു് മൂസ്സതു ബോധം കെട്ടു. അടുത്തദിവസം ശസ്ത്രക്രിയ നടന്നു. അതുണ്ടായി എന്നൊരു തോന്നൽപോലും ആർക്കുമുണ്ടാവാത്തവിധത്തിൽ മുത്തലക്ഷ്മിയുടെ കണ്ണുകൾ തെളിച്ചമുള്ളവയായിരുന്നു. മൂസ്സത് സായിബാബ ഭക്തനായി മാറി. ഡോക്ടർ മേനോനും അങ്ങനെ തന്നെ.

images/SRoerichStamp.jpg
സ്വെറ്റസ്ളാവ് റോറിഹ്

പരിഗണനാർഹമായ ഒരനുമാനത്തിലുമെത്താതെ ഗ്രന്ഥകാരൻ ഗ്രന്ഥം അവസാനിപ്പിക്കുന്നു. ഏതു സംഭവത്തിന്റെയും സത്യമറിയണമെങ്കിൽ ശാസ്ത്രത്തിൽ പരീക്ഷണങ്ങൾ മാത്രമേ മാർഗ്ഗമായുള്ളു. സത്യസായിബാബ ആ പരീക്ഷണങ്ങൾക്കു സമ്മതം നല്കിയില്ല. അതിനാൽ paranormal phenomena യഥാർത്ഥമോ അയഥാർത്ഥമോ എന്നു തീരുമാനിക്കാൻ ഈ ശാസ്ത്രകാരനു കഴിഞ്ഞില്ല. വിശ്വവിഖ്യാതനായ റഷ്യൻ ചിത്രകാരൻ നീക്കോലൗസ് റൊറിഹി ന്റെ പുത്രൻ ഡോക്ടർ സ്വെറ്റസ്ളാവ് റോറിഹി ന്റെ (ഫിലിം സ്റ്റാർ ദേവികാറാണി യെ വിവാഹം കഴിച്ച ചിത്രകാരൻ) പറഞ്ഞ വാക്കുകൾ ഈ ഗ്രന്ഥത്തിലുള്ളതു് ഇവിടെ എടുത്തെഴുതിക്കൊണ്ടു് ഇതു് അവസാനിപ്പിക്കാം. “There can be no doubt about it for the time being that Baba is a great pheneomenon” (P. 198).

മനുഷ്യനു മനസ്സിലാകാത്ത കവിതയെഴുതുന്നതു് മനുഷ്യനോടു മാത്രമല്ല ഈശ്വരനോടും ചെയ്യുന്ന പാപമാണു്.

Encash എന്ന പദം Oxford Dictionary-യിൽപ്പോലുമുണ്ടെന്നു് പലരും റ്റെലിഫോണിൽ വിളിച്ചു പറഞ്ഞു എന്നോടു്. ഉണ്ടു്. സമ്മതിച്ചു. പക്ഷേ, അതു് വാണിജ്യമണ്ഡലത്തിൽ മാത്രമുള്ള പ്രയോഗമാണു്. King’s English-ൽ encash എന്ന പ്രയോഗമില്ല. അനുനിമിഷം വികാസം കൊള്ളുന്ന ഭാഷയിൽ ഒരു പുതിയ വാക്കു വന്നാലെന്തു് എന്നു ചോദിക്കുന്നവർ കാണും. അവരോടു് എനിക്കുള്ള മറുപടിയിതാണു്: “ഞാൻ ഭാഷാശുദ്ധിയിലും ശൈലിശുദ്ധിയിലും നിഷ്ഠയുള്ള ആളാണു്. ‘ആംഗല’മെന്നോ ‘മാസ്മര’മെന്നോ പ്രയോഗിച്ചുകൂടാ എന്ന മതമാണു് എനിക്കു് ”.

ചോദ്യം, ഉത്തരം

ചോദ്യം: “തത്ത്വമസി എന്ന മഹാവാക്യത്തിനു യോജിച്ച വിധത്തിൽ ജീവിക്കുന്ന ഒരാളിന്റെ പേരു പറയു”.

ഉത്തരം: “എല്ലാ സുഖസൗകര്യങ്ങളോടുംകൂടിയ രണ്ടു നിലക്കെട്ടിടം. കളർ റ്റെലിവിഷൻ, റ്റെലിഫോൺ, ബാങ്കിൽ വലിയ തുക, മക്കളൊക്കെ നല്ല നിലയിൽ. ഇത്രയുമായിക്കഴിഞ്ഞ ചില ആളുകൾ തിരുവനന്തപുരത്തെ തീർത്ഥപാദമണ്ഡപത്തിലും രാമകൃഷ്ണാശ്രമത്തിലും കയറിനിന്നു് ‘അതു നീതന്നെയാണു്’, ‘എല്ലാം മായ, ഒന്നേ സത്യമായുള്ള അതു ബ്രഹ്മമാണു്’ എന്നൊക്കെ പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ടു്. വല്ല ഹിമാലയത്തിലോ മറ്റോ സന്ന്യാസിമാരെയും നിങ്ങൾ പറഞ്ഞ രീതിയിൽ കണ്ടെന്നു വരും”. “കേരളത്തിൽ ആരുമില്ല. സന്ന്യാസിമാരെയും വിശ്വസിക്കരുതു്. ‘കർമ്മകോല’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ ഹിമാലയത്തിലെ സന്ന്യാസിമാർ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ഒരു സ്ത്രീയുടെ ഇപ്പോഴത്തെ ഭ്രാന്തുപിടിച്ച ജീവിതത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. വായിച്ചുനോക്കുക.

ചോദ്യം: “ഒറിജിനാലിറ്റിയുള്ള സ്ത്രീകളുണ്ടോ?”

ഉത്തരം: “എത്രയോ പേരെ എനിക്കു നേരിട്ടറിയാം. പുരുഷന്മാർക്കു് അവരുടെ അടുത്തു വരാനൊക്കുകയില്ല. പക്ഷേ, ഏറിയകൂറും സ്ത്രീകൾ അവിവാഹിതകളായിരിക്കുമ്പോൾ പിതാക്കന്മാരുടെ അഭിപ്രായങ്ങൾ സ്വന്തമഭിപ്രായങ്ങളായി ആവിഷ്കരിക്കും. വിവാഹം കഴിഞ്ഞാൽ ഭർത്താവു് ഇഡിയറ്റാണെങ്കിലും അയാൾ പറയുന്നതൊക്കെ സ്വന്തമാക്കിപ്പറയും. പ്രായമായ മകന്റെ മതങ്ങൾ സ്വന്തം മതങ്ങളാക്കി മാറ്റും വൃദ്ധയാകുമ്പോൾ. ഭർത്താവു മാറുന്നതനുസരിച്ചു് അഭിപ്രായം മാറ്റുന്ന സ്ത്രീയെ കാണണമെങ്കിൽ ചെക്കോവി ന്റെ ‘ഡാർലിങ് ’ എന്ന കഥവായിക്കുക”.

ചോദ്യം: “ഒരുത്തനുമായി ഒളിച്ചോടുന്ന സ്ത്രീയെക്കുറിച്ചു് നിങ്ങളുടെ അഭിപ്രായമെന്തു?”

ഉത്തരം: “അരമണിക്കൂർ കഴിയേണ്ടതില്ല. അതിനുമുമ്പു് അവൾ ദുഃഖിക്കും. അവൾ അവന്റെകൂടെ അങ്ങനെ യാതനാനിർഭരമായി ജീവിതം കഴിച്ചു കൂട്ടുമ്പോൾ അവളുടെ ബന്ധുക്കൾക്കു് അവളോടു ബഹുമാനം വർദ്ധിച്ചു വർദ്ധിച്ചു വരും. നേരേചൊവ്വേ ജീവിക്കുന്നവരോടു് ആ ബന്ധുക്കൾക്കു പുച്ഛവും”.

ചോദ്യം: “കാമുകിയെ റ്റെലിഫോണിൽ കാമുകൻ വിളിക്കുമ്പോൾ അച്ഛനമ്മമാരുടെ മാനസിക നില എന്തായിരിക്കും?”

ഉത്തരം: “തന്ത അതു് മിക്കവാറും അറിയില്ല. തള്ള തീർച്ചയായും അറിയും. അറിയുമ്പോൾ വിളിക്കുന്നവനോടു് ‘ഇതരുതു്’ എന്നു പറയും. ആ തള്ള ചെറുപ്പക്കാരിയായിരുന്നപ്പോൾ അവരുടെ അമ്മയും അതുപോലെ ‘ഇതു് അരുതു്’ എന്നു് അന്നത്തെ കാമുകനെ വിലക്കിയിരിക്കും”.

ചോദ്യം: “നിങ്ങൾ ദൈവമായാൽ രാഷ്ട്രീയക്കാർക്കു് എന്തു രോഗം വരുത്തും?”

ഉത്തരം: “തൊണ്ടയ്ക്കു രോഗമുണ്ടാക്കും. പിന്നെ പ്രസംഗിക്കാനൊക്കുകയില്ല”.

ചോദ്യം: “ഡോക്ടർ പൂവറ്റൂർ രാമകൃഷ്ണപിള്ളയുടെ ഒരു പുസ്തകം റീലീസ് ചെയ്യുന്ന സന്ദർഭത്തിൽ നിങ്ങൾ അദ്ദേഹത്തെ അധിക്ഷേപിച്ചതു മാന്യമായ പ്രവൃത്തിയാണോ?”

ഉത്തരം: “ഞാൻ അദ്ദേഹത്തെ ആക്ഷേപിച്ചില്ല. തീസിസ് എന്ന നിലയിൽ അതു നല്ലതാണെന്നും പാണ്ഡിത്യത്തിലും ബുദ്ധിശക്തിയിലും ഡോക്ടർ പൂവറ്റൂർ രാമകൃഷ്ണപിള്ള അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന എന്നെ ബഹുദൂരം അതിശയിച്ചിരിക്കുന്നുവെന്നുമാണു് ഞാൻ പറഞ്ഞതു്. പക്ഷേ, രാമകൃഷ്ണപിള്ളയും അദ്ദേഹത്തന്റെ സഹധർമ്മിണി പ്രഫെസർ രമയും വേറെ ചിലരും തെറ്റിദ്ധരിച്ചു. “സാർ വധിച്ചുകളഞ്ഞല്ലോ” എന്നു രമ ചിരിച്ചുകൊണ്ടാണെങ്കിലും എന്നോടു പറഞ്ഞു. രാമകൃഷ്ണപിള്ളയുടെ ഗ്രന്ഥം കേരളവർമ്മ യുടെ ‘വിശാഖ വിജയം’ എന്ന കാവ്യത്തെക്കുറിച്ചാണു്. കേരളവർമ്മയെ കവിയെന്ന നിലയിൽ, മനുഷ്യനെന്ന നിലയിൽ ഞാൻ മാനിക്കുന്നില്ല. മനുഷ്യനെ വിട്ടിട്ടു് കവിയെ ഞാൻ വിമർശിച്ചു. എന്റെ അഭിപ്രായം ഞാൻ പറയാതിരിക്കുന്നതെങ്ങനെ? മലയാളഭാഷയെ സംസ്കൃതത്തിന്റെ ദാസിയാക്കിയ പത്താംതരം സംസ്കൃതകവിയും പതിനൊന്നാംതരം മലയാളകവിയുമാണു് കേരളവർമ്മ. പിന്നെ എനിക്കു് ഒരു കാര്യമാകാമായിരുന്നു. അത്തരം സമ്മേളനത്തിനു പോകാതെ വീട്ടിലിരിക്കാമായിരുന്നു. പോയതു തെറ്റു്”.

ചോദ്യം: “പണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതു് സ്ത്രീക്കോ പുരുഷനോ?”

ഉത്തരം: “മറുപടി നല്കാൻ വൈഷമ്യമുണ്ടു്. സ്നേഹിക്കുന്ന പുരുഷനു് ഉള്ളതെല്ലാം വാരിക്കോരിക്കൊടുക്കുന്ന സ്ത്രീകൾ ധാരാളം. അതേസമയം പഴയ രീതിയിൽ ജീവിക്കുന്നവരും ഏറെയുണ്ടു്. എന്റെ കുട്ടിക്കാലത്തു് വീട്ടിലെ പരിചാരികയ്ക്കു് രണ്ടു രൂപയായിരുന്നു പ്രതിമാസ ശമ്പളം. എന്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ പരിചാരികയ്ക്കും പ്രതിമാസം രണ്ടുരൂപയേ ശമ്പളം കൊടുക്കൂ. ഞാൻ എന്റെ അമ്മയെ കുറ്റപ്പെടുത്തുകയില്ല. പല സ്ത്രീകൾക്കും സാമ്പദികകാര്യങ്ങളിൽ പുരോഗമനമില്ല”.

സംയോഗം
images/theTaj.jpg

ഞാൻ താജ്മഹൽ കണ്ടിട്ടില്ല. അതു നിലാവിൽ മുങ്ങിനില്ക്കുന്ന സമയത്തു് അതിനടുത്തു ഞാനുണ്ടായിരുന്നു. എങ്കിലും പോയില്ല. എന്റെ സാന്നിദ്ധ്യംകൊണ്ടു് താജ് മഹലിന്റെയും നിലാവിന്റെയും സംയോഗത്തിൽ വൈലക്ഷണ്യമുണ്ടാക്കേണ്ടതില്ല എന്നു ഞാൻ വിചാരിച്ചു. ചന്ദ്രികയിൽ വിലയംകൊണ്ട ആ കലാശില്പത്തെക്കുറിച്ചു് ആലോചിക്കൂ. ചന്ദ്രികയിൽനിന്നു താജ് മഹലിനെ വേർതിരിക്കാനാവില്ല. താജ് മഹലിൽനിന്നു നിലാവിനെയും. അവയ്ക്കു പശ്ചാത്തലമരുളുന്ന അന്തരീക്ഷവും അവയുടെ അവിഭാജ്യഘടകമാണു്. അല്ലെങ്കിൽ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന പൂഞ്ചോലയെ സങ്കല്പിക്കൂ. ജലത്തിനും പ്രകാശത്തിനും വിഭിന്നത കാണില്ല. താജ് മഹലിൽ നിലാവും നീലാന്തരീക്ഷവുമെന്നപോലെ, പൂഞ്ചോലയിൽ സൂര്യപ്രകാശമെന്നപോലെ, കടപ്പുറത്തെ പഞ്ചാരമണ്ണിൽ അമൃതതരംഗിണിയെന്ന പോലെ ജീവിതസംഭവങ്ങളിൽ കല ജനിപ്പിക്കുന്ന അലീകത (illusion) വീണിരിക്കണം. അതു വീണാലെ കലയുടെ ആവിർഭാവം സംഭവിക്കൂ. ശ്രീ. സി. വി. ബാലകൃഷ്ണൻ കലാകൗമുദിയിലെഴുതിയ ‘മാലാഖമാർ ചിറകുവീശുമ്പോൾ’ എന്ന കഥയിൽ കലയുടെ കൗമുദി വീണിട്ടില്ല. മോരും മുതിരയുമെന്നപോലെ വിഭിന്ന സംഭവങ്ങൾ വേർതിരിഞ്ഞു നില്ക്കുന്നു. ഒരു ക്രൈസ്തവപുരോഹിതൻ മാലാഖമാരുടെ ചിത്രം വരയ്ക്കുന്നു. മറ്റൊരിടത്തു് ഒരുത്തൻ പന്നിക്കൂടുണ്ടാക്കി പന്നികളെ അവയ്ക്കുള്ളിലാക്കി വളർത്തുന്നു. ഒരുദിവസം പന്നികളെ വളർത്തുന്നവർ സ്വന്തം ഭാര്യയെ നഗ്നയാക്കി അവയുടെകൂടെ ഇരുത്തിയിട്ടു കൂടും പൂട്ടി അപ്രത്യക്ഷനാകുന്നു. പുരോഹിതൻ അതുകണ്ടു സ്തംഭിച്ചു നില്ക്കുമ്പോൾ സർഗ്ഗാത്മകത്വത്തിന്റെ പ്രേരണ. കലയുടെ ആദർശാത്മകലോകവും പ്രായോഗികതയുടെ വിലക്ഷണലോകവും ചിത്രീകരിക്കാനുള്ള കഥാകാരന്റെ യത്നം നന്നു്. പക്ഷേ, സംഭവങ്ങൾക്കു സംയോഗമില്ല. രവിവർമ്മ യുടെ ദമയന്തി എന്ന ചിത്രം കാണുമ്പോൾ അരയന്നം വേറെ ദമയന്തി വേറെ അവയുടെ പശ്ചാത്തലം വേറെ എന്ന തോന്നലുണ്ടാകുന്നില്ല. ആ സംയോഗം ഏതു ചെറുകഥയ്ക്കുണ്ടോ അതാണു് ഉത്കൃഷ്ടമായ ചെറുകഥ.

images/DamayanthiSwan.jpg

ഇവിടെ വെളുപ്പാൻകാലത്തു് ഇതെഴുതുമ്പോൾ അങ്ങകലെ ജന്തുശാലയിൽ കിടന്നു സിംഹങ്ങൾ ഗർജ്ജിക്കുന്നതു ഞാൻ കേൾക്കുന്നു. പക്ഷേ, സിംഹങ്ങളെ നേരിട്ടു കാണാത്തതുകൊണ്ടു് ഗർജ്ജനം വേണ്ടപോലെ എന്നെ സമാക്രമിക്കുന്നില്ല. ഞാൻ ജന്തുശാലയിൽ ചെന്നുനില്ക്കുന്നുവെന്നു വിചാരിക്കൂ. സിംഹങ്ങൾ മൗനമവലംബിച്ചു കിടക്കുകയാണെങ്കിൽ അവയുടെ ഗർജ്ജനത്തെക്കുറിച്ചു് എനിക്കു് ഊഹിക്കാമെന്നല്ലാതെ അനുഭൂതിക്കു വിധേയനാകാൻ കഴിയില്ല. എന്നാൽ കൂട്ടിനകത്തു കിടക്കുന്ന സിംഹങ്ങൾ ഗർജ്ജിക്കാൻ തുടങ്ങിയാൽ എനിക്കു് നിസ്തുലമായ ഒരനുഭൂതി ഉണ്ടാകും. സംഭവങ്ങൾ ഭാഗിക സ്വഭാവമാവഹിച്ചാൽ ഭാവനയ്ക്കു വലിയ സ്ഥാനമില്ല.

വഞ്ചന

സംഭവങ്ങൾ ഭാഗിക സ്വഭാവമാവഹിച്ചാൽ ഭാവനയ്ക്കു വലിയ സ്ഥാനമില്ല.

എന്റെ വീട്ടിൽ സ്വർണ്ണമില്ല. തീരെയില്ലെന്നു പറഞ്ഞുകൂടാ. ഈയിടെ മസ്കറ്റിൽ പോയപ്പോൾ അവിടുത്തെ പാവപ്പെട്ട തൊഴിലാളികളുടെ ഒരു സംഘടന എന്നെ വിളിച്ചുകൊണ്ടുപോയി ബഹുമാനിച്ചു. ഈട്ടിത്തടികൊണ്ടുണ്ടാക്കിയ ഒരു ശില്പത്തിന്റെ നടക്കു കുറച്ചു സ്വർണ്ണംകൊണ്ടു് ഒരുരൂപമുണ്ടാക്കി ഉറപ്പിച്ചു വച്ചിട്ടുണ്ടു്. ഇതു സ്വർണ്ണമാണു് എന്നു് അവരുടെ കാര്യദർശി പറഞ്ഞതുകൊണ്ടാണു് ഞാനതു സ്വർണ്ണമാണെന്നു മനസ്സിലാക്കിയതു്. അല്ലെങ്കിൽ അവയ്ക്കുചുറ്റുമുള്ള സുവർണ്ണവൃത്തംപോലെ അതും വിലകുറഞ്ഞ എന്തോ ലോഹമാണെന്നേ കരുതുമായിരുന്നുള്ളു. ഞാനിതു പറയുന്നതു് യഥാർത്ഥമായ സ്വർണ്ണവും അതിന്റെ നിറമാർന്ന മറ്റു ലോഹവും എനിക്കു വേർതിരിച്ചറിയാൻ കഴിയില്ല എന്നു വ്യക്തമാക്കാനാണു്.

images/BichuThirumala.jpg
ബിച്ചു തിരുമല

മസ്കറ്റിൽ പോകുന്നതിനും കുറച്ചു മാസങ്ങൾക്കുമുൻപു് ഒരുദിവസം കാലത്തു് രണ്ടു മാന്യന്മാർ എന്റെ വീട്ടിൽ കയറിവന്നു. അവരിൽ പ്രായം കുറഞ്ഞയാൾ സാഹിത്യവാരഫലത്തിലെ സൂക്ഷ്മാംശങ്ങളെക്കുറിച്ചു പാണ്ഡിത്യത്തോടു സംസാരിച്ചു. മറ്റേയാൾ രാഷ്ട്രവ്യവഹാരത്തെക്കുറിച്ചും, സാഹിത്യപ്രതിപാദനത്താൽ എന്നെ വശീകരിച്ചിട്ടു് അവരിൽ ഒരാൾ ഒരാഭരണപ്പെട്ടി തുറന്നു. എന്തൊരു മായികലോകം. വളകൾ, കൊലുസ്സുകൾ, കമ്മലുകൾ, ഇവയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം. അതു കാണാനെത്തിയ എന്റെ പേരക്കുട്ടിയെ നോക്കി ഒരാൾ പറഞ്ഞു: “സാർ എഴുതിപ്പേരെടുത്താൽ മാത്രം പോരാ. ഈ കുട്ടിയുടെ കാലുകളിൽ സ്വർണ്ണക്കൊലുസ്സുകൾ ഇട്ടുകൊടുക്കണം. ഇവ തനിസ്വർണ്ണമല്ല. കൂടുതൽ ഗ്രാം സ്വർണ്ണംകൊണ്ടു വിശേഷപ്പെട്ട മെറ്റലിൽ പൂശിയിരിക്കയാണു്. മൂന്നു കൊല്ലത്തെ ഗാരന്റി. ഇതു ഞങ്ങൾ വില്ക്കില്ല. സാറ് ഓർഡർ തന്നാൽ, മുന്നൂറുരൂപ അഡ്വാൻസ് തന്നാൽ ഒരാഴ്ചയ്ക്കകം ഞങ്ങൾ കൊലുസ്സു് കൊണ്ടുവരും. അന്നു ബാക്കി നാന്നൂറുരൂപകൂടി തന്നാൽ മതി”. ഇതു കേൾക്കാത്ത താമസം പേരക്കുട്ടി സ്വർണ്ണക്കൊലുസ്സിനുവേണ്ടി നിലവിളി തുടങ്ങി. അവർ ബിൽബുക്ക് തുറന്നു കാണിച്ചു. ഒരു മുൻമന്ത്രിയുൾപ്പെടെ പല മാന്യന്മാരും പലവിധത്തിലുളള ഓർഡറുകൾ കൊടുത്തിരിക്കുന്നു. ഞാൻ അഡ്വാൻസ് കൊടുത്ത രസീതു വാങ്ങിവച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അവരുടെ ഹെഡ്ഓഫീസിൽനിന്നു് ഫോർമൽ രസീതു്, ആഭരണം തരുന്ന തീയതി അറിയിച്ചുകൊണ്ടുള്ള കത്തു് ഇവയൊക്കെ കിട്ടി. അവർ വീട്ടിൽ വന്നു പോയ ദിവസം വൈകുന്നേരം ശ്രീ. ബിച്ചു തിരുമല യെ നാഷനൽ ബുക്ക് സ്റ്റാളിൽവച്ചു കണ്ടു. അദ്ദേഹം പറഞ്ഞു: “സാറ് പറഞ്ഞയച്ചുവെന്നു അറിയിച്ചുകൊണ്ടു രണ്ടു സ്വർണ്ണവ്യാപാരികൾ വന്നിരുന്നു. കളിപ്പീരാണെന്നു തോന്നിയതുകൊണ്ടു് ഞാൻ അവരോടു പോകാൻ പറഞ്ഞു. ക്ഷമിക്കണം സാർ”. അത്ഭുതപ്പെട്ടുപോയി ഞാൻ. “അയ്യോ ഞാൻ പറഞ്ഞില്ലല്ലോ” എന്ന എന്റെ പ്രഖ്യാപനം കേട്ടു ബിച്ചു ചിരിച്ചു. പിന്നീടു ഞാനറിഞ്ഞു അവർ എന്റെ പേരും പറഞ്ഞു പല വീടുകളിലും പോയെന്നു്. പക്ഷേ, പറഞ്ഞ ദിവസംതന്നെ അവർ കൊലുസ്സു കൊണ്ടുവന്നപ്പോൾ ആ വ്യാജപ്രസ്താവത്തിന്റെ കാര്യം ഞാൻ എടുത്തിട്ടില്ല. മാന്യതയോടെ പൊരുമാറുന്നവരെ വേദനിപ്പിക്കരുതല്ലോ. തന്ന ആഭരണത്തിനു നേരത്തെ കാണിച്ച ആഭരണത്തിൽനിന്നു അല്പം വ്യത്യാസമുണ്ടായിരുന്നെങ്കിലും പേരക്കുട്ടി സ്വർണ്ണക്കൊലുസ്സു് അണിഞ്ഞുകാണാനുള്ള ആഗ്രഹത്തിന്റെ പേരിൽ ഞാൻ മിണ്ടിയില്ല ഒന്നും. ബാക്കി പണം കൊടുത്തു; കൊലുസ്സു് കാലുകളിൽ ഇട്ടു് പേരക്കുട്ടി തുള്ളിച്ചാടി. “സ്ക്കൂളിൽ ഇട്ടുകൊണ്ടു പോയാൽ കളയും. അതുകൊണ്ടു വല്ല സ്ഥലത്തും പോകുമ്പോൾ ഇട്ടാൽ മതി” എന്നു് വീട്ടിലാരോ പറഞ്ഞു. അന്നു സാഹിത്യ വാരഫലത്തെക്കുറിച്ചു ഒന്നും പറഞ്ഞില്ല ചെറുപ്പക്കാരൻ. വളരെപ്പതുക്കെ നടന്നു് അകന്നു. കള്ളന്മാരാണെങ്കിൽ തിടുക്കത്തിൽ രക്ഷപ്പെടില്ലേ? അതുണ്ടായില്ല. ആഭരണം അലമാരിയിൽ വച്ചുപൂട്ടി. നേരം വെളുത്തു. വീണ്ടുമണിയാൻ പേരക്കുട്ടി തിടുക്കം കൂട്ടിയതുകൊണ്ടു ഞാൻതന്നെ അലമാരി തുറന്നു അതെടുത്തു. സാക്ഷാൽ ചെമ്പു്. രൂപ പോയതിലുള്ള സങ്കടം തീർന്നു. പക്ഷേ, പറ്റിച്ചതിലുള്ള ദുഃഖം ഇതെഴുതുമ്പോഴുമുണ്ടു്. (അഡ്വാൻസിന്റെയും ബാക്കിയുടെയും തുക കാണിച്ചതു് ഓർമ്മയിൽനിന്നാണു്. ചിലപ്പോൾ കുറവായിരിക്കും. അല്ലെങ്കിൽ കൂടുതലായിരിക്കും.)

വിശന്നു പൊരിയുന്നവനെ നോക്കി ‘മാത്രാസ്പർശസ്തുകൗന്തേയ’ എന്ന ഗീതാവചനം പറയുകയും രഹസ്യമായി ചിക്കൻ ഫ്രൈയും ഫിഷ് ഫ്രൈയും ആവോളം തട്ടിക്കൊണ്ടു സഭാവേദിയിൽ കയറി ‘പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാ വശിഷ്യതേ’ എന്നു് ഉദ്ഘോഷിക്കുയും ചെയ്യുന്നവൻ ബ്രഹ്മത്തിന്റെ പേരും പറഞ്ഞു വ്യഭിചാരകർമ്മം നടത്തുകയാണു്.

ഇതുപോലെയും ഇതിനെക്കാൾ ഹീനമായുള്ള പറ്റിക്കലുകൾ നമ്മുടെ നാട്ടിൽ അനവരതം നടന്നുകൊണ്ടിരിക്കുന്നു. വേറൊന്നു് സുഹൃത്താണെന്നു നടച്ചുകൊണ്ടു കടം വാങ്ങിക്കലാണു്. നമ്മൾ “മറന്നുപോയിരിക്കും ഇയാളെ. കൊടുത്തില്ലെങ്കിൽ മോശമല്ലേ” എന്ന വിചാരത്തോടെ പണം കൊടുക്കുന്നു. അതു നഷ്ടപ്പെടുന്നു. ജീവിച്ചിരിക്കുന്ന ഒരുത്തന്റെ പേരും താമസസ്ഥലവും പറഞ്ഞു കടം വാങ്ങിച്ചിട്ടു് കടം കൊടുത്തവനെ പറ്റിക്കുന്ന ഒരു കഥയാണു്. ശ്രീ. ബി. കൃഷ്ണൻനായർ എഴുതിയിരിക്കുന്നതു്. (ഞാൻ ഗുണശേഖരൻ —മാതൃഭൂമി വാരിക.) സ്ഥലത്തുചെന്നു് അന്വേഷിച്ചപ്പോൾ ഗുണശേഖരൻ എന്നൊരാളുണ്ടു്. പക്ഷേ, കടം മേടിച്ചയാളല്ല ആ ഗുണശേഖരൻ. മാത്രമല്ല, പണം തിരിച്ചു കൊടുക്കാനുണ്ടെന്നു് അറിയിച്ചുകൊണ്ടു് അയാൾ പണം കൊടുത്ത ആളിന്റെ അഭാവത്തിൽ അയാളുടെ വീട്ടിൽ ചെല്ലുകയും ചെയ്യുന്നു. സമുദായത്തിലെ ഒരു മാലിന്യത്തെ—സമകാലിക സമുദായത്തിൽ ഉള്ള ഒരു മാലിന്യത്തെ—കഥാകാരൻ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. കഥയ്ക്കു ദീർഘത. സംക്ഷിപ്ത സുന്ദരമായി ഇതു് ആവിഷ്കരിച്ചിരുന്നെങ്കിൽ ആകർഷികത്വം ലഭിക്കുമായിരുന്നു. ഒരു സ്ഥിരീകൃത ലക്ഷ്യത്തിലേക്കു സംഭവങ്ങളെ കൊണ്ടുചെല്ലുന്നതിനു പകരം വാഗ്വിസ്താരത്തിൽ (വിസ്തരത്തിൽ) രസിക്കുകയാണു് കഥാകാരൻ അദ്ദേഹത്തിന്റെ ആ രസം അനുവാചകനു കിട്ടുന്നില്ല.

അപ്പുറത്തു് ഒരു ലോകമുണ്ട്

രണ്ടായിരം രൂപയുടെ കാഞ്ചീപുരം സാരിയുടുത്തു് അതിനു യോജിച്ച ബ്ലൗസിട്ടു് കഴുത്തിലും കൈയിലും രണ്ടുലക്ഷം രൂപ വിലവരുന്ന രത്നങ്ങൾ പതിച്ച സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു് വിലകൂടിയ ഫോറിൻ കാറിൽ വന്നിറങ്ങി സ്വർണ്ണച്ചെരിപ്പിട്ടു് അമ്പലത്തിനകത്തേക്കു കയറി താമരമൊട്ടിന്റെ വടിവിൽ കൈകൾക്കൂപ്പി മന്ദസ്മിതത്തോടെ ശ്രീകോവിലിൽ നില്ക്കുകയും നീണ്ടയിലയിൽ പോറ്റി കൊടുക്കുന്ന പൂവും ചന്ദനവും സ്വീകരിച്ചുകൊണ്ടു് നേരിയ നിതംബചലനത്തോടെ തിരിച്ചു കാറിൽ കയറിപ്പോകുകയും ചെയ്യുന്ന സ്ത്രീ ഭക്തിയെന്ന ഉത്കൃഷ്ടവികാരത്തെ വ്യഭിചരിക്കുകയാണു്.

ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞു് വാങ്ങിയോ, കൈക്കൂലി വാങ്ങിയോ, സർക്കാരിനെ വഞ്ചിച്ചോ, മോഷ്ടിച്ചോ പണമുണ്ടാക്കി അവൾക്കു സാരിയും സ്വർണ്ണാഭരണങ്ങളും വാങ്ങിക്കൊടുക്കുന്നവർ സ്നേഹത്തെ സാക്ഷാത്കരിക്കുകയില്ല, ആ ഉത്കൃഷ്ടവികാരത്തെ വ്യഭിചരിക്കുകയാണു്.

വിശന്നു പൊരിയുന്നവനെ നോക്കി ‘മാത്രാസ്പർശസ്തു കൌന്തേയ’ എന്ന ഗീതാവചനം പറയുകയും രഹസ്യമായി ചിക്കൻ ഫ്രൈയും ഫിഷ് ഫ്രൈയും ആവോളം തട്ടിക്കൊണ്ടു് സഭാവേദിയിൽ കയറി ‘പൂർണ്ണസ്യപൂർണ്ണ മാദായ പൂർണ്ണമേവാ വശിഷ്യതേ’ എന്നു ഉദ്ഘോഷിക്കുകയും ചെയ്യുന്നവൻ ബ്രഹ്മത്തിന്റെ പേരും പറഞ്ഞ വ്യഭിചാരകർമ്മം നടത്തുകയാണു്.

അന്തർവീക്ഷണപാടവമില്ലാതെ ദൈനംദിന ജീവിതസംഭവങ്ങളെ ജേണലിസത്തിന്റെ രീതിയിൽ വർണ്ണിച്ചുവയ്ക്കുകയും കുത്സിതകർമ്മത്രേ. ശ്രീ. വി. എസ്. കുമാരൻ ‘ആൾമാറാട്ടം’ എന്ന കഥയിലൂടെ അനുഷ്ഠിക്കുന്ന കൃത്യം അതുതന്നെയാണു്. സുവർണ്ണക്ഷേത്രത്തിലുണ്ടായ ആക്രമണം, ഇന്ദിരാഗാന്ധി യുടെ മരണം, വർഗ്ഗീയലഹള, ആളുകളിൽനിന്നു രക്ഷപ്പെടാൻവേണ്ടി തലമുടി മുറിച്ചു് സിക്കുകാർ നടത്തുന്ന ആൾമാറാട്ടം ഇവയെയൊക്കെ ജേണലിസമാക്കി പ്രതിപാദിക്കുകയാണു് കുമാരൻ. ഈ സംഭവങ്ങൾക്കപ്പുറത്തു് കലയുടെ തേജോമയമായ ലോകമുണ്ടു്. അവിടെ കുമാരൻ കടക്കുന്നില്ല. അനുവാചകനും കടക്കുന്നില്ല. (കഥ ദേശാഭിമാനി വാരികയിൽ)

അവർ പറഞ്ഞു
  1. കുട്ടിക്കൃഷ്ണമാരാരു ടെ സാഹിത്യസേവനത്തെക്കുറിച്ചു് കെ. ബാലകൃഷ്ണന്റെ ‘കൗമുദി’ വാരികയിൽ ഞാൻ ലേഖനമെഴുതിയതു് വായിച്ചിട്ടു് അദ്ദേഹം: (കുട്ടിക്കൃഷ്ണമാരാർ) “നിങ്ങൾ എന്നെ രാജാവാക്കിയിരിക്കുകയാണു്”.
  2. പ്രഫെസർ ജോസഫ് മുണ്ടശ്ശേരി യുടെ ഒരു പുസ്തകത്തെ വിമർശിച്ച എന്നെ തിരുവനന്തപുരത്തെ ഇന്ത്യൻ കോഫി ഹൗസിൽ വച്ചു് അദ്ദേഹം കണ്ടപ്പോൾ: “ങ്ഹാ, ആ കൃഷ്ണൻ നായർ നിങ്ങളാണെന്നു് ആരോ എന്നോടു പറഞ്ഞു. നിങ്ങളെന്തിനാണു് പേഴ്സനലായ കാര്യങ്ങളൊക്കെ പത്രത്തിൽ എഴുതുന്നതു?”
  3. എമിൽ സൊല യുടെ പല നോവലുകളും ‘ബാഡ് ടെയ്സ്റ്റി’നെ കാണിക്കുന്നുവെന്നു ഞാൻ പ്രസംഗിച്ചിട്ടു് ഇരുന്നപ്പോൾ പ്രഫെസർ ​എം. എസ്. ദേവദാസ് പറഞ്ഞു: “ആ കാലയളവിലെ മഹാനായ കലാകാരനായിരുന്നു അദ്ദേഹമെന്നു് നിങ്ങൾ ഓർക്കണം”.
  4. രാഷ്ട്രം അനുശാസിക്കുന്നതനുസരിച്ചു് കവിതയെഴുതുമ്പോൾ കവിതയല്ലാതെയായിത്തീരുന്നുവെന്നു് കഴക്കൂട്ടത്തു കൂടിയ ഒരു സമ്മേളനത്തിൽ മഹാകവി ജി. ശങ്കരക്കുറുപ്പു് പ്രസംഗിച്ചു. എന്നിട്ടു് അദ്ദേഹം പറഞ്ഞു. “പോളണ്ടിൽ കല്ക്കരിക്കു ക്ഷാമം നേരിട്ടപ്പോൾ എല്ലാക്കവികളും കല്ക്കരിയുടെ ഉൽപ്പാദനത്തെ വർദ്ധിപ്പിക്കുന്നതിനുവേണ്ടി കവിതയെഴുതിക്കൊള്ളണമെന്നു്. അതിന്റെ ഫലമായി കല്ക്കരിയെക്കാൾ കറുത്ത കവിതകൾ പോളണ്ടിൽ ധാരാളമുണ്ടായി”.
  5. വിവാഹത്തിനു സമ്മാനങ്ങൾ നല്കുന്നതിനെക്കുറിച്ചു് സാറിനു് എന്തഭിപ്രായമാണുള്ളതെന്നു് ഞാൻ ഒരിക്കൽ കൈനിക്കര കുമാരപിള്ള യോടു ചോദിച്ചു. അദ്ദേഹം മറുപടി നല്കിയതു് ഇങ്ങനെ: “ഏതു വസ്തുവും സ്വന്തമാകുമ്പോൾ നമുക്കു് ആഹ്ലാദമുണ്ടാകുന്നതു് നമ്മളൊഴുക്കിയ വിയർപ്പിന്റെ ഫലമായ പണംകൊടുത്തു അതു മേടിച്ചു എന്നതിനാലാണു്. സമ്മാനം കിട്ടുമ്പോൾ അതിനു് ആ വിലയില്ല. അതിനാൽ വിവാഹ സമ്മാനങ്ങൾ എനിക്കു ദുഃഖദായകങ്ങളാണു്”.
ഹാസ്യം

മനുഷ്യനു മനസ്സിലാകാത്ത കവിതയെഴുതുന്നതു് മനുഷ്യനോടു മാത്രമല്ല ഈശ്വരനോടും ചെയ്യുന്ന പാപമാണു്. അതിനെക്കാൾ വലിയ പാപമാണു് സ്ത്രീകളും പുരുഷന്മാരും കൊച്ചു കുഞ്ഞുങ്ങളുമുള്ള സദസ്സിനെ നോക്കി ഫലിതമെന്ന രീതിയിൽ അസഭ്യം പറയുന്നതു്. പക്ഷേ, ഈ പാപമാണു് കേരളത്തിൽ എപ്പോഴും ചെയ്യപ്പെടുന്നതു്. അവ കേട്ടു് ആളുകൾ തൽക്കാലത്തേക്കു ചിരിക്കുമായിരിക്കും. എന്നാൽ അവർ വീട്ടിൽച്ചെന്നു കഴിയുമ്പോൾ ‘അതു പറഞ്ഞവൻ എന്തൊരാഭാസൻ!’ എന്നു വിചാരിക്കും. ക്ലാസ്സുകളിൽ അശ്ലീലപ്രസ്താവങ്ങൾ നടത്തുന്ന അധ്യാപകരും ഇതോർമ്മിക്കേണ്ടതാണു്.

images/evkrishnapillai.jpg
ഈ. വി. കൃഷ്ണപിള്ള

ഹാസ്യത്തെസ്സംബന്ധിച്ചു് ആകുലാവസ്ഥയിൽപ്പെട്ടിരിക്കുന്ന നമുക്കു് സംസ്കാരഭദ്രമായ ഹാസ്യോക്തി കേൾക്കാനുള്ള ഭാഗ്യം ഈ. വി. കൃഷ്ണപിള്ള യുടെ ചരമത്തോടെ നഷ്ടപ്പെട്ടുപോയി. ഈ. വി. ഒരുമണിക്കൂർ പ്രസംഗിച്ചാൽ ആ ഒരു മണിക്കൂറും ആളുകൾ ഓരോ വാക്യവും കേട്ടു ചിരിക്കം. ഒരുക്തിയിൽപ്പോലും അശ്ലീലച്ഛായ കാണുകയുമില്ല. ഇതുപോലെ സംസ്കാരഭദ്രങ്ങളായ ഹാസ്യോക്തികളുടെ പ്രയോക്താവായിരുന്നു മഹാകവി വള്ളത്തോൾ. പക്ഷേ, അദ്ദേഹത്തിന്റെ ഫലിതങ്ങൾക്കു കലാസൗന്ദര്യത്തിന്റെ പരിവേഷമുണ്ടായിരിക്കും. ‘ഇടപ്പളളിയിലേക്കു കാലുകുത്തിയപ്പോൾ അവിടുത്തെ കരിമ്പനയോലകളും മഹാഗണപതിയുടെ ചെവികളും സ്വയം ചലനംകൊണ്ടു് ഉദ്ഭവിച്ച വായു ഞങ്ങളുടെ ഉഷ്ണമകറ്റി’ എന്നു വള്ളത്തോൾ പറഞ്ഞപ്പോൾ നേരിയ ഫലിതമായി; ഒന്നാന്തരം കവിതയായി. മഹാകവിയുടെ ഈ ഹാസ്യോക്തിപ്രവണതയെ സൂചിപ്പിച്ചുകൊണ്ടു് ശ്രീ. ചെമ്മനം ചാക്കോ മനോരാജ്യം വാരികയിൽ എഴുതിയിരിക്കുന്നു. അശ്ലീലമില്ലാതെ ഹാസ്യ കവിത രചിക്കുന്ന ചാക്കോ സംസ്കാരസുരഭിലമായ ഹാസ്യത്തെ മാനിച്ചതിൽ എന്തേ അത്ഭുതമിരിക്കുന്നു!

‘working girl’, ‘working woman’, ‘gay’ എന്ന വാക്കുകളുടെ അശ്ലീലാർത്ഥങ്ങൾ ഞാനെടുത്തു കാണിച്ചതിനെക്കുറിച്ചും ചിലർക്കു സംശയങ്ങൾ. അവർക്കുവേണ്ടി ഇതാ: working girl = a whore. gay = homosexual (The Faber Dictionary of Euphemisms).

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-10-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.