സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-12-29-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

റ്റെലിവിഷൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ എനിക്കു് ഒട്ടൊക്കെ വൈഷമ്യമുളവാക്കുന്നതു് ചിത്രങ്ങളിലെ ആളുകൾ ശബ്ദം കേൾപ്പിക്കാതെ ചുണ്ടുകൾ അനക്കുന്ന പ്രവൃത്തിയാണു്. അതു് അവരുടെ കുറ്റമല്ല. ഏതോ സാങ്കേതിക കാരണം കൊണ്ടു റ്റെലിവിഷൻ അധികാരികൾ ആളുകളുടെ സംസാരത്തെ അധരചലനം മാത്രമാക്കി മാറ്റുന്നതാണു്. ഞാൻ തിരുവനന്തപുരത്തു് എവിടെയോ ഒരു സമ്മേളനത്തിനു പോയി. പ്രഭാഷണം നിർവഹിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. റ്റെലിവിഷൻ അധികാരികൾ ഉപകരണങ്ങളുമായി വന്നു. പടം പിടിക്കുകയും ചെയ്തു. അതും വളരെ നേരത്തേക്കു്. സ്വന്തം ശബ്ദം അന്യരെ കേൾപ്പിക്കാനും തങ്ങൾക്കു തന്നെ കേൾക്കാനും ആളുകൾക്കു കൗതുകമേറുമല്ലോ. സന്ധ്യ കഴിഞ്ഞയുടനെ ഞാൻ റ്റെലിവിഷൻ സെറ്റിന്റെ മുൻപിൽ ഇരുന്നില്ല എന്നാരെങ്കിലും വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഞാൻ ഞാനല്ല എന്നു് അവർ ധരിച്ചു കൊള്ളണം. അങ്ങനെ ആകാംക്ഷയോടെ ഇരിക്കുമ്പോൾ എന്റെ രൂപം പ്രത്യക്ഷമായി. പക്ഷേ, അംഗവിക്ഷേപങ്ങൾ മാത്രമേയുള്ളു. ചുണ്ടുകളുടെ ചലനമേയുള്ളു. ഒരു ശബ്ദവുമില്ല. എനിക്കു് എന്നോടു തന്നെ വെറുപ്പു തോന്നി. അവിടെ നിന്നു് എഴുന്നേറ്റു പോവുകയും ചെയ്തു. ചുണ്ടുകളുടെ ചലനങ്ങളോടൊരുമിച്ചു് ശബ്ദവും കേട്ടെങ്കിലേ രണ്ടും കൂട്ടിയിണക്കി ആന്തരമായ അർത്ഥത്തിലേക്കു ചെല്ലാൻ ദ്രഷ്ടാവിനു കഴിയൂ. ശബ്ദമില്ലാതെ ചുണ്ടുകളനക്കുന്നു, കൈകൾ ചലിപ്പിക്കുന്ന ഭാവപ്രകടനത്തിൽ വിലയം കൊള്ളുന്ന വ്യക്തി കോമാളിയാണു് മറ്റുള്ളവരുടെ ദൃഷ്ടിയിൽ. എന്റെയും നോട്ടത്തിൽ അങ്ങനെതന്നെ. ഈ സംഭവത്തിനു ശേഷമാണു് ഞാൻ റ്റെലിവിഷൻ നോക്കാതെയായതു്; പ്രഭാഷണവേളയിൽ അധികാരികൾ പടമെടുക്കാൻ വന്നാൽ അവരോടു ‘നോ’ എന്നു പറഞ്ഞു തുടങ്ങിയതു്. ഞാനറിയാതെ അവരുടെ പേടകം പ്രവർത്തിപ്പിച്ചാൽ “stop it please” എന്നു അപേക്ഷിച്ചുതുടങ്ങിയതു്.

ശ്രീ. നീല പദ്മനാഭന്റെ എല്ലാച്ചെറുകഥകൾക്കുമുള്ള ന്യൂനത അവയിൽനിന്നു് ആന്തരശബ്ദം ഉയരുന്നില്ല എന്നതാണു് പട്ടാളത്തിൽ സേവന മനുഷ്ഠിക്കുന്ന ഒരുത്തനു മാനസികഭ്രംശം വരുന്നു. ഫലം മൗനം. അയാളുടെ അച്ഛൻ അതറിഞ്ഞു മകനെ നാട്ടിൽ കൊണ്ടുവന്നു ചികിത്സിപ്പിക്കുന്നു. രോഗം ഭേദമായപ്പോൾ അയാൾ ജോലിക്കുപോയി. രണ്ടാമതും രോഗം. അതറിഞ്ഞു് അച്ഛൻ വിമാനത്തിൽ കയറി ദില്ലിയിലേക്കു ചെല്ലുന്നു. യാത്രയ്ക്കിടയിൽ കഥ പറയുന്ന ആളിനെ പരിചയപ്പെടുന്നു. എന്നിട്ടു പഴയ ഒരു സംഭവത്തോടു മകന്റെ അവസ്ഥയെ കൂട്ടിയിണക്കുന്നു കഥാകാരൻ. ഒരു ശില്പി ഗരുഡനെ കരിങ്കല്ലിൽ കൊത്തിയെടുക്കുകയായിരുന്നു. രൂപത്തിനു പൂർണ്ണത ലഭിച്ചപ്പോൾ അതെഴുന്നേറ്റു പറന്നു. ശില്പി ഉളിയെറിഞ്ഞു് അതിന്റെ ചിറകു മുറിച്ചപ്പോൾ ഗരുഡശില്പം താഴെ വന്നുവീണു. രണ്ടാമതും രോഗം പിടിച്ച മകൻ ചിറകറ്റ ഗരുഡനാണെന്നാണു സങ്കല്പം. ഇവിടെ എല്ലാമുണ്ടു്, ചുണ്ടുകൾ അനങ്ങുന്നു, ചിരിക്കുന്നു, വെറുപ്പു കാണിക്കുന്നു, വിരൽ ചൂണ്ടുന്നു, ശബ്ദം മാത്രമില്ല, നിരൂപണത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ബഹിർഭവം മാത്രമാണു് ഇക്കഥ. അന്തർഭവമല്ല ഇതു്. ഏതു രചന ബഹിർഭാഗസ്ഥമാകുന്നുവോ അതു് കലയുടെ പരിധിക്കുള്ളിൽ ചെല്ലുന്നില്ല. (നീല പദ്മനാഭന്റെ ചെറുകഥ ശോകം —മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.)

“…if the act is not pure motion, it must be defined by intention” (Being and Nothingness, Sartre, Pocket Books, P. 613). നമ്മുടെ പല ചെറുകഥകളിലും ചലനം (ബാഹ്യചലനം) മാത്രമേയുള്ളു; വിവക്ഷിതമില്ല. വാക്കുകളും സംഭവ വർണ്ണനങ്ങളുമേയുള്ളു; അനുഭൂതിയില്ല.

“ഹിന്ദു”വിന്റെ കശാപ്പ്

General in His Labyrinth എന്ന നോവൽ മാർകേസിന്റെ മാസ്റ്റർപീസാണു്. അതിന്റെ കർത്തൃത്വത്തോടുകൂടി അദ്ദേഹം വിശ്വസാഹിത്യത്തിലെ അദ്വിതീയനായ നോവലിസ്റ്റായി മാറിയിരിക്കുന്നു.

മാസത്തിന്റെ ആദ്യത്തെ ഞായറാഴ്ചയിലെ ഹിന്ദു ദിനപത്രത്തിൽ ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങളുടെ റെവ്യൂ വരാറുണ്ടു്. പക്ഷേ, ഒരു റെവ്യൂവും അന്തരംഗസ്പർശിയല്ല. അന്തരംഗസ്പർശിയല്ലെന്നു മാത്രമല്ല പലതും അബദ്ധപ്പഞ്ചാംഗങ്ങളുമാണു്. ഗാബ്രിയേൽ ഗാർസിആ മാർകേസി ന്റെ The General in His Labyrinth എന്ന ചേതോഹരമായ നോവലിനെ വിരൂപമാക്കി പ്രദർശിപ്പിക്കുന്ന നിരൂപണത്തിൽ ശ്രീ. എസു്. കൃഷ്ണന്റെ തൃക്കൈവിളയാട്ടം: It is a little difficult to know how to assess Garcia Marquez for an Indian audience as, as far as this reviewer knows, only three of his books are available in India in English translation—‘One Hundred Years of Solitude’, ‘Love in the Time of Cholera’, and now ‘The General in His Labyrinth’ (P. XII, The Hindu, December 1, 1991). എന്തൊരു ഭയജനകമായ അജ്ഞത! മാർകേസിന്റെ എല്ലാപ്പുസ്തകങ്ങളും ഇന്ത്യയിൽ വന്നിട്ടുണ്ടു്. അവയുടെ നിരൂപണങ്ങൾ പല പത്രങ്ങളിലും കണ്ടിട്ടുമുണ്ടു്. ‘No one writes to the Colonel and other stories’, ‘The Autumn of the Patriarch’, ‘Innocent Erendira and Other Stories’, ‘In Evil Hour’, ‘Leaf Storm and Other Stories’, ‘Chronicle of a Death Foretold’ ഇവയാണു് ഹിന്ദുവിലെ നിരൂപകൻ പറയാത്ത മറ്റു ഫിക്ഷൻ.

images/GabrielGarcíaMarquez02.jpg
ഗാബ്രിയേൽ ഗാർസിആ മാർകേസ്

മാർകേസിന്റെ ‘Clandestine in Chile’, ‘The Story of a Shipwrecked Sailor’. ഇവ സമ്പൂർണ്ണമായ ഫിക്ഷനല്ല. ഇവയെല്ലാം ഇന്നും ഇന്ത്യയിൽ കിട്ടും. Plinio Apuleyo Mendoza എന്ന എഴുത്തുകാരൻ മാർകേസുമായി നടത്തിയ സംഭാഷണം ‘The Fragrance of Guava’ എന്ന പേരിൽ Verso പ്രസാധനം ചെയ്തിട്ടുണ്ടു്. അതും ഇവിടെക്കിട്ടും. വായനക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം പുസ്തകനിരൂപകരെ ഹിന്ദുവും അതിനെപ്പോലുള്ള പത്രങ്ങളും പൊറുപ്പിച്ചുകൂടാ.

images/TheFragranceofGuava.jpg

‘The General in His Labyrinth’ എന്ന നോവൽ മാർകേസിന്റെ മാസ്റ്റർപീസാണു്. അതിന്റെ കർത്തൃത്വത്തോടുകൂടി അദ്ദേഹം വിശ്വസാഹിത്യത്തിലെ അദ്വിതീയനായ നോവലിസ്റ്റായി മാറിയിരിക്കുന്നു. അദ്ദേഹത്തോടു മത്സരിക്കാൻ ‘I, The Supreme’ എഴുതിയ റോആ ബാസ്തോസ് മാത്രമേ ഉണ്ടായിരിക്കൂ. മാർകേസിന്റെ നോവൽ സീമോൺ ബോളീവറുടെ കഥ മാത്രമല്ല. മനുഷ്യജീവിതം എന്ന രാവണൻ കോട്ടയിൽ (Labyrinth) ലക്ഷ്യം കാണാതെ കറങ്ങി ഒടുവിൽ മോഹഭംഗത്തിൽപ്പെട്ടു മരിക്കുന്ന ഓരോ മനുഷ്യന്റെയും കഥയാണതു്. അതു വായിച്ചു തീരുമ്പോൾ ഞാൻ എപ്പോഴും പറയാറുള്ളതുപോലെ നമ്മൾ ഔന്നത്യമാർജ്ജിച്ചു മറ്റാളുകളായി മാറുന്നു. ഇതു കാണാൻ നിരൂപകനു കണ്ണില്ല. നോവൽ കാവ്യാത്മകമായി, ധ്വന്യാത്മകമായി അവസാനിക്കുന്നതു നോക്കുക: “…and through the window he saw the diamond of Venus in the sky that was dying forever, the eternal snows, the new vine whose yellow bellflowers he would not see bloom on the following Saturday in the house closed in mourning, the final brilliance of life that would never, through all eternity, be repeated again”. തർജ്ജമക്കാരന്റെ പേരു പറഞ്ഞിട്ടില്ല എന്നു് എസു്. കൃഷ്ണൻ എഴുതുന്നു. ഇന്ത്യൻ പ്രസാധനത്തിൽ അതു കാണുകില്ലായിരിക്കും. Edith Grossman ആണു് ഈ നോവൽ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തതു്.

നമ്മുടെ പല ചെറുകഥകളിലും ചലനം (ബാഹ്യചലനം) മാത്രമേയുള്ളു; വിവക്ഷിതമില്ല. വാക്കുകളും സംഭവ വർണ്ണനങ്ങളുമേയുള്ളൂ; അനുഭൂതിയില്ല.

യൂക്കിയോ മിഷിമ യുടെ ‘Acts of Worship’ എന്ന കഥാസമാഹാരം ഹിന്ദുവിൽ നിരൂപണം ചെയ്തിരിക്കുന്നതു് അശോകമിത്ര നാണു്. അതും വിലക്ഷണമാണു്. ലോകസാഹിത്യത്തിലെ പത്തു് ഉത്കൃഷ്ടങ്ങളായ കഥകളെടുത്താൽ മിഷിമയുടെ ‘Acts of Worship’ എന്ന കഥയും ഉൾപ്പെടും. (ഈ കഥയുടെ പേരും Act of Worship എന്നു തെറ്റിച്ചു് എഴുതിയിരിക്കുന്നു നിരൂപകൻ) അതിന്റെ മഹത്ത്വമെവിടെയിരിക്കുന്നുവെന്നു് ഒരു വാക്യം കൊണ്ടുപോലും ആവിഷ്കരിക്കാൻ അശോകമിത്രനു കഴിയുന്നില്ല. വള്ളത്തോൾ പറഞ്ഞതു് ഓർമ്മയിലെത്തുന്നു. കണ്ണാടിയിലെ പൊടി തുടച്ചു മാറ്റാൻ ആഗ്രഹിക്കുന്നവൻ അതു ചെയ്തില്ലെങ്കിലും തെറ്റില്ല; സ്വന്തം കൈയിലെ അഴുക്കുകൂടി അതിൽ തേച്ചുവയ്ക്കരുതു്.

ചോദ്യം, ഉത്തരം

ചോദ്യം: “ആൽബർട്ടു് കാമസു് മരിച്ചപ്പോൾ ലജ്ജാകരമായ മരണം എന്നു സാർത്രു് പറഞ്ഞു. കൂട്ടുകാരന്റെ വിയോഗം വേദനയുളവാക്കുമെങ്കിൽ ഇങ്ങനെ പറയാൻ പറ്റുമോ?”

ഉത്തരം: “പറയാനൊക്കുകയില്ല, ആ പ്രസ്താവത്തിൽ ആർജ്ജവമില്ലായ്മയുണ്ടു്. പിന്നെ ഒരു കാര്യം എഴുതിക്കൊള്ളട്ടെ. ഈ ലോകത്തു് ചെയ്യുന്ന ദുഷ്ടപ്രവൃത്തികൾക്കെല്ലാം ശിക്ഷ ഈ ലോകത്തുവച്ചുതന്നെ കിട്ടും. അതിൽ സംശയമൊട്ടും വേണ്ട. ഭൂട്ടോ യെ തൂക്കിക്കൊന്ന സിയാ യ്ക്കു പ്രകൃതി നല്കിയ ശിക്ഷയെന്തെന്നു് ഓർമ്മിക്കു. അൽബേർ കമ്യൂ Resistance സംഘടനയുടെ നേതാവായിരുന്നു. അദ്ദേഹത്തിന്റെ അനുമതിയോടുകൂടിയാണു് ആ സംഘടന പല പ്രതിയോഗികളെയും കൊന്നതു്. പ്രകൃതി കമ്യൂവിനെ വിട്ടില്ല. 1960 ജനുവരി 4-നു കാറിൽ കയറി കമ്യൂ പാരീസിലേക്കു പോരാൻ. മഴ പെയ്തു നനഞ്ഞ റോഡിൽ കാറു് വഴുതി മരത്തിൽ ചെന്നിടിച്ചു. ഡ്രൈവർക്കു് ഒന്നും പറ്റിയില്ല. കമ്യൂ ഉടനെ മരിച്ചു. ആരെയും കൊല്ലരുതെന്നല്ല, ആരെയും ദ്രോഹിക്കുകയുമരുതു്. പ്രകൃതി ശിക്ഷിക്കും. ശിക്ഷ കുറെക്കഴിഞ്ഞേ കിട്ടുകയുള്ളൂ. പക്ഷേ, അതുണ്ടാവും. God sees the truth, but He waits, എന്നു ടോൾസ്റ്റോയി പറഞ്ഞതാണു് സത്യം”.

ചോദ്യം: “താങ്കളുടെ പല പുസ്തകങ്ങളും ഞാൻ കണ്ടിട്ടുണ്ടു്. ഒന്നിലും അല്പംപോലും അഴുക്കില്ല. വായിക്കുമെങ്കിൽ അഴുക്കു പറ്റാതിരിക്കുന്നതെങ്ങനെ?”

ഉത്തരം: “ഞാൻ പുസ്തകം വായിക്കുന്നവനാണോ അല്ലയോ എന്നതു് നിർണ്ണയിക്കണമെങ്കിൽ മീലാൻ കുന്ദേര യുടെ പുതിയ നോവലിനെക്കുറിച്ചു് ഞാനെഴുതിയതു വായിക്കൂ. പിന്നെ ഒരു കാര്യം കൂടി. ഞാൻ സോപ്പു് തേച്ചു കൈരണ്ടും കഴുകിയിട്ടേ പുസ്തകമെടുക്കാറുള്ളു. അറിവിനെ സ്നേഹിക്കുന്നവർ പുസ്തകം മലിനമാക്കുകില്ല”.

ചോദ്യം: “കേന്ദ്രസർക്കാരിന്റെ ഭരണത്തെക്കുറിച്ചു എന്തു പറയുന്നു?”

ഉത്തരം: “എനിക്കു രാഷ്ട്രവ്യവഹാരത്തിൽ ഒരു താല്പര്യവുമില്ല. എങ്കിലും ചോദിച്ചതുകൊണ്ടു് നിഷ്പക്ഷമായി മറുപടി പറയുന്നു. രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച ഒരു പ്രശ്നത്തിനും അവർക്കു പരിഹാരം കാണാൻ ആവുന്നില്ല. സാമ്പത്തിക കാര്യങ്ങളിൽ ഏറെ സങ്കീർണ്ണത, അത്യാവശ്യമുള്ള പല സാധനങ്ങളും ഇന്നു വാങ്ങാൻ കിട്ടുന്നില്ല. പടിഞ്ഞാറൻ ദേശത്തുനിന്നു വരുന്ന രാസവസ്തുക്കൾക്കു അമിതമായ ടാക്സു് ചുമത്തിയതാണു് ഇതിനു കാരണം നാട്ടിലെ സാധനങ്ങൾക്കു് അടുക്കാനാവാത്ത വിലയും. ഗൾഫ് രാജ്യത്തേക്കു ഒരെഴുത്തു് അയയ്ക്കാൻ പതിനൊന്നു രൂപ. മൂന്നുരൂപ വിലയുള്ള ഒരു മാസിക കവറിലാക്കി പോസ്റ്റാഫീസിൽ കൊണ്ടുചെന്നു് ‘ഇതു് മസ്കറ്റിലേക്കു് അയയ്ക്കാൻ എന്തുവേണ’മെന്നു ചോദിച്ചപ്പോൾ രജിസ്റ്റർ ചെയ്യാതെ അയയ്ക്കാൻ അറുപതു രൂപയുടെ സ്റ്റാമ്പു് ഒട്ടിക്കണമെന്നാണു് മറുപടി കിട്ടിയതു്. ഇങ്ങനെയുള്ള രാജ്യത്തു് ജീവിക്കുന്നതെങ്ങനെ?”

ചോദ്യം:കുറ്റിപ്പുഴ കൃഷ്ണപിള്ള വലിയ ചിന്തകനാണോ?”

ഉത്തരം: “ഞാനും അങ്ങനെ വിചാരിച്ചിരുന്നു. ബർട്രൻഡ് റസ്സലി ന്റെയും അൽഡസു് ഹക്സിലി യുടെയും പുസ്തകങ്ങൾ വായിക്കുന്നതുവരെ”.

ചോദ്യം: “കേരളം ഭ്രാന്താലയമാണെന്നു് വിവേകാനന്ദസ്സ്വാമി പറഞ്ഞതിനെക്കുറിച്ചു് എന്തു പറയുന്നു”.

ഉത്തരം: “അന്നു ഭ്രാന്താലയമായിരുന്നെങ്കിലും ഭ്രാന്തന്മാരായ ജനങ്ങളെ ചികിത്സിക്കാൻ വിവേകാനന്ദസ്സ്വാമി യും ശ്രീനാരായണനും ചട്ടമ്പിസ്സ്വാമി യും മറ്റും വൈദ്യന്മാരായി ഉണ്ടായിരുന്നു. ഇന്നു വൈദ്യന്മാരില്ല, എല്ലാവരും ഭ്രാന്തന്മാരാണു്. ഭാരതം ഭ്രാന്താലയമാണെന്നാണു് ഇപ്പോൾ പറയേണ്ടതു്”.

ചോദ്യം: “കവിയരങ്ങുകളുടെ കാലം കഴിഞ്ഞു. ഇപ്പോൾ നിങ്ങളെപ്പോലുള്ളവരുടെ അഭിമുഖസംഭാഷണമാണു് ഞങ്ങളെ ശല്യപ്പെടുത്തുന്നതു് ശരിയല്ലേ?”

ഉത്തരം: “ശരിയാണു്, കവിയല്ലാത്ത ഏതു ആളിനും കവിയരങ്ങിൽ കവിയായി ശോഭിക്കാം. ബുദ്ധി ഒട്ടുമില്ലാത്തവനും അഭിമുഖസംഭാഷണത്തിൽ ചിന്തകനായി മാറും”.

വത്സല
images/Pvalsala.jpg
വത്സല

കറുത്ത നിറത്തിന്റെ ഉത്കൃഷ്ടത വ്യക്തമാക്കിയിട്ടു് ചന്തുമേനോൻ പറഞ്ഞു ‘അതുകൊണ്ടു് എന്റെ നായിക ഇന്ദുലേഖ കറുത്തവളാണെന്നു് ആരും തെറ്റിദ്ധരിക്കരുതു്’ എന്നു് (കൗമാരകാലത്തു് “ഇന്ദുലേഖ ” വായിച്ച ഓർമ്മയിൽനിന്നു്). അനന്തപദ്മനാഭൻ പാറുക്കുട്ടിയുടെ പ്രിയതമനാകാൻ യോഗ്യനാണെന്നു വരുത്താൻ വേണ്ടി സി. വി. രാമൻപിള്ള അയാളെ എന്തെല്ലാം ഏടാകൂടങ്ങളിലാണു് ചാടിച്ചതു്! ദരിദ്രന്റെ സ്നേഹം സാഫല്യത്തിലെത്തുകില്ല എന്നു സ്ഥാപിക്കാൻ വേണ്ടി കേശവദേവ് കഥാപാത്രത്തെ തീവണ്ടിയാപ്പീസിലെ കൂലിക്കാരനാക്കി (കളിക്കൂട്ടുകാരി എന്ന കഥ). ഇടുപ്പിനു താഴെ തളർച്ച സംഭവിച്ച ഭർത്താവുള്ള സ്ത്രീക്കു പരപുരുഷഗമനം ആകാമെന്നു് വരുത്താൻ വേണ്ടിയാണു് ലോറൻസു് അയാളെ വികലാംഗനാക്കിയതു്. ഈ മാറ്റമൊന്നും കൂടാതെ ഒരു വൈകാരികലോകം സൃഷ്ടിക്കാമെന്നും ആ ലോകത്തിന്റെ സവിശേഷത അനുവാചകനെക്കൊണ്ടു് അനുഭവിപ്പിക്കാമെന്നും ശ്രീമതി വത്സല തെളിയിച്ചിരിക്കുന്നു. “ജയന്തൻ നമ്പൂതിരിയുടെ സായന്തനങ്ങൾ” എന്ന ചെറുകഥയുടെ രചനകൊണ്ടു് (ദേശാഭിമാനി വാരിക). ഇവിടെ സന്മാർഗ്ഗത്തെസ്സംബന്ധിച്ച ഉദ്ബോധനമില്ല. രാഷ്ട്ര വ്യവഹാരത്തിന്റെ കൊടിവീശലില്ല. സമൂഹത്തിന്റെ അനീതികളിലേക്കു കൈചൂണ്ടലില്ല. വൈള്ളാരങ്കല്ലുകൾ കിടക്കുന്ന അടിത്തട്ടു കാണാവുന്ന മട്ടിൽ ഒഴുകുന്ന തെളിനീർപ്പുഴയുടെ നൈർമ്മല്യം ആവഹിച്ചു് വത്സലയുടെ ആഖ്യാനം പ്രവഹിക്കുന്നു. ആ ആഖ്യാനത്തിലൂടെ യൗവനത്തിന്റെയും വാർദ്ധക്യത്തിന്റെയും രണ്ടു ലോകങ്ങൾ ആലേഖനം ചെയ്യപ്പെടുന്നു. യൗവനത്തിന്റെ ലോകം വാർദ്ധക്യത്തിന്റെ ലോകത്തെ പ്രചോദിപ്പിക്കുന്നു; തേജോമയമാക്കുന്നു. ഒടുവിൽ അനിവാര്യമായതു സംഭവിക്കുന്നു. മാനുഷിക ബന്ധങ്ങളെ കലൈഡസ്കോപ്പിലെ വർണ്ണോജ്ജ്വലങ്ങളായ സ്ഫടികത്തുണ്ടുകളെപ്പോലെയാക്കി പ്രദർശിപ്പിച്ചു് കഥയെഴുത്തുകാരി മാറി നില്ക്കുന്നു. അപ്പോൾ നമ്മൾ ജീവിതമെന്താണെന്നു് അറിയുന്നു. ഒരു മാനുഷികസത്യത്തെ ഗഹനതയോടെ ചിത്രീകരിക്കുന്ന ഇക്കഥയ്ക്കു കലയുടെ ചാരുതയുണ്ടു്.

ഇന്നു രാഷ്ട്രീയ പ്രവർത്തകരേക്കാൾ സാഹിത്യകാരന്മാർ ഏറെ അധഃപതിച്ചുപോയിട്ടുണ്ടെങ്കിലും ഒരുകാലത്തു സാഹിത്യകാരന്മാർ സമുന്നതമായ നിലയിൽ വർത്തിച്ചിരുന്നു. ജീവിതസന്ദർഭങ്ങളെ അന്യാദൃശമായ രീതിയിൽ സങ്കലനം ചെയ്തു ഗഹനസത്യങ്ങളെ സ്ഫുടീകരിച്ചിരുന്ന അവരെ ജനങ്ങൾ സ്നേഹിച്ചിരുന്നു.

വർഷങ്ങൾക്കുമുൻപു് ചേർത്തലെ ഒരു ബ്രാൻഡി നിർമ്മാണ സ്ഥാപനത്തിൽ വാർഷിക സമ്മേളനമുണ്ടായിരുന്നു. അതിൽ “മലയാളനാട്ടി”ന്റെ പത്രാധിപരായിരുന്ന എസു്. കെ. നായരും പ്രശസ്തനായ മലയാറ്റൂർ രാമകൃഷ്ണനും യശസ്സാർജ്ജിച്ച കാക്കനാടനും പ്രസംഗിച്ചു. കൂട്ടത്തിൽ ഞാനും. പോലീസുകാർ പുള്ളികൾക്കു ഇടികൊടുത്തിട്ടു് അവർ ബോധംകെടുമ്പോൾ വെള്ളം കൊടുക്കും. അതുപോലെ ഗദ്യംകൊണ്ടു് ആളുകളെ ബോധംകെടുത്തിയിട്ടു ഞാൻ പദ്യം ചൊല്ലും അവരെ ബോധത്തിലേക്കു കൊണ്ടുവരാനായി. അങ്ങനെ ഒരു പ്രഭാഷണം നിർവഹിച്ചിട്ടു് അഭിമാനത്തോടെ, ചാരിതാർത്ഥ്യത്തോടെ ഞാൻ കസേരയിൽ ഇരിപ്പുറപ്പിച്ചിട്ടു് മലയാറ്റൂരിനോടു ചോദിച്ചു ‘എന്റെ പ്രസംഗം എങ്ങനെ?’ അദ്ദേഹം ഉടനെ മറുപടി നല്കി: സാമാന്യം ബോറായിരുന്നു. മറ്റാരും കേൾക്കരുതെന്നു വിചാരിച്ചു് മലയാറ്റൂർ എന്റെ ചെവിയിലാണു് അതു പറഞ്ഞതു്. കുലപതികളുടെ കഥകൾ എന്ന ദീർഘമായ ലേഖനം ദേശാഭിമാനി വാരികയിൽ എഴുതിയിട്ടു് ചരിതാർത്ഥതയോടെ ഇരിക്കുന്ന ശ്രീ. കെ. പി. മോഹനന്റെ കാതിൽ ഞാനൊന്നു പറയട്ടെ. സാമാന്യം ബോറായിട്ടുണ്ടു് താങ്കളുടെ ലേഖനം.

നിരീക്ഷണങ്ങൾ
  1. സ്ത്രീവശീകരണത്തിൽ ഏറ്റവും പ്രഗല്ഭനായ ഒരു പരിചയക്കാരൻ എനിക്കുണ്ടായിരുന്നു. ആളു സുന്ദരൻ, അതുകൊണ്ടു സ്വാഭാവികമായും സ്ത്രീകൾ അയാളെ ഇഷ്ടപ്പെടും. ഏതെങ്കിലും സ്ത്രീയിൽ തല്പരനായാൽ ആദ്യം അവളുടെ താമസസ്ഥലത്തിന്റെ മുൻപിലൂടെ നടക്കും. അങ്ങനെ നടന്നുനടന്നു് ഒരു ദിവസം മധുരമായി അങ്ങു സംസാരിക്കും. സംസാരത്തിനിടയിൽ മധുരതരമായി ചിരിക്കും. പണം ആവശ്യമുള്ളവളാണെങ്കിൽ എത്ര രൂപ വേണമെങ്കിലും കൊടുക്കും. പിന്നെ സാരിയായി, റിസ്റ്റു് വാച്ചായി. ആ വശീകരണതന്ത്രം നൂറു ശതമാനവും വിജയം പ്രാപിക്കും. വിജയം പ്രാപിച്ചാൽ ആ ടെക്നിക് തന്നെ വീണ്ടും അവളോടു പ്രയോഗിക്കാൻ വയ്യ. വൈരസ്യ ജനകമാവുമല്ലോ അതു്. അതിനാൽ “കളിയരങ്ങത്തു മാറിനോക്കാമിനി” എന്നു വിചാരിക്കും. വേറൊരു സ്ത്രീയിൽ അതേ ടെക്നിക് പ്രയോഗിക്കും. ഇങ്ങനെ അനവരതം നടക്കും ആ പ്രവർത്തനം. പ്രഭാഷണങ്ങൾ ആവർത്തിക്കുന്നവർ എന്റെ ഈ പരിചയക്കാരനെപ്പോലെയാണു്. ഒരു സദസ്സിൽ പറഞ്ഞതു് അതേ സദസ്സിൽ വീണ്ടും പറയാൻ വയ്യ. അതുകൊണ്ടു് സദസ്സുകൾ മാറ്റിമാറ്റിയെടുക്കുന്നു. സ്ത്രീകൾക്കു മാറ്റം വരുത്തുന്നതുപോലെ സദസ്സുകൾക്കും മാറ്റം. ഓരോ സ്ത്രീക്കും ആഹ്ലാദം; ഓരോ സദസ്സിനും ആഹ്ലാദം. പരിമിതമായ ബുദ്ധിശക്തികൊണ്ടു രണ്ടുപേരും—വശീകരിക്കുന്നവനും പ്രഭാഷകനും—പോപ്പുലറാകുന്നു.
  2. പ്രഭാഷകൻ വാക്കുകൾ ഉപയോഗിച്ചാൽ അവയെങ്ങനെ ശ്രോതാക്കളിൽ സ്വാധീനശക്തി ചെലുത്തിയെന്നു് അയാൾക്കു് അറിയണം. അതു കൊണ്ടാണു് ഞാൻ എന്റെ പ്രഭാഷണത്തെക്കുറിച്ചു മലയാറ്റൂർ രാമകൃഷ്ണനോടു് അഭിപ്രായം ചോദിച്ചതു്. കാരണം താൽകാലികമായ ഫലമുളവാക്കിയിട്ടു് ആ വാക്കുകൾ അപ്പോൾത്തന്നെ അപ്രത്യക്ഷങ്ങളാകുമെന്നതാണു്. എന്നാൽ നല്ല കവിയുടെ വാക്കുകൾ ഒരിക്കലും അന്തർദ്ധാനം ചെയ്യുകില്ല. ഇതിനെയാണു് ക്രോചെ infinity of expression എന്നു വിളിച്ചതു്. ജി. ശങ്കരക്കുറുപ്പി ന്റെ അതിസുന്ദരങ്ങളായ പ്രഭാഷണങ്ങൾ ആളുകൾ മറന്നുപോയി. അച്ചടിച്ചു പുസ്തകരൂപത്തിലാക്കിയാലും അവ ഓർമ്മിക്കപ്പെടുകയില്ല. എന്നാൽ “ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെക്കണ്ടില്ലെങ്കിൽ ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കിൽ” എന്ന വരികൾ നിലനില്ക്കും. ആവിഷ്കാരത്തിന്റെ അനന്തസ്വഭാവമുണ്ടു് അവയ്ക്കു്.
  3. നേരത്തേ ഞാൻ വിമർശിച്ച രണ്ടു നിരൂപണങ്ങൾ ശ്രീ. എസു്. കൃഷ്ണന്റെയും ശ്രീ. അശോകമിത്രന്റെയും നിരൂപണങ്ങൾ അതേ രീതിയിൽത്തന്നെ “Indian Review of Books” എന്ന ജേണലിൽ എടുത്തു ചേർത്തിട്ടുണ്ടെങ്കിലും അതു് പ്രയോജനമുള്ള ജേണൽ തന്നെയാണു്. ഇന്ത്യയിൽ പ്രസിദ്ധപ്പെടുത്തുന്ന പ്രധാനപ്പെട്ട പുസ്തകങ്ങളുടെ നിരൂപണങ്ങളും വിമർശനങ്ങളും ഇതിൽ വരുന്നുണ്ടു്. പടിഞ്ഞാറൻ നാട്ടിൽ ആവിർഭവിക്കുന്ന മാസ്റ്റർപീസുകളെയും Indian Review of Books അവഗണിക്കുന്നില്ല. ശ്രീ. കെ. പി. എസു് മേനോൻ (Jr.), ശ്രീ. എസു്. ഗോപാൽ, ശ്രീ. കെ. കുഞ്ഞുകൃഷ്ണൻ, ശ്രീ. രജ്ഞിതു് ഹോസകോട്ട്, ശ്രീ. കെ. എസു്. രാമമൂർത്തി, ശ്രീ. മനോജ് ദാസ്, ശ്രീമതി അന്ന സുജാത മത്തായി ഈ പ്രസിദ്ധരായ എഴുത്തുകാരൊക്കെ ഈ ജേണലിൽ പ്രത്യക്ഷരാകുന്നു. ഗ്രന്ഥപ്രസാധകരെ പ്രീണിപ്പിക്കാതെ, സത്യം മാത്രമേ പറയൂ എന്ന ദൃഢനിശ്ചയത്തോടെ ഓരോ നിരൂപകനും നിരൂപണം ചെയ്താൽ Indian Review of Book ബഹുജനസമ്മതി ആർജ്ജിക്കും.
എം. ജി. ഹരി

ആരെയും കൊല്ലരുതെന്നല്ല, ആരെയും ദ്രോഹിക്കുകയുമരുതു്. പ്രകൃതി ശിക്ഷിക്കും. ശിക്ഷ കുറെക്കഴിഞ്ഞേ കിട്ടുകയുള്ളൂ. പക്ഷെ അതുണ്ടാവും.

ഇന്നു രാഷ്ട്രീയ പ്രവർത്തകരെക്കാൾ സാഹിത്യകാരന്മാർ ഏറെ അധഃപതിച്ചുപോയിട്ടുണ്ടെങ്കിലും ഒരുകാലത്തു സാഹിത്യകാരന്മാർ സമുന്നതമായ നിലയിൽ വർത്തിച്ചിരുന്നു. ജീവിതസന്ദർഭങ്ങളെ അന്യാദൃശമായ രീതിയിൽ സങ്കലനം ചെയ്തു ഗഹന സത്യങ്ങളെ സ്ഫുടീകരിച്ചിരുന്ന അവരെ ജനങ്ങൾ സ്നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു, ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഈ വികാരങ്ങൾ അവർക്കു തീരെ നഷ്ടപ്പെട്ടിട്ടില്ല എന്നു കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടാണു് നോവലുകളും ചെറുകഥകളും കാവ്യങ്ങളും ആളുകൾ വായിച്ചുകൊണ്ടിരിക്കുന്നതു്. രാഷ്ട്രവ്യവഹാരമണ്ഡലത്തിലെ ആളുകൾക്കും സമൂഹ പരിഷ്കർത്താക്കൾക്കും ലക്ഷ്യമുണ്ടു്. ആ ലക്ഷ്യത്തിലെത്തിയാൽ അവർ പിൻവാങ്ങും. ചിലർ മറ്റു ലക്ഷ്യങ്ങളിലേക്കു ചെല്ലാൻ ശ്രമിക്കും. പക്ഷേ, കലാകാരന്മാർക്കു ലക്ഷ്യങ്ങളില്ല. അവർ സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ നിസ്സംഗരായി വിലയം കൊള്ളുന്നു. അങ്ങനെ വിലയംകൊള്ളുമ്പോൾ അവർ പൂർവകാല സൗഭാഗ്യങ്ങളെ പ്രയോജനവാദികൾ നശിപ്പിച്ചതിനെ ഓർമ്മിച്ചു ദുഃഖിക്കാതിരിക്കില്ല. ആ ദുഃഖമാണു് ഞാൻ ശ്രീ. എം. ജി. ഹരിയുടെ “കാർത്തികവിളക്കുകൾ” എന്ന കാവ്യത്തിലൂടെ അനുഭവിച്ചതു്. ഒരുകാലത്തു് മരോട്ടി വിളക്കുകൾ കത്തിച്ചുവച്ചു ജനങ്ങൾ കാർത്തികയെ സ്വാഗതം ചെയ്തിരുന്നു. ഇന്നു് മെഴുകുതിരികളുടെ ദീപങ്ങളാണു് ആ വരവേല്പു് നടത്തുന്നതു്. ഈ അന്തരം ഗതകാലസൗഭാഗ്യത്തെ സ്നേഹിക്കുന്ന കവിക്കു സഹിക്കാനാവുന്നില്ല. കാലം വരുത്തിയ മാറ്റത്തിനെതിരായി നമുക്കു് എന്തു ചെയ്യാൻ കഴിയും? ഒന്നും കഴിയില്ലെന്നു കവിക്കുമറിയാം. എങ്കിലും അദ്ദേഹം ദുഃഖിക്കുന്നു. ഗ്രാമപ്രദേശത്തു് ഒരു കൊച്ചമ്പലം അവിടെ നെയ്ത്തിരിവിളക്കുകൾ ശാന്തതയുടെ തരംഗങ്ങൾ പ്രസരിപ്പിക്കുന്നു. ഇതു പണ്ടത്തെക്കാലം. ഇന്നു് അവിടെത്തന്നെ എഞ്ചിനിയർമാർ സിമെന്റു കൊണ്ടും കമ്പികൊണ്ടും കാണിക്കുന്ന മായിക വിദ്യകൾ. ഈ മാന്ത്രികത്വത്തിൽനിന്നു രക്ഷനേടി പൂർവകാല ശാന്തതയിലേക്കു പോയാലേ പറ്റൂ. ഇതിനുള്ള കലാത്മകമായ ആഹ്വാനമാണു് എം. ജി. ഹരിയുടെ കാവ്യം. അദ്ദേഹത്തിന്റെ കവിതയ്ക്കു മന്ദഗതിയാർന്ന ലയമുണ്ടു്. ആ ലയമാണു് നഷ്ടപ്പെട്ട ഭൂതകാല മനോഹാരിതയെ നമ്മുടെ മുൻപിൽ കൊണ്ടുവരുന്നതു്. ശോകം പ്രകടമല്ല; അതു് ഒരാന്തര പ്രവാഹംപോലെ അദൃശ്യമായിരിക്കുന്നു.

“വൃശ്ചികക്കുളിർകാറ്റിൽ പൂനിലാച്ചിരിയൂറും

കൊച്ചലയുലയ്ക്കാതെ കൈത്തടമണച്ചോരോ

തിരിയും കത്തിക്കുമ്പോൾ നൂറുദീപങ്ങൾ ചുറ്റും

കനകക്കതിർമഴി തുറന്നുമിടിക്കുന്നു”

എന്ന വരികൾ ഈ ആന്തര പ്രവാഹത്തിന്റെ അദൃശ്യസ്വഭാവം സ്പഷ്ടമാക്കിത്തരും.

ഓർമ്മിക്കൂ, നിങ്ങൾ മരിക്കും
images/MurielSpark1960.jpg
മ്യൂറിയൽ സ്പാർക്ക്

രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ നോവലെഴുത്തുകാരിയാണു് മ്യൂറിയൽ സ്പാർക്ക്. അവരുമായി ‘The Economist’ വാരികയുടെ പ്രതിനിധി നടത്തിയ ഒരഭിമുഖ സംഭാഷണത്തിന്റെ റിപ്പോർട്ടു് നവംബർ 23–29 ലക്കത്തിലുണ്ടു്. തനിക്കു് ഇഷ്ടപ്പെട്ട നോവൽ തന്റെ Memento Mori ആണെന്നു മ്യൂറിയൽ പറഞ്ഞിരിക്കുന്നു.

images/MementoMoricoverart.jpg

വാർദ്ധക്യകാലത്തെക്കുറിച്ചുള്ള ഒരസാധാരണമായ നോവലാണിതു്. അജ്ഞാതമായ റ്റെലിഫോൺ സന്ദേശം—Remember You must die എന്ന സന്ദേശം—പല കഥാപാത്രങ്ങൾക്കും കിട്ടുന്നു. ആകെ സംഭ്രമം. അതിന്റെ പ്രയോക്താവു് ആരെന്നറിയാനുള്ള ശ്രമം വിഫലീഭവിക്കുന്നു. ആ സന്ദേശം നല്കുന്നവർ നമ്മൾ തന്നെയാണെന്നാണു് ഒരു കഥാപാത്രം പറയുന്നതു്. വാർദ്ധക്യകാലത്തു് ശരീരവും മനസ്സും തകരുമ്പോൾ മരിക്കാറായി എന്നു് ഓരോരുത്തനും തോന്നുമല്ലോ. ആ തോന്നലിനെയാണു് ‘ഓർമ്മിക്കു നിങ്ങൾ മരിക്കും’ എന്ന റ്റെലിഫോൺ സന്ദേശമായി ഓരോ വ്യക്തിയും കരുതുന്നതു്. നമ്മുടെ നാട്ടിലെ വൃദ്ധന്മാർ മാത്രമല്ല ചെറുപ്പക്കാരും എപ്പോഴും ഓർമ്മിക്കേണ്ട സന്ദേശമാണു് മ്യൂറിയൽ സ്പാർക്ക് ഈ നോവലിലൂടെ നല്കുന്നതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-12-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.