
മഹാനായ റഷ്യൻ കവി ഒസിപ് മാൻദീൽസ്തെം ഉജ്ജ്വല പ്രതിഭാശാലിയായ മർസൽ പ്രൂസ്ത് പറഞ്ഞ ഒരു കഥ എവിടെയോ പുനരാവിഷ്കരിച്ചതു് എന്റെ ഓർമ്മയിലുണ്ടു്. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സ്ത്രീ വീട്ടിലിരുന്നു പാടുകയായിരുന്നു. അതുകേട്ടു് ആഹ്ലാദാതിശയത്തോടെ മറ്റു പല സ്ത്രീകളും അവിടെ ഇരിക്കുന്നുണ്ടു്. കൈയിലിരുന്ന വീശറി കൊണ്ടു് അവർ താളം പിടിക്കുകയാണു്. അപ്പോഴാണു് ഗായികയുടെ ബന്ധുവും ധനികയുമായ ഒരുത്തി അവിടെച്ചെന്നു കയറിയതു്. പാട്ടു കേട്ടു രസിച്ചു് വിശറി കൊണ്ടു താളം പിടിക്കുന്നവരെപ്പോലെ താനും വിശറിയാൽ താളം പിടിച്ചാൽ തനിക്കെന്തു വ്യത്യസ്തത എന്നായി ആ സ്ത്രീയുടെ വിചാരം. അതുകൊണ്ടു് തന്റെ വ്യത്യസ്തത കാണിക്കാനായി അവർ ഗാനത്തിന്റെ താളത്തിനു വിരുദ്ധമായി വിശറി ചലിപ്പിച്ചു. റഷ്യൻ സാഹിത്യ നിരൂപകർ ഈ ധനികയെപ്പോലെയാണെന്നു് മാൻദിൽസ്തെം എഴുതിയിട്ടുണ്ടു്. സാമാന്യചിന്തയ്ക്കു വിരുദ്ധമായി എന്തെങ്കിലും പറയുകയും അധ്യാപകൻ ഉത്തരക്കടലാസ്സിൽ മാർക്കിടുന്നതു പോലെ സാഹിത്യകൃതികൾക്കു മാർക്ക് ഇടുകയുമാണു് ആ നിരൂപകരുടെ ജോലി. കേരളത്തിലുള്ള എല്ലാ നിരൂപകരും പ്രൂസ്ത് അവതരിപ്പിച്ച ധനികയെപ്പോലെയാണു്. ഇങ്ങനെ ക്ലാസ്സ് നിശ്ചയിക്കുകയും ബ്ലാക്ക് ബോർഡിൽ എഴുതി കാണിച്ചു പഠിപ്പിക്കുകയും ചെയ്യുന്ന നിരൂപകന്മാരായ അധ്യാപകരിൽ നിന്നു് അനേകം പ്രകാശ വർഷങ്ങൾക്കു് അപ്പുറത്തായി നില്ക്കുന്നു നോബൽ സമ്മാനം നേടിയ മെക്സിക്കൻ മഹാകവിയും നിരൂപകനുമായ ഒക്താവ്യാ പാസ്. അദ്ദേഹത്തിന്റെ “On Poets and Others” എന്ന നിരൂപണ ഗ്രന്ഥം ഇതിനു നിദർശകമാണു്. ഇപ്പുസ്തകം ഞാൻ ഇപ്പോൾ വായിച്ചു തീർത്തു താഴെ വച്ചതേയുള്ളു. അതു ജനിപ്പിച്ച ഉദാത്തതയിൽ വിലയം കൊണ്ടു് ഞാനിതു കുറിക്കുന്നു. ധിഷണയുടെ അധിത്യകയിൽ എത്തിയ ഈ നിരൂപണം സാധാരണക്കാരുടെ വിശറി വീശലിനൊപ്പിച്ചു് താളം പിടിക്കുകയല്ല. അവരിൽ നിന്നു വ്യത്യസ്തത പുലർത്താനായി താളഭ്രംശം വരുത്തുകയുമല്ല. ഗാനത്തിന്റെ യഥാർത്ഥമായ താളത്തിനൊത്തു് താളം പിടിച്ചു് അതിനു സാന്ദ്രത നൽകി, ആ താളത്തിലൂടെ സത്യത്തിന്റെ ലോകത്തിൽ എത്തിക്കുകയാണു് അദ്ദേഹം അനുവാചകരെ. പാസ് മൗലികതയോടെ കലാസൃഷ്ടികളുടെ ആന്തരസത്യം സ്പഷ്ടമാക്കിത്തരികയാണു്. ഓരോ വാക്യത്തിലും ആശയരത്നങ്ങൾ. അവയുടെ കാന്തി കൊണ്ടു് വായനക്കാരന്റെ കണ്ണഞ്ചിപ്പോകുന്നു.

റോബർട് ഫ്രോസ്റ്റ്, വാൾട് വിറ്റ്മാൻ, ബോദലെർ, ആന്ദ്രേ ബ്രെതൊങ് (Andre Breton), മീഷോ (Michaux), ദസ്തെയെവ്സ്കി, സൊൾഷെനിറ്റ്സിൻ, ഒർടേഗ ഇ ഗാസറ്റ്, ലൂയിസ് ബൂന്യൂയിൽ (Luis Bunuel), ഹൊർഹേ ഗീല്യേൻ (Jorge Guillen), ലൂയിസ് തേർനുദാ (Luis Cernuda) ഇവരെക്കുറിച്ചെല്ലാമാണു് പാസ് എഴുതുന്നതു്. ഓരോ പ്രബന്ധവും നിസ്തുലമെന്നേ പറയേണ്ടു.
നൈരാശ്യത്തിന്റെ ഒരു നിമിഷത്തിൽ സാർത്ര് പറഞ്ഞു നരകം മറ്റുള്ളവരാണെന്നു്. (Hell is other people). ഭീതിദമായ പ്രസ്താവമാണിതെന്നു പാസ്. കാരണം മറ്റുള്ളവർ—അന്യർ—നമ്മുടെ ചക്രവാളമാണു് എന്നതാണു്. യഥാർത്ഥത്തിൽ സ്വാതന്ത്ര്യം മറ്റുള്ളവരാണു് (Liberty is other people) എന്നത്രേ പാസ്സിന്റെ മതം. മിൽട്ടന്റെ
The world was all before them, where to choose
Their place of rest, and Providence their guide.
They hand in hand, with wandering steps and slow
Through Eden took their solitary way.
എന്ന വരികൾ വായിച്ചപ്പോഴാണു് പാസ് Liberty is other people എന്നു് ഉദ്ഘോഷിച്ചതു്.
സാർത്ര് ദാർശനിക ഗ്രന്ഥങ്ങൾ, ദാർശനിക പ്രബന്ധങ്ങൾ, നിരൂപണങ്ങൾ, നോവലുകൾ, കഥകൾ, നാടകങ്ങൾ ഇവ എഴുതി. അതിസമൃദ്ധി മേന്മയുടെ ലക്ഷണമല്ല. കലാകാരന്റെ സിദ്ധികൾ ഇല്ലായിരുന്നു സാർത്രിനു്. വാദമുഖങ്ങൾ ചുറ്റികകൊണ്ടു് അടിച്ചേല്പിക്കുകയായിരുന്നു അദ്ദേഹം. നോവലിസ്റ്റിന്റെ ശക്തി സാർത്രിനു് ഇല്ലായിരുന്നു എന്നതും സത്യം. ലോകങ്ങൾ, അന്തരീക്ഷങ്ങൾ, കഥാപാത്രങ്ങൾ ഇവ സൃഷ്ടിക്കാൻ കഴിയാത്ത എഴുത്തുകാരൻ മനുഷ്യരെക്കുറിച്ചു് പറഞ്ഞു പറഞ്ഞു് അവരെ കേവല സങ്കല്പങ്ങളും ആശയങ്ങളുമാക്കി മാറ്റാനായിരുന്നു സാർത്രിന്റെ കൗതുകം.

സാർത്രിന്റെ ആശയപ്രപഞ്ചത്തോടോ കലാവൈദഗ്ദ്ധ്യത്തോടോ അത്ര കണ്ടു യോജിക്കാത്ത പാസ്, സൊൾഷെനിറ്റ്സിന്റെ കാര്യം പറയുമ്പോൾ ഹൃദയാലുവായി മാറുന്നു. സ്റ്റാലിനിസത്തിന്റെയും നാത്സിസത്തിന്റെയും ഘടനയെ സംബന്ധിച്ച സാദൃശ്യങ്ങൾ അനാദൃശ്യമായ രീതിയിൽ എടുത്തു കാണിച്ചിട്ടു് പാസ് പറയുന്നു: Very few of us could look at Solzhenitsyn or Nadajda Mandelstam in the eye. That sin has stained us and, fatally, has stained our writings as well. I say this with sadness, and with humility. എന്തൊരു ഔജ്ജ്വല്യം! എന്തൊരു മനുഷ്യസ്നേഹം!
പാസ്സിന്റെ നിരൂപണങ്ങളുടെ വൈശിഷ്ട്യം വ്യക്തമാക്കണമെങ്കിൽ ‘സാഹിത്യവാരഫലത്തി’ന്റെ അഞ്ചു പുറങ്ങളും വേണം. അതുകൊണ്ടു് അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങൾ മാത്രം എടുത്തു കാണിക്കാനേ കഴിയുന്നുള്ളു.
- “He (Dostoevski) does not tell us what happens but he obliges us to go down under ground so that we see what is happening really he obliges us to see ourselves. Dostoevski is our contemporary because he guessed what the dramas and conflicts of our age would be.”
- His (Jose Ortega Y Gasset’s) lucidity contrasts with the blindness of so many of our prophets.
- “Because, despite being an excellent poet, or more accurately, because he was one—Cernuda is one of the very few moralists Spain has given us, in the sense in which Nietzsche is the great moralist of modern Europe… ”
- Tomlinson (poet) can isolate the object, observe it, loup suddenly inside it, and, before it dissolves, take the snapshot. ഈ ഗ്രന്ഥം വെറും നിരൂപണമല്ല. സാഹിത്യകൃതികളുടെ ആന്തരതത്വത്തിലേയ്ക്കു കടന്നിട്ടു് അവയുടെ ഭാഷയിൽത്തന്നെ നമ്മളോടു സംസാരിക്കുകയാണു് പാസ്. “ഐഡിയോളജി ആശയങ്ങളെ മുഖാവരണങ്ങളായി മാറ്റുന്നു. അവ ധരിക്കുന്ന ആളിനെ അവ മറയ്ക്കുന്നു. അതേ സമയം സത്യം കാണുന്നതിൽ നിന്നു് ആ മുഖാവരണങ്ങൾ അയാൾക്കു് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു” എന്നു പാസ് തന്നെ പറഞ്ഞിട്ടുണ്ടു്. ഐഡിയൊളജിയുടെ മുഖാവരണങ്ങൾ ധരിക്കാതെ സത്യം ദർശിക്കുന്ന പ്രതിഭാശാലിയെ കാണണമെങ്കിൽ ഈ ഗ്രന്ഥം വായിക്കണം.
ചോദ്യം: ഒരു ക്ഷണക്കത്തിൽ ഇങ്ങനെ കണ്ടു: ‘ഡോ. എം. ലീലാവതി, ലളിതാംബിക അന്തർജ്ജനം. സ്ത്രീകളുടെ കാഥിക.’ ഇതിലെ ‘കാഥിക’ ശരിയായ പ്രയോഗമാണോ?
ഉത്തരം: ശരിയായ പ്രയോഗമല്ല. കാഥിക എന്ന വാക്കിന്റെ അർത്ഥം കഥ പറയുന്നവൾ എന്നാണു്. കഥ രചിക്കുന്നവൾ, ചമയ്ക്കുന്നവൾ കഥാകാരി. കാരശബ്ദത്തിനു് ഉണ്ടാക്കുക, പ്രവർത്തിക്കുക എന്നൊക്കെ അർത്ഥം. കുംഭകാരൻ, സുവർണ്ണകാരൻ എന്ന ഉദാഹരണങ്ങൾ. അതുപോലെ കഥ നിർമ്മിക്കുന്നവൻ കഥാകാരൻ കാരശബ്ദത്തിന്റെ സ്ത്രീലിംഗം കാരി എന്നു്. ലളിതാംബിക ‘കഥാപ്രസംഗ’ത്തിനു പോയിട്ടില്ലാത്തതു കൊണ്ടു് അവരെ കാഥിക എന്നു വിളിച്ചു കൂടാ.
ചോദ്യം: സുന്ദരിയായ ഭാര്യയോടു് ഒരുമിച്ചു് ഭർത്താവു് വന്നാൽ പുരുഷൻ ആരോടായിരിക്കും അധികം സംസാരിക്കുക?
ഉത്തരം: അതു പുരുഷന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. അയാൾക്കു കാമം കൂടുതലായി അപ്പോൾ ഉണ്ടായെങ്കിൽ സ്ത്രീയുടെ മുഖത്തു നോക്കാതെ അവരുടെ ഭർത്താവിനോടു മാത്രം സംസാരിക്കും.
ചോദ്യം: മുണ്ടശ്ശേരിയുടെയും കുട്ടികൃഷ്ണമാരാരുടെയും ഭാഷാ ശൈലികളെ നിങ്ങൾ എങ്ങനെ കാണുന്നു?
ഉത്തരം: മുണ്ടശ്ശേരി യുടെ ശൈലി പ്രഭാഷണാത്മകം. കുട്ടിക്കൃഷ്ണമാരാർ ക്കു പ്രഭാഷണാത്മകതയേയില്ല. അദ്ദേഹത്തിന്റേതാണു് ഹൃദ്യമായ ശൈലി.
ചോദ്യം: ആത്മാവിന്റെ അടിത്തട്ടു വരെ പിടിച്ചു കുലുക്കുന്ന കവിത മലയാളത്തിൽ ആരുടേതു?
ഉത്തരം: ആരുടേതുമില്ല. ആ അനുഭവമുണ്ടാകണമെങ്കിൽ ജിബ്രാന്റെ കാവ്യങ്ങൾ വായിക്കണം.
ചോദ്യം: മലയാളം മലയാളമായിത്തന്നെ എഴുതുന്ന ചിലരുടെ പേരുകൾ പറയു.
ഉത്തരം: സി. വി. കുഞ്ഞുരാമൻ, ഈ. വി. കൃഷ്ണപിള്ള, സഞ്ജയൻ (എം. ആർ. നായർ), കുട്ടികൃഷ്ണമാരാർ, എസ്. ഗുപ്തൻ നായർ, ഇവർ ശൈലീവല്ലഭന്മാരാണു്.
ചോദ്യം: ഞാൻ അങ്ങോട്ടു വരുന്നുണ്ടെടാ നിന്നെ അന്വേഷിച്ചു്. കേട്ടോടാ.
ഉത്തരം: വേണ്ട. ഞാൻ ‘സെൽഫ് ഷേവ്’ നടത്തുന്നവനാണു്.
ചോദ്യം: ടാഗോർ, ജിബ്രാൻ ഇവരിൽ ആരാണു് വലിയ കവി?
ഉത്തരം: ഉത്തരം പറയാൻ വൈഷമ്യമുണ്ടു്. റ്റാഗോറിനു വ്യാപ്തി കൂടും. ജിബ്രാനു് തീക്ഷ്ണത കൂടും. രണ്ടു പേരുടെയും കവിത decorative ആണു്.
ശ്രീ. സി. വി. ബാലകൃഷ്ണനു മറുപടിയെഴുതിയ (മലയാള മനോരമയിൽ) ഡോക്ടർ രാജശേഖരൻ വൃദ്ധന്റെ ചിന്തകളാണു് അദ്ദേഹത്തിനെന്നു് അഭിപ്രായപ്പെട്ടതായി എനിക്കോർമ്മയുണ്ടു്. പഴയതിനെ തേടിപ്പോകുന്നവരാണു് വൃദ്ധന്മാർ എന്നായിരുന്നു രാജശേഖരന്റെ വാദം. സി. വി. ബാലകൃഷ്ണൻ വൃദ്ധനല്ലെന്നു രാജശേഖരനു് അറിയാം. മറ്റാരെയോ ലക്ഷ്യമാക്കിയാണു് അദ്ദേഹം അങ്ങനെയൊരു ‘കാച്ചു് കാച്ചിയതു്’. അതിൽ സത്യമില്ലാതില്ല താനും. കലാസ്വാദനത്തിൽ പ്രായം ഒരു ഘടകമാണു്. ബാല്യ കാലത്തും യൗവന കാലത്തും ചങ്ങമ്പുഴ ക്കവിത രസിച്ചതു പോലെ എനിക്കിന്നതു രസിക്കുന്നില്ല. ഹൃദയത്തിനും മനസ്സിനും പരിപാകം വരുമ്പോൾ ഗഹനമായതു് അന്വേഷിക്കാനുള്ള പ്രവണതയുണ്ടാകും ആളുകൾക്കു്. അപ്പോൾ പ്രായം കൂടിയവർ “നളചരിതം ” ആകും കൈയിലെടുക്കുക. അതു മാത്രമല്ല; സമകാലിക സാഹിത്യം വിരൂപമാണു്. വൈരൂപ്യം സഹൃദയനായ വൃദ്ധനു് അസ്വസ്ഥത ജനിപ്പിക്കുമ്പോൾ അയാൾ പൂർവകാല സൗഭാഗ്യങ്ങൾ തേടിപ്പോകുന്നതു സ്വാഭാവികം. അങ്ങനെ പൂർവകാലത്തേക്കു പ്രയാണം ചെയ്യുമ്പോൾ എല്ലാം രമണീയമായി തോന്നണമെന്നുമില്ല. ഉദാഹരണം നമ്മുടെ പ്രചാരണാത്മക സാഹിത്യംതന്നെ. രാജവാഴ്ചയുണ്ടായിരുന്ന കാലത്തു് തൊഴിലാളികളെ മർദ്ദിക്കുന്നതും അവരെ ചൂഷണം ചെയ്യുന്നതും കണ്ടു് ലോലഹൃദയമുള്ള കഥാകാരന്മാരും കവികളും ആ നൃശംസതയുടെ നേർക്കു തൂലികയല്ല പടവാളാണു് എടുത്തു പെരുമാറിയതു് (ഈ ക്ലീഷേക്കു് മാപ്പു്). അവിടെ കലയുടെ ചിലങ്കയൊലിയല്ല കേട്ടതു്; അറവുകത്തിയുടെ പതനശബ്ദമാണു്. അതു കാണുന്ന ഇന്നത്തെ പ്രായം കൂടിയവൻ ആ രംഗത്തു നിന്നു പറപറക്കുകയും കെ. സുകുമാരന്റെയും (മലബാർ) ഈ. വി. കൃഷ്ണപിള്ളയുടെയും ചെറുകഥകളിൽ ശരണം തേടുകയും ചെയ്യും. പൂർവ്വകാലത്തേക്കു പോകാൻ താല്പര്യമുണ്ടെങ്കിലും സാഹിത്യപ്രസ്ഥാനങ്ങളിൽ സ്ഥൂലീകരണം കണ്ടാൽ പോകുന്നവർ അവിടെനിന്നു പിന്തിരിഞ്ഞു കളയും. എന്റെ ചെറുപ്പകാലത്തു് എന്തൊരു ഉത്സാഹത്തോടെയാണു് ഞാൻ “മങ്കത്തയ്യിനെ മഞ്ജുവാക്കുകൾ പറഞ്ഞാട്ടൊട്ടടുപ്പിച്ചു ഞാൻ” എന്നു തുടങ്ങുന്ന ‘വിലാസലതിക’യിലെ ശ്ലോകവും “കോമളപ്പോർമുലപ്പൊൻകുടങ്ങൾ കോരിത്തരിക്കെ നീയെന്തു ചെയ്യും” എന്ന ചങ്ങമ്പുഴക്കവിതയും ചൊല്ലിക്കൊണ്ടു നടന്നതു്. ഇന്നു് അവ കേട്ടാൽ എനിക്കു് ഓക്കാനമുണ്ടാകും. റൊമാന്റിസിസത്തിന്റെയും അതിന്റെ ഒരു ഭാഗമായ കാമോത്സുകതയുടെയും സ്ഥൂലീകരണം വളരെ നാൾ നിൽക്കില്ല. അതു ക്രമേണ കുറഞ്ഞു വരും. കുറഞ്ഞു കുറഞ്ഞു നേർത്ത സ്വർണ്ണശലാകയെപ്പോലാവും. ആ മാറ്റം ശ്രീമതി. വിമലാ മേനോൻ കലാകൗമുദിയിൽ എഴുതിയ “മധുവും മധുരതരം” എന്ന കാവ്യത്തിലുണ്ടു്. ഒരു പുരാണകഥയെ സൂചിപ്പിച്ചു കൊണ്ടു് വിമലാ മേനോൻ സ്നേഹത്തെ നേർത്ത സ്വർണ്ണ ശലാകയായി മാറ്റിയിരിക്കുന്നു.
തൊട്ടുതലോടിടുമരിമുല്ലയുടെ
പൊട്ടിവിടർന്നൊരു പുതുനാമ്പിലയും
കെട്ടിപ്പിണയും കിളിമരമൊന്നും
ചെറുമനസ്സിൽ നിനച്ചേ പോകു.
പൂജാമലരുകളൊക്കെയൊരുക്കി
യാഗാഗ്നിക്കുയിരേകാൻ നിൽക്കും
താതൻ കണ്വനൊടൊന്നവിടുന്ന
ങ്ങാദരവോടെ പറഞ്ഞേ പോകു.
എന്ന വരികളിൽ ആ സ്നേഹം നെയ്ത്തിരിയിലെ ദീപം പോലെ കത്തുന്നു. വിമർശനത്തിന്റെ കാറ്റടിച്ചാൽ അതു ചാഞ്ഞോ ചരിഞ്ഞോ പോകും എങ്കിലും പൊലിഞ്ഞുപോകില്ല.
- ഞാൻ ഇന്ത്യൻ കോഫി ഹൗസിലിരുന്നു് വെജിറ്റബിൾ കട്ലറ്റ് മൂർച്ചയില്ലാത്ത കത്തി കൊണ്ടു്, മുറിക്കുകയായിരുന്നു. ഇടതു കൈയിൽ മൂർച്ചയില്ലാത്ത ഫോർക്കും. അപ്പോഴാണു് ദൂരെയിരുന്നു ഒരു നിരൂപകൻ മൂർച്ചയുള്ള വീക്ഷണശരങ്ങൾ എന്റെ നേർക്കെറിഞ്ഞതു്. ഞാൻ കത്തിയിലേക്കും ഫോർക്കിലേക്കും ഒന്നു നോക്കി. രണ്ടിനും വാളിന്റെ വായ്ത്തല പോലെ മൂർച്ചയുണ്ടായി. അവയ്ക്കു വന്ന ആ മാറ്റം കണ്ടു് നിരൂപകൻ നോട്ടം പിൻവലിച്ചു.
- കുതിരപ്പട്ടാളക്കാരൻ റോഡിലൂടെ പോകുന്നു. തടിച്ച കുതിര. അയാൾ ഒരടി കിളരുന്നു. ഒരടി താഴുന്നു. എങ്കിലും ആകെ ഒരു ചന്തം. കുതിരയുടെ കുളമ്പു വീഴുന്ന ശബ്ദം ദ്വയാത്മകം. ടക്, ടക്, ടക്. അക്ഷരസംഖ്യ ഒരേ തരത്തിൽ ആവർത്തിച്ചു് ബാഹ്യമായ താളം (ആന്തരലയമല്ല) ഉണ്ടാക്കുന്ന ഒരു കവിയുടെ കാവ്യങ്ങൾ ഞാൻ ഓർമ്മിച്ചു.
- ധിഷണാശാലിയെങ്കിലും സാമ്പദികമായി ഉയർച്ച നേടാത്ത ഒരാൾ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയുടെ ചെയർമാനായിരുന്ന മഹാകവിയെ സമീപിച്ചു് ‘എന്റെ പുസ്തകം ടെക്സ്റ്റാക്കിത്തരണം’ എന്നു് അപേക്ഷിച്ചു. അദ്ദേഹം പരുക്കൻ ഭാഷയിൽ നിഷേധാത്മകമായി മറുപടി നൽകി. ധിഷണാശാലി ഉടനെ പറഞ്ഞു: ‘ഒരെലി വിചാരിച്ചാൽ താജ്മഹലിനെ മറിച്ചിടാം സ്വാമീ’. ആ ധിഷണാശാലി ഇതിന്റെ പേരിലുണ്ടായ വിരോധം മരണം വരെ വച്ചുപുലർത്തിയിരുന്നു. ഒരിക്കൽ ഞാൻ കൂടിയിരുന്ന ഒരു സദസ്സിൽ ഒരാൾ അദ്ദേഹത്തോടു ചോദിച്ചു: ‘പ്രതിധ്വനിപ്പിച്ചു, പ്രതിബിംബിച്ചു എന്നൊക്കെ കവിയെഴുതിയതു് ദുശ്ശ്രവമല്ലേ സാർ?’ ധിഷണാശാലി മറുപടി പറഞ്ഞു: ‘അതു് ആ കവിയോടു തന്നെ ചോദിക്കണം. ചോദിക്കണമെങ്കിൽ നിങ്ങൾ നരകം വരെ പോകേണ്ടതായി വരും. കവിത എഴുതിയതിന്റെ പേരിൽ ആ കവി അവിടെ കിടക്കുകയാണു്.’
- ഒരു മഹാപണ്ഡിതൻ എന്നോടു പറഞ്ഞു: ‘അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യജിനദേവൻ’ എന്നെഴുതിയതു് ശരിയല്ല. കൃപാനിധി എന്നു പറഞ്ഞാൽ എല്ലാമായി. അതുകൊണ്ടു് അനുപമ എന്ന പദം വേണ്ട. കൃപാനിധി അഖിലബാന്ധവനായതുകൊണ്ടു് അതും വേണ്ട. ‘ശാക്യമുനിയും ജിനദേവനും രണ്ടു വ്യക്തികളായതു കൊണ്ടു് ഒരു വ്യക്തിയായി കാണിച്ചതു തെറ്റു്. മഹാപണ്ഡിതൻ ബ്രാഹ്മനായതു കൊണ്ടു വർഗ്ഗീയവിദ്വേഷം ഇല്ലെന്നു വരുത്താൻ തുടർന്നു പറഞ്ഞു’: ‘ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലേ, പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണ ശശിബിംബം’ എന്ന ഭാഗവും ശരിയായില്ല. പ്രേമം ഒറ്റ മതമാണെന്നു പറഞ്ഞാൽ ഉലകിന്നുയിരാം എന്നുകൂടി ചേർക്കേണ്ടതില്ല. പാലമൃതു് എന്നൊന്നുണ്ടോ? കൊട്ടാരങ്ങളിൽ വെറ്റിലയമൃതു് എന്നൊക്കെ പറയാറുണ്ടു്. അതുപോലെ പാലമൃതു് എന്നു പ്രയോഗിച്ചതു ശരിയായില്ല. പാർവണശശി ഊട്ടുന്നുവെന്നു പറഞ്ഞാൽ തെറ്റില്ല. പാർവണശശിബിംബം എന്നു പറയുമ്പോൾ ഭാജനത്വം വന്നു പോയി. അപ്പോൾ ഊട്ടുക എന്ന പ്രയോഗത്തിനു ‘സാധുതയില്ലാതാവുന്നു’. ഞാൻ മിണ്ടാതിരുന്നപ്പോൾ അദ്ദേഹം അറിയിച്ചു: കവിതയെ ഇങ്ങനെ അപഗ്രഥിക്കേണ്ടതുണ്ടോ എന്നാവാം കൃഷ്ണൻ നായർ വിചാരിക്കുന്നതു്. ഇങ്ങനെ അപഗ്രഥിച്ചാലും കുറ്റം പറയാനാവാത്തതാണു് ഉത്കൃഷ്ടമായ കവിത.
നവീന കഥാകാരന്മാർ ഒരു ഋജുരേഖ വരച്ചു് തങ്ങൾ ആഗ്രഹിക്കുന്നതു പോലെ കഥാപാത്രങ്ങളെ അതിലൂടെ നടത്തുന്നു. അവരുടെ വികാരങ്ങളെ സ്ഥൂലീകരിക്കുന്നു. സംഘട്ടനങ്ങളുണ്ടെങ്കിൽ അവയെയും ബൃഹദാകാരത്തിൽ എത്തിക്കുന്നു. അതോടെ സ്വാഭാവികതയാകെ തകരും. അങ്ങനെയാണു് കഥ willed performance ആയിത്തീരുന്നതു്. ഈ ദോഷമൊന്നും എൻ. രാജന്റെ ‘നാരങ്ങാമിഠായികൾ’ എന്ന ചെറുകഥയ്ക്കില്ല (മാതൃഭൂമി ആഴ്ചപ്പതിപ്പു്). ജാനു ഏടത്തി, മാലതി അനുജത്തി. മാലതി നേരത്തേ ലോകം വിട്ടുപോയി. ജീവിച്ചിരുന്ന കാലത്തു് അവർ ചിലപ്പോഴൊക്കെ ജാനുവിനെച്ചെന്നു കാണുമായിരുന്നു. മാലതി മരിച്ചതിനു ശേഷം അവരുടെ മകൻ ഏടത്തിയമ്മയെ (വല്യമ്മയെ) കാണാൻ പോകാതെയായി. അയാളുടെ അമ്മ സ്വപ്നത്തിൽ ആവിർഭവിച്ചു് ഏടത്തിയെ കാണണമെന്നു് അയാളോടു നിർദ്ദേശിച്ചു. അയാൾ അതനുസരിച്ചു് വീട്ടിലേക്കു പോകുന്നതിനിടയ്ക്കു കഥാകാരൻ ഗതാവലോകന കലാസങ്കേതമുപയോഗിച്ചു് ഏടത്തിയുടെ യൗവനകാല ജീവിതം ഹൃദ്യമായി ആവിഷ്കരിക്കുന്നു. അവരുടെ ഭർത്താവു് തെളിഞ്ഞ ചിത്രമായി നമ്മുടെ മുൻപിൽ വരുന്നു. കുഞ്ഞുങ്ങൾക്കു നാരാങ്ങാമുട്ടായി കൊണ്ടുകൊടുക്കുന്ന വല്യച്ഛൻ സ്നേഹത്തിന്റെ മൂർത്തീമദ്ഭാവം. ആ ഭൂതകാലചിത്രം മറച്ചിട്ടു് കഥാകാരൻ വീണ്ടും മാലതിയുടെ മകനിലേക്കു വരുന്നു. പ്രയാസപ്പെട്ടു് അയാൾ ജാനുവിന്റെ (വല്യമ്മയുടെ) വീട്ടിലെത്തിയപ്പോൾ അവിടെ വാടകക്കാർ താമസിക്കുന്നു. വല്യമ്മയെ നോക്കിക്കൊള്ളണമെന്ന കരാറിൽ അവരുടെ മകൻ തന്നെയാണു് വീടു് അന്യർക്കു വാടകയ്ക്കു കൊടുത്തതു്. ജീവിച്ചിരിക്കെ ശവമായി മാറിയ വല്യമ്മ കട്ടിലിൽ കിടക്കുന്നു. ബോധശൂന്യയായ വല്യമ്മയെ കണ്ടിട്ടു പുറത്തേക്കു പോന്ന അയാൾ വിചാരിച്ചു. അവിടുത്തെ കുട്ടികൾക്കു് നാരങ്ങമുട്ടായി കൊണ്ടുകൊടുക്കാമായിരുന്നുവെന്നു്.
മനുഷ്യജീവിതത്തിന്റെ ട്രാജഡിയും അതിനു കാരണമായ ക്രൂരതയും സ്വാഭാവികമായി ചിത്രീകരിച്ചതിലാണു് ഇക്കഥയുടെ വിജയമിരിക്കുന്നതു്. ക്രിയാംശവും സ്വാഭാവികമായി വികസിക്കുന്നു. കഥാകാരൻ വിശദീകരണത്തിനു് സന്നദ്ധനാകാതെ, ബലാൽക്കാരമായ ആഖ്യാനം കൊണ്ടു അനുവാചകനെ പീഡിപ്പിക്കാതെ കഥാപുഷ്പം വിടർത്തുന്നു. അദ്ദേഹം അതു വിടർത്തുന്നു എന്ന തോന്നൽ വായനക്കാരനു് ഉണ്ടാകുന്നില്ല. അതു തനിയെ വിടരുന്നു എന്ന പ്രതീതി. വല്യമ്മയുടെ അവസ്ഥയിൽ അനുവാചകനു ദുഃഖം. അവരുടെ മക്കളുടെ ക്രൂരതയിൽ അയാൾക്കു വെറുപ്പു്. വാടകയ്ക്കു് താമസിക്കുന്നവരുടെ നിസ്സംഗതയിലും കാരുണ്യമില്ലായ്മയിലും അയാൾക്കു് ഇങ്ങനെയൊക്കെയാണു് ലോകം എന്ന തോന്നൽ. നല്ല കഥ എന്നു പറഞ്ഞു് ഞാനിതു നിറുത്തട്ടെ.
- പണ്ടു് ഞാൻ റ്റെലിവിഷൻ കണ്ടിരുന്ന കാലത്തു് വടക്കേയിന്ത്യയിലെ കവിയരങ്ങുകൾ ശ്രദ്ധിക്കുമായിരുന്നു. പരട്ടക്കവിതകളായിരിക്കും വായിക്കുക. അവയിൽ മുന്നിൽ ‘സൂര്യനുദിച്ചു കിളികൾ പാടി’ എന്നു വന്നാൽ കൂടെയുണ്ടായിരിക്കുന്ന കവികുഞ്ജരന്മാർ വാഹ് വാഹ് എന്നു വിളിക്കും. ‘സൂര്യനുദിച്ചില്ല, കിളികൾ പാടിയില്ല’ എന്നാണു് കാവ്യഭാഗമെങ്കിലും വാഹ് വാഹ് എന്നു കേൾക്കാം. ഇതു ഹിപ്പോക്രസിയോ അജ്ഞതയോ? ആർക്കറിയാം?
- വലിയ ചിത്രകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽ കലയുമായി ഒരു ബന്ധവുമില്ലാത്തവർ (വിശേഷിച്ചും സ്ത്രീകൾ) വികാരരഹിതരായി വേഗം നടന്നു പോകുന്നതു ഞാൻ കണ്ടിട്ടുണ്ടു്. വീട്ടിലിരിക്കാൻ വയ്യാത്തതുകൊണ്ടു് അവർ ചിത്രപ്രദർശനത്തിലേക്കു വലിഞ്ഞു കയറുന്നുവെന്നു മാത്രം ധരിച്ചാൽ മതി. വിദ്യുച്ഛക്തിയുള്ള കമ്പിയിൽ നമ്മൾ ആരെങ്കിലും തൊട്ടാൽ ഷോക്കുണ്ടാകും. ആ കമ്പിയിൽ കാക്ക ഒരല്ലലുമില്ലാതെ ഇരിക്കും. സഹൃദയത്വമില്ലാതെ ചിത്രങ്ങൾ കാണാൻ വരുന്നവർ കാക്കകളാണു്. അവ കണ്ടു് പ്രകമ്പനം കൊള്ളുന്നവൻ സഹൃദയനും.
- ശകുന്തള ആശ്രമത്തിൽ നിന്നു് അധികമായി പുറത്തിറങ്ങി നടന്നിട്ടില്ല. നടന്നപ്പോൾ ജഘനഭാരം കൊണ്ടു് വെൺമണലിൽ പെൺമണിയുടെ ചുവടു പതിഞ്ഞു. അതുകണ്ടു രാജാവു് ആഹ്ലാദിച്ചു. ഇടപ്പളളി രാഘവൻ പിള്ള അധികമെഴുതിയില്ല. എഴുതിയതു് മലയാള സാഹിത്യത്തിന്റെ വെൺമണലിൽ പാദമുദ്രകൾ പതിപ്പിക്കുകയും ചെയ്തു. സഹൃദയനായ ദുഷ്യന്തനു സന്തോഷം.

ജീനിയസ് എന്നു് ഒരു വൈമനസ്യവും കൂടാതെ ഞാൻ വിശേഷിപ്പിക്കുന്ന ശ്രീ. വാസുദേവൻ നമ്പൂതിരി യുടെ ചിത്രങ്ങൾ നോക്കാനുള്ള സമയമായി. അപ്പോൾ ഇതുവരെയും നോക്കിയില്ലെന്നോ? അതേ. നോക്കിയിരുന്നെങ്കിൽ അദ്ദേഹത്തെക്കുറിച്ചു് എത്രയെത്ര ലേഖനങ്ങളും ഗ്രന്ഥങ്ങളും വരുമായിരുന്നു. ചിത്രങ്ങൾ നോക്കാനുള്ള സമയമായി എന്നതു മനസ്സിലാക്കി ശ്രീ. രാജൻ തിരുവോത്തു് നോക്കുന്നു. അതിനു തെളിവാണു് ദേശാഭിമാനി വാരികയിൽ അദ്ദേഹമെഴുതിയ ‘വരകളും വാക്കുകളും’ എന്ന ലേഖനം.
ഞാൻ നമ്പൂതിരി കഥകൾക്കു വരയ്ക്കാറുള്ള ചിത്രങ്ങൾ മാത്രമേ കണ്ടിട്ടുള്ളു. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളോ മ്യൂറൽ ചിത്രങ്ങളോ കണ്ടിട്ടില്ല. കഥകൾക്കു് അദ്ദേഹം വരയ്ക്കുന്ന ‘ഇലസ്ട്രെയ്ഷൻസ്’ മാത്രം ദർശിച്ചുകൊണ്ടാണു് അദ്ദേഹത്തെ ജീനിയസ് എന്നു വിശേഷിപ്പിച്ചതു്. സ്ത്രീയുടെ വൈഷയികസൗന്ദര്യത്തെ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം പ്രഗൽഭനാണെന്നു സമ്മതിച്ചുകൊണ്ടു പറയട്ടെ. ആ പ്രാഗല്ഭ്യം മാത്രമല്ല അദ്ദേഹത്തിന്റെ പ്രതിഭയെ വിളംബരം ചെയ്യുന്നതു്. സംഗീതത്തിന്റെ ടോൺ (tone) ഓരോ ചിത്രത്തെയും ധന്യമാക്കുന്നു. ഉത്കൃഷ്ടമായ സംഗീതം കേൾക്കുമ്പോൾ നമ്മൾ ഹർഷാതിരേകത്തിൽ വീഴുമല്ലോ. സംഗീതത്തിന്റെ ലയവും നാദവും കൊണ്ടുണ്ടാകുന്ന ആഹ്ലാദാതിശയം നമ്പൂതിരിയുടെ ഓരോ ചിത്രവും ജനിപ്പിക്കുന്നു. രാജൻ തിരുവോത്തിന്റെ ലേഖനം രചനാചാതുരി കാണിക്കുന്നില്ലെങ്കിലും ഒരു വലിയ കലാകാരനെക്കുറിച്ചു് അദ്ദേഹം എഴുതിയതു് ഉചിതജ്ഞത തന്നെ.

മഹനീയങ്ങളായ ചെറുകഥകൾ സ്വാതന്ത്ര്യത്തിന്റെ വിശാലാന്തരീക്ഷത്തിലേക്കു പറക്കാൻ അനുവാചകനു ചിറകുകൾ നല്കുന്നു. ഒരു ക്രൈസ്തവ പുരോഹിതൻ പള്ളിയിലെ ബെൽടവറിന്റെ ജന്നലിൽക്കൂടി നോക്കിയപ്പോൾ അടുത്ത വീട്ടിലെ യുവതി സിഗ്ററ്റ് വലിച്ചു കൊണ്ടു കിടക്കയിൽ കിടക്കുന്നതു കണ്ടു. പുരോഹിതൻ ഞെട്ടിയെങ്കിലും അവളുടെ മനോഹരമായ കഴുത്തിൽ നിന്നും തോളുകളിൽ നിന്നും അയാൾക്കു കണ്ണെടുക്കാൻ കഴിഞ്ഞില്ല. തണുപ്പു കാലത്തു് അയാൾ ജന്നലിലെ കണ്ണാടിയിൽ ദ്വാരമുണ്ടാക്കി അവളെ അതിലൂടെ കൂടക്കൂടെ നോക്കും. ആഗ്രഹത്തെ അമർത്തി വയ്ക്കാൻ അയാൾക്കു കഴിഞ്ഞില്ല. വികാരരഹിതയായ, തടിച്ച ഒരുത്തിയായിരുന്നു പുരോഹിതന്റെ ഭാര്യ. തണുപ്പു് വളരെക്കൂടിയ ഒരു രാത്രിയിൽ യുവതി തികച്ചും നഗ്നയായി കിടക്കയിൽ മുഖം അമർത്തി നിലവിളിച്ചു കൊണ്ടു പ്രാർത്ഥിക്കുന്നതു് അയാൾ കണ്ടു. പള്ളിയിലെ stained-glass ജനലിൽ ചിത്രീകരിച്ച ക്രിസ്തുവിന്റെ പാദങ്ങൾക്കു അടുത്തു കിടന്ന കുട്ടിയെപ്പോലെ ആയിരുന്നു അവൾ. ഉന്മാദമാർന്ന പുരോഹിതൻ ജന്നൽക്കണ്ണാടിയാകെ കൈകൊണ്ടു് ഇടിച്ചു പൊട്ടിച്ചിട്ടു് ഒരു വർത്തമാനപ്പത്രത്തിന്റെ ആപ്പീസിലേക്കു ഓടിച്ചെന്നു് അവിടെ ഉണ്ടായിരുന്ന ഒരാളോടു പറഞ്ഞു ഈശ്വരൻ നഗ്നയായ യുവതിയായി അയാളുടെ മുൻപിൽ അവതരിച്ചെന്നു്, രക്തമൊഴുകുന്ന ചുരുട്ടിയ കൈ ഉയർത്തിക്കാണിച്ചു് അയാൾ പറഞ്ഞു താൻ മോചനം നേടിയെന്നു് (Sherwood Anderson എഴുതിയ The Strength of God എന്ന ചെറുകഥ). ഒരു ലൈംഗിക നാടകത്തിലൂടെ ഒരുത്തന്റെ മോചനം ചിത്രീകരിക്കുന്ന ഇക്കഥ വായിക്കുന്ന നമുക്കും മോചനമുണ്ടാകുന്നു. ഇതാണു് ഉത്കൃഷ്ടമായ കല.