സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1993-10-03-ൽ പ്രസിദ്ധീകരിച്ചതു്)

images/MayaAngelou.jpg
മേഅ ആഞ്ജിലോ

മേഅ ആഞ്ജിലോ (Maya Angelou) പേരുകേട്ട നീഗ്രോ കവയിത്രിയാണു്. അഞ്ചു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയ, അവരുടെ ആത്മകഥയുടെ ആദ്യത്തെ ഭാഗമാണു് “I Know why The Caged Birds Sing ” എന്നതു്. ‘കൂട്ടിലടയ്ക്കപ്പെട്ട കിളികൾ എന്തിനു പാടുന്നുവെന്നു് എനിക്കറിയാം’ എന്നു് മേഅ ആഞ്ജിലോ പറയുന്നതു് വെള്ളക്കാരുടെ സംസ്കാരം നിർമ്മിച്ച പഞ്ജരത്തിനകത്തു കിടന്നു് കറുത്ത വർഗ്ഗക്കാർ പാടുന്നതിനെക്കുറിച്ചു മാത്രമല്ല. അമ്മയുടെ കർശന നിർദ്ദേശങ്ങളും നിയമങ്ങളും ഉണ്ടാക്കിയ കൂട്ടിലകപ്പെട്ടു് ആത്മാവിഷ്കാരം നിർവ്വഹിച്ച സ്വന്തം ജീവിതത്തെക്കുറിച്ചു കൂടിയാണു്. ആഞ്ജിലോയുടെ അമ്മ അവൾക്കു് ഏഴു വയസ്സുള്ളപ്പോൾത്തന്നെ അവളെ അമ്മുമ്മയോടുകൂടി താമസിക്കാൻ അയച്ചു. അമ്മയെ സ്നേഹിക്കുന്ന മകൾ അതോടെ അബോധാത്മകമായി അമ്മയോടു് എതിർപ്പുള്ളവളായിത്തീർന്നു. ആ എതിർപ്പാണു് അമ്മയുടെ ബോയ്ഫ്രൻഡ്—കാമുകൻ—എട്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അവളെ ബലാത്സംഗം ചെയ്യാൻ ഇടയാക്കിയതു്. ഫ്രീമാൻ എന്നായിരുന്നു അയാളുടെ പേരു്. അമ്മയും കാമുകനും കൂടി ഉറങ്ങുന്ന കട്ടിലിൽ കുട്ടിയായ ആഞ്ജിലോയും കിടന്നുറങ്ങുക പതിവായിരുന്നു. ഒരു ദിവസം കാലത്തു് അമ്മ എഴുന്നേറ്റു പോയപ്പോൾ ഇടതു കാലിൽ ഒരഭിമർദ്ദം. ആഞ്ജിലോ ഉണർന്നു. പിന്നെയുള്ള വിവരണം അച്ചടിക്കാൻ വയ്യ. ബലാത്സംഗത്തിൽ ബാഹ്യമായ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അയാളുടെ മൃദുലമായ ആശ്ലേഷം അവളെ രസിപ്പിച്ചു. ആ ആഹ്ലാദാനുഭൂതി അമ്മയോടുള്ള വെറുപ്പിന്റെ പരോക്ഷ പ്രകടനമായി കരുതാവുന്നതാണു്. നാബോക്കോഫി ന്റെ “ലോലിറ്റ ” എന്ന നോവലിലെ ആ പേരുള്ള കൊച്ചു പെൺകുട്ടി നാല്പതു കഴിഞ്ഞ പുരുഷനെ അങ്ങോട്ടു ചെന്നാക്രമിച്ചതു പോലെ ആഞ്ജിലോ ഫ്രീമാന്റെ അടുത്തു വീണ്ടും ചെന്നു. വേഴ്ചയിൽ ക്ഷതം പറ്റിയ അവൾ കിടപ്പിലായി. എല്ലാവരും സത്യം മനസ്സിലാക്കി. ഫ്രീമാൻ കാരാഗൃഹത്തിലുമായി. അഭിഭാഷകന്റെ സാമർത്ഥ്യം കൊണ്ടു് സ്വാതന്ത്ര്യം നേടിയ അയാൾ പിന്നീടു് അധികം നാൾ ജീവിച്ചിരുന്നില്ല. ആരോ അയാളെ വധിച്ചു. മാനസികാഘാതത്താൽ അടുത്ത അഞ്ചു വർഷം ആഞ്ജിലോ മൂകയായി ജീവിക്കുകയാണുണ്ടായതു്.

images/CagedBirdcover.jpg

അവൾക്കു പതിനേഴു വയസ്സായി. അവൾ താമസിക്കുന്നതിനടുത്തു് സുന്ദരന്മാരായ രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒരാളെ വശീകരിക്കാൻ ആഞ്ജിലോ തീരുമാനിച്ചു. ഒരു ദിവസം ഒരു കുന്നു കയറുമ്പോൾ തനിക്കു് അഭിമതനായ യുവാവു് എതിരേ വരുന്നതു് അവൾ കണ്ടു. ആഞ്ജിലോ ലജ്ജാശൂന്യയായി അയാളോടു ചോദിച്ചു: “Hey. Would you like to have a sexual intercourse with me?” ചെറുപ്പക്കാരൻ അമ്പരന്നു പോയെങ്കിലും സംഭവിക്കേണ്ടതു സംഭവിച്ചു. അവൾ ഗർഭം ധരിച്ചു.

Mother asked, “Who is the boy”? വീണ്ടും അമ്മ: “Do you want to marry him?”

“No.”

ഗർഭം നാലുമാസമായപ്പോൾ മകളോടു സംസാരിക്കുന്നതു നിറുത്തിയിരുന്നു അച്ഛൻ (പിതാവല്ല, അമ്മയുടെ ഭർത്താവു്).

“Does he want to marry you?”

“No.”

ഉറക്കെ സംസാരിച്ചു കൊണ്ടേയിരിക്കണം നേതാക്കന്മാർ. ഇല്ലെങ്കിൽ അവർ പുറന്തള്ളപ്പെടും. ശ്രീ. കെ. വി. സുരേന്ദ്രനാഥിനേക്കാൾ സത്യസന്ധനും ബുദ്ധിമാനുമായ മറ്റധികം നേതാക്കന്മാരെ എനിക്കു് അറിഞ്ഞുകൂടാ. സുരേന്ദ്രനാഥിനു് അദ്ദേഹം അർഹിക്കുന്ന സ്ഥാനം കിട്ടാത്തതു് ഉറക്കെ സംസാരിക്കാത്തതു കൊണ്ടാണു്.

ആഞ്ജിലോ പ്രസവിച്ചു. അതുവരെ അബോധാത്മകമായ സംഘട്ടനത്തിലേർപ്പെട്ടിരുന്ന അമ്മയും മകളും അനുരഞ്ജനത്തിലെത്തി. അമ്മമാരും പെൺമക്കളും തമ്മിലുള്ള നിഗൂഢമായ ബന്ധത്തെ പലരും ചിത്രീകരിച്ചിട്ടുണ്ടു്. ഇപ്പോൾ ഓർമ്മയിലെത്തുന്നതു് Nancy Friday എഴുതിയ My Mother Myself എന്ന പുസ്തകമാണു്. രണ്ടാമത്തേതു് Maxine Hong Kingston എഴുതിയ Chinamen എന്ന വിഖ്യാതമായ നോവലാണു് (Vorago Press, 1991, Spl Price £3.00)

ചോദ്യം, ഉത്തരം

ചോദ്യം: ഭാര്യമാരോടു ക്രൂരമായി പെരുമാറുന്ന പുരുഷന്മാരുടെ ക്രൂരത എല്ലാ സ്ഥലങ്ങളിലുമുണ്ടോ?

ഉത്തരം: ഇല്ല. അവർ പരോപകാരതല്പരരായിരിക്കും. വിശേഷിച്ചും അന്യസ്ത്രീകളുടെ കാര്യത്തിൽ. അവരോടു് അതിവിനയം കാണിക്കും. അക്കൂട്ടരിൽ ഒരുത്തിയുടെ കുഞ്ഞിന്റെ വിരലൊന്നു മുറിഞ്ഞാൽ അവളുടെ മുൻപിലിരുന്നു കണ്ണീരൊഴുക്കും.

ചോദ്യം: മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം ഏതു?

ഉത്തരം: പുസ്തകമെന്നു റെയ്സ ഗോർബച്ചേവ് പറഞ്ഞിട്ടുണ്ടു്. എങ്കിലും അതവരുടെ അഭിപ്രായമായി—മൗലികതയുള്ള അഭിപ്രായമായി —കരുതരുതു്. വേറെ പലരും പറഞ്ഞതാണതു്. പിന്നെ റെയ്സയുടെ ഏറ്റവും വലിയ കണ്ടുപിടിത്തം സോവിയറ്റ് യൂണിയനെ തകർത്ത ഗോർബച്ചേവ് തന്നെ. ആദ്യകാലത്തു് ഞാനും ഗോർബച്ചേവിനെ ആരാധിച്ചിരുന്നു.

ചോദ്യം: നിങ്ങൾ സ്ത്രീയായാൽ?

ഉത്തരം: ചെറുപ്പക്കാരി ആയാൽ എന്നു തിരുത്തിച്ചോദിക്കു. ഉപകാരം ചെയ്തവനെ റോഡിൽ വച്ചു കണ്ടാൽ കാണാത്ത മട്ടിൽ പോകും. തിരക്കുള്ള ബസ്സിൽ കയറാനായി കണ്ടക്ടർക്കു് മധുര മന്ദഹാസം സമ്മാനിക്കും. കൂട്ടുകാരികളോടൊത്തു ബസ്സിൽ കയറിയാൽ എല്ലാവർക്കുമായി റ്റിക്കറ്റെടുത്തിട്ടു പിന്നീടു് ഓരോ സ്ത്രീയുടെ കൈയിൽ നിന്നും പൈസ വാങ്ങും.

ചോദ്യം: നിങ്ങൾ പടുകിഴവനായാൽ?

ഉത്തരം: ചാകാനായി കാത്തിരിക്കും അല്ലാതെ നാലുപേർ താങ്ങിയെടുത്തു പ്ളാറ്റ്ഫോമിലേക്കു കൊണ്ടു ചെല്ലാനും അവിടെ കസേരയിൽ ഇരുന്നു കൊണ്ടു അവ്യക്തമായി മൈക്കിൽക്കൂടെ അതുമിതും പറയാനുമുള്ള സന്ദർഭമുണ്ടാക്കുകയില്ല. എനിക്കിപ്പോൾ ആരോഗ്യമുണ്ടു്. അതുകൊണ്ടു പ്ളാറ്റ്ഫോമിലേക്കു ചെല്ലാൻ പടിക്കെട്ടു കയറുമ്പോൾ താങ്ങാൻ വരുന്നവനെ ശത്രുതയോടാണു് ഞാൻ നോക്കുന്നതു്.

ചോദ്യം: നിങ്ങൾക്കു പണമില്ലെന്ന മട്ടിൽ പലപ്പോഴും എഴുതാറുള്ളതുകൊണ്ടു ചോദിക്കുകയാണു്. പെട്ടെന്നു നിങ്ങളങ്ങു കോടീശ്വരനായാൽ എന്തുചെയ്യും?

ഉത്തരം: കോടിയുടെ ഈശ്വരനാകേണ്ടതില്ല. എനിക്കു മുപ്പതു വെള്ളിക്കാശു മതി. അതുകൊണ്ടു ഞാൻ പാവനചരിതനെ ഒറ്റിക്കൊടുക്കും.

ചോദ്യം: നേതാക്കന്മാർ എപ്പോഴും ഉറക്കെ സംസാരിക്കുന്നതെന്തിനു്?

ഉത്തരം: ഉറക്കെ സംസാരിച്ചുകൊണ്ടേയിരിക്കണം നേതാക്കന്മാർ. ഇല്ലെങ്കിൽ അവർ പുറന്തള്ളപ്പെടും. ശ്രീ. കെ. വി. സുരേന്ദ്രനാഥി നെക്കാൾ സത്യസന്ധനും ബുദ്ധിമാനുമായ മറ്റധികം നേതാക്കന്മാരെ എനിക്കു് അറിഞ്ഞുകൂടാ. സുരേന്ദ്രനാഥിനു് അദ്ദേഹം അർഹിക്കുന്ന സ്ഥാനം കിട്ടാത്തതു് ഉറക്കെ സംസാരിക്കാത്തതുകൊണ്ടാണു്.

ചോദ്യം: സ്ത്രീകളെ നിന്ദിക്കുന്നതു നിറുത്തിയോ?

ഉത്തരം: ഞാൻ നിന്ദിക്കാറില്ലല്ലോ. എങ്കിലല്ലേ നിറുത്തേണ്ടതുള്ളു. സ്ത്രീ ആരോടും മിണ്ടാതെ നടന്നാൽ നിങ്ങളെപ്പോലുള്ളവർ ‘ഓ പതിവ്രത’ എന്നു പുച്ഛിച്ചു പറയും. മിണ്ടിയാൽ ‘ഓ വേശ്യ’ എന്നാവും വിളിക്കുക. സ്ത്രീകൾക്കു കഴിഞ്ഞുകൂടാൻ പ്രയാസം ഈ ലോകത്തു്. ഇതു നേരത്തേ സ്ത്രീയെക്കുറിച്ചു നല്കിയ ഉത്തരത്തിനു വിരുദ്ധമല്ല.

മനുഷ്യസ്വഭാവത്തെക്കുറിച്ചു എഴുതൂ

അമേരിക്കൻ നോവലെഴുത്തുകാരൻ ഫോക്നറെ കാണാൻ ഒരു യുവാവു് എത്തി. ‘സർ ഞാനൊരു നോവലെഴുതിയിട്ടുണ്ടു്. താങ്കൾ അതൊന്നു വായിക്കണം’. എന്നു് അയാൾ പറഞ്ഞു. പിൽക്കാലത്തു് സാഹിത്യരചനയ്ക്കു് നോബൽ സമ്മാനം നേടിയ ഫോക്നർക്കു് അതിനു സമയമുണ്ടോ? അദ്ദേഹം വിനയംവിടാതെ ചോദിച്ചു: “ഞാൻ വായിക്കണമെന്നുണ്ടോ?” യുവാവു് അതു മനസ്സിലാക്കി പറഞ്ഞു: ‘അല്ലെങ്കിൽ രചനയെസ്സംബന്ധിച്ചു ചില ഉപദേശങ്ങൾ തന്നാലും മതി’. ഫോക്നർ അയാൾക്കൊരു നിർദ്ദേശം നൽകി: ‘മനുഷ്യ സ്വഭാവത്തെക്കുറിച്ചു് എഴുതു’.

എൻ. കൃഷ്ണപിള്ള തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ പ്രഫെസറായിരിക്കുന്ന കാലം. ഒരു ദിവസം ഉച്ചയ്ക്കു് ഞാൻ അദ്ദേഹത്തിന്റെ മുറിയിലേക്കു ചെന്നപ്പോൾ സാറ് ഒരു പഴയ മാസികയെടുത്തു കൂടെയുണ്ടായിരുന്നവരെ ഒരു ലേഖനം വായിച്ചു കേൾപ്പിക്കുകയായിരുന്നു. ഞാനും അതു വായിച്ചു കേൾക്കാനായി അവിടെ ഇരിപ്പുറപ്പിച്ചു. സി. വി. രാമൻപിള്ള യെക്കുറിച്ചു് ആരോ എഴുതിയ ലേഖനം. അതിന്റെ ചുരുക്കം ഞാൻ നല്കാം. ഒരു ചെറുപ്പക്കാരൻ നോവലെഴുതിക്കൊണ്ടു സി. വിയെ കാണാനെത്തി. അദ്ദേഹം അതൊന്നു കേൾക്കണം എന്നായിരുന്നു യുവാവിന്റെ അഭ്യർത്ഥന. രാമൻപിള്ള വേറൊരു ദിവസമാകട്ടെയെന്നു പറഞ്ഞതനുസരിച്ചു് അയാൾ ആ ദിവസംതന്നെ കാലത്തെത്തി. വായന ആരംഭിച്ചു. സി. വി. നോവൽ പാരായണം കേട്ടുകൊണ്ടു ഇരിക്കുകയാണു്. യുവാവായ കാമുകൻ യുവതിയായ കാമുകിയുടെ വീട്ടിലെത്തുന്നതും അവളെ വിളിച്ചു ഉറക്കെ പ്രേമാഭ്യർത്ഥന നടത്തുന്നതുമൊക്കെ താൻ വർണ്ണിച്ചുവച്ചതു നോവൽ രചയിതാവു് ഉത്സുകതയോടെ വായിച്ചുതുടങ്ങി. അതു കുറെനേരം കേട്ടിരുന്നിട്ടു സി. വി. പറഞ്ഞു: ‘എടാ നിറുത്തു് നിറുത്തു്. ഏതു വീട്ടിലാണെടാ ഇതൊക്കെ നടക്കുന്നതു? നിന്റെ വീട്ടിൽ ഒരുത്തൻ കയറിവന്നു് ഏതെങ്കിലും പെണ്ണിനെ വിളിച്ചു് ഈ ആഭാസമൊക്കെപ്പറഞ്ഞാൽ നീ അവന്റെ പല്ലടിച്ചു താഴത്തിടുകില്ലേ? നിറുത്തെടാ നിന്റെ വായന’. നോവലിസ്റ്റ് കടലാസ്സുകൾ ചുരുട്ടിക്കെട്ടിക്കൊണ്ടു യാത്രയായി. (ഓർമ്മയിൽനിന്നെഴുതുന്നതുകൊണ്ടു സി. വിയുടെ വാക്കുകൾ ഇവ തന്നെയായിരിക്കണമെന്നില്ല. ആശയത്തിനു വ്യത്യാസമില്ലതാനും.)

images/WilliamFaulkner.jpg
ഫോക്നർ

ഇനി വേറൊരു സംഭവം. അമേരിക്കൻ നോവലെഴുത്തുകാരൻ ഫോക്നറെ കാണാൻ ഒരു യുവാവു് എത്തി. ‘സർ ഞാനൊരു നോവലെഴുതിയിട്ടുണ്ടു്. താങ്കൾ അതൊന്നു വായിക്കണം’ എന്നു് അയാൾ പറഞ്ഞു. പില്ക്കാലത്തു സാഹിത്യരചനയ്ക്കു നോബൽ സമ്മാനം നേടിയ ഫോക്നർക്കു് അതിനു സമയമുണ്ടോ? അദ്ദേഹം വിനയം വിടാതെ ചോദിച്ചു: “ഞാൻ വായിക്കണമെന്നുണ്ടോ?” യുവാവു് അതു മനസ്സിലാക്കി പറഞ്ഞു: ‘അല്ലെങ്കിൽ രചനയെസ്സംബന്ധിച്ചു ചില ഉപദേശങ്ങൾ തന്നാലും മതി’. ഫോക്നർ അയാൾക്കു ഒരു നിർദ്ദേശം നല്കി: ‘മനുഷ്യസ്വഭാവത്തെക്കുറിച്ചു് എഴുതു’.

ഒരു വീട്ടിലും നടക്കാത്ത കാര്യങ്ങളാണു് ശ്രീ അക്ബർ കക്കട്ടിൽ ‘കളിവാച്ച് ’ എന്ന കഥയിൽ വർണ്ണിക്കുന്നതു്. മനുഷ്യസ്വഭാവത്തെക്കുറിച്ചു് എഴുതാനും അദ്ദേഹത്തിനറിഞ്ഞുകൂടാ. കോളിജധ്യാപകൻ ചിന്താധീനനായി ഇരിക്കുമ്പോൾ ഒരുത്തൻ വന്നു് പ്രഭയ്ക്കു അയാളെ കാണണമെന്നു് അറിയിക്കുന്നു. പ്രഭ ആരെന്നു് അധ്യാപകനു് ഓർമ്മ വന്നില്ല. ‘കളിവാച്ച്’ എന്ന വട്ടപ്പേരുള്ള പഴയ ശിഷ്യയാണു് താനെന്നു പ്രഭ സന്ദേശവുമായി എത്തുന്നവനോടു പറഞ്ഞയച്ചതു് അയാൾ അധ്യാപകനെ അറിയിക്കുന്നു. അതോടെ ഓർമ്മയുടെ ചുരുളുകൾ അഴിയുകയായി. രണഭൂമിയിൽ ശത്രുക്കൾ അമ്പുകളയയ്ക്കാൻ സന്നദ്ധരായി നില്ക്കുമ്പോൾ ശ്രീകൃഷ്ണൻ ഒരു മഹാഗ്രന്ഥത്തോളം വലിപ്പം വരുന്ന ശ്ലോകസഹസ്രങ്ങൾ അർജ്ജുനനെ ചൊല്ലിക്കേൾപ്പിച്ചതു പോലെ അജ്ഞാതമായ ചൈതന്യം സുദീർഘമായ ആ സ്മരണ സമുച്ചയത്തെ അയാളുടെ മാനസിക മണ്ഡലത്തിൽ ആവിർഭവിപ്പിക്കുന്നു. പ്രഭ അതിസുന്ദരി. അവൾ ആരോടും മിണ്ടുകില്ല. ഒരു ദിവസം എന്തോ മിണ്ടിയപ്പോൾ കളിവാച്ചും ദിവസത്തിൽ രണ്ടു തവണ ശരിയായ സമയം കാണിക്കുമെന്നു് അധ്യാപകൻ പറഞ്ഞു. അതോടെ അവൾ ന്യൂറോട്ടിക്കായി. മുത്തച്ഛന്റെ നിർദ്ദേശമനുസരിച്ചു് അധ്യാപകൻ അവളെ വീട്ടിൽച്ചെന്നു കാണുന്നു. കവിയായ ഗുരുനാഥനോടു് അവൾക്കു സ്നേഹവും ബഹുമാനവും വരട്ടെ. കഥ സംഗ്രഹിക്കാൻ തുടങ്ങിയാൽ സാഹിത്യവാരഫലം മുഴുവനും അതിനു വേണ്ടിവരും. കൂടുതൽ ചുരുക്കാം. കോളിജ് ജീവിതത്തിനു ശേഷം പ്രഭ വിവാഹിതയായി. അവളുടെ അമ്മ രണ്ടാമതു വിവാഹം കഴിച്ചു. അവർ പ്രഭയുടെ അനിയത്തിയായ കുഞ്ഞിനെയും കൊണ്ടു മരണം വരിച്ചു. മുത്തച്ഛൻ മരിച്ചു. മുത്തശ്ശി പോയി. പ്രഭയുടെ ഭർത്താവു് വിവാഹം കഴിഞ്ഞ ദിനത്തിൽത്തന്നെ മരിച്ചു. ഇതാ ഇപ്പോൾ കവി ജോലി നോക്കുന്ന സ്ഥലത്തു എത്തിയിരിക്കുകയാണു്. തനിക്കു് അധ്യാപകനെയാണു് സ്നേഹമെന്നും അയാളെ ഭർത്താവായി കിട്ടാൻ ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു അവൾ അയാളുടെ മടിയിൽക്കിടന്നു മരിച്ചു. ഒരു സംഭവം എഴുതാൻ വിട്ടു പോയി. പ്രഭയെ അയാൾ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ക്ലാസ്സിൽ പാമ്പു കയറിവന്നു. അതുകണ്ടു ബോധശൂന്യയായ അവൾ, ഈ ജീവിതസായാഹ്നത്തിൽ ചേനത്തണ്ടൻ, വെള്ളിക്കെട്ടൻ, ശംഖുവരയൻ ഇങ്ങനെ പല പാമ്പുകളെയും സ്വന്തം വീട്ടിൽ വളർത്തുന്നുണ്ടു് അവയെ ഗുരുനാഥനു കാണിച്ചു കൊടുത്തശേഷമാണു് അവൾ അയാളുടെ മടിത്തട്ടു് ചരമശയ്യയാക്കിയതു്.

images/StreetcarNamedDesire.jpg
A Streetcar Named Desire എന്ന നാടകത്തിന്റെ ആദ്യ പതിപ്പിന്റെ കവർ

മാർത്താണ്ഡവർമ്മ’ എന്ന നോവലിലെ കാർത്യായനി അമ്മയോടൊരുമിച്ചു നമ്മൾ വസിക്കുന്നു. ശങ്കു ആശാനോടു സംസാരിക്കുന്നു. സുഭദ്രയുടെ മുൻപിൽ ബഹുമാനത്തോടെ നില്ക്കുന്നു. പരമേശ്വരൻ പിള്ളയുടെ തോളിൽ കൈയിടുന്നു. കറുത്തമ്മയോടു ‘നിന്റെ ഭംഗി ഞാനും കാണട്ടെടീ’ എന്നു പറയുന്നു. ജീവനുള്ള കഥാപാത്രങ്ങൾ എന്നു ഇവരെയാണു് നാം വിളിക്കുക. ആ ഒരനുഭവം ഇക്കഥയിലെ പ്രഭയെക്കുറിച്ചു നമുക്കു് ഉണ്ടാവുകയില്ല. അക്ബർ കക്കട്ടിൽ ഒരു കഥ പടച്ചുവയ്ക്കാൻ വേണ്ടി അവളെ യാന്ത്രികമായി നിർമ്മിക്കുകയാണു്. യന്ത്രങ്ങൾ നമ്മുടെ അനുഭൂതിമണ്ഡലത്തെ സ്പർശിക്കില്ല. സ്പർശിക്കാത്തതു് അസത്യമെന്നു മുദ്രകുത്തപ്പെടും. തികച്ചും അസത്യാത്മകമായ, യന്ത്രവത്കൃതമായ കഥയാണു് അക്ബറുടേതു്.

Small is beautiful. സംക്ഷിപ്തതയുടെ ചാരുത അക്ബർ കക്കട്ടിലിനു് അറിഞ്ഞുകൂടാ ഒരു പുറത്തിൽ പറയാവുന്ന കാര്യം പത്തു പുറങ്ങൾ കൊണ്ടേ അദ്ദേഹത്തിനു് ആവിഷ്കരിക്കാനാവു. ആ ദീർഘത വിരസമാണു താനും. ഇതുപോലെ രചനയുടെ ദൈർഘ്യംകൊണ്ടു മനുഷ്യരെ കൊല്ലുന്ന ഒരു കഥാകാരൻ കൂടിയുണ്ടു്. ടി. വി. വർക്കി. മിതവും സാരവത്തുമായ വാക്കുകൾ കൊണ്ടു് അവർ രണ്ടുപേരും കഥപറയാൻ പഠിക്കേണ്ടിയിരിക്കുന്നു.

വെല്ലുവിളി തന്നെ

വിവാഹം, വിവാഹമോചനം, പ്രേമം, പ്രേമഭംഗം ഇവയൊക്കെ ഒഴിയാത്ത ബാധപോലെ എഴുത്തുകാരികളെ പിന്തുടരുന്നു. ഇതിൽ അവരെ കുറ്റപ്പെടുത്താനാവില്ല. ആ ഒഴിയാബാധയെ ഭാവനയുടെ മന്ത്രം ജപിച്ചുകളയാൻ എല്ലാ സ്ത്രീകൾക്കുമാവില്ലല്ലോ.

ഡോക്ടർ വെള്ളായണി അർജ്ജുനൻ എനിക്കു ചെയ്തിട്ടുള്ള ഉപകാരങ്ങൾ ഒരിക്കലും വിസ്മരിക്കാനാവില്ല. ഹൃദയം നിറഞ്ഞ ആ കൃതജ്ഞതയോടെ എഴുതിക്കൊള്ളട്ടെ അദ്ദേഹത്തിന്റെ ‘വെല്ലുവിളി’ എന്ന കാവ്യം (കുങ്കുമം) തികഞ്ഞ പരാജയമാണെന്നു്. കാവ്യത്തിന്റെ മുകളിലായി കൊടുത്ത കുറിപ്പു് അതിലെ പ്രാവു് ശാസ്ത്രജ്ഞന്റെയും പ്രതിരൂപങ്ങളാണെന്നു നമ്മെ ഗ്രഹിപ്പിക്കുന്നു. ആ അറിവോടുകൂടി രചനയിലേക്കു പോകുമ്പോൾ അതു രസശുഷ്കമായ പദ്യം മാത്രമാണെന്നു നമ്മൾ മനസ്സിലാക്കുന്നു. ഈ ശുഷ്കതയ്ക്കു ഒരു ഹേതു അതിലെ അലങ്കാരപ്രയോഗങ്ങളാണു്.

“കാപ്പിരിപ്പെണ്ണിന്റെ പൊന്നരഞ്ഞാണുപോൽ

കാട്ടിലൂടെക്കുതിച്ചിടും തടിനികൾ”

“ലക്കെഴാതങ്ങനെ പൊങ്ങിപ്പറന്നവൾ

പെട്രോളിലഗ്നിസ്ഫുലിംഗങ്ങളെന്നപോൽ”

“മാരിവില്ലിന്റെ നിറം മാറ്റുവാൻ ശാസ്ത്ര-

കാരൻ ചെറു ടെസ്റ്റ്യൂബാലൊരുങ്ങയോ?”

“ദൂരെ ധ്രുവത്തിൽ ജ്വലിക്കും വിളക്കിനെ

പേരയ്ക്കയെന്നോ നിനച്ചു നീങ്ങു നീ”

“കത്തുന്ന ബൾബുപോലുള്ള മിഴികളും”

“ചപ്പിയുടഞ്ഞ കടുകുപോലുള്ളൊരാ… ”

മസ്കറ്റിന്റെ നീലക്കടലിൽ അവിടുത്തെ ഭരണാധികാരിയുടെ യാനപാത്രം അനങ്ങാതെ വർത്തിക്കുന്നു; നീലമുന്തിരിച്ചാറിൽ ഒരു താമരയിതൾ ചലനമറ്റു കിടക്കുന്നതു പോലെ. ഈ സ്മരണ ഇപ്പോൾ പ്രത്യാനയിക്കപ്പെടുന്നു.

ഈ വരികളിലെ ബിംബങ്ങൾക്കു ദൃഷ്ടിഗതത്വം എന്ന ഗുണമില്ല. കാവ്യത്തിലെ ആശയങ്ങളെ തിളക്കുവാൻ അവയ്ക്കു ശക്തിയില്ല. അനുവാചകനിൽ ഒരു “പുച്ഛച്ചിരി” ഉളവാക്കാനേ ഇവ പ്രയോജനപ്പെടുന്നുള്ളു. വായനക്കാരന്റെ സഹൃദയത്വത്തിന്റെ നേർക്കു വെല്ലുവിളി ഉയർത്തുന്ന “വെല്ലുവിളി” എന്ന ഈ രചന കുങ്കുമം ഓഫീസിലെ ചവറ്റുകുട്ടയിൽ വീഴേണ്ടതായിരുന്നു.

ദിനക്കുറിപ്പുകൾ
  1. പണ്ടു വായിച്ച A Street Car Named Desire എന്ന നാടകം (റ്റെനസി വില്യംസ് എഴുതിയതു്) വീണ്ടും വായിച്ചു ഞാൻ. ജീർണ്ണിച്ച സാഹിത്യത്തിനു ശരിയായ ഉദാഹരണമാണു് അതെന്നു് ഇപ്പോഴും തോന്നി. വീവിയൻ ലീ യും മാർലൻ ബ്രാൻഡോ യും അഭിനയിച്ച ആ ചലച്ചിത്രം (ഇലിയ കെസൻ ഡയറക്ട് ചെയ്തതു്) കണ്ട ഓർമ്മയും എനിക്കുണ്ടു്. ‘The attraction you have for someone who’s on the other side, supposedly dead against you, but whose violence and force attract you. Now that is the essence of ambiguity’ എന്നു ആ ചലച്ചിത്രത്തെ വാഴ്ത്തിയ കെസാനോടു യോജിക്കാമെങ്കിലും ദ്രഷ്ടാവിനു അസ്വസ്ഥത ഉളവാക്കി അയാളെ സംസ്കാരലോപത്തിന്റെ അഴുക്കു ചാലിലേക്കു് എറിയുന്നതാണു് ആ ചിത്രമെന്നു് ഞാൻ വിശ്വസിക്കുന്നു. നാടകവും സിനിമയും അക്കാരണത്താൽ നിന്ദ്യങ്ങളത്രേ.
  2. മസ്കറ്റിന്റെ നീലക്കടലിൽ അവിടുത്തെ ഭരണാധികാരിയുടെ യാനപാത്രം അനങ്ങാതെ വർത്തിക്കുന്നു. നീല മുന്തിരിച്ചാറിൽ ഒരു താമരയിതൾ ചലനമറ്റു് കിടക്കുന്നതുപോലെ. ഈ സ്മരണ ഇപ്പോൾ പ്രത്യാനയിക്കപ്പെടുന്നു.
  3. നേരം വെളുത്തതേയുള്ളു. കിഴക്കു ദിക്കിനു പരാങ്മുഖനായി പടിഞ്ഞാറോട്ടു തിരിഞ്ഞിരുന്നു് എഴുതുന്ന എന്റെ പിറകിൽ കണ്ണാടിയിട്ട ജന്നൽ. അതിലെ സ്ഫടിക പാളിയിൽ പ്രഭാത സൂര്യൻ റോസാപ്പൂക്കൾ വാരിയെറിയുന്നു. ജന്നൽ തുറന്നു നോക്കിയപ്പോൾ മുറ്റത്തെ റോസാച്ചെടി അതിന്റെ വിരിഞ്ഞ പൂവു് എന്റെ മുറിയിലേക്കു കടത്തി പുഞ്ചിരി പൊഴിച്ചു. സൂര്യനെറിഞ്ഞ റോസാപ്പൂവിനാണോ ഭംഗി അതോ എന്റെ സമ്മതം കൂടാതെ മുറിക്കുള്ളിലേക്കു വന്ന പനിനീർപ്പൂവിനാണോ ഭംഗി? നിർണ്ണയിക്കാൻ മേല.
  4. ഇന്നു പൊതുവായ പണിമുടക്കു്, ഇന്നത്തെ സിഗ്ററ്റ് വാങ്ങിവയ്ക്കാൻ മറന്നുപോയി. ഈ ക്യാൻസർ സ്റ്റിക്ക് വലിച്ചു ശീലിച്ചവനു് ഇതില്ലെങ്കിൽ അസ്വസ്ഥതയാണു്. ആഷ്ട്രേയിൽ കിടക്കുന്ന സിഗ്ററ്റ് കുറ്റികളിൽ ഒന്നെടുത്തു വലിച്ചാലെന്തു് എന്നാലോചിച്ചു. എടുത്തപ്പോൾ നനഞ്ഞു കുതിർന്നിരിക്കുന്നു അതു്. അല്പമകലെ ഒരു സ്നേഹിതൻ താമസിക്കുന്നുണ്ടു്. അയാൾ സിഗ്ററ്റ് വലിക്കുന്നവനാണു്. സിഗ്ററ്റ് ഉണ്ടോ എന്നു ചോദിക്കാനായി റ്റെലിഫോൺ റിസീവർ കൈയിലെടുത്തു. ഡയൽറ്റോൺ ഇല്ല. ചത്തു കിടക്കുന്നു ഫോൺ. റോഡിലേക്കു് ഇറങ്ങി നോക്കി. ലോറി ഓടിക്കുന്നവർ കമ്പി കൂടക്കൂടെ പൊട്ടിക്കുന്നതുപോലെ ഇന്നലെ രാത്രി കമ്പി പൊട്ടിച്ചിട്ടിരിക്കുന്നു. ആരോടു പരാതിപ്പെടാനാണു്?
പ്രായോഗികത
images/MichelangeloAntonioni.jpg
മിക്കേലാഞ്ചലോ ആന്റോന്യോനി

ഇനി ഞാനെഴുതുന്ന കാര്യം ഒരിംഗ്ലീഷ് പുസ്തകത്തിൽ കണ്ടതാണു്. ഇറ്റലിയിലെ ഫിലിം ഡയറക്ടർ മിക്കേലാഞ്ചലോ ആന്റോന്യോനി (Michelangelo Antonioni) The Red Desert എന്ന ആദ്യത്തെ കളർ ഫിലിം എടുക്കുകയായിരുന്നു (ആന്റോന്യോനിയുടെ ആദ്യത്തെ വർണ്ണചിത്രം). ഒരു തൊഴിൽശാലയുടെ അടുത്തുള്ള സ്ഥലങ്ങൾ ഫോട്ടോ എടുക്കാൻ തുനിഞ്ഞ അദ്ദേഹം കഥാപാത്രങ്ങളുടെ സംഭാഷണത്തിനു് ഉത്തേജകത്വം നല്കാനായി ആ ഫാക്ടറിയുടെ അടുത്തുള്ള ക്യാന്റീനിൽ ചുവപ്പു ചായമടിച്ചു. ആ ചായം കണ്ടു തൊഴിലാളികൾ ആക്രമണോത്സുകരായി. ഫിലിം എടുത്തു കഴിഞ്ഞതിനുശേഷം അദ്ദേഹം അതിന്റെ ചുവന്ന ചായം മാറ്റി ഇളം പച്ചച്ചായമടിച്ചു. എന്നിട്ടു് അദ്ദേഹം പറഞ്ഞു: ‘തൊഴിലാളികളുടെ കണ്ണുകൾക്കു് ഇനി വിശ്രമമുണ്ടാകും’. ഓരോ ചായവും ഓരോ വികാരമിളക്കി വിടുന്നതു പോലെ ഓരോ സംഭവവും ഓരോ വികാരമുളവാക്കും. വിവാഹത്തെ സംബന്ധിച്ചു പുരുഷനുണ്ടാകുന്ന വികാരമല്ല സ്ത്രീക്കുണ്ടാവുക. സ്ത്രീയുടെ വികാരത്തിന്റെ പരിമാണം വളരെക്കൂടിയിരിക്കും. അതു സ്ത്രീധനത്തിന്റെ കാര്യത്തിലായാലോ? ആ തുകതന്നെ ഒരു ലക്ഷം കവിഞ്ഞതാണെങ്കിലോ? പിന്നെ ഒന്നും പറയാനില്ല. വലിയ തുക കൊടുത്തു ഭർത്താവിനെ നേടുന്ന സ്ത്രീക്കും അവളെ ചിത്രീകരിക്കുന്ന എഴുത്തുകാരിക്കും വികാരപാരവശ്യം ഏറെയാണു്. എഴുത്തുകാരി കലാപരമായ ആവശ്യകതയിൽ കവിഞ്ഞു് ആ വികാരപ്രവാഹത്തിൽ ആമജ്ജനം ചെയ്യും. വിവാഹം, വിവാഹമോചനം, പ്രേമം, പ്രേമഭംഗം ഇവയൊക്കെ ഒഴിയാത്ത ബാധപോലെ എഴുത്തുകാരികളെ പിന്തുടരുന്നു. ഇതിൽ അവരെ കുറ്റപ്പെടുത്താനാവില്ല. ആ ഒഴിയാബാധയെ ഭാവനയുടെ മന്ത്രം ജപിച്ചു സംഹരിച്ചു കളയാൻ എല്ലാ സ്ത്രീകൾക്കുമാവില്ലല്ലോ. അതിനാൽ കുമാരി എൻ. ‘പുറംകാഴ്ചകൾ മങ്ങുന്നു’ എന്നൊരു സ്ത്രീധനക്കഥ ദേശാഭിമാനി വാരികയിൽ എഴുതിക്കണ്ടപ്പോൾ എനിക്കു വിശേഷിച്ചൊരു വികാരമോ വിചാരമോ ഉണ്ടായില്ല. ജീവിതത്തിന്റെ പ്രായോഗികതയിൽ പ്രാധാന്യം അർപ്പിക്കുന്ന ഒരു യുവതി കുറെ വാക്യങ്ങൾ എഴുതിയിരിക്കുന്നു എന്നു മാത്രമേ എനിക്കു തോന്നിയുള്ളു. വൻതുക പ്രതിഫലം വാങ്ങിക്കൊണ്ടു് ഒരു വിരൂപൻ ഭേദപ്പെട്ട ഒരു പെണ്ണിനെ കെട്ടുന്നു. അവന്റെ ക്രൂരത കണ്ടു് അവൾ രക്ഷപ്പെടുന്നു. ഉപന്യാസത്തിന്റെ ഛായ മാത്രമുള്ള ഈ രചനയെ കഥയെന്നു വിളിച്ചാൽ അതു സാഹസിക്യമാവും.

നിരീക്ഷണം

ഓരോ എഴുത്തുകാരനും തന്റേതായ മണ്ഡലമുണ്ടു്. ആ മണ്ഡലത്തിലുള്ളവരെല്ലാം വാക്കുകൾ കൊണ്ടോ ചായം കൊണ്ടോ ആവിഷ്കരിച്ചു കഴിഞ്ഞാൽ അവർ മൗനം അവലംബിക്കും. പണത്തിനു വേണ്ടി, യശസ്സിനു വേണ്ടി, കീർത്തിക്ഷയം വരാതിരിക്കാൻ വേണ്ടി പിന്നെയും പിന്നെയും എഴുതാൻ തുടങ്ങിയാൽ പറഞ്ഞതു പിന്നെയും പറയേണ്ടി വരും.

ഓരോ എഴുത്തുകാരനും തന്റേതായ മണ്ഡലമുണ്ടു്. ആ മണ്ഡലത്തിലുള്ളതെല്ലാം വാക്കുകൾ കൊണ്ടോ ചായം കൊണ്ടോ ആവിഷ്കരിച്ചു കഴിഞ്ഞാൽ അവർ മൗനം അവലംബിക്കും. പണത്തിനു വേണ്ടി, യശസ്സിനു വേണ്ടി, കീർത്തിക്ഷയം വരാതിരിക്കാൻവേണ്ടി പിന്നെയും പിന്നെയും എഴുതാൻ തുടങ്ങിയാൽ പറഞ്ഞതു് പിന്നെയും പറയേണ്ടതായി വരും. ഈ സത്യം മനസ്സിലാക്കി പൊൻകുന്നം വർക്കി വളരെ മുൻപേ മിണ്ടാതെയായി. വൈക്കം മുഹമ്മദ് ബഷീർ കഥയെഴുത്തു നിറുത്തി എഴുത്തുകളിൽ (കത്തുകളിൽ) മാത്രം തല്പരനായി. തകഴി ശിവശങ്കരപ്പിള്ള യും ഇപ്പോൾ മിണ്ടുന്നില്ല. എന്നാൽ നമ്മുടെ ചില കവികൾ പരിധി ലംഘിക്കാനാവാതെ തങ്ങളുടെ മണ്ഡലങ്ങളിലെ വസ്തുതകൾ പുനരാവിഷ്കരിച്ചു കൊണ്ടിരിക്കുന്നു. ഫലമോ? ബിംബങ്ങളുടെ ആവർത്തനം, ചില പദങ്ങളുടെയും സമസ്തപദങ്ങളുടെയും ആവർത്തനം. ആർജ്ജിച്ച കീർത്തിക്കു ക്ഷയം വരുത്താനേ ഇതു പ്രയോജനപ്പെടു.

മുല്ലനാസറുദ്ദീൻ കുടിച്ചു ലക്കില്ലാതെ തെരുവുകളിൽ അലഞ്ഞപ്പോൾ ഒരു പൊലീസുകാരൻ അദ്ദേഹത്തെ തടഞ്ഞു നിറുത്തി ‘രാത്രി രണ്ടു മണിക്കു് ഇവിടെയെന്തിനു് നടക്കുന്നു’ എന്നു ചോദിച്ചു. ‘അതറിയാമായിരുന്നെങ്കിൽ ഞാൻ എപ്പോഴേ വീട്ടിൽച്ചെന്നേനെ’ എന്നു നാസറുദ്ദീൻ മറുപടി പറഞ്ഞു. കീർത്തി ലഹരിയിൽ പെട്ടു്, അല്ലെങ്കിൽ പരപ്രേരണ ലഹരിയിൽ പെട്ടു പല കവികളും നിയന്ത്രണം വിട്ടു സാഹിത്യത്തിന്റെ രാജരഥ്യകളിൽ നിശീഥിനികളിൽ അലയുന്നു. അവർ വീട്ടിലിരിക്കുന്നതു നന്നു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-10-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.