“എന്റെ ഭർത്താക്കന്മാർ എന്നഭിമാനം തോന്നുന്ന നിമിഷം അല്ലെ!”, കൊട്ടാരം ലേഖിക പാഞ്ചാലിയെ അനുമോദിച്ചു. രാജസൂയയാഗം ചെയ്തു ‘ചക്രവർത്തി’പദവി നേടിയ യുധിഷ്ഠിരനും മറ്റുനാലു പാണ്ഡവരും, തിരുവസ്ത്രധാരിയായി വേദിയിൽ നിറഞ്ഞ ഇന്ദ്രപ്രസ്ഥം അരമന.
“ഇവരെ, ഈ അഞ്ചുപേരെ, ഞാൻ വിവാഹം കഴിച്ചു എന്നാണോ നിങ്ങൾ ഇപ്പോഴും കരുതുന്നതു്! വാരണാവതം കൊട്ടാരം തീക്കത്തിച്ചു ആറംഗആദിവാസി കുടുംബത്തെ കൊലചെയ്ത കുന്തിയും “പറക്കമുറ്റാത്ത” അഞ്ചു പാണ്ഡവ കുട്ടികളും, ഭൂഗർഭ ഇടനാഴിയിലൂടെ രാത്രി പലായനം ചെയ്തെത്തിച്ചേർന്ന ഏകചക്ര ഗ്രാമത്തിൽ, കൗരവ ചാരന്മാർ തിരിച്ചറിയാതിരിക്കാൻ താടിയും തലയും വളർത്തി, വ്യാജ ബ്രാഹ്മണസ്വത്വത്തിൽ ഭിക്ഷാപാത്രവുമായി, ഊരുതെണ്ടി ജീവിച്ച അഗതികളായിരുന്നവർ കൗശലത്തിൽ എനിക്കു് ഭർത്താക്കന്മാർ ആയതും, സ്വയംവര വിവാഹവ്യവസ്ഥയെ ഞാൻ അപലപിച്ചതും. പാഞ്ചാല രാജകുമാരിയായ എന്നെ വിവാഹം കഴിച്ച അർജ്ജുനനും നാലുപാണ്ഡവരും, പിടികിട്ടാപ്പുള്ളികളയായി കൗരവ ഭരണകൂടം എന്നോ പ്രഖ്യാപിച്ചിട്ടും ഹസ്തിനപുരിയിൽ എത്തിയപ്പോൾ തടവിൽ കിടക്കാതെ, ധൃതരാഷ്ട്രരുടെ അതിഥിമന്ദിരത്തിൽ ഇടക്കാല സുഖവാസം സാധിച്ചതു്, ദുര്യോധനൻ, പാഞ്ചാലരാജാവിനെ പിണക്കരുതു് എന്ന കരുതൽനടപടിയിൽ എത്തിയതുകൊണ്ടല്ലേ. ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാരായ ശേഷം, തിരിച്ചുകടിക്കാത്ത എന്തും വേട്ടയാടി തിന്നുന്ന മൃഗമാംസാഭിമുഖ്യം പാണ്ഡവർക്കു് ഗുണം ചെയ്തു. ഇലയും പഴവും മാത്രം കഴിച്ചു ഞാൻ ഉടൽ നോക്കിയപ്പോൾ, പാണ്ഡവർ കൊഴുത്തുമിനുങ്ങി. അപ്പോൾ ‘ദേവസന്തതികൾ’ എന്നു് നിങ്ങൾക്കതു ഒരു മഹനീയ മായക്കാഴ്ച! പ്രത്യുൽപ്പാദനത്തിനു ഊഴമനുസരിച്ചു രതികർമ്മനിയോഗത്തിൽ കൈപിടിച്ചു് എത്തിക്കാൻ സമയമായ എനിക്കേ അറിയൂ അതിന്റെ പ്രായോഗിക പ്രശ്നങ്ങൾ!”
“യുധിഷ്ഠിരൻ അനുകൂലിച്ച പദ്ധതിയായിട്ടും കുരുക്ഷേത്ര വിധവപുനരധിവാസത്തെ നിങ്ങൾ പിന്തുണക്കില്ലെന്നു വച്ചാൽ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ദുര്യോധനവിധവയുടെ നേതൃത്വത്തിൽ, കോട്ടവാതിലിനു മുമ്പിൽ കൗരവരാജസ്ത്രീകൾ സമരമുഖം തുറന്നു നിരാഹാരം തുടങ്ങിയ പ്രഭാതം.
“ഈ കുഴപ്പം പിടിച്ച പദ്ധതി ഞാൻ നേരിട്ടു് ഇഴകീറി പരിഗണിക്കുംമുമ്പു് അതിലെ മലീമസമായ ആണധികാര രാഷ്ട്രീയപരിസരം പാണ്ഡവരുടെ ഉറക്കപ്പേച്ചിൽ ഞാൻ മണത്തറിഞ്ഞു. പദ്ധതിനടപ്പിനു് യുധിഷ്ഠിരന്റെ നിരുപാധികപിന്തുണ അവൻ വഹിക്കുന്ന മഹാരാജാപദവിക്കു് ആശാസ്യമല്ല. മറിച്ചു, ആശാസ്യമായ കാര്യം, ഞാൻ രാജസഭയിൽ അവതരിപ്പിക്കുന്ന ഭേദഗതിനിർദേശം, തർക്കമില്ലാതെ ഭരണകൂടതീരുമാനമായി നടപ്പിലാക്കാൻ യുധിഷ്ഠിരകാര്യാലയം ഉത്സാഹിക്കുകയാണു്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഹസ്തിനപുരി മഹാറാണിയുടെ സവിശേഷ അധികാരയിടങ്ങളിൽ പഞ്ചപാണ്ഡവരിൽ ഒരാൾ മാത്രമായ യുധിഷ്ഠിരൻ ഊഴംതെറ്റിച്ചു നിരങ്ങേണ്ട കാര്യമില്ല, നിലവിൽ ഒരു നാമമാത്ര പദവി കൈവശമുണ്ടെങ്കിലും നാളെ മറ്റുനാലു പാണ്ഡവരിൽ ആർക്കു മഹാരാജാപദവി കിട്ടുകയാണെങ്കിലും, മഹാറാണിപദവി എനിക്കുതന്നെ.”
“ നിങ്ങളെ ദുര്യോധനവിധവ ‘പിച്ചിച്ചീന്തി’ എന്നുകേട്ടല്ലോ. വംശഹത്യ, പാഞ്ചാലിയുടെ അരഞ്ഞാണത്തിൽ കൊളുത്തി ലൈംഗികമാനങ്ങൾ ചേർത്തതാണു് പ്രശ്നമെന്നു തോന്നുന്നുണ്ടോ?” കുടുംബയോഗം കഴിഞ്ഞു പുറത്തേക്കിറങ്ങുന്ന ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“യുധിഷ്ഠിരനെ പോലെ ഉള്ളിൽ ഒന്നു, നാവിൽ വേറൊന്നു എന്ന പെരുമാറ്റകാപട്യമൊന്നും, ഉച്ചരിക്കുന്ന വാക്കുകളിൽ ഞാൻ പുരട്ടിയില്ല. അർജ്ജുനനെ പോലെ വർണ്ണശബളമായ ആശംസാപദാവലി, എനിക്കറിയില്ലല്ലോ. ഉള്ളകാര്യം പറഞ്ഞു. കാട്ടുപ്രകൃതികളായി കൗമാരകാലത്തു കോട്ടവാതിലിൽ മുട്ടി, കുന്തിയും അനാഥകുട്ടികളും അഭയം തേടിയപ്പോൾ, ഗാന്ധാരിയുടെ മക്കൾ ഇരുകൈകളും നീട്ടി ഞങ്ങളഞ്ചുപേർക്കു സ്വാഗതം പറഞ്ഞ വൈകാരികപരിസരമുള്ള ബാല്യസ്മരണ കൗരവരാജ വധുക്കളുമായി ഞാൻ പങ്കുവച്ചു. പെരുമാറ്റച്ചട്ടം കൗരവക്കുട്ടികളെ കണ്ടാണു് ഞങ്ങൾ പഠിച്ചതു്. കാണാൻ സുന്ദരന്മാരായിരുന്നിട്ടും, രതിപ്രലോഭനങ്ങളെ ചെറുത്തു ഏകപത്നീവ്രതം പാലിച്ചു. വിവാഹത്തിലും പുറത്തും, ‘ആൺപെൺവേട്ട’ക്കാർ നായാടി നടക്കുന്ന, ലോകത്തിൽ, തങ്കലിപി കൊണ്ടു വേണ്ടേ കൗരവ ദാമ്പത്യത്തെ അടയാളപ്പെടുത്തേണ്ടതു? നെഞ്ചിൽകൈവച്ചു ഞാൻ നിലവിട്ടു് പറഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റുനിന്നു കരഘോഷം മുഴക്കി. എന്റെ ലജ്ജാശീലം അവർക്കു് ഇഷ്ടപ്പെട്ടു എന്നു വേണം മനസ്സിലാക്കാൻ. തിരക്കുണ്ടു്. പഞ്ചലോഹത്തിൽ പണിത ദുര്യോധനപ്രതിമയുടെ നിർമ്മിതി അന്ത്യഘട്ടത്തിൽ. ശിൽപ്പിയെ ആദരിച്ചു വേണമല്ലോ അടുത്ത ഘട്ടം!”, സ്വയം ഓടിക്കുന്ന രഥത്തിൽ ഭീമൻ അതിവേഗം കയറി.
“വിവേകവിദുരരുടെ സന്തതി എന്നു അറിവുള്ളവർ പറയുന്ന യുധിഷ്ഠിരൻ ഭീഷണിപ്പെടുത്തിയോ പാഞ്ചാലിയെ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“വെറുതെയല്ല, കാര്യമുണ്ടു്. പ്രിയ എന്ന വിശേഷണം ചേർത്തു് മാത്രം ദുര്യോധനനെ പാഞ്ചാലി പ്രകോപനപരമായി പരാമർശിക്കുന്നതു് പതിവായപ്പോൾ, കാലന്റെകൂടി മകൻ എന്നറിയപ്പെടുന്ന യുധിഷ്ഠിരൻ അവളോടു് പറഞ്ഞു, ഖാണ്ഡവപ്രസ്ഥം കത്തിക്കാൻ ഒരുക്കിയ തീ കെട്ടിട്ടില്ല, കത്തിക്കും നിന്നെയും ഞാൻ”, അതോടെ “പ്രിയസി” എന്ന അവിഹിത പരാമർശവും അവസാനിച്ചു”, ഭീമൻ ശിശുഭാവത്തോടെ പറഞ്ഞു.
“പാചകം പാണ്ഡവർ സ്വയം ചെയ്യണം? നിങ്ങൾ മാംസം തിന്നില്ല എന്നറിയാം, എന്നാൽ ഊട്ടുപുരയിൽ സഹായിക്കാറുമില്ല?” അധ്വാനിക്കുന്ന ഭീമനെയും മറ്റു നാലു് പേരെയും നോക്കി, കൊട്ടാരം ലേഖിക, പാഞ്ചാലിയോട് ചോദിച്ചു.
“അവരിലൊരാൾ പതിവായി നായാടിക്കൊണ്ടുവന്ന മൃഗത്തെ കഴുത്തറത്തു് തൊലിപൊളിച്ചു കുടൽ നീക്കി, കഴുകി വൃത്തിയാക്കി കനലിൽ ചുട്ടുപൊരിച്ചു ഇലയിൽ പൊതിഞ്ഞു ചുമന്നു കൊണ്ടു് പോകണം, താഴെ ജലാശയത്തിൽ അവരുടെ വായിൽ ഇട്ടു കൊടുക്കാൻ. ജലജീവികളെ പോലെ ഒന്നൊന്നായി ഉയർന്നുവന്നു വാ തുറക്കും ഇറച്ചി തിന്നു, കുറച്ചു എല്ലു് എന്റെ കയ്യിൽ തുപ്പും, വീണ്ടും വെള്ളത്തിലേക്കു് കുതിക്കും. എനിക്കു് കുളിക്കാൻ നേരമാവുമ്പോഴേക്കും അവർ വെള്ളം കലക്കും, ഇച്ചിൽഇലകൾ മാത്രമാവും”, കൈമുദ്രകളോടെ പാഞ്ചാലി മാംസപരീക്ഷണം അവതരിപ്പിച്ചു.
“അധികാരത്തിൽ എത്തിയ ഉടൻ അയൽ രാജ്യങ്ങളെ പ്രതിസ്ഥാനത്തു് നിർത്തി, യമുന, ഹസ്ഥിനപുരിയുടെ മാത്രം ജലസ്രോതസ്സു എന്നു് ഏകപക്ഷീയമായി നിങ്ങൾ പ്രഖ്യാപിച്ചു. കുടിവെള്ളത്തിനു സാമന്തരാജ്യങ്ങൾ പാടുപെടുമ്പോൾ യമുനാതീരമാകെ സൈനികപ്രതിരോധം തീർത്തു. ജലദേവത പ്രതികാരത്തിൽ ശിക്ഷിച്ചതാണോ നിങ്ങളുടെ ചൂതുകളിയും പദവിനഷ്ടവും?”, കൊട്ടാരം ലേഖിക ഇന്ദ്രപ്രസ്ഥം ചക്രവർത്തി ആയിരുന്ന യുധിഷ്ഠിരനെ വിചാരണ ചെയ്തു.
“അതീതശക്തികളുടെ ആക്രമണത്തിൽ ഇന്ദ്രപ്രസ്ഥം, യമുനയിൽ മുങ്ങിത്താണു എന്നു് പറയാഞ്ഞതിനു ‘ഹസ്തിനപുരി പത്രിക’ക്കു് സ്തുതിയായിരിക്കട്ടെ.”
“കൗരവഅടിമ! ഭർത്താക്കന്മാർ ചൂതുകളിച്ചു തോറ്റാൽ, ഭാര്യയുടെ പൗരാവകാശം പിൻവലിക്കുമോ? മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലി എങ്ങനെ സാമന്ത ഹസ്തിനപുരിയുടെ നിയമപരിധിയിൽ വരും?! പരുക്കൻ നീതിനിഷേധമല്ലേ?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാണ്ഡവർ വനവാസത്തിനായിറങ്ങിയ ശേഷം ഇന്ദ്രപ്രസ്ഥ കൊള്ളയടിക്കാൻ കൗരവർ സംഘടിക്കുന്ന നേരം.
“യഥാർത്ഥവസ്തുത നിങ്ങൾ അവഗണിക്കുന്നു. പാണ്ഡവർ ചൂതുകളിക്കുമ്പോൾ, “രാജസ്ത്രീകൾക്കു ആർത്തവ ശുചിത്വത്തെക്കുറിച്ചു ബോധവൽക്കരണം ചെയ്യട്ടെ” എന്നു് പാഞ്ചാലി പറഞ്ഞപ്പോൾ, ഞാൻ സ്വാഗതം ചെയ്തതല്ലേ? പരിഷ്കൃത ശുചിത്വരീതി വധുക്കൾക്കില്ല എന്നതു് എല്ലാവർക്കും അറിവുള്ളതുമാണു്. അന്തഃപുരത്തിൽ പ്രവേശനം നേടി പാഞ്ചാലി ചെയ്തതെന്തായിരുന്നു! കുരുവംശകിരീടത്തിൽ സ്ത്രീക്കും പുരുഷനും തുല്യഅവകാശം വേണമെന്നു കൗരവരാജവധുക്കൾ ലിംഗസമത്വപ്രതിജ്ഞ എടുക്കണം എന്നവൾ ആ സാധുസ്ത്രീകളെ പിരികേറ്റി. കുരുവംശഭരണത്തിൽ കൈകടത്തുക: ചാർവാകൻ തെരുവിൽ പറയുന്നതു് പാഞ്ചാലി കൊട്ടാരത്തിൽ പയറ്റുക. വിരുന്നുകാരി പാഞ്ചാലി വിഘടനവാദിയാവുക, കിരീടാവകാശിയായ എന്റെ നീലരക്തം തിളച്ചു. ചൂതാട്ടസഭ പാഞ്ചാലിയുടെ പൗരാവകാശം മരവിപ്പിച്ചതു പോരാ എന്നെനിക്കു തോന്നി. മാതൃകാപരമായി ശിക്ഷിക്കണം. അങ്ങനെ പാഞ്ചാലി കൗരവഅടിമ എന്നു് പ്രഖ്യാപിച്ചു. രാജസഭ പിന്നീടതു് അംഗീകരിച്ചു. ഇതിലെന്താണു് പൊള്ളാൻ?, പാഞ്ചാലിയുടെ രാജദ്രോഹത്തിൽ നിങ്ങൾ കൂട്ടുപ്രതിയാണോ?”
“പാണ്ഡവരുടെ ഭിന്നപിതൃത്വത്തെ നിങ്ങൾ പരസ്യമായി നിന്ദിച്ചു എന്നാണു ആകുല നകുലന്റെ പരാതി. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയെ പിടികൂടി.
“ഇളമുറപാണ്ഡവൻ എന്ന നിലയിൽ സവിശേഷ പരിലാളന ആസ്വദിച്ചു ഇക്കാലവും സന്തുഷ്ട പാഞ്ചാലീദാമ്പത്യത്തിന്റെ ഏക ഗുണഭോക്താവു് എന്നു് മറ്റുനാലു ഭർത്താക്കന്മാരോടു് നിർല്ലജ്ജം മേനി പറഞ്ഞിരുന്ന നകുലൻ തന്നെ വേണം ഇപ്പോൾ പാണ്ഡവരുടെ വൈവിധ്യ പിതൃത്വത്തിന്റെ ധാർമിക സംരക്ഷണം ഏറ്റെടുക്കാൻ. കിടപ്പറസാഹസങ്ങളെകുറിച്ചു് അവനു തുടികൊട്ടി പാടണം, എന്തിനു ഞാൻ അതിനിപ്പോൾ തടയിടണം.”
“എന്തു്, നിങ്ങൾ, നിങ്ങളായിരുന്നോ ആ ‘ഏഴുകുഞ്ഞുങ്ങ’ളുടെ ആരാച്ചാർ?, ഹസ്തിനപുരിയുടെ ഭാവികിരീടാവകാശികൾ ആയിരുന്നില്ലേ അവർ!”, അന്നുകണ്ടുമുട്ടിയ വൃദ്ധസ്ത്രീയോട് കൊട്ടാരം ലേഖിക ചോദിച്ചു.
“ശന്തനുഭാര്യയായിരുന്നിട്ടും, മഹാറാണിപദവിയുടെ ചിട്ടവട്ടങ്ങൾ ഗംഗ സ്വീകരിച്ചിരുന്നില്ല. വിശ്വാസമർപ്പിച്ച ദൗത്യങ്ങൾ കാര്യക്ഷമമായി ഞാൻ മുറുമുറുപ്പില്ലാതെ ചെയ്തു എന്നതിനു് തെളിവല്ലേ, നീരൊഴുക്കിൽ മുക്കിക്കൊന്ന ഒരൊറ്റ നവജാതശിശുവിന്റെയും ജഡം, അഥവാ ഭൗതികശരീരം, മീൻവലയിൽ കുടുങ്ങിയ ദുരനുഭവം ഗംഗാനദിയിലെ മുക്കുവർ ഇതുവരെ പങ്കിട്ടില്ലെന്നതു? കോടിത്തുണിയിൽ മുഖംമൂടി, നവജാതശിശുവുമായി പ്രസവമുറിയിൽ നിന്നു് മഹാറാണി ഗംഗാദേവി എന്നെ പുഴയിലേക്കു് ഒറ്റയ്ക്കു് പറഞ്ഞുവിടും, ഗംഗയിൽ ചെയ്ത ‘പാപം’, അതിൽത്തന്നെ മുങ്ങിനിവർന്നു, ഈറനുടുത്തു ഞാൻ ശന്തനുവിന്റെ അരമനയിലേക്കു മടങ്ങിവരും. ‘വിവരം’ പറയാൻ അന്തഃപുരത്തിൽ കയറുമ്പോൾ, രാജാവിന്റെ അടക്കിപ്പിടിച്ച നിലവിളി. “ഞാൻ കാണുംമുമ്പുതന്നെ ആ കുഞ്ഞിനെ എന്തു ചെയ്തു നീ ഗംഗാ, നമുക്കു് പിറന്ന പാവം കുഞ്ഞിനെ?”, വിതുമ്പി വിതുമ്പി, ശന്തനു കുഴഞ്ഞുവീണു മരിക്കുമെന്നു് ഭയന്നെങ്കിൽ തെറ്റി—തിരക്കുപിടിച്ചൊരു ‘ശാരീരികത’ക്കായി ആ ദൈന്യതയിലും ഗംഗയെയും കൂട്ടി വട്ടംകൂട്ടുകയാണു് വൃദ്ധശന്തനു മഹാരാജാവു്. ഗംഗയുടെ എട്ടാമത്തെ ശിശുഹത്യാശ്രമം കയ്യോടെപിടികൂടിയ ശന്തനു അവളുമായി എന്നെന്നേക്കുമായി തെറ്റിപ്പിരിഞ്ഞപ്പോൾ, അരമനചരിത്രകാരന്മാർ പുതിയൊരാഖ്യാനനിർമ്മിതിയിൽ എന്നെ ‘ആരാച്ചാർ’ പരാമർശത്തിൽ നിന്നൊഴിവാക്കി, ഗംഗയെ ഏഴുകുട്ടികളുടെയും കൊലയാളിയാക്കി, ശിശുഹത്യ അതിജീവിച്ച എട്ടാമനാണിപ്പോൾ സൈനികവേഷം ധരിച്ചു മഹാരാജാവു് ധൃതരാഷ്ട്രരുടെ അരികെ സിംഹാസനത്തിൽ ഇരിക്കുന്ന പാണ്ഡവസ്നേഹി പിതാമഹൻ!” കൊട്ടാരം ലേഖിക തിരിഞ്ഞു നടന്നിട്ടും, ചിത്തഭ്രമത്തിന്റെ പിടിയിലായിരുന്ന രാജതോഴി ഭൂതകാലക്കുളിരിൽ രസിച്ചുകൊണ്ടിരുന്നു.
“കാട്ടുമുക്കിൽ ഒറ്റമുറി കുടിലിൽ ആണോ പാണ്ഡവകുടുംബത്തെ പന്ത്രണ്ടു വർഷം നിങ്ങൾ പാർപ്പിക്കുക?” കൊട്ടാരം ലേഖിക ചോദിച്ചു.
“കുരുവംശത്തിനു് സാമൂഹ്യനീതി വകുപ്പുണ്ടു്, അവർ നിർദ്ദേശിച്ചു, കുടിൽ എന്ന വാക്കു് സ്നേഹാലയം എന്നാക്കാം. കുന്തി താമസിക്കുന്ന കുടിലും പണ്ടു് വൃദ്ധസദനം എന്നു് വിളിച്ചിരുന്നല്ലോ അതുമാറ്റി സ്നേഹാലയംതന്നെയാക്കി. പാണ്ഡവർ ആവശ്യപ്പെട്ടു പാപപരിഹാരത്തിനു് ശിക്ഷ പാഞ്ചാലിക്കു് വേണം എന്നുണ്ടു്. സമ്മതിച്ചു. സന്യസ്ഥരും അനുകൂലിച്ചു് മാലിന്യനീക്കം അവളെ ഏൽപ്പിച്ചു. സ്ത്രീ എന്ന നിലയിൽ പാഞ്ചാലിക്കു് പരുത്തി തുണി ഉണക്ക പഴം സുഗന്ധ തൈലം എന്നിവയും. പാണ്ഡവർക്കു് അക്ഷയ പാത്രം എന്നൊരു സമ്മാനവും, ഇനിയും മുറുമുറുപ്പു്?”
“പാണ്ഡവർ ഭരിച്ചിരുന്ന ‘മോഹനഭൂമി’ ഇന്ദ്രപ്രസ്ഥം എന്തു് ചെയ്യാനാണു് കൌരവർ ഉദേശിക്കുന്നതു?”, ചുവരിൽ പ്രദർശിപ്പിച്ച ഭൂപടം നോക്കി കൊട്ടാരം ലേഖിക വിരൽ ചൂണ്ടി.
“ഖാണ്ഡവപ്രസ്ഥം എന്ന പ്രകൃതി സൌഹൃദ ആവാസവ്യവസ്ഥ കത്തിച്ചുണ്ടാക്കിയ ദുരന്ത കുടിയേറ്റഭൂമിക എന്ന നിലയിൽ, പരിസ്ഥിതി വിനാശത്തിന്റെ യുഗാതീത ഓർമ്മക്കായി ഹസ്ഥിനപുരിയുടെ ഭരണത്തിലുള്ള പ്രത്യേകപ്രവ്യശ്യയായി നിലനിർത്തും. വരുംയുഗങ്ങളിൽ, ആർക്കറിയാം, അധികാരത്തിന്റെയും ദുരഭിമാനത്തിന്റെയും ഐതിഹ്യങ്ങൾ പേറുന്ന മഹാനഗരമായി ഇന്ദ്രപ്രസ്ഥം മാറുമോ? പ്രകൃതി തീരുമാനിക്കട്ടെ! വിശിഷ്ടാതിഥികൾ നടക്കുമ്പോൾ വഴുക്കിവീഴ്ത്തുന്ന മയൻനിർമിത അസ്വാഭാവികമന്ദിരങ്ങളിൽ കൊടും കുറ്റവാളികളെ തടവിലിടും!”
“കുരുക്ഷേത്രവിധവകൾ കൂട്ടആത്മഹത്യ ചെയ്യുന്നു എന്നാണു യമുനയിലെ മുക്കുവർ ഞങ്ങളെ അറിയിക്കുന്നതു്. തിരിച്ചടി ഭയന്നു് അവർ കൊട്ടാര ഗോപുര വാതിലിൽ മുട്ടി, വ്യവസ്ഥാപിത വഴിയിൽ കാര്യം പറയാൻ കൂട്ടാക്കുന്നില്ല. എങ്ങനെ പ്രതികരിക്കുന്നു പാണ്ഡവ ഭരണകൂടം?”, രാജസഭ ശൂന്യവേളയിൽ സ്ഥിരം ക്ഷണിതാവു് എന്ന നിലയിൽ കൊട്ടാരം ലേഖിക ചോദിച്ചു.
വൈകാരിക ഉള്ളടക്കമുള്ള ഇത്തരം ചോദ്യം നേരത്തെ എഴുതി തരണം എന്നു് ഔദ്യോഗിക വക്താവു് നകുലൻ. സാധ്യമല്ലെന്നു് ലേഖിക. ‘ഹസ്തിനപുരി പത്രി’കയുടെ വായടപ്പിക്കാൻ പറ്റിയ രീതിയിൽ നകുലനുവേണ്ടി ഒരു ചുട്ട മറുപടി എഴുതിക്കൊടുക്കാൻ ഉത്തമരാജ്യ താൽപ്പര്യത്തിൽ വായനക്കാരെ ക്ഷണിക്കുന്നു!
“ഇനിയും കൗരവചോര ഭീമൻ കൊണ്ടുവന്നില്ലേ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു പാണ്ഡവപാളയത്തിൽ, അഴിഞ്ഞുവീണ മുടിയുമായി പാഞ്ചാലി.
“ഭീമനു മനോവീര്യം നഷ്ടപ്പെട്ടു എന്നാണു നകുലൻ പറഞ്ഞറിഞ്ഞതു്. ഒരുകാര്യം വ്യക്തമായി, കീഴ്പ്പെടുത്തി ഓരോ തവണ നഖങ്ങൾ കൗരവകരളിൽ താഴ്ത്തുമ്പോഴും, പിന്നിൽ ‘തിരുത്തൽ ശബ്ദ’മുയരും, “ബലം പ്രയോഗിച്ചു കൗരവകരൾ നീ പറിച്ചെടുത്താൽ, സ്ത്രീനീതി പാലിച്ചുകിട്ടില്ല കുഞ്ഞേ!”, എന്നു് യുധിഷ്ഠിരൻ ഭീമശിരസ്സിലുഴിഞ്ഞു ഓർമ്മിപ്പിക്കും. “നഖം താഴ്ത്തുന്നതു് പെൺനീതിനിർവ്വഹണമല്ല, വ്യക്തിവൈരാഗ്യത്തിലൂന്നിയ പ്രതികാരനടപടിയാകുന്നു. കൗരവർ പാഞ്ചാലിയോടു് ചെയ്തതെന്നു ആരോപിക്കപ്പെടുന്ന ലൈംഗികാതിക്രമത്തിനവൾ നീതിപതിയുടെ മുമ്പിൽ പരാതി കൊടുക്കുന്നതോടെ തുടങ്ങുന്ന വ്യവസ്ഥാപിത നടപടിക്രമമുണ്ടു് പരിഷ്കൃത ഹസ്തിനപുരിയിൽ. അതു് മറികടന്നു കൗരവകുടൽ കീറി ചുടുചോര പ്രിയതമയുടെ കേശപരിലാളനത്തിനു നൽകാനുള്ള ഉദ്യമം നിന്നെപ്പോലെ വികാരജീവിക്കു ചേർന്നതെങ്കിലും ധാർമ്മികമല്ല പ്രിയഭീമാ. വാൾ വീശിയും ഗദചുഴറ്റിയും അമ്പെയ്തും പ്രതിയോഗിയെ കാലപുരിയിലേക്കയക്കുന്ന തൊഴിൽമികവാണിവിടെ നീ പ്രകടിപ്പിക്കേണ്ടതു്” എന്നു പറഞ്ഞു അവനെ യുധിഷ്ഠിരൻ പിന്തിരിപ്പിച്ചാൽ പാവം ഭീമൻ പിന്നെന്തുചെയ്യും!”
“കൗരവതല ഉരുട്ടിയതപ്പപ്പോൾ എണ്ണി, വസ്ത്രാക്ഷേപത്തിന്റെ കണക്കു, മുതലും പലിശയും ചേർത്തു്, കൊടുത്തുതീർത്തതല്ലേ? പാണ്ഡവർ അധികാരത്തിൽ കയറി, ഇനി ആർക്കെന്തു പരാതി കൊടുത്താലാണു് നിങ്ങൾക്കു് പ്രയോജനം?”, കൊട്ടാരം ലേഖിക നിയുക്തമഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.
“പീഡകൻ ജീവിച്ചിരിപ്പുണ്ടോ എന്നറിഞ്ഞിട്ടുവേണോ അതിജീവിത നീതിതേടാൻ? പെണ്ണുടൽ മലിനപ്പെടുത്തിയ പീഢകനുനേരെ ഭരണകൂടത്തിനു് പരാതി കൊടുക്കാനുമുണ്ടോ കാലാവധി? പതിമൂന്നുവർഷം കഴിഞ്ഞതുകൊണ്ടു പീഡനപരാതി കാലഹരണപ്പെടുമോ? പീഡകകൗരവർ ജീവിച്ചിരിപ്പുണ്ടോ എന്നതൊരു സാങ്കേതിക പ്രശ്നമല്ലേ? അടിമത്തം അസാധുവായപ്പോൾ പൗരാവകാശം തിരിച്ചുകിട്ടിയ ഞാൻ, പരാതി കൊടുത്താൽ, രാജാവു് ഭർത്താവാണെന്നതൊരു ‘ക്രമപ്രശ്ന’മായി ചൂണ്ടിക്കാട്ടുമോ നിങ്ങൾ? കൗരവർ ശരിക്കും മരിച്ചുപോയെങ്കിൽ, പ്രതിസ്ഥാനത്തു നിൽക്കേണ്ടതു് പൈതൃകാവകാശികളല്ലേ? അതോ, വിധവകൾക്കു് കൗരവസ്വത്തുമാത്രം മതി എന്നാണോ വാദം? ഇനി നിങ്ങൾ പറയും കൗരവരാജസ്ത്രീകളെ കുടിയൊഴിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണു് വസ്ത്രാക്ഷേപത്തിൽ അന്വേഷണം വേണമെന്ന പാഞ്ചാലിയുടെ പരാതി!”
“കുരുവംശത്തിനു് പുതിയ നാഥൻ, അങ്ങനെ വേണോ യുധിഷ്ഠിരനെ ഹസ്തിനപുരി കാണാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകൂടം അധികാരത്തിൽ വന്ന നാളുകൾ.
“ഉള്ളിൽ ഉള്ള സ്വേഛാധികാര പ്രവണതയെ മറച്ചു വച്ചു് സദാചാരസങ്കൽപ്പത്തെ പരിരക്ഷിക്കുന്ന അർദ്ധസത്യവാൻപ്രതിച്ഛായ രാകി, കൂർപ്പിച്ചല്ലോ പന്ത്രണ്ടു് വർഷം വനവാസത്തിൽ. ഇനി അതിനുണ്ടാവും നിത്യവും, പരിമിതി ഇല്ലാത്ത പ്രദർശനം. വരൂ നമുക്കു് പോയി ആശംസിക്കാം ആവുന്നത്ര നടനമികവോടെ!”
“മൃത്യുഭീഷണി നിലവിൽ ഉണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു. ശരശയ്യ.
“അതാണു് ഭീഷ്മരുടെ നേട്ടം. രണ്ടുനൂറ്റാണ്ടു് കഴിഞ്ഞിട്ടും മരണദേവത വരാൻ മടിച്ചുനിൽക്കുന്നു, കാരണം എന്റെ അനുമതി വേണം ദേഹി ദേഹം വിടാൻ. ശയ്യാവലംബി ഞാൻ പക്ഷേ, മരണദേവതക്കു് പച്ചക്കൊടി കൊടുക്കാതെ ഉറക്കം നടിക്കും, പണ്ഡവരെയും കൗരവരെയും തിരിച്ചറിയാം, അവരുടെ മക്കളെ കണ്ടാൽ അറിയുന്നില്ല. തന്നിഷ്ടപ്രകാരം മാത്രമേ നിനക്കു് മരണം ഉണ്ടാവൂ എന്നതു് വരമല്ല ശാപമാണു് എന്നു് ചിലപ്പോൾ ദുസ്വപ്നം കാണും അപ്പോൾ ഞാൻ അമ്മാ അമ്മാ എന്നു് നിലവിളിക്കും.”
“യുധിഷ്ഠിരനെ കാത്തിരിക്കാൻ തുടങ്ങിയിട്ടു് നേരം കുറച്ചായി. അന്തഃപുരപാറാവുകാരനോടു് ചോദിച്ചപ്പോൾ കേട്ടു, രാജാവുൾപ്പെടെ മുതിർന്ന മൂന്നു പാണ്ഡവരും, കുറച്ചുകാലമായി താമസം ഇവിടെ നിങ്ങൾക്കൊപ്പമല്ല. എന്താ കാരണം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“ധൃതരാഷ്ട്രരും ഗാന്ധാരിയും വനവാസം തിരഞ്ഞെടുത്തു രാജ വസതിയൊഴിഞ്ഞപ്പോൾ, കുരുവംശാധിപന്റെ പരമ്പരാഗത ഔദ്യോഗികമന്ദിരം, അങ്ങനെ ഒഴിവുവന്നു. അതു് കുരുക്ഷേത്ര ‘രണനായകൻ’ ദുര്യോധനന്റെ സ്മൃതിയിടമാക്കണമെന്നു കൗരവരാജവിധവകൾ നിവേദനവും തന്നു. പൈതൃക കൊട്ടാരത്തിൽ കൈവശാവകാശം പിടിവിടുംമുമ്പു് ഞാൻ സമവായപരിഹാരം നിർദേശിച്ചു യുധിഷ്ഠിരനും മറ്റുരണ്ടു മുതിർന്ന പാണ്ഡവരും താമസം അങ്ങോട്ടു മാറ്റുക. നരച്ചുനീണ്ട മുടിയും താടിയുമായി മൂന്നു പേർ അന്തഃപുരത്തിൽ കാണപ്പെടുന്നതു് ഞാൻ സ്വാഗതം ചെയ്തിരുന്നില്ല എന്നു് ദുഷ്ടലാക്കോടെ ‘തൽപ്പരകക്ഷികൾ’ നിർമ്മിതവാർത്ത പ്രചരിപ്പിക്കാനിടയുണ്ടു്. നിങ്ങൾ മാധ്യമപ്രവർത്തകർ അതിലൊന്നും വീണുപോവരുതു്. ‘പാഞ്ചാലിയുടെ അന്തഃപുരം കണ്ടാൽ വൃദ്ധസദനം പോലുണ്ടല്ലോ’ എന്നു് ദ്വാരകറാണി സത്യഭാമ നിരീക്ഷിച്ചപ്പോൾ, കരളിൽ ആരോ കൊത്തി, അതൊന്നും നിഷേധിക്കുന്നില്ല. മാദ്രീമക്കൾ നകുലനും സഹദേവനും, കൂട്ടുണ്ടു്. സ്വർഗ്ഗരാജ ശുശ്രൂഷകരായ അശ്വിനിദേവതകളുടെ മനുഷ്യസന്തതികൾ, ഇന്നും യുവത്വം പ്രസരിപ്പിക്കുന്നുണ്ടെന്നറിയാമല്ലോ. ചോദിക്കാതെ തന്നെ കല്യാണ സൗഗന്ധികം കൊണ്ടുവരാൻ രണ്ടു വഴിക്കു പുറപ്പെട്ടിറങ്ങി! പൂക്കളും ചുമന്നു ഓടിക്കിതച്ചെത്തും മുമ്പു്, ഞാനൊന്നു കുളിച്ചൊരുങ്ങട്ടെ. വയസ്സുചെന്ന കുന്തിപുത്രന്മാർ കൗശലത്തിൽ ഈ വിധം കുടിയൊഴിപ്പിക്കപ്പെട്ടതോടെ യുവനകുലനും സഹദേവനും എനിക്കു് കളിക്കൂട്ടുകാരായി!”
“അരമനസമുച്ചയം ഭാര്യക്കു് ദുര്യോധനൻ തന്നിഷ്ടപ്രകാരം ഇഷ്ടദാനം കൊടുത്തപ്പോൾ, മറ്റു കൌരവവധുക്കൾ അനിഷ്ടസൂചകമായി വസ്തുകൈമാറ്റത്തിന്നെതിരെ ഒന്നും മിണ്ടിയില്ലേ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു.
“ആണുങ്ങൾ മരിച്ചാലും, വിധവകൾ അനാഥരാവാതിരിക്കാൻ വേറെ നിയമവഴിയില്ലെന്നു കൂട്ടുകുടുംബ രഹസ്യയോഗത്തിൽ ബോധ്യപ്പെടുത്താൻ ദുര്യോധനനു് കഴിഞ്ഞു എന്നതാണു് ആശയവിനിമയമികവിൽ ശ്രദ്ധേയമായ ദൃഷ്ടാന്തം. കൊച്ചുനാൾ മുതൽ ഞാൻ ഭാഷ പഠിപ്പിച്ചതിന്റെ സദ്ഫലം. ബലരാമനും ദ്രോണരും ദുര്യോധനന്റെ സൈനികതന്ത്ര നൈപുണ്യവികസനത്തിനു കൂടുതൽ പരിശ്രമിച്ചിട്ടുണ്ടാവാം എന്നാൽ, നൂറു കൗരവരെയും നൂറായിരം എതിർപ്പുകളെയും നിർവീര്യമാക്കി തന്നിഷ്ടം നടപ്പിലാക്കാനുള്ള ആശയവിനിമയ സർഗ്ഗവൈഭവം—അതാണവന്റെ പെരുമ!”
“പീഡനത്തിന്റെ തലസ്ഥാനമായോ ഹസ്തിനപുരി?”, ചിതറിക്കിടന്ന ഉടുതുണിക്കഷ്ണങ്ങൾ നോക്കി കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ജാലകത്തിലൂടെ കാണാമായിരുന്നു, തല താഴ്ത്തി വനവാസത്തിനു പോവുന്ന നഗ്നപാദപാഞ്ചാലിയെയും അഞ്ചോളം പാണ്ഡവരെയും.
“അടിവസ്ത്രത്തിലൂന്നി നിങ്ങൾ ഐതിഹാസിക അധികാരക്കൈമാറ്റത്തെ അവഹേളിച്ചല്ലോ! ചോര വീഴ്ത്താതെ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയെ ഞങ്ങൾ നീക്കിയതു് നിലത്തു ചമ്രം പടിഞ്ഞിരുന്നല്ലേ? ഒന്നും രണ്ടും പറഞ്ഞു ഉന്തും തള്ളുമുണ്ടായപ്പോൾ അഴിഞ്ഞുവീണ അടിവസ്ത്രത്തെ ‘പീഡനാവശിഷ്ട’മെന്നൊക്കെ പൊലിപ്പിക്കാൻ ആയിരുന്നോ നിങ്ങൾ തക്ഷശിലയിൽ പോയി ഉന്നതവിദ്യാഭ്യാസം നേടിയതു? സ്ത്രീ വിരുദ്ധമാണോ കുരുവംശം? സ്വർഗ്ഗ രാജദാസിയായ ഗംഗ മുതൽ, മീൻ പിടിക്കുന്ന സത്യവതി വരെ, കാശി രാജകുമാരി അംബിക മുതൽ അവിഹിതരതിയിൽ മാതൃത്വം സ്ഥാപിച്ചെടുത്ത കുന്തി വരെ, കുരുവംശത്തിലെ വൈവിധ്യ സ്ത്രീ രൂപങ്ങൾ അടിയറവു വച്ചിട്ടില്ല ആണധികാരഗർവ്വിനു മുമ്പിൽ എന്നു് തിരിച്ചറിയുമായിരുന്നു. അനുജന്റെ ഭാര്യയെ തട്ടിയെടുത്തു പായക്കൂട്ടാക്കിയ യുധിഷ്ഠനെവിടെ, അനുജഭാര്യമാരെ ‘രാജമാതാ’ എന്നഭിസംബോധന ചെയ്യുന്ന ദുര്യോധനൻ എവിടെ! ഒരു ചുവർ വിഷവാർത്താനിർമ്മിതിക്കു വേണ്ടി ഒന്നും നിങ്ങൾ വിസ്മരിക്കരുതു്”.
“ജനിച്ചതും, കൌമാരം വരെ വളർന്നതുമൊക്കെ ഇതുപോലൊരു കൊടുംകാട്ടിലല്ലേ? തോന്നുമ്പോൾ തോന്നുമ്പോൾ കയ്യിട്ടുവാരാൻ അന്നും ഉണ്ടായിരുന്നോ തിന്നാലൊടുങ്ങാത്ത ഭക്ഷണപാത്രം?”, കൊട്ടാരം ലേഖിക ചോദിച്ചു മലങ്കാറ്റിൽ തണുപ്പു് പടർന്ന പ്രഭാതം, വനാന്തര ആശ്രമം, വ്യാഴവട്ടക്കാല ജീവിതം.
“സന്ധ്യയായാൽ അമ്മയും മാദ്രിയും ഉടുത്തൊരുങ്ങി പുറത്തുപോവും. പിന്നെ വൈകും, തളർന്നു തിരിച്ചുവരാൻ. മധുരഭക്ഷണം ഇലപ്പൊതി നിറയെ കയ്യിലുണ്ടാവും. ചിലപ്പോൾ കാണാം പട്ടും പൊന്നും. ആകാശചാരികളുമായി ദാമ്പത്യേതരബന്ധമില്ലാതെ ആയുഷ്കാല ജീവിതം സുഖമാവില്ലെന്നു ഇടക്കൊക്കെ അവർ കവിളിൽ വിരൽ കുത്തി മേൽപ്പോട്ടുനോക്കി പറയും. ‘ശരിയാണു്, നീ പറയുന്നതിൽ കാര്യമുണ്ടു്”, പായിൽ കിടന്നു ശ്വാസം മുട്ടുന്ന അച്ഛനും സമ്മതിക്കും.”
“നിഷ്ക്രിയപാണ്ഡവർ? നിശ്ശബ്ദ പാണ്ഡവർ! പെരുമഴ പെയ്തപ്പോഴേക്കും, ചടഞ്ഞുകൂടി ധ്യാനത്തിലായോ പാവംപാണ്ഡവർ?”, കൊട്ടാരം ലേഖിക ചോദിച്ചു. കുതിച്ചൊഴുകുന്ന തോട്ടിൽ നിന്നു് ഭീതിതശബ്ദം ഉയർന്ന ഇരുണ്ട അപരാഹ്നം.
“തലക്കുപിന്നിൽ കൈപ്പത്തികൾ ചേർത്തു ഇരിപ്പുണ്ടല്ലോ, അതു് നിങ്ങൾ കുറച്ചുകാണരുതു്. ദൂരെ ദൂരെ ഹസ്തിനപുരിയിലെ ‘കൗരവതമ്പുരാക്കന്മാർ’ കാറ്റുകൊള്ളുന്ന കൊട്ടാര മട്ടുപ്പാവിനെക്കാൾ പ്രാമാണ്യതയുണ്ടതിനെന്നു പറഞ്ഞതു്, വേറെ ആരുമല്ല കണ്ടാലൊരു നാണംകുണുങ്ങിയായ മാദ്രീപുത്രൻ സഹദേവനാണു്. വരാനിരിക്കുന്ന കാര്യങ്ങൾ പൂർവ്വനിശ്ചിതമാണെന്നും, പ്രത്യേക മാനസികാവസ്ഥയിൽ ഭാവി പ്രവചിക്കാമെന്നും നിഷ്കളങ്കമായി തെളിയിച്ച സഹദേവൻ ഇത്തവണ ഞങ്ങളോടാവശ്യപ്പെട്ടു, “മലമടക്കുകളിലെ കാട്ടുകുടിലിനെ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായി സങ്കൽപ്പിച്ചുവേണം ഓരോ നിമിഷവും ശത്രുസംഹാരത്തിലേർപ്പെടാൻ. അതു ഞങ്ങളേറ്റുപിടിച്ചപ്പോൾ എന്തുണ്ടായി എന്നോ? ഞങ്ങൾ സ്വപ്നലോകത്തിലെ നീതിപതികൾ! ഞാനിന്നുച്ചകഴിഞ്ഞുള്ള കുറ്റകൃത്യവിചാരണയിൽ രണ്ടു കൗരവർക്കു ‘വധശിക്ഷ’ നൽകി. ഇനി നിങ്ങൾ ബാക്കിയുള്ള പാണ്ഡവരോടു് ചോദിച്ചറിയൂ, മഴ തുടങ്ങിയശേഷം നീതിന്യായസഭയിൽ എത്ര കൗരവരെ നിർത്തിപ്പൊരിച്ചു?”
“പിതൃസ്വരൂപങ്ങളോടൊന്നും നിങ്ങൾ യോജിച്ചു പോവില്ലെന്നാണല്ലോ വിലയിരുത്തൽ. ഭീഷ്മർ ദ്രോണർ കൃപർ, അരമനയിൽ ശക്തസാന്നിധ്യങ്ങളായ ആരുമായും മൈത്രിയില്ലാത്ത നിങ്ങളെയെങ്ങനെ ദുര്യോധനൻ പങ്കാളിയാക്കി?”. ‘ഇനി ഞാനൊഴുകട്ടെ’ എന്ന പുഴപുനർജ്ജീവന യജ്ഞത്തിൽ പങ്കെടുത്തു വീടണയുകയായിരുന്ന കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“സൂതവംശജനാണു് അച്ഛൻ എന്ന പൊതുബോധം എന്നിലുണർത്തിയ അപകർഷതാബോധത്തിൽ നിന്നെന്നെ ഉയർത്തിയതു്, മദ്യവും മദിരാക്ഷിയും എത്തിച്ചായിരുന്നില്ല, അംഗരാജ്യരാജാവായി വാഴിച്ചിട്ടായിരുന്നു എന്ന അനുഭവം വികാരതരളിതനാക്കുന്നുണ്ടു്. അതവൻ യഥാർത്ഥത്തിൽ ‘കൊട്ടാര മാടമ്പിക’ളുടെ മുമ്പിൽ ചെയ്ത പ്രഹസനമായിരുന്നു. അതവരുടെ വായടപ്പിച്ചു. കുതിരച്ചാണകം മണക്കുന്ന കർണ്ണൻ തിരുവസ്ത്രവും ധരിക്കുന്നുവോ എന്നായിരുന്നു ജാള ്യതയിൽ വിരൽകടിക്കുന്ന ഭീമന്റെ വിസ്മയം. അവർക്കുണ്ടോ വാസ്തവം അറിയുന്നു! എന്റെ ബീജദാതാവെത്ര മുന്തിയ ഇനം ആകാശചാരി! മുട്ടിൽ ഇഴഞ്ഞുവന്ന പാണ്ഡവർ കൗരവദൗർബല്യം മുതലെടുത്തു അധിനിവേശത്തിനു ശ്രമിക്കുമ്പോൾ പിന്തുണ കൊടുത്ത സഭാപതികളെയുമായിരുന്നു പിൽക്കാലത്തു ഏറ്റുമുട്ടേണ്ടതു്. മറ്റു തൊണ്ണൂറ്റിഎട്ടോളം കൗരവരെ ഇളവനുവദിക്കാതെ, ‘കൂട്ടാളി’കളായി നിലനിർത്തുന്നതിനൊപ്പം, ‘മാടമ്പിഹസ്തിനപുരി’യുടെ മടിക്കുത്തിൽ പിടിച്ചു വിറപ്പിക്കാൻ കഴിഞ്ഞ പോരാളിദുര്യോധനൻ തന്നെയാണു്, വയസ്സിൽ താഴെയെങ്കിലും, തലതൊട്ടപ്പൻ! പാണ്ഡവരെ ചൂണ്ടി ‘ശത്രു’ എന്നവൻ പറഞ്ഞാൽ, ശത്രു അർഹിക്കുന്ന ശത്രുത കത്തിപ്പടരുകയായി. അതാണു് കർണ്ണന്റെ കർണ്ണത്വം!”
“പാഞ്ചാലിയെ ‘നേർവഴി’ക്കു കൊണ്ടുവരാനുള്ള പാണ്ഡവരുടെ സദുദ്ദേശ്യത്തെ സംശയിക്കുന്നതിൽ കവിഞ്ഞൊന്നും അവൾ നിങ്ങൾക്കാർക്കും ചെയ്ത ഓർമ്മയില്ലല്ലോ?”, അഭിമുഖത്തിന്റെ അവസാനം കൊട്ടാരം ലേഖിക മഹാരാജാവു് യുധിഷ്ഠിരനോടു് ചോദിച്ചു.
“ഞങ്ങൾ അഞ്ചുപേരിൽ നിന്നും ഊഴമനുസരിച്ചു പാഞ്ചാലി ഇന്ദ്രപ്രസ്ഥത്തിൽ ധരിച്ച ‘ദിവ്യഗർഭ’ങ്ങളിൽ ചിലതിനവൾ പരിചരണം കൊടുത്തപ്പോൾ ചിലതലസിപ്പോകാൻ ഗൂഢമായി ശ്രമിക്കുന്നതു ശ്രദ്ധയിൽ പെട്ട പാണ്ഡവൻ എന്നോടു് സങ്കടം പറഞ്ഞു. സംശുദ്ധമാതൃത്വത്തെ വിലയിടിക്കുന്നതൊന്നും ഗർഭിണി ചെയ്തുകൂടെന്നെന്തോ കടുത്ത വാക്കു ഞാനുപയോഗിച്ചു എന്നാണോർമ്മ. പിറ്റേന്നു് രാത്രി ഞാൻ അരമനയിലേക്കു മുഖംമൂടി ധരിച്ചു പതിവുപോലെ കുതിരപ്പന്തികളിലൂടെ രഹസ്യയാത്ര കഴിഞ്ഞു വരുമ്പോൾ എനിക്കെതിരെ ഇരുട്ടടിയുണ്ടായി. പക്ഷേ, കരുതലോടെ അനുഗമിച്ചിരുന്ന നകുലൻ അക്രമിയെ കയ്യോടെ പിടികൂടി മലർത്തിക്കിടത്തി നെഞ്ചിൽ ഇരുന്നു കഠിനമായി ചോദ്യം ചെയ്തപ്പോൾ അക്രമി കുറ്റസമ്മതം നടത്തി: സ്വർണ്ണനാണയം പ്രതിഫലമായി കൊലയാളിയെ കൂലിക്കെടുത്തതു പാഞ്ചാലി! ദാമ്പത്യഭദ്രതയോർത്തു ഞങ്ങൾ ഒന്നും ചെയ്തില്ല. പിന്നീടും ജീവിതത്തിൽ എപ്പോഴൊക്കെ അവളുമായി സംഘർഷം ഉണ്ടായോ അപ്രതീക്ഷിതമായൊരു ഇരുട്ടടി ഉണ്ടാവും. ബീജദാതാവായ കാലൻ എന്നെ അപ്പോഴെല്ലാം തുണച്ചു!” യുധിഷ്ഠിരൻ വിതുമ്പി.
“വിഷാദരോഗം ബാധിച്ച മഹാരാജാവിനെ നിങ്ങൾ ഒന്നു് സ്വൈര്യമായി ജീവിക്കാൻ വിടൂ” എന്നു് പറഞ്ഞു മാദ്രിയുടെ മക്കൾ ജ്യേഷ്ഠനെ താങ്ങിപ്പിടിച്ചു അകത്തു കിടത്തി.
“യുധിഷ്ഠിരനും നിങ്ങളും മിണ്ടിപ്പറഞ്ഞിരിക്കുന്ന കിടപ്പറയിൽ ഇടിച്ചുകയറിയ അവിവേകത്തിനു അർജ്ജുനൻ വില കൊടുക്കേണ്ടി വന്നു എന്നൊക്കെ സൂതന്മാർ പാടുന്നതു് വഴിയമ്പലങ്ങളിൽ പതിവുകാഴ്ചയാണു്. പക്ഷേ, ദുര്യോധനൻ പാഞ്ചാലിയുടെ കിടപ്പറയിലിരിക്കുമ്പോൾ ഇടിച്ചുകയറിയ ഭീമൻ ദുരർഥംവച്ചെന്തോ പറഞ്ഞു എന്നതു് കെട്ടുകഥ പോലെ തോന്നി. വസ്തുതയെന്താണു്?”, കൊട്ടാരം ലേഖിക ചോദിച്ചു.
“യുധിഷ്ഠിരൻ മാത്രം പ്രണയപദങ്ങൾ പുലമ്പുന്ന എന്നു് തിരുത്തി വേണം ആ സംഭവം ഓർമ്മിക്കാൻ. ഹസ്തിനപുരി നഗരാതിർത്തിയിലെ അതിഥിമന്ദിരത്തിൽ കഴിയുന്ന മധുവിധുകാലം. ക്ഷേമാന്വേഷണത്തിനു മധുരവുമായി വന്ന ദുര്യോധനൻ, വീട്ടിൽ പാണ്ഡവർ ആരുമില്ലെന്നറിഞ്ഞു പോവാൻ ഒരുങ്ങി. പാണ്ഡവർ വരാൻ നേരമായി എന്നു് പറഞ്ഞു കൊണ്ടവനെ ഉപചാരപൂർവ്വം ക്ഷണിച്ചപ്പോൾ, കിടപ്പറജാലകത്തിലൂടെ മരക്കൂട്ടങ്ങൾനോക്കി കിടക്കയിലവൻ മതിമറന്നു. ശന്തനുവിന്റെ പ്രണയവധുവായി സത്യവതി കുറച്ചുകാലം ഈ മന്ദിരത്തിലായിരുന്നു താമസം. മരക്കൂട്ടങ്ങൾ സത്യവതി നട്ടുവളർത്തിയവയെന്നു ഉദ്യാനപാലകർ. പാലും പഴവുമായി ഞാൻ വന്നപ്പോൾ, ലിംഗഭേദമില്ലാതെ അടിയുടുപ്പുകൾ ചിതറിക്കിടന്ന കിടക്കയിൽ ദുര്യോധനനെ കണ്ടു നിലതെറ്റി വീഴാൻ പോയ എന്നെ കമനീയമായ കായികക്ഷമതയോടെ ദുര്യോധനൻ വാരിക്കോരി പിടിച്ചില്ലായിരുന്നെങ്കിൽ, എന്തു് സംഭവിക്കുമായിരുന്നു? എന്തും! അതിലേറെ എന്നെ നടുക്കിയതു്, കൃത്യം ആ നേരത്തു ഭീമൻ കിടപ്പറയിൽ ഇടിച്ചുകടന്നതാണു്. ദുര്യോധന കരവലയത്തിൽ ഞാൻ കിടന്നതാണു് ഭീമനെ ചൊടിപ്പിച്ചതു്. ആ സമയപരിധിക്കുള്ളിൽ സംഭവിച്ചതാണോ ഭീമദുര്യോധന ശത്രുതയുടെയും പ്രതികാരദാഹത്തിന്റെയും ബീജാവാപം?”
“നവവധുവെന്ന നിലയിൽ കണ്ട ഹസ്തിനപുരി ഇപ്പോഴുമുണ്ടോ മനസ്സിൽ? അതോ, കാൽനൂറ്റാണ്ടിലിന്നിടയിൽ മാറിമറഞ്ഞുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“കാളവണ്ടികളിൽ കൊണ്ടുവന്നിരുന്ന ധാന്യച്ചാക്കുകൾ കൊട്ടാരസമുച്ചയത്തിനോടു് ചേർന്ന കലവറകളിൽ അട്ടിയട്ടിയായിടുന്നതാണെന്റെ ആദ്യ ഓർമ്മ. ഗംഗക്കും യമുനക്കുമിടയിലെ കാർഷിക സംസ്കാരം എന്തെന്നതെന്നെ പഠിപ്പിച്ചു. കറവ വറ്റിയ മാടുകളെ ക്ഷീരകർഷകർ കോട്ടക്കകത്തെ ഊട്ടുപുരയോടു് ചേർന്ന അറവുശാലയിൽ കൊണ്ടുവരുന്നതും മറന്നിട്ടില്ല. കൗരവർ ആർപ്പുവിളിച്ചാണു് മാടുകളെ സ്വാഗതം ചെയ്യുക. മണിക്കൂറുകൾക്കുള്ളിൽ അറത്തു കുടലും തൊലിയും നീക്കി പ്രിയമാംസാഹാരമായി തയ്യാറാക്കുന്നതും ഏകീകൃത മനുഷ്യപ്രയത്നത്തിന്റെ മഹനീയദൃശ്യം. ഇന്നോ! ഒഴിഞ്ഞ ഊട്ടുപുരയിലേക്കു ഇടയ്ക്കിടെ എത്തിനോക്കി പാണ്ഡവർ, എന്നെ കാണുമ്പോൾ മുഖം താഴ്ത്തി, നടക്കുന്നതാണു് പതിവു കാഴ്ച. കൂട്ടുകുടുംബസ്വത്തുതർക്കം തീർക്കാൻ കായികബലം വേണമെന്നു് ഏതു അഭിശപ്തമുഹൂർത്തത്തിലാവാം തീരുമാനത്തിലെത്തിയതെന്നു മുട്ടുകുത്തി വിധാതാവിനോടു് നാമൊക്കെ ചോദിക്കുന്ന ആസുരകാലം. ഭരണകൂടം ഓരോ പൗരനും അക്ഷയപാത്രം സമ്മാനിക്കണമെന്നു ചാർവാകൻ ആവശ്യപ്പെടുന്ന കാലപ്പകർച്ച!”
ഒരു ഗ്രാമപ്രമുഖൻ കൊട്ടാരം ലേഖികയോടു് ഇന്നലെ സന്ധ്യക്കു്:
“കന്നുപൂട്ടാനും കിളക്കാനും ആരോഗ്യമുള്ള ആൺകുട്ടികളെ മഹാഭാരതയുദ്ധത്തിനു പോരാളികളായി വിട്ടു കൊടുക്കുമ്പോൾ അറിഞ്ഞില്ല, ദുഷ്ടശക്തികൾ കൌരവരെ കൊന്നു ഹസ്തിനപുരിയിൽ അധികാരം പിടിച്ചെടുത്തു ആൾനാശത്തിനു നഷ്ടപരിഹാരം തരാതെ ഈ വിധം കുരുക്ഷേത്രവിധവകളെ പാടത്തു പണിയെടുപ്പിക്കാൻ നിരന്തരം ആവശ്യപ്പെടുമെന്നു്. ഞങ്ങൾ ചൊടിച്ചു, കൃഷി ചെയ്യാതെ നിലം പുല്ലുവളരാൻ ഇട്ടു, വിശപ്പിനു ഉഴവുമാടുകളെ വെട്ടിത്തിന്നു. ഇപ്പോൾ കൊട്ടാരം സർവാധികാരി വന്നു വിരൽചൂണ്ടി ചോദിക്കുന്നു എവിടെ ധാന്യം?, വറുതി കാരണം പട്ടിണി മാറ്റാൻ പാണ്ഡവർ നേരം വെളുത്താൽ കൊട്ടാരം വിട്ടു പോവുന്നതു് യമുനയിൽ മീൻ പിടിക്കാൻ.”
“എന്നോ കൊടുത്ത ഇഷ്ടദാനത്തെക്കുറിച്ചു ഇപ്പോഴാണോ അനിഷ്ടം പറയുക!” കൊട്ടാരം ലേഖിക ചോദിച്ചു. ഖാണ്ഡവവനം കത്തിക്കുമ്പോൾ പ്രമാണത്തിലെ നിബന്ധന പാണ്ഡവർ കാറ്റിൽപറത്തി എന്ന ആരോപണവുമായി ദുര്യോധനവിധവ കോട്ടവാതിലിനു മുമ്പിൽ നിരാഹാരം തുടങ്ങിയ നേരം.
“ദുര്യോധനനെ കാണിക്കാതെ നകുലൻ രഹസ്യമായി ഇഷ്ടദാനപ്രമാണം തയ്യാറാക്കി, ജന്മനാ കാഴ്ചപരിമിതിയുള്ള രാജാവിന്റെ കയ്യൊപ്പും രാജമുദ്രയും നേടാനായി എന്നതിൽ നിങ്ങൾക്കു് കാണാം, പാവം പാഞ്ചാലിയെ എന്തെല്ലാം അവിഹിതനേട്ടങ്ങൾക്കു ഉപകരണമാക്കി! ഗാന്ധാരിയുടെ വാർദ്ധക്യകാലപരിചരണം പാഞ്ചാലി സ്വയം ഏറ്റെടുക്കുമെന്ന നിബന്ധന പ്രമാണത്തിൽ ഉണ്ടെങ്കിൽ, അതു് പാലിക്കാതെയാണു് ധൃതരാഷ്ട്രരെയും ഭാര്യയെയും വനവാസത്തിനവർ പ്രേരിപ്പിച്ചതു്. കൃപാചാര്യർ നിർദേശിച്ച നിബന്ധന, പ്രമാണത്തിന്റെ പനയോലക്കെട്ടിൽ ഉണ്ടെന്ന പാണ്ഡവപ്രഖ്യാപനം രാജാവു് മുഖവിലക്കെടുത്തുവോ! വാരണാവതം കുന്തി കത്തിച്ചതു് ഓർക്കുന്നുണ്ടല്ലോ. ആദിവാസി കുടുംബത്തെ ചുട്ടെരിച്ചതു് വ്യാജതെളിവിനു വേണ്ടി! പൂപ്പൽ പിടിച്ച ധാന്യം തന്നു വായടപ്പിക്കാമെന്നു ഭീമനും കൂട്ടരും കരുതണ്ട. അതാ രക്ഷകൻ ചാർവാകൻ വരുന്നു. നാസ്തികനെന്ന കുറ്റംചാർത്തി ദുര്യോധനൻ തുറുങ്കിൽ ഇട്ടിട്ടും, ഈ ധീരയുക്തിവാദിയുടെ സഹനം അതാണിന്നു ഞങ്ങൾക്കു് മാതൃക!”
“ശ്രേഷ്ഠപുരോഹിതൻ നിങ്ങളെ ശാസിച്ചു എന്നതാണല്ലോ കേൾവി, സത്യമാണോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം അരമന.
“ആരോപണം കൊടുത്ത പാഞ്ചാലിയുടെ അന്തസ്സും സ്വാതന്ത്ര്യവും അംഗീകരിക്കുന്നതു് ഭർത്താവായ നിന്റെ സൗജന്യമല്ല എന്നു് എനിക്കുനേരെ പുരോഹിതൻ വിരൽ ചൂണ്ടിയ കാര്യം ഇത്രവേഗം കൗരവർ ഹസ്തിനപുരി കുതിരപ്പന്തിയിൽ പ്രചരണം നടത്തിയോ? മറ്റുള്ളവരുടെ ഭാര്യമാരുടെ മടിക്കുത്തിൽ പിടിക്കുന്നവർ കൗരവർ എന്നു് ലോകം നാളെ വിളിച്ചു പറയതിരിക്കട്ടെ”
“ഈ ഞെണുങ്ങിയ ഗദ കൊണ്ടാണോ ഭീമൻ ദുഷ്ട കഥാപാത്രമായ ദുര്യോധനനെ കുരുക്ഷേത്രയിൽ നേരിടാൻ പോവുന്നതു?”, ചാരവകുപ്പിന്റെ ചുമതല വഹിക്കുന്ന നകുലനോടു് യുധിഷ്ഠിരൻ ആശങ്കയോടെ ചോദിച്ചു.
“രാജസഭയിൽ യുദ്ധം പ്രഖ്യാപിക്കുമ്പോൾ ദുര്യോധനൻ ശത്രുപക്ഷത്തിനു വാക്കു കൊടുത്തിരുന്നല്ലോ, കുരുക്ഷേത്രയിൽ പട്ടാളച്ചിട്ടയോടെ വന്നാൽ മതി, അടിസ്ഥാന സൗകര്യങ്ങളുടെ മൊത്തം നിർമ്മിതി കൗരവർ ഏറ്റെടുക്കും. താമസം, തീൻശാല, ആയുധപ്പുര ഓരോന്നിലും പാണ്ഡവർക്കു് സൗജന്യസേവനം ഉറപ്പുതരുന്നു. വനവാസത്തിനു പോവുമ്പോൾ അർജ്ജുനനുമാത്രം ദിവ്യായുധം ആരോരുമറിയാതെ കൂടെ കൊണ്ടു പോകാൻ പറ്റി, പൗരാവകാശങ്ങൾ മരവിപ്പിച്ചിരുന്നതുകൊണ്ടു് നിരായുധരായി വേണ്ടിവന്നു മറ്റുനാലു അടിമപാണ്ഡവർ കാട്ടിൽപോകാൻ. നിരായുധ പാണ്ഡവർ വ്യാഴവട്ടക്കാല നൈപുണ്യവികസനത്തിലൂടെ, കൈ പ്രയോഗക്ഷമതകൊണ്ടു് കൗരവരെ കൊല ചെയ്യാൻ സൈനിക മികവു നേടി എന്നാണവരുടെയും വിലയിരുത്തൽ. ഞെണുങ്ങിയ ഗദ അലങ്കാരം പോലെ മതിയല്ലോ എന്നാണു് ഇരുപക്ഷ പോർക്കള മേധാവികൾ കൂടിയാലോചനക്കെത്തിയപ്പോൾ ദുര്യോധനൻ നിരീക്ഷിച്ചതു്. തുടയിലടിച്ചു കീഴ്പ്പെടുത്തി മലർത്തിക്കിടത്തി വിരലുകൾ കരളിൽ കുത്തി ദുഷ്ടകൗരവന്റെ ശപിക്കപ്പെട്ട ആത്മാവിനെ വലിച്ചു പുറത്തേക്കെറിയാൻ ആവും എന്ന പോരാട്ട വിശ്വാസത്തിലാണിപ്പോൾ ഭീമൻ. നമുക്കുനോക്കാം ഭീമവിരലുകളുടെ മാരകശക്തി. അല്ല, നിങ്ങൾക്കു് കിട്ടിയ ശൂലം എങ്ങനെ?”
“നിങ്ങളും സത്യവതിയും ആധുനിക ലൈംഗികശിക്ഷണം നേടിയ പരിഷ്കൃത വനിതകളെന്നു പൊതുവേദിയിൽ ചാർവാകൻ പ്രകീർത്തിക്കുന്നതു കേട്ടു് ഞങ്ങൾ കോരിത്തരിച്ചു. നാളന്ദ തക്ഷശില, എവിടെയായിരുന്നു ഉപരിപഠനം?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. രാജമാതാപദവി നിഷേധിക്കപ്പെട്ട കുന്തി, പ്രതിഷേധസൂചകമായി കൊട്ടാരം വിട്ടു് ആശ്രമജീവിതത്തിലേക്കു പിൻവാങ്ങിയ ദിനങ്ങൾ.
“എന്റെ ലൈംഗികജീവിതം അരാജകമെന്നു സമർഥിക്കാൻ ഇത്രയൊന്നും വളയേണ്ട കാര്യമില്ല. കൗമാരകാലത്താണു് വളർത്തച്ഛന്റെ വസതിയിൽ, പൊരുതിനേടിയ ഗാർഹിക സ്വകാര്യത ഞാൻ സ്വാഗതം ചെയ്തതു്. രതിയുടെ ചിലങ്കയണിഞ്ഞു കിടപ്പുമുറിക്കകത്തു ഞാൻ നഗ്നനൃത്തം ചെയ്യുമ്പോൾ ജാലകത്തിലൂടെ ഉദയസൂര്യനെ കണി കണ്ടു. “നീയൊരു മനുഷ്യപ്രകൃതിയാണോ, സൂര്യാ? ആണുടലുള്ള ആകൃതിയാണോ നിനക്കു് പ്രകൃതി തന്നതു?, രതിയൂർജ്ജം പ്രസരിക്കുന്ന രക്തസഞ്ചാരമുണ്ടോ നിന്റെ ധമനികളിൽ?, എന്നിങ്ങനെ ഞാൻ പുലർകാലസൂര്യനോടു് കൊഞ്ചിക്കുഴഞ്ഞു ചോദിച്ചപ്പോൾ അവൻ പ്രസാദിച്ചു, അകത്തുകടന്നെന്നെ കോരിയെടുത്തുടലാകെ ആസ്വദിച്ചു എന്നതാണോ ചാർവാകൻ ഇപ്പോൾ പെൺനിന്ദക്കവരുടെ പൂർവ്വചരിത്രം പരിശോധിക്കുന്നതു? അതോ, മാതൃത്വം എന്ന പെണ്ണവകാശം സാര്ഥകമാക്കാൻ ഏതുവളഞ്ഞ പ്രലോഭന വഴിയും സ്വീകരിക്കാം എന്ന ദൃഢനിശ്ചയത്തോടെ ആണുങ്ങളെ വലവീശി, മൂന്നു മക്കളെ പിന്നെയും പ്രസവിച്ചതോ?” ഇതൊക്കെ പഠിക്കാൻ തക്ഷശിലയിലും നാളന്ദയിലും പോകണോ, അതോ ഉള്ളിലെ കടലോളങ്ങൾ നിങ്ങൾ ഭയരഹിതമായി കേൾക്കണോ!”
“മറ്റൊരു പാണ്ഡവഭാര്യയിൽ നിന്നും വെല്ലുവിളി നേരിടാതെ, മുപ്പത്തിയാറുവർഷം മഹാറാണിപദവി വഹിച്ചു അന്തിമപദയാത്രക്കു് അന്തഃപുരം വിട്ടിറങ്ങുമ്പോൾ, സ്വന്തമെന്നിക്കാലവും കരുതിയ സ്ഥാവരങ്ങളും ജംഗമങ്ങളും എന്തു് ചെയ്യാനാണു് ഭാവം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“അഞ്ചു ആൺമക്കളും, പാണ്ഡവരുടെ പിടിപ്പുകേടു കൊണ്ടെന്നറിയുന്നു, കൊല്ലപ്പെട്ടസ്ഥിതിക്കു് എനിക്കനന്തരാവകാശികൾ ഇല്ല. അച്ഛനും സഹോദരന്മാരും കൗരവപാണ്ഡവ സ്വത്തുതർക്കത്തിൽ കൊല്ലപ്പെട്ടിരുന്നു. ഭർത്താക്കളിൽ മൂന്നാമനായ അർജ്ജുനൻ അവിഹിത ബന്ധനിർമ്മിതിയിൽ ഒന്നാമനായി ദ്വാരകസ്വദേശി സുഭദ്രയെ വിവാഹം കഴിക്കേണ്ട സാഹചര്യ മുണ്ടായി. ആ ഹ്രസ്വകാല ബന്ധത്തിലുണ്ടായ അഭിമന്യുവിനു്, വിരാടരാജകുമാരിയിൽ ജനിച്ച പരീക്ഷിത്തു് എനിക്കൊരകന്ന ബന്ധു. സ്നേഹവാത്സല്യങ്ങൾ തോന്നാത്ത ഒരാൾ എന്തിനു ഞാനിത്രയും കാലം മോഹിച്ചും വിലപേശിയും സ്വന്തമാക്കിയ സ്വത്തുക്കളുടെ അവകാശി ആവണം? എല്ലാ സ്വത്തും പുതുതലമുറ കൗരവക്കുട്ടികൾ ക്കായി ഒസ്യത്തിൽ ഞാൻ ഇന്നലെ കയ്യൊപ്പിട്ടു!”
“ഇതാ പാഞ്ചാലീ ചുടുകൗരവചോര”, ഓടിക്കിതച്ചു കൈകുമ്പിളിൽ കൊഴുത്ത ദ്രാവകവുമായി, പോരാട്ടത്തിൽ വിവസ്ത്രനും മുറിവേറ്റവനുമായ ഭീമൻ വന്നു പാഞ്ചാലിയുടെ മുമ്പിൽ കൊച്ചു കുട്ടിയെപോലെ നിന്നു.
“ആലങ്കാരികമായി ഞാനെന്നോ സാന്ദർഭികമായി പറഞ്ഞപോയ ഒരു കാര്യം ഇത്രയും കാലം ഓർമയിൽ വച്ചു് ശത്രുവിന്റെ കരൾ തുരന്നു ചോര കോരി വരുന്ന നിങ്ങൾ എത്ര മന്ദൻ! നിങ്ങൾക്കു് അറിയാമോ, എന്റെ ആരാധകരായിരുന്നു കൊല്ലപ്പെട്ട ആ ധീരകൌരവർ”, പാഞ്ചാലി നിന്ദയോടെ ഭർത്താവിനെ നോക്കി മുടി കെട്ടിവച്ചു തിരിച്ചു കൂടാരത്തിലേക്കു് കയറി.
“പരപുരുഷപ്രലോഭനത്തിലൂടെ സൃഷ്ടിച്ചെടുത്ത അനധികൃത പാണ്ഡവകുലം, കുരുവംശഐശ്വര്യത്തെ ഹനിക്കുന്ന തെമ്മാടിക്കൂട്ടമാണെന്നു, പാതിവൃത്യത്തിന്റെ പരമോന്നതദേവതയായ ഗാന്ധാരി ആക്ഷേപിച്ചല്ലോ. കുരുവംശഛിദ്രം അടുത്തൊന്നും അവസാനിക്കില്ല?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
“പാണ്ഡുവധുവെന്ന നിലയിൽ, ഞാൻ റാണിയായിരുന്നപ്പോൾ അവിശ്വസ്ഥതോഴിയിൽ കവിഞ്ഞൊന്നുമല്ലാതിരുന്ന ഗാന്ധാരിക്കിപ്പോൾ, ധൃതരാഷ്ട്രപത്നിയെന്ന നിലയിൽ, ഉയർന്ന നില കൈവന്നിരിക്കാം. എന്നാൽ അവളുടെ മാതൃത്വം? കാമാന്ധധൃതരാഷ്ട്രരുടെ കുട്ടികളെ പ്രസവിക്കാൻ വയ്യെന്ന കർശനനിലപാടിൽ വാടകഗർഭങ്ങൾ സംഘടിപ്പിച്ചു. അവിവാഹിതയുവതികളിൽ ധൃതരാഷ്ട്രർ മാറിമാറി ‘അന്തകൻവിത്തു’ വിതച്ചു. കൊയ്തെടുക്കാൻ ഗാന്ധാരിയും. കാണൻ നന്നെന്നു കണ്ടപ്പോൾ, (കണ്ണു കെട്ടുകെട്ടി കാഴ്ചമറയ്ക്കുന്ന ചെപ്പടി വിദ്യ തുടങ്ങിയിട്ടില്ല.) അവരെ കൗരവർ എന്ന കൃത്രിമ കുലഅംഗങ്ങളാക്കി. അഭയാർഥിയായി പാണ്ഡവർക്കൊപ്പം ഹസ്തിനപുരി കൊട്ടാരത്തിൽ ഞാൻ എത്തിയപ്പോൾ ഓർമ്മപ്പെടുത്തൽ ചെയ്തിരുന്നു—മോശംബീജങ്ങളുടെ നിലവിളിയുണ്ടു് നമ്മുടെ ദാമ്പത്യത്തിൽ. മൗനം നീ കൺകെട്ടു പോലെ കൊണ്ടുനടന്നാൽ നിനക്കു നല്ലതു്. മാതൃത്വം എന്ന അവകാശം നേടിയെടുക്കാൻ ഞാൻ ഷണ്ഡഭർത്താവിനെ വീട്ടിൽ കിടത്തി പുറത്തുപോയി ദേവപ്രകൃതികളെ കൂടെകിടത്തി, എന്നാൽ നീയോ!”
“കുടുംബനാമം തുണയായോ? അതോ വിനയോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഭൂവാസികളല്ല പിതൃക്കൾ എന്നു് പറഞ്ഞതുകൊണ്ടു് കാര്യമുണ്ടോ? വൈവിധ്യ ബീജസമ്പാദനത്തിനുള്ള ദാമ്പത്യസാഹചര്യം അറിയാൻ ആകാംക്ഷ കാണിക്കുന്നവരോടെത്ര ഉച്ചത്തിൽ സത്യം വെട്ടിത്തുറന്നു പറയും? കായികക്ഷമതയില്ലാത്ത ഭർത്താവിനെനോക്കുകുത്തിയാക്കി, രണ്ടു രാജസ്ത്രീകൾ, പ്രലോഭന മന്ത്രവുമായി ആൺവേട്ടക്കു് ഇറങ്ങിത്തിരിക്കുന്ന കാഴ്ച, ഭാവനയിൽ കണ്ടപ്പോഴൊക്കെ, ലജ്ജയിൽ മുഖംമുങ്ങി. ദാമ്പത്യത്തിനു ശേഷം, പാഞ്ചാലി ചോദിക്കാവുന്ന കുടുംബവിവരങ്ങൾ തടയാൻ ഞങ്ങൾ നിർബന്ധിതരായി. “പാഞ്ചാലനല്ല എന്റെ ബീജദാതാവു്, യാഗാഗ്നിയിൽ, വളർച്ചയെത്തിയ പെണ്ണുടലോടെ ഉയർന്ന ദേവസ്ത്രീ ഞാൻ” എന്നു് സ്വയം അവൾ പരിചയപ്പെടുത്തുമ്പോൾ, ‘പാണ്ഡുവല്ല ഞങ്ങളുടെ പിതാവു്’ എന്നു് സമാനബോധത്തോടെ എങ്ങനെ ഞങ്ങൾ ഐക്യപ്പെടും? സ്വീകാര്യ പദാവലിയിൽ, ഞങ്ങളെങ്ങനെ പാണ്ഡവർ ആയി എന്നു് വിശദീകരിക്കേണ്ടി വന്നപ്പോഴൊക്കെ, കർണ്ണൻ നേരിട്ട അസ്തിത്വഅവഹേളനം ഞങ്ങളും നേരിട്ടു. ‘ഒരു പക്ഷേ, കൂടുതൽ.’ കാരണം ഉണ്ടു്. ശ്രോതാക്കൾ കർണ്ണനോടു് കരുണ കാട്ടി. ഞങ്ങളോടു് വിവരം തേടിയതോ, നിന്ദിക്കാനായിരുന്നു. ആരാണു് നിങ്ങൾ എന്നു് അഭിമന്യുവിനോടു് വഴിയമ്പലങ്ങളിൽ ചോദിക്കുമ്പോൾ “ഞാൻ അർജ്ജുനന്റെ മകൻ അഭിമന്യു” എന്നഭിമാനത്തോടെ പറഞ്ഞിരുന്നവനോടെനിക്കു് അസൂയ തോന്നി. ഞങ്ങളഞ്ചു പേർക്കു് ‘പാണ്ഡവർ’ എന്നതൊരു മേനി പറയാവുന്ന കുടുംബനാമമായിരുന്നില്ല, കുറ്റസമ്മതത്തിനുള്ള പ്രതിക്കൂടായിരുന്നു!”
“അഞ്ചുപേരും കൊല്ലപ്പെടുന്ന അസാധാരണ സാഹചര്യം ഉണ്ടായാൽ, അകാലവൈധവ്യം എങ്ങനെ നിങ്ങളുടെ യുദ്ധാനന്തരഭാവിജീവിതത്തെ ബാധിക്കുമെന്നാണ് ഒറ്റക്കിരിക്കുമ്പോൾ സങ്കല്പ്പിക്കുന്നതു?”, കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു, “പാഞ്ചാല രാജ്യത്തിലേക്കു് അഭയം തേടി മടങ്ങുമോ?”
“പാണ്ഡവ വംശനാശം ഭാവിജീവിതസാധ്യതകളെ പ്രതികൂലമായി ബാധിക്കാനാവാത്തിടത്തോളം സജീവമായൊരു ആന്തരികജീവിതം ഞാനെന്നിൽ എന്നോ വളർത്തിയതു് ഇനിയും തുണയാകുമെന്നു തന്നെയാണു് ഊഹിക്കുന്നതു്. യുദ്ധജേതാക്കൾ എന്നെ അടിമയാക്കുന്ന ദാരുണരംഗവും വിഭാവന ചെയ്യാറുണ്ടു്. ആരാധകരെ നിരാശപ്പെടുത്താതിരിക്കാൻ, വേണ്ടിവന്നാൽ, പുനർവിവാഹവും ബഹുഭർതൃത്വവും പരിഗണിക്കും. കുരുക്ഷേത്രവിധവയുടെ വിവാഹസൽക്കാരം ‘ഹസ്തിനപുരി പത്രിക’യിലൂടെ ലോകത്തെ അറിയിക്കാൻ കണ്ണും തുറന്നു കൂട്ടുകാരനൊപ്പം ഉണ്ടാവില്ലേ നിങ്ങളും?”, പാണ്ഡവർക്കു് പിറ്റേന്നു് പോർക്കളത്തിൽ ധരിക്കാനുള്ള സൈനികവസ്ത്രങ്ങൾ ശ്രദ്ധാപൂർവ്വം ഒരുക്കുകയായിരുന്നു പാണ്ഡവ പാളയത്തിൽ ദ്രൗപദി.
“പാണ്ഡവബാധ്യത എന്തിനു പാഞ്ചാലി ചുമക്കണം?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ആറംഗ പാണ്ഡവസംഘം നീണ്ടയാത്രക്കൊരുങ്ങുന്ന നേരം.
“ശിക്ഷ ബഹുഭർത്തൃത്വത്തിന്റെ ഗുണഭോക്താവു് എന്ന ഗുരുതര പ്രശ്നത്തിലല്ലേ, നിയമവാഴ്ചയുള്ള പരിഷ്കൃതസമൂഹമല്ലേ ഹസ്തിനപുരി! പുരുഷന്മാർക്കു് മാത്രം പ്രവേശനമുള്ള ചൂതാട്ട സഭയിൽ അനുമതിയില്ലാതെ രാത്രി ഇടിച്ചുകയറുമ്പോൾ, അറിയാമോ, പ്രകോപനപരമായ രീതിയിൽ അല്പവസ്ത്രയുമായിരുന്നു! അതിന്റെ പ്രലോഭനഉള്ളടക്കം നീതിപതി കണക്കിലെടുത്തു. സാഹചര്യത്തെളിവുകൾ വേണ്ടത്ര! സദാചാരപ്രിയരായ കൗരവരുടെ സംതൃപ്തകുടുംബത്തിൽ അവിഹിതബന്ധത്തിന്റെ വിള്ളലുണ്ടാക്കാൻ ഗൂഢരാഷ്ട്രീയ ലക്ഷ്യം സംശയിച്ചപ്പോൾ, നീതിപതി നാരായവും പനയോലയും കയ്യിലെടുത്തു. നിസ്വയും പണയവസ്തുവുമെന്ന നിലയിൽ പൗരാവകാശം മരവിപ്പിക്കപ്പെട്ട പ്രതിക്കു് കുറ്റസമ്മതത്തിന്റെയോ പ്രതിരോധത്തിന്റെയോ അവസരം പിന്നീടു് കൊടുക്കേണ്ടിവന്നില്ല. സ്ത്രീ എന്ന നിലയിലവൾക്കു രാജാവു്, (അവന്റെ സൗജന്യം നമിക്കപ്പെടട്ടെ), വധശിക്ഷ ഇളവു് നൽകി. ഹസ്തിനപുരി കാരാഗൃഹത്തിൽ അവളുടെ സാന്നിധ്യസാധ്യത മറ്റു കുറ്റവാളികൾക്കിടയിൽ മോശം സ്വാധീനമെന്നുവിലയിരുത്തിയ നീതിപതി, പാണ്ഡവർക്കൊപ്പം, കാട്ടിലേക്കയക്കാൻ വിധിച്ചു. ഒരു കരുതൽനിരീക്ഷണവള കാലിൽ ഞാൻ അണിയിക്കും. അല്ല, ഇതിലൊക്കെ നിങ്ങൾക്കാദ്യമേ കണ്ടല്ലോ പ്രതിക്കനുകൂലമായ പ്രതിരോധനിർമ്മിതി? കുരുവംശ പൈതൃകം മറന്നൊരു ഇരവാദവും പത്രപ്രവർത്തകരിൽ വേണ്ട, നഷ്ടപ്പെടാൻ സൗജന്യവസതിയും ഊട്ടുപുരയിൽ മൂന്നുനേരം പൊരിച്ച കാളയിറച്ചി കൂട്ടി വയർനിറയെ കനലിൽ ചുട്ടെടുത്ത ചൂടപ്പവും!”
“അനുജന്റെ ഭാര്യയെ അപഹരിക്കാൻ, കുറുക്കുവഴിതേടിയ യുധിഷ്ഠിരൻ, തന്ത്രപരമായ സമവായനീക്കത്തിൽ എത്തിയപ്പോൾ, പാഞ്ചാലിയെ ഇന്ദ്രപ്രസ്ഥം റാണിപദവി കൊടുത്തു കൂടെക്കൂട്ടി. മറ്റുനാലു സഹോദരന്മാരോടു് കൂട്ടുദാമ്പത്യത്തിന്റെ ചട്ടംപാലിക്കാതെ ‘ശല്യക്കാരനായ വ്യവഹാരി’യായി എന്നറിയപ്പെട്ടിരുന്നല്ലോ. ഹസ്തിനപുരി രാജാവായശേഷം രാജസഭയിൽ, ആളെങ്ങനെ? സ്വയം തിരുത്തിയ മാന്യൻ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“സിംഹാസനത്തിന്നരികെ എനിക്കു ഒരിരിപ്പിടമൊക്കെ തയ്യാറാക്കിയിരുന്നു. സഭാനടപടി നിരീക്ഷിക്കാൻ സാവകാശം തരാതെ, നിസ്സാരചോദ്യങ്ങൾ ചാർവാകനോടെറിഞ്ഞു സുഗമചിന്താനീക്കത്തെ തടസ്സപ്പെടുത്തും. സഭനിയന്ത്രിക്കുന്ന വിദുരർ കൃത്രിമമെന്നു തോന്നിപ്പിക്കുന്ന ഔപചാരികതയോടെയെങ്കിലും അംഗങ്ങളെ സംസാരിക്കാൻ ക്ഷണിക്കും. പരിഭ്രമത്തോടെ ക്ഷണിതാക്കൾ പ്രഭാഷണം തുടങ്ങുമ്പോൾ, നിർമ്മര്യാദകരമായ അവഗണനയോടെ കഴുത്തുനീട്ടി, നിസ്സാരവും സന്ദർഭത്തിനു യോജിക്കാത്തതുമായ ചോദ്യങ്ങൾ കൊണ്ടെന്നെ വിറളിപിടിപ്പിക്കും. കൂർത്ത നോട്ടത്താൽ ഞാൻ യുധിഷ്ഠിരനെ വനവാസക്കാലത്തു നിശ്ശബ്ദനാക്കിയിരുന്നുഎങ്കിൽ, കുരുവംശ ചെങ്കോൽ കിട്ടിയതോടെ എളുപ്പത്തിലൊന്നും അവൻ പിൻവാങ്ങുകയില്ല. ഉന്നതാധികാര സമിതിയിൽ മറ്റുനാലു പാണ്ഡവർ എന്തൊക്കെ എതിർനിർദേശങ്ങൾ കൊണ്ടുവരാനിടയുണ്ടെന്നു് ആലോചിച്ചുണ്ടാക്കി, പിന്തുണ ഒരവകാശംപോലെ ആവശ്യപ്പെടും. മൗനം സമ്മതമെന്ന നിലയിൽ യോഗത്തിൽ എന്റെ സാന്നിധ്യം ഹീനമായി ദുരുപയോഗം ചെയ്തു മറ്റുപാണ്ഡവർക്കെതിരെ വൻമതിലുകൾ തീർക്കും!”
“അല്ല, ഇതെന്നു് തുടങ്ങി, സായാഹ്നയാത്ര? ഭീഷ്മർ കൗരവ സർവ്വസൈന്യാധിപൻ ആവുമെന്നു ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴും, വൈകുന്നേരം വഴിനടക്കുമ്പോൾ പിതാമഹനു കൈത്താങ്ങായി പെൺചുമൽ?”, സായാഹ്നയാത്ര ക്രമീകരിക്കുന്ന ദുര്യോധനവധുവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധ മേഘങ്ങൾ നിറഞ്ഞ ആകാശം.
“പിറന്നാൾ (പിതമഹന്റെ വയസ്സു് മാത്രം ആരും പറയരുതേ!) ആഘോഷിച്ചപ്പോൾ, ഒറ്റക്കിനി വഴിനടക്കരുതെന്നു കരുതലോടെ ദുര്യോധനൻ നിർദേശിച്ചു. പുതുതലമുറ കൗരവരാജകന്യകകൾ ‘ആജീവനാന്തബ്രഹ്മചാരി’ക്കു സന്നദ്ധതോളുകളുമായി കൂടെനടക്കാൻ, ബാഹ്യപ്രേരണയില്ലാതെ തന്നെ സ്വയം മുന്നോട്ടുവന്നു. ഉഷ്ണമുള്ളപ്പോൾ പനയോലവിശറി വീശാൻ, തൊട്ടുരുമ്മി സ്നേഹവിരുന്നു് വിളമ്പാൻ, കിടപ്പറയിൽ വ്യക്തിഗതസൌകര്യങ്ങൾ ഒരുക്കാൻ, നൈഷ്ഠികബ്രഹ്മചാരിയുടെ വിശ്വവിഖ്യാതി നേടിയ മനോനിയന്ത്രണം തുടർന്നും ഉറപ്പുവരുത്താൻ, രാത്രി സഹശയനത്തിനും! എന്നതാണു് ചാരിതാർഥ്യം. ഗംഗേയനായ ദേവദത്തന്റെ യുദ്ധകാല സഹകരണത്തിനു് കൌരവർ ഒന്നടങ്കം രാവുപകൽ വ്യക്തിഗതപരിലാളന കൊടുക്കുന്നു എന്നു് ചാർവാകൻ വാത്സല്യത്തോടെ നന്ദിപറഞ്ഞു പിരിഞ്ഞതേയുള്ളു. സമാനസാഹചര്യത്തിൽ പാഞ്ചാലിക്കാവുമോ, പിതാമഹനെ പരിപാലിക്കാൻ? യുദ്ധകാലാടിസ്ഥാനത്തിൽ പരിലാളിക്കാൻ!” ഭീഷ്മചലനങ്ങൾ കൊട്ടാരം ലേഖിക നോക്കുമ്പോൾ, ദുര്യോധനവധു കൃത്യതയോടെ പറഞ്ഞു.
“വിദേശആക്രമണമോ ആഭ്യന്തര കലാപമോ ഇല്ലാതെ, ദശാബ്ദങ്ങൾ യുധിഷ്ഠിരനേതൃത്വത്തിൽ ഹസ്തിനപുരി ഐശ്വര്യത്തിലെത്തി. കൂടെനിന്ന നിങ്ങൾക്കെന്തു ‘പാരിതോഷികം’ തന്നു?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“ദേശരത്ന പുരസ്കാരം നേടിയ നിർവൃതിയിൽ യുധിഷ്ഠിരൻ പറഞ്ഞു, കൊട്ടാരസമുച്ചയം നിന്റെ പേരിലാക്കട്ടെ? കുരുവംശ പൈതൃകസ്വത്തിൽ ഒരു ‘കാലഘട്ട’ കൈവശാവകാശം മാത്രമല്ലെ നമുക്കിടയിൽ നിയമാനുസൃതം ഉണ്ടാവൂ, അതെങ്ങനെ ഇടവേള സംരക്ഷകനായ നിങ്ങൾ, ഭാര്യയുടെ പേരിൽ ജന്മം ചാർത്തിത്തരും എന്നു് ഞാൻ തിരിച്ചുചോദിച്ചു. മർത്യജീവിതത്തിലെ കടങ്ങളെയും കടപ്പാടുകളെയും കാലാകാലം വീട്ടാൻ ബാധ്യസ്ഥനായ ഞാൻ മുന്നോട്ടുവയ്ക്കുന്ന നിർദേശത്തെ നീ ‘കാലഘട്ട’ങ്ങളിലേക്കു പരിമിതപ്പെടുത്തുകവഴി ഇനിയൊരു മനുഷ്യജന്മം കൂടി വേണ്ടിവരില്ലേ ഈ ജീവിതത്തിലെ കെട്ടുപാടുകൾ നീക്കാൻ എന്നു് വിതുമ്പി നെറ്റിയിൽ വിരലുകളൂന്നി സിംഹാസനത്തിൽ നിന്നു് എഴുനേറ്റു.”
“ഇതെന്താണു് നിങ്ങൾ മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയെ ഈ കാട്ടുകുടിലിൽ പരുക്കൻ ചുവരിലേക്കു് മുഖംതിരിപ്പിച്ചു മുട്ടിൽ നിർത്തിയിരിക്കുന്നതു?”, ധാർമികരോഷത്തിൽ കൊട്ടാരം ലേഖികയുടെ ശബ്ദം ഉച്ചത്തിലായി.
“നിത്യവും പേക്കിനാവു് കണ്ടുണരുന്ന തിന്മ എന്നു ശപിച്ചു കൊണ്ടാണു് ദുര്യോധനനെ ഇന്നു് യുധിഷ്ഠിരൻ അപമാനിച്ചതു്. അടിമ, ഉടയോനെകുറിച്ചു് പാടേണ്ട പാട്ടല്ല അതു്. ചിന്തയിൽ നിങ്ങൾക്കു് അവിശ്വസ്തത കാണിക്കാം, പക്ഷേ, വാക്കിലും പ്രവർത്തിയിലും അടിമക്കു് ഒരു ചിന്നതാക്കീതു്! അതും വൈകുന്നേരം വരെ. പിതൃസ്ഥാനത്തു് നിൽക്കുന്ന ആളല്ലേ”, പാഞ്ചാലിയുടെ സ്വരത്തിൽ കനിവു് കലർന്നു.
“അധിക്ഷേപിക്കുന്ന കാര്യത്തിൽ, അവസരം കിട്ടുമ്പോൾ മോശമൊന്നുമല്ല എന്നു് ആറുപേരും തെളിയിച്ചിട്ടുണ്ടെങ്കിലും, ഉള്ളിൽ തട്ടുംവിധം അവഹേളന പരാമർശത്തോടെ പാണ്ഡവരിൽ ആരെങ്കിലും പെരുമാറിയ സംഭവം, ഒന്നോർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാല ദൈന്യത. പാഞ്ചാലി ഹൃദയം തുറക്കുന്ന ദിനങ്ങൾ.
“തനിക്കുമാത്രം സ്വന്തമെന്നർജ്ജുനൻ കരുതിയ എന്റെ ഉടലിൽ, മറ്റു പാണ്ഡവർക്കു ലൈംഗിക അവകാശം ഞാൻ, ആരുടെയും അനുമതി തേടാതെ, അനുവദിച്ചപ്പോൾ തുടങ്ങിയ മോഹഭംഗമെന്നറിയാമെങ്കിലും, ഓർമ്മയിൽ കിടന്നുപുളയുന്ന ഒന്നുണ്ടു്. ഇളമുറ സഹദേവനോടു് ആളോഹരിയിൽ കവിഞ്ഞു ഉടൽപരിലാളന ഞാൻ കാണിക്കുന്നു എന്നു് പരിദേവനം ചെയ്യുന്ന ശപിക്കപ്പെട്ട ആ ദിനങ്ങളിൽ, അർജ്ജുനൻ എനിക്കുനേരെ വിരൽചൂണ്ടി മറ്റുനാലുപേരോടു് പറഞ്ഞു, “ആരോഗ്യമുള്ള എന്റെ ഉടൽ പാഞ്ചാലിക്കു് ഞാൻ എന്നോ നിരുപാധികം വിട്ടുകൊടുത്തതാണു്. ആനന്ദസ്രോതസ്സായി. അതു പ്രയോജനപ്പെടുത്തേണ്ടതു് അവളുടെ താൽപ്പര്യം!” ആ ഒരു പരാമർശം മതിയായി അർജ്ജുനന്റെ പൊങ്ങച്ചശരീരം എന്നെന്നേക്കുമായി എനിക്കു് അനിഷ്ടമാവാൻ.”
“പാണ്ഡവരോ സുരക്ഷാഭടന്മാരോ കൂടെയില്ലാതെ, ഇതെന്താ ഒറ്റയ്ക്ക്, കാടുമൂടിയ ശവക്കോട്ടയിൽ, മഹാറാണി അതിരാവിലെ?”, കൊട്ടാരം ലേഖിക ചോദിച്ചു. മൂടൽമഞ്ഞും തണുപ്പും നിറഞ്ഞ ശിശിരകാലം, യുദ്ധാനന്തര ഹസ്തിനപുരി.
“കുറ്റബോധം സഹിക്കാനാവാതെ ഉറക്കം നഷ്ടപ്പെടുന്ന രാവിനുശേഷം, ശിരോവസ്ത്രം ധരിച്ചു ആരോരുമറിയാതെ നടന്നു ഞാൻ ഇവിടെയെത്തും. ആദ്യസമാഗമം മുതൽ ആഴത്തിൽ പ്രണയിക്കയും, പാണ്ഡവർ എന്നെ അർഹിക്കുന്നില്ല എന്നു് ഉറച്ചുവിശ്വസിക്കയും, വന്യവും, എന്നാൽ മനുഷ്യസഹജമായ വികാരാവിഷ്കാരത്തിനു് വേണ്ടി എന്നിൽ ആധിപത്യം പുലർത്തുകയും ചെയ്തരുടെ അന്ത്യവിശ്രമസ്ഥലിയിൽ ഹൃദയപൂർവ്വം സമർപ്പിക്കട്ടെ ഞാൻ, വെള്ളം സ്വയംനനച്ചു പരിപാലിക്കുന്ന ഉദ്യാനത്തിൽ വിരിഞ്ഞ ഈ പൂക്കൾ.” അന്തരീക്ഷത്തിൽ മൂടൽമഞ്ഞു നീങ്ങി തെളിവെയിൽ വീണു. വസന്തകാലത്തിന്റെ ആവേശകരമായ സുഗന്ധം ചിതറി, കഥാവശേഷരായ കൌരവർക്കു നേരെ മഹാറാണി പൂക്കൾ എറിഞ്ഞു. ശവക്കോട്ടക്കു് പുറത്തു, ശിരസ്സു് ഭാഗികമായി മൂടിയ ചാരവകുപ്പുമേധാവി നകുലൻ, ശ്വാസം അടക്കിപ്പിടിച്ചു ചെവിയോർത്തു.
“എന്തായിരുന്നു പാണ്ഡവർ നവവധുപാഞ്ചാലിയുടെ മുമ്പിൽ വച്ച ആദ്യത്തെ അന്യായ ആവശ്യം? എങ്ങനെ അവൾ അതു് നേരിട്ടു?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. അർജ്ജുനസ്വയംവരം കഴിഞ്ഞു, പാണ്ഡവകുടുംബം ഹസ്തിനപുരിയിൽ, ഇടവേള.
“അങ്ങനെ ഞെട്ടലൊന്നും അവളിൽ കണ്ടില്ല. അർദ്ധസഹോദരർ എന്ന നിലയിൽ എല്ലാം പതിവു കായിക വിനോദമായി ഉടൽ കാണാൻ മുതിർന്ന പാണ്ഡവർ അവളിൽ ദുഷ്പ്രേരണ ചെലുത്തിയോ. എതിർക്കാതെ അവൾ സഹകരിച്ചു് നേതൃത്വം ഏറ്റെടുത്തുവോ. ഇഷ്ടഭക്ഷണം ഇഷ്ടവസ്ത്രം എന്ന പോലെ ഇഷ്ടവസതി കിട്ടാൻ വിനോദങ്ങളിലൂടെ വിശാലവ്യക്തിബന്ധം വികസിക്കും എന്ന ബോധ്യമായിരുന്നുവോ പരിഷ്കൃത പാഞ്ചാലിയുടെ സ്വഭാവ മഹിമ? ദ്വാരകനാഥൻ എത്ര കുലീനമായ രീതിയിൽ ആയിരുന്നു അതൊക്കെ ചെയ്തതു്.! അല്ല, നിങ്ങൾ എന്നു തുടങ്ങി ഇഷ്ടപ്പെട്ട രീതിയിൽ ഇത്തരം വാർത്താസംഭരണം?”
“കായികക്ഷമതയില്ലാത്ത ഭർത്താവിനെ മൂകസാക്ഷിയാക്കി, രണ്ടുഭാര്യമാർ അവിഹിത ബന്ധത്തിൽ അഭിരമിച്ചുണ്ടായ വ്യത്യസ്തയിനം സന്തതികൾ, സ്വാർത്ഥലാഭത്തിനു സംഘടിച്ച കുറ്റവാളികൂട്ടായ്മയാണു് പാണ്ഡവർ എന്ന ദുര്യോധന നിരീക്ഷണമാണല്ലോ ഹസ്തിനപുരി അടയാളപ്പെടുത്തുന്നതു്. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.
“കൊള്ളാം!, ഒറ്റശ്വാസത്തിൽചോദിച്ചു, പാണ്ഡവപിതൃത്വത്തിന്റെ ആണിവേരിൽ, ആരോപണത്തിന്റെ കുന്തമുന എറിയരുതു്. വാചികപരിശീലനം തുടരൂ. വേദിയിൽ നാടകീയമായി കൈകൾ ഉയർത്തി ചോദിച്ചാലും, അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നു് എടുത്തുചാടി വ്യക്തമാക്കാൻമാത്രം പ്രകോപിതനാവില്ല, നാം അറിയുന്ന കൌരവരാജകുമാരൻ.”
“സൈനികമായി സഹായിക്കാൻ തയ്യാറായ രാജവംശങ്ങൾ, യുധിഷ്ഠിരനോടുള്ള ആദരവുകൊണ്ടാണോ അവരുടെ പിന്തുണ? അതോ, പാഞ്ചാലിയോടു ആരാധനയാണോ കാര്യം?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. വിരാട സൈനികപാളയത്തിൽ, പ്രത്യേകദൂതന്മാരെ നിത്യവും ‘നാവടച്ചു’ പുറത്തേക്കയക്കുകയും, പിന്തുണയുമായി വരുന്നവരെ ഇരുചെവികൊടുത്തു സ്വീകരിക്കുകയും ആയിരുന്നു മുതിർന്ന മൂന്നുകൗന്തേയർ.
“പിന്തുണ തന്നവർക്കു നിക്ഷിപ്തതാൽപ്പര്യങ്ങൾ കാണുമല്ലോ. വിരാട ഉദാഹരണം. രാജാവിനെതിരെ അരമനഅട്ടിമറിക്കു ഗൂഢമായി ശ്രമിക്കുകയായിരുന്നു പട്ടാളത്തിൽ കീചകൻ. എക്കാലവും അവനോടു് വ്യക്തിഗത വിശ്വസ്തതയുള്ളവരെ മാത്രം താക്കോൽസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു. ‘ഇര’യാവേണ്ട വിരാടരാജാവു്, കീചകമരണത്തിനുശേഷം പട്ടാളത്തെ ‘ഒന്നുടച്ചുവാർക്കാൻ’ മോഹിക്കുന്നുണ്ടു്. ആ വിധം കുരുക്ഷേത്ര, അനാവശ്യ സൈനിക ഉന്മൂലനം ഒരു സൗകര്യഇടമായി കാണുന്നു. യുദ്ധംകഴിയുമ്പോൾ പിന്തുണ തന്നവരുടെ മാത്രമല്ല, പിന്തുണനേടിയ പാണ്ഡവരിലും ‘ചെമ്പു തെളിയും’. ആരുടെ ഗൂഢ താൽപ്പര്യമാണു് യുദ്ധത്തിൽ പൂവണിഞ്ഞതു്!”
“അർജ്ജുനനെ കുടുക്കാൻ കഴിയാത്തതുകൊണ്ടായിരുന്നോ, നിരായുധഅഭിമന്യുവിനെ കുത്തി മലർത്തിയതു?”, അതിസുരക്ഷാവലയത്തിനുള്ളിൽ, ഏതുനിമിഷവും പാണ്ഡവതിരിച്ചടി പ്രതീക്ഷിക്കയായിരുന്ന കൗരവപോരാളി കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര. രാത്രി.
“കുരുന്നുപോരാളി അഭിമന്യു! പത്മവ്യൂഹത്തെക്കുറിച്ചു ‘മുറിവൈദ്യ’നായിരുന്നു! അറിവില്ലാത്തവന്റെ സാഹസികത കൂടുതൽ കുഴപ്പം ഉണ്ടാക്കുംമുമ്പു് വേണ്ടപോലെ ‘കൈകാര്യം’ ചെയ്തു് ഭൌതികാവശിഷ്ടം, ചക്രവ്യൂഹത്തിന്നപ്പുറത്തേക്കു എറിഞ്ഞു കൊടുക്കുകയെന്ന കർത്തവ്യം ഞാൻ കാര്യക്ഷമതയോടെ നിർവ്വഹിച്ചല്ലോ. നേരിട്ടുവന്നു പോരാടാതെ രാവിലെ മുതൽ പാതാളഗുഹയിൽ ഒളിഞ്ഞിരിക്കയായിരുന്ന പാണ്ഡവർ, ഭൗതികാവശിഷ്ടങ്ങൾ പെറുക്കിക്കൊണ്ടുപോയി എന്നതു്, അതാ പുഴയോര ചിത കണ്ടാൽ അറിയില്ലേ? ആദ്യ‘പാഠം’ പഠിക്കാൻ യുധിഷ്ഠിരൻ അൽപ്പം വൈകി., മീശമുളച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളെ മുമ്പിൽനിർത്തി പോർക്കളത്തിൽ സുരക്ഷാകവചം സൃഷ്ടിക്കുന്ന ഭീരുപാണ്ഡവർ ഇനി അത്തരം വിടുപണി ശ്രമിക്കരുതു് എന്ന ദുര്യോധനതാക്കീതു് ആരും മറക്കരുതു്!!” പാളയത്തിനുള്ളിൽ നാലു പാണ്ഡവർ, എവിടെ അർജ്ജുനസാന്നിധ്യം എന്നു വിറയ്ക്കുന്ന നേരം.
“സത്യമായും യുദ്ധം നീ കുരുക്ഷേത്രയിൽ ജയിക്കും എന്നു ഞാനുറപ്പു തരാം, പകരം അർദ്ധസത്യവാൻ എന്ന പട്ടം നീ ഏറ്റെടുക്കുമെങ്കിൽ”, കാലൻ ധർമ്മപുത്രരോടു്.
“കുപ്രസിദ്ധമായ യുധിഷ്ഠിരഎളിമയിൽ മുട്ടുകുത്തി വാദിച്ചിട്ടും, ഒരു തരി വിശ്വാസം ദുര്യോധനമുഖത്തു തെളിഞ്ഞുകാണുന്നില്ലല്ലോ, എങ്ങനെ പിന്നെ നാലഞ്ചു പാണ്ഡവർ തെളിയിക്കും, ചെങ്കോലിനു മൂപ്പിളമ ഒന്നാംസ്ഥാനം?”, കൊട്ടാരം ലേഖിക ചോദിച്ചു. അനുജന്റെ ഭാര്യയെ സ്വന്തമെന്നു പ്രഖ്യാപിക്കാൻ കുന്തിയെ കരുവാക്കിയശേഷം, പാഞ്ചാലയിൽനിന്നും ഹസ്തിനപുരിയിലെത്തിയ യുധിഷ്ഠിരൻ കിരീടാവകാശവുമായി കൗരവരുടെ അരമനമുറികളിൽ ചുറ്റിക്കറങ്ങുന്ന അശാന്തദിനങ്ങൾ.
“പിതാമഹൻ, ധൃതരഷ്ട്രരു് ഗാന്ധാരി, കൃപാചാര്യർ, വായപോകാത്ത ‘കൊട്ടാരം കോടാലി’കൾക്കു് നേരത്തേ അറിയാമായിരുന്നല്ലോ, മുനിശാപഭീതിയിൽ രാജപദവി ‘താൽക്കാലികമായി സ്ഥാനത്യാഗം’ ചെയ്ത പാണ്ഡു, തിരഞ്ഞെടുത്ത വനവാസക്കാല കാട്ടുകുടിലിൽ ആയിരുന്നു എന്റെ പിറവി. കുന്തി പ്രവചനസ്വഭാവത്തോടെ, പരപുരുഷസംഗമത്തിൽ എനിക്കു് നേരത്തെ ഭാഗ്യജന്മം തന്നതിൽ, തിരിഞ്ഞുനോക്കുമ്പോൾ, നേരിയ തോതിലെങ്കിലും അഭിമാനിക്കുന്നു. ആരാണാ ഭാഗ്യപ്പിറവിയുടെ ബീജദാതാവു്? കാലൻ എന്നു് പരുക്കൻമൊഴിയിൽ കുടിലകൗരവരും, ധർമ്മദേവൻ എന്നു് ‘ഗ്യാനി’കളും പരാമർശിക്കുന്ന പ്രശസ്തആകാശചാരി! കുന്തിയുടെ ഈറ്റില്ലത്തിനപ്പോൾ കാവൽനിന്ന ദൈവദൂതന്മാർ അയൽപക്ക സന്യസ്തർക്കുമുമ്പിൽ കൊണ്ടാടി, “ഇവൻ അന്ത്യരക്ഷകൻ, ഹസ്തിന പുരിയിൽ വരാനിരിക്കുന്ന പാണ്ഡു വംശ സ്ഥാപകൻ”. മൃദുവായിഇതൊക്കെ അറിയാനും അടയാള പ്പെടുത്താനും വേണം പ്രപഞ്ച ബോധമുള്ള ഉൾക്കാഴ്ച, എന്നാൽ അതുണ്ടോ അധികാരമോഹിമാത്ര മായ ദുര്യോധനനു്?” കുരുവംശത്തിന്റെ അനുബന്ധ പ്രവിശ്യ, ഖാണ്ഡവപ്രസ്ഥം എന്ന അതിലോല ആവാസവ്യവസ്ഥ, ഇഷ്ടദാനം വഴി സ്വന്തമാക്കാൻ പാണ്ഡവർ ശ്രമിക്കുന്ന നേരം.
“അതിവൈകാരികമായോ അനുശോചനം?”, കൊട്ടാരം ലേഖിക ദുര്യോധനവധുവിനോടു് ചോദിച്ചു. ബലിദാനിയുടെ ഓർമ്മദിനം പാണ്ഡവഭരണകാല ഹസ്തിനപുരി.
“ഒന്നിലധികം പങ്കാളികളിൽ ഒരാൾ മാത്രം ആയിരുന്നുവോ അവൻ? അവിഹിതബന്ധങ്ങളിൽ അഭിരമിക്കുന്നവൻ? രക്ഷാകരവും, കൂടെ ചേർത്തു് നിർത്തുന്നതും ആയ ഭർതൃസ്നേഹത്തിന്റെ ആൾരൂപം അവൻ എന്നവകാശപ്പെടുന്നതു, കൂടെകിടന്നിരുന്ന ഞാനല്ലേ!”
“സ്വയം സംഭരിക്കണോ ഇത്രയും പൂക്കൾ?, ഭീമൻ നിങ്ങളെ തുണക്കില്ലേ?” കൊട്ടാരം ലേഖിക ചോദിച്ചു.
“ഈ പുതുപുഷ്പങ്ങൾ ഞാൻ സ്വയംവേണം സംഭരിക്കാൻ. പ്രിയപ്പെട്ടവന്റെ ഓർമ്മപ്പെരുന്നാളിനു്, ഭീമനാൽ കൊലചെയ്യപ്പെട്ട കീചകനെ എന്റെ അന്തപുരത്തിലെ സ്നേഹക്കൂടിൽ കുടിയിരുത്തി ആരാധിക്കാൻ.”
“പാണ്ഡവരുമൊത്തു നിങ്ങളുടെ ബഹുഭർത്തൃത്വ ദാമ്പത്യത്തിൽ പാണ്ഡവ മാതാവു് ഒഴിവാക്കപ്പെടേണ്ട ബാധ്യതയെന്നു തിരിച്ചറിഞ്ഞതു് എപ്പോഴായിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു, “സ്വയംവരം കഴിഞ്ഞു നിങ്ങൾ ഏഴുപേരും ഹസ്തിനപുരി നഗരാതിർത്തിയിലുള്ള കുരുവംശ അതിഥിമന്ദിരത്തിൽ കഴിഞ്ഞ ആഘോഷദിനങ്ങൾ എനിക്കു് അഭിമുഖങ്ങളിലൂടെ കുറെയൊക്കെ വ്യക്തമാണെങ്കിലും, ഇഷ്ടദാനം കിട്ടിയ ഖാണ്ഡവപ്രസ്ഥത്തിലേക്കു കുടിയേറ്റക്കാരായി നിങ്ങൾ പോവുമ്പോൾ, ആറുപേരേയുള്ളു കുന്തിയില്ല. എങ്ങനെ നിങ്ങൾ വിശദീകരിക്കും?”, ഇന്ദ്രപ്രസ്ഥത്തിൽ പാഞ്ചാലി, ചക്രവർത്തിനീപദവി തട്ടിയെടുത്ത സംഘർഷദിനങ്ങൾ.
“ആ ഇടക്കാലകാലത്തുണ്ടായ പ്രശ്നം, തുടങ്ങിവച്ചതും, അതിവേഗം പരിണമിച്ചു പരസ്പരം ഞങ്ങൾ, കണ്ടാൽ മിണ്ടാതാവുന്ന സ്ഥിതിയിലെത്തിച്ചതും ആരെന്നു നിങ്ങൾതന്നെ കണ്ടുപിടിക്കൂ. പാഞ്ചാലിയുടെ ഉടൽദാഹം ശമിപ്പിക്കാൻ നാലുപാണ്ഡവരെ ഞാനവൾക്കു വെള്ളിത്തളികയിൽ സമ്മാനിച്ചതാനെന്റെ തെറ്റു് എന്നർത്ഥം വരുന്നൊരു ശാപ പ്രസ്താവന ശ്രദ്ധയിൽപെട്ടപ്പോൾ ഞാൻ, ഇനിയവളെ സഹിക്കാൻ വയ്യ എന്ന തിരിച്ചറിവിൽ ഒറ്റക്കു കിട്ടിയപ്പോൾ നേരിട്ടു. അവളുടെ പ്രതികരണം പതിവുപോലെ മുനവച്ചതും ശുഷ്കവുമായി തോന്നി. സന്മനസ്സില്ലാത്ത ഈ അവസ്ഥയിൽ എന്തിനു കഠിന സാഹചര്യങ്ങൾ നേരിടാനിരിക്കുന്ന കുടിയേറ്റത്തിനു കുന്തി ഞങ്ങൾക്കൊപ്പം വരണം എന്ന മറുചോദ്യം അവൾക്കുമുമ്പിൽ എറിഞ്ഞു പിടിപ്പിക്കാൻ എനിക്കപ്പോൾ സാധിച്ചു എന്നതിൽ ആയിരുന്നു, ഞങ്ങൾ പടിയിറങ്ങും മുമ്പുഅവൾ പിന്നീടു് എനിക്കെതിരെ അന്തഃപുരത്തിൽ ആക്രമണമുറ ഒരുക്കിയതു്. ശന്തനുഭാര്യ ഗംഗയെ പോലെ, പാണ്ഡവബീജങ്ങളിൽ ജനിച്ച എന്റെ നവജാതശിശുക്കളെ പാഞ്ചാലി പുഴയിലൊഴുക്കുന്നതും ഹസ്തിനപുരി അന്തഃപുരവാസികൾക്കു ഇനിയുള്ള വർഷങ്ങളിൽ കാണാനാവും എന്ന പ്രവചനം അവൾ നടത്തിയതായി ഞാൻ അറിഞ്ഞു. അപ്പോഴാണു്, തരം കിട്ടിയാൽ യമുനയിൽ മുക്കിക്കൊല്ലേണ്ടതു് ആരെ എന്നു് ഞാൻ കടന്നുചിന്തിച്ചതും!”
“ഇന്ദ്രപ്രസ്ഥം രാജസൂയപദവി വഹിച്ച യുധിഷ്ഠിരൻ കാൽനൂറ്റാണ്ടിനു ശേഷം ഹസ്തിനപുരി രാജപദവി എത്തിയപ്പോൾ, ആളാകെ ചുരുങ്ങിപ്പോയോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു, പദവി നേടിയെടുത്തതൊക്കെ ഒറ്റയ്ക്കു് എന്നമട്ടിൽ, ആദ്യദിനങ്ങളിൽ അവൻ ചെയ്ത പ്രഭാഷണം ആവർത്തിക്കാതിരിക്കാൻ, സഹികെട്ടു ഗദചൂണ്ടി രൗദ്രഭീമൻ ഇടപെട്ടപ്പോൾ, എളിമയിൽ യുധിഷ്ഠിരൻ നീങ്ങും എന്നു് ഞങ്ങളൊക്കെ കരുതിയോ! ഇന്ദ്രപ്രസ്ഥത്തിലേക്കു കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുമ്പോൾ, മുടന്തുന്യായങ്ങൾ പറഞ്ഞു പാഞ്ചാലഭാഗത്തുള്ളവർക്കു അനുമതിനിഷേധിക്കുന്നതു് ആവർത്തിച്ചുകണ്ടിട്ടും, ഒന്നു് രണ്ടു തവണ ചുണ്ടു കൂട്ടിപ്പിടിച്ചു ഞാൻ പ്രതികരിക്കാതിരുന്നു. അപേക്ഷവെട്ടൽ തുടർന്നപ്പോൾ, പായിൽ നേരിട്ടു. പാഞ്ചാലകുടിയേറ്റക്കാർ ആരെങ്കിലും പരാതിയുമായി സമീപിക്കേണ്ട ഗതികേടിൽ നിങ്ങൾ കാര്യങ്ങൾ എത്തിച്ചാൽ, രാജസൂയയാഗത്തിലെ മനുഷ്യത്വരഹിതമായ ‘കർമ്മങ്ങളും ക്രിയകളും’ ഉണ്ടല്ലോ, എല്ലാം ഭീമന്റെ മുമ്പിൽ എണ്ണിയെണ്ണി ഞാൻ പറയുമെന്നു് വിരൽ ചൂണ്ടി. പുരുഷാധിപത്യത്തിന്റെ കൊമ്പുപിന്നെ അവൻ കുലുക്കിയിട്ടില്ല. വിരുന്നുവരുന്ന പഴയ സന്യസ്തരോടു്, കൈപ്പത്തി മലർത്തി വിനയപ്പെടുന്നതു് കേൾക്കാം, ഭൂമിയിൽ പരപ്രേരണയില്ലാതെ ദുരഭിമാനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതാണു് കാലപുത്രനെന്ന നിലയിൽ തന്റെ നേട്ടമെന്നവൻ പറയുമ്പോൾ ഗൗരവപ്രകൃതിക്കാരായ പരിത്യാഗികൾ പോലും പൊട്ടിച്ചിരിക്കും!”. “അതിമാനുഷ കൃത്യങ്ങൾക്കു് നിങ്ങൾ ദൃക്സാക്ഷിയല്ലേ? തിരിഞ്ഞു നോക്കുമ്പോൾ, ദുര്യോധനവധം, ദ്വന്ദയുദ്ധമെന്ന കലയിൽ, ദൃശ്യാനുഭൂതി തന്നോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.
“വിശന്നുവലഞ്ഞ ബകനെ മരം പിഴുതു അടിച്ചു കൊന്നതും, പ്രണയിനിയെ പ്രതീക്ഷിച്ച കീചകനെ ശ്വാസംമുട്ടിച്ചു കൊന്നതും ഐതിഹ്യപ്പെരുമയിൽ പറഞ്ഞുശീലിച്ച ഞാൻ, ദുര്യോധനനെ ഭീമൻ ആക്രമിക്കുന്നതു് കണ്ടു ഞെട്ടി. ഒരു സാമ്യവും ഇല്ലായിരുന്നു പോരാട്ട മികവിനു. ഓരോ ഭീമ ഗദാപ്രഹരവും ഉന്നം തെറ്റി മരക്കുറ്റികളിലും ചളിക്കുഴിയിലും പതിച്ചു. ദുര്യോധനഗദയുടെ പ്രഹര വേദന സഹിക്കാനാവാതെ ഭീമൻ ചളിയിൽ വീണുരുണ്ടു. ‘പ്രമുഖപൗരന്മാർ’ കണ്ടു നിൽക്കുകയാണപ്പോൾ. അതിനിടയിലൊരു സന്ദേശം ആകാശചാരികളിൽ നിന്നു് ആംഗ്യഭാഷയിൽ ഭീമൻ സ്വീകരിക്കുന്ന പോലെ തോന്നിയോ? ഉറപ്പിച്ചു പറയാനാവുന്ന വിധത്തിൽ ഉടൻ ഒരു ഭീമഗദാപ്രഹരം ദുര്യോധനന്റെ അരക്കു താഴെ തുടകൾക്കിടയിൽ പൊട്ടുന്നതും. കണ്ണു് തിരുമ്മി ഞാൻ അവിശ്വാസത്തിൽ മിഴിച്ചുനോക്കിയപ്പോൾ, അതാ, ദുര്യോധനൻ അവശനിലയിൽ കുഴഞ്ഞു വീണു വാവിട്ടു “അമ്മാ, അമ്മാ” എന്നു് നിലവിളിക്കുന്നു. ആ രംഗം കാണാനാവാതെ, കാണികളായി അവിടെനിന്ന അഞ്ചാറുപേർ ഭീമനെയും വാരിപ്പെറുക്കി കിതച്ചു പാളയത്തിലേക്കു് പാഞ്ഞു. പണ്ടു് വസ്ത്രാക്ഷേപത്തിൽ ദ്രൗപദിയെ എന്ന പോലെ, ഒരു ‘പ്രത്യക്ഷം നിർണായക മുഹൂർത്തത്തിൽ’ ഭീമനെ തുണച്ചു എന്നാണെന്റെ സംശയം!” പറഞ്ഞു പറഞ്ഞു ഐതിഹ്യ ലഹരിയിൽ നകുലനും പരവശനായി.
“പ്രണയിനിയിൽനിന്നു പാരിതോഷികങ്ങൾ നേടിയ ഭാഗ്യവാനാണു് നിങ്ങളെന്നു അസഹിഷ്ണുതയോടെ ഭീമൻ പരാമർശിക്കുന്ന അഭിമുഖം കഴിഞ്ഞതേയുള്ളൂ. പ്രായക്കൂടുതലുള്ള കൗന്തേയരെ തഴഞ്ഞു മാദ്രിക്കുട്ടികളെ ‘ആളോഹരി’യിൽ കവിഞ്ഞു ‘പ്രണയിനി’ ഓമനിച്ചു എന്നു് വ്യക്തം. അതുകൊണ്ടൊരു ഗുണമുണ്ടു്, അവളുടെ വ്യക്തിത്വന്യൂനത, അങ്ങനെ ഒന്നുണ്ടെങ്കിൽ, വസ്തുനിഷ്ഠമായി വെളിപ്പെടുത്താൻ നിങ്ങൾക്കാവേണ്ടതാണു്. കാണാൻ നന്നു്, പരിഷ്കൃത പെരുമാറ്റവുമറിയാം, ഒന്നിലധികം ഭർത്താക്കന്മാരെ കൂട്ടിനുണ്ടു്, എന്നാൽ കൗന്തേയർ മൂന്നു പേരും പൊതുവെ അവളെ കുറിച്ചത്ര ശുഭാപ്തി വിശ്വാസം പുലർത്താത്തതിനു് കാരണമെന്തായിരിക്കാം?” പാഞ്ചാലിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“പാണ്ഡവ പ്രണയാഭിലാഷങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ദാമ്പത്യശൈലി അവൾക്കുണ്ടു്. ആദ്യഭാര്യ പൂക്കാരത്തെരുവിൽ കഷ്ടപ്പെടുന്നുണ്ടു് എന്നറിഞ്ഞിട്ടും ക്ഷേമമറിയാൻ യുധിഷ്ഠിരനെ അനുവദിച്ചില്ലെന്നതൊരു വീഴ്ച. പാഞ്ചാലിയുടെ മനഃസമ്മതം ചോദിക്കാതെ ദ്വാരകയിൽ പോയി അർജ്ജുനൻ സുഭദ്രയെ ഭാര്യയാക്കി എന്ന ഒറ്റക്കാരണത്താൽ, സുഭദ്രയെ ഇന്ദ്രപ്രസ്ഥത്തിൽ സ്വാഗതം ചെയ്യാൻ പാഞ്ചാലി മടിച്ചു. കാട്ടാളസ്ത്രീകളെ ഭീമൻ കാമിച്ചു എന്നതിന്റെ പേരിൽ കൂടെകിടത്താൻ പാഞ്ചാലി ‘അറച്ചു’ എന്നതാണു് പരമാർത്ഥം. ബഹുസ്വരഇണകളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന പാണ്ഡവർക്കു് പാഞ്ചാലിയുടെ നിലപാടുണ്ടാക്കിയ മനോവിഷമം ചെറുതല്ല. കാരണം തിരക്കിയാൽ, ഞങ്ങളുടെ വാമൊഴിയെ പരിമിതപ്പെടുത്തി ക്ഷുദ്രവികാര പ്രകടനത്തിലേക്കു വഴിതുറക്കാനും അവൾക്കു മടിയില്ല. അത്തരം പ്രവണതകളുടെ ഇടുങ്ങിയ പെൺമനമാണവൾ. നിർത്താം. കുറച്ചു കാര്യങ്ങൾ സമയബന്ധിതമായി ചെയ്തുതീർക്കാൻ എന്നെ ചുമതലപ്പെടുത്തിയാണവൾ നീന്താൻ പോയതു്. വൈകിയാൽ ഇന്നുരാത്രി പായക്കൂട്ടു് നിഷേധിക്കുന്നതു് എനിക്കായിരിക്കും!”
“യുദ്ധം കഴിയും വരെ ഞാൻ ഭീമനെ പരിപാലിച്ചു കൂടെ കൂട്ടി. യുദ്ധം ജയിച്ചു് യുധിഷ്ഠിരൻ ചെങ്കോൽ നേടിയപ്പോൾ ഭീമനെ ഞാൻ അകറ്റി. അതിലെന്താണു് കുഴപ്പം?” അഭിമുഖം അവസാനിപ്പിച്ചു പാഞ്ചാലി, കൊട്ടാരം ലേഖികയെ അനഭിമത എന്നു് പ്രഖ്യാപിക്കെ പറഞ്ഞു.
“ഹേ മനുഷ്യരൂപത്തിലുള്ള മറുത പിശാചേ, എന്തു് അന്യായമാണു് ചെയ്യുന്നതു്!”, കൊട്ടാരം ലേഖിക പൊട്ടിത്തെറിച്ചു.
“മുറിവേറ്റു പ്രാണൻ പോകാത്തവരുടെയും മരിച്ചുപോയവരുടെയും നെഞ്ചിൽ ചവിട്ടി കൂരമ്പു വലിച്ചെടുക്കുകയോ!” കുരുക്ഷേത്ര യുദ്ധഭൂമി. ഇടവേള.
“ഇതു് രണഭൂമി, നീ ഓർക്ക. വികാര പ്രദർശനത്തിനു പറ്റിയ വിളനിലമല്ല, പാണ്ഡവ ആയുധപ്പുരയുടെ പരിമിതിയായി ഇതൊന്നും നീ ചിത്രീകരിക്കരുതേ! പ്രതീക്ഷിച്ചത്ര അമ്പും കുന്തവും പണിശാലകളിൽ നിന്നും കുരുക്ഷേത്രയിൽ എത്തിയില്ല. അപ്പോൾ സഖ്യകക്ഷികളുടെ രഹസ്യയോഗം വിളിച്ചുചേർത്ത സൈന്യാധിപൻ ധൃഷ്ടധ്യുമ്നൻ സമവായത്തിൽ പറഞ്ഞു, ‘നാളേക്കുവേണ്ടി കരുതൽ ആയുധശേഖരം ശ്രദ്ധിക്ക. പരുക്കേറ്റവരും മൃതപ്രായരും പരേതരുമായ ‘ദേഹ’ങ്ങളിൽ നിന്നും കൂരമ്പു വലിച്ചൂരിയെടുക്കാൻ നാം സൈനികരെ പ്രേരിപ്പിക്കുക, അതുകൊണ്ടന്താണെന്നോ? പോരാട്ടത്തിൽ കൊല്ലപ്പെടുന്ന നാൽക്കാലികളിൽ നിന്നും ഊട്ടുപുര മാംസനിർമ്മിതി, സേവനദാതാക്കൾ ചെയ്യുന്ന പോലെ, പോർക്കള അടിയന്തിരാവസ്ഥ നേരിടാനൊരുപായം, മറിച്ചൊന്നും എഴുതി, അന്തിമ പോരാട്ടവിജയം പ്രതീക്ഷിക്കുന്ന പാണ്ഡവരുടെ അമാനുഷ പ്രതിച്ഛായയിൽ നിങ്ങൾ ലേഖകർ കരിവാരിത്തേക്കരുതേ!”
“ഇടനെഞ്ചിൽ കൈ വച്ചു് ഞാൻ സത്യസാക്ഷിമൊഴി കൊടുക്കുമ്പോഴും, “നീ കൂട്ടുപ്രതി” എന്നു നിർദ്ദയ മനഃസാക്ഷി!” കൊട്ടാരം ലേഖിക, കുരുക്ഷേത്രയിൽ.
“ദ്രോണവധത്തിനു സുവർണ്ണാവസരം വീണു കിട്ടിയോ?”, കൊട്ടാരം ലേഖിക ചോദിച്ചു. നിരാശയിൽ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു, പാണ്ഡവ സൈന്യാധിപനും പാഞ്ചാലനുമായ ധൃഷ്ടധ്യുമ്നൻ. പതിനഞ്ചാം ദിവസം, സന്ധ്യ.
“പാഞ്ചാലനെ അപമാനിച്ച ദ്രോണർ സൈന്യാധിപനായപ്പോൾ, എനിക്കു് തോന്നിയ മോഹമായിരുന്നു, ഇപ്പോൾ നിങ്ങൾ കണ്ട ദ്രോണതല വെട്ടൽ. ദ്രോണരെ കൊന്നു കൊലവിളിക്കാനുള്ള സങ്കൽപ്പവധം കരളിൽ കാത്തുസൂക്ഷിച്ചിരുന്നു. കെട്ടുകുതിരയിൽ കൗരവർ എഴുന്നെള്ളിച്ച ദ്രോണരെ യുധിഷ്ഠിരന്റെ പാതിനുണയാൽ കീഴ്പ്പെടുത്തി, എന്നാൽ, ആചാര്യ ദ്രോണരുടെ പെരുവിരൽ, ശിഷ്യൻ ഏകലവ്യൻ മുറിച്ചെടുക്കുന്ന രംഗം ഞാൻ വിഭാവന ചെയ്തതു ഉണ്ടായില്ല എന്ന ഖേദം, ആഘോഷിച്ചു് ആഹ്ലാദിക്കേണ്ട ഈ ദിവസം, ശിരസ്സുയർത്താൻ എന്നെ അനുവദിക്കുന്നില്ലല്ലോ!”
“നിങ്ങളഞ്ചുപേരുടെയും, അർജ്ജുനന്റെ പ്രത്യേകിച്ചും സ്വകാര്യജീവിതം, പാഞ്ചാലി തർക്കഭാഷയിൽ തരംതിരിക്കുക പതിവാണു്. വിവാഹത്തിനു് മുമ്പുള്ള പരസ്ത്രീ ബന്ധങ്ങളും, ശേഷമുള്ളതും. എന്നാൽ പാഞ്ചാലിയുടെ പരപുരുഷആഭിമുഖ്യത്തേക്കുറിച്ചു സൗമനസ്യത്തോടെ സംസാരിക്കാൻ അവൾ അഭിമുഖങ്ങളിൽ വിസമ്മതിക്കുന്നു. എന്താണങ്ങനെ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. രാജസൂയ യാഗവേദിയിലെ സ്ത്രീവിരുദ്ധദുരാചാരങ്ങൾ യുധിഷ്ഠിരൻ എങ്ങനെ പാഞ്ചാലിയെക്കൊണ്ടു് പരസ്യവേദിയിൽ സാധിച്ചെടുത്തു എന്നു മറ്റു നാലുപാണ്ഡവർ വിമ്മിട്ടത്തോടെയെങ്കിലും വെട്ടിത്തുറന്നു പറയുന്ന ഇന്ദ്രപ്രസ്ഥം ദിനങ്ങൾ.
“പെൺകോന്തനായ ഇന്ദ്രന്റെ അവിഹിത മകനായതു കൊണ്ടാകാം, അർജ്ജുനൻ അന്യസ്ത്രീകളിൽ നേരവും തരവും നോക്കാതെ ലൈംഗികആസക്തി കാണിക്കും. “വിവാഹത്തിനു് മുമ്പു് നിങ്ങളെല്ലാവരും പെണ്ണുടലിൽ രതിപരീക്ഷണം ചെയ്തിരുന്നവർ എന്നെനിക്കറിയാം”, എന്നു പേടിപ്പിക്കുന്ന നോട്ടത്തോടെ രഹസ്യം വെളിപ്പെടുത്താൻ മാത്രം ഉൾക്കാമ്പുള്ളതായിരുന്നോ പരസ്ത്രീകൾ യഥാർത്ഥത്തിൽ?, അങ്ങനെ സംശയിക്കും?
“പാണ്ഡവ പൊതു കുലനാമത്തിൽ നിങ്ങളെ കുന്തി പരസ്പരം കോർത്തിണക്കിയിട്ടുണ്ടു് എങ്കിലും, ഒന്നൊന്നായെടുത്താൽ കാണുക വൈവിധ്യപിതൃത്വത്തിന്റെ ഒളിവിദ്യ!,” അങ്ങനെ സംശയ നോട്ടത്തോടെ പറഞ്ഞു പാഞ്ചാലി പ്രതിരോധത്തിലാക്കും. “അപ്പോൾ പാഞ്ചാലിയോ?” എന്നു ഞങ്ങൾ നിഷ്കളങ്കമായി ചോദിച്ചാൽ “അതല്ല വിഷയം, ബഹുഭർത്തൃത്വം പരസ്ത്രീകിനാവുകളാൽ മലിനപ്പെടുന്നതു് ഞാൻ സഹിക്കില്ല” എന്നവൾ താക്കീതിന്റെ ഭാഷയിൽ പറഞ്ഞുനിർത്തും. എന്താണപ്പോൾ എന്റെ നിഗമനം? വിവാഹബാഹ്യ രതിയാൽ മലിനപ്പെടാത്ത ഉടലിന്റെ ഉടമക്കു മാത്രമല്ലേ ധാർമ്മിക നിലപാടെടുക്കാൻആവൂ? ഈ സന്ദിഗ്ദാവസ്ഥയിലാണു് പാഞ്ചാലിയുടെ വിവാഹപൂർവ ലൈംഗികതകൾ ഒളിനോട്ടത്തിനു വിധേയമാക്കിയതു്. അതവൾ ‘പരപുരുഷ’നിൽ നിന്നറിഞ്ഞപ്പോൾ മുതൽ ഞാൻ മാത്രം അവളുടെ “പരിലാളനക്കു ഇരയായി!” ജാലകത്തിനപ്പുറം ‘പാദസ്പർശം’ കേട്ട നകുലൻ പാഞ്ചാലിയുടെ ഉദ്യാനപരിപാലത്തെക്കുറിച്ചു ഉപചാരപൂർവ്വം കൊട്ടാരം ലേഖികയോടു് ഉപന്യസിക്കാൻ തുടങ്ങി.