“ഗാന്ധാരിയുടെ വിഴുപ്പലക്കുന്ന പണിയാണു് കുന്തിയെ ഏൽപ്പിച്ചതെന്നു അരമനസ്രോതസ്സുകളെ ഉദ്ധരിച്ചു ദുര്യോധനൻ അഭിമുഖത്തിൽ പറഞ്ഞപ്പോൾ നിങ്ങൾ പ്രകോപിതയായോ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. പാണ്ഡവർ കുടിയേറ്റക്കാരായി ഖാണ്ഡവ പ്രസ്ഥത്തിൽ കാടുകത്തിക്കുന്ന കാലം.
“അന്തഃപുരം ജലാശയത്തിൽ ഉച്ചക്കു് കുളിക്കാനിറങ്ങുന്ന ഗാന്ധാരിയോടു് ഞാൻ പറയും, കുളിക്കുമ്പോഴെങ്കിലും കണ്ണുകെട്ടിയ കീറത്തുണി അഴിച്ചിട്ടു മലർന്നു കിടന്നു തുടിച്ചുനീന്തൂ—നീലമാനവും കുളിരുള്ള വെള്ളവും ഒരുമിച്ചു ആസ്വദിക്കൂ. കാഴ്ചപരിമിതിയുള്ള ഭർത്താവിനു് ഐക്യപ്പെടാൻ എന്ന നൊടുഞായം പറഞ്ഞു സ്വയം കാഴ്ച നിഷേധിക്കുന്ന പെണ്ണടിമത്തത്തിൽനിന്നു് രക്ഷപ്പെടൂ. കൺകെട്ടുനീക്കി വിവസ്ത്രഗാന്ധാരി മലർന്നുകിടന്നു തുടിച്ചു നീന്തിക്കുളിക്കുമ്പോൾ ഞാനവളുടെ കൺകെട്ടുതുണി കഴുകുന്നതു് ആണധികാരപ്രമത്തതയിൽ അഭിരമിക്കുന്ന ദുര്യോധനൻ ഒളികണ്ണിട്ടപ്പോൾ നോക്കുന്നുണ്ടാവും!”
“പാഞ്ചാലിക്കെതിരെ പാണ്ഡവർ പരാതി കൊടുത്തിട്ടു് പരിഹാരമായില്ലേ”, കൊട്ടാരം ലേഖിക ചോദിച്ചു ഇന്ദ്രപ്രസ്ഥം കാലം.
“രാജസൂയം യാഗം ചെയ്തു് രാജവംശം സ്ഥാപിച്ചപ്പോൾ യുധിഷ്ഠിരനെ അയോഗ്യൻ എന്നു് വിധിച്ച പാഞ്ചാലിക്കെതിരെ പരാതി കൊടുത്തു എന്നതു് വസ്തുത തന്നെ. യാഥാസ്ഥിതിക പുരോഹിതൻ പക്ഷേ, പാഞ്ചാലിയുടെ പക്ഷം പിടിച്ചു, യുധിഷ്ഠിരൻ ഭാര്യയുടെ സ്വകാര്യത മാനിക്കാതെ പനയോലയിൽ അവൾ എഴുതിവരുന്ന ദിനക്കുറിപ്പു് പരാതിയിൽ പരാമർശിച്ചതു് പെരുമാറ്റച്ചട്ടത്തിൽ വന്ന വീഴ്ച എന്നു് സൂചിപ്പിച്ചതാണോ നിങ്ങൾ പെരുപ്പിച്ചു് പറയുന്നതു്? പാഞ്ചാലിയുടെ പനയോല വായിക്കാനുള്ള ഭാഷാപരിജ്ഞാനം പാണ്ഡവർക്കില്ല എന്നു് നിങ്ങൾക്കു് അറിയില്ല അല്ലേ. ദ്വാരകയിൽ ഒന്നിലധികം ഭാര്യയുമായി കഴിയുന്ന ഒരു വംശീയ നാടുവാഴിയെ ഹൃദയനാഥനായി കാണുന്നു എന്നവൾ ഉള്ളൂതുറന്നാൽ ഭർത്താവു് കയ്യും കെട്ടി നിൽക്കുമോ? ദാമ്പത്യത്തിൽ പാഞ്ചാലി വിശ്വസ്തത കാണിക്കുന്നതിൽ വരുത്തുന്ന ഓരോ വീഴ്ചയും അവളുടെ പാതിവ്രത്യം സംശയാസ്പദമാണു് എന്നു് ഞങ്ങൾ കരുതേണ്ടി വരും.”
“നിഷാദനു് മുഖാമുഖവിദ്യാഭ്യാസം നിഷേധിച്ച ദ്രോണർ, ലോക മനഃസാക്ഷിയുടെ മുമ്പിൽ ജാതിവെറിയുടെ പ്രായോജകനെന്നറിയപ്പെടും! ചാർവാകനിരീക്ഷണം ശ്രദ്ധയിൽ പെട്ടുവോ? ഏകലവ്യനു് പ്രവേശനം നൽകിയാൽ ദ്രോണഗുരുകുലം ബഹിഷ്കരിക്കുമെന്ന അർജ്ജുനഭീഷണി മുഖവിലക്കെടുത്തതു ഭീരുത്വമായോ?”, കൊട്ടാരം ലേഖിക ദ്രോണരോടു് ചോദിച്ചു.
“കണ്ടപ്പോൾ അഭിജാത കുടുംബാംഗമെന്ന തോന്നലുണ്ടായി. അർജ്ജുനനു മുൻപരിചയമുണ്ടു്. പരിശീലനത്തിനു പ്രവേശനം അനുവദിച്ചാൽ പാണ്ഡവൻ പിണങ്ങും, ഏകലവ്യൻ ഗുരുകുലത്തിൽ പ്രശ്നമുണ്ടാക്കും. ഗുരുദക്ഷിണ മുൻകൂറായി ചോദിച്ചു വാങ്ങി. സ്വയംവെട്ടിമുറിച്ച വലതുതള്ളവിരൽ താമരയിലയിൽ പൊതിഞ്ഞു കിട്ടിയപ്പോൾ, കാണാമറയത്തു വിദൂര വിദ്യാർത്ഥിയായി അസ്ത്രവിദ്യ പഠിക്കാൻ ആവശ്യപ്പെട്ടു. അല്ല, ഇതിലെന്താണു് നിങ്ങൾ ആരോപിക്കുന്ന ഭീരുത്വം? ഒത്തുതീർപ്പല്ലേ? മുറിച്ചെടുത്ത തള്ളവിരൽ തിരിച്ചുവച്ചു പഴയ പോലെയാക്കാമെന്ന ഉറപ്പിൽ നകുലസഹദേവന്മാർ താമരയിലപ്പൊതി ഇതിനകം ഏറ്റെടുത്തിട്ടുണ്ടു്. ദേവ വൈദ്യന്മാരായ അശ്വനീദേവതകളാണു് ജൈവികപിതാക്കൾ എന്നു് സംശയിക്കപ്പെടുന്ന മാദ്രീപുത്രരിലാണു് പ്രതിസന്ധികളിൽ തുണ! മാദ്രീ നിനക്കു് സ്വസ്തി!”
“മുനിശാപത്തിൽനിന്നു് പാണ്ഡുവിനെ രക്ഷിക്കാൻ ഉപായമൊന്നും കണ്ടില്ലേ? വിവാഹപൂർവ രഹസ്യരതിയിൽ ജനിച്ച നവജാതശിശുവിനെ പനംകുട്ടയിലാക്കി പുഴയിൽ ആരോരുമറിയാതെ ഒഴുക്കിയ നിങ്ങളുടെ സർഗാത്മകഭൂതകാലം അന്തഃപുരങ്ങളിൽ ഇന്നും ഒരാവേശമാണല്ലോ”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. ജീവിതസായാഹ്നം.
“സ്ത്രീസംസർഗം പൂർണ്ണമായി ഉപേക്ഷിച്ചു നിങ്ങൾ തുടർന്നും രാജ്യം ഭരിക്കു, ഞാനും മാദ്രിയും ജന്മനാടുകളിലേക്കു് മടങ്ങി ആവുന്ന വിധത്തിൽ വിട്ടുവീഴ്ചയോടെ പുനർവിവാഹം ചെയ്യട്ടെ എന്ന പ്രായോഗികനിർദേശം പാണ്ഡു നിർദ്ദയം തള്ളി. “ശാപഗ്രസ്തനായ ഞാൻ കുഴഞ്ഞുവീണു ചത്താലും, കുന്തിക്കും മാദ്രിക്കും പുനർവിവാഹം അരുതു. നിങ്ങളിലൊരാൾ എന്റെ ചിതയിൽ ചാടി സതി ചെയ്യണം!” എന്നായിരുന്നു മുട്ടിൽ ഇഴഞ്ഞു അഭിശപ്ത ഷണ്ഡയാചന. വേറെ തരമില്ലാതെ അവന്റെ സ്ത്രീവിരുദ്ധ അന്തിമാഭിലാഷമനുസരിച്ചു. ചിതയിൽ ഞാനൊരുപായത്തിനു മുതിർന്നു. യുധിഷ്ഠിരനും ഭീമനും ചേർന്നു് മാദ്രിയെ വാപൊത്തിപ്പിടിച്ചു പാണ്ഡുചിതയിൽ തള്ളി. അച്ഛനില്ലാത്ത അഞ്ചുകുട്ടികളുമൊത്തു ഹസ്തിനപുരി കൊട്ടാരവാതിലിനുമുമ്പിൽ ഞാൻ സമരമുഖം തുറന്നു.”
“പാണ്ഡവതല വെട്ടാനാവാതെ, ഭീഷ്മർ പത്താം ദിവസം ശരശയ്യയിൽ മരണദേവതയെ കാത്തു നീണ്ടുനിവർന്നു കിടക്കുമ്പോൾ, ഒരു സൈനിക പ്രതിസന്ധി പത്തിവിടർത്തുന്നതു് കാണുന്നുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.
“പോർക്കളത്തിൽ ഭീഷ്മസാന്നിധ്യം ആലങ്കാരികമായിരുന്നു. കർണ്ണൻ ഭീഷ്മരെക്കുറിച്ചു നേരത്തെ തന്ന മുന്നറിയിപ്പു് തള്ളിയതാണെന്റെ ആദ്യ വീഴ്ച്ച. ചുറ്റും നോക്കി ‘ഒരു വിഭിന്നലിംഗപോരാളി മുമ്പിൽ വന്നിരുന്നെങ്കിൽ ആയുധം താഴെയിട്ടു യുദ്ധം ബഹിഷ്കരിക്കാമായിരുന്നു’ എന്നാണു് പിതാമഹൻ പിറുപിറുത്തിരുന്നതു്. പാണ്ഡവഗൂഢാലോചനയിൽ ശിഖണ്ഡി മുമ്പിൽ വന്നതും, ഭീഷ്മർ അടിതെറ്റി വീണതും കണ്ടപ്പോൾ മടുപ്പോടെ ഞങ്ങൾ മുഖം തിരിച്ചു. യുദ്ധത്തലേന്നു സേനാധിപത്യം ഏറ്റെടുക്കാൻ ആചാരമനുസരിച്ചു ഭീഷ്മരെ ക്ഷണിച്ചപ്പോൾ, നായകപദവി പുതുതലമുറയ്ക്കു് കൊടുക്കൂ എന്ന പ്രതികരണം പ്രതീക്ഷിച്ച ഞങ്ങൾ നിരാശരായി. ഉടനെയുണ്ടു് സൈനികവേഷം വാരിവലിച്ചുടുത്തു പിതാമഹൻ, ഇടതും വലതും നിൽക്കുന്നവരോടെല്ലാം ആജ്ഞയുമായി, സംയുക്തസഖ്യകക്ഷിയോഗം വിളിക്കുന്നു. രോഷം നിയന്ത്രിക്കാൻ ഞാൻ പാടുപെട്ടു. ശരശയ്യയിൽ മലർന്നുവീണതോടെ എല്ലാം കഴിഞ്ഞു. കർണ്ണനെ സേനാപതിയാക്കാൻ സാധിക്കുമോ? ദ്രോണർ തടസ്സവാദവുമായി നായകപദവിക്കായി ഇടപെടുമോ? കാത്തിരിക്കൂ” നഗ്നശരീരം നിറയെ വെട്ടും ചതവുമായിരുന്നിട്ടും, ആ ധീരസേനാനി ഒരു വട്ടം നീന്തിവീണ്ടും കയത്തിൽ ചാടാൻ തയ്യാറെടുക്കുകയായിരുന്ന സന്ധ്യ.
“കുട്ടിക്കാലത്തെങ്ങനെയായിരുന്നു അച്ഛൻ? കഥ പറഞ്ഞും കവിത ചൊല്ലിയും, അതോ ശാപം ഫലിക്കുമെന്ന ഭീതിയിൽ മിണ്ടാതെ ഒഴിഞ്ഞു മാറി കഴിഞ്ഞുവോ പാണ്ഡു?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ഓരോന്നു് ചോദിച്ചു ഞങ്ങളെ ഇങ്ങനെ പരിഹസിക്കും, കാലന്റെ മകനാണെങ്കിലും യുധിഷ്ടിരനെന്തൊരു കാപട്യം, വായുവിന്റെ മകനെന്താ ഭാരിച്ച ശരീരം, ഇന്ദ്രന്റെ മകനായിട്ടും സ്വർഗരാജ്യത്തിൽ നിന്നൊരു സമ്മാനപ്പൊതിയും ഇതു് വരെ ദേവദൂതന്മാർ കൊണ്ടുവന്നില്ലല്ലോ, മാദ്രിയാണു് മിടുക്കി ഒരൊറ്റ വരം കൊണ്ടവൾ ഇരട്ട പെറ്റു. നിലത്തു ചുവരോരം പായിൽ കിടന്നയാൾ ഒരു കാളക്കുട്ടനെ കട്ടു് ഇറച്ചി വരട്ടി കൊണ്ടു് വാ എന്നു് നിലവിളിക്കുന്ന പോലെ ആജ്ഞാപിക്കും, ഞങ്ങൾ ആ രോഗിയുടെ ഗോമാംസദാഹം കണ്ടു് പൊട്ടിച്ചിരിക്കും, അന്നു് ഞങ്ങൾക്കറിയില്ല, ഒരിക്കൽ കുരുവംശചക്രവർത്തിയായിരുന്നു ഈ ശാപഗ്രസ്തൻ.”
“സ്വർണ്ണത്തേരിൽ കുതിച്ചുയർന്ന നിങ്ങളെങ്ങനെ കരിമ്പാറക്കെട്ടിൽ വീണവശനായി?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിന്റെ അവസാന നിമിഷങ്ങൾ.
“സ്വർഗ്ഗരാജ്യത്തിലെ പ്രവേശന കവാടത്തിലെത്തിയപ്പൾ, ദേവദൂതന്മാർ ചോദിച്ചു, “എവിടെ കൂടപ്പിറപ്പുകളും, ഇത്രയും കാലം കൂടെപൊറുത്തവളും?” വീഴ്ച വിവരിച്ചപ്പോൾ അതൊന്നും ഏശുന്നില്ലെന്നു വ്യക്തമായി. പാണ്ഡവരുടെയും ദ്രൗപദിയുടെയും കുഴിമാടങ്ങളിൽ മുട്ടുകുത്തി മാപ്പു ചോദിക്കാൻ ദൈവനാമത്തിൽ ആജ്ഞാപിച്ചു. ദുരിതത്തിലും ഐശ്വര്യത്തിലും കണ്ടുമിണ്ടിയ നിങ്ങൾക്കെന്നെ തുണക്കാമോ, എന്റെ മരണാനന്തര അഭിലാഷങ്ങൾ മനോഹരമാക്കാൻ? ഞാനവരുടെ അന്ത്യസമയങ്ങളിൽ അന്യഥാത്വത്തോടെ അന്നു പെരുമാറിയെങ്കിൽ, ഇനി ഞാൻ ഒറ്റക്കൊറ്റക്കവരുടെ അന്ത്യവിശ്രമസ്ഥലികളിൽ, ദൈവത്താൽ തിരസ്കൃതപ്പെടാതിരിക്കാൻ, എന്നെ കൈവിടരുതെന്നു മുട്ടുകുത്തി അപേക്ഷിക്കട്ടെ. എന്നെ കൈപിടിച്ചു് ഈ കുടുക്കിൽനിന്നും ഉയർത്തുമോ? കൂടെ വന്ന നായക്കു് പക്ഷേ, ദേവത അനുവദിച്ചു സ്വർഗ്ഗരാജ്യപ്രവേശനം!, സ്വസ്തി!”
“കാടുവളഞ്ഞു തീയിടാനവർക്കു രഹസ്യപദ്ധതിയുണ്ടു്., ആകാശചാരികളുടെ പിന്തുണയുമുണ്ടു്. കത്തിക്കാൻ അഗ്നിദേവനും, തീ അതിവേഗം പടർത്താൻ വായുദേവനും തയ്യാറാണു്. പ്രപഞ്ചം ആരുടെ സൃഷ്ടി എന്ന തർക്കത്തിലൊരു സമവായത്തിലെത്താതെ, ഖാണ്ഡവപ്രസ്ഥത്തിന്റെ ആചന്ദ്രതാര പരിപാലനം പാണ്ഡവർ പൂർണ്ണമായും ഏറ്റെടുക്കണം എന്നു കൗരവരിപ്പോൾ പറയുന്നതിന്റെ യുക്തി എന്താണെന്നു ചോദിക്കുന്നു അക്ഷമയോടെ അർജ്ജുനൻ! കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. മുതിർന്ന കൗരവർ ഹസ്തിനപുരിയിലില്ലാത്ത തക്കം നോക്കി, ധൃതരഷ്ട്രർ, യമുനാനദീതീര പ്രവിശ്യ ഇഷ്ടദാനമായി കൊടുത്തപ്പോൾ, അതൊരു നേട്ടമെന്ന നിലയിൽ കുടിയേറിയ കൗന്തേയരുടെ ആയുധം, മടവാൾ ആയിരുന്നില്ല, തീ.”
“പാണ്ഡവരുടെ ബാല്യകാലം കഴിഞ്ഞ കാട്ടിൽ, അവർക്കഞ്ചുപേർക്കും വച്ചും വിളമ്പിയും തുണി കഴുകിയും പായവിരിച്ചും കുടുംബം പരിപാലിച്ച ഒരു സാധുസ്ത്രീ ഉണ്ടായിരുന്നു. മദ്ര രാജാവു് ശല്യന്റെ കൊച്ചനുജത്തി മാദ്രി. ഒരു ഘട്ടത്തിൽ മുതിർന്ന റാണി കുന്തി സതിയനുഷ്ഠിക്കേണ്ടി വരുമെന്നുറപ്പായപ്പോൾ മാദ്രിയെ പാണ്ഡുചിതയിൽ തള്ളാൻ കുന്തിക്കു് കൂട്ടുനിന്ന കൗന്തേയർക്കെന്തറിയാം, പ്രകൃതിയനുഗ്രഹിച്ച ഖാണ്ഡവപ്രസ്ഥത്തിന്റെ അതിലോല ആവാസവ്യവസ്ഥ നേരിടുന്ന അസ്തിത്വ ഭീഷണിയും, ഷണ്ഡപാണ്ഡുവിനാൽ കബളിക്കപ്പെട്ട അതൃപ്ത ദാമ്പത്യത്തിൽ കരൾനൊന്തു മരിച്ച മാദ്രി മാതാവിന്റെ വേദനയും!”
“കുടിയൊഴിപ്പിച്ച പണ്ഡവർക്കെതിരെ പ്രതിഷേധിക്കാൻ ആരെയും കാണുന്നില്ലല്ലോ”, കൊട്ടാരം ലേഖിക കൗരവ വിധവകളെ പുനരധിവാസ കേന്ദ്രത്തിൽ സന്ദർശിക്കുമ്പോൾ ചോദിച്ചു. പാണ്ഡവർ ഹസ്തിനപുരി കീഴടക്കിയ യുദ്ധാനന്തര ദിനങ്ങൾ.
“നിവേദനം കൊടുക്കാൻ വഴി തടഞ്ഞപ്പോൾ ഭീമൻ ഗദ എറിഞ്ഞു. പരുക്കേറ്റ ദുര്യോധനവിധവ കിടപ്പിലായി. അതിനിടയിൽ ചില ഇളമുറ വിധവകളെ നകുലൻ പ്രലോഭിപ്പിച്ചു് അന്തഃപുര സേവനങ്ങൾ കൊടുത്തു കൂടെ നിർത്തി. വിധവകളിൽ വിള്ളൽ ഉണ്ടാക്കി ഞങ്ങളെ പാണ്ഡവരുടെ അടിമകളാക്കുന്ന നീക്കം ഇതുവരെ അറിഞ്ഞില്ലേ? അതോ നിങ്ങളും ഞങ്ങളെ വലയിട്ടു പിടിക്കുമോ?”
“‘യുദ്ധം’ എന്ന പദം ഔദ്യോഗിക വിജ്ഞാപനങ്ങളിൽ നിന്നൊഴിവാക്കാൻ കാരണമുണ്ടോ?”, കൊട്ടാരം ലേഖിക കുരുക്ഷേത്ര പ്രവിശ്യാ ഭരണാധികാരിയോടു് ചോദിച്ചു. പോർക്കളം സജീവമായിരുന്ന മദ്ധ്യാഹ്നം.
“പോരാട്ട നിർവ്വഹണ ചുമതലയുള്ളവരുടെ യോഗം ചേർന്നെടുത്ത ഏകകണ്ഠ തീരുമാനത്തിനു് പിന്നിൽ യുഗാതിവർത്തിയായ സാംസ്കാരിക മാനങ്ങളുള്ള ഇതിഹാസ പരിപ്രേക്ഷ്യമുണ്ടു്. പോരാട്ടത്തെ വിശാലമായ അർത്ഥത്തിൽ വരുംയുഗങ്ങളിൽ പ്രബുദ്ധ സമൂഹം സൂക്ഷ്മമായി അപനിർമ്മിക്കാനിടയുള്ളതു കൊണ്ടു്, ആയുധകേന്ദ്രിത ബലാബലമെന്നതിനപ്പുറം, നന്മയുടെ ആധിപത്യത്തിനുള്ള യജ്ഞം എന്നറിയപ്പെട്ടാൽ, കുരുവംശപ്പെരുമക്കു നന്നെന്ന വിലയിരുത്തൽ വഴികാട്ടിയായി. വഴക്കാളികളായ നൂറ്റഞ്ചോളം ‘അർധസഹോദര’ർ കൂട്ടുകുടുംബ സ്വത്തു വീതിക്കാൻ കയ്യാങ്കളിക്കിറങ്ങിയ ഇടമാണു് കുരുക്ഷേത്രമെന്ന പ്രചരണസാധ്യത, വമ്പിച്ച ആൾനാശം സംഭവിച്ചേക്കാവുന്ന ഈ പോരാട്ടം അർഹിക്കുന്നില്ല. ഊക്കോടെ ഇരുപക്ഷങ്ങളും പരസ്പരം പ്രഹരിക്കുമ്പോഴും, കുരുവംശഹത്യയല്ല ഉന്നം എന്നറിയാൻ വരുംതലമുറക്കാവണമെന്ന ദീർഘദൃഷ്ടിയാണു്, ‘യജ്ഞ’മെന്ന പദതിരഞ്ഞെടുപ്പിനർത്ഥം. അല്ല, ചോദിക്കാൻ വിട്ടുപോയി: യുദ്ധം, അഥവാ യജ്ഞം, കുരുക്ഷേത്രയിൽ ആരു ജയിക്കാനാണു് സാധ്യത?”
“ആയുധങ്ങൾ വേണ്ടത്ര ഇല്ല, ഊട്ടുപുരയിൽ ഭക്ഷണം നേരത്തിനു കിട്ടുന്നില്ല, പാളയത്തിനുചുറ്റും കൗരവ മാലിന്യവും—എങ്ങനെ പാണ്ഡവസൈന്യം കൗരവരെ നേരിട്ടു എന്നാണു യുദ്ധനിരീക്ഷകർ വിസ്മയിക്കുന്നതു!” കൊട്ടാരം ലേഖിക സൈനിക മേധാവി ധൃഷ്ടധ്യുമ്നനോടു് ചോദിച്ചു, കുരുക്ഷേത്രയുടെ രണ്ടാം പകുതി.
“യുദ്ധപ്രഖ്യാപനം ചെയ്യുന്നവരുടെ ചുമതലയല്ല ശത്രുവിനു് അടിസ്ഥാന സൗകര്യമൊരുക്കൽ എന്നും പറഞ്ഞു ദുര്യോധനൻ അവന്റെ പാട്ടിനു പോയപ്പോൾ ആണു് ഞങ്ങളിൽ പാതിയോളം പേർ നിരായുധരായി കൗരവരെ ആക്രമിക്കാൻ, കയ്യിൽ കിട്ടിയതെന്തും കൊണ്ടു് രാത്രി പാളയം വിട്ടിറങ്ങിയതു്. അതൊരു ജീവൻമരണ നിയോഗമായി. പ്രമുഖകൗരവരുടെ പാളയത്തിനുള്ളിലേക്കു ജൈവ മാലിന്യം ഞങ്ങൾ സൂക്ഷ്മതയോടെ എറിയും, ഉന്നം കണ്ടുവെന്നറിഞ്ഞാൽ അതിവേഗം മുങ്ങി രക്ഷപ്പെടും, നേരം വെളുക്കുമ്പോഴേക്കും, തലച്ചുമടിൽ കരുതിയ മാലിന്യം കൗരവ താരങ്ങളുടെ പാളയത്തിലേക്കു് എറിഞ്ഞു തീർത്തിരിക്കും. ആയിരക്കണക്കിനു് പാണ്ഡവ സൈനികർ നിലനില്പിനു വേണ്ടി ജൈവമാലിന്യം ആ വിധം എറിഞ്ഞപ്പോൾ, നിശാ നിയോഗത്തിനു ഫലം കണ്ടു. ഇടഞ്ഞ മുഖത്തോടെയെങ്കിലും, ദുര്യോധനൻ ഇണങ്ങാൻ തയ്യാറായി. യുദ്ധനിർവഹണസമിതിയുടെ മധ്യസ്ഥതയിൽ അതൊരു കരാറായപ്പോൾ, ജൈവ മാലിന്യം ആയുധവുമല്ലാതായി, ഊട്ടുപുരയിൽ, ഒരേ പന്തിയിൽ, ഞങ്ങളുടെ സൈനികർക്കു ഭക്ഷണവും കിട്ടിത്തുടങ്ങി. യുധിഷ്ഠിര ധാർമികതയെ നിരായുധ സമരവഴി പ്രകോപിപ്പിച്ചെങ്കിലും, പാണ്ഡവ സൈനികരുടെ മനോവീര്യം പിന്നെ ക്ഷയിച്ചിട്ടില്ല. ഭീഷ്മരുടെ പതനം ഉടൻ ഉണ്ടാവും, മാധ്യമശ്രദ്ധ അങ്ങോട്ടു്. എന്റെ കൂടപ്പിറപ്പു, ശിഖണ്ഡി ഭീഷ്മരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമെന്നു ആകാശചാരികൾ അറിയിക്കുന്നു. ആകാശചാരികളെ വിശ്വസിക്കാമോ?”
“പ്രകൃതിയോടെന്തപരാധം ചെയ്തതുകൊണ്ടാണു്, ഒരിക്കൽ രാജസൂയ ചക്രവർത്തിയായിരുന്ന നിങ്ങൾ, കൗരവഅടിമയായി, കുറുക്കനും കരിക്കുന്നനും വിഹരിക്കുന്ന കാട്ടുമുക്കിൽ കഷ്ടപ്പെടേണ്ടിവരുന്നതു്?”, സന്യസ്തമഠത്തിലെ പുതിയ അന്തേവാസി, പരിത്യാഗിയുടെ ക്ഷീണിച്ച സ്വരത്തിൽ യുധിഷ്ഠിരനോടു് ചോദിച്ചു.
“ചൂതാട്ടത്തിൽ കബളിപ്പിക്കുന്നതു്, ദാമ്പത്യ അവിശ്വസ്തത പോലെ, വെറുക്കപ്പെടേണ്ടതാണെന്നു പ്രത്യേക സാഹചര്യത്തിൽ പറഞ്ഞുപോയി. ചൂതാട്ടത്തിലും കിടപ്പറയിലും അവിശ്വസ്തത പാലിക്കുന്ന വർക്കതു കൊള്ളേണ്ടയിടത്തു കൊണ്ടു. കള്ളച്ചൂതിൽ ഞാൻ തോറ്റു. ആരണ്യപർവ്വം ഞങ്ങൾ അതിജീവിക്കും. നിങ്ങൾ ക്കതിനെ പീഡനപർവ്വം എന്നുപരിഹസിക്കാം പക്ഷേ, പ്രയാസങ്ങളുടെ ഭൂഗർഭ ഇടനാഴി തുറക്കുന്ന സ്വർഗ്ഗ രാജ്യത്തെ കുറിച്ചുള്ള പ്രത്യാശയിലാണു് ഞങ്ങൾ” അന്നു് രാത്രി വ്യാഴവട്ടക്കാല വനവാസത്തിനുശേഷം അജ്ഞാതവാസത്തിനായി വിരാടരാജ്യത്തിലേക്കു പാതിരാവിൽ ആരോടും യാത്രപറയാതെ രഹസ്യമായി പടിയിറങ്ങി.
“കയ്യൂക്കു് കൊണ്ടു് അധികാരം പിടിച്ച കുരുക്ഷേത്ര പോരാളികളല്ല നിങ്ങൾ ഇപ്പോൾ. ജരാനരയുടെ സാന്നിധ്യം ഒറ്റനോട്ടത്തിൽ അറിയാം. അധികാര മൊഴിഞ്ഞു സ്വാതന്ത്രരായാൽ, ആചാരമനുസരിച്ചു വാനപ്രസ്ഥത്തിനു് എന്തിയേന്തി കല്ലും മുള്ളും ചവിട്ടി, വഴി നടക്കണോ, അതോ മുൻയുഗ മഹാത്മാക്കൾ വിജയകരമായി ചെയ്ത പോലെ, പവിത്ര യമുനയിലോ പുണ്യ ഗംഗയിലൊ ജലസമാധിയിലൂടെ പ്രകൃതിയിൽ ലയിക്കണോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. തിരുവസ്ത്രങ്ങളൂരി മരവുരി ധരിക്കുകയായിരുന്നു, മുൻ മഹാരാജാവും അഞ്ചാംഗ കുടുംബവും. പാതി തുറന്നു കിടന്ന ജാലകത്തിലൂടെ കാണാമായിരുന്നു പുതിയ മഹാരാജാവു് പരീക്ഷിത്ത് അവരുടെ യാത്രതുടങ്ങാൻ അക്ഷമയിൽ കാത്തിരിക്കുന്നതു്.
“മലഞ്ചെരുവിലൂടെ തന്നെ പോകണം. ചിലതൊക്കെ പ്രകൃതി ഞങ്ങൾക്കായി കണ്ടുവച്ചിട്ടുണ്ടു്”, സ്വർഗ്ഗരാജ്യത്തിലേക്കു ഒരാൾക്കു് മാത്രം സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്ന ദേവദൂത സന്ദർശനം സ്വപ്നത്തിൽ കണ്ടതു് പ്രത്യാശയോടെ അനുസ്മരിച്ച ‘ധർമ്മപുത്രർ’ മൃദുവായി പറഞ്ഞു.
“കുടിയൊഴിപ്പിക്കൽ ക്രൂരമായോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.
“രമ്യഹർമ്യങ്ങൾ വച്ചതു് കൗരവർ ആണെങ്കിലും, ഭൂമി കുരുവംശത്തിന്റെയല്ലേ. കൗരവർ കാലംചെന്നതോടെ ഭൂമിഅവകാശം പുതിയ കുരുവംശ ഭരണത്തിൽ ലയിച്ചു. അനധികൃതമായി കൊട്ടാരങ്ങൾ പണിതു താമസിക്കുന്നവർ അപ്പോൾ സ്വയം ഒഴിഞ്ഞു പോവണ്ടേ? നിയമവാഴ്ച ഉള്ള സമൂഹത്തിൽ ഭരണകൂടം ആരെ പിന്തുണക്കണം? നിങ്ങൾ പറയൂ!”
“മുതിർന്ന ഭാര്യ എന്ന നിലയിൽ നിങ്ങൾക്കുള്ള സതിഅവകാശം, രണ്ടാം ഭാര്യ മാദ്രി എങ്ങനെ തട്ടിയെടുത്തു?”, കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി കൊട്ടാരത്തിൽ കുന്തിയും മക്കളും അഭയാർഥികളായി വന്ന അശാന്തദിനങ്ങൾ.
“സന്യസ്ത ആശ്രമങ്ങൾ നിറഞ്ഞ മലഞ്ചെരുവിൽ മലിനീകരണം ഒഴിവാക്കാൻ, പാണ്ഡുജഡം തീക്കത്തിക്കുന്നതിനു പകരം രഹസ്യമായി കുഴിച്ചിടാം എന്ന സാത്വികനീക്കത്തിൽ ഞാൻ ശ്രമിക്കുമ്പോൾ, ഇടിച്ചു കയറി വന്ന സന്യാസികൾ, “കുരുവംശത്തിന്റെ യമുനാതീര അന്ത്യവിശ്രമ ഘട്ടിൽ വേണ്ടേ ഔദ്യോഗിക ബഹുമതികളോടെ മുൻ ഹസ്തിനപുരി രാജാവിന്റെ ഭൗതികശരീരത്തിൽ തീ വക്കാൻ?”, എന്നു് ആചാരപരമായി ചോദിച്ചു. “എവിടെവേണമെങ്കിലും ജഡം ഇഷ്ടമുള്ളപോലെ ചെയ്യൂ എന്നെ തീയിൽ എറിയരുതേ, പുനർവിവാഹം ചെയ്തു ആനന്ദിച്ചു ഇനിയുമെനിക്കു് ജീവിതം കായികക്ഷമതയുള്ളൊരു പുരുഷനുമൊത്തു തുടരണം” എന്നു് നിലവിളിച്ച മാദ്രി നിയന്ത്രണാതീതയായപ്പോൾ, യമുനാതീര ചുടലയിൽ പരസ്യ ചിതയൊരുക്കാൻ ആരും ശ്രമിച്ചില്ല. മറവു ചെയ്യാൻ കിടക്കുന്ന ശവത്തിൽ ആയിരുന്നില്ല എന്റെ നോട്ടം, വളരാൻ വെമ്പുന്ന പാണ്ഡവക്കുട്ടികളിലായിരുന്നു. അതു് നേരെചൊവ്വേ നടക്കണമെങ്കിൽ വളർത്തമ്മയായി അഞ്ചുപേരെയും ഞാൻ പോറ്റണം. കൗശലത്തോടെ, മാദ്രിയെ ചിതയിൽഎറിഞ്ഞു കുട്ടികളുമൊത്തു പാണ്ഡുവിധവയെന്ന നിയമബലത്തിൽ ധൃതരാഷ്ട്ര അരമനയിൽ അഭയം തേടി.”
“അധികാരം നഷ്ടപ്പെട്ട പാണ്ഡവരെ തുണക്കാൻ അരപ്പട്ടയിൽ മാരക ആയുധവുമായി പാഞ്ചാലി ചൂതാട്ട സഭയിൽ ഇടിച്ചു് കയറി. ഞങ്ങൾ വസ്ത്രം അഴിച്ചു പരിശോധിക്കാൻ സമ്മതം ചോദിച്ചപ്പോൾ പാഞ്ചാലി ഉടൻ എതിർത്തു, അതിൽ കവിഞ്ഞ സ്ത്രീ പീഡനശ്രമം ഒന്നും അവിടെ ഉണ്ടായില്ല”, ദുര്യോധനൻ കൊട്ടാരം ലേഖികയോടു്.
“നിങ്ങൾ പ്രസവിച്ചതാണോ, കൗരവർ നൂറുപേരെ?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസത്തിനു പോവുകയായിരുന്നു, മുൻ ഹസ്തിനപുരി മഹാറാണി ഗാന്ധാരി.
“ആ രഹസ്യം ആജീവനാന്തം പരിപാലിക്ക എന്ന ആജ്ഞ വ്യാസൻ തന്നപ്പോൾ, അന്നത്തെ മനഃപ്രയാസത്തിൽ ഞാൻ സമ്മതിച്ചു. കാഴ്ചപരിമിതനെങ്കിലും, കായികക്ഷമതയുള്ള ധൃതരാഷ്ട്രരുടെ, വിവാഹ ബാഹ്യ ബന്ധങ്ങളിൽ ജനിച്ച നൂറോളം കുട്ടികൾക്കു്, കൗരവ വംശനാമം നിയമപരമായി കൊടുക്കുന്ന ഗൂഢാലോചനയിൽ ഞാൻ പങ്കാളി. എന്റെ സഹോദരൻ പറഞ്ഞു, ആരോഗ്യം രക്ഷിക്കണമെങ്കിൽ, മദയാനയുടെ രതിവേഗമുള്ള ഭർത്താവിൽനിന്നും ഒഴിഞ്ഞു മാറാൻ സുവർണ്ണാവസരം. നൂറ്റുപേർ എന്നറിയപ്പെട്ടവരുടെ മൂപ്പും ഇളമുറയും പത്തു വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു, ഗന്ധം കൊണ്ടു് തിരിച്ചറിയാൻ ആവാതെ ഞാൻ നേരത്തെ കൈ ഒഴിഞ്ഞെങ്കിലും, മഹാറാണിഗരിമ നിലനിർത്താൻ അരമന തുണച്ചു. ദുര്യോധനനുമായി ഞാൻ “മുജ്ജന്മബന്ധം” പുലർത്തി. ചതിയിൽ കൊല്ലപ്പെട്ടപ്പോൾ ഗാന്ധാരീവിലാപത്തിലൂടെ വിശ്വപ്രശസ്തിനേടി. ഉടുതുണിക്കു് മറുതുണിയില്ലാതെ വനവാസത്തിനു പോവുമ്പോൾ, നിങ്ങൾ ഇക്കാര്യം എന്നോടു് ശാഠ്യത്തോടെ പറഞ്ഞതു് നന്നായി, കുറ്റബോധമില്ലാത്ത മനഃസാക്ഷിയുമായി മരണദേവതയെ കാണാൻ ആവുന്നതിനെക്കുറിച്ചു ഭീഷ്മർ പറഞ്ഞതിന്റെ പൊരുൾ വ്യക്തം!”
“ദ്വാരകനാടുവാഴിയുടെ കൊച്ചനുജത്തിസുഭദ്രയെ അർജ്ജുനൻ, രഹസ്യമായി വിവാഹം ചെയ്തു ഇന്ദ്ര പ്രസ്ഥത്തിൽ വന്നപ്പോൾ, തണുത്ത കൊട്ടാര സ്വീകരണത്തിലൂടെ നവവധുവിന്റെ താമസം വെട്ടിച്ചുരുക്കി അർജ്ജുൻ അവളുടെ നാട്ടിലേക്കു സ്ഥിരതാമസം മാറ്റി എന്ന ‘കൊള്ളിയാൻ’ മിന്നുന്നല്ലോ കുതിരപ്പന്തിയിൽ?”, രാജസൂയ യാഗത്തിന്റെ പരിസമാപ്തിക്കു ശേഷം പാണ്ഡവർ ആശ്രയിക്കുന്ന ദ്വാരകനാടുവാഴിയുടെ പ്രീതി നഷ്ടപ്പെടുമെന്ന ഉൾഭീതി നിങ്ങൾക്കുണ്ടായില്ലേ, അതോ പാണ്ഡവർക്കു് ഒരു പൊതുഭാര്യ മതി എന്ന ദാമ്പത്യനയത്തിൽ വെള്ളം ചേർക്കാൻ സുഭദ്രയുടെ തുടർസഹവാസം തുണക്കുമെന്നായിരുന്നോ അന്തർപ്രേരണ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥക്കാലം.
“അതിൽ എന്താണു് കൊള്ളിയാൻ മിന്നാനുള്ള വഴിയോര ഇടിവെട്ടു്? എന്റെ അധികാര താൽപ്പര്യങ്ങൾക്കു് നിലവിലോ ഭാവിയിലോ വ്യക്തിഗത ഭീഷണി ഉയർത്താവുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള എന്തു് ധാർമ്മിക ബാധ്യതയാണു് എനിക്കുള്ളതു്? മുതിർന്ന റാണിയോ ഇളമുറ റാണിയോ അല്ല ഞാൻ, അഞ്ചു പാണ്ഡവരുടെ ഏകറാണി! ധർമ്മപുത്രരെ പോലെ കപടമുഖ പരിപാലനം എനിക്കുണ്ടാവില്ലെന്നു, മുമ്പു് അഭിമുഖം ചെയ്തപ്പോൾ നിങ്ങൾക്കു് തോന്നി എങ്കിൽ, അതാണു് ശരി? വ്യക്തിഗതമായി സ്വാധീനമുള്ള ദ്വാരകനാടുവാഴിയുടെ പ്രീതിയോ അപ്രീതിയോ അല്ലല്ലോ ഞാൻ നേരിടുന്ന ഭീഷണി. സുഭദ്ര ഇളമുറ റാണി എന്ന നിസ്സാരപദവിയിൽ പോലും„ ഇന്ദ്രപ്രസ്ഥത്തിൽ തുടരേണ്ട എന്നതായിരുന്നല്ലോ പഞ്ചപാണ്ഡവരുടെയും മൊത്തം അന്തിമനിലപാടു്? അവളുടേതു് പരസ്യവിവാഹമൊന്നുമായിരുന്നില്ല, ബലരാമൻ ഉറപ്പിച്ച വേറെ വിഖ്യാത വരനെ തഴഞ്ഞു സുഭദ്രയെ അർജ്ജുനനു മൊത്തു നാടുവിടാൻ അവസരം കൊടുത്തു എന്നതല്ലേ വാസ്തവം? വിവാദപർവ്വത്തിൽ തട്ടിക്കൊണ്ടുവന്നവളെ, ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുമോ പാഞ്ചാലി! ഒരു പെൺ അന്തഃപുരത്തിൽ പാണ്ഡവരിൽ ഉണ്ടാക്കിയ ഭിന്നിപ്പു് നിങ്ങൾ പതിവായി കാണുന്നുണ്ടല്ലോ. അപ്പോൾ ഓരോ പാണ്ഡവന്റെയും അനൗദ്യോഗിക ഭാര്യമാരെ ഇവിടെ ഞാൻ പാർപ്പിച്ചാൽ, പിന്നെ പ്രഖ്യാപിതശത്രുക്കളായി കൗരവരെ അല്ല കാണുക, സ്വാർത്ഥമുഖമുള്ള പാണ്ഡവരെ!”
“പതിനെട്ടുദിവസത്തെ പോരാട്ടപ്പൊരിച്ചിലിനു ശേഷം, പോറൽ പോലും ഏൽക്കാതെ, പാണ്ഡവർ രക്ഷപ്പെട്ടതു് പെറ്റതള്ളയുടെ ‘പുണ്യം’ കൊണ്ടാണെന്നു വിദുരർ മാതൃദിനത്തിൽ പറയുന്നതു കേട്ടല്ലോ. മിതഭാഷിയെന്നു പേരുകേട്ടയാൾ, കുന്തിയെക്കുറിച്ചു അത്യുക്തിയിൽ അഭിരമിക്കുന്നു എന്ന തോന്നലുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര നാളുകൾ.
“പാണ്ഡവരഞ്ചുപേരും വിഷാദരോഗത്തിനു് വാരണാവതം സുഖവാസ മന്ദിരത്തിൽ രഹസ്യചികിത്സ നേടുന്നവരാണെന്ന അരമനരഹസ്യം ‘മിതഭാഷി’ വഴി “പുണ്യവതി” അറിയാതിരിക്കട്ടെ!”
“പാടുപെട്ടു വഴിയൊക്കെ വലിഞ്ഞു നടന്നു, ഒരു പനയോലക്കെട്ടു അഭിമുഖങ്ങളുമായി ഹസ്തിനപുരിയിലേക്കു തിരിച്ചുപോവുന്നതിന്റെ അകംപൊരുളെന്താണു്?, കൊട്ടാരം ലേഖികയോടു് ഭീമൻ ചോദിച്ചു. മറ്റു പാണ്ഡവർ നായാട്ടിനുപോയ നേരം. വനവാസം.
“ഹസ്തിനപുരി പത്രികയുടെ പതിനഞ്ചോളം ചുവരെഴുത്തു് പതിപ്പുകളിൽ, ഒന്നു് കൗരവ രാജ സ്ത്രീകളെ ലക്ഷ്യമാക്കുന്നു. അവർക്കു് ഗംഗയോ ഹിമാലയമോ കൗതുക ദൃശ്യ വാർത്തയല്ല, ജിജ്ഞാസാഭരിതരായ അവർക്കറിയേണ്ടതു്, ഒരിക്കൽ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയും, ഇപ്പോൾ കൗരമഅടിമയുമായ പാഞ്ചാലിയുടെ ബഹുഭർത്തൃത്വദാമ്പത്യ പ്രയാസങ്ങൾ, ജീവിതപാതയിലെ കരിനിഴൽപാടുകൾ! സമീപഭാവിയിൽ സംഭവിക്കാവുന്ന മഹായുദ്ധം, കുടുംബചരിത്രകാരനു് ഇഷ്ടവിഷയമാവുമെങ്കിൽ, അഭിമുഖങ്ങളിലൂടെ വ്യക്തമാവുന്ന പെണ്ണവകാശ പോരാട്ടങ്ങൾക്കു്, കൗരവപാണ്ഡവ സ്വത്തവകാശത്തർക്കത്തെക്കാൾ ഗാർഹികശ്രദ്ധ കിട്ടുമെന്നാണവരിലെ പ്രബുദ്ധറാണികളിൽ ചിലരുടെ പ്രത്യാശ. അതാ, പ്രഭാതവെയിലിൽ കുളി കഴിഞ്ഞു ഈറനുമായി വരുന്നു മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലി! ഇത്തരം കാഴ്ചപ്പൊലിമകൾ ‘ഛായാചിത്ര’മാക്കാനുള്ള വരുംയുഗ ഉപകരണം എനിക്കുണ്ടായിരുന്നെങ്കിൽ!”
“കബളിപ്പിക്കപ്പെട്ട തോന്നലുണ്ടായോ?” കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു.
“പ്രച്ഛഹ്നവേഷമെന്നറിഞ്ഞു തന്നെ ‘പട്ടാഭിഷേക’ത്തിനു ഞാൻ വഴങ്ങി. ദുര്യോധനൻ കാർമ്മികത്വം വഹിച്ചു പരിസമാപ്തിയിലെത്തിച്ച തട്ടിപ്പു പക്ഷേ, പാണ്ഡവർ മുഖവിലക്കെടുത്തു എന്നതാണു് പട്ടാഭിഷേക പ്രഹസനതിന്റെ വിജയം. ആയുധമത്സരത്തിൽ എത്തിയപ്പോൾ ജാതി ചോദിക്കാനല്ലാതെ, കാട്ടിൽ ജനിച്ചു വളർന്ന ഭീമനുണ്ടോ അംഗരാജ്യം എവിടെ എന്നു് നെഞ്ചുവിരിച്ചു വെല്ലുവിളിക്കാൻ അറിവിന്റെ ധൈര്യം? ഒരു പണത്തൂക്കം പോലും പൊന്നില്ലാത്ത വ്യാജകിരീടം ധരിച്ചു ഹസ്തിനപുരി വാണിജ്യവീഥിയിൽ ഞാൻ വഴിനടക്കുമ്പോൾ, ഓച്ചാനിച്ചു നിൽക്കുന്ന ഭീമനെ ഇന്നലെ സന്ധ്യക്കും കാണാമായിരുന്നു!”
“ഭിന്നലിംഗവിഭാഗങ്ങൾക്കു് സാമൂഹ്യനീതിയും അവകാശങ്ങളും ഉറപ്പു വരുത്താൻ ഔദ്യോഗിക ലിംഗനീതിനിയമം നടപ്പിലാക്കിയ ഹസ്തിനപുരിയിൽ തന്നെ വേണമായിരുന്നോ, ആക്രമിക്കാൻ മുന്നിൽ ശിഖണ്ഡി നിന്നാൽ, താൻ ആയുധം താഴെയിടും എന്ന കൗരവ സർവസൈന്യാധിപൻ ഭീഷ്മരുടെ പ്രഖ്യാപനം?” പാണ്ഡവ സർവസൈന്യാധിപൻ ധൃഷ്ടധ്യുംനൻ കുരുക്ഷേത്രത്തിൽ.
“പേർ വിളിച്ചാണല്ലോ ഭീമനുനേരെ ആരോപണം? എന്തു തെറ്റാണവൻ ചെയ്തതു് ?” കൊട്ടാരം ലേഖിക ദുര്യോധന വിധവയോടു് ചോദിച്ചു. കുടി ഒഴിക്കപ്പെട്ട കുരുക്ഷേത്രവിധവകൾ സമരമുഖം തുറന്ന യുദ്ധാനന്തര ഹസ്തിനപുരി.
“ഞങ്ങൾ വിധവകൾക്കും വസതി മൗലികാവകാശം അല്ലേ? പൊതുമുതൽ അല്ല, പണസ്രോതസ്സു്. സ്ത്രീധന സ്വർണം വിറ്റു് പണിത വസതിയിൽ നിന്നും രാത്രി ഞങ്ങളെ മുഷ്ടിബലം ഉപയോഗിച്ചു് പാതിരാവിൽ പുറത്താക്കി. ദുര്യോധനന്റെ പ്രേതം ഭീമനെ പേടിസ്വപ്നം കാട്ടി കളിയാക്കുന്നു. ഇത്തരം ഭീരു ആണോ പുതിയ പ്രതിരോധ വകുപ്പു് മേധാവി?” അവൾക്കു് പിന്നിൽ കൗരവ വിധവകളും കുടുംബവും അണിനിരന്ന മദ്ധ്യാഹ്നം.
“അന്ധഭർത്താവുമായി ഐക്യപ്പെടാൻ കണ്ണുകെട്ടി സ്വന്തം കാഴ്ച നിഷേധിക്കുന്നതൊരു കൗതുകക്കാഴ്ചയാക്കിയ നിങ്ങളെ, കൗരവർ, ലാളന തന്നില്ലെന്നു കുന്നായ്മ പറയാറുണ്ടോ?”, കൊട്ടാരം ലേഖിക സ്പർശ പരിലാളനയോടെ ചോദിച്ചു.
“കൗരവരിൽ എണ്‍പത്തിഏഴാമനാണോ, അതോ നാൽപ്പത്തിഎട്ടാമനൊ മറ്റോ ആണെന്നു് തോന്നുന്നു, പിറന്നാൾ ദിവസം പട്ടുടുപ്പിച്ചതു് പോരെന്ന പരിഭവത്തിൽ, നിങ്ങൾ പറഞ്ഞ വാക്കു പരുഷമായി ഉച്ചരിച്ച ഓർമ്മ. നൂറു കുട്ടികൾ ഉണ്ടായിട്ടും, ഒന്നിനെങ്കിലും കണ്ണോ കാലോ, കൂടുതലും കുറവും ഒന്നും ഇല്ലാതെ, മനുഷ്യകുലത്തിൽ പ്രദർശനയോഗ്യമാക്കിയതാണു് ഗാന്ധാര സാധന എന്നു് എളിമയോടെ പറഞ്ഞപ്പോൾ, നൂറു ശിരസ്സുകൾ നമസ്കരിച്ചു എന്നല്ലേ, കണ്ടുനിന്ന കുന്തി പിന്നീടെന്നോടു് പറഞ്ഞതു?”, കൺകെട്ടു് പതുക്കെയൊന്നു താഴ്ത്തി കൊട്ടാരം ലേഖികയെ ഗാന്ധാരി ചുഴിഞ്ഞു നോക്കി വീണ്ടും സ്വയം കാഴ്ച നിഷേധിച്ചു.
“പടിയിറങ്ങിപ്പോയ പാണ്ഡവർ ആറുപേരിൽ, യുധിഷ്ടിരനൊഴികെ അഞ്ചുപേരും ഒന്നൊന്നായി മലഞ്ചെരുവിൽ കുഴഞ്ഞുവീണു നിര്യാതരായതിനു നേർസാക്ഷി നിങ്ങൾ മാത്രമല്ലേ? പരേത പാണ്ഡവരുടെ ഭൌതികശരീരം എവിടെ നിങ്ങൾ സംസ്കരിച്ചു എന്നാണു് പരീക്ഷിത്ത് ഭരണകൂടത്തിന്റെ വിവരാവകാശ ചോദ്യം.” ഹസ്തിനപുരി പത്രികയുടെ ഉടമ കൊട്ടാരം ലേഖികയോടു് ചോദിച്ചു.
“ഉറ്റവർ കൂടെ ഇല്ലാതെ ഞാനും നിങ്ങളും നാളെ കാലം ചെന്നാലും അനാഥജഡത്തിനുമേൽ അവകാശം കഴുകനും കുറുനരിക്കും മാത്രമായിരിക്കുമല്ലോ. പാമ്പിനെ അല്ലാതെ വേറെ ആരെയും പേടിയില്ലാത്ത രാജാവു് പരീക്ഷിത്തിനോടു് അങ്ങനെ ‘വിവരം’ പറയൂ”.
“അജ്ഞാതവാസം കഴിഞ്ഞ സ്ഥിതിക്കു് ഇനി യുദ്ധകാഹളത്തിന്റെ ബഹളമായിരിക്കും. മരംചാരിയിരുന്നു അടുക്കും ചിട്ടയും നോക്കാതെ ബോധധാരാ രീതിയിൽ ഭൂതകാലത്തിലേക്കു് നിങ്ങളൊന്നു ഊളിയിട്ടാൽ വരുംയുഗത്തിലേക്കു് ഔദ്യോഗിക ആത്മകഥ ആധികാരികതയോടെ ഞാൻ തക്കസമയത്തു കൈമാറാം, രാജ്യതാൽപ്പര്യത്തിൽ നിങ്ങൾ സഹകരിച്ചുകൂടെ?”, വിരാട സൈനിക മേധാവിയായിരിക്കെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട യുവകീചകന്റെ അന്ത്യവിശ്രമസ്ഥലിയിൽ പുഷ്പാർച്ചന ചെയ്യുകയായിരുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.
“ഇന്ദ്രപ്രസ്ഥത്തിലും വനവാസത്തിലും നിങ്ങൾക്കു് കിട്ടിയതു് ജീവിത കഥയുടെ നാഴികക്കല്ലുകൾ! അവക്കടിയിലെ കരിക്കുന്നൻമാരെയും പഴുതാരകളെയും ഞാൻ വേണോ പുറത്തെടുക്കാൻ?”
“താൻപോരിമയുള്ള പുതുയുഗ വനിതയെന്ന ദേശീയപ്രതിച്ഛായ പാഞ്ചാലീസ്വയംവരം മുതൽ കെട്ടിപ്പൊക്കിയ നിങ്ങൾ പക്ഷേ, എന്തുകൊണ്ടു്, ചൂതാട്ടസഭയിൽ അവമതിക്കപ്പെടുന്ന രീതിയിൽ കൗരവരാൽ വിവസ്ത്രയാവുന്ന ദയനീയസാഹചര്യമുണ്ടായിട്ടും, അക്രമികളെ ചെറുക്കാതെ, അവരുടെ ഇംഗിതത്തിനു് വഴങ്ങി? അങ്ങനെ ഒരു തോന്നൽ ഞങ്ങൾക്കുണ്ടായി? എങ്ങനെ പ്രതികരിക്കുന്നു നിർണ്ണായക മുഹൂർത്തത്തിലെ നിർജ്ജീവ പ്രതികരണശേഷിയെ കുറിച്ചിപ്പോൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.
“ലൈംഗികാതിക്രമത്തിനവസരം കാത്ത ഭൂപ്രഭുക്കളെ സദസ്സിൽ കാണാതെയല്ല. ഞാനവിടെ നേരിട്ട നൈതിക‘തിരഞ്ഞെടുപ്പു്’ ഇതായിരുന്നു—രതിപ്രലോഭനത്തിന്റെയും പ്രണയപദങ്ങളുടെയും അകമ്പടിയോടെ എന്റെ കുത്തഴിഞ്ഞ ഉടുതുണിയിൽ വിറയലോടെ കൈവക്കുന്ന യുവകൗരവർക്കുനേരെ ഞാൻ ഗർജ്ജിക്കണോ, അതോ സദാചാര സംരക്ഷകരുടെ ആട്ടിൻതോലണിഞ്ഞ വയോജനങ്ങൾക്കു സാഷ്ടാംഗം നമസ്കരിക്കണോ? കൂടെ പൊറുക്കൂന്നവളുടെ അനുമതി കൂടാതെ പണയം വച്ചു് ചൂതാടാൻ ധൈര്യപ്പെട്ട ഭർത്താവിനെ പ്രതിചേർത്തു് ഞാൻ നീതിപീഠത്തിൽ ഉടനെ പരാതി കൊടുത്തു. അർധരാത്രിയോടെ തീർപ്പായപ്പോൾ, ദാമ്പത്യകരാർ ലംഘനം ചെയ്ത പാണ്ഡവർ വനവാസത്തിൽ പോവാൻ നീതിപീഠം ശിക്ഷ വിധിച്ചു.”
“അന്തഃപുരത്തിനു താഴെ ഒളിച്ചിരിക്കുന്നവരെയെല്ലാം പിടികൂടി ചോദ്യംചെയ്തു വെറുതെ വിട്ടുവോ, അതോ ഒറ്റയാൾവിചാരണ ചെയ്തു അപ്പപ്പോൾ വധിച്ചുവോ?”, പുതിയ ജനനായകൻയുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു, ഭീമഗദയുടെ മാരകപ്രഹരത്തിൽ തുടയെല്ലൊടിഞ്ഞു ചളിയിൽ വീണ ദുര്യോധനൻ വാവിട്ടു് നിലവിളിക്കുന്ന നേരം, പതിനെട്ടാം ദിവസം സന്ധ്യ.
“കുരുക്ഷേത്രയുടെ ഉദ്ദേശ്യലക്ഷ്യം പൂർത്തിയായി, എന്തുകൊണ്ടു് ദുര്യോധനന്റെ കഴുത്തുവെട്ടാതെ ഞങ്ങൾ അവനെ വെറുതെ വിട്ടു എന്നുചോദിച്ചാൽ, അതാണു് ധർമ്മയുദ്ധം. ശത്രു മുറിവേറ്റു നിലത്തുവീണാൽ പിന്നെ കഴുത്തുവെട്ടുന്നതിൽ എനിക്കു് വൈമനസ്യമുണ്ടു്. മുറിവേറ്റവൻ സ്വയം മരണം കണ്ടെത്തട്ടെ. ആവശ്യത്തിലധികം മരണം എന്നല്ല ഞങ്ങളുടെ മുദ്രാവാക്യം, ആവശ്യത്തിനുമാത്രം വധം. ഇനി ഞങ്ങൾ ഹസ്തിനപുരിയിൽ പോയി ധൃതരാഷ്ട്രരുടെ ഭരണച്ചുമതല ഏറ്റെടുക്കണം. അരനൂറ്റാണ്ടിലേറെ കാലമായി ഞങ്ങൾക്കായി ചെങ്കോൽ തുടച്ചുമിനുക്കി കരുതി വെക്കുകയായിരുന്നു. ദുര്യോധനനു് ചുമതല കൊടുത്തു, അച്ഛൻ അധികാരം ഒഴിഞ്ഞില്ല. അതു ഞങ്ങൾക്കായി മാറ്റിവച്ചു. അല്ലെങ്കിൽ എന്തു് സംഭവിക്കുമെന്നല്ലെ? ദുര്യോധനന്റെ പ്രായപൂർത്തി എത്താത്ത മകനോ കൊച്ചുമകനോ ഹസ്തിനപുരിയുടെ കിരീടാവകാശിയാവുമായിരുന്നു. അതൊഴിവാക്കിയ ധൃതരാഷ്ട്രരുടെ മഹാമനസ്കതക്കു് കൂപ്പുകൈ. എത്രയുംവേഗം അദ്ദേഹത്തിനു് വാനപ്രസ്ഥത്തിൽപോവാൻ ഞാൻ അനുമതി കൊടുക്കും!”
“ആകാമോ ഇത്രയും ഹിംസ?”, കൊട്ടാരം ലേഖിക ചോദിച്ചു, ഹസ്തിനപുരിയുടെ കരിദിനം.
“ധൃതരാഷ്ട്ര ഭരണകൂടത്തിന്റെ ആനുകൂല്യം കൗരവർക്കു്, മുന്തിയ ഇനം അരമനജോലികളും കൗരവർക്കു് സംവരണം, എന്നാൽ അരമന അടിച്ചുതളി മാലിന്യനീക്കം വിറകു് കീറൽ പാണ്ഡവർക്കു്. ഓർക്ക, രാജാവിന്റെ മക്കളാണു് കൗരവർ സമ്മതിച്ചു എന്നാൽ പാണ്ഡവർക്കു് കുരുവംശത്തിൽ അവകാശം ഒന്നുമില്ലേ? എവിടെനിന്നോ വലിഞ്ഞുകയറിവന്നു കൗരവർക്കുനേരെ ഹിംസ പ്രയോഗിക്കുന്നവർ? ഞങ്ങൾ, ഇതാ ഇന്നലെ രാജാവിനെ അരമനയിൽ നുഴഞ്ഞുകയറി അന്ധനെ ബന്ദിയാക്കി. നൂറു മക്കൾ ഉള്ള രാജാവിനെ പരിക്കേൽപ്പിക്കാതെ കൈവിടണോ, അതോ വില പേശണോ, നിങ്ങൾ പറയൂ.”
“വിരണ്ടുവോ സ്ത്രീഹൃദയം?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.
“ദശാബ്ദങ്ങളായി രാജവധുക്കളും കൗരവകുടുംബങ്ങളും അന്തിയുറങ്ങിയ വസതികളിൽനിന്നു് മുടികുത്തിപ്പിടിച്ചു അന്തേവാസികളെ പുറത്തേക്കെറിഞ്ഞപ്പോൾ, ദുര്യോധന നാമം ജപിച്ചതാണു് ഭരണകൂട കിങ്കരന്മാരെ ചൊടിപ്പിച്ചതു്. നാമജപം നിർത്തി പാണ്ഡവസുവിശേഷത്തിനു ചെവിയോർക്കാൻ, ചാരമേധാവിയെന്ന പദവിയിൽ ഞങ്ങളിലേക്കു് പാലം പണിയുന്ന നകുലൻ നിർദ്ദേശിച്ചു. വാക്കുകളിൽ തേനൂറുന്നുണ്ടെങ്കിലും ഉള്ളിൽ വിഷമാണെന്നറിയുന്ന കൗരവഅനാഥകൾ, ദുര്യോധന ജപശബ്ദം നിലനിർത്താത്തതവരെ ക്രുദ്ധരാക്കി. ഭരണകൂടത്തെ പ്രകോപിപ്പിച്ചാൽ എന്നു് മുരണ്ടുകൊണ്ടവർ ഒരു പാവം കൗരവകുമാരിയുടെ മടിക്കുത്തിൽ കടന്നുപിടിച്ചപ്പോൾ കേട്ടു, ആകാശത്തുനിന്നു ശബ്ദം, തുടർന്നതാ, അടികൊണ്ടു ചളിവെള്ളത്തിലേക്കു തെറിച്ചുവീഴുന്ന ഭീമനും—അപ്പോൾ മനസ്സിലായി, ശരീരം കുരുക്ഷേത്രയിൽ എന്നോ ദുര്യോധനൻ ഉപേക്ഷിച്ചെങ്കിലും, ആശ്രിതരോടു കരുണയും കരുതലും സൂക്ഷ്മലോകത്തിൽ തുടരുന്നു! ആപത്തിൽ അനാഥകളെ കാപ്പാത്തിയ പരിശുദ്ധാത്മാവേ, നീ എന്നെന്നും കൂട്ടായിരിക്കേണമേ!”
“അർജ്ജുന അസാന്നിധ്യം മുതലെടുത്തായിരുന്നു സാഹസിക സൈനികദൗത്യത്തിനു് അഭിമന്യു മുതിർന്നതെന്നൊക്കെ പറഞ്ഞു കൈകഴുകാനാവുമോ നിങ്ങൾക്കു്? പ്രായപൂർത്തിയെത്താത്ത കൗമാര പോരാളിയുടെ രക്ഷാകർത്താവല്ലേ നിങ്ങൾ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.
“ദ്വാരകയിലെ സൈനികപരിശീലന കാലത്തു ചക്രവ്യൂഹരഹസ്യം നീ ശരിക്കും അഭ്യസിച്ചിട്ടുണ്ടോ എന്നു് ആശയവ്യക്തതയോടെ ഞങ്ങൾ ചോദിച്ചിരുന്നു. ഗർഭസ്ഥശിശുവായിരിക്കുമ്പോൾ, അമ്മ സുഭദ്രയോടു് അർജ്ജുനൻ പറയുന്നതു് കേട്ട പരിചയമാണെന്നവൻ നിഷ്കളങ്കമായി പറഞ്ഞപ്പോൾ ബോധ്യമായി, കൗമാരമനസ്സിന്റെ ദുരഭിമാനവ്യാപ്തി. ചുഴലിയായി പാഞ്ഞുചെന്നു് കൗരവരിൽ വമ്പിച്ച ആൾനാശം വിതക്കാനുള്ള ശക്തിയുണ്ടെന്നവകാശപ്പെട്ടു പടിയിറങ്ങുമ്പോൾ, മുതിർന്നവരുടെ അനുഗ്രഹം തേടാനൊന്നും അവൻ മുതിർന്നില്ല. സുഭദ്രയോടു യാത്ര പറയുന്നതു് നകുലൻ കണ്ടു. അകാലമരണം അവൻ ചോദിച്ചു വാങ്ങി എന്നതാണു് ഞങ്ങളുടെ നിഗമനം. ഒന്നേ കുഴയ്ക്കുന്നുള്ളു എവിടെ അവന്റെ അച്ഛൻ? സാരഥിയും മുങ്ങി! പൊങ്ങുന്നതു് അഭിമന്യുമരണം ആകാശചാരികൾ മുഖ്യവാർത്തയാക്കിയപ്പോൾ. യുദ്ധം ജയിച്ചാൽ കിരീടാവകാശിയായി അഭിമന്യു അവകാശമുയർത്തുമെന്ന ആശങ്കയിൽ, അധികാരമോഹിപാഞ്ചാലിയുടെ കുടിലനീക്കമാണോ അപകടസാധ്യതയുള്ള ചക്രവ്യൂഹദൗത്യം? ചോദിക്കരുതേ! ഇന്നലെ മുതൽ പാഞ്ചാലി താമസം ഇവിടെയല്ല. ഞങ്ങൾക്കു് അവളിൽ ഉണ്ടായി എന്നൊക്കെ പറഞ്ഞു ശീലിച്ച അഞ്ചുമക്കളെ പരിചരിച്ചു അടുത്തൊരു പാളയത്തിലാണു്. അഭിമന്യു മരിച്ചതോടെ അവരിൽ മൂത്തവൻ കിരീടാവകാശത്തിനു യോഗ്യൻ. പറഞ്ഞുവന്നാൽ, അവൻ എനിക്കു് പുത്രൻ!”
“എന്നെ അംഗരാജ്യരാജാവാക്കി ദുര്യോധനൻ വാഴിച്ചതിനുപിന്നിലെ വൃത്തികെട്ട ജാതിരാഷ്ട്രീയം നിന്നോടു് ഞാൻ അന്നേ സൂചിപ്പിച്ചു. ഹസ്തിനപുരി കൊട്ടാരത്തിലെ യാഥാസ്ഥിതികർക്കു ദഹിക്കുന്ന കാര്യമല്ല അതൊന്നും. അതിരഥനെപ്പോലെ ചമ്മട്ടി പിടിക്കേണ്ടവൻ ചെങ്കോൽ പിടിക്കുകയോ? ജാതിക്കോമരമായ ഭീഷ്മർ ചോദിച്ചതു് അങ്ങനെയായിരുന്നു. ഭരണനടപടിക്രമം അറിയുന്ന വിദുരർ ഉൾപ്പെടെ ആരും, ഔപചാരികമായി ഞാൻ എങ്ങനെ അംഗരാജ്യത്തിൽ അധികാരമേൽക്കും എന്നുപദേശിച്ചില്ല. അന്വേഷണം നടത്താനാവാതെ ഞാനും പരുങ്ങി. പാണ്ഡവരിപ്പോൾ കുടിയേറ്റക്കാരായി ഖാണ്ഡവപ്രസ്ഥത്തിൽ കാടുവെട്ടി പുതുനഗരം പണിതു യാഗം ചെയ്തു സർവ്വാധികാരിയാകുമ്പോൾ എന്തുകൊണ്ടു് ഞാൻ അംഗരാജ്യത്തിലേക്കു കുടിയേറിക്കൂടാ? ഞാനില്ലാത്തപ്പോൾ ഇവിടെ അതിക്രമിച്ചുകയറിവന്നു ദുര്യോധനൻ അരുതാത്തയിടത്തു നിന്നെ തൊട്ടശേഷം വീണ്ടും പുതിയൊരു യാഥാർഥ്യത്തിൽ അംഗരാജകുടിയേറ്റത്തെകുറിച്ചു് ആലോചിച്ചു. അവിടത്തെ സ്നേഹസമ്പന്നരായ ജനങ്ങളോടു് സംസാരിക്കാനവസരം കിട്ടുന്നതു് റാണിയെന്ന നിലയിൽ നിനക്കും നല്ലതല്ലേ?”, കിണറ്റിൽനിന്നും വെള്ളം കോരുകയായിരുന്ന ഭാര്യയോടു് കർണ്ണൻ പറഞ്ഞു. കുതിരച്ചാണകം മണക്കുന്ന വസതി. വെളിയിട വിസർജ്ജനത്തിലായിരുന്ന കുട്ടികൾക്കു് പിന്നിൽ തെരുവുപന്നി അക്ഷമയോടെ.
“വളർന്ന ഹസ്തിനപുരിയുമായി ജാതീയമായി സമരസപ്പെടാതെ, വിമതവ്യക്തിത്വംവളർത്തിയെടുത്ത നിങ്ങളാണോ കണ്ടും കേട്ടും പരിചയമില്ലാത്ത രാജ്യത്തിൽ കുടിയേറ്റ പട്ടാഭിഷേകത്തിനു ഉത്സാഹിക്കുന്നതു? ദുര്യോധനൻ എന്നെ തൊട്ടതു രഹസ്യമായിട്ടൊന്നുമല്ലല്ലോ. കണ്ടില്ലെന്ന മട്ടിൽ നിങ്ങൾ തിരക്കുപിടിച്ചു പോയപ്പോൾ ആയിരുന്നില്ലേ അവന്റെ സ്നേഹസ്പർശം? പ്രണയപൂർവ്വം ഭാര്യയെ ഒന്നുനോക്കാൻ മെനക്കെടാത്ത നിങ്ങളാണോ ദുര്യോധനന്റെ “ലൈംഗികാതിക്രമത്തിൽ” നിന്നെന്നെ രക്ഷിക്കുക?, കാപട്യത്തിന്റെ മനുഷ്യരൂപമെന്നു ചാർവാകൻ വിശേഷിപ്പിക്കാറുള്ള യുധിഷ്ടിരനെക്കാൾ കഷ്ടമാണല്ലോ, പാവം അതിരഥൻ വളർത്തിയ നിങ്ങളുടെ, ജൈവികപിതാവു് ആകാശചാരിയാണെന്ന, വിലക്ഷണവാദം?”
“കൌരവർ ഒത്തുതീർപ്പിനു് തയാറാണു് പാഞ്ചാലീ. സമ്മതിച്ചാൽ അട്ടയും പെരുച്ചാഴിയും നിറഞ്ഞ ഈ കാട്ടിലെ പന്ത്രണ്ടുവർഷ കഠിനതടവിൽനിന്നു് നമുക്കു് രക്ഷപ്പെടാം. സന്യസ്ഥരുടെ വിസർജ്യം നീക്കുന്ന ദുരിതത്തിൽനിന്നു് നിനക്കും. ഇപ്പോൾ ഒരു കൗരവസഹോദരന്റെ ഭരണത്തിൽ ഉള്ള നമ്മുടെ പഴയ ഇന്ദ്രപ്രസ്ഥത്തിൽതന്നെ അതിഥിമന്ദിരം അവർ വാടകയ്ക്കു് തരും.” യുധിഷ്ഠിരൻ സംസാരിക്കുമ്പോൾ മറ്റു പാണ്ഡവർ മുട്ടുകുത്തി.
“എന്താണു് നിബന്ധന?” സംശയം നിറഞ്ഞ കണ്ണുകൾ അഞ്ചുപേരിലും പാഞ്ചാലി എറിഞ്ഞു.
“വേറെ ഒന്നുമല്ല. വന്ദ്യദുര്യോധനൻ ഈ വീടിന്റെ ഐശ്വര്യം എന്നു് വസതിക്കു മുമ്പിൽ നാം ആറു പേരും വേറെ വേറെ ചുവരുകളിൽ ഓരോ മാസവും പുതുതായി എഴുതി വക്കണം”.
“വാർത്താപരിചരണത്തിൽ വരാവുന്നൊരശ്രദ്ധ എന്നു് പറഞ്ഞൊഴുക്കിവിടാനാവുമോ, അപകീർത്തിപരമായ ആരോപണം? ചോര തിളയ്ക്കുന്ന യുവത്വത്തിൽ, പായക്കൂട്ടിനൊരു പെൺതുണയില്ലാതെ പാണ്ഡവർ ദേശവിദേശങ്ങളിൽ ഒരുമിച്ചു കഴിഞ്ഞിരുന്നു എന്നതൊരു പുത്തനറിവൊന്നുമല്ല. അജ്ഞാത വാസക്കാലത്തു പെൺവേഷംകെട്ടി നൃത്താധ്യാപികയുടെ ജോലി അർജ്ജുനൻ നേടി എന്നതും ചരിത്രവസ്തുത. അപ്പോളൊന്നും ഭീമനിൽ നിന്നിങ്ങനെ സ്വവർഗ്ഗാഭിരുചിയുടെ അനിയന്ത്രിത നീക്കം ഉണ്ടായിട്ടില്ല എന്നതാണു് കേവലസത്യമെന്നിരിക്കെ, ‘ഹസ്തിനപുരി പത്രിക’യുടെ തെരുവോര ചുവരെഴുത്തു പതിപ്പുകൾക്കുമുമ്പിൽ വന്നു കൂടുന്ന അലസസാക്ഷരർക്കു തെറ്റായ സന്ദേശം നൽകുകയല്ലേ, ദുരുപദിഷ്ടമെന്നു വ്യാഖ്യാനിക്കാവുന്ന വാർത്ത പ്രസിദ്ധീകരിക്കുന്നതിലൂടെ?”, ചാരവകുപ്പുമേധാവി കൊട്ടാരം ലേഖികയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
“നിങ്ങൾക്കറിയാഞ്ഞിട്ടാണു്. ഈ പദം നാളെ പൊതുസമൂഹം രതിസഹിഷ്ണുതയുടെ പരസ്യ ദൃഷ്ടാന്തമായി ഉയർത്തിപ്പിടിക്കും. “എനിക്കൊരു സ്വവർഗരതി സുഹൃത്തുണ്ടു്” എന്നു് അഭിമാനത്തോടെ പിൻഗാമികൾ പറയുന്നൊരു കാലത്തു, ഞങ്ങളുടെ വാർത്താപരിചരണം പ്രവചന സ്വഭാവമുൾക്കൊള്ളുമെന്നാണു് വിശ്വാസം. ആൺ പെൺരതിയിലാണു് കുലീനത എന്നു് കരുതുന്ന പിന്തിരിപ്പൻ രതിസങ്കൽപ്പങ്ങൾക്കപ്പോൾ തിരശീല വീഴും. അല്ല, ആരോപിത ഭീമനില്ലാത്ത സ്വവർഗ്ഗഅങ്കലാപ്പു് നിങ്ങൾക്കെന്തിനാണു് ഭരണകൂടമേ?”
“കുരുക്ഷേത്ര യുദ്ധമാലിന്യം നീക്കുന്ന സന്നദ്ധസമിതി അംഗമാണു് ഞാൻ, ആരാരോടാണു് പോരാട്ടമെന്നറിയില്ലെങ്കിലും. ഇന്നു ഒരു കാഴ്ചകണ്ടു, വെളുത്തുനീണ്ട താടിയും മുടിയുമായി ഋഷിതുല്യനായ പടുവൃദ്ധൻ, തൈലം തേച്ചു സാവധാനം പുഴവെള്ളത്തിൽ നീരാടുന്നു. ഞാനിങ്ങനെ മിഴിച്ചു നോക്കി ആ വിചിത്രകാഴ്ച! പോരാളികൾ തിരക്കു് കൂട്ടുന്ന നീരൊഴുക്കിൽ എന്താണു് ഈ ‘പരിത്യാഗി’ക്കു് പ്രസക്തി?, നേരിട്ടു് ചോദിക്കണമെന്നു് ഉള്ളം പിടച്ചു, സൂക്ഷ്മതയോടെ കുളിച്ചു ഈറനുടുത്തയാൾ പാളയത്തിലേക്കു് പോവുമ്പോൾ, മന്ത്രിക്കുന്നതുകേട്ടു ഞാൻ നടുങ്ങി, “അമ്മാ എപ്പോഴാണു് ആഴക്കയങ്ങളിലേക്കു എന്നെ നീ വലിച്ചെടുക്കുക, ഈ തടവിൽ നിന്നു് എനിക്കു് സ്വാതന്ത്ര്യം ലഭിക്കുക!” രാത്രിവരെ ജോലിചെയ്തു തളർന്ന യുദ്ധനിർവ്വഹണസമിതി അംഗം കുരുക്ഷേത്ര പ്രവിശ്യാ ഭരണാധികാരിയോടു് മൃദുവായി ചോദിച്ചു. യുദ്ധമാലിന്യനീക്കം ചെയ്യുന്ന സന്നദ്ധസമിതിഅംഗമെന്ന നിലയിൽ നീ അയാളെ തിരിച്ചറിയാത്തതിൽ ലവലേശം അത്ഭുതമില്ല. പരിത്യാഗി എന്നു് നീ അനുതാപത്തോടെ പരാമർശിച്ച വൃദ്ധൻ വൈകുന്നേരം വരെ പോർക്കളപരാക്രമങ്ങളിൽ പാണ്ഡവ സഖ്യസൈനിക മേധാവികളുടെ കരളെത്ര പിളർന്നിട്ടും മതിയാവാതെ, കൗരവനേതാവു് ദുര്യോധനൻ നീരസത്തിൽ വൃദ്ധനോടു് ഇന്നും വിരൽ ചൂണ്ടി ചോദിച്ചു, “വ്യക്തമാക്കണം, ഒത്തു കളിക്കയാണോ, പാണ്ഡവരുമായി? ഒരു പാണ്ഡവതല പോലും ഉരുട്ടാൻ, ഒമ്പതു ദിവസങ്ങളായി സർവ്വ സൈന്യാധിപനായ നിങ്ങൾക്കു് സാധിച്ചുവോ? നാളെ പത്താം ദിവസം നിങ്ങളുടെ വിധി നിർണ്ണയിക്കുന്ന അന്ത്യപോരാട്ട ദിനമായിരിക്കും. ഒന്നുകിൽ എന്നെന്നേക്കും ലോകം മാനിക്കുന്ന കുരുക്ഷേത്ര നായകൻ, അല്ലെങ്കിൽ രാത്രിയോടെ ആരാരാണെന്നറിയാത്ത അതിഥി തൊഴിലാളികൾ നീക്കം ചെയ്യേണ്ട യുദ്ധമാലിന്യം!”
“കാട്ടുകുടിലിൽ പന്ത്രണ്ടുവർഷം വെറും നിലത്തു പായവിരിച്ചു കിടന്നുറങ്ങിയ നിങ്ങൾ അഞ്ചുപേർക്കു്, കയ്യും കാലും നിവർത്തി പെരുമാറാൻ അരമനയിലും ഇടം പോരേ?” കൊട്ടാരം ലേഖിക ചോദിച്ചു. കൊട്ടാരസമുച്ചയത്തിൽ നൂറോളം അന്തഃപുരവസതികളിൽനിന്നും കൗരവരാജവിധവകളെ കുടിയൊഴിപ്പിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു യുദ്ധാനന്തര പാണ്ഡവർ.
“ഭൂഗർഭ തുറങ്കലിലാണു് ഞങ്ങൾ ഉറ്റുനോക്കുന്നതു്. വനവാസത്തിൽ ഞങ്ങളെ തള്ളിവിട്ട ദുര്യോധനനും വിശ്വസ്തരും, ഇന്ദ്രപ്രസ്ഥത്തിൽ പോയി, രാജസൂയയാഗത്തിനു ശേഷം യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിപദവിക്കായി പട്ടാഭിഷേകം ചെയ്യുമ്പോൾ കാണാൻ എത്തിയ നൂറുകണക്കിനു് സാമന്തനാടുവാഴികൾ കപ്പമായി നൽകിയ സ്വർണ്ണം നവരത്നങ്ങൾ ഹസ്തിനപുരിയിലേക്കു കടത്തി, ഭൂഗർഭ അറ സുരക്ഷിതമാക്കി. ഇതു് തിരിച്ചു പിടിക്കാൻ വിധവകളെ പൂർണ്ണമായും കുടിയൊഴിപ്പിക്കേണ്ടി വരും. അന്തേവാസികളെ മനുഷ്യ കവചമാക്കുന്നൊരു ഭീരുത്വം, നിങ്ങൾ ധീരനെന്നു പുകഴ്ത്തുന്ന ദുര്യോധനനിൽ ഞങ്ങൾ കണ്ടതും, ആധികാരികമായി കേട്ടതുമാണു്. വിവാദമാക്കിയാൽ നിങ്ങളെ ബന്ദിയാക്കാൻ ഞങ്ങൾക്കറിയാം. പാണ്ഡവഭരണകൂടത്തിനു് പിന്തുണ കൊടുക്കാൻ, ചുവരെഴുത്തു പതിപ്പുകളിൽ നിങ്ങൾ പരോക്ഷ ആഹ്വനം നൽകുമോ? എങ്കിൽ നിങ്ങൾക്കു് തിണ്ണ നിരങ്ങാൻ ഇടം തരാം.”
“കാണാൻ കൊള്ളാം, അഭ്യസ്തവിദ്യ, കുലസ്ത്രീയും, അങ്ങനെ പ്രകൃതി കനിഞ്ഞ നിങ്ങളെ, സ്വയംവരമത്സരം ജയിച്ചു വിവാഹം കഴിച്ച അർജ്ജുനൻ, ഭാര്യയുടെ ബഹുഭർത്തൃത്വത്തിൽ മനമിടിഞ്ഞു പടിയിറങ്ങിപ്പോയി തിരിച്ചു വരുമ്പോൾ, ദ്വാരകയിൽനിന്നും ഒരു കൊച്ചു സുന്ദരി കൂടെ!” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥംകാലം.
“ബഹുസ്വര ആണിടപാടുകളിൽ ബന്ധനസ്ഥയാണെങ്കിലും, അർജ്ജുനന്റെ അപഥസഞ്ചാരവും അവിശ്വസ്തതയും എനിക്കുനേരെ വ്യക്തിഗത മുന്നറിയിപ്പാണെന്നു് നിങ്ങൾ തിരിച്ചറിഞ്ഞതിനു നന്ദി. ആവുന്നത്ര ഞാനവനെ ഊഴമനുസരിച്ചു ആനന്ദിപ്പിച്ചു. അവനതൊന്നും പോരാ. രതി, തീകൊണ്ടുള്ള കളിയാണു്. എനിക്കു നീ തരുന്ന ഉടലാനന്ദം മറ്റുനാലു പേർക്കും തീഷ്ണമായി കൊടുക്കാറുണ്ടോ? അസഹിഷ്ണുത ശബ്ദത്തിൽ! എന്റെ മൗനം മത്തുപിടിപ്പിച്ച പോലെ അവൻ കിടന്നുപുളക്കും. അങ്ങനെ അശാന്തമായ കിടപ്പറയിൽ നിന്നവൻ ഒരുനാൾ എന്റെ അടിവസ്ത്രവും വാരിഉടുത്തു ഇറങ്ങിപ്പോവുന്നതു കണ്ടു, ഞാൻ തടഞ്ഞില്ല. ദ്വാരകാധിപതിയുടെ അർദ്ധസഹോദരി സുഭദ്രയുമായി രണ്ടുദിവസം മുമ്പു് മടങ്ങിവന്നു എന്നറിയാം. പുതുമണവാട്ടിയുടെ അഴകളവു കാട്ടി അവൻ എന്റെ മുമ്പിൽ ആളാവാൻ ശ്രമിക്കും എന്നറിഞ്ഞു, എന്തിനവൾക്കു അഭിമുഖത്തിനു് ഞാൻ അനുമതി കൊടുക്കും! മണവാളനും ഭാര്യയും കാത്തുനിൽക്കട്ടെ. അന്തഃപുരത്തിനുവെളിയിൽ ചാരാഭിമുഖ്യമുള്ള മാദ്രിപുത്രൻ നകുലൻ, ഒന്നും അറിയാത്ത മട്ടിൽ, എന്നാൽ എല്ലാം കൂട്ടിവായിച്ചു ജാലകത്തിനുമുമ്പിൽ കരുതലോടെ ചെവിയോർത്തു.”
“പാണ്ഡുവിനു് കായികക്ഷമത ഇല്ലാത്തതുകൊണ്ടാണോ, പെണ്ണവകാശമായ മാതൃത്വത്തിനു് നിങ്ങളും മാദ്രിയും ‘മറുവഴി’ തേടിയതു്? ക്ഷമിക്കണം, ഇങ്ങനെ തുറന്നു ചോദിയ്ക്കാൻ രാഷ്ട്രീയകാരണമുണ്ടു്. നിങ്ങളെ പാണ്ഡുവധുവായി ഭീഷ്മർ തീരുമാനിക്കുംമുമ്പു് യുവപാണ്ഡുവിന്റെ ഉടൽപരിചരണത്തിനു് നിയോഗിക്കപ്പെട്ട സൂതദാസിയിൽ പാണ്ഡുവിനു് മകനുണ്ടായിരുന്നു എന്ന കാര്യം, സ്വയം ഒരു സൂതവംശജനായ വിദുരർ സാന്ദർഭികമായി ഒരഭിമുഖത്തിൽ ഈയിടെ ഓർത്തെടുത്തിരുന്നു. “ഇനി വൈകിക്കൂടാ ക്ഷത്രിയയുവതിയുമായി പാണ്ഡുവിവാഹ”മെന്നു് പറഞ്ഞു വിദുരരും ഭീഷ്മരും, തിരച്ചിൽവഴി ജാതിയിൽതാണ യാദവവനിതയായ നിങ്ങളെ വധുവായി കൊണ്ടുവന്നു. തിരിഞ്ഞു നോക്കുമ്പോൾ എങ്ങനെ വേർതിരിക്കുന്നു, വസ്തുതയും നിർമ്മിതകഥയും? കൊട്ടാരം ലേഖിക ചോദിച്ചു. ജീവിതസായാഹ്നത്തിൽ പാണ്ഡവരിൽ നിന്നകന്നു കുന്തി ഗാന്ധാരിക്കൊപ്പം കഴിഞ്ഞ കാലം.
“ലൈംഗികക്ഷമത കൂടിയ അളവിൽ പരിശോധിക്കാതെതന്നെ, വേറൊരു നാട്ടുവഴി ഞാൻ തേടിപിടിച്ചിരുന്നു. മനുഷ്യസ്ത്രീകളിൽ കൗതുകമുള്ള ആകാശചാരികളെ പ്രലോഭിപ്പിക്കാൻ കുറുക്കുവഴി. ബീജദാനം മഹാദാനമെന്നു കരുതിയ ബഹുസ്വരദേവതകളെ പ്രത്യുൽപ്പാദനത്തിനു ഞാൻ പിൽക്കാലത്തു പ്രാപ്തരാക്കി. അവസാനം, മാദ്രിക്കു ബീജദാനം ചെയ്ത ഇരട്ടഭിഷഗ്വരർ ആശ്വിനിദേവതകൾ, നിർണ്ണായകമായി ഇടപെട്ടു. ഭാവിയിൽ വേറൊരു സ്ത്രീയിൽ പാണ്ഡു സ്വയം പിതാവാകുന്ന അപൂർവ്വസാഹചര്യമുണ്ടായാൽ, കുരുവംശത്തിൽ പൈതൃകതർക്കം ഉണ്ടാവാതിരിക്കാൻ, പുരുഷവന്ധീകരണത്തിനു ശുക്ലനാളിയെ നിർവ്വീര്യമാക്കുന്ന, അഥവാ ഉപയോഗരഹിതമാക്കുന്ന പച്ചിലമരുന്നുപയോഗം, ഉദ്ദേശിച്ച ഫലം ചെയ്യുമെന്നവർ ഞങ്ങളെ ആശ്വസിപ്പിച്ചു. അപ്രതീക്ഷിതമായി, പാർശ്വഫലമുണ്ടായി, അതായി പാണ്ഡുവിന്റെ അകാലമരണം! വാമൊഴിയിൽ ജീവചരിത്രകാരൻ, കേട്ടറിഞ്ഞ വസ്തുത ഉപയോഗിക്കുമ്പോൾ, ശാസ്ത്രബോധം ഇല്ലാത്തതു കൊണ്ടുമാവാം, തർക്കവിഷയം കൽപ്പിത മുനിശാപത്തിലൊതുക്കി, വ്യാസരചന മുന്നോട്ടു പോയി.”
“തൊട്ടുമുമ്പിൽ കർണ്ണനെ നിങ്ങൾ അമ്പെയ്തു മാരകമായി കഴുത്തിൽ മുറിവേൽപ്പിക്കുന്നതു ഞാൻ കണ്ടു. നായാട്ടിൽ, ദൂരെ പാഞ്ഞു പോകുന്ന മാനിനെ വീഴ്ത്താൻ, ഒളിഞ്ഞുനിന്നു കൂരമ്പു ആയുധമാക്കുന്നതു മനസ്സിലാക്കാം, മുഖത്തോടു മുഖം കുരുക്ഷേത്രയിൽ പോരടിക്കുന്നവർ എന്തിനു വില്ലുകുലക്കണം, ശത്രു ജീവനെടുക്കാൻ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. നിലവിൽ കൗരവ സർവ്വസൈന്യാധിപനും, കുന്തിയുടെ കന്യാപുത്രനെന്നു കരുതപ്പെടുന്ന കർണ്ണനെ കൊലവിളിച്ചാർമ്മാദിക്കുകയായിരുന്നു പഞ്ചപാണ്ഡവർ. പാഞ്ചാലി നിസ്സഹകരിച്ചു മാറിനിന്നു.
“ആവനാഴിയിൽ അമ്പെടുത്തു കൃത്യം ഉന്നം നോക്കി നിങ്ങൾ ഞാൺ വലിക്കുമ്പോൾ, പോരാട്ട പൂർത്തീകരണത്തിൽ ആയുധപ്രയോഗം നിർവ്വഹിച്ചു കഴിഞ്ഞു, അമ്പു അതിനു വിധിച്ച ലക്ഷ്യം കണ്ടു പ്രതിയോഗിയുടെ ഇടനെഞ്ചിൽ കുത്തിത്തറച്ചു കയറി മരണകാരകമാകുന്ന തൊന്നും നോക്കി സൈനിക മേധാവികൾ സമയം കളയേണ്ടതില്ല. പ്രകൃതിക്കതു വിട്ടുകൊടുക്കും. മുഖാമുഖ പോരാട്ടത്തിൽ, നിങ്ങൾ വാൾവീശി ഇരയെ പരുക്കേൽപ്പിക്കുന്നതിലൊക്കെ, ചോരചീന്തുന്നതിന്റെ വൈകാരികതക്കൊപ്പം ശുചിത്വപ്രശ്നവുമുണ്ടു്. അതൊക്കെ ഒഴിവാക്കാനല്ലേ ധർമ്മിഷ്ഠരായ ഞങ്ങൾ നോക്കൂ. ഈ കൈകൾ ഇന്നുരാത്രി എന്റെ കാമുകിമാരുടെ മുഖം പ്രണയത്തിൽ തലോടി ഉടലിൽ കാമന പെരുമാറുമ്പോൾ, ചോരമണക്കുന്നു എന്നവൾ പരിഭവിക്കുമോ? അതോ, ശക്തനായൊരു എതിരാളിയുടെ ജീവനെടുക്കാൻ നിയോഗമുണ്ടായ കൈ, ഒന്നുമ്മവെക്കട്ടെ ഞാൻ! കാണാൻ എത്ര വൃത്തി! എന്നവൾ ചുംബിക്കുമോ?”
“ഊഞ്ഞാലാടാൻ പാഞ്ചാലിക്കു് കമ്പമുണ്ടല്ലേ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ഊട്ടുപുര ജാലകത്തിലൂടെ കാണാമായിരുന്നു, ഉച്ചവെയിലിലവൾ മതിമറക്കുന്ന താഴ്‌വര. വനവാസക്കാലം.
“വിദ്യാധരൻമാർ ആറാടുന്ന നീർക്കെട്ടിലെ അസ്തിത്വഭീഷണിയൊന്നും അവൾ ശ്രദ്ധിക്കാറില്ല. ചുറ്റുമുള്ള മരക്കൂട്ടങ്ങൾക്കു പിന്നിൽ ഒളിച്ചിരുന്നു്, പൊങ്ങിയും താണും സ്വർണമത്സ്യത്തെ പോലെ പാഞ്ചാലി ഉച്ചവെയിലിൽ സൃഷ്ടിക്കുന്ന ദൃശ്യവിരുന്നാസ്വദിക്കുന്ന യുവസന്യസ്ഥരുടെ സാന്നിധ്യമാണവളുടെ കമ്പത്തിനു കാരണം.”
“സൈന്ധവ റാണി എന്ന നിലയിൽ, ജന്മദേശ ഹസ്തിനപുരിയിലേക്കു തിരിഞ്ഞു നോക്കുമ്പോൾ, അർധസഹോദര പാണ്ഡവരെ എങ്ങനെ ഓർത്തെടുക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ദ്രോണ സൈനികഗുരുകുലത്തിൽ, രാജകുമാരികൾക്കു് പ്രവേശനം ഉണ്ടായിരുന്നില്ല എന്നു് നിങ്ങൾ ഓർക്കണം! മാനവികവിഷയങ്ങളും സുകുമാരകലകളും പഠിപ്പിക്കുമ്പോൾ, അർധസഹോദരിയോടുള്ള പാണ്ഡവ വാത്സല്യത്തിൽ ഞാനവരെ പരിചയപ്പെട്ടിട്ടുണ്ടു്. പാണ്ഡുഭരണകാലം പഠിക്കുമ്പോൾ അഭിമാനബോധത്താലവർ വികാരാധീനരാവും. സന്ധ്യക്കു് യമുനയിൽ തോണിതുഴയുന്ന യുവസത്യവതിയെ പരാശരമഹർഷി കാമക്കണ്ണുകളോടെ നോക്കുന്നതു നകുലൻ തന്മയത്വത്തോടെ അഭിനയിച്ചു കാണിക്കും. പരാശരനെ തോണിയിൽ നിന്നു് ആഴങ്ങളിലേക്കു് കൗശലത്തിൽ ഭീമൻ തള്ളിയിടുമ്പോൾ, കൈകൊട്ടി, ആ പെൺപീഡകനെ പാഠം പഠിപ്പിച്ചതിൽ ഞാനും ആനന്ദിക്കും. എങ്ങനെ ഇതിഹാസങ്ങൾ വായിച്ചാസ്വദിക്കണം എന്നു പഠിപ്പിക്കാൻ അതിഥിഅധ്യാപകനായി വന്ന വേദവ്യാസൻ, ക്ഷുഭിതനായി ഗുരുകുലം ബഹിഷ്കരിച്ച ദുരനുഭവം ഉണ്ടായി. ഭീമനാൽ ‘ശിക്ഷിക്ക’പ്പെട്ട പരാശരന്റെ അവിഹിതപുത്രനാണു്, മഹാറാണി സത്യവതി ജന്മംനൽകിയ വ്യാസൻ എന്നറിയാൻ ഉന്നതവിദ്യാഭ്യാസത്തിനു വിദൂരദേശത്തു പോവേണ്ടിവന്നു. അർദ്ധസത്യങ്ങളില്ലാത്ത അരമനരഹസ്യങ്ങളുടെ വിജ്ഞാനഖനിയായിരുന്നല്ലോ തക്ഷശില സർവ്വകലാശാല. വഴിനടക്കുമ്പോൾ ഒടിയൻകടമ്പകളും, കെണികളും, ചാവുനിലത്തിനു താഴെ പാമ്പിൻമാളങ്ങളുമുള്ള ആവാസവ്യവസ്ഥയാണു് പൈതൃക ഹസ്തിനപുരിയെന്നറിഞ്ഞതു് അങ്ങനെയായിരുന്നു” ദുശ്ശള, ഇപ്പോൾ സൈന്ധവ റാണി, ഒരു രാജഹംസത്തെപ്പോലെ അഹങ്കരിച്ചു. സൈന്ധവരാജാ ജയദ്രഥനെ വനവാസക്കാല പാണ്ഡവർ തലമൊട്ടയടിച്ചു പുള്ളികുത്തി കഴുതപ്പുറത്തിരുത്തി നിന്ദിച്ച സ്തോഭജനകമായ സംഭവം ‘ഹസ്തിനപുരി പത്രിക’യിൽ പിറ്റേന്നു് മുഖ്യവാർത്തയാവാൻ പോവുന്ന നേരം!
“എന്റെ മടിയിൽ ഇരിക്കൂ എന്നു് ദുര്യോധനൻ പാഞ്ചാലിയെ ചൂതാട്ട സഭയിൽ ക്ഷണിക്കുമ്പോൾ, ‘കൗരവഅടിമ’കളായി കുന്തിരിച്ചിരുന്ന പാണ്ഡവരുടെ ചോര പ്രതിഷേധത്തിൽ തിളച്ചില്ലേ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാണ്ഡവരും പാഞ്ചാലിയും ചൂതാട്ടപ്പിറ്റേന്നു് കാട്ടുവഴിയിലൂടെ നടക്കുന്ന നേരം.
“പാഞ്ചാലിക്കു വഴിതെറ്റിയ ബന്ധം ദുര്യോധനനോടുണ്ടോ എന്നു് തല പുണ്ണാക്കുന്ന നിങ്ങളോടു് ഒരു ലളിതചോദ്യം, പാഞ്ചാലിക്കു അഞ്ചു ഭർത്താക്കന്മാരോടു് നേർവഴി ബന്ധം ഉണ്ടോ എന്നു് ദുര്യോധനൻ വല്ലപ്പോഴും ചോദിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടോ?”
“സത്യം അർദ്ധസത്യം അസത്യം—കുഴപ്പം പിടിച്ച ഈ വാക്കുകളെക്കുറിച്ചു ഹസ്തിനപുരി വിദ്യാലയങ്ങളിലെ നഗ്നപാദ അധ്യാപകരെയും പുതുതലമുറ കുട്ടികളെയും ബോധവൽക്കരിക്കുവാൻ, ഇനിയെങ്കിലും പുറത്തു വിടാമോ,
“യുധിഷ്ഠിരന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, നേരനുഭവങ്ങൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. മഹാപ്രസ്ഥാനത്തിന്റെ അവസാനനിമിഷങ്ങൾ.
“ചൂതാട്ടത്തിൽ ഞാൻ സത്യം പറഞ്ഞപ്പോൾ, പെണ്ണും സാമ്രാജ്യവും എനിക്കു് നഷ്ടപ്പെട്ടു, കുരുക്ഷേത്രത്തിൽ ദ്രോണരുടെ മകൻ അശ്വത്ഥാമാവിനെകുറിച്ചു് അർദ്ധസത്യം പറഞ്ഞപ്പോൾ, കൗരവസർവ്വസൈന്യാധിനെ വധിച്ചു യുദ്ധവിജയത്തിന്റെ പടി വേഗം ഞങ്ങൾ കയറി. പാഞ്ചാലി കുഴഞ്ഞുവീണു മരിച്ചതിനെ കുറിച്ചു് ഞാൻ അസത്യം പറഞ്ഞപ്പോൾ, സ്വർഗരാജ്യത്തിലേക്കെന്നെ ഉടലോടെ കൊണ്ടുപോവാൻ ആകാശചാരികൾ സ്വർണ്ണത്തേരുമായി ഇതാ കാത്തുനില്ക്കുന്നു! ബാക്കിയൊക്കെ ഭാരതകഥയുടെ വൈവിധ്യ അപനിർമാണം വഴി ജനം വായിച്ചറിയട്ടെ!”
“ആദിവാസി കുടുംബത്തെ അരക്കില്ലത്തിൽ ‘പച്ചക്കു തീ കൊളുത്തിക്കൊന്ന’ കുന്തിയെയും മക്കളെയും വാരണാവതംവിട്ടു നിങ്ങൾ പോവാൻ അനുവദിച്ചു. ഏകചക്ര ഗ്രാമത്തിൽ അഭയാർഥികളായി അവർ മാസങ്ങളോളം താമസിച്ചിട്ടും, ആ പിടികിട്ടാപ്പുള്ളികളെ പിടികൂടാനോ, കൗരവ ചാരസംഘടനയെ ഉപയോഗിച്ചു് ‘നിർവീര്യ’മാക്കാനോ ശ്രമിച്ചതായി കേട്ടിട്ടില്ല. പാഞ്ചാലിയെ അർജ്ജുനൻ മത്സരം ജയിച്ചു സ്വന്തമാക്കി ഹസ്തിനപുരിയിൽ ഏഴുപേരും എത്തുമ്പോൾ, പിടികൂടി വിചാരണ കഴിയുംവരെ തടവിൽ പാർപ്പിക്കുന്നതിനുപകരം, ആഡംബര അതിഥിമന്ദിരത്തിൽ പാർപ്പിക്കുന്നു. ഇതൊക്കെ കണ്ടുംകേട്ടും കൂട്ടി വായിക്കുന്ന പൊതുസമൂഹം എന്തു് മനസ്സിലാക്കണം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. യുദ്ധമേഘങ്ങൾ നിറഞ്ഞ ആകാശം. സൈനിക പരിശീലനത്തിനിടയിൽ വീണുകിട്ടിയ ഒരു നിമിഷം അവർ, മൺപാത്രത്തിൽ കർഷകൻ കൊടുത്ത കരിമ്പുനീർ കഴിക്കുകയായിരുന്നു.
“ഗംഗാജലത്തേക്കാൾ കട്ടിയുണ്ടാവില്ലേ വംശീയ രക്തത്തിനു?, ആ നിലയിൽ ഞങ്ങൾ ചെയ്തതു് ഒറ്റത്തവണ തീർപ്പാക്കൽ എന്ന കുരുവംശ നയ രൂപീകരണത്തിനു ശേഷമായിരുന്നു. അല്ലാതെ പാഞ്ചാലയിൽനിന്നും വന്ന ഭൂലോകരംഭയെ ലൈംഗികമായി പ്രീണിപ്പിക്കാനൊന്നും ആയിരുന്നില്ല. അതിഥികളോടു് മര്യാദ കാണിക്കുന്നതിൽ കൗരവർക്കൊരു സംസ്കാരമുണ്ടു്, ഒരിക്കൽ ഞങ്ങൾ ഇന്ദ്രപ്രസ്ഥം സഭാതലത്തിൽ ഇരകളായി വഴുകിവീണു എന്നു് കരുതി, അതേ നാണയത്തിൽ തിരിച്ചടിക്കാനൊന്നും കൗരവ സംസ്കാരം സമ്മതിക്കുകയില്ലല്ലോ.”
“നീറുന്ന പ്രശ്നങ്ങളിൽ ജനവികാരം നേരിട്ടറിയാൻ രാജാവു് മുഖംമൂടി ധരിച്ചു നഗരവീഥികളിൽ യാത്ര ചെയ്യാറുണ്ടോ? ഭരണകൂടവീഴ്ച വെളിപ്പെടുന്ന ഭൗതിക യാഥാർഥ്യങ്ങൾ അപ്പപ്പോൾ രാജകുടുംബത്തിനു് ബോധ്യപ്പെടണമല്ലോ. പത്തുപന്ത്രണ്ടു വർഷങ്ങളായി കാട്ടിലാണല്ലോ നിങ്ങൾ ജീവീതം, അതോ പനയോലയിൽ കുനുകുനെ എഴുതിക്കൊടുത്ത പ്രഭാഷണങ്ങൾ പൊതുവേദിയിൽ തപ്പിത്തടഞ്ഞു യുധിഷ്ഠിരൻ വായിക്കുന്നപോലെ, രാജസഭയിലെ ഇരിപ്പുസാന്നിധ്യങ്ങളെ ഇക്കാര്യത്തിലും ഇനിയും ആശ്രയിക്കുമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരിയിൽ പിടിപ്പുകേടിന്റെ ആസുരകാലം.
“യുധിഷ്ഠിരനെ തിരിച്ചറിയാതിരിക്കാൻ എന്തിനു ധരിക്കണം മുഖംമൂടി? തിരുഹൃദയം ഭാര്യയിൽനിന്നുപോലും ഒളിപ്പിച്ചു വയ്ക്കുന്ന, ആ ‘സ്ഥിരം മുഖാവരണം’ ഇടക്കെന്നൊന്നഴിച്ചു വച്ചാൽ പോരെ?”
“ഇതെന്താ ‘അടിമസ്ത്രീ’യുടെ കണങ്കാലിലൊരു തങ്കവള? തിരുവസ്ത്രം ഉടയോൻ കൗരവർ വലിച്ചൂരുമ്പോൾ, അഴിച്ചു മാറ്റിയില്ലേ?”, ആറംഗ പാണ്ഡവകുടുംബം വനവാസത്തിനായി തയ്യാറെടുക്കുന്ന സംഘർഷ മുഹൂർത്തം, കുന്തി മട്ടുപ്പാവിൽ നിസ്സംഗതയോടെ.
“കഴുകൻ കൗരവ കണ്ണുകൾ ഉടൽ പരിശോധനയിൽ കാണാത്തതൊന്നുമില്ലല്ലോ. രഹസ്യമുറിയിൽ ബലം പ്രയോഗിച്ചു ദുര്യോധനൻ അണിയിക്കുകയായിരുന്നു, ‘ഇതൊക്കെ എന്തിനു’ എന്നു എതിർത്തപ്പോൾ, ‘നീ എനിക്കു് അടിമ!’ എന്നവൻ നിയമവശം ചെവിയിൽ മന്ത്രിച്ചു: ഇന്ദ്രപ്രസ്ഥത്തിൽ വിശിഷ്ടാതിഥികളെ വഴുക്കിവീഴ്ത്തിയ സഭാതലം പണിയാൻ, കരാർ ഏൽപ്പിച്ച അസുരശില്പി മയൻ, കാട്ടിൽ പന്ത്രണ്ടുവർഷം നിന്നെ രാപ്പകൽ നിരീക്ഷിക്കാൻ തങ്കവള നിർമ്മിച്ചു. പുരുഷാധിപത്യത്തിന്റെ ആവേശത്തിൽ ഭാര്യയെ പണയംവച്ചു് ചൂതാടിയ മണ്ടൻപാണ്ഡവർ തിരിച്ചറിയട്ടെ, ഇതു് നിനക്കു് വാത്സല്യത്തോടെ കൗരവർ തരുന്ന പാരിതോഷികം! എന്നാൽ ജനം വിചാരിക്കട്ടെ, ഉടുതുണിയൂരൽ പാണ്ഡവനിർമ്മിത കെട്ടുകഥ”: എന്താണു് വാസ്തവം എന്നോ, ഞാനിനി അവന്റെ നിരീക്ഷണവലയത്തിൽ! എന്നുപറഞ്ഞാൽ, ദൂരെ ദൂരെ ഭൂഗർഭഅറയിൽ, രാപ്പകൽ നേരിൽ എന്നെ കണ്ട പ്രതീതിയിൽ!!”
“ധൃതരാഷ്ട്രർക്കിരുവശത്തുംരാജസഭയിൽ സ്ഥിരം സാന്നിധ്യമുള്ള ഈ രണ്ടുവൃദ്ധർ! അവർ തമ്മിലുള്ള ബന്ധമെന്താണു്? ധൃതരഷ്ട്രരുമായും എന്താണു് അവരുടെ ബന്ധം?”, ആദ്യ തൊഴിൽദിനത്തിൽ പരിചയപ്പെട്ട ചാർവാകനോടു് കൊട്ടാരം ലേഖിക ചോദിച്ചു. രാജസഭായോഗത്തിനു് ശേഷം സൗജന്യഭക്ഷണം കിട്ടുന്ന അരമന ഊട്ടുപുര. മാംസഭക്ഷണത്തിനായി നാൽക്കാലികളെ വെട്ടുന്ന അറവുകാരുടെ ഒച്ചയിൽ അവർ കുറച്ചുനേരം കണ്ണടച്ചു.
“കുരുവംശ കുടുംബനാഥ, കീഴാള മീൻകാരി രാജമാതാ സത്യവതി എന്നു നാം സമവായത്തിൽ തുടങ്ങിയാൽ? അവളിൽ രാജാവു് ശന്തനുവിനുപിറന്ന വിചിത്രവീര്യൻ എന്ന ക്ഷയരോഗിക്കു് അനുവദിച്ചുകിട്ടിയ രണ്ടു ഭാര്യമാർ, അംബികയും അംബാലികയും വിധവകളായ ശേഷം, വിവാഹ ബാഹ്യരതിയിലൂടെ പിറന്ന ദുർഭഗ സന്തതികൾ ആയിരുന്നു അന്ധധൃതരാഷ്ട്രരും ഷണ്ഡൻ പാണ്ഡുവും. അവരുടെ കഥ നിങ്ങൾ പഠിച്ചിട്ടുണ്ടാവും. പേർ വെളുപ്പെടുത്തിക്കൂടാത്ത ബീജദാതാവിനു, ജാതിയിൽ താണ സൂതസ്ത്രീയിൽ പിറന്ന അനധികൃത മകൻ വിദുരർ, ബാല്യം മുതൽ വിവേകവചനത്തിന്റെ ശ്രേഷ്ഠതയിൽ, ധൃതരാഷ്ട്രമന്ത്രി എന്ന പദവിയിലെത്തി. ആരും മത്സരിക്കാനില്ലാത്തൊരു മഹനീയ പദവി. എന്നാൽ സത്യവതിക്കു മുമ്പു് റാണിയായിരുന്ന ഗംഗയിൽ ശാന്തുവിനു ജനിച്ച ദേവദത്തൻ, സത്യവതിയുടെ സൗന്ദര്യത്തിനും അധികാരമോഹത്തിനും അടിയറവുവച്ചു ആജീവനാന്ത ബ്രഹ്മചാരി എന്ന സ്വയംപ്രഖ്യാപിത ബഹുമതിയോടെ ഉത്തരവാദിത്വരഹിതമായ ഉപദേശ പദവിയിൽ നിത്യവും രാജസഭയിൽ രാജാവിന്റെ വലതുവശത്തു നിർമ്മിച്ചെടുത്ത സിംഹാസനത്തിൽ ഇരിക്കുമ്പോൾ, മന്ത്രി വിദുരർ ഇടതുവശപീഠത്തിൽ ഇരിക്കുന്നപോലെ നടിക്കുന്നു. ഇപ്പോൾ ശന്തനു ഗംഗ സത്യവതി അംബാലിക എന്നിവരെല്ലാം വിണ്ണിലേക്കു പോയെന്നറിയുന്നു. പാണ്ഡു മരിച്ചു, പാണ്ഡവർ വനവാസത്തിൽ പോയി ധൃതരാഷ്ട്രരുടെ മക്കൾ എന്നറിയപ്പെടുന്ന കൗരവർ നാടു് ഭരിക്കുമ്പോൾ വയോജനങ്ങൾക്കൊരു നേരം സൗജന്യശാപ്പാടു് എന്ന പദ്ധതിയുടെ മധ്യാഹ്ന പ്രയോജനത്തിലാണു് നാം ഇരുവരും പങ്കു പറ്റുന്നതു് എന്നോർക്ക. അതുകൊണ്ടു് വസ്തുത മാത്രം, വിവരണം ഇല്ല.”
“കിരാത കൗരവരിൽ നിന്നു് കുരുവംശത്തെ ധർമ്മയുദ്ധത്തിലൂടെ കീഴ്പ്പെടുത്തി, ജനതയ്ക്കു് പൂർണ്ണ പൗരസ്വാതന്ത്ര്യം ഉറപ്പാക്കിയ പാണ്ഡവർ, നാടുനീളെ ഗ്രാമീണർ സംഘടിപ്പിച്ച സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ പുറപ്പെടേണ്ട ഈ സമയത്തു എവിടെ പാഞ്ചാലി?”, മഹാരാജാവു് യുധിഷ്ഠിരൻ മുറിവേറ്റ ദുരഭിമാനം മറച്ചുവയ്ക്കാതെ ചോദിച്ചു.
“ഇന്നലെ രാത്രി എനിക്കായിരുന്നല്ലോ അന്തഃപുരത്തിൽ പായക്കൂട്ടിനു ഊഴം. എന്തോ വൃതമുണ്ടെന്നു പറഞ്ഞു പാഞ്ചാലി വേറൊരു പായയിൽ കിടന്നു. രാവിലെ ഞാൻ എഴുന്നേൽക്കുമ്പോൾ ജാലകത്തിലൂടെ ഒരു നോക്കു കണ്ടു—കുളി കഴിഞ്ഞു വെള്ളവസ്ത്രങ്ങൾ ധരിച്ചു ഉദ്യാനത്തിൽ പൂക്കൾ പറിക്കുന്നു. രാവിലെ നേരത്തെ തുടങ്ങുന്ന പൊതുസ്വീകരണത്തിനു് വരുമല്ലോ എന്നു് ഞാൻ ധൃതിയിൽ യാത്ര ചോദിച്ചപ്പോൾ, ഇല്ല ഒറ്റയ്ക്കു് ആചരിക്കേണ്ട വ്യാകുലദിനം എന്നു് മാത്രം അവൾ പറഞ്ഞു. സഹദേവനുമായി പിന്നീടാലോചിച്ചപ്പോൾ പിടികിട്ടി, കഴിഞ്ഞ കൊല്ലം അജ്ഞാതവാസകാലത്തു കീചകൻ എന്ന സൈനികൻ ദുരൂഹസാഹചര്യത്തിൽ ഇതേ ദിവസം കൊല്ലപ്പെട്ടിരുന്നു.”
“കൗരവരിൽ ജീവനോടെ ബാക്കി നിങ്ങൾ മാത്രം!,” നീർക്കെട്ടിൽ വിശ്രമിക്കുന്ന ദുര്യോധനനെ കൊട്ടാരം ലേഖിക തിരഞ്ഞു കണ്ടെത്തി.
“യുദ്ധദേവത എന്നോടു് എന്തിനിങ്ങനെ പെരുമാറുന്നു? ആയുധപൂജ ചെയ്യാൻ ഞങ്ങൾ നൂറുപേരും ജ്വാലാമുഖി ക്ഷേത്രത്തിൽ പോയതല്ലേ. പാണ്ഡവ പിതൃക്കൾ ദേവതകൾ എന്ന നാടോടി സംശയം ബലപ്പെടുന്നുവോ? എന്റെ ജീവനെക്കുറിച്ചല്ല ഈ ആശങ്ക, നന്മയുടെ ഭാവി ഇരുണ്ടുവോ എന്ന സന്മനസ്സുകളുടെ ഭീതിയാണു്. അതാ ഭീമൻ ഗദ കുലുക്കി വരുന്നു. അപ്പോൾ യാത്രയില്ല.”
“മത്സരത്തിൽ ജയിച്ചു പാഞ്ചാലിയെ അർജ്ജുനൻ പരിണയിച്ചതെല്ലാം സദസ്സിലിരുന്നു കണ്ടു. എന്നാലിപ്പോൾ യുധിഷ്ഠിരൻ പൊതുവേദിയിൽ അവകാശപ്പെടുന്നു, മത്സരവിജയി അർജ്ജുനൻ മാത്രമല്ല, മൊത്തം അഞ്ചുപാണ്ഡവരും കൂടിയാണു്. എങ്ങനെ താങ്കൾ പ്രതികരിക്കുന്നു.” കൊട്ടാരം ലേഖിക ഭീഷ്മപിതാമഹനോടു് ചോദിച്ചു. നവവധുവുമൊത്തു പാണ്ഡവർ ഹസ്തിനപുരി അതിഥിമന്ദിരത്തിൽ കഴിയുന്ന ഇടവേള.
“എന്റെ അർധസഹോദരനായ വിചിത്രവീര്യന്റെ മരണത്തിനു ശേഷം, പിന്തുടർച്ചക്കു കിരീടാവകാശിയില്ലെന്ന ഭയത്തിൽ, രാജമാതാ സത്യവതി എന്നോടാണു് ആദ്യം ആവശ്യപ്പെട്ടതു്.”
“നീ വിചിത്രവീര്യന്റെ യുവവിധവകളുമായി ബന്ധപ്പെട്ടു് കുരുവംശ അവകാശികൾക്കു് ജന്മം നൽകണം.” സത്യവതിയെ ശന്തനു വിവാഹം കഴിക്കണമെങ്കിൽ, കിരീടാവകാശിയായ ഞാൻ ദേവവ്രതൻ, ആജീവനാന്തബ്രഹ്മചര്യം പാലിക്കണമെന്ന സത്യവതിയുടെ ഉപാധി സ്വീകരിച്ച കാര്യം ഞാനപ്പോൾ, രാജമാതാവായ സത്യവതിയെ ഓർമ്മിപ്പിച്ചു.
“മകനെ”, എന്നെക്കാൾ പ്രായം കുറഞ്ഞ സത്യവതി മുട്ടുകുത്തി, “ഞാൻ ഇളവു് അനുവദിക്കുന്നു, എത്രയും വേഗം ആ രണ്ടു പേർക്കൊപ്പം പോയി രതിയാഘോഷിച്ചു അവരെ മാതാക്കളാക്കൂ.” എന്റെ സ്ഥാനത്തു യുധിഷ്ഠിരൻ ആയിരുന്നെങ്കിൽ?, വിചിത്രവീര്യന്റെ യുവവിധവകളായ അംബികക്കും അംബാലികക്കും ബീജദാനം ചെയ്യാൻ വേദവ്യാസനെയോ, എന്നെയോ, സത്യവതി ‘സാദരം’ ക്ഷണിക്കേണ്ടി വരുമായിരുന്നില്ല, അവൻ ആ ക്ഷണം ഹൃദയപൂർവ്വം സ്വീകരിക്കുമായിരുന്നു. അത്രയേ ധാർമ്മികത ഉള്ളൂ, യമധർമ്മന്റെ ബീജത്തിൽ ജനിച്ചു എന്നു് മേനി പറയുന്ന ധർമ്മപുത്രർ അർജ്ജുനഭാര്യ പാഞ്ചാലിയുടെ ഭർത്താവായതിലും” കൗരവർക്കു സഹോദരഭാര്യ, അമ്മയെപോലെ വന്ദിക്കപ്പെടേണ്ടവൾ, പാണ്ഡവർക്കു് സഹോദരഭാര്യ, ഊഴം വച്ചു് പായക്കൂട്ടാവേണ്ടവൾ!—ദുശ്ശള കൗരവ സഹോദരി.
“നിങ്ങൾക്കുമുണ്ടോ അച്ഛനോർമ്മ?”, കൊട്ടാരം ലേഖിക ചോദിച്ചു. ‘ഭാവി പ്രവചിക്കുന്നവൻ മാദ്രിപുത്രൻ സഹദേവൻ’ എന്ന ദൈനംദിന ഭീതി മറ്റു പാണ്ഡവരുമായി പോറ്റമ്മ കുന്തി പങ്കിടുന്ന കാലം.
“പാണ്ഡുവിനു് ചിലപ്പോൾ ഞാൻ കൂട്ടുണ്ടായിരുന്നു. കുന്തിയും നാലു പാണ്ഡവരും ഇരപിടിക്കാൻ കാട്ടിലേക്കു് രാവിലെ കയറിയ ദിവസം, നീരൊഴുക്കിൽ കുളി കഴിഞ്ഞു മാദ്രി, മുറ്റത്തെ അയയിൽ ഈറനുണക്കാൻ ഇടുകയായിരുന്നു. “ആരാണു് നിന്റെ അച്ഛ”നെന്നു പാണ്ഡു അപ്പോൾ മുന വച്ചു് ചോദിച്ചു. “അശ്വിനിദേവതകൾ” എന്ന കേട്ടറിവിൽ, മേലോട്ടു് കൈകൂപ്പി ഞാൻ ഞങ്ങളുടെ വന്ദ്യപിതൃക്കളെ സ്മരിച്ചപ്പോൾ, ‘നകുലനെ പോലെ നിനക്കും ദുർദേവതകൾ രണ്ടെണ്ണം വേണ്ടി വന്നോ, ഭൂമിയിൽ ശാപജന്മം തരാൻ?’ എന്നു് നിന്ദിച്ചു. ഭയന്നു് ഞാൻ പുറത്തു കടക്കുമ്പോൾ, ചെമ്പകപ്പൂ സുഗന്ധവുമായി മാദ്രി! ‘അരുതേ അമ്മാ, അയാൾക്കരികെ ഈ സമയത്തു നീ ഇങ്ങനെ സുന്ദരിയായി പോവരുതേ, മരണദേവതയുടെ ഭീഷണ സാന്നിധ്യം അവനരികിൽ ഞാനറിയുന്നു’ എന്നു് ഇരുകൈകളും അവൾക്കു നേരെ ഞാൻ വീശി. അൽപ്പം കഴിഞ്ഞപ്പോൾ, ഭീതിയിൽ മാദ്രി ഓടി വന്നു. “വാരിപ്പുണർന്നെന്നെ വിവസ്ത്രയാക്കുമ്പോൾ, പ്രിയപ്പെട്ട മകനെ, കുഴഞ്ഞു വീണവൻ മരിച്ചു” എന്നു് മുട്ടുകുത്തി ദൈവത്തിനു നന്ദിപറയുന്ന ഓർമ്മ.”
“അക്ഷയപാത്രം മാത്രം പോരെ ആറുപേർക്കു് അല്ലൽ ഇല്ലാതെ വിശപ്പടക്കാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു. കൈപ്പിടിയിൽ ഒതുങ്ങുന്ന നാടൻ ചവണകളുമായി നായാട്ടിനു ഇറങ്ങുകയായിരുന്നു പാണ്ഡവർ.
“ഹസ്തിനപുരി കർഷകരുടെ ധാന്യപ്പെട്ടിയിൽ കയ്യിട്ടു വാരുന്ന അക്ഷയപാത്രം എവിടെ, കല്ലെറിഞ്ഞു വീഴ്താവുന്ന മാനും മുയലും നിറഞ്ഞ വനപ്രകൃതി എവിടെ!”
“അഞ്ചുപേർക്കുമുണ്ടോ തനതു രീതിയിൽ പരിപാലിക്കപ്പെടുന്ന രതിപൂർവ്വവിനോദങ്ങൾ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥം എന്ന നവനഗര നിർമ്മിതി കഴിഞ്ഞു, രാജസൂയ യാഗത്തെക്കുറിച്ചു കൗന്തേയരുടെ പ്രതീക്ഷാനിർഭരമായ ദിനങ്ങൾ.
“യുധിഷ്ഠിരൻ മുതൽ, ഇളമുറ വരെ, ദൈവത്താൽ അനുഗ്രഹീതർ എന്നു് പ്രശംസിക്കാൻ തക്ക രതിഅനുഭവപാഠങ്ങൾ ഒന്നും ഇതുവരെ ആയിട്ടില്ല. കഴുത്തിനു് പിന്നിൽ ചുണ്ടമർത്തി മാദ്രിപുത്രന്മാരുടെ മൃദുരീതി എത്ര കോരിത്തരിപ്പിക്കുമോ, അത്ര അസഹനീയവുമാണു് മുതിർന്ന കൗന്തേയരുടെ പരുക്കൻ സുരതം. കെട്ടുവിട്ടു് ഉള്ള കാര്യം പറഞ്ഞാൽ, ബഹുഭർത്തൃത്വ മോഹികളായ കൗരവവധുക്കളുടെ പകൽക്കിനാവുകൾ അതോടെ പൊലിയും. കൂടെകിടക്കാൻ ഭർത്താവുണ്ടാവുക, അവൻ യുധിഷ്ടിരനെപോലെ ആസ്വാദനരതിപാഠങ്ങൾ പരിശീലിക്കാതെ പെണ്ണിനെ ‘വസ്ത്രാക്ഷേപം’ ചെയ്യുക, ആൺപെൺരതി പാതിരായാതനയാവുക, അങ്ങനെ ഒരു രതിജീവിതം എന്റെ വാക്കുകൊണ്ടു് ആർക്കും ഉണ്ടാവരുതല്ലോ.”
“പീഡനം പാണ്ഡവരിൽ നിന്നുണ്ടായാലും, പരാതി കൊടുക്കുക ദുര്യോധനനാണെന്ന അഭിമുഖം ഹസ്തിനപുരി ചുവരെഴുത്തുപതിപ്പിൽ പ്രസിദ്ധീകരിച്ച ഉടൻ, അന്തഃപുരത്തിലും രാജസദസ്സിലും വിവാദമായല്ലോ. ഭർത്താവു ഒന്നുമാത്രം എന്ന ഏകശിലാദാമ്പത്യത്തിന്റെ വർത്തമാനകാല പ്രതീകങ്ങളായ കൗരവരാജസ്ത്രീകൾ, ഈ ‘പ്രകോപന’ത്തിന്നെതിരെ പ്രതികരിക്കുമെന്നു് ദുര്യോധനവധു! പാണ്ഡവദാമ്പത്യം കൗരവരാജസഭയിൽ വിവാദ ചർച്ചാവിഷയമാക്കിയതിന്റെ അകംപൊരുളെന്തായിരുന്നു?” കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.
“കൗരവഅടിമക്കു് ഭൗതിക പരിരക്ഷ ഉടയോനിൽ നിന്നല്ലേ, അടിമപരിപാലന നിയമമനുസരിച്ചു പ്രതീക്ഷിക്കാനാവൂ? അപ്പോൾ, പാണ്ഡവർ വനവാസക്കാലത്തു, ഗാർഹികവും ലൈംഗികവുമായ അതിക്രമം നടത്തിയാൽ ആർക്കു പരാതി കൊടുക്കണം? പെണ്ണഭിമാന സംരക്ഷണം ഉടയോന്റെ നീതിപീഠത്തിൽ നടപടിക്രമമനുസരിച്ചു അർപ്പിക്കുന്നെങ്കിൽ, ദുര്യോധനവധുവെന്തിനു് വെളിച്ചപ്പെടണം? ഹസ്തിനപുരി ശിക്ഷാനിയമമനുസരിച്ചു എന്റെ പൗരാവകാശങ്ങൾ പന്ത്രണ്ടു കൊല്ലത്തേക്കു്, നീതിമാനെന്നറിയപ്പെടുന്ന ഭീഷ്മർ, പരാതിക്കാരിയായ എന്റെ വശം കേൾക്കാൻ മെനക്കെടാതെ, ഏകപക്ഷീയമായി നിഷേധിച്ചതു് പാണ്ഡവപിടിപ്പുകേടു് അത്രമേൽ വ്യക്തമായത്കൊണ്ടല്ലേ? അതിൽ ഉടയോൻ ദുര്യോധനൻ എന്തു് പിഴച്ചു?”
“കൊട്ടാരം ലേഖികയുടെ ദിനക്കുറിപ്പ് ഇന്നത്തെ ‘ഹസ്തിനപുരി പത്രിക’യിൽ: കാറൊഴിഞ്ഞ മാനം, കുളിരുള്ള പ്രഭാതം. ഇതു് കുപ്രസിദ്ധ കുരുവംശആസ്ഥാനം. ഇവിടെ പകൽ വെളിച്ചത്തിൽ, പൊതുവേദിയിൽ ഇരുന്നുള്ള സമാലോചനയല്ല പതിവു്, പടുതിരി കത്തുന്ന ഭൂഗർഭ അറയിൽ രണ്ടുമൂന്നുപേർ അർദ്ധരാത്രിയിൽ അടക്കിപ്പിടിച്ച ആലോചനയാണു്. തേച്ചു മുനകൂട്ടിയ ആയുധങ്ങളുടെയും അവസരോചിതമായ തന്ത്രങ്ങളുടെയും പരീക്ഷണശാലയാണു് ഓരോ കൗരവഹൃദയവും. ഇവിടെ ഇന്നു് പാണ്ഡവപ്രതിനിധി, നയതന്ത്രത്തിലെ അവസാന ഇനമായ വിശ്വരൂപ പ്രദർശനഭീഷണിയുമായി എത്തും എന്നു് ഞങ്ങൾ മാധ്യമ പ്രവർത്തകർ അതിവേഗം മിടിക്കുന്ന ഹൃദയതാളത്തിൽ ആശങ്കപ്പെടുന്നു.”
“പാഞ്ചാലിയുടെ വ്യക്തിഗത സേവന മികവിനെകുറിച്ചു് ദുര്യോധനനു് വിലയിരുത്തൽ നല്കാൻ ചുമതലപ്പെട്ട അയൽക്കാരൻ സന്യസ്ഥൻ കൊട്ടാരം ലേഖികയോടു്: പന്ത്രണ്ടുവർഷ വനവാസത്തിൽ സന്യസ്ഥാശ്രമങ്ങളിലെ ശൌചാലയശുചിത്വം കാര്യക്ഷമമായും പരാതിരഹിതമായും നിർവഹിച്ചുവന്ന വനിതയാണിനി യുദ്ധാനന്തര ഹസ്തിനപുരി റാണി എന്നു് കേട്ടു ഞെട്ടി. ഞങ്ങളാരും പക്ഷേ, അവിശ്വസിക്കുന്നില്ല. കൗരവഅടിമ ആയിരുന്നു അക്കാലത്തവൾ, കുലീനമായ ശരീരഭാഷയും വല്ലപ്പോഴും കേട്ട വാമൊഴിയും ഞങ്ങളിൽ ഉണ്ടാക്കിയതു് വിസ്മയമായിരുന്നു: എന്തു് പാപം ചെയ്തതു് കൊണ്ടാവാം സുന്ദരിയായ ഈ വ്യക്തിക്കിങ്ങനെ ശിക്ഷ, രാജ്യംഭരിക്കുന്ന ധൃതരാഷ്ട്രർ കല്പ്പിച്ചതു്?”