‘അന്നവിചാരം മുന്നവിചാരം’ എന്നാണല്ലോ പഴഞ്ചൊല്ലു്. ഈ വിചാരത്തിനു ശക്തി കൂടിവരുന്ന കാലമാണിതു് ജനപ്പെരുപ്പവും ഭക്ഷ്യക്ഷാമവും അത്രയ്ക്കു ദുസ്സഹമായിത്തീർന്നിരിക്കുന്നു. ഇന്നു് എല്ലാവരിലും മുന്നിട്ടു നിൽക്കുന്നതു് ഈ വിചാരമാണു്. വൈദികകാലത്തെ ആര്യന്മാർ അന്നവിചാരത്തിനു സർവപ്രാധാന്യം കല്പിച്ചിരുന്നു. അന്നത്തെ മഹർഷിമാർ പോലും അന്നവിചാരം നടത്തിയിട്ടേ ആത്മവിചാരത്തിലേർപ്പെട്ടിരുന്നുള്ളു. ഭക്ഷ്യോൽപാദത്തിന്നാവശ്യമായ കൃഷിവൃത്തി ഋഗ്വേദത്തിൽ പ്രത്യേകിച്ചും സംസ്തുതമായിട്ടുണ്ടു്. അന്നം കൊണ്ടു് ശരീരപോഷണം സാധിച്ചില്ലെങ്കിൽ ആത്മാവിന്റെ കാര്യം തകരാറിലാകുമെന്നു് അക്കാലത്തെ തത്ത്വചിന്തകന്മാർക്കും അറിയാമായിരുന്നു. അന്നവിചാരത്തിലധിഷ്ഠിതമായ ഒരു തത്ത്വശാസ്ത്രംതന്നെ ഉപനിഷത്തുകളിൽ പ്രതിഫലിച്ചിട്ടുണ്ടു്. അതനുസരിച്ചു് അന്നമെന്നു പറയുന്നതു് സാക്ഷാൽ ബ്രഹ്മം തന്നെയാണു്. അന്നത്തെ ബ്രഹ്മമായി അറിയുക. (അന്നം ബ്രഹ്മേതി വ്യജാനാതു്) എന്നു് തൈത്തിരിയോപനിഷത്തിൽ പറഞ്ഞിറിക്കുന്നു. ‘അഹം ബ്രഹ്മ’ എന്ന വാക്യത്തിനു സമാനമായി ‘അഹമന്നം’ എന്ന സൂക്തിയും കാണാം. അന്നത്തിൽനിന്നുതന്നെയാണു് ഈ ജീവജാലങ്ങൾ ജനിക്കുന്നതും ജീവിക്കുന്നതും (അന്നാദ്ധ്യോവഖല്വിമാനി ഭൂതാനി ജായന്തേ അന്നേന ജാതാനി ജീവന്തി) എന്നു് തൈത്തിരിയോപനിഷത്തു് പഠിപ്പിക്കുന്നു. ‘യതോ ഇമാനി ഭൂതാനി ജായന്തേ യേന ജാതാനി ജീവന്തി’ എന്നു ബ്രഹ്മത്തെപ്പറ്റിയും ഇതുതന്നെയാണു് പറയുന്നതു്. അങ്ങനെ അന്നം തന്നെ ബ്രഹ്മമെന്ന ആശയം സംശയാതീതമാക്കിയിരിക്കുന്നു. ‘അന്നാദ് ഭവന്തി ഭൂതാനി’ എന്നു് ഗീതയിലും ഉണ്ടു്. വസ്ത്രങ്ങളും പശുക്കളും അന്നപാനങ്ങളും വേണ്ടുവോളം ലഭിക്കട്ടെ (വാസാംസി മമ ഗാവശ്ച അന്നപാനാദി സർവദാ) എന്നതായിരുന്നു പ്രാചീനാര്യന്മാരുടെ നിത്യപ്രാർത്ഥന. അന്നത്തെ നിന്ദിക്കരുതു് (അന്നം ന നിന്ദ്യാത്), ഏതെങ്കിലും വിധത്തിൽ അന്നം ധാരാളം സമ്പാദിക്കണം (യയാകയാ ച വിധയാ ബഹ്വന്നം പ്രാപ്നുയാതു്), അന്നം സമൃദ്ധമായി ഉല്പാദിപ്പിക്കുക (അന്നം ബഹൂകൂർവീത) ഇത്യാദി ഉപനിഷദ്വാക്യങ്ങളും പ്രാചീനർക്കു് അന്നം ഏറ്റവും വലിയ ജീവിതമൂല്യമായിരുന്നുവെന്നതിനു് ഉദാഹരണങ്ങളാണു്. നമുക്കൊന്നിച്ചിരുന്നു ഭക്ഷിക്കാം (സഹനൗഭുനക്തു) എന്ന മന്ത്രം സമൂഹക്ഷേമത്തിനുതകണം നമ്മുടെ ഭക്ഷ്യസമ്പത്തെന്നും സൂചിപ്പിക്കുന്നു.
രണ്ടായിരം കൊല്ലത്തെ പഴക്കമുള്ള കൗടല്യന്റെ അർത്ഥശാസ്ത്രത്തിൽ അന്നോൽപാദനത്തിനുവേണ്ട കൃഷിയെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നുണ്ടു്. കൃഷിവൃത്തിയുടെ സാമൂഹികമായ അടിസ്ഥാനവും സ്വഭാവവും ആണു് അതിൽ ആചാര്യൻ സ്വീകരിച്ചിരിക്കുന്നതു്. ഇന്നു് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ നവീന ഭൂനിയമങ്ങളെ എതിർക്കുന്ന സമൂഹവിരുദ്ധന്മാർ അക്കാലത്തെ കാർഷികവ്യവസ്ഥകൾ അറിഞ്ഞിരിക്കേണ്ടതാണു്. രാജാവിന്റെ ആധിപത്യത്തിലാണെങ്കിലും അന്നു ഗ്രാമങ്ങളിൽ ജനസംഘങ്ങളുടെ നേതൃത്വത്തിലുള്ള സ്വതന്ത്രഭരണം നിലവിലുണ്ടായിരുന്നു. കൃതക്ഷേത്രങ്ങൾ—തെളിച്ചെടുത്ത വിളനിലം—എന്നും അകൃതക്ഷേത്രങ്ങൾ എന്നും കൃഷിസ്ഥലങ്ങളെ രണ്ടായി വിഭജിച്ചിരുന്നു. അകൃതക്ഷേത്രങ്ങളെ കൃതക്ഷേത്രങ്ങളാക്കുന്നവർക്കു് അവയുടെ അവകാശം നിയമപ്രകാരം സിദ്ധിക്കും. കൃഷിചെയ്യാത്തവരുടെ കൈവശമുള്ള ഭൂമി ഒഴിപ്പിച്ചെടുത്തു കൃഷിക്കാർക്കു കൊടുക്കണമെന്നതാണു് മറ്റൊരു വ്യവസ്ഥ. കൃഷിക്കായി ഭൂമി ഏറ്റുവാങ്ങിയിട്ടു് അതു ചെയ്യാതിരുന്നാൽ നഷ്ടം കൊടുക്കണം. ഈ നഷ്ടത്തിനു് അപഹിനമെന്നാണു് പേരു്. വിള വർദ്ധിപ്പിക്കാനുള്ള സഹായധനത്തിനു് അനുഗ്രഹമെന്നും കേടുതീർക്കാനുള്ളതിനു പരിഹാരമെന്നും പേരു പറഞ്ഞിരുന്നു. കൃഷിക്കുവേണ്ടി ഭൂമി വിട്ടുകൊടുക്കാത്ത ക്ഷേത്രികൻ (ഭൂസ്വാമി) ശിക്ഷാർഹനാണു്. പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ കർഷകനെ അറസ്റ്റ് ചെയ്തുകൂടാ. വെള്ളം കെട്ടിനിൽക്കുന്ന പൊതുച്ചിറ വെട്ടിത്തുറക്കുന്ന ഗ്രാമദ്രോഹിയെ വെള്ളത്തിലിട്ടു മുക്കിക്കൊല്ലണം. മേച്ചിൽസ്ഥലം തീയിട്ടു നശിപ്പിക്കുന്നവനെ തീയിലിട്ടു കൊല്ലണം. ഈവക കർശനനിയമങ്ങളും അന്നു നടപ്പുണ്ടായിരുന്നു. ഉഴവുചാൽ തൊട്ടു സത്യം ചെയ്യുന്ന സമ്പ്രദായവും ഗ്രാമീണർ അനുഷ്ഠിച്ചിരുന്നു. കൃഷി എത്രമാത്രം ശുദ്ധവും ശ്രേഷ്ഠവും ജീവദായകവുമായ ഒരു തൊഴിലായി അന്നു ഗണിക്കപ്പെട്ടിരുന്നുവെന്നു് ഇതിൽ നിന്നൊക്കെ തെളിയുന്നുണ്ടല്ലോ.
ക്രിസ്തുവിനുമുമ്പുള്ള കാലത്തെ സ്ഥിതിവിശേഷമാണു മേൽ കാണിച്ചതു്. അന്നത്തെ അന്നവിചാരം ഭൗതികക്ഷേമചിന്തയുടെയും പ്രായോഗിക ബുദ്ധിയുടെയും പ്രതീകമായിരുന്നു. സമൂഹാടിസ്ഥാനത്തിലുള്ള ഭൗതികശ്രേയസ്സിനെ നമ്മുടെ പൂർവികന്മാർ സർവോപരി മുഖ്യമായി പരിഗണിച്ചിരുന്നു. ആത്മിയോൽക്കർഷത്തിനും ആധാരം ഭൗതികസമ്പത്താണെന്നും അർത്ഥമില്ലാത്തിടത്തു ധർമ്മത്തിനു ക്ഷയം നേരിടുമെന്നുമുള്ള സത്യം അവർ മനസ്സിലാക്കി. അർത്ഥധർമ്മങ്ങൾക്കു സമപ്രാധാന്യമാണു് അന്നുണ്ടായിരുന്നതു്. എന്നാൽ, അനന്തരകാലത്തു് ഈ മനോഭാവത്തിനു പരിതാപകരമായ മാറ്റം വന്നു. ജാതിവ്യത്യാസം ഇൻഡ്യയിൽ ദൃഢമായതോടെ കർഷകവൃത്തിക്കു് ഒരുതരം പാതിത്യം നേരിട്ടു. ബ്രാഹ്മണനും ക്ഷത്രിയനും കലപ്പപിടിക്കുന്നതു ജാതിമഹത്വത്തിനു ചേർന്നതല്ലെന്ന നിലവന്നു. കൃഷി—ഗോരക്ഷ—വാണിജ്യാദിതൊഴിലുകൾ മൂന്നാം ജാതിക്കാരനായ വൈശ്യന്റെ വൃത്തിയായി അന്നവിചാരത്തിനെക്കാൾ മേന്മ ആത്മവിചാരത്തിനാണെന്ന ധാരണ പരന്നു. ആർക്കും ആവശ്യമായ അന്നബ്രഹ്മത്തിന്റെ സ്ഥാനത്തു ശൂന്യതയിലേക്കു വഴിതെളിക്കുന്ന പരബ്രഹ്മം വന്നു കയറി. ഭൗതികം, ആത്മീയം എന്നിങ്ങനെ പരസ്പരബന്ധമില്ലാത്ത അന്ധമായ വേർതിരിവു് ഭാരതീയചിന്താഗതിയെ കലുഷമാക്കി ശരീരം നികൃഷ്ടം, ആത്മാവു് ഉൽകൃഷ്ടം എന്ന മിഥ്യാബോധം പ്രചരിച്ചപ്പോൾ ദേഹാദ്ധ്വാനത്തിനു വിലയില്ലാതായി. ബുദ്ധിപ്രധാനന്മാർക്കേ (Intellectuals) സമുദായത്തിൽ മാന്യസ്ഥാനമുള്ളു എന്ന തെറ്റായ നില സാർവത്രികമായി അംഗീകരിക്കപ്പെട്ടു. സാമൂഹികമായ അളവിൽ ബാധിച്ച ഈ ആശയപരിണാമവും വീക്ഷണവ്യത്യാസവും നൂറ്റാണ്ടുകളായി ഇൻഡ്യയ്ക്കു ദോഷം ചെയ്തുകൊണ്ടിരിക്കയാണു്. അതിന്റെ ദൂരവ്യാപകമായ ദുഷ്ഫലങ്ങളിൽനിന്നു് ഈ പരിഷ്കൃതകാലത്തും നമ്മൾ തീരെ മുക്തരായിട്ടില്ല. ജാതിവ്യവസ്ഥയിൽനിന്നുത്ഭവിച്ച വൃത്തിപരമായ ഉച്ചനീചഭാവം എന്നു് ഇന്ത്യയിൽ വേരൂന്നിയോ അന്നു് നമ്മുടെ അധഃപതനമാരംഭിച്ചു. എളുപ്പം പൊട്ടിക്കാൻ വയ്യാത്ത കട്ടപിടിച്ചയാഥാസ്ഥിതികബുദ്ധിയാണു് ഇക്കാര്യത്തിൽ ഭാരതീയരെ ഭരിക്കുന്നതു്. ശതാബ്ദങ്ങളുടെ ദുഷിച്ച പാരമ്പര്യം അതിനുണ്ടു്. മഹാത്മഗാന്ധി ആയുഷ്കാലം മുഴുവൻ തൊഴിലിന്റെ മഹിമയെപ്പറ്റി പ്രസംഗിച്ചു നടന്നു. എന്നിട്ടും ഉദ്ദിഷ്ടഫലം എത്രത്തോളമുണ്ടായി? കൃഷിയുടെ കാര്യം തന്നെ നോക്കാം. പാടത്തിറങ്ങി കലപ്പപിടിച്ചു നിലമുഴുവാൻ ഇന്നും ബ്രാഹ്മണജാതിയിൽ എത്രപേർ തയ്യാറാകുന്നുണ്ടു്? ജാതി സോപാനത്തിന്റെ ഉന്നതസ്ഥാനത്തിരിക്കുന്നവരെ അനുകരിച്ചു സാമൂഹികപദവി (Social status) നേടുക എന്നതു് ഇൻഡ്യയിലെ ഇതരജാതികളിലെല്ലാം. സംക്രമിച്ചിട്ടുള്ള ഒരു സ്വഭാവവിശേഷമാണു്. ബ്രാഹ്മണൻ കൃഷിക്കു ഭ്രഷ്ടു കല്പിച്ചപ്പോൾ മറ്റു ജാതിക്കാരിലും ആ മനോഭാവം കുറെയൊക്കെ വ്യാപിച്ചു. പഠിച്ചു പരിഷ്കൃതനായാൽ പിന്നെ കേവലം കൃഷിക്കാരനാകുന്നതു് അന്തസ്സിനു ചേരാത്ത പ്രവൃത്തിയാണെന്നു് അവർക്കും തോന്നിത്തുടങ്ങി. ഉൽകൃഷ്ടവിദ്യാഭ്യാസം ചെയ്തു ബുദ്ധിപ്രധാനന്മാരാകുന്ന താണജാതിക്കാർപോലും പാടത്തിറങ്ങാൻ മടിക്കുന്നതു്. ഇക്കാരണത്താലാണു് വൃത്തിപരമായ ഈ വിഡ്ഢിത്തം ഇൻഡ്യയിൽ മാത്രമേ ഇപ്പോഴും അവശേഷിച്ചിട്ടുള്ളു. വലിയ പരീക്ഷ പോകട്ടെ. ഇങ്ങേയറ്റം എസ്. എസ്. എൽ. സി. പാസ്സാകുന്ന ചെറുപ്പക്കാരും കൃഷിപ്പണി ഒരു കുറവായിട്ടാണു് കരുതുന്നതു് കാർഷികകോളേജിൽ പഠിക്കുന്നവരോ? അവർ ഡിഗ്രിയെടുത്താൽ കൃഷിചെയ്യാനല്ല പോകുന്നതു്, ഉദ്യോഗം അന്വേഷിക്കാനാണു് അടുത്തകാലത്തു ഫാക്ടറികളിലെ ദേഹാധ്വാനത്തിനു കുറച്ചൊരു മാന്യത വന്നുചേർന്നിട്ടുണ്ടെങ്കിലും കൃഷിയെസ്സംബന്ധിച്ചിടത്തോളം അതു് ഇപ്പോഴും പണ്ടത്തെ അപകൃഷ്ടനിലയിൽത്തന്നെയെന്നുവേണം പറയുക. ഈ ദുരവസ്ഥ മാറണമെങ്കിൽ തൊഴിലിന്റെ മഹിമ പഠിപ്പിക്കുന്ന പാശ്ചത്യലോകത്തെ നാം മാതൃകയാക്കണം ഒരുകാലത്തു് അത്യുൽകൃഷ്ടമെന്നു കരുതപ്പെട്ടിരുന്ന കർഷകവൃത്തിയുടെ നഷ്ടപ്പെട്ടുപോയ മഹിമ വീണ്ടെടുത്താലേ നമുക്കു രക്ഷയുള്ളു അതിലേക്കു അഭ്യസ്തവിദ്യർ തന്നെ മുന്നോട്ടു വരികയും അവർ ദേഹാദ്ധ്വാനത്തെ ബുദ്ധിപ്രവർത്തനത്തിനു തുല്യം മാനിക്കയും വേണം. എന്നാൽ, മാത്രമേ തൊഴിലുകളുടെ നേർക്കുള്ള അയിത്താചാരം എല്ലാ മേഖലകളിൽനിന്നും നിശ്ശേഷം നീങ്ങുകയുള്ളു അദ്ധ്വാനത്തെ ആദരിക്കാത്ത ഒരു രാജ്യവും ഉന്നതിയെ പ്രാപിക്കയില്ല.
മനനമണ്ഡലം 1965.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971