മനുഷ്യന്റെ കൂടപ്പിറപ്പാണു് ഭയം. അതു് ഒരു കടുത്ത മനോരോഗമായിരുന്നു. മനസ്സിനേല്ക്കുന്ന വൈകാരികാഭിഘാതമെന്നും അതിനെ വ്യാഖ്യാനിക്കാം. പ്രപഞ്ചപരിണാമഗതിയിൽ, ലക്ഷം ലക്ഷം കൊല്ലങ്ങൾക്കു് മുമ്പു് മർത്ത്യവർഗം ഉരുത്തിരിഞ്ഞകാലംമുതൽ ഈ രോഗം മാനവമനസ്സിൽ കുടികൊണ്ടിരുന്നു. അജ്ഞതയാണു് ഭയത്തിന്റെ മൂലകാരണം. പ്രകൃതിരഹസ്യങ്ങളെപ്പറ്റി യാതൊരു ബോധവുമില്ലാതെ കേവലം വികാരജീവിയായി വെറും കാടത്തത്തിൽ ജീവിച്ചിരുന്ന കാലത്തു് മനുഷ്യൻ ഇടിമിന്നൽ, കൊടുങ്കാറ്റു്, കാട്ടുതീ, പേമാരി തുടങ്ങിയ പ്രകൃതിവിക്ഷോഭങ്ങൾ കണ്ടു് അവയുടെ കാരണം അറിയാതെ പേടിച്ചുവിറച്ചിരുന്നു. വെയിലത്തു് സ്വന്തം നിഴൽ കണ്ടു് കാട്ടാറുകളിൽ സ്വശരീരത്തിന്റെ പ്രതിച്ഛായ കണ്ടും അവൻ ഭയപ്പെട്ടു. ആകാശം മുട്ടിനിൽക്കുന്ന വമ്പിച്ച വൃക്ഷങ്ങളും കൂറ്റൻ പാറക്കൂട്ടങ്ങളും അവനെ ഭയപ്പെടുത്തി.
ഇത്തരം ഭയത്തിൽനിന്നാണു് പ്രാകൃതദേവതാസങ്കല്പങ്ങളും അന്ധാചാരവിശ്വാസങ്ങളും മറ്റും രൂപംകൊണ്ടതു്. കാട്ടുമൃഗങ്ങളെ വേട്ടയാടിയും പച്ചമാംസം ഭക്ഷിച്ചും ജീവിച്ചിരുന്നപ്പോൾ ഹിംസ്രജന്തുക്കളും ഇന്നത്തേക്കാൾ കൂടുതൽ മനുഷ്യർക്കു് ഭീകരങ്ങളായിരുന്നു. ഒറ്റതിരിഞ്ഞുള്ള ഈ കിരാതജിവിതം കാലാന്തരത്തിൽ സമൂഹജീവിതമായിപ്പരിണമിച്ചു. അങ്ങനെ ഭിന്നവർഗ്ഗങ്ങളും ഗോത്രങ്ങളും നിലവിൽവന്നു. ഇവയെല്ലാം പരസ്പരം കലഹിക്കാനും പടവെട്ടാനും തുടങ്ങി. തൽഫലമായി ശത്രുഭയം പൂർവാധികം വർദ്ധിച്ചു. ഇക്കാലമത്രയും ഇരുട്ടടഞ്ഞു് കിടന്നിരുന്ന മനുഷ്യന്റെ ബോധതലത്തിൽ ക്രമേണ അല്പാല്പം വെളിച്ചം വീണതോടെ ഈവക ഭീതികളുടെ ഉൽക്കടതയ്ക്കു് കുറേ കുറവുണ്ടായി. എങ്കിലും ഈ ശാസ്ത്രയുഗത്തിൽപ്പോലും ഭയത്തിൽനിന്നു് തീരെ മുക്തനാകാൻ മനുഷ്യനു് കഴിവുണ്ടായിട്ടില്ല. കഴിവുണ്ടാകുമോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രവിജ്ഞാനം ഏറിവരുംതോറും ഭയത്തിന്റെ ചില മുഖങ്ങൾ മാഞ്ഞുപോകുന്നുണ്ടെങ്കിലും തൽസ്ഥാനത്തു് മറ്റു് ചിലതു് തലപൊക്കിയിട്ടുണ്ടു്.
എന്നും വിട്ടുമാറാതെ മനുഷ്യനെ പിടികൂടിയിരിക്കുന്നതു് മരണഭീതിയാണല്ലൊ. സർവജീവികളിലും കാണുന്ന ആത്മസംരക്ഷണവ്യഗ്രത മനുഷ്യരിലും ഉണ്ടു്. നിസർഗസിദ്ധമായ ഈ ശീലത്തിൽനിന്നാണു് മരണഭീതിയുണ്ടാകുന്നതു്. ജീവിക്കാനാഗ്രഹിക്കാത്തവൻ മരണത്തെ ഭയപ്പെടുകയില്ലല്ലോ. മരണഭയത്തിൽനിന്നു് താൽക്കാലികമായിട്ടെങ്കിലും ഒരാശ്വാസം നേടാൻവേണ്ടിയാണു് മനുഷ്യൻ പുനർജന്മം, ഈശ്വരൻ, ആത്മാവു് മുതലായ അന്ധസങ്കല്പങ്ങളിൽച്ചെന്നു് ചാടിയതു്. മതവും തത്ത്വചിന്തയും നിലവിൽവന്നതും ഈ വഴിക്കത്രെ. പക്ഷേ, ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. മനുഷ്യന്റെ കർമശക്തിയും ജീവിതവും പാഴാക്കാനേ ഇപ്പോൾ ഇവ ഉപകരിക്കുന്നുള്ളു.
ഈ പരിഷ്കൃതയുഗത്തിലും നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന വേറെ രണ്ടുതരം ഭീതികളെപ്പറ്റി പറയേണ്ടതുണ്ടു്. ഒന്നു്. സാമ്പത്തികഭീതി; മറ്റേതു്. യുദ്ധഭീതി. മുതലാളിത്തവ്യവസ്ഥിതിയുടേയും സാമ്രാജ്യദുർമോഹത്തിന്റേയും ദുഷ്ഫലങ്ങളാണു് ഈ രണ്ടും. മുതലാളിത്തരാജ്യങ്ങളിൽ കുബേരനും കുചേലനും ഒന്നുപോലെ സാമ്പത്തികഭീതിക്കു് ഇരയായിത്തീരുന്നു. അവിടെ ഇന്നത്തെ കോടീശ്വരൻ നാളെ പാപ്പരായിപ്പോകുമോ എന്നു് ഭയപ്പെടുന്നു. സാമ്പത്തികശക്തികൾ അവിടെ അനിയന്ത്രിതമായി വ്യാപരിക്കുന്നതുമൂലമാണു് ഇങ്ങനെ സംഭവിക്കുന്നതു്. ഭരണകേന്ദ്രത്തിനുപോലും ഈ അദൃശ്യശക്തികളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. നേരേമറിച്ചു് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ സമ്പദ്ഘടന ഭരണാധികാരികളുടെ പരിപൂർണനിയന്ത്രണത്തിലായിരുന്നതുകൊണ്ടും എല്ലാവർക്കും തുല്യമായി ജീവിതസൗകര്യം ലഭിക്കുന്നതുകൊണ്ടും ഈ ഭയം മന്ദീഭവിക്കുക മാത്രമല്ല മിക്കവാറും ഇല്ലാതാകുകതന്നെചെയ്യും. മനുഷ്യവർഗത്തിനു് നാനാപ്രകാരേണ വിനാശകാരിയായിത്തീരുന്ന ഒന്നാണു് സാമ്പത്തികഭീതി. എത്ര നല്ല മനുഷ്യന്റെയും സ്വഭാവത്തെ അതു് അധഃപതിപ്പിക്കുന്നു. കരിഞ്ചന്തയും മായംചേർക്കലും മറ്റു് ചൂഷണതന്ത്രങ്ങളുമെല്ലാം അതുകൊണ്ടുണ്ടാകുന്നവയാണു്. ‘സ്വന്തം ജാതിയെചൂഷണം ചെയ്യുക എന്നതു് ഒരു പതിവാക്കിത്തീർക്കുന്ന ഏകജന്തു മനുഷ്യനാണു്’ (The only beast that makes a regular practice of exploiting his own kind is man) എന്നു് അപ്ടൺ സിങ്ക്ളിയർ പറഞ്ഞിട്ടുള്ളതു് വെറുതെയല്ല.
യുദ്ധഭീതിയെപ്പറ്റി ഇവിടെ വിസ്തരിക്കേണ്ടതില്ല. ഇന്നു് എല്ലാ രാഷ്ട്രങ്ങളേയും ബാധിച്ചിരിക്കുന്ന ഒന്നാണു് അതു്. വിശേഷിച്ചു് വമ്പിച്ച രാഷ്ട്രങ്ങൾ പരസ്പരം ശങ്കിക്കുകയും ഭയപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യവംശത്തിന്റെ ഉന്മൂലനാശത്തിനുപോലും ഉതകുന്ന ഭീകരായുധങ്ങളുടെ സംഭരണത്തിൽ ഇന്നു് നടക്കുന്ന ബീഭത്സമത്സരങ്ങളുടെ പിന്നിൽ കാണുന്നതു് ഈ ഭയാശങ്കകളല്ലേ? ചുരുക്കത്തിൽ ഭയം ഏതു് രൂപത്തിലും മനുഷ്യനെ കെടുത്തിക്കളയുന്നു. അതിന്റെ മൂർച്ഛയിൽ മനുഷ്യൻ പിശാചായി മാറുന്നു. അവന്റെ വിചാരശക്തിയും വിവേകവും നശിക്കുന്നു. അന്ധത നിറഞ്ഞ കാട്ടാളയുഗത്തിലേക്കു് അതു് നമ്മെ തിരിച്ചുകൊണ്ടുപോകുന്നു. ‘ഭയത്തെപ്പോലെ മനസ്സിന്റെ സകല പ്രവർത്തനശക്തിയേയും യുക്തിവിചാരക്ഷമതയേയും ഇത്ര സമർത്ഥമായി മറ്റൊരു വികാരവും അപഹരിക്കുന്നില്ല.’ (No passion so effectively robs the mind of all its powers of acting and resoning as fear) എന്ന ബർക്കിന്റെ അഭിപ്രായത്തിനു് ഇതുവരെയുള്ള മനുഷ്യചരിത്രം സാക്ഷിയായി നിൽക്കുന്നില്ലേ?
ഉപനിഷത്തുകളിൽ മോക്ഷത്തിനു് തുല്യമായോ അതിൽ കൂടുതലായോ പ്രാധാന്യം കല്പിച്ചിട്ടുള്ളതു് അഭയത്തിനാണു്. വാസ്തവത്തിൽ സാക്ഷാൽ മോക്ഷം പരിപൂർണ്ണമായ ഭയവിമുക്തിതന്നെയാകുന്നു. ജീവിതസിദ്ധികളിൽ ഏറ്റവും മുഖ്യവും എന്നാൽ ദുസ്സാധ്യവുമായിട്ടുള്ളതും ഇതുതന്നെയത്രെ. വ്യക്തിയിലും സമൂഹത്തിലും അഭയം രൂഢമൂലമായെങ്കിൽ മാത്രമേ ഇന്നത്തെ ലോകത്തിനു് സ്ഥിരമായ ശാന്തിയും സമാധാനവും കൈവരികയുള്ളു.
(യുക്തിവിഹാരം 1970)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971