
വളരെ വായിച്ചിട്ടുള്ള ഒരു പണ്ഡിതനെപ്പറ്റി വള്ളത്തോൾ ഒരിക്കൽ സംഭാഷണമദ്ധ്യേ പറയുകയുണ്ടായി, അയാൾ ഒട്ടേറെ വായിച്ചിട്ടുണ്ടു്. ഒന്നും ദഹിച്ചിട്ടില്ല എന്നു്. നമ്മളിൽ പലരെ സംബന്ധിച്ചും ഈ അഭിപ്രായം ശരിയാകാം. ഒരുതരം ദഹനക്കേടു് ബാധിച്ചിട്ടുള്ളവരാണു് നമ്മിലധികംപേരും; ശരീരത്തിനുമാത്രമല്ല, മനസ്സിനും. സംഖ്യയില്ലാതവണ്ണം പുസ്തകങ്ങൾ പുറത്തുവരുന്നകാലം. കൈയിൽ കിട്ടുന്നതെല്ലാം നാം വായിച്ചുതള്ളുന്നു. എന്തൊക്കെയോ മനസ്സിനകത്തു് കടന്നുവീണു് സ്ഥലംപിടിക്കുന്നു. അവയ്ക്കു് തമ്മിൽ വല്ല പൊരുത്തവുമുണ്ടോ, അവ നമ്മുടെ ബോധതലത്തിൽ ഇണങ്ങിച്ചേരുന്നുണ്ടോ എന്നൊന്നും നമ്മൾ നോക്കാറില്ല. സർവജ്ഞപീഠത്തിൽനിന്നായാലും വേണ്ടില്ല, മനസ്സിന്റെ പടിവാതിൽക്കൽ വന്നു് നിൽക്കുന്നതെന്തും ഒന്നു് പരിശോധിച്ചേ അകത്തേക്കു് കടത്തിവിടൂ എന്നൊരു തീവ്രനിഷ്ഠ പിപഠിഷുക്കൾ അനുഷ്ഠിക്കേണ്ടതാണു്. സ്വന്തം യുക്തിവിചാരത്തിൽ പാകപ്പെടുത്താതെ ഗ്രന്ഥങ്ങളിൽ കാണുന്നതെല്ലാം വലിച്ചുവാരി പച്ചയോടെ ഉള്ളിലേക്കു് തള്ളിവിടുന്നതു് ആപൽക്കരമാകുന്നു. ബുദ്ധിപരമായ ഈ അമിതബുഭുക്ഷ (Intellectual gluttony) ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും. ‘കുറെ അധികം തെറ്റിദ്ധരിക്കുന്നതിനെക്കാൾ നല്ലതു് കുറച്ചെങ്കിലും ശരിയായി മനസ്സിലാക്കുന്നതാണു്’ (It is better understand little than to misunderstand a lot) എന്നു് അനട്ടോൾ ഫ്രാൻസ് പറഞ്ഞിട്ടുള്ളതു് ഈ മാനസികരോഗത്തിനൊരു പ്രതിവിധിയത്രെ. ‘എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്നതു് വിലയിരുത്താനുള്ള പ്രാപ്തിയിലാണു്. നിങ്ങളുടെ തലയ്ക്കകത്തു് ഒരുപാടു് കാര്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. അവ വിലയിരുത്തുവാൻ നിങ്ങൾ പഠിക്കണം, മറക്കാനുള്ള ശക്തി വളർത്തിക്കൊണ്ടുവരിക’ (All wisdom consists in the power of valuation. You have a mass of things put into your head and you must learn to valuate them. Cultivate the power of forgetting) എന്നും മറ്റും ബർനാഡ്ഷാ ഉപദേശിച്ചിട്ടുള്ളതും മാനസികമായ ദീപനശക്തിയില്ലാത്തവരെ ഉദ്ദേശിച്ചാകുന്നു. ഷായുടെ രസകരമായ നിരീക്ഷണത്തിൽ ഇന്നത്തെ പണ്ഡിതന്റെ മനസ്സു് എങ്ങനെയിരിക്കുന്നുവെന്നു് നോക്കുക:

‘The educated man of today has a mind which can be compared only to a store in which the very lastest and most precious acquisitions are flung on top of a noisome heap of rag—and bottle refuse and worthless antiquities from the museum lumber room. No mind can operate reasonably in such a mess’.അതെ—ഭൂതകാലത്തിലെ പഴഞ്ചരക്കുകളുടെമീതെ വർത്തമാനകാലത്തിലെ പുത്തൻസാമാനങ്ങൾ ഇട്ടു് നിറച്ചിട്ടുള്ളൊരു കലവറയാണു് ആധുനികപണ്ഡിതന്റെ മനസ്സു്. ബൈബിളും ഭഗവദ്ഗീതയും പരിണാമവാദവും ക്വാണ്ടം തിയറിയും എല്ലാം ഒരു ചെപ്പിലടച്ചു് സൂക്ഷിപ്പാൻ അതു് വൃഥാശ്രമം ചെയ്യുന്നു! പഴന്തുണിയും കോടിവസ്ത്രവും തമ്മിൽ തുന്നിപ്പിടിപ്പിക്കുവാനുള്ളൊരു മതി ഭ്രമം! വർത്തമാനത്തിലെ വിപ്ലവക്ഷുഭിതാവസ്ഥയിൽനിന്നു് ഭൂതത്തിലെ ശ്മശാനശാന്തതയിലേക്കു് അഭയാർത്ഥിയായി പോകുന്ന മനസ്സിൽ ഇത്തരം കുഴപ്പങ്ങൾ ധാരാളം സംഭവിക്കും. കഷ്ടകാലത്തിനു് ജീൻസ്, എഡിങ്ടൺ തുടങ്ങിയ കുറെ സയൻസുകാരുടെ ചില ഗ്രന്ഥങ്ങളും അവരുടെ ചില ഞായറാഴ്ചപ്രസംഗങ്ങളും ഈ കുഴപ്പങ്ങൾ വർദ്ധിപ്പിക്കുവാൻ കാരണവുമായിട്ടുണ്ടു്. ഏതു് നിലയ്ക്കു്, എപ്പോൾ, എങ്ങനെ പുറത്തുവന്നതാണു് അവരുടെ അഭിപ്രായങ്ങൾ എന്നൊന്നും ആലോചിക്കാതെ അവരുടെ പേരിൽ അച്ചടിപ്പുസ്തകത്തിൽ കാണുന്നതൊക്കെ അപ്പടിവിഴുങ്ങിയാൽ ദഹനക്കേടു് ബാധിക്കാതിരിക്കുമോ? നമ്മുടെ അറിവെല്ലാം സാപേക്ഷമാണെന്ന മൗലികതത്ത്വം വിസ്മരിച്ചു് കേവലവും സനാതനവും ആയ എന്തോ ഒന്നുണ്ടെന്നും ആ അജ്ഞാത രഹസ്യത്തിലേക്കാണു് ഇന്നത്തെ സയൻസിന്റെ പ്രയാണമെന്നും മറ്റും വിശ്വസിക്കുവാൻ ഇന്നു് അനേകം പണ്ഡിതന്മാർ സന്നദ്ധരായിക്കാണുന്നുണ്ടു്. സയൻസിന്റെ പിൻബലത്തോടുകൂടി മതത്തിന്റെ ജീർണോദ്ധാരണം നടത്താമെന്നും ഇക്കൂട്ടർ വിചാരിക്കുന്നു. ദഹിക്കാത്ത ആശയങ്ങളുൾക്കൊള്ളുന്ന മനസ്സിന്റെ വിരേചനത്തിൽ ഇങ്ങനെ അർദ്ധസത്യങ്ങളുടെയും അസത്യങ്ങളുടെയും കഷണങ്ങൾ പുറത്തുവരിക സ്വാഭാവികമാണല്ലൊ.

ശ്രീഹർഷൻ അദ്ദേഹത്തിന്റെ നൈഷധം കാവ്യത്തിൽ വിദ്യാഭ്യാസത്തെ സംബന്ധിച്ചു് നാലു ഘട്ടം പരാമർശിക്കുന്നുണ്ടു്: അധീതി, ബോധം, ആചരണം, പ്രചാരണം. പഠിപ്പിന്റെ ആദ്യഘട്ടമാണു് അധീതി, അതായതു്, ഗ്രന്ഥങ്ങളിൽനിന്നും ആചാര്യന്മാരിൽനിന്നും ആശയങ്ങൾ ശേഖരിച്ചുവെയ്ക്കുക—പച്ചക്കറിസാമാനങ്ങൾ ശേഖരിച്ചു് കറിക്കു് നുറുക്കി പാത്രത്തിൽ നിറയ്ക്കുന്നതുപോലെതന്നെ.
ഇതത്ര പ്രയാസമുള്ളൊരു കാര്യമല്ല; പരിശ്രമംകൊണ്ടു് ആർക്കും സാദ്ധ്യമാകും. രണ്ടാമത്തേതില്ലേ—ബോധം—അതാണു് ഏറ്റവും പ്രധാനം. ആളെ അളക്കേണ്ടതു് അതുകൊണ്ടാണു്. കറിക്കു് നുറുക്കിയ കഷണങ്ങൾ അടുപ്പത്തിരുന്നു് വേവുന്നതുപോലെ, മനഃപാത്രത്തിൽ ശേഖരിച്ചതെല്ലാം സ്വന്തം ചിന്തയിലൊന്നു് പാകപ്പെടാനുണ്ടു്, അപ്പോഴേ അതു് ബോധമായിത്തീരുകയുള്ളു.
അങ്ങനെ അവനവന്റേതായിത്തീരുന്ന ബോധത്തിനനുസരിച്ചാകണം പ്രവൃത്തി—ആചരണം. ഇങ്ങനെ മൂന്നു് ഘട്ടവും കടന്നതിനുശേഷമേ പ്രചാരണത്തിനു്, മറ്റുള്ളവരെ പഠിപ്പിക്കാൻ പുറപ്പെടാവൂ. എന്നാൽ, ഇന്നത്തെ പരിഷ്കൃതവിദ്യാഭ്യാസത്തിൽ എന്താണു് കാണുന്നതു്? രണ്ടു് ഘട്ടം മാത്രം: ആദ്യത്തേതും ഒടുവിലത്തേതും. അധീതിയിൽനിന്നു് പ്രചാരണത്തിലേക്കൊരു എടുത്തുചാട്ടം! എന്തൊക്കെയോ വായിച്ചുകൂട്ടിക്കൊണ്ടു് നാം പ്രചാരണത്തിനു്—പ്രൊപ്പഗാൻഡയ്ക്കു്—പുറപ്പെടുന്നു. ബോധം തെളിയണമെന്ന വിചാരമേയില്ല. ആചരണത്തിന്റെ കഥ പറയാനുമില്ലല്ലൊ. എങ്ങനെയെങ്കിലും വിജ്ഞാനത്തിന്റെ ഭാണ്ഡം വീർപ്പിച്ചാൽ മതി; ഒന്നാം ക്ലാസ് പണ്ഡിതൻ ആകാം. ആ ഭാണ്ഡവും അതിന്റെ ഉടമസ്ഥനും തമ്മിൽ എന്തുമാത്രം ബന്ധമുണ്ടെന്നു് ഇന്നത്തെ ബഹളത്തിൽ ആരു് നോക്കാനാണു്.
(നിരീക്ഷണം 1948)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971