ഇംഗ്ലീഷിൽ ‘പെസ്സിമിസം’ (Pessimism) എന്നു പറയുന്നതിനു സമാനമായിട്ടാണു് ഈ പദം ഇവിടെ പ്രയോഗിച്ചിരിക്കുന്നതു്. ജീവിതത്തെ ദുഃഖാത്മകമായി ദർശിക്കുക അഥവാ ‘ജീവിതം കൊണ്ടു യാതൊരു ഗുണവും ഇല്ല ദോഷമോ ഉള്ളു’ എന്നു വിചാരിക്കുക—ഇതാണല്ലോ ഈ പദംകൊണ്ടു വിവക്ഷിക്കുന്ന ആശയം. ‘ജീവിതം ദുഃഖമയമാണോ എന്ന ചോദ്യത്തിനു ‘അതെ’ എന്നു് ഉത്തരം പറഞ്ഞിട്ടുള്ളവരാണു് തത്ത്വചിന്തകന്മാരിൽ പലരും. ഇതൊരു സിദ്ധാന്തമായി അനേകം തത്ത്വശാസ്ത്രഗ്രന്ഥങ്ങളിൽ സ്ഥാപിതമായിട്ടുമുണ്ടു്. നമ്മുടെ ജീവിതം ഒരു സങ്കടക്കടലാണെന്നു് ഉദ്ഘോഷിക്കുന്ന ഈ വിചിത്രസിദ്ധാന്തത്തിന്റെ ഉല്പത്തിയും വ്യാപ്തിയും ഒന്നു വിചാരണ ചെയ്തു നോക്കാം.
മറ്റു പലതിന്റെയും എന്ന പോലെ പ്രസ്തുത സിദ്ധാന്തത്തിന്റെയും ഉല്പത്തിസ്ഥാനം പൗരസ്ത്യദേശം വിശേഷിച്ചു ഭാരതം ആണെന്നു പറയാം. അവിടെനിന്നാണു് ഇതു പിന്നീടു പാശ്ചാത്യദേശങ്ങളിലേക്കു സംക്രമിച്ചിട്ടുള്ളതു്. ഇൻഡ്യയിലെ അതിപ്രാചീനമായ വേദാന്തമതത്തിൽ സർവവ്യാപിയായി കാണുന്നതു ദോഷാനുദർശനമാണു്. വേദാന്തികളുടെ ‘സംസാരം’ എന്ന പ്രസിദ്ധമയ സങ്കേതികപദം ദുഃഖത്തിന്റെ ഒരു കലവറയത്രെ. ഈ സംസാരസമുദ്രത്തിൽനിന്നും കരകേറി ആത്മസാക്ഷാത്കാരം സിദ്ധിക്കുക എന്നുള്ളതാണു് അവരുടെ മോക്ഷം. പുത്രമിത്രകളത്രാദിബന്ധം അവരുടെ ദൃഷ്ടിയിൽ സുഖജനകമല്ല ദുഃഖവർദ്ധകമാണു്. അതുകൊണ്ടു് ആവക ബന്ധങ്ങളെല്ലാം അറുത്തുമുറിക്കണമെന്നു് അവർ ഉപദേശിക്കുന്നു. ചുരുക്കത്തിൽ ജന്മംതന്നെ സങ്കടകരമാണെന്നത്രെ വേദാന്തികളുടെ വാദം. ‘ജന്മമൃത്യുജരാവ്യാധിദുഃഖദോഷാനുദർശനം’ എന്ന ഗീതാവാക്യം നോക്കുക! ഈ മാതിരി വിചാരധാരയിൽ ശരീരംപോലും അത്യന്തം നികൃഷ്ടമായി തള്ളപ്പെടുന്നു.
“ത്വങ്മാംസരുധിരസ്നായു-
മേദോമജ്ജാസ്ഥിസങ്കുലം
പൂർണം മൂത്രപുരീഷാഭ്യാം
സ്ഥൂലം നിന്ദ്യമിദം വപുഃ”
ഇത്യാദി വാക്യങ്ങൾ ഇക്കാണുന്ന ഭൗതികലോകത്തിലോ മനുഷ്യ ജീവിതത്തിലോ കാമ്യമായിട്ടു യാതൊന്നും ഇല്ലെന്നുള്ള ആശയത്തിന്റെ ഒരു പ്രതിധ്വനിയത്രെ. കാണാവുന്നതൊക്കെ ഇത്തരത്തിൽ കഷ്ടതയുടെ ഇരിപ്പിടമായിപ്പോയാൽ പിന്നെ മനുഷ്യനു് എന്താണൊരു രക്ഷ? അതിലേക്കുവേണ്ടി വേദാന്തികൾ കണ്ടുപിടിച്ച ഒന്നാണു് ആത്മാവു്. അതു നശിച്ചുപോകാത്തതും നിത്യാനന്ദം നിറഞ്ഞതുമാണെന്നു് അവർ സങ്കല്പിച്ചു. ആത്മസാക്ഷാത്കാരം എന്നും മറ്റും അവരുടെ ഭാഷയിൽ പറയുന്നതു വാസ്തവത്തിൽ ഈ ദോഷാനുദർശനത്തിൽനിന്നുമുള്ള ഒരു രക്ഷതേടൽ (Escape) അഥവാ അഭയപ്രാപ്തി മാത്രമാണു്.
അടുത്തതായി ഈ ജീവിതവീക്ഷണത്തിന്റെ സംക്രമണം കാണുന്നതു് ബുദ്ധമതത്തിലാകുന്നു. ബുദ്ധൻ പ്രസ്തുതാശയത്തിനു കൂടുതൽ വ്യാപ്തി നൽകി ജീവിതവിഷാദം വിളംബരം ചെയ്യുന്ന വാർദ്ധക്യം രോഗം മരണം മുതലായവയെപ്പറ്റി നേരിട്ടറിവാൻ ഇടയായ ദുഃഖാത്മകമാണെന്നു് അദ്ദേഹവും വിധിയെഴുതി. എന്നാൽ, രക്ഷാമാർഗ്ഗമായി ആത്മാവിനെയും ഈശ്വരനെയുംപറ്റി ചോദ്യംചെയ്ത ശിഷ്യന്മാരോടു തനിക്കൊന്നും അറിഞ്ഞുകൂടാ എന്നാണത്രെ അദ്ദേഹം ഉത്തരം പറഞ്ഞതു്. ഈവക അജ്ഞേയവിഷങ്ങളെപ്പറ്റി ആലോചിച്ചു തല പുണ്ണാക്കേണ്ട ആവശ്യമില്ലെന്നുകൂടി അദ്ദേഹം സൂചിപ്പിച്ചുപോൽ. ഏതായാലും അറിയാൻ പാടില്ലാത്തതിനെപ്പറ്റി അപ്രകാരം സമ്മതിച്ചു പറയുന്ന ബുദ്ധിപരമായ സത്യസന്ധത (Intellectual honesity) അത്യന്താ ആദരണീയമായ ഒരു വിശിഷ്ടഗുണമാണു്. ജീവിതദുഃഖത്തിനു കാരണങ്ങളായ കാമക്രോധാദി മാനസികദോഷങ്ങളെ പരിത്യജിച്ചു് ശാന്തിയടയുവാനാണു് ബുദ്ധൻ ഉപദേശിച്ചതു്. ബുദ്ധമതത്തിലെ ‘നിർവാണം’ ഒരുതരം ജീവിതത്യാഗമാണെന്നു പറയാം. ജീവിതമാകുന്ന അഗ്നിപർവ്വതം കത്തിയെരിഞ്ഞു ശാന്തമായാൽ മാത്രമേ അതിന്റെ ദുഃഖാവസ്ഥ അവസാനിക്കുകയുള്ളു എന്നതത്രെ ബുദ്ധോപദേശത്തിന്റെ സാരാംശം.
ഇപ്രകാരം വേദാന്തമതത്തിൽ അങ്കുരിച്ചു് ബുദ്ധമതത്തിൽ പല്ലവിതമായിത്തീർന്ന ഈ ആശയവല്ലരി പാശ്ചാത്യ ദേശങ്ങളിലേക്കു പടർന്നുപിടിച്ചപ്പോളാണു് കുസുമിതമായിത്തീർന്നതു്. ജർമനി ഇതിന്റെ ഒരു വിളനിലമായിത്തീർന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ തത്ത്വചിന്തകന്മാരിൽ പലരും ഈ വിഷാദവീക്ഷണത്തിലേക്കു് ആകൃഷ്ടരായി. ജർമ്മൻ തത്ത്വജ്ഞാനിയായ ഷോപ്പനർ (Schopenhaur) ആണു് ഇവരിൽ പ്രഥമഗണനിയൻ. മനുഷ്യനായി ജനിക്കുന്നതുതന്നെ മഹാബദ്ധം എന്നു വാദിച്ച ആളാണു് അദ്ദേഹം. സുഖമെന്നതു ദുഃഖത്തിന്റെ ഒരു അഭാവം (Negative) മാത്രമാണു്. ദുഃഖമാണു് ജീവിതത്തിലെ യാഥാർത്ഥ്യം. അതുകൊണ്ടു ജീവിതത്തിന്റെ ലക്ഷ്യം അതു നശിപ്പിക്കുക എന്നുള്ളതാകണം എന്നിങ്ങനെ പോകുന്നു ഈ താത്ത്വികന്റെ ചിന്താമാർഗ്ഗം. ജീവിതത്തിനു ഷോപ്പനർ കൊടുക്കുന്ന നിർവ്വചനം രസകരമത്രെ. ‘ശൂന്യതയുടെ പരമമായ ശാന്തിക്കു നേരിടുന്ന നിരുപയോഗമായ ഒരു ചലനം അഥവാ ഭഞ്ജനം’ (A useless disturbance of the exquisite tranquiliy of nothingness) മാത്രമായിട്ടേ അദ്ദേഹം ജീവിതത്തെ ഗണിക്കുന്നുള്ളു. ഇതനുസരിച്ചു മരണം ജീവിതത്തിലെ പരമലക്ഷ്യമായിത്തീർന്നതിൽ അത്ഭുതപ്പെടാനില്ല. പക്ഷേ, എന്തുകൊണ്ടെന്നറിഞ്ഞില്ല ഷോപ്പനർ ആത്മഹത്യയെ ഒരു രക്ഷാമാർഗ്ഗമായി കരുതാഞ്ഞതു്. ശാന്തിനികേതനമായി അദ്ദേഹം വിശ്വസിക്കുന്ന ശൂന്യതയിലേക്കു എളുപ്പത്തിൽ എത്താനുള്ള മാർഗം അതാണല്ലോ.
ഷോപ്പനറുടെ അനന്തരഗാമിയായ ഹാർട്ടുമാൻ (Hartuman)എന്ന ജർമൻതത്ത്വജ്ഞാനി ദോഷാനുദർശനത്തിൽ ഒരുപടികൂടി കടന്നയാളാണു്. എല്ലാവരും പ്രശംസിക്കുന്ന സ്നേഹം എന്ന ഗുണവിശേഷത്തെയാണു് സർവ്വദുഃഖങ്ങൾക്കും കാരണമായി ഹാർട്ടുമാൻ കാണുന്നതു്. അതുകൊണ്ടു സ്നേഹിക്കാതിരിക്കുക. അതിന്റെ ശല്യം വർദ്ധിപ്പിക്കുന്ന വിവാഹാദിബന്ധങ്ങളിൽനിന്നും വിട്ടുനിൽക്കുക എന്നു് അദ്ദേഹം ഉപദേശിക്കുന്നു. മനുഷ്യരിലുള്ള ഭോഗതൃഷ്ണയെ ശസ്ത്രക്രിയ ചെയ്തിട്ടെങ്കിലും നശിപ്പിക്കണമെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ ദുഃഖപരിഹാരമാർഗ്ഗങ്ങളെപ്പറ്റി വായിക്കുമ്പോൾ ഈ തത്ത്വജ്ഞാനിയുടെ തലതിരിഞ്ഞുപോയോ എന്നും വായനക്കാർക്കു തോന്നിയേക്കാം.
ഇഹലോകത്തിൽ സുഖം അസാദ്ധ്യം എന്നു് അനുഭവപ്പെട്ടതുകൊണ്ടാണു് മനുഷ്യർ പരലോകവും പുനർജന്മവും മറ്റും സങ്കല്പിച്ചു് അവിടെ സുഖം ലഭിക്കുമെന്നു് ആശ്വസിക്കുന്നതെന്നും വാസ്തവത്തിൽ അതു മനസ്സിന്റെ ഒരു ഭ്രമം മാത്രമാണെന്നും ഹാർട്ടുമാൻ വാദിക്കുന്നു. ആത്മാവിന്റെ അനശ്വരത്വവും ഇതുപോലെ മതിഭ്രമത്തിന്റെ ഒരു സന്തതിയായി ഗണിക്കപ്പെടുന്നു. സുഖം ലഭിക്കുമെന്ന അന്ധവിശ്വാസം ഉപേക്ഷിച്ചു ദുഃഖത്തിൽനിന്നും വിട്ടൊഴിയുവാനുള്ള മാർഗ്ഗം തേടുക—അതാണു നാം ചെയ്യേണ്ടതു്. ഏതാണു് ഈ മാർഗ്ഗം? മർത്ത്യവർഗത്തിന്റെ സർവസംഹാരം! (Complete annihilation of human race) അതിനുവേണ്ടി ആശിക്കുകയും പ്രയത്നിക്കുകയും ചെയ്യുക എന്നതത്രേ ഹാർട്ടുമാന്റെ തത്ത്വചിന്തയിലെ അവസാനതീരുമാനം.
ഇതേ വിചാരസരണിയിലൂടെ സഞ്ചരിച്ച മറ്റൊരു ജർമൻ പണ്ഡിതനാണു് മെയിലാൻഡർ (Mailaender). ‘കരഞ്ഞിടാനും കരയിച്ചിടാനും വേണ്ടിയുള്ളതാണു് മനുഷ്യജീവിതമെന്നുതന്നെ ഇദ്ദേഹവും അഭിപ്രായപ്പെടുന്നു. മരിക്കണം അല്ലെങ്കിൽ നശിക്കണം എന്നൊരു അഭിലാഷം മനുഷ്യരിൽ പ്രകൃത്യാ വിലീനമായിക്കിടക്കുന്നുണ്ടത്രെ. ജീവിതശക്തി നിത്യേന ക്ഷയിച്ചു നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണു്. ഇങ്ങനെയുള്ള വിനാശപ്രയാണത്തിൽ നമ്മുടെ സംഹാരാഭിലാഷം നിർവഹിക്കപ്പെടുന്ന ഒരു ഘട്ടം വന്നു ചേരും എന്നും മറ്റുമാണു് ഇദ്ദേഹത്തിന്റെ ചിന്താഗതി. ഇങ്ങനെ ചിന്തിക്കമാത്രമല്ല. അതനുസരിച്ചു് ഈ തത്ത്വജ്ഞാനി പ്രവർത്തിക്ക കൂടി ചെയ്തു. മുപ്പത്തഞ്ചാമത്തെ വയസ്സിൽ ആത്മഹത്യകൊണ്ടു് അദ്ദേഹം സ്വജീവിതം അവസാനിപ്പിച്ചു കളഞ്ഞു.
ഒരു തത്ത്വജ്ഞാനിയുടെ ജീവിതം മരണത്തെപ്പറ്റിയുള്ള ഒരു നിരന്തരധ്യാനം ആണു് (The life of a philosopher is a continual meditation upon death) എന്നു സോക്രട്ടീസ് പറഞ്ഞിട്ടുണ്ടു്. ഇതു ഏറെക്കുറെ ശരിയാണെന്നു തോന്നുന്നു. മരണത്തെപ്പറ്റിയുള്ള ബോധവും ഭീതിയും ആണു് ജീവിതചിന്തകന്മാരെ ഈമാതിരി വിഷാദവീക്ഷണത്തിനു പ്രേരിപ്പിക്കുന്നതു്. മരണം എന്നൊന്നു് ഇല്ലെങ്കിൽ തത്ത്വശാസ്ത്രം (Philosophy) തന്നെ ഉണ്ടാകുമോയെന്നൊരു പണ്ഡിതൻ സംശയിച്ചിട്ടുള്ളതും ഇവിടെ സ്മർത്തവ്യമത്രെ. തത്ത്വചിന്തയുടെ യഥാർത്ഥമായ പ്രചോദനം മരണമാണെന്നു് (Death is the real inspiring genius of philosophy) ഷോപ്പനർ പറയുന്നതും ഇതിലേക്കൊരു തെളിവാകുന്നു. എന്നാൽ മരണഭീതി മാത്രമല്ല, അജ്ഞാനം, രോഗം, ദാരിദ്ര്യം തുടങ്ങിയ ജീവിതപീഡകളെല്ലാം തന്നെ ദോഷാനുദർശനത്തിനു പ്രേരകങ്ങളായി പ്രവർത്തിക്കുന്നുണ്ടു്. ഇവയിൽ നിന്നൊക്കെ മനുഷ്യവർഗ്ഗത്തിനു മോചനംം ലഭിക്കാത്ത കാലത്തോളം ജീവിതം സുഖാത്മകമെന്നു വിശ്വസിക്കുവാൻ പ്രയാസമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971