images/Russian-beauty.jpg
Russian beauty in a landscape, a painting by Wassily Kandinsky (1866–1944).
റഷ്യൻസാഹിത്യം
കുറ്റിപ്പുഴ കൃഷ്ണപിള്ള

റഷ്യ എന്നു കേൾക്കുമ്പോൾത്തന്നെ ഒരു നവീനതയും ഒരു വൈചിത്ര്യവും നമ്മെ അഭിമുഖീകരിക്കുന്നു. ഒരു ഉണർവ്വും ഒരു ഉയർച്ചയും ആ ശബ്ദത്തിൽക്കൂടി പൊന്തിവരുന്നു. ഇതിനുള്ള കാരണമെന്തെന്നു് പരിവർത്തനോന്മുഖമായിരിക്കുന്ന ഇന്നത്തെ യുവലോകത്തോടു് വിവരിച്ചു പറയേണ്ട ആവശ്യമില്ല. മതപരമായും സാമുദായികമായും രാഷ്ട്രീയമായും ഉണ്ടാകുന്ന പ്രശ്നങ്ങൾക്കു് ഇന്നും നാം ഉത്തരം കണ്ടുപിടിക്കുന്നതു് റഷ്യയെ നോക്കിയിട്ടാണു്. അഥവാ ആ രാജ്യത്തുനിന്നാണു് അവയുടെ വിവിധ രൂപത്തിലുള്ള സമാധാനങ്ങൾ പുറപ്പെട്ടുകൊണ്ടിരിക്കുന്നതു്. റഷ്യ ഇന്നത്തെ ജനസമുദായത്തിന്റെ ഒരു വമ്പിച്ച പരീക്ഷണശാലയാകുന്നു. അതിനകത്തു വിസ്മയനീയങ്ങളായ വിവിധ പരീക്ഷണങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ബഹുമുഖങ്ങളായ ഈ മഹോദ്യമങ്ങൾക്കെല്ലാം പ്രേരകമായി ഉള്ളിൽക്കൂടി പ്രവർത്തിക്കുന്ന ഒരു ശക്തിവിശേഷം ഉണ്ടു്. അതിന്റ പ്രഭവസ്ഥാനമാകുന്നു അവിടത്തെ സാഹിത്യം.

ഒരു രാജ്യത്തിലെ ജനതതിയുടെ ജീവിതശക്തി ഏതെല്ലാംവിധത്തിൽ വികസിക്കുകയും വ്യാപിക്കുകയും ചെയ്യുന്നുവെന്നു കാണിക്കുന്നതു് അവിടത്തെ സാഹിത്യമാണു്. റഷ്യയുടെ ഹൃദയം തിളച്ചുമറിയുന്ന കാഴ്ച കാണണമെങ്കിൽ നാം അവിടത്തെ സാഹിത്യത്തിലേക്കു പ്രവേശിക്കണം. എന്താണു് റഷ്യൻസാഹിത്യത്തിനു് ഇത്ര വിശേഷം? മറ്റു പല വിഷയങ്ങളിലെന്നപോലെ റഷ്യയിൽ സാഹിത്യത്തിനും അദൃഷ്ടപൂർവ്വമായ ഒരു ജീവസ്ഫുരണവും വൈചിത്ര്യവും ഉണ്ടെന്നുള്ളതുതന്നെ. റഷ്യക്കാരുടെ അപ്രതിരോധ്യമായ സ്വതന്ത്രഗതി അവരുടെ ഗ്രന്ഥനിർമ്മാണത്തിലും പ്രകടമായി പ്രതിഫലിക്കുന്നു. സാഹിത്യലോകത്തിൽ സാമാന്യേന കണ്ടുവരുന്ന ഗതാനുഗതികത്വം അവിടത്തെ ഗ്രന്ഥകാരന്മാരെ ബാധിക്കുന്നില്ല. പൂർവ്വസൂരികൾ സഞ്ചരിച്ചിട്ടില്ലാത്ത മാർഗ്ഗങ്ങളിൽക്കൂടി അഭിനവാദർശങ്ങളെ ലക്ഷ്യമാക്കി മനുഷ്യജീവിതത്തെ വിമർശിച്ചു് അതിന്റെ അജ്ഞാതഭാഗങ്ങളെ അനാച്ഛാദനം ചെയ്യുവാനാണു് അവർ ഉദ്യമിക്കുന്നതു്. രാജ്യതന്ത്രത്തിലെന്നപോലെ സാഹിത്യത്തിലും പ്രാചീന നിയമബന്ധങ്ങൾ അവിടെ നവീനാശയസമ്മർദ്ദംകൊണ്ടു് ശിഥിലങ്ങളായി ഭവിക്കുന്നു. ശാസ്ത്രീയ നിബന്ധനകൾക്കു് അടിപെട്ടു് സാഹിത്യത്തിന്റെ സ്വൈരഗതിയെ തടയുവാനോ നിയന്ത്രിക്കുവാനോ അവർ ഇഷ്ടപ്പെടുന്നില്ല. അവരുടെ ഭൂതകാലസങ്കല്പങ്ങളിൽ മനുഷ്യന്റെ അതിദയനീയമായ അധഃപതിതാവസ്ഥയും, ഭാവികാലസങ്കല്പങ്ങളിൽ അവന്റെ ഉയർത്തപ്പെട്ട സുശോഭനരൂപവും അതിശയോക്തികൂടാതെ അതിചതുരമായി ചിത്രീകരിച്ചിരിക്കുന്നു. റഷ്യയിലെ സാഹിത്യകാരന്മാർ തങ്ങളുടെ ഭാവനാശക്തിയെ വ്യാപരിപ്പിക്കുന്നതു് ജീവിതസമുദ്രത്തിലെ ഉപരിതലതിരമാലകളെ സ്പർശിക്കുവാനല്ല. പിന്നെയോ, തദന്തർഭാഗത്തു ചുറ്റിക്കളിക്കുന്ന നിഗൂഢപ്രവാഹങ്ങളെപ്പറ്റി പ്രപഞ്ചനം ചെയ്യുവാനാകുന്നു. സാഹിത്യസരണിയിൽക്കൂടി ജനസഞ്ചയത്തെ വ്യാമോഹിപ്പിക്കുന്ന വിദ്യ, അവർ പരിശീലിച്ചിട്ടില്ല. അന്തഃകരണത്തിന്റെ പ്രചോദനയേയും പ്രത്യക്ഷാനുഭവങ്ങളേയും ആണു് റഷ്യൻ ഗ്രന്ഥകാരന്മാർ സർവ്വോപരി അനുസന്ധാനം ചെയ്യുന്നതു്.

റഷ്യൻസാഹിത്യത്തിനു് ഇത്രത്തോളം പ്രചാരവും പ്രസിദ്ധിയും സിദ്ധിച്ചതു് അല്പകാലംകൊണ്ടു മാത്രമാകുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടംവരെ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം റഷ്യയ്ക്കു യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. ഒരു ഭൂഖണ്ഡം മുഴുവൻ പട്ടാളപരിശീലനത്തിനേർപ്പെടുത്തി വെറും മൗനികളായി ജീവിക്കുന്ന റഷ്യക്കാർ-സാഹിത്യസംബന്ധിയായി യാതൊന്നും സൃഷ്ടിക്കാത്തവർ എന്നു കാർളൈൽ ഒരിക്കൽ ഈ രാജ്യവാസികളെപ്പറ്റി പറഞ്ഞിട്ടുണ്ടു്. അത്രത്തോളം ശോചനീയമായിരുന്നു അവരുടെ അന്നത്തെ സ്ഥിതി. എന്നാൽ അനന്തരകാലത്തു് അവരുടെ സാഹിത്യവ്യാപാരത്തിനുണ്ടായ അഭിവൃദ്ധി അത്ഭുതാവഹമായിരുന്നു. അതിന്റെ അസാധാരണമായ വശീകരണശക്തി ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെ പെട്ടെന്നു് ആകർഷിച്ചു. ഇപ്പോൾ യൂറോപ്പിലെ പ്രധാന സാഹിത്യങ്ങളെല്ലാം റഷ്യൻ ഗ്രന്ഥങ്ങളുടെ തർജ്ജമകൾകൊണ്ടു പ്രത്യേകം പരിപുഷ്ടങ്ങളായിത്തീർന്നിരിക്കുന്നു. ഇവയിൽ കഥാപുസ്തകങ്ങൾക്കു കൂടുതൽ പ്രചാരവും പ്രാമാണ്യവും കാണുന്നതിനാൽ അവയെ പ്രധാനമായി പരാമർശിക്കുവാനാണു് ഈ ലേഖനംകൊണ്ടു് ഉദ്ദേശിക്കുന്നതു്.

നോവലുകളും ചെറുകഥകളും എഴുതുന്നതിലാകുന്നു റഷ്യക്കാർ ലോകപ്രസിദ്ധന്മാരായിത്തീർന്നതു്. വിശ്വസാഹിത്യത്തിലെ അനർഘസമ്പത്തുകളായി എണ്ണപ്പെടുന്ന അനേകം നോവലുകൾ ഇപ്പോൾ അവരുടെ വകയായിട്ടുണ്ടു്. ടോൾസ്റ്റോയി സാഹിത്യകാരന്മാരിൽ പ്രഥമഗണനീയനാണല്ലോ. അദ്ദേഹത്തിന്റെ അത്യുന്നതമായ യശഃസ്തംഭം പ്രതിഷ്ഠാപിതമായിരിക്കുന്നതും പ്രധാനമായി കഥാമസ്തകങ്ങൾവഴിയായിട്ടാണു്. ഈ അടുത്തകാലത്തു് ഇംഗ്ലണ്ടിലെ ചില പണ്ഡിതന്മാർ കൂടിച്ചേർന്നു് ഏറ്റവും നല്ല പന്ത്രണ്ടു നോവലുകൾ തെരഞ്ഞെടുത്തതിൽ മിക്കവാറും റഷ്യൻ കഥാസാഹിത്യത്തിൽപെട്ടവയായിരുന്നു. അന്യദേശീയരെ റഷ്യൻകൃതികൾ എത്രമാത്രം ആകർഷിക്കുന്നുണ്ടെന്നുള്ളതിനു് ഇതൊരു ഉദാഹരണമത്രേ. റഷ്യക്കാരുടെ നോവൽ നിർമ്മാണരീതിയും ഇപ്പോൾ മറ്റുള്ളവർ അനുകരിച്ചുതുടങ്ങിയിട്ടുണ്ടു്. ഇംഗ്ലീഷ് സാഹിത്യത്തിലും ഫ്രഞ്ച് സാഹിത്യത്തിലും കഥാകഥനരീതിക്കു് ഈ അനുകരണംമൂലം വലിയ പരിവർത്തനം നേരിട്ടിരിക്കുന്നു. ഈ രണ്ടു രാജ്യങ്ങളിലും റഷ്യൻസമ്പ്രദായത്തിൽ എഴുതപ്പെടുന്ന നോവലുകളിലാണു് വായനക്കാർക്കു കൂടുതൽ അഭിരുചിയുള്ളതായി കാണുന്നതു്.

റഷ്യക്കാർ പ്രത്യേകവിജയം നേടിയിരിക്കുന്നതു ഭാവപ്രധാനങ്ങളായ നോവലുകൾ (Psychological Novels) എഴുതുന്നതിലാകുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടം ഈ വകുപ്പിൽപ്പെട്ട പുസ്തകങ്ങളുടെ അവതാരകാലമാണു്. മനഃശാസ്ത്ര സംബന്ധമായ സൂക്ഷ്മരഹസ്യങ്ങളെ പ്രകാശനം ചെയ്യുന്നതിലും മനോഭാവങ്ങളുടെ വൈവിധ്യവിലാസത്തെ വിലേഖനം ചെയ്യുന്നതിലും അവർക്കുള്ള വൈദഗ്ദ്ധ്യം അനന്യസാധാരണമത്രേ. ഒരു പുതിയ മനഃസാമ്രാജ്യമാണു് ഇത്തരം പുസ്തകങ്ങളിൽക്കൂടി വായനക്കാർക്കു പ്രത്യക്ഷപ്പെടുന്നതു്. പരിതഃസ്ഥിതികളുമായുള്ള സംഘട്ടനത്തിൽ അവിടെ നടക്കുന്ന ബഹുവിധ പ്രക്ഷോഭണങ്ങൾ നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു. നോവൽ നിർമ്മാണത്തിൽ റഷ്യക്കാർ സ്വന്തമായ ഒരു രീതിയും സ്വഭാവവും നടപ്പിൽവരുത്തിയിട്ടുണ്ടെന്നു മുമ്പു സൂചിപ്പിച്ചുവല്ലോ. ഇക്കാര്യത്തിൽ അവർ അന്യ സാഹിത്യങ്ങൾക്കു് ഒട്ടുംതന്നെ കടപ്പെട്ടിട്ടില്ലെന്നുവേണം പറവാൻ. ഇംഗ്ലീഷുകാർക്കും ഫ്രഞ്ചുകാർക്കും ഇല്ലാത്തതായ ചില പ്രത്യേക ഗുണങ്ങൾ ഏതദ്വിഷയത്തിൽ റഷ്യക്കാർ പ്രദർശിപ്പിച്ചിട്ടുണ്ടെന്നു വിൻസ്റ്റൻലി (Winstanley) എന്ന ഇംഗ്ലീഷ് പ്രൊഫസ്സർ അഭിപ്രായപ്പെടുന്നു. ഈ ഗുണങ്ങളാണത്രേ റഷ്യൻനോവലുകളുടെ പ്രശസ്തിക്കു പ്രത്യേകം സഹായിച്ചിട്ടുള്ളതു്. റഷ്യക്കാർക്കു സ്വതസ്സിദ്ധമായിട്ടുള്ള നിഷ്കപടതയും എന്തും തുറന്നുപറയുന്ന സ്വഭാവവും ഇവയിൽ പ്രാമുഖ്യത്തെ അർഹിക്കുന്നു. അവരുടെ ഭാവപ്രധാനങ്ങളായ നോവലുകൾക്കു് ഒരു പ്രത്യേക ചൈതന്യവും ചമൽക്കാരവും കൊടുത്തിട്ടുള്ളതു് ഈ രണ്ടു ഗുണങ്ങളാണു്. ഇംഗ്ലണ്ടും ഫ്രാൻസും പലതരം സാമുദായിക നിലഭേദങ്ങളും സങ്കീർണ്ണപരിഷ്ക്കാരങ്ങളും (Complex Civilisations) ഉച്ചാവചങ്ങളായ മാമൂലുകളും ചടങ്ങുകളും ഉള്ള രാജ്യങ്ങളാകുന്നു. അവിടത്തെ ഗ്രന്ഥകാരന്മാർ മേല്പറഞ്ഞ സംഗതികൾക്കു പ്രകൃത്യാ വിധേയരായിരിക്കുന്നതിനാൽ അവരുടെ ഏതുതരം മനോഭാവത്തിനും അവയെക്കൊണ്ടു് ഒരു നിറപ്പകർച്ച ഉണ്ടായിപ്പോകുന്നു. തന്മൂലം സാഹിത്യസഞ്ചാരത്തിൽ മാമൂൽ സമ്പ്രദായങ്ങൾക്കു തീരെ വിപരീതമായ ഒരു സ്വതന്ത്രമാർഗ്ഗം സ്വീകരിക്കുവാൻ അവർക്കു സാധിക്കുന്നില്ല. ചുരുക്കത്തിൽ സാഹിത്യകാരന്മാരുടെ ഭാവനാശക്തിയെ അനിയന്ത്രിതമായി അഴിച്ചുവിടുന്നതിനു് അവിടെ പല കാര്യങ്ങളും പ്രതിബന്ധങ്ങളായിട്ടുണ്ടു്. പ്രാചീനപ്രസ്ഥാനങ്ങളുടെ മൂലച്ഛേദികളായിട്ടുള്ള പരിവർത്തനങ്ങൾ സാഹിത്യമണ്ഡലത്തിലായാൽത്തന്നെയും ഈദൃശ രാജ്യങ്ങളിൽ മന്ദഗതിയിലേ നടക്കുകയുള്ളു. ആത്മാർത്ഥത എന്നതു ഗ്രന്ഥനിർമ്മാണത്തിൽ സർവ്വപ്രധാനമായി ആദരിക്കേണ്ട ഒരു ഗുണമാകുന്നു. ഈ സൽസ്വഭാവം വേണ്ടിടത്തോളം പ്രകാശിപ്പിക്കുന്നതിനു് ഇംഗ്ലീഷുകാർക്കു സാധിക്കുന്നില്ലെന്നു് ഇംഗ്ലീഷുകാരനായ ആ പ്രൊഫസ്സർതന്നെ സമ്മതിക്കുന്നു. ജീർണ്ണങ്ങളായ ചില സാന്മാർഗ്ഗിക വ്യവസ്ഥകളേയും ‘നാട്ടുനടപ്പു’കളേയും ആദരിക്കുവാൻവേണ്ടി പലതും ഒളിച്ചുവച്ചു കൃത്രിമരീതിയിൽ ഗ്രന്ഥനിർമ്മാണത്തിനേർപ്പെടുന്ന സമ്പ്രദായമാണു് ഇവരിൽ സാമാന്യേന കണ്ടുവരുന്നതു്. പ്രത്യുത, റഷ്യൻനോവലുകളുടെ ജീവൻതന്നെ അവയുടെ അടിയിൽ കിടക്കുന്ന ആത്മാർത്ഥതയാകുന്നു. ടോൾസ്റ്റോയി, ഡോസ്റ്റോയ്വ്സ്കി (Dostoievsky) തുടങ്ങിയ ഗ്രന്ഥകാരപ്രമുഖന്മാർ അവരുടെ പരിശുദ്ധമായ സാഹിത്യക്ഷേത്രത്തിൽ യാതൊരു ഒളിച്ചുകളിയും നടത്തുന്നില്ല. സത്യപ്രകാശത്തിന്റെ സൗന്ദര്യധോരണിയാണു് അവരുടെ ഗ്രന്ഥതല്ലജങ്ങളിൽ കളിയാടുന്നതു്. അവരുടെ കഥാലോകം യാതൊരുവിധമായ ആവരണവുംകൂടാതെ ആദരണീയമായ പരമാർത്ഥതയിൽ പ്രശോഭിക്കുന്നു. ജീവിതരംഗത്തിന്റെ ചില ഭാഗങ്ങൾ തിരശ്ശീലയ്ക്കുള്ളിലാക്കുന്ന സമ്പ്രദായത്തെ ടോൾസ്റ്റോയി യുക്തിപൂർവ്വം ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ടു്. എന്താവശ്യത്തിനായാലും വ്യവധാനം ഒരുവിധത്തിലും സ്വീകാര്യമല്ലെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു നോവൽ എന്നു പറയുന്നതു മനുഷ്യജീവിതത്തിന്റെ ഭാവശബളമായ ഒരു പ്രതിഫലനമാകുന്നു. മതസമുദായവ്യവസ്ഥകൾ, സാന്മാർഗ്ഗനിയമങ്ങൾ മുതലായവയുടെ പേരിൽ ഈ പ്രതിഫലനത്തെ വക്രഗതിയിലാക്കുകയോ അതിന്മേൽ കൃത്രിമച്ചായം തേയ്ക്കുകയോ ചെയ്യുന്നതു സാഹിത്യരസത്തിനു ഹാനികരമാകുന്നു. ഈ തത്വമാണു് റഷ്യയിലെ കഥാകൃത്തുകൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതു്.

റഷ്യൻനോവലുകൾക്കുള്ള മറ്റൊരു പ്രത്യേകത അവയിൽ ആദ്യന്തം അത്യുൽബണമായി പ്രസ്ഫുരണംചെയ്യുന്ന ദീനാനുകമ്പയാകുന്നു. വിപ്ലവദശകളിൽ റഷ്യയെപ്പോലെ നാരകീയ ദുഃഖം അനുഭവിച്ചിട്ടുള്ള മറ്റൊരു രാജ്യമുണ്ടെന്നു തോന്നുന്നില്ല. കഷ്ടപ്പാടുകൾ ഏതെല്ലാം വിധത്തിൽ എത്രത്തോളം മനുഷ്യനെ മർദ്ദിക്കുമെന്നു് ആ രാജ്യം അനുഭവിച്ചറിഞ്ഞു. തൽഫലമായി അവിടത്തെ സഹൃദയ ഹൃദയങ്ങളിൽനിന്നും നിർഗ്ഗളിക്കുന്ന സഹതാപ പീയൂഷമാണു് തത്സാഹിത്യോദ്യാനത്തെ സേചനം ചെയ്യുന്നതു്. റഷ്യൻ നോവൽകാരന്മാർ സങ്കടക്കടലിന്റെ അടിത്തട്ടുവരെ പരിശോധിച്ചു് ഓരോ ഘട്ടത്തിലും മനുഷ്യപ്രകൃതിക്കുണ്ടാകുന്ന മാറ്റങ്ങൾ കണ്ടറിഞ്ഞു് അതിൽനിന്നും അനുകമ്പയുടെ സൗന്ദര്യവും മാഹാത്മ്യവും മനസ്സിലാക്കിയിട്ടുള്ളവരാകുന്നു.

‘ബോൾഷേവിസം’ എന്നു കേൾക്കുമ്പോൾത്തന്നെ അന്ധമായി ഭയപ്പെട്ടു് അതിന്റെ വ്യാപ്തിയെ തടയുവാൻ ഇന്നത്തെ സാമ്രാജ്യദുർമ്മോഹികൾ യത്നം ചെയ്യുന്നുണ്ടല്ലോ. എന്നാൽ അതിന്റെ ചൈതന്യത്തെ നാലുപാടും പ്രസരിപ്പിച്ചുകൊണ്ടു റഷ്യയിൽനിന്നും പുറപ്പെടുന്ന സാഹിത്യപ്രവാഹത്തെ പ്രതിബന്ധിക്കുവാൻ ആർക്കും തന്നെ സാധിക്കുന്നതല്ല. പുതിയ പുതിയ വിചാരവീചികളും വികാരനുരകളും അതിൽക്കൂടെ തിങ്ങിപ്പൊങ്ങുന്നതു കാണുമ്പോൾ ജനസഞ്ചയം അറിയാതെതന്നെ അങ്ങോട്ടു് ആകൃഷ്ടരാകുന്നു.

കമനീയമായ ഈ കഥാസാഹിത്യത്തിൽ പൊതുവെ കാണുന്ന വൈശിഷ്ട്യത്തെപ്പറ്റി ഇവിടെ സംക്ഷിപ്തമായി പറഞ്ഞുകഴിഞ്ഞു. ഇനി പ്രധാനപ്പെട്ട ഗ്രന്ഥകാരന്മാരേയും അവരുടെ കൃതികളേയുംപറ്റി വിചാരണചെയ്യാം.

images/Gogol.jpg
ഗോഗോൾ

റഷ്യയിലെ സാഹിത്യകാരന്മാരിൽ ‘കനിഷ്ഠികാധിഷ്ഠിത’നെന്നു സഹൃദയ ലോകം സമ്മതിച്ചിട്ടുള്ള പണ്ഡിതാഗ്രേസരനാണു് കൗണ്ട് ലിയോ ടോൾസ്റ്റോയി (Count Leo Tolstoy). അദ്ദേഹംതന്നെയാണു് നോവൽനിർമ്മാണത്തിലും അദ്വിതീയനായി ഗണിക്കപ്പെട്ടിരിക്കുന്നതു്. എന്നാൽ ടോൾസ്റ്റോയിയുടെ സമകാലികന്മാരായിരുന്ന ഡോസ്റ്റോയ്വ്സ്ക്കി (Dostoevsky), ടർജിനീവ് (Turgenev) എന്ന രണ്ടു സാഹിത്യകേസരികളെക്കൂടി നമുക്കു മനസ്സിലാക്കേണ്ടതുണ്ടു്. ഈ മൂന്നു ഗ്രന്ഥകാരന്മാരും റഷ്യൻസാഹിത്യസൗധത്തിന്റെ മൂലസ്തംഭങ്ങളായി പ്രശോഭിക്കുന്നവരാകുന്നു. ഇവരുടെ കൃതികൾ അവിടത്തെ സാഹിത്യത്തിന്റെ വൈശിഷ്ട്യത്തെ സാമാന്യമായി വെളിപ്പെടുത്തുന്നതിനു പര്യാപ്തങ്ങളാണു്. ഈ കൃതികളുടെ പ്രശസ്തിയും പ്രചാരവുമാണു് റഷ്യയ്ക്കു വിശ്വസാഹിത്യമണ്ഡലത്തിൽ അനശ്വരമായ ഒരു സ്ഥാനം സമ്പാദിച്ചുകൊടുത്തിട്ടുള്ളതു്. ഡാസ്റ്റോയ്വ്സ്കിയുടെ നാമധേയം മലയാളത്തിൽ അത്ര പ്രസിദ്ധമായിട്ടില്ലെങ്കിലും അദ്ദേഹം ടോൾസ്റ്റോയിയെപ്പോലെതന്നെ വിശ്വവിശ്രുതനാകുന്നു. എന്നുമാത്രമല്ല, ചില സംഗതികളിൽ ആ സാഹിത്യചക്രവർത്തിയെക്കൂടി നിഷ്പ്രഭനാക്കിത്തീർക്കത്തക്ക കലാവൈദഗ്ദ്ധ്യമാണു് അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ടോൾസ്റ്റോയിയുടെ പൂർവ്വഗാമികളിൽ പ്രധാനനായ ഗോഗോൾ (Gogol) എന്ന ഗ്രന്ഥകാരനും ഇക്കൂട്ടത്തിൽ ഗണനീയനാണു്.

ടോൾസ്റ്റോയി
images/tolstoy-new.jpg
ടോൾസ്റ്റോയി

റഷ്യൻ സാഹിത്യകാരന്മാരിൽ ടോൾസ്റ്റോയിയുടെ പേർ മാത്രമേ മലയാളഭാഷാസാഹിത്യത്തിൽ സുപരിചിതമായിത്തീർന്നിട്ടുള്ളു. അദ്ദേഹത്തിന്റെ ഏതാനും ചെറുകഥകൾ മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുള്ളതായി അറിയുന്നു. എന്നാൽ ആ മഹാശയന്റെ അത്യുൽക്കൃഷ്ടങ്ങളായ നോവലുകളിൽ ഒന്നുംതന്നെ നമ്മുടെ ഭാഷയിൽ വിവർത്തിതമായിട്ടില്ല. ‘വാർ ആൻഡ് പീസ് ’ (War and Peace), ‘അന്ന കരിനീന’ (Anna Karenina), ‘റിസറക്ഷൻ’ (Resurrection) എന്ന മൂന്നു നോവലുകളാണു് [1] ടോൾസ്റ്റോയിയുടെ സാഹിത്യഭണ്ഡാഗാരത്തിലെ ഏറ്റവും വിലപിടിച്ച ഗ്രന്ഥരത്നങ്ങൾ. ഇവ കൂടാതെ രസനിഷ്യന്ദികളായ നിരവധി ചെറുകഥകളും ഏതാനും നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടു്. ഈ കൃതികളിലെല്ലാം സാമാന്യമായി കാണുന്നതു് മനുഷ്യജീവിതത്തിന്റെ വിവിധ രംഗങ്ങളുടെ വിശദീകരണവും അവയുടെ രസാത്മകമായ വിമർശവും തത്വചിന്തയും ആകുന്നു. അന്ത്യകാലംവരെ അവഗാഢമായ ജീവിതചിന്തയിൽ നിമഗ്നനായിരുന്ന ഒരു തത്വജ്ഞാനിയായിരുന്നു ടോൾസ്റ്റോയി. ജീവിതോദ്ദേശ്യം, മരണം, അനന്തരാവസ്ഥ മുതലായവ വിഷയങ്ങളെപ്പറ്റി ആലോചിച്ചു് തൃപ്തികരമായ യാതൊരു സമാധാനവും കിട്ടാതെ അദ്ദേഹം പലപ്പോഴും വ്യാകുലചിത്തനായിപ്പോയിട്ടുണ്ടു്. എങ്ങനെ ജീവിക്കണം, എന്തിനു ജീവിക്കണം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ധിഷണാബലത്തെ പരീക്ഷിക്കുകയും താദൃശ പ്രശ്നങ്ങൾക്കു് കാരണഭൂതങ്ങളായ സ്വാനുഭവങ്ങൾ ഹൃദയതലത്തിൽ അടിച്ചുകൊണ്ടിരിക്കുകയും ചെയ്തതിന്റെ ഫലമായിട്ടു പുറപ്പെട്ടവയാണു് ഈ കഥാഗ്രന്ഥങ്ങൾ. ടോൾസ്റ്റോയിയെപ്പോലെ ജീവിതത്തെപ്പറ്റി ചിന്തിച്ചിട്ടുള്ള താത്വികന്മാർ വേറെ പലരുമുണ്ടായിരിക്കാം. എന്നാൽ ഈ ചിന്താഫലങ്ങളെ സ്വാനുഭവങ്ങളുമായി തുലനംചെയ്തുനോക്കി അവയെ കഥാപാത്രങ്ങൾമുഖേന തന്മയത്വത്തോടുകൂടി ചിത്രണംചെയ്യുന്നതിനു് അദ്ദേഹത്തെപ്പോലെ അധികംപേർക്കു സാധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഈ സംഗതിയിലാണു് ടോൾസ്റ്റോയിയുടെ കലാകുശലത പ്രത്യേകമായി പരിലസിക്കുന്നതു്. അദ്ദേഹം സൃഷ്ടിച്ചിരിക്കുന്ന കഥാലോകം വാസ്തവലോകത്തിന്റെ ഒരു പ്രതിച്ഛായ മാത്രമല്ല, അതിന്റെ ഭാവപ്രകാശകമായ ഒരു ഭാഷ്യംകൂടിയാകുന്നു. അവിടെ പ്രത്യക്ഷപ്പെടുന്ന ഓരോ പാത്രവും അവിടെ നടക്കുന്ന ഓരോ സംഭവവും രസപ്രസരംകൊണ്ടു് അനുവാചകഹൃദയത്തെ വികസിപ്പിക്കുന്നതിനും പുറമേ അതിൽ വിചാര്യമാണരമണീയമായ ഓരോ ജീവിതചിത്രത്തെ സ്ഫുടീകരിക്കുകയുംകൂടി ചെയ്യുന്നുണ്ടു്. അത്യന്തഭിന്നങ്ങളും അതിവികടങ്ങളുമായ അനവധി ജീവിതഘട്ടങ്ങളെ തരണം ചെയ്തിട്ടുള്ള ഒരാളാണു് ഗ്രന്ഥകാരൻ. വിഭ്രമജനകങ്ങളായ അനേകം അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ പ്രവർത്തിക്കുവാനിടയായി. തൽഫലമായി തള്ളിപ്പൊങ്ങിയ വിചാരവികാരങ്ങളെ മനോഹരങ്ങളായ കഥാഗാത്രങ്ങളിൽ ആവാഹിച്ചു് അദ്ദേഹം അവയെ സജീവങ്ങളാക്കിത്തീർത്തു.

കുറിപ്പുകൾ

[1] ഇവ മൂന്നും അടുത്തകാലത്തു മലയാളത്തിലേക്കു് വിവർത്തനം ചെയ്തിട്ടുണ്ടു്.

ഒരു നോവലെഴുതുവാൻവേണ്ടി അദ്ദേഹം സാഹിത്യവ്യാപാരത്തിൽ ഏർപ്പെട്ടതല്ല. ജീവിതനാടകരംഗങ്ങളെപ്പറ്റി വിചാരണ ചെയ്തപ്പോൾ അതു നോവലായി പരിണമിച്ചുവെന്നേ ഉള്ളു. ടോൾസ്റ്റോയിയുടെ കഥകൾ അനുഭവത്തെ സാക്ഷിയാക്കി നിർത്തി അന്തഃകരണപ്രേരണയാൽ എഴുതപ്പെട്ടവയത്രേ. തന്മൂലം അകൃത്രിമരമണീയമായ ഒരു ആത്മാർത്ഥത അവയിൽ കളിയാടുന്നുണ്ടു്. എന്നുതന്നെയല്ലാ നിഷ്കപടങ്ങളായ ഭാവങ്ങളുടെ വിജൃംഭണംകൊണ്ടു് അവ സവിശേഷ ഹൃദയംഗമങ്ങളുമായിരിക്കുന്നു.

ടോൾസ്റ്റോയിയുടെ ജീവിതംതന്നെ ഒരു നോവലാകുന്നു. അദ്ദേഹത്തിന്റെ കൃതികളെപ്പറ്റി പഠിക്കുന്നതിനു് ഈ ജീവിതമാകുന്ന നോവൽകൂടി വായിച്ചുനോക്കേണ്ടതാവശ്യമാണു് ‘അനുഭവമാകുന്നു ഏറ്റവും നല്ല അധ്യാപകൻ’ (Experience is the best teacher) എന്നു് ഒരു അഭിജ്ഞവചനം ഉണ്ടു്. അതു് ഈ ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശരിയാണു്. അദ്ദേഹത്തെ മഹത്തായ ഒരു കഥാലോകത്തിന്റെ ബ്രഹ്മാവാക്കിത്തീർത്തതു് ഈ അദ്ധ്യാപകനത്രേ. മഹാത്മാഗാന്ധി ക്കുകൂടി അനുകരണീയനെന്ന നിലയിൽ റഷ്യയിലെ ഒരു കർഷകമഹർഷിയായിട്ടാണു് ഇന്നു് അദ്ദേഹത്തെ ലോകം ആരാധിക്കുന്നതു്. എന്നാൽ ഈ മഹർഷിയുടെ ജീവിതത്തിലെ പ്രഭാതകാലം അത്ര പ്രകാശമാനമായിരുന്നില്ല. ഒരു സാധാരണമനുഷ്യന്റെ നിലയിൽനിന്നുകൂടി അദ്ദേഹം പരിതാപകരമായവിധം അധഃപതിച്ചുപോയിട്ടുണ്ടു്. ഇത്രയും വിശിഷ്ടനായ ഒരു മഹാശയൻ നിഷിദ്ധകർമ്മാസക്തനായി ജുഗുപ്സാവഹമായ ജീവിതം നയിക്കുന്ന കാഴ്ച ആർക്കുതന്നെ അത്ഭുതകരമായിരിക്കയില്ല. ‘മൈ കൺഫഷൻ’ (My Confession) എന്ന ഗ്രന്ഥത്തിൽ ടോൾസ്റ്റോയി ആ ഇരുളടഞ്ഞകാലത്തെ അനുഭവങ്ങൾ കോപതാപാവേശത്തോടുകൂടി വിവരിച്ചിരിക്കുന്നു. ഗാന്ധിജിയുടെ സത്യാന്വേഷണ തൽപരതയോടുകൂടിത്തന്നെ ഈ ഗ്രന്ഥകാരനും സത്യദേവതയുടെ സന്നിധിയിൽ സകലതും ഏറ്റുപറയുന്നതു കേൾക്കുക:

‘ഹൃദയഭേദകമായ ഭീതിയോടും അവജ്ഞയോടുംകൂടിയല്ലാതെ അക്കാലത്തെപ്പറ്റി സ്മരിക്കുന്നതിനു് എനിക്കു സാധിക്കുകയില്ല. ഞാൻ യുദ്ധത്തിലേർപ്പെട്ടു് ആളുകളെ കൊന്നിട്ടുണ്ടു്. പലപ്പോഴും ദ്വന്ദ്വയുദ്ധം ചെയ്തു് എതിരാളികളെ ഹിംസിച്ചിട്ടുണ്ടു്. പാവപ്പെട്ട കൃഷിക്കാരുടെ പണം അപഹരിച്ചെടുത്തു് മുഴുവൻ പാശികളിച്ചു നശിപ്പിക്കുകയും അവരെ അകാരണമായി മർദ്ദിക്കുകയും ചെയ്തിട്ടുണ്ടു്. ഞാൻ വേശ്യകളുമായി കൂത്താടുകയും കലഹിക്കുകയും ചെയ്തിട്ടുണ്ടു്. അസത്യവാദം, മോഷണം, വ്യഭിചാരം, മദ്യപാനം, അക്രമം, കൊലപാതകം ഇതെല്ലാം ഞാൻ ചെയ്തിരിക്കുന്നു. ഇനി ഞാൻ ചെയ്യാത്തതായി ഒരു പാപകർമ്മവും ഇല്ല. എന്നിട്ടും അന്നു് എന്റെ കൂട്ടുകാർ എന്നെ ഒരു സന്മാർഗ്ഗചാരിയായി ഗണിച്ചിരുന്നു!’

മനുഷ്യമഹത്വത്തിന്റെ പിറകിൽ കാണുന്ന ഈ അന്ധകാരംതന്നെയാണു് കഥാ ലോകത്തിലും വ്യാപിച്ചിരിക്കുന്നതു്. ഗാന്ധിജി സിഗരറ്റു വലിക്കാൻവേണ്ടി മോഷണം നടത്തിയതും വികാരതരളിതനായി വേശ്യാവേശ്മത്തിൽ കടന്നുചെന്നതും മറ്റും ഈ അവസരത്തിൽ നാം ഓർക്കാതിരിക്കുകയില്ല. മഹാത്മാക്കളുടെ ശ്രേഷ്ഠജീവിതത്തിന്റെ ഇത്തരം മറുവശങ്ങൾ സാഹിത്യകൃതികളിൽ പ്രതിബിംബിക്കുമ്പോൾ അവ വായനക്കാർക്കു് ഉദ്ബോധനവും ഉജ്ജീവനവും നല്കുന്നതിനു ശക്തങ്ങളായിത്തീരുന്നു.

ടോൾസ്റ്റോയിയുടെ ഹൃദയം തുലോം മൃദുലവും അതിതരളവുമായിരുന്നു. അതു് മനഃസാക്ഷിയുടെ മർദ്ദനമേറ്റു് തപ്തമായപ്പോൾ കഥാപ്രവാഹമായി ബഹിർഗ്ഗമിച്ചു. ഭാവഭരിതമായ ഹൃദയവും ചിന്താക്ലാന്തമായ ബുദ്ധിയും ഏകോപിച്ചു് ആ നോവലുകളിൽ പ്രവർത്തിക്കുന്നതു നമുക്കു കാണാം.

ടോൾസ്റ്റോയി ആദ്യകാലത്തു് സൈന്യവകുപ്പിൽ ചേർന്നിരുന്നു. പല യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടിട്ടുണ്ടു്. 1857-ൽ സെബാസ്റ്റപോൾ (Sebastopol) എന്ന സ്ഥലത്തുവെച്ചാണു് അദ്ദേഹത്തിന്റെ മനോഗതിക്കു ഗണ്യമായ മാറ്റം സംഭവിച്ചതു്. യുദ്ധം എത്രമാത്രം മൃഗീയവും ദയനീയവുമാണെന്നു് അന്നു് അദ്ദേഹത്തിനു തികച്ചും അനുഭവപ്പെട്ടു. ഇരുപതിനായിരത്തിൽപ്പരം ഭടന്മാർ വെടിയേറ്റു മറിഞ്ഞുവീഴുന്നതു് ടോൾസ്റ്റോയി കണ്ടു. ‘ക്ലോറോഫോം’ കൂടാതെയുള്ള ശസ്ത്രക്രിയകൊണ്ടു് അസംഖ്യം പേർ മരണവേദനയനുഭവിക്കുന്നതും അദ്ദേഹത്തിനു കാണാനിടയായി. ഇതിനുശേഷമാണു് ‘സെബാസ്റ്റപോളിൽനിന്നുള്ള കഥകൾ’ (Tales from Sebastopol) എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധപ്പെടുത്തിയതു്. യുദ്ധത്തെ സംബന്ധിച്ച് അന്നു ഗ്രന്ഥകാരന്റെ ഉള്ളിൽ തട്ടിയ വെറുപ്പു് പിന്നീടു് വർദ്ധിച്ചുവന്നതേയുള്ളു. യുദ്ധം മനുഷ്യന്റെ വീരത്വത്തേയും പൗരുഷത്തേയും പ്രകടിപ്പിക്കുന്ന ഒന്നാണെങ്കിലും അതുകൊണ്ടുണ്ടാകുന്ന മർമ്മഭേദിയായ ദീനതയും ദുരന്തതയും ഒരുവിധത്തിലും സാധൂകരിക്കത്തക്കതല്ലെന്നു് അദ്ദേഹം സിദ്ധാന്തിച്ചു.

വാർ ആൻഡ് പീസ്

യുദ്ധമെന്ന പൈശാചികമായ കർമ്മത്തിന്റെ നിഷ്പ്രയോജനതയും സംഹാര ഭീകരതയും വെളിപ്പെടുത്തുവാൻവേണ്ടി പിന്നീട് അദ്ദേഹം എഴുതിയ നോവലാണു് ‘വാർ ആൻഡ് പീസ്’. അതിവിശിഷ്ടമായ ഈ ഗ്രന്ഥം ടോൾസ്റ്റോയിയുടെ നോവലുകളിൽവെച്ചു് ദീർഘവും അനേകം കഥാപാത്രങ്ങളെക്കൊണ്ടു് നിബിഡവുമാകുന്നു. ഗുണവൈശിഷ്ട്യംകൊണ്ടു് ഇതരഗ്രന്ഥങ്ങളെക്കാൾ മുന്നിട്ടുനില്ക്കുന്ന നോവലും ഇതാണെന്നു് ചിലർക്കു് അഭിപ്രായമുണ്ടു്. ഇതിലെ കഥയ്ക്കു് ആധാരമായി കവി സ്വീകച്ചിരിക്കുന്നതു് ലോകപ്രസിദ്ധമായ ഒരു ചരിത്രസംഭവമാകുന്നു. അതായതു് നെപ്പോളിയന്റെ നേതൃത്വത്തിൽ ഫ്രഞ്ചുസൈന്യം റഷ്യയെ ആക്രമിക്കുന്നതും അനന്തരം മോസ്കോ പട്ടണത്തിൽനിന്നും നിരവധി കഷ്ടനഷ്ടങ്ങൾ സഹിച്ചു് ഹിമബാധയേറ്റു പിന്തിരിഞ്ഞു് യാത്രചെയ്യുന്നതും ആണു് ഇതിലെ പ്രധാന പ്രതിപാദ്യവസ്തു. കേവലം ചരിത്രസംഭവങ്ങളെ കഥാരൂപേണ വർണ്ണിക്കുക മാത്രമല്ല ഇതിൽ ചെയ്തിരിക്കുന്നതു്. പ്രസ്തുത സംഭവങ്ങൾ അവയിൽ ഭാഗഭാക്കുകളായിരുന്ന ഏതാനും വ്യക്തികളുടെ മനസ്സിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നു എന്നും അവരുടെ ആത്മാവിനെ ഏതെല്ലാംവിധത്തിൽ അവ സ്പർശിക്കുന്നു എന്നും അദ്ദേഹം നമുക്കു കാണിച്ചുതരുന്നു. ഇങ്ങനെ ഫലത്തിൽനിന്നും കർമ്മങ്ങളുടെ ഉച്ചനീചത്വത്തെ നോക്കിക്കാണുന്നതിനു് കഥാകാരൻ വായനക്കാരെ ക്ഷണിക്കുന്നു. ഇതിലെ കഥ പ്രധാനപ്പെട്ട മൂന്നു കുടുംബങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണു നടക്കുന്നതു് കഥാനായകന്മാരായിട്ടും മൂന്നുപേരെ കാണുന്നുണ്ടു് ടോൾസ്റ്റോയിയുടെ പാത്രനിർമ്മാണ പാടവത്തിന്റെ വിജയപതാകകളായി ഈ മൂന്നുപേരും പ്രശോഭിക്കുന്നു. നായികമാരേക്കാൾ നായകന്മാരെ സൃഷ്ടിക്കുന്നതിലാണു് ടോൾസ്റ്റോയിയുടെ സാമർത്ഥ്യം അധികമായി പ്രകാശിക്കുന്നതു്. സ്ത്രീത്വത്തെ പരിപൂർണ്ണമായി രൂപവൽക്കരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. എന്നാൽ പുരുഷത്വത്തിൽ അന്തർഭൂതമായിരിക്കുന്ന ശക്തിവിശേഷങ്ങളെ സ്പഷ്ടീകരിക്കുന്നതിൽ അദ്ദേഹം പ്രത്യേക ചാതുര്യം പ്രദർശിപ്പിച്ചിട്ടുണ്ടു്. ഈ സംഗതിയിൽ ടോൾസ്റ്റോയി സാധാരണ സാഹിത്യകാരന്മാരിൽനിന്നും വ്യത്യസ്തനാണു്.

പ്രസ്തുത ഗ്രന്ഥത്തിലെ നായകന്മാരിൽ ‘പ്രിൻസ് ആൻഡ്രി’ (Prince Andrei) എന്ന പാത്രം നമ്മുടെ ശ്രദ്ധയെ ആദ്യമായി ആകർഷിക്കുന്നു. അയാൾ ഒരു കുലീനനും സൈനികനും ആണു്. ഒരു സേനാനിക്കു ചേർന്ന ധീരോദാത്തതയാണു് അയാളിൽ ആദ്യം തെളിയുന്നതു്. ഫ്രഞ്ചുസൈന്യവുമായുള്ള യുദ്ധകോലാഹലത്തിൽ വീരപരാക്രമത്തോടെ പോരാടി; ഒടുവിൽ വെടിയേറ്റു് അയാൾ നിലംപതിക്കുന്നു. ഉഗ്രമായ സംഗ്രാമത്തിന്റെ പരിണാമഘട്ടത്തിൽ മരണവക്ത്രത്തിൽ പതിക്കുന്ന രാജസവൃത്തിയായ ഒരു സൈനികന്റെ മനോഭാവത്തിനുണ്ടാകാവുന്ന മാറ്റങ്ങളെ ഏറ്റവും ഭംഗിയായി വർണ്ണിച്ചിരിക്കുന്ന ഒരു സന്ദർഭമാണിതു്. മരണസാമീപ്യത്താൽ പെട്ടെന്നുണ്ടായ ഒരു അന്തർവീക്ഷണം ആ യുദ്ധവീരനെ പ്രബുദ്ധനാക്കിത്തീർത്തു. അതു വരെ തീരെ അപരിചിതമായിരുന്ന ഒരു ചിന്താപഥത്തിലേക്കു് അയാളുടെ മനസ്സു പ്രവേശിച്ചു. ജീവിതത്തിൽ ആ മുഹൂർത്തം മറഞ്ഞുകിടന്നിരുന്ന മഹനീയമായ ഒരു ശാന്തി മണ്ഡലം അയാൾക്കു് പ്രത്യക്ഷമായി. ഈ ലോകം ശാന്തിയാകുന്ന കുളിർപൂനിലാവിൽ എത്രമാത്രം സുന്ദരവും സുഖപ്രദവുമായിത്തീരുമെന്നു് അയാളുടെ അന്തരാത്മാവു കാണിച്ചുകൊടുത്തു. ഈ ഘട്ടത്തെ ഗ്രന്ഥകാരൻ വർണ്ണിക്കുന്നതിന്റെ ചുരുക്കം ഇവിടെ ചേർക്കാം.

‘യുദ്ധം എങ്ങനെ കലാശിച്ചുവെന്നും ശത്രുപക്ഷത്തിൽ എത്രപേർ മൃതിപ്പെട്ടുവെന്നും അറിയാനായി അയാൾ കണ്ണുതുറന്നു! എന്നാൽ ഒന്നുംതന്നെ അയാൾക്കു ദൃഷ്ടിഗോചരമായില്ല. ആ കിടന്നകിടപ്പിൽ അയാൾ മേലോട്ടു നോക്കി. മേഘശകലങ്ങൾ ഓടിക്കൊണ്ടിരുന്ന വിശാലമായ ആകാശം മാത്രം അയാൾ കണ്ടു. ഹ! എത്ര ശാന്തം! എത്ര ഗംഭീരം! എന്തു നിശ്ശബ്ദത! സ്ഥിതിഗതികൾക്കു് എന്തു വ്യത്യാസം! എന്തുകൊണ്ടാണു് ഈ ശാന്തത ഞാൻ ഇതിനുമുമ്പു അനുഭവിക്കാതിരുന്നതു്? അതെ. എല്ലാം ശൂന്യം—അനന്തമായ ഈ ആകാശമൊഴിച്ചു സകലതും മിഥ്യ—ഈ സമാധാനവും ഈ നിശ്ശബ്ദതയും മാത്രമാണു സത്യമായിട്ടുള്ളതു്.’ ഇങ്ങനെയാണു് അയാളുടെ ദ്രവീകൃതമായ ഹൃദയം രൂപാന്തരപ്പെടുന്നതു്.

ആ പടയാളി വീണ്ടും ബോധരഹിതനായിത്തീർന്നു. പിന്നീടു് ഉണർന്നുനോക്കിയപ്പോൾ തനിക്കു് ആരാധ്യപുരുഷനായി തോന്നിയിരുന്ന സാക്ഷാൽ നെപ്പോളിയൻതന്നെ അരികിൽനിന്നു തന്നെ അനുമോദിക്കുന്നതായിട്ടു് അയാൾ കണ്ടു. മറ്റൊരവസരത്തിലായിരുന്നുവെങ്കിൽ അഭിമാനപുളകിതനാകുമായിരുന്ന ആ യോദ്ധാവു് ആ വീരചക്രവർത്തിയേക്കൂടി നിസ്സാരനാക്കി തള്ളിക്കളഞ്ഞു. പട്ടാളപ്രതാപം നീർപ്പോളയ്ക്കുതുല്യം ക്ഷുദ്രവും ക്ഷണികവുമാണെന്നു് അയാൾക്കു് എന്നെന്നേക്കുമായി അനുഭവപ്പെട്ടുകഴിഞ്ഞു. അയാൾ അപ്പോഴത്തെ ആപത്തിൽനിന്നും രക്ഷപ്പെട്ടു സൈനിക ജീവിതം ഉപേക്ഷിച്ചു ശാന്തപ്രകൃതിയായി തൽക്കാലം സ്വഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു.

ജീവിത തത്വപ്രബോധനം സാഹിത്യരീത്യാ നിർവ്വഹിക്കുന്നതിൽ ടോൾസ്റ്റോയിക്കുള്ള അനിതരസാധാരണമായ സാമർത്ഥ്യത്തിനു പൂർവ്വോക്തഭാഗം ഉദാഹരണമാകുന്നു. ഒരു ജീവിതരഹസ്യം ചൂണ്ടിക്കാണിക്കുമ്പോൾ അതിൽ വായനക്കാർക്കു അനുഭവ്യപ്രതീതി ഉണ്ടാകുന്നതിനും, കവിതാരസം കലർന്നു് അതു് അവരുടെ ഹൃദയത്തിൽ ദൃഢമായി പതിയുന്നതിനും, അതിലേക്കു് അനുകൂലമായ ഒരു പര്യന്താവസ്ഥ അത്യാവശ്യമാണു്. ഇതു നിർമ്മിക്കുവാനാണു് നോവൽകാരൻ പ്രധാനമായി ശ്രദ്ധിക്കേണ്ടതു്. ഇക്കാര്യത്തിൽ ടോൾസ്റ്റോയി എത്രത്തോളം നിരീക്ഷണപടുവാണെന്നു നാം കണ്ടുകഴിഞ്ഞു. യുദ്ധംചെയ്തുകൊണ്ടിരിക്കുന്ന ഒരുവനെ മൃത്യുവക്ത്രത്തിൽ വീഴ്ത്തുന്നതു സാധാരണമായിരിക്കാം. എന്നാൽ ആ സ്ഥിതിയിൽ അവന്റെ ചുറ്റുപാടും ഒരു നിശ്ശബ്ദത പരത്തി അവനെ ശൂന്യവിസ്തൃതമായ ആകാശം കാണിച്ചു കൊടുത്തു തത്വചിന്തയിലേക്കു ആനയിക്കുവാൻ വിളഞ്ഞ മനോധർമ്മവും തികഞ്ഞ ഔചിത്യബോധവും ഉള്ള സഹൃദയന്മാർക്കേ തോന്നുകയുള്ളു. പ്രസ്തുത നായകന്റെ സ്വഭാവത്തിൽ പിന്നീടു് ഗ്രന്ഥകാരൻ വരുത്തിയിരിക്കുന്ന വ്യതിയാനങ്ങൾ മനുഷ്യപ്രകൃതിയെ പൊതുവേ പരാമർശിക്കുന്ന ഉത്തമ പാഠങ്ങളാകുന്നു.

പിയറി ബസുക്കോയി (Pierri Bezukhoi) എന്ന രണ്ടാമത്തെ നായകനും ഇതു പോലെ ദർശനീയനാണു്. അടർക്കളത്തിൽ പ്രവേശിച്ചു ബഹുവിധ ദുരിതങ്ങളുമനുഭവിക്കുന്ന ദാരുണാവസ്ഥയിലാണു് ഇയാളേയും നാം കാണുന്നതു്. ഫ്രഞ്ചുസൈന്യം മടങ്ങിപ്പോകുമ്പോൾ തടവുകാരായി പിടിക്കപ്പെട്ട റഷ്യക്കാരുടെ കൂട്ടത്തിൽ ഈ കഥാനായകനും ഉൾപ്പെടുന്നു. അയാളുടെ ജീവിതഗതിക്കും മാറ്റംവരുന്നതു് ഈ യാത്രയിലാണു്. മനുഷ്യാത്മാവിനു കഷ്ടതകൾ സഹിക്കുവാനുള്ള ശക്തി അപരിമിതമാണെന്നു് അവിടെവെച്ചു് അയാൾക്കു ബോധ്യമാകുന്നു. ഹൃദയദ്രവീകരണസമർത്ഥമായ വർണ്ണനകൊണ്ടു് ഈ രംഗം കരുണമയമായിരിക്കുന്നു. പ്ലേറ്റൺ (Platon Karatayef) എന്നു പേരായ ഒരു കർഷകഭടന്റെ കഷ്ടസ്ഥിതിയാണു് ഇതിൽ സർവ്വോപരി മർമ്മസ്പൃക്കായിരിക്കുന്നതു്. അപ്രധാനനെങ്കിലും ടോൾസ്റ്റോയിയുടെ ഏറ്റവും മെച്ചപ്പെട്ട കഥാപാത്രങ്ങളിലൊരുവനായി ഇയാളെ കണക്കാക്കാം. തടവുകാരിൽ നടക്കുവാൻ ശേഷിയില്ലാതായിത്തീരുന്നവരെ വെടിവെച്ചുകൊന്നു വഴിയിൽ തള്ളിയിട്ടാണു ഫ്രഞ്ചു സൈന്യം യാത്ര ചെയ്തിരുന്നതു്. വഴിമദ്ധ്യേ പ്ലേറ്റനും ഈ ദുർവിധിക്കു് ഇരയായിത്തീരുന്നു. ഒരു വെടിപൊട്ടുന്ന ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയപ്പോൾ ‘പിയറി’ക്കു കാണാനിടവന്നതു് ഈ ഭയങ്കരകാഴ്ചയാണു്. മറ്റുള്ളവർക്കെല്ലാം അതൊരു സാധാരണസംഭവം മാത്രമായിരുന്നു. നിസ്സാരനായ ഒരു ഭടൻ വെടിയേറ്റു മറിയുന്നതു് ആരു ശ്രദ്ധിക്കും! പ്ലേറ്റണിന്റെ വിശ്വസ്തനായ ഒരു ശ്വാവു മാത്രം ഉച്ചത്തിൽ നിലവിളിക്കുന്നതു കേട്ടു. യുദ്ധദുർദ്ദേവതയുടെ മുമ്പിൽ നടത്തപ്പെട്ട അതിദാരുണമായ ആ നരബലി ഒരു ശ്വാവിനുപോലും ദുസ്സഹമായി തോന്നി. എന്നിട്ടും മനുഷ്യമനസ്സിനു് ഇളക്കം തട്ടുന്നില്ല! സമര സംഭ്രാന്തിയിൽ മനുഷ്യനെ ബാധിക്കുന്ന നിഷ്കണ്ടകത്വം, രാജ്യത്തിനുണ്ടാകുന്ന മഹാനാശം, സമുദായങ്ങളുടെ ശൈഥില്യം ഇവയെല്ലാം ഈദൃശരംഗങ്ങളിൽക്കൂടി കടന്നുപോകുന്ന വായനക്കാരുടെ ഹൃദയത്തിൽ ഒരിക്കലും മാഞ്ഞുപോകാത്തവിധം ശക്തിയായി വേരൂന്നി അവരെ വിചാരശീലന്മാരാക്കുന്നു.

നായികമാർ; ടോൾസ്റ്റായിയുടെ നായികമാർ ഒരു പ്രത്യേക തരക്കാരാണു്. വീരനാരീത്വം വിളയാടുന്ന ഒരു നായികയെപ്പോലും അദ്ദേഹം സൃഷ്ടിച്ചിട്ടില്ല. അദ്ദേഹത്തിനു സ്ത്രീകളോടു് അല്പമൊരു അനാദരവും അവജ്ഞയുമാണുള്ളതു്. ഇക്കാര്യത്തിൽ ഗ്രന്ഥകാരനെ കുറ്റപ്പെടുത്തുന്ന നിരൂപകന്മാരുണ്ടായേക്കാം. ജീവിതരണാങ്കണത്തിലിറങ്ങി പോരാടാനുള്ള ശക്തി നാരീകരങ്ങൾക്കില്ലെന്നുള്ള അഭിപ്രായക്കാരനാണു ഗ്രന്ഥകാരൻ. അദ്ദേഹത്തിന്റെ പ്രധാന നായികമാരെല്ലാം സർവ്വഥാ മദാലസകളായി പുരുഷന്മാരെ അനുരാഗലഹരിയിൽ വ്യാമോഹിപ്പിച്ചുകൊണ്ടിരിക്കുന്നവരാകുന്നു. സ്ത്രീപ്രകൃതിയുടെ രാജസമായ ഭാവം മാത്രമേ ടോൾസ്റ്റോയി ദർശിക്കുന്നുള്ളൂ. ഇതിനനുരൂപമായ അഭിപ്രായമാണു് അനുരാഗത്തെ സംബന്ധിച്ചും അദ്ദേഹത്തിനുള്ളതു്. അതിന്റെ ദിവ്യതയിലും പരിശുദ്ധിയിലും ടോൾസ്റ്റോയിക്കു വിശ്വാസമില്ല. അനുരാഗം പുരുഷന്മാരെ വഴിതെറ്റിക്കുന്ന ഒന്നായിട്ടു മാത്രം അദ്ദേഹം സങ്കല്പിക്കുന്നു. സ്ത്രീകളുടെ പ്രേമചാപല്യങ്ങളെ ഇത്രയും പ്രതിഷേധബുദ്ധിയോടുകൂടി പ്രകടിപ്പിച്ചിട്ടുള്ള നോവൽകാരന്മാർ ദുർല്ലഭമാകുന്നു. ഈ ചാപലവലയിൽപ്പെട്ടു ഗ്രന്ഥകാരൻ തന്നെ ഒരിക്കൽ ചുറ്റിക്കറങ്ങിയതായി തോന്നുന്നു. അപ്പോഴത്തെ അനുഭവത്തെ ഗർഭീകരിച്ചുകൊണ്ടു് ‘ദി ഡവിൾ’ (The Devil) എന്നൊരു രസകരമായ കഥ അദ്ദേഹം എഴുതിയിട്ടുണ്ടു്. അതിലെ യജമാനനായ നായകൻ ഒരു വേലക്കാരിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു സന്മാർഗ്ഗവ്യതിചലനത്തിനു് ഒരുമ്പെടുന്നു. വികാരവും വിവേകവും തമ്മിലുള്ള ഒരു പോരാട്ടമാണു് അവിടെ നടക്കുന്നതു്. ഒടുവിൽ കഥ അവസാനിക്കുന്നതു് രണ്ടുപ്രകാരത്തിലാണു്. ഒന്നിൽ നായകൻ ആത്മഹത്യചെയ്തു് ആ വിഷമാവസ്ഥയിൽനിന്നും വിമുക്തനാകുന്നു. മറ്റൊന്നിൽ ആ വേലക്കാരിയെ വെടിവെച്ചുകൊന്നു് അയാൾ ആ ശല്യം ഒഴിക്കുന്നു. പ്രസ്തുത കഥയിൽനിന്നുതന്നെ സ്ത്രീത്വം, അനുരാഗം ഇവയ്ക്കു ടോൾസ്റ്റോയി കൽപിക്കുന്ന സ്ഥാനമേതാണെന്നു തെളിയുന്നുണ്ടല്ലോ. ‘വാർ ആൻഡ് പീസ്’ എന്ന നോവലിലെ നായികമാരും മേൽകാണിച്ച സാമാന്യസ്വഭാവത്തോടുകൂടിയവരാണു്. ‘പ്രിൻസസ്സ് മറിയാ’ (Princess Mariya), ‘നടാഷാ റോസ്റ്റോഫ്’ (Natasha Rostof) എന്ന രണ്ടുപേർ ഇതിലെ നായികമാരായി വരുന്നുണ്ടു്. ഇവരിൽ നടാഷാ ഒരു കാമിനിയും കൂടുതൽ മനോഹാരിണിയും അത്രേ! ഈ പാത്രം ടോൾസ്റ്റോയിയുടെ സഹോദരപത്നിയെ പ്രതിനിധീകരിക്കുന്നുണ്ടെന്നു് ഒരു നിരൂപകൻ അഭിപ്രായപ്പെടുന്നു. വിലോചനാസേചനകമായ അവളുടെ ലാവണ്യ പ്രചുരിമ അനേകംപേരെ കാമുകന്മാരാക്കിത്തീർത്തു. എന്നാൽ അനുരാഗതരംഗിതമായ അവളുടെ മനസ്സു് ഒരാളിലും സ്ഥിരമായി നില്ക്കുന്നില്ല. ‘പ്രിൻസ്’ ആൻഡ്രി ഇവളിൽ അനുരക്തനായിരുന്നു. ആ ബന്ധം ദുരന്തമായ ഒരു നാടകമായിട്ടാണു് ഒടുവിൽ കലാശിക്കുന്നതു്.

അന്ന കരിനീന

റഷ്യയിലെ കർഷകന്മാരുടെ ലഘുജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നോവലാണിതു്. അതിന്റെ സംഭവങ്ങളും പാത്രങ്ങളും താരതമ്യേന പരിമിതമായിട്ടുണ്ടു്. കരിനീന എന്ന ഒരു സ്ത്രീയുടെ ജീവിതവൈഷമ്യങ്ങളാണു് ഇതിലെ പ്രധാനഭാഗം. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ശുഷ്കഹൃദയനായ ഒരു ഉദ്യോഗസ്ഥപ്രഭുവിനെ ഭർത്താവായി അവൾക്കു സ്വീകരിക്കേണ്ടിവന്നു. തീരെ പൊരുത്തമില്ലാത്ത ഈ ദാമ്പത്യം അവളുടെ ജീവിതത്തിലെ വസന്തകാലത്തെ പുനരാവൃത്തിയില്ലാത്തവിധം നശിപ്പിച്ചുകളഞ്ഞു. സാമുദായികവ്യവസ്ഥകളുടെ ക്രൂര ദംഷ്ട്രങ്ങൾക്കു് ഇരയാകത്തക്കവണ്ണം അനുരാഗമാകുന്ന തീപ്പൊരിയുംകൊണ്ടു അവൾ അപകടംപിടിച്ച മാർഗ്ഗങ്ങളിൽക്കൂടി സഞ്ചരിച്ചു. കോമളഗാത്രനായ ഒരു കാമുകൻ യഥാവസരം അവളുടെ ഹൃദയവേദിയിൽ പ്രതിഷ്ഠിതനായി. ഈ ഗൂഢബന്ധം ബഹുജനസമക്ഷം പരസ്യപ്പെടുത്തി. ഭർത്തൃമുഖത്തു കരിതേക്കുവാനെന്നവണ്ണം ആ കാമുകനു് അവളിൽ ഒരു കുട്ടിയും ജനിച്ചു. പതിവ്രതാധർമ്മത്തെ ഇത്രത്തോളം ധ്വംസിച്ചിട്ടും വായനക്കാർക്കു ഈ നായികയോടു വെറുപ്പുതോന്നുന്നില്ല. നേരെമറിച്ചു് അവൾ പ്രകൃതിപ്രവാഹത്തിലെ ആവർത്തങ്ങളിൽ പതിച്ചു് അശരണയും അശക്തയുമായി ഭ്രമണംചെയ്യുന്നതായിട്ടു വായനക്കാർക്കു തോന്നുകയും അതിൽ അവർ സഹതപിക്കുകയുംചെയ്യുന്നു. എന്നുമാത്രമല്ല, അവസാനം ജീവിതം വെറുത്തു് അവൾ തീവണ്ടിയുടെ അടിയിൽ വീണു് പ്രാണൻ വെടിയുമ്പോൾ ഈ സഹതാപം നമ്മിൽ ഒന്നു കൂടി ഉദ്ബുദ്ധമായി ഉൽക്കടദശയെ പ്രാപിക്കുകയും ചെയ്യുന്നുണ്ടു്. ഈമാതിരി ഘട്ടങ്ങളിൽ ടോൾസ്റ്റോയിയുടെ പാത്രനിർമ്മാണചാതുരിക്കു നമസ്ക്കരിക്കാതെ നിവൃത്തിയില്ല.

ഈ പ്രധാന കഥയുടെ പരിപൂർണ്ണതയ്ക്കായി മറ്റൊരു കഥകൂടി സംയുക്തമായിട്ടുണ്ടു്. അതിലെ നായകനായ ‘ലിവിൻ’ (Levin) എന്ന കഥാപാത്രം പ്രകൃതിയിലും, പ്രവൃത്തിയിലും ടോൾസ്റ്റോയിയുടെ ഒരു പ്രതിപുരുഷനായിരുന്നു. അതുപോലെ നായകന്റെ സഹോദരസ്ഥാനത്തു വരുന്ന ‘നിക്കോലെ’ (Nikolai) എന്ന പാത്രം ഗ്രന്ഥകാരന്റെ സഹോദരനായ നിക്കോലതന്നെയത്രെ. ഇവരുടെ പേരിൽക്കൂടി യാതൊരു വ്യത്യാസവും വരുത്തിയിട്ടില്ല. സഹോദരനെപ്പോലെ ഈ കല്പിതപുരുഷനും ദുർവൃത്തയായ ഒരു സ്ത്രീക്കു് അടിമപ്പെട്ടു് ഒടുവിൽ ക്ഷയരോഗത്താൽ മൃതിയടയുന്നു. അയാളുടെ മരണശയ്യ വർണ്ണിതമായിരിക്കുന്ന ഭാഗത്തു് ടോൾസ്റ്റോയിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന മൃത്യുഭീതിതന്നെ പ്രതിധ്വനിക്കുന്നുണ്ടു്. ഗ്രന്ഥകാരനു് ഏറ്റവും ഇഷ്ടമായിരുന്ന കർഷകന്മാരുടെ ശാന്തജീവിതമാണു് ഇതിലെ നായകനേയും ആകർഷിക്കുന്നതു്. നാട്യപ്രധാനമായ നഗരം, നന്മനിറഞ്ഞ നാട്ടിൻപുറം ഇങ്ങനെ പലതും പ്രസ്തുത നോവലിൽ വർണ്ണനാവിഷയങ്ങളായിരിക്കുന്നു.

റിസറക്ഷൻ

ഇതു ടോൾസ്റ്റോയിയുടെ ഒടുവിലത്തെ നോവലാണു്. മറ്റു രണ്ടു നോവലുകളെ അപേക്ഷിച്ചു് ഇതു തുലോം ഹ്രസ്വമാകുന്നു. വായിച്ചുനോക്കിയപ്പോൾ അനുഭവപ്പെട്ട ആസ്വാദ്യതയെ അടിസ്ഥാനപ്പെടുത്തി പറകയാണെങ്കിൽ ടോൾസ്റ്റോയിയുടെ നോവലുകളിൽവച്ചു് ഏറ്റവും വിശിഷ്ടമായ കൃതി ഇതാണെന്നാണു് എനിക്കു തോന്നിയിട്ടുള്ളതു്. ആദ്യന്തം ആർദ്രതാമുദ്രിതവും ഭാവവിലസിതവുമാണു് ഇതിലെ കഥാഗാത്രം. മനുഷ്യജീവിതമാകുന്ന ലോഹപിണ്ഡം കഷ്ടതയാകുന്ന തീക്കുഴിയിൽ വീണു നീറി നീറി ശുദ്ധമാകുന്നതെങ്ങനെ എന്നറിയണമെങ്കിൽ ഈ നോവൽ വായിച്ചുനോക്കണം. സൗന്ദര്യധാമവും ശുദ്ധചരിതയും ആയിരുന്ന ഒരു കന്യക ഒരു ഉദ്യോഗസ്ഥദുഷ്പ്രഭുവിന്റെ സംസർഗ്ഗത്താൽ വേശ്യാവൃത്തിയിൽപ്പെട്ടു് അധഃപതിക്കുന്നു. ഈ സ്ഥിതിയിൽ അവൾ ഗവണ്മെന്റ് ശിക്ഷയ്ക്കുകൂടി പാത്രീഭൂതയായി സൈബീരിയയിലെ ജയിലിലേക്കു് അയയ്ക്കപ്പെടുന്നു. ഈ യാത്രയിൽ അവളനുഭവിച്ച ദുരിതസഹസ്രങ്ങൾ അവർണ്ണനീയങ്ങളത്രെ. ഈ കഷ്ടസ്ഥിതിക്കു് ആ സാധുസ്ത്രീ ഒരുവിധത്തിലും ഉത്തരവാദിനിയല്ലെന്നുള്ളതാണു്. അത്യന്തം ഹൃദയാരുന്തുദമായി തോന്നുന്നതു്. എന്നാൽ അവളോടു് അപരാധം പ്രവർത്തിച്ച ആ ധൂർത്തനേയും ഗ്രന്ഥകാരൻ വെറുതെവിടുന്നില്ല. അവളുടെ കേസുവിചാരണസമയത്തു് വിധികർത്താക്കന്മാരുടെ കൂട്ടത്തിൽ അയാളും ആസനസ്ഥനായിരുന്നു. ആ ഘട്ടംമുതൽ അയാളുടെ ഹൃദയവും പശ്ചാത്താപാഗ്നിയിൽ ദഹിക്കുവാൻ തുടങ്ങി. ഉദ്യോഗം രാജിവെച്ചു സൈബീരിയയിലേക്കു് അയാളും അവളെ അനുഗമിച്ചു. അത്രമാത്രമോ, അവളുടെ ശുശ്രൂഷതന്നെ അയാളുടെ ജീവിതധർമ്മമായിത്തീർന്നു. ഇങ്ങനെ കുറേനാൾകൊണ്ടു്, അവൾക്കു് അയാളുടെ അക്ഷന്തവ്യമായ അപരാധം ക്ഷമിക്കുവാനുള്ള ഒരു മനഃസ്ഥിതിയുണ്ടായി. ഒടുവിൽ ഏതാനും വർഷത്തെ സൈബീരിയാവാസംകൊണ്ടു് ഇരുകൂട്ടരുടേയും മനോമാലിന്യങ്ങൾ നിശ്ശേഷം നശിച്ചു് അവർ വിശുദ്ധാത്മാക്കളായി ഉയർത്തപ്പെടുന്നു. അതിനികൃഷ്ടമായ ജയിൽജീവിതം, അവിടത്തെ അതിക്രൂരങ്ങളായ നിയമങ്ങൾ, ഭരണ കർത്താക്കന്മാരുടെ വിഷയലമ്പടത ഇങ്ങനെ പല സംഗതികളും ഈ കൃതിയിൽ ഗ്രന്ഥകാരന്റെ നിശിതതരമായ നിരൂപണത്തിനും രൂക്ഷമായ അധിക്ഷേപത്തിനും വിഷയീഭവിക്കുന്നുണ്ടു്. വായനക്കാരുടെ ഹൃദയത്തിൽ സാത്വികവിചാരങ്ങളെ അങ്കുരിപ്പിച്ചു് അതിനെ സംസ്കരിക്കുകയും വിശാലമാക്കുകയും ചെയ്യുന്നതിനു് പ്രസ്തുത കൃതിക്കു മറ്റു നോവലുകളേക്കാൾ കൂടുതലായ ഒരു ശക്തിവിശേഷം ഉണ്ടെന്നു സഹൃദയന്മാർക്കു് അനുഭവപ്പെടുന്നു.

ഡോസ്റ്റോയ്വ്സ്കി
images/dostoevsky.jpg
ഡോസ്റ്റോയ്വ്സ്കി

ടോൾസ്റ്റോയിയുടെ ജീവിതം ഒരു നോവലാണെന്നു പറഞ്ഞുവല്ലോ. എന്നാൽ ഡോസ്റ്റോയ്വ്സ്കി യുടേതു് ഒരു നോവൽമാത്രമല്ല ഒരു നാടകംകൂടിയാണു്. ഈ മഹാശയന്റെ വിചിത്രജീവിതത്തിൽ ഒരു നോവലിലെ കേൾക്കത്തക്ക സംഭവങ്ങളും ഒരു നാടകത്തിലെ കാണത്തക്ക രംഗങ്ങളും കൂടിക്കലർന്നിരിക്കുന്നു. 1821-ൽ പാവപ്പെട്ടവർക്കുള്ള ഒരു ആതുരശാലയിലാണു് ഇദ്ദേഹം ജനിച്ചതു്. 1849-ൽ രാഷ്ട്രീയകുറ്റം ചുമത്തി അന്നത്തെ ദുർഭരണകൂടസ്ഥനായിരുന്ന സാർ ചക്രവർത്തി അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിച്ചു. അതനുസരിച്ചു് ഈ ഗ്രന്ഥകാരനെ കൊലസ്ഥലത്തേക്കു കൊണ്ടുപോയി. ദേഹത്തിൽ ഒരു ഷർട്ടുപോലുമില്ലാതെ നഗ്നനാക്കി കണ്ണുകെട്ടി തൂക്കു മരത്തിൽ കയറ്റി. മരണദേവതയുടെ ബലിപീഠത്തിലുള്ള ആ നില്പും തത്സമയം ഹൃദയാന്തർഭാഗത്തു തിരതല്ലിയിരുന്ന വികാരപരമ്പരയും അദ്ദേഹത്തിന്റെ തൂലിക തന്നെ പിന്നീടു വിവരിച്ചിട്ടുണ്ടു്. ഒരു അഞ്ചുമിനിട്ടുകൂടി കഴിഞ്ഞിരുന്നെങ്കിൽ സാഹിത്യകേദാരമായ ആ വാഗ്വീശ്വരൻ ലോകത്തിനു നഷ്ടമാകുമായിരുന്നു. അപ്പോഴേക്കും ചക്രവർത്തിയുടെ ഒരു ഭടൻ കുതിരപ്പുറത്തു പാഞ്ഞുവരുന്നതു കാണാറായി. മരണ ശിക്ഷ മാറ്റി തടവുശിക്ഷയാക്കിയ ഉത്തരവുംകൊണ്ടാണു് അയാൾ വന്നതു്. പിന്നത്തെ യാത്ര തൂക്കുമരത്തിൽനിന്നും ദൂരസ്ഥമായ സൈബീരിയയിലെ കാരാഗാരത്തിലേക്കായിരുന്നു. അവിടെ നാലുവർഷം നരകജീവിതം അനുഭവിച്ചു. ഇത്രയും കഴിഞ്ഞു വന്നതിനുശേഷമാണു് ‘ക്രൈം ആൻഡ് പണീഷ്മെന്റ് ’ (Crime and Punishment) എന്ന നോവൽ എഴുതിത്തീർത്തതു്. ഈ ഒരു നോവൽകൊണ്ടുതന്നെ ഡോസ്റ്റോയ്വസ്കിയുടെ യശസ്സ് റഷ്യാസാമ്രാജ്യം മുഴുവൻ വ്യാപിച്ചു. ജീവിതപ്പോർക്കളത്തിൽനിന്നും ഇത്രവളരെ മുറിവുകളേറ്റു കഷ്ടപ്പെട്ട മറ്റൊരു മഹാഗ്രന്ഥകാരൻ ഉണ്ടെന്നു തോന്നുന്നില്ല. ടോൾസ്റ്റോയി ഒരു പ്രഭുകുടുംബത്തിൽ ജനിച്ച ദേഹമായിരുന്നു. ദാരിദ്ര്യപീഡ അദ്ദേഹം അനുഭവിച്ചറിഞ്ഞിട്ടില്ല. എന്നാൽ ഡോസ്റ്റോയ്വസ്കി ജനിച്ചതും ജീവിച്ചതും മരിച്ചതും ദാരിദ്ര്യഗർത്തത്തിലാണു്. അദ്ദേഹത്തിന്റെ സഹവാസികൾ പാവങ്ങളും ക്രിമിനൽപ്പുള്ളികളുമായിരുന്നു. അനേകം പ്രശസ്ത കൃതികളുടെ കർത്താവായ ഇദ്ദേഹത്തിനു് ഒടുവിൽ കടക്കാരുടെ ശല്യംകൊണ്ടു സ്വരാജ്യത്തുനിന്നും ഓടിപ്പോകേണ്ടി വന്നു. അതിലേക്കു യാത്രച്ചെലവിനായി തന്റെ അവസാനത്തെ കോട്ടുകൂടി പണയം വെച്ചു. നോക്കുക! ലോകഗുരുക്കന്മാരായ പണ്ഡിതന്മാരുടെ അനുഭവം!

images/Crimeandpunishmentcover.png

ഡോസ്റ്റോയ്വ്സ്കിയുടെ നോവലുകളിൽ അദ്ദേഹം അനുഭവിച്ച കഷ്ടതകളുടെ മുദ്രകൾ നല്ലപോലെ പതിഞ്ഞിട്ടുണ്ടു്. അദ്ദേഹം പാവങ്ങൾക്കുവേണ്ടി ജീവിച്ച ഒരു ഗ്രന്ഥകാരനാണു്. അവരുടെ ദീനസ്ഥിതികൾ ചിത്രീകരിക്കുന്ന വിഷയത്തിൽ അദ്ദേഹം ടോൾസ്റ്റോയിയെക്കൂടി അധഃകരിക്കുന്നു. ഫ്രഞ്ച് സാഹിത്യകാരനായ വിക്റ്റർ യൂഗോ വിനു മാത്രമേ ഇക്കാര്യത്തിൽ അദ്ദേഹത്തിനോടു കിടനിൽക്കുവാൻ കഴിഞ്ഞിട്ടുള്ളു. ഡോസ്റ്റോയ്വ്സ്കി പാവങ്ങളുടെ ദീനസ്വരം കേൾക്കുക മാത്രമല്ല, അവരിലൊരുവനായി ജീവിച്ചു് അവരെപ്പോലെ ദീനസ്വരം പുറപ്പെടുവിക്കകൂടി ചെയ്തു. അതുകൊണ്ടു് അദ്ദേഹത്തിന്റെ കൃതികളിൽ മറ്റെങ്ങും കാണാത്തതായ ഒരു ആത്മാർത്ഥത സമുല്ലസിക്കുന്നുണ്ടു്. ഇതാണു് ഈ ഗ്രന്ഥകാരനും ഇതരതന്മാർക്കും തമ്മിലുള്ള വ്യത്യാസം. ക്രിമിനൽക്കുറ്റം ചെയ്തവരുമായുള്ള സഹവാസത്തിൽ മനുഷ്യപ്രകൃതിയുടെ അടിയിൽ കിടക്കുന്ന പലതരം ചുഴികളും പ്രവാഹങ്ങളും നോക്കി ഗ്രഹിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. കുറ്റത്തിന്റെയും ശിക്ഷയുടെയും മനഃശാസ്ത്രസംബന്ധമായ തത്വങ്ങളും രഹസ്യങ്ങളുമാണു് ‘ക്രൈം ആൻഡ് പണീഷ്മെന്റ്’ (Crime and Punishment) എന്ന കൃതിയിൽ ഭംഗ്യന്തരേണ പ്രതിപാദിച്ചിരിക്കുന്നതു്. ഇതിലെ കഥാഗതി ഒരു അസാധാരണ വൈചിത്ര്യത്തോടുകൂടിയതാണു്. പ്രസ്തുത നോവലിലെ നായകൻ നിരപരാധികളായ രണ്ടു സ്ത്രീകളെ യാദൃച്ഛികമായി വെട്ടിക്കൊന്ന ഒരു ഘാതകനാകുന്നു. അയാൾ ഒരു കോളേജ് വിദ്യാർത്ഥിയുമായിരുന്നു. നായികയാകട്ടെ വേശ്യാവൃത്തികൊണ്ടു് ഒരു കുടുംബം പുലർത്തുന്നവളുമാണു്. ഇത്രത്തോളം നീചമായ നിലയിൽ ദുഷിച്ചുപോയ ഈ നായികാനായകന്മാർ വായനക്കാരുടെ നിന്ദയ്ക്കു പാത്രമാകാതിരിക്കുന്ന വസ്തുതയാണു് വിസ്മയനീയമായിരിക്കുന്നതു്. വീക്ഷണവിദഗ്ദ്ധനായ ഗ്രന്ഥകാരൻ അതിനുതക്കവണ്ണം ഈ കഥാപാത്രങ്ങളുടെ സൂക്ഷ്മതരങ്ങളായ മനോഭാവങ്ങളെ വിശകലനംചെയ്തു വിശദീകരിച്ചു് അവയ്ക്കുള്ളിൽ വികാസത്തിനു വഴിയില്ലാതെ മങ്ങിക്കിടക്കുന്ന സത്വഗുണപ്രകാശത്തെ ഉന്നമിപ്പിച്ചുകാണിക്കുന്നുണ്ടു്. മനുഷ്യസ്വഭാവത്തിന്റെ ഒരു വശം തമോമയമാണെങ്കിൽ അതു മറുവശത്തുള്ള തേജസ്സിന്റെ കാന്തി വർദ്ധിപ്പിക്കുമെന്ന തത്വം ഇവിടെ സൂചിതമായിരിക്കുന്നു. ഡോസ്റ്റോയ്വ്സ്കിയുടെ മനഃശാസ്ത്രജ്ഞാനവും അവലോകനകുശലതയും നൃത്തം ചെയ്യുന്നതു് ഈ രണ്ടു കഥാപാത്രങ്ങളിലാണു്. ആ സ്ത്രീ ചാരിത്ര്യം വില്ക്കുന്നതു് അവളുടെ കുറ്റമല്ലെന്നു വായനക്കാർക്കു മനസ്സിലാകുന്നു. അതുപോലെ സുശീലനായിരുന്ന ആ വിദ്യാർത്ഥി കൊലപാതകം ചെയ്യുന്നതു് ഒരു ഉദ്ദേശശുദ്ധിയോടുകൂടിയിട്ടത്രേ. വധിക്കപ്പെട്ടവരിൽ ഒരുവൾ അക്രമപ്പലിശവാങ്ങി വലിയ പണക്കാരിയായിരുന്ന ഒരു ലുബ്ധയായിരുന്നു. ഒരിടത്തു് കുന്നുകൂടിക്കിടക്കുന്ന പണം പാവങ്ങളുടെയിടയിൽ വാരിവിതറണമെന്ന സമത്വവാദസിദ്ധാന്തത്തിന്റെ സമ്മർദ്ദംകൊണ്ടും, തന്നെ അകാരണമായി ബാധിച്ച ദാരിദ്ര്യബാധയിൽ ക്ഷുബ്ധചിത്തനായിപ്പോയതുകൊണ്ടും ആണു് അയാൾ ഈ കൃത്യം നടത്തിയതു്. കുറെനാളത്തേക്കു് ഈ മഹാപരാധം അയാൾ ഗോപനം കൊണ്ടിരുന്നു. പക്ഷേ, അതു നെഞ്ചിനകത്തിരിക്കുന്ന ഒരു തീക്കുടുക്കപോലെ അന്തഃകരണത്തെ ചുട്ടെരിച്ചുതുടങ്ങുകയും തൽഫലമായി അയാൾതന്നെ കോടതിയിൽ ഹാജരായി സകല കുറ്റവും ഏറ്റുപറയുകയും ചെയ്തു. ഇതിനിടയ്ക്കു ദൈവ ഗത്യാ ആ വേശനാരി ഈ യുവാവിൽ അനുരക്തനായിത്തീരുന്നുണ്ടു്. പരിശുദ്ധമായ ഒരു അനുരാഗവല്ലിയായിരുന്നു ആ കുപ്പക്കുഴിയിൽനിന്നും പൊടിച്ചുപൊന്തിയതു്. യുവാവു് ശിക്ഷിതനായി ജയിലിലേക്കു് അയയ്ക്കപ്പെട്ടപ്പോൾ അവളുംകൂടെ പോവുകയും അനന്തരജീവിതത്തിലെ സകല സുഖദുഃഖങ്ങളിലും പങ്കുകൊള്ളുകയും ചെയ്തു. ഇങ്ങനെ സങ്കടക്കടൽ നീന്തിക്കടന്നു് കരയ്ക്കുകയറിയ ഈ രണ്ടു പാത്രങ്ങളേയും അന്ത്യത്തിൽ രജസ്തമസ്സുകൾ നീങ്ങിയ സത്വഗുണാത്മാക്കളായി ഗ്രന്ഥകാരൻ രംഗപ്രവേശനം ചെയ്യിക്കുന്നു.

അനിയന്ത്രീതമായ മനസ്സിന്റെ വിസ്മയനീയങ്ങളായ വിവിധ വ്യാപാരവൈഷമ്യങ്ങളെ ഡോസ്റ്റോയ്വ്സ്കി പ്രസ്തുത നോവലിൽ അവതരിപ്പിക്കുന്നുണ്ടു്. ദുഃഖാഗ്നിയിൽ മനുഷ്യത്വത്തിന്റെ സകല കറകളും ഉരുകിയൊലിച്ചു് അതിനു ശുദ്ധിയും കാന്തിയും കൂടുന്നതെങ്ങനെയെന്നു് ഈ കഥയിലെ രംഗങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഡോസ്റ്റോയ്വ്സ്കിയുടെ നോവൽ കേവലം ജീവിതവിമർശനമല്ല. അതു് ആത്മാവിന്റെ ഒരു ചരിത്രമാകുന്നു. അതിലെ ആശയങ്ങൾക്കെല്ലാം ഒരു ആത്മീയഭാവം കാണുന്നുണ്ടു്. ജീവിതമെന്നാൽ എന്താണു് എന്ന ചോദ്യത്തിനുള്ള ഉത്തരമാണു ഡോസ്റ്റോയ്വ്സ്കിയുടെ നോവൽ എന്നു് ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. മനുഷ്യന്റെ മനസ്സ്, നിർണ്ണയശക്തി (will), വികാരം ഇവയെ തദുപാധികളാനാമരൂപാദികളിൽനിന്നു വേർപെടുത്തി അവയുടെ കേവലമായ നഗ്നരൂപത്തിൽ ഗ്രന്ഥകാരൻ പ്രദർശിപ്പിക്കുന്നു എന്നു ഡോസ്റ്റോയ്വ്സ്കിയുടെ നോവലുകളെപ്പറ്റി ടൈംസ് പത്രത്തിൽ നിരൂപണം ചെയ്തിരുന്ന മറ്റൊരു സഹൃദയനും അഭിപ്രായപ്പെട്ടിരിക്കുന്നു.

images/PoorFolk.jpg

പൂവർ ഫാൾക്ക് ’ (Poor Folk) എന്ന കൃതിയിലാണു് ഡോസ്റ്റോവ്സ്കിയുടെ ആദ്യത്തെ നോവൽ. ഇതുകൂടാതെ ‘ഇൻജ്വറി ആൻഡ് ഇൻസൾട്ട്’ (Injury and Insult), ‘ദി ഇഡിയട്ട് ’ (The Idiot), ‘അങ്കിൾസ് ഡ്രീം’ (Uncle’s Dream) മുതലായ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്. ഈ കൃതികൾവഴിയായി നോവൽപ്രസ്ഥാനത്തിൽ ഒരു പുതിയ രീതിതന്നെ നടപ്പിലായിരിക്കുന്നു. ഡോസ്റ്റോവ്സ്കിയെ അനുകരിക്കുവാൻ യൂറോപ്പിലെ സാഹിത്യകാരന്മാരിൽ പലരും ശ്രമിക്കുന്നുണ്ടു്. ടോൾസ്റ്റോയിയുടെ ‘റിസറക്ഷൻ’ എന്ന നോവൽ ഈ ഗ്രന്ഥകാരനെ അനുകരിച്ചു് എഴുതപ്പെട്ടതാകുന്നു.

ടർജിനീവ്
images/Turgenev.jpg
ടർജിനീവ്

യൂറോപ്പുരാജ്യങ്ങളിൽ സ്ഥിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ള റഷ്യയിലെ മറ്റൊരു ഗ്രന്ഥകാരപ്രമുഖനാണു ടർജിനീവ്. അദ്ദേഹത്തിന്റെ നോവലുകൾ ഒരുതരം ലഘുകാവ്യങ്ങളാണെന്നു പറയാം. ഇവയിൽ പലതും ശൃംഗാരരസപ്രധാനങ്ങളായിരിക്കുന്നു. കഴിയുന്നിടത്തോളം ചുരുങ്ങിയ സംഭവങ്ങളെക്കൊണ്ടും പാത്രങ്ങളെക്കൊണ്ടുമാണു് ഇദ്ദേഹം കഥാകഥനം നടത്തുന്നതു്. ടർജിനീവിന്റെ കഥാലോകം പ്രശാന്ത പ്രസന്നമായി പ്രവഹിക്കുന്ന ഒരു തടിനിയെപ്പോലെയാണു്. കാറ്റും കോളുംകൊണ്ടുള്ള ക്ഷോഭങ്ങളൊന്നും അവിടെ കാണുന്നില്ല. എന്നാൽ ശക്തിയേറിയ ചില അടിയൊഴുക്കുകൾ ആ പ്രസന്നതയിൽ ദൃഷ്ടിഗോചരമാകുന്നുണ്ടു്. ഈവക സംഗതികളിൽ ഗ്രന്ഥകാരൻ ടോൾസ്റ്റോയിയിൽനിന്നു തുലോം ഭിന്നനാണു്. യുദ്ധങ്ങളും പ്രക്ഷോഭണങ്ങളും വർണ്ണിച്ചു ജീവിതത്തിന്റെ ഭയാനകഭാഗങ്ങളെ പൊന്തിച്ചുകാണിക്കുവാൻ ടർജിനീവ് ഇഷ്ടപ്പെടുന്നില്ല. അതിമൃദുലങ്ങളായ ഭാവങ്ങളുടെ ഉത്തേജനത്തിലാണു് അദ്ദേഹം ദത്തദൃഷ്ടിയായിരിക്കുന്നതു്. ടർജിനീവിന്റെ നായികമാരും ടോൾസ്റ്റോയിയുടെ തോതിൽപ്പെട്ടവരല്ല. അവർ സാത്വികമായ പ്രേമത്തിന്റെ സന്ദേശഹാരിണികളാകുന്നു. മൃഗീയമായ കാമത്തിളപ്പിന്റെ ഉഗ്രദോഷങ്ങളെ ആത്മീയമായ പ്രേമപ്രകാശത്താൽ പ്രമാർജ്ജനം ചെയ്യുന്നതിനുള്ള ശക്തി അവർക്കുണ്ടു്. ഇങ്ങനെയുള്ള നായികമാരുടെ സാന്നിദ്ധ്യത്തിൽ ദുർമ്മാർഗ്ഗചാരികളായ നായകന്മാരുടെ സ്വഭാവംകൂടി പവിത്രീകൃതമാകുന്നു. ഇതാണു് ടർജിനീവിന്റെ നോവലുകൾക്കുള്ള ഒരു വിശേഷം. അദ്ദേഹത്തിന്റെ കൃതികളിൽ ‘ഫാദേഴസ് ആൻഡ് ചിൽഡ്രൻ’ (Fathers and Children), ‘വെർജിൻ സായിൽ’ (Vergin Soil) എന്ന രണ്ടു വിശിഷ്ട നോവലുകൾ മാത്രമേ ഈ ലേഖകനു വായിക്കുവാൻ കഴിഞ്ഞിട്ടുള്ളു. അവയെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിപ്രായങ്ങളാണു് ഇവിടെ പ്രസ്താവിച്ചിരിക്കുന്നതു്. പ്രത്യേകമെടുത്തു പ്രതിപാദിക്കത്തക്കവണ്ണം ഇവയിലെ കഥാതന്തു അത്ര സ്ഥൂലമല്ലാത്തതിനാൽ അതിലേക്കു തുനിയുന്നില്ല.

വായിക്കുന്നവയും വായിക്കേണ്ടവയും എന്നു നോവലുകളെ രണ്ടായി തരംതിരിക്കാം. വായിക്കുന്ന നോവലുകളാണു് ഇപ്പോൾ ഏതു സാഹിത്യത്തിലും അധികം കാണുന്നതു്. എന്നാൽ റഷ്യൻനോവലുകൾ രണ്ടാമത്തെ ഇനത്തിൽപ്പെട്ടവയാകുന്നു. അവയുടെ പാരായണം വായനക്കാരെ സന്തോഷിപ്പിക്കുക മാത്രമല്ല, സംസ്ക്കരിക്കുകകൂടി ചെയ്യുന്നു. അവ മനുഷ്യന്റെ മഹത്വത്തെ വിളംബരംചെയ്യുന്ന വിചിത്ര ചിത്രങ്ങളാണു്.

അനവികൃതങ്ങളായ പ്രസ്ഥാനങ്ങൾകൊണ്ടു് അലസമായിത്തീർന്നിരിക്കുന്ന നമ്മുടെ ഭാഷാസാഹിത്യത്തിനു നവവൈചിത്ര്യവിലാസരംഗമായ റഷ്യൻസാഹിത്യത്തിന്റെ സമ്പർക്കം അത്യാവശ്യമാകുന്നു. അതിനാൽ വിശ്വസാഹിത്യദേവാലയത്തിലെ ത്രിമൂർത്തികളായി എണ്ണപ്പെടുന്ന ഈ ഗ്രന്ഥകാരന്മാരുടെ പ്രധാന കൃതികളിൽ ചിലതെങ്കിലും മലയാളത്തിലേക്കു തർജ്ജമ ചെയ്യുവാൻ മാതൃഭാഷാഭക്തന്മാർ യത്നിക്കേണ്ടതാണു്.

(സാഹിതീയം.)

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Russiansahithyam (ml: റഷ്യൻസാഹിത്യം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Russiansahithyam, കുറ്റിപ്പുഴ കൃഷ്ണപിള്ള, റഷ്യൻസാഹിത്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 17, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Russian beauty in a landscape, a painting by Wassily Kandinsky (1866–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.