images/Villa_at_Seine.jpg
Villa at Seine, a painting by Carl Fredrik Hill (1849–1911).
സാഹിത്യത്തിലെ തത്ത്വചിന്ത
കുറ്റിപ്പുഴ കൃഷ്ണപിള്ള
images/Vallathol-Narayana-Menon.jpg
വള്ളത്തോൾ

സാഹിത്യവും തത്ത്വചിന്തയും വേറിട്ടുനിൽക്കുമ്പോൾ വ്യത്യസ്തമായ ആവിഷ്ക്കരണമാർഗ്ഗമാണു് അവലംബിക്കുന്നതു്. സ്വഭാവത്തിലും സ്വരൂപത്തിലും രണ്ടും ഭിന്നകോടികളിൽ നിലക്കൊള്ളുന്നു. അതുകൊണ്ടു് അവയെ പരസ്പരം ബന്ധപ്പെടുത്തണമെങ്കിൽ രണ്ടിലുമുള്ള പൊരുത്തക്കേടു നീക്കംചെയ്യേണ്ടതുണ്ടു്. ജീവിതമാണല്ലോ സാഹിത്യത്തിലെ പ്രതിപാദ്യം. തത്ത്വചിന്ത കൈകാര്യം ചെയ്യുന്നതും മുഖ്യമായി അതുതന്നെയാണു സാഹിത്യകാരൻ ജീവിതത്തെ നവരസരുചിരമായി ദർശിക്കുമ്പോൾ തത്ത്വചിന്തകൻ അതിലെ സത്യവും സത്തയും തേടിപ്പോകുന്നു. ഹൃദയത്തിന്റെയും ബുദ്ധിയുടെയും സമഞ്ജസമായ സമ്മേളനമാണു് സാഹിത്യം. തത്ത്വചിന്തയാകട്ടെ, കേവലം ബുദ്ധിപരവും തന്മൂലം പൊതുവേ വിരസവുമാണു്. പക്ഷേ, സാഹിത്യത്തിന്നു് ഒരു ശക്തിവിശേഷമുണ്ടു്: ഏതു ശുഷ്കതത്ത്വത്തേയും അതു കാവ്യരസം കലർത്തി സമാകർഷകമാക്കും. വിജ്ഞാനത്തിന്റെ വികാരവത്കരണം (Emotionalisation of Knowledge)—അതാണു സാഹിത്യത്തിൽ നടക്കുന്നതു്. ഈ വികാരവത്കരണംവഴി തത്ത്വചിന്ത സാഹിത്യത്തിലേക്കു കടക്കുമ്പോൾ അതു ലോകോത്തരാഹ്ലാദജനകമായിത്തീരുന്നു. വേറിട്ടുനിൽക്കുമ്പോഴോ, അതു ബുദ്ധിയുടെ ഒരു വ്യായാമം മാത്രമാകും.

images/Shelley.jpg
ഷെല്ലി

സാഹിത്യത്തിലെ ഇതരശാഖകളെ അപേക്ഷിച്ചു കവിതാരംഗത്താണു തത്ത്വചിന്തയുടെ കളിയാട്ടം കൂടുതലായിക്കാണുന്നതു്. ഛന്ദോബദ്ധവും ഭാവാത്മകവുമായ ഭാഷ തത്ത്വപ്രബോധനത്തിനു പ്രത്യേകിച്ചും പ്രയോജനപ്പെടുന്നുണ്ടാകാം. വികാരം, വിചാരം, ഭാവന എന്ന മൂന്നു ഘടകങ്ങളുണ്ടല്ലോ കവിതയിൽ. ഈ മൂന്നും സമുചിതമായ രീതിയിൽ സമ്മേളിച്ചാലേ ഉത്തമകവിത സംജാതമാകയുള്ളൂ. ഏതെങ്കിലും ഒന്നു് എത്രത്തോളം കുറയുന്നുവോ, അത്രത്തോളം കാവ്യഗുണത്തിനു ഹാനിതട്ടും. വിചാരാംശം തെല്ലുമില്ലാതെ, വെറും വികാരനുരകൾ പുറപ്പെടുവിക്കുന്ന കവിത തല്ക്കാല വിനോദത്തിനേ ഉപകരിക്കൂ. നേരെമറിച്ചു വിചാരാംശം മാത്രമായാലോ, അതൊരു കൊട്ടത്തേങ്ങയുടെ മട്ടിലായിപ്പോകും. കവിയുടെ ആഴമേറിയ ദർശനവും മനോധർമ്മമധുരമായ ഭാവനയും ഉൾക്കൊണ്ടു വൈകാരികാനുഭൂതിയോടെ ബുദ്ധിയെ ഉന്മിഷത്താക്കി ചിന്തിക്കാൻ വകതരുന്ന കവിതയുണ്ടല്ലോ, അതു മണിനാദത്തിന്റെ അനുരണനംപോലെ പാരായണത്തിനുശേഷവും സഹൃദയനിൽ പ്രവർത്തിക്കുന്നു. ചമൽകൃതവും ചിന്തോദ്ദീപകവുമായ കവിവാക്യങ്ങൾ നാം അറിയാതെതന്നെ ഹൃദയത്തിൽ പറ്റിക്കൂടി, ജീവിതാന്ധകാരത്തിലെ മിന്നാമിനുങ്ങുകളായിത്തീരുന്നുണ്ടെന്നുള്ളതിനു് അനുഭവം സാക്ഷിയാണു്. അതുകൊണ്ടാകാം ഷെല്ലി പറയുന്നതു്, കവിത ഭൂമിയിലെ സ്വർഗ്ഗീയദീപവും സത്യത്തിന്റെ ഏറ്റവും പ്രകാശമേറിയ രശ്മിയുമാണെന്നു് (Poetry—Heaven’s light on earth Truth’s brightest beam) ഉത്തമകവിത സദ്വികാരങ്ങളെ ഉണർത്തുന്നതോടുകൂടിത്തന്നെ ബുദ്ധിപരമായ ദാഹം ശമിപ്പിക്കുകയും ചെയ്യുന്നു. ‘ദാഹിക്കും മതി ചാതകിക്കു പുതുതാം കാദംബിനീകന്ദളം’ എന്നു വള്ളത്തോൾ കവിതയെ വിശേഷിപ്പിക്കുന്നതു നോക്കുക. കവിത ഉപദേശപ്രധാനമാകണമെന്നോ തത്ത്വചിന്തയില്ലാത്തതൊന്നും കവിതയാകുന്നില്ലെന്നോ അല്ല ഇവിടെ വിവക്ഷിക്കുന്നതു്. തത്ത്വാംശത്തെ രസനീയമാക്കി യഥാസ്ഥാനം നിബന്ധിച്ചാൽ അതു കവിതയുടെ മാറ്റു കൂട്ടുമെന്നും കാവ്യാനുഭൂതിയെ അനുസന്ധാനക്ഷമമാക്കുമെന്നും മാത്രമേ ധരിക്കേണ്ടതുള്ളൂ. കവിതയ്ക്കു കനംകൂട്ടണമെന്നു കരുതി സ്ഥാനത്തും അസ്ഥാനത്തും തത്ത്വഖണ്ഡങ്ങളുടെ ഭാരം വലിച്ചുകയറ്റുന്ന കവികളുണ്ടു്. അവരുടെ കവിത ഒരുതരം കാരികകളുടെ സമാഹാരമായിട്ടോ മറ്റോ ഗണിക്കപ്പെടാം. ചില കവികൾ വികാരോത്തേജനംകൊണ്ടു മാത്രം തൃപ്തിപ്പെടുന്നു. കൃഷിക്കായി നിലമൊരുക്കുന്നതിനു തുല്യമാണതു്. മറ്റു ചിലർ നിലമൊരുക്കാതെ വിത്തു വിതയ്ക്കാൻ നോക്കുന്നു. ഇരുകൂട്ടരുടെയും യത്നം നിഷ്ഫലമാകുമെന്നു പറയേണ്ടതില്ലല്ലോ. രണ്ടിനും വേണ്ടത്ര പ്രതിഭാശക്തിയുള്ള കവികൾ ചുരുക്കമാകുന്നു. ഭാവാർദ്രമായ ഹൃദയതലത്തിൽ വന്നു വീഴുന്ന തത്ത്വബീജങ്ങളേ മുളച്ചുപൊന്തുകയുള്ളു. ആശുവിനാശിയായ ആഹ്ലാദത്തിന്റെ സ്ഥാനത്തു ചിരസ്ഥായിത്വമുള്ള രസാനുഭൂതിയുളവാക്കുന്നതു് അപ്പോഴാണു്. ഒരു കവിയുടെ തത്ത്വചിന്ത ബുദ്ധികൊണ്ടു കണക്കുചെയ്യുന്ന തരത്തിലുള്ള വ്യാപാരമല്ല. ജീവിതാനുഭൂതിയുടെ ഊഷ്മളതയേറ്റു വികസ്വരമാകുന്ന കവി പ്രതിഭയിൽനിന്നു ഭാവസമ്മർദ്ദംപൂണ്ടു പുറപ്പെടുന്നതാണതു്.

മേൽപ്പറഞ്ഞ സംഗതികൾ ചില ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാം. കേരള പാണിനിയുടെ മൃതദേഹം കത്തിയെരിയുന്നതു കണ്ടു കുമാരനാശാൻ ചൊല്ലുന്ന ശ്ലോകം കേൾക്കു:

‘കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ

സജ്ജാതിയോ വംശമോ

പുഷ്ടശ്രീതനുധാടിയോ ചെറുതുമി-

ങ്ങോരില്ല ഘോരാനലൻ;

സ്പഷ്ടം മാനുഷഗർവമൊക്കെയിവിടെ-

പ്പുക്കസ്തമിക്കുന്നതി-

ങ്ങിഷ്ടന്മാർ പിരിയുന്നു; ഹാ! ഇവിടമാ-

ണധ്യാത്മവിദ്യാലയം.’

images/Thomashardy.jpg
തോമസ് ഹാർഡി

അനുവാചകരുടെ വികാരതരളിതമാകുന്ന ഹൃദയത്തിലാണല്ലോ ഈ ചിന്തയുടെ വേരോടുന്നതു്. അതു് അവിടെ തറച്ചുനിൽക്കുകയും ചെയ്യും. വിത്തു പാറപ്പുറത്തു കൊണ്ടിടാതെ, നിലമൊരുക്കി നിക്ഷേപിക്കാൻ കവി ഇവിടെ നിഷ്കർഷിച്ചിട്ടുണ്ടു്. പ്രകൃതത്തിലെ അധ്യാത്മവിദ്യാലയം എന്നും വെളിച്ചംവീശുന്ന ഒരു ജീവിതദർശന ദീപമായിത്തീർന്നതും അതുകൊണ്ടാണു്. ഇതുപോലെ അനുഭൂതിവിശിഷ്ടവും ആലോചനാമൃതവുമായിട്ടുണ്ടു്. ആശാന്റെ അകാലചരമത്തിൽ വള്ളത്തോളിൽനിന്നു പുറപ്പെട്ട വിലാപത്തിന്റെ ആദ്യഭാഗം:

‘എപ്പോഴെന്നില്ലെങ്ങെന്നില്ലെങ്ങനെയെന്നില്ലുടൽ-

ക്കപ്പൽമുങ്ങലും പാന്ഥർ ചാകലും പ്രപഞ്ചത്തിൽ;

ജീവിതം ഭേസിപ്പിന്നിൽത്തെളിക്കപ്പെടുകയാം

പാവങ്ങൾ മരണത്തിൻപൊതിക്കന്നുകൾ നമ്മൾ!’

images/Shakespeare.jpg
ഷേക്സ്പിയർ

എന്ന വരികൾ വായനക്കാരുടെ ചിന്തയെ പിടിച്ചുകുലുക്കുന്നില്ലേ? സാഹിത്യത്തിൽ തത്ത്വവിചാരം ഹൃദ്യമാകുന്നതു പ്രധാനമായി പ്രതിപാദനരീതിയേയും സന്ദർഭശുദ്ധിയേയും ആശ്രയിച്ചാകുന്നു. സന്ദർഭത്തിൽനിന്നു് അടർത്തിയെടുത്താൽ തത്ത്വഗർഭങ്ങളായ പല വാക്യങ്ങളും നീരസങ്ങളായിത്തോന്നാം. ‘ഭാവത്തിൻ പരകോടിയിൽ സ്വയമഭാവത്തിൻ സ്വഭാവം വരാം’, ‘അവനി വാഴ്‌വു കിനാവു കഷ്ടം’, ‘മൃതിതൻ കിനാവത്രെ പിറപ്പെന്നതു നൂനം’ ഇത്യാദി വാക്യങ്ങൾക്കു് ഒറ്റയ്ക്കു നിൽക്കുമ്പോൾ സ്വാരസ്യം കുറയുന്നതു നോക്കുക. ഇനി പ്രകൃതത്തിൽനിന്നു വേറിട്ടുനിന്നാലും സ്വാരസ്യം നഷ്ടപ്പെടാത്ത എത്രയോ കവിപ്രയോഗങ്ങളുണ്ടു്. അയവിറക്കാൻകൊള്ളാവുന്ന ആശയത്തിന്റെ ഗാംഭീര്യവും പ്രതിപാദനവൈചിത്ര്യവുമാണു് അവയെ സരസങ്ങളാക്കുന്നതു്.

“Life is a tale told by an idiot full of sound and fury signifying nothing” എന്നു ഷേക്സ്പിയറും,

‘ഒരുവേള പഴക്കമേറിയാ-

ലിരുളും മെല്ലെ വെളിച്ചമായ്വരാം;

ശരിയായ് മധുരിച്ചിടാം സ്വയം

പരിശീലിപ്പൊരു കയ്പുതാനുമേ.’

‘കാലമതിന്റെ കനത്ത കരംകൊണ്ടു

ലീലയാലൊന്നു പിടിച്ചുകുലുക്കിയാൽ

പാടേ പതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ-

പാദപപ്പൂക്കളാം താരങ്ങൾകൂടിയും’

എന്നു കുമാരനാശാനും വള്ളത്തോളും പാടുമ്പോൾ സന്ദർഭമറിഞ്ഞില്ലെങ്കിൽത്തന്നെ ഇവയുടെ വിചാര്യമാണരമണീയതയിൽ സഹൃദയർ ആകൃഷ്ടരാകും.

images/Leon_tolstoi.jpg
ടോൾസ്റ്റോയി

കവിതയിൽ ഭാഗികമായും സാന്ദർഭികമായും പ്രതിഫലിക്കുന്ന ചിന്താശകലങ്ങളെപ്പറ്റിയാണല്ലോ ഇതുവരെപ്പറഞ്ഞതു്. സാഹിത്യകൃതികളിൽ ഉടനീളം പശ്ചാത്തലമായി പരിലസിക്കുന്ന തത്ത്വചിന്തയെപ്പറ്റി ഇനി വിചാരണ ചെയ്യാം. ക്രാന്തദർശിയായ കവി ഒരു തത്ത്വചിന്തകനുമായിരിക്കണമെന്നതിൽ രണ്ടുപക്ഷമില്ല. വിശ്വമഹാകവികളെന്നു വിശ്രുതി നേടിയിട്ടുള്ളവരുടെ കൃതികളിൽ ഏതെങ്കിലും തരത്തിലുള്ള ജീവിതദർശനത്തിന്റെയും തദനുഗുണമായ തത്ത്വചിന്തയുടെയും അനുബിംബനം കാണാവുന്നതാണു്. വാസ്തവത്തിൽ ജീവിതദർശനത്തിനും തത്ത്വചിന്തയ്ക്കും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതു്. രണ്ടും പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്നു. കാവ്യങ്ങളിൽ മാത്രമല്ല നോവൽ തുടങ്ങിയ ഇതരസാഹിത്യരൂപങ്ങളിലും ഈ പ്രവർത്തനം കാണാം. അന്തർഭൂതമായ ഒരു ജീവിതദർശനം (An implied Philosophy of life) നല്ലൊരു നോവലിന്റെ അവശ്യഘടകമാണെന്നു സിദ്ധാന്തിക്കുന്ന നിരൂപകന്മാരുമുണ്ടു്.

images/Rabindranath_Tagore1.jpg
ടാഗോർ

ഭാരതത്തിലെ പുരാതനകവികൾ തത്ത്വദ്രഷ്ടാക്കളായ മഹർഷിമാരുമായിരുന്നല്ലോ. വള്ളത്തോൾ പാടിയതുപോലെ അവർ ‘ബ്രഹ്മനിശ്ചലധ്യാനം നിറുത്തി വിശ്രമിക്കുമ്പോൾ’ കവിതാദേവിയുമായി നർമ്മസല്ലാപം ചെയ്തവരാണു്. അവർ വെട്ടിത്തെളിച്ച വഴിയേ പോയവരാകുന്നു കാളിദാസനും ടാഗോറും. ഉച്ഛൃംഖലമായ കാമം ജീവിതസൗന്ദര്യത്തെ നശിപ്പിക്കുമെന്നും ആത്മസംയമനാധിഷ്ഠിതമായ സാത്വികപ്രേമത്തിലേ ജന്മസാഫല്യമുളവാകു എന്നും കാളിദാസൻ പഠിപ്പിക്കുന്നു; പ്രപഞ്ചസൗന്ദര്യത്തിലൂടെ നിത്യസത്യം ദർശിക്കുന്ന ആർഷദൃഷ്ടിയാണു് ടാഗോറിന്നുള്ളതു്. ആ കവിഹൃദയം അഭൗമമായ ഒരു തേജോവിശേഷത്തിൽ സദാപി സമർപ്പിതമായിരുന്നു. ടാഗോർ സാഹിത്യത്തിൽ പൊതുവെ കാണുന്ന ആശയഗാംഭീര്യം മഹാകവിയുടെ ഗഹനമായ തത്ത്വചിന്തയിൽനിന്നും ആത്മബോധത്തിൽനിന്നും വന്നതാണു്. ഷേക്സ്പിയർ, ടോൾസ്റ്റോയി, വിക്ടർ യൂഗോ, തോമസ് ഹാർഡി മുതലായ പാശ്ചാത്യർക്കും ജീവിതത്തെ സംബന്ധിച്ചു തങ്ങളുടേതായ ഒരു ദർശന (Vision) വും തത്ത്വചിന്തയും ഉണ്ടായിരുന്നു. ആദ്യത്തെ രണ്ടുപേരും സാർവ്വജനീനമായ ഒരു ‘ഹ്യൂമനിസ്റ്റ് ഫിലോസഫി’ സാഹിത്യമാർഗ്ഗത്തിൽ ഉൽഘാടനം ചെയ്തവരാണു്. മനുഷ്യജീവിതത്തിന്റെ തത്ത്വശാസ്ത്രം കഥാരൂപത്തിൽ പ്രപഞ്ചനംചെയ്യുന്ന നോവലാണു് യൂഗോവിന്റെ ‘പാവങ്ങൾ’. ഹാർഡി തന്റെ നോവലുകളിൽ ജീവിതത്തെ വിഷാദാത്മകമാക്കി വീക്ഷിക്കുന്നു. വിധിയുടെ അലംഘനീയതയും പ്രണയജീവിതത്തിന്റെ ദുരന്തപരിണാമവും ആ കൃതികളിൽ പൊന്തിക്കാണാം.

images/hugo-portrait.jpg
വിക്ടർ യൂഗോ

ഭുവനോപജീവ്യങ്ങളെന്നു പറയത്തക്കവിധം പ്രശസ്തിപെറ്റവയാണല്ലോ രാമായണവും മഹാഭാരതവും. ഈ സാരസ്വത ഭണ്ഡാരപ്പുരകളിൽ എത്രയെത്ര ജീവിത തത്ത്വങ്ങളും പ്രപഞ്ചരഹസ്യങ്ങളും അടക്കംചെയ്തിരിക്കുന്നു! തത്വചിന്താപരമായ ഭാഗം മുഴുവൻ ഈ കൃതികളിൽനിന്നു നീക്കംചെയ്തു നോക്കുക. അപ്പോൾ കാണാം, ഇവയുടെ അന്തസ്സത്തയ്ക്കു് എന്തുമാത്രം ഉടവുതട്ടുമെന്നു്. രാമായണത്തിലെ,

‘സർവേ ക്ഷയാന്താഃ നിചയാഃ

പതനാന്താഃ സമുച്ഛ്റയാഃ

സംയോഗാഃ വിപ്രയോഗാന്താഃ

മരണാന്തം ച ജീവിതം

തസ്മാത് പുത്രേഷു ദാരേഷു

മിത്രേഷു ച ധനേഷു ച

നാതിപ്രസംഗഃ കർത്തവ്യോ

വിപ്രയോഗോ ഹി തൈർധ്രുവം.’

images/Matthew_Arnold.jpg
മാത്യു ആർനോൾഡ്

എന്ന ജീവിതതത്ത്വപ്രബോധനം അതിലെ കഥാഗാത്രത്തിനു മുഴുവൻതന്നെയും ഒരു പരിവേഷമായി പ്രശോഭിക്കുന്നു. കവിത ജീവിതനിരൂപണമാണെന്നു മാത്യു ആർനോൾഡ് പറയുന്നുണ്ടല്ലോ. കവിത മാത്രമല്ല ഏതുൽകൃഷ്ടസാഹിത്യകൃതിയും വാച്യമായോ വ്യംഗ്യമായോ ജീവിതനിരൂപണം നിർവ്വഹിക്കുന്നുണ്ടു്. അതിനു വെളിച്ചം നൽകുന്നതു് അനുഭൂതിയിൽനിന്നുയിർക്കൊള്ളുന്ന തത്ത്വവിചാരമാണു്. രാമായണത്തിലേയും ഭാരതത്തിലേയും സംഭവപരമ്പരതന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു. മഹാഭാരതം രസവിഷയകമായിപ്പോലും തത്ത്വചിന്താവലംബനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ടു്. ഭാരതത്തിലെ ഇതിവൃത്തം ഒന്നാകെ എടുത്തുനോക്കുമ്പോൾ അതിലെ അംഗിയായ രസം ശാന്തമാണെന്നു നിരൂപകാചാര്യനായ അഭിനവഗുപ്തൻ ധ്വന്യാലോകത്തിൽ സമർത്ഥിച്ചിരിക്കുന്നു. ശാന്തത്തിന്റെ സ്ഥായിഭാവമാണു് നിർവ്വേദം. അതു മനനശീലനായ മനുഷ്യനിൽ പ്രലീനമായിക്കിടക്കുന്നുണ്ടു്. അതിന്റെ അഭിവൃദ്ധിക്കും സ്ഥായിത്വത്തിനും ഉദ്ദീപനം നൽകുന്നതു തത്ത്വാവബോധമാകുന്നു. അഭിനവഗുപ്തന്റെ ദൃഷ്ടിയിൽ ശാന്തരസത്തിനാണു് സർവ്വോപരി പ്രാധാന്യം. താത്ത്വികമായി നോക്കിയാൽ രസം ഒന്നേ ഉള്ളുവെന്നും അതു ശാന്തമാണെന്നും അദ്ദേഹം വാദിക്കുന്നു. ശാന്തരസാത്മകമായ ചിത്തവൃത്തി ബഹിരൂപാധി ഭേദേനശൃംഗാരാദിവിഭിന്നരസങ്ങളായി പരിണമിക്കുകയാണെന്നും അന്തിമവിശകലനത്തിൽ എല്ലാം ശാന്തത്തിൽ വിലയംകൊള്ളുമെന്നുമാണു് അദ്ദേഹത്തിന്റെ സിദ്ധാന്തം. ഈ രീതിയിൽ ഭോജൻ ശൃംഗാരത്തിലും ഭവഭൂതി കരുണത്തിലും രസസംയോജനം നടത്തുന്നുണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. ശാന്തം ഒരു രസമേ അല്ല എന്നു വാദിക്കുന്നവരും ഉണ്ടു്. എന്നാൽ ഏതു രസവും ചർവണദശയിലെത്തുമ്പോൾ മനസ്സിന്റെ വിശ്രാന്തിയിൽ പര്യവസാനിക്കുമെന്നു കാവ്യമർമ്മജ്ഞന്മാർ സമ്മതിക്കുന്നു. ഏതായാലും ശാന്തരസ പരിപോഷണത്തിനു തത്ത്വാവബോധം സമുദ്ദീപകമാണെന്നതിൽ ആർക്കും സന്ദേഹമില്ല.

(മാനസോല്ലാസം—1963.)

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Sahithyaththile Thathwachintha (ml: സാഹിത്യത്തിലെ തത്ത്വചിന്ത).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Sahithyaththile Thathwachintha, കുറ്റിപ്പുഴ കൃഷ്ണപിള്ള, സാഹിത്യത്തിലെ തത്ത്വചിന്ത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 23, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Villa at Seine, a painting by Carl Fredrik Hill (1849–1911). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.