ചിന്താശീലനായ മനുഷ്യനെ അത്ഭുതപ്പെടുത്തുയും അന്ധാളിപ്പിക്കുകയും ചെയ്യുന്ന ഒരു വിഷയമാണു് ജീവിതം. ജീവിക്കുന്നവർ വളരെ ചുരുക്കമാകുന്നു. മനുഷ്യൻ അറിവാനും അന്വേഷിപ്പാനും തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഒരു പിടിയും കിട്ടാതെ ചുറ്റിത്തിരിയുന്നതു് ഈ ഒരു വിഷയത്തിൽ മാത്രമാണു്. ജീവിതം എന്നു കേൾക്കുമ്പോൾ നമുക്കു് അതിനെപ്പറ്റി ഒരു ആകാംക്ഷയും ജനിക്കുന്നില്ല. അത്രയ്ക്കു നമുക്കു പരിചയമുള്ളതും നമ്മോടു് ഏറ്റവും അടുത്തു ബന്ധപ്പെട്ടതും ആയ ഒരു വാക്കാണല്ലോ അതു്. ശ്രവണമാത്രത്തിൽ അതിൽനിന്നും ഒരു അർത്ഥപ്രതീതി എല്ലാവർക്കും ഉണ്ടാകുന്നുണ്ടു്. എന്നാൽ അതു് എന്താണെന്നു് ആരോടെങ്കിലും ചോദിക്കുക! ശരിയായ ഉത്തരം പറവാൻ ആർക്കും സാധിക്കുകയില്ല. എന്താണു് ജീവിതം എന്ന ചോദ്യം. എന്തും ഉത്തരം പറയാവുന്ന ഒന്നാണു്. പറയുന്നതൊക്കെ ശരിയായിട്ടും തെറ്റായിട്ടും തോന്നാം. അതു വക്താവിന്റെ വാദപാടവത്തെ ആശ്രയിച്ചിരിക്കും. ജീവിതം ഈശ്വരന്റെ ഒരു ‘സിനിമ’യാണെന്നു് ഒരു കവി പറയുകയാണെങ്കിൽ അതിനും യുക്തികൾ കണ്ടേക്കും. അതു വെറും ഒരു സ്വപ്നമാണെന്നു് ഒരു വേദാന്തിക്കു വേണമെങ്കിൽ സ്ഥാപിക്കാം. ഈ രണ്ടും ഖണ്ഡിക്കുവാൻ ഒരു താർക്കികനു കഴിയും. ജീവിതത്തിന്റെ ഈ അത്ഭുതപ്രകൃതി മാത്രമാണു് അതിൽ ചുഴിഞ്ഞുനോക്കുന്നവർക്കു കണ്ടെത്തുവാൻ കഴിയുന്നതു്. ഏതായാലും ജീവിതചിന്ത മനുഷ്യനു് അത്യാവശ്യംതന്നെ എന്തെന്നാൽ അതു് അവന്റെ യഥാർത്ഥമായ സ്വരൂപത്തെയും സ്വഭാവത്തേയും അറിയുവാനുള്ള ഒരു ശ്രമംതന്നെയാണല്ലോ.
ജീവിതത്തെ ഒരു മഹാസമുദ്രമായി സങ്കല്പിക്കുന്ന പക്ഷം ജീവജാലങ്ങൾ അതിലെ ബുൽബുദങ്ങൾ മാത്രമാകും. അതിലൊന്നത്രെ മനുഷ്യൻ. അവൻ സ്വന്തം അവസ്ഥയെന്തെന്നറിവാൻ ആ മഹാസമുദ്രത്തിൽ നാലുപാടും നോക്കുന്നു. അതിലെ വിവിധങ്ങളായ തിരമാലകളും പ്രവാഹങ്ങളും കണ്ടു് അവൻ അമ്പരന്നുപോകുന്നു. തന്മൂലം അവയുടെ പരമാർത്ഥപ്രകൃതിയെപ്പറ്റിയുള്ള പരിശോധനയിൽ പല മിഥ്യാബോധങ്ങളും ഉണ്ടാകുക സാധാരണമാണു് ഇതിൽ ഒട്ടും അത്ഭുതപ്പെടുവാനില്ല. ജീവിതത്തെപ്പറ്റി അവഗാഢമായി ആലോചിച്ചു് അഭിപ്രായം പുറപ്പെടുവിച്ചിട്ടുള്ള തത്ത്വജ്ഞാനികൾ വളരെയുണ്ടു്. എന്നാൽ സംശയമറ്റ ഒരു തീർപ്പു കല്പിക്കുവാൻ ആർക്കും സാധിച്ചിട്ടില്ല. അങ്ങനെ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടെങ്കിൽ അതിലാണു് നാം അത്ഭുതപ്പെടേണ്ടതു്. എന്നു മാത്രമല്ല അതിൽ അവിശ്വസിക്കേണ്ടതായിട്ടും വന്നുകൂടും. എന്തെന്നാൽ എത്രവായിച്ചാലും അവസാനിക്കാത്തതും അസംഖ്യം വ്യാഖ്യാനങ്ങൾക്കു വഴിയുള്ളതും ആയ ഒരു മഹാഗ്രന്ഥമാകുന്നു ജീവിതം. മനുഷ്യൻ അതിലെ ഒരദ്ധ്യായം മാത്രമാകുന്നു. ഒരു അദ്ധ്യായം കൊണ്ടു് ഒരു ഗ്രന്ഥം മുഴുവൻ മനസ്സിലാക്കുകയെന്നതു് അസാദ്ധ്യമത്രെ. അതിനായി ഉദ്യമിക്കുന്നവർക്കു് ഉണ്ടാകാവുന്ന അനുഭവത്തെയാണു്:
‘ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം
തിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാർക്കുമേ’
എന്ന കവിവാക്യം വെളിപ്പെടുത്തുന്നതു് ഇതുവരെ ഉണ്ടായിട്ടുള്ള ജീവിത വിമർശനങ്ങൾകൊണ്ടു ലോകത്തിനു് എന്തെങ്കിലും ഗ്രഹിക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു മേൽ കാണിച്ച രഹസ്യം തന്നെയാണു്. അറിയുന്തോറും അറിയാനുള്ള ആഗ്രഹം അധികമായും അറിഞ്ഞതൊക്കെ അബദ്ധമായും തോന്നിക്കുന്ന ഒരു സ്വഭാവമാണു ജീവിതത്തിനുള്ളതു്. അതിന്റെ അഭിവ്യക്തി (manifestation) യിൽ കാണുന്ന അനന്തതയും അവ്യക്തതയും അന്വേഷകന്മാരെ ക്രമത്തിലധികം വിഷമിപ്പിക്കുന്നുണ്ടു്. ഇങ്ങനെ നൂലാമാലയായി കുഴഞ്ഞുപിരിഞ്ഞു കിടക്കുന്ന ജീവിതത്തിലെ തത്ത്വാന്വേഷണംപോലെ അത്ര രസപ്രദമായിട്ടു മറ്റൊന്നും ഒരു ചിന്തകനു് ഉണ്ടാകുന്നതല്ല. ‘മനുഷ്യൻ ജീവനുള്ള ഒരു കവിതയാണു് അതു വായിച്ചുനോക്കുക’ (Read man, he is the living poem) എന്നു സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞിട്ടുണ്ടു്. ജീവിതത്തിന്റെ വിവിധത്വവും വൈചിത്ര്യവും വികൃതികളും നോക്കിക്കൊണ്ടിരിക്കുന്നവർക്കേ ഈ കവിതാരസം ആസ്വദിക്കുവാൻ കഴിയുള്ളു.
ജീവിതവിമർശനത്തിനു പുറപ്പെടുന്നവരുടെ മനസ്സിൽ പല പ്രശ്നങ്ങളും ഉദിക്കുവാൻ ഇടയുണ്ടു്. ഏതെങ്കിലും ഒന്നിനു കണ്ടുപിടിക്കുന്ന സമാധാനം മുമ്പില്ലാതിരുന്ന അനേകം സംശയങ്ങൾക്കു് ഇടയാക്കുക മാത്രമല്ലാതെ പ്രഷ്ടാവിന്റെ ജിജ്ഞാസയെ ഒരിക്കലും തൃപ്തിപ്പെടുത്തുന്നില്ല. ജീവിതം എന്നുവച്ചാൽ എന്താണു്? അതു നിത്യമോ അനിത്യമോ? ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ജീവിതമുണ്ടോ? അതിന്റെ കാലം ജനനം മുതൽ മരണംവരെയാണോ? അല്ലെങ്കിൽ മരണാനന്തരമുളള സ്ഥിതിയെന്തു്? ജീവിതം സുഖദുഃഖസമ്മിശ്രമാണോ? ആണെങ്കിൽ എന്തുകൊണ്ടു്? ജീവിതത്തിന്റെ ഉദ്ദേശ്യം എന്തു്? അതിനു് ഉത്തമാധമത്വം ഉണ്ടോ? നല്ല ജീവിതം എന്നുവച്ചാൽ എന്താണു്? അതിന്റെ തോതു് (Standard) എന്തു്? അതു് ആരു നിശ്ചയിച്ചു? ഇങ്ങനെ നിരവധി സംശയങ്ങൾ വിചാരശീലന്മാർക്കു് ഉണ്ടാകുക സാധാരണയാണല്ലോ. തത്വദൃഷ്ടാക്കളെന്നു പറയപ്പെടുന്ന പണ്ഡിതന്മാർ ഈവക ചോദ്യങ്ങൾക്കു സമാധാനം കണ്ടുപിടിക്കുവാൻ ശ്രമിച്ചിട്ടുണ്ടു്. ഇൻഡ്യയിലെ പുരാതന മഹർഷിപുംഗവന്മാർ ഈ വിഷയത്തിൽ ഇന്നും അദ്വിതീയന്മാരായി നിൽക്കുന്നു. ബുദ്ധൻ, മോസസ്, സൊറാസ്റ്റർ, ക്രിസ്തു, കൺഫ്യുഷ്യസ് എന്നീ മതസ്ഥാപകന്മാർ ഈദൃശചോദ്യങ്ങൾക്കു് ഉത്തരം പറവാൻ ശ്രമിച്ചിട്ടുള്ളവരാണു്. ക്രിസ്തുവിനു മുമ്പു ജീവിച്ചിരുന്ന സോക്രട്ടിസ്, അരിസ്റ്റോട്ടൽ, പ്ലേറ്റോ തുടങ്ങിയ വിശ്രുതജഞാനികളും ജീവിതരഹസ്യങ്ങളെ ആരാഞ്ഞറിയുന്നതിൽ അത്യധികം അദ്ധ്വാനിച്ചിട്ടുണ്ടു്. ശങ്കരാചാര്യർ, കാന്റ്, ഷാപ്പനർ (Schopenhauer), സ്പെൻസർ, ടോൾസ്റ്റോയി മുതലായ താത്വികന്മാരുടെ ചിന്താശക്തിയെ ഉത്തേജനം ചെയ്തതും ഈ പ്രമേയങ്ങളായിരുന്നു. എന്നാൽ, ഇവരുടെ വിലയേറിയ സിദ്ധാന്തങ്ങൾ ലഭിച്ചിട്ടും ലോകത്തിന്റെ തദ്വിഷയകമായ ജ്ഞാനതൃഷ്ണയ്ക്കു ശമനം വന്നിട്ടില്ല. അതുകൊണ്ടാണു് ഇപ്പോഴത്തെ തത്ത്വാന്വേഷികളും ഇതേ വിഷയങ്ങളെപ്പറ്റിത്തന്നെ വീണ്ടും വീണ്ടും ആലോചിച്ചുകൊണ്ടിരിക്കുന്നതു്. നിരീക്ഷകന്മാരുടെ അഭിപ്രായങ്ങൾ നിരീക്ഷണസ്ഥാനഭേദത്താൽ ഭിന്നങ്ങളായി കാണപ്പെടുന്നു എന്നു മാത്രമല്ല അവയിൽ പലതും പരസ്പരവിരുദ്ധങ്ങളും ആകുന്നുണ്ടു്. ഓരോരുത്തരുടെയും അനുഭവത്തെ ആശ്രയിച്ചാണു് നിരീക്ഷണസ്ഥാനം നിലകൊള്ളുന്നതു്. ഒരു യാചകനും കുബേരനും ഒരേരീതിയിൽ ജീവിതത്തെ വീക്ഷിക്കുവാൻ സാധിക്കുകയില്ല. അനുഭവം ഭിന്നമാകയാൽ രണ്ടു വ്യത്യസ്തഭാവങ്ങളിൽ കൂടിയായിരിക്കും അവർ അവലോകനം ചെയ്യുന്നതു്. ജീവിതവ്യാഖ്യാനങ്ങൾ നാനാമുഖമായി ഭേദിച്ചുപോയിട്ടുണ്ടെങ്കിലും ഓരോന്നും തത്തദ്ഭാവങ്ങളിൽ ശരിയായി തോന്നാവുന്നതാണു്. ഒരു ധർമ്മത്തെ പുരസ്കരിച്ചു പുറപ്പെടുവിക്കുന്ന അഭിപ്രായം മറ്റൊരു ധർമത്തെ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോഴാണു് യുക്ത്യനുഭവങ്ങൾക്കു വിരുദ്ധമായിക്കാണുന്നതു്. ചില തത്ത്വജ്ഞാനികൾ ജീവിതത്തെപ്പറ്റി രസാവഹങ്ങളായ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടു്. അവർ തങ്ങളുടെ പൂർവികന്മാരായ പണ്ഡിതന്മാരുടെ വാദമുഖങ്ങൾ വഴിയായി ഒരിടത്തേക്കു ചാഞ്ഞുപോകാതെ സ്വതന്ത്രമായി സ്വാനുഭവങ്ങളിൽക്കൂടെ യുക്തിവിചാരം ചെയ്തിട്ടുള്ളവരാകുന്നു. ഷാപ്പനർ ഇക്കൂട്ടത്തിൽപ്പെട്ട ഒരാളാണു്. ജീവിതത്തിൽ നന്മയൊന്നും കാണാത്ത ഒരു ദോഷൈകദൃക്കാണു് (Pessimist) അദ്ദേഹം. ‘സ്റ്റഡീസ് ഇൻ പെസ്സിമിസം’ (Studies in pessimism) എന്നൊരു പുസ്തകം അദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്. മനുഷ്യജീവിതം ഏതോ അബദ്ധമായിരിക്കണം (Human life must be some kind of mistake) എന്നത്രെ ഈ താത്ത്വികൻ അഭിപ്രായപ്പെടുന്നതു്. (ഒരുപക്ഷേ, ഈശ്വരനു പറ്റിപ്പോയ ഒരു ‘മിസ്റ്റേക്കാ’യിരിക്കുമോ?) ഷാപ്പനർ ഇങ്ങനെ പറയുന്നതിനു ചില ന്യായങ്ങളും കാണിക്കുന്നുണ്ടു്. മനുഷ്യൻ നിറവേറ്റാൻ പ്രയാസമുള്ള അനേകം ആശകളുടെയും ആവശ്യങ്ങളുടെയും ഒരു സമാഹാരമാണു്. വളരെ കഷ്ടപ്പെട്ടു് ആവശ്യങ്ങളെല്ലാം നിറവേറ്റിയാൽത്തന്നെ തൽഫലമായി ലഭിക്കുന്നതു വെറും ദുഃഖം മാത്രമാകുന്നു. ഇങ്ങനെ പ്രയത്നത്തിനു് അനിഷ്ടമായ ഫലംവരുത്തിക്കൂട്ടുന്ന ഒരു പ്രകൃതി വിരുദ്ധതയാണു് ജീവിതത്തിൽ വെളിപ്പെട്ടുകൊണ്ടിരിക്കുന്നതു്. അതുകൊണ്ടു് അതു ഒരു തെറ്റായിട്ടുതന്നെ ഗണിക്കേണ്ടിയിരിക്കുന്നു. ഹിന്ദുമതത്തിലെ വേദാന്തത്തിൽ കാണുന്ന ‘മായാഭ്രാന്തിക്കും’ ഷാപ്പനരുടെ ഈ ‘മിസ്റ്റേക്കി’നും തമ്മിൽ ഏതാണ്ടൊരു അല്പമായ അടുപ്പമുണ്ടെന്നു തോന്നുന്നു. എന്തെന്നാൽ ജീവിതത്തിന്റെ ഒളിഞ്ഞുകിടക്കുന്ന ശൂന്യതയെപ്പറ്റിയും മറ്റും അദ്ദേഹം പലയിടത്തും വിചാരണചെയ്യുന്നതിൽനിന്നും വേദാന്തസിദ്ധാന്തങ്ങളുമായി അദ്ദേഹത്തിനു നല്ല പരിചയമുണ്ടായിരുന്നു എന്നു് ഊഹിക്കാം. ഈ തത്വജ്ഞാനിയുടെ മേശപ്പുറത്തു് ഉപനിഷദ്ഗ്രന്ഥങ്ങൾ എപ്പോഴും തുറന്നു കിടന്നിരുന്നതായി കേട്ടിട്ടുണ്ടു്. എങ്കിലും പൗരസ്ത്യവേദാന്തികളിൽനിന്നും അദ്ദേഹം പലതുകൊണ്ടു് ഭിന്നിച്ചു നിൽക്കുന്നു. ഷാപ്പനറുടെ പോക്കു് ഒരു പ്രത്യേകവഴിക്കത്രെ. ജീവിതത്തിൽ ഗുണം അഥവാ നന്മ (Good) എന്നൊന്നു് ഇല്ലപോൽ. പരമാർത്ഥമായി ഉള്ളതു് തിന്മ അഥവാ ദോഷം (Evil) മാത്രമാണു് ഗുണം ദോഷത്തിന്റെ അഭാവം (Absence of Evil) ആണെന്നു കാണാൻ കഴിയും ഇങ്ങനെ ജീവിതം ദുഃഖത്തിന്റെ കലവറയാകയാൽ അതിനെ സ്വയം നശിപ്പിക്കുന്നതുകൊണ്ടു യാതൊരു ദോഷവുമില്ലെന്നും അദ്ദേഹം വാദിക്കുന്നു. ഇതനുസരിച്ചു് ആത്മഹത്യ നിന്ദ്യമല്ലെന്നു മാത്രമല്ല നീതികരിക്കത്തക്കതുമാണെന്നു വരുന്നുണ്ടു്. അങ്ങനെ സമ്മതിക്കുവാനും അദ്ദേഹം മടിച്ചിട്ടില്ല. ഷാപ്പനറുടെ നോട്ടത്തിൽ ജീവിതത്തിന്റെ ലക്ഷണം വിശ്രമമില്ലായ്മയാണു്. കിഴുക്കാംതൂക്കായ ഒരു കുന്നിന്റെ മുകളിൽ നിന്നും കീഴോട്ടു് ഓടുന്ന ഒരാളെപ്പോലെയാണു് നമ്മൾ അതായതു് ഇടയ്ക്കു് ഒരിടത്തും പെട്ടെന്നു നിൽക്കുവാൻ നിവൃത്തിയില്ല. അതിനു ശ്രമിച്ചാൽ അടിയുറയ്ക്കാതെ വീഴ്ച പറ്റുകയും ചെയ്യും ജീവിതയാത്രയും ഇതുപോലെതന്നെയാണു് ഈ അഭിപ്രായം:
‘നഹി കശ്ചിത് ക്ഷണമപി
ജാതു തിഷ്ഠത്യകർമകൃത്
കാര്യതേഹ്യവശഃ കർമ
സർവഃ പ്രകൃതിജൈർഗുണൈഃ’
എന്ന ഗീതാപദ്യത്തിലെ ആശയത്തിന്റെ ഒരു നിഴലാട്ടമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഷാപ്പനർ മാത്രമല്ല വേറെ ചില പണ്ഡിതന്മാരും ജീവിതത്തോടു തീവ്രമായ വെറുപ്പു് പ്രദർശിപ്പിച്ചിട്ടുള്ളവരാണു്. ഇത്ര വളരെ പ്രയാസപ്പെട്ടു പരിരക്ഷിക്കത്തക്കവണ്ണം അത്ര കാമ്യമായ ഒന്നല്ല ജീവിതം എന്നു് പ്ലൈനി യും (Pliny) അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഏതായാലും ജീവിതം ഒരു ഭാരമായിട്ടു നമുക്കു പലപ്പോഴും തോന്നാറുണ്ടെന്നു വാസ്തവംതന്നെ. ഏതു വിധേനയും അതിന്റെ മർദ്ദനത്തിൽനിന്നും വിട്ടുമാറിയാൽ കൊള്ളാമെന്നാഗ്രഹിക്കുന്നവരും ഉണ്ടാകാം. ജീവിതകാലത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യയ്ക്കു തുനിയാത്തവരായി ആരും തന്നെ ഉണ്ടാകുകയില്ലെന്നു് ഏതോ ഒന്നിൽ വായിച്ചിട്ടുള്ളതായി ഓർക്കുന്നു. ഇനി ജീവിതം ഏതെങ്കിലും പ്രകാരത്തിൽ ആനന്ദപ്രദമാണെങ്കിൽതന്നെ അതിന്റെ മാധുര്യം മനുഷ്യൻ വേണ്ടതുപോലെ ആസ്വദിക്കുന്നുണ്ടോ എന്നു സംശയമാണു്. ഉണ്ടു് എന്നു് ഉത്തരം പറയുവാൻ ആരും ഉണ്ടാകയില്ലെന്നാണു തോന്നുന്നതു്.
‘യഥാ ഖരശ്ചന്ദനഭാരവാഹി
ഭാരസ്യ വേത്താ ന തു ചന്തസ്യ’
എന്നു പറഞ്ഞതുപോലെയാണു് ഇതിന്റെയും സ്ഥിതി. കഴുത അതിന്റെ പുറത്തിരിക്കുന്ന ചന്ദനച്ചുമടിന്റെ ഭാരം മാത്രമല്ലാതെ ഗുണം അറിയുന്നില്ല. ജീവിതച്ചുമടും മനുഷ്യനും തമ്മിലുള്ള ബന്ധവും ഈ നിലയിലാണു പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു്.
ജീവിതം ഒരു ചുമടാണെന്നു പറയുന്നവരോടു് എതിർക്കുവാൻ പലരുമുണ്ടാകും. അതു് ആദ്യവസാനം ആനന്ദമയമാണെന്നു വാദിക്കുവാനും പ്രയാസമില്ല. എന്നാൽ, നമ്മുടെ യുക്തി ചെല്ലുന്ന ദിക്കിലെല്ലാം അനുഭവത്തിനും എത്താൻ സാധിക്കുന്നില്ലെന്നുള്ളതാണു് ഇവിടത്തെ വൈഷമ്യം. സുഖദുഃഖങ്ങൾ മനസ്സിന്റെ സൃഷ്ടി മാത്രമാണെന്നും അവയ്ക്കും അതീതമായ ഒരു അവസ്ഥയിൽ മനുഷ്യനു് എത്താൻ കഴിയുമെന്നും വേദാന്തികൾ സിദ്ധാന്തിക്കുന്നുണ്ടു്. നിരതിശയാനന്ദം, ശാന്തി എന്നെല്ലാം പറയുന്നതു് ഈയവസ്ഥയിലെ അനുഭവമാണത്രെ. ഇതിന്റെ സാധ്യാസാധ്യതയെപ്പറ്റി ചിന്തിക്കേണ്ട സന്ദർഭം ഇവിടെയില്ല. എന്നാൽ ഇങ്ങനെയൊരു സ്ഥാനം മനുഷ്യനു പ്രാപ്യമാണെന്നു സമ്മതിച്ചാൽതന്നെയും ജീവിതം ആനന്ദമയമാണെന്നു സ്ഥാപിക്കുവാൻ നിവൃത്തിയില്ല. എന്തെന്നാൽ ജീവിതത്തിന്റെ സർവവിധമായ സ്ഫുരണങ്ങളും നിശ്ശേഷം നിലച്ചുപോയെങ്കിൽ മാത്രമേ മനുഷ്യനു് ഈ ഘട്ടത്തിൽ എത്താൻ കഴിയുകയുള്ളു. ചുരുക്കത്തിൽ പരമാനന്ദപദപ്രാപ്തിയെന്നു വേദാന്തികൾ ഘോഷിക്കുന്നതു് ജീവിതത്തിന്റെ ഒരു ധ്വംസനം തന്നെയാണു്. ഈയവസ്ഥയിൽ മനുഷ്യൻ മനുഷ്യനല്ലാതായിപ്പോകുന്നു. അവൻ അവനിൽനിന്നുതന്നെ വിട്ടു പോകയാണു് ചെയ്യുന്നതു്. ജീവിതലക്ഷ്യങ്ങളിൽ ഒന്നുംതന്നെ അവിടെ പ്രത്യക്ഷപ്പെടുന്നില്ല. ഇങ്ങനെ ജീവിതപ്രവാഹം വറ്റിപ്പോകുന്ന, അല്ലെങ്കിൽ ജീവിതം എന്നൊന്നു് ഇല്ലാതായിപ്പോകുന്ന ഒരു അവസ്ഥയെ ആധാരമാക്കി ജീവിതസ്വഭാവം നിർണയിക്കുന്നതു് ഒരിക്കലും ശരിയാകുന്നതല്ല. കാലിൽ കൊണ്ട മുള്ളു് എടുത്തുകളയുമ്പോൾ തോന്നുന്ന ആശ്വാസത്തെ മുള്ളു് ഇരിക്കുമ്പോഴുള്ള അനുഭവമാക്കിപ്പറയുന്നതുപോലെ അതു് അബദ്ധമായിപ്പോകും. ഇന്ത്യയിലെ മുനിപുംഗവന്മാരുടെ ജീവിതയാത്ര എങ്ങനെയായിരുന്നു? അവർ ജീവിച്ചിരിക്കുമ്പോൾ ജീവിതത്തിന്റെ പിടിയിൽനിന്നും വിടുവാൻ ശ്രമിച്ചു. ഇതു് ഉള്ളിയുടെ ഗന്ധം കളയുവാൻ അതിന്റെ തൊലി ഓരോന്നായി പൊളിച്ചു മാറ്റുന്നതുപോലെയത്രെ. ജീവിതത്തൊലി ഓരോന്നായി പൊളിച്ചുമാറ്റുവാൻ പുറപ്പെട്ട മുനി ഒടുവിൽ സ്വയം നശിക്കുന്നതായിട്ടാണു് കണ്ടതു്. വേദാന്തികളോടു ചോദിക്കുകയാണെങ്കിൽ അവർ ഇതിനെ ‘പരബ്രഹ്മത്തിൽ ലയിക്കുന്നു’ എന്നു ഭാഷയൊന്നു മാറ്റിപ്പറയും അത്രമാത്രമേ ഇതിൽ വ്യത്യാസമുള്ളു.
‘പുറ്റിൽ പാതി മറഞ്ഞു മെയ്യതിനുമേൽ
പാമ്പിന്റെ തോൽ മാറിലും
ചുറ്റിപ്പറ്റിയ ജീർണവള്ളിവളയ-
ക്കൂട്ടങ്ങൾ കണ്ഠത്തിലും
ചുറ്റും പക്ഷികൾ കൂടു കെട്ടിയ ജടാ-
ജീടങ്ങൾ തോളത്തുമായ്
കുറ്റിക്കൊത്ത മുനീന്ദ്രനർക്കനെതിരായ്
നിൽക്കുന്നൊരദ്ദിക്കിലാം.
ജീവിതവലയത്തിൽനിന്നും പുറത്തുചാടാൻ ശ്രമിച്ച ഒരു മുനിയുടെ അന്തിമാവസ്ഥയാണു് നാം ഈ പദ്യത്തിൽ കാണുന്നതു്. ഈ മുനിയെ സംബന്ധിച്ചിടത്തോളം ഇവിടെ ജീവിതത്തിനു ഒരു സ്ഥാനമുണ്ടെന്നു പറയാമോ? സർവവ്യാപിയായ ഒരു ശക്തി അല്ലെങ്കിൽ ചൈതന്യം ഇതരവസ്തുക്കളിലെപ്പോലെ ഈ ജഡത്തിലും ഉണ്ടെന്നല്ലാതെ മറ്റെന്തെങ്കിലും ഇതിൽ അവശേഷിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്ദ്രിയവ്യാപാരങ്ങളെല്ലാം അസ്തമിച്ചു പോയി. മനുഷ്യൻ എന്നും ജീവിതം എന്നും ഉള്ള വ്യവഹാരം തന്നെ ഇവിടെ നിർത്തേണ്ടിയിരിക്കുന്നു. ജീവിതമാകുന്ന ഭാണ്ഡത്തെ ദൂരത്തെറിഞ്ഞുകൊണ്ടുള്ള ഒരു ഇരിപ്പാണിതു്. തപസ്സിന്റെ ഉഗ്രതയേക്കാൾ കൂടുതലായി ഈ ചിത്രം ലോകത്തിനു കാണിച്ചുകൊടുക്കുന്നതു് ആ അപകടം പിടിച്ച ഭാണ്ഡത്തിന്റെ ദുർഭരമായ ഭാരത്തേയും തന്മൂലം ഉണ്ടാകാവുന്ന ക്ലേശങ്ങളെയും ആകുന്നു.
ഷാപ്പനറെപ്പറ്റി മുമ്പു പ്രസ്താവിക്കുകയുണ്ടായല്ലോ ആ തത്ത്വജ്ഞാനി അനുവദിക്കുന്ന വിധത്തിൽ ആത്മഹത്യ ചെയ്യുന്ന ഒരുവനും മേൽകാണിച്ച തരത്തിലുള്ള ഒരു മുനിയും തമ്മിൽ എന്താണു വ്യത്യാസം? ഇങ്ങനെയൊരു ആലോചന രസകരമായിരിക്കും. ജീവിതബന്ധത്തിൽനിന്നുള്ള മോചനമാണു് രണ്ടുപേരുടെയും ലക്ഷ്യം. ഇരുകൂട്ടരും ലോകരംഗത്തു നിന്നു മറയുകയാണു ചെയ്യുന്നതു്. കാരണം രണ്ടുപേർക്കും ഒന്നുതന്നെ. മാർഗംമാത്രം ഭിന്നമെന്നേയുള്ളു. ഈ മാർഗങ്ങളിൽ ഒന്നു് സ്വീകാര്യവും മറ്റേതു പരിത്യാജ്യവും ആണെന്നു നിശ്ചയിക്കണമെങ്കിൽ ഫലം, അതായതു രണ്ടുപേരുടെയും അനന്തരാവസ്ഥകൂടി, നല്ലപോലെ അറിയേണ്ടിയിരിക്കുന്നു. അതു് എങ്ങനെ അറിയാം? വേദാന്തശാസ്ത്രപ്രകാരം ബ്രഹ്മലയം പൂണ്ട മുനിയുടെ മോചനം നിത്യവും ആത്മഹന്താവിന്റെതു താൽക്കാലികവും തന്മൂലം പുനരാവർത്തിഹേതുകവും ആണെന്നൊരു വ്യത്യാസം ഉണ്ടു്. ആ വഴിക്കായിരിക്കാം രണ്ടാമത്തേതു നിന്ദ്യമായി പരിണമിക്കുന്നതു്. യുക്തിയേക്കാൾ കൂടുതലായി ജീവിതത്തെ ഭരിക്കുന്നതു വിശ്വാസമാണു്. സ്വതന്ത്രമായി ചിന്താശക്തി പ്രയോഗിച്ചിട്ടുള്ളവർ ലോകത്തിൽ വളരെ കുറച്ചേ ഉള്ളു. മറ്റുള്ളവർ മുഴുവനും അവരെ വിശ്വസിച്ചു പിറകെ പോയിട്ടുള്ളവരാണു്. ഇങ്ങനെ പരമ്പരയായി അടിയുറച്ച വിശ്വാസത്തെ യുക്തികൊണ്ടു ഭേദിക്കുന്നതിൽ ചിലപ്പോൾ നാം ഭയപ്പെടുക കൂടി ചെയ്യുന്നു. ചില അഭിപ്രായങ്ങളോടു് അടുക്കുവാൻ പോലും നമുക്കു വൈമനസ്യം ഉണ്ടാകാറുണ്ടു്. ഇതുവരെ പറഞ്ഞ ആത്മഹത്യതന്നെ ഒന്നുകൂടി എടുക്കാം. ആത്മഹത്യ അനുവദനീയമാണെന്നു കേൾക്കുമ്പോഴേക്കും ആ അഭിപ്രായത്തോടു് ഒരു വെറുപ്പു തോന്നി നാം അതിൽനിന്നു് അകന്നുപോകുന്നു. ഇതിലേക്കു കാരണമായി ധാരാളം ന്യായങ്ങൾ ഉണ്ടായേക്കാം. എന്നാൽ, ന്യായവാദത്തേക്കാൾ അധികം ശക്തിയായി നമ്മിൽ അപ്പോൾ പ്രവർത്തിക്കുന്നതു പഴയ വിശ്വാസമാണു്. വെറുപ്പു തോന്നുന്നതും അതിൽനിന്നത്ര. യോഗികൾ സ്വേച്ഛാനുസരണം മൂർദ്ധാവുപൊട്ടിച്ചു പ്രാണൻ കളയുന്നതായി നാം കേട്ടിട്ടുണ്ടല്ലോ. അതു് ശരിയാണെങ്കിൽ അതിനെ ആത്മഹത്യയായിട്ടു ഗണിക്കാത്തതെന്താണു്? ആരും ആ പ്രവൃത്തി തടയുന്നില്ല. പ്രത്യുത സർക്കാരും സമുദായവും അതിൽ ആശ്ചര്യവും ബഹുമാനവും കാണിക്കുന്നു. എന്നാൽ ജീവിതക്ലേശം ദുസ്സഹമെന്ന കാരണത്താൽ ആത്മഹത്യയ്ക്കു ഒരുവൻ തുനിയുന്നു എന്നു വിചാരിക്കുക! അപ്പോഴോ? എന്തെല്ലാം പ്രതിബന്ധങ്ങൾ നേരിട്ടും സമുദായം അവനെ നീചകോടിയിൽ തള്ളും. സർക്കാർ നിയമം അവനെ ശിക്ഷാർഹനാക്കും. അവന്റെ ഈ സ്വാതന്ത്ര്യം തടയുന്നതിനു വല്ല ന്യായങ്ങളുമുണ്ടോ എന്നു് ആലോചിക്കുവാൻ ആർക്കും ക്ഷമയില്ല. ഇവനെ ഇങ്ങനെ തടയുവാനും യോഗിയെ അതിലേക്കു അനുവദിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്നതെന്തു്? അവിടെ വിശ്വാസം മുൻപിട്ടു നിൽക്കുന്നില്ലേ? തടയുന്നതിനു യുക്തികളുണ്ടെങ്കിൽ അതു് അനുവാദത്തിനും ബാധകമാകാത്തതെന്തുകൊണ്ടു്? യോഗിയുടെ സമാധി സമുദായക്ഷേമത്തിനും മറ്റവന്റെ മരണം നാശത്തിനും വഴി തുറക്കുന്നുണ്ടെന്നു യാതൊരുവിധ മതവിശ്വാസങ്ങളെയും അവലംബിക്കാതെ യുക്തിമാർഗ്ഗമായി സമർത്ഥിക്കാവുന്നതാണോ? ഈ മാതിരി ചോദ്യങ്ങൾക്കു ശരിയായ ഉത്തരം വരേണ്ടതു് ആദ്യം പറഞ്ഞപോലെ മനുഷ്യന്റെ മരണാനന്തരമുള്ള അവസ്ഥയുടെ പരിശോധനയിൽ നിന്നാണു്. ആ ഭാഗം പിന്നെയും ഏതു ശാസ്ത്രത്തിലും അസ്പഷ്ടവും അനിശ്ചിതവും ആയിത്തന്നെ കിടക്കുന്നു. ഹ! മനുഷ്യനെ അസ്വസ്ഥനാക്കുന്നതെന്താണെന്നു ചോദിച്ചാൽ ജീവിതചിന്തയാണെന്നു പറയേണ്ടിവരും.
പ്രസംഗവശാൽ നീണ്ടുപോയി ഈ ഭാഗം. വീണ്ടും വിമർശകന്മാരെ പിന്തുടരാം. ആയുഷ്കാലം മുഴുവനും ജീവിതത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്ന ഒരാളാണു് ടോൾസ്റ്റോയി. റഷ്യയിൽ തത്ത്വജ്ഞാനിയും സാഹിത്യകോവിദനും എന്ന നിലയിൽ അദ്ദേഹം പ്രസിദ്ധനാണല്ലോ. ടോൾസ്റ്റോയിയുടെ പ്രധാനപ്പെട്ട നോവലുകളെല്ലാം ജീവിതത്തെ തത്ത്വദൃഷ്ട്യാ പരിശോധിച്ചതിന്റെ ഫലങ്ങളാകുന്നു. പിന്നെയും തൃപ്തിപ്പെടാതെ ജീവിതം എന്ന പേരിൽ ഒരു വലിയ പുസ്തകവും അദ്ദേഹം എഴുതിത്തീർത്തു. വിചാരലോകത്തിൽ യാതൊരു എത്തും പിടിയുമില്ലാതെ ചുറ്റിത്തിരിഞ്ഞു് അദ്ദേഹം വളരെക്കാലം വിഷമിച്ചുട്ടുള്ളതിന്റെ ചിഹ്നങ്ങൾ ഈ കൃതികളിൽ സർവത്ര കാണുന്നുണ്ടു്. ടോൾസ്റ്റോയിയുടെ ജീവിതസിദ്ധാന്തങ്ങൾക്കും ഒരു പൗരസ്ത്യഛായയുണ്ടെന്നു പറയാം. ക്രിസ്ത്യാനിയായിരുന്നുവെങ്കിലും അദ്ദേഹം ജന്മാന്തരങ്ങളിൽ വിശ്വസിച്ചിരുന്നു. ജീവിതം നിത്യവും അനവച്ഛേദ്യവും ആയ ഒന്നാണെന്നത്രെ അദ്ദേഹത്തിന്റെ അഭിപ്രായം. ജനനമരണങ്ങൾ അതിന്റെ ആദ്യന്തങ്ങൾ അല്ല. അവ ആ നിത്യപ്രവാഹത്തിലെ ക്ഷണികങ്ങളായ കുമിളകൾ മാത്രമാണു്. ഇങ്ങനെ ആകെക്കൂടി ഈ തത്ത്വാന്വേഷിയുടെ പോക്കും ഭാരതീയവേദാന്തത്തിലാണു് ചെന്നവസാനിക്കുന്നതു്. ജീവിതത്തിന്റെ ബഹിർഭാഗത്തു കാണുന്ന ബഹളത്തിൽ ആലോചന ചെലുത്തിയപ്പോൾ വികല്പങ്ങൾ വർദ്ധിക്കുന്നതു കണ്ടു. അദ്ദേഹവും ഭാരതീയരെപ്പോലെ കണ്ടതൊക്കെ കളവെന്നു തള്ളി അവയ്ക്കുള്ളിൽ സർവാധാരമായി നിത്യമായി എന്തോ ഒന്നുണ്ടെന്നു് അനുമാനിച്ചു് അതാണു് ജീവിതമെന്നു നിശ്ചയിച്ചു സമാധാനിച്ചു. പ്രാചീനാചാര്യന്മാരിൽ മിക്കപേരും ഈ വഴിയാണു് ജീവിതവീക്ഷണം ചെയ്തിട്ടുള്ളതു്. അവർ പ്രത്യക്ഷഭാവങ്ങളെ നിഷേധിച്ചുകൊണ്ടു് അപ്രത്യക്ഷമായ ഒന്നിലേക്കു കടക്കുന്നു. അവിടെ അപ്രാപ്യമല്ലെന്നു വാദിക്കുകയും ചെയ്യുന്നു.
മനുഷ്യരുടെ സുഖത്തിനായി സ്വർഗത്തിൽനിന്നും അവരുടെമേൽ പതിക്കുന്ന വെളിച്ചത്തിന്റെ ഒരു വ്യാപ്തിയാണെന്നു് കൺഫ്യുഷ്യസും നിർവാണം നേടുന്നതിനായി ചെയ്യുന്ന സ്വാർത്ഥത്യാഗമാണെന്നു് ബുദ്ധനും ജീവിതത്തെ നിർവചിച്ചിട്ടുണ്ടു്.
ഇതിൽനിന്നൊക്കെ ധ്വനിക്കുന്നതു ജീവിക്കുന്നവരുടെ അവസ്ഥകളൊന്നും ജീവിതം എന്ന വ്യവഹാരത്തിൽപ്പെടുന്നില്ല. അഥവാ പെടുത്തുവാൻ പാടില്ല. എന്നാണെങ്കിൽ ഈ കൺകെട്ടുവിദ്യയിൽ പാവപ്പെട്ട മനുഷ്യൻ എങ്ങനെ കുടുങ്ങിപ്പോയെന്നു് ഇനിയും അറിയേണ്ടതായിട്ടാണിരിക്കുന്നതു്.
മരണം പ്രകൃതിശ്ശരീരിണാം
വികൃതിർജ്ജീവിതമുച്യതേ ബുധൈഃ
എന്നു് കാളിദാസനും ഒരിടത്തു് അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഇവയൊക്കെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വാക്യങ്ങളാണു്. പൂർവോക്തരീതിയിലുള്ള നിർവചനങ്ങൾ നമുക്കു് ഇപ്പോൾ ഇല്ലാത്തതും ഇനി ഉണ്ടാകാവുന്നതും ആയ ഒരു ദശയെ പരാമർശിക്കുക മാത്രമേ ചെയ്യുന്നുള്ളു. അനുഭവഗോചരങ്ങളായ ജീവിതസ്വഭാവവൈചിത്ര്യങ്ങൾക്കും പരസ്പരവിരുദ്ധതകൾക്കും മറ്റും തൃപ്തികരമായ ഉത്തരം ഇവയിൽനിന്നും കിട്ടുന്നില്ല.
ടോൾസ്റ്റായി യുടെ മറ്റു ചില അഭിപ്രായങ്ങൾകൂടി ശ്രദ്ധാർഹങ്ങളാണു്. ഷാപ്പനറു ടെ മതത്തിനു വിപരീതമായി ജീവിതം തിന്മയിൽനിന്നും നന്മയിലേക്കു കടക്കുവാനുള്ള ഒരു ഉദ്യമമാണെന്നു് (A striving from evil towards good) അദ്ദേഹം ഒരിടത്തു സിദ്ധാന്തിക്കുന്നുണ്ടു്. മനുഷ്യനുളള കാലത്തോളം ഈ ഉദ്യമവും തുടർന്നു് വരുന്നതുകൊണ്ടു് ആയുഷ്കാലമത്രയും അവൻ തിന്മയിൽതന്നെ സ്ഥിതി ചെയ്യുന്നു എന്നല്ലേ ഇതുകൊണ്ടു് അനുമാനിക്കേണ്ടതു്. ഇരുട്ടിൽ കിടക്കുമ്പോഴാണല്ലോ വെളിച്ചത്തിന്റെ ആവശ്യം. വെളിച്ചം അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം ഇരുട്ടിന്റെ ശല്യമുണ്ടെന്നു സമ്മതിക്കാതെയും നിവൃത്തിയില്ല. മനുഷ്യൻ സുഖത്തിനുവേണ്ടി പ്രയത്നിക്കുന്നു എന്നു നാം സാധാരണ പറയാറുണ്ടു്. ഇതിന്റെ അർത്ഥം എന്താണു്? അവൻ ദുഃഖമനുഭവിക്കുന്നു എന്നുതന്നെ.
മനുഷ്യസ്വഭാവത്തെപ്പറ്റി ടോൾസ്റ്റോയി പറയുന്നതും രസകരമായിട്ടുണ്ടു്. ഒരുവന്റെ സ്വഭാവം ഇന്ന വിധമാണെന്നു് ഒരു തീർപ്പും കല്പിക്കുവാൻ പാടില്ലെന്നത്രെ അദ്ദേഹത്തിന്റെ വാദം. ഒരാൾ ധീരനെന്നോ ഭീരുവെന്നോ അല്ലെങ്കിൽ സന്മാർഗിയെന്നോ ദുർമാർഗിയെന്നോ എങ്ങനെ പറയും? പത്തു കൊല്ലം തുടർച്ചയായി ധീരനായി കാണപ്പെടുന്നവൻ പിന്നീടു കുറെക്കാലത്തേക്കു ഭീരുവായിപ്പോയെന്നു വരാം. അതുപോലെ യൗവനത്തിൽ സദ്വൃത്തിയും വാർദ്ധക്യത്തിൽ ദുർവൃത്തിയും ഒരാളിൽ കണ്ടേക്കാം. ഇങ്ങനെ സ്ഥിരതയില്ലാത്ത ഒന്നു് ഒരുവിധമാണെന്നു നിശ്ചയിച്ചാൽ അതു് അബദ്ധമാണെന്നു പറയേണ്ടിവരും. എല്ലാത്തരം മനോഭാവങ്ങളും മനുഷ്യനിൽ ലയിച്ചു കിടക്കുന്നുണ്ടു്. ചിലതു ചില കാലങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നേ ഉള്ളു. മനുഷ്യപ്രകൃതിയെ ഒരു നദിയോടു് ടോൾസ്റ്റോയി ഉപമിക്കുന്നു. നദിയിൽ ചിലടത്തു് ആഴം കൂടിയും കുറഞ്ഞും മറ്റു ചിലടത്തു വീതി കൂടിയും കുറഞ്ഞും കാണാമല്ലോ. സ്വഭാവത്തിന്റെ ഗതിയിലും ഈ മാറ്റങ്ങൾ ഉണ്ടായിരിക്കും. മാറിക്കൊണ്ടിരിക്കുക എന്നുള്ളതു് ജീവിതത്തിൽ പൊതുവെ കാണുന്ന ഒരു പ്രകൃതിയത്രെ. അതു് ഇന്ന വിധത്തിലേ ആകാവൂ എന്നു് ഒരു വ്യവസ്ഥയും നാം കാണുന്നില്ല. ഇങ്ങനെ നോക്കിയാൽ ജീവിതത്തിനു പ്രത്യേകമൊരു സ്വരൂപമോ സ്വഭാവമോ കല്പിക്കുവാൻ നിവൃത്തിയില്ലെന്നു മനസ്സിലാക്കും.
ഇന്നത്തെ ജീവിതചിന്തകന്മാരിൽ പ്രധാനനായ ഒരാളാണു് ബർട്രാൻഡ് റസ്സൽ. ഇദ്ദേഹം എല്ലാത്തരം വിശ്വാസങ്ങളും വലിച്ചെറിഞ്ഞു കേവലം യുക്തിയെത്തന്നെ ആധാരമാക്കിയാണു് അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നതു്. ജീവിതത്തിൽ മതത്തിനു് ഒരുസ്ഥാനവും ഇദ്ദേഹം കൊടുത്തിട്ടില്ല. ഈ നവീനതാത്ത്വികന്റെ അഭിപ്രായങ്ങൾ സർവോപരി രസപ്രദമായി തോന്നിപ്പോകുന്നു. മനുഷ്യന്റെ ഭീരുത്വത്തിൽ നിന്നാണു് എല്ലാ മതസിദ്ധാന്തങ്ങളും ഉണ്ടായിട്ടുള്ളതു്. നമ്മുടെ ജീവിതത്തിൽ ഈ ഭീരുത്വം സർവത്ര വ്യാപിച്ചു കാണുന്നു. അതു് അനേകം അന്ധവിശ്വാസങ്ങൾക്കു വഴികൊടുത്തു. മതാചാര്യന്മാരും മറ്റും സിദ്ധാന്തിച്ചിട്ടുള്ള ആത്മാവിന്റെ അനശ്വരത്വം എങ്ങനെ ഉണ്ടായതാണു്? അതു മനുഷ്യന്റെ മരണഭീതിയിൽ നിന്നാണെന്നു് അദ്ദേഹം പറയുന്നു. നമുക്കു മരണത്തെപ്പറ്റി ഭയമില്ലായിരുന്നെങ്കിൽ ആത്മാവു് അനശ്വരമാണെന്നു് ഒരിക്കലും വിശ്വസിക്കയില്ലായിരുന്നുവത്രേ. നല്ല ജീവിതം എന്നുവച്ചാൽ എന്താണെന്നുള്ളതിനു അദ്ദേഹം ഒരു നല്ല ഉത്തരം പറയുന്നുണ്ടു്. സ്നേഹംകൊണ്ടു പ്രബുദ്ധവും ജ്ഞാനംകൊണ്ടു നിയന്ത്രിതവുമായ ഒന്നാകുന്നു നല്ല ജീവിതം (A good life is one inspired by love and guided by knowledge). ഇന്നത്തെ സാന്മാർഗ്ഗികനിയമങ്ങളും മതബോധവും മറ്റും ഒരു ഉത്തമജീവിതത്തിനു് ഒരിക്കലും സഹായിക്കുന്നില്ലെന്നു് അദ്ദേഹം യുക്തിപൂർവ്വം തെളിയിക്കുന്നു. അർത്ഥമില്ലാത്ത വിശ്വാസങ്ങളുടെ ഒഴുക്കിൽപ്പെട്ടു ചിന്താശക്തി ക്ഷയിച്ചുപോയിട്ടുള്ളവർ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കേണ്ടതാവശ്യമാണു്. ജീവിതത്തിൽ മനുഷ്യൻ ആദരിക്കേണ്ടതായി രണ്ടു സംഗതികൾ മാത്രമേ റസ്സൽ കാണുന്നുള്ളു. അവ ആദ്യം പറഞ്ഞ അറിവും സ്നേഹവും തന്നെ. ഈ രണ്ടും ഏകോപിച്ചു പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പ്രകാശം ജീവിതാന്ധകാരത്തിൽ മനുഷ്യനു് മാർഗദർശകമായേക്കും. ജീവിതത്തെപ്പറ്റി ഇങ്ങനെ ഏതെങ്കിലും വിധത്തിൽ സമാധാനപ്പെടാതെകണ്ടു് എന്താണു് നിവൃത്തി?
നവദർശനം 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971