കാറ്റിൻ കൈകളിൽ
ഇളംതൂവൽച്ചിറകും കൊതിച്ചുകൊ-
ണ്ടെപ്പൊഴും തേങ്ങും കൊച്ചുകുരുവിക്കുഞ്ഞായി ഞാൻ.
അന്തിമാനത്തിൽ, ശോണമേഘമാലയിൽ,
പൂവിൻ കരളിൽ, തൂമഞ്ഞിലെക്കുളിരിൽ,
പ്രഭാതത്തിൽ ഹോമകുണ്ഡത്തിൽ, നീല-
വിണ്ണിലും, വിണ്ണിൻ താഴെ
മണ്ണിലും കിനാവിലും
അങ്ങയെത്തേടീ
രാഗവിഹ്വലം നടന്നു ഞാൻ …
പ്രേമഗീതകം പാടാ, നിറ്റു
കണ്ണുനീർ പൊഴിക്കുവാ-
നാകാതെ വിങ്ങിത്തുടുത്തുമിത്തീക്കുടം പോലെ
ഇരവും പകലുമി-
ല്ലിരുട്ടും നിലാവുമി-
ല്ലെന്റെ കൂട്ടിലെക്കൊച്ചുവിളക്കും ഞാനും മാത്രം
ഉറക്കം വരാതെത്രയുഗങ്ങൾ
വിരൽത്തുമ്പാലെന്റെ മുന്നിലെ-
ത്തപ്തവായുവിൽ വരയ്ക്കുന്നൂ
എന്റെമാത്രമാം നിന്റെ രാഗമാനസചിത്രം!
തീവ്രമോഹത്തിൻ തിരച്ചാർത്തിലേക്കലിഞ്ഞിടാൻ
അധരം വിടർത്തുമീ മുഗ്ദ്ധമാമനുരാഗ
സുമനം വിരിഞ്ഞാദ്യ സുഗന്ധം പരത്തുമ്പോൾ,
എവിടെ കാറ്റിൻ കര-
മെവിടെ കരിവണ്ടെ-
ന്നിതളോരോന്നുംവെറും
പാഴ്ക്കിനാവായിടുന്നോ?
വിളറും വിളക്കിന്റെ
ചുണ്ടിലേക്കനന്തമീ
സ്നേഹവും പകർന്നുള്ളിൽ
വേപഥുപൂണ്ടിട്ടേറ്റം
ഉല്ക്കകൾ വിയൽപദം
പുല്കിടും പ്രണവത്തി-
ലഞ്ജലീബദ്ധം ചെവി-
പാർത്തു ഞാൻ നില്ക്കുന്നിതാ!
പൊഴിയുന്നനാദ്യന്തകാലമായ്
നിമിഷങ്ങൾ, തളിർക്കും കുരുന്നോല,
വീണ്ടുമീ മുറ്റത്തെത്ര
വെൺകൊറ്റക്കുട നീർത്തും?
എവിടെത്തേടും നിന്നെ, തീരഭൂവിലെത്തെളി-
വെയിലിൽ വളർത്തീടും
നനുത്ത പുൽക്കൂമ്പിലോ
ആദ്യമായ് വർഷാരാത്രിയുതിർക്കും
നിരാലംബസ്വപ്നങ്ങൾ നുകർന്നിടും
വെൺമണൽത്തരിയിലോ,
പൂവിന്റെ ശ്വാസത്തിലോ,
പൂനിലാവിലോ, യെന്റെ
നിറയും മിഴിയിലോ, ചുണ്ടിലോ,
അതോ രാഗം
വായ്ക്കുമീ കരളിന്റെ മൊട്ടിലോ തേടേണ്ടു ഞാൻ?